കാർട്ടൂണിൻ്റെ ശക്തി പരിധിക്കപ്പുറമാണ്. ചിരിക്കാനും അതിലുപരി ചിന്തിപ്പിക്കാനും കാർട്ടൂണിനു കഴിയുന്നു എന്നത് ശ്രദ്ധേയമാണ്.
ചിരിയിൽ മാത്രം ഒതുങ്ങുന്നതല്ല കാർട്ടൂൺ. കലയുടെ വ്യത്യസ്ഥമായ ഒരു ഭാവത്തിനപ്പുറം സമൂഹത്തിൽ നടമാടികൊണ്ടിരിക്കുന്ന വിമർശകാത്മകമായ വിഷയങ്ങളെ വരകളിലൂടെയും ആക്ഷേപഹാസ്യങ്ങളിലൂടെയും ചോദ്യം ചെയ്യുകയാണ് കർട്ടൂണിസ്റ്റുകൾ സാധാരണ ചെയ്യുന്നത്. കാർട്ടൂണുകൾ സമൂഹത്തിൽ ഉണ്ടാക്കിയിട്ടുള്ള മാറ്റങ്ങൾ ചെറുതല്ല.
റോയി സി. ജെ.
കേരളം കണ്ടതിൽവെച്ചേറ്റവും പ്രശസ്തരായ കാർട്ടൂണിസ്റ്റിലൊരാൾ. മനോരമ, മംഗളം, മാതൃഭൂമി തുടങ്ങിയ മലയാളത്തിലെ മുൻനിരയിൽ നിൽക്കുന്ന മാധ്യമങ്ങളെ കൂടാതെ നൂറ് കണക്കിന് പ്രസിദ്ധീകരണങ്ങളിലും സ്ഥിരം കോളം കൈകാര്യം ചെയ്തിട്ടുണ്ട്. യുകെയിൽ കേംബ്രിഡ്ജിലെ പാപ്വർത്തിൽ ആണ് താമസം.
കാലഘട്ടത്തിനനുസരിച്ചുള്ള
റോയി CJയുടെ ആക്ഷേപഹാസ്യങ്ങൾ കാർട്ടൂണായി മലയാളം യുകെ ന്യൂസിൽ പ്രസിദ്ധീകരിക്കും..
Contact details:-
Roy C J
Mobile # 0044 7440468924
സബ്‍വേ ട്രെയിനിൽ ബഹളംവച്ചയാളെ സഹയാത്രികൻ കഴുത്തിന് ചുറ്റിപ്പിടിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. ന്യൂയോർക്കിലെ ട്രെയിനിലാണ് സംഭവം. മരിച്ച മുപ്പതു വയസ്സു തോന്നിക്കുന്ന ആളുടെ പേരുവിവരം പൊലീസ് പുറത്തുവിട്ടിട്ടില്ല. ട്രെയിനിലുണ്ടായിരുന്ന ഒരു ഫ്രീലാൻസ് മാധ്യമപ്രവർത്തകൻ ചിത്രീകരിച്ച വിഡിയോ ഇതിനിടെ സമൂഹമാധ്യമത്തിൽ വൈറലായി. സംഭവത്തിൽ 24 വയസ്സുള്ള സഹയാത്രികനെ പൊലീസ് ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു.
പ്രാദേശിക സമയം ഉച്ചയ്ക്ക് രണ്ടരയോടെയാണ് മുപ്പതു വയസ്സു തോന്നിക്കുന്ന ആൾ ട്രെയിനിൽ കയറിയത്. തുടർന്ന് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിൽ ഇയാൾ ബഹളംവയ്ക്കാനും ശല്യപ്പെടുത്താനും തുടങ്ങിയതായി ദൃക്സാക്ഷിയായ മാധ്യമപ്രവർത്തകൻ പറഞ്ഞു. ഇയാളുടെ അലർച്ച കേട്ട് ട്രെയിനിലുള്ളവർ ഭയപ്പെട്ടെന്നും ദൃക്സാക്ഷികൾ പറയുന്നു. തുടർന്ന് സഹയാത്രികരിൽ ഒരാൾ പുറകിലൂടെ വന്ന് ഇയാളുടെ കഴുത്തിന് ചുറ്റിപ്പിടിച്ചു. ഇരുവരും നിയന്ത്രണം വിട്ട് താഴെ വീഴുന്നതും വിഡിയോയിലുണ്ട്.
തുടർന്ന് മറ്റു രണ്ടു യാത്രക്കാർ കൂടി വന്ന് ഇയാളുടെ കയ്യും കാലും ബന്ധിക്കുന്നുണ്ട്. ഇവരുടെ കരവലയത്തിൽനിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നുണ്ടെങ്കിലും സാധിക്കുന്നില്ല. കഴുത്തിന് ചുറ്റിപ്പിടിച്ചിരിക്കുന്നതിനാൽ ശ്വാസം മുട്ടിയാണ് മരിച്ചതെന്നാണ് വിവരം. കഴുത്തിന് ചുറ്റിപ്പിടിച്ചയാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തെങ്കിലും ചോദ്യം ചെയ്യലിനു ശേഷം വിട്ടയച്ചു. മുൻ നാവിക ഉദ്യോഗസ്ഥനാണ് ഇയാൾ. കൂടുതൽ അന്വേഷണങ്ങൾക്കു ശേഷമാകും തുടർനടപടികൾ എന്നാണ് വിവരം.
പ്ലസ് വൺ വിദ്യാർത്ഥിനി കുഴഞ്ഞ് വീണ് മരിച്ചു. ചേർത്തല നഗരസഭ പന്ത്രണ്ടാം വാർഡിൽ ലക്ഷ്മി ഭവനിൽ നന്ദകുമാർ – സോമലത ദമ്പതികളുടെ മകൾ പൂജ (16) യാണ് മരിച്ചത്. ചേർത്തല ഗവ. ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയാണ്. ചൊവ്വാഴ്ച രാവിലെ വീട്ടിൽ പെട്ടെന്ന് കുഴഞ്ഞ് വീഴുകയായിരുന്നു. തുടർന്ന് ചേർത്തല താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നേരത്തെ അൾസർ ബാധിച്ചതിനെ തുടർന്ന് പൂജ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ഒരു മാസത്തോളം ചികിത്സയിലായിരുന്നു. സഹോദരി: പൂജിത.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
യുകെ മലയാളികളെ മുഴുവൻ ദുഃഖത്തിലാക്കി അകാലത്തിൽ വിടപറഞ്ഞ സിസിലി ജോയിയുടെ മൃതസംസ്കാര ശുശ്രൂഷകൾ മെയ് 4-ാം തീയതി വ്യാഴാഴ്ച നടക്കും. അന്നേദിവസം രാവിലെ 10 30 മുതൽ വെസ്റ്റ് ബ്രോംവിച്ചിലെ ഹോളിക്രോസ് കത്തോലിക് ചർച്ചയിലാണ് പൊതുദർശനവും മൃതസംസ്കാര ശുശ്രൂഷകളും ക്രമീകരിച്ചിരിക്കുന്നത്.
ഏവര്‍ക്കും പ്രിയങ്കരിയായിരുന്ന സിസിലി ജോയ് ഏപ്രിൽ 21-ാം തീയതി വെള്ളിയാഴ്ചയാണ് മരണത്തിന് കീഴടങ്ങിയത്. ആരോഗ്യപരമായ കാരണങ്ങളാല്‍ വാല്‍സാല്‍ മാനര്‍ ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു സിസിലി. മോനിപ്പള്ളി സേക്രട്ട് ഹാര്‍ട്ട് ക്നാനായ പള്ളി ഇടവകാംഗമാണ്. താമരക്കാട് (അമനക്കര) പുളിക്കിയില്‍ ജോയ് ആണ് ഭര്‍ത്താവ്. താമരക്കാട് സെന്റ് സെബാസ്റ്റ്യന്‍സ് ക്നാനായ പള്ളി ഇടവകാംഗമായ ജോയ് നിലവില്‍ യുകെകെസിഎ ജോയിന്റ് സെക്രട്ടറിയും സെന്‍ട്രല്‍ കമ്മറ്റി അംഗവുമാണ്. മൂത്ത മകള്‍ ജോയ്സി ജോയ് ബര്‍മിംഗ്ഹാം ആപ്പിള്‍ കമ്പനി സ്റ്റോറില്‍ ജോലി ചെയ്യുന്നു. രണ്ടാമത്തെ മകള്‍ ജ്യോതിസ് ജോയ് കീല്‍ യൂണിവേഴ്സിറ്റിയില്‍ രണ്ടാം വര്‍ഷ ഫാര്‍മസി വിദ്യാര്‍ത്ഥിനിയാണ്.
സഹോദരങ്ങള്‍ : ഗ്രേസി ജോര്‍ജ്ജ്, സിസ്റ്റര്‍ വിന്‍സി (ഹോളി ക്രോസ്സ് ഹസാരിബാഗ്), ലീലാമ്മ ജോസഫ്, സിസ്റ്റര്‍ ശോഭിത (എസ് വി എം കോട്ടയം) , ജിജി വരിക്കാശ്ശേരി (ബര്‍മിംഗ്ഹാം യുകെ), ലാന്‍സ് വരിക്കാശ്ശേരി (മെല്‍ബണ്‍ ആസ്ട്രേലിയ).
പൊതുദർശനം ക്രമീകരിച്ചിരിക്കുന്ന പള്ളിയുടെ വിലാസം
HOLY CROSS CATHOLIC CHURCH, B 71 3LA
മൃതസംസ്കാര ശുശ്രൂഷകൾ നടക്കുന്ന ക്രിമിറ്റോറിയത്തിന്റെ വിലാസം
STREETLY CREMATORIUM, LITTLE HARDWICK ROAD, WS9 0SG
പൊതുദർശനത്തിനും ആദരാഞ്ജലികൾ അർപ്പിക്കാനും എത്തുന്നവർ പൂക്കൾ സമർപ്പിക്കുന്നതിന് പകരം വാൽസാൽ പാലിയേറ്റീവിന് സംഭാവന നൽകാനായി സിസിലി ജോയിയുടെ ബന്ധുക്കൾ സ്നേഹപൂർവ്വം അഭ്യർത്ഥിച്ചിട്ടുണ്ട്.
താഴെ കൊടുത്തിരിക്കുന്ന യൂട്യൂബിൽ ലിങ്കിൽ മൃതസംസ്കാര ശുശ്രൂഷകൾ തത്സമയം കാണാം.
വിവാദങ്ങൾ സൃഷ്ട്ടിച്ച ‘ദ് കേരള സ്റ്റോറി’ കേരളത്തിനെതിരല്ലെന്ന് സിനിമയുടെ സംവിധായകൻ സുദീപ്തോ സെൻ. സിനിമയിൽ ഒരു മതത്തേയും അവഹേളിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തെ അവഹേളിക്കുന്ന ഒരു പരാമർശം പോലും സിനിമയിൽ ഇല്ല. ഭീകരതയ്ക്കെതിരെ മാത്രമാണ് പരാമർശം. ചിത്രത്തിൻെറ ട്രെയ്‌ലർ റിലീസ് ചെയ്‌തതിന് പിന്നാലെയാണ് സംവിധായകൻ മാധ്യമങ്ങളോട് സംസാരിച്ചത്. സിനിമയ്ക്കായി ബിജെപിയുടെയോ കേന്ദ്ര സർക്കാരിന്റെയോ ഫണ്ട് സ്വീകരിച്ചിട്ടില്ല എന്നും രാഷ്ട്രീയ താൽപര്യങ്ങൾക്ക് വേണ്ടിയല്ല സിനിമ തയാറാക്കിയതെന്നും സുദീപ്തോ സെൻ പറഞ്ഞു.
ചിത്രത്തതിൽ ലൗ ജിഹാദ് എന്ന പരാമർശമില്ലെന്നും രണയം നടിച്ച് പെൺകുട്ടികളെ ചതിയിൽ പെടുത്തുന്നത് മാത്രമാണ് പരാമർശിക്കുന്നതെന്നും സംവിധായകൻ പറഞ്ഞു. മതപരിവർത്തനത്തിലൂടെ രാജ്യംവിട്ട 32,000 പെൺകുട്ടികളുടെ കണക്കിൽ താൻ ഉറച്ചുനിൽക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സിനിമയ്ക്കായി താൻ 7 വർഷം ഗവേഷണം നടത്തി. സെൻസർ ബോർഡ് 2 മാസം സിനിമ പരിശോധിച്ച ശേഷമാണ് പ്രദർശനാനുമതി നൽകിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കിടപ്പുരോഗിയായ വയോധികയെ വീടുകയറിയാക്രമിച്ച് പരിക്കേല്‍പ്പിച്ചു സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ അയല്‍വാസിയായ സ്ത്രീ അറസ്റ്റില്‍. ചമ്പക്കുളം പുന്നക്കുന്നത്തുശ്ശേരി ചാലുമാട്ടുതറ വീട്ടില്‍ അമ്മിണിഗോപി(67)യെയാണ് വെട്ടിപ്പരിക്കേല്‍പ്പിച്ച് ആഭരണങ്ങള്‍ കവര്‍ന്നത്. അയല്‍വാസിയായ കുറ്റിച്ചിറ വീട്ടില്‍ മേഴ്സിയെ(58)യാണ് പുളിങ്കുന്ന് പോലീസ് അറസ്റ്റുചെയ്തത്.
വെള്ളിയാഴ്ച വൈകുന്നേരം മറ്റാരുമില്ലാതിരുന്ന സമയത്ത് അമ്മിണിയുടെ വീട്ടിലെത്തിയ മേഴ്സി ആഭരണങ്ങള്‍ കവരുകയായിരുന്നു. വയോധിക തടയാന്‍ ശ്രമിച്ചപ്പോള്‍ വെട്ടിപ്പരിക്കേല്‍പ്പിച്ച് ആഭരണങ്ങളുമായി കടക്കുകയായിരുന്നുന്നെന്ന് പുളിങ്കുന്ന് പോലീസ് പറഞ്ഞു. ഇവരുടെ തലയിലും മുഖത്തിന്റെ വിവിധ ഭാഗങ്ങളിലുമായി പത്തിലധികം മുറിവുകളുണ്ടെന്ന് മകന്‍ മനോജ് പറഞ്ഞു.
അയല്‍വാസികളാണ് അമ്മിണി മുറിവേറ്റു കിടക്കുന്നതുകണ്ടത്. ഇവരെ പുളിങ്കുന്ന് താലൂക്കാശുപത്രിയിലും തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. മാല, മൂന്നു വള, കമ്മല്‍ എന്നിവയാണ് കവര്‍ന്നത്. കിടപ്പുരോഗിയായ അമ്മിണിക്ക് സംസാരിക്കാനും ബുദ്ധിമുട്ടുണ്ട്.
സാമ്പത്തികബാധ്യതയാണ് മോഷണത്തിനു പ്രേരിപ്പിച്ചതെന്നു മേഴ്‌സി പറഞ്ഞതായി പോലീസ് പറഞ്ഞു. എന്നാല്‍, മറ്റൊരാള്‍കൂടി സംഭവസമയത്ത് മേഴ്‌സിക്കൊപ്പമുണ്ടായിരുന്നതായി വിവരംലഭിച്ചെന്നു ബന്ധുക്കള്‍ പറയുന്നു.
മറുനാടന്‍ തൊഴിലാളി പ്രണയംനടിച്ച് തട്ടിക്കൊണ്ടുപോയ ഇടുക്കി സ്വദേശിനിയായ 15-കാരിയെ പോലീസ് സംഘം കണ്ടെത്തിയത് പശ്ചിമബംഗാളിലെ അതിര്‍ത്തിഗ്രാമത്തില്‍നിന്ന്. ഏപ്രില്‍ 22-ന് അര്‍ധരാത്രി ഇടുക്കിയിലെ തൊടുപുഴയില്‍നിന്ന് കാണാതായ പത്താംക്ലാസ് വിദ്യാര്‍ഥിനിയെയാണ് ദിവസങ്ങള്‍ക്കുള്ളില്‍ ബംഗാളില്‍നിന്ന് കണ്ടെത്തി നാട്ടിലെത്തിച്ചത്. മറുനാടന്‍ തൊഴിലാളിയായ പ്രതിയുടെ സ്വദേശവും വിലാസവുമെല്ലാം തിരിച്ചറിഞ്ഞ് ഇടുക്കി ജില്ലാ പോലീസ് നടത്തിയ ദ്രുതഗതിയിലുള്ള നീക്കത്തിലൂടെയാണ് 15-കാരിയെ സുരക്ഷിതയായി നാട്ടിലെത്തിക്കാന്‍ കഴിഞ്ഞത്. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ പശ്ചിമബംഗാള്‍ മൂര്‍ഷിദാബാദ് സ്വദേശി സുഹൈലി(23)നെയും പോലീസ് അറസ്റ്റ് ചെയ്ത് നാട്ടിലെത്തിച്ചു. ഇയാളെ പിന്നീട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
ഏപ്രില്‍ 22-ാം തീയതി രാത്രിയാണ് പത്താംക്ലാസ് വിദ്യാര്‍ഥിനിയെ കാണാനില്ലെന്ന് പറഞ്ഞ് വീട്ടുകാര്‍ തൊടുപുഴ പോലീസില്‍ പരാതി നല്‍കിയത്. പരാതി ലഭിച്ചയുടന്‍ തൊടുപുഴ എസ്.ഐ. അജയകുമാറും സംഘവും എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
ഉപയോഗിച്ചിരുന്ന മൊബൈല്‍ഫോണ്‍ വീട്ടില്‍തന്നെ ഉപേക്ഷിച്ചാണ് പെണ്‍കുട്ടി യുവാവിനൊപ്പം കടന്നുകളഞ്ഞിരുന്നത്. ഫോണ്‍ കേന്ദ്രീകരിച്ച് പോലീസ് സംഘം പിന്തുടരുന്നത് ഒഴിവാക്കാനായായിരുന്നു പെണ്‍കുട്ടിയുടെ മൊബൈല്‍ഫോണ്‍ സ്വന്തം വീട്ടില്‍തന്നെ ഉപേക്ഷിച്ചത്. എന്നാല്‍ ഫോണിലെ വിവരങ്ങള്‍ പോലീസ് വിശദമായി പരിശോധിച്ചു. ഈ പരിശോധനയിലാണ് ഒരു നമ്പറില്‍നിന്ന് പതിവായി ഫോണ്‍കോളുകള്‍ വന്നിരുന്നതായി കണ്ടെത്തിയത്. ഈ നമ്പര്‍ ആരുടേതാണെന്ന് തിരിച്ചറിയാനായിരുന്നു പോലീസിന്റെ ശ്രമം. സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ തൊടുപുഴയില്‍ താമസിക്കുന്ന മറുനാടന്‍ തൊഴിലാളിയായ സുഹൈലിന്റെ നമ്പറാണിതെന്ന് വ്യക്തമായി. 23-ാം തീയതി പുലര്‍ച്ചെയോടെ പെരുമ്പാവൂരില്‍വെച്ച് നമ്പര്‍ സ്വിച്ച് ഓഫ് ആയതായും കണ്ടെത്തി. ഇതോടെ സുഹൈല്‍ താമസിച്ചിരുന്ന സ്ഥലത്തെത്തി പോലീസ് വിവരങ്ങള്‍ ശേഖരിച്ചു. ഇയാള്‍ക്കൊപ്പം താമസിച്ചിരുന്നവരെയെല്ലാം ചോദ്യംചെയ്തു. ഇവരില്‍നിന്ന് ഇയാള്‍ എങ്ങോട്ടാണ് പോയതെന്ന വിവരങ്ങളൊന്നും ലഭിച്ചില്ല. ഇതോടെ പ്രതിയുടെ നാട്ടില്‍ പോയി അന്വേഷണം നടത്താന്‍ പോലീസ് തീരുമാനിക്കുകയായിരുന്നു. ഇടുക്കി എസ്.പി. കുര്യാക്കോസ്, തൊടുപുഴ ഡിവൈ.എസ്.പി. എം.ആര്‍. മധുബാബു എന്നിവര്‍ ഈ അന്വേഷണത്തിന് മേല്‍നോട്ടം വഹിച്ചു. ബംഗാളിലേക്ക് പോലീസ് സംഘത്തെ അയക്കാന്‍ തീരുമാനമെടുക്കുകയും ചെയ്തു.
എസ്.ഐ. ജി.അജയകുമാര്‍, എ.എസ്.ഐ. സലീം, സി.പി.ഒ.മാരായ വിജയാനന്ദ്,ഹരീഷ് ബാബു, നീതുകൃഷ്ണ എന്നിവരടങ്ങിയ സംഘമാണ് മറുനാടന്‍ തൊഴിലാളിയെയും പെണ്‍കുട്ടിയെയും കണ്ടെത്താനായി ബംഗാളിലേക്ക് യാത്രതിരിച്ചത്. കേസിന്റെ ഗൗരവം കണക്കിലെടുത്തും ഒട്ടുംസമയം പാഴാക്കാനില്ലാത്തതിനാലും വിമാനത്തിലായിരുന്നു യാത്ര. കൊച്ചിയില്‍നിന്ന് വിമാനം കയറിയ പോലീസ് സംഘം കൊല്‍ക്കത്തയിലെത്തി. അവിടെനിന്ന് ഏഴുമണിക്കൂറോളം യാത്രചെയ്ത് മൂര്‍ഷിദാബാദിലെ ഡോങ്കോളിലും. തുടര്‍ന്ന് ഡോങ്കോള്‍ പോലീസിന്റെ സഹായംതേടി. നേരത്തെ ശേഖരിച്ചവിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ ഉള്‍നാടന്‍ ഗ്രാമത്തിലുള്ള പ്രതിയുടെ വീടും മറ്റുവിവരങ്ങളും കണ്ടെത്തി. തുടര്‍ന്ന് ഇവിടം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ സുഹൈലിന്റെ ഒരു ബന്ധുവീട്ടില്‍നിന്നാണ് പോലീസ് സംഘം പെണ്‍കുട്ടിയെ കണ്ടെത്തിയത്. പരിസരപ്രദേശത്തുണ്ടായിരുന്ന പ്രതിയെയും മണിക്കൂറുകള്‍ക്കുള്ളില്‍ കസ്റ്റഡിയിലെടുത്തു.
തൊടുപുഴയില്‍നിന്ന് പെണ്‍കുട്ടിയുമായി കടന്നുകളഞ്ഞ പ്രതി ട്രെയിന്‍ മാര്‍ഗമാണ് മൂര്‍ഷിദാബാദിലെ വീട്ടിലെത്തിയത്. പ്രതിയും പെണ്‍കുട്ടിയും മൂര്‍ഷിദബാദില്‍ ട്രെയിനിറങ്ങിയ അതേസമയത്ത് കൊച്ചിയില്‍നിന്ന് യാത്രതിരിച്ച പോലീസ് സംഘം കൊല്‍ക്കത്തയില്‍ എത്തിയിരുന്നു. വിമാനമാര്‍ഗം അതിവേഗം പോലീസ് സംഘം മൂര്‍ഷിദാബാദില്‍ എത്തുമെന്ന് പ്രതി ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ഇതോടെ പെണ്‍കുട്ടിയുമായി മറ്റൊരിടത്തേക്ക് കടക്കാനുള്ള ശ്രമവും വിഫലമാവുകയായിരുന്നു.
പ്രതിയും പെണ്‍കുട്ടിയും ബംഗാളിലെത്തിയ സമയത്തുതന്നെ പോലീസ് സംഘത്തിനും അവിടെ എത്താന്‍ കഴിഞ്ഞതാണ് കേസില്‍ നിര്‍ണായകമായത്. പ്രതി നേരത്തെ ഉപയോഗിച്ചിരുന്ന സിംകാര്‍ഡ് പെരുമ്പാവൂരില്‍വെച്ച് സ്വിച്ച് ഓഫ് ആയത് അന്വേഷണത്തില്‍ വെല്ലുവിളിയായിരുന്നു. ഇവിടംമുതല്‍ പുതിയ സിംകാര്‍ഡാണ് പ്രതി ഉപയോഗിച്ചിരുന്നത്. അതിനാല്‍ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം വഴിമുട്ടി. ഇതോടെയാണ് പ്രതി പെണ്‍കുട്ടിയുമായി ബംഗാളിലേക്ക് കടന്നിരിക്കാമെന്ന നിഗമനത്തില്‍ അവിടെയെത്തി അന്വേഷണം നടത്താന്‍ പോലീസ് സംഘം തീരുമാനിച്ചത്. ബംഗാളിലെ ഡോങ്കോള്‍ പോലീസും അന്വേഷണത്തില്‍ സഹായിച്ചു. പ്രാദേശികമായ സഹായമില്ലാതെ ഒരിക്കലും ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ പോയി അന്വേഷണം നടത്താന്‍ പോലീസ് സംഘത്തിന് കഴിയുമായിരുന്നില്ല. എന്നാല്‍ ഡോങ്കോള്‍ പോലീസ് ഇതിനുവേണ്ട എല്ലാസഹായവും നല്‍കിയതോടെ മണിക്കൂറുകള്‍ക്കുള്ളില്‍ പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു.
വിവാഹിതനായ പ്രതി പ്രണയം നടിച്ചാണ് പെണ്‍കുട്ടിയെ വശീകരിച്ചതെന്നാണ് പോലീസ് പറയുന്നത്. ബംഗാളില്‍ ഇയാള്‍ക്ക് ഭാര്യയും കുട്ടികളും ഉണ്ടെങ്കിലും വേര്‍പിരിഞ്ഞായിരുന്നു താമസം. ഇക്കാര്യങ്ങളെല്ലാം മറച്ചുവെച്ചാണ് പത്താംക്ലാസ് വിദ്യാര്‍ഥിനിയെ പ്രണയം നടിച്ച് വശീകരിച്ചത്. തൊടുപുഴയില്‍ പെണ്‍കുട്ടിയുടെ വീടിനടുത്തായിരുന്നു സുഹൈലിന്റെ ജോലിയും താമസവും. ഇവിടെവെച്ചാണ് പെണ്‍കുട്ടിയുമായി അടുപ്പം സ്ഥാപിച്ചത്. മൊബൈല്‍ഫോണ്‍ വഴിയും ബന്ധം തുടര്‍ന്നു. ഹിന്ദിയിലായിരുന്നു ഇരുവരും തമ്മില്‍ ആശയവിനിമയം നടത്തിയിരുന്നതെന്നും പോലീസ് പറഞ്ഞു.
അന്വേഷണസംഘം എത്താന്‍ വൈകിയിരുന്നെങ്കില്‍ പെണ്‍കുട്ടിയുമായി പ്രതി ബംഗ്ലാദേശിലേക്ക് കടക്കാനും സാധ്യതയുണ്ടായിരുന്നതായാണ് പോലീസ് പറയുന്നത്. സുഹൈലിന്റെ ഒരു സഹോദരിയെ വിവാഹം കഴിച്ചയച്ചിരിക്കുന്നത് ബംഗ്ലാദേശിലാക്കാണ്. അതിര്‍ത്തിഗ്രാമങ്ങളിലുള്ളവര്‍ക്ക് ആധാര്‍ ഉള്‍പ്പെടെയുള്ള രേഖകള്‍ ഹാജരാക്കിയാല്‍ വെള്ളിയാഴ്ച ദിവസം ബംഗ്ലാദേശില്‍ പോയിവരാന്‍ അനുമതിയുണ്ട്. ഈ മാര്‍ഗം ഉപയോഗപ്പെടുത്തി പെണ്‍കുട്ടിയുമായി ബംഗ്ലാദേശിലേക്ക് കടക്കാനായിരുന്നു പ്രതിയുടെ പദ്ധതി. എന്നാല്‍ ഇത്രയുംവേഗം പോലീസ് സംഘം പെണ്‍കുട്ടിയെ തിരഞ്ഞ് ഗ്രാമത്തില്‍ എത്തുമെന്ന് ഇയാള്‍ ഒരിക്കലും കരുതിയിരുന്നില്ല.
കസ്റ്റഡിയിലെടുത്ത പ്രതിയെ ഡോങ്കോള്‍ സ്‌റ്റേഷനിലാണ് ആദ്യം എത്തിച്ചത്. പിറ്റേദിവസം ബെര്‍ഹാംപുര്‍ കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ വാങ്ങി വിമാനമാര്‍ഗം കേരളത്തിലേക്കും കൊണ്ടുവന്നു. പെണ്‍കുട്ടിയെ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്ക് മുന്‍പാകെ ഹാജരാക്കി. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. നിലവില്‍ തട്ടിക്കൊണ്ടുപോയതിന് മാത്രമാണ് പ്രതിക്കെതിരേ കേസെടുത്തിരിക്കുന്നതെന്നും പോലീസ് പറഞ്ഞു.
ഇടുക്കി എസ്.പി. കുര്യാക്കോസ്, തൊടുപുഴ ഡിവൈ.എസ്.പി. എം.ആര്‍.മധുബാബു എന്നിവരുടെ മേല്‍നോട്ടത്തില്‍ എസ്.ഐ. ജി.അജയകുമാര്‍, എ.എസ്.ഐ. സലീം, സി.പി.ഒ.മാരായ വിജയാനന്ദ്,ഹരീഷ് ബാബു, നീതുകൃഷ്ണ എന്നിവരടങ്ങിയ സംഘമാണ് പെണ്‍കുട്ടിയെ മോചിപ്പിക്കുകയും പ്രതിയെ പിടികൂടുകയും ചെയ്തത്. പോലീസിന്റെ സൈബര്‍സെല്‍ വിഭാഗവും അന്വേഷണത്തില്‍ സഹായിച്ചു.
മൂന്നരവയസ്സുകാരിയോട് ലൈംഗികാതിക്രമം കാട്ടിയെന്ന കേസില്‍ യുവാവ് പിടിയില്‍. തിരുമുല്ലവാരം ഓടപ്പുറം, ടി.സി.ആര്‍.എ. 22-ല്‍ രാഹുലാ(22)ണ് കൊല്ലം വെസ്റ്റ് പോലീസിന്റെ പിടിയിലായത്. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
കുട്ടി വീട്ടുകാരോടു വിവരങ്ങള്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ സി.ഡബ്ല്യു.സി.ക്ക് പരാതി നല്‍കുകയും തുടര്‍ന്ന് കൊല്ലം വെസ്റ്റ് പോലീസ് സ്റ്റേഷനിലേക്ക് കേസ് കൈമാറുകയുമായിരുന്നു. ഇന്‍സ്‌പെക്ടര്‍ ഷെഫീക്കിന്റെ നേതൃത്വത്തില്‍ എസ്.ഐ. വി.അനീഷ്, സി.പി.ഒ. രമാഭായ്, ദീപുദാസ്, പ്രമോദ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
പരിയാരം ഗവൺമെൻറ് മെഡിക്കൽ കോളേജിലെ നേഴ്സ് രമ്യ (36) വാഹനാപകടത്തിൽ മരിച്ചു . ഡ്യൂട്ടി കഴിഞ്ഞ് വായാട്ടുപറമ്പിലെ വീട്ടിലേക്ക് നടന്നു പോകുന്നതിനിടെ അമിതവേഗത്തിൽ എത്തിയ കാർ രമ്യയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല . കണ്ണൂർ റൂറൽ എസ്പി ഓഫീസിലെ ജീവനക്കാരൻ ബിജുവിന്റെ ഭാര്യയാണ് മരിച്ച രമ്യ . പരിയാരം ഗവൺമെൻറ് മെഡിക്കൽ കോളേജിലെ പോസ്റ്റ്മോർട്ടത്തിനുശേഷം നാളെ മൃതദേഹം സംസ്കരിക്കും.
രമ്യയുടെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
റജി വർക്കി
കുറെ നാളുകൾക്കു ശേഷം അവധിക്കു നാട്ടിൽ വന്നതാണ്.ഇപ്രാവശ്യത്തെ വരവിനു മറ്റൊരു കാരണം കൂടിയുണ്ട്. കല്യാണം.
കുറച്ചധികം മനോവിഷമം തന്നെങ്കിലും, കുറച്ചധികം താമസിച്ചെങ്കിലും അവസാനം അക്കാര്യത്തിൽ ഒരു തീരുമാനമായി.
വീട്ടിലിരുന്നു മടുത്തപ്പോൾ വെറുതെ പുറത്തേക്കിറങ്ങി.
ധനുമാസത്തിലെ സൂര്യനു ഒട്ടൊക്കെ ചൂടുണ്ടെങ്കിലും നല്ല തണുപ്പും ഉണ്ട്. തറവാട്ടു വീട്ടിലേക്കൊന്നു പോകാം. കുറെ നാളായി അങ്ങോട്ടൊക്കെ പോയിട്ട്. കഴിഞ്ഞ പ്രാവശ്യം വന്നപ്പോഴും അങ്ങോട്ടു ഒന്ന് കയറാൻ പറ്റിയില്ല. അതിന്റെ പരിഭവം പറഞ്ഞു തീർക്കുകയും ചെയ്യാം. നാട്ടുവഴിയിലൂടെ പോയാൽ കുറച്ചു ദൂരമേയുള്ളൂ, നടന്നുതന്നെ പോകാം.
നാട്ടുവഴിയിലൂടെ പാടത്തിനടുത്തേക്കു നടന്നു
പാടത്തേക്കുള്ള ഒതുക്കു കല്ലുകൾ ഇറങ്ങുമ്പോൾ എതിരെ ശ്രീധരൻ പിള്ളച്ചേട്ടൻ വരുന്നു. ഈ മനുഷ്യന് പ്രായമാകുന്നേയില്ല എന്നു തോന്നുന്നു. എന്റെ ചെറുപ്പത്തിൽ കാണുമ്പോഴും ഇങ്ങനെതന്നെ ഇരിക്കുകയായിരുന്നു. നല്ല അധ്വാനിയാണ്, നല്ല മനുഷ്യനുമാണ്.
“എന്താ പിള്ളച്ചേട്ടാ, കൃഷി ഒക്കെ ഇപ്പോഴുമുണ്ടോ?.. ” ഒരു കുശലാന്വേഷണം.
“ഇല്ല മോനെ ആരുമിപ്പോൾ കൃഷിയൊന്നും ചെയ്യുന്നില്ല. ഞാനായിട്ട് മാത്രം ചെയ്താൽ അത് ആരുടെയേലും ഒക്കെ പശു വന്നു തിന്നിട്ട് പോകും.. പണ്ടുമുതലേ ഇതൊരു ശീലം ആയിപ്പോയി അതുകൊണ്ട് ഇടയ്ക്കു ഒന്ന് വന്നുപോകും. അത്രതന്നെ!..”
പതിവ് ചോദ്യങ്ങളൊക്കെ ചോദിച്ചു പിള്ളച്ചേട്ടൻ നടന്നകന്നു.
പോകുന്നതിനു മുമ്പ് ഒരു കാര്യം കൂടി പറഞ്ഞു.
“വെട്ടും കിളയുമൊന്നും ഇല്ലാത്തതുകൊണ്ട് കണ്ടത്തിൻ വരമ്പിലോക്കെ കുളയട്ട ഉണ്ട് സൂക്ഷിക്കണം.”
എന്തിനാണോ ഞാൻ ഈ കണ്ടത്തിൻവരമ്പിലൂടെ പോകാൻ തീരുമാനിച്ചത്?
ആവോ ആര്ക്കറിയാം… അങ്ങനെ തോന്നി.
മുമ്പിൽ ഒരു ചെറിയ തോട് വന്നു. പണ്ട് ഞാൻ ഈ തോട് അങ്ങോട്ടും ഇങ്ങോട്ടും ചാടിക്കടന്നിരുന്നതാണ്. ചാടിക്കടന്നാലോ? ഇപ്പൊൾ വേണ്ട. കുറെ പെണ്ണുങ്ങൾ അപ്പുറത്തെ കടവിലുണ്ട്. എങ്ങാനും വീണാലോ?. ചാടാനുള്ള എന്റെ ആഗ്രഹം ഞാൻ അടക്കി.
കുറെക്കാലം കമ്പ്യുട്ടറിന്റെ മുമ്പിൽ ഇരുന്നിരുന്നു ശരീരം പച്ചക്കറി പോലെയായി.
തോട് ഇറങ്ങിക്കടന്നു മുന്നോട്ട് നടന്നു.
ആരാ ആ നില്ക്കുന്നത്. മറിയച്ചേടത്തി അല്ലയോ ?
എന്റെ ചെറുപ്പത്തിലെ കുസൃതിയും കുന്നായ്മയും ഒക്കെ അപ്പനോട് പറഞ്ഞു കൊടുത്തു കൃത്യമായി അടി വാങ്ങിത്തന്നിരുന്ന, നാട്ടിലെ അറിയപ്പെടുന്ന ഒരു പാഷാണത്തിൽ കൃമി ആണ് കക്ഷി! എന്തെങ്കിലും ഒരു യോഗം ഒക്കെ അടിച്ചു പിരിയണമെങ്കിൽ ഈ ചേടത്തിയെ അങ്ങോട്ട് വിട്ടാൽ മതി! പലപ്പോഴും ഞങ്ങൾ പിള്ളേർ പറയാറുണ്ട്, ആയമ്മ കാരണം ആണ് ചുറ്റുവട്ടത്തൊക്കെ സ്ഥലത്തിന് വില കൂടിയപ്പോഴും നമ്മുടെ പനക്കീഴ് മാത്രം വില കൂടാത്തത് എന്ന്. അമ്മാതിരി ഒരു സാധനം ആണ് കക്ഷി.
നമുക്കിട്ടു നല്ല എട്ടിന്റെയോ പതിനാറിന്റെയോ പണി പണിതിട്ട് ചേട്ടത്തിയുടെ ഒരു ചിരി ഉണ്ട്. നമ്മളെ ഒരുമാതിരി ആക്കിയ പോലെ.
എന്നെ കണ്ടോ ആവോ? കാണാത്ത മട്ടിൽ ഞാൻ നടന്നു. മൂപ്പത്തിയാർക്കു പണ്ടേപോലെ കണ്ണ് പിടിക്കുന്നില്ല എന്ന് തോന്നുന്നു. കണ്ടിരുന്നേൽ എന്നെ വലിച്ചുകീറി അടുത്തെങ്ങും ഭിത്തി ഇല്ലാത്തത് കൊണ്ട് വല്ല മരത്തിലും ഒട്ടിച്ചേനെ!
പണ്ട് എനിക്ക് സ്ഥിരം അടി വാങ്ങിത്തരാറുള്ള ചേടത്തിയുടെ കണ്‍വെട്ടത്തു നിന്നും ഞാൻ മാറി നടന്നു. ഇപ്പോൾ അടി തരാൻ ആരും ഇല്ലേലും.
പാടത്തിന്റെ അതിരിലുള്ള വലിയ തോട് കടന്നു ഞാൻ രാഘവേട്ടന്റെ പറമ്പിലേക്കെത്തി. അതുവഴി പോയാൽ പെട്ടെന്ന് മെയിൻ റോഡിലേക്ക് എത്താം. സന്ധ്യയാകുന്നു ഞാൻ നടപ്പിനു വേഗം കൂട്ടി. തറവാട്ടിൽ ചെന്നിട്ടു തിരിച്ചു വരേണ്ടതാണ്.
കാലിൽ എന്തോ ഉടക്കി. ഒരു ചെറിയ തെറ്റിച്ചെടി. ഇതാരാ ഇവിടെ തെറ്റിച്ചെടി വച്ചത്?
ഒരു നിമിഷം മനസ് കുറേക്കാലം പുറകിലേക്ക് പോയി. ഇവിടെയല്ലേ ദിവ്യയെ ദഹിപ്പിച്ചത്. ഇവിടെയല്ലെ എന്റെ ആദ്യപ്രണയിനി ഒരുപിടി ചാരം ആയി മാറിയത്? അതെ ഇവിടെത്തന്നെയാണ്. അത് ഞാൻ മറക്കാൻ പാടില്ലാത്തതായിരുന്നു. ഒരു നൊമ്പരപ്പൂവായി ഇന്നും എന്റെ മനസിലുള്ള എന്റെ കളിക്കൂട്ടുകാരി.
ദിവ്യ, രാഘവേട്ടന്റെ മൂന്നു പെണ്മക്കളിൽ മൂത്ത ആളാണ്. എന്റെ ചെറുപ്പത്തിൽ ഞാൻ കണ്ടിട്ടുള്ള ഏറ്റവും സുന്ദരി ആയ ഒരു പെണ്‍കുട്ടി ആയിരുന്നു ദിവ്യ. ഒരു പൂമ്പാറ്റയെ കാണുമ്പോൾ, ഒരു നല്ല പൂവ് കാണുമ്പോൾ ഇപ്പോഴും എന്റെ മനസ്സിൽ ദിവ്യ കടന്നു വരുന്നുണ്ടെങ്കിൽ എത്ര സുന്ദരി ആയിരുന്നു അവൾ എന്ന് പറയേണ്ടതില്ലല്ലോ.
ഞങ്ങൾ കുട്ടികളുടെ എല്ലാം ഇടയിലൂടെ സുഗന്ധവാഹിനിയായ ഒരു പൂമ്പാറ്റയെപ്പോലെ അവൾ പാറി നടന്നിരുന്നു!
എഴുത്തുപനയോലത്തുണ്ടുകളും ആയി ആശാൻ പള്ളിക്കൂടത്തിലേക്ക്, പോകുമ്പോൾ മുതൽ എനിക്കവളെ ഇഷ്ടമായിരുന്നു.
ഉച്ചാരണം ശരിയാകാഞ്ഞതിന് എഴുത്താണിത്തുമ്പ് ചേർത്ത്, ആശാൻ അവളുടെ തോളിൽ നുള്ളിയത്, പട്ടുടുപ്പിന്റെ കൈ ഞൊറിഞ്ഞു കയറ്റി എന്നെ കാണിച്ചു തന്നത്.
രണ്ടാംക്ലാസിൽ പഠിക്കുമ്പോൾ ഞാൻ എന്റെ കൂട്ടുകാരോടെല്ലാം പറയുമായിരുന്നു ഞാൻ വലുതാവുമ്പോൾ ദിവ്യയെ കല്യാണം കഴിക്കും എന്ന്! അവന്മാർ അത് ചെന്ന് ടീച്ചറോട് പറഞ്ഞപ്പോൾ, ടീച്ചർ എന്നെ വിളിച്ചു ചോദിച്ചപ്പോൾ – ഞാൻ അത് തീർത്തു പറഞ്ഞു: ഞാൻ അവളെ കെട്ടുമെന്ന്! അന്നവരെല്ലാം കൂടി എന്നെ കളിയാക്കി വിട്ടതൊക്കെ ഇപ്പോൾ ഓർക്കുമ്പോൾ… എത്ര ലാഘവം ആയിരുന്നു അന്നത്തെ ആ ചിന്തകൾക്ക്… തിരിച്ചു കിട്ടാത്ത സുന്ദരമായ, നൈർമല്യം ഉള്ള കുട്ടിക്കാലം.
ഞങ്ങൾ ഒരുമിച്ചു തൊടിയിൽ ഓടിക്കളിച്ചിരുന്നതും തോട്ടിൽ നിന്ന് ചെറുമീനുകളെ പിടിച്ചിരുന്നതും ഓണത്തുമ്പിയുടെ പുറകെ ഓടിയിരുന്നതും എല്ലാം ഇന്നലെ കഴിഞ്ഞത് പോലെ എന്റെ മനസ്സിൽ ഉണ്ട്. ശ്ലഥചിത്രങ്ങൾ.
വളർന്നു വന്നപ്പോൾ അവളുടെ സൗന്ദര്യം ഇരട്ടിക്കുകയായിരുന്നു ചെയ്തത്. അപ്പോഴേക്കും കാലം ഞങ്ങളുടെ ചിന്തകൾക്കും കുസൃതികൾക്കുമൊക്കെ ഒരുപാടു വിലക്കുകൾ തീർത്തിരുന്നു. അല്ലെങ്കിലും വളർച്ച പലപ്പോഴും നമ്മെ അകറ്റുകയല്ലേ ചെയ്യുന്നത്. പ്രത്യേകിച്ചും ഒരു ആണ്‍കുട്ടിയും പെണ്‍കുട്ടിയും തമ്മിൽ ആകുമ്പോൾ.
കസവു ഞൊറിയുള്ള പാവാടയും പട്ടുടുപ്പും ഇട്ട് കയ്യിലുള്ള പുസ്തകങ്ങൾ നെഞ്ചോടു ചേർത്ത് പിടിച്ചു അവൾ നടക്കുന്നതു കാണാൻ, എന്നാൽ മറ്റെന്തോ കാര്യത്തിന് വന്നപോലെ ഒരാളും വരാനില്ലാത്ത ആ അമ്പലമുറ്റത്തുള്ള ചെമ്പകച്ചോട്ടിൽ ഞാനവളെയും കാത്തു നിന്നിട്ടുണ്ട്. എത്രയോ നാളുകളിൽ.
ഒപ്പം നടക്കാൻ, ഒന്ന് മിണ്ടാൻ കൊതിച്ച നാളുകൾ…. എന്നും വൈകിട്ട് അവൾ ആ അമ്പലത്തിൽ സന്ധ്യാദീപം തെളിയിക്കാൻ വരാറുണ്ട്. ചെറുപ്പത്തിൽ ഞാനും അവിടെ അവൾക്കൊപ്പം വന്നിട്ടുണ്ട്. പക്ഷെ മുതിർന്നപ്പോൾ എന്തോ വിലക്ക്.
“ഈ നസ്രാണി എന്ത് ചെയ്യുന്നു ഈ അമ്പലത്തിൽ” എന്ന് ആരോ ചോദിക്കുന്നതു പോലെ.
അന്നൊക്കെ ഞാൻ ആഗ്രഹിച്ചിട്ടുണ്ട് ദിവ്യ ഒരു ക്രിസ്ത്യാനി ആയിരുന്നെങ്കിലെന്ന്.
കരിയിലക്കുരുവികൾ കിന്നാരം പറയുമ്പോലെ, കൊലുസിന്റെ കിലുകില ശബ്ദം കേള്പ്പിച്ചു,പട്ടുടുപ്പും പട്ടു പാവാടയുമിട്ട് അവൾ ആ അമ്പലത്തിന്റെ പടവുകൾ ഇറങ്ങി വരുന്നത് കാണാൻ എന്ത് ശേലായിരുന്നു!
നിന്നെ എനിക്ക് ഒരുപാട് ഇഷ്ടമാണ് ദിവ്യെ എന്ന് മനസ് ഒരായിരം പ്രാവശ്യം പറയുമ്പോഴും അത് ഒരിക്കൽ പോലും അവളുടെ അടുത്ത് പറയാൻ എനിക്കായില്ല, എനിക്കെന്നല്ല അന്നാട്ടിലെ ഒരുമാതിരിപ്പെട്ട ആര്ക്കും അതിനുള്ള ധൈര്യം ഇല്ലായിരുന്നു.
അങ്ങനെ ഞങ്ങളുടെ സ്കൂൾ കാലം അവസാനിച്ചു.കാലം ഞങ്ങളെയെല്ലാം പിന്നെയും മാറ്റി. പട്ടുചേലയിൽ നിന്ന് അവൾ ഹാഫ് സാരിയിലേക്കും പിന്നീട് സാരിയിലേക്കും ഒക്കെ മാറി. അപ്പോഴെല്ലാം അവളുടെ സൗന്ദര്യം ഇരട്ടിച്ചപ്പോലെ ആണു തോന്നിയത്. എനിക്ക് പൊടിമീശ ഒക്കെ വരാൻ തുടങ്ങി. കുറേശെ ധൈര്യവും?
കോളേജിൽ അവളും കൂടെ ഉണ്ടായിരിക്കും എന്ന് കരുതി സന്തോഷിച്ചു ഇരിക്കുമ്പോഴാണ്, ഒരുനാൾ അമ്പലത്തിൽ അവളുടെ അനിയത്തി പ്രിയ തനിച്ചു വരുന്നത് കണ്ടത്.
ഞാൻ ചോദിച്ചു:
“ദിവ്യ എവിടെ?”
“ചേച്ചി കോയമ്പത്തുരിൽ പോയി. അവിടെ അപ്പച്ചിയുടെ വീട്ടില് നിന്നാണ് ഇനി പഠിക്കുന്നത്.”
അവൾ പറഞ്ഞ മറുപടി ഞാൻ കേട്ടത് നിറകണ്ണോടെ ആയിരുന്നു. എനിക്ക് മാത്രമല്ല എന്നിൽ നിന്ന് അതുകേട്ട പലർക്കും അത് വിശ്വസിക്കാനായില്ല.
പിന്നീടെപ്പോഴോ ദിവ്യയെ ഞാൻ മറന്നു തുടങ്ങി. വല്ലപ്പോഴും അവൾ നാട്ടിൽ വരുമ്പോൾ ഒന്ന് കണ്ടാലായി.
കാലം എന്ന മായജാലക്കാരനു അങ്ങനെ ചില കഴിവ് കൂടിയുണ്ട്. കനൽക്കട്ടയെ കരിക്കട്ട ആക്കാനും ശിലയെ മണ്ണാക്കി മാറ്റാനും കഴിവുള്ള മായജാലക്കാരൻ.
ഒരുനാൾ ഞാൻ ഒരു വാർത്ത കേട്ടു, എന്റെ പ്രിയപ്പെട്ട. ദിവ്യ മരിച്ചത്രെ! എനിക്കത് വിശ്വസിക്കാൻ ആയില്ല. എങ്ങനെ? എപ്പോൾ?
ഞാൻ വീട്ടില് എത്തി, കേട്ട വാർത്ത സത്യം ആയിരിക്കരുതേ എന്ന പ്രാർത്ഥനയും ആയി. എന്നാൽ വീട്ടില് എല്ലാരും അതു തന്നെ പറയുന്നതു കേട്ടപ്പോൾ, രാഘവേട്ടന്റെ വീടിനു മുൻപിലെ ആൾക്കൂട്ടം കണ്ടപ്പോൾ എനിക്ക് ആ വാർത്ത വിശ്വസിക്കാതെ പറ്റില്ലായിരുന്നു.
പിറ്റേന്ന് ദിവ്യയുടെ ചേതനയറ്റ ശരീരം രാഘവേട്ടന്റെ വീട്ടുമുറ്റത്ത് വാഴയിലയിൽ കിടത്തിയപ്പോൾ, എനിക്ക് കാണാൻ പോകാൻ തോന്നിയില്ല. കുട്ടിക്കാലം മുതൽ ഞാൻ ഇഷ്ടപ്പെട്ടിരുന്ന, ഇളം തെന്നൽ വീശുന്നപോലെ തോന്നിയിരുന്ന ആ പുഞ്ചിരിയുള്ള മുഖം എനിക്ക് മറക്കാൻ കഴിയാത്തത് കൊണ്ടായിരിക്കും. അല്ലെങ്കിൽ അത് മറക്കാൻ എനിക്കിഷ്ടമില്ലാത്ത കൊണ്ടായിരിക്കും.
കുട്ടിക്കാലത്ത് ഞങ്ങൾ ഓടിക്കളിച്ചിരുന്ന തൊടിയിൽ അവൾ ഒരുപിടി ചാരമാവുന്നത് ഞാൻ ഒട്ടു ദൂരെ നിന്ന് കണ്ണുനീർ എന്റെ കാഴ്ച്ചയെ മറയ്ക്കുവോളം കണ്ടു.
കൂടിനിന്നവർ അടക്കം പറഞ്ഞതിൽ നിന്നു ഞാൻ അറിഞ്ഞു എന്റെ കളിക്കൂട്ടുകാരി എങ്ങനെ ആണ് മരിച്ചതെന്ന്.
ദിവ്യ ഒരുനാൾ ക്ലാസ് കഴിഞ്ഞു വരുമ്പോൾ വഴിയരികിൽ കാത്ത് നിന്നിരുന്ന ഒരു ഓട്ടോറിക്ഷക്കാരൻ അവളെ… വേണ്ട, ഓർക്കണ്ട എനിക്കാ ഓർമ്മകൾ. കാലം ചിമിഴിൽ അടച്ചിരിക്കുന്ന വേദനിപ്പിക്കുന്ന ആ ഓർമ്മകൾ, ദിവ്യയുടെ എന്നും ചിരിക്കുന്ന മുഖത്തിന് പിന്നിൽ മറഞ്ഞിരിക്കട്ടെ!
ജന്മ ജന്മാന്തരങ്ങൾ സത്യം ആണെങ്കിൽ ഒരുപാടു വർണച്ചിറകുകൾ ഉള്ള ശലഭമായി എന്റെ പ്രിയ കൂട്ടുകാരി ഈ തെറ്റിച്ചെടിയുടെ അടുത്തെവിടെയെങ്കിലും ഉണ്ടാവും.
എന്റെ കണ്ണുകൾ ഈറനണിഞ്ഞിരിക്കുന്നു.
“മോനേ ” ആരോ വിളിക്കുന്നു.. തിരിഞ്ഞു നോക്കി രാഘവേട്ടൻ ആണ്.
ഞാൻ നിറകണ്ണുകളോടെ രാഘവേട്ടനെ നോക്കി.
രാഘവേട്ടന് കാര്യം മനസിലായെന്നു തോന്നുന്നു..
“എന്തിനാണ് രാഘവേട്ടാ അവളെ അത്ര ദൂരെ അയച്ചത്…” വാക്കുകൾ എവിടെയോ തങ്ങി നിൽക്കുന്നു.
ഒരു തേങ്ങലോടെ ആ മനുഷ്യൻ എന്നെ കെട്ടിപ്പിടിച്ചു.
ഞാനും കരയുക തന്നെ ആയിരുന്നു..
റജി വർക്കി : ഡിജിറ്റൽ മീഡിയ രംഗത്തു ജോലിചെയ്യുന്ന റജി, വിവിധ കഥകളും കവിതകളും എഴുതിയിട്ടുണ്ട്. ചിലതൊക്കെ മനോരമയുടെ ലിറ്ററേച്ചർ വിഭാഗത്തിൽ പ്രസിദ്ധപ്പെടുത്തിയിട്ടും ഉണ്ട്. വർഷങ്ങൾ ആയി പ്രവാസ ജീവിതം നയിക്കുന്ന റജി, തന്റെ എഴുത്തുകളിൽ പ്രവാസിയുടെ മനോഭാവം പലപ്പോഴും വരച്ചു കാട്ടാറുണ്ട്. സമയം കിട്ടുമ്പോഴൊക്കെ ബ്ലോഗുകൾ ആയും മറ്റും എഴുതി തുടങ്ങിയ റജി ഇപ്പോൾ ഇംഗ്ലണ്ട് വിൽട്ഷെയറിൽ ഉള്ള സാൾസ്ബറിയിൽ താമസിക്കുന്നു. ഭാര്യയും ഒരു മകനും ഉണ്ട്. ഭാര്യ ജിഷ വർക്കി സാൾസ്ബറി എൻ എച്ച് എസ് ഹോസ്പിറ്റലിൽ നേഴ്സ് ആണ്. മകൻ ബേസിൽ ജേക്കബ് വർക്കി.