ബിനോയ് എം. ജെ.
നമുക്ക് എല്ലാവർക്കും ഒരു ശരീരം കിട്ടിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ‘ഞാനീ ശരീരമാണെന്ന്’ നാം ചിന്തിച്ചു തുടങ്ങുകയും ചെയ്യുന്നു. അപ്പോൾ ഈ ശരീരത്തെ സംരക്ഷിക്കേണ്ടത് ഒരനിവാര്യതയായി മാറുന്നു. ഇപ്രകാരം ശരീരത്തെ സംരക്ഷിക്കുവാനായി മനസ്സ് ജന്മമെടുക്കുന്നു. മനസ്സ് ശരീരത്തെ സംരക്ഷിക്കുവാൻ വേണ്ടി പ്രവർത്തിക്കുമ്പോൾ നാം സ്വന്തം കാര്യം നോക്കുന്നവരായി മാറുന്നു. മനുഷ്യർ എല്ലാവരും തന്നെ സ്വാർത്ഥരാണ്. ഈ സ്വാർത്ഥത മോക്ഷപ്രാപ്തിക്കുള്ള തടസ്സവുമാണ്. അത്, ഞാനാ അനന്തസത്തയാണെന്നുള്ള എന്റെ ബോധ്യത്തെ തകർക്കുന്നു. മാത്രവുമല്ല അത് എന്റെ ജീവിതത്തിൽ നിഷേധാത്മകതയുടെ വിത്തുകൾ പാകുന്നു. ശരീരത്തെ സംരക്ഷിക്കുന്നത് ദുഷ്കരവും ഏറെക്കുറെ അസാധ്യവുമാണ്. ഈ ചെറിയ ശരീരം തിരോഭവിക്കുമോ എന്ന ആധി നമ്മുടെ സകല പ്രശ്നങ്ങളുടെയും നിഷേധാത്മകതയുടെയും കാരണമാകുന്നു.
സ്വാർത്ഥതയിലൂന്നിയ ഈ മനോഭാവം തിരോഭവിക്കുമ്പോഴാണ് നമുക്ക് മോക്ഷം കിട്ടുന്നത്. ഞാനീകാണുന്ന ശരീരമല്ല എന്ന ഉത്തമബോധ്യം ആത്മാവിൽ വേരോടുമ്പോൾ നമ്മിലെ നിഷേധാത്മകതയും ആധിയും തിരോഭവിക്കുകയും നാമാ അനന്തസത്തയുമായി താദാത്മ്യം പ്രാപിക്കുകയും ചെയ്യുന്നു. ഈ കാണുന്ന പ്രപഞ്ചം മുഴുവൻ എന്റെ ശരീരമാകുന്നു. അവിടെ എന്റെ പരിമിതികൾ എല്ലാം തിരോഭവിക്കുന്നു. എന്റെ സത്ത അനന്തമാകുമ്പോൾ എന്റെ ആനന്ദവും അനന്തമാകുന്നു. എല്ലാം ഞാനാകുമ്പോൾ അല്ലെങ്കിൽ ഞാനല്ലാതെ മറ്റൊന്നില്ല എന്നാകുമ്പോൾ മായ തിരോഭവിക്കുന്നു. ഇതിന് ചെയ്യേണ്ടത് ഞാനീ പ്രപഞ്ചത്തിലോ, സമൂഹത്തിലോ, ഈശ്വരനിലോ ലയിച്ചുചേരുക എന്നതാണ്. എപ്രകാരമാണോ ഒരു തുള്ളി വെള്ളം സമുദ്രത്തിൽ വീഴുമ്പോൾ അത് സമുദ്രമായി മാറുന്നത് അപ്രകാരം തന്നെ നാം ഈശ്വരനിൽ ലയിക്കുമ്പോൾ നമ്മിലെ വ്യക്തിബോധം തിരോഭവിക്കുകയും നാം ഈശ്വരനായി മാറുകയും ചെയ്യുന്നു. ഈശ്വരനിൽ നിന്നും ഭിന്നമായ ഒരസ്ഥിത്വം ആഗ്രഹിക്കുന്നത് ഒരധികപ്രസംഗം തന്നെയല്ലേ? അതുവഴിയായി സ്വാർത്ഥതയും, ആഗ്രഹങ്ങളും, ഈഗോയും, മനസ്സും രൂപം കൊള്ളുന്നു. മാത്രവുമല്ല ഈ പ്രവണതയെ പ്രകൃതി നിരുത്സാഹപ്പെടുത്തുന്നു. അതായത് നമ്മുടെ സ്വാർത്ഥതയും ഈഗോയും സദാ അപകടത്തിലാണ്.
ഞാൻ സാമൂഹിക ജീവിതത്തിൽ പങ്കെടുക്കുമ്പോൾ എനിക്ക് ജീവിതം വേണ്ടവണ്ണം ആസ്വദിക്കുവാൻ കഴിയുന്നില്ല. അവിടെ എന്റെ ആസ്വാദനം എന്റെ മാനസിക അവസ്ഥയുമായി ബന്ധപ്പെട്ടു കിടക്കുന്നു. എനിക്ക് നല്ല മൂഡ് ആണെങ്കിൽ ഞാൻ അൽപസ്വൽപം ആസ്വദിച്ചേക്കാം. നമുക്ക് നല്ല മൂഡ് വിരളമായെ കിട്ടാറുള്ളൂ എന്നതല്ലേ സത്യം? അതായത് നാം ജീവിതം ഒട്ടും തന്നെ ആസ്വദിക്കുന്നില്ല. ക്ലേശങ്ങൾ നമ്മെ അതിന് അനുവദിക്കുന്നില്ല. ഈ ജീവിതം പോയാൽ എല്ലാം പോയി എന്ന് നാം കരുതുകയും ചെയ്യുന്നു. ഈ ആധി ഉള്ളിടത്തോളം കാലം നമുക്കൊന്നും ആസ്വദിക്കുവാൻ കഴിയുകയില്ല. നാം മുൾമുനയിലാണ് നിൽക്കുന്നത്. എന്നാൽ നാം സമൂഹത്തിലോ, പ്രപഞ്ചത്തിലോ, ഈശ്വരനിലോ ലയിച്ചുചേരുന്നതായി സങ്കല്പിക്കുക. അപ്പോൾ നമുക്ക് ഈശരീരത്തെകുറിച്ചോ ഈ ജീവിതത്തെക്കുറിച്ചോ ആധി പിടിക്കേണ്ട ആവശ്യമില്ല. അപ്പോൾ നമുക്ക് എല്ലാം മറന്ന് സാമൂഹികവും പ്രാപഞ്ചികവുമായ ഈ സത്തയെ അനന്തമായി ആസ്വദിക്കുവാൻ കഴിയും. അതുകൊണ്ട് തന്നെ നമ്മുടെ ഈ ചെറിയ വ്യക്തിത്വത്തെ പരിത്യജിച്ചുകൊണ്ട് അനന്തസത്തയിൽ ലയിച്ചു ചേരുന്നതാണ് അനന്താനന്ദത്തിലേക്കുള്ള ഏക മർഗ്ഗം. ഈ സത്യത്തെക്കുറിച്ചുള്ള ഒരുൾക്കാഴ്ച നിങ്ങളുടെ ജീവിതത്തിൽ വിപ്ളവകരമായ മാറ്റങ്ങൾ കൊണ്ട് വരും. നാളിതുവരെ ആസ്വാദനത്തിനുള്ള ഏക മാർഗ്ഗം ഈ ശരീരത്തിൽ തുടരുക തന്നെയാണ് എന്നാണ് നാം ധരിച്ചുവച്ചിരുന്നത്. അതുകൊണ്ടാണ് ശരീരം ഉപേക്ഷിക്കുക എന്നത് നമുക്കിത്രമേൽ ബുദ്ധിമുട്ട് പിടിച്ച കാര്യമായി മാറിയത്. മരണ ഭയം നമ്മെ അത്രമേൽ വേട്ടയാടുകയും ചെയ്തിരുന്നു. ഇതൊരുതരം മൂഢത തന്നെയാണ് എന്ന് നമുക്കിപ്പോൾ മനസ്സിലായി തുടങ്ങിയിരിക്കുന്നു. സത്യം അതിന് നേരെ വിരുദ്ധമാണെന്നും നാമിപ്പോൾ അറിയുന്നു. ഈ ശരീരത്തെ ഉപേക്ഷിക്കുക – അതാകുന്നു അനന്താനന്ദത്തിലേക്കുള്ള ഏക മാർഗ്ഗം.
ഭാവാത്മകമായി ചിന്തിച്ചു തുടങ്ങുമ്പോൾ നമ്മുടെ പരിമിതികൾ താനെ തിരോഭവിക്കുന്നു. ഞാൻ ഈശ്വരൻ തന്നെ എന്ന ചിന്ത അത്യന്തം ഭാവാത്മകമാകുന്നു. അതിനാൽ തന്നെ എനിക്ക് മരണവുമില്ല. എന്നാൽ ഈ ശരീരം മരിക്കുമെന്നത് ഏറെക്കുറെ തീർച്ചയുള്ള കാര്യമാണ്. അപ്പോൾ ഞാനീ ശരീരമല്ല എന്ന നിഗമനത്തിലേക്ക് നാം എത്തിച്ചേരുന്നു. അപ്പോൾ പിന്നെ ഞാനാരാണ്? ഞാൻ എല്ലാമാകുന്നു. അല്ലെങ്കിൽ ഞാനീശ്വരൻ ആകുന്നു. മറിച്ച് ഞാനീ നശ്വരമായ ശരീരമാണെന്ന് ചിന്തിച്ചാൽ എനിക്ക് വലിയ പ്രാരാബ്ധങ്ങളെ ചുമക്കേണ്ടതായി വരും. മാത്രവുമല്ല ജീവിതം നിലനിൽപ്പിനുവേണ്ടിയുള്ള ഒരു സമരമായി മാറുകയും ചെയ്യും. സമൂഹത്തോടുള്ള ബന്ധം വിച്ഛേദിക്കുവാനുള്ള മടി കാരണമാണ് നാം സാമൂഹിക ജീവിതത്തിന് വേണ്ടി ഇത്രമാത്രം തത്രപ്പെടുന്നത്. സദാ സമൂഹത്തോടൊപ്പം ആയിരിക്കുവാനുള്ള ഏക മാർഗ്ഗം സമൂഹത്തിൽ തന്നെ ലയിച്ചുചേരുക തന്നെയാകുന്നു. അതിനായി നിങ്ങൾ ബോധപൂർവം പരിശ്രമിക്കേണ്ട ആവശ്യവുമില്ല. (ബോധപൂർവം അത്തരമൊരു ശ്രമം നടത്തുമ്പോൾ നിങ്ങൾ അമിതമായി അഭ്യസിക്കുകയും നിങ്ങൾക്ക് തലവേദന അനുഭവപ്പെടുകയും ചെയ്തേക്കാം). നിങ്ങൾ ഈ വസ്തുത വേണ്ടവണ്ണം മനസ്സിലാക്കിയിരുന്നാൽ ചുറ്റുപാടുകളിലുള്ള ആ ലയനം താനേ സംഭവിച്ചുകൊള്ളും. അപ്പോൾ നിങ്ങൾ അനന്താനന്ദത്തിലേക്ക് വഴുതിവീഴും. പിന്നീട് ഈ ശരീരം സംരക്ഷിക്കേണ്ട ആവശ്യവുമില്ല. അതിനാൽ കാര്യങ്ങളുടെ നിജസ്ഥിതി മനസ്സിലാക്കുവാൻ ശ്രമിക്കുവിൻ. ഈ ക്ഷുദ്രമായ വ്യക്തിത്വമാണ് നമ്മുടെ ഏക പ്രശ്നം. അതിനെ വലിച്ചെറിയുവിൻ. ഇപ്രകാരം മോക്ഷപ്രാപ്തിയിലേക്ക് പ്രവേശിക്കുവാൻ നമുക്ക് കഴിയും.
ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.
ഫോൺ നമ്പർ: 917034106120
സംസ്ഥാനത്ത് പനി മരണങ്ങൾ വർധിക്കുന്നു. അഞ്ച് മാസത്തിനിടെ എലിപ്പനി ബാധിച്ച് മരിച്ചത് 90 പേർ. ഡെങ്കിപ്പനി പിടിപെട്ട് 48 പേർക്ക് ജീവൻ നഷ്ടമായി. ഈമാസം ഇതുവരെ എലിപ്പനി ബാധിച്ച് എട്ടുപേരും ഡെങ്കിപ്പനി ബാധിച്ച് അഞ്ചുപേരും മരിച്ചു. മഞ്ഞപ്പിത്തം ബാധിച്ചുള്ള മരണങ്ങളിലും വർധനയെന്ന് കണക്കുകൾ.
വേനൽമഴ സജീവമായതോടെ സംസ്ഥാനത്ത് പനിബാധിതരുടെ എണ്ണതിലും വലിയ വർദ്ധനയാണ്. എലിപ്പനിയും ഡെങ്കിപ്പനിയുമാണ് ജീവനെടുക്കുന്നത്. അഞ്ചു മാസത്തിനിടെ എലിപ്പനി ബാധിച്ച് 90 പേർ മരിച്ചു. ഡെങ്കിപ്പനി ബാധിച്ച് മരിച്ചത് 48 പേർ. ആരോഗ്യവകുപ്പ് ഔദ്യോഗികമായി സ്ഥിരീകരിച്ചതും രോഗം സംശയിക്കപ്പെടുന്നവരുടെയും കണക്കുകൾ ആണിത്. മേയ് മാസത്തിൽ മാത്രം എലിപ്പനി ബാധിച്ച് 8 പേരും ഡെങ്കി ബാധിച്ച് 5 പേരും മരിച്ചു. മഞ്ഞപ്പിത്ത മരണങ്ങളിലും വർദ്ധനയുണ്ട്. ഹെപ്പറ്റൈറ്റിസ് എ ബാധിച്ച് ഈ വർഷം മരിച്ചത് 15 പേരാണ്. മൂന്നുപേർ ഹെപ്പറ്റൈറ്റിസ് ബി ബാധിച്ചും മരിച്ചു. പകർച്ചപ്പനിക്കെതിരെ അതീവ ശ്രദ്ധവേണമെന്ന് ആരോഗ്യവകുപ്പിന്റെ നിർദേശം. പ്രായമായവരിലും കുട്ടികളിലും രോഗം തീവ്രമാകാനുള്ള സാധ്യത കണക്കിലെടുത്താണ് നിർദേശം.
നഴ്സിങില്‍ ബിരുദമാണ് യോഗ്യത. ജർമ്മൻ ഭാഷ ബി1 അല്ലെങ്കില്‍ ബി2 പാസായിരിക്കണം. ഓസ്ട്രിയയില്‍ എത്തിയതിന് ശേഷമാണ് ബി2 പാസാകേണ്ടത്. ഇതിനായി ഓസ്ട്രിയയില്‍ പരിശീലനം നല്‍കും. ഓസ്ട്രിയയില്‍ നഴ്സിംഗ് രജിസ്ട്രേഷൻ പ്രക്രിയ പൂർത്തിയാക്കാനും സഹായവും ലഭിക്കും.
ആദ്യം നിയമനം ലഭിക്കുന്ന 10 മുതല്‍ 15 ഉദ്യോഗാർത്ഥികള്‍ക്ക് സല്‍സ്ബെർഗിലായിരിക്കും നിയമനം. 1850 -2200 യൂറോയാണ് ശമ്പളം. 38.5 മണിക്കൂർ വരെ ആഴ്ചകളില്‍ ദോലി ചെയ്യേണ്ടി വരും. മെഡിക്കല്‍ ഇൻഷുറൻസ്, പെൻഷൻ ഇൻഷുറൻസ്, കുട്ടികളുടെ ആനുകൂല്യങ്ങള്‍, ആവശ്യമെങ്കില്‍ സർവീസ് അപ്പാർട്ട്മെൻ്റ്,വർഷം മുഴുവനും പൊതുഗതാഗത ടിക്കറ്റ്, പണമടച്ചുള്ള അവധികള്‍, സൗജന്യ വിസ, പരമാവധി 800 യൂറോയുടെ സൗജന്യ എയർടിക്കറ്റുകള്‍ എന്നിവ ലഭിക്കും. 40 വയസാണ് ഉയർന്ന പ്രായപരിധി. [email protected] എന്ന വിലാസത്തിലാണ് അപേക്ഷ നല്‍കേണ്ടത്.
12 വർഷത്തെ കാത്തിരിപ്പിന് ഒടുവിൽ നിയമക്കുരുക്കൾ മറികടന്ന് സൗദി അറേബ്യയിൽനിന്ന് നാട്ടിലേക്ക് വരാനിരിക്കെ മരിച്ച ഹരിപ്പാട് സ്വദേശി ഷിജുവിന്റെ (49) മൃതദേഹം സംസ്കരിച്ചു. സൗദിയിൽ അന്തരിച്ച പള്ളിപ്പാട് പുല്ലമ്പട തയ്യിൽ വീട്ടിൽ പരേതനായ കൊച്ചു കുഞ്ഞിന്റെ മകൻ ഷിജുവിന്റെ (49) സംസ്കാരം വൻ ജനാവലിയുടെ സാന്നിധ്യത്തിലാണ് നടന്നത്. 12 വർഷമായി നിയമക്കുരുക്കിൽപ്പെട്ട് സൗദിയിൽ കുടുങ്ങിയ ഷിജുവിന്റെ ചേതനയറ്റ ശരീരം വീട്ടിലെത്തിയപ്പോൾ ബന്ധുക്കളുടെ സങ്കടം ഹൃദയഭേദകമായിരുന്നു.
ഷിജുവിന്റെ വേർപാട് പള്ളിപ്പാട് ഗ്രാമത്തെയും കണ്ണീരിലാഴ്ത്തി. സൗദിയിലെ ജുബൈലിൽ കഴിഞ്ഞ അഞ്ചിനാണു ഷിജു മരിച്ചത്. ഉറക്കത്തിലുണ്ടായ ഹൃദയാഘാതമാണ് മരണകാരണം. ജുബൈലിലെ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മുതദേഹം വെള്ളിയാഴ്ചയാണു തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ചത്. പള്ളിപ്പാട് സെന്റ് തോമസ് ഓർത്തഡോക്സ് കാതലിക്കേറ്റ് സിംഹാസന പള്ളിയിലായിരുന്നു സംസ്കാരം.
മകൾ ഹെലന് രണ്ടര വയസ്സുള്ളപ്പോഴാണു ജോലി തേടി ഷിജു സൗദിയിലേക്കു പോയത്. സൗജന്യ വിസയിലായിരുന്നു യാത്ര. വിവിധ കമ്പനികളിൽ ജോലി ചെയ്തെങ്കിലും വർക്ക് പെർമിറ്റ് (ഇക്കാമ) ലഭിക്കാത്തതിനാൽ നാട്ടിലേക്കു വരാൻ കഴിഞ്ഞില്ല. നീണ്ട 12 വർഷമായി നാടണയാനുള്ള പരിശ്രമം ഫലം കണ്ടു തുടങ്ങിയ ഘട്ടത്തിലാണ് മരണം. ഷിജുവിന്റെ വരവു പ്രതീക്ഷിച്ചു കഴിഞ്ഞിരുന്ന ഭാര്യ ബിൻസിക്കും മകൾ ഹെലനും താങ്ങാനാവാത്ത സങ്കടമാണ് ഈ വേർപാട് നൽകിയത്. പിതാവിനെ ജീവനോടെ ഒരു നോക്കുകാണാൻ കഴിയാതെ പോയതിന്റെ സങ്കടക്കടലിലായിരുന്നു ഹെലൻ.
സൗദി പ്രവാസി വെൽഫെയർ ജനസേവന വിഭാഗം കൺവീനർ സലിം ആലപ്പുഴയുടെ ശ്രമഫലമായാണു മൃതദേഹം വേഗം നാട്ടിലെത്തിക്കാനായത്. മൃതദേഹം വിട്ടുകിട്ടുന്നതിനു നാട്ടിൽ നിന്നുള്ള രേഖകൾ ജമാഅത്തെ ഇസ്‌ലാമി ഹരിപ്പാട് ഏരിയ പ്രസിഡന്റ് അബ്ദുൽ റസാഖ് വഴിയാണ് സലിമിനു കൈമാറിയത്.
കാലാവസ്ഥാ വകുപ്പ് ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ ഇടുക്കിയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ വിനോദസഞ്ചാരികള്‍ക്കായി ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നിര്‍ദേശങ്ങള്‍ നല്‍കി. വെള്ളച്ചാട്ടം, ജലാശയങ്ങളുമായി ബന്ധപ്പെട്ട മറ്റ് വിനോദസഞ്ചാരകേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ടൂറിസം വകുപ്പ്, ഡി.ടി.പി.സി എന്നിവ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും.
മഴമുന്നറിയിപ്പുകള്‍ പിന്‍വലിക്കുന്നതുവരെ നിയന്ത്രണങ്ങള്‍ തുടരും. മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള മലയോരമേഖലകളില്‍ മഴ അവസാനിക്കുന്നതുവരെ നിയന്ത്രണങ്ങള്‍ ഉണ്ടാകും.
ഇതര സംസ്ഥാനങ്ങളില്‍നിന്നും മറ്റു രാജ്യങ്ങളില്‍നിന്നും ജില്ലയില്‍ എത്തിയിട്ടുള്ള സഞ്ചാരികള്‍ക്ക് മുന്നറിയിപ്പുകള്‍ കൃത്യമായി നല്‍കാന്‍ ടൂറിസം വകുപ്പിനും തദ്ദേശഭരണസ്ഥാപനങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കോഴിക്കോട് മെഡിക്കൽ കോളജിൽ വീണ്ടും ശസ്ത്രക്രിയ മാറി ചെയ്തതായി പരാതി. കോതിപ്പാലം സ്വദേശി അജിത്തിനാണ് ശസ്ത്രക്രിയ മാറി ചെയ്തെന്ന് പരാതി ഉയർന്നിരിക്കുന്നത്. ബൈക്ക് അപകടത്തെ തുടർന്ന് അജിത്തിന്റെ് കൈയ്ക്ക് പൊട്ടലുണ്ടായിരുന്നു. എല്ല് പൊട്ടിയതിനെ തുടർന്ന് ഇട്ട കമ്പിയാണ് മാറിപ്പോയത്.
24 വയസുകാരനായ അജിത്തിനെ വാഹനാപകടത്തെ തുടര്‍ന്നാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയക്കു വേണ്ടി ഒരാഴ്ചയോളമാണ് ആശുപത്രിയില്‍ കഴിഞ്ഞത്. പൊട്ടലുണ്ടെന്ന് തിരിച്ചറിഞ്ഞിട്ടും ശസ്ത്രക്രിയ ഒരാഴ്ച നീട്ടുകയായിരുന്നു. ശസ്ത്രക്രിയയ്ക്കു ശേഷം രോഗിയായ അജിത്തിന് വേദന ശക്തമായപ്പോഴാണ് പിഴവ് തിരിച്ചറിഞ്ഞത്. രാത്രി വീണ്ടും ശസ്ത്രക്രിയ നടത്താമെന്ന് ഡോക്ടര്‍ പറഞ്ഞു. നിരസിച്ചപ്പോള്‍ ഡോക്ടര്‍ ദേഷ്യപ്പെട്ടതായും അജിത്ത് പറയുന്നു.
മറ്റൊരു രോഗിയുടെ കമ്പിയാണ് ഡോക്ടര്‍ തന്റെ കയ്യിലിട്ടതെന്നും തങ്ങള്‍ വാങ്ങി കൊടുത്ത കമ്പിയല്ല ഇട്ടതെന്നും അജിത്തിന്റെ അമ്മ പറഞ്ഞു. കൈ വേദന അസഹനീയമായപ്പോള്‍ അജിത്തിന് അനസ്‌തേഷ്യ നല്‍കി. 3000 രൂപയുടെ ശസ്ത്രക്രിയ ഉപകരണങ്ങള്‍ തങ്ങള്‍ വാങ്ങി നല്‍കിയെങ്കിലും അതൊന്നും ഡോക്ടര്‍ ഉപയോഗിച്ചിട്ടില്ലെന്നും അജിത്തിന്റെ അമ്മ ആരോപിച്ചു.
യുകെയിലെ വെയ്ക്ക് ഫീൽഡിൽ താമസിക്കുന്ന ബെന്നി ഇമ്മാനുവേലിന്റെ പിതാവ് തൊടുപുഴ കലയന്താനി പീടിയേക്കൽ മാണി തോമസ് നിര്യാതനായി. ഭാര്യ അന്നക്കുട്ടി മാണി.
മക്കൾ: ബെന്നി (യുകെ ) , ഷോജി , ബിനോയ് മരുമക്കൾ :സെസിൽ , മിനി, ബിന്നി.
കൊച്ചുമക്കൾ- ബേസിൽ, ബെനേഷ, മെൽവിൻ, മോണിറ്റ, ജെഫ്രിൻ, ജെന്നിഫർ.
മൃതസംസ്കാര ശുശ്രൂഷകൾ കലയന്താനി സെൻ്റ് മേരീസ് ദേവാലയത്തിൽ വച്ച് 21-ാം തീയതി 11 മണിക്ക് നടത്തപ്പെടുന്നു.
ബെന്നി ഇമ്മാനുവേലിന്റെ പിതാവിൻറെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
നഗരസഭാ കൗൺസിൽ ഹാളിൽനിന്ന് കേരള കോൺഗ്രസ് (എം) അംഗം ജോസ് ചീരാംകുഴിയുടെ എയർപോഡ് കാണാതായ സംഭവത്തിൽ വീണ്ടും വഴിത്തിരിവ്. കഴിഞ്ഞ ദിവസം ഒരാൾ പാലാ പോലീസ് സ്റ്റേഷനിൽ എയർപോഡ് എത്തിച്ചു നൽകിയിരുന്നു. കാണാതായ എയർപോഡ് ഇത് തന്നെയാണോയെന്ന് ഉറപ്പുവരുത്തുന്നതിനുള്ള ശാസ്ത്രീയപരിശോധന പോലീസ് ആരംഭിച്ചു.
എയർപോഡ് സ്റ്റേഷനിൽ എത്തിച്ചുനൽകിയ ആളുടെ വിശദമൊഴി രേഖപ്പെടുത്തിയതായി പോലീസ് അറിയിച്ചു. ഇപ്പോൾ ലഭിച്ച എയർപോഡ് ജോസ് ചീരാംകുഴിയുടേതാണെന്ന് തെളിഞ്ഞാൽ കേസിൽ തുടർനടപടികളെടുക്കുമെന്ന് പാലാ എസ്.എച്ച്.ഒ. ജോബിൻ ആന്റണി പറഞ്ഞു. എയർപോഡ് കോടതിയിൽ ഹാജരാക്കിയതായും പോലീസ് പറഞ്ഞു. പാലാ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.
കഴിഞ്ഞ ജനുവരിയിലാണ് എയർപോഡ് കാണാതായെന്ന് ജോസ് ചീരാംകുഴി കൗൺസിൽ ഹാളിൽ ആരോപണമുന്നയിച്ചത്.
സി.പി.എം.പാർലമെന്ററി പാർട്ടി നേതാവ് ബിനു പുളിക്കക്കണ്ടമാണ് എയർപോഡ് കൊണ്ടുപോയതെന്നും ആരോപണമുന്നയിച്ചിരുന്നു. ഇതിനെതിരേ ബിനു പുളിക്കക്കണ്ടം രംഗത്തെത്തിതോടെ രാഷ്ട്രീയ വിവാദമായി. ഭരണകക്ഷിയായ ഇടതുമുന്നണിയിൽ കേരള കോൺഗ്രസ് എമ്മും സി.പി.എമ്മും തമ്മിലുള്ള തർക്കമായി ഇതുമാറി. കേരള കോൺഗ്രസ്(എം) ചെയർമാൻ ജോസ് കെ.മാണിക്കെതിരേയും ആരോപണങ്ങളുമായി ബിനു പുളിക്കക്കണ്ടം രംഗത്തെത്തി.
പൊതുവിവാദങ്ങൾ അവസാനിപ്പിക്കാൻ സി.പി.എമ്മും കേരള കോൺഗ്രസ് എമ്മും കൗൺസിലർമാർക്ക് കർശന നിർദേശം നൽകിയിരുന്നു. ജോസ് ചീരാംകുഴിയുടെ പരാതിയെത്തുടർന്ന് പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു.
എന്നാൽ, കേസന്വേഷണത്തിൽ കാര്യമായ പുരോഗതിയുണ്ടായില്ല. എയർപോഡിൽനിന്നുള്ള സന്ദേശങ്ങൾ ഇടയ്ക്ക് ഫോണിന്റെ ഉടമയ്ക്ക് ലഭിച്ചിരുന്നു.
കുറച്ചുകാലം എയർപോഡ് ലണ്ടനിലുണ്ടെന്ന് സന്ദേശങ്ങളിലൂടെ വ്യക്തമായിരുന്നതായി ജോസ് ചീരാംകുഴി പോലീസിനോട് പറഞ്ഞിരുന്നു. ഇതിനിടയാണ് പുതിയ ഒരാൾ എയർപോഡുമായി പ്രത്യക്ഷപ്പെട്ടത്.
ചേര്‍ത്തല പള്ളിപ്പുറത്ത് നടുറോഡില്‍ ഭാര്യയെ കുത്തിക്കൊന്ന ഭര്‍ത്താവ് പിടിയില്‍. കഞ്ഞിക്കുഴിയിലെ ബാറില്‍ നിന്നാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പള്ളിപ്പുറം പതിനാറാം വാര്‍ഡില്‍ വല്യവെളിയില്‍ അമ്പിളിയെയാണ് ഭര്‍ത്താവായ രാജേഷ് ഇന്നലെ കൊലപ്പെടുത്തിയത്.
പള്ളിച്ചന്തയില്‍ വെച്ചാണ് ഭര്‍ത്താവ് രാജേഷ് അമ്പിളിയെ കുത്തിയത്. അമ്പിളി സ്‌കൂട്ടറില്‍ വരുമ്പോഴാണ് ആക്രമണം ഉണ്ടായത്. കുത്തിയശേഷം ഭര്‍ത്താവ് രാജേഷ് സ്ഥലത്ത് നിന്ന് കടന്നുകളയുകയായിരുന്നു.
പെരുമ്പാവൂർ ജിഷ വധക്കേസിൽ പ്രതി അമീറുൽ ഇസ്ലാമിൻറെ വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള പ്രോസിക്യൂഷന്റെ അപേക്ഷയിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൻ്റെ വിധി തിങ്കളാഴ്ച. വധശിക്ഷ റദ്ദാക്കണമെന്ന അമീറുൽ ഇസ്ലാമിൻ്റെ ഹർജിയും ഇതിനൊപ്പം പരിഗണിക്കും. തിങ്കളാഴ്ച ഉച്ചയ്ക്ക് 1.45-നാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധി പറയുക.
കൊച്ചിയിലെ വിചാരണക്കോടതിയാണ് നേരത്തെ അമിറുൾ ഇസ്ലാമിനെ വധശിക്ഷയ്ക്ക് വിധിച്ചത്. അപൂർവങ്ങളിൽ അത്യപൂർവവും അതിക്രൂരവുമായ കൊലപാതകമെന്ന് വിലയിരുത്തിയാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി പ്രതിക്ക് വധശിക്ഷ വിധിച്ചത്.
2016 ഏപ്രിൽ 28-നാണ് പെരുമ്പാവൂർ ഇരിങ്ങോൾ സ്വദേശിനിയും നിയമവിദ്യാർഥിനിയുമായ ജിഷ ക്രൂരമായി കൊല്ലപ്പെട്ടത്. വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ ജിഷ ലൈംഗിക പീഡനത്തിന് ഇരയായെന്നും ശരീരത്തിൽ 38 മുറിവുകളുണ്ടെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിൽ ഏതാണ്ട് രണ്ടാഴ്ചയ്ക്ക് ശേഷം ജൂൺ 16-നാണ് അസം സ്വദേശിയായ അമീറുൽ ഇസ്ലാമിനെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. കനാൽ പുറമ്പോക്കിലെ യുവതിയുടെ വീട്ടിൽ അതിക്രമിച്ച് കടന്നാണ് പ്രതി കൃത്യം നടത്തിയത്.