ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
യുകെയുടെ രാഷ്ട്രീയ ചരിത്രത്തിൽ ഈ മലയാളിയും സ്ഥാനം പിടിച്ചു. കേംബ്രിഡ്ജിന്റെ ആദ്യ ഏഷ്യൻ ഡെപ്യൂട്ടി മേയറായി മലയാളിയായ ബൈജു വർക്കി തിട്ടാല തിരഞ്ഞെടുക്കപ്പെട്ടു. യുകെയിലെത്തുന്ന മലയാളി നേഴ്സുമാർക്ക് തങ്ങളുടെ തൊഴിൽ രംഗത്ത് നേരിടുന്ന വിവേചനങ്ങൾക്കെതിരെ ബൈജു വർക്കി തിട്ടാല നടത്തിയ പ്രവർത്തനങ്ങൾ ശ്രദ്ധേയമായിരുന്നു. അതുകൊണ്ടുതന്നെ കേരളത്തിൽനിന്ന് യുകെയിൽ വന്ന് കേംബ്രിഡ്ജിന്റെ ഡെപ്യൂട്ടി മേയറായ ബൈജു വർക്കി തിട്ടാലയുടെ നേട്ടം സന്തോഷത്തോടെയാണ് യുകെ മലയാളികൾ ഏറ്റെടുത്തിരിക്കുന്നത്.
സാമൂഹിക രാഷ്ട്രീയ രംഗത്തെ മികച്ച ഇടപെടലിനുള്ള 2022 -ലെ മലയാളം യുകെ ന്യൂസിൻെറ അവാർഡ് ശ്രീ. ബൈജു വർക്കി തിട്ടാലയ്ക്കാണ് നൽകിയത് . കേരളത്തിലെ ഒരു സാധാരണ കർഷക തൊഴിലാളി കുടുംബത്തിൽ ജനിച്ച് സാമ്പത്തിക പരാധീനതകളാൽ ഉന്നത വിദ്യാഭ്യാസത്തിന് അവസരം നിഷേധിക്കപ്പെടുകയും ചെയ്തിട്ടുള്ള ബൈജു വർക്കി തിട്ടാല യുകെയിലെത്തിയ ശേഷം സ്വപ്രയത്നത്തിലൂടെ ഉയർന്ന് വന്ന അപൂർവ്വ വ്യക്തിത്വമാണ്. 2013 ൽ ആംഗ്ലിയ റസ്കിൻ യൂണിവേഴ്സിറ്റിയിൽ നിന്നും എൽ എൽ ബി ബിരുദം നേടിയായിരുന്നു തുടക്കം. പിന്നീട് ഈസ്റ്റ് ആംഗ്ലിയ യൂണിവേഴ്സിറ്റിയിൽ നിന്നും എംപ്ലോയ്മെൻറ് ലോയിൽ ഉന്നത ബിരുദം നേടി. ഇക്കാലയാളവിൽ തന്നെ യുകെയിലുടനീളം സഞ്ചരിച്ച് ജോലിസ്ഥലങ്ങളിൽ തൊഴിലാളികൾ നേരിടുന്ന അവകാശ ലംഘനങ്ങൾക്കെതിരെ ബോധവത്കരണം നടത്തുകയും ചെയ്തു. തൊഴിൽ രംഗത്ത് നീതി നിഷേധിക്കപ്പെട്ട പലർക്കും ബൈജുവിന്റെ സേവനങ്ങൾ ഇക്കാലത്ത് തുണയായി മാറിയിരുന്നു.
2018 ൽ കേംബ്രിഡ്ജിലെ ഈസ്റ്റ് ചെസ്റ്റർട്ടൻ മണ്ഡലത്തിൽ നിന്നും കൗൺസിലർ ആയി തെരഞ്ഞെടുക്കപ്പെട്ട ബൈജു വർക്കി തിട്ടാല മികച്ച പ്രവർത്തനം കാഴ്ച വയ്ക്കുകയും 2022 -ൽ വീണ്ടും തെരഞ്ഞെടുക്കപ്പെടുകയും ഉണ്ടായി. കൗൺസിലർ ആയി പ്രവർത്തിക്കുന്നതിനിടയിൽ തന്നെ 2019 ൽ സോളിസിറ്റർ ആയി മാറിയ ബൈജു തിട്ടാല ക്രിമിനൽ ഡിഫൻസ് ലോയർ ആയി ജോലിയിൽ പ്രവേശിക്കുകയും ചെയ്തു.
യൂറോപ്യൻ യൂണിയന് വെളിയിലുള്ള നഴ്സുമാർക്ക് ഏർപ്പെടുത്തിയിട്ടുള്ള ഭാഷാപരിജ്ഞാന നിബന്ധനകൾ മൂലം മലയാളികളായ നിരവധി നഴ്സുമാർക്ക് അർഹിക്കുന്ന ജോലിയും തൊഴിൽ പരമായ ഉയർച്ചയും പലപ്പോഴും തടയപ്പെട്ടിരുന്നു. ഇതിനെതിരെ യുകെയിൽ ഉയർന്ന് വന്ന പ്രതിഷേധങ്ങളിൽ നിർണ്ണായക പങ്ക് വഹിച്ച ബൈജു വർക്കി തിട്ടാല പ്രാദേശിക എം പി മാരുടെയും മറ്റും നേതൃത്വത്തിൽ നടത്തിയ ക്യാമ്പെയിനുകളിലും നിറ സാന്നിധ്യമായിരുന്നു . ഇത്തരം പ്രവർത്തനങ്ങളുടെ ഫലമായി ഭാഷാ പ്രാവീണ്യം സംബന്ധിച്ച് ഏർപ്പെടുത്തിയിരുന്ന പല കടുത്ത നിബന്ധനകളും പിൻവലിക്കുകയുണ്ടായി.
കേംബ്രിഡ്ജിലെ ഡെപ്യൂട്ടി മേയർ പദവി ലഭിച്ചതോടെ ബ്രിട്ടന്റെ രാഷ്ട്രീയത്തിൽ തിളങ്ങി നിൽക്കുന്ന ഏഷ്യൻ വംശജരായ ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനകിന്റെയും ലണ്ടൻ മേയറായ സാദിഖ് ഖാൻ ഉൾപ്പെടെയുള്ളവരുടെയും ഗണത്തിലേയ്ക്ക് മലയാളിയായ ബൈജു വർക്കി തിട്ടാലയും എത്തിച്ചേർന്നതിന്റെ സന്തോഷത്തിലാണ് യുകെ മലയാളികൾ . സാമൂഹിക നീതിയും സമത്വവും ഉറപ്പാക്കുന്നതിൽ തന്റെ പ്രവർത്തനങ്ങൾ തുടർന്നും ഉണ്ടാവുമെന്ന് ബൈജു വർക്കി തിട്ടാല മലയാളം യുകെ ന്യൂസിനോട് പറഞ്ഞു .എല്ലാവർക്കും താങ്ങാനാവുന്ന ഭവന പദ്ധതികൾ, സുസ്ഥിര വികസനം പ്രോത്സാഹിപ്പിക്കുക, വിദ്യാഭ്യാസത്തിന് കൂടുതൽ നിക്ഷേപം വകയിരുത്തുക എന്നീ മേഖലകൾക്കായി ഡെപ്യൂട്ടി മേയർ എന്ന നിലയിൽ കൂടുതൽ ശ്രദ്ധ ചെലുത്തും അദ്ദേഹം വ്യക്തമാക്കി.
ഹണി ട്രാപ്പിൽ പെടുത്തി പണം കവർന്ന കേസിൽ യുവതിയെയും സുഹൃത്തിനെയും എറണാകുളം ടൗൺ സൗത്ത് പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് ഫറോക്ക് തെക്കേപുരയ്ക്കൽ ശരണ്യ (20), മലപ്പുറം ചെറുവായൂർ എടവന്നപ്പാറയിൽ എടശേരിപ്പറമ്പിൽ അർജുൻ (22) എന്നിവരെയാണ് എറണാകുളം സൗത്ത് പോലീസ് പിടികൂടിയത്. അടിമാലി സ്വദേശിയായ യുവാവിൽനിന്നാണ് പണം തട്ടിയത്.
അടിമാലി സ്വദേശിയായ യുവാവും ശരണ്യയും രണ്ടാഴ്ച മുൻപ് ഇൻസ്റ്റഗ്രാം വഴിയാണ് പരിചയപ്പെട്ടത്. ഇരുവരും സെക്സ് ചാറ്റുകൾ നടത്തിയിരുന്നു. പിന്നീടിത് പുറത്തുവിടുമെന്നു പറഞ്ഞ് ശരണ്യ യുവാവിനെ ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നു. ശരണ്യ ആവശ്യപ്പെട്ടപ്രകാരം എറണാകുളം പള്ളിമുക്കിലെത്തിയ യുവാവിനെ ശരണ്യയുടെ കൂട്ടാളികളായ നാലുപേർ ആക്രമിച്ച് പണവും എ.ടി.എം. കാർഡും തട്ടിയെടുത്തു. ഹെൽമെറ്റുകൊണ്ട് മർദിച്ച് പിൻനമ്പർ വാങ്ങി സമീപത്തെ എ.ടി.എമ്മിൽനിന്ന് 4500 രൂപയും പിൻവലിച്ചു.
കഴിഞ്ഞ വെള്ളിയാഴ്ച വീണ്ടും അർജുൻ യുവാവിനെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തി 2000 രൂപ യു.പി.ഐ. ട്രാൻസാക്ഷൻ വഴി വാങ്ങി. അന്നുതന്നെ യുവാവിനെ പത്മ ജങ്ഷനിൽ വിളിച്ചുവരുത്തി 15,000 രൂപയുടെ മൊബൈൽ ഫോണും പിടിച്ചുവാങ്ങി. തിങ്കളാഴ്ച വീണ്ടും വിളിച്ചുവരുത്തി പണം വാങ്ങി. 22-ന് വീണ്ടും പത്മ ജങ്ഷനിൽ വിളിച്ചുവരുത്തി ചാറ്റുകൾ പരസ്യപ്പെടുത്തും എന്നു പറഞ്ഞ് ഭീഷണിപ്പെടുത്തി പണം കൈക്കലാക്കി. 23-ന് 25,000 രൂപ നൽകണമെന്ന് ഭീഷണിപ്പെടുത്തിയതോടെയാണ് യുവാവ് പോലീസിൽ പരാതി നൽകിയത്.
എറണാകുളം സൗത്ത് പോലീസ് ഇൻസ്പെക്ടർ എം.എസ്. ഫൈസലിന്റെ നേതൃത്വത്തിൽ ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. മറ്റ് പ്രതികളെക്കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്ന് പോലീസ് സൂചിപ്പിച്ചു.
കളമശ്ശേരിയില്‍ പതിനേഴുകാരനെ കമ്പി വടികൊണ്ട് ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ അമ്മയും അമ്മൂമ്മയും സുഹൃത്തും അറസ്റ്റില്‍. തമിഴ്‌നാട് സ്വദേശികളായ അമ്മ രാജേശ്വരി, മുത്തശ്ശി വളര്‍മതി, രാജേശ്വരിയുടെ സുഹൃത്ത് വയനാട് സ്വദേശി സുനീഷ് എന്നിവരാണ് പിടിയിലായത്. മൂവരും ചേര്‍ന്ന് കുട്ടിയുടെ കൈ കമ്പിവടികൊണ്ട് അടിച്ചൊടിക്കുകയും കത്രിക കൊണ്ട് പരിക്കേല്‍പ്പിക്കുകയും ആയിരുന്നു.
ആശുപത്രി സംരക്ഷണ ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പിട്ടു. ഇതോടെ ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരായ അതിക്രമത്തില്‍ കര്‍ശന ശിക്ഷ നല്‍കാനുള്ള നിയമ ഭേദഗതിക്ക് അംഗീകാരമായി. അസഭ്യം പറയല്‍, അധിക്ഷേപം എന്നിവയും നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടും. ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരായ അതിക്രമത്തിന് ലഭിക്കുന്ന പരമാവധി ശിക്ഷ 7 വര്‍ഷം തടവും കുറഞ്ഞ ശിക്ഷ 6 മാസവുമാണ്.
നിയമത്തിന്റെ സംരക്ഷണം നഴ്‌സിംഗ് കോളേജുകള്‍ ഉള്‍പ്പടെയുള്ള മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ലഭിക്കും. നിയമത്തില്‍ പ്രതികള്‍ക്കെതിരെ സമയബന്ധിത നിയമനടപടികള്‍ക്കും വ്യവസ്ഥയുണ്ട്. ഡോക്ടര്‍ ഏറെ കാലമായി ആവശ്യപ്പെട്ടിരുന്ന ഓര്‍സിനന്‍സ്, കൊട്ടാരക്കര ആശുപത്രിയിലെ ഡോ. വന്ദനയുടെ കൊലപാതകത്തിന് പിന്നാലെയാണ് സര്‍ക്കാര്‍ അടിയന്തിരമായി പുറത്തിറക്കിയത്.
ഓര്‍ഡിനന്‍സിലെ പ്രധാന വിവരങ്ങള്‍
ആരോഗ്യ രക്ഷാ സ്ഥാപനങ്ങളില്‍ നിയമിക്കപ്പെട്ടിട്ടുള്ളതും ജോലി ചെയ്തുവരുന്നതുമായ പാരാമെഡിക്കല്‍ ജീവനക്കാര്‍, സെക്യൂരിറ്റി ഗാര്‍ഡുകള്‍, മാനേജീരിയല്‍ സ്റ്റാഫുകള്‍, ആംബുലന്‍സ് ഡ്രൈവര്‍മാര്‍, ഹെല്‍പ്പര്‍മാര്‍ എന്നിവരും കാലാകാലങ്ങളില്‍ സര്‍ക്കാര്‍ ഔദ്യോഗിക ഗസറ്റില്‍ വിജ്ഞാപനം ചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകരും ഇതിന്റെ ഭാഗമാകും. അക്രമപ്രവര്‍ത്തനം ചെയ്യുകയോ ചെയ്യാന്‍ ശ്രമിക്കുകയോ പ്രേരിപ്പിക്കുകയോ പ്രചോദനം നല്‍കുകയോ ചെയ്താല്‍ 6 മാസത്തില്‍ കുറയാതെ 5 വര്‍ഷം വരെ തടവ് ശിക്ഷയും 50,000 രൂപയില്‍ കുറയാതെ 2 ലക്ഷം രൂപ വരെ പിഴ ശിക്ഷയും ലഭിക്കും.
നിലവിലുള്ള നിയമത്തില്‍ ആരോഗ്യ രക്ഷാ സേവന സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന രജിസ്റ്റര്‍ ചെയ്ത (താല്‍ക്കാലിക രജിസ്ട്രേഷന്‍ ഉള്‍പ്പെടെയുള്ള) മെഡിക്കല്‍ പ്രാക്ടീഷണര്‍മാര്‍, രജിസ്റ്റര്‍ ചെയ്ത നേഴ്സുമാര്‍, മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍, നേഴ്സിംഗ് വിദ്യാര്‍ത്ഥികള്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍ എന്നിവരാണ് ഉള്‍പ്പെട്ടിരുന്നത്. പുതുക്കിയ ഓര്‍ഡിനന്‍സില്‍ പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥികളും ഉള്‍പ്പെടും
ആരോഗ്യ രക്ഷാ സേവന പ്രവര്‍ത്തകനെ കഠിനമായ ദേഹോപദ്രവത്തിന് വിധേയനാക്കുകയാണെങ്കില്‍ 1 വര്‍ഷത്തില്‍ കുറയാതെ 7 വര്‍ഷം വരെ തടവ് ശിക്ഷയും 1 ലക്ഷം രൂപയില്‍ കുറയാതെ 5 ലക്ഷം രൂപ വരെ പിഴയും ലഭിക്കും. ആക്ടിനു കീഴില്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്ന കേസുകള്‍ ഇന്‍സ്പെക്ടര്‍ റാങ്കില്‍ കുറയാത്ത പോലീസ് ഓഫീസര്‍ അന്വേഷിക്കും. കേസന്വേഷണം പ്രഥമ വിവര റിപ്പോര്‍ട്ട് രജിസ്റ്റര്‍ ചെയ്യുന്ന തീയതി മുതല്‍ 60 ദിവസത്തിനകം പൂര്‍ത്തീകരിക്കും. വിചാരണാനടപടിക്രമങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കും. സത്വര വിചാരണയ്ക്ക് ഓരോ ജില്ലയിലും ഒരു കോടതിയെ സ്പെഷ്യല്‍ കോടതിയായി നിയോഗിക്കും.
എല്ലാവരെ പോലെയും ഓടിച്ചാടി നടന്നിരുന്ന ഷെറിന്‍ ഷഹാനയെ വീല്‍ചെയറിലാക്കിയത് ആറ് വര്‍ഷം മുമ്പ് അശ്രദ്ധമായ ഒരു ചുവടുവെപ്പായിരുന്നു. എന്നാല്‍, അപ്രതീക്ഷിത ദുരന്തത്തില്‍ പരിതപിച്ച് ഷെറിന്‍ വെറുതേ ഇരുന്നില്ല. വിധിയെ തോല്‍പ്പിച്ച് മുന്നേറുന്നതിനിടെ വീണ്ടുമൊരു അപകടംപറ്റി ആശുപത്രി കിടക്കയില്‍ സര്‍ജറി കാത്ത് കിടക്കവെ ഷെറിനെ തേടി ആ വാര്‍ത്ത എത്തി, താൻ സിവില്‍ സര്‍വീസുകാരി ആയിരിക്കുന്നു. പെരിന്തല്‍മണ്ണയിലെ ആശുപത്രിയിൽ റൂം നമ്പര്‍ 836-ലെ കട്ടിലില്‍ നിന്ന് രണ്ട് കൈകളുമുയര്‍ത്തി ഒന്ന് ചാടണമെന്നുണ്ടായിരുന്നു ഷെറിന്. എന്നാല്‍ ശരീരം അതിനനുവദിച്ചില്ല.
വയനാട് കമ്പളക്കാട് തെനൂട്ടികല്ലിങ്ങല്‍ വീട്ടില്‍ ഷെറിന്‍ ഷഹാന ദേശീയ തലത്തില്‍ 913-ാം റാങ്കുകാരിയായാണ് സിവില്‍ സര്‍വീസ് പരീക്ഷയില്‍ വിജയിച്ചത്.
അഞ്ചു വര്‍ഷം മുമ്പുള്ള ഒരു അപകടമാണ് ഷെറിന്റെ ജീവിതം വീല്‍ചെയറിലാക്കിയത്. അശ്രദ്ധമായൊരു ചുവടുവെപ്പില്‍ വീടിന്റെ ടെറസില്‍ നിന്ന് ഷെറിന്‍ വീഴുകയായിരുന്നു. പി.ജി പരീക്ഷ കഴിഞ്ഞ് അവധിക്കാലത്തെ ആദ്യ ദിവസം ടെറസില്‍ വിരിച്ചിട്ട വസ്ത്രം എടുക്കാന്‍ പോയതായിരുന്നു ഷെറിന്‍. മഴ പെയ്ത് കുതിര്‍ന്നു കിടന്നതുകൊണ്ട് വസ്ത്രം വലിച്ചെടുക്കുന്നതിനിടെ വഴുതി മുന്നോട്ട് ആഞ്ഞു. സണ്‍ഷെയ്ഡില്‍ ചെന്നിടിച്ച് ഷെറിൻ താഴേക്ക് വീണു. നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റു, രണ്ട് വാരിയെല്ലുകള്‍ പൊട്ടി.
നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ ഷെറിന് അധികകാലം ജീവിച്ചിരിക്കാന്‍ സാധ്യതയില്ലെന്നുതന്നെ ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടു. എന്നാൽ, സംഭവിച്ചത് മറ്റൊന്നായിരുന്നു. ഷെറിന്‍ അതിജീവിച്ചു. അവിടെ നിന്നുള്ള തുടർ പോരാട്ടമാണ് ഷെറിന്‍ ഷഹാനയെ നെറ്റ് പരീക്ഷാ വിജയവും ഇപ്പോള്‍ സിവില്‍ സര്‍വീസും നേടുന്നതിലേക്ക് എത്തിച്ചത്.
പരേതനായ ഉസ്മാന്റെയും ആമിനയുടെയും മക്കളില്‍ ഇളയവളായ ഷെറിന് ഉമ്മയാണ് ഏറ്റവും വലിയ പിന്തുണ. കോഴിക്കോട് നിന്നുള്ള യാത്രയ്ക്കിടെ താമരശ്ശേരിയില്‍ വെച്ച് ഷെറിന്‍ മറ്റൊരു അപകടത്തില്‍പ്പെട്ടു. ഈ അപകടത്തില്‍ കാലിന് പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണിപ്പോൾ. അവിടെവെച്ചാണ് സിവിൽ സർവീസ് നേട്ടം ഷെറിൻ അറിയുന്നത്. ഈ അപകടത്തില്‍ ഷോള്‍ഡറിന് പരിക്കേറ്റിരുന്നു. ഇതുമായി ബന്ധപ്പെട്ടുള്ള സര്‍ജറിയാണ് നടക്കാനിരിക്കുന്നതെന്ന് ബന്ധുക്കള്‍ അറിയിച്ചു.
ആദ്യ അപകടത്തില്‍ രണ്ട് വര്‍ഷത്തോളം പൂര്‍ണ്ണമായും കിടക്കയില്‍ത്തന്നെയായിരുന്നു ഷെറിന്റെ ജീവിതം. നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റത് കൊണ്ട് പരസഹായമില്ലാതെ എഴുന്നേല്‍ക്കാനും അധികനേരം ഇരിക്കാനും കഴിയുമായിരുന്നില്ല. പി.ജി.ഫലം കാത്തിരിക്കുമ്പോഴായിരുന്നു ഈ അപകടം. ഡിഗ്രിയും പിജിയും പൊളിറ്റിക്കല്‍ സയന്‍സിലായിരുന്നു. പുറത്ത് പോയി പഠിക്കാനുള്ള സാഹചര്യമില്ലാത്തതുകൊണ്ടും വീട്ടില്‍ പോയി വരാനുള്ള സൗകര്യാര്‍ഥവുമാണ് പൊളിറ്റികല്‍ സയന്‍സ് തിരഞ്ഞെടുത്തത്.
ഐക്യരാഷ്ട്ര സഭാ ദുരന്ത ലഘൂകരണ വിഭാഗം തലവന്‍ മുരളി തുമ്മാരുകുടിയുടേയും പിന്തുണ ഷെറിന് ലഭിച്ചിരുന്നു. സഹോദരി വഴിയാണ് അദ്ദേഹത്തെ പരിചയപ്പെട്ടത്. ജോലി ചെയ്യാന്‍ സാധിക്കുമെന്ന് ബോധ്യപ്പെടുത്താനായി ഡേറ്റാ കലക്ഷന്‍, പൊളിറ്റിക്കല്‍ അനലൈസ് തുടങ്ങിയ ജോലികള്‍ അദ്ദേഹം ഷെറിനെ ഏല്‍പിച്ചിരുന്നു. എന്തും ചെയ്യാന്‍ തനിക്കും കഴിയുമെന്നുള്ള ആത്മവിശ്വാസം ഇത് ഷെറിന് നല്‍കി. പിന്നീട് അയല്‍പക്കത്തെ കുട്ടികള്‍ക്ക് ട്യൂഷന്‍ എടുക്കാന്‍ തുടങ്ങി. ഇതിനിടെ നാഷണണല്‍ എലിജിബിലിറ്റി ടെസ്റ്റ് (നെറ്റ്) പരീക്ഷയും ഷെറിന്‍ പാസായി. തുടര്‍ന്നുള്ള ഉപരിപഠനത്തിലും മുരളി തുമ്മാരുകുടിയുടെ പിന്തുണ ഷെറിന് ലഭിച്ചിരുന്നു. കാലിക്കറ്റ് സര്‍വകലാശാലയില്‍ ഇപ്പോള്‍ പിഎച്ച്ഡിയും ചെയ്യുന്നുണ്ട് ഷെറിന്‍.
‘കണ്ണുചിമ്മി തുറക്കുന്ന നേരംകൊണ്ട് അപകടങ്ങള്‍ സംഭവിക്കാം. അനന്തരം കൂടുതല്‍ മെച്ചപ്പെട്ട ഒരാളായി മാറാനാണ് നമുക്ക് കഴിഞ്ഞതെങ്കിലോ’, അപകടത്തില്‍ ശരീരം തളര്‍ന്ന് വീല്‍ച്ചെയറില്‍ കഴിയുന്ന പാകിസ്താനി സാമൂഹിക പ്രവര്‍ത്തക മുനിബ മസരിയുടെ ഈ വാക്കുകള്‍ തനിക്ക് പ്രചോദനമായെന്നും ഷെറിന്‍ പറയുന്നു.
2017-ല്‍ ഷെറിന് അപകടം പറ്റുന്നതിന്റെ രണ്ട് വര്‍ഷം മുമ്പാണ് പിതാവ് ഉസ്മാന്‍ ഈ ലോകത്തോട് വിടപറയുന്നത്. കോളേജിലിരിക്കുമ്പോഴാണ് ഷെറിന് മരണ വിവരം അറിയുന്നത്. ഷെറിനും കുടുംബത്തിനും അത് വലിയ ആഘാതമാണ് ഉണ്ടാക്കിയത്. സാമ്പത്തകമായി വലിയ പ്രയാസം ഷെറിനും ഉമ്മയും സഹോദരിമാരും അനുഭവിച്ചു.
‘ഞങ്ങള് പെണ്‍കുട്ടികളെ തനിച്ചാക്കി 2015-ല്‍ ഉപ്പച്ചി യാത്രയായതുകൊണ്ട് കാര്യങ്ങള്‍ അത്രയ്ക്ക് രസം ഉണ്ടായിരുന്നില്ല. പട്ടിണിക്കൊക്കെ ആശ്വാസം കിട്ടിയത് എനിയ്ക്ക് ജോലി ആയപ്പോഴാണ്. ഉമ്മച്ചി ഡയബറ്റിക് ആയി വല്യ ആരോഗ്യം, അല്ല തീരെ ആരോഗ്യം ഇല്ലാത്ത ആളാണ്. നമ്മളൊരു മുഴു കടലില്‍ ആയിരുന്നെന്ന് വേണം ചുരുക്കി പറയാന്‍. നമ്മള്‍ പഠിച്ചതൊക്കെ സര്‍ക്കാര്‍ സ്‌കൂളിലാണ്, ഷെറിന്‍ പിജി വരെ ചെയ്തത് ബത്തേരി സെന്‍മേരിസില്‍ പൊളിറ്റിക്കല്‍ സയന്‍സില്‍. വല്യ കാര്യമായി ഫിനാഷ്യല്‍ ഇന്‍വെസ്‌റ്‌മെന്റ് ഒന്നും ഇതിലൊന്നും നടത്തീട്ടില്ല, കഴിക്കാന്‍ കിട്ടീട്ട് വേണ്ടേ പൈസ കൊടുത്ത് പഠിക്കാന്‍’, ഷെറിന്റെ മൂത്ത സഹോദരി ജാലിഷ ഉസ്മാന്‍ ഷെറിന്റെ സിവില്‍ സര്‍വീസ് വിജയത്തിന് പിന്നാലെ ഫെയ്‌സ്ബുക്കില്‍ കുറിച്ച വരികളാണിത്.
കണിയാമ്പറ്റ സര്‍ക്കാര്‍ സ്‌കൂളിലായിരുന്നു ഷെറിന്റെ പ്രാഥമിക പഠനം. ബത്തേരി സെന്റ് മേരിസ് കോളേജിലാണ് ബിരുദവും ബിരുദാനന്തര പഠനവും പൂര്‍ത്തായാക്കിയത്. അബ്‌സല്യൂട്ട് അക്കാദമി, പെരിന്തല്‍മണ്ണയിലെ ശിഹാബ് തങ്ങള്‍ മെമ്മോറിയല്‍ അക്കാദമി, കേരള സിവില്‍ സര്‍വീസ് അക്കാദമി എന്നിവിടങ്ങളില്‍ നിന്നാണ് ഷെറിന്‍ സിവില്‍ സര്‍വീസ് പഠനം നടത്തിയത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
നമ്മുടെ ഓൾഫ് മിഷനിലെ അംഗവും കപ്യാരും,സെന്റ് ട്രീസ ട്രെന്റ്‌വാലെ യൂണിറ്റ് മെമ്പറുമായ ശ്രീ തോമസ് ന്റെയും, സേക്രഡ് ഹാർട്ട്, ട്രെന്റ്‌വാലെ യൂണിറ്റ് അംഗമായ ആലീസ് ( ജെയ്സൺ) ന്റെയും ചേച്ചി
ട്രീസ വർഗീസ് (64) ഇന്നലെ നിര്യാതയായി . മൃത സംസ്കാരം മെയ് 24ന് ബുധനാഴ്ച വൈകീട്ട് 4.30ന് പള്ളിശ്ശേരി സെന്റ് മേരീസ് പള്ളിയിൽ നടത്തപ്പെടും
ചേച്ചിയുടെ വേർപാടിൽ ദുഃഖിച്ചിരിക്കുന്ന തോമസിന്റെയും, ആലിസിന്റെയും മാതാപിതാക്കളെയും ബന്ധുക്കളെയും മലയാളം യുകെയുടെ അനുശോചനം അറിയിക്കുന്നതിനൊപ്പം പരേതക്ക് ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്യുന്നു.
കിൻഫ്ര പാർക്കിൽ മെഡിക്കൽ സർവീസസ് കോർപ്പറേഷന്റെ കെട്ടിടത്തിൽ വൻ തീപിടിത്തം. തീയണക്കാനുള്ള ശ്രമത്തിനിടെ കോൺക്രീറ്റ് ഭാഗം ഇടിഞ്ഞു വീണ് ഫയർഫോഴ്‌സ് ഉദ്യോഗസ്ഥൻ മരിച്ചു. ഫയർഫോഴ്‌സ് ഉദ്യോഗസ്ഥൻ ആറ്റിങ്ങൾ സ്വദേശി രഞ്ജിത് (32) ആണ് മരിച്ചത്. രഞ്ജിത്തിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആറു വർഷമായി ഫയർ സർവീസിൽ ജീവനക്കാരനാണ് രഞ്ജിത്ത്.
മെഡിക്കൽ സർവീസ് കോർപ്പറേഷൻ സംഭരണ കേന്ദ്രത്തിനാണ് തീപിടിച്ചത്. രാസവസ്തുക്കൾ സൂക്ഷിച്ചിരുന്ന കെട്ടിടം പൂർണമായും കത്തിനശിച്ചു. പുലർച്ചെ 1.30ന് വലിയ ശബ്ദത്തോടെ ഗോഡൗണിൽ പൊട്ടിത്തെറി ഉണ്ടാകുകയായിരുന്നു. സുരക്ഷാജീവനക്കാരൻ മാത്രമേ സ്ഥലത്ത് ഉണ്ടായിരുന്നുള്ളൂ.
നിലവിൽ തീ നിയന്ത്രണ വിധേയമാണെങ്കിലും പുക ഉയരുന്നുണ്ട്. ജില്ലയിലെ മുഴുവൻ ഫയർഫോഴ്‌സ് യൂണിറ്റും അപകടസ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമത്തിലാണ്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
യുകെ മലയാളികളെ ദുഃഖത്തിലാഴ്ത്തി വീണ്ടും ഒരു മരണം കൂടി. ഫ്‌ളീറ്റ്‌വുഡില്‍ താമസിക്കുന്ന ഉമാ പിള്ളയാണ് (45) വിടവാങ്ങിയത്.ഉമയുടെ മരണ കാരണം വ്യക്തമായിട്ടില്ല. ഭര്‍ത്താവ് ജയന്‍ പിള്ള. ഗോപി പിള്ള – സാറാ ദമ്പതികളുടെ മരുമകളാണ്.
45-ാംവയസില്‍ സംഭവിച്ച അകാല വിയോഗത്തിൻെറ ഞെട്ടലിലാണ് ബന്ധുക്കളും സുഹൃത്തുക്കളും.
ഉമാ പിള്ളയുടെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
എം. ജി.ബിജുകുമാർ
ശനിയാഴ്ച വൈകിട്ട് ജോലികഴിഞ്ഞെത്തി കുളി കഴിഞ്ഞ് ഒരു സിനിമയ്ക്ക് പോകാൻ ഇറങ്ങുമ്പോഴാണ് കിരണിന് കൃഷ്ണൻനായർ സാറിന്റെ ഫോൺ കോൾ എത്തിയത്.
“കിരൺ നീ അത്യാവശ്യമായി നാളെ ഉമാപതിയുടെ വീട് വരെ പോകണം, അയാൾ ഏതോ കേസിൽ അറസ്റ്റിലായി എന്നു പറയുന്നത് കേട്ടു. ഒന്നന്വേഷിച്ചറിയണം കേട്ടോ!”
സാറിൻ്റെ പതിഞ്ഞ ശബ്ദത്തിന്
” ശരി സാർ, ” എന്ന് കിരൺ മറുപടി കൊടുത്തപ്പോഴേക്കും നായർ സാർ ഫോൺ കട്ട് ചെയ്തു.
അല്ലെങ്കിലും നായർ സാർ അങ്ങനെയാണ്, അത്യാവശ്യത്തിന് മാത്രമേ സംസാരിക്കുകയുള്ളൂ. എഞ്ചിനീയറിങ് കഴിഞ്ഞപ്പോൾ സോമേട്ടൻ ആണ് കിരണിനെ ബാംഗ്ളൂരിലേക്ക് ജോലിക്കായി സുഹൃത്തായ നായർ സാറിന്റെ അടുത്തേക്ക് പറഞ്ഞുവിട്ടത്. ഇവിടെ വന്നിട്ട് രണ്ടു വർഷമാവുന്നു. ബാംഗ്ലൂരിലെ ടോപ്പ് ആർക്കിടെക്റ്റ് ആണ് നായർ സാർ.
എന്തായാലും നാളെ ഉമാപതിയുടെ വീട് സന്ദർശിക്കണമെന്ന് അവൻ തീരുമാനിച്ചു. നായർ സാർ ഇപ്പോൾ ചെയ്തു കൊണ്ടിരിക്കുന്ന പ്രോജക്ടിൻ്റെ ഹെഡ് മേസ്തിരിയും സാറിൻ്റെ വിശ്വസ്തനുമാണ് ഉമാപതി. ഒരാഴ്ചയായി അയാൾ വിവാഹ ആവശ്യത്തിനായി ലീവിൽ ആയിരുന്നു. ലളിതമായ ചടങ്ങുകൾ മാത്രമേയുള്ളൂവെന്നും ബന്ധുക്കൾ മാത്രമേ പങ്കെടുക്കുന്നുള്ളൂ എന്നും അയാൾ പറഞ്ഞിരുന്നു. കമ്പനിയിൽ എല്ലാവർക്കുമായി വരുന്ന വെള്ളിയാഴ്ച വിരുന്നും ഏർപ്പാട് ചെയ്തിരുന്നു. പ്രശ്നക്കാരനൊന്നുമല്ലാത്ത ശുദ്ധനായ അയാളെങ്ങനെ അറസ്റ്റിലായി എന്നാലോചിച്ച് നടന്ന കിരൺ അടുത്തുള്ള തിയേറ്ററിലെത്തി ടിക്കറ്റെടുത്ത് ഒരു മിനറൽ വാട്ടറും വാങ്ങി ഉള്ളിലേക്ക് കയറുമ്പോൾ തിരശ്ശീലയിൽ പരസ്യം തുടങ്ങിയിരുന്നു.
മൈതാനത്തിനടുത്തുള്ള വാട്ടർ ടാങ്കിനു മുകളിൽ ഇരുന്ന് ഇരുട്ടിൽ തെളിയുന്ന മെഴുകുതിരിയുടെ മങ്ങിയ വെളിച്ചത്തിൽ പാർത്ഥിപൻ ഗ്‌ളാസ്സിൽ ഒഴിച്ചു വെച്ചിരുന്ന മദ്യത്തിലേക്ക് മിനറൽ വാട്ടർ ഒഴിക്കുകയായിരുന്നു.
അവന്റെ ഉള്ളിൽ ഒരു വിജയഭാവം പ്രതിഫലിക്കുന്നുണ്ടായിരുന്നു. മുഖത്ത് ക്രൂരമായ ഒരു ചിരി വിടർന്നു. എവിടെയോ നായ ഓരിയിടുന്ന ശബ്ദം മുഴങ്ങുന്നുണ്ടായിരുന്നു.
“പ്ഫാ നായെ… നിന്റെ മോഹം അങ്ങ് മനസ്സിൽ വെച്ചാൽ മതി, എന്റെയടുത്ത് ഇറക്കണ്ട, അനവധി പെണ്ണുങ്ങൾ നിനക്ക് വശംവദരാവാൻ ഉണ്ടാകും. എന്നെ ആ ഗണത്തിൽ കൂട്ടണ്ട.”
ഹൈമ പൊട്ടിത്തെറിച്ചത് അവൻ്റെയുള്ളിൽ തികട്ടി വരുന്നുണ്ടായിരുന്നു. അതിൻ്റെ പ്രതിധ്വനി അവനിൽ നിന്ന് വിട്ടു പോയിരുന്നില്ല. അവളുടെ അഹങ്കാരത്തിന് താൻ നൽകിയ മറുപടിയാണ് ഇപ്പോൾ അവളുടെ ഭർത്താവ് ജയിലിൽ റിമാൻഡിൽ കഴിയുന്നതെന്നോർത്ത് അയാൾ അട്ടഹസിച്ചുകൊണ്ട് ഒഴിഞ്ഞ മദ്യക്കുപ്പി ഇരുട്ടിലേക്ക് വലിച്ചെറിഞ്ഞു. അതു താഴെവീണു പൊട്ടിച്ചിതറുന്ന ശബ്ദം കേട്ട് ഒരു നായ കരഞ്ഞുകൊണ്ട് ഓടുകയും അപ്പോൾ അയാൾ വീണ്ടും ഉറക്കെ ചിരിക്കുകയും ചെയ്തു.
നിലാവില്ലാത്ത രാത്രിയിൽ ഇരുട്ട് കനത്തു കൊണ്ടിരുന്നു. കറണ്ട് പോയതിനാൽ ഇരുട്ടിൽ കിടക്കയിൽ ചരിഞ്ഞു കിടക്കുമ്പോഴും അടുത്ത ദിവസം ഉമാപതി യുടെ വീട്ടിൽ പോകുന്നതിനെപ്പറ്റി ആയിരുന്നു കിരണിൻ്റെ ചിന്ത. ഞായറാഴ്ച പകൽ നന്നായി ഉറങ്ങാൻ കിട്ടുന്ന ദിവസം പകുതി നഷ്ടമാകും എന്നോർത്തപ്പോൾ അവനു പരിഭവം തോന്നി. തനിക്ക് കന്നഡ നന്നായി അറിയാത്തതിനാൽ കമ്പനിയിലെ സെക്യൂരിറ്റിയായ രമണയെക്കൂടി വിളിച്ചു കൊണ്ടു പോകാം എന്ന് അവൻ മനസ്സിൽ കുറിച്ചു. എട്ടുവർഷത്തോളം കേരളത്തിൽ ജോലി ചെയ്തിരുന്ന രമണയ്ക്ക് മലയാളം നന്നായി അറിയാം. കാര്യങ്ങൾ ചോദിച്ചറിയാൻ രമണ സഹായകമാകുമെന്നോർത്ത് അപ്പോൾത്തന്നെ രമണയെ ഫോണിൽ വിളിച്ച് കാര്യം പറഞ്ഞു.
ഫോൺ കട്ട് ചെയ്ത് ഓരോന്നാലോചിച്ച് കിരൺ ഉറക്കവും കാത്തു കിടന്നു.
തകർന്ന ഹൃദയവുമായി ഉറക്കമില്ലാതെ കട്ടിലിൽ കമിഴ്ന്നു കിടന്നിരുന്ന ഹൈമയുടെ ചിന്തകൾ അടുത്ത മുറിയിലുള്ള സഹോദരി മഹേശ്വരിയിലേക്കു നീളുമ്പോൾ അവളിലൊരു ഗദ്ഗദമുയർന്നു.
ജന്മനാ ബധിരയും മൂകയുമായ മഹേശ്വരിക്ക് ചിലപ്പോഴൊക്കെ ബുദ്ധിക്കു അല്പം സ്ഥിരത കുറവുള്ളതുപോലെ പെരുമാറുന്നതിനാൽ അനുജത്തിക്ക് സന്തോഷമുള്ള കാര്യങ്ങൾ മാത്രമേ ഹൈമ അവളോട് പറയുമായിരുന്നുള്ളൂ. മനസ്സിൽ തോന്നുന്നതെല്ലാം നോട്ട് ബുക്കിൽ എഴുതി വയ്ക്കുക എന്നതായിരുന്നു മഹേശ്വരിയുടെ പ്രധാന വിനോദം. പരസ്പരവിരുദ്ധവും യാതൊരു ബന്ധവും ഇല്ലാത്തതുമൊക്കെയാണ് എഴുതുന്നത് എങ്കിലും ഹൈമ അവളെ തടയാറില്ലായിരുന്നു. ബുക്ക് തീരുമ്പോൾ അടുത്തത് വാങ്ങിക്കൊടുക്കാൻ ഹൈമ പ്രത്യേകം ശ്രദ്ധിക്കുമായിരുന്നു.
വിവാഹം കഴിഞ്ഞ് വൈകുന്നേരം പോലീസ് വന്നപ്പോൾ അവൾ ഭീതിയോടെ ഹൈമയുടെ പിന്നിലൊളിച്ചു. പിന്നെയുണ്ടായ വാക്കേറ്റവും പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ പ്രവർത്തിയും അറസ്റ്റുമൊക്കെ അവളിൽ പരിഭ്രാന്തി പരത്തി.അവൾ മുറിയിലേക്ക് കയറി ഒറ്റയ്ക്കിരിപ്പായി. വാതിൽ അടക്കാത്തതിനാൽ അവളവിടെയിരിക്കട്ടെ എന്നു കരുതി ഹൈമ അവളെ ശല്യപ്പെടുത്താനും പോയില്ല.
ഹൈമ എഴുന്നേറ്റ് മഹേശ്വരിയുടെ അടുത്തേക്ക് നടന്നു. മുറിയിലേക്ക് കയറുമ്പോൾ അവൾ എഴുതിയിരുന്ന ബുക്കിലെ പേപ്പറുകൾ എല്ലാം ഭിത്തിയിൽ ഒട്ടിച്ചുവെച്ച് വസ്ത്രങ്ങൾ പകുതി ഊരി കസേരയിലിരുന്ന് തേങ്ങുന്നതാണ് കണ്ടത്.ഹൈമ അടുത്തു ചെന്ന് അവളെ സമാധാനിപ്പിച്ചു. വസ്ത്രങ്ങൾ നേരെയാക്കി കസേരയിൽ നിന്നും എഴുന്നേൽപ്പിച്ച് കട്ടിലിൽ കൊണ്ടുപോയി കിടത്തി.
പിന്നെ കട്ടിലിൽ നിന്നെഴുന്നേറ്റു അതിനടുത്തുള്ള ജനാല തുറന്ന് അതിൽ ചാരിയിരുന്നു. മുറ്റത്തു നിന്ന ആത്തമരത്തിലിരുന്ന് ഒരു നത്ത് അവളെ തുറിച്ചു നോക്കുന്നുണ്ടായിരുന്നു. ജനലഴികളിൽ പിടിച്ച് മഹേശ്വരിയെ നോക്കിയിക്കുമ്പോൾ മെഴുകു പ്രതിമ പോലെ ആയിത്തീർന്ന ഹൈമയുടെ മിഴികളിൽ നിന്നും കണ്ണീർ ഒഴുകുന്നുണ്ടായിരുന്നു.
ജനലിലൂടെ വിദൂരതയിലേക്ക് നോക്കി ഇരിക്കുമ്പോഴും തന്റെ നിർബന്ധത്തിന് വഴങ്ങിതുകൊണ്ടാണ് ഉമാപതി ജയിലിലായത് എന്ന ചിന്ത അവളിൽ കാർമേഘത്തിൻ്റെ നടുവിൽ ഇടിവെള്ളികൾ തെളിയുമ്പോലെ ദുഃഖം നിറച്ചു കൊണ്ടിരുന്നു.
കെട്ടിട നിർമാണ തൊഴിലാളിയായ ഉമാപതിയുമായി ഹൈമ ആറു വർഷമായി പ്രണയത്തിലായിരുന്നു. അവളുടെ അനുജത്തി മഹേശ്വരി ജന്മനാ ബധിരയും മൂകയും ആയിരുന്നു. ബുദ്ധിക്ക് സ്വല്പം സ്ഥിരതയ്ക്കകുറവുമുള്ള അവളെക്കുറിച്ചുള്ള വേവലാതിയിൽ ഹൈമ മാനസികസംഘർഷവും അനുഭവിച്ചിരുന്നു.
ഒരുമിച്ച് നടക്കുമ്പോൾ ചില കഴുകൻ കണ്ണുകളിലെ നോട്ടങ്ങൾ അവളിലേക്കെത്തുന്നത് കണ്ട് തൻ്റെ അനുജത്തി പ്രായമാകുന്നത് തിരിച്ചറിഞ്ഞപ്പോൾ തൻ്റെ വിവാഹത്തിനു ശേഷം അവളുടെ ജീവിതത്തെക്കുറിച്ചോർത്ത് ഹൈമ വ്യാകുലപ്പെട്ടു.
മഹേശ്വരിയുടെ ദുരവസ്ഥ ഉൾക്കൊണ്ടുകൊണ്ട് ആരും അവളെ വിവാഹം കഴിക്കാൻ വരില്ലെന്ന ആശങ്കയിൽ നിന്നാണ് അവളെ കൂടി വിവാഹം കഴിക്കാൻ ഉമാപതിയോട് ആവശ്യപ്പെടാൻ അവൾ തീരുമാനിച്ചത്. തന്റെ പിതാവും ഇത്തരത്തിലായിരുന്നു അമ്മ സുബ്ബമ്മയെയും സഹോദരി നാഗമ്മയെയും വിവാഹം കഴിച്ചത്. അച്ഛൻ്റെയും അമ്മയുടെയും മരണശേഷം മഹേശ്വരിയുടെയും നാഗമ്മയുടെയും സംരക്ഷണ ചുമതല ഹൈമയിലായി. അങ്ങനെയാണ് മെഡിക്കൽ ഷോപ്പിലുള്ള തൻ്റെ ജോലി ഉപേക്ഷിച്ച് വീട്ടിൽ ഇരുന്നുള്ള തയ്യൽ ജോലിയിലേക്ക് അവൾ ഒതുങ്ങിക്കൂടിയത്.
മെഡിക്കൽ ഷോപ്പിൽ ജോലിക്ക് പോയിരുന്ന കാലത്താണ് അവൾ ഉമാപതിയുമായി പ്രണയത്തിലായത്. അച്ഛൻ്റെ മരണശേഷമാണ് മദ്യപാനിയും അയൽവാസിയുമായ പാർത്ഥിപൻ്റെ ശല്യവും വർദ്ധിച്ചത്. നിരന്തരമായ ശല്യം കൂടിക്കൂടി വന്നപ്പോൾ അത് അയാളുടെ ഭാര്യയെ അറിയിച്ചെങ്കിലും അതിനൊരു മാറ്റവുമുണ്ടായില്ല.
ഒരു ദിവസം സന്ധ്യയ്ക്ക് കടയിൽ നിന്ന് വരുമ്പോൾ ഇരുട്ട് അവളെ പൊതിഞ്ഞു തുടങ്ങിയിരുന്നു. കുറച്ചു ദൂരം നടന്നപ്പോൾ വഴിയിൽവെച്ച് തന്നെ പിൻതുടർന്നെത്തി കയ്യിൽ കടന്നു പിടിച്ച പാർത്ഥിപനെ ഹൈമ ചെരിപ്പൂരി അടിച്ചു. അവളുടെ ആക്രോശത്തിൽ അവൻ പതറി. മനസ്സിന് മുറിവേറ്റ അവൻ അന്നുമുതൽ അതിനു പ്രതികാരം ചെയ്യാനായി തക്കം പാർത്തിരുന്നു.
ഉമാപതിയെ മറ്റൊരു വിവാഹത്തിനായി വീട്ടുകാർ നിർബന്ധിച്ചു കൊണ്ടിരുന്നുവെങ്കിലും പ്രണയിനിയായ ഹൈമയെ ഉപേക്ഷിക്കാൻ അവൻ തയ്യാറായില്ല.
“എങ്കിൽ ഇനി വിവാഹം നീട്ടിവെക്കാൻ പാടില്ല, ഉടൻ നടത്തണം”
എന്ന് വീട്ടുകാർ കട്ടായം പറഞ്ഞതോടെ അവൻ വഴങ്ങി. അപ്പോഴാണ് മഹേശ്വരിയെക്കൂടി വിവാഹം കഴിക്കണമെന്ന് ഹൈമ ഉമപതിയോട് ആവശ്യപ്പെട്ടത്.ആദ്യം ഉമാപതിയ്ക്ക് ഇതു സമ്മതമായില്ല.എന്നാൽ ഹൈമയുടെ നിരന്തരമായ നിർബന്ധത്തിന് വഴങ്ങി ഗത്യന്തരമില്ലാതെ അയാൾ സമ്മതിക്കുകയായിരുന്നു. ഉമാപതി വളരെ പാടുപെട്ടാണ് മഹേശ്വരിയെ കൂടി വിവാഹം കഴിക്കണമെന്ന നിർദ്ദേശം മാതാപിതാക്കളെ കൊണ്ട് സമ്മതിപ്പിച്ചത്.
ചേച്ചി പറയുന്നതെന്തും അതേപടി അനുസരിക്കുന്ന മഹേശ്വരിക്ക് വിവാഹത്തിന് എതിർപ്പൊന്നും ഇല്ലായിരുന്നു. തൻ്റെ നന്മയെ കരുതി മാത്രമേ ചേച്ചി എന്തും ചെയ്യുകയുള്ളൂ എന്ന് എന്ന ബോധ്യം മഹേശ്വരിയ്ക്ക് ഉണ്ടാകുമെന്ന് ഹൈമയും കരുതി. വീടുകൾ തമ്മിൽ വലിയ ദൂരം ഇല്ലാത്തതിനാൽ വിവാഹം കഴിഞ്ഞാൽ ഉമാപതി തന്റെ വീട്ടിൽ താമസിക്കണം എന്ന ഹൈമയുടെ നിർദ്ദേശത്തോട് അവന് എതിർപ്പും ഇല്ലായിരുന്നു. ജീവിതത്തിൻ്റെ കുളിർമ്മയെ കനവുകണ്ടിരിക്കുമ്പോൾ വിരഹത്തിൻ്റെ ചൂടാണ് തന്നെ കാത്തിരിക്കുന്നതെന്ന് അവൾ അറിയുന്നുണ്ടായിരുന്നില്ല.
അടുത്ത ബന്ധുക്കളും അയൽവാസികളും മാത്രം പങ്കെടുത്ത ഒരു വിവാഹച്ചടങ്ങ് ആയിരുന്നു അവരുടേത്. കണ്ടാൽ ഇരുപതിലേറെ പ്രായം തോന്നുമെങ്കിലും മഹേശ്വരിക്ക് കഷ്ടിച്ച് പതിനേഴ് വയസ്സ് ആകുന്നതേയുള്ളൂ എന്നു മനസ്സിലാക്കിയ പാർത്ഥിപൻ അയൽവാസിയായ ഒരു പയ്യനെ കൊണ്ട് മൊബൈലിൽ അവരുടെ വിവാഹം ഷൂട്ട് ചെയ്യുകയും അത് വാങ്ങി പോലീസ് സ്റ്റേഷനിൽ എത്തിച്ച് പരാതി നൽകുകയും ചെയ്തു. അങ്ങനെയാണ് ഉമാപതിയും മാതാപിതാക്കളും വിവാഹം നടത്തിക്കൊടുത്ത പുരോഹിതനും ശൈശവവിവാഹ നിരോധന നിയമപ്രകാരം അറസ്റ്റിലാകുന്നത്.
ജന്മനാ വൈകല്യമുള്ള സഹോദരിയുടെ സംരക്ഷണാർത്ഥം അവൾ തൻ്റെയൊപ്പം നിൽക്കാൻ ചെയ്ത ഒരു നന്മ നിയമത്തിന്റെ മുന്നിൽ ഇത്ര വലിയ പാതകമായിരുന്നുവെന്നും, പാർത്ഥിപൻ ഇങ്ങനെ പ്രതികാരം ചെയ്യുമെന്നും അവൾ ഒരിക്കലും ചിന്തിച്ചിരുന്നില്ല. തൻ്റെ ജീവിതപുസ്തകത്തിൻ്റെ പേജുകൾ ഇളകിപ്പോകുന്നത് തിരിച്ചറിഞ്ഞപ്പോൾ തൻ്റെ സ്വപ്നങ്ങളെല്ലാം വൃഥാവിലാക്കുന്ന സംഭവങ്ങളാണ് അരങ്ങേറിയതെന്നോർത്ത് ഹൈമ പൊട്ടിക്കരഞ്ഞു. മണിയറയിലേക്ക് എത്തേണ്ട തൻ്റെ പ്രാണേശ്വരൻ ജയിലറയിൽ കിടക്കുന്നതോർത്ത് അവൾക്ക് സങ്കടം സഹിക്കാൻ കഴിഞ്ഞില്ല. ഓരോന്ന് ചിന്തിച്ചിരുന്നും കരഞ്ഞും ജനലിൽ ചാരിയിരിക്കുകയല്ലാതെ അവൾക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. അങ്ങനെയിരുന്നവൾ നേരം വെളുപ്പിച്ചു.
നായർ സാർ പറഞ്ഞത് കൃത്യമായി ചെയ്തില്ലെങ്കിൽ തന്റെ മേലുള്ള ഇമ്പ്രഷൻ നഷ്ടമാകുമെന്നോർത്ത് കിരൺ രാവിലെ ഒരുങ്ങി ഇറങ്ങുമ്പോഴേക്കും രമണ ബൈക്കുമായി അവൻ്റെ വീടിന്റെ മുന്നിൽ എത്തിയിരുന്നു. പോകുന്ന വഴിയിൽ ബ്രേക്ക് ഫാസ്റ്റ് കഴിക്കുമ്പോൾ രമണ കടക്കാരനോട് എന്തൊക്കെയോ ചോദിച്ചറിയുന്നുണ്ടായിരുന്നു. അയാൾ ബൈക്ക് ഹൈമയുടെ വീട്ടിലേക്ക് വിട്ടു.
അവരവിടെയെത്തുമ്പോൾ വൃദ്ധയായ നാഗമ്മ ഒരു ഷാളും പുതച്ച് ഉമ്മറത്തിരുപ്പുണ്ടായിരുന്നു. വണ്ടിയുടെ ശബ്ദം കേട്ട് അടുക്കളയിൽ നിന്നും ഹൈമ പുറത്തേക്കു വന്നു.
രമണയാണ് തങ്ങളെ പരിചയപ്പെടുത്തിയിട്ട് നടന്നകാര്യങ്ങൾ എല്ലാം വിശദമായി ചോദിച്ചത്. പൊട്ടിക്കരഞ്ഞുകൊണ്ട് ഹൈമ എല്ലാ കാര്യങ്ങളും രമണയോട് പറഞ്ഞു.
“‘ അടുത്ത മുറിയിലിരിക്കുന്ന ദുഃഖിതയായ തൻ്റെ അനുജത്തിയെക്കുറിച്ചോർത്താണ് എൻ്റെ ഹൃദയവേദന. ഇനി പുറംലോകത്തേക്കിറങ്ങാൻ അവളെ ഭയം അനുവദിക്കുമെന്നു തോന്നുന്നില്ല. അവമതിക്കപ്പെടുന്നവരുടെ ഇടയിലേക്കിറങ്ങാതെ ഈ വീട്ടിലെ ഒരു മുറിയുടെ മൂലയിൽ കരഞ്ഞു തീർക്കാനാവും അവൾക്ക് വിധിച്ചിരിക്കുന്നത് ”
എന്നവൾ വിതുമ്പലോടെ രമണയോട് പറഞ്ഞു. അയാൾ ഹൈമ പറഞ്ഞതൊക്കെ മലയാളത്തിൽ കിരണിനെ പറഞ്ഞ് ബോധ്യപ്പെടുത്തി. എല്ലാം കേട്ടുകഴിഞ്ഞപ്പോഴാണ് കാര്യത്തിൻ്റെ ഭീകരമായ അവസ്ഥ കിരണിന് മനസ്സിലായത്. രമണയോടൊപ്പം തിരിച്ചുവരുമ്പോൾ കിരൺ തൻ്റെ സുഹൃത്തും എസ്.ഐ യും ആയ ജിബുജോണിനെ വിളിച്ചു കാര്യങ്ങൾ സംസാരിച്ചപ്പോഴാണ് കേസിൻ്റെ ഗൗരവമൊന്നു കൂടി ബോധ്യപ്പെട്ടത്.
റിമാൻഡ് 14 ദിവസത്തേക്ക് ആണെങ്കിൽപ്പോലും നാൽപ്പത്തിയഞ്ചു മുതൽ തൊണ്ണൂറ് ദിവസം വരെയൊക്കെ നീളാം എന്ന വസ്തുത അപ്പോഴാണ് കിരൺ മനസ്സിലാക്കുന്നത്. ജാമ്യം എടുത്താലും തെളിവ് ശക്തമായതിനാൽ വാദമൊക്കെ കഴിഞ്ഞ് അവസാനം അഞ്ചു വർഷം തടവ് ശിക്ഷയും ലഭിക്കാവുന്ന കുറ്റമാണിതെന്ന് പറഞ്ഞറിഞ്ഞപ്പോൾ അവനിലൊരു നടുക്കമുണ്ടായി. തന്നെ രക്ഷിക്കാൻ വന്ന കൈകളിൽ വിലങ്ങിട്ടു കാണേണ്ടി വന്നതിലുള്ള ഹൈമയുടെ ഹൃദയവേദന കിരണിൻ്റെ ഉള്ളിലേക്ക് പടരുന്നുണ്ടായിരുന്നു.
ഒരു വൈകല്യമുള്ള പെൺകുട്ടിയുടെ സംരക്ഷണയ്ക്കു വേണ്ടി കണ്ടെത്തിയ ഒരു മാർഗ്ഗം ഒരു കുടുംബത്തെയാകെ വഴിയാധാരമാക്കുന്ന നിയമത്തെക്കുറിച്ചോർത്തപ്പോൾ കിരണിൻ്റെ ഉള്ളിൽൽ രോഷം നിറഞ്ഞു. കാര്യങ്ങൾ വിശദമായി പറയുവാനും തുടർന്നുള്ള നിയമസഹായം ഏർപ്പെടുത്താനും പറയാനായി ബൈക്ക് നായർ സാറിൻ്റെ ഫ്ളാറ്റിലേക്ക് വിടാൻ അവൻ രമണയോട് പറഞ്ഞു.
ആളൊഴിഞ്ഞ വഴിയിലൂടെ ബൈക്ക് പായുമ്പോഴും തെളിനീരോടെ അടിത്തട്ടിനെ പുറത്തു കാണുംവിധം ഒഴുകിയിരുന്ന നദിയിലേക്ക് പെരുമഴയിൽ മാലിന്യങ്ങൾ ഒഴുകി വീഴുമ്പോലെ കിരണിൻ്റെ മനസ്സ് പ്രക്ഷുബ്ധമായിരുന്നു. മനസാക്ഷിക്ക് നിരക്കുന്നതെല്ലാം കോടതിക്കും നിയമത്തിനും മുന്നിൽ അപരാധമാകുന്നതിനെയോർത്ത് നെടുവീർപ്പിട്ട് കിരൺ ബൈക്കിനു പിന്നിലിരുന്ന് സഞ്ചരിക്കുമ്പോൾ വാട്ടർ ടാങ്കിനു മുകളിൽനിന്നും മദ്യപിച്ച് ബോധമില്ലാതെ താഴേക്ക് വീണ പാർത്ഥിപൻ ആശുപത്രിയിലെ പച്ചവിരിപ്പുള്ള ബെഡിൽ മരണത്തോട് മല്ലടിച്ച് കിടക്കുകയായിരുന്നു.
എം.ജി.ബിജുകുമാർ
പന്തളം സ്വദേശി. പന്തളം എൻ എസ് എസ് കോളേജിൽ ബിരുദവും എൻ.എസ്.എസ്. ട്രെയിനിങ്ങ് കോളേജിൽ ബിഎഡും പൂർത്തിയാക്കി. ആദ്യം അധ്യാപനവൃത്തിയിലായിരുന്നുവെങ്കിലും ,ഇപ്പോൾ എച്ച്.ഡി.എഫ്.സി ബാങ്കിൻ്റെ ലോൺ സെക്ഷനിൽ ജോലി ചെയ്യുന്നു. ചിത്രം വരയും, കഥയും കവിതയുമൊക്കെയെഴുത്തുമാണ് പ്രധാന വിനോദങ്ങൾ. സാഹിത്യ-സാമൂഹിക-സാംസ്കാരിക മേഖലയിലും സജീവമായി പ്രവർത്തിക്കുന്നു.
“ഓർക്കാൻ മറക്കുമ്പോൾ ” എന്ന കവിതാ സമാഹാരം പുറത്തിറക്കിയിട്ടുണ്ട്. ഒരു കഥാസമാഹാരം പുറത്തിറക്കാനുള്ള ശ്രമത്തിലാണ്. സരസ്വതീയം( https://youtu.be/LQFrt-sojwI )
കൊന്നപ്പൂങ്കനവ് ( https://youtu.be/HqaUy-dNLqA ) എന്നീ ദൃശ്യാവിഷ്ക്കാരങ്ങൾ ചെയ്ത് യൂട്യൂബിൽ റിലീസ് ചെയ്തിരുന്നു. പുതിയൊരെണ്ണത്തിൻ്റെ പണിപ്പുരയിലാണ്.
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ 2000 രൂപ നോട്ടുകള്‍ പിന്‍വലിച്ചു. 2000 രൂപ നോട്ടുകള്‍ അച്ചടിക്കുന്നത് ആര്‍ബിഐ നിര്‍ത്തിവച്ചു. 2000 രൂപ നോട്ടുകള്‍ ഇനി വിതരണം ചെയ്യണ്ടതില്ലെന്ന് ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കി. നിലവിലുള്ള 2000 രൂപ നോട്ടുകള്‍ സെപ്റ്റംബര്‍ 30 വരെ മാത്രമാണ് ഉപയോഗിക്കാന്‍ കഴിയുക.
പരമാവധി ഇരുപതിനായിരം രൂപ മാത്രമാണ് ഒരു ബാങ്കില്‍ നിന്നും മാറിയെടുക്കാന്‍ സാധിയ്ക്കുക. ഇതോടുകൂടെ രാജ്യത്തെ ഏറ്റവും ഉയര്‍ന്ന മൂല്യമുള്ള കറന്‍സി 500 രൂപയായി മാറി.
ആര്‍ബിഐയുടെ ‘ക്ലീന്‍ നോട്ട് പോളിസി’യുടെ ഭാഗമായാണ് 2000 രൂപ നോട്ടുകള്‍ പിന്‍വലിക്കുന്നത്.നോട്ടുകള്‍ പിന്‍വലിക്കുന്നതിന്റെ ഭാഗമാണ് ബാങ്കുകളോട് 2000 രൂപയുടെ കറന്‍സി വിതരണം ചെയ്യുന്നത് നിര്‍ത്തിവെക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്. 2016 നവംബര്‍ എട്ടിനാണ് പ്രചാരത്തിലുണ്ടായിരുന്ന 500ന്റെയും 1000ത്തിന്റെയും നോട്ടുകള്‍ പിന്‍വലിച്ച് 2000 ത്തിന്റെ നോട്ടുകള്‍ ആര്‍ബിഐ ഇറക്കിയത്.
2018 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ 33,632 ലക്ഷം നോട്ടുകളായിരുന്നു വിപണിയില്‍ ഉണ്ടായിരുന്നത്. 2019 ല്‍ ഇത് 32,910 ലക്ഷമായി. 2020 ല്‍ 27,398 ലക്ഷവുമായും കുറഞ്ഞുവെന്നും റിസര്‍വ് ബാങ്ക് നേരത്തേ വ്യക്തമാക്കിയിരുന്നു. 2019-20 സാമ്പത്തിക വര്‍ഷം 2000 രൂപയുടെ ഒരൊറ്റ നോട്ട് പോലും അച്ചടിച്ചിരുന്നില്ല.