Latest News

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ 2000 രൂപ നോട്ടുകള്‍ പിന്‍വലിച്ചു. 2000 രൂപ നോട്ടുകള്‍ അച്ചടിക്കുന്നത് ആര്‍ബിഐ നിര്‍ത്തിവച്ചു. 2000 രൂപ നോട്ടുകള്‍ ഇനി വിതരണം ചെയ്യണ്ടതില്ലെന്ന് ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കി. നിലവിലുള്ള 2000 രൂപ നോട്ടുകള്‍ സെപ്റ്റംബര്‍ 30 വരെ മാത്രമാണ് ഉപയോഗിക്കാന്‍ കഴിയുക.
പരമാവധി ഇരുപതിനായിരം രൂപ മാത്രമാണ് ഒരു ബാങ്കില്‍ നിന്നും മാറിയെടുക്കാന്‍ സാധിയ്ക്കുക. ഇതോടുകൂടെ രാജ്യത്തെ ഏറ്റവും ഉയര്‍ന്ന മൂല്യമുള്ള കറന്‍സി 500 രൂപയായി മാറി.

ആര്‍ബിഐയുടെ ‘ക്ലീന്‍ നോട്ട് പോളിസി’യുടെ ഭാഗമായാണ് 2000 രൂപ നോട്ടുകള്‍ പിന്‍വലിക്കുന്നത്.നോട്ടുകള്‍ പിന്‍വലിക്കുന്നതിന്റെ ഭാഗമാണ് ബാങ്കുകളോട് 2000 രൂപയുടെ കറന്‍സി വിതരണം ചെയ്യുന്നത് നിര്‍ത്തിവെക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്. 2016 നവംബര്‍ എട്ടിനാണ് പ്രചാരത്തിലുണ്ടായിരുന്ന 500ന്റെയും 1000ത്തിന്റെയും നോട്ടുകള്‍ പിന്‍വലിച്ച് 2000 ത്തിന്റെ നോട്ടുകള്‍ ആര്‍ബിഐ ഇറക്കിയത്.

2018 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ 33,632 ലക്ഷം നോട്ടുകളായിരുന്നു വിപണിയില്‍ ഉണ്ടായിരുന്നത്. 2019 ല്‍ ഇത് 32,910 ലക്ഷമായി. 2020 ല്‍ 27,398 ലക്ഷവുമായും കുറഞ്ഞുവെന്നും റിസര്‍വ് ബാങ്ക് നേരത്തേ വ്യക്തമാക്കിയിരുന്നു. 2019-20 സാമ്പത്തിക വര്‍ഷം 2000 രൂപയുടെ ഒരൊറ്റ നോട്ട് പോലും അച്ചടിച്ചിരുന്നില്ല.

റെജി, ബിർമിങ്ഹാം

ലോഗോസ് ഫിലിംസിന്റെ ബാനറിൽ ജോയ് കല്ലൂക്കാരൻ രചനയും സംവിധാനവും നിർവഹിച്ച് മലയാള സിനിമയിലെ പ്രമുഖ താരങ്ങൾ പ്രധാന കഥാപാത്രങ്ങളാവുന്ന “The Hope” എന്ന മലയാളം സിനിമ യുകെയിലെ തിയേറ്ററുകളിലേയ്ക്ക് എത്തുകയാണ്

ഡോ. ജോൺ അബ്രഹാം എന്ന സിജോ വർഗീസ് ക്യാരക്ടറിലൂടെയാണ് ജീവിതത്തെക്കുറിച്ചും നിത്യജീവിതത്തെക്കുറിച്ചു മുള്ള ബോധ്യങ്ങളിലേക്ക് സിനിമാ പ്രേക്ഷകനെ ജോയ് കല്ലൂക്കാരൻ നയിക്കുന്നത്. ഈ ലോക ജീവിതത്തിനു വേണ്ടി മാത്രം അദ്ധ്വാനിക്കുന്നവരാകാതെ ക്രിസ്തു വാഗ്ദാനം ചെയ്യുന്ന നിത്യതയെക്കുറിച്ചും സിനിമാ ചില ചിന്തകളും അറിവുകളും പ്രേക്ഷകനുമായി പങ്കുവയ്ക്കുന്നു.

 

രണ്ടുകോടിയിലധികം മുതൽമുടക്കി സാങ്കേതിക തികവോടെ നിർമ്മിച്ചിരിക്കുന്ന ഈ സിനിമാ രണ്ടുമണിക്കൂർ സമയം കൊണ്ട് പ്രേക്ഷകന്റെ ചിന്താധാരകളെ മാറ്റിമറിക്കാൻ കെൽപ്പുള്ളതാണ്. ഒരു കൊമേഴ്സ്യൽ സിനിമയ്ക്കാവശ്യമായ ദൃശ്യഭംഗിയും , സംഘർഷ മുഹൂർത്തങ്ങളും , പാട്ടുകളും സൗണ്ട് ഇഫക്ടും The Hope എന്ന സിനിമയെ ഒരു ഫാമിലി മൂവി എന്ന കാറ്റഗറിയിൽ എത്തിക്കുന്നു.

മലയാളം മുഖ്യധാര സിനിമകളെ പോലെ തിയേറ്ററിൽ ഓടിക്കുവാൻ സജ്ജമായ ഈ സിനിമയ്ക്ക് കേരളത്തിലെ സിനിമാ മേഖലയിൽ പ്രോത്സാഹനം ലഭിച്ചില്ല എന്നത് , രാഷ്ട്രീയ സാമൂഹിക മാനങ്ങളോട് ചേർത്ത് വായിക്കേണ്ട വിഷയമാണ് .

ജൂൺ മാസം 4 -ാം തീയതി 6:00 മണിക്ക് ലെസ്റ്ററിലുള്ള പിക്കാഡലി സിനിമാസിൽ യുകെയിലെ പ്രഥമ ഷോ നടത്തി യുകെയിൽ എല്ലാ നഗരങ്ങളിലും ഈ സിനിമ എത്തിക്കാനുള്ള സെൻസറിങ് പരിപാടികൾ പുരോഗമിച്ചു വരുന്നതായി ഇതിൻറെ പിന്നാണി പ്രവർത്തകർ അറിയിക്കുന്നു.

ലണ്ടൻ: ഹൃദയഹാരിയായ ഒരുപിടി നല്ല ഗാനങ്ങള്‍ ആസ്വദിക്കാന്‍ വീണ്ടുമൊരു ഗാന സന്ധ്യ യുകെ മലയാളികളെ തേടിയെത്തിയിരിക്കുകയാണ്. ജോയ്‌സ് ലൈവ് ലണ്ടന്‍ ഒരുക്കുന്ന സ്വരരാഗ സന്ധ്യ യുകെയിലെ മൂന്നു ഭാഗങ്ങളില്‍ അരങ്ങേറുന്നു. ആസ്വാദക ഹൃദയങ്ങളെ കീഴടക്കാനായി മികച്ച ഗായകരും പരിപാടിയുടെ ഭാഗമാണ്.

മൂന്നു സ്ഥലങ്ങളിലാണ് നിലവില്‍ പരിപാടികള്‍ ഒരുക്കിയിരിക്കുന്നത്. മേയ് 27 വൈകിട്ട് 5.30 ന് ടുഡര്‍ പാര്‍ക്ക് ലെഷര്‍ സെന്റര്‍ ഫെല്‍ത്താം, മേയ് 28 വൈകിട്ട് 5.30 ന് വീറ്റ്‌ലി പാര്‍ക്ക് സ്‌കൂള്‍ ,ഓക്‌സ്‌ഫോര്‍ഡ്, ജൂണ്‍ 3 വൈകിട്ട് 4 ന് ജോയ്‌സ് ലൈവ് ലണ്ടനും ട്രാഫോര്‍ഡ് മലയാളി അസോസിയേഷനും വിഥിൻഷോ ഫോറം സെന്ററിൽ വച്ച് പരിപാടി നടത്തുന്നു.

ഫ്‌ളവേഴ്‌സ് ടിവി കോമഡി ഉത്സവം ഫെയിം ഫാ. വില്‍സണ്‍ മെച്ചേരില്‍, ഗ്രാമി അവാര്‍ഡ് വിന്നര്‍ മനോജ് ജോര്‍ജ്, ബ്രിട്ടന്‍ ടാലന്റ് സവര്‍ണ നായര്‍, സോഷ്യല്‍മീഡിയ ഫെയിം ലാലു ടീച്ചറും ലൈവ് ബാന്‍ഡും പരിപാടിയുടെ പ്രധാന ആകര്‍ഷണങ്ങളാണ്. പാട്ടുകള്‍ മനസിനെ എന്നും ആഴത്തില്‍ സ്വാധീനിക്കുന്നവയാണ്… ഒരുപിടി നല്ല ഗാനങ്ങള്‍ ആസ്വദിക്കാന്‍ സ്വര രാഗസന്ധ്യയിലേക്ക് ഏവരെയും ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്
മാഞ്ചസ്റ്റര്‍ ; 07903748605, 07859816234
ഫെല്‍താം ; 07411899479, 07403474047, 07916350659
ഓക്‌സ്‌ഫോര്‍ഡ് ; 07828456564, 07423466188, 07428738476

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ് 

ഷെഫീൽഡിൽ താമസിക്കുന്ന ജോസ്മോൻ ജില്ലിറ്റ് ദമ്പതികളുടെ മകൾ ഇസ മരിയയുടെ സംസ്കാര ശുശ്രൂഷകൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി . മെയ് 23-ാം തീയതി രാവിലെ 10 മണിക്കാണ് പൊതുദർശനം ആരംഭിക്കുന്നത്.

8 മാസം മാത്രം പ്രായമായ ഇസ മരിയ ഹൃദയസംബന്ധമായ അസുഖം മൂലമാണ് നിര്യാതയായത്. നാട്ടിൽ കോട്ടയമാണ് പിതാവ് ജോസ് മോന്റെ സ്വദേശം .കൈറ്റാട്ട് പറമ്പിൽ കുടുംബാംഗമായ ജോസ് മോൻ കോട്ടയം ലൂർദ് മാതാ ചർച്ച് ഇടവകാംഗമാണ് .

പൊതുദർശനം നടക്കുന്ന സ്ഥലത്തിൻറെ മേൽവിലാസം .

JOHN FAIREST FUNERAL CARE,10-56 PENISTONE ROAD NORTH, SHEFFIELD, S6 1LQ

സംസ്കാര ശുശ്രൂഷകൾ നടക്കുന്ന സ്ഥലത്തിൻറെ വിലാസം

SHIREGREEN CEMETERY, SHIREGREEN LANE SHEFFIELD, S5 6AA

കപ്പൽ ജീവനക്കാരനായ കൊച്ചി സ്വദേശിയെ ഹോങ്‌ കോങ്ങിൽ കാണാതായി. നാലുദിവസമായി യുവാവിനെക്കുറിച്ച് വിവരങ്ങളൊന്നും ഷിപ്പിങ് കമ്പനിക്കോ കുടുംബാംഗങ്ങൾക്കോ ലഭിച്ചിട്ടില്ല. പള്ളുരുത്തി വെസ്റ്റ് കച്ചേരിപ്പടി വെളിപ്പറമ്പിൽ വീട്ടിൽ ജിജോ അഗസ്റ്റിനെയാണ് (26) ഹോങ്‌ കോങ്ങിൽ കാണാതായതായി അമ്മ ഷേർളി ജേക്കബ്ബിന് ഷിപ്പിങ് കമ്പനിയിൽനിന്ന്‌ സന്ദേശം ലഭിച്ചത്.

തായ്‌ലാൻഡിൽനിന്ന്‌ ഹോങ്‌ കോങ്ങിലേക്കു പോയ കെസ്ട്രൽ കമ്പനിയുടെ കണ്ടെയ്‌നർ കപ്പലിലെ ജീവനക്കാരനാണ് ജിജോ അഗസ്റ്റിൻ. മുംബൈയിലെ എക്സ്-ടി ഷിപ്പിങ് കമ്പനിയിലാണ് കപ്പലിലെ വൈപ്പർ ജോലിക്കായി രജിസ്റ്റർ ചെയ്തിട്ടുള്ളത്. 2023 ജനുവരി മുതൽ ഈ ഏജൻസിക്ക് കീഴിലായിരുന്നു ജിജോ.

മേയ് 12-നാണ് അമ്മ ഷേർളിയെ ജിജോ അവസാനം വിളിച്ചത്. പിന്നീട് 14-നാണ് മുംബൈ എക്സ്-ടി ഷിപ്പിങ്ങിൽനിന്ന്‌ ക്യാപ്റ്റൻ അനിൽ സൂദ് എന്ന് പരിചയപ്പെടുത്തിയ ആൾ ജിജോയെ കാണാനില്ലെന്ന വിവരം ഷേർളിയെ അറിയിച്ചത്. ജിജോയുടെ അച്ഛൻ 24 വർഷം മുന്നേ മരിച്ച ശേഷം കൂലിവേലയെടുത്താണ് ഷേർളി മകനെ പഠിപ്പിച്ചത്. മകനെ കാണാനില്ലെന്നറിഞ്ഞതോടെ മാനസികമായി തളർന്ന അവസ്ഥയിലാണ് ഷേർളി.

കപ്പൽ ജോലിക്കിടെ ഉത്തരേന്ത്യക്കാരായ മൂന്നുപേർ സ്ഥിരമായി കളിയാക്കിയിരുന്നുവെന്നും ഇതിന്റെ പേരിൽ ചില പ്രശ്നങ്ങളുണ്ടായെന്നും ഷേർളിയോട് നേരത്തേ ജിജോ പറഞ്ഞിരുന്നു. ഈ മൂന്നു പേരെ കമ്പനി ജോലിയിൽനിന്നു പറഞ്ഞുവിട്ടെന്നും പിന്നീട് തന്റെ ഫോണിലേക്ക് ഒരുപാട് ഭീഷണി കോളുകൾ വന്നിരുന്നതായും ജിജോ അമ്മയോട് പറഞ്ഞിരുന്നു. കപ്പലിൽ ഗുരുതരമായ എന്തോ പ്രശ്നങ്ങളുണ്ടായിട്ടുണ്ടെന്നാണ് ഷേർളി സംശയിക്കുന്നത്.

കപ്പൽ കമ്പനിയിൽനിന്ന്‌ വിവരങ്ങൾ ലഭിക്കാതായതോടെ പള്ളുരുത്തി പോലീസ് സ്റ്റേഷനിൽ ഷേർളി പരാതി നൽകിയിരുന്നു. ഇതിനു ശേഷം ഹൈബി ഈഡൻ എം.പി.ക്ക് നിവേദനം നൽകി. പിന്നീട് ഷിപ്പിങ് കമ്പനിയിൽനിന്ന്‌ വീണ്ടും അറിയിപ്പു വന്നു. ഹോങ്‌ കോങ്ങിൽ രണ്ടു ദിവസം തിരച്ചിൽ നടത്തിയെന്നും ജിജോയെ കണ്ടെത്താനായില്ലെന്നുമായിരുന്നു സന്ദേശം. കപ്പൽ തീരം വിടുകയാണെന്ന അറിയിപ്പും ഷിപ്പിങ് കമ്പനി നൽകി.

ഫോട്ടോയെടുക്കാൻ വേണ്ടി പാപ്പരാസികളുടെ തിരക്കുകൂട്ടലിൽ ഹാരി രാജകുമാരനും ഭാര്യ മേഗനും ഭാര്യമാതാവും സഞ്ചരിച്ച കാർ, അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്കെന്ന് റിപ്പോർട്ട്. ന്യൂയോർക്കിൽ വെച്ചായിരുന്നു സംഭവമെന്ന് ഹാരിയുമായി അടുത്തവൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. ന്യൂയോർക്കിൽ ഒരു അവാർഡ് ദാന ചടങ്ങില്‍ സംബന്ധിച്ച് മടങ്ങുമ്പോഴാണ് സംഭവമുണ്ടായത് എന്നാണ് വിവരം.

രാജകുമാരനും കുടുംബവും സഞ്ചറിച്ച കാറിന് പിന്നാലെ ഫോട്ടോഗ്രാഫർമാർ കൂടിയതോടെ റോഡിൽ തിരക്കനുഭവപ്പെടുകയും മറ്റു ഡ്രൈവർമാർക്ക് അത് ബുദ്ധിമുട്ട് ഉണ്ടാക്കുകയും ചെയ്തു. കാൽനടയാത്രക്കാരേയും ബുദ്ധിമുട്ടിലാക്കി. രണ്ട് മണിക്കൂറോളം തടസ്സം നേരിട്ടതായും ഹാരി രാജകുമാരന്റെ വക്താവ് പറഞ്ഞതായി റിപ്പോർട്ടിൽ പറയുന്നു.

1997-ൽ ഇത്തരത്തിൽ പാപ്പരാസികളുടെ കണ്ണുവെട്ടിച്ച് പോകുന്നതിനിടെയായിരുന്നു ഹാരിയുടെ മാതാവ് ഡയാന രാജകുമാരി അപടകത്തിൽപെടുന്നത്. തുടർന്ന് ഇവരെ പിന്തുടർന്നിരുന്ന ഫോട്ടോഗ്രാഫർമാരെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. സമാനരീതിയിലാണ് ഇപ്പോൾ ഹാരിയേയും പാപ്പരാസികൾ പിന്തുടർന്നതെന്നാണ് റിപ്പോർട്ടുകൾ.

യുകെയിലുള്ള തൃശ്ശൂർ ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജ് പൂർവ്വ വിദ്യാർത്ഥികളുടെ (ജിഇസി യുകെ) രണ്ടാമത് വാർഷിക ആഘോഷങ്ങൾ ഇംഗ്ലണ്ടിലെ ലെസ്റ്ററിൽ സംഘടിപ്പിച്ചു. മെയ് പതിമൂന്നിന് നടന്ന കൂട്ടായ്മയിൽ യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി പൂർവ്വ വിദ്യാർത്ഥികളും അവരുടെ കുടുംബാംഗങ്ങളും അടക്കം നൂറ്റിയമ്പതോളം പേർ പങ്കെടുത്തു. പൂർവ്വ വിദ്യാർത്ഥികളും അവരുടെ കുട്ടികളും അവതരിപ്പിച്ച വിവിധ കലാപരിപാടികൾ ഒത്തു ചേരലിനു മിഴിവേകി.

1986 മുതൽ 2021 വരെ ജിഇസിയിൽ നിന്നും പഠിച്ചിറങ്ങിയവർ ഈ കൂട്ടായ്മയുടെ അംഗങ്ങളാണ്. ഐ ടി, ബാങ്കിങ്ങ് , കൺസ്ട്രക്ഷൻ, ഓട്ടോമൊബൈൽ, എനർജി, ട്രാൻസ്പോർറ്റേഷൻ എന്നീ മേഖലകളിലെ വിദഗ്ദ്ധരെകൂടാതെ ഓക്സ്ബ്രിഡ്ജ് അധ്യാപകരും , വ്യവസായികളും യു കെയുടെ പ്രവർത്തന മണ്ഡലങ്ങളിൽ ജിഇസിയുടെ യശസ്സിന് മങ്ങലേൽപ്പിക്കാതെതന്നെ വ്യാപൃതരാണ്‌. എഞ്ചിനീയറിംഗ് രംഗത്തെ തങ്ങളുടെ അനുഭവപരിചയം യുവതലമുറക്ക് പകർന്നു നൽകാനായി യു കെയിലും ഇന്ത്യയിലുമുള്ള വിവിധ സംഘടനകളുമായി ചേരുന്നു വിവിധ ക്ലാസ്സുകളും, ജോലിസാധ്യത മാർഗനിദേശങ്ങളും നൽകുന്നതിൽ അംഗങ്ങൾ മുൻപന്തിയിലാണ്. പല അംഗങ്ങളും വിവിധ ചാരിറ്റി, സാമൂഹിക സംഘടനകളുടെ ഉപദേശകരോ പ്രവർത്തകരോ ആണ്. ഇതിലൂടെ സാമൂഹികനന്മക്കായി സേവനങ്ങൾ അർപ്പിക്കാൻ ഈ കൂട്ടായ്മയിലെ അംഗങ്ങൾ കൈകോർത്തു പ്രവർത്തിക്കുന്നു.

കോവിഡ് കാലത്തു ജിഇസി യുകെ ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിലെ പൂർവ്വവിദ്യാർത്ഥികളെ പങ്കെടുപ്പിച്ചു നടത്തിയ “ടെക്റ്റാൾജിയ” എന്ന വെർച്ച്വൽ കലാമേള വളരെ ശ്രദ്ധ നേടിയിരുന്നു. അടുത്ത ടെക്റ്റാൾജിയ സംഘടിപ്പിയ്ക്കുന്ന യുഎഇ ചാപ്റ്റർ (ട്രേസ്) പ്രസിഡൻ്റ് അഷറഫ്, ജിഇസി യുകെ ചാപ്റ്ററിലെ റെയ്മോൾ നിധിരിയ്ക്ക് കോളേജിന്റെ ഉപഹാരം സമർപ്പിച്ചു.

യു കെ യിൽ താമസിക്കുന്ന ജി ഇ സിലെ പൂർവവിദ്യാർത്ഥികൾക്കു ഈ കൂട്ടായ്മയെക്കുറിച്ചു കൂടുതൽ അറിയാനും ഭാഗമാകാനും ‘Tectalgia’ എന്ന ഫേസ്ബുക് പേജിലൂടെ ബന്ധപ്പെടാവുന്നതാണ്.

https://www.facebook.com/tectalgia

ലോഡ്ജ്മുറിയിൽ യുവതിയെ കഴുത്തറത്ത് കൊലപ്പെടുത്തിയശേഷം യുവാവ് പോലീസ് സ്റ്റേഷനിൽ കീഴടങ്ങി. ഉദുമ കുണ്ടോളംപാറയിലെ ദേവിക രാജ് (34) ആണ് മരിച്ചത്. കാസർകോട് ബോവിക്കാനം അമ്മങ്കോട്ടെ സതീഷ് ഭാസ്കർ (34) ആണ് ഹൊസ്ദുർഗ് പോലീസിൽ കീഴടങ്ങിയത്.

ചൊവ്വാഴ്ച വൈകിട്ട്‌ മൂന്നോടെയാണ് സതീഷ് പോലീസ് സ്റ്റേഷനിലെത്തി ദേവികയെ കൊലപ്പെടുത്തിയെന്നറിയിച്ചത്. ജീവിക്കാനനുവദിക്കാത്തതിനാലാണ് കൃത്യം നിർവഹിച്ചതെന്ന്‌ പറഞ്ഞ സതീഷ് മുറിയുടെ താക്കോലും പോലീസിന് കൈമാറി. ഉടൻ ഇൻസ്പെക്ടർ കെ.പി.ഷൈനും പോലീസുകാരും ലോഡ്ജിലെത്തി. നാലാം നിലയിലെ മുറി തുറന്നപ്പോൾ ദേവിക രക്തം വാർന്നൊഴുകിയ നിലയിൽ കിടക്കുന്നതാണ് കണ്ടത്.

കാസർകോട് ‘മൈൻ’ ബ്യൂട്ടിപാർലർ നടത്തുന്ന ദേവികയും സെക്യൂരിറ്റി ഏജൻസി നടത്തുന്ന സതീഷും ഒൻപത്‌ വർഷത്തോളമായി പരിചിതരാണെന്ന് പോലീസ് പറഞ്ഞു. ഒന്നരമാസത്തോളമായി സതീഷ് ലോഡ്ജിൽ താമസിക്കുകയാണ്. ചൊവ്വാഴ്ച രാവിലെ പുറത്തേക്കുപോയി 11 മണിയോടെയാണ് ദേവികയുമായെത്തിയത്. ഭാര്യയാണെന്നാണ് ലോഡ്ജ് ജീവനക്കാരോട്‌ പറഞ്ഞത്.

തന്റെ കുടുംബജീവിതത്തിനു ദേവിക തടസ്സം നിൽക്കുന്നതിനാലാണു കൊലപ്പെടുത്തിയതെന്നു സതീഷ് പൊലീസിനോടു വെളിപ്പെടുത്തി. ഇരുവരും വർഷങ്ങളായി പ്രണയത്തിലായിരുന്നു. പിന്നീട് രണ്ടുപേരും വേറെ വിവാഹം കഴിച്ചെങ്കിലും ബന്ധം തുടർന്നു.

ഉച്ചയ്ക്ക്‌ 2.45-ഒാടെ സതീഷ് ഭാസ്കർ ഇറങ്ങിപ്പോകുന്നത്‌ കണ്ടതായി ലോഡ്ജ് ജീവനക്കാർ പോലീസിന്‌ മൊഴി നൽകി. ഇൻസ്പെക്ടറും സംഘവുമെത്തിയപ്പോഴാണ് കൊല നടന്ന കാര്യം ലോഡ്ജിലുള്ളവരും സമീപത്തെ ഹോട്ടലിലുള്ളവരുമെല്ലാം അറിയുന്നത്.

ഉദുമ കുണ്ടോളംപാറയിലെ പരേതനായ ബാലകൃഷ്ണന്റെയും പ്രേമയുടെയും മകളാണ് ദേവിക. സതീഷിന് ഭാര്യയും മക്കളുമുണ്ട്. ദേവികയ്ക്ക് ഭർത്താവും മക്കളുമുണ്ട്.

കൊച്ചി: പെരുമ്പാവൂര്‍ ജിഷ കൊലക്കേസിലും ആറ്റിങ്ങൽ  ഇരട്ട കൂട്ടക്കൊല കേസിലും വധശിക്ഷ പുനപരിശോധിക്കാനുള്ള നടപടി തുടങ്ങി ഹൈക്കോടതി. ഇതിന് മുന്നോടിയായി പ്രതികളുടെ സാമൂഹിക മാനസിക പശ്ചാത്തലം പരിശോധിക്കാൻ ഹൈക്കോടതി നിർദേശിച്ചു. ഈ റിപ്പോർട്ടിന്‍റെ  അടിസ്ഥാനത്തിൽ വധ ശിക്ഷയിൽ ഇളവ് വരുത്തുന്നതിൽ ഹൈക്കോടതി തീരുമാനം എടുക്കും.ഏറെ ചർച്ചയായ പെരുമ്പാവൂര്‍ ജിഷാ കൊലക്കേസിലെ പ്രതി അമീറുൽ ഇസ്ലാം, ആറ്റിങ്ങൽ ഇരട്ടക്കൊല കേസിലെ പ്രതി നിനോ മാത്യൂ  എന്നിവർക്ക് വധ ശിക്ഷയിൽ ഇളവ് വേണമോയെന്നതിൽ തീരുമാനം എടുക്കാനാണ് മിറ്റിഗേഷൻ ഇൻവെസ്റ്റിഗേഷന് ഹൈക്കോടതി ഉത്തരവിട്ടത്. വധ ശിക്ഷ സംബന്ധിച്ച് സുപ്രീം കോടതിയുടെ സമീപകാലത്തെ നിർദേശങ്ങൾ പരിഗണിച്ചാണ് ഉത്തരവ്.

കുറ്റകൃത്യം നടത്തുന്നതിന് മുന്പുള്ള കുറ്റവാളികളുടെ സാമൂഹിക, സാമ്പത്തിക പശ്ചാത്തലം, മാനസിക നില, ഇവർ നേരിട്ടിട്ടുളള പീഡനം എന്നിവ അന്വേഷണത്തിന്‍റെ  ഭാഗമായി പരിശോധിക്കും. ദേശീയ നിയമ സർവകലാശാലയിലെ  പ്രൊജക്ട് 39 എയിലെ വിദഗ്ധരെയാണ് അന്വേഷണത്തിനായി ചുമതലപ്പെടുത്തിയിരിക്കുന്നത്. ശിക്ഷ വിധിച്ചതിന് ശേഷം കുറ്റവാളികളുടെ ജയിലിലെ പെരുമാറ്റവും പരിഗണനാ വിഷയമാകും.  ഇക്കാര്യത്തിൽ ജയിൽ ഡിജിപി നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും ശിക്ഷാ ഇളവിൽ തീരുമാനം എടുക്കുക.കോടതി നിയോഗിച്ച അമിക്കസ് ക്യൂറികളായ  സായ് പല്ലവി, മിത്താ സുധീന്ദ്രൻ എന്നിവരുടെ അഭിപ്രായം കൂടി പരിഗണിച്ചാണ് ഹൈക്കോടതി നടപടി. ജസ്റ്റിസ് അലക്സാണ്ടർ തോമസ്, ജസ്റ്റിസ് സി ജയചന്ദ്രൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്.. ശിക്ഷ സ്റ്റേ ചെയ്യണമെന്ന പ്രതികളുടെ അപ്പീലിൽ ഹൈക്കോടതി വരും ദിവസങ്ങളിൽ വാദം കേൾക്കും

കൊച്ചി : കൊച്ചിയിൽ വാഹന പരിശോധനയ്ക്കിടെ പൊലീസിനെ ആക്രമിച്ചെന്നാരോപിച്ച് കസ്റ്റഡിയിലെടുത്ത യുവനടനടക്കം രണ്ടുപേരെ പൊലീസ് നടുറോഡിലിട്ട് ചവിട്ടുന്ന ദൃശ്യങ്ങൾ പുറത്ത്. റോഡിൽ വെച്ച് സംഘർഷം കണ്ടു നിന്ന ആളുകൾ പകർത്തിയ ദൃശ്യങ്ങളാണ് പുറത്ത് വന്നത്.

റാസ്പുട്ടിൻ ഗാനം മദ്യപാനി അവതരിപ്പിക്കുന്ന രീതിയിൽ ചെയ്ത് സമൂഹമാധ്യമങ്ങളിൽ താരമായ തൃശൂർ സ്വദേശി സനൂപ്, വീഡിയോ എഡിറ്റർ പാലക്കാട് സ്വദേശി രാഹുൽ രാജ് എന്നിവരെ പൊലീസ് മർദ്ദിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ഇന്നലെ രാത്രി കലൂർ ദേശാഭിമാനി ജംഗ്ഷനിലാണ് സംഭവം. തട്ടുകടയ്ക്ക് സമീപം ഗതാഗത തടസം ഉണ്ടാക്കുന്ന തരത്തിൽ വാഹനം പാർക്ക് ചെയ്ത ഇവരുമായി പൊലീസ് തർക്കത്തിലായി. വാഹനത്തിന്റെ രേഖകൾ ചോദിച്ച എറണാകുളം നോർത്ത് സ്റ്റേഷൻ ഹൗസ് ഇൻസ്പെകടറെയും സംഘത്തെയും ആക്രമിച്ചെന്ന് ആരോപിച്ച് രണ്ടുപേരെയും കസ്റ്റഡിയിലെടുത്തു. അറസ്റ്റും രേഖപ്പെടുത്തി.

പൊലീസ് ഇവരെ നിലത്തിട്ട് മർദ്ദിക്കുന്ന ദൃശ്യങ്ങൾ പിന്നീട് പുറത്തുവന്നു. സംഭവം കണ്ടുനിന്ന ആളുകളാണ് ദൃശ്യം പകർത്തിയത്. അകാരണമായി പൊലീസ് തങ്ങളെ നിലത്തിട്ട് ചവിട്ടി എന്നാണ് സനൂപും രാഹുൽ രാജും പറയുന്നത്. എന്നാൽ പ്രതികൾ ജീപ്പിൽ കയറാൻ വിസമ്മതിച്ചതിനെ തുടർന്നുള്ള പിടിവലി ദൃശ്യമാണിതെന്നാണ് പൊലീസ് വാദം.

 

Copyright © . All rights reserved