ഡിസംബര്‍ 14ന് രാത്രി പത്തിന് ബഹിരാകാശ താവളമായ ബ്രിട്ടനിലെ കോണ്‍വാളില്‍ നിന്നും ഒരു വിമാനം പറന്നുയരും. ബഹിരാകാശ കമ്പനി വെര്‍ജിന്‍ ഓര്‍ബിറ്റിന്റെ മാറ്റങ്ങള്‍ വരുത്തിയ ബോയിങ് 747 വിമാനമായ കോസ്മിക് ഗേളായിരിക്കും അത്. ഏതാണ്ട് 35,000 അടി ഉയരത്തിലെത്തുമ്പോള്‍ കോസ്മിക് ഗേള്‍ അകത്ത് ഒളിപ്പിച്ചിരിക്കുന്ന 70 അടി നീളമുള്ള ലോഞ്ചര്‍ വണ്‍ റോക്കറ്റ് ആകാശത്തു വച്ച് വിക്ഷേപിക്കും.
ക്യൂബ് ആകൃതിയിലുള്ള ക്യൂബ് സാറ്റുകളെ ഭ്രമണ പഥത്തിലെത്തിക്കുകയാണ് ലോഞ്ചര്‍വണ്‍ റോക്കറ്റിന്റെ ലക്ഷ്യം.പല കാരണങ്ങള്‍ കൊണ്ട് നീണ്ടുപോയ കോസ്മിക് ഗേളിന്റെ ബഹിരാകാശ താവളത്തില്‍ നിന്നുള്ള യാത്രയാണ് ദിവസങ്ങള്‍ക്കകം യാഥാര്‍ഥ്യമാവുക. ബ്രിട്ടന്റെ ചരിത്രത്തിലെ തന്നെ ആദ്യത്തെ ബഹിരാകാശ വിക്ഷേപണമായിരിക്കും അത്. യൂറോപ്പിലെ ആദ്യത്തെ വ്യാവസായിക വിക്ഷേപണം വെര്‍ജിന്‍ ഓര്‍ബിറ്റിന്റെ ആദ്യ രാജ്യാന്തര തലത്തിലുള്ള വിക്ഷേപണം തുടങ്ങിയ നേട്ടങ്ങളും ഇതുവഴി കോസ്മിക് ഗേളിന്റെ യാത്ര സ്വന്തമാക്കും.
ബ്രിട്ടിഷ് പ്രതിരോധ മന്ത്രാലയത്തിന് വേണ്ടിയാണ് ക്യൂബ് സാറ്റുകളെ വെര്‍ജിന്‍ ഓര്‍ബിറ്റ് ഭ്രമണപഥത്തിലെത്തിക്കുന്നത്. കരയിലും സമുദ്രത്തിലും നിരീക്ഷണം നടത്താനാണ് ക്യൂബ് സാറ്റുകളെ ഉപയോഗിക്കുക. സിവില്‍ ഏവിയേഷന്‍ അതോറിറ്റി (സിഎഎ) കോണ്‍വാള്‍ ബഹിരാകാശതാവളത്തിന് കഴിഞ്ഞ മാസമാണ് ഓപറേഷന്‍ ലൈസന്‍സ് നല്‍കിയത്. ഇതോടെയാണ് കോണ്‍വാള്‍ ബഹിരാകാശ താവളം വഴി വിക്ഷേപണം നടത്തുന്നത് സാധ്യമായത്.
കഴിഞ്ഞ ഒക്ടോബറില്‍ തന്നെ ബഹിരാകാശ താവളത്തിലേക്ക് ലോഞ്ചര്‍വണ്‍ റോക്കറ്റിനെ എത്തിച്ചിരുന്നു. കലിഫോര്‍ണിയയില്‍ നിന്നും സൈനിക വിമാനത്തിലാണ് ലോഞ്ചര്‍ വണ്‍ റോക്കറ്റിനെ കോണ്‍വാളിലേക്ക് എത്തിച്ചത്. സാധാരണ വിമാനങ്ങള്‍ പറന്നുയരുന്ന പോലെയാണ് ലോഞ്ചര്‍വണ്‍ വിമാനത്താവളത്തില്‍ നിന്നുള്ള ബഹിരാകാശ ദൗത്യങ്ങള്‍ ആരംഭിക്കുന്നത്. പ്രത്യേകം നിര്‍മിച്ച ബോയിങ് 747 വിമാനമായ കോസ്മിക് ഗേളാണ് ലോഞ്ചര്‍ വണ്‍ റോക്കറ്റിനെ 35,000 അടി ഉയരം വരെ എത്തിക്കുന്നത്.
കോസ്മിക് ഗേളിന്റെ മധ്യ ഭാഗത്താണ് ലോഞ്ചര്‍ വണ്‍ റോക്കറ്റിനെ ഘടിപ്പിക്കുക. രണ്ട് ഘട്ടങ്ങളുള്ള ലോഞ്ചര്‍ വണ്‍ റോക്കറ്റ് ആകാശത്ത് 35,000 അടി ഉയരത്തില്‍ വച്ച് കോസ്മിക് ഗേളില്‍ നിന്നും വേര്‍പെടുന്നു. ഇതിന് പിന്നാലെ ലോഞ്ചര്‍ വണ്‍ റോക്കറ്റ് മുന്നോട്ട് കുതിച്ച് സാറ്റലൈറ്റുകളെ നിശ്ചിത ഭ്രമണപഥത്തിലേക്ക് എത്തിക്കുകയും ചെയ്യുന്നുവെന്നതാണ് പദ്ധതി. ഇതിനിടെ 35,000 അടി വരെ റോക്കറ്റിനെ എത്തിക്കുന്ന കോസ്മിക് ഗേള്‍ സാധാരണ വിമാനം പോലെ കോണ്‍വാള്‍ വിമാനത്താവളത്തിലേക്ക് തിരിച്ചെത്തുകയും ചെയ്യും.
റിച്ചര്‍ഡ് ബ്രാന്‍സനിന്റെ വെര്‍ജിന്‍ ഗ്രൂപ്പിന്റെ ഭാഗമായുള്ള ബഹിരാകാശ കമ്പനിയാണ് വെര്‍ജിന്‍ ഓര്‍ബിറ്റ്. 2017 സ്ഥാപിച്ച വെര്‍ജിന്‍ ഓര്‍ബിറ്റ് ഇതിനകം അമേരിക്കന്‍ ബഹിരാകാശ സേനക്കു വേണ്ടിയുള്ള ദൗത്യങ്ങളടക്കം വിജയകരമായി പൂര്‍ത്തിയാക്കിയിട്ടുണ്ട്. കോണ്‍വാള്‍ താവളത്തിന് പുറമേ രണ്ട് ബഹിരാകാശ താവളങ്ങളുടെ പണി കൂടി ബ്രിട്ടനില്‍ പുരോഗമിക്കുന്നുണ്ട്.
അയര്‍ലണ്ടില്‍ കൊടുംതണുപ്പും സ്നോയും ജന ജീവിതത്തെ ബാധിച്ചു തുടങ്ങി. ഡബ്ലിന്‍ വിമാനത്താവളം തണുത്തുറഞ്ഞതിനെ തുടര്‍ന്ന് 143 വിമാന സര്‍വ്വീസുകള്‍ റദ്ദാക്കി.ഇന്നും കൂടുതല്‍ സര്‍വ്വീസുകള്‍ മുടങ്ങുമെന്നാണ് സൂചന.
ആയിരക്കണക്കിനാളുകളുടെ യാത്രകളാണ് മുടങ്ങിയത്. നൂറുകണക്കിന് യാത്രികര്‍ക്ക് വിമാനത്താവളത്തില്‍ മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പും വേണ്ടിവന്നു.മഞ്ഞിലുറഞ്ഞ വിമാനങ്ങളെ ഡി ഫോസ്റ്റ് ചെയ്യാന്‍ കമ്പനികള്‍ പാടുപെട്ടു. പലര്‍ക്കും സമയത്ത് വിമാനങ്ങളിലെ ഐസ് നീക്കുന്നതിന് കഴിഞ്ഞില്ല. ഇതോടെയാണ് ഫ്ളൈറ്റുകള്‍ റദ്ദാക്കേണ്ടി വന്നതെന്ന് എയര്‍പോര്‍ട്ട് അറിയിച്ചു. അതിന്റെ ഉത്തരവാദിത്തം എയര്‍ലൈനുകള്‍ക്കാണെന്നും എയര്‍പോര്‍ട്ട് അധികൃതര്‍ വ്യക്തമാക്കി.
വെള്ളിയാഴ്ചത്തെ 69 വിമാനങ്ങളും 74 ഇന്‍ബൗണ്ട് ഫ്ളൈറ്റുകളുമാണ് റദ്ദാക്കിയതെന്ന് ഡി എ എ സ്ഥിരീകരിച്ചു.ശനിയാഴ്ച ഷെഡ്യൂള്‍ ചെയ്ത ഡസനിലേറെ ഫ്‌ളൈറ്റുകളും റദ്ദാക്കിയിട്ടുണ്ട്.
വാരാന്ത്യത്തില്‍ യാത്ര ചെയ്യേണ്ടവര്‍ ഡബ്ലിന്‍ എയര്‍പോര്‍ട്ടിലേക്ക് എത്തുന്നതിന് മുമ്പ് എയര്‍ലൈനുമായി ചെക്ക് ഇന്‍ ചെയ്യണമെന്ന് എയര്‍പോര്‍ട്ട് നിര്‍ദ്ദേശിച്ചു.വിമാനങ്ങള്‍ റദ്ദാക്കിയതുമൂലം യാത്രക്കാര്‍ നേരിട്ട ബുദ്ധിമുട്ടുകളില്‍ എയര്‍പോര്‍ട്ട് ക്ഷമാപണം നടത്തി. കാലാവസ്ഥയുമായി ബന്ധപ്പെട്ട നിയന്ത്രണത്തിന് അതീതമായ പ്രശ്നങ്ങളാണ് കാലതാമസത്തിന് കാരണമായതെന്നും അധികൃതര്‍ വിശദീകരിച്ചു.
വ്യാഴാഴ്ച രാത്രി വിമാനത്താവളത്തില്‍ താപനില -3സിയിലെത്തിയിരുന്നു. കനത്ത മഞ്ഞുവീഴ്ചയുമുണ്ടായി.വെള്ളിയാഴ്ച രാജ്യത്താകെ സ്നോയ്ക്ക് സാധ്യതയുണ്ടെന്ന് മെറ്റ് ഏറാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ശനിയാഴ്ച ഉച്ചവരെ ഇത് തുടരുമെന്നാണ് പ്രവചനം.
ഡബ്ലിന്‍ എയര്‍പോര്‍ട്ട്, ഫീനിക്സ് പാര്‍ക്ക് എന്നിവിടങ്ങളില്‍ 0.4 ഡിഗ്രി സെല്‍ഷ്യസ് താപനിലയാണ് രേഖപ്പെടുത്തിയത്.കോര്‍ക്കിലെ ഷെര്‍ക്കിന്‍ ഐലന്റിലാണ് ഏറ്റവും കൂടിയ 7.2 സി. താപനില രേഖപ്പെടുത്തിയത്.
അയര്‍ലണ്ട് ശരിക്കും കൊടും തണുപ്പിന്റെ പിടിയിലായെന്നും സാഹചര്യങ്ങള്‍ കൂടുതല്‍ അപകടകരമായേക്കാമെന്നും മെറ്റ് ഏറാന്‍ പറഞ്ഞു.പൂജ്യത്തിന് താഴെയുള്ള നിരവധി ദിനരാത്രങ്ങളാണ് അയര്‍ലണ്ടിനെ കാത്തിരിക്കുന്നത്. തീരദേശ ജില്ലകളില്‍ ആലിപ്പഴം, മഞ്ഞ്, സ്നോ എന്നിവയ്ക്കും സാധ്യതയുണ്ട്.
റിപ്പബ്ലിക് ഓഫ് അയര്‍ലണ്ടിലെ എല്ലാ കൗണ്ടികളും യെല്ലോ അലേര്‍ട്ടിലാണ്. നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ ആന്‍ട്രിം, ഡൗണ്‍, ടൈറോണ്‍, ഡെറി എന്നിവിടങ്ങളില്‍ ഞായറാഴ്ച ഉച്ചവരെ മഞ്ഞ് വീഴ്ച മുന്‍നിര്‍ത്തി യെല്ലോ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.ഏറ്റവും കുറഞ്ഞ താപനിലയായ മൈനസ് 7 റോസ്‌കോമണിലെ മൗണ്ട് ഡിലോണില്‍ രേഖപ്പെടുത്തി.
രാത്രിയില്‍ ഏറ്റവും കുറഞ്ഞ താപനില -5സി മുതല്‍ -1ഇ വരെയായിരിക്കുമെന്നാണ് കരുതുന്നത്.
ഖത്തര്‍ ലോകകപ്പ് മത്സരങ്ങള്‍ക്കിടെ ‘മഴവില്‍’ ടീഷര്‍ട്ട് ധരിച്ചെത്തിയതിലൂടെ വാര്‍ത്തകളില്‍ ഇടം പിടിച്ച അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകന്‍ ഗ്രാന്റ് വാല്‍ (48) കുഴഞ്ഞുവീണുമരിച്ചു. ഇന്നു പുലര്‍ച്ചെ നടന്ന അര്‍ജന്റീന-നെതര്‍ലന്‍ഡ്‌സ് മത്സരം റിപോര്‍ട്ട് ചെയ്യുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
നവംബര്‍ 21ന് മഴവില്‍ ടീഷര്‍ട്ട് ധരിച്ച് ലോകകപ്പ് മത്സരം റിപ്പോര്‍ട്ട് ചെയ്യാനെത്തിയതോടെയാണ് ഗ്രാന്റ് വാല്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചത്. സ്വവര്‍ഗാനുരാഗത്തിന് നിരോധനമുള്ള ഖത്തറില്‍ എല്‍ജിബിടിക്യു കമ്മ്യൂണിറ്റിയെ പിന്തുണച്ച് മഴവില്‍ ടീഷര്‍ട്ട് ധരിച്ചെത്തിയ തന്നെ സ്‌റ്റേഡിയത്തില്‍ പ്രവേശിക്കുന്നതില്‍നിന്നു തടഞ്ഞതായി സ്‌പോര്‍ട്‌സ് ജേണലിസ്റ്റായ ഗ്രാന്റ് വാല്‍തന്നെയാണ് അറിയിച്ചത്.
ടീ ഷര്‍ട്ട് ഊരാന്‍ സംഘാടകര്‍ തന്നോട് ആവശ്യപ്പെട്ടെന്നും എന്നാല്‍ തനിക്ക് പ്രശ്‌നമൊന്നും ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. സംഭവത്തിന് പിന്നാലെ മറ്റൊരു സുരക്ഷാ ജീവനക്കാരന്‍ തന്നെ സമീപിച്ച് ക്ഷമാപണം നടത്തുകയും അകത്തേക്ക് പ്രവേശിക്കാന്‍ അനുമതി നല്‍കുകയും ഫിഫയുടെ പ്രതിനിധി ക്ഷമ ചോദിക്കുകയും ചെയ്തതായി ഗ്രാന്റ് വാല്‍ ട്വിറ്ററില്‍ കുറിച്ചിരുന്നു. തന്റെ കരിയറിലെ എട്ടാമത്തെ ലോകകപ്പ് മത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനാണ് ഗ്രാന്റ് വാല്‍ ഖത്തറിലെത്തിയത്. വാലിന്റെ മരണം ഹൃദയഭേദകമാണെന്ന് യുഎസ് സോക്കര്‍ ട്വീറ്റ് ചെയ്തു.
ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ഖത്തറില്‍ താന്‍ ചികിത്സ തേടിയതായി കഴിഞ്ഞ ദിവസം ഗ്രാന്റ് വാല്‍ ട്വിറ്ററില്‍ കുറിച്ചിരുന്നതായി ഇഎസ്പിഎന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഉറക്കക്കുറവ്, സമ്മര്‍ദ്ദം, സ്ട്രസ്സ്, ജോലിഭാരം തുടങ്ങിയവ തന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്നായിരുന്നു വാല്‍ കുറിച്ചത്. കൊവിഡ് പരിശോധന നടത്തിയെങ്കിലും നെഗറ്റീവായിരുന്നു. തുടര്‍ന്ന് പ്രധാന മീഡിയ സെന്ററിലുള്ള മെഡിക്കല്‍ ക്ലിനിക്കിലെത്തി. പരിശോധനയ്ക്ക് ശേഷം ആന്റിബയോട്ടിക്കുകളും ചുമയ്ക്കുള്ള മരുന്നും നല്‍കിയതാതും ഇപ്പോള്‍ ഭേദം തോന്നുന്നുവെന്നും വാല്‍ അറിയിച്ചിരുന്നു.
ഗള്‍ഫില്‍ പഞ്ചറായ ടയര്‍ മാറ്റുന്നതിനിടെ വാഹനമിടിച്ചു പ്രവാസി മലയാളി യുവാവ് മരണപ്പെട്ടു. ചെര്‍പ്പുളശ്ശേരി സ്വദേശി ഷന്‍ഫീദാണു (23) മരിച്ചത്. സൗദി അറേബ്യയിലെ മദീനയിലാണ് സംഭവം നടന്നത്. നാട്ടില്‍ വാഹനമുള്ളവര്‍ക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും മദീനയില്‍ നിന്ന് 100 കി.മീ അകലെ ജിദ്ദ റോഡില്‍ ഉതൈമില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം.ജിദ്ദയില്‍ നിന്നു റൊട്ടിയുമായി മദീനയിലേക്കു പോയ ഷന്‍ഫീദിനെ ടയര്‍ മാറ്റുന്നതിനിടെ എതിരെ വന്ന വാഹനമിടിക്കുകയായിരുന്നു.
ചെർപ്പുളശ്ശേരി കാക്കാതോട് പാലം പാറയിൽ ഷംസുദ്ദീൻ-ഖദീജ ദമ്പതികളുടെ മകനായ ഷൻഫീദ് അവിവാഹിതനാണ്. ഒരു വർഷം മുമ്പാണ് സൗദിയിലെത്തിയത്. നടപടികൾ പൂർത്തിയാക്കി മൃതദേഹം സൗദിയിൽതന്നെ മറവു ചെയ്യുമെന്ന് ബന്ധുക്കൾ അറിയിച്ചു
വിമാനത്തിന്റെ കോക്പിറ്റില്‍ കയറാന്‍ ശ്രമിച്ചതിനേത്തുടര്‍ന്ന് നടന്‍ ഷൈന്‍ ടോം ചാക്കോയെ എയര്‍ലൈന്‍സ് അധികൃതര്‍ പുറത്താക്കിയതായി റിപ്പോര്‍ട്ട്. പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയ അധികൃതര്‍ നടനെ വിമാനത്തില്‍ നിന്ന് പുറത്താക്കുകയായിരുന്നെന്നാണ് വിവരം. ദുബായ് വിമാനത്താവളത്തില്‍ വെച്ചാണ് സംഭവമുണ്ടായത്.
പുതിയ ചിത്രം ഭാരത് സര്‍ക്കസിന്റെ പ്രമോഷന് വേണ്ടിയാണ് ഷൈനും മറ്റ് ചലച്ചിത്ര പ്രവര്‍ത്തകരും ദുബായിലെത്തിയത്. ഷൈന്‍ ടോമിനൊപ്പം ഇവരും വിമാനത്തിലുണ്ടായിരുന്നു. നടനെ വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടെങ്കിലും സംഘത്തിലെ മറ്റ് മലയാളി ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് തിരികെ നാട്ടിലേക്ക് യാത്ര ചെയ്യാനായെന്നും വിവരമുണ്ട്.
പൈലറ്റും കോ പൈലറ്റും ചേര്‍ന്ന് വിമാനത്തിന്റെ യാത്രാ ഗതി നിയന്ത്രിക്കുന്ന അതീവ സുരക്ഷാ ഇടമാണ് കോക് പിറ്റ്. അപകട-അട്ടിമറി സാധ്യതകള്‍ ഉള്ളതിനാല്‍ പൈലറ്റിന്റെ അനുമതിയില്ലാതെ ഇവിടെ പ്രവേശിക്കുന്നതില്‍ കര്‍ശന വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചില സന്ദര്‍ഭങ്ങളില്‍ യാത്രക്കാരെ കോക് പിറ്റ് കാണാന്‍ പൈലറ്റ് ക്ഷണിക്കാറുമുണ്ട്. സെലിബ്രിറ്റികള്‍, രാഷ്ട്രീയ നേതാക്കള്‍ തുടങ്ങിയ പ്രമുഖര്‍ക്കാണ് സാധാരണ അത്തരം അവസരം ലഭിക്കാറ്.
സോഹൻ സിനുലാൽ സംവിധാനം ചെയ്യുന്ന ഭാരത സർക്കസിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് മുഹാദ് വെമ്പായം ആണ്. ജാഫർ ഇടുക്കി, സുധീർ കരമന, മേഘ തോമസ്, ആരാധ്യ ആൻ, സുനിൽ സുഖദ, സരിത കുക്കു, അഭിജ, കലാഭവൻ പ്രജോദ്, ജയകൃഷ്ണൻ, അനു നായർ, ജോളി ചിറയത്ത്, ലാലി, ദിവ്യ എം നായർ, നിയ തുടങ്ങിയവർ അഭിനയിക്കുന്നു. ബെസ്റ്റ് വേ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ അനൂജ് ഷാജിയാണ് ചിത്രം നിർമ്മിക്കുന്നത്.
ഷെഫീക്കിന്റെ സന്തോഷം സിനിമയുമായി ബന്ധപ്പെട്ട വിവാദത്തിൽ ബാലയെ പിന്തുണയ്ക്കുന്നുവെന്ന് നടി അഞ്ജലി അമീർ. ജൂനിയർ ആർടിസ്റ്റിനുവരെ 5000 രൂപ കിട്ടുന്ന കാലത്ത് ബാലയെപ്പോലുള്ള നടന് ദിവസം പതിനായിരം രൂപ കൊടുത്തു എന്നു പറയുന്നത് ശരിയല്ലെന്നും ഉണ്ണി മുകുന്ദൻ കാണിച്ച കണക്കിൽ താളപ്പിഴകളുണ്ടെന്നുമാണ് അഞ്ജലി അമീർ ആരോപിക്കുന്നത്.
‘‘ഞാൻ ശക്തമായി ബാലയെ പിന്തുണയ്ക്കുന്നു. കാരണം ഒരു ജൂനിയർ ആർടിസ്റ്റിനു വരെ 3000 മുതൽ 5000 വരെ കിട്ടുന്ന കാലത്ത് ബാലയെപ്പോലുള്ള ഒരു നടന് ഉണ്ണി മുകുന്ദൻ ദിവസം പതിനായിരം രൂപയേ കൊടുത്തിട്ടുള്ളൂ എന്നും പറയുന്നതിലും ബാക്കി ഉള്ളവർക്ക് കൊടുത്ത പ്രതിഫലത്തിലും, കാണിക്കുന്ന കണക്കിലെ താളപ്പിഴകളും വച്ച് ഉണ്ണി മുകുന്ദൻ പറയുന്നതിൽ വശപ്പിശക് തോന്നുന്നു. ബാലയ്ക്ക് ഒരുപക്ഷേ ഉണ്ണിയെപ്പോലെ സംസാരിച്ചു പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ലായിരിക്കും. പക്ഷേ അത് അയാളുടെ കഴിവുകേടായി കരുതരുത്.’’–അഞ്ജലി അമീർ പറഞ്ഞു.
ഉണ്ണി മുകുന്ദന്‍ ഫിലിംസ് നിർമിച്ച ‘ഷെഫീക്കിന്‍റെ സന്തോഷം’ എന്ന ചിത്രവുമായി ബന്ധപ്പെട്ട് നടൻ ബാല നടത്തിയ പരാമാർശങ്ങളാണ് വിവാദമായി മാറിയത്. ചിത്രത്തില്‍ അഭിനയിച്ചതിന് താൻ അടക്കമുള്ള സാങ്കേതിക പ്രവർത്തകർക്ക് പ്രതിഫലം നല്‍കിയില്ലെന്നായിരുന്നു നടന്‍ ബാലയുടെ പ്രസ്‍താവന. എന്നാല്‍ ബാല പറയുന്നത് ശരിയല്ലെന്നും അദ്ദേഹത്തിന് പ്രതിഫലം നല്‍കിയിരുന്നുവെന്നും പറഞ്ഞ് സംവിധായകന്‍ അനൂപ് പന്തളം അടക്കമുള്ളവർ രംഗത്തെത്തി. പിന്നാലെ കഴിഞ്ഞ ദിവസം വിഷയത്തിൽ വിശദീകരണവുമായി നടൻ ഉണ്ണി മുകുന്ദൻ തന്നെ രംഗത്തെത്തുകയും ചെയ്തിരുന്നു.
ഇന്ത്യൻ ക്രിക്കറ്റ് ടീമംഗവും മലയാളിയുമായ സഞ്ജു സാംസൺ തങ്ങളുടെ രാജ്യത്തിനു വേണ്ടി കളിക്കാൻ അയർലൻഡ് ക്രിക്കറ്റ് ടീം താൽപര്യം പ്രകടിപ്പിച്ചതായി റിപ്പോർട്ട്. വിവിധ ദേശീയ സ്പോർട്സ് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ടു ചെയതത്. അയർലൻഡ് ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റാണ് സഞ്ജുവിന് വാഗ്ദാനവുമായി രംഗത്തെത്തിയത്. സഞ്ജുവിനെ അയർലൻഡ് ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനാക്കുമെന്നും എല്ലാ മത്സരങ്ങളിലും കളിപ്പിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകിയതായാണ് വിവരം.
‘‘സഞ്ജു ഞങ്ങളുടെ ദേശീയ ടീമിലുണ്ടെങ്കിൽ അദ്ദേഹത്തെ എല്ലാ മത്സരങ്ങളും കളിപ്പിക്കും. അദ്ദേഹം വളരെ കഴിവുള്ള ബാറ്ററാണ്, അപൂർവ പ്രതിഭകളിൽ ഒരാളാണ്. ഞങ്ങളുടെ ദേശീയ ടീമിനു കളിക്കുന്നതിനു ഞങ്ങൾ അദ്ദേഹത്തിന് ഒരു ഓഫർ നൽകുന്നു. ഞങ്ങളുടെ ടീമിന് അദ്ദേഹത്തെപ്പോലെ ഒരു നായകനും ബാറ്ററും ആവശ്യമാണ്. ഇന്ത്യൻ ടീം അദ്ദേഹത്തെ അവഗണിക്കുകയാണെങ്കിൽ, ഞങ്ങളോടൊപ്പം ചേരാം, ഞങ്ങൾ അദ്ദേഹത്തെ ബഹുമാനിക്കുകയും എല്ലാ മത്സരങ്ങളും കളിക്കാൻ അനുവദിക്കുകയും ചെയ്യും.’’– അയർലൻഡ് ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് പറഞ്ഞു.
എന്നാൽ സഞ്ജു ഈ ഓഫർ നിരസിച്ചതായാണ് റിപ്പോർട്ട്. തന്നെ പരിഗണിച്ചതിന് അയർലൻഡിനോട് സഞ്ജു നന്ദി പ്രകടിപ്പിച്ചെങ്കിലും തനിക്ക് ഇന്ത്യയ്ക്ക് വേണ്ടി മാത്രമേ കളിക്കാനാകൂവെന്നും മറ്റൊരു രാജ്യത്തെ പ്രതിനിധീകരിച്ച് ക്രിക്കറ്റ് കളിക്കുന്നത് ഒരിക്കലും ചിന്തിക്കാനാവില്ലെന്നും താരം പറഞ്ഞു. “എന്നെ പരിഗണിച്ചതിന് അയർലൻഡ് ക്രിക്കറ്റ് പ്രസിഡന്റിന് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു, പക്ഷേ എനിക്ക് അദ്ദേഹത്തിന്റെ ഓഫർ സ്വീകരിക്കാൻ കഴിയില്ല. ഇന്ത്യൻ ദേശീയ ക്രിക്കറ്റ് ടീമിൽ കളിക്കാനാണ് ഞാൻ ക്രിക്കറ്റ് തുടങ്ങിയത്. മറ്റൊരു രാജ്യത്തിന് വേണ്ടി കളിക്കാൻ ആഗ്രഹിക്കുന്നില്ല. അങ്ങനെ കളിക്കാൻ എനിക്ക് കഴിയില്ല. എനിക്ക് ഈ ഓഫർ സ്വീകരിക്കാൻ കഴിയില്ല, അയർലൻഡ് ക്രിക്കറ്റ് പ്രസിഡന്റിനോട് ക്ഷമിക്കണം.’’ സഞ്ജു സാംസൺ പറഞ്ഞു.
സ്ഥിരമായി പ്ലേയിങ് ഇലവൻ ടീമിൽ ഇടം ലഭിക്കുന്നില്ലെങ്കിലും അതിനായി കാത്തിരിക്കുകയും കഠിനാധ്വാനം ചെയ്യുകയും ചെയ്യുമെന്നും എനിക്ക് സങ്കടമില്ലെന്നും സഞ്ജു സാംസൺ അയർലൻഡിനു മറുപടി നൽകിയതായും സൂചനയുണ്ട്. ഇന്ത്യൻ ക്രിക്കറ്റിൽനിന്ന് സഞ്ജു, നിരന്തരമായി അവഗണന നേരിടുന്നെന്ന ആരോപണത്തിനിടെയാണ് ഈ റിപ്പോർട്ടെന്നത് ശ്രദ്ധേയമാണ്. ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിലും ബംഗ്ലദേശ് പര്യടനത്തിനുള്ള ടീമിലും സഞ്ജുവിനെ ഉൾപ്പെടുത്താതിൽ ബിസിസിഐക്കെതിരെ വിമർശനം ഉയർന്നിരുന്നു.
ആവേശം പെനാല്‍ട്ടി ഷൂട്ടൗട്ടോളം എത്തിയ ക്വാര്‍ട്ടര്‍ പോരാട്ടങ്ങളില്‍ ലയണല്‍ മെസ്സിയുടെ അര്‍ജന്റീന ജയിച്ചുകയറിയപ്പോള്‍ (4-3) നെയ്മറുടെ ബ്രസീല്‍ തോറ്റുപുറത്തായി(4-2). ഗോളടിച്ചും അടിപ്പിച്ചും നായകന്‍ ലയണല്‍ മെസ്സി നിറഞ്ഞാടിയ മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സിനെ മറികടന്ന് അര്‍ജന്റീന ലോകകപ്പ് ഫുട്‌ബോളിന്റെ സെമിഫൈനലിലെത്തി. മറ്റൊരു മത്സരത്തില്‍ നെയ്മറുടെ ഗോളിന് ബ്രസീലിനെ രക്ഷിക്കാനായില്ല. ക്രൊയേഷ്യയോടു തോറ്റ് ബ്രസീല്‍ ലോകകപ്പില്‍നിന്നു പുറത്തായി. ചൊവ്വാഴ്ച രാത്രി 12.30-ന് ആദ്യ സെമിയില്‍ അര്‍ജന്റീന ക്രൊയേഷ്യയെ നേരിടും.
നിശ്ചിത സമയത്തും അധികസമയത്തും അര്‍ജന്റീന-നെതര്‍ലന്‍ഡ്‌സ് മത്സരം സമനിലയില്‍ (2-2) തുടര്‍ന്നു. അര്‍ജന്റീനയ്ക്കായി മോളിന (35), ലയണല്‍ മെസ്സി (73 പെനാല്‍ട്ടി) എന്നിവരാണ് ഹോളുകള്‍ നേടിയത്. നെതര്‍ലന്‍ഡ്‌സിനായി വൗട്ട് വെഗോസ്റ്റ് (83, 90+11) ഗോളുകള്‍ നേടി. പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ നെതര്‍ലന്‍ഡ്‌സിന്റെ ഒന്ന്, രണ്ട് ഷോട്ടുകള്‍ പാഴായി. അര്‍ജന്റീനയുടെ നാലാം ഷോട്ട് പുറത്തുപോയെങ്കിലും അഞ്ചാം ഷോട്ട് വലയിലെത്തിയതോടെ അവര്‍ ജയം ഉറപ്പിച്ചു. നിശ്ചിതസമയത്തും (00) അധികസമയത്തും (11) സമനിലയിലായപ്പോഴാണ് ക്രൊയേഷ്യ-ബ്രസീല്‍ മത്സരം പെനാല്‍ട്ടി ഷൂട്ടൗട്ടിലേക്കു നീണ്ടത്.
അധിക സമയത്തിന്റെ ആദ്യ പകുതിയില്‍ ബ്രസീല്‍ മുന്നിലെത്തിയത് നെയ്മറുടെ ഗോളില്‍, കളി അവസാനിക്കാന്‍ മൂന്ന് മിനിറ്റ് ബാക്കിയുള്ളപ്പോള്‍ ജയമുറപ്പിച്ച ബ്രസീലിനെതിരെ സമനില ഗോള്‍ നേടി ക്രൊയേഷ്യ. ഒടുവില്‍ ഷൂട്ടൗട്ടിലേക്ക് നീങ്ങിയ മത്സരത്തില്‍ ആറാം ലോകകിരീടമെന്ന സ്വപ്നം ക്വാര്‍ട്ടറില്‍ അവസാനിപ്പിച്ച് ബ്രസീല്‍ ലോകകപ്പില്‍ നിന്ന് പുറത്തായി. പെനാല്‍റ്റി ഷോട്ടൗട്ടില്‍ 4-2 എന്ന സ്‌കോറിനായിരുന്നു ക്രൊയേഷ്യയുടെ ജയം. ബ്രസീലിന് വേണ്ടി ആദ്യ കിക്കെടുത്ത റോഡ്രിഗോയ്ക്കും നാലാമത്തെ കിക്കെടുത്ത മാര്‍ക്കിനോസിനും പിഴച്ചപ്പോള്‍ നാല് കിക്കുകളും വലയിലെത്തിച്ച ക്രൊയേഷ്യ സെമിയിലേക്ക് കുതിക്കുകയായിരുന്നു.
ആദ്യം വിശേഷണങ്ങള്‍ മതിയാകാത്ത ഗോള്‍ കാലത്തിന് നല്‍കിയും പിന്നെ ഉള്ളില്‍ അലയടിച്ച സാഗരത്തെ നിയന്ത്രിക്കാനാകാതെ പൊട്ടിക്കരഞ്ഞും നെയ്മര്‍ ഖത്തര്‍ ലോകകപ്പിന്റെ കളം വിടുന്നു. അടുത്തൊരു ലോകകപ്പില്‍ ബ്രസീലിന്റെ മഞ്ഞജേഴ്സിയില്‍ ഉണ്ടാകുമെന്നൊരുറപ്പ് ആരാധകര്‍ക്ക് നല്‍കാതെ. ലോകകപ്പ് ജയിക്കാന്‍ കഴിയാത്ത ബ്രസീലിന്റെ കളിയത്ഭുതങ്ങളുടെ പട്ടികയിലേക്കാണ് നെയ്മറിന്റേയും പോക്ക്. സീക്കോയും സോക്രട്ടീസും കക്കയും ജയിക്കാത്ത ലോകകപ്പ് നെയ്മറിനും മോഹിപ്പിക്കുന്ന സ്വപ്നമാകുന്നു.
2014-ല്‍ സ്വന്തം നാട്ടില്‍ കപ്പ് നേടുമെന്ന് ഉറച്ചുവിശ്വസിച്ച ബ്രസീല്‍ ടീമിന്റെ മുന്‍നിരപോരാളിയായിരുന്നു നെയ്മര്‍. എന്നാല്‍ ക്വാര്‍ട്ടറില്‍ കൊളംബിയിന്‍ താരം യുവാന്‍ സുനിഗയുടെ മാരകഫൗളില്‍ വീണുപോയത് നെയ്മര്‍ മാത്രമായിരുന്നില്ല. ബ്രസീലും കൂടിയായിരുന്നു. സൂപ്പര്‍ താരത്തിന്റെ പരിക്കില്‍ ഉലഞ്ഞ ബ്രസീല്‍ സെമിയില്‍ ജര്‍മനിയില്‍ നിന്ന് വന്‍തോല്‍വി ഏറ്റുവാങ്ങി.
2018-ല്‍ റഷ്യയിലേക്ക് വരുമ്പോള്‍ നെയ്മറും ബ്രസീലും ഫേവറിറ്റുകളിയിരുന്നു. മൈതാനത്ത് എതിരാളികളാള്‍ നിരന്തരം ഫൗള്‍ ചെയ്യപ്പെട്ട് നെയ്മര്‍ വീണു. ക്വാര്‍ട്ടറില്‍ ബെല്‍ജിയത്തോട് കീഴടങ്ങാനായിരുന്നു വിധി. ഖത്തറിലേക്ക് വരുമ്പോള്‍ അത് നെയ്മറും പരിശീലകന്‍ ടിറ്റെയും കിരീടം അത്ര ആഗ്രഹിച്ചിരുന്നു. ഇനിയൊരു ലോകകപ്പിനുള്ള ബാല്യമില്ലെന്ന് പലതവണ നെയ്മര്‍ സൂചിപ്പിച്ചിരുന്നു. ടിറ്റെയാകട്ടെ ഈ ലോകകപ്പോടെ ടീമിന്റെ പടിയിറങ്ങുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.
അവസാന പെനാല്‍ട്ടി കിക്ക് എടുക്കാന്‍ കഴിയാതെയാണ് നെയ്മറുടെ മടക്കം. അവസാന കിക്ക് വലയിലെത്തിച്ച് കൈകളുയര്‍ത്തി മൈതാനത്തെ വലംവെക്കുന്ന ഒരു നെയ്മര്‍ കാഴ്ച ആരാധകരും ആഗ്രഹിച്ചിരുന്നു. ഗോള്‍വേട്ടയില്‍ പെലെക്കൊപ്പമെത്തിയതിന്റെ മധുരം കൂടി അതിനുണ്ടാകുമായിരുന്നു. എന്നാല്‍ കണ്ണീര്‍ വാര്‍ക്കുന്ന നെയ്മറുടെ ചിത്രമാണ് കാലം കാത്തുവെച്ചിരുന്നത്.
ജെറിൻ ഡാനിയേൽ
ഡൽഹി നഗരത്തിനു തെക്കു വശത്തു സ്ഥിതി ചെയ്യുന്ന ഗുഡ് ഗാവ് ഡൽഹിയുടെ ഹൃദയം തന്നെയാണ് എന്ന് വേണമെങ്കിൽ പറയാം . കഴിഞ്ഞ പത്ത് വർഷങ്ങൾക്കിടയിൽ ഏറ്റവും കൂടുതൽ വളർച്ച രേഖപ്പെടുത്തിയ നഗരങ്ങളിൽ ഒന്നാണ് ഗുഡ് ഗാവ്. ഡൽഹി ദേശീയ തലസ്ഥാനമേഖലയുടെ (NCR) ഭാഗവുമാണിത്. 2016ൽ ഹരിയാന സർക്കാർ ഗുഡ് ഗാവിൻ്റെ പേര് ഗുരുഗ്രാം എന്ന് പുനർനാമകരണം ചെയ്തു. പേരിലെ ഗ്രാമീണതയ്ക്കപ്പുറം നാഗരികതയുടെ ഭംഗിയാണ് കൂടുതലായും ഗുഡ് ഗാവിൽ കാണാൻ കഴിയുക. എന്നാൽ ഗുഡ് ഗാവിന്റെ ഗ്രാമീണ ഭംഗി ആസ്വദിക്കാനായി വടക്കേ ഇന്ത്യൻ ശൈത്യകാലം ഒരുക്കുന്ന കാഴ്ച അതിമനോഹരമാണ്.

ഇന്ത്യയുടെ സാമ്പത്തിക – സാങ്കേതിക കേന്ദ്രം എന്ന നിലയിലേക്ക് വളർന്നു വരുന്ന ഗുഡ് ഗാവിന്റെ വേരുകൾ ഗ്രാമാന്തരങ്ങളിലേക്ക് കടന്നു വരുമ്പോഴുള്ള കാഴ്ച ഏറ്റവും മനോഹരമാകുന്നത് പുലരി വിരിച്ച മഞ്ഞിന്റെ മൂടുപടത്തിനുള്ളിൽ തന്നെയാണ്.
Ⓒ Jerin Daniel Photography

ബിർമിംഗ്ഹാം: . യു കെയിലെ വിവിധ ഗായക സംഘങ്ങളെ അണിനിരത്തിക്കൊണ്ട് ഗർഷോം ടിവിയും അസാഫിയൻസും സംയുക്തമായി നടത്തിവരുന്ന ഓൾ യുകെ ക്രിസ്‌മസ് കരോൾ മത്സരത്തിന്റെ അഞ്ചാം സീസൺ ഡിസംബർ 10 ശനിയാഴ്ച ബിർമിംഗ്ഹാമിൽ വച്ചു നടക്കും. ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപത വികാരി ജനറൽ റെവ. ഫാ. ജിനോ അരീക്കാട്ട്, അനുഗ്രഹീത ഗായകൻ റവ. ഫാ. വിത്സൺ മേച്ചേരിൽ, യുവഗായകനും ഗിറ്റാറിസ്റ്റുമായ വില്യം ഐസക്ക്, ഗായിക ഡെൽസി നൈനാൻ, പ്രീതി സന്തോഷ് എന്നിവർ പങ്കെടുക്കും. ബിർമിംഗ്ഹാം ബാർട്ലി ഗ്രീൻ കിംഗ് എഡ്‌വേഡ് സിക്സ് ഫൈവ് വെയ്‌സ് ഗ്രാമർ സ്‌കൂളിൽ വച്ച് സംഘടിപ്പിക്കുന്ന കരോൾ സന്ധ്യയിൽ യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി പതിനഞ്ചു ഗായകസംഘങ്ങൾ മത്സരിക്കും. കരോൾ ഗാന മത്സരങ്ങൾക്ക് ശേഷം പ്രമുഖ ഗായകരെയും സംഗീതജ്ഞരെയും അണിനിരത്തികൊണ്ട് ലണ്ടനിലെ പ്രമുഖ സംഗീത ബാൻഡായ ലണ്ടൻ അസാഫിയൻസ് അവതരിപ്പിക്കുന്ന ലൈവ് മ്യൂസിക്കൽ ഷോയും നടക്കും.
കഴിഞ്ഞവർഷങ്ങളിലേതുപോലെ തന്നെ തന്നെ കരോൾ ഗാന മത്സരത്തിൽ വിജയികളാകുന്നവരെ കാത്തിരിക്കുന്നത് അത്യാകർഷകങ്ങളായ ക്യാഷ് അവാർഡുകളും ട്രോഫികളുമാണ്. ഒന്നാം സമ്മാനമായി 1000 പൗണ്ടും, രണ്ടാം സമ്മാനമായി 500 പൗണ്ടും, മൂന്നാം സമ്മാനമായി 250 പൗണ്ടുമാണ് വിജയിക്കുന്ന ടീമുകൾക്ക് ലഭിക്കുക. കൂടാതെ സ്പെഷ്യൽ ക്യാറ്റഗറികളിലായി വിവിധ സമ്മാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.
ജോയ് ടു ദി വേൾഡിന്റെ നാലാം പതിപ്പിൽ തിരുപ്പിറവിയുടെ സന്ദേശവുമായി യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ പന്ത്രണ്ടു ഗായകസംഘങ്ങള്‍ മാറ്റുരച്ചപ്പോള്‍ കിരീടം ചൂടിയത് ലണ്ടൻ സെന്റ്. തോമസ് സിറിയൻ ഓർത്തഡോൿസ് പള്ളി ഗായകസംഘമായിരുന്നു. മിഡ്ലാൻഡ്സ് ഹെർമോൻ മാർത്തോമാ ചർച്ച് രണ്ടാം സ്ഥാനവും കവൻട്രി വർഷിപ് സെന്റർ മൂന്നാം സ്ഥാനവും കരസ്ഥമാക്കിയിരുന്നു.
ജോയ് ടു ദി വേൾഡിനോടനുബന്ധിച്ച് കഴിഞ്ഞ സീസണിൽ ആരംഭിച്ച ക്രിസ്ത്യൻ ഡിവോഷണൽ സിംഗിംഗ് കോണ്ടെസ്റ്റ് ഈ വർഷവും നടക്കും. ഉച്ചക്ക് പന്ത്രണ്ടു മണിയോടുകൂടി ആരംഭിക്കുന്ന കോണ്ടെസ്റ്റ് പ്രായമനുസരിച്ച് മൂന്നു ക്യാറ്റഗറികളിലാണ് നടക്കുക. 5 -10 വയസ്, 11 – 16 വയസ്, 17 – 21 വയസ്. ഓരോ ക്യാറ്റഗറികളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 5 വീതം ഫൈനലിസ്റ്റുകൾ പങ്കെടുക്കുന്ന മത്സരത്തിലെ വിജയികൾക്ക് സ്പെഷ്യൽ അവാർഡുകൾ നൽകുന്നതായിരിക്കും.
ജോയ് ടു ദി വേൾഡ് ഈ വർഷം കൂടുതൽ സൗകര്യങ്ങളോടുകൂടിയ ബിർമിംഗ്ഹാം കിംഗ് എഡ്‌വേഡ് ഗ്രാമർ സ്കൂളിലാണ് സംഘടിപ്പിക്കുന്നത്. വിശാലമായ ഓഡിറ്റോറിയവും അനുബന്ധസൗകര്യങ്ങളും പാർക്കിംഗ് സൗകര്യങ്ങളുമുള്ള ഈ വേദി ആയിരത്തിലധികം പേരെ ഉൾക്കൊള്ളും. കുട്ടികൾക്കും മുതിർന്നവർക്കുമായി അന്നേദിവസം ഉച്ച മുതൽ തുറന്നു പ്രവർത്തിക്കുന്ന രുചികരമായ ഭക്ഷണ കൗണ്ടറുകൾ, കേക്ക് സ്റ്റാളുകൾ എന്നിവ ക്രമീകരിച്ചിട്ടുണ്ട്.
ജാതിമത ഭേദമന്യേ യുകെയിലെ മലയാളി സമൂഹം ഒന്നടങ്കം പങ്കെടുക്കുന്ന ഈ സംഗീതസായാഹ്നത്തിലേക്ക് ഏവരെയും ക്ഷണിക്കുന്നതായി ജോയ് ടു ദി വേൾഡ് പ്രോഗ്രാം കോ-ഓർഡിനേറ്റർ ജോഷി സിറിയക് അറിയിച്ചു.
പ്രോഗ്രാം നടക്കുന്ന വേദിയുടെ അഡ്രസ്: King Edward VI Five Ways School, Scotland Ln, Birmingham B32 4BT
