ജോളി എം പടയാട്ടിൽ
ആഗോളതലത്തിലുള്ള പ്രവാസി മലയാളികൾക്കായി വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൻ നടത്തിക്കൊണ്ടിരിക്കുന്ന കലാസാംസ്കാരിക വേദിയുടെ 7-ാം സമ്മേളനം ഒക്ടോബർ 27-ാം തീയതി വെള്ളിയാഴ്ച വൈകിട്ട് 3:00 PM (യു കെ സമയം), 4 :00 PM (ജർമൻ സമയം), 7 :30 PM (ഇന്ത്യൻ സമയം ) 18 : 00 PM (യുഎഇ സമയം ) വെർച്വൽ പ്ലാറ്റ്ഫോമിൽ നടക്കുന്നു . പ്രസ്തുത സമ്മേളനത്തിൽ ജലസേചന വകുപ്പ് മന്ത്രി റോഷി എം. അഗസ്റ്റിനും , പ്രമുഖ സുപ്രീംകോടതി വക്കീൽ അഡ്വ. റസൽ ജോയിയും പങ്കെടുക്കുന്നു.
കേരളത്തിൻറെ നിലനിൽപ്പ് തന്നെ അപകടത്തിലായേക്കാവുന്ന മുല്ലപ്പെരിയാർ ഡാമിൻറെ അപകടാവസ്ഥയെക്കുറിച്ച് അഡ്വ. റസൽ ജോയി നയിക്കുന്ന ചർച്ചകളിൽ ആഗോളതലത്തിലുള്ള വിവിധ മലയാളികൾ പങ്കെടുക്കും.
എല്ലാ മാസത്തിന്റെയും അവസാനത്തെ വെള്ളിയാഴ്ച നടക്കുന്ന ഈ കലാസാംസ്കാരിക വേദിയിൽ എല്ലാ പ്രവാസി മലയാളികൾക്കും , അവർ താമസിക്കുന്ന രാജ്യങ്ങളിൽ നിന്നുകൊണ്ടുതന്നെ ഇതിൽ പങ്കെടുക്കുവാനും , അവരുടെ കലാസൃഷ്ടികൾ അവതരിപ്പിക്കുവാനും (കവിതകൾ, ഗാനങ്ങൾ തുടങ്ങിയവ ആലപിക്കുവാനും ) ആശയവിനിമയങ്ങൾ നടത്തുവാനും അവസരം ഉണ്ടായിരിക്കുന്നതാണ്.
രണ്ടുമണിക്കൂർ നീണ്ടുനിൽക്കുന്ന ഈ കലാസാംസ്കാരിക സമ്മേളനത്തിന്റെ ആദ്യത്തെ ഒരു മണിക്കൂർ പ്രവാസികൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെ കുറിച്ചാണ് ചർച്ച ചെയ്യപ്പെടുക. ഇതിൽ തെരഞ്ഞെടുത്ത വിഷയങ്ങളെ ആധികാരികമായി പ്രതികരിക്കുവാൻ കഴിയുന്ന ഉദ്യോഗസ്ഥരോ , മന്ത്രിമാരോ പങ്കെടുക്കുന്ന ചർച്ചയായിരിക്കും നടക്കുക. ഒക്ടോബർ 27 – ന് നടക്കുന്ന .സമ്മേളനത്തിൽ ആഗോള മലയാളികളെ ഭീതിയിലാക്കുന്ന മുല്ലപെരിയാർ ഡാമിൻറെ അപകടാവസ്ഥയെ കുറിച്ച് അഡ്വ. റസൽ ജോയി സംസാരിക്കുന്നു. എല്ലാ പ്രവാസി മലയാളികളെയും വെർച്വൽ പ്ലാറ്റ്ഫോമിലൂടെ നടക്കുന്ന ഈ കലാസാംസ്കാരിക കൂട്ടായ്മയിലേക്ക് വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൻ സ്വാഗതം ചെയ്യുന്നു.
ജോളി എം പടയാട്ടിൽ – പ്രസിഡൻറ് : 04915753181523
ജോളി തടത്തിൽ – ചെയർമാൻ : 0491714426264
ബാബു തോട്ടപ്പള്ളി – ജനറൽ സെക്രട്ടറി : 0447577834404
ഷൈബു ജോസഫ് – ട്രഷറർ

ജീസൺ പിട്ടാപ്പിള്ളിൽ
ഒക്ടോബർ 21 നു അരങ്ങുണരുന്ന ബ്രിസ്റ്റോൾ കാർഡിഫ് റീജിയൻ ബൈബിൾകലോത്സവത്തിനു ഒരുക്കങ്ങൾ പൂർത്തിയാക്കി. വെയിൽസിലെ പ്രഥമ കത്തോലിക്കാ കമ്മ്യൂണിറ്റിയായ ന്യൂപോർട്ട് സെന്റ് ജോസഫ് പ്രോപോസ്ഡ് മിഷൻ റീജിയണൽ ബൈബിൾകലോത്സവത്തിന്റെ നടത്തിപ്പിനായി ഒരുക്കങ്ങൾ പൂർത്തിയായതായി സംഘടകർ.
ബ്രിസ്റ്റോൾ കാർഡിഫ് റീജിയണൽ ബൈബിൾ കലോത്സവം കോർഡിനേറ്റർ ആൻറ് സെന്റ് ജെയിംസ് പ്രോപോസ്ഡ് മിഷൻ ടോണ്ടൻ ആൻഡ് എക്സിറ്റർ കോ ഓർഡിനേറ്റർ :ഫാ.രാജേഷ് എബ്രഹാം ആനാത്തിൽ ,ന്യൂപോർട്ട് സെന്റ് ജോസഫ് പ്രോപോസ്ഡ് മിഷൻ കോ ഓർഡിനേറ്റർ ആൻഡ് കാർഡിഫ് സെന്റ് തോമസ് മിഷൻ ഡയറക്ടർ ഫാ.മാത്യു പാലറകരോട്ട് CRM, ബ്രിസ്റ്റോൾ കാർഡിഫ് റീജിയൻ കോ ഓർഡിനേറ്റർ ആൻറ് സെന്റ് മേരീസ് പ്രോപോസ്ഡ് മിഷൻ ഗ്ലോസ്റ്റെർ കോ ഓർഡിനേറ്റർ ഫാ. ജിബിൻ വാമറ്റത്തിൽ, ബ്രിസ്റ്റോൾ സെൻ്റ് തോമസ് ഇടവക വികാരി ഫാ.പോൾ വെട്ടിക്കാട്ട് , അസിസ്റ്റന്റ് വികാരി ഫാ.ബിനോയ് മണ്ഡപത്തിൽ, ബൈബിൾകലോത്സവം റീജിയൺ കോർഡിനേറ്റർസ് ആയ ജോബി പിച്ചാപ്പിള്ളിയുടെയും, തോമസ് ചൂരപൊയ്കയുടെയും നേതൃത്വത്തിലും ബ്രിസ്റ്റോൾ കാർഡിഫ് മിഷൻ/പ്രോപോസ്ഡ് ട്രസ്റ്റിമാർ, മതബോധന ഹെഡ് ടീച്ചേഴ്സ് , വിവിധ സബ് കമ്മിറ്റികളുടെയും ന്യൂപോർട് പ്രോപോസ്ഡ് മിഷനിലെ വോളണ്ടീയർസ് അംഗങ്ങളും , വുമൻസ് ഫോറം പ്രതിനിധികളും ന്യൂപോർട് പ്രോപോസ്ഡ് മിഷനിലെ കത്തോലിക്കാ വിശ്വാസിസമൂഹ ത്തിൻ്റെയും സഹകരണത്തോടെയും ഒരുക്കങ്ങൾ പൂർത്തിയാക്കി.
ബൈബിൾകലോത്സവത്തിന്റെ മെഗാ സ്പോൺസേർസ് -വൈസ് മോർട്ട്ഗേജ് ആൻഡ് ഇൻഷുറൻസ് സർവീസസ് , ബ്രിസ്റ്റോൾ ആണ്.

ആറു മിഷൻകളിൽ നിന്നുംഉള്ള 400 ഇൽ പരം മത്സരാത്ഥികളാണ് പങ്കെടുക്കുന്നത്. റീജിയണൽ മത്സരങ്ങളിൽ വിജയികൾ ആയവരാണ് നാഷണൽ ലെവൽ മത്സരങ്ങളിൽ പങ്കെടുക്കാൻ അർഹതനേടുന്നത്. സിംഗിൾ ഐറ്റം മത്സരങ്ങളിലും, ഗ്രൂപ്പ് ഐറ്റം മത്സരങ്ങളിലും ഒന്നാം സ്ഥാനം നേടിയവരാണ് രൂപത മത്സരങ്ങളിൽ പങ്കെടുക്കാൻ അർഹരാകുന്നത് . ബൈബിൾകലോത്സവത്തിൽ ഏറ്റവും കൂടുതൽ പോയ്ന്റ്സ് കരസ്ഥമാക്കുന്ന ഒന്നും, രണ്ടും , മൂന്നും സ്ഥാനം നേടുന്ന മിഷനു ഈ വര്ഷം മുതല് റോളിങ് ട്രോഫി നൽകി ആദരിക്കുന്നതാണ്.
ഓവറോൾ ചാംപ്യൻസിനു അബ്രഹാം ആൻഡ് അന്നാമ്മ ചൂരപൊയ്ക മെമ്മോറിയൽ ട്രോഫിയും ഓവറോൾ റണ്ണേഴ്‌സ് അപ് മാത്യു ചെട്ടിയാകുന്നേൽ മെമ്മോറിയൽ ട്രോഫിയും മൂന്നാം സ്ഥാനം നേടുന്നവർക്ക് ചെട്ടിപ്പറമ്പിൽ ഫാമിലി വക ട്രോഫിയും നേടാവുന്നതാണ് . ഒക്ടോബർ 21 ന് രാവിലെ 09:15 ന് ബൈബിൾ പ്രതിഷ്ഠയോടെ ആരംഭിച്ച് ,ഒമ്പതോളം സ്റ്റേജുകളിൽ പത്തുമണിക്ക് മത്സരങ്ങൾ ഒരേസമയം ആരംഭിച്ചു, വിവിധ മത്സരങ്ങൾക്കു ശേഷം വൈകിട്ട് 06:00 pm നു സമ്മാനദാനത്തോടുകൂടെ ബൈബിൾകലോത്സവം സമാപിക്കും . മിതമായ നിരക്കിൽ തനിനാടൻ ഭക്ഷണങ്ങളും , ഫ്രീ കാർ പാർക്കിംഗ് സൗകര്യവും ക്രമീകരിച്ചിട്ടുള്ളതായി സംഘടകർ അറിയിച്ചിട്ടുണ്ട് .
ഗ്രേറ്റ് ബ്രിട്ടനിൽ , സൗത്ത് വെയിൽസിൽ , ന്യൂപോർട്ട് സെന്റ് ജോസഫ് പ്രോപോസ്ഡ് മിഷന്റെ നേതൃത്വത്തിൽ നടത്തപെടുന്ന ബൈബിൾകലോത്സവത്തിലും അനുബന്ധ പരിപാടികളിലും പങ്കുചേർന്നു കത്തോലിക്കാ സഭയോട് ചേർന്ന് നിന്ന് കൊണ്ട് വിശ്വാസത്തിൽ ആഴപ്പെടുവാനും വരും തലമുറയിലേക്കു ദൈവികവിശ്വാസം പകർന്നു നൽകുവാനും വിശ്വാസികൾ എല്ലാവരെയും ഒക്ടോബർ മാസം 21 ന് ന്യൂപോർട്ടിലേക്കു ക്ഷണിക്കുന്നു.
(ന്യൂപോർട്ട് സെന്റ് ജോസഫ് പ്രോപോസ്ഡ് മിഷൻ ട്രസ്റ്റീസ് പ്രിൻസ് ജോർജ് മാങ്കുടിയിൽ-07533 062524), റെജി ജോസഫ് വെള്ളച്ചാലിൽ-07828 412724). ബൈബിൾകലോത്സവമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് കോ ഓർഡിനേറ്റർസ് ആയ ( ജോബി പിച്ചാപ്പിള്ളിൽ- 07460 329660, തോമസ് ചൂരപൊയ്കയിൽ- 07853 907429) എന്നിവരുമായി ബന്ധപ്പെടേണ്ടതാണ്.
ബൈബിൾകലോത്സവവേദി :
St. Julian’s High School
Heather Road,
Newport
NP19 7XU
ലണ്ടൻ : യൂറോപ്പിൽ ഉള്ള മാർത്തോമ്മാ സഭാ അംഗങ്ങളുടെ സംഗമം 2023 നവംബർ 11നു ബിർമിങ്ഹാമിൽ വച്ചു നടത്തുന്നു. രാവിലെ 10 മണിക്ക് അഭിവന്ദ്യ ഐസക് മാർ ഫിലക്സിനോസ് എപ്പിസ്കോപ്പയുടെ നേതൃത്വത്തിൽ വി. കുർബാനയോടെ ആരംഭിക്കുന്ന കുടുംബ സംഗമം റ്റാംവർത്ത് കോട്ടൻ ഗ്രീൻ ഇവാൻ ജലിക്കൽ പള്ളിയിൽ വച്ചാണ് ക്രമീകരിച്ചിരിക്കുന്നത്. തുടർന്ന് നടക്കുന്ന പൊതു സമ്മേളനത്തിൽ ആoഗ്ലിക്കൻ സഭാ ബിഷപ്പ് അഭിവന്ദ്യ സാജു മുതലാളി മുഖ്യ അതിഥി ആയി പങ്കെടുക്കും. തദവസരത്തിൽ സ്ഥലം മാറി പ്പോകുന്ന സോണൽ അധ്യക്ഷൻ അഭിവന്ദ്യ ഐസക് മാർ ഫിലക്സിനോസ് എപ്പിസ്ക്കോപ്പയ്ക്ക് യാത്ര അയപ്പ് നൽകുകയും, സഭാoഗംങ്ങൾ ആയ മുതിർന്നവരെ ആദരിക്കുകയും ചെയ്യും.
യു . കെ. യിലും, യൂറോപ്പിലെ മറ്റു രാജ്യങ്ങളിലും ഉള്ള ഇടവകകൾ ഉൾപ്പെടുന്ന യു. കെ. യൂറോപ്പ് സോണിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന സംഗമത്തോട് അനുബന്ധിച്ചു സഭയുടെ വിവിധ സംഘടനകളുടെയും, സഭാoഗങ്ങളായ കലാകാരൻമാരെയും കലാകാരികളെയും നേതൃത്വത്തിൽ ഉള്ള വിവിധ പരിപാടികളും ഉണ്ടായിരിക്കും. പരിപാടികളുടെ നടത്തിപ്പിനായി ശ്രീ. ബിജോ കുരുവിള കുര്യൻ ജനറൽ കൺവീനർ ആയും, വൈദികരുടെ നേതൃത്വത്തിൽ വിവിധ സബ് കമ്മറ്റികളും പ്രവർത്തിക്കുന്നു.
മാർത്തോമ്മ സഭ
യു. കെ. യൂറോപ്പ് സോണിനു വേണ്ടി റവ. ജോൺ മാത്യു സി (സെക്രട്ടറി)
അഡ്വ. ജേക്കബ് പി. എബ്രഹാം (പബ്ലിക് റിലേഷൻസ് ഓഫീസർ )
ബെഡ്ഫോർഡ്: ബെഡ്ഫോർഡ് കേന്ദ്രീകരിച്ച് സീറോ മലബാർ വിശ്വാസികൾ ഒത്തുകൂടി കുർബ്ബാനയും ശുശ്രുഷകളും നടത്തിപ്പോരുന്ന വിശുദ്ധ അൽഫോൻസാമ്മയുടെ നാമധേയത്തിലുള്ള കുർബ്ബാന കേന്ദ്രം മിഷനായി പ്രഖ്യാപിക്കുന്നു. ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ കുർബ്ബാന കേന്ദ്രത്തെ മിഷനായി ഉയർത്തുമ്പോൾ അവിടുത്തെ നസ്രാണി കത്തോലിക്കരുടെ ചിരകാല അഭിലാഷമാണ് നിറവേറ്റപ്പെടുന്നത്.
പരിശുദ്ധ ദൈവമാതാവിന്റെയും, ഇടവക മദ്ധ്യസ്ഥയായ വിശുദ്ധ അൽഫോൻസാമ്മയുടെയും സംയുക്ത തിരുന്നാളും, പാരീഷ് ഡേയും ഒക്ടോബർ മാസം 21,22,23 തീയതികളിലായി ആഘോഷിക്കപ്പെടുമ്പോൾ ഇരട്ടി മധുരത്തിന്റെയും അനുഗ്രഹത്തിന്റെയും നിറവിലാവും വിശ്വാസി സമൂഹം കൊണ്ടാടുക.

ഒക്ടോബർ 13 മുതൽ ആരംഭിച്ച ദശദിന ജപമാല സമർപ്പണവും വിശുദ്ധ അൽഫോൻസാമ്മയുടെ
നൊവേനയും 22 നു നടക്കുന്ന മുഖ്യ തിരുന്നാളോടെ സമാപിക്കും.
ഒക്ടോബർ 21 ന് ശനിയാഴ്ച രാവിലെ 10 മണിക്ക് പാരീഷ് പ്രീസ്റ്റ് ഫാ.എബിൻ നീരുവേലിൽ വി സി, ആമുഖമായി തിരുന്നാൾ കൊടിയേറ്റിയ ശേഷം ആഘോഷമായ വിശുദ്ധ കുർബ്ബാന അർപ്പിക്കും.
പ്രധാന തിരുന്നാൾ ദിനമായ ഒക്ടോബർ 22 ന് ഞായറാഴ്ച ഉച്ചകഴിഞ്ഞു മൂന്നു മണിക്ക് അർപ്പിക്കുന്ന ആഘോഷപൂർവ്വമായ സമൂഹബലിക്ക് ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ മുഖ്യകാർമ്മികത്വം വഹിച്ചു സന്ദേശം നൽകുകയും കുർബ്ബാന കേന്ദ്രത്തെ മിഷനായി പ്രഖ്യാപിക്കുകയും ചെയ്യും. വിശുദ്ധബലിക്കു ശേഷം വിശുദ്ധരുടെ രൂപങ്ങൾ ഏന്തി ദേവാലയം ചുറ്റി വിശ്വാസ പ്രഘോഷണമായി പ്രധാന വേദിയായ ജോൺ ബനിയൻ സെന്ററിൽ എത്തി സമാപിക്കും.

ഇടവക ദിനാഘോഷത്തിൽ സൺഡേ സ്കൂളിന്റെ വാർഷികവും, ഭക്ത സംഘടനകളുടെ കലാ പരിപാടികളും അരങ്ങേറും. സ്നേഹവിരുന്നും ക്രമീകരിച്ചിട്ടുണ്ട്.
തിരുന്നാൾ സമാപന ദിനമായ ഒക്ടോബർ 23 ന് തിങ്കളാഴ്ച മരിച്ചവിശ്വാസികളുടെ തിരുന്നാൾ കൊണ്ടാടും. വൈകുന്നേരം 5 മണിയോടെ തിരുന്നാളിന് കൊടിയിറങ്ങും. .
ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ ബെഡ്ഫോർഡ് കേന്ദ്രീകരിച്ചു സീറോമലബാർ സമൂഹം ആഘോഷിക്കുന്ന പാരീഷ് ഡേയ്ക്ക് വിശാലമായ കാർ പാർക്കിംഗ് സൗകര്യവും, കൂടുതൽ ആളുകളെ ഉൾക്കൊള്ളുവാൻ സൗകര്യപ്രദവും, പള്ളിയുടെ സമീപത്തുള്ളതുമായ ജോൺ ബനിയൻ സെന്ററാണ് വേദിയാവുക.
വിശുദ്ധ അൽഫോൻസാമ്മയുടെ നാമധേയത്തിൽ ബെഡ്ഫോർഡിൽ കുർബ്ബാന കേന്ദ്രം മിഷനായി ഉയർത്തുന്ന അനുഗ്രഹീത വേളയിലും, തിരുന്നാളിലും, പാരീഷ് ഡേയിലും ഭാഗഭാക്കാകുവാനും, മാദ്ധ്യസ്ഥവും അനുഗ്രഹങ്ങളും പ്രാപിക്കുവാനും ഇടവകാംഗങ്ങളേവരെയും സസ്നേഹം ക്ഷണിക്കുന്നതായി വികാരി ഫാ എബിൻ നീരുവേലിൽ വി സി അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്
മാത്യു കുരീക്കൽ ( കൺവീനർ), രാജൻ കോശി, ജയ്മോൻ ജേക്കബ്, ജോമോൻ മാമ്മൂട്ടിൽ, ജൊമെക്സ് കളത്തിൽ, ആന്റോ ബാബു, ജെയ്‌സൺ ജോസ് തുടങ്ങിയവരുമായി ബന്ധപ്പെടാവുന്നതാണ്
വാൽത്തംസ്റ്റോ: ആഗോള കത്തോലിക്കാ സഭ, പരിശുദ്ധ ജപമാലരാജ്ഞിയുടെ വണക്കത്തിനായി തെരഞ്ഞെടുത്തിരിക്കുന്ന ഒക്ടോബർ മാസത്തിൽ വാൽത്തംസ്റ്റോവിലെ സെന്റ് മേരീസ് & ബ്ലെസ്സഡ് കുഞ്ഞച്ചൻ സീറോമലബാർ മിഷന്റെ നേതൃത്വത്തിൽ നൈറ്റ് വിജിൽ ഒരുക്കുന്നു.
പ്രമുഖ ധ്യാന ഗുരുവും, സീറോമലബാർ ലണ്ടൻ റീജിയൻ കോർഡിനേറ്ററുമായ ഫാ. ജോസഫ് മുക്കാട്ടും, ഗ്രേറ്റ് ബ്രിട്ടൺ രൂപതയിലെ ഇവാഞ്ചലൈസേഷൻ ഡയറക്റ്ററും, പ്രശസ്ത തിരുവചന ശുശ്രുഷകയുമായ സിസ്റ്റർ ആൻ മരിയായും സംയുക്തമായി നൈറ്റ് വിജിലിന് നേതൃത്വം നൽകും.
ഔർ ലേഡി ആൻഡ് സെന്റ് ജോർജ്ജ് കത്തോലിക്കാ ദേവാലയത്തിൽ നാളെ, ഒക്ടോബർ 20 നു വെള്ളിയാഴ്ചയാണ് നൈറ്റ് വിജിൽ ക്രമീകരിച്ചിരിക്കുന്നത്.
രാത്രിയാമങ്ങളിൽ സുശാന്തതയിൽ ഇരുന്ന് മനസ്സും ഹൃദയവും ദൈവ സന്നിധിയിലേക്കുയർത്തി തങ്ങളുടെ വേദനകളും നിസ്സഹായാവസ്ഥയും, ഭരമേല്പിക്കുവാനും, അനുഗ്രഹങ്ങൾക്ക് നന്ദിയും സ്തുതിയും പ്രകാശിപ്പിക്കുവാനും ഉള്ള അവസരമാണ് ഒരുങ്ങുന്നത്.
പരിശുദ്ധ കുർബ്ബാനയിലൂടെ ക്രിസ്‌തുവിൻറെ രക്ഷാകര യാത്രയോടൊപ്പം ചേർന്നും, തിരുവചന ശുശ്രുഷയിലൂടെ അവിടുത്തെ ശ്രവിച്ചും, പരിശുദ്ധ മാതാവിന്റെ മാദ്ധ്യസ്ഥവേദിയായ നൈറ്റ് വിജിൽ ശുശ്രുഷകളിലേക്ക് ഏവരെയും സസ്നേഹം സ്വാഗതം ചെയ്യുന്നു.
മാത്തച്ചൻ വിളങ്ങാടൻ-
07915602258
നൈറ്റ് വിജിൽ സമയം: നാളെ, ഒക്ടോബർ 20 വെള്ളിയാഴ്ച, രാത്രി 8:00 മുതൽ 12:00 വരെ.
പള്ളിയുടെ വിലാസം: Our Lady & St. George’s Catholic Church, Walthamstow, E17 9HU

കേരളാ കോൺഗ്രസ് പാർട്ടിയുടെ അറുപതാം ജന്മദിനാഘോഷത്തിന്റ്റെ പശ്ചാത്തലത്തിൽ പ്രവാസി കേരളാ കോൺഗ്രസ് യുകെയുടെ നേതൃത്വത്തിൽ ജന്മദിനാഘോഷവും കൺവെൻഷനും 2023 നവംബർ 11 ശനിയാഴ്ച കൊവെൻട്രി സെൻറ് ജോൺ ഫിഷർ ചർച്ച് ഹാളിൽ നടത്തുവാൻ തീരുമാനിച്ചിരിക്കുന്നതായി കോർഡിനേഷൻ കമ്മിറ്റി അംഗങ്ങളായ ജിപ്സൺ തോമസ് എട്ടുതൊട്ടിയിൽ , ബിനോയ് പൊന്നാട്ട് ,ബിജു മാത്യു ഇളംതുരുത്തിൽ , ബീറ്റാജ് അഗസ്റ്റിൻ എന്നിവർ അറിയിച്ചു .

ശനിയാഴ്ച രാവിലെ 10 :30 നു ചേരുന്ന യോഗം കേരളാ കോൺഗ്രസ്സ് ചെയർമാനും മുൻമന്ത്രിയുമായ ശ്രീ. പി. ജെ. ജോസഫ് എം.എൽ.എ വിഡിയോ കോൺഫെറെൻസിലൂടെ ഉദഘാടനം ചെയ്യുന്നതും കേരളാ കോൺഗ്രസ്സ് എക്സിക്യൂട്ടീവ് ചെയര്മാന് അഡ്വ: മോൻസ് ജോസഫ് എം.എൽ.എ , ഡെപ്യൂട്ടി ചെയർമാൻ അഡ്വ: ഫ്രാൻസിസ് ജോർജ് എക്സ് എംപി, ഉന്നതാധികാരസമിതി അംഗവും കേരളാ പ്രൊഫഷണൽ കോൺഗ്രസ് പ്രസിഡന്റുമായ ശ്രീ അപു ജോൺ ജോസഫ് തുടങ്ങിയവർ ആശംസകൾ അറിയിച്ചു സംസാരിക്കുന്നതുമാണ്.
യോഗത്തിന്റെ നടത്തിപ്പിനായി ജിപ്സൺ തോമസ് എട്ടുതൊട്ടിയിൽ , ബിനോയ് പൊന്നാട്ട് ,ബിജു മാത്യു ഇളംതുരുത്തിൽ , ബീറ്റാജ് അഗസ്റ്റിൻ, ജോസ് പരപ്പനാട്ട് , സിബി കാവുങ്കൽ , സിജോ വള്ളിയാനിപ്പുറത്തു, ജെറി ഉഴുന്നാലിൽ, തോമസ് ജോണി, ജിസ് കാനാട്ട്, ലിട്ടു ടോമി, ജോബിൻ ജോസ്, ജിനു തോമസ് കണ്ടത്തിൻകര , ബേബി ജോൺ, വിനോദ് ജോൺ, ഷാജിമോൻ മത്തായി തുടങ്ങിയവർ അടങ്ങുന്ന കോ ഓർഡിനേഷൻ കമ്മിറ്റിയെയും തിരഞ്ഞെടുത്തു.
യുകെയിലുള്ള എല്ലാ കേരളാ കോൺഗ്രസ് വിശ്വാസികളെയും ഈ യോഗത്തിലേക്ക് ഹാർദ്ദവമായി സ്വാഗതം ചെയ്തു കൊള്ളുന്നു.
യുകെയിൽ നിന്നും അയർലൻഡിൽ നിന്നും സ്കോട്ട് ലൻഡിൽ നിന്നും പ്രവർത്തകർ എത്തിച്ചേരുമെന്ന് ജോസ് പരപ്പനാട്ട് അറിയിച്ചു.
Venue Address:
St. John fisher church hall
Tiverton Rd,
Coventry
United Kingdom – CV2 3DL
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ
ജിപ്സൺ തോമസ് എട്ടുതൊട്ടിയിൽ: 07453288745
ബിനോയ് പൊന്നാട്ട് : 07724813686
ബിറ്റാജ് അഗസ്റ്റിൻ : 07746487711
സീറോ മലബാർ സഭയുടെ ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ കീഴിലുള്ള ലീഡ്സ് റീജൺ ബൈബിൾ കലോത്സവം ഒക്ടോബർ 21-ാം തീയതി ശനിയാഴ്ച നടത്തപ്പെടും. ലീഡ്സ് റീജൺ രൂപീകൃതമായതിനുശേമുള്ള ആദ്യ ബൈബിൾ കലോത്സവം ബ്രാഡ്ഫോർഡിലുള്ള ഡിക്സൺ കോട്ടിങ്ങിലി അക്കാദമിയിൽ വച്ചാണ് നടത്തപ്പെടുക . ശനിയാഴ്ച രാവിലെ 9 മണിക്ക് ബൈബിൾ പ്രതിഷ്ഠയും തുടർന്ന് ബൈബിൾ കലോത്സവത്തിന്റെ ഉദ്ഘാടനവും നടത്തപ്പെടുന്നതാണ് . ഒമ്പതരയോട് ആരംഭിക്കുന്ന മത്സരങ്ങൾ വൈകിട്ട് 5 മണിയോടെ പൂർത്തിയാകുകയും തുടർന്ന് സമാപന സമ്മേളനം നടക്കുകയും ചെയ്യും. നാലോളം വേദികളിൽ നടക്കുന്ന മത്സരങ്ങളിൽ മാറ്റുരയ്ക്കാൻ ലീഡ്സ് റീജന്റെ കീഴിലുള്ള നൂറുകണക്കിന് മത്സരാർത്ഥികളാണ് തയ്യാറെടുക്കുന്നത്.
ഇടവക , മിഷൻ, നിയുക്ത മിഷൻ തലങ്ങളിൽ നടന്ന മത്സരങ്ങളിൽ ഒന്നും, രണ്ടും , മൂന്നും സ്ഥാനങ്ങളിൽ എത്തിയവരാണ് റീജണൽ തലത്തിലുള്ള മത്സരങ്ങളിൽ മാറ്റുരയ്ക്കുക. ഗ്രേറ്റ് ബ്രിട്ടൻ രൂപത രൂപീകൃതമായതിനു ശേഷം വിശ്വാസികളുടെ പ്രത്യേകിച്ച് കുട്ടികളുടെ സർഗാത്മകമായ കഴിവുകളെ വളർത്തുന്നതിനായി ആരംഭിച്ച ബൈബിൾ കലോത്സവം പങ്കാളിത്തം കൊണ്ട് യൂറോപ്പിലെ ഏറ്റവും വലിയ കലാമേളയായി വളരാൻ കുറഞ്ഞ കാലം കൊണ്ട് സാധിച്ചിട്ടുണ്ട്. നാഷണൽ ബൈബിൾ കലോത്സവം നവംബർ 18 -ന് സ്കതോർപ്പിൽ വച്ചാണ് നടത്തപ്പെടുക.
പ്രായമനുസരിച്ച് വിവിധ കാറ്റഗറിയായി നടക്കുന്ന മത്സരങ്ങളുടെ നിബന്ധനകൾ ഇതിനോടകം മത്സരാർത്ഥികൾക്ക് ലഭ്യമാക്കിയിട്ടുണ്ട്. ബൈബിൾ കലോത്സവ വേദിയിൽ മിതമായ നിരക്കിൽ ഭക്ഷണം ലഭ്യമാണ്. മത്സരങ്ങളിൽ പങ്കെടുത്തും മത്സരാർത്ഥികളെ പ്രോത്സാഹിപ്പിച്ചും ലീഡ്സ് റീജണൽ തലത്തിൽ നടക്കുന്ന പ്രഥമ ബൈബിൾ കലോത്സവം ഒരു വൻ വിജയമാക്കണമെന്ന് സംഘാടകസമിതിക്ക് വേണ്ടി ലീഡ്സ് റീജണൽ ഡയറക്ടർ ഫാ. ജോജോ പ്ലാപ്പള്ളിയിൽ സി എം ഐ , ബൈബിൾ കലോത്സവം ലീഡ്സ് റീജൺ കോ-ഓഡിനേറ്റർ ഫാ. ജോസ് അന്ത്യാംകുളം എം സി ബി എസ് , ബൈബിൾ അപ്പസ്തോലിക് ലീഡ്സ് റീജണൽ കോ – ഓഡിനേറ്റർ ഫാ. ജോഷി കൂട്ടുങ്ങലും അഭ്യർത്ഥിച്ചു.
ബൈബിൾ കലോത്സവ വേദിയുടെ അഡ്രസ്
Dixons Cottingley Academy
Cottingley New Rd. Bingley
BD16 1TZ

യുകെയിൽ ലണ്ടൻ, ബർമിംഗ്ഹാം എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ വൈഎംസിഎ സ്റ്റുഡൻസ് ഹോസ്റ്റൽ സെന്ററുകളുടെ ഡയറക്ടറായി ഡോ. റോയ്സ് മല്ലശ്ശേരി നിയമിതനായി. 2026 വരെയാണ് നിയമനം.
കോഴഞ്ചേരി സെൻറ് തോമസ് കോളേജ് പ്രിൻസിപ്പൽ , വൈഎംസിഎ ദേശീയ വിദ്യാഭ്യാസ ബോർഡ് ചെയർമാൻ, മാർത്തോമാ സഭ മുഖപത്രമായ മലങ്കര സഭാ താരക ചീഫ് എഡിറ്റർ, മാർത്തോമ എപ്പിസ്കോപ്പൽ നോമിനേഷൻ ബോർഡ് അംഗം, വൈദിക സിലക്ഷൻ ബോർഡ് അംഗം എന്നീ നിലകളിൽ പ്രവർത്തിചിട്ടുള്ള അദ്ദേഹം മാർത്തോമ്മാ സഭാ പ്രതിനിധി മണ്ഡലാംഗമാണ്.
ഡിസംബറിൽ 1 മുതൽ 18 വരെ അദ്ദേഹം യു കെ യിൽ ഉണ്ടാകും
[email protected]
വാട്സാപ്പ് 9048295600
ഷിബു മാത്യു
കഴിഞ്ഞ കുറെ ദിവസങ്ങളിലായി മലയാളം യുകെ ന്യൂസിന്റെ ഈ വർഷം ഒക്ടോബർ 28-ാം തീയതി സ്കോട്ട് ലാൻഡിൽ സംഘടിപ്പിക്കുന്ന അവാർഡ് നൈറ്റിന്റെ തിരക്കിലാണ് മലയാളം യുകെ ന്യൂസിന്റെ അണിയറ പ്രവർത്തകർ. തിരക്കിനിടയിലും ചില ആകസ്മിക സംഭവങ്ങൾ നമ്മൾക്ക് പ്രോത്സാഹനവും സന്തോഷവും തരുന്നതാണ്. 2022 ഒക്ടോബർ 8-ാം തീയതി വെസ്റ്റ് യോർക്ക് ഷെയറിൽ വച്ച് മലയാളം യുകെ ന്യൂസ് സംഘടിപ്പിച്ച അവാർഡ് നൈറ്റ് 2022 -ലെ മികച്ച ചെറുകഥാകൃത്തിനുള്ള അംഗീകാരം ലഭിച്ചത് തിരുവല്ല മാക്ഫാസ്റ്റ് കോളേജിലെ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗം വകുപ്പ് മേധാവിയായ പ്രൊഫ. റ്റിജി തോമസിനാണ് . എന്നെ ഈ കുറിപ്പ് എഴുതാൻ പ്രേരിപ്പിച്ച ഘടകം ഈ വർഷം അതേ ദിവസം ഒക്ടോബർ 8-ാം തീയതി കേരള സർക്കാർ വനം വന്യജീവി വകുപ്പ് സംഘടിപ്പിച്ച വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് നടത്തിയ യാത്രാ വിവരണ മത്സരത്തിൽ പ്രൊഫ. റ്റിജി തോമസ് സമ്മാനാർഹനായി എന്ന വാർത്തയാണ്. രണ്ടു വർഷങ്ങളിൽ ഒരേ ദിവസം തേടിയെത്തിയ അംഗീകാരങ്ങളുടെ പേരിൽ മലയാളം യുകെ ന്യൂസ് കുടുംബാംഗങ്ങളുടെ അഭിനന്ദനങ്ങൾ പ്രൊഫ. റ്റിജി തോമസിന് നേരുന്നു. മാക് ഫാസ്റ്റ് കോളേജ് ഫോറസ്റ്ററി ക്ലബ്ബിൻറെ ഭാഗമായി അധ്യാപകരും വിദ്യാർത്ഥികളും നടത്തിയ ഫോറസ്റ്ററി വിസിറ്റിന്റെ അടിസ്ഥാനമായുള്ള യാത്രാവിവരണത്തിനാണ് സമ്മാനം ലഭിച്ചത്.

റ്റിജി തോമസിന്റെ ചെറുകഥകള്‍ മലയാളത്തിലെ മുൻനിര ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടാതെ ആകാശവാണിയിലും റേഡിയോ മാക് ഫാസ്റ്റിലും ചെറുകഥകൾ അവതരിപ്പിച്ചിട്ടുള്ള അദ്ദേഹം കമ്പ്യൂട്ടര്‍ സംബന്ധമായ നാല് പുസ്തകങ്ങളുടെ സഹ രചയിതാവാണ് . റ്റിജി തോമസിന്റെ രചനകൾ ഓണം പതിപ്പ് ഉൾപ്പെടെയുള്ള വിശേഷാ അവസരങ്ങളിൽ മലയാളം യുകെയിൽ ഒഴിവാക്കാനാവാത്ത വിഭവങ്ങളിൽ ഒന്നാണ്.
ലോകമെമ്പാടുമുള്ള എല്ലാ വിഭാഗം എഴുത്തുകാരുമായും മലയാളം യുകെ ന്യൂസിനെ ബന്ധിപ്പിക്കുന്നതിൽ ഒരു മുഖ്യ കണ്ണിയായി റ്റിജി തോമസ് പ്രവർത്തിച്ചു എന്ന് വളരെ അഭിമാനത്തോടെ പറയാൻ സാധിക്കും. ഒരു ഓൺലൈൻ പത്രത്തിലും ഇല്ലാത്ത രീതിയിൽ അത്തം മുതൽ തിരുവോണം വരെ കഴിഞ്ഞ നാല് വർഷങ്ങളിലും പ്രിയ വായനക്കാർക്ക് സാഹിത്യ സദ്യ ഒരുക്കുന്നതിന്റെ മുഖ്യ ചാലകശക്തി റ്റിജി തോമസ് ആയിരുന്നു. നിലവിൽ മലയാളം യു കെ ന്യൂസിൽ എഴുതുന്ന യുകെ സ്മൃതികൾ എന്ന യാത്രാവിവരണ പംക്തി കഴിഞ്ഞവർഷം അവാർഡ് നൈറ്റിന്റെ ഭാഗമായി യുകെയിൽ അദ്ദേഹം നടത്തിയ സന്ദർശനത്തെ ആസ്പദമാക്കി എഴുതിക്കൊണ്ടിരിക്കുന്നതാണ്.
മലയാളം യുകെയും സ്കോ ട്ട്ലാൻഡിലേ മലയാളി സംഘടനകളുടെ സംഘടനയായ യുസ്മയുടെ സഹകരണത്തോടെ ഒക്ടോബർ 28 -ന് നടത്തുന്ന അവാർഡ് നൈറ്റിനായുള്ള ഒരുക്കങ്ങൾ ഗ്ലാസ്ഗോയിലെ ബെൻസ് ഹിൽ അക്കാഡമിയിൽ പുരോഗമിക്കുകയാണ്. യുസ്മ നാഷണൽ കലാമേളയോടെ 12 മണിക്കാണ് പരിപാടികൾ ആരംഭിക്കുക. കാണികൾക്ക് കലയുടെ ദൃശ്യവിരുന്ന് ഒരുക്കുന്ന നിരവധി പരിപാടികൾ ആണ് വേദിക്ക് പിന്നിൽ ഒരുങ്ങുന്നത്. സ്കോട്ട് ലൻഡിലെ മലയാളി കുടിയേറ്റ ചരിത്രത്തിൽ നാഴിക കല്ലാകുന്ന കലയുടെ മാമാങ്കത്തിനാണ് ഒക്ടോബർ 28 -ന് തിരി തെളിയുക.
ഗ്ലാസ്ഗോയിൽ നടക്കുന്ന അവാർഡ് നൈറ്റിൽ അത്യന്തം വാശിയേറിയ മത്സരത്തിൽ വർണ്ണാഭമായ സാങ്കേതീക സജ്ജീകരണങ്ങാണ് മലാളം യുകെ ന്യൂസ് ഒരുക്കുന്നത്. മെഗാ വീഡിയോ വാൾ, താളത്തിനൊത്ത് നൃത്തം ചെയ്യുന്ന അത്യാധുനിക ലൈറ്റിംഗ് സംവിധാനം, മത്സരാർത്ഥികൾക്ക് ഓരോ ചുവിടലും ഊർജ്ജമേകുന്ന കൃത്യമായ ശബ്ദ നിയന്ത്രണങ്ങൾ, ലോകമെമ്പാടും തൽസമയം കണ്ടാസ്വദിക്കാൻ ലൈവ് ടെലികാസ്റ്റിംഗ് തുടങ്ങിയവയെല്ലാം അവാർഡ് നൈറ്റിൻെറ പ്രത്യേകതകളിൽ ചിലതാണ്. കൃത്യമായ വോളണ്ടിയറിംഗ് സംവിധാനവും മിതമായ നിരക്കിൽ രുചികരമായ ഭക്ഷണവും പരിപാടിയിലുടനീളം ലഭ്യമാണ്. കോച്ചുകളുൾപ്പെടെ നൂറ് കണക്കിന് വാഹനങ്ങൾ സൗജന്യമായി പാർക്ക് ചെയ്യാനുന്നുള്ള സൗകര്യവുമുണ്ട്.
ഇൻഷുറൻസ്, മോർട്ട്ഗേജ് അഡ്വൈസ് രംഗത്ത് വർഷങ്ങളായി യുകെ മലയാളികൾ ആശ്രയിക്കുന്ന വിശ്വസ്ത സ്ഥാപനമായ അലൈഡ് ഫിനാൻഷ്യൽ സർവീസ്, രുചിപ്പെരുമയിൽ യുകെ മലയാളികൾക്കിടയിൽ പേര് കേട്ട തറവാട് റസ്റ്റോറന്റ് എന്നിവരാണ് മലയാളം യുകെ അവാർഡ് നൈറ്റിൻെറ മുഖ്യ പ്രായോജകർ.
ഗ്ലാസ്ഗോയിൽ നടക്കുന്ന കലാമാമാങ്കം കണ്ട് ആസ്വദിക്കാനായിട്ട് യുകെയിലുള്ള എല്ലാ മലയാളികളെയും മലയാളം യുകെയും യുസ്മയും ഗ്ലാസ്ഗോയിലേയ്ക്ക് സ്വാഗതം ചെയ്യുകയാണ് .
മലയാളം യുകെ അവാർഡ് നൈറ്റിന്റെയും യുസ്മ കലാമേളയുടെയും കൂടുതൽ വിവരങ്ങൾ ലഭിക്കാൻ താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
ബിൻസു ജോൺ, റഗ്ബി – 07951903705
ഷിബു മാത്യു, കീത്തലി – 074114443880
ജോജി തോമസ്, ലീഡ്‌സ് – 07728374426
റോയ് ഫ്രാൻസിസ്, സ്റ്റോക് ഓൺ ട്രെന്റ് – 07717754609
ജിമ്മി മൂലംകുന്നം, ബർമിംഗ്ഹാം – 07588953457
ബിനു മാത്യു, വാൽസാൽ – 07883010229
തോമസ് ചാക്കോ, ഗ്ലോസ്റ്റർഷെയർ – 07872067153
ബിജു മൂന്നാനപ്പള്ളിൽ, സാലിസ്ബറി – 07804830277
യുസ്മ കൾച്ചറൽ കോർഡിനേറ്റർമാരായ റീന സജി 07809486817 (ലിവിംഗ്സ്റ്റൺ) , ഷിബു സേവ്യർ (ഫാൽ കീർക്ക്) 07533554537 എന്നിവരെയോ ബന്ധപ്പെടാവുന്നതാണ്.
ഡോ. ഐഷ വി
മറ്റ് സഹപ്രവർത്തകർക്കൊപ്പം പല വീടുകളും കയറിയിറങ്ങിയപ്പോൾ രശ്മി ടീച്ചർ പറഞ്ഞു: ” ഇനിയൊന്ന് സ്പീഡ് കൂട്ടണേ. ഇനിയും കുറേ വീടുകൾ കയറാനുണ്ട്. പ്രദേശവാസിയായ മറ്റൊരു ടീച്ചർ രശ്മി ടീച്ചർക്ക് ഒരു ലിസ്റ്റ് കൊടുത്തിരുന്നു. സ്കൂളിൽ ഡിവിഷൻ ഫാൾ വരാതിരിക്കാനുള്ള തത്രപ്പാടിലാണവർ. അങ്ങനെ മധ്യവേനലവധിയ്ക്ക് അതിരാവിലെ തന്നെ അധ്യാപകർ തയ്യാറായി ഇറങ്ങി. ഇലക്ഷൻ ഡ്യൂട്ടി , എന്യൂമറേഷൻ
കൊറോണ ഡ്യൂട്ടി മുതലായവയ്ക്ക് പുറമേയാണിത്. പിള്ളേരെ പിടുത്തം( ക്യാൻ വാസിംഗ്). വിദ്യാർത്ഥികളുടെ വീടുകളിലേയ്ക്ക് . വിദ്യാർത്ഥികൾ പലരും അൺ എയ്ഡഡ് സ്കൂളിൽ പഠിക്കുന്നവരാണ്. തങ്ങളുടെ സ്കൂളിലെ മുൻ വർഷങ്ങളിലെ റിസൾട്ട് , കലാകായിക രംഗങ്ങളിലെ മികച്ച പ്രകടനം, ഹൈവേയ്ക്കുടുത്തായതിനാൽ വാഹന സൗകര്യം, അധ്യാപകരുടെ പ്രത്യേക ശ്രദ്ധ, പിന്നെ ഫീസില്ല ഇത്തരം കാര്യങ്ങൾ ഓരോ അധ്യാപകരും അക്കമിട്ട് നിരത്തിയപ്പോൾ രക്ഷിതാക്കളും വിദ്യാർത്ഥികളും ആ സ്കൂളിലേയ്ക്ക് ഇപ്പോൾ പഠിക്കുന്ന സ്കൂളിൽ നിന്നും റ്റി സി വാങ്ങി ചെല്ലാമെന്നേറ്റു .. മറ്റേ ടീച്ചർ കൊടുത്ത ലിസ്റ്റ് പ്രകാരം ഇനി ഒരു വീടു കൂടിയുണ്ട്. അതു കൂടി കഴിഞ്ഞാൽ ഇന്നത്തെ കാൻവാസിംഗ് നിർത്താം. ഒരു നീർച്ചാൽ മുറിച്ചു കടന്ന് ഒരു കയറ്റം കയറി വേണം ലിസ്റ്റിലെ അവസാന വീട്ടിലെത്താൻ. വീടിന്റെ തിണ്ണയിൽ ആടുകളും ആട്ടിൻ പൂടയും പുഴുക്കയും . ഒറ്റ നോട്ടത്തിൽ കണ്ടാൽ അവിടത്തെ മനുഷ്യരും ആടുകളും ഒരുമിച്ച് വസിക്കുകയാണെന്ന് തോന്നും. അവിടേയ്ക്ക് കയറണോ എന്നൊന്ന് ശങ്കിച്ചെങ്കിലും ഒരു കൂട്ടിയെ കൂടി കിട്ടുന്ന കാര്യമല്ലേ, കയറാം എന്നവർ തീരുമാനിച്ചു.
“ഇപ്പോൾ പിള്ള അൺ എയ്ഡഡ് സ്കൂളിലാണ് പഠിക്കുന്നത്. ഫീസടയ്ക്കാനുള്ള കാശില്ലാത്തതിനാൽ പിള്ളേടെ പഠിത്തം നിർത്താനിരിക്കുകയായിരുന്നു. നിങ്ങൾ വന്ന സ്ഥിതിയ്ക്ക് നിങ്ങളുടെ സ്കൂളിൽ പിള്ളയെ ചേർക്കാം. കുട്ടിയുടെ പഠിത്തമൊക്കെ നിങ്ങൾ ശ്രദ്ധിക്കുമല്ലോ? എനിക്ക് കൂലിപ്പണിയാണ്. പിള്ളേടെ പഠിത്തക്കാര്യം അന്വേഷിക്കാനൊന്നും അറിയില്ല. പിള്ളേടെ അമ്മയ്ക്ക് മാനസിക പ്രശ്നമാണ്. അവക്ക് തോന്നിയാ ജോലി ചെയ്യും ഇല്ലങ്കിൽ ” . അയാൾ പറഞ്ഞു നിർത്തി. അങ്ങനെ ആ കുട്ടിയുടെ അഡ്മിഷനും ഉറപ്പിച്ച് അവർ അവിടെ നിന്നും ഇറങ്ങി.
പോകുന്ന വഴി രശ്മി ടീച്ചർക്ക് അവരുടെ പ്രായമായ അച്ഛനമ്മമാരെ കൂടി ഒന്നു കണ്ടിട്ട് വേണം സ്വന്തം വീട്ടിലേയ്ക്ക് പോകാൻ .
സ്കൂൾ തുറന്നു. പുതിയ കുട്ടികളും പഴയ കുട്ടികളും വേഗം ഇണക്കത്തിലായി. എന്നാൽ അധ്യാപകർ ക്യാൻവാസിംഗിന് പോയപ്പോൾ അവസാനം കയറിയ വീട്ടിലെ കൂട്ടിയെ മാത്രം ആരും കൂട്ടത്തിൽ കൂട്ടുന്നില്ല. കുട്ടി അടുത്തു വരുമ്പോൾ ഒരു ” മിശിട് വാട” . യൂണിഫോമാണെങ്കിലും നിത്യവും കഴുകാത്ത വസ്ത്രമാണ് കുട്ടി ധരിക്കുന്നത്. രശ്മി ടീച്ചർ അത് പ്രത്യേകം ശ്രദ്ധിച്ചു. വൃത്തിയായി ചീകിയൊതുക്കാത്ത ചപ്രച്ച ചുരുളൻ മുടി. അതിന്റെ മുകളിൽ കൂടി പേനോടുന്നത് കാണാം. കുട്ടി ഭക്ഷണം കഴിക്കുമ്പോൾ പഴകിയ ഭക്ഷണത്തിന്റെ ഗന്ധം പരക്കും. മനോനില തെറ്റിയ മാതാവായതിനാൽ അവർക്ക് കുട്ടിയുടെ കാര്യത്തിൽ യാതൊരു ശ്രദ്ധയുമില്ല. കൂലിപ്പണിയ്ക്ക് പോകുന്ന പിതാവിനാകട്ടെ പിള്ളേടെ കാര്യം തീരെ ശ്രദ്ധിക്കാൻ പറ്റുന്നില്ല.
രശ്മി ടീച്ചറുടെ മനസ്സിനെ ഈ പ്രശ്നം അലട്ടുകയായിരുന്നു. ടീച്ചർ മറ്റൊരു ടീച്ചറുമായി ആലോചിച്ച് ചില കടുത്ത തീരുമാനങ്ങൾ എടുത്ത ശേഷമാണ് അന്ന് വീട്ടിലേയ്ക്ക് പോയത്.
പിറ്റേന്ന് സ്കൂളിൽ പോകുന്ന വഴി കടകളിൽ കയറി ഒരു ഷാമ്പൂ,, തോർത്ത് , സോപ്പ് ,ചീപ്പ് , പേൻ ചീപ്പ്, ഈരുകൊല്ലി, ഗ്ലൗസുകൾ എന്നിവ വാങ്ങിയിട്ടാണ് രശ്മി ടീച്ചർ സ്കൂളിലെത്തിയത്. എണ്ണയും കത്രികയും വീട്ടിൽ നിന്നും എടുത്തിരുന്നു.
അന്ന് വൈകുന്നേരം രശ്മി ടീച്ചർ പറഞ്ഞത് പ്രകാരം കൂട്ടി സ്റ്റാഫ് റൂമിലെത്തി. രശ്മി ടീച്ചറും മറ്റേ ടീച്ചറും അധ്യാപകരും വിദ്യാർത്ഥികളും പോയിക്കഴിഞ്ഞു എന്നുറപ്പുവരുത്തിയിട്ട് പണി തുടങ്ങി. കുട്ടിയെ മുറ്റത്തേയ്ക്കിറക്കി നിർത്തി. മുടി ചീകി സൗകര്യപ്രദമായ നീളത്തിൽ കത്രിച്ചു. പിന്നെ മുടിയുടെ ഉടക്ക് കളഞ്ഞ ശേഷം പേൻ ചീപ്പ് വച്ച് ചീകി പേനിനെ കൊന്നു. ശേഷം ഈരുകൊല്ലി പ്രയോഗം. ഈരുകൊല്ലി മുടിയിഴകൾക്ക് ഇടയിലൂടെ കയറ്റി കൂട്ടിപ്പിടിച്ച് വലിച്ചെടുത്ത് ഇടതു തള്ളവിരൽ വച്ച് തലോടി ഈരിനെ ഈരു കൊല്ലിയുടെ ഇടയിലേയ്ക്കാക്കി ഈരു കൊല്ലി ഒന്നു ഞെരിച്ചപ്പോൾ ഈരുകൾ ഞെരിഞ്ഞമരുന്ന ശബ്ദം.. ഇരു ചെവികളുടേയും താഴേയ്ക്കുള്ള ഭാഗത്തായിരുന്നു ഈരുകൾ കൂടുതൽ. ഇത് പല പ്രാവശ്യം ആവർത്തിച്ച് ഈര് കുറഞ്ഞു എന്നുറപ്പു വരുത്തിയ ശേഷം അടുത്ത പ്രയോഗം. ഷാമ്പൂ തേയ്ച് തല കഴുകൽ . അപ്പോഴേയ്ക്കും മറ്റേ ടീച്ചർ മൂന്ന് ബക്കറ്റ് വെള്ളവുമായെത്തി. ഇതെല്ലാം ചെയ്യുന്നതിനിടയിൽ പഞ്ചശുദ്ധിയെ കുറിച്ച് കുട്ടിക്ക് പറഞ്ഞു കൊടുത്തു. ശരീരശുദ്ധി, മനഃശുദ്ധി, വസ്ത്രശുദ്ധി, ഗൃഹ ശുദ്ധി , പരിസര ശുദ്ധി എന്നിവ നിത്യവും പാലിക്കണമെന്നും വൃത്തിയാണ് കുലം നിർണ്ണയിക്കുന്നതെന്നും വൃത്തിയില്ലെങ്കിൽ ആളുകൾ മാറ്റി നിർത്തുമെന്നും ആ അധ്യാപകർ കുട്ടിയെ പറഞ്ഞ് മനസ്സിലാക്കി. കൂട്ടി എല്ലാം തല കുലുക്കി കേട്ടു.
തല കഴുകി വൃത്തിയാക്കി തോർത്തിയ ശേഷം അവർ മൂടി നന്നായി ചീകി കൊടുത്തു. സ്ലൈഡും കുത്തിക്കൊടുത്തപ്പോൾ അവർക്ക് തൃപ്തിയായി. അധ്യാപകർ തന്റെ കാര്യത്തിൽ ഔത്സുഖ്യം കാട്ടിയതിൽ കുട്ടിയ്ക്ക് സന്തോഷവും. കുട്ടിയെ വണ്ടി കയറ്റി വിട്ട ശേഷം അവർ അവരവരുടെ വീട്ടിലേയ്ക്ക് പോയി.
അന്ന് രശ്മി ടീച്ചർ വീട്ടിലെത്തിയത് ഇത്തിരി വൈകിയാണ്. രശ്മി ടീച്ചറിന്റെ ഭർത്താവ് അല്പം നേരത്തേ എത്തിയിരുന്നു. താൻ വന്നപ്പോൾ തന്നെ കടുപ്പത്തിലുള്ള തേയിലവെള്ളം കിട്ടാത്തതിന്റെ ദേഷ്യം ഭർത്താവ് ടീച്ചറിനോട് പ്രകടിപ്പിച്ചു. രശ്മി ടീച്ചർ കാര്യം പറഞ്ഞു. അപ്പോൾ കുട്ടിയുടെ മുടി മുറിച്ചതിനെ ചൊല്ലിയായി പ്രശ്നം. ” കൂട്ടിയുടെ വീട്ടുകാർ വഴക്കും കൊണ്ടുവന്നാൽ നീയെന്തു ചെയ്യും?” ഭർത്താവ് ചോദിച്ചു?
” അയ്യോ അവർ വഴക്കും കൊണ്ട് വരുമോ?” രശ്മി ടീച്ചറിന് ആകെ അങ്കലാപ്പായി.
” പിന്നല്ലാതെ നിന്റെ മോളുടെ മുടി മറ്റാരെങ്കിലും മുറിച്ചാൽ നീ സഹിക്കുമോ ? അതുപോലെയല്ലേ അവരും ?”
സംഭാഷണം ഇങ്ങനെ നീണ്ട് പോയപ്പോൾ രശ്മി ടീച്ചറിന് തേയിലവെള്ളം ഇടുന്നതിന്റെ പരുവം പോലും തെറ്റി. ഭർത്താവിന് പ്രിയമുള്ള കടുപ്പം തേയിലവെള്ളത്തിനാകാത്തതിനാൽ വീണ്ടും വെള്ളം വച്ചു. തേയില ഇട്ടു.
തലേന്നത്തെ മനോവ്യഥകളെല്ലാം രശ്മി ടീച്ചറിന് പിറ്റേന്ന് കുട്ടിയെ കണ്ടപ്പോൾ മാറി. കുട്ടി എന്നും വൃത്തിയായി വരാൻ തുടങ്ങി.
ഡോ.ഐഷ . വി.
പാലക്കാട് ജില്ലയിലെ അയലൂർ കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ പ്രിൻസിപ്പാൾ . കഥകളും ലേഖനങ്ങളും ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിർമ്മിത ബുദ്ധിയെ കുറിച്ചും ഇൻഫർമേഷൻ ടെക്നോളജിയെ കുറിച്ചും ബുക്ക് ചാപ്റ്ററുകൾ എഴുതിയിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ അച്ചീവ്മെന്റ്റ് അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്. 2022- ൽ ” ഓർമ്മ ചെപ്പ് തുറന്നപ്പോൾ ” എന്ന പേരിൽ മലയാളം യുകെ ഡോട്ട് കോമിൽ പ്രസിദ്ധീകരിച്ചിരുന്ന ഓർമ്മകുറിപ്പുകളുടെ സമാഹാരം പ്രസിദ്ധീകരിച്ചു. ” മൃതസഞ്ജീവനി” എന്ന പേരിൽ അടുത്ത പുസ്തകം തയ്യാറാകുന്നു. ” Generative AI and Future of Education in a Nutshell’ എന്ന പേരിൽ മറ്റൊരു പുസ്തകത്തിന്റെ എഡിറ്റിംഗ് നടക്കുന്നു..