വിമാനയാത്രയ്ക്കിടയില്‍ കോതമംഗലം സ്വദേശിനിയായ നഴ്സിന്‍റെ സമയോചിത ഇടപെടലില്‍ കോല്‍ക്കത്ത സ്വദേശിനിയായ വയോധികയ്ക്ക് പുതുജീവൻ. ഡല്‍ഹി എയിംസ് ആശുപത്രി നഴ്സിംഗ് ഓഫീസറായ കോതമംഗലം എളംബ്ര സ്വദേശി അശ്വതി രതീഷിന്‍റെ ഔചിത്യ പൂർണമായ ഇടപെടലാണ് കോല്‍ക്കത്ത സ്വദേശിയായ വയോധികയുടെ ജീവൻ രക്ഷിച്ചത്.
ആൻഡമാനില്‍ അവധിക്കാല ആഘോഷങ്ങള്‍ക്കു ശേഷം ശനിയാഴ്ച ഉച്ചയോടെ കുടുംബാംഗങ്ങള്‍ക്കൊപ്പം വിമാനത്തിലാണ് ഡല്‍ഹിയിലേക്ക് അശ്വതി പുറപ്പെട്ടത്. വിമാനം കൊല്‍ക്കത്ത എത്താറായപ്പോള്‍ വിമാനത്തില്‍ ജീവനക്കാരുടെ അടിയന്തര സന്ദേശം വരികയായിരുന്നു.
യാത്രക്കാരില്‍ ഡോക്ടർമാരോ മെഡിക്കല്‍ രംഗത്ത് പ്രവർത്തിക്കുന്നവരോ ഉണ്ടെങ്കില്‍ ബന്ധപെടണമെന്നും യാത്രക്കാരിയായ വയോധികയ്ക്ക് മെഡിക്കല്‍ സഹായം വേണമെന്നായിരുന്നു സന്ദേശം. ഇതു കേട്ടതോടെ അശ്വതി രതീഷ് തന്‍റെ സാന്നിധ്യം അറിയിക്കുകയും രോഗിയുടെ അടുത്തെത്തി പരിശോധന ആരംഭിക്കുകയും ചെയ്തു.
കൈകാലുകള്‍ മരവിച്ച അവസ്ഥയിലും പള്‍സ് തീരെ കുറഞ്ഞ നിലയിലും ശ്വാസമെടുക്കാൻ പറ്റാത്ത അവസ്ഥയിലുമായിരുന്നു രോഗി. മുഖത്ത് വെള്ളം തെളിച്ചും, വേദനസംഹാരി കൊടുത്തു നോക്കിയിട്ടും വളരെ കുറഞ്ഞ പ്രതിരോധം മാത്രമാണ് ഉണ്ടായിരുന്നുള്ളു. ഇവരെ ഉടനെ തന്നെ മറ്റു യാത്രക്കാരുടെ സഹായത്തോടെ സീറ്റില്‍ കിടത്തുകയും കാലുകള്‍ ഉയർത്തി രക്തസമ്മർദം കൂട്ടി പള്‍സ് സാധാരണ നിലയിലേക്ക് എത്തിക്കുകയും ചെയ്തു.
എയർ ഹോസ്റ്റസിനോട് ഓക്സിജൻ ആവശ്യപ്പെട്ടതിനെത്തുടർന്ന് ഉടനെ തന്നെ ഓക്സിജൻ സിലിൻഡറും മാസ്കും അവർ എത്തിച്ചു നല്‍കി. തുടർന്ന് പ്രഷർ, ഷുഗർ എന്നിവ സാധാരണ നിലയില്‍ എത്തിക്കാനുള്ള വിമാനത്തിലെ ഫസ്റ്റ് എയ്ഡ് കിറ്റില്‍ നിന്നും ലായനികള്‍ കൊടുക്കുകയും അല്‍പ്പം ഭേദപ്പെട്ട നിലയിലേക്ക് രോഗി എത്തിച്ചേരുകയും ചെയ്തു.
കഴിഞ്ഞ 10 നാളുകളായി ഇവർ യാത്രയിലായിരുന്നെന്നും ഇതുവരെ ഒരു അസുഖങ്ങളും ഉണ്ടായിട്ടില്ലെന്നുമാണ് ബന്ധുക്കള്‍ പറഞ്ഞത്. 73 വയസുള്ള വയോധികയെ കോല്‍ക്കത്ത വിമാനത്താവളത്തില്‍ എമർജൻസി ലാൻഡിംഗ് നടത്തി ആശുപത്രിയിലേക്ക് മാറ്റി.
കൃത്യ സമയത്തുള്ള അശ്വതിയുടെ ഇടപെടലില്‍ ജീവൻ രക്ഷിക്കാൻ കഴിഞ്ഞതിലുള്ള നന്ദി പറഞ്ഞാണ് ബന്ധുക്കളും വിമാനത്തിലെ ജീവനക്കാരും പിരിഞ്ഞത്. കഴിഞ്ഞ 12 വർഷമായി ഡല്‍ഹി എയിംസ് ആശുപത്രിയില്‍ കാർഡിയോ വാസ്കുലാർ ആൻഡ് തൊറസിക് സർജറി ഐസിയു വിഭാഗത്തില്‍ നഴ്സിംഗ് ഓഫീസറാണ് അശ്വതി രതീഷ്.
അരുണാചലിലെ ഹോട്ടലിൽ ദമ്പതിമാരെയും വനിതാ സുഹൃത്തിനെയും മരിച്ചനിലയിൽ കണ്ടെത്തിയതിൽ മരണാനന്തര ജീവിതത്തിലുള്ള വിശ്വാസമാണോയെന്ന സംശയത്തിൽ പോലീസ്. മരിച്ചവർ അവസാനമായി ഇന്റർനെറ്റിൽ നടത്തിയ തിരച്ചിലുകളും ആത്മഹത്യാക്കുറിപ്പുമെല്ലാം ഇതിലേക്കാണ് വിരൽചൂണ്ടുന്നത്. മരിച്ച ദേവിയും ആര്യയും തമ്മിലുള്ള പിരിയാനാകാത്ത സൗഹൃദമാണോ ഒരുമിച്ചുള്ള മരണത്തിനു പിന്നിലെന്നും പോലീസ് സംശയിക്കുന്നുണ്ട്.
മരിച്ച നവീനും ഭാര്യ ദേവിയും സുഹൃത്ത് ആര്യയും അവസാന ദിവസങ്ങളിൽ ഇന്റർനെറ്റിൽ തിരഞ്ഞത് മരണാനന്തര ജീവിതത്തെപ്പറ്റിയാണ്. ഇവരുടെ ഫോൺരേഖകൾ പരിശോധിച്ചപ്പോഴാണ് പോലീസ് ഈ വിവരം കണ്ടെത്തിയത്. മരണാനന്തരം എന്തു സംഭവിക്കും, അതു സംബന്ധിച്ചുള്ള ആധ്യാത്മിക കാര്യങ്ങൾ, ശരീരത്തിനു സംഭവിക്കുന്ന മാറ്റങ്ങൾ തുടങ്ങിയവയെല്ലാം തിരച്ചിലിൽ വന്നിട്ടുണ്ട്.
ദേവി പുനർജൻമത്തിൽ വിശ്വസിക്കുന്നുവെന്ന് സുഹൃത്തുക്കളോടു പറഞ്ഞിട്ടുണ്ട്. അടുത്തകാലത്തായി ഇത്തരം വിശ്വാസങ്ങൾ കൂടുതലായിരുന്നുവെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. ശരീരത്തിൽനിന്നു രക്തം വാർന്നുള്ള മരണവും അന്ധവിശ്വാസത്തിന്റെ ഭാഗമാണെന്നാണ് സംശയിക്കുന്നത്. മരിച്ച ആര്യയ്ക്കും നാട്ടിൽ വലിയ സൗഹൃദങ്ങളൊന്നുമുണ്ടായിരുന്നില്ല. ദേവിക്കും നവീനും കുറേനാളായി മറ്റുള്ളവരുമായി ബന്ധമില്ലായിരുന്നു. ഇവർ മൂന്നുപേരും തമ്മിൽ മാത്രമാണ് അടുത്തകാലത്തായി ആശയവിനിമയം നടത്തിയിരുന്നത്.
ദുർമന്ത്രവാദം പ്രോത്സാഹിപ്പിക്കുന്ന ചില വെബ്‌സൈറ്റുകളിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ കുറേമാസങ്ങളായി ഇവർ ജീവിച്ചിരുന്നതെന്ന വിവരം ബന്ധുക്കളിൽനിന്ന് പോലീസിൽ ലഭിച്ചിരുന്നു. ജീവിതവിരക്തി, സമൂഹത്തോടു പ്രതിബദ്ധതയില്ലായ്മ തുടങ്ങിയ ആശയങ്ങളാണ് ഇവർ പിന്തുടർന്നിരുന്നത്. ചില ആരാധനകളിലൂടെയുള്ള നിർവാണമാണ് ഇവർ തിരഞ്ഞിരുന്നത്.
ആയുർവേദ ഡോക്ടർമാരായിരുന്ന നവീനും ദേവിയും ജോലിയുപേക്ഷിച്ചതും ഇത്തരം ആശയങ്ങളുടെ പിന്നാലെ പോയതിനാലാണെന്നാണ് കരുതുന്നത്. ഒന്നരവർഷമായി ആരോടും സംസാരിക്കാതെ നവീൻ മുറിയടച്ചിരിക്കാറുണ്ടെന്നും ബന്ധുക്കൾ പറയുന്നു. ദേവിയുടെയും ആര്യയുടെയും ബന്ധുക്കളാണ് ഇതുസംബന്ധിച്ച സൂചനകൾ പോലീസിനു നൽകിയത്.
സ്വകാര്യ സ്‌കൂളിൽ ഒരുമിച്ച് പഠിപ്പിച്ചിരുന്നപ്പോഴാണ് ദേവിയും ആര്യയും അടുത്ത സുഹൃത്തുക്കളായത്. ദേവി ജർമനും ആര്യ ഫ്രഞ്ചുമാണ് പഠിപ്പിച്ചിരുന്നത്.വിദേശഭാഷകൾ പഠിപ്പിച്ചിരുന്ന ഇവർ തമ്മിലായിരുന്നു സ്‌കൂളിലും അടുത്ത സൗഹൃദമുണ്ടായിരുന്നത്. ശുഭാപ്തിവിശ്വാസത്തോടെ ഇടപെട്ടിരുന്ന ഇരുവരും നല്ല അധ്യാപകരായാണ് സ്‌കൂളിലും അറിയപ്പെട്ടിരുന്നത്.ആര്യയെ കാണാനില്ലെന്ന വിവരം വീട്ടുകാർ പരാതിപ്പെട്ടപ്പോഴാണ് സ്‌കൂൾ അധികൃതരും അറിഞ്ഞത്. ആര്യയുടെ വിവാഹം നിശ്ചയിച്ചതിനു പിന്നാലെയുള്ള കൂട്ടമരണത്തിൽ ഇവർക്കു തമ്മിൽ വേർപിരിയാനുള്ള വിഷമമാണോയെന്നും പരിശോധിക്കുന്നുണ്ട്.
യുവതികളുടെ അപ്രതീക്ഷിത മരണത്തെത്തുടർന്നുണ്ടായ ഞെട്ടലിലാണ് മേലത്തുമേലെയിലെയും മൂന്നാംമൂടിലെയും നാട്ടുകാർ. സുഹൃത്തുക്കളായ ഒരു പുരുഷനും രണ്ടു യുവതികളും അരുണാചൽപ്രദേശിലെ ഹോട്ടൽമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയെന്ന വാർത്ത ചൊവ്വാഴ്ച വൈകിട്ടോടെയാണ് മാധ്യമങ്ങളിലൂടെ നാട്ടുകാർ അറിഞ്ഞത്. മേലത്തുമേലെ, മൂന്നാംമൂട് പ്രദേശവാസികളാണ് മരിച്ച ആര്യയും ദേവിയും എന്നറിഞ്ഞതോടെ ഏവരും ഞെട്ടി. തുടർന്ന് ഇരുവീടുകൾക്കു മുന്നിലേക്കും ബന്ധുക്കളും പരിചയക്കാരും നാട്ടുകാരുമെത്തി.
പ്രതികരിക്കാൻ കഴിയുന്ന അവസ്ഥയിലായിരുന്നില്ല വീട്ടുകാർ. യുവതികളെക്കുറിച്ച് നല്ല അഭിപ്രായമാണ് സ്ഥലത്തെത്തിയവരെല്ലാം പറഞ്ഞത്. പഠനം കഴിഞ്ഞ് സ്പെഷ്യൽ കോഴ്സ് പാസായശേഷം രണ്ടുവർഷം മുൻപാണ് ആര്യ തിരുവനന്തപുരത്തെ സ്വകാര്യ സ്കൂളിലെ ഫ്രഞ്ച് അധ്യാപികയാകുന്നത്. ഇവിടെവെച്ചാണ് അധ്യാപിക ദേവിയുമായി പരിചയമാകുന്നതും പിന്നീടത് ദൃഢമായ സൗഹൃദത്തിലേക്കു മാറിയതും.
മേയ് ആറിന് ആര്യയുടെ വിവാഹം നിശ്ചയിച്ചിരുന്നു. ക്ഷണക്കത്ത് പരിചയക്കാരായ ഭൂരിഭാഗം പേർക്കും എത്തിച്ചു. ഏകമകളുടെ വിവാഹക്ഷണക്കത്ത് മാതാപിതാക്കളായ അനിൽകുമാറും ബാലാംബികയും നേരിട്ടാണ് എല്ലാവർക്കും എത്തിച്ചത്. സാമ്പത്തികഭദ്രതയുള്ള കുടുംബമാണ് ആര്യയുടേത്. വീടിനു സമീപമാണ് അനിൽകുമാറിന്റെ സഹോദരങ്ങളും കുടുംബവും താമസിക്കുന്നത്. എല്ലാവർക്കും ആര്യയെക്കുറിച്ച് നല്ലതേ പറയാനുള്ളൂ.
മരണാനന്തരജീവിതത്തിലേക്ക് ഇവർ ഇന്റർനെറ്റിൽ തിരഞ്ഞതും ശരീരത്തിന് ചുറ്റും മുറിവേറ്റ പാടുകളും അന്ധവിശ്വാസത്തിലേക്ക് വിരൽ ചൂണ്ടുന്നതായി പോലീസ് സംശയിക്കുന്നു. മാർച്ച് 27-നാണ് നവീനും ദേവിയും വിനോദയാത്രയ്ക്ക് പോകുകയാണെന്ന് വീട്ടുകാരോട് പറഞ്ഞ് തിരുവനന്തപുരം വിമാനത്താവളം വഴി അരുണാചലിലേക്ക് പോയത്. വിനോദയാത്രയെന്ന് പറഞ്ഞതിനാൽ ബന്ധുക്കളും സംശയിച്ചില്ല. കൊൽക്കത്ത, ഗുവാഹത്തി വഴിയാണ് അരുണാചലിലേക്ക് പോയതെന്നാണ് വിവരം. ഇവർ പോയ കാർ തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും കണ്ടെടുത്തിരുന്നു.
തിരുവനന്തപുരം സ്വകാര്യ ആയുർവേദ കോളേജിൽ സഹപാഠികളായിരുന്നു നവീനും ദേവിയും. 14 വർഷം മുൻപായിരുന്നു ഇവരുടെ പ്രണയ വിവാഹം. തിരുവനന്തപുരത്തെ ആയുർവേദ റിസോർട്ടിലും ഇവർ ജോലി ചെയ്തിട്ടുണ്ട്. കുട്ടികളില്ല. ആര്യ ജോലി ചെയ്തിരുന്ന തിരുവനന്തപുരത്തെ സ്വകാര്യ സ്‌കൂളിൽ ദേവിയും മുൻപ് ജോലി ചെയ്തിരുന്നു. ജർമൻ ഭാഷ പഠിപ്പിച്ചിരുന്ന അധ്യാപികയാണ് ദേവി. സ്കോളർഷിപ്പോടെ ജർമനിയിൽ പോയാണ് ഇവർ ജർമൻ ഭാഷ പഠിച്ചത്. നവീൻ ഓൺലൈൻ ട്രേഡിങ്ങിലും കേക്ക് നിർമ്മാണത്തിലും സജീവമായിരുന്നു.
ഇങ്ങനെയാണ് ഇവർ അടുത്ത സുഹൃത്തുക്കളായത്. ദേവി കോവിഡ് കാലത്തിന് മുൻപ് സ്‌കൂളിൽനിന്ന് രാജിവെച്ചിരുന്നു. ആര്യ സുഖമില്ലെന്ന് പറഞ്ഞ് ഒരാഴ്ചമുൻപ് സ്‌കൂളിൽ നിന്ന് ലീവെടുത്തിരുന്നു. ആര്യ വീട്ടുകാരോട് പറയാതെയാണ് പോയത്. ഫോണിൽ ബന്ധപ്പെടാൻ കഴിയാതെ വന്നതോടെ ആര്യയുടെ അച്ഛൻ കെ.അനിൽകുമാർ മകളെ കാണാനില്ലെന്ന് കാണിച്ച് 27-ന് വട്ടിയൂർക്കാവ് പോലീസിൽ പരാതി നൽകിയിരുന്നു. ആര്യയുടെ തിരോധാനം അന്വേഷിച്ചപ്പോഴാണ് ദേവിയും നവീനുമാണ് ഒപ്പം പോയതെന്ന് പോലീസിന് മനസ്സിലാകുന്നത്. ഇവർ താമസിച്ചിരുന്ന മുറിയിൽ ബന്ധുക്കളെ വിളിക്കാനുള്ള നമ്പർ എഴുതിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇറ്റാനഗർ പോലീസ് ബന്ധപ്പെട്ടപ്പോഴാണ് ബന്ധുക്കൾ മരണവിവരം അറിയുന്നത്.
കോട്ടയം മീനടം നെടുംപൊയ്കയിൽ റിട്ട. ഇൻകംടാക്‌സ് ഉദ്യോഗസ്ഥൻ എൻ.എ.തോമസി (കുഞ്ഞുമോൻ) ന്റെയും കെ.എഫ്.ഡി.സി. റിട്ട. മാനേജർ അന്നമ്മ തോമസിന്റെയും മകനാണ് നവീൻ. നവീനിന്റെ സഹോദരി നീതു തോമസ് കുടുംബസമേതം അമേരിക്കയിലാണ്. ലത മങ്കേഷാണ് ദേവിയുടെ അമ്മ. ആര്യയുടെ അച്ഛൻ കെ.അനിൽകുമാർ എച്ച്.എൽ.എൽ. ഉദ്യോഗസ്ഥനായിരുന്നു. ആര്യയുടെ അമ്മ: ജി.ബാലാംബിക. വിവാഹശേഷം മിക്കവാറും നവീനും ദേവിയും തിരുവനന്തപുരത്തുതന്നെയായിരുന്നു താമസം. ഇടയ്‌ക്ക് കുറച്ചുദിവസങ്ങളിൽ ഇവർ കോട്ടയം മീനടത്തെ വീട്ടിലെത്തുമെങ്കിലും നാട്ടിൽ ആരുമായും ഇവർക്ക് യാതൊരു ബന്ധവുമില്ലായിരുന്നുവെന്ന് അടുത്ത ബന്ധുക്കൾ പറഞ്ഞു.
ഡോ.ഉഷാറാണി .പി.
ഒറ്റയിരുപ്പിൽ വായിച്ചുപോകാവുന്നതാണെങ്കിലും ഉൾക്കനംകൊണ്ട് ചിന്തയ്ക്കു സാധ്യതനൽകുന്നു ബഷീർ താഴത്തയിൽ എഴുതി പ്രസിദ്ധീകരിച്ച ആദ്യകൃതിയായ ‘കഥ എഴുതുന്ന പെൺകുട്ടി.’ പന്ത്രണ്ടു കഥകളുടെ ഈ സമാഹാരം ചെറുകഥയുടെ ഏറ്റവും പുതിയമുഖം അനാവരണംചെയ്യുന്നു.
കവിതപോലെ മനോഹരമായ പുസ്തകനാമത്തിനു ഹേതുവായ കഥയിലെ, ചുവന്നനിറം ഇഷ്ടമുള്ളതും മുഖശ്രീയുള്ളതുമായ സൽമ ഹൃദയത്തിൽപ്പതിയും. എഴുത്തിൻ്റെ പാതയിലെ കഥാകാരൻ്റെ നിലപാടുവ്യക്തമാക്കുന്ന ചില പ്രസ്താവനകൾ ഈ കഥയിലുണ്ട്. ബിംബങ്ങളുടെ തിരതള്ളലോ അത്യന്താധുനികതയുടെ ദുർഗ്രാഹ്യതയോ ഇല്ല, ലാളിത്യമാർന്ന ഭാഷ എന്നിവ.
പക്ഷേ വിഷാദവും നൈരാശ്യവും അന്യമല്ലതന്നെ. കഥയുടെ അവസാനഭാഗത്തിൽ നോവിൻ്റെ ഭാരം ഘനീഭവിച്ച രൂപമാർന്നു കാണപ്പെടുന്ന സൽമയെപ്പോലെ ‘അക്ഷരങ്ങൾ ഇല്ലാത്ത കത്തുകളി ‘ലെ അച്ഛനെയും കാണുന്നതിൽ അതിശയത്തിൻ്റെ തരിമ്പുപോലും അവശേഷിക്കുന്നില്ല. നാടോടുമ്പോൾ നടുവേ ഓടണമെന്നു വിചാരിക്കുമെങ്കിലും അതിനു ത്രാണിയില്ലാത്ത മുൻതലമുറയുടെ സിംഹഭാഗത്തിൻ്റെ പ്രതിനിധിയാണയാൾ. പുത്രപൗത്രന്മാർ അന്യദേശത്താണെന്ന കാരണത്താൽ ഒറ്റപ്പെടലിൻ്റെയും നിസ്സഹായതയുടെയും നൊമ്പരവും തീവ്രതയുമനുഭവിക്കുന്ന വൃദ്ധജനങ്ങളെ പരാമർശിക്കുന്ന ഒരു രചന ഇതാദ്യമല്ലെങ്കിലും ഈ എഴുത്തുകാരൻ്റെ തൂലികയാൽ ആവർത്തനവിരസതയൊട്ടുമില്ലാതെയും അനുപമമായും അനുഭവപ്പെടുന്നുണ്ട്. ഒപ്പം മരക്കൊമ്പുകളിൽ ഓടിക്കയറാനറിയാത്ത ഏറ്റവും പുതിയ തലമുറയുടെ പ്രകൃതിയോടുള്ള പരാങ്മുഖതയും ദയനീയമാംവിധം സൂചിപ്പിച്ചുപോകുന്ന എഴുത്തുകാരനിലെ അസ്തിത്വദു:ഖവും ഉറക്കെവെളിവാകുന്നു.
ആധുനികമായ കഥാസങ്കേതങ്ങളാൽ രചിക്കപ്പെട്ട ദൈവത്തിൻ്റെ ആഗമനം, കഥയും ജീവിതവും, രാമുണ്ണിമേനോൻ്റെ മരണവും ചിലവെളിപാടുകളും എന്നിവ അക്കാരണംകൊണ്ടു സുഗ്രഹമല്ലാതാകുന്നില്ലതന്നെ.
ദൈവം വെറും പുകപടലമാണോയെന്നു സ്വാഭാവികമായി ചിന്തിച്ചുപോകുന്നതിൽനിന്ന്, ചോദ്യങ്ങളൊന്നും അങ്ങോട്ടു വേണ്ടയെന്നുള്ള എല്ലാ അധികാരികളുടെയും പൊതുസ്വഭാവത്തിനെക്കുറിച്ചു പറയുമ്പോൾ വാസ്തവികതയുടെ വിശ്വാസ്യത ഒന്നുകൂടി ഊട്ടിയുറപ്പിക്കപ്പെടുന്നു.
ചിന്തിച്ചു തലപുണ്ണാക്കി സമയംകളയുന്നതിനെക്കാൾ നാം ജനിച്ചിട്ടില്ല എന്ന പരമപ്രമാണമുൾക്കൊള്ളുന്ന ആദ്ധ്യാത്മികതയിലേക്കുയർന്ന് ദാർശനികതയുടെ തലമേറാനുള്ള വഴികാട്ടൽ സ്വയം നായകകഥാപാത്രമാവുന്ന കഥാകാരനു അസാദ്ധ്യമല്ലാത്തതാണ്; എല്ലാവരുടെയും ജീവിതത്തിൽ ഒരു കഥയെങ്കിലും കണ്ടെത്താനാവും എന്നൊട്ടും സാരമില്ലാതെ എഴുതുന്ന കഥാകൃത്തിനു പ്രത്യേകിച്ചും.

നിയമത്തിൻ്റെ ഊരാക്കുടുക്കളിൽപ്പെട്ട് നാളുകൾക്കുമുമ്പേ മരിച്ചുകഴിഞ്ഞ രാമുണ്ണിമേനോൻ നമുക്കന്യനല്ല. ശരീരത്തിനു ജീവനുണ്ടായിരിക്കുന്നതും മാനത്തെ മരണംപുൽകുന്നതും അനുഭവവേദ്യമാണ്. സർവ്വസാധാരണമായ വസ്തുതകളെ സാധാരണനിലയിൽനിന്നുകൊണ്ടു നിരീക്ഷിച്ച്, അനിതരസാധാരണമാംവിധമവതരിപ്പിച്ച്, നിസ്സംഗതയോടെ നിൽക്കുന്ന ഈ എഴുത്തുകാരനെ ‘സ്റ്റാർ ബക്ക്സിലെ കോഫി ‘ യിലും നമുക്കു കണ്ടുമുട്ടാം. സുഗന്ധമില്ലാത്ത സുഗന്ധദ്രവ്യങ്ങളുടെ ഓഫീസിനോടു വിടപറയുമ്പോൾ നിർവ്വികാരതയണിഞ്ഞുനിൽക്കുന്ന നായകൻ്റെമേൽ പക്ഷേ വായനക്കാരൻ തുടക്കംമുതൽതന്നെ ഗാഢബന്ധം പുലർത്തിക്കഴിഞ്ഞിരിക്കും.
പൂർണ്ണമായല്ലെങ്കിലും മറഞ്ഞുകഴിഞ്ഞ കൊറോണക്കാലത്തെക്കുറിച്ചുള്ളയോർമ്മപ്പെടുത്തലാകുന്നു ‘കൊറോണ ബാധിച്ച പഴങ്ങൾ’. ‘ഈ കാലവും കടന്നുപോകും’ എന്ന വചനമാകുന്ന കച്ചിത്തുരുമ്പിൽപ്പിടിച്ച് അക്കാലത്തു നാളെയെ വരവേൽക്കാനിരുന്ന വേഴാമ്പലുകളായിരുന്നു നാമെന്നത് വീണ്ടുമെടുത്തണിഞ്ഞ പുറംമോടിയെക്കുറിച്ചൊരു ധാരണനൽകുന്നതുമായി.
ഒരിക്കൽ നന്നെന്നു നിനച്ചത് അനുഭവത്തിലൂടെ അങ്ങനെയല്ലെന്നു ബോദ്ധ്യപ്പെടുത്തുന്ന ‘തിരിച്ചറിവുകൾ’സ്ത്രീപുരുഷ പരസ്പരാകർഷണവും ബന്ധങ്ങളും സ്ത്രീക്കുമാത്രമെങ്ങനെ ബന്ധനമാകുന്നു എന്നതുടർക്കഥയ്ക്ക് ഒരിക്കൽക്കൂടി ആധികാരികതനൽകുന്നു.
ആദ്യത്തെ കഥയായ ‘സ്മൃതിചിത്രങ്ങളാ’കട്ടെ ‘പുസ്തകങ്ങൾ വാഴ്ത്തപ്പെട്ട വേശ്യകളാകുന്നു ‘ എന്ന വ്യത്യസ്തകാഴ്ചപ്പാടുവച്ചതു ശ്രദ്ധേയമായി.’നീ എപ്പോഴും എൻ്റേതുമാത്രമാണ്. എന്നാൽ ഞാൻ നിൻ്റേതുമാത്രമായി ഒതുങ്ങുന്നില്ല’ എന്നു പറയാൻ വെമ്പൽകാണിക്കുന്ന ഈ ഉലകത്തിലെ ഏകസ്‌ത്രീയായ, മദാലസയായ ജയന്തി ഫെർണാണ്ടസ് വ്യക്തിസ്വാതന്ത്ര്യംപ്രാപിക്കുന്ന ആധുനികസ്ത്രീയുടെ സ്വരൂപമായി വിരാജിക്കുമ്പോൾ അതിൻമേലുള്ള ആശ്ചര്യത്തിൻ്റെ മുനയൊടിയുന്നു. തുടർന്ന് ‘കുഞ്ഞാപ്പു മൊല്ലയുടെ നവഭാഷ്യങ്ങളി’ലൂടെ എഴുത്തിൻ്റെ നവമായ പദ്ധതിയിലേക്കുതിരിയാൻ നാമും നിർബ്ബന്ധിതരാകുന്നു.
നെയ്ച്ചോറിലും സൗമ്യ സിസ്റ്ററുടെ ഒരുക്കത്തിലും ഹാസ്യമുണ്ട്. നെയ്ച്ചോറിലേതു വ്യക്തിനിഷ്ഠമാവുമ്പോൾ അടുത്തതിൽ സമഷ്ടിയുടെ ആലോചനാമണ്ഡലത്തിലേക്കു ചേക്കേറുന്നു. നിരുപദ്രവകരമായ പ്രശ്നങ്ങൾക്കിടയിലും പ്രണയംതളിരിടുമെന്നതു ‘നെയ്ച്ചോറി’നെ രുചികരമാക്കുമ്പോൾ മറിച്ചൊരു സന്ദർഭത്തിലായിരുന്നെങ്കിലത് അങ്ങനെയാവില്ലായിരുന്നെന്നു പരോക്ഷമായിപ്പറയുന്നു.
‘ഒരു ചുവന്നപൂവ് ഒഴുകിപ്പോകുന്നതുപോലെ ‘എന്നിങ്ങനെ ആലങ്കാരികതയുടെ വെള്ളിയലുക്കുകൾ ഇതിലുണ്ട്.’ സംഭാരവും ബിയറും സമന്വയിപ്പിച്ചു നോക്കുന്നതിൽ എന്തുമാത്രം ഔചിത്യമുണ്ട്’ എന്നും ‘അപ്പോൾ അവൻ സ്നേഹത്തിൻ്റെ പ്രവാചകനാണെന്ന അറിവ് അവളിലുണ്ടായി’ എന്നുമുള്ള ആലഭാരങ്ങളുമുണ്ട്.
കദനം പേറുന്നില്ലെങ്കിലും കോറിയിടുന്നുണ്ട്, അവശേഷിപ്പിക്കുന്നുമുണ്ട്. വായനയ്ക്കലോസരമേശാത്ത സുഗമമായ കഥനം, ഋജുവായ ആവിഷ്കരണം എന്നിവയാൽ മലയാളിയുടെ മേശപ്പുറത്ത് ഈ കഥാപുസ്തകംകൂടി ഇനിമുതൽ ഇടംപിടിക്കും.

ഡോ.ഉഷാറാണി .പി
തിരുവനന്തപുരം ജില്ലയിൽ മണക്കാടിനടുത്ത് 1975 ൽ ജനനം. കെ.ജി.പ്രഭാകരനാചാരിയും കെ.പത്മവുമാണ് മാതാപിതാക്കൾ. ഗവ.സ്കൂൾ മണക്കാട്, ആൾ സെയിൻ്റ്സ് കോളേജ് തിരുവനന്തപുരം, ഗവ.യൂണിവേഴ്സ് റ്റി കോളേജ് തിരുവനന്തപുരം, ശങ്കരാചാര്യ സംസ്കൃത യൂണിവേഴ്സിറ്റി തിരുവനന്തപുരം കേന്ദ്രം എന്നിവിടങ്ങളിൽ നിന്ന് വിദ്യാഭ്യാസം കഴിഞ്ഞ് കേരള യൂണിവേഴ്‌സിറ്റിയിൽ നിന്നും മലയാള സാഹിത്യത്തിൽ ഡോക്ടറേറ്റു നേടി. സ്വകാര്യ മേഖലയിലെ വിദ്യാലയങ്ങളിലെ അദ്ധ്യാപികയായിരുന്നു. ഇപ്പോൾ ആറ്റുകാൽ ചിന്മയ വിദ്യാലയത്തിൽ. ആനുകാലികങ്ങളിൽ സാഹിത്യരചനകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ‘ആത്മ നിവേദനം’ എന്ന കവിതാ സമാഹാരവും പ്രസിദ്ധീകരിച്ചു.
വിലാസം: പ്രഭാതം, ടി.ആർ.ഏ-39, താവലോട് നഗർ, മുട്ടത്തറ, തിരുവനന്തപുരം – 8.
ഫോൺ – 9746201959
മലയാളികളായ ദമ്പതിമാരെയും സുഹൃത്തായ അധ്യാപികയെയും അരുണാചല്‍ പ്രദേശിലെ ഹോട്ടലില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കോട്ടയം സ്വദേശികളായ നവീന്‍, ഭാര്യ ദേവി, ഇവരുടെ സുഹൃത്തായ തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സ്വദേശി ആര്യ എന്നിവരാണ് മരിച്ചത്.
മാര്‍ച്ച് 26-നാണ് മൂവരും കേരളത്തില്‍നിന്ന് അരുണാചലിലേക്ക് പോയത്. 27-ാം തീയതി ആര്യയെ കാണാനില്ലെന്ന് പിതാവ് പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിനിടെയാണ് മൂവരും മരിച്ചനിലയില്‍ കണ്ടെത്തിയെന്ന വിവരമറിഞ്ഞത്.
വട്ടിയൂര്‍ക്കാവ് സ്വദേശിയായ ആര്യ തിരുവനന്തപുരത്തെ സ്വകാര്യ സ്‌കൂളിലെ അധ്യാപികയാണ്. മാര്‍ച്ച് 26-ന് കേരളത്തില്‍നിന്ന് പോയ മൂവരും 28-നാണ് ജിറോയിലെ ഹോട്ടലില്‍ മുറിയെടുത്തതെന്നാണ് വിവരം.
ജിറോയിലെ ഹോട്ടല്‍മുറിയിലാണ് മൂവരെയും മരിച്ചനിലയില്‍ കണ്ടത്. പൂജ്യം ഡിഗ്രിക്കും താഴെ താപനില അനുഭവപ്പെടുന്ന സ്ഥലമാണ് ജിറോ.
ആര്യയെ കഴിഞ്ഞ മാസം 27 മുതൽ കാണാനില്ലായിരുന്നു. “സന്തോഷത്തോടെ ജീവിച്ചു, ഇനി പോകുന്നു’ എന്ന് എഴുതിയ കുറിപ്പ് ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇറ്റാനഗറിലെ ഹോട്ടൽമുറിയിൽ മൃതദേഹങ്ങൾ കണ്ടെത്തിയത്. ശരീരത്തിൽ വ്യത്യസ്ത തരത്തിലുള്ള മുറിവുകളുണ്ടാക്കി രക്തം വാർന്നാണ് എല്ലാവരുടെയും മരണം. മരണ കാരണം വ്യക്തമല്ല.
ആര്യയെ കാണാതായതുമായി ബന്ധപ്പെട്ട് വട്ടിയൂർക്കാവ് പൊലീസ് ഇക്കഴിഞ്ഞ 27ന് കേസ് റജിസ്റ്റർ ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെയാണ് ആര്യയുടെ സഹ അധ്യാപികയായിരുന്ന ദേവി, ഭർത്താവ് നവീൻ എന്നിവരെ കോട്ടയം മീനടത്തുനിന്ന് കാണാതായ കാര്യം ശ്രദ്ധയിൽപ്പെട്ടത്.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ മൂവരും ഒരേ വിമാനത്തിൽ ഗുവാഹത്തിയിലേക്കു പോയതായി പൊലീസിനു വിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ഇവരേക്കുറിച്ചുമുള്ള വിവരങ്ങൾ പൊലീസ് അസം പൊലീസിനു കൈമാറി.
ഇവർക്കായുള്ള അന്വേഷണം തുടരുന്നതിനിടെയാണ് ഇറ്റാനഗറിലെ ഹോട്ടൽമുറിയിൽ മൂവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യാക്കുറിപ്പും കണ്ടെത്തി. ഇവർ മരണാനന്തര ജീവിതത്തേക്കുറിച്ച് ഗൂഗിളിൽ ഉൾപ്പെടെ തിരഞ്ഞതായി അന്വേഷണ ഘട്ടത്തിൽ പൊലീസ് കണ്ടെത്തിയിരുന്നു. ഫോൺ പരിശോധിച്ചപ്പോഴാണ് ഇക്കാര്യം കണ്ടെത്തിയത്.
നവീൻ, ദേവി എന്നിവരുടെ തിരോധാനവുമായി ബന്ധപ്പെട്ട് കോട്ടയത്ത് കേസ് റജിസ്റ്റർ ചെയ്തിരുന്നില്ല. വിനോദയാത്രയ്ക്ക് എന്ന പേരിലാണ് ഇരുവരും വീട്ടിൽനിന്ന് ഇറങ്ങിയത്. അതിനാൽ ഇവരെക്കുറിച്ച് ബന്ധുക്കൾക്ക് സംശയങ്ങളൊന്നുമുണ്ടായിരുന്നില്ല. ആര്യയുടെ തിരോധാനവുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് മൂവരും ഒന്നിച്ചാണ് തിരുവനന്തപുരം വിമാനത്താവളത്തിൽനിന്ന് ഗുവാഹത്തിയിലേക്കു പോയതെന്ന് കണ്ടെത്തിയത്.
ഓൺലൈൻ ട്രേഡിങ്ങുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നയാളാണ് മരിച്ച നവീനെന്നാണ് പ്രാഥമിക വിവരം. ഇയാളുടെ ഭാര്യ ദേവി സ്കൂളിൽ ജർമൻ ഭാഷ പഠിപ്പിച്ചിരുന്ന വ്യക്തിയാണ്. കോവിഡിനു ശേഷം ഇവർ സ്കൂളിൽ എത്തിയിട്ടില്ല. ആര്യ ഇതേ സ്കൂളിൽ ഫ്രഞ്ച് പഠിപ്പിക്കുന്ന അധ്യാപികയായിരുന്നു. ആര്യയും ദേവിയും ഉറ്റ സുഹൃത്തുക്കളായിരുന്നുവെന്നാണ് സൂചന.
ആം ആദ്മി പാര്‍ട്ടിയുടെ രാജ്യസഭാ എം.പി. സഞ്ജയ് സിങ്ങിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. മദ്യനയക്കേസില്‍ ഇ.ഡി. അറസ്റ്റ് ചെയ്ത സഞ്ജയ് സിങ്, ആറ് മാസത്തോളമായി ജയിലായിരുന്നു.
ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദിപാങ്കര്‍ ദത്ത, പി.ബി. വരാലെ എന്നിവരുടെ ബെഞ്ചാണ് സഞ്ജയ് സിങ്ങിന്റെ ജാമ്യഹര്‍ജി പരിഗണിച്ചത്.
വിചാരണാകോടതി നിശ്ചയിക്കുന്ന വ്യവസ്ഥകള്‍ക്കും നിബന്ധനകള്‍ക്കും വിധേയമായിട്ടായിരിക്കും സഞ്ജയ് സിങ്ങിനെ വിട്ടയക്കുകയെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. അതേ സമയം അദ്ദേഹത്തിന് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നതിന് തടസ്സമുണ്ടാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
മദ്യനയക്കേസില്‍ ആം ആദ്മി പാര്‍ട്ടിയുടെ ഉന്നത നേതാക്കളെല്ലാം തന്നെ ഇതിനകം അറസ്റ്റിലായിട്ടുണ്ട്. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ കഴിഞ്ഞ ദിവസം തിഹാര്‍ ജയിലേക്ക് മാറ്റിയിരുന്നു.
ഇതിനിടെ എന്തുകൊണ്ടാണ് എൻഫോഴ്‌സ്‌മെൻ്റ് ഡയറക്‌ടർ സഞ്ജയ് സിംഗിന്റെ ജാമ്യത്തിനെതിരെ വാദിക്കാതിരുന്നത് എന്നത് രാജ്യമെങ്ങും വൻ ചർച്ചയായികൊണ്ടിരുക്കുകയാണ് .
കേസ് സഞ്ജയ് സിംഗിന് അനുകൂലമാണെന്നും, ജാമ്യാപേക്ഷയെ ഇഡി എതിർത്താൽ കോടതിക്ക് സഞ്ജയ് സിംഗിന് ജാമ്യം നൽകുന്നതിനുള്ള കാരണങ്ങൾ വ്യക്തമായി രേഖപ്പെടുത്തേണ്ടി വരുമെന്നും ഈ അപകടം മനസ്സിലാക്കിയത് കൊണ്ടാണ് ഇ ഡി ജാമ്യാപേക്ഷയെ എതിർക്കാതിരുന്നത് എന്നാണ് വിമർശകർ മുന്നോട്ട് വയ്ക്കുന്ന വാദം . അതുകൊണ്ടാണ് യാതൊരു തർക്കവും ഇല്ലാതെ സഞ്ജയ് സിംഗിന്റെ ജാമ്യത്തെ ഇ ഡി അംഗീകരിക്കുകയായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ ചൂണ്ടി കാട്ടി ആം ആദ്മി പാര്‍ട്ടി ആരോപിക്കുന്നത്.
കോഴിക്കോട് നിന്നും എറണാകുളത്തേക്കുള്ള യാത്രയിലാണ് യുവതിക്ക് ഇത്തരത്തിലുള്ള മോശമായ അനുഭവം ഉണ്ടായത്.സംഭവത്തെ തുടർന്ന് യുവതി കേരള പോലീസ് നന്ദി അറിയിച്ചുകൊണ്ട് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ഒരു കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ ആകർഷിക്കുന്നത്.
കോട്ടയം പിറവം സ്വദേശിയാണ് യുവതിക്കെതിരെ ഇത്തരത്തിലുള്ള ഒരു അതിക്രമം നടത്താൻ ശ്രമിച്ചത്.ഒപ്പം സഞ്ചരിച്ച യാത്രക്കാരിൽ നിന്നും ഒട്ടും പ്രതീക്ഷിക്കാത്ത പ്രതികരണമാണ് യുവതിക്ക് ലഭിച്ചത്.ഇത്തരത്തിൽ ഒരു സംഭവം കേൾക്കുമ്പോൾ സാധാരണ കൂടെയുള്ള യാത്രക്കാർ അദ്ദേഹത്തെ പിടികൂടുക ചെയ്യും. എന്നാൽ ഇവിടെ യുവതിക്ക് നേരെ പരിഹാസങ്ങളും ആക്ഷേപങ്ങളും മാത്രമായിരുന്നു.ഒപ്പം ഒരടി കൂടെ കൊടുക്ക് ചേച്ചി എന്ന തരത്തിൽ ഉള്ള കമന്ററികളും.എന്നാൽ വിവരം ഫോൺ ചെയ്ത പോലീസിനെ അറിയിച്ചത് മുതൽ പോലീസ് തന്റെ ഒപ്പം തന്നെ ഉണ്ടായിരുന്നു എന്നാണ് യുവതി പറയുന്നത്. തൻറെ മാനസികാവസ്ഥ മനസ്സിലാക്കി അതിനുവേണ്ട പരിചരണവും എല്ലാം പോലീസുകാരുടെ ഭാഗത്തുനിന്നും ഉണ്ടായിരുന്നു.അപ്പോഴാണ് നമ്മൾ എവിടെ പോയാലും നമ്മൾ ഒറ്റയ്ക്കല്ല നമ്മുടെ താങ്ങിനും തണലിനുമായി ഒരു നിഴൽ പോലെ എപ്പോഴും പോലീസ് നമ്മുടെ കൂടെ കാണുമെന്ന കാര്യം മനസിലാക്കുന്നത്.കോഴിക്കോട് മുതൽ എറണാകുളം വരെയുള്ള ട്രെയ്‌നിലേ ജനറൽ കമ്പാർട്ട്മെന്റിൽ വച്ചാണ് സംഭവം നടക്കുന്നത്.
ആദ്യം ഒരു കൈ പുറകിലൂടെ വന്ന് ചെറുതായിട്ട് തന്റെ വയറിനെ സ്പർശിക്കുന്നതായിട്ട് തോന്നി.അത് തുടർന്നപ്പോഴാണ് ഇത് മനഃപൂർവമാണെന്ന് മനസിലാക്കുന്നത്.ഉടൻ തന്നെ യുവതി കൈയ്യിൽ കയറി പിടിച്ച്.തുടർന്ന് യുവതി മറ്റുള്ള യാത്രക്കാരെ അറിയിക്കുകയായിരുന്നു.എന്നാൽ അവരിൽ നിന്ന് ആഗ്രഹിച്ച പിന്തുണ കിട്ടാതെ ആയപ്പോഴുള്ള വാശിയിൽ ആണ് പോലീസിനെ വിളിക്കാൻ തീരുമാനിച്ചത് എന്നും യുവതി പറഞ്ഞു.
മദ്യനയ അഴിമതി കേസിൽ ഇ.ഡി. കസ്റ്റഡിയിലുള്ള ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ജയിലിലേക്ക്. ഏപ്രിൽ 15 വരെയാണ് അദ്ദേഹത്തെ റിമാൻഡ് ചെയ്തത്. കേസിൽ അരവിന്ദ് കെജ്‌രിവാളിന്റെ ഇ.ഡി. കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്നാണ് അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കിയത്.
മാർച്ച് 21-ന് രാത്രിയായിരുന്നു അരവിന്ദ് കെജ്‌രിവാളിനെ ഇ.ഡി. അറസ്റ്റ് ചെയ്തത്. അദ്ദേഹത്തിന്റെ പ്രാഥമിക കസ്റ്റഡി മാർച്ച് 28-ന് അവസാനിച്ചെങ്കിലും ഇ.ഡി.യുടെ ആവശ്യപ്രകാരം ഏപ്രിൽ ഒന്നുവരെ നീട്ടിക്കൊടുക്കുകയായിരുന്നു. ഏഴുദിവസം കസ്റ്റഡിയിൽ വേണമെന്നായിരുന്നു ഇ.ഡി.യുടെ ആവശ്യം. എന്നാൽ, ഏപ്രിൽ ഒന്നുവരേയുള്ള കസ്റ്റഡിയേ സ്‌പെഷ്യൽ ജഡ്ജ് കാവേരി ബവേജ അനുവദിച്ചിരുന്നുള്ളൂ.
2008 ൽ കേവലം 5 സഭകളോട് കൂടി ചാരിറ്റി ചർച്ച് ആയി രജിസ്റ്റർ ചെയ്ത് ആരംഭിച്ച റീജിയൻ ഇന്ന് 31 സഭകളായി, ഇംഗ്ലണ്ട്, സ്കോട്ട് ലണ്ട്, വേയിൽസ്, നോർത്തേൺ അയർലൻ്റ് എന്നീ മേഖലകളിലായി പ്രവർത്തിച്ചു വരുന്നു. 2022 ൽ നിലവിൽ വന്ന എക്സികുട്ടീവ് ബോഡിയിൽ പാസ്റ്റർ ജേക്കപ്പ് ജോർജ് – പ്രസിഡൻറ്, പാസ്റ്റർ വിൽസൻ ബേബി – വൈസ് പ്രസിഡൻറ്, പാസ്റ്റർ ഡിഗോൾ ലൂയീസ് – സെക്രട്ടറി, പാസ്റ്റർ വിനോദ് ജോർജ്, പാസ്റ്റർ മനോജ് എബ്രഹാം എന്നിവർ – ജോയൻ്റ് സെക്രട്ടറി, ബ്രദർ ജോൺ മാത്യു – ട്രഷറർ, പാസ്റ്റർ സീജോ ജോയി – പ്രമോഷണൽ സെക്രട്ടറി, പാസ്റ്റർ പി സി സേവ്യർ – അഡ്മിനിസ്ട്രേക്ടർ, ബ്രദർ തോമസ് മാത്യൂ- നോർത്ത് അയർലൻ്റ് കോ ഓർഡിനേറ്റർ എന്നീ നിലകളിൽ സ്തുത്യർഹമായ സേവനം അനുഷ്ടിക്കുന്നു.
റീജിയൻ്റെ 17 മത് വാർഷിക കൺവൻഷൻ ഇംഗ്ലണ്ടിലെ ലീഡ്സ് പട്ടണത്തിൽ ഏപ്രിൽ 5,6,7 തീയതികളിൽ
(വെള്ളി/ ശനി / ഞായർ ) നടത്തുവാനുള്ള ക്രമീകരണങ്ങൾ നടന്നുവരുന്നു.
ഇംഗ്ലണ്ടിലെ പ്രസിദ്ധമായ ലീഡ്സ് പട്ടണത്തിൽ നടത്തപ്പെടുന്ന കൺവൻഷൻ റീജിയൻ പ്രസിഡൻറ് പാസ്റ്റർ ജേക്കബ് ജോർജ് ഉദ്ഘാടനം ചെയ്യുന്നു. പ്രസ്തുത മീറ്റിംഗിൽ അനുഗ്രഹീത കൺവൻഷൻ പ്രാസംഗികരായ പാസ്റ്റർ സാം ജോർജ് (USA), പാസ്റ്റർ വിൽസൺ വർക്കി (USA) എന്നിവർ മുഖ്യസന്ദേശം നൽകുന്നതായിരിക്കും.
കേരള സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ദാനിയേൽ കൊന്നനിൽകുന്നതിൽ, സിസ്റ്റർ സാറാ കോവൂർ (USA) എന്നിവരും ദൈവീക സന്ദേശങ്ങൾ നൽകുന്നു.
റീജയൻ സംഗീത വിഭാഗത്തോടു ചേർന്ന് പ്രസിദ്ധ ക്രിസ്തീയ ഗായകനായ അനിൽ അടൂർ സംഗീത ശുശ്രുഷകൾക്ക് നേതൃത്വം നൽകുന്നു. 3 ദിവസങ്ങളിലായി നടക്കുന്ന കൺവൻഷനിൽ സൺഡേ സ്കൂൾ, യൗവനക്കാർ, സഹോദരിമാർ എന്നിവർക്ക് പ്രത്യേക സെക്ഷൻസ് ഉണ്ടായിരിക്കും.
ഞായറാഴ് സംയുക്ത ആരാധനയും കർതൃമേശ സുശ്രുഷയും ഉണ്ടായിരിക്കുന്നതാണ്.
മീറ്റിംഗിന്റെ സുഗമമായ നടത്തിപ്പിനായി, റീജയൻ സെക്രട്ടറി പാസ്റ്റർ ഡിഗോൾ ലൂയീസ്, മറ്റ് എക്സികുട്ടീവ്സ് എന്നിവരും ലോക്കൽ സഭയായ ലീഡ്സ് എബനേസർ ചർച്ച് ശുശ്രൂഷകനായ പാസ്റ്റർ പി.സി.സേവ്യർ ലോക്കൽ കൺവീനറായും പ്രവർത്തിച്ചു വരുന്നു. കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിൽ ഏവർക്കും ലീഡ്സ് പട്ടണത്തിലേക്ക് സ്വാഗതം.

സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിലായി കൊല്ലപ്പെട്ടത് വിവാഹിതരായ രണ്ട് യുവതികൾ. പത്തനംതിട്ട അടൂരിൽ കാർ ട്രക്കിൽ ഇടിച്ചു കയറ്റി അധ്യാപികയും സുഹൃത്തും മരണപ്പെട്ടതിൻ്റെ ഞെട്ടൽ മാറും മുൻപാണ് ഇന്നലെ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ രോഗിയായ പിതാവിനെ കാണാനെത്തിയ യുവതിയെ സുഹൃത്ത് കുത്തി കൊലപ്പെടുത്തിയത്.
മൂവാറ്റുപുഴ നിരപ്പ് സ്വദേശിനി സിംന ഷക്കീറാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതി പുന്നമറ്റം സ്വദേശി ഷാഹുല്‍ അലിയെ പൊലീസ് പിടികൂടി.ഇന്നലെ വെകിട്ട് മൂന്നു മണിയോടെയാണ് സംഭവമുണ്ടായത്. സ്ത്രീകളുടെയും കുട്ടികളുടെയും പുതിയ വാർഡ് കെട്ടിടത്തില്‍ വെച്ചാണ് ആക്രമണമുണ്ടായത്. സിംനയുടെ പിതാവ് ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. ഇദ്ദേഹത്തെ കാണാൻ എത്തിയതായിരുന്നു സിംന. ഈ സമയത്ത് ഇവിടെയെത്തിയ പ്രതി കയ്യില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് സിംനയുടെ കഴുത്തിലും പുറത്തും കുത്തുകയായിരുന്നു. ഇരുവരും വിവാഹിതരും പരിചയക്കാരുമായിരുന്നു. ആക്രമണത്തിന് പിന്നാലെ പ്രതി ബൈക്കില്‍ കയറി രക്ഷപ്പെട്ടുവെങ്കിലും പിന്നാലെയെത്തിയ പൊലീസ് ബസ് സ്റ്റാന്റിലിട്ട് ഇയാളെ പിടികൂടുകയായിരുന്നു.
അടൂരിലും സമാന സംഭവമാണ് നടന്നത്, ദീര്‍ഘകാലമായി ഒരു വ്യക്തിയുമായുള്ള ബന്ധം വിവാഹിതയായ സ്‌കൂള്‍ അധ്യാപികയ്ക്ക് സമ്മാനിച്ചത് ദാരുണമായ അന്ത്യമായിരുന്നു. വിനോദയാത്ര കഴിഞ്ഞുവരവെ അനുജയെന്ന അധ്യാപികയെ സുഹൃത്ത് ഹാഷിം ബലമായി വാഹനത്തില്‍ കൊണ്ടുപോവുകയും പിന്നീട് വാഹനം ട്രക്കിനിടിച്ച് കയറ്റി ഇരുവരും മരിക്കുകയുമായിരുന്നു. ദൃക്‌സാക്ഷികളുടെ മൊഴിയില്‍ യുവതി പലവട്ടം കാറില്‍ നിന്നും ചാടാന്‍ ശ്രമിച്ചിരുന്നെന്നാണ്. വാഹനമിടിപ്പിക്കാന്‍ പോവുകയാണെന്ന തോന്നലിനെ തുടർന്നാണ് അവര്‍ ചാടാന്‍ ശ്രമിച്ചിരുന്നതെന്നാണ് സൂചന.
അനുജയുടെ ഭർത്താവ് പുതുതായി പണികഴിപ്പിച്ച വീട്ടിലേക്ക് താമസം മാറാനിരിക്കവെയാണ് ദാരുണ സംഭവം ഉണ്ടായത്. നൂറനാട് മറ്റപ്പള്ളിയിലുള്ള കുടുംബ വീട്ടില്‍ താമസിച്ചിരുന്ന അനുജ കായംകുളത്തേക്ക് താമസം മറിയാല്‍ തനിക്ക് നഷ്ടമാകുമെന്ന ഹാഷിമിന്റെ ചിന്തയാകാം കൊടുംക്രൂരതയിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ടുകള്‍, ഹാഷിമിന്റെയും അനുജയുടെയും സൗഹൃദത്തെ കുറിച്ച് ഒരു സൂചനയും ഉണ്ടായിരുന്നില്ലെന്നാണ് ബന്ധുക്കളും നാട്ടുകാരും പറയുന്നത്. പന്തളം- പത്തനംതിട്ട വഴി ഓടുന്ന ബസിലാണു ഹാഷിം ആദ്യം ജോലി ചെയ്തിരുന്നത്. അനുജ സ്കൂളില്‍ പോയിരുന്നത് ഈ ബസിലായിരുന്നു. അപ്പോഴാകും ഇരുവരും പരിചയപ്പെട്ടതെന്നാണു നാട്ടുകാർ പറയുന്നത്.
അനുജയുടേയും ഹാഷിമിന്റേയും ജീവിതം പലര്‍ക്കും പാഠമാകേണ്ടതാണ്. തന്നില്‍ നിന്നും അകലുകയാണെന്ന് തോന്നിയാല്‍ പങ്കാളിയെ നിഷ്‌കരുണം ഇല്ലാതാക്കുന്ന രീതിയില്‍ മാനസിക വൈകൃതത്തിന് അടിമകളാകുന്ന ഒരു സമൂഹമായി മലയാളി മാറുകയാണോ എന്ന് സംശയിക്കുന്ന രീതിയിലാണ് കാര്യങ്ങളുടെ പോക്ക്.
കാട്ടാന ആക്രമണത്തിൽ കർഷകൻ മരിച്ചതിനെ തുടർന്ന് ഇന്ന് രാവിലെ മുതൽ നാട്ടുകാർ നടത്തിവന്ന ജനകീയ പ്രതിഷേധം അവസാനിപ്പിച്ചു. മരിച്ച ബിജുവിന്റെ കുടുംബത്തിന് ഇന്ന് തന്നെ പത്ത് ലക്ഷം രൂപ കൈമാറും. കളക്ടറും ജനപ്രതിനിധികളുമായി നടത്തിയ ചർച്ചയ്‌ക്ക് ശേഷമാണ് തീരുമാനമുണ്ടായത്. ബിജുവിനെ കൊന്ന ഒറ്റയാനെ വെടിവച്ചുകൊല്ലാൻ ശുപാർശ നൽകാനും യോഗത്തിൽ തീരുമാനമായി. ചർച്ചയ്‌ക്ക് ശേഷം ആന്റോ ആന്റണി എംപിയും വിഷയത്തിൽ മാദ്ധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.
‘നഷ്ടപരിഹാര തുകയായ പത്ത് ലക്ഷം ഇന്ന് തന്നെ കുടുംബത്തിന് നൽകും. 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന കമ്മിറ്റിയുടെ ശുപാർശ, കളക്ടർ സർക്കാരിന് സമർപ്പിക്കും. മരിച്ച വ്യക്തിയുടെ കുടുംബത്തിലൊരാൾക്ക് എത്രയും വേഗം ജോലി നൽകും. ഇപ്പോൾ താൽക്കാലികമാണ്. പിന്നീടിത് സ്ഥിരമാക്കാനുള്ള ശുപാർശ സർക്കാരിന് നൽകും. വനമേഖലയും നാടും തമ്മിൽ വേർതിരിച്ച് സോളാർ ഫെൻസിംഗ് പോലുള്ള സംവിധാനങ്ങൾ വയ്‌ക്കുന്നതിനുള്ള നടപടി എത്രയും വേഗം ആരംഭിക്കും. ‘ – ആന്റോ ആന്റണി പറഞ്ഞു.
ഇന്ന് പുലർച്ചെ രണ്ട് മണിയോടുകൂടിയാണ് കാട്ടാനയുടെ ആക്രമണത്തിൽ ബിജു കൊല്ലപ്പെട്ടത്. കാട്ടാനയെ തുരത്തുന്നതിനായി ഹെഡ്‌ലൈറ്റ് വച്ച് വീടിന് പുറത്തിറങ്ങിയപ്പോഴാണ് ബിജുവിന് നേരെ കാട്ടാന പാഞ്ഞടുത്തത്. ആനയെ ഓടിക്കുന്നതിന് താനും ഭർത്താവും ഒരുമിച്ചാണ് പുറത്തിറങ്ങിയതെന്ന് ഭാര്യ ഡെയ്‌സി മാധ്യമങ്ങളോട് പറഞ്ഞു.
വീട്ടിൽ നിന്നും 50 മീറ്റർ അകലെയാണ് ബിജുവിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. മൃതദേഹം സ്ഥലത്തുനിന്ന് മാറ്റാൻ നാട്ടുകാർ അനുവദിച്ചിരുന്നില്ല. ജില്ലാ കളക്ടർ പ്രേം കൃഷ്ണ എത്താതെ മൃതദേഹം നീക്കാൻ അനുവദിക്കില്ലെന്നായിരുന്നു നാട്ടുകാർ അറിയിച്ചത്.