Latest News

ചെങ്ങന്നൂർ ഭാസ്കരകാരണവർ വധക്കേസ് പ്രതി ഷെറിന് മോചനം. ഷെറിൻ അടക്കം 11 പേർക്ക് ശിക്ഷായിളവ് നല്‍കാനുള്ള സർക്കാർ തീരുമാനത്തിന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ അംഗീകാരം നല്‍കി.

ജീവപര്യന്തം തടവിന് ശിക്ഷിച്ച്‌ 14 വർഷം തടവ് പൂർത്തിയാക്കിയവരെയാണ് മോചിപ്പിക്കുന്നത്. മദ്യപിച്ച്‌ വഴക്കുണ്ടാക്കി അയല്‍ക്കാരെയും ബന്ധുക്കളെയും അപായപ്പെടുത്തിയെന്ന രണ്ടു കേസുകളില്‍ ശിക്ഷിക്കപ്പെട്ടവരാണ് ഷെറിനൊപ്പം ജയില്‍മോചിതരാകുന്നത്.

മലപ്പുറത്തെ ഒരു കേസിലെ അഞ്ചു പ്രതികളയും തിരുവനന്തപുരത്തെ സമാനമായ മറ്റൊരു കേസിലെ അഞ്ചു പ്രതികളെയുമാണ് വിട്ടയക്കുക.

നേരത്തേ ഷെറിന് ശിക്ഷായിളവ് നല്‍കി വിട്ടയക്കണമെന്ന് സർക്കാർ ശുപാർശചെയ്തിരുന്നു. എന്നാല്‍, ഇവർക്ക് അടിക്കടി പരോള്‍ കിട്ടിയതും ജയിലില്‍ സഹതടവുകാരുമായി ഏറ്റുമുട്ടലുണ്ടായത്‌ പുറത്തുവന്നതും സർക്കാർ ശുപാർശയ്ക്കുശേഷവും ജയിലില്‍ പ്രശ്നം സൃഷ്ടിച്ചതും തിരിച്ചടിയായി. ഇതേത്തുടർന്ന് ഓരോ തടവുകാരുടെയും കുറ്റകൃത്യം, ശിക്ഷ, പരോള്‍ ലഭ്യമായത്, ജയിലിലെ പെരുമാറ്റം തുടങ്ങിയ വിശദാംശങ്ങള്‍ പ്രതിപാദിക്കുന്ന ഫോറം രാജ്ഭവൻ ഏർപ്പെടുത്തി. ശുപാർശയോടൊപ്പം ഈ ഫോറം പൂരിപ്പിച്ച്‌ സർക്കാർ വീണ്ടും ഫയല്‍ സമർപ്പിക്കുകയായിരുന്നു.

എൻഡോസൾഫാൻ ദുരിതബാധിതയായ യുവതിയെ ദേഹോപദ്രവമേൽപ്പിക്കുകയും മാതാവിനെ പീഡിപ്പിക്കുകയും ചെയ്ത കേസിൽ വ്യാജ സിദ്ധൻ അറസ്റ്റിൽ. പെർള സ്വദേശിയും തളിപ്പറമ്പിൽ താമസക്കാരനുമായ ഷിഹാബുദ്ദീനെ (55) ആണ് ഹൊസ്ദുർഗ് ഇൻസ്‌പെക്ടർ പി. അജിത്കുമാർ അറസ്റ്റ്‌ചെയ്തത്.

പീഡനത്തിനിരയായ സ്ത്രീയുടെ മറ്റു രണ്ടു പെൺമക്കളെ ഇയാളുടെ തളിപ്പറമ്പിലെ വീട്ടിൽ കൊണ്ടുപോയി താമസിപ്പിച്ചതായും പരാതിയുണ്ട്. എൻഡോസൾഫാൻ ദുരിതബാധിതയായ യുവതിയുടെ രോഗം മാറ്റാമെന്ന് പറഞ്ഞാണ് ഇയാൾ ഹൊസ്ദുർഗ് പോലീസ് സ്റ്റേഷൻ പരിധിയിലെ വീട്ടിലെത്തിയത്.

ഇടയ്ക്കിടെ വന്നുകൊണ്ടിരുന്ന ഇയാൾ ദുരിതബാധിരായ യുവതിയെയും രണ്ടു സഹോദരിമാരെയും മാതാപിതാക്കളെയും തളിപ്പറമ്പിലേക്ക്‌ കൊണ്ടുപോയി. സഹോദരിമാരുടെ ഭർത്താക്കന്മാർ ഗൾഫിൽനിന്ന്‌ വന്നപ്പോഴാണ് ഇവർ തളിപ്പറമ്പിലേക്കു താമസം മാറ്റിയത് അറിഞ്ഞത്.

ഇതിനിടെ കുടുംബത്തിന്റെ സ്വത്ത് തട്ടിയെടുക്കാനും ഷിഹാബുദ്ദീൻ ശ്രമം നടത്തി. ഇയാൾ തട്ടിപ്പുകാരനാണെന്ന് മനസ്സിലായതോടെ മാതാപിതാക്കൾ ദുരിതബാധിതയായ യുവതിയെയും കൂട്ടി സ്വന്തം വീട്ടിലേക്കു മടങ്ങി. മാതാവിന്റെ പേരിൽ ബാങ്ക് ലോക്കറിലുണ്ടായിരുന്ന നൂറുപവൻ കൈക്കലാക്കാനായിരുന്നു പിന്നീടുള്ള ശ്രമം. അതിനായി കഴിഞ്ഞ ദിവസം ഇവരുടെ വീട്ടിലെത്തിയപ്പോഴാണ് ദുരിതബാധിതയെ ദേഹോപദ്രവമേൽപ്പിച്ചത്. ഹൊസ്ദുർഗ് ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് (ഒന്ന്) കോടതി ഷിഹാബുദ്ധീനെ റിമാൻഡ് ചെയ്തു.

ഗവര്‍ണറും വിസിയും ഒരു ഭാഗത്തും സര്‍ക്കാരും ഇടതുപക്ഷ പാര്‍ട്ടികളും മറുഭാഗത്തും നിലയുറപ്പിച്ച് കേരള സര്‍വകലാശാലയില്‍ രാഷ്ട്രീയപ്പോര് തുടരുന്നു. സര്‍വകലാശാലയുടെ അകത്തും പുറത്തും പ്രതിഷേധവുമായി ഇടത് യുവജന, വിദ്യാര്‍ഥി സംഘടനകള്‍.

സര്‍വകലാശാലയ്ക്ക് അകത്ത് എഐഎസ്എഫ് പ്രവര്‍ത്തകരും പുറത്ത് ഡിവൈഎഫ്ഐ പ്രവര്‍ത്തകരുമാണ് പ്രതിഷേധവുമായി എത്തിയത്. എഐഎസ്എഫ് പ്രവര്‍ത്തകരെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് മാറ്റി. പുറത്ത് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്.

രാവിലെ പതിനൊന്നോടെ സര്‍വകലാശാല രജിസ്ട്രാര്‍ ഡോ. കെ.എസ് അനില്‍ കുമാര്‍ സര്‍കലാശാല ആസ്ഥാനത്ത് എത്തിയിരുന്നു. താല്‍കാലികമായി രജിസ്ട്രാറുടെ ചുമതലയേല്‍ക്കാന്‍ താല്‍ക്കാലിക വിസി സിസ തോമസ് നിയോഗിച്ച മിനി കാപ്പന്‍ ഇതുവരെ ചുമതല ഏറ്റെടുത്തിട്ടില്ല.

യൂണിവേഴ്സിറ്റിക്കുള്ളില്‍ പ്രതിഷേധ എഐഎസ്എഫ് പ്രവര്‍ത്തകരെ പോലീസ് ബലംപ്രയോഗിച്ച് അറസ്റ്റു ചെയ്ത് നീക്കിയതിനു പിന്നാലെയാണ് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി യൂണിവേഴ്സിറ്റിക്ക് മുന്നില്‍ എത്തിയത്. ബാരിക്കേഡ് ഉപയോഗിച്ച് അടച്ചിരുന്ന ഗേറ്റ് തകര്‍ത്ത് പ്രവര്‍ത്തകര്‍ ഉള്ളിലേക്ക് കടക്കാന്‍ ശ്രമിച്ചതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.

പിന്നാലെ, അക്രമാസക്തരായ പ്രവര്‍ത്തകര്‍ പൊലീസിനെയും പോലീസ് വാഹനങ്ങളും ആക്രമിച്ചു. നിലവില്‍ യൂണിവേഴ്സിറ്റിക്ക് മുന്നില്‍ കുത്തിയിരുന്ന പ്രതിഷേധിക്കുകയാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍. സിപിഐയുടെ യുവജന സംഘടനയായ എഐവൈഎഫും സമര രംഗത്തുണ്ട്. അതിനിടെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രാജ്ഭവനിലേക്ക് നീങ്ങിയിട്ടുണ്ട്.

ഇന്ത്യയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് സ്‌കോര്‍ 100 പിന്നിട്ടു. നിലവില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 140 റണ്‍സെന്ന നിലയിലാണ് അവര്‍. ഓപ്പണര്‍മാരെ നഷ്ടമായ ശേഷം നിലയുറപ്പിച്ച് കളിക്കുന്ന ഒലി പോപ്പും ജോ റൂട്ടുമാണ് ക്രീസില്‍.

പച്ചപ്പിന്റെ അതിപ്രസരമില്ലാത്ത പിച്ചാണ് ലോര്‍ഡ്‌സില്‍ ഒരുക്കിയിരിക്കുന്നതെങ്കിലും ജസ്പ്രീത് ബുംറയും ആകാശ് ദീപും മുഹമ്മദ് സിറാജും അടങ്ങിയ ഇന്ത്യന്‍ ബൗളര്‍മാര്‍ക്കെതിരേ തുടക്കത്തില്‍ ശ്രദ്ധയോടെയായിരുന്നു ഇംഗ്ലീഷ് ഓപ്പണര്‍മാരുടെ ബാറ്റിങ്. ഇത്തരത്തില്‍ 13 ഓവര്‍ വരെ ഇന്ത്യന്‍ ബൗളര്‍മാര്‍ക്കെതിരേ ശ്രദ്ധയോടെ പിടിച്ചുനിന്ന സാക്ക് ക്രോളിക്കും ബെന്‍ ഡക്കറ്റിനും പക്ഷേ നിതീഷ് കുമാര്‍ റെഡ്ഡി എറിഞ്ഞ 13-ാം ഓവറില്‍ പിഴച്ചു. തന്റെ ആദ്യ ഓവറിലെ മൂന്നാം പന്തില്‍ ഡക്കറ്റിനെയും (23), ആറാം പന്തില്‍ ക്രോളിയേയും (18) നീതീഷ്, വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിന്റെ കൈകളിലെത്തിക്കുകയായിരുന്നു.

എന്നാല്‍ പിന്നീട് ക്രീസില്‍ ഒന്നിച്ച പോപ്പ് – റൂട്ട് സഖ്യം ഇതുവരെ 96 റണ്‍സ് ചേര്‍ത്തിട്ടുണ്ട്. നേരത്തേ ടോസ് നേടിയ ഇംഗ്ലീഷ് നായകന്‍ ബെന്‍ സ്റ്റോക്സ് ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. നാലു വര്‍ഷങ്ങള്‍ക്കു ശേഷം പേസര്‍ ജോഫ്ര ആര്‍ച്ചര്‍ ഇംഗ്ലണ്ട് ടീമില്‍ ഇടംപിടിച്ചപ്പോള്‍ ഇന്ത്യന്‍ നിരയില്‍ പ്രസിദ്ധ് കൃഷ്ണയ്ക്ക് പകരം ജസ്പ്രീത് ബുംറ ഇടംനേടി. ജോഷ് ടങ്ങിന് പകരമാണ് ആര്‍ച്ചറെത്തിയത്.

കോടിക്കണക്കിന് രൂപയുടെ നിക്ഷേപത്തട്ടിപ്പ് നടത്തി ഒളിവിൽപ്പോയ എ ആൻഡ് എ ചിറ്റ് ഫണ്ട് ഉടമ ടോമി എ വർഗീസും ഭാര്യ ഷൈനി ടോമിയുടെ കെനിയയിലേക്ക് കടന്നതായി സൂചന. കഴിഞ്ഞ വ്യാഴാഴ്ച മുംബയ് വഴി ടൂറിസ്റ്റ് വിസയിലാണ് ഇവർ പോയത്. ദമ്പതികൾക്കായി ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിക്കുമെന്ന് പൊലീസ് അറിയിച്ചു. കൂടെ ആരെങ്കിലും പോയിട്ടുണ്ടോ എന്നറിയാൻ ബന്ധുക്കളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

ഇവരുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാനും നീക്കം നടത്തുന്നുണ്ട്. കഴിഞ്ഞ ബുധനാഴ്ചയാണ് ടോമിയും ഭാര്യയും ബംഗളൂരുവിൽ നിന്നു മുങ്ങിയത്. ഇതോടെയാണ് ഇവർക്കെതിരെ നിക്ഷേപകർ പരാതി നൽകിയത്. എറണാകുളത്ത് വച്ചാണ് ഇവരുടെ ഫോൺ സ്വിച്ച് ഓഫ് ആയതെന്ന് പൊലീസ് ഇന്നലെ സ്ഥിരീകരിച്ചിരുന്നു. 100 കോടി രൂപയുടെ തട്ടിപ്പ് നടന്നതായാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

പണം നഷ്ടപ്പെട്ടതിനെ തുടർന്ന് ഇന്നലെ വൈകിട്ട് വരെ പൊലീസിൽ പരാതി നൽകിയവരുടെ എണ്ണം 410 ആയി. ഇതിൽ ഒന്നരക്കോടി രൂപ വരെ സ്ഥിര നിക്ഷേപമുള്ളവരും ഉണ്ട്. ആയിരത്തോളം അംഗങ്ങൾ ചിട്ടി കമ്പനിയിൽ ഉള്ളതിനാൽ വരും ദിവസങ്ങളിൽ കൂടുതൽ പരാതികൾ വന്നേക്കാമെന്നാണ് വിവരം. നിക്ഷേപകരുടെ പരാതിയിൽ ബംഗളൂരു രാമമൂർത്തിനഗർ പൊലീസാണ് കേസെടുത്തത്. അഞ്ച് കോടിക്ക് മുകളിലുള്ള തട്ടിപ്പ് കേസായതിനാൽ സിഐഡിയും അന്വേഷിക്കും. ബംഗളൂരുവിലെ ഇവരുടെ വീട് പകുതി വിലയ്ക്ക് ഒരു മാസം മുൻപ് വിറ്റതായും പൊലീസ് കണ്ടെത്തി.

കുട്ടനാട് രാമങ്കരിയിൽ ‌ ഡിവൈഎഫ്ഐയുടെ സജീവ പ്രവർത്തകനായിരുന്ന ടോമി വർഷങ്ങൾക്ക് മുൻപാണ് ബംഗളൂരുവിൽ എത്തിയത്. ബിസിനസ് നട‌ത്തുകയാണെന്നാണ് നാട്ടിൽ ലഭിച്ച വിവരം. മകളുടെ ആദ്യ കുർബാനയ്ക്കായി രണ്ടുവർഷം മുൻപ് ദമ്പതികൾ നാട്ടിലെത്തിയിരുന്നു. മാമ്പുഴക്കരിക്ക് സമീപമുള്ള കുടുംബ വീട് വർഷങ്ങളായി അടച്ചിട്ടിരിക്കുകയാണ്. ടോമിയുടെ മാതാവ് സഹോദരനൊപ്പം ചങ്ങനാശേരിയിലാണ് താമസിക്കുന്നത്.

ഇന്ത്യന്‍ ബഹിരാകാശ സഞ്ചാരി ശുംഭാംശു ശുക്ല ഉള്‍പെടുന്ന ആക്‌സിയം 4 ബഹിരാകാശ ദൗത്യം പൂര്‍ത്തിയായി. 14 ദിവസത്തെ ദൗത്യത്തിനാണ് ആക്‌സിയം 4 സംഘം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയത്. സ്‌പേസ് എക്‌സിന്റെ ഡ്രാഗണ്‍ ക്രൂ പേടകത്തില്‍ ജൂണ്‍ 26 നാണ് സംഘം നിലയത്തിലെത്തിയത്.

ജൂലായ് 9 ന് 14 ദിവസം പൂര്‍ത്തിയായി. എന്നാല്‍ ആക്‌സിയം 4 ദൗത്യ സംഘം ഭൂമിയിലേക്ക് തിരിക്കാന്‍ ജൂലായ് 14 വരെയെങ്കിലും കാത്തിരിക്കേണ്ടി വരുമെന്നാണ് യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി നല്‍കുന്ന സൂചന. അതായത് നേരത്തെ തീരുമാനിച്ചതില്‍ കൂടുതല്‍ ദിവസം ദൗത്യ സംഘം ബഹിരാകാശ നിലയത്തില്‍ തുടരേണ്ടി വരും.

എന്നാല്‍ ഇക്കാര്യത്തില്‍ ഐഎസ്ആര്‍ഒയുടെ ഭാഗത്ത് നിന്ന് പരസ്യമായ സ്ഥിരീകരണം വന്നിട്ടില്ല. ഇവര്‍ എന്ന് തിരിച്ചുവരുന്ന തീയതിയും ഏജന്‍സി വ്യക്തമാക്കിയിട്ടില്ല.

നിലയത്തിലെത്തിയതിന് പിന്നാലെ ശുഭാംശു ശുക്ല ഉള്‍പ്പടെയുള്ളവര്‍ വിവിധ ശാസ്ത്ര പരീക്ഷണ ദൗത്യങ്ങള്‍ ആരംഭിച്ചിരുന്നു. മിഷന്‍ കമാന്‍ഡര്‍ പെഗ്ഗി വിറ്റ്‌സണ്‍, ഗ്രൂപ്പ് കാപ്റ്റന്‍ ശുഭാംശു ശുക്ല, മിഷന്‍ സ്‌പെഷ്യലിസ്റ്റുകളായ സ്ലാവോസ് ഉസ്‌നാന്‍സ്‌കി-വിസ്‌നിയേവ്‌സ്‌കി, ടൈബോര്‍ കാപു എന്നിവരാണ് ദൗത്യ സംഘത്തിലുള്ളത്.

ഷൈമോൻ തോട്ടുങ്കൽ

കെറ്ററിംഗ്‌ . ജന്മ നാടിന്റെ സ്മരണകൾ പുതുക്കി യു കെയിലേക്ക് കുടിയേറിയ ചങ്ങനാശ്ശേരി നിവാസികളുടെ സംഗമം ബ്രിട്ടനിലെ കെറ്ററിംഗിൽ വച്ച് നടന്നു . ചങ്ങനാശ്ശേരി എം എൽ എ അഡ്വ ജോബ് മൈക്കിൾ സംഗമം ഉത്‌ഘാടനം ചെയ്തു , ജോലിക്കായും , പഠനത്തിനായും ബ്രിട്ടനിലേക്ക് കുടിയേറിയ യു കെ യുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ നൂറു കണക്കിന് ചങ്ങാശേരിക്കാർ പങ്കെടുത്ത സംഗമം ഗൃഹാതുരത്വ സ്മരണകൾ ഉണർത്തുന്നതായി . ബാല്യ കൗമാര കാലഘട്ടങ്ങളിലും സ്ക്കൂൾ കോളേജ് കാലത്തും സമകാലീകർ ആയിരുന്ന സുഹൃത്തുക്കളെ വർഷങ്ങൾ ക്ക് ശേഷം കുടുംബ സമേതം ഒരുമിച്ചു കാണുവാനും , സൗഹൃദം പങ്ക് വയ്ക്കുന്നതിനും വേദിയായ സംഗമത്തിൽ വിവിധ കലാ പരിപാടികളും അരങ്ങേറി.

ചങ്ങനാശ്ശേരിയുടെ വികസനത്തനും പുരോഗതിക്കും പ്രവാസികൾ നൽകുന്ന നിസ്തുലമായ പങ്കിന് പ്രത്യേകം നന്ദി അർപ്പിച്ചു സംസാരിച്ച ഉത്‌ഘാടകനായ എം എൽ എ ,നാടും വീടും വിട്ടിട്ട് വർഷങ്ങളായിട്ടും ഇപ്പോഴും ചങ്ങനാശ്ശേരിയെക്കുറിച്ചുള്ള ഓർമ്മകളും വികസന സ്വപ്നങ്ങളും പങ്കു വക്കുന്നതിനും , പുതിയ നിർദേശങ്ങൾക്കും പ്രത്യേകം നന്ദി പറഞ്ഞു .

യു കെ ചങ്ങനാശ്ശേരി സംഗമം കോഡിനേറ്റർ ജോമോൻ മാമ്മൂട്ടിൽ , മനോജ് തോമസ് ചക്കുവ , സെബിൻ ചെറിയാൻ എന്നിവരുടെ നേതൃത്വത്തിൽ നടന്ന സമ്മേളനത്തിൽ കൗൺസിലർ ബൈജു തിട്ടാല ,അഡ്വ ഫ്രാൻസിസ് മാത്യു ,ലോക കേരളം സഭ അംഗം ഷൈമോൻ തോട്ടുങ്കൽ ,സുജു കെ ഡാനിയേൽ , സോബിൻ ജോൺ ,തോമസ് മാറാട്ടുകളം , സാജു നെടുമണ്ണി , ജിജോ ആന്റണി മാമ്മൂട്ടിൽ എന്നിവർ പ്രസംഗിച്ചു .ബെഡ്ഫോർഡിൽ നിന്നുള്ള ആന്റോ ബാബു പീറ്റർ ബറോയിൽ നിന്നുള്ള ഫെബി ഫിലിപ്പ് , കിങ്സ്ലിനിൽ നിന്നുള്ള പോൺസി ബിനിൽ , നോട്ടിംഗ്ഹാമിൽ നിന്നുള്ള ബഥനി സാവിയോ എന്നിവർ സംഗമത്തിൽ ആങ്കർ മാരായി , ജോമേഷ് തോമസ് , ജോബിൾ ജോസ് എന്നിവർ സാങ്കേതിക സഹായം നൽകി.

വിവിധ പ്രദേശങ്ങളിൽ നിന്നെത്തിയ ചങ്ങനാശ്ശേരിക്കാരായ പ്രാവാസികൾ ഒറ്റക്കും കുടുംബ സമേതവും അവതരിപ്പിച്ച കലാപരിപാടികൾ സംഗമത്തിന് കൂടുതൽ മിഴിവേകി , തങ്ങളുടെ സ്വന്തം ജനപ്രിയ എം എൽ എ ജോബ് മൈക്കിളിന്റെ സാനിധ്യവും , യു കെ യുടെ വിവിധ പ്രദേശങ്ങളിൽ നിന്നായെത്തിയ നാട്ടുകാരായ നൂറ് കണക്കിന് ചങ്ങനാശ്ശേരിക്കാരുടെ പ്രാധിനിത്യവും കൊണ്ട് സമ്പന്നമായ ചങ്ങനാശ്ശേരി സംഗമം കൂടുതൽ ഊർജ്വ സ്വലതയോടെ നടത്താനുള്ള തയ്യാറെടുപ്പിലാണ് സംഘാടകർ.

യെമന്‍ പൗരന്‍ തലാല്‍ അബു മഹ്ദി കൊല്ലപ്പെട്ട കേസില്‍ യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ വധശിക്ഷ ജൂലൈ 16ന് നടപ്പാക്കും. ജയില്‍ അധികൃതര്‍ക്ക് ഇത് സംബന്ധിച്ച ഉത്തരവ് കിട്ടിയെന്നാണ് വിവരം. യെമനിലെ പബ്ലിക് പ്രോസിക്യൂട്ടര്‍ ഓഫീസില്‍ നിന്നാണ് ഉത്തരവ് ലഭിച്ചത്. യമന്‍ പൗരനെ കൊന്ന കേസിലാണ് മലയാളിയായ നിമിഷപ്രിയ ജയിലില്‍ കഴിയുന്നത്. പാലക്കാട് സ്വദേശിയായ നിമിഷ പ്രിയ യമനില്‍ ജോലി ചെയ്യുന്നതിനിടെ അവിടുത്തെ പൗരനെ കൊലപ്പെടുത്തി എന്നാണ് കേസ്. വധശിക്ഷ റദ്ദാക്കാന്‍ ഉള്ള നീക്കങ്ങള്‍ നടക്കുന്നതിനിടയാണ് ജയിലില്‍ ഉത്തരവെത്തിയത്. ഇന്ത്യന്‍ എംബസി ഇക്കാര്യം സ്ഥിരീകരിച്ചതായി യമനിലെ ചര്‍ച്ചകള്‍ക്ക് മധ്യസ്ഥത വഹിക്കുന്ന സാമുവല്‍ ജോണ്‍ അറിയിച്ചു.

വധശിക്ഷ ഒഴിവാക്കാനുള്ള നിയമപരമായ വഴികളെല്ലാം അടഞ്ഞതായും സനായിലുള്ള തലാലിന്റെ കുടുംബം മാപ്പു നല്‍കുക മാത്രമാണ് നിമിഷപ്രിയയെ രക്ഷിക്കാനുള്ള ഏകമാര്‍ഗമെന്നും മനുഷ്യാവകാശ പ്രവര്‍ത്തകനായ സാമുവല്‍ ജെറോം പറഞ്ഞു. ഇതിനായി തലാലിന്റെ കുടുംബത്തെ നാളെ കാണാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. യെമെനി പൗരനായ അബ്ദുമഹ്ദിയെ 2017 ജൂലൈയിൽ നിമിഷ പ്രിയയും കൂട്ടുകാരിയും ചേര്‍ന്ന് കൊലപ്പെടുത്തി മൃതദേഹം വീടിനുമുകളിലെ ജലസംഭരണിയില്‍ ഒളിപ്പിച്ചുവെന്ന കേസിലാണ് വധശിക്ഷ നേരിടുന്നത്. പാലക്കാട് കൊല്ലങ്കോട് തേക്കിന്‍ചിറ സ്വദേശിനിയാണ് നിമിഷപ്രിയ. ദയാധനം നല്‍കി വധശിക്ഷ ഒഴിവാക്കാനുളള ശ്രമം തുടരുകയാണെന്ന് യെമനിലെ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സാമുവേല്‍ ജെറോം അറിയിച്ചു. 10 ലക്ഷം ഡോളര്‍ നല്‍കാമെന്നാണ് യെമന്‍ പൗരന്റെ കുടുംബത്തെ അറിയിച്ചിട്ടുള്ളത്. ദയാധനം കുടുംബം സ്വീകരിക്കുമോയെന്ന് ഉറപ്പില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സംഭവശേഷം രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പിടിയിലായ നിമിഷയെ വിചാരണയ്ക്കുശേഷം 2018-ലാണ് യെമന്‍ കോടതി വധശിക്ഷയ്ക്കു വിധിച്ചത്. നിമിഷപ്രിയയുടെ വധശിക്ഷ യെമെനിലെ അപ്പീല്‍കോടതി ശരിവെച്ചെങ്കിലും കൊല്ലപ്പെട്ടയാളുടെ ബന്ധുക്കള്‍ക്ക് ദിയാ ധനം നല്‍കി മാപ്പുതേടാനുള്ള സാധ്യത തുറന്നിട്ടിരുന്നു. നിമിഷ പ്രിയ നിലവില്‍ സനയിലെ ജയിലിലാണുള്ളത്. 2009 ലാണു പാലക്കാട് സ്വദേശിനി നിമിഷപ്രിയ നഴ്‌സായി യെമനില്‍ ജോലിക്കെത്തിയത്. 2012 ല്‍ തൊടുപുഴ സ്വദേശി ടോമി തോമസിനെ വിവാഹം കഴിച്ചു. വൈകാതെ ടോമിയും യെമനിലെത്തി. അവിടെവച്ചു മകള്‍ മിഷേല്‍ ജനിച്ചു. മകളുടെ മാമോദീസാച്ചടങ്ങുകള്‍ക്കായി 2014ല്‍ നിമിഷപ്രിയയും ടോമിയും കേരളത്തിലെത്തി. ഇവരുടെ സുഹൃത്തു കൂടിയായിരുന്ന തലാല്‍ അബ്ദു മഹ്ദിയും നാട്ടിലേക്കുള്ള യാത്രയില്‍ ഒപ്പമുണ്ടായിരുന്നു. സ്വദേശിയായ തലാലിനെ സ്‌പോണ്‍സറാക്കി യെമനില്‍ ക്ലിനിക് ആരംഭിക്കാനുള്ള പദ്ധതികൂടി നിമിഷയ്ക്കും ഭര്‍ത്താവിനുമുണ്ടായിരുന്നു. നിമിഷയും തലാലും യെമനിലേക്കു മടങ്ങി. പിന്നീടു മടങ്ങാനിരുന്ന ടോമിക്കു യെമനില്‍ യുദ്ധം രൂക്ഷമായതോടെ മടങ്ങാനായില്ല.

2015ല്‍ സനായില്‍ തലാലിന്റെ സ്‌പോണ്‍സര്‍ഷിപ്പില്‍ ക്ലിനിക് ആരംഭിച്ച നിമിഷ ആഭ്യന്തരയുദ്ധ കാലഘട്ടത്തില്‍ കടുത്ത മാനസിക, ശാരീരിക, സാമ്പത്തിക ചൂഷണങ്ങളിലൂടെ കടന്നുപോയെന്നു സേവ് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സില്‍ പ്രതിനിധികള്‍ പറയുന്നു. ക്ലിനിക്കിലെ യെമന്‍ പൗരയായ മറ്റൊരു ജീവനക്കാരിയുമായി ചേര്‍ന്നു തലാലിനെ കൊലപ്പെടുത്തിയെന്ന കേസില്‍ 2017 ജൂലൈയിലാണു നിമിഷപ്രിയ അറസ്റ്റിലായത്. 2020ല്‍ വിചാരണക്കോടതി വധശിക്ഷ വിധിച്ചു. വിധിക്കെതിരായ അപ്പീലുകള്‍ വിവിധ കോടതികള്‍ തള്ളിയിരുന്നു.

‘മഞ്ഞുമ്മല്‍ ബോയ്‌സ്’ ചിത്രവുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസില്‍ നടനും നിര്‍മാതാവുമായ സൗബിന്‍ ഷാഹിര്‍ അറസ്റ്റില്‍. കൊച്ചി മരട് പോലീസാണ് സൗബിനെ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് ചെയ്തത്. നടന്‍ നേരത്തെ ഹൈക്കോടതിയില്‍നിന്ന് മുന്‍കൂര്‍ ജാമ്യം നേടിയിരുന്നതിനാല്‍ അറസ്റ്റ് രേഖപ്പെടുത്തിയതിന് ശേഷം സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കും.

സാമ്പത്തിക തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് സൗബിന്‍ അഭിഭാഷകനൊപ്പം കഴിഞ്ഞദിവസവും മരട് പോലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്യലിന് ഹാജരായിരുന്നു. അതിന് ശേഷം വീണ്ടും ചോദ്യം ചെയ്യല്‍ ഉണ്ടാകുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു. തുടര്‍ന്നാണ് ചൊവ്വാഴ്ചയും ചോദ്യം ചെയ്തതിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തിയത്. സിനിമയുടെ സഹനിര്‍മാതാക്കളായ ബാബു ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവരും സൗബിനൊപ്പം ചോദ്യം ചെയ്യലിനെത്തിയിരുന്നു. ഇവരുടേയും അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെ നാല് മണിക്കൂര്‍ ചോദ്യം ചെയ്തതിന്‌ ശേഷം പോലീസ് വിട്ടയക്കുകയായിരുന്നു. ഇതിന് ശേഷമാണ് വീണ്ടും വിളിച്ചുവരുത്തി പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. അതേസമയം, കഴിഞ്ഞ ദിവസം ചോദ്യം ചെയ്യലിന് ശേഷം പുറത്തേക്കിറങ്ങിയപ്പോള്‍ എല്ലാം പോലീസിനോട് പറഞ്ഞിട്ടുണ്ട് എന്നായിരുന്നു സൗബിന്റെ പ്രതികരണം.

കേസുമായി ബന്ധപ്പെട്ട് പ്രതികള്‍ക്ക് ഹൈക്കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. ആദ്യഘട്ടത്തില്‍ ഇവരുടെ മുന്‍കൂര്‍ ജാമ്യം കോടതി തള്ളിയിരുന്നെങ്കിലും രണ്ടാമത്തെ തവണ നിബന്ധനകളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. അന്വേഷണ ഉദ്യോഗസ്ഥര്‍ വിളിക്കുമ്പോള്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന നിബന്ധനയോടെയായിരുന്നു ജാമ്യം. പ്രതികള്‍ കുറ്റം ചെയ്തതിന് വ്യക്തമായ തെളിവുകള്‍ ഉണ്ടെന്നാണ് മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിഗണിക്കുന്നതിനിടെ പോലീസ് കോടതിയെ അറിയിച്ചത്. 200 കോടി രൂപയാണ് മഞ്ഞുമ്മല്‍ ബോയ്‌സിന്റെ ബോക്‌സോഫീസ് കളക്ഷന്‍. സിനിമയുടെ നിര്‍മാണവേളയില്‍ സിനിമയുടെ 40 ശതമാനം ലാഭവിഹിതം വാഗ്ദാനം ചെയ്ത് ഏഴ് കോടി രൂപ നിക്ഷേപിച്ചതിന് ശേഷം ലാഭവിഹിതവും പണവും നല്‍കിയില്ലെന്ന് കാണിച്ച് സിറാജ് വലിയതുറ നല്‍കിയ പരാതിയിലാണ് പോലീസ് കേസെടുത്തത്.

കെഎസ്ആർടിസിയിൽ ഡയസ്നോൺ പ്രഖ്യാപിച്ച് ഉത്തരവിറക്കി. ജോലിക്ക് ഹാജരായില്ലെങ്കിൽ ശമ്പളം പിടിക്കും. ജൂലൈ മാസത്തെ ശമ്പളത്തിൽ നിന്ന് ഈ തുക ഈടാക്കുമെന്നും ഉത്തരവിൽ പറയുന്നു. പണിമുടക്ക് നേരിടാൻ 10 ഇന നിർദ്ദേശങ്ങളുമായാണ് മെമ്മോറാണ്ടം പ്രഖ്യാപിച്ചിട്ടുള്ളത്. അതേ സമയം, സർക്കാർ ഇത് വരെ ഡയസ്നോൺ പ്രഖ്യാപിച്ചിട്ടില്ല.

Copyright © . All rights reserved