അവണൂരിൽ വീട്ടിൽ നിന്നും ഭക്ഷണം കഴിച്ച ഗൃഹനാഥൻ രക്തം ശർദ്ദിച്ച് മരിച്ചു. അമ്മാനത്ത് വീട്ടിൽ ശശീന്ദ്രനാണ് (57) മരിച്ചത്. ഭക്ഷ്യവിഷബാധയേറ്റുള്ള മരണമെന്നാണ് സംശയം. ഭാര്യയടക്കം മൂന്നു പേർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഭാര്യ ഗീത, വീട്ടിൽ ജോലിക്കെത്തിയ രണ്ട് തെങ്ങുകയറ്റ തൊഴിലാളികളായ ശ്രീരാമചന്ദ്രൻ, ചന്ദ്രൻ എന്നിവരാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുളളത്.
വീട്ടിൽ നിന്ന് ഇഡ്ഡലി കഴിച്ചവരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രക്തം ഛർദിച്ച് അവശനായി എത്തിച്ച ശശീന്ദ്രൻ, മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ചാണ് മരിച്ചത്. ചികിത്സയിലുള്ള ബാക്കി മൂന്നുപേർക്കും ഒരേ ലക്ഷണങ്ങളാണുള്ളത്. ശശീന്ദ്രന്റെ അമ്മയെ സമീപത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്. എന്നാൽ വീട്ടിലുണ്ടായിരുന്ന ഇവരുടെ മകൻ ഭക്ഷണം കഴിച്ചിരുന്നില്ല.
ഇയാൾ ആരോഗ്യ പ്രശ്നങ്ങളൊന്നും ഇതുവരെയും പ്രകടിപ്പിച്ചിട്ടില്ല. സംഭവത്തിൽ ദുരൂഹത നിലനിൽക്കുന്നതിനാൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
മലപ്പുറത്തെ വാഴക്കാട് വീടിൻ്റെ ടെറസിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. ചെറുവട്ടൂർ നരോത്ത് മൊയ്തീൻ്റെ ഭാര്യ നജ്മുന്നിസയാണ് മരിച്ചത്.വീടിൻ്റെ ടെറസിൽ ഇന്ന് പുലർച്ചെയാണ് മൃതദേഹം കണ്ടെത്തിയത്. നജ്മുന്നിസയുടെ ഭർത്താവ് മൊയ്തീനാണ് വിവരം നാട്ടുകാരെയും പോലീസിനെയും അറിയിച്ചത്.
ഇവരുടെ ബാഗും ചെരിപ്പും സമീപത്തെ അടച്ചിട്ട വീടിനു മുന്നിൽനിന്ന് കണ്ടെത്തി. മുഖത്ത് പരിക്കേറ്റിട്ടുണ്ട്. മൃതദേഹത്തിന് അരികിലായി മുളകുപൊടിയുടെ കവറും കണ്ടെത്തി.
അതേസമയം നജ്മുന്നിസയുടെ മരണത്തിൽ ദുരൂഹത ആരോപിച്ചു കുടുംബം പോലീസിൽ പരാതി നൽകി. നജ്മുന്നിസ രാവിലെ സ്വന്തം വീട്ടിലേക്ക് പോയെന്നും അലാറം കേട്ട് മുകളിൽ പോയി നോക്കിയപ്പോഴാണ് മൃതദേഹം കണ്ടതെന്നും ഭർത്താവ് മൊയ്തീൻ പോലീസിനു മൊഴി നൽകി.
വാഴക്കാട് പോലീസ്, ജില്ലാ പോലീസ് മേധാവി എസ് സുജിത് ദാസ് ഐപിഎസ്, കൊണ്ടോട്ടി എഎസ്പി വിജയ് ഭരത് റെഡി ഐപിഎസ്, വാഴക്കാട് എസ്ഐ ഷാഹുൽ തുടങ്ങിയവർ സ്ഥലത്തെത്തി പരിശോധന നടത്തി.
ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ദ്ധരും ഫോറൻസിക് വിദഗ്ധരും സ്ഥലം പരിശോധിച്ചു. സംഭവത്തിൽ വാഴക്കാട് പോലീസ് അന്വേഷണം ആരംഭിച്ചു.ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. തുടർനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം കുടുംബത്തിനു വിട്ടുനൽകും.
ഗര്ഭിണിയായ 21കാരിയായ കാമുകിയെ കൊലപ്പെടുത്തി മൃതദേഹം കിണറ്റില് തള്ളിയ സംഭവത്തില് ഒരാള് അറസ്റ്റില് . കൊങ്കൺ പാളയം സ്വദേശി ലോകേഷ് (23) ആണ് അറസ്റ്റിലായത്. ഗോപിചെട്ടിപ്പാളയത്തെ സ്വകാര്യ കോളേജിൽ പഠിക്കുമ്പോഴാണ് ഇരുവരും പ്രണയത്തിലായത്.
സ്വകാര്യ ഐടി കമ്പനിയിലാണ് ലോകേഷ് ജോലി ചെയ്യുന്നത്. താൻ ഗർഭിണിയായ ശേഷം തന്നെ വിവാഹം കഴിക്കണമെന്ന് യുവതി ആവശ്യപ്പെട്ടു. എന്നാൽ പ്രതികൾ വിസമ്മതിച്ചു. തുടർന്ന് മാതാപിതാക്കൾ അറിയാതെ ഗർഭച്ഛിദ്രം നടത്താൻ ഇരുവരും തീരുമാനിച്ചു.
കഴിഞ്ഞ വ്യാഴാഴ്ച അവർ ആശുപത്രിയിൽ പോയിരുന്നുവെങ്കിലും ഗർഭം നാലുമാസം കഴിഞ്ഞതിനാൽ ഗർഭഛിദ്രം സാധ്യമല്ലെന്ന് ഡോക്ടർമാർ പറഞ്ഞു. തുടർന്ന് ലോകേഷ് കാമുകിയോടൊപ്പം കൊങ്കർപാളയത്തുള്ള അമ്മൂമ്മയുടെ വീട്ടിലേക്ക് പോയി. കാമുകിയുടെ അമ്മ ഫോണിൽ വിളിച്ചെന്നും ഉടൻ വീട്ടിലെത്തുമെന്ന് പറഞ്ഞതായും പ്രതി പറഞ്ഞു.
ഭക്ഷണം വാങ്ങാൻ പുറത്തിറങ്ങിയപ്പോഴാണ് കാമുകിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടതെന്നും പോലീസ് പറയുമോ എന്ന് ഭയന്നെന്നും പ്രതി പോലീസിനോട് പറഞ്ഞു. അവനെ അറസ്റ്റ് ചെയ്യുക. അതിനാൽ, അയാൾ അവളുടെ ശരീരം ഒരു ചാക്കിൽ നിറച്ച് കിണറ്റിലേക്ക് തള്ളി. എന്നാൽ ലോകേഷിന്റെ മൊഴി പൊലീസ് വിശ്വസിച്ചില്ലെന്നാണ് റിപ്പോർട്ട്.
റോബിൻ എബ്രഹാം ജോസഫ്
മലയാളത്തിന്റെ പ്രിയ നടൻ ഇന്നസെന്റ് മരണപ്പെട്ടതിനു ശേഷമാണ് ക്യാൻസർ വാർഡിലെ ചിരി എന്ന പുസ്തകം വായിച്ചത്. ക്യാൻസർ എന്ന മഹാരോഗത്തിന് മുന്നിൽ അടിയറവ് പറയാതെ, സധൈര്യം പോരാടിയ വ്യക്തി എന്ന നിലയിൽ ആകും ഒരുപക്ഷെ നടനെന്ന പോലെ ഇന്നസെന്റിനെ ചരിത്രം അടയാളപ്പെടുത്തുന്നത്. ക്യാൻസർ രോഗം പരിശോധിച്ച് കണ്ടെത്തിയ നിമിഷം മുതൽ ഭേദമാകുന്നത് വരെയുമുള്ള സംഭവ വികാസങ്ങൾ ഹ്രസ്വമായി പുസ്തകത്തിൽ പരാമർശിക്കുന്നുണ്ട്.
വേദനയിലും തനിക്ക് ആശ്വാസവും താങ്ങുമായ ചിരിയെ, നർമം നിറഞ്ഞ ഭാഷയിലൂടെ വായനക്കാരിലേയ്ക്കും പങ്കുവെക്കാനും അദ്ദേഹം ശ്രമിക്കുന്നു. രോഗത്തിന്റെ വേദനകൾ സഹിച്ച് മരണഭയവും പേറി ജീവിക്കുക എന്ന അവസ്ഥയെ തീവ്രമായി വരച്ചുക്കാട്ടാൻ ക്യാൻസർ വാർഡിലെ ചിരിക്ക് സാധിച്ചിട്ടുണ്ട്. ജീവിതം കൈവിട്ടുപോകുമെന്ന് തോന്നുന്ന നിമിഷത്തെ സധൈര്യം, സ്ഥിരം ശൈലിയായ ചിരിയിലൂടെ നേരിടുന്ന ഇന്നസെന്റ് ഒരു മാതൃകയാണ്.
രോഗികളെ സന്ദർശിക്കാൻ എത്തുന്നവരുടെ മനോഭാവം, സംസാരം എന്നിങ്ങനെ തുടങ്ങി, ഒരാളെ തളർത്താൻ എങ്ങനെയൊക്കെ കഴിയുമോ അതിനെയെല്ലാം ഹാസ്യമെന്ന ഒറ്റ ആയുധത്തിലൂടെയാണ് ഇന്നസെന്റ് നേരിട്ടത്. പുസ്തകത്തിൽ ഇന്നച്ചനെ പരിചരിച്ച ഡോക്ടർമാരെയും ചിരി എന്ന ആയുധത്തെയുമാണ് പുതു ജീവന് താങ്ങായതായി പറഞ്ഞുവെക്കുന്നത്. ചികിത്സ എന്നതിനോടൊപ്പം, മനസിനെ ധൈര്യപെടുത്തുക എന്നതും പ്രധാനമാണ്. ജീവിതത്തിലെ പ്രതീക്ഷകൾ അസ്തമിച്ചു പോയ മനുഷ്യരുടെ ജീവിതത്തിൽ പോലും ഒരു അപ്രതീക്ഷിത വെളിച്ചം പ്രത്യാശയുമായി കടന്ന് വരുമെന്നും പുസ്തകം ചൂണ്ടിക്കാട്ടുന്നു.
ഇന്നസെന്റ് ഒരു പോരാളിയായിരുന്നു. ജീവിതത്തോടും, ജീവിതത്തെ കാർന്നു തിന്നാൻ വന്ന മഹാരോഗത്തോടും സന്ധിയില്ലാതെ അയാൾ പോരാടി. തീപ്പെട്ടി കമ്പനി തുടങ്ങി പൊട്ടി തകർന്ന് പോയപ്പോഴും അയാൾ മുന്നോട്ട് തന്നെ നീങ്ങി. ജീവിതത്തെ മുന്നോട്ട് നീക്കി. നിവർന്നു നിന്നു. മലയാള സിനിമ ലോകത്ത് ഇന്നസെന്റായി തന്നെ കയ്യൊപ്പ് ചാർത്തി..
ഒടുവിൽ, അപ്രതീക്ഷിതമായി, ആരോടും പറയാതെ മടക്കവും.
വിട.. ഇന്നസെന്റ്..ഇന്നസെന്റായിരുന്നതിന്..
റോബിൻ എബ്രഹാം ജോസഫ് : കോട്ടയം കറുകച്ചാൽ സ്വദേശി .ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജിൽ നിന്നും ഇംഗ്ലീഷിൽ ബിരുദം, കോട്ടയം പ്രസ്സ് ക്ലബ്ബിന്റെ സ്കൂൾ ഓഫ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും കരസ്ഥമാക്കി. സിനിമ, സാഹിത്യം, രാഷ്ട്രീയം എന്നിവ ഇഷ്ട വിഷയങ്ങളാണ്.
ബാവലിപ്പുഴയിൽ കുളിക്കാനിറങ്ങിയ അച്ഛനും മകനും മുങ്ങിമരിച്ചു. ചുങ്കക്കുന്ന് ഒറ്റപ്ലാവിലെ നെടുമറ്റത്തിൽ ലിജോ ജോസ് (36), മകൻ നെവിൻ (ആറ്) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ പതിനൊന്നുമണിയോടെയായിരുന്നു സംഭവം.
ചുങ്കക്കുന്ന് പാലത്തിനടുത്ത് തടയണകെട്ടി വെള്ളം കെട്ടി നിർത്തിയ സ്ഥലത്താണ് അപകടമുണ്ടായതെന്നാണ് റിപ്പോർട്ടുകൾ. മകനെ ചുമലിലിരുത്തി കുളിക്കാനിറങ്ങിയപ്പോൾ കാൽ തെറ്റിവീഴുകയായിരുന്നു. മകൻ ചെളിയിൽ പുതഞ്ഞപ്പോൾ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ യുവാവും അപകടത്തിൽപ്പെട്ടു.
ഒപ്പമുണ്ടായിരുന്ന കുട്ടികൾ നിലവിളിച്ചതോടെ നാട്ടുകാർ ഓടിക്കൂടുകയും, ഇവർക്കായി തെരച്ചിൽ നടത്തുകയുമായിരുന്നു. ഇരുവരെയും കരയ്‌ക്കെടുത്ത് ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ലിജിൻ ഇരിട്ടി എ ജെ ഗോൾഡിലെ ജീവനക്കാരനാണ്. തലക്കാണി യു പി സ്‌കൂളിലെ യു കെ ജി വിദ്യാർത്ഥിയാണ് നെവിൻ. ലിജിന്റെ ഭാര്യ സ്റ്റെഫി കുവൈത്തിലാണ് ജോലി ചെയ്യുന്നത്. മകൾ: ശിവാനിയ.
തൃശൂരില്‍ നിന്നു വേളാങ്കണ്ണിക്കു പോയ വാഹനം മറിഞ്ഞു നാല് പേര്‍ മരിച്ചു. 40 പേര്‍ക്കു പരിക്ക്. തൃശൂര്‍ ഒല്ലൂരില്‍ നിന്നു പോയ വാഹനം വളവുതിരിയുന്നതിനിടെ സമീപത്തെ കുഴിയിലേക്കു മറിയുകയായിരുന്നു. അപകട സമയത്ത് ഡ്രൈവർ ഉറങ്ങിപ്പോയതാണ് കാരണം എന്നാണ് പ്രാഥമിക നിഗമനം. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാവുന്നേയുള്ളു. കുരുത്തോലപ്പെരുന്നാള് ദിനത്തില്‍ ഉണ്ടായ ദുരന്തം നാടിനെ നടുക്കി. പുലർച്ചെ നാലുമണിയോടെയാണ് അപകടം. അപകടം നടക്കുമ്പോള് യാത്രക്കാരെല്ലാം ഉറക്കത്തിലായിരുന്നു.
തഞ്ചാവൂരിന് സമീപം ഒറത്തനാട് എന്ന സ്ഥലത്ത് വച്ചാണ് അപകടമുണ്ടായത്. ബസ് പാതയോരത്തെ കുഴിയിലേക്ക് മറിയുകയായിരുന്നു. 55 വയസ്സുള്ള ഒരു സ്ത്രീയും, എട്ടു വയസ്സുള്ള ഒരു കുട്ടിയും മറ്റൊരു സ്ത്രീയുമാണ് മരിച്ചത്. 40 പേർക്ക് പരിക്കുണ്ട്. അപകട സമയത്ത് ബസ്സിനുള്ളിൽ 51 യാത്രക്കാർ ഉണ്ടായിരുന്നു. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റി. ഒരു ബസ് ജീവനക്കാരന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പട്ടിക്കാടുള്ള കെ വി ട്രാവൽസ് എന്ന ബസാണ് അപകടത്തിൽപ്പെട്ടത്.
വിശുദ്ധവാരാചരണത്തിനു തുടക്കംകുറിച്ച് ലോകമെങ്ങും ക്രൈസ്തവര്‍ ഇന്ന് ഓശാന ഞായര്‍. സംസ്ഥാനത്തെ വിവിധ ദേവാലയങ്ങളില്‍ പ്രത്യേക തിരുക്കര്‍മങ്ങള്‍ നടക്കും. കുരുത്തോലകളുമായി വിശ്വാസി സമൂഹം നഗരവീഥികളിലും ദേവാലയങ്ങളിലും പ്രാര്‍ഥനകള്‍ നടത്തും. പീഡാനുഭവത്തിനും കുരിശുമരണത്തിനും മുന്നോടിയായി ക്രിസ്തുദേവന്റെ ജറുസലം പ്രവേശനത്തിന്റെ ഓര്‍മയിലാണ് ക്രൈസ്തവര്‍ ഓശാന ഞായര്‍ ആചരിക്കുന്നത്.
ത്യാഗത്തിൻ്റെ ഓർമ്മ പുതുക്കി ക്രൈസ്തവ ദേവാലയങ്ങളിൽ കുരുത്തോലയുമേന്തിയുള്ള പ്രദക്ഷിണവും പള്ളികളിൽ നടക്കും.
ക്രിസ്തുവിനെ ജറുസലേമിലേക്ക് കഴുതപ്പുറത്ത് ആനയിച്ചപ്പോൾ ജനങ്ങൾ ഒലിവ് മരച്ചില്ലകൾ വീശി സ്വീകരിച്ചതിന്റെ ഓർമ്മ പുതുക്കലാണ് ഓശാന ഞായർ. പീഡാനുഭവ വാരത്തിനും ഓശാനപ്പെരുന്നാളോടെ തുടക്കമാവും. ഇതോട് കൂടി ക്രൈസ്തവ സമൂഹം വിശുദ്ധ വാരത്തിലേക്ക് കടക്കുകയാണ്. പള്ളികളിൽ ഒരുക്കങ്ങളെല്ലാം പൂർണ്ണമായി.
എറണാകുളം അങ്കമാലി അതിരൂപതയിൽ കുർബാന ഏകീകരണം നടപ്പാക്കുന്നതിന് മുന്നോടിയായി കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി എറണാകുളം സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ കുർബാനയർപ്പിക്കാനായി എത്തി. ഓശാന ഞായറിനോടനുബന്ധിച്ച് പള്ളികളിൽ കുരുത്തോല പ്രദിക്ഷണവും പ്രത്യേക ചടങ്ങുകളും നടക്കും.
സിറോ മബാർ സഭയിൽ ഏകീകൃത കുർബാന നടപ്പാക്കുന്നതിന് എറണാകുളം-അങ്കമാലി അതിരൂപതയ്ക്ക് കൊടുത്തിരിക്കുന്ന അന്ത്യശാസനം ഇന്നാണ്. ഓശാന ഞായർ മുതൽ ഏകാകൃത കുർബാന നടപ്പാക്കണമെന്നാണ് മാർപാപ്പയുടെ നിർദേശം. ഏകാകൃത കുർബാന നടപ്പാക്കാൻ എട്ട് മാസം ആവശ്യമാണെന്നാണ് എറണാകുളം-അങ്കമാലി അതിരൂപത ആവശ്യപ്പെട്ടത്. എന്നാൽ സിനഡ് ഈ നിർദേശം അംഗീകരിച്ചില്ല.
കർദ്ദിനാളിനൊപ്പം ബിഷപ്പ് ആന്റണി കരിയിലും കുർബാനയിൽ പങ്കെടുക്കുമെന്ന് സീറോ മലബാർ സഭ സിനഡ് സർക്കുലർ ഇറക്കിയിരുന്നു. എന്നാൽ ഏകീകൃത കുർബാന നടപ്പാക്കാൻ സാവകാശം വേണമെന്ന വാദത്തിൽ ഉറച്ചുനിൽക്കുകയാണ് എറണാകുളം അങ്കമാലി അതിരൂപത. കർദ്ദിനാളിനൊപ്പം കുർബാനയിൽ പങ്കെടുക്കാൻ ബിഷപ്പ് ആന്റണി കരിയിൽ എത്തിയില്ല. ഏകീകൃത കുർബാന അംഗീകരിക്കുന്ന ഒരു വിഭാഗവും എതിർക്കുന്ന അൽമായ മുന്നേറ്റക്കാരും ഇന്ന് ബസിലിക്കയിൽ കുർബാനയ്‌ക്കെത്തും. അതുകൊണ്ട് തന്നെ പള്ളിക്ക് സമീപം വൻ പൊലീസ് സന്നാഹമാണ് വിന്യസിച്ചിരിക്കുന്നത്.
രാഹുൽ ഗാന്ധിയെ പാർലിമെന്റിൽ നിന്നും അയോഗ്യനാക്കിയ ബിജെപി സർക്കാരിന്റെ ജനാധിപത്യ വിരുദ്ധ നടപടികൾക്കെതിരെയും, സംഘപരിവാർ ഗൂഡാലോചനകൾക്കെതിരെയും ഐഒസി ഗ്ലോബൽ കമ്മിറ്റിയുടെ നിർദ്ദേശാനുസരണം ആഗോള തലത്തിൽ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി യു കെ യിലെ രണ്ടാം ഘട്ട പ്രതിഷേധ സംഗമം നാളെ (ഞായറാഴ്ച 02/04/23) ഉച്ചയ്ക്ക് 2.30 ന് മാഞ്ചസ്റ്റർ, കത്തീഡ്രൽ യാർഡിൽ സംഘടിപ്പിക്കും. മാഞ്ചസ്റ്ററിലെ കത്തീഡ്രൽ യാർഡിലെ മഹാത്മാ ഗാന്ധിജിയുടെ പ്രതിമക്ക് മുന്നിലാണ് തികച്ചും സമാധാനപരമായി ഐഒസി പ്രതിഷേധ സംഗമം നടക്കുന്നത്.
ലണ്ടനിലെ പാർലമെന്റ് സ്‌ക്വയറിൽ കഴിഞ്ഞ ആഴ്ച സംഘടിപ്പിച്ച ആദ്യ ഘട്ട പ്രതിഷേധ യോഗo ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു. യുകെയിലെ മറ്റു പ്രദേശങ്ങളിലേക്കും പ്രതിഷേധം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായുള്ള രണ്ടാം ഘട്ടമാണ്, മാഞ്ചസ്റ്ററിൽ സംഘടിപ്പിക്കുന്ന പ്രതിഷേധയോഗം എന്ന് ഐഒസി യുകെ പ്രസിഡന്റ് കമൽ ദലിവാൽ അറിയിച്ചു.

നാളെ, ഏപ്രിൽ 2 നു, ഞായറാഴ്ച ഉച്ച കഴിഞ്ഞു കൃത്യം 2:30 നു ആരംഭിക്കുന്ന പ്രതിഷേധ സംഗമത്തിൽ പങ്കെടുത്തു വിജയിപ്പിക്കുവാൻ യു കെ യിലെ മുഴുവൻ കോൺഗ്രസ് അനുഭാവികളെയും, ജനാധിപത്യ വിശ്വാസികളെയും സസ്നേഹം ക്ഷണിച്ചുകൊള്ളുന്നു. മാഞ്ചസ്റ്റർ കത്തീഡ്രൽ യാർഡിലെ പ്രതിഷേധ സംഗമ വേദിയായ മഹാത്മാ ഗാന്ധി പ്രതിമക്ക് മുന്നിൽ കൃത്യ സമയത്തു തന്നെ എത്തിച്ചേരണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു.
പ്രതിഷേധ സംഗമ പരിപാടികൾക്ക് IOC UK ഭാരവാഹികളായ ബോബിൻ ഫിലിപ്പ്, റോമി കുര്യാക്കോസ്, ഗുർപ്രീത് രന്തവ തുടങ്ങിയവർ നേതൃത്വo വഹിക്കുമെന്ന് ഐഒസി വക്താവ് അജിത് മുതയിൽ പറഞ്ഞു.
കൂടുതൽ വിവരങ്ങൾക്ക്:
ബോബിൻ ഫിലിപ്പ് : +44 7799953608
റോമി കുര്യാക്കോസ് : +44 7776646163
സ്ഥലം
Cathedral Yard, (Near Mahatma Gandhi Statue)
Manchester, M3 1SX
ഷിബു മാത്യൂ, സ്പോട്സ് ഡെസ്ക്. മലയാളം യുകെ.
യുകെയിലെ പ്രമുഖ ടീമുകളെ പങ്കെടുപ്പിച്ച് യുക്മ യോർക്ഷയർ ആൻ്റ് ഹംബർ റീജിയൺ സംഘടിപ്പിക്കുന്ന ബാറ്റ്മിൻ്റൺ ടൂർണ്ണമെൻ്റിന് ഷെഫീൽഡിൽ തുടക്കം. ഉച്ചതിരിഞ്ഞ് ഒരുമണിക്ക് ഷെഫീൽഡിലെ ഇംഗ്ലീഷ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോട്സ് സെൻ്ററിൽ യുക്മ യോർക്ഷയർ ആൻ്റ് ഹംബർ റീജിയണൽ പ്രസിഡൻ്റ് വർഗ്ഗീസ് ഡാനിയേൽ ഉദ്ഘാടനം ചെയ്തു. യുക്മ നാഷണൽ എക്സിക്യൂട്ടീവ് കമ്മറ്റിയംഗം സാജൻ സത്യൻ സന്നിഹിതനായിരുന്നു.

അഞ്ച് ഗ്രൂപ്പ്കളിലായി 20 ടീമുകൾ ടൂർണ്ണമെൻ്റിൽ കളിക്കും. ഒരേ സമയം മൂന്ന് കോർട്ടുകളിലായി ആറ് ടീമുകൾ ആദ്യ റൗണ്ടിൽ കളിക്കും. അതിൽ വിജയിക്കുന്നവർ പ്രീ ക്വാർട്ടറിൽ എത്തും. പിന്നീട് ക്വാർട്ടർ, സെമീഫൈനൽ, ഫൈനൽ എന്നീ ക്രമത്തിലാണ് ടൂർണ്ണമെൻ്റ് രൂപപ്പെടുത്തിയിരിക്കുന്നത്. ടൂർണ്ണമെൻ്റിൽ ഒന്നാം സ്ഥാനത്തെത്തുന്ന ടീമിന് 150 പൗണ്ടും ട്രോഫിയും സമ്മാനമായി ലഭിക്കും. രണ്ടും മൂന്നും സ്ഥാനത്തെത്തുന്നവർക്ക് 100 ഉം 50 ഉം പൗണ്ടും ട്രോഫിയും നൽകും. മിക്സഡ് ഡബിൾസ് മത്സരങ്ങളും ടൂർണ്ണമെൻ്റിൽ പ്രധാന ഇനമായി ഉൾപ്പെടുത്തിയിട്ടുണ്ട്. വൈകുന്നേരം 5 മണിയോടെ മത്സരം അവസാനിക്കും.


ന്യൂസ് ഡെസ്ക്. മലയാളം യുകെ.
ലോക പ്രശസ്ത മ്യൂസിക്കൽ ബാൻഡ് ആയ ബീറ്റിലിൽസിന്റെ നാടായ ലിവർപൂളിൽ ഹിബ്രു, ക്യൂബൻ, ഇറ്റാലിയൻ, സ്പാനിഷ്, ഇംഗ്ലീഷ്, ഹിന്ദി, മലയാളം ഗാനങ്ങൾ ആലപിച്ച് പ്രാദേശികരായ പാശ്ചാത്യരെപോലും വിസ്മയിപ്പിച്ച് 18 ഭാഷകളിൽ പാടിയ മലയാളി ഗായകൻ ചാൾസ് ആന്റണിയ്ക്ക് ലിവർപൂൾ മലയാളി അസ്സോസിയേഷൻ (ലിമ) പ്രസിഡന്റ് ജോയി അഗസ്തിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. ലിമയുടെ ഭാരവാഹികൾ പ്രസ്തുത ചടങ്ങിൽ സന്നിഹിതരായിരുന്നു.

കൊച്ചിക്കാരനായ ചാൾസ് ആന്റണി, യുകെയിലെ പ്രശസ്ത കുടിലിൽ റെക്കോർഡിങ് സ്റ്റുഡിയോ യുകെയിൽ ആദ്യമായി സംഘടിപ്പിച്ച ചാരിറ്റി ഇവന്റിൽ ലൈവ് പെർഫോമൻസ് നടത്തുന്നതിനാണ് ലിവർ പൂളിൽ എത്തിയത്. മലയാളികൾ ഉൾപ്പെടെ പ്രാദേശികരായ നിരവധിയാളുകളാണ് അദ്ദേഹത്തിന്റെ മ്യൂസിക് പെർഫോമൻസ് കാണുവാൻ ലിവർ പൂളിൽ എത്തിച്ചേർന്നത്.
ലിവർപൂളിലെ പ്രശസ്ത ക്രോസ്സ് കീ പബ്ബിൽ വച്ചാണ് ലൈവ് മ്യൂസിക്കൽ പെർഫോമൻസ് നടത്തപ്പെട്ടത്. യുകെയിൽ മലയാളി സമൂഹത്തിനിടയിൽ നടക്കുന്ന സംഗീത നിശയിൽ നിന്നും വേറിട്ടൊരു രീതിയാണ് ചാൾസ് ആൻ്റണി അവതരിപ്പിച്ചത്. ചാൾസിൻ്റെ പ്രകടനം സംഗീത ലോകത്തിന് പുതിയൊരധ്യായം കുറിച്ചെന്ന് ആസ്വാദകർ അവകാശപ്പെടുന്നു. പരിപാടിയിൽ പങ്കെടുത്ത് വിജയിപ്പിച്ച എല്ലാവർക്കും കുടിലിൽ സ്റ്റുഡിയോ മാനേജിംഗ് ഡയറക്ടർ ഷാജു ഉതുപ്പ് നന്ദി രേഖപ്പെടുത്തി.