Latest News

”കേരളം ഇഷ്ടമാണെന്നു മാത്രമല്ല, കേരളം സ്നേഹമാണെന്നും ഞാൻ പറയും”. കേരളത്തിലെ സർക്കാർ മെഡിക്കൽ കോളജുകളിൽ നിന്നു മെഡിക്കൽ പഠനം പൂർത്തിയാക്കി പത്തുവർഷത്തിനുശേഷം ഈ മാസം ഒടുവിൽ നാട്ടിലേക്കു മടങ്ങുന്ന നാഗാലാൻഡ് സ്വദേശി ഡോ. വിസാസൊ കിക്കി കേരളത്തെക്കുറിച്ച് മലയാളത്തിൽ പറയുന്നത് ഇതാണ്.

കേരളത്തിലെ ആരോഗ്യവിദ്യാഭ്യാസ രംഗത്തെ മികവിനെക്കുറിച്ചും കേരളം നൽകിയ പിന്തുണയെക്കുറിച്ചും ഡോ. വിസാസോ തന്റെ അനുഭവങ്ങൾ പങ്കുവയ്ക്കുന്ന വീഡിയോ നാഗാലാൻഡ് മന്ത്രി ജേക്കബ് ഷിമോമി പങ്കുവച്ചത് ഇതിനോടകം ലക്ഷക്കണക്കിനു പേരാണ് കണ്ടത്. വിസാസോയുടെ ‘കേരള ലവ് സ്റ്റോറി’ പറയുന്ന ‘ കേരള കോണ്രിക്കിൾസ് ഓഫ് എ നാഗാലാൻഡ് ഡോക്ടർ’ എന്ന ഹ്രസ്വവീഡിയോ തലസ്ഥാനത്തു നടക്കുന്ന കേരളീയം മഹോത്സവത്തിന്റെ ഭാഗമായി പി.ആർ.ഡിയാണ് തയാറാക്കിയത്.

നാഗാലാൻഡ് മന്ത്രിക്കു പിന്നാലെ സംസ്ഥാന തദ്ദേശ സ്വയം ഭരണവകുപ്പ് മന്ത്രി എം.ബി. രാജേഷും പങ്കുവച്ചതോടെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വൈറലാകുകയായിരുന്നു.

ഗുവാഹത്തിയിൽ വച്ചുണ്ടായ ട്രെയിൻ അപകടത്തേത്തുടർന്നു കാൽപ്പാദം മുറിച്ചുകളയേണ്ടിവന്ന ദുരന്തമേറ്റു വാങ്ങിയ എട്ടാം ക്ലാസുകാരനിൽ നിന്ന് കോഴിക്കോട് സർക്കാർ മെഡിക്കൽ കോളജിൽനിന്ന് എം.ബി.ബി.എസും തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളജിൽ നിന്ന് എം.എസും പൂർത്തിയാക്കിയ ഡോ. വിസാസൊയുടെ യാത്രയ്ക്ക് മലയാളിസ്പർശത്തിന്റെ നൂറുകഥകൾ പറയാനുണ്ട്.

2013ൽ അഖിലേന്ത്യ മെഡിക്കൽ പ്രവേശനപരീക്ഷയിൽ യോഗ്യത നേടിയ വിസാസൊയുടെ മെഡി. കോളജ് തെരഞ്ഞെടുപ്പിനെ സ്വാധീനിച്ചത് കൊഹിമയിലെ അധ്യാപകരായ മലയാളി അയൽക്കാരാണ്. അങ്ങനെയാണ് കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തുന്നത്. മലയാളവുമായി വിദൂരബന്ധം ഇല്ലാതിരുന്നിട്ടും കേരളത്തിലെത്തി രണ്ടുവർഷം കൊണ്ട് മലയാളം പഠിച്ചെടുത്ത വിസാസൊ ആശുപത്രിയിലെത്തുന്ന രോഗികളോടു സംസാരിക്കുന്നതും മലയാളത്തിലാണ്. കോഴിക്കോട് ആദ്യമായി നിപ ബാധയുണ്ടായപ്പോൾ നിപ പോരാളികളിലൊരാളായി സേവനരംഗത്തുണ്ടായിരുന്നു വിസാസൊ. കൗമാരത്തുടക്കത്തിലെ ഒരു ട്രെയിൻയാത്രയ്ക്കിടെ സ്റ്റേഷനിൽ ഇറങ്ങിയ വിസാസൊ ട്രെയിൻ വിട്ടു പോകുന്നതു കണ്ടു ചാടിക്കയറിയപ്പോഴുണ്ടായ അപകടത്തിലാണു കാൽപാദം നഷ്ടമായത്. പിന്നീട് കോഴിക്കോട് മെഡിക്കൽ പഠനത്തിനു വന്നപ്പോഴാണ് മുട്ടിനുതാഴെവച്ചു വീണ്ടും ശസ്ത്രക്രിയിലൂടെ മുറിച്ചുനീക്കി കൃത്രിമ ജയ്പുർ കാൽ വച്ചുപിടിപ്പിച്ചത്. തുടർന്ന് സ്വന്തം കോളജിൽവച്ചു തന്നെ കുറച്ചുകൂടി ആയാസരഹിതമായ മറ്റൊരു പൊയ്ക്കാൽ ഘടിപ്പിച്ചു.

നന്നേ ചെറുപ്പത്തിലേ ഒറ്റക്കാലിൽ ജീവിതത്തെ വെല്ലുവിളിയോടെ നോക്കിക്കണ്ട വിസാസൊ നാട്ടിൽനിന്ന് ആയിരക്കണക്കിനു കിലോമീറ്ററുകൾ അകലെ മാറ്റിനട്ട ജീവിതത്തിൽ മറ്റൊരു വെല്ലുവിളി കൂടി അതുമുതൽ ഏറ്റെടുത്തു; ഓട്ടം. 2015ലെ കൊച്ചി മാരത്തണിൽ പങ്കെടുത്ത വിസാസൊ അതിനുശേഷം എല്ലാ മാരത്തണുകളിലും പങ്കെടുക്കുന്നുണ്ട്. ആരേയും ആശ്രയിക്കാതെ സ്വതന്ത്രനായി ജീവിക്കാനായി ഉപരിപഠനം നാട്ടിൽ നിന്ന് ഏറെ ദൂരെയാക്കിയ വിസാസൊയെ സംബന്ധിച്ച് ആ ഓട്ടം സ്വയം സ്വാതന്ത്ര്യം പ്രഖ്യാപിക്കലിന്റേയും കൂടെയാണ്.

ഒന്നു മുതൽ പത്തുവരെ സൈനിക് സ്‌കൂളിലായിരുന്നു പഠനം. ഉപരിപഠനം നീണ്ട കാലയളവ് കേരളത്തിലും; ചുരുക്കത്തിൽ എന്നും വീട്ടിൽ നിന്ന് ദൂരെ. ഇത്രനാളും വീടുവിട്ടു നിന്നുവെങ്കിലും അവസരം കിട്ടിയാൽ കേരളത്തിലേക്കു തിരിച്ചുവന്ന് ജോലി ചെയ്യുമെന്നാണ് ഡോ. വിസാസൊ പറയുന്നത്. കേരളത്തിലെ ആരോഗ്യരംഗത്തെക്കുറിച്ച് അത്രയേറെ മതിപ്പോടെയാണ് ഡോ. വിസാസൊ സംസാരിക്കുന്നത്.

ഇവിടുത്തെ പ്രാഥമികാരോഗ്യകേന്ദ്രങ്ങളുടെയും, സാമൂഹികാരോഗ്യകേന്ദ്രങ്ങളുടെയും ശൃംഖല അടക്കമുള്ളവയും റഫറൽ സംവിധാനവും ആരോഗ്യ ഇൻഷുറൻസ് കവറേജും എല്ലാം മാതൃകയാക്കണമെന്ന് ഡോ. വിസാസൊ കിക്കി പറയുന്നു.

ജോസ്‌ന സാബു സെബാസ്റ്റ്യൻ

നമ്മൾ മാതാപിതാക്കൾ ടീനേജ് കുട്ടികളുടെ കൈയ്യിൽ ഗർഭ നിരോധന ഉറകൾ വരെ കൊടുത്തു വിടേണ്ട ഒരു കാലത്താണ് നമ്മളിന്ന് ജീവിക്കുന്നത് .

ഈയിടെ ക്ലാസെടുത്തപ്പോൾ ഈ വിഷയം സംസാരിച്ചപ്പോൾ ഒരു പിതാവിന് മാത്രം അതത്ര ഇഷ്ടപ്പെട്ടില്ല .

എന്നാൽ ഞാനിങ്ങനെ പറയാൻ ചില കാരണങ്ങളുണ്ട് :

ഒന്നാമതായി നമ്മൾ പണ്ട് കണ്ടതും മനസിലാക്കിയതുമായ കാലത്തിലല്ല ഇന്ന് നമ്മുടെ കുട്ടികൾ വളർന്ന് വരുന്നത് . ഇന്ന് നമ്മുടെ സമൂഹത്തിൽ ഒട്ടേറെപ്പേർ bisexual ആണ് (അതായത് ഒരാൾക്ക് രണ്ടു തരത്തിലുമുള്ള ലിംഗക്കാരോടും തോന്നുന്ന ലൈംഗിക ആകർഷണം ) . നമ്മുടെ നാട് അതിൽ എത്രവരെയെത്തിയെന്ന് പറയാൻ കഴിയില്ല . പക്ഷെ പല വെസ്റ്റേൺ കൾച്ചറും അതേപോലെ കോപ്പിയടിക്കുന്ന നമ്മുടെ കുട്ടികളിലേക്ക് ഈ സംസ്‍കാരം വരാൻ കാലതാമസമില്ല . അതേപോലെതന്നെ നമ്മുടെ കുട്ടികളിൽ ഭൂരിപക്ഷവുമിന്ന് വെളിനാടുകളിൽ പഠിക്കാനായി പോകുന്നവരുമാണ് . അതിനാൽ തന്നെ നമ്മൾ മാതാപിതാക്കൾ ഇങ്ങനത്തെ കാര്യങ്ങൾ വളരെ നേരത്തെതന്നെ കുട്ടികളോട് തുറന്ന് പറയേണ്ടത് വളരെ ആവശ്യമാണ് .

സ്വയലിംഗ ആകർഷണം, ഇത് കൂടുതലായി കണ്ടുവരുന്നത് ആൺകുട്ടികളിലാണ് . നമ്മുടെ നാട്ടിൽ ഇപ്പോൾ ഇങ്ങനെയാണെന്ന് പറയുന്നില്ലങ്കിലും പല പാശ്ചാത്യ രാജ്യങ്ങളിലും ആൺകുട്ടികളും ആൺകുട്ടികളും തമ്മിലുള്ള ലൈംഗിക ബന്ധം വളരെ കൂടുതലാണ് . ആറുമാസകാലയളവിൽ തന്നെ 10-12 പാർട്ട്ണേഴ്‌സിനോട് വരെ ലൈംഗിക ബന്ധം പുലർ ത്തുന്ന ചെറുപ്പക്കാർ പാശ്ചാത്യരാജ്യങ്ങളിലുണ്ട് .
ഇതേ ആൺകുട്ടികൾ പിന്നീട് മറ്റു പല പെൺകുട്ടികളുമായും ലൈംഗിക ബന്ധം പുലർത്താൻ കാരണമാകുന്നവരുമാണ് .

ആൺകുട്ടികൾ തമ്മിലുള്ള ശാരീരികബന്ധം HIV ക്ക് കൂടുതൽ കാരണമാകുകയും, പിന്നീടവർ പെൺകുട്ടികളുമായുള്ള ശാരീരികബന്ധം പുലർത്തുന്നതിലൂടെ അവരിലേയ്ക്ക് പകർത്താൻ കാരണമാകുകയും ചെയ്യുന്നുവെന്നത് ഒരു ഒരു മറയില്ലാത്ത സത്യമാണ്.

ആയതിനാൽ ഇങ്ങനെയൊക്കെ നമ്മുടെ ചുറ്റും നടക്കുന്നുണ്ട് എന്ന് നമ്മുടെ കുട്ടികൾക്ക് ഒരറിവ് കൊടുക്കുകയെന്നത് ഒരമ്മയുടെ ഉത്തരവാദിത്വമാണ് . നമ്മുടെ ശരീരം നമ്മുടെ മാത്രം പ്രൈവറ്റ് ആണെന്നും , ആരെയും അതിൽ ഉൾപ്പെടുത്തരുതെന്നും പറഞ്ഞുകൊടുക്കുന്നതിനു കൂടെത്തന്നെ ഇനി ഒരു കാരണവശാൽ നീ അതിന് നിർബന്ധിതയാകുകയാണെങ്കിൽ ഗർഭനിരോധന ഉറ ഉപയോഗിക്കണമെന്നും തുറന്നു തന്നെ പറഞ്ഞു കൊടുക്കേണ്ട ഒരു കാലത്താണ് നമ്മൾ ജീവിക്കുന്നത് . ഇത് ഗർഭം തടയാൻ മാത്രമല്ല മറിച്ചു മേല്പറഞ്ഞപോലെ പലവിധ ലൈംഗിക രോഗങ്ങളിനിന്നും നമ്മുടെ കുട്ടികളെ രക്ഷിക്കാനാകും . ….

ഇന്നത്തെ കാലത്ത് കൊടുത്തു വിടുകയൊന്നും വേണ്ട അവർ വാങ്ങികൊള്ളുമെന്ന് പറയുന്നവരോട് , ഇങ്ങനത്തെ തുറന്നു പറച്ചിലുകൾ നേരത്തെ നടത്തുന്നത് അവർ അങ്ങനെയൊരു സാഹസികതയ്ക്ക് മുതിരാൻ പോലും കാരണമാകാതിരിക്കുമെന്ന് പല റിസേർച്ചും പറയുന്നു .

ഇത് പറഞ്ഞതിൽ എന്നോട് രോക്ഷം കൊണ്ടിട്ടു കാര്യമില്ല , ഇത് തുറന്നു പറയുകയെന്നത്‌ എന്റെ ഉത്തരവാദിത്വമാണ് ….
നമ്മൾ , നമ്മുടെ മക്കൾ ജീവിക്കുന്നത് വളരെ ഫേക്കായ ഒരു ലോകത്താണ് ….

ബോണ്‍മൂത്ത്: യുകെ മലയാളികള്‍ക്ക് കലാവിസ്മയത്തിന്റെ ആവേശരാവൊരുക്കി നീലാംബരി സീസണ്‍ 3. വിവിധ ഘട്ടങ്ങളിലായി നടന്ന സ്‌ക്രീനിംഗിലൂടെ തെരഞ്ഞെടുക്കപ്പെട്ട പുതുമുഖ ഗായകരും യുകെയിലെ പ്രശസ്ത കലാകാരന്മാരും അണിനിരന്ന നീലാംബരി വന്‍ജനപങ്കാളിത്തംകൊണ്ടും ഏറെ ശ്രദ്ധേയമായി.ഫേണ്‍ഡൗണിലെ ബാരിംഗ്ടണ്‍ തീയറ്ററില്‍ 2.30ന് ആരംഭിച്ച പരിപാടിയില്‍ യുകെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള അമ്പതോളം കലാകാരന്മാരാണ് പങ്കെടുത്തത്.

ചലച്ചിത്ര പിന്നണിഗാന രംഗത്തെ അതികായന്മാര്‍ക്കുള്ള ശ്രദ്ധാഞ്ജലിയോടെയായിരുന്നു തുടക്കം. തുടര്‍ന്ന് ജനപ്രിയ ഗാനങ്ങളും എവര്‍ഗ്രീന്‍ ഹിറ്റ്‌സും അടക്കം വിവിധ ഭാഷകളിലുള്ള ചലച്ചിത്രഗാനങ്ങളിലൂടെ ഗായകര്‍ നീലാംബരി വേദി സംഗീതസാന്ദ്രമാക്കി. ചലച്ചിത്രഗാനങ്ങള്‍ക്കു പുറമേ വിവിധ ഭാഷകളിലുള്ള നാടന്‍പാട്ടുകളും ശ്രോതാക്കളുടെ കൈയ്യടി നേടി.സിനിമാറ്റിക്, തീംബേസ്ഡ്, ക്ലാസിക് അടക്കമുള്ള വിവിധ നൃത്ത രൂപങ്ങളും നീലാംബരിക്ക് മാറ്റുകൂട്ടി.

ദൃശ്യം സിനിമയെ അടിസ്ഥാനമാക്കി തയ്യാറാക്കിയ സ്‌കിറ്റും വേദിയില്‍ അരങ്ങേറി. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധേയനായ കുരുന്നു പ്രതിഭ ആദില്‍ ഹുസൈന്‍ ആണ് നീലാംബരി സീസണ്‍ 3 ഉദ്ഘാടനം ചെയ്തത്. സ്റ്റീഫന്‍ ഇടിക്കുള, സംഗീത് രഞ്ചന്‍ എന്നിവര്‍ വിശിഷ്ടാതികളായിരുന്നു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഇക്കുറി കൂടുതല്‍ നിലവാരമുള്ള പരിപാടികള്‍ ഉള്‍പ്പെടുത്താനായതും കൂടുതല്‍ കുരുന്നു പ്രതിഭകള്‍ക്ക് അവസരം നൽകാനായായതും നേട്ടമായി കണക്കാക്കുന്നതായി നീലാംബരിയുടെ അമരക്കാരനായ മനോജ് മാത്രാടന്‍ പറഞ്ഞു. നീലാംബരി സീസണ്‍ ഫോറില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ക്കായുള്ള ഓഡിഷന്‍ ആരംഭിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നോർത്താംറ്റാൻ മലയാളി അസോസിയേഷന്റെ സ്ഥാപകനും നിലവിലെ പ്രസിഡന്റും. കൈരളി നോർത്താംറ്റാൻ ബ്രാഞ്ച് വൈസ് പ്രസിഡന്റും യുകെയിലെ സാംസ്കാരിക പ്രമുഖനും പൊതുപ്രവർത്തകനുമായ ശ്രീ സുരേഷ് കുമാറിന്റെ പിതാവ് നിരണം, വളഞ്ഞവട്ടം ഉണ്ടിലെത്ത് തെക്കേതിൽ ശ്രീ ഗോപാലകൃഷ്ണൻ (89 ) നിര്യാതനായി. സംസ്കാരം പിന്നീട് . ശ്രീ സുരേഷ് കുമാറിന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ മലയാളി അസോസിയേഷൻ നോർത്താമട്ടനും പങ്കുചേരുന്നു.

സുരേഷ് കുമാറിന്റെ പിതാവിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

അവയവദാനം മഹാദാനം എന്ന മഹത്തായ സന്ദേശം ഉൾകൊള്ളുകൊണ്ട് ലിമ ലിവർപൂൾ, ഡോവ്കോട്ട് ലേബർ ക്ലബ്ബിൽ വച്ച് സംഘടിപിച്ച ബ്ലഡ്‌ സ്റ്റേo സെൽ ഡോണർ രജിസ്ട്രേഷൻ ക്യാമ്പിൽ പങ്കെടുത്ത് നിരവധി നല്ലവരായ മലയാളികൾ ബ്ലഡ്‌ സ്റ്റം സെൽ ഡോണർ രജിസ്റ്റർ ചെയ്തു.

എന്താണ് “ Blood stem cell donar registration“ കൊണ്ട് ഉദ്ദേശിക്കുന്നത്?.ഏതെങ്കിലും ക്യാൻസർ രോഗിക്ക് ബ്ളഡിലെ സ്റ്റെം സെൽ ആവശ്യമായി വരുന്ന പക്ഷം അനുയോജ്യമായ ദാദാക്കളെ എത്രയും പെട്ടന്ന് കണ്ടുപിടിക്കുന്നതിനായി നമ്മുടെ വായിൽ നിന്നും സ്വാബ് കളക്റ്റ് ചെയ്ത് നമ്മുടെ ഡീറ്റയിൽസ് റിക്കാർഡ് ‌ ചെയ്ത് സൂക്ഷിക്കുന്നതാണ് ഈ പ്രോസസ്സ്.

യുകെയിലെ DKMC, Delete Cancer തുടങ്ങിയവയുമായി സഹകരിച്ചു പ്രവർത്തിക്കുന്ന Upahar എന്ന ചാരിറ്റി സംഘടനയും ആയി സഹകരിചാണ് Lima Liverpool ഈ ഇവന്റ് സംഘടിപ്പിച്ചത്.

എത്‌നിക് മൈനോറിറ്റി ഗ്രൂപ്പിലുള്ള നമുക്ക് ഇതേ മൈനോറിറ്റി ഗ്രൂപ്പിൽ ഉള്ളവരുടെ സ്റ്റെം സെൽ മാത്രമേ മാച്ച് ആവുകയുള്ളൂ. അതു തന്നെയാണ് ഇത്തരം ഒരു കാമ്പയിൻ ലിമ സംഘടിപ്പിച്ചതിന്റെ പ്രധാന ഉദ്ദേശവും.

അറിവിന്റെ ലോകത്ത് ആഗോളമലയാളി സംഗമം ഒരുക്കി കേരളീയത്തിന്റെ മെഗാ ഓൺലൈൻ ക്വിസ് . കേരളം നാളിതുവരെ നേടിയ നേട്ടങ്ങളുടെ പ്രദർശനവുമായി നവംബർ ഒന്നു മുതൽ ഏഴുവരെ തിരുവനന്തപുരം നഗരത്തിൽ സംസ്ഥാനസർക്കാർ ഒരുക്കുന്ന കേരളീയം മഹോത്സവത്തിന്റെ ഭാഗമാണ് പങ്കാളിത്തം കൊണ്ടു ചരിത്രം സൃഷ്ടിക്കാൻ ഒരുങ്ങുന്ന കേരളീയം ഓൺലൈൻ ക്വിസ് മത്സരം. ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ പങ്കെടുക്കുന്ന ക്വിസ് മത്സരമായി കേരളീയം ക്വിസിനെ മാറ്റുകയാണു സംഘാടകരുടെ ലക്ഷ്യം. മെഗാ ക്വിസിലൂടെ നാടിന്റെ അറിവുകൾ ജനങ്ങളിലേക്ക് എത്തിക്കുകയും മത്സരം ലക്ഷ്യമിടുന്നു.

പ്രായഭേദമെന്യേ ലോകത്തുള്ള എല്ലാ മലയാളികൾക്കും പങ്കെടുക്കാൻ അവസരമൊരുക്കുന്ന ഓൺലൈൻ ക്വിസ് മത്സരം ഒക്ടോബർ 19ന് ഇന്ത്യൻ സമയം വൈകിട്ട് 7.30ന് നടക്കും.ഓൺലൈൻ ക്വിസ് മത്സരത്തിലെ വിജയികൾക്ക് തിരുവനന്തപുരത്ത് ഓഫ് ലൈനായി നടക്കുന്ന ഗ്രാൻഡ് ഫിനാലെയിൽ പങ്കെടുത്ത് ഒരു ലക്ഷം രൂപ ക്യാഷ് പ്രൈസ് അടക്കമുള്ള ആകർഷകമായ സമ്മാനങ്ങൾ നേടാം. ഓൺലൈൻ ക്വിസിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ keraleeyam.kerala.gov.in എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണം. രജിസ്റ്റർ ചെയ്യുന്നവർക്ക് മോക്ക് ടെസ്റ്റിന് അവസരമുണ്ട്. വ്യക്തിഗതമായി സംഘടിപ്പിക്കുന്ന ക്വിസിൽ എല്ലാവരും ഒരേ സമയത്തായിരിക്കും മൽസരിക്കുന്നത്.

ആകെ 50 ചോദ്യങ്ങൾ അടങ്ങുന്ന ക്വിസിലെ ഓരോ ഉത്തരങ്ങൾക്കും അനുവദിക്കുന്ന സമയം പത്ത് സെക്കൻഡായിരിക്കും. ചോദ്യങ്ങളും ഉത്തരങ്ങളും മലയാളത്തിൽ ആയിരിക്കും. മത്സരത്തിന്റെ വിശദാംശങ്ങൾ കേരളീയം വെബ്‌സൈറ്റിൽ ലഭ്യമാണ്.

കേരളവുമായി ബന്ധപ്പെട്ട ചരിത്രം, കല, സംസ്‌കാരം, സയൻസ്, ഗണിതം, സാമൂഹ്യശാസ്ത്രം, സാഹിത്യം തുടങ്ങി വിവിധ വിഷയങ്ങളെ ആസ്പദമാക്കിയ ചോദ്യങ്ങളായിരിക്കും ഉണ്ടാകുക. ജില്ലാതലത്തിൽ തെരഞ്ഞെടുക്കപ്പെട്ട വിജയികൾക്ക് അറിയിപ്പ് ലഭിക്കും. തിരുവനന്തപുരത്ത് ഓഫ് ലൈനായി നടക്കുന്ന കേരളീയം മെഗാക്വിസ് ഗ്രാന്റ് ഫിനാലെയിൽ പങ്കെടുക്കാൻ വിജയികൾക്ക് അവസരമുണ്ട്. പങ്കെടുക്കുന്ന എല്ലാവർക്കും ഓൺലൈനായി പാർട്ടിസിപ്പേഷൻ സർട്ടിഫിക്കറ്റ് ലഭിക്കും. ഓൺലൈൻ ക്വിസ് മത്സരത്തിന് രജിസ്റ്റർ ചെയ്യാനായി ഇതോടൊപ്പം ചേർത്തിട്ടുള്ള ക്യൂആർ കോഡ് സ്‌കാൻ ചെയ്യുക.

കേരളീയം ഓൺലൈൻ ക്വിസ് ക്യൂആർ കോഡ്.\

കാളിയാർ പുഴ ഇന്നലെ നാലു ജീവനുകളെ കവർന്നെടുക്കുമായിരുന്നു. ഓസ്ട്രേലിയയിൽ നിന്നും അവധിക്കു വന്ന റോയി , ഭാര്യ , രണ്ടു മക്കൾ എന്നിവർ ഇന്നലെ വൈകിട്ട് കാലാമ്പൂർ ഭാഗത്ത് പുഴയിൽ കുളി കഴിഞ്ഞ് കയറിപ്പോരുന്ന നേരത്താണ് ഒരു കുട്ടി കാൽവഴുതി പുഴയിലേക്കു വീണത്. രക്ഷിക്കാൻ ആദ്യം ചാടിയത് ഇളയ കുട്ടിയാണ്. രണ്ടാളും ഒഴുക്കിലകപെട്ടപ്പോൾ റോയിയും ഭാര്യയും രക്ഷിക്കാനായി പുഴയിൽ ഇറങ്ങി. നാലുപേരും ഒഴുക്കിൽ പെട്ടു. കണ്ടു നിന്ന പെൺകുട്ടി നേരെ കടവിനടുത്തുള്ള വീട്ടിലേക്ക് പാഞ്ഞു. ശരിക്കും മലയാളം പോലും ആ കുഞ്ഞിന് വശമില്ല. പക്ഷേ ശശിയേട്ടന് കാര്യം മനസിലായി. പുഴയുടെ ആഴങ്ങൾ പോലും ഹൃദിസ്ഥമായ കരുത്തനായ ശശിയേട്ടൻ ആദ്യം ഒഴുക്കിൽപ്പെട്ട കുട്ടികളെ കരക്കെത്തിച്ചു. അപ്പോഴേക്കും റോയിയും ഭാര്യയും കടവിൽ നിന്ന് നൂറു മീറ്ററിലധികം ഒഴുകി മാറിയിരുന്നു. ഒരു കമ്പിൽ കഷ്ടിച്ചു പിടിച്ച് നിന്നതു കൊണ്ട് ആഴങ്ങളിലേക്ക് പോയില്ല. ക്ഷണനേരത്തിൽ നീന്തിയെത്തി ഇരുവരേയും കരക്കടുപ്പിച്ചു. പോലീസും ഫയർഫോഴ്സും എത്തും മുന്നേ ശശിയേട്ടൻ ഏകാംഗ രക്ഷാപ്രവർത്തനം പൂർത്തിയാക്കിയിരുന്നു.


ഇന്ന് ജനപ്രതിനിധികളുടെ സാന്നിധ്യത്തിൽ പൗരാവലി അത്തിമറ്റം ശശി ഏട്ടനെ ആദരിച്ചു.
ജനപ്രതിനിധികളുടേയും എം എല്‍ എ മാത്യു കുഴലാടൻ്റെയും സാന്നിധ്യത്തിൽ ആയിരുന്നു പൗരാവലി നാല് ജീവൻ രക്ഷിച്ച അദ്ദേഹത്തിന് ആദരം നൽകിയത്..

നാവിൽ നാടിന്റെ മുഴുവൻ രുചികളുമായി കേരളീയം ഭക്ഷ്യമേള നഗരത്തിലെത്തുന്നു. നവംബർ ഒന്നുമുതൽ ഏഴുവരെ തിരുവനന്തപുരം നഗരത്തിൽ നടക്കുന്ന മലയാളത്തിന്റെ മഹോത്സവം കേരളീയത്തിന്റെ ഭാഗമായാണ് നാളിതുവരെ കണ്ടിട്ടില്ലാത്ത രുചിമേളം അനന്തപുരിക്ക് വിരുന്നൊരുക്കുന്നത്. 11 വ്യത്യസ്തതരത്തിലുള്ള ഭക്ഷ്യമേളകളാണ് ഒരാഴ്ചക്കാലം നഗരത്തിൽ രുചിലോകം തീർക്കാനെത്തുന്നത്.

തട്ടുകട ഭക്ഷണം മുതൽ പഞ്ചനക്ഷത്രഭക്ഷണം വരെ കേരളീയത്തിലെ സന്ദർശകർക്ക് ആസ്വദിക്കാനാവുന്ന തരത്തിൽ വ്യത്യസ്തയുടെ വിഭവങ്ങളാണ് ഒരുക്കുന്നത്. കേരളത്തിലെ തനത് വിഭവങ്ങൾ അണിനിരത്തിക്കൊണ്ട് കനകക്കുന്നിൽ നടക്കുന്ന ബ്രാൻഡഡ് ഫുഡ് ഫെസ്റ്റിവൽ ആണ് മേളയിലെ പ്രധാന ആകർഷണം. രാമശ്ശേരി ഇഡലി,അമ്പലപ്പുഴ പാൽപ്പായസം,തലശ്ശേരി ദം ബിരിയാണി,അട്ടപ്പാടി വന സുന്ദരി,പൊറോട്ടയും ബീഫും തുടങ്ങി കേരളത്തിന്റെ സവിശേഷമായ ഭക്ഷണങ്ങളെ ബ്രാൻഡ് ചെയ്ത് അവതരിപ്പിക്കുന്ന ബ്രാൻഡഡ് ഫെസ്റ്റിവൽ ഭക്ഷണ പ്രേമികൾക്കു രുചിയുടെ കേരളപ്പെരുമ സമ്മാനിക്കും. എ.കെജി സെന്റർ മുതൽ സ്‌പെൻസർ ജംഗ്ഷൻ വരെയും സ്‌പെൻസർ ജംഗ്ഷൻ മുതൽ വാൻറോസ് ജംഗ്ഷൻ വരെയുമുള്ള വീഥികളിലെ സ്ട്രീറ്റ് ഫുഡ് ഫെസ്റ്റും അതിനൊപ്പം അരങ്ങേറുന്ന തെരുവുകലാവിരുന്നും സവിശേഷ അനുഭവം സമ്മാനിക്കും.

മാനവീയം വീഥിയിൽ കേരളത്തിന്റെ പരമ്പരാഗത ഭക്ഷണങ്ങളുടെയും അടുക്കളയിലെ പഴയകാല വസ്തുക്കളുടെയും പ്രദർശനവുമായി എത്തുന്ന പഴമയുടെ തനിമയാണ് മറ്റൊരു വിരുന്ന്. സെൻട്രൽ സ്റ്റേഡിയത്തിലെ മുഖ്യവേദിയിലാണ് ഫൈവ് സ്റ്റാർ ഫെസ്റ്റിവൽ അരങ്ങേറുക. പട്ടികവർഗ വികസനവകുപ്പിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന എത്‌നിക് ഭക്ഷ്യമേള,കുടുംബശ്രീ ഭക്ഷ്യമേള,പാലുംപാലുൽപ്പന്നങ്ങളും,മത്സ്യവിഭവങ്ങൾ എന്നിവയുടെ ഭക്ഷ്യമേള,സഹകരണവകുപ്പ്,കാറ്ററിംഗ് അസോസിയേഷൻ എന്നിവയുടെ ഭക്ഷ്യമേള,വളർത്തുമൃഗങ്ങൾക്കായുള്ള പെറ്റ് ഫുഡ്‌ഫെസ്റ്റ് എന്നിങ്ങനെ വിവിധ തരം മേളകളാണ് അരങ്ങേറുന്നത്. ഇവയ്ക്കു പുറമേ കനനകക്കുന്നിലെ സൂര്യകാന്തിയിൽ പാചകമത്സരവും വ്‌ളോഗർമാരുമായുള്ള ചർച്ചയും സംഘടിപ്പിക്കും.

ഫുഡ് വ്‌ളോഗർമാരുമായി മന്ത്രിയുടെ കൂടിക്കാഴ്ച

കേരളീയത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഭക്ഷ്യമേളയ്ക്കു മുന്നോടിയായി കേരളത്തിലെ പ്രശസ്ത വ്‌ളോഗർമാരുടെ മീറ്റ് സംഘടിപ്പിക്കുന്നു. കേരളീയം സ്വാഗതസംഘം കമ്മിറ്റി ചെയർമാനായ പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവൻകുട്ടിയുമായി ഒക്ടോബർ 10 വൈകിട്ട് നാലരയ്ക്കു മാസ്‌കറ്റ് ഹോട്ടലിലെ സിംഫണി ഹാളിലാണ് യോഗം. കേരളീയം ഭക്ഷ്യമേള കമ്മിറ്റിയുടെ ചെയർമാൻ എ.എ. റഹീം എം.പി,കമ്മിറ്റി കൺവീനറായ കെ.ടി.ഡി.സി. എം.ഡി. ശിഖ സുരേന്ദ്രൻ എന്നിവർ പങ്കെടുക്കും.

കൈരളി യുകെ ബിർമിംഗ്ഹാം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ഇൻസ്റ്റാഗ്രാം ഓണം റീൽസ് മത്സരം ഒക്ടോബർ പത്താം തീയതിക്ക്‌ മുൻപ്‌ സമർപ്പിക്കണമെന്ന് സംഘാടകർ അറിയിച്ചു. ഓണം പ്രമേയമായി അവതരിപ്പിക്കേണ്ട റീൽസുകൾ ഓഗസ്റ്റ് 30ന് ശേഷം പോസ്റ്റ് ചെയ്തവ ആയിരിക്കണം, കൂടാതെ കൈരളി യുകെയുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗന്റിനെ @kairaliuk ടാഗ് ചെയ്തവയും ആയിരിക്കേണം. പങ്കെടുക്കുന്നവർ നിർബന്ധമായും അവരുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് പബ്ലിക് ആക്കുകയും #kottumkuravayum2k22 #reelseduthonam എന്നീ ഹാഷ്ടാഗുകൾ പോസ്റ്റിൽ ഉൾപ്പെടുത്തുകയും വേണം.

പ്രായഭേദമന്യേ എല്ലാവർക്കും പങ്കെടുക്കാവുന്ന മത്സരത്തിൽ ഇൻസ്റ്റാഗ്രാമിലെ തന്നെ പ്രമുഖർ ആണ് വിധികർത്താക്കൾ ആയി എത്തുന്നത്. 30 സെക്കൻഡിൽ കുറയാത്തതും 120 സെക്കൻഡിൽ കൂടാത്തതും ആയ വീഡിയോകൾ സർഗ്ഗാത്മകത, അവതരണം, ചിത്രീകരണം എന്നിവയുടെ അടിസ്ഥാനത്തിൽ ആയിരിക്കും വിലയിരുത്തപ്പെടുക. 250 പൗണ്ട് ആണ് വിജയിക്ക് സമ്മാനമായി ലഭിക്കുന്നത്.

ദൈവ വചനത്തെ ഉള്‍ക്കൊള്ളുവാനും സ്വായത്തമാക്കുവാനും അത് പുതുതലമുറയിലേക്ക് പകരുവാനുമുള്ള ഒരവസരമായി ബൈബിള്‍ കലോത്സവത്തെ കണ്ട്, കലാസ്വാദകരെയും വിശ്വാസ സമൂഹത്തെയും ഒരു പോലെ വിസ്മയിപ്പിക്കുന്ന ദൃശ്യ ശ്രവ്യ വർണ്ണവിസ്മയങ്ങളുടെ മാധുര്യമാർന്ന മികവിന്റെ മാറ്റുരയ്ക്കലാണ് ഇന്നു നടക്കുന്ന സ്കോട്ട് ലാൻഡ് റീജിയണല്‍ ബൈബിള്‍ കലോത്സവത്തിലുടനീളം അനുഭവവേദ്യമാകുക.

ലിവിംഗ് സ്റ്റണിലെ ഇൻ വെർലാമോൻഡ് കമ്യൂണിറ്റി ഹൈസ്കൂളിൽ പ്രത്യേകം തയ്യാറാക്കിയ മത്സര വേദിയിൽ സ്കോട്ട് ലാൻഡ് റീജിയണിലെ 5 മിഷനുകളിൽ നിന്നും 150 ൽ പരം കലാപ്രതിഭകളാണ് മത്സരാർത്ഥികളായി മാറ്റുരക്കുന്നത്. 16 ഇനങ്ങളിലായി 5 സ്റ്റേജുകളിലായിരിക്കും മത്സരങ്ങൾ നടത്തപ്പെടുക.രാവിലെ 9 മണിയ്ക്ക് ആരംഭിയ്ക്കുന്ന സ്കോട്ട് ലാൻഡ് ബൈബിൾ കലോത്സവത്തിന്റെ ദൃശ്യ മഹോത്സവത്തിന് ആവേശം പകരാനും , പ്രോത്സാഹിപ്പിക്കാനും , അനുമോദിക്കാനുമായി എല്ലാവരേയും ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.

മത്സര വേദി :
Inverlamond Community High school,
Willowbank,
Ladywell,
Livingston
EH54 6HW

RECENT POSTS
Copyright © . All rights reserved