ചെന്നൈ: തമിഴ്നാട് സർക്കാർ സംസ്ഥാനത്ത് ഹിന്ദി അടിച്ചേൽപ്പിക്കുന്നത് നിരോധിക്കാൻ നിയമസഭയിൽ സുപ്രധാന ബിൽ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു . ഇതിന്റെ നിയമനിർമ്മാണവുമായി ബന്ധപ്പെട്ട് വിദഗ്ധരുമായി ചൊവ്വാഴ്ച രാത്രി അടിയന്തിര യോഗം നടന്നതായി റിപ്പോർട്ടുകളുണ്ട്. പുതിയ ബിൽ സംസ്ഥാനത്തുടനീളം ഹിന്ദി ഹോർഡിങുകൾ, ബോർഡുകൾ, സിനിമകൾ, പാട്ടുകൾ എന്നിവ നിരോധിക്കുകയാണ് ലക്ഷ്യമിടുന്നത്.
ഡിഎംകെ നേതാവ് ടി.കെ.എസ്. ഇളങ്കോവൻ നിയമം ഭരണഘടനയ്ക്ക് അനുസൃതമായിരിക്കുമെന്നും, ഹിന്ദി അടിച്ചേൽപ്പിക്കലിനെതിരെ മാത്രമാണ് നടപടികൾ സ്വീകരിക്കുന്നതെന്നും പറഞ്ഞു. എന്നാൽ ബിജെപി നേതാവ് വിനോജ് സെൽവം സർക്കാർ നടത്തുന്ന നീക്കം വിഡ്ഢിത്തം നിറഞ്ഞതായും, ഭാഷയെ രാഷ്ട്രീയ ഉപകരണമായി ഉപയോഗിക്കരുതെന്നുമാണ് അഭിപ്രായപ്പെടുന്നത്. ഹിന്ദി നിരോധനത്തെ ഡിഎംകെ ശ്രദ്ധ തിരിക്കുന്ന ഉപായമായി ഉപയോഗിക്കുന്നതായി അദ്ദേഹം വിമർശിച്ചു.
2025–26 സംസ്ഥാന ബജറ്റ് ലോഗോയിൽ ദേശീയ രൂപ ചിഹ്നത്തിന് (₹) പകരം തമിഴ് അക്ഷരമായ ‘ரூ’ ഉപയോഗിച്ചിരുന്നത് ഈ നീക്കത്തിന്റെ ഭാഗമാണ്. കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമനും ബിജെപി നേതാക്കളും ഇതിനെ വിമർശിച്ചെങ്കിലും, ഡിഎംകെ വാദിക്കുന്നത് ദേശീയ ചിഹ്നത്തെ നിരാകരിക്കുന്നതല്ല, മറിച്ച് തമിഴ് ഭാഷയെ പ്രോത്സാഹിപ്പിക്കുന്ന ശ്രമമാണെന്നും.
പ്രണയത്തിന്റെ വേറിട്ട ഭാവങ്ങളുമായി ശ്രദ്ധ നേടി മുന്നേറുകയാണ് കണ്ണാള് മ്യൂസിക് വിഡിയോ. മനസ്സ് നിറയ്ക്കുന്ന ദൃശ്യങ്ങളും ഉള്ളു തൊടുന്ന സംഗീതവുമെല്ലാം പ്രേക്ഷകരിൽ ഒരു പുത്തൻ അനുഭവമാണ് പകരുന്നത്. യുവ സംഗീത സംവിധായകനായ അനന്തു ശാന്തജൻ സംഗീതം,രചന,ആലാപനം എന്നിവ നിർവ്വഹിച്ചു.
നവമി.ആർ.ഗോപൻ നൃത്ത സംവിധാനവും അഭിനയവും നിർവ്വഹിച്ച ഗാനം യൂട്യൂബിലാണ് റിലീസ് ചെയ്തിരിക്കുന്നത്. ജിതിൻ ഈപ്പൻ ചാക്കോ (ആലീസിയ 2.0,മുളക്കുഴ )പ്രോഗ്രാമിങ്, റെക്കോർഡിങ്, മിക്സിങ് എന്നിവ നിർവ്വഹിച്ചിരിക്കുന്നു. ശശി കുന്നിട ഓടക്കുഴൽ വായിച്ചിരിക്കുന്നു. അഭിജിത് കൃഷ്ണൻ ഒരുക്കിയ ദൃശ്യങ്ങൾ എഡിറ്റ് ചെയ്തത് റാഹിൽ രവീന്ദ്രൻ ആണ്.
പള്ളുരുത്തിയിലെ സെൻറ് റീത്താസ് പബ്ലിക് സ്കൂൾ ഹിജാബ് വിവാദത്തെ തുടർന്ന് രണ്ട് ദിവസത്തെ അവധിക്കുശേഷം വീണ്ടും തുറന്നു. പരാതി ഉയർത്തിയ എട്ടാം ക്ലാസുകാരിയായ വിദ്യാർത്ഥിനി ഇന്ന് സ്കൂളിൽ എത്തിയില്ല. ആരോഗ്യ പ്രശ്നങ്ങൾ മൂലമാണ് അവധി എടുത്തതെന്ന് രക്ഷിതാക്കൾ അറിയിച്ചു. സ്കൂളിന്റെ നിയമങ്ങൾ പാലിച്ചുകൊണ്ട് തന്നെ കുട്ടി ഇവിടെ പഠനം തുടരുമെന്ന് വിദ്യാർത്ഥിനിയുടെ പിതാവ് വ്യക്തമാക്കിയതായി എം.പി. ഹൈബി ഈഡൻ പറഞ്ഞു. ഹൈബി ഈഡൻ എം.പി.യും ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസും മധ്യസ്ഥത വഹിച്ച ചർച്ചയ്ക്കുശേഷമാണ് രക്ഷിതാക്കളും സ്കൂൾ മാനേജ്മെന്റും തമ്മിൽ ധാരണയിലെത്തിയത്.
ഹിജാബ് വിഷയത്തെ ചുറ്റിപ്പറ്റി ചില വർഗീയശക്തികൾ പ്രശ്നം ഉണ്ടാക്കാൻ ശ്രമിച്ചുവെന്ന് ഹൈബി ഈഡൻ എം.പി. ആരോപിച്ചു. വിദ്യാർത്ഥികൾക്കിടയിൽ ഭിന്നത സൃഷ്ടിക്കാൻ ആരെയും അനുവദിക്കില്ലെന്നും, സ്കൂൾ നിർദേശിച്ച യൂണിഫോം പാലിക്കുമെന്നുമാണ് രക്ഷിതാവിന്റെ നിലപാട്. സ്കൂളിൽ സമാധാനപരമായ അന്തരീക്ഷം നിലനിർത്തുക തന്നെയാണ് ഇപ്പോഴത്തെ പ്രധാന ലക്ഷ്യമെന്നതും നേതാക്കൾ വ്യക്തമാക്കി. വിദ്യാർത്ഥിനിയെ ഹിജാബ് ധരിച്ചതിന്റെ പേരിൽ ക്ലാസിൽ കയറ്റാതിരുന്നതിൽ സർക്കാർ അടിയന്തരമായി ഇടപെട്ടതായി പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.
മഹാരാഷ്ട്രയിൽ ഈ വർഷം പെയ്ത കനത്തമഴ ഉള്ളികൃഷിയെ വൻതോതിൽ ബാധിച്ചു. സംസ്ഥാനത്ത് 80 ശതമാനത്തിലധികം ഉള്ളികൃഷി നശിച്ചതോടെ അടുത്ത മാസങ്ങളിൽ ഉള്ളിക്ഷാമം രൂക്ഷമാകുമെന്ന ആശങ്കയുണ്ട്. കനത്ത മഴയും വെള്ളക്കെട്ടും കൃഷിയിടങ്ങൾ തകർത്തതോടെ വിപണിയിൽ ഉള്ളിവില ഉയരാനാണ് സാധ്യത. കർഷകരോട് ഉടൻ കൃഷിയിറക്കണമെന്ന് സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും, നഷ്ടത്തിൽ പെട്ട കർഷകർ അതിന് തയ്യാറല്ല.
കഴിഞ്ഞ വർഷം ഇതേ സമയത്ത് ക്വിന്റലിന് 4,000 മുതൽ 5,000 രൂപവരെ വില ലഭിച്ചിരുന്നെങ്കിൽ, ഇപ്പോൾ മികച്ച ഗുണമേന്മയുള്ള ഉള്ളിക്ക് പോലും 900 രൂപ മാത്രമാണ് ലഭിക്കുന്നത്. കിലോയ്ക്ക് എട്ട് രൂപ പോലും ലഭിക്കാത്ത സാഹചര്യം കർഷകരെ വല്ലാതെ നിരാശരാക്കുന്നു. കൃഷിയിറക്കാനുള്ള ചെലവ് കൂടുതലായതിനാൽ പുതിയ കൃഷിയിറക്കാൻ ധൈര്യമില്ലെന്നും, തുടര്‍ച്ചയായി പെയ്ത മഴയാണ് കർഷകരുടെ എല്ലാ പരിശ്രമങ്ങളും നശിപ്പിച്ചതെന്നും അവർ പറയുന്നു.
കേരളം ഉൾപ്പെടെ ദക്ഷിണേന്ത്യയിലെ സംസ്ഥാനങ്ങളിലേക്കുള്ള അധികവും ഉള്ളിയെത്തുന്നത് മഹാരാഷ്ട്രയിലെ നാസിക് മേഖലയിലാണ് നിന്നാണ് . ഇവിടെ മാത്രം അഞ്ചുലക്ഷത്തിലധികം ഏക്കർ ഉള്ളികൃഷി നശിച്ചുവെന്നാണ് സർക്കാർ കണക്ക്. ഇതോടെ രണ്ട് ലക്ഷത്തിലധികം കർഷകർ പ്രതിസന്ധിയിലായി. കൃഷിനാശം മൂലം മഹാരാഷ്ട്രയ്ക്കൊപ്പം കേരളത്തെയും മറ്റുപല സംസ്ഥാനങ്ങളെയും ഉള്ളിക്ഷാമം ബാധിക്കാനാണ് സാധ്യത. ഉടൻ കൃഷിയിറക്കണമെന്ന സർക്കാരിന്റെ നിർദ്ദേശത്തോട് കർഷകർ കണക്കുകൾ ചൂണ്ടിക്കാട്ടി പ്രതിരോധിക്കുകയാണ്.
പൂള്‍: പാട്ടും ആട്ടവും അരങ്ങുവാണ വേദിയില്‍ കലാമികവിന്റെ ആനന്ദരാവൊരുക്കി നീലാംബരി സീസണ്‍ 5. ജനപങ്കാളിത്തത്തിലും സംഘാടനമികവിലും അവതരണമികവിലും പുതു ചരിത്രം രചിച്ച നീലാംബരി സീസണ്‍ 5 പ്രവാസീ സമൂഹത്തിന് അവിസ്‌മരണമീയ കലാ നിമിഷങ്ങളാണ് സമ്മാനിച്ചത്. യുകെയിലെ വിവിധ ഭാഗങ്ങളില്‍നിന്നെത്തിയ ഗായകരും നര്‍ത്തകരും വിസ്‌മയമൊരുക്കിയ സീസണ്‍ 5 ശനിയാഴ്‌ചയാണ് നടന്നത്. വിമ്പോണിലെ അലന്‍ഡെയ്‌ല്‍ കമ്മ്യൂണിറ്റി സെന്ററായിരുന്നു വേദി. ഉച്ചയോടെ ആരംഭിച്ച പരിപാടിയില്‍ ആയിരക്കണക്കിന് ആളുകളാണെത്തിയത്.
ആരംഭിച്ച് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ഉള്‍ക്കൊള്ളാവുന്ന ആളുകളുടെ എണ്ണത്തിന്റെ പരിധി കടന്നതോടെ അധികൃതര്‍ തിരക്കു നിയന്ത്രിക്കാന്‍ പാടുപെട്ടു. നിശ്ചയിച്ച സമയം അവസാനിച്ചിട്ടും കാണികള്‍ പിരിയാന്‍ തയാറാകാതെ വന്നതോടെ പരിപാടിയുടെ സമയപരിധി നീട്ടിയെടുക്കാന്‍ അധികൃതര്‍ തീരുമാനിക്കുകയായിരുന്നു.

വിവിധ ഘട്ടങ്ങളിലായ് നടന്ന സ്‌ക്രീനിംഗിലൂടെ തെരഞ്ഞെടുക്കപ്പെട്ട മുപ്പതിലധികം ഗായകരാണ് നീലാംബരി വേദിയില്‍ പാട്ടഴകിന്റെ സ്വരലയ വിന്യാസം തീര്‍ത്തത്. ഇതിനു പുറമേ മെയ് വഴക്കത്തിന്റെ പകര്‍ന്നാട്ടങ്ങളുമായി പ്രശസ്‌ത നര്‍ത്തകരും നീലാംബരി സീസണ്‍ 5ന്റെ അരങ്ങില്‍ മികവിന്റെ പകര്‍ന്നാട്ടം നടത്തി. യുകെയിലെ സ്‌റ്റേജ് ഷോകളില്‍ സ്ഥിരം സാന്നിധ്യമായ പ്രശസ്‌ത ഗായകര്‍ അവതരിപ്പിച്ച സംഗീത നിശയും ശ്രദ്ധേയമായി.
വൈകുന്നേരം അഞ്ചുമണിയോടെ നടന്ന ചടങ്ങില്‍ മനോജ് മാത്രാടന്‍, ആദില്‍ ഹുസൈന്‍, സുമന്‍ എന്നിവര്‍ ചേര്‍ന്ന് പരിപാടിയുടെ ഉദ്‌ഘാടന കര്‍മ്മം നിര്‍വഹിച്ചു.

പുതുമുഖ പ്രതിഭകള്‍ക്ക് അവസരം നൽകാന്‍ സാധിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്നും ഓരോ വര്‍ഷവും ജനപങ്കാളിത്തമേറുന്നത് തങ്ങളുടെ ഉദ്യമത്തിനു കിട്ടിയ അംഗീകാരമായി കണക്കാക്കുന്നുവെന്നും നീലാംബരിക്കു നേതൃത്വം കൊടുക്കുന്ന മനോജ് മാത്രാടന്‍ പറഞ്ഞു.

മീക്ഷ യു.കെ സംഘടിപ്പിക്കുന്ന മൂന്നാമത് ഡബിള്‍സ് നാഷണൽ ബാഡ്മിന്റൺ ടൂർണമെന്റിന് മുന്നോടിയായി ഷെഫീൽഡ് റീജിയണൽ മത്സരങ്ങൾ 2025 ഒക്ടോബർ 12-ന് ഇ.ഐ.എസ് ഒളിമ്പിക് സ്റ്റേഡിയത്തിൽ നടന്നു. മത്സരങ്ങൾ സമീക്ഷ യു.കെ ഷെഫീൽഡ് യൂണിറ്റ് പ്രസിഡന്റ് ശ്രീ. ഷാജു സി. ബേബി ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന ചടങ്ങിൽ സമീക്ഷ യു.കെ മുൻ നാഷണൽ സെക്രട്ടേറിയറ്റ് അംഗം ശ്രി. ജോഷി ഇറക്കത്തിൽ, നാഷണൽ കമ്മിറ്റി അംഗവും സ്പോർട്സ് കോർഡിനേറ്ററുമായ ശ്രി. സ്വരൂപ് കൃഷ്ണൻ എന്നിവർ പങ്കെടുത്തു.

സമീക്ഷ യു.കെ യുടെ 32 യൂണിറ്റുകളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട 17 ഓളം റീജിയണുകളിൽ ഈ വർഷം മത്സരങ്ങൾ നടക്കും. ഇതിലൂടെ നവംബർ 9-ന് ഷെഫീൽഡിൽ വച്ച് നടക്കുന്ന ഗ്രാൻഡ് ഫിനാലെയിൽ മാറ്റുരയ്ക്കാനിരിക്കുന്ന മികച്ച ഡബിള്‍സ് ടീമുകളെ കണ്ടെത്തുകയാണ് ലക്ഷ്യം. പ്രസ്തുത ടൂർണമെന്റിൽ മത്സര വിജയികളായവർ
1ാം സ്ഥാനം –Abin Baby & Praveenkumar ravi.
2ാം സ്ഥാനം – Twinkle Jose & Bennet varghese
3ാം സ്ഥാനം – Shane Thomas & Ebin thomas
4ാം സ്ഥാനം – Jince Devesya & vinoy
വിജയികൾക്ക് ട്രോഫികൾ സമീക്ഷ നാഷണൽ സെക്രട്ടേറിയറ്റ് അംഗം ശ്രി. ശ്രീകാന്ത് കൃഷ്ണൻ, നാഷണൽ കമ്മിറ്റി അംഗം ശ്രി. സ്വരൂപ് കൃഷ്ണൻ, യൂണിറ്റ് പ്രസിഡന്റ് ശ്രി. ഷാജു സി. ബേബി, യൂണിറ്റ് ട്രഷറർ ശ്രി. സ്റ്റാൻലി ജോസഫ്, ശ്രീമതി ജൂലി ജോഷി, ശ്രി. ജോഷി ഇറക്കത്തിൽ, ശ്രി. സനോജ് സുന്ദർ, യൂണിറ്റ് എക്സിക്യൂട്ടീവ് അംഗം ശ്രി. വിജേഷ് വിവാഡ എന്നിവർ ചേർന്ന് സമ്മാനിച്ചു.
പ്രോഗ്രാമിന്റെ ഐ.ടി. കോ-ഓർഡിനേഷൻ ശ്രി. അരുൺ മാത്യുവും സൗണ്ട് സംവിധാനങ്ങൾ ലിജോ കോശിയും (Music Mist) നിർവഹിച്ചു. സമീക്ഷ യു.കെ ഷെഫീൽഡ് റീജിയണൽ ടൂർണമെന്റിൽ പങ്കെടുത്ത എല്ലാ ടീമുകൾക്കും, സംഘാടകർക്കും സമീക്ഷ യു.കെ നാഷണൽ കമ്മിറ്റി അഭിനന്ദനങ്ങൾ അറിയിച്ചു.

ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ടെംപിൾ കെന്റ് ഹിന്ദു സമാജത്തിന്റ തുലാം മാസ ശ്രീ അയ്യപ്പ പൂജ, (2025 ഒക്ടോബർ 18 ആം തീയതി ശനിയാഴ്ച) നടക്കും. രാവിലെ 8:30 ന് ഗണപതി ഹോമം, വൈകുന്നേരം 6:30 മുതൽ അഭിഷേകം, വിളക്ക് പൂജ, ലളിത സഹസ്ര നാമ അർച്ചന, ഭജന, നീരാഞ്ജനം, പടിപൂജ, ഹരിവരാസനം എന്നിവ നടത്തപ്പെടുന്നതാണ്, വിളക്ക് പൂജയിൽ പങ്കെടുക്കുന്ന ഭക്തർ രണ്ടു ബഞ്ച് പൂക്കളും, ഒരു നിലവിളക്കും, നീരാഞ്ചനത്തിന് ഒരു നാളികേരവും കൊണ്ട് വരേണ്ടതാണ്.ക്ഷേത്രം മേൽശാന്തി ശ്രീ അഭിജിത്തും, താഴൂർ മന ശ്രീ ഹരിനാരായണൻ നമ്പിടിശ്വരറും പൂജകൾക്ക് കർമികത്വം വഹിക്കും
അമ്പലത്തിന്റെ വിലാസം
KENT AYYAPPA TEMPLE
1 Northgate, Rochester ME1 1LS
കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക
07838170203, 07985245890, 07507766652, 07906130390,0 7973 151975

യുകെ മലയാളി സിനിമാസ്നേഹികളുടെ കൂട്ടായ്മയായ ഡെസ്പരാഡോസ് ഫിലിം കമ്പനിയുടെ ബാനറിൽ ശ്രീജ കണ്ണൻ നിർമ്മിച്ച് പ്രശാന്ത് നായർ പാട്ടത്തിൽ രചനയും സംവിധാനവും നിർവഹിക്കുന്ന നാലാമത്തെ ഷോർട്ട് ഫിലിം ‘ദി ഡാർക്ക് വുഡ്സ്’ എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. ഇംഗ്ലണ്ടിലെ കൊടുംകാടിന് നടുവിൽ മരങ്ങൾക്ക് പുറകിൽ ഒളിഞ്ഞിരിക്കുന്ന ഒരു നിഴൽരൂപത്തിന്റെ നിഗൂഢതയിലാണ് പോസ്റ്റർ ഇറങ്ങിയിരിക്കുന്നത്.
യുകെ മലയാള സിനിമാരംഗത്ത് സജീവമായി പ്രവർത്തിക്കുന്ന അഭിനേതാക്കൾ സിമി ജോസും പാർവതി പിള്ളയും പ്രധാന വേഷങ്ങളിൽ എത്തുന്ന ഈ ഹൊറർ ചിത്രത്തിന്റെ ഛായാഗ്രഹണം ലിതിൻ പോൾ നിർവഹിച്ചിരിക്കുന്നു. എഡിറ്റിംഗ് ശ്യാം കൈപ്പിള്ളി, സംഗീതം ഋതു രാജ്, ഗ്രാഫിക്‌സ് ആഷിക്ക് അശോക് എന്നിവരാണ്.
പൂർണ്ണമായും യുകെയിൽ ചിത്രീകരിച്ചിരിക്കുന്ന മലയാളം ഷോർട്ട് ഫിലിം എന്ന പ്രത്യേകതയുമായി വരുന്ന ‘ദി ഡാർക്ക് വുഡ്സ്’ ഉടൻതന്നെ യൂട്യൂബിൽ റിലീസ് ചെയ്യുമെന്ന് സംഘാടകർ അറിയിച്ചു.

പാലക്കാട് ജില്ലയിലെ കരിമ്പ ഗ്രാമപഞ്ചായത്തിലെ മരുതുംകാട് പ്രദേശത്ത് നടന്ന വെടിവെപ്പ് സംഭവം ഞെട്ടലുണ്ടാക്കി. മരുതുംകാട് വീട്ടില്‍ പരേതയായ തങ്കയുടെ മകന്‍ ബിനു (42) അയൽവാസിയും കളപ്പുരയ്ക്കല്‍ ഷൈലയുടെ മകനുമായ നിധിന്‍ (26) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
പ്രാഥമിക അന്വേഷണപ്രകാരം, നിധിനെ വെടിവെച്ചശേഷം ബിനു സ്വയം വെടിയുതിര്‍ത്തെന്നാണ് പൊലീസ് നിഗമനം. റോഡരികിൽ ബിനുവിന്റെ മൃതദേഹവും സമീപത്ത് നാടൻ തോക്കും കണ്ടെത്തി. വീടിനുള്ളിൽ നിധിന്റെ മൃതദേഹവും കണ്ടെത്തിയതായി എസ്പി അറിയിച്ചു.
ചൊവ്വാഴ്ച വൈകിട്ട് മൂന്നുമണിയോടെയായിരുന്നു സംഭവം. റബ്ബർ ടാപ്പിങ്ങിന് എത്തിയ തൊഴിലാളിയാണ് ആദ്യം ബിനുവിന്റെ മൃതദേഹം കണ്ടത്. പിന്നാലെ പൊലീസ് എത്തി കൂടുതൽ തെളിവുകൾ ശേഖരിച്ചു. സംഭവത്തിന്റെ കാരണം വ്യക്തമല്ലെങ്കിലും, വ്യക്തിപരമായ തർക്കം തന്നെയായിരിക്കാമെന്നാണു പ്രാഥമിക നിഗമനം.
കയ്‌റോ: ഈജിപ്തില്‍ ഇസ്രായേൽ-ഹമാസ് വെടിനിർത്തൽ സമാധാനക്കരാർ നിലവിൽ വന്നു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍-സിസി എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ഉച്ചകോടിയിലാണ് കരാറിന് അന്തിമ രൂപം നൽകിയത്. ഇസ്രയേലിന്റെയും ഹമാസിന്റെയും പ്രതിനിധികൾ കരാറിൽ ഒപ്പുവെച്ചതോടെ രണ്ട് വർഷത്തോളം നീണ്ട വെടിനിർത്തൽ അവസാനിച്ചു. എന്നാൽ യഹൂദ വിശ്വാസപ്രകാരം അവധി ദിവസമായതിനാല്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഉച്ചകോടിയില്‍ പങ്കെടുത്തില്ല.
ഉച്ചകോടിയിൽ കരാറിന്റെ വിശദാംശങ്ങൾ ട്രംപ് ആണ് അവതരിപ്പിച്ചത് . നിയമങ്ങളും നിയന്ത്രണങ്ങളും ഉൾക്കൊള്ളുന്ന സമഗ്രമായ കരാര്‍ രേഖയാണ് നിലവിൽ വന്നതെന്ന് അദ്ദേഹം പറഞ്ഞു. ഷറം അല്‍ ഷൈഖിൽ നടന്ന പ്രസംഗത്തിൽ ട്രംപ് കരാറിൽ ഉൾപ്പെട്ട പ്രധാന കാര്യങ്ങൾ വിശദീകരിച്ചു.
അമേരിക്ക, ഈജിപ്ത്, ഖത്തര്‍, തുര്‍ക്കി എന്നിവരുൾപ്പെടെയുള്ള രാജ്യങ്ങൾ കരാറില്‍ ഒപ്പുവെച്ചു. കൂടാതെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍, സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ്, ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്, പാലസ്തീന്‍ പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസ്, ബ്രിട്ടീഷ് പ്രധാനമന്ത്രി കിയര്‍ സ്റ്റാര്‍മര്‍ എന്നിവരും ഉച്ചകോടിയിൽ പങ്കെടുത്തു.