Latest News

ഈ ശനിയാഴ്ച (10/12/2022), ഗർഷോം ടിവിയും ലണ്ടൻ അസാഫിയൻസും സംയുക്തമായി നടത്തുന്ന “ജോയിടു ദി വേൾഡ്” എന്ന കരോൾ കോമ്പറ്റീഷൻ പരിപാടിയിലാണ് കൈരളി യുകെ ബ്ലഡ് ക്യാൻസർ രോഗികൾക്കു വേണ്ടി സ്റ്റെം സെൽ ഡോണറിനെ കണ്ടുപിടിക്കുന്നതിനായി സന്നദ്ധ സംഘടനയായ ഡി.കെ.എം.എസുമായി യോജിച്ചു സ്വാബ് കളക്ഷൻ നടത്തുന്നത്. യുകെയിൽ സ്ഥിരതാമസമാക്കിയ യു പി സ്വദേശിക്ക്‌ കാൻസർ ഭേദമാക്കുവാൻ മൂല കോശ ചിക്ത്സ ഡോക്ടർമാർ നിർദ്ദേശിച്ചപ്പോൾ അനുയോജ്യരായ ദാതാക്കളെ കണ്ടെത്തുക എളുപ്പമായിരുന്നില്ല. രോഗിയുടെ ജനിതകത്തോട്‌ ചേർച്ചയുള്ള ദാതാക്കളെ കണ്ടെത്തുവാൻ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായി യുകെയിലെ ഇന്ത്യൻ വംശജർക്കിടയിൽ നടത്തുന്ന സാമ്പിൾ ശേഖരണം കൈരളി ഏറ്റെടുത്തത്.

ബിർമിങ്ഹാമിലെ കിംഗ് എഡ്വേർഡ് VI ഫൈവ് വേസ്‌ സ്കൂളിൽ വെച്ച് ഉച്ചയ്ക്ക് 12 മുതൽ 5 മണി വരെ ആണ് സ്റ്റെംസെൽ ഡ്രൈവ്‌ സംഘടിപ്പിക്കുന്നത്. ബിർമിംഗ്ഹാമിൽ ഇത് രണ്ടാം തവണയാണ് കൈരളി യുകെ സ്റ്റെം സെൽ ഡ്രൈവ് നടത്തുന്നത്. ബിർമ്മിങ്ഹാമിലെ ബഥേൽ കൺവെൻഷൻ സെന്ററിൽ നവംബർ 12 ശനിയാഴ്‌ച നടത്തിയ പരിശോധനയിൽ 300 ഓളം പേരിൽ നിന്നും സാമ്പിൾ ശേഖരിച്ചിരുന്നു. ആദ്യത്തെ പരിപാടിയുടെ വിജയത്തിന് ശേഷം യൂറോപ്പിൽ നിന്നുമുള്ള നിരവധി സാമൂഹിക പ്രവർത്തകർ കൈരളി യുകെയ്‌ക്കു പിന്തുണ അറിയിച്ചിരുന്നു. ദേശീയ തലത്തിൽ ഇത് ഏറ്റെടുത്തു നടത്താൻ ആണ് നിലവിൽ കൈരളി യുകെ ഉദ്ദേശിച്ചിരിക്കുന്നത്.

ബ്ലഡ് ക്യാൻസർ എന്ന രോഗത്തെ ഭാവിയിൽ മനുഷ്യരാശിക്ക് തുടച്ചുനീക്കുവാൻ ഉതകുന്ന ഈ ഒരു പരിപാടിയിൽ പങ്കെടുക്കുവാൻ നിങ്ങളെ എല്ലാവരെയും കൈരളി യുകെ ക്ഷണിച്ചുകൊള്ളുന്നു.

കൂടുതൽ വിവരങ്ങൾക്ക് കൈരളി യുകെ ഫേസ്‌ബുക്ക് പേജ് സന്ദർശിക്കുക – https://fb.me/e/3aUHd1iem

 

പ്രസവവേദന അഭിനയിച്ച് യുവതി വിമാനം അടിയന്തിരമായി ലാൻഡ് ചെയ്യിപ്പിച്ചു. സ്പൈയിനിലാണ് സംഭവം. അടിയന്തര ലാൻഡിംഗിന് ശേഷം ബാഴ്‌സലോണ വിമാനത്താവളത്തിൽ നിന്ന് 27 യാത്രക്കാർ ഓടി രക്ഷപെട്ടതായും റിപ്പോർട്ടുകൾ. ഇതിൽ 13 പേരെ സുരക്ഷാ ജീവനക്കാര്‍ പിടികൂടിയെങ്കിലും മറ്റു 14 പേർക്കായി സ്പാനിഷ് പോലീസ് തിരച്ചിൽ നടത്തി വരികയാണ്.

മൊറോക്കോയിലെ കാസബ്ലാങ്കയിൽ നിന്ന് 228 യാത്രക്കാരുമായി ഇസ്താംബൂളിലേക്ക് പോയ പെഗാസസ് എയർലൈൻസ് വിമാനമാണ് ബാഴ്‌സലോണ എൽ പ്രാറ്റ് എയർപോർട്ടിൽ അടിയന്തര ലാൻഡിംഗ് നടത്തിയത്.

യുവതിയെ വിമാനത്തിൽ നിന്ന് ഒഴിപ്പിക്കുന്നതിനിടെയാണ് 27 യാത്രക്കാർ അനുമതിയില്ലാതെ വിമാനത്തിൽ നിന്ന് പുറത്തിറങ്ങി ഓടിപ്പോയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

വിമാനം അടിയന്തരമായി നിലത്തിറക്കേണ്ടി വന്ന സാഹചര്യം സൃഷ്ടിച്ച യുവതിക്കെതിരെ സ്പെയിന്‍ പൊലീസ് കേസ് എടുത്തു. ഗര്‍ഭിണി ആയിരുന്നെങ്കിലും ഇവര്‍ക്ക് പ്രസവ വേദന ആരംഭിച്ചിരുന്നില്ലെന്ന് ഡോക്ടർമാർ പരിശോധനയില്‍ കണ്ടെത്തി.

പിടികൂടിയ 13 യാത്രക്കാരിൽ അഞ്ച് പേർ വിമാനത്തിൽ തിരിച്ചു കയറി ഇസ്താംബൂളിലേക്ക് യാത്ര തുടരാൻ സമ്മതിച്ചു. മറ്റ് എട്ട് പേരെ തിരികെ മറ്റൊരു വിമാനത്തിൽ ഇസ്താംബൂളിലേക്ക് തിരിച്ചയക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും അധികൃതർ പറഞ്ഞു.ഓടി രക്ഷപെട്ട ആളുകള്‍ ഏത് രാജ്യത്ത് നിന്നുള്ളവരാണെന്ന് സ്പെയിന്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

 

ഇലന്തൂരിൽ നരബലിക്കിരയായ റോസ്ലിന്‍റെ മകളുടെ ഭർത്താവിനെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കട്ടപ്പന വട്ടോളി വീട്ടില്‍ ബിജു (44) വിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

വടക്കാഞ്ചേരി എങ്കക്കാട് നമ്പീശന്‍ റോഡിലെ വാടകവീട്ടിലാണ് ബിജുവിന്റെ മൃതദേഹം കണ്ടെത്തിയത്. ഭാര്യ മഞ്ജു വര്‍ഗീസ് മകനൊപ്പം എറണാകുളത്തുള്ള വീട്ടില്‍ പോയ സമയത്താണ് ബിജുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ടുദിവസമായി ബിജു വീട്ടില്‍ തനിച്ചായിരുന്നു താമസം.

നരബലിക്ക് ഇരയായ റോസ്ലിന്‍റെ മൃതദേഹം മൂന്ന് ദിവസം മുമ്പാണ് കോട്ടയം മെഡിക്കൽ കോളേജിൽനിന്ന് ബന്ധുക്കൾക്ക് കൈമാറിയത്. മക്കൾ ഏറ്റുവാങ്ങിയ മൃതദേഹം വടക്കഞ്ചേരിയിലെ വാടകവീട്ടിൽ എത്തിച്ചശേഷമാണ് സംസ്ക്കരിച്ചത്. അതിന് പിന്നാലെയാണ് ബിജുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

ട്രസ് വർക്ക് തൊഴിലാളിയായ ബിജുവും ഭാര്യയും കുറച്ചുകാലം മുമ്പാണ് വടക്കാഞ്ചേരിയിൽ വാടക വീടെടുത്ത് താസമം തുടങ്ങിയത്. വടക്കാഞ്ചേരി പൊലീസ് സ്ഥലത്തെത്തി മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

നരബലിക്ക് ഇരയായ റോസ്ലിന്റെ മൃതദേഹം രണ്ടു ദിവസം മുമ്പാണ് ബന്ധുക്കൾക്ക് കൈമാറിയത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ഇക്കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയോടെയാണ് കൈമാറിയത്. റോസ്ളിന്റെ ക്കളായ മഞ്ജുവും, സഞ്ജുവുമാണ് മൃതദേഹം ഏറ്റുവാങ്ങിയത്. റോസ്ളിൻ വാടകയ്ക്ക് താമസിച്ചിരുന്ന കാലടിയിലേക്കാണ് മൃതദേഹം കൊണ്ടുപോയത്. പോസ്റ്റ്മോർട്ടത്തിന് ശേഷം ഡി എൻ എ പരിശോധനയ്ക്കായി മൃതദേഹം രണ്ടു മാസമായി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു.

കൊല്ലപ്പെട്ട തമിഴ്നാട് സ്വദേശിനി പദ്മയുടെ മൃതദേഹ അവശിഷ്ടങ്ങള്‍ ബന്ധുക്കള്‍ക്ക് നവംബർ 20 ന് കൈമാറിയിരുന്നു. പദ്മയുടെ ഡിഎന്‍എ പരിശോധന ഫലം ലഭിച്ച സാഹചര്യത്തിലാണ് മൃതദേഹ അവശിഷ്ടങ്ങള്‍ പൊലീസ് ബന്ധുക്കള്‍ക്ക് കൈമാറിയത്. പദ്മയുടെ മകന്‍ ശെല്‍വരാജും സഹോദരിയും ചേര്‍ന്ന് മൃതദേഹം തമിഴ്നാട്ടിലെ ധര്‍മപുരിയിലേക്ക് കൊണ്ടുപോവുകയും ആചാരപ്രകാരം സംസ്കരിക്കുകയും ചെയ്തു.

വിവാഹത്തലേന്ന് സെൽഫിയെടുക്കുന്നതിനിടെ വധൂവരന്മാർ പാറക്കുളത്തിൽ വീണു. 50 അടിയിലേറെ വെള്ളമുള്ള കുളത്തിൽ നിന്ന് നാട്ടുകാരും ഫയർഫോഴ്സും പൊലീസും ചേർന്ന് സാഹസികമായാണ് ഇരുവരെയും രക്ഷപ്പെടുത്തിയത്. വ്യാഴാഴ്ച രാവിലെ പത്തോടെ കല്ലുവാതുക്കലിലെ കാട്ടുപുറം ആയിരവില്ലി പാറക്കുളത്തിലായിരുന്നു അപകടം. പരവൂർ കൂനയിൽ അശ്വതികൃഷ്ണയിൽ രാധാകൃഷ്ണന്റെയും ഷീലയുടെയും മകൻ വിനു.വി.കൃഷ്ണനും കല്ലുവാതുക്കൽ പാമ്പുറം അറപ്പുര വീട്ടിൽ പരേതനായ ശ്രീകുമാറിന്റെയും സരിതയുടെയും മകൾ സാന്ദ്ര.എസ്.കുമാറുമാണ് അപകടത്തിൽപ്പെട്ടത്. വെള്ളിയാഴ്ച പാരിപ്പള്ളി പാമ്പുറം മഹാവിഷ്ണു ക്ഷേത്രത്തിൽ വച്ചായിരുന്നു ഇവരുടെ വിവാഹം നടക്കേണ്ടിയിരുന്നത്.

കാൽവഴുതി വീണ സാന്ദ്രയെ രക്ഷിക്കാൻ ചാടിയതായിരുന്നു വിനു. കല്ലുവാതുക്കൽ വിലവൂർകോണം കാട്ടുപുറത്ത് ഇന്നലെ രാവിലെ പത്തേകാലോടെയാണു സംഭവം. പരുക്കേറ്റ ഇവരെ കൊല്ലം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പകൽക്കുറി ആയിരവില്ലി ക്ഷേത്രത്തിനു സമീപത്തെ കൂറ്റൻ ക്വാറിയുടെ മുകളിൽ സെൽഫിയെടുക്കാൻ എത്തിയതായിരുന്നു ഇരുവരും. ഇതിനിടെ സാന്ദ്ര കുളത്തിലേക്കു വീണു.

പിന്നാലെ ചാടിയ വിനു വസ്ത്രത്തിൽ പിടിച്ചു സാന്ദ്രയെ വലിച്ചടുപ്പിച്ച ശേഷം പാറയുടെ വശത്തു പിടിച്ചു കിടന്നു. നിലവിളി കേട്ടെത്തിയ പ്രദേശവാസിയാണു നാട്ടുകാരെ കൂട്ടി രക്ഷാപ്രവർത്തനം തുടങ്ങിയത്. ഇവർ ഇട്ടുകൊടുത്ത കയറിൽ പിടിച്ചുകിടന്ന വിനുവിനും സാന്ദ്രയ്ക്കും അരികിലേക്കു പൈപ്പ് കൊണ്ടുള്ള ചങ്ങാടത്തിൽ നാട്ടുകാരെത്തി. പിന്നീട് അഗ്നിശമന സേനയും പൊലീസും ചേർന്നു കരയ്ക്കെത്തിച്ചു. ദുബായിൽ ജോലിയുള്ള വിനു ഒരാഴ്ച മുൻപാണു നാട്ടിലെത്തിയത്. അപകടത്തെത്തുടർന്നു വിവാഹം മാറ്റിവച്ചു.

കല്ലുവാതുക്കൽ∙ ‘ഒന്നിനു പിറകേ ഒന്നായി വെള്ളത്തിൽ എന്തോ പതിക്കുന്ന ശബ്ദം. രക്ഷപ്പെടുത്തണമെന്ന് ഉച്ചത്തിൽ വിളിക്കുന്നതും കേട്ടു’– സമീപവാസി ജയപ്രകാശ് പറഞ്ഞു. കാട്ടുപുറം പാറക്കുളത്തിനു സമീപം റബർത്തോട്ടത്തിൽ പാൽ എടുക്കുമ്പോഴാണു സംഭവം. പാറക്കുളത്തിന്റെ അക്കരെ രണ്ടു പേർ ജീവനു പിടയുന്നു. ആഴമുള്ള ഭാഗത്തു കിടക്കുന്നവർക്കു പാറയുടെ വശത്തെ അടരിൽ പിടികിട്ടിയത് പിടിവള്ളിയായെന്നു തോന്നി. ബഹളം കേട്ടു സമീപത്തെ കാട്ടുപുറം ബാബുവും എത്തി.

‘ജീവൻ ഉണ്ട്. രക്ഷിക്കണേ’– യുവാവ് അലറി വിളിക്കുകയാണ്. അൻപത് അടിയിലേറെ താഴ്ചയിൽ വെള്ളമുള്ള അപകടം പതിയിരിക്കുന്ന പാറക്കുളത്തിൽ ഇവരുടെ അരികിലേക്കെത്തുക അസാധ്യമാണ്. പ്രദേശത്തുള്ളവർക്കു നീന്തൽ വശമില്ല. മുകളിൽ നിന്നു കയർ ഇട്ടു കൊടുക്കുകയാണ് ഏറ്റവും നല്ല മാർഗമെന്നു കണ്ടു സമീപവാസികളോടു വേഗത്തിൽ കയർ എത്തിക്കാൻ ആവശ്യപ്പെട്ടു.സ്ത്രീകൾ, കിണറുകളിലെ കയറുകളുമായി ഓടിയെത്തി. ആളുകൾ നിൽക്കുന്ന കരയിൽ നിന്നു പാറയുടെ മുകളിൽ എത്താൻ വഴിയില്ല.

കാട്ടുപുറം ബാബു, അഭിലാഷ്, ജോളി എന്നിവർ കയറുകളുമായി, പൊന്തക്കാടുകൾ നിറഞ്ഞ വശത്തു കൂടി ഏറെ ബുദ്ധിമുട്ടി മുകളിലെത്തി. കയറുകൾ കൂട്ടിക്കെട്ടി താഴേക്ക് ഇട്ടുകൊടുത്തു. ശരീരങ്ങൾ പരസ്പരം ബന്ധിച്ചു പിടിച്ചു കിടക്കാനും നിർദേശിച്ചു. ഇതിനിടെ പൊലീസ്, അഗ്നിരക്ഷാസേന എന്നിവരെയും വിവരം അറിയിച്ചിരുന്നു.ചാത്തന്നൂർ എസിപി ബി.ഗോപകുമാർ, പാരിപ്പള്ളി ഇൻസ്പെക്ടർ എ.അൽജബ്ബാർ എന്നിവർ രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചു.പാറയുടെ മുകളിൽ നിന്ന് ഇട്ടുകൊടുത്ത കയറിൽ ബന്ധിച്ചു നിൽക്കുകയാണെങ്കിലും ഓരോ നിമിഷവും അപകടം വർധിക്കുകയാണ്.

ഇതിനിടെ ടയർ കടയിൽ നിന്നു ലോറിയുടെ ട്യൂബ് എത്തിച്ചു. പാറക്കുളത്തിൽ നിന്നു മീൻപിടിക്കാനായി പൈപ്പ് ഉപയോഗിച്ചു നിർമിച്ച ചങ്ങാടവും ഒരു വീട്ടിൽ നിന്നു കൊണ്ടു വന്നു. അഗ്നിരക്ഷാ സേന കല്ലമ്പലം അസിസ്റ്റന്റ് സ്റ്റേഷൻ മാസ്റ്റർ ബി. ശ്രീകുമാർ, ഫയർ ഓഫിസർ വി.എസ്.ഷാജി, അഗ്നിരക്ഷാ സേനയിലെ പിപ്രവീൺസ വിഷ്ണു എസ്.നായർ, ആർ.അരവിന്ദ്, അനന്തു, ബിജു, സുജിത് എന്നിവർ രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകി. കൊല്ലത്തു നിന്നുള്ള അഗ്നിരക്ഷാ സേനയും എത്തിയിരുന്നു.

യുവതിയും യുവാവും പാറക്കുളത്തിൽ അകപ്പെട്ടത് അറിഞ്ഞു കുന്നുംപുറത്തു വീട്ടിൽ സുധീഷും ചെന്തിപ്പിൽ വീട്ടിൽ ശരത്തും സ്ഥലത്തെത്തി. ചങ്ങാടവും റബർ ട്യൂബുമായി ഇരുവരും പാറക്കുളത്തിലേക്കു ചാടി. ഇരുവർക്കും നീന്തൽ അറിയാം. കയറിലെ കെട്ടഴിച്ചു യുവതിയെ ചങ്ങാടത്തിൽ കയറ്റി മറുകരയിലേക്കു തുഴഞ്ഞു. യുവാവിനെ കയറിൽ ബന്ധിച്ചു സുരക്ഷിതമായി നിർത്തിയശേഷം കരയിലേക്കു നീങ്ങി. കുളത്തിന്റെ പകുതിയോളം താണ്ടിയപ്പോഴേക്കും അഗ്നിരക്ഷാസേനയെത്തി. പിന്നാലെ യുവാവിനെയും കരയിൽ എത്തിച്ചു. ഇരുവരെയും രക്ഷിക്കാനായി നാട് ഒരു മനസ്സോടെ ഉണർന്നു പ്രവർത്തിക്കുകയായിരുന്നു.

കൊല്ലം, തിരുവനന്തപുരം ജില്ലകളുടെ അതിർത്തി വേർതിരിക്കുന്നതാണു കാട്ടുപുറം പാറ. ഒന്നര പതിറ്റാണ്ടു മുൻപു പാറ ഖനനം അവസാനിച്ചതോടെ, ആകാശംമുട്ടെ തലയുയർത്തി നിന്ന പാറയുടെ സ്ഥാനത്ത് അഗാധമായ കുളം രൂപപ്പെട്ടു. കുളത്തിന്റെ ഒരു വശത്തു നൂറ്റിയൻപതോളം അടി ഉയരത്തിൽ അവശേഷിക്കുന്ന പാറക്കെട്ടാണു ജില്ലകളുടെ അതിർത്തി. കാഴ്ചയുടെ സൗന്ദര്യമുണ്ടെങ്കിലും വിജനമായ സ്ഥലമാണിത്. പാറയുടെ താഴ്‌വാരത്ത് ആയിരവില്ലി ക്ഷേത്രം സ്ഥിതി ചെയ്യുകയാണ്.

പാറയുടെ മുകളിൽ എത്തണമെങ്കിൽ ക്ഷേത്രത്തിനു സമീപത്തു കൂടി തിരുവനന്തപുരം ജില്ലയിലെ പള്ളിക്കൽ പഞ്ചായത്തിലൂടെ പോകണം. ക്ഷേത്രത്തിൽ എത്തുന്നവർ ഉൾപ്പെടെ ഒട്ടേറെപ്പേർ പാറയുടെ മുകളിലേക്കു പോകാറുണ്ട്. മുകളിലെത്തിയാൽ ചടയമംഗലം ജടായുപ്പാറ, പാരിപ്പള്ളി ഗവ. മെഡിക്കൽ കോളജ് ആശുപത്രി തുടങ്ങി ദൂരെയുള്ള സ്ഥലങ്ങൾ കാണാൻ കഴിയും. ഈ കാഴ്ചസൗന്ദര്യം തേടിയാണ് ആളുകളെത്തുന്നത്.

പാറയുടെ അരികിൽ എത്തായാൽ താഴ്ചയിൽ പാറക്കുളമാണ്. ആദ്യമായി എത്തുന്നവർ അപകടം തിരിച്ചറിയില്ല. പാറയുടെ മുകളിൽ സുരക്ഷയ്ക്കായി ഇരുവേലി സ്ഥാപിക്കണമെന്നത് ദീർഘനാളായുള്ള ആവശ്യമാണ്. കല്ലുവാതുക്കൽ പഞ്ചായത്ത് അധികൃതർ നടപടി സ്വീകരിക്കണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു.

ലോകകപ്പിലെ ആദ്യ സെമി ഫൈനലിസ്റ്റുകളെ ഇന്നറിയാം. ആദ്യ ക്വാട്ടര്‍ ഫൈനലില്‍ ബ്രസീല്‍ രാത്രി എട്ടരയ്ക്ക് ക്രൊയേഷ്യയേയും, അര്‍ജന്റീന രാത്രി പന്ത്രണ്ടരയ്ക്ക് നെതര്‍ലന്‍ഡ്‌സിനേയും നേരിടും. ബ്രസീലും ക്രൊയേഷ്യയും ക്വാര്‍ട്ടര്‍ ഫൈനലില്‍ ഏറ്റുമുട്ടുമ്പോള്‍, നേര്‍ക്കുനേര്‍ കണക്കുകള്‍ എങ്ങനെയാണ്? ആര്‍ക്കാണ് മുന്‍തൂക്കം? ബ്രസീലും ക്രൊയേഷ്യയും ഇതുവരെ ഏറ്റുമുട്ടിയത് അഞ്ച് തവണ മാത്രം. രണ്ട് തവണ ലോകകപ്പില്‍ ഏറ്റുമുട്ടി.

മൂന്ന് സൗഹൃദ മത്സരങ്ങള്‍ കളിച്ചു. ലോകകപ്പില്‍ രണ്ട് തവണയും ജയം ബ്രസീലിന് ഒപ്പം. മൂന്ന് സൌഹൃദ മത്സരങ്ങളില്‍ രണ്ടെണ്ണം സമനിലയില്‍ പിരിഞ്ഞു, ഒന്ന് ബ്രസീല്‍ ജയിച്ചു. മത്സരങ്ങളുടെ നാള്‍ വഴി കൂടി പരിശോധിക്കാം. ലോകകപ്പില്‍ രണ്ടു തവണയാണ് ബ്രസീലും ക്രൊയേഷ്യും നേര്‍ക്കുനേര്‍ വന്നത്. 2006 ലോകകപ്പിലായിരുന്നു ആദ്യ മത്സരം. എതിരില്ലാത്ത ഒരു ഗോളിന് ബ്രസീല്‍ ജയിച്ചു. കക്കയായിരുന്നു ഗോള്‍ നേടിയത്.

2014 ലോകകപ്പില്‍ വീണ്ടും ബ്രസീലും ക്രൊയേഷ്യയും ഏറ്റുമുട്ടി. ഒന്നിനെതിരെ മൂന്ന് ഗോളിന് ബ്രസീല്‍ ജയിച്ചു. നെയ്മര്‍ അന്ന് ഡബിള്‍ നേടി. 2018ലാണ് ഇരുവരും ഒടുവില്‍ ഏറ്റുമുട്ടിയത്. സൌഹൃദ ഫുട്‌ബോള്‍ മത്സരമായിരുന്നു അത്. എതിരില്ലാത്ത രണ്ട് ഗോളിന് ബ്രസീല്‍ ജയിച്ചു. രണ്ടു തവണയും ജയം ബ്രസീലിന് ഒപ്പമായിരുന്നു. ഇരു ടീമുകളും ഒടുവില്‍ ഏറ്റുമുട്ടിയത് 2018 മാര്‍ച്ച് ആറിനാണ്.

അന്ന് എതിരില്ലാത്ത രണ്ട് ഗോളിന് ബ്രസീലാണ് ജയിച്ചത്. നേര്‍ക്കുനേര്‍ പോരില്‍ ബ്രസീലിന് വ്യക്തമായ മുന്‍തൂക്കമുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 1996 ലാണ് ആദ്യ സൗഹൃദ മത്സരം. അന്ന് മത്സരം 1-1 സമനിലയില്‍ പിരിഞ്ഞു. 2005 മുതല്‍ മറ്റൊരു സൗഹൃദ മത്സരത്തില്‍ കൂടി 1-1 സമനിലയില്‍ പിരിഞ്ഞു. 2018ലാണ് ഇരുവരും അവസാനമായി നേര്‍ക്കുനേര്‍ വന്നത്. അന്ന് ബ്രസീല്‍ 2-0ത്തിന് ജയിച്ചു. ഇന്ന് മറ്റൊരു സെമിയില്‍ അര്‍ജന്റീന, നെതര്‍ലന്‍ഡ്‌സിനെ നേരിടും. 12.30നാണ് മത്സരം.

കലിയുഗവരദൻ ധർമ്മശാസ്താവിന്റെ ചൈതന്യം നിറയുന്ന ഈ വർഷത്തെ അയ്യപ്പപൂജ ബിർമിങ്ങാഹാം ഹിന്ദു സമാജത്തിന്റെ അഭിമുഖ്യത്തിൽ ശനിയാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് ബാലാജി സന്നിധിയിൽ നടക്കും. താലപ്പൊലി,വിളക്ക് പൂജ, പടിപൂജ അയ്യപ്പ ഭജന അന്നദാനം എന്നിവ ഉണ്ടായിരിക്കുന്നതാണ്.

അയ്യപ്പന്റെ ഉറക്കുപാട്ടായ ഹരിവരാസനത്തിന്റെ നൂറാമത് വാർഷികം ഈ വരുന്ന ഒരു വർഷക്കാലം വളരെ വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു. യുകെ യിലെ ആഘോഷത്തിനു തുടക്കം കുറിച്ചതിന് ശേഷമുള്ള ആദ്യത്തെ അയ്യപ്പൂജയാണ് ബർമിങ് ഹാം ഹിന്ദു സമാജത്തിന്റെ നേതൃത്വത്തിൽ ബാലാജി സന്നിധിയിൽ നടക്കുന്നത്. എല്ലാ അയ്യപ്പഭക്തരെയും ഈ പുണ്യദിനത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭീമ ഭാരവാഹികൾ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്
ലീന ശ്രീകുമാർ 07817640428
വിമൽ -07983363996
സുമേഷ് -07886772782.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ഇറ്റലിയിലെ റോമിൽ ഉണ്ടായിരുന്ന അരുൺ ജോസ് (35) നിര്യാതനായി. ചാലക്കുടി, വേളൂക്കര, തൂബാക്കോട് ഇടവകയിൽ കിഴക്കൂടൽ ജോസിന്റെ മകനായ അരുൺ 17 വർഷമായി മച്ചറാത്തയിൽ ജോലി ചെയ്യുകയായിരുന്നു. അസുഖം ബാധിച്ചതിനെ തുടർന്ന് കേരളത്തിൽ തിരിച്ചെത്തിയിരുന്നു.

എബിമോൾ ആണ് ഭാര്യ. 5 വയസ്സും 1 വയസ്സുമുള്ള രണ്ട് കുട്ടികളാണ് അരുൺ ജോസ് എബിമോൾ ദമ്പതികൾക്കുള്ളത്. സംസ്കാരം ഇന്ന് 4 മണിക്ക് തൂബക്കോട് ദേവാലയത്തിൽ വച്ച് നടത്തപ്പെടും.

അരുൺ ജോസിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുമിത്രാദികളെ അറിയിക്കുന്നു.

പ്രവാസി മലയാളിയെ സൂപ്പർമാർക്കറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം വർക്കല പാലച്ചിറ സ്വദേശി വഴവിള വീട്ടിൽ ഷാം ജലാലുദ്ദീൻ ( 53) ആണ് മരിച്ചത്.

കഴിഞ്ഞ ദിവസം രാവിലെ ഇദ്ദേഹം നടത്തുന്ന ഷഹൽനോത്തിലെ സൂപ്പർമാർക്കറ്റിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. സലാലയിലെ ഔഖത്തിൽ കഴിഞ്ഞ ഇരുപത് വർഷത്തിലധികമായി സൂപ്പർമാർക്കറ്റ് നടത്തി വരികയായിരുന്നു ഷാം ജലാലുദ്ദീൻ.

ഭാര്യ: ഷൈല ഷാം, ഏക മകൻ സലാലയിലുണ്ട്. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മ്യതദേഹം നാട്ടിലേക്ക് കൊണ്ട് പോകും.

സർവീസ് മേഖല ഒന്നാകെ സമരത്തിലേക്ക് നീങ്ങുന്ന ബ്രിട്ടനിൽ ക്രിസ്മസ് കാലം യാത്രാദുരിതങ്ങളുടെയും കാലമാകും. ഇപ്പോൾ തന്നെ റെയിൽ ജീവനക്കാർ സമരത്തിലായതോടെ ആഭ്യന്തര യാത്രകൾ അവതാളത്തിലാണ്. ഇതിനൊപ്പമാണ് ബോർഡർ ഫോഴ്സ് ഉദ്യോഗസ്ഥരുടെയും സമരപ്രഖ്യാപനം. പാസ്പോർട്ട് കൺട്രോൾ സ്റ്റാഫും ബോർഡർ ഫോഴ്സ് ഉദ്യോഗസ്ഥരും സംയുക്തമായ നടത്തുന്ന സമരം വിമാനത്താവളങ്ങളുടെ പ്രവർത്തനം സ്തംഭിപ്പിക്കും.

ഗാട്ട്വിക്ക്, ഹീത്രൂ, മാഞ്ചസ്റ്റർ, ബർമിങ്ങാം, ഗ്ലാസ്കോ, കാഡിഫ് എന്നീ പ്രമുഖ വിമാനത്താവളങ്ങളിലെ ആയിരത്തിലധികം വരുന്ന ബോർഡർ ഫോഴ്സ് സ്റ്റാഫാണ് ശമ്പള വർധന ആവശ്യപ്പെട്ട് ഡിസംബർ 23 മുതൽ പുതുവൽസര ഈവ് വരെയുള്ള ദിവസങ്ങളിൽ പല ഘട്ടങ്ങളിലായി സമരം പ്രഖ്യാപിച്ചിരിക്കുന്നത്.

ആളുകൾ അവധിയാഘോഷത്തിനായി ഏറെ യാത്രചെയ്യുന്ന ഈ ദിവസങ്ങളിൽ ബോർഡർ ഫോഴ്സ് നടത്തുന്ന സമരം വിമാനത്താവളങ്ങളിൽ സൃഷ്ടിക്കുന്ന പ്രതിസന്ധി വിവരണാതീതമാകും. മണിക്കൂറുകൾ കാത്തുനിന്നാലും വിമാനത്താവളത്തിൽനിന്നും പുറത്തുവരാനാകാത്ത സാഹചര്യമാകും യാത്രക്കാർക്ക് ഉണ്ടാകുക. സെക്യൂരിറ്റി ചെക്കിനായി വിമാനത്താവളങ്ങളുടെ പുറത്തേക്കുവരെ യാത്രക്കാരുടെ ക്യൂ നീളും.

കോവിഡ് കാലത്തിനു ശേഷം ഒരുവിഭാഗം ജീവനക്കാർ നടത്തിയ സമരം ഹീത്രൂവിലുൾപ്പെട പല വിമാനത്താവളങ്ങളിലും സൃഷ്ടിച്ച പ്രതിസന്ധിക്ക് ബ്രിട്ടൻ സാക്ഷ്യം വഹിച്ചതാണ്. അതിനേക്കാൾ ദുഷ്കരമായ സാഹചര്യമാകും പാസ്പോർട്ട് കൺട്രോൾ സ്റ്റാഫിന്റെയും ബോർഡർ ഫോഴ്സ് ഉദ്യോഗസ്ഥരുടെയും സമരംമൂലം ഉണ്ടാകുക.

സ്വിറ്റ്‌സര്‍ലന്‍ഡിനെതിരായ പ്രീ ക്വാര്‍ട്ടറില്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയെ പോര്‍ച്ചുഗലിന്റെ സ്റ്റാര്‍റ്റിങ് ഇലവനില്‍ ഉള്‍പ്പെടുത്താത്തത് ഫുട്‌ബോള്‍ ലോകത്ത് വലിയ ചര്‍ച്ചയായിരുന്നു. മത്സരത്തിന്റെ മുക്കാല്‍ ഭാഗവും ക്രിസ്റ്റ്യാനൊ സൈഡ് ബെഞ്ചിലായിരുന്നു. 73-ാം മിനിറ്റിലാണ് ജാവോ ഫെലിക്‌സിനെ പിന്‍വലിച്ച് കോച്ച് ഫെര്‍ണാണ്ടോ സാന്റോസ് സൂപ്പര്‍ താരത്തെ കളത്തിലിറക്കിയത്. അപ്പോഴേക്കും പോര്‍ച്ചുഗല്‍ സുരക്ഷിത തീരത്ത് എത്തിയിരുന്നു. ക്രിസ്റ്റിയാനോയ്ക്ക് പകരം ഇറങ്ങിയ 21-കാരന്‍ ഗോണ്‍സാലോ റാമോസ് ഹാട്രിക് ഗോളുമായി മത്സരത്തില്‍ തിളങ്ങുകയും ചെയ്തു.

ഇതിന് പിന്നാലെ സബ്സ്റ്റിറ്റിയൂട്ടുകള്‍ക്കായി നടത്തിയ പരിശീലനത്തില്‍ റൊണാള്‍ഡോ പങ്കെടുത്തില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. സ്വിറ്റ്‌സര്‍ലന്‍ഡിനെതിരായ മത്സരത്തിലെ സ്റ്റാര്‍ട്ടിങ് ഇലവനില്‍ കളിച്ച താരങ്ങള്‍ ജിം സെഷനിലാണ് പങ്കെടുത്തത്. ക്രിസ്റ്റ്യാനോ സബ്‌സ്റ്റിറ്റിയൂട്ടുകളായ താരങ്ങള്‍ക്കൊപ്പം ഗ്രൗണ്ടില്‍ പരിശീലനത്തിനിറങ്ങാത ജിമ്മില്‍ തുടരുകയായിരുന്നുവെന്നും ഡെയ്‌ലി മെയ്‌ലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിനായി താരം നിര്‍ബന്ധം പിടിച്ചതായും റിപ്പോര്‍ട്ടിലുണ്ട്.

നേരത്തെ പോര്‍ച്ചുഗീസ് ടീം ക്വാര്‍ട്ടര്‍ ഫൈനല്‍ പ്രവേശനം ആഘോഷിച്ചപ്പോള്‍ അതില്‍ പങ്കെടുക്കാതെ ക്രിസ്റ്റ്യാനോ വേഗത്തില്‍ ലുസെയ്ല്‍ സ്‌റ്റേഡിയം വിട്ടിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. സ്റ്റാര്‍റ്റിങ് ഇലവനില്‍ താരത്തെ ഉള്‍പ്പെടുത്താതില്‍ വിമര്‍ശനവുമായി ജീവിതപങ്കാളി ജോര്‍ജിന റോഡ്രിഗസും രംഗത്തെത്തിയിരുന്നു.

ഘാനയ്‌ക്കെതിരേ പെനാല്‍റ്റി സ്‌കോര്‍ ചെയ്ത് അഞ്ചു ലോകകപ്പുകളില്‍ ഗോള്‍ നേടുന്ന ആദ്യ താരമെന്ന റെക്കോഡുമായാണ് റൊണാള്‍ഡോ ഈ ലോകകപ്പ് തുടങ്ങിയത്. എന്നാല്‍ പിന്നീട് രണ്ടു കളികളില്‍ ഗോളടിക്കാനായില്ല. ദക്ഷിണ കൊറിയക്കെതിരായ, ഗ്രൂപ്പിലെ അവസാന മത്സരത്തിന്റെ 65-ാം മിനിറ്റില്‍ ക്രിസ്റ്റ്യാനോയെ പിന്‍വലിച്ച് കോച്ച് ആന്ദ്രെ സില്‍വയെ ഇറക്കി. അതിന്റെ തുടര്‍ച്ചയായാണ് പ്രീ ക്വാര്‍ട്ടറില്‍ റോണോ ഇല്ലാത്ത ടീമിനെ ഇറക്കിയത്. കഴിഞ്ഞ 31 അന്താരാഷ്ട്ര മത്സരങ്ങളില്‍ റൊണാള്‍ഡോയെ ബെഞ്ചിലിരുത്തി പോര്‍ച്ചുഗല്‍ ഇറങ്ങുന്നത് ഇതാദ്യമാണ്.

Copyright © . All rights reserved