Latest News

ജോസ്‌ന സാബു സെബാസ്റ്റ്യൻ

നമ്മുടെ നാട്ടിൽ ജോലി ചെയ്യുന്നത് പോലല്ല , ഇംഗ്ലണ്ടിൽ ജോലി
ചെയ്യുന്നത് . നമുക്കിവിടെ ജോലിചെയ്യാൻ ചെയ്യാൻ ഒരു മനസുഖമൊക്കെയുണ്ട് കേട്ടോ. കാരണം ഇവിടെ ജോലി ചെയ്യിക്കുക എന്നതിലുപരി ജോലിക്കാരുടെ ക്ഷേമം കൂടെ നോക്കുന്നവരാണ് ഇവിടുത്തെ ജോലി ദാതാക്കൾ.
അതിനായി നമ്മുടെ ജീവിത ശൈലിക്കുതകുന്ന ഡ്യൂട്ടിഷെഡ്യൂൾ നമുക്ക് തന്നെ ഇടാനുള്ള സാഹചര്യം വരെ പല എൻ എച്ച് എസ് ട്രസ്റ്റിലും ഇന്നുണ്ട് . അതും കൂടാതെ ഫാമിലി എമർജൻസി , കുട്ടികൾക്ക് അസുഖം, സോഷ്യൽ എമർജൻസികൾ , കുടുംബ പ്രശ്നങ്ങൾ , സ്വന്തം ശാരീരിക പ്രശ്നങ്ങൾ അങ്ങനെ അങ്ങനെ പല ക്യാറ്റഗറിയിലുള്ള എമർജൻസി ലീവുകൾ എടുക്കാനും ഇവിടെ സാഹചര്യമുണ്ട് . കാരണം നമ്മളെല്ലാം മനുഷ്യനാണെന്ന് ഇവിടുള്ളവർക്കറിയാം . എപ്പോഴും പ്ലാനും ടൈംടേബിളുമനുസരിച്ചു ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ നമ്മൾ നേരത്തെ സെറ്റ് ചെയ്തുവച്ച ആപ്ലിക്കേഷനുകളല്ല എന്നും ഇവിടെയുള്ളവർക്ക് നന്നായി അറിയാം .

അപ്പോൾ പറഞ്ഞു വന്നത് അറിയാവുന്ന പോലീസുകാരനെപ്പോഴും ഒരടി കൂടുതൽ തരുമെന്ന് പറഞ്ഞു കേട്ടിട്ടില്ലേ . അതാണ് ഇപ്പോൾ യുകെയിൽ നടക്കുന്നത് . കാരണം, ഇപ്പോൾ ഇവിടുള്ള എല്ലാരും തന്നെ പൊലീസുകാരാണ് . അപ്പോൾ പിന്നെ തഞ്ചത്തിനൊരു പാവം പിടിച്ച കള്ളനെ കിട്ടിയാൽ അവന്മാർ പിന്നെ വെറുതെ വിടുമോ …
ഇടിച്ചുപിഴിഞ്ഞു പഞ്ഞിക്കിടാൻ ഏതറ്റം വരെയും പോകും ….അതിനി ഒരു എമർജൻസി ലീവ് എടുക്കുകയാണെങ്കിൽ പോലും വീട്ടിൽ വന്ന് ഒളിഞ്ഞുനോക്കി അസുഖമാണോ , അല്ല ഇനി അത് പരട്ട ചൊറിയാണോ എന്നുപോലും കാച്ചി കുറുക്കി മാനേജ്‌മന്റ് തലത്തിൽ എത്തിച്ചവരെ വലിച്ചു കീറാൻ മാത്രം കഴിവുള്ളവരാണ് മലയാളികൾ ഉൾപ്പെടുന്ന ഇന്നത്തെ നമ്മുടെ ഇന്ത്യക്കാർ ….

പണ്ടൊക്കെ ഇന്ത്യക്കാർക്ക് എൻ എച്ച് സിൽ ഒരു നല്ല പൊസിഷൻ കിട്ടുക എന്നത് ഒരു സ്വപനം മാത്രമായിരുന്നു. മധുരം പുരട്ടിയ വംശീയ വെറി അതു നന്നായി തന്നെ ഇവിടെ ഉണ്ടായിരുന്നു .
നല്ല കഴിവുള്ള മലയാളികൾ ഉൾപ്പെടെ പലരും ഇംഗ്ലീഷുകാരുടെ ക്യൂവിൽനിന്നും വേദനാജനകമായി പിന്തള്ളപെട്ടിട്ടുമുണ്ട് .

പക്ഷെ ഇന്നത്തെ ഇവിടുത്തെ സീൻ അതല്ല. ഇംഗ്ലീഷുകാർ അവരുടെ നാടേ വിട്ടു പോയിരിക്കുന്നു . എൻ എച്ച് എസ് മുഴുവനും എവിടെനോക്കിയാലും മലയാളികൾ , തമിഴർ , ശ്രീലങ്കകാർ …അങ്ങനെ ഇന്നിവിടെ നമ്മളെകൊണ്ട് മാത്രം നിറഞ്ഞിരിക്കുകയാണ് .ഏതൊരു വമ്പൻ പോസ്റ്റിലും മലയാളിക്ക് ഇന്ന് ഈസിയായി ചെന്നെത്താം. (പോസ്റ്റുകൾ നമ്മുടെയൊരു വീക്നസല്ലേ )

അതെ അതിനെന്താ അതിൽ അഭിമാനിക്കുകയല്ലേ വേണ്ടത് ?
അതെ അഭിമാനിക്കുകയാണ് വേണ്ടത് . പക്ഷെ അടിമത്വത്തിന്റെ മണമേറ്റ് വന്ന നമുക്ക് നമ്മൾ മരിക്കുവോളം ആ മണം അവിടെത്തന്നെയുണ്ടാകും. അതാണ് പ്രശ്നം . കാരണം കുരണ്ടിയിൽ ഇരുന്നൊരുത്തന് വേഗമിരിക്കാനൊരു കസേരകിട്ടുമ്പോൾ, പണ്ടിരുന്നിരുന്ന കുരണ്ടിയെ തൊഴിച്ചുമാറ്റി പറ്റുമെങ്കിൽ അതെടുത്തെറിഞ്ഞു കടന്ന് പോകാനാണ് നമുക്കിഷ്ടം…..

അപ്പോൾ പറഞ്ഞുവന്നത് , നാട്ടിലെ സിസ്റ്റർമാർ നയിച്ചിരുന്ന പല ജോലി കേന്ദ്രങ്ങളിൽ നിന്നും നേഴ്‌സിങ് ബിരുദം നേടിയപ്പോൾ ജനലും കട്ടലയും വരെ തുടപ്പിച്ചതിന്റെ ചുക്രിയൊന്നുമിന്നും പലരുടെയും മനസ്സിൽനിന്ന് പോയിട്ടില്ലന്ന് ….
അതവർ പോകുന്ന , . കാണുന്ന , ചെയ്യുന്ന ഇടങ്ങളിലെല്ലാം ഇങ്ങനെ വലിഞ്ഞു വലിഞ്ഞു പൊടിപാറിപ്പിച്ചു മറ്റുള്ളവരെ തുമ്മിച്ചു കുളം തോണ്ടിക്കൊണ്ടേയിരിക്കും ….
വീട്ടിൽ മക്കളെ , കെട്ടിയോൻ കെട്ടിയോളെ , കെട്ടിയോൾ കെട്ടിയോനെയൊക്കെ അടിച്ചമർത്തി മര്യാദ പഠിപ്പിക്കുന്നത് പോലെ പൊതു സമൂഹത്തിലുമത്‌ കാണിച്ചു രസിക്കുന്നത്
അതവർക്കൊരു മനസുഖമാണ് ….

എന്നാൽ നിങ്ങൾ കസേര കിട്ടിയവർ മനസിലാക്കേണ്ട ചില കാര്യങ്ങളുണ്ട് …
ഇവിടുള്ള പലരും അവരുടെ രാജ്യത്തെ അടിമത്വ ചങ്ങല പൊട്ടിച്ചെറിഞ്ഞു പണമെന്നതിലേറെ സമാധാനത്തിനായി വണ്ടി കയറിയവരാണ് .
നാട്ടുകാരുടെ ചൊറിച്ചിൽ ….
താരതമ്യപെടുത്തലുകൾ …..
എത്തിനോട്ടങ്ങൾ …..
ചവിട്ടിത്താഴ്ത്തലുകൾ ……
അങ്ങനെപല വിധ അടിമത്വ ചങ്ങലയും പൊട്ടിച്ചെറിഞ്ഞാണ് തനിക്കുള്ളതെല്ലാം വിറ്റുപെറുക്കി ഒരു പാശ്ചാത്യരാജ്യത്തേക്ക് പലരും വണ്ടി കയറുന്നത് ….
അത് മറ്റു ചിലർ നോക്കികാണുന്നത് പോലെ സാമ്പത്തിക ഭദ്രത എന്നതിലുപരി മാനസിക സമാധാനം എന്നൊരു ബാങ്ക് ബാലൻസ് എന്നെ പോലെയുള്ള പലരുടെയും ബാങ്ക് അക്കൗണ്ടുകളിൽ നിറഞ്ഞു നിന്നിരുന്ന ഒരു കാലമുണ്ടായിരുന്നു …. സത്യം പറയാമല്ലോ അത് ഇംഗ്ലീഷുകാർ കസേരയിൽ ഇരുന്നപ്പോഴാണ് .

എന്നാൽ ഇന്നതല്ല അവസ്ഥ ….
നമ്മളിവിടെ എന്ത് കഴിക്കുന്നു എന്ത് കുടിക്കുന്നു എന്തുടുക്കുന്നു എന്ന് നോക്കി വിലയിരുത്തി, ഓരോ പ്രവാസിയുടെയും മാനസിക സമാധാനത്തെ കുത്തിക്കൊന്ന് ചോരയൂറ്റികുടിച്ചു വീർക്കാൻ മലയാളി പ്രവാസികൾ മത്സരിക്കുന്നു ….
ആർക്ക് ഏറ്റവും കൂടുതൽ ചോര കുടിക്കാം എന്നതാണ് ഇപ്പോഴത്തെ ഇവിടുത്തെ അവസ്ഥ ….
ചുരുക്കി പറഞ്ഞാൽ നമ്മളിപ്പോൾ ഇവിടെ മത്തി അടുക്കിയത് പോലാണ് ( Like a sardine in a can) അതിനാൽ പറ്റുമെങ്കിൽ കഴിവതും പരസ്പരം മണപ്പിക്കാതെ ജീവിച്ചു കടന്നു പോകുക …. ദയവായി ഇതൊരു മിനി ഇന്ത്യയോ കേരളമോ ആക്കി നശിപ്പിക്കാതെ ഇരിക്കുക …ദാ ഇതല്ല ഇതാണ് ശരിയെന്ന് പറഞ്ഞുതരാൻ അതിനുവേണ്ടി നിയമം തുറന്നു കാണിക്കാൻ മാത്രം ഇംഗ്ലീഷുകാർ ഇന്നിവിടെയില്ല. അതിനാൽ നിയമം അതുള്ള രാജ്യത്ത് വന്ന് നിങ്ങളുടെ കുസൃതി കാണിച്ചു മറ്റുള്ളവരെ കൊല്ലാതെ
എല്ലാരും ജീവിക്കട്ടെയെന്നേ …..

ഡോ . ഐഷ വി.

സൃഷ്ടി ജനാത്മക നിർമ്മിത ബുദ്ധിയുപയോഗിച്ച് ദൃശ്യ, ശ്രവ്യ മാധ്യമങ്ങളിൽ വചന സൃഷ്ടിയും , വാർത്താവായനയും എല്ലാം സാദ്ധ്യമായ ഇക്കാലത്ത് വിദ്യാഭ്യാസ രംഗത്തും അത് വളരെയധികം മുന്നേറ്റങ്ങൾക്ക് കാരണമായി. നമ്മൾ ചോദിയ്ക്കുന്നതെന്തും അനുഭവവേദ്യമാക്കുന്ന ഈ നിർമ്മിത ബുദ്ധിയുടെ സഹായം വിദ്യാർത്ഥികൾക്കും അധ്യാപകർക്കും സമയ ലാഭമുണ്ടാക്കുന്നു. വിദ്യാർത്ഥികൾ അസൈൻമെന്റുകളും അവരുടെ മറ്റ് രചനകളും സൃഷ്ടി ജനാത്മക നിർമ്മിത ബുദ്ധിയുപയോഗിച്ച് കാര്യങ്ങൾ ശരിയ്ക്ക് മനസ്സിലാക്കിയോ മനസ്സിലാക്കാതേയോ സൃഷ്ടിച്ച് അധ്യാപകസമക്ഷം എത്തിയ്ക്കുമ്പോൾ വിദ്യാഭ്യാസ രംഗത്തിന്റെ ഭാവിയുടെ നല്ലതും ചീത്തയുമായ വശങ്ങൾ ചർച്ച ചെയ്യുന്നതിനായി , ഭാരതത്തിൽ ഇതം പ്രദമമായി ഒരു അന്താരാഷ്ട്ര സമ്മേളനത്തിന് കേരള സർക്കാർ സ്ഥാപന മായ ഐ എച്ച് ആർ ഡി യും കേരളത്തിലെ ഉന്നത വിദ്യാഭ്യാസ വകുപ്പും ചേർന്ന് തിരുവനന്തപുരത്ത് പ്രൗഢ ഗംഭീരമായ വേദിയൊരുക്കുന്നു. 2023 സെപ്റ്റംബർ 30 , ഒക്ടോബർ 1 തീയതികളിലായി തീരുവനന്തപുരം ഐ എം ജിയിൽ അരങ്ങേറുന്ന, അന്താരഷ്ട്ര തലത്തിൽ അക്കാദമിക രംഗത്ത് വളരെ പ്രാധാന്യമർഹിയ്ക്കുന്ന ഈ സമ്മേളനത്തിൽ വിദ്യാഭ്യാസ
, നയ രൂപീകരണ, വ്യവസായ , വാണിജ്യ രംഗത്തുള്ള അന്താരാഷ്ട്ര പ്രമുഖർ പങ്കെടുക്കുന്നു.

ഈ സമ്മേളനം പ്രഥമപരിഗണനൽകി ചർച്ച ചെയ്യുന്ന പ്രധാന വിഷയം സൃഷ്ടി ജനാത്മക നിർമ്മിത ബുദ്ധി അക്കാദമിക രംഗത്ത് വരുത്തുന്ന മാറ്റങ്ങളേയും അതിന്റെ പരിണത ഫലത്തേയും കുറിച്ചാണ്.
സ്വദേശത്തും വിദേശത്തുമുള്ള അക്കാദമിക , വാണിജ്യ വ്യാവസായിക രംഗത്തെ അതികായർ ഈ വിഷയങ്ങൾ കൈകാര്യം ചെയ്തു പ്രസംഗിയ്ക്കുന്നു എന്ന തും തുടർ ചർച്ചകൾ നടത്തുന്നു എന്നതും ഈ സമ്മേളനത്തിന്റെ സവിശേഷതകളാണ്.

സമ്മേളനത്തിന് മുന്നോടിയായി കേരളത്തിലുടനീളമുള്ള ഐഎച്ച് ആർഡിയുടെ അപ്ലൈഡ് സയൻസ് കോളേജുകൾ, എഞ്ചിനീയറിംഗ് കോളേജുകൾ, പോളിടെക്നിക്കുകൾ, എക്സ്റ്റൻഷൻ സെന്ററുകൾ, ടെക്നിക്കൽ ഹയർ സെക്കന്ററി സ്കൂളുകൾ, എന്നിവിടങ്ങളിൽ സൃഷ്ടി ജനാത്മക നിർമ്മിത ബുദ്ധിയുമായി ബന്ധപ്പെട്ട സെമിനാറുകൾ, ശില്പശാലകൾ( ചാറ്റ് ജി പി റ്റി, ഡാൽ ഇ, ബാർഡ് തുടങ്ങിയവയായും ബന്ധപ്പെട്ട ശില്ല ശാല) എന്നിവ നടത്തുന്നതാണ്. കൂടാതെ ഐ എച്ച് ആർ ഡിയുടെ സ്ഥാപനങ്ങളിലേയും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളിലേയും വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചു കൊണ്ട് നിർമ്മിത ബുദ്ധി അടിസ്ഥാനമാക്കിയുള്ള ആപ്പ് നിർമ്മാണം, പോസ്റ്റർ നിർമ്മാണം എന്നിവ സംബന്ധിച്ച് മത്സരങ്ങൾ നടത്തുന്നതാണ്. ഇതു വഴി വൈവിധ്യമായ വിദ്യാഭ്യാസ മേഘലയിലുള്ളവരെ ഈ പരിപാടിയിൽ പങ്കെടുപ്പിയ്ക്കാൻ കഴിയും.

ധാരാളം പേർക്ക് രജിസ്ട്രേഷൻ വഴി ഓൺലൈനായും 150 പേർക്ക് നേരിട്ടും പങ്കെടുക്കാവുന്ന ഈ ഹൈബ്രിഡ് സമ്മേളനം, അധ്യാപകർ, വിദ്യാർത്ഥികൾ, വ്യവസായികൾ, നയം രൂപീകരിയ്ക്കുന്നവർ തുടങ്ങി വ്യതിരിക്തമായ ശ്രേണിയിലുള്ളവരെ ഒരേ വേദിയിൽ അണിനിരത്തുവാനും സൃഷ്ടി ജനാത്മക നിർമ്മിത ബുദ്ധി വിദ്യാഭ്യാസ രംഗത്ത് വരുത്തുന്ന പരിവർത്തനത്തെ കുറിച്ച് അറിവ് പകരാനും ആ വിഷയങ്ങൾ വേണ്ട രീതിയിൽ കൈകാര്യം ചെയ്യുവാൻ പ്രാപ്തരാക്കാനും പര്യാപ്തമാണ്.

സമ്മേളനം സംബന്ധിച്ച വിശദ വിവരങ്ങൾ http://icgaife.ihrd.ac.in/ എന്ന വെബ് സൈറ്റിൽ ലഭ്യമാണ്.

ബിനോയ് എം. ജെ.

മനുഷ്യൻ തുടക്കം മുതലേ നിയമനിഷേധിയാണെന്ന് സ്വാമി വിവേകാനന്ദൻ പറയുന്നു. “പ്രകൃതി പറയുന്നു ‘നീപോയി കാട്ടിലിരിക്ക്’; അപ്പോൾ മനുഷ്യൻ പറയുന്നു ‘ഇല്ല, ഞാനൊരു വീട് കെട്ടും’ … ജനിച്ചു വീഴുന്ന ശിശു കരഞ്ഞുകൊണ്ടാണ് പിറക്കുന്നത്. താനകപ്പെട്ട കെട്ടുപാടുകളിൽ നിന്നും മോചനം പ്രാപിക്കുവാൻ വേണ്ടി അത് കുതറുന്നു.”(സ്വാമി വിവേകാനന്ദൻ) മനുഷ്യന്റെ എല്ലാ പ്രയത്നങ്ങളും സ്വാതന്ത്ര്യത്തിനു വേണ്ടിയാണ്; പ്രകൃതി ഒരുക്കുന്ന ബന്ധനത്തിൽ നിന്നും മോചനം നേടുവാൻ ആണ്. ‘രാജകുമാരൻ പോലും പ്രായപൂർത്തിയാകും വരെ പരിചാരകന്മാരുടെ സംരക്ഷണത്തിലാവും’ എന്ന് പൗലോസ് ശ്ലീഹായും പറയുന്നു. മനുഷ്യൻ സ്വാതന്ത്ര്യത്തിനു വേണ്ടി സൃഷ്ടിക്കപ്പെട്ടവനാണ്. അവന് മാത്രമേ ഈ പ്രപഞ്ചത്തിൽ പൂർണ്ണമായ സ്വാതന്ത്ര്യത്തിന് അർഹതയുള്ളൂ. മറ്റെല്ലാ ജീവികളും – മാലാഖമാരും, ദേവനമാരുമെല്ലാം – ഒരു പരിധിവരെ പ്രകൃതിയുടെ അടിമകൾ തന്നെ. അവർക്കൊന്നും പൂർണ്ണമായ സ്വാതന്ത്ര്യം പറഞ്ഞിട്ടില്ല. മനുഷ്യൻ സൃഷ്ടിയുടെ മകുടവും ഈശ്വരന്റെ പകർപ്പുമാണ്.

അചേതനങ്ങളിലും സചേതനങ്ങളിലും ഈശ്വരൻ തന്നെ വസിക്കുന്നു. അവിടെയെല്ലാം ഈശ്വരൻ ബന്ധനത്തിലാണ്. സ്വതന്ത്രമാകുവാനുള്ള അതിന്റെ വാഞ്ച പരിണാമത്തിന് കാരണമായി വർത്തിക്കുന്നു. വളരെക്കാലമായി ഭൂമിയിൽ ജീവനുണ്ടായിരുന്നില്ല. ക്രമേണ അചേതനങ്ങളിൽ നിന്നും സചേതനങ്ങൾ ഉണ്ടായി. ഇതാണ് പരിണാമത്തിന്റെ ആദ്യത്തെ സ്പന്ദനം. സസ്യങ്ങൾക്ക് അചേതനങ്ങളേക്കാൾ അൽപം കൂടി സ്വാതന്ത്ര്യം ഉണ്ട്. അവയ്ക്ക് വളരുവാനും സൂര്യപ്രകാശത്തിന്റെ സഹായത്താൽ ഭക്ഷണം പാകം ചെയ്യുവാനും പ്രത്യുത്പാദനം നടത്തുവാനും കഴിയുന്നു. നോക്കൂ.. സ്വാതന്ത്ര്യം അത്ഭുതങ്ങൾ ചെയ്യുന്നു. കാലക്രമത്തിൽ സസ്യങ്ങൾ പരിണമിച്ച് ജന്തുക്കൾ ഉണ്ടായി. അവയ്ക്ക് കുറെ കൂടി സ്വാതന്ത്ര്യം ഉണ്ട്. സ്വയം ചലിക്കുവാനും ജീവിക്കുവാനും മരിക്കുമ്പോൾ പുനർജ്ജനിക്കുവാനും ഉള്ള സ്വാതന്ത്ര്യം. അവയുടെ ശരീരം ഏറെക്കുറെ സ്വയം പര്യാപ്തമാണ്. അവയിൽ മനസ്സ് അതിന്റെ പ്രാകൃതമായ രൂപത്തിൽ കാണപ്പെടുന്നു. പരിണാമം അവിടെയും നിൽക്കുന്നില്ല. ജന്തുക്കൾ പരിണമിച്ച് മനുഷ്യൻ ഉണ്ടായി. അവനിൽ ശരീരത്തോടൊപ്പം വികാസം പ്രാപിച്ച മനസ്സും ബുദ്ധിയും ഉണ്ട്. ആത്മാവിന് വികസിക്കുവാനുള്ള എല്ലാ സാഹചര്യങ്ങളും അവനിൽ സംജാതമായിരിക്കുന്നു. അവനിൽ സ്വാതന്ത്ര്യം അതിന്റെ പൂർണ്ണതയിൽ എത്തുന്നു.അവന് ഈശ്വരനായി മാറുവാനുള്ള കഴിവുണ്ട്. ഇവിടെ പരിണാമം അവസാനിക്കുന്നു. ഇനി പരിശ്രമമേ ആവശ്യമുള്ളൂ. ഈശ്വരനിൽ നിന്നും ഒരു സ്ഫോടനത്തോടെ (Explosion) ആവിർഭവിച്ച പ്രപഞ്ചം ഒടുവിൽ ഈശ്വരനുതന്നെ ജന്മം കൊടുക്കുന്ന(Implosion) അത്ഭുതകരമായ കാഴ്ച നാമിവിടെ കാണുന്നു. ഇതീ കൽപത്തിന്റെ മാത്രം പ്രത്യേകതയാണ്. അടുത്ത കൽപം ഇങ്ങനെയാവണമെന്നില്ല.

ഇനി മനുഷ്യനിൽ സ്വാതന്ത്ര്യം എങ്ങനെ പ്രവർത്തിക്കുന്നു? പ്രപഞ്ചത്തിന്റെ മുഴുവൻ ചരിത്രം അവനിൽ ഉറങ്ങികിടപ്പുണ്ട്. അതോടൊപ്പം പ്രപഞ്ചത്തെ (പ്രകൃതിയെ) മുഴുവൻ ജയിക്കുവാനുള്ള ഇച്ഛാശക്തിയും അവനിലുണ്ട്. പ്രപഞ്ചത്തെയും പ്രകൃതിയെയും അതിന്റെ തനിസ്വരൂപത്തിൽ അറിഞ്ഞു കഴിയുമ്പോൾ അവൻ അതിനെ ജയിക്കുന്നു. ഇതിനുവേണ്ടി പ്രകൃതി അവനെ സദാ ഇക്കിളിപ്പെടുത്തിക്കൊണ്ടിരിക്കുന്നു. ഈ ഇക്കിളിപ്പെടുത്തൽ അവന് സുഖദു:ഖങ്ങളുടെ രൂപത്തിൽ അനുഭവപ്പെടുന്നു. ക്രമേണ ഈ സുഖദു:ഖങ്ങളുടെ കാരണം അവൻ മനസ്സിലാക്കുകയും അവൻ അവയെ ജയിക്കുകയും ചെയ്യുന്നു. അവൻ പ്രകൃതിയെ ജയിക്കുന്നു.

മനുഷ്യനിൽ രണ്ടു ശക്തികൾ പ്രവർത്തിക്കുന്നതായി പറയപ്പെടുന്നു. പ്രകൃതി (Nature) യും ഇച്ഛ (Will) യും. ഇതിൽ ഇച്ഛ സ്വാതന്ത്ര്യത്തെ പ്രതിനിധാനം ചെയ്യുന്നു. സ്വതന്ത്രമായ ഇച്ഛ (Free Will) എന്ന് നിങ്ങൾ കേട്ടിരിക്കും. അത് പ്രകൃതിയിൽ നിന്നും അതിന്റെ ബന്ധനത്തിൽ നിന്നും ഉള്ള പൂർണ്ണമായ മോചനം ഇച്ഛിക്കുന്നു. അതിനെ മോക്ഷം എന്ന് വിളിക്കുന്നു. ഇതാകുന്നു മനുഷ്യജീവിതത്തിന്റെ അന്തിമമായ ലക്ഷ്യം. അവിടെ എത്തിയാൽ പ്രകൃതി അവന്റെ അടിമയായി മാറുന്നു. അവൻ കൽപിക്കുന്നതെന്തും സാധിച്ചു കിട്ടുന്നു. ഇതിനെ ‘സർവ്വാധിപത്യം’ എന്ന് യോഗശാസ്ത്രത്തിൽ വിളിക്കുന്നു. അതുവരെ മനുഷ്യൻ പ്രകൃതിയുടെ അടിമയാണ്. അവന്റെ മനസ്സും അവൻ ജീവിക്കുന്ന സമൂഹവും ഈ പ്രകൃതിയുടെ രചനകളാണ്.

സ്വാതന്ത്ര്യം എന്ന സങ്കൽപത്തിന് ആന്തരികവും ബാഹ്യവുമായ അർത്ഥതലങ്ങളുണ്ട്. ലോകത്തിൽ ഇന്നുവരെ ഉണ്ടായിട്ടുള്ള എല്ലാ സാമൂഹ്യ പ്രസ്ഥാനങ്ങളും, സമരങ്ങളും, തത്വചിന്തകളും സ്വാതന്ത്ര്യത്തിനു വേണ്ടിയാണെന്ന് കാണുവാൻ കഴിയും. സമൂഹത്തിന്റെ അടിമത്വത്തിൽ നിന്നുമുള്ള മോചനം. ‘സമൂഹം’ എന്നാൽ നിയമങ്ങളുടെ ഒരു സമാഹാരം മാത്രമാണ്. അങ്ങിനെയൊന്ന് വാസ്തവത്തിൽ അവിടെയില്ല. ഉള്ളത് വ്യക്തികൾ മാത്രം. സമൂഹം ഒരു മായയാണ്. സാമൂഹിക നിയമങ്ങൾ കൂടുന്തോറും സമൂഹം കൂടുതൽ ഘനീഭവിക്കുകയും വ്യക്തി-സ്വാതന്ത്ര്യം തിരോഭവിക്കുകയും ചെയ്യുന്നു. ഓരോദിവസം കഴിയുന്തോറും നിയമങ്ങൾ കൂടികൂടി വരുന്ന നമ്മുടെ സമൂഹത്തിൽ ആരെയൊക്കെയോ അടിച്ചമർത്തുവാനുള്ള ബോധപൂവ്വമോ അബോധപൂർവ്വമോ ആയ ശ്രമം നടന്നുവരുന്നു. ഇവിടെ ഒരുനാൾ ഒരു വിപ്ളവം പൊട്ടിപ്പുറപ്പെടുകയും സാമൂഹിക വ്യവസ്ഥിതി മാറ്റിയെഴുതപ്പെടുകയും ചെയ്യും. സമൂഹം തന്നെ തിരോഭവിക്കേണ്ടിയിരിക്കുന്നു. അവിടെ അനന്തസ്വാതന്ത്ര്യം ഒരു യാഥാർത്ഥ്യമാകുന്നു. അവിടെയെത്തുവാൻ വേണ്ടിയാണ് മനുഷ്യവംശം സഹസ്രാബ്ദങ്ങളിലൂടെ പരിശ്രമിച്ചുകൊണ്ടിരിക്കുന്നത്. അവിടെയെത്തുമ്പോൾ പരിപൂർണ്ണ സ്വാതന്ത്ര്യത്തോടെ കർമ്മം ചെയ്യുവാൻ അവന് കഴിയുന്നു. ഇതാണ് നിഷ്കാമകർമ്മം. അല്ലാത്തതെല്ലാം അടിമപ്പണിയാണ്.

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.

ഫോൺ നമ്പർ: 917034106120

 

സ്വന്തം ലേഖകൻ 

നോർത്താംപ്ടൺ : മുപ്പത്തഞ്ച് വയസ്സിന് മുകളിലുള്ള ക്രിക്കറ്റ് പ്രേമികൾക്കായി നോർത്താംപ്ടണിൽ സംഘടിപ്പിക്കുന്ന GPL മാസ്റ്റേഴ്സ് ക്രിക്കറ്റ് ട്യൂർണ്ണമെന്റിനുള്ള ക്രമീകരണങ്ങൾ എല്ലാം പൂർത്തിയായതായി സംഘാടകരായ ഗ്ലോബൽ പ്രീമിയർ ലീഗും ഫെനിക്സ് നോർത്താംപ്ടനും അറിയിച്ചു . സെപ്റ്റംബർ 17 ഞായറാഴ്ച നോർത്താംപ്ടണിലെ ഓവർസ്‌റ്റോൺ പാർക്ക് ക്രിക്കറ്റ്‌ ക്ലബ്ബിൽ വച്ച് നടക്കുന്ന ഈ ട്യൂർണ്ണമെന്റിൽ പങ്കെടുക്കുവാനായി യുകെയുടെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള പ്രമുഖ ക്രിക്കറ്റ് ടീമുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

വരും വർഷങ്ങളിൽ 10 രാജ്യങ്ങളിൽ  GPL  എന്ന പേരിൽ ക്രിക്കറ്റ് മത്സരങ്ങൾ നടത്തുന്നതിന്റെ തുടക്കമാണ് സെപ്റ്റംബർ 17 ലെ ക്രിക്കറ്റ് മത്സരം. അഡ്വ : സുബാഷ് മാനുവൽ ജോർജ്ജും , ബേസിൽ തമ്പിയും , ശ്രീകുമാർ ഉള്ളപ്പിള്ളീലും , പ്രബിൻ ബാഹുലേയനും മറ്റ് പ്രമുഖരും അടങ്ങുന്ന ഒരു ഗ്ലോബൽ ഗ്രൂപ്പാണ് GPL മാസ്റ്റേഴ്സ് ക്രിക്കറ്റിന്റെ പ്രധാന സംഘാടകർ . ഈ മത്സരങ്ങൾ സ്പോൺസർ ചെയ്യുവാനായി മുന്നോട്ട് വന്നിരിക്കുന്നത് എം ഐസ് ധോണിയും , സഞ്ജു സാംസണും , ബേസിൽ തമ്പിയും ബ്രാൻഡ് അംബാസിഡർമാരായ സിംഗിൾ ഐഡിയും   ടെക് ബാങ്കുമാണ് .

സെബാസ്റ്റ്യൻ എബ്രഹാം ഡയറക്ടറായ യുകെ മലയാളികളുടെ പ്രിയപ്പെട്ട ബ്രാൻഡ് ഡെയിലി ഡിലൈറ്റ് ഫുഡ്‌സാണ്   GPL ന്റെ ഇന്റർനാഷണൽ സ്പോൺസർ. യുകെ മലയാളികൾക്കിടയിലെ പ്രമുഖ വ്യക്തിത്വമായ ജെഗ്ഗി ജോസഫിന്റെ ഇൻഫിനിറ്റി മോർട്ട്ഗേജ്  ആണ് ജി പി എൽ മാസ്റ്റേഴ്സ് ക്രിക്കറ്റ് ട്യൂർണ്ണമെന്റിന്റെ യുകെയിലെ പ്രധാന സ്പോൺസർ . അതോടൊപ്പം യുകെ മലയാളികൾക്കിടയിലെ പ്രമുഖ സോളിസിറ്ററായ അഡ്വ : അരവിന്ദ് ശ്രീവത്സലൻ ഡയറക്റ്ററായിട്ടുള്ള ലെജൻഡ് സോളിസിറ്റേഴ്സാണ് ഒന്നാം സമ്മാനം നൽകുന്നത് . യുകെയിലെ പ്രധാന എഡ്യൂക്കേഷൻ കൺസൾട്ടൺസിയായ ഗ്ലോബൽ സ്റ്റഡി ലിങ്ക്‌സാണ് രണ്ടാം സമ്മാനം നൽകുന്നത്. ലിഡോ ജോർജ്ജിന്റെ നേതൃത്വത്തിൽ നടത്തുന്ന എൽ ജി ആർ അക്കാദമിയാണ് മാൻ ഓഫ് ദി മാച്ച് ട്രോഫി സ്പോൺസർ ചെയ്തിരിക്കുന്നത്

യുകെയിലെ അറിയപ്പെടുന്ന മലയാളി ഷെഫായ റോബിൻ ജോർജ്ജിന്റെ നേതൃത്വത്തിൽ നാടൻ കള്ളും , ഷാപ്പിലെ കറികളും , ഫ്രീ സ്‌നാക്‌സും ചായയും അടങ്ങുന്ന സ്വാദിഷ്‌ട വിഭവങ്ങളുമായി മലയാളി ഹോട്ടലായ കേരള ഹട്ടിന്റെ ഫുഡ് ഫെസ്റ്റിവലും ഉണ്ടായിരിക്കുന്നതാണ്.

വിജയികളായ നാല് ടീമുകൾക്ക് സമ്മാനങ്ങൾ നൽകുന്നുണ്ട് . ഒന്നാം സമ്മാനമായി 1000 പൗണ്ടും , രണ്ടാം സമ്മാനമായി 501 പൗണ്ടും , മൂന്നാം സമ്മാനമായി 101 പൗണ്ടും , നാലാം സമ്മാനമായി 101 പൗണ്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

മലയാളികളുടെ ഇഷ്‌ട ക്രിക്കറ്റ് താരങ്ങളായ ബേസിൽ തമ്പിയും , വിഷ്ണു വിനോദും , സച്ചിൻ ബേബിയും  ഇതിനോടകം ഗ്ലോബൽ പ്രീമിയർ ക്രിക്കറ്റ് ലീഗിന് ആശംസകളുമായി എത്തി കഴിഞ്ഞു.

ജോസ്ന സാബു സെബാസ്റ്റ്യൻ

വളരെ സരസവും സൗമ്യവുമായി ഇൻജെക്ഷനും ഗുളികകളും മാത്രം കൊടുത്തു നടന്നിരുന്ന സൗത്തെന്റിലെ പെണ്ണുങ്ങളെല്ലാം ഞൊടിയിടയിലാണ് പെൺ പുലികളെപ്പോലെ കുതിച്ചു ചാടി ഓണമെന്ന ആഘോഷത്തെ നിറമൊട്ടും തന്നെ കുറയാതെ വർണാഭരിതമാക്കി കടന്നു പോയത് ….
വടം വലി , അത്തപൂക്കളം, 15തരം കറികൾ കൂട്ടിയുള്ള ഓണസദ്യ , കസേരകളി മുതൽ ആരുമിതുവരെ പരീക്ഷിച്ചിട്ടില്ലാത്ത തരം തിരുവാതിര വരെ ആടിത്തിമർത്തു ഞങ്ങൾ കടന്നു പോയി ….
കൂടാതെ പലവിധ കാറ്റഗറിയിലുള്ള ടിക് ടോക് മത്സരങ്ങൾ നടത്തിയതിൽ നമ്മുടെ ജോസ്‌ന സാബു സെബാസ്റ്റ്യൻ സിംഗിൾ കാറ്റഗറിയിൽ ഒന്നാം സ്ഥാനം മേടിച്ചു മാറ്റുരച്ചു നിന്നപ്പോൾ ഫാമിലി ടിക്ടോക് ഇനത്തിൽ ശാന്തി റോയിയും  കട്ടക്കു നിന്ന് പൊരുതിജയിച്ചു…..

അല്ലേലും യൂകെയിലെ വിവിധ കൗണ്ടികൾ തന്നെ നോക്കുകയാണെങ്കിൽ സൗത്തെൻഡ് പലകാര്യത്തിലും പൊളിയാണ് ….
ഏറ്റവും നല്ല കാലാവസ്ഥ …
ഏറ്റവും നല്ല പ്രകൃതി രമണീയമായ കാഴ്ചകൾ ,ബോട്ടുകൾ ,തടാകങ്ങൾ , ഏറ്റവും നീളം കൂടിയ കടൽപാലം നല്ല ചുണകുട്ടികളായ ആൺപുലികൾ , അവർക്ക് കരുത്തേകി പിന്തുണക്കുന്ന പെൺപുലികൾ , മലയാളം നന്നായി സംസാരിക്കാനും കഴിയാവുന്നത്ര നന്നായി എഴുതാനും ശ്രദ്ദിക്കുന്ന മലയാളി കുഞ്ഞുങ്ങൾ ….അങ്ങനെയങ്ങനെ പറഞ്ഞാൽ തീരാത്ത കാഴ്ചകളും സ്വപ്നങ്ങളും നിറഞ്ഞു നിൽക്കുന്നു സൗത്തെൻഡ് എന്ന കാനാൻ ദേശം …..
എല്ലാം ഒരുക്കി തന്ന എസ്എംഎ സൂരജ് സുധാകരൻ – പ്രസിഡന്റ്
സാബു സെബാസ്റ്റ്യൻ – വൈസ് പ്രസിഡന്റ്
ജെയ്‌സൺ ചാക്കോച്ചൻ – സെക്രട്ടറി
ബോണി വർഗീസ് – ജോയിന്റ് സെക്രട്ടറി
ജോബിൻ ഉതുപ്പ് – ട്രഷറീസ് ഇവർ ഈ വർഷത്തോടെ പുതുതലമുറക്കായി സ്ഥാനമൊഴിഞ്ഞു …….

     

അപ്പച്ചൻ കണ്ണഞ്ചിറ

ഇപ്സ്വിച്ച്: ഈസ്റ്റ് ആംഗ്ലിയയിലെ പ്രമുഖ മലയാളി സംഘടനയായ കേരളാ കൾച്ചറൽ അസോസിയേഷനും, കേരളാ കമ്യൂണിറ്റി സപ്ലിമെന്ററി സ്കൂളും (KCA & KCSS) സംയുക്തമായി ഇപ്സ്വിച്ചിൽ സംഘടിപ്പിച്ച ഓണാഘോഷം പ്രൗഢ ഗംഭീരമായി.

സെന്റ് ആൽബൻസ് സ്കൂൾ ഓഡിറ്റോറിയത്തിൽ അരങ്ങേറിയ ഓണാഷോഷത്തിൽ പൂക്കളവും, പുലിക്കളിയും, ഓണപ്പാട്ടുകളും, സ്കിറ്റുകളും, തിരുവാതിരയും വർണ്ണ വിസ്മയം തീർക്കുകയായിരുന്നു.

താരനിബിഡമായ സ്റ്റേജ് ഷോയും, കുട്ടികളുടെ സിനിമാറ്റിക്, ബ്രേക്ക് ഡാൻസുകളും ചേർന്ന കലാപരിപാടികൾ ഏറെ ആകർഷകമായി. തൂശനിലയിൽ വിളമ്പിയ 24 ഇനം വിഭവങ്ങൾ അടങ്ങിയ ഓണസദ്യ ആഘോഷത്തിലെ ഏറ്റവും ഹൈലൈറ്റായി.

വാദ്യമേളങ്ങളുടേയും താലപ്പൊലിയുടേയും പുലികളിയുടേയും മുത്തുക്കുടകളുടേയും അകമ്പടിയോടെ എഴുന്നള്ളിയെത്തിയ മാവേലിയും, കേരളീയ വേഷം ധരിച്ചെത്തിയ നൂറ് കണക്കിന് മലയാളികൾ അണിനിരന്ന ഘോഷയാത്രയും ഇപ്സ്വിച്ച് മലയാളികൾക്ക് വേറിട്ട അനുഭവമായി. മലയാളി മങ്കമാരുടെ തിരുവാതിരയും 34 കുട്ടികൾ ചേർന്നൊരുക്കിയ ‘പൊന്നോണ നൃത്ത’വും ആഘോഷത്തിന് മാറ്റേകി.

കലാഭവൻ ജോഷിയുടെ നേതൃത്വത്തിൽ മിനി സ്ക്രീൻ താരങ്ങളും സിനി ആർട്ടിസ്റ്റുകളും മലയാള പിന്നണി ഗായകരും അരങ്ങുവാണ മെഗാ സ്റ്റേജ് ഷോ ഇപ്സ്വിച്ച് മലയാളികൾക്ക് അവിസ്മരണീയമായ ഓണാഘോഷമാണ് സമ്മാനിച്ചത്.

കെസിഎയുടെ രക്ഷാധികാരി ഡോ. അനൂപ് മാത്യു ഓണ സന്ദേശം നൽകുകയും വിവിധ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. കെ സി എ യുടെ കായിക ദിനത്തിൽ നടത്തിയ ക്രിക്കറ്റ് ടൂർണമെന്റിൽ വിജയികളായ ക്രൈസ്റ്റ് ചർച്ച് വാരിയേഴ്സിനും, വടംവലിയിൽ ജേതാക്കളായ റെഡ് ഡ്രാഗൺസ് ഇപ്സ്വിച്ചിനും ഉള്ള ട്രോഫികളും തദവസരത്തിൽ സമ്മാനിച്ചു. ഓണാഘോഷത്തോടനുബന്ധിച്ച് പൂക്കള, പായസ പാചക മത്സരങ്ങളും സംഘടിപ്പിച്ചിരുന്നു.

പ്രൗഢ ഗംഭീരമായ കെസിഎ ഓണാഘോഷത്തിന് പ്രസിഡന്റ് ജോബി ജേക്കബ്, സെക്രട്ടറി ജുനോ ജോൺ, കമ്മിറ്റി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.

ഉണ്ണികൃഷ്ണൻ ബാലൻ

ബെൽഫാസ്റ്റ്:സമീക്ഷ പ്രവർത്തനങ്ങളുടെ വിപുലീകരണത്തിന്റെ ഭാഗമായി നോർത്തേൺ ഐർലൻഡ് തലസ്ഥാനമായ ബെൽഫാസ്റ്റ് നഗരത്തിന്റെ തെക്കൻ മേഖലയിൽ പുതിയ യൂണിറ്റ് രുപീകരിച്ചു. യൂണിറ്റിന്റെ ഉദ്ഘടാനം ദേശീയ സെക്രട്ടറി ശ്രീ.ദിനേശ് വെള്ളാപ്പള്ളി നിർവ്വഹിച്ചു. പുരോഗമന ആശയങ്ങളുടെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന സമീക്ഷ എന്ന കലാ സാംസ്കാരിക സംഘനയുടെ നാൾവഴികൾ വിശദീകരിച്ചു. നോർത്തേൺ ഐർലണ്ടിലെ മലയാളി സമൂഹത്തിന്റെ സാമൂഹികവും, സാസംകാരികവും, തൊഴിൽപരവും, വംശീയവുമായ വിഷയങ്ങളിൽ സമത്വം ഉറപ്പ് വരുത്താൻ ഉള്ള പ്രവർത്തനങ്ങളിൽ ഓരോ സമീക്ഷ അംഗങ്ങൾക്കും ഉത്തരവാദിത്തമുണ്ട് എന്ന് ദിനേശ് വെള്ളാപ്പള്ളിൽ അഭിപ്രായപ്പെട്ടു.

നോർത്തേൺ ഐർലൻഡ് ഏരിയാ കോർഡിനേറ്റർ ബൈജു നാരായണൻ സംഘടനാ കാര്യങ്ങൾ വിശദീരിച്ചു. ക്യുഎൻസ് യൂണിവേഴ്സിറ്റി, സിറ്റി ഹോസ്പിറ്റൽ തുടങ്ങി നിരവധി പ്രമുഖ സ്ഥാപനങ്ങൾ അടങ്ങുന്ന പ്രദേശത്ത് പ്രവർത്തിക്കുന്ന കമ്മിറ്റി എന്ന നിലയിൽ സമീക്ഷ ബെൽഫാസ്റ്റ് സൗത്ത് ഘടകം കൂടുതൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കേണ്ടത് ഉണ്ട് എന്ന് ശ്രീ. ബൈജു നാരായണൻ അഭിപ്രായപ്പെട്ടു.

തുടർന്ന് നടന്ന ചർച്ചയിൽ ബെൽഫാസ്റ്റിൽ ഏറ്റവും കൂടുതൽ മൾട്ടികൾച്ചറൽ ജീവിത ശൈലി ഉള്ള പ്രദേശമാണ് നഗരത്തിന്റെ തെക്കൻ പ്രദേശം. അത് കൊണ്ട് തന്നെ ഇതര സമൂഹങ്ങളുമായി പൊതു വിഷയങ്ങളിൽ സഹകരണം ഉറപ്പ് വരുത്തണം എന്നും അംഗങ്ങൾ അഭിപ്രായപ്പെട്ടു.

ബെൽഫാസ്റ്റ് സൗത്ത് സോൺ കമ്മിറ്റിയുടെ പ്രഥമ സെക്രട്ടറിയായി ശ്രീ:മഹേഷ് കുമാർ, പ്രസിഡന്റായി ശ്രീ.ജയൻ മലയിൽ എന്നിവരെ തിരിഞ്ഞെടുത്തു. ട്രഷറർ-ശ്രീ അഭിലാഷ് , ജോയിന്റ് സെക്രട്ടറി ശ്രീ കെവിൻ കോശി,വൈസ് പ്രസിഡന്റ് -ശ്രീ റജി സാമുവൽ എന്നിവരാണ് മറ്റ് ഭാരവാഹികൾ.

ന്യൂസ് ഡെസ്ക് മലയാളം യുകെ

വെസ്റ്റ് യോർക്ക് ക്ഷെയർ മലയാളി അസോസിയേഷൻ മുൻ പ്രസിഡൻറ് ടോമി കോലച്ചേരിയുടെ മാതാവ് ത്രേസ്യാമ്മ ജോസഫ് കോലച്ചേരി നിര്യാതയായി. മൃതസംസ്കാര ശുശ്രൂഷകൾ നാളെ ശനിയാഴ്ച (16/ O9 /2023 ) 3:00 മണിക്ക് സെൻറ് ജോസഫ് ചർച്ച് കൊറ്റമത്തിൽ വച്ച് നടക്കും.

മക്കൾ : ഫാ.വർഗീസ് കോലച്ചേരി (യു.എസ്.എ), ജോയ് കോലച്ചേരി, സിസ്റ്റർ പ്രസന്ന , ബ്രിജിത്ത് റാഫേൽ -പടയാട്ടിൽ, സിസ്റ്റർ സജിത എഫ് സി സി (അസിസ്റ്റന്റ് പ്രൊവിൻസൽ ആലുവ), സിസ്റ്റർ സവിത എഫ് സി സി (വിദ്യാ ജ്യോതി സ്കൂൾ- വൈസ് പ്രിൻസിപ്പൽ ), ടോമി കോലച്ചേരി (യുകെ).

മരുമക്കൾ: ട്രീസ ജോയ്,റാഫേൽ, ഡിന്റ ടോമി(യുകെ).

ലീഡ്സ് സെന്റ് മേരിസ് ആൻഡ് സെൻറ് വിൽഫ്രഡ് പള്ളി ഇടവകാംഗമായ ടോമി കോലച്ചേരിയുടെ
വെയ്ക്ക് ഫീൽഡിലെ വസതിയിൽ വികാരി ഫാ. ജോസ് അന്ത്യാംകുളത്തിന്റെ നേതൃത്വത്തിൽ ഇന്നലെ ഇടവക അംഗങ്ങൾ എത്തുകയും കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുകയും പ്രാർത്ഥന നടത്തുകയും ചെയ്തിരുന്നു .

ടോമി കോലച്ചേരിയുടെ മാതാവിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

മൃതസംസ്കാര ശുശ്രൂഷകൾ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

ലണ്ടനിൽ നിന്നും 20 ൽപരം രാജ്യങ്ങൾ പിന്നിട്ട് സെപ്റ്റംബർ 11ന് കേരളത്തിൽ എത്തിച്ചേർന്ന കാതോലിക്കേറ്റ് കോളേജ് പൂർവ്വ വിദ്യാർത്ഥി രാജേഷ് കൃഷ്ണയ്ക്ക് കോളേജ് അലൂമ്നി അസോസിയേഷൻ ഊഷ്മളമായ സ്വീകരണം നൽകി .സെൻ്റ് പീറ്റേഴ്സ് ജംഗ്ഷനിൽ നിന്നും വാഹനങ്ങളുടെ അകമ്പടിയോടെ രാവിലെ 11 മണിക്ക് കോളേജിൽ എത്തിച്ചേർന്ന രാജേഷിനെ കോളേജ് പ്രിൻസിപ്പൽ ഡോ.സുനിൽ ജേക്കബ് , ബർസാർ ഡോ. റെന്നി പി വർഗീസ് ,അലൂമ്നി അസോസിയേഷൻ വൈസ് പ്രസിഡൻറ് ഡോ.റാണിഎസ് മോഹൻ, സെക്രട്ടറി ഡോ.അനു പി റ്റി,ജോയിൻ്റ് സെക്രട്ടറി അഡ്വക്കേറ്റ് റഷീദ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, അധ്യാപകർ ,അനധ്യാപകർ വിദ്യാർഥികൾ എന്നിവർ ചേർന്ന് പൂച്ചെണ്ടും മൊമൻ്റോയും നോട്ടുമാലയും ഷാളും അണിയിച്ചു സ്വീകരിച്ചു . ഹിസ്റ്ററി വിഭാഗം പൂർവവിദ്യാർഥിയായ രാജേഷിന് പൂച്ചെണ്ടും ഉപഹാരവും വകുപ്പ് മേധാവി ഡോ സ്മിത സാറ പടിയറ സമ്മാനിച്ചു.മാതൃകലാലയത്തിലേക്ക് എത്തിച്ചേർന്ന് സാഹസികമായ ഈ സ്വപ്നയാത്ര പൂർത്തീകരിച്ച രാജേഷിന് പ്രിൻസിപ്പാൾ ഡോ.സുനിൽ ജേക്കബ് അനുമോദനം അർപ്പിച്ചു . കലാലയം തൻ്റെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും നൽകിയിട്ടുള്ള പ്രചോദനവും പിന്തുണയും മറുപടി പ്രസംഗത്തിൽ രാജേഷ് അനുസ്മരിച്ചു.

ചിക്കാഗോ: ചിക്കാഗോ സോഷ്യൽ ക്ലബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര വടംവലി മത്സരത്തിൽ ടീം യു കെ യ്ക്ക് രണ്ടാം സ്ഥാനം. അമേരിക്കയിലെ സെന്റ് മേരീസ് ക്നാനായ പള്ളി മൈതാനിയിൽ നടത്തിയ ഒൻപതാമത് അന്താരാഷ്ട്ര വടംവലി മത്സരത്തിലാണ് ടീം യു കെ ഉജ്ജ്വല വിജയം നേടിയത്.

ഫൈനലിൽ കോട്ടയം ബ്രദേഴ്സ് കാനഡ യോടാണ് ടീം യുകെ ഏറ്റുമുട്ടിയത്. ആദ്യ റൗണ്ടിൽ കോട്ടയം ബ്രദേഴ്സ് ലീഡ് ചെയ്തു . എന്നാൽ രണ്ടാം റൗണ്ടിൽ ടീം യുകെ കരുത്ത് കാട്ടിയെങ്കിലും മത്സരത്തിന്റെ അവസാന നിമിഷത്തിൽ കാലിടറിയതാണ് തങ്ങളെ രണ്ടാം സ്ഥാനത്തിൽ എത്തിച്ചതെന്ന് ടീം യുകെ ക്യാപ്റ്റൻ ഷിജു അലക്സ് മത്സര ശേഷം പറഞ്ഞു.

അമേരിക്ക, ഓസ്ട്രേലിയ, കാനഡ, യു കെ, മാൾട്ട എന്നീ രാജ്യങ്ങളിലെ വിവിധ പ്രവശ്യകളിൽ നിന്നുള്ള പ്രവാസി മലയാളികളുടെ 16 ടീമുകളാണ് മത്സരത്തിനായി കളത്തിലിറക്കിയത്.

ഷിജു അലക്സിന്റെ നേതൃത്വത്തിൽ ഗിരീഷ് ശശി, ജോബിൻ വർഗീസ്, നോബി ജോസഫ്, മെൽവിൻ, ജിനുവർ ഈപ്പൻ, അനീഷ് കുര്യൻ, റെജി ജോർജ്ജ്, മാത്യൂ ജോസ്, തുടങ്ങിയവരാണ് ടീം യുകെയ്ക്ക് വേണ്ടി മത്സരത്തിനിറങ്ങത്.

മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ച ടീമിന് 11111 അമേരിക്കൻ ഡോളറും എവർ റോളിംഗ് ട്രോഫിയും രണ്ടാം സ്ഥാനം നേടിയവർക്ക് 5555 ഡോളറും എവർ റോളിംഗ് ട്രോഫിയും മൂന്നാം സ്ഥാനം ലഭിച്ചവർക്ക് 3333 ഡോളറും ട്രോഫിയും നാലാം സ്ഥാനത്തിന് 1111 ഡോളറുമാണ് സമ്മാന തുക. ടൂർണമെന്റിൽ ടീം യുകെയുടെ ജിനുവർ ഈപ്പൻ ബെസ്റ്റ് ഫ്രണ്ടിനും അർഹനായി.

RECENT POSTS
Copyright © . All rights reserved