ഗോശ്രീ പാലത്തിനു സമീപത്തെ ഫ്ലാറ്റിലെ മുറിയിൽ സിനിമാ രംഗത്തുള്ള ചിലർ ലഹരി ഉപയോഗിക്കുന്നുവെന്നായിരുന്നു ശനിയാഴ്ച രാത്രി എക്സൈസിനു ലഭിച്ച രഹസ്യ വിവരം. നേരത്തേ തന്നെ ഈ ഫ്ലാറ്റ് സംബന്ധിച്ച ചില സൂചനകൾ എക്സൈസിനു ലഭിച്ചതിനാൽ രാത്രി 11.30-ഓടെ പ്രത്യേക സംഘം ഫ്ലാറ്റിലെത്തി. സെക്യൂരിറ്റി ജീവനക്കാരനെക്കൊണ്ടാണ് മുറിയുടെ വാതിലിൽ മുട്ടിച്ചത്. വാതിൽ തുറന്നപ്പോൾ കട്ടിലിൽ കഞ്ചാവ് വലിക്കുന്നതിനുള്ള തയ്യാറെടുപ്പിലായിരുന്നു മറ്റ് രണ്ടു പേർ. എക്സൈസ് സംഘത്തിന്റെ ചോദ്യം ചെയ്യലിൽ സിനിമയിൽ ചെറിയ വേഷങ്ങളൊക്കെ ചെയ്യുന്നുവെന്നാണ് യുവ സംവിധായകർ ആദ്യം പറഞ്ഞത്.
റഹ്മാനെന്നാണ് പേര്, മഞ്ഞുമ്മൽ ബോയ്സിൽ ഡ്രൈവറുടെ വേഷം ചെയ്തിട്ടുണ്ട് എന്നായിരുന്നു ഖാലിദ് റഹ്മാന്റെ മറുപടി. വിശദമായി ചോദ്യം ചെയ്തപ്പോഴാണ് പ്രമുഖ സംവിധായകരാണ് പിടിയിലായതെന്ന് എക്സൈസിനു പിടികിട്ടിയത്.
ഷൈൻ ടോം ചാക്കോ വിവാദത്തിനു പിന്നാലെ മുൻനിര സംവിധായകരെ ഹൈബ്രിഡ് കഞ്ചാവുമായി പിടികൂടിയതോടെ വീണ്ടും സിനിമയിലെ ലഹരി സാന്നിധ്യം ചർച്ചയായിട്ടുണ്ട്. ആലപ്പുഴയിൽ രണ്ട് കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായി സ്ത്രീയുൾപ്പെടെ രണ്ടുപേരെ പിടികൂടിയതോടെയാണ് സിനിമയുമായി ബന്ധപ്പെട്ട് നേരത്തേ മുതലുള്ള ലഹരിവിവാദം കത്തിത്തുടങ്ങിയത്. പ്രമുഖ നടൻമാരുടെ പേരുകൾ പിടിയിലായ യുവതി വെളിപ്പെടുത്തിയിരുന്നു.
അതിനു തൊട്ടുപിന്നാലെയാണ് പോലീസ് സംഘം കൊച്ചിയിലെ ഹോട്ടൽ മുറിയിലെത്തിയപ്പോൾ നടൻ ഷൈൻ ടോം ചാക്കോ മൂന്നാം നിലയിൽനിന്ന് താഴേക്ക് ചാടി രക്ഷപ്പെട്ടത്. ഇപ്പോൾ ഒടുവിൽ മുൻനിര സംവിധായകർ ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായി. സിനിമയിൽ ലഹരി ഉപയോഗിക്കുന്നവരുടെ വിവരം എക്സൈസ്-പോലീസ് സംഘത്തിന്റെ കൈവശമുണ്ട്. പിടിയിലാകുന്നവരിൽ നിന്ന് കണ്ണികളെക്കുറിച്ചുള്ള വിവരവും ലഭിക്കുന്നുണ്ട്.
കേരളത്തിലെത്തുന്ന ഹൈബ്രിഡ് കഞ്ചാവിന്റെ ഉപഭോക്താക്കളിൽ നല്ലൊരു പങ്കും സിനിമ മേഖലയിൽ നിന്നുള്ളവരാണെന്നാണ് എക്സൈസ് കണ്ടെത്തൽ. എംഡിഎംഎ ഉപയോഗം വ്യാപകമാണെങ്കിലും മാരകമാണെന്ന തിരിച്ചറിവിൽ ഹൈബ്രിഡ് കഞ്ചാവിലേക്ക് പലരും തിരിയുന്നുണ്ട്. ഇന്ത്യയിലൊരിടത്തും ഉത്പാദിപ്പിക്കുന്നില്ല. വിദേശത്തുനിന്ന് കള്ളക്കടത്തായി എത്തിക്കുകയാണിത്.
ഒഡിഷയിൽനിന്നുള്ള കഞ്ചാവ് കിലോയ്ക്ക് 25,000 രൂപയ്ക്ക് കിട്ടുമ്പോൾ വിദേശത്തുനിന്നെത്തുന്ന ഹൈബ്രിഡ് ഇനത്തിന് കിലോഗ്രാമിന് 15 ലക്ഷം രൂപയോ അതിലധികമോ ആണ്. ലഹരി കൂടുതലുള്ള ഇനമാണ് ഹൈബ്രിഡ് കഞ്ചാവ്. പ്രത്യേക പരിചരണം നൽകി ഉത്പാദിപ്പിക്കുന്നതാണ്. എംഡിഎംഎ അര ഗ്രാം കൈവശം വെച്ചാൽ പോലും ജാമ്യമില്ലാക്കുറ്റമാണ്. എന്നാൽ, ഒരു കിലോയിലധികം കഞ്ചാവ് കൈവശം സൂക്ഷിച്ചാൽ മാത്രമേ ജാമ്യമില്ലാക്കുറ്റമാകൂവെന്നതും ഇതിലേക്ക് തിരിയാൻ പ്രേരിപ്പിച്ചിട്ടുണ്ടെന്നാണ് എക്സൈസ് നിഗമനം.
കാനഡയില്‍ ആള്‍ക്കുട്ടത്തിലേക്ക് വാഹനം പാഞ്ഞുകയറി അപകടം. നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. തുറമുഖനഗരമായ വാൻകൂവറിലാണ് ആക്രമണം നടന്നത്. കനേഡിയൻ ഫിലിപ്പിനോസിന്റെ പ്രാദേശിക ഉത്സവത്തോടനുബന്ധിച്ച് നിരവധി ജനങ്ങൾ തെരുവിൽ എത്തിയിരുന്നു. സ്ട്രീറ്റ് ഫെസ്റ്റിവലിൽ പങ്കെടുത്തുകൊണ്ടിരുന്ന ജനങ്ങൾക്കിടയിലേക്ക് അമിതവേഗതയിൽ കാർ ഇടിച്ചുകയറ്റിയാണ് കൂട്ടക്കൊല നടത്തിയത്.
സംഭവത്തിന് പിന്നാലെ വാഹനത്തിന്റെ ഡ്രൈവർ കസ്റ്റഡിയിലായി. കറുത്ത എസ്.യു.വി കാറാണ് ഇയാൾ ഓടിച്ചിരുന്നത്. ആളുകളെ ഇടിച്ചുതെറിപ്പിച്ച് ജനങ്ങളുടെ ശരീരത്തിലൂടെ കയറിയിറങ്ങി അരക്കിലോമീറ്ററോളം ദൂരം കാർ സഞ്ചരിച്ചുവെന്നാണ് വിവരം.
എത്ര പേർക്ക് ജീവഹാനി സംഭവിച്ചുവെന്നത് വ്യക്തമല്ല. ആളുകൾ പരിഭ്രാന്തരായി ഓടുന്നതും നിലവിളിക്കുന്നതുമായ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. തെരുവിലുടനീളം മൃതദേഹങ്ങൾ കിടക്കുന്ന വീഡിയോ ആക്രമണത്തിന്റെ ഗൗരവം വ്യക്തമാക്കുന്നു. അക്രമിയെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.
കാനഡയിൽ പത്ത് ലക്ഷത്തോളം ഫിലിപ്പിനോകളാണ് താമസിക്കുന്നത്. ആകെ ജനസംഖ്യയുടെ 2.58 ശതമാനം വരുമിത്. ഇന്ത്യൻ വംശജർ കഴിഞ്ഞാൽ കാനഡയിൽ ഏറ്റവുമധികമുള്ള കുടിയേറ്റക്കാർ ഫിലിപ്പിനോകളാണ്. ഫിലിപ്പീൻസ് എന്ന രാജ്യത്തിന്റെ പൈതൃകവും സംസ്കാരവും വിളിച്ചോതുന്ന ലാപു ലാപു ഡേ ഫെസ്റ്റിവലാണ് ശനിയാഴ്ച നടന്നിരുന്നത്.
ഇതിനായി തെരുവിൽ ഒത്തുകൂടിയ ഫിലിപ്പീൻസ് ജനതയെ ആസൂത്രണം ചെയ്ത് കൊലപ്പെടുത്തിയെന്നാണ് പ്രാഥമിക വിലയിരുത്തൽ. സംഭവത്തെ അപലപിച്ച് വാൻകൂവർ മേയർ കെൻ സിം രംഗത്തെത്തി. വാൻകൂവറിലെ ഫിലിപ്പിനോ സമൂഹത്തിന്റെ വേദനയ്‌ക്കൊപ്പം നിലകൊള്ളുന്നുവെന്നും പൊലീസ് അന്വേഷണം തുടരുകയാണെന്നും കെൻ സിം അറിയിച്ചു.
ഡല്‍ഹിയില്‍ ചേരിപ്രദേശത്തുണ്ടായ തീപ്പിടിത്തത്തില്‍ രണ്ട് കുട്ടികള്‍ വെന്തുമരിച്ചു. അഞ്ചുപേര്‍ക്ക് പരിക്കേറ്റു. താത്കാലികമായി കെട്ടിയുണ്ടാക്കിയ ആയിരത്തോളം കുടിലുകളും കത്തിനശിച്ചു. ഡല്‍ഹിയിലെ രോഹിണി സെക്ടറിലെ ശ്രീനികേതന്‍ അപ്പാര്‍ട്ട്‌മെന്റിലാണ് സംഭവം. മൂന്നുമണിക്കൂറോളം ശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്.
പ്രദേശത്തുനിന്ന് വലിയതോതില്‍ പുകപടലങ്ങള്‍ ഉയരുന്നതായി അറിയിച്ചുകൊണ്ട് ഉച്ചയ്ക്ക് 12 മണിയോടെ ഫോണ്‍കോള്‍ വന്നെന്ന് ഡല്‍ഹിയിലെ അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥന്‍ അറിയിച്ചു. ഉടന്‍തന്നെ അഗ്നിരക്ഷാസേനാ സ്ഥലത്തെത്തി. ഉച്ചയ്ക്ക് രണ്ടുമണിയോടെ മൂന്നും നാലും വയസ്സുള്ള രണ്ട് കുട്ടികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതായും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഇരുവരെയും തിരിച്ചറിഞ്ഞിട്ടില്ല. കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
അതേസമയം, തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമല്ല. താത്കാലിക കുടിലുകൾ നില്‍ക്കുന്നിടത്തുനിന്ന് തീ പടര്‍ന്ന ശേഷം വലിയതോതില്‍ വ്യാപിക്കുകയായിരുന്നെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. അഞ്ചേക്കറോളം സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന കുടിലുകളെയാണ് തീ വിഴുങ്ങിയത്. ഉച്ചയ്ക്ക് മൂന്നരയോടുകൂടി തീ നിയന്ത്രണവിധേയമാക്കാന്‍ കഴിഞ്ഞെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ഫ്രാൻസിസ് മാർപാപ്പയുടെ അന്ത്യയാത്രയിൽ പൂക്കുടയുമായി കബറിടം വരെ അകമ്പടി നൽകിയതിൽ മലയാളി പെൺകുട്ടിയും. തൃശൂർ പറപ്പൂക്കര ഇടവകാംഗമായ മുളങ്ങ് കരിപ്പേരി വീട്ടിൽ ഫെനിഷ് ഫ്രാൻസിസിന്റെയും കാഞ്ചന്‍റെയും മകളായ നിയയ്ക്കാണ് മാർപാപ്പയുടെ ശവമഞ്ചത്തിൽ അവസാനമായി പൂക്കളർപ്പിക്കാനുള്ള അപൂർവ ഭാഗ്യം ലഭിച്ചത്.
മൃതസംസ്കാരത്തിന് കര്‍ദിനാളുമാര്‍ക്ക് ഒപ്പം മേരി മേജര്‍ ബസിലിക്കയില്‍ പ്രവേശനം ലഭിച്ച ആകെ നാല് പേരില്‍ ഒരാളാണ് പത്ത് വയസുകാരി നിയ. മകൾക്ക് അസുലഭ ഭാഗ്യം ലഭിച്ചതിന്റെ സന്തോഷത്തിലാണ് കുടുംബം. കർദിനാൾ മാർ ജോർജ് ജേക്കബ് കൂവക്കാടിന്റെ നിർദേശ പ്രകാരം ബസിലിക്ക വികാരി ഫാ.ബാബു പാണാട്ടുപറമ്പിലാണ് നിയയെ പൂക്കുടയുമായി നടക്കാൻ ചുമതലപ്പെടുത്തിയത്.
സീറോ മലബാർ സഭയ്ക്കുവേണ്ടി വത്തിക്കാനിൽ സ്‌ഥാപിച്ച സാന്താ അസ്താസിയ ബസിലിക്ക ഇടവകാംഗമാണ് നിയ. ഇറ്റാലിയൻ പബ്ലിക് സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാർഥിനിയാണ് നിയ.
ഹൈബ്രിഡ് കഞ്ചാവുമായി സംവിധായകർ ഉൾപ്പടെ മൂന്നുപേരെ എക്സൈസ് അറസ്റ്റ് ചെയ്തു. കൊച്ചിയിലെ ഹോട്ടലിൽ നടത്തിയ പരിശോധനയിൽ സംവിധായകരായ ഖാലിദ് റഹ്മാൻ, അഷ്റഫ് ഹംസ എന്നിവരും ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഷാലിഫ് മുഹമ്മദുമാണ് അറസ്റ്റിലായത്.
രഹസ്യവിവരത്തെ തുടർന്ന് എക്സൈസ് സ്പെഷൽ സ്ക്വാഡ് ഞായറാഴ്ച പുലർച്ചെ നടത്തിയ പരിശോധനയിലാണ് ഇവർ കുടുങ്ങിയത്. ഇവരിൽ നിന്നും 1.6 ഗ്രാം ഹൈബ്രിഡ് കഞ്ചാവ് പിടിച്ചെടുത്തെന്ന് അധികൃതർ പറഞ്ഞു. മൂവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയശേഷം ജാമ്യത്തിൽ വിട്ടു.
അടുത്തിടെ ഇറങ്ങിയ ആലപ്പുഴ ജിംഖാനയടക്കം ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ് ഖാലിദ് റഹ്മാൻ. തമാശ, ഭീമന്റെ വഴി എന്നി സിനിമയുടെ സംവിധായകനാണ് അഷറ്ഫ് ഹംസ. തല്ലുമാല എന്ന ഹിറ്റ് സിനിമയുടെ സഹരചിയതാവ് കൂടിയാണ് അഷ്റഫ് ഹംസ.
ഉണ്ട, തല്ലുമാല, അനുരാഗ കരിക്കിൻ വെള്ളം, ലൗവ് തുടങ്ങിയ സിനിമയും ഖാലിദ് റഹ്മാൻ സംവിധാനം ചെയ്തിട്ടുണ്ട്. മഞ്ഞുമ്മൽ ബോയ്സ് എന്ന സിനിമയിൽ ശ്രദ്ധേയമായ വേഷവും ഖാലിദ് റഹ്മാൻ ചെയ്തിട്ടുണ്ട്.
ഇവർക്ക് എവിടെ നിന്നാണ് കഞ്ചാവ് ലഭിച്ചത് എന്നതിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചെന്ന് എക്സൈസ് സംഘം പറഞ്ഞു.
ശസ്ത്രക്രിയ കഴിഞ്ഞ് ഐ.സി.യുവിൽ കിടന്ന യുവതിയോട് അതിക്രമം കാണിച്ച മെഡിക്കൽ കോളേജ് ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ആശുപത്രിയിലെ ഗ്രേഡ് 2 ജീവനക്കാരൻ ദിൽകുമാറിനെയാണ് അറസ്റ്റ് ചെയ്തത്.
വെള്ളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഓർത്തോപീഡിക്‌സ് വിഭാഗത്തിൽ ചികിത്സയിലായിരുന്ന രോഗിയോടാണ് അറ്റൻഡറായ ദിൽകുമാർ അപമര്യാദയായി പെരുമാറിയത്. രാത്രി ബന്ധുക്കൾ കാണാനെത്തിയപ്പോഴാണ് യുവതി തനിക്കുണ്ടായ ദുരനുഭവം പങ്കുവെച്ചത്. പിന്നാലെ പോലീസിൽ വിവരം അറിയിക്കുകയും ചെയ്തു. തുടർന്ന് യുവതിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.
അതേസമയം, ഇയാളെ സസ്‌പെൻഡ് ചെയ്തെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ബി.എസ്.സുനിൽകുമാർ അറിയിച്ചു. ജീവനക്കാരൻ രോഗിയോട് അപമര്യാദയായി പെരുമാറിയെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. നിയമനടപടികൾ സ്വീകരിക്കുന്നതിനായി അധികൃതരെ വിവരം അറിയിച്ചിട്ടുണ്ടെന്നും സൂപ്രണ്ട് പറഞ്ഞു.
ജോലി വാഗ്ദാനം ചെയ്ത് 18കാരിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതി അറസ്‌റ്റിൽ. തിരുവനന്തപുരം വട്ടിയൂർക്കാവ് കാവല്ലൂർ സ്വദേശി മുരുകനെയാണ് (35) വട്ടിയൂർക്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്.
പെൺകുട്ടിക്ക് നല്ല ജോലി വാങ്ങി നൽകാമെന്ന് വിശ്വസിപ്പിക്കുകയും ഇന്റർവ്യൂവിന് പോകുകയാണെന്ന വ്യാജേന പെൺകുട്ടിയെ കാറിൽ പൊന്മുടിയിലേക്ക് കൊണ്ടുപോകുകയും ചെയയ്തതായാണ് പരാതി. കാർ യാത്രയ്ക്കിടെ വാഹനത്തിൽ വെച്ച് തന്നെ മുരുകൻ പെൺകുട്ടിയെ കയറി പിടിക്കാൻ ശ്രമിച്ചു.
പെൺകുട്ടി ശക്തമായി എതിർത്തതോടെ ആ ശ്രമം ഉപേക്ഷിച്ചു. വാഹനം പൊന്മുടിയിലെത്തിച്ചശേഷം പ്രതി മുറിയെടുക്കാനുള്ള ശ്രമം നടത്തിയപ്പോഴാണ് താൻ ട്രപ്പിലാണെന്ന് പെൺകുട്ടിക്ക് ബോധ്യമായത്. തുടർന്ന് പെൺകുട്ടി റൂം എടുക്കുന്നത് എന്തിനെന്ന് ചോദിച്ചു.
അവൾ ബഹളം വെച്ചതോടെ, ഇവർ തിരികെ മടങ്ങുകയായിരുന്നു. തിരികെ വീട്ടിൽ എത്തിയ പെൺകുട്ടി രക്ഷിതാക്കളെ വിവരം അറിയിച്ചു. ഇതോടെ രക്ഷിതാക്കളാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്.
ഫ്രാൻസിസ് മാർപാപ്പയുടെ ഭൗതികശരീരം കബറടക്കി. റോമിലെ സെന്റ് മേരിസ് മേജർ ബസിലിക്കയിലാണ് പാപ്പയ്ക്ക് അന്ത്യവിശ്രമം ഒരുക്കിയിരിക്കുന്നത്. വത്തിക്കാനിൽ നിന്ന് നാല് കിലോമീറ്റർ അകലെയുള്ള സെന്റ് മേരീസ് ബസിലിക്കയിലേയ്ക്ക് വിലാപയാത്രയായാണ് ഭൗതികശരീരം എത്തിച്ചത്.
വിലാപയാത്ര കടന്നുപോയ വഴികളിൽ വിശ്വാസികൾ പ്രാർഥനയോടെ നിലകൊണ്ടിരുന്നു. വൈദിക സമൂഹത്തിനൊപ്പം നിരവധി പ്രമുഖരും മാർപാപ്പയ്ക്ക് അന്ത്യാഞ്ജലി അർപിപ്പിച്ചു. സംസ്കാര ചടങ്ങുകളോട് അനുബന്ധിച്ച കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്.
നേരത്തെ സെന്റ് പീറ്റേഴ്സ് ചത്വരത്തിലെ ശുശ്രൂഷകൾക്ക് കർദിനാൾ തിരുസംഘത്തിന്റെ തലവൻ കർദിനാൾ ജൊവാന്നി ബാത്തിസ്ത റെയാണ് മുഖ്യകാര്‍മികത്വം വഹിച്ചത്. മിഷണറി തീക്ഷ്ണതയോടെ മാര്‍പാപ്പ സഭയെ നയിച്ചെന്ന് വചനസന്ദേശത്തില്‍ കര്‍ദിനാള്‍ അനുസ്മരിച്ചു. കരുണയാണ് സുവിശേഷത്തിന്റെ ഹൃദയമെന്ന് പാപ്പ പഠിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു.
കത്തോലിക്കാസഭയിലെ 23 വ്യക്തിഗത സഭകളുടെയും തലവന്മാരാണ് പ്രാര്‍ഥനകള്‍ക്ക് നേതൃത്വം നല്‍കിയത്. കേരളത്തിൽനിന്ന് സീറോ മലബാർ സഭാ മേജർ ആർച്ച്ബിഷപ്പ് മാർ റാഫേൽ തട്ടിൽ, സീറോ മലങ്കര സഭയുടെ അധ്യക്ഷൻ കർദിനാൾ ബസേലിയോസ് മാർ ക്ലീമിസ് കാതോലിക്കാ ബാവ എന്നിവരും ശുശ്രൂഷയിൽ പങ്കെടുത്തു.
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്, യുക്രെയ്ൻ പ്രസിഡന്റ് വ്ലാഡ്മിർ സെലൻസ്കി, രാഷ്ട്രപതി ദ്രൗപതി മുർമു തുടങ്ങി 130 രാജ്യങ്ങളിൽ നിന്നുള്ള ലോക നേതാക്കളും വത്തിക്കാനിലെത്തി മാർപാപ്പയ്ക്ക് ആദരാഞ്ജലി അർപ്പിച്ചിരുന്നു.
തരുൺ മൂർത്തി സംവിധാനം ചെയ്ത ‘തുടരും’ എന്ന ചിത്രത്തിന്റെ വിജയത്തിൽ ആരാധകരോട് നന്ദി പറഞ്‍ മോഹൻലാൽ. വികാരാധീനനായി തന്റെ സോഷ്യൽ മീഡിയയിലൂടെയാണ് മോഹൻലാൽ നന്ദി കുറിപ്പ് പങ്ക് വെച്ചത്. ആദ്യ ദിനം തന്നെ ഗംഭീര അഭിപ്രായം നേടിയ ചിത്രം മോഹൻലാൽ പൂനെയിൽ വെച്ച് തിയറ്ററിൽ കണ്ടിരുന്നു.
“തുടരും എന്ന ചിത്രത്തെക്കുറിച്ചുള്ള നിങ്ങളുടെ ഓരോ നല്ല വാക്കും, അഭിനന്ദനവും എന്നെ ആഴത്തിൽ സ്പർശിച്ചു. അതെല്ലാം ഈ യാത്രയിൽ എനിക്കൊപ്പം നടന്ന്, ഈ ചിത്രത്തിലെ ഓരോ ഫ്രയിമിലേക്കും സ്നേഹവും, അധ്വാനവും, ആത്മാവും സമർപ്പിച്ച ഓരോരുത്തർക്കും അവ ഞാൻ സമർപ്പിക്കുന്നു” മോഹൻലാൽ കുറിച്ചു.
മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട താര ജോഡിയായ മോഹൻലാൽ-ശോഭനയുടെ സാന്നിധ്യമായിരുന്നു, റിലീസിന് മുൻപ് വരെ ചിത്രത്തിലുള്ള പ്രധാന ആകർഷണഘടകം. എന്നാൽ ട്രെയ്‌ലർ റിലീസ് ചെയ്തതോടെ ചിത്രം ഒരു ഫീൽഗുഡ് ചിത്രം മാത്രമല്ല വളരെ ഉദ്യോഗജനക മുഹൂർത്തങ്ങളും ചിത്രത്തിലുണ്ട് എന്ന് ആരാധകർക്ക് ബോധ്യപ്പെട്ടിരുന്നു.
സംവിധായകൻ തരുൺ മൂർത്തി ചിത്രത്തിന്റെ പ്രമോഷണൽ മറ്റിരിയലുകളിലൊന്നും സൂചിപ്പിക്കാത്ത പല സസ്പെൻസ് സീനുകളും വലിയൊരു സർപ്രൈസ് ആയിരുന്നുവെന്നാണ് ചിത്രം കണ്ട ആരാധകർ പ്രതികരിച്ചത്. ദൃശ്യം 2 വിന് ശേഷം വീണ്ടും മോഹൻലാൽ ഒരു കുടുംബനാഥന്റെ വേഷത്തിലെത്തിയ ‘തുടരും’ എമ്പുരാന് ശേഷം മോഹൻലാലിന് അടുത്ത ബോക്സോഫീസ് വിജയം സമ്മാനിക്കുമെന്നാണ് പ്രതീക്ഷ.
കേരളീയരെ വിവാഹംകഴിച്ച് വർഷങ്ങളായി കേരളത്തിൽത്തന്നെ കഴിയുന്ന ദീർഘകാല വിസയുള്ള പാകിസ്താൻ പൗരർക്ക് കേരളം വിടേണ്ടിവരില്ല. താത്കാലിക വിസയെടുത്ത് കച്ചവടത്തിനും വിനോദസഞ്ചാരത്തിനും ചികിത്സയ്ക്കുമായെത്തിയ പാകിസ്താൻകാർ ചൊവ്വാഴ്ചയ്ക്കുമുൻപ് രാജ്യംവിടണം. ഇത്തരത്തിൽ 59 പേരാണുള്ളത്. കഴിഞ്ഞദിവസംതന്നെ ഏതാനുംപേർ മടങ്ങി.
പോലീസ് കണക്കനുസരിച്ച് കേരളത്തിൽ 104 പാകിസ്താൻ പൗരരാണുള്ളത്. 45 പേർ ദീർഘകാല വിസയിലും 55 പേർ സന്ദർശക വിസയിലും മൂന്നുപേർ ചികിത്സയ്ക്കായും എത്തിയവരാണ്. ഒരാൾ അനധികൃതമായി രാജ്യത്ത് പ്രവേശിച്ചതിനാൽ ജയിലിലുമാണ്.
ദീർഘകാല വിസയുള്ളവർ കണ്ണൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് കൂടുതലും.
മെഡിക്കൽ വിസയിലെത്തിയവർ 29-നും വിനോദസഞ്ചാരവിസയിലും മറ്റുമെത്തിയവർ 27-നുമുള്ളിൽ രാജ്യംവിടണമെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നിർദേശം. ഉത്തരവ് വെള്ളിയാഴ്ച ഉച്ചയോടെ സംസ്ഥാനത്ത് ലഭിച്ചു. കോഴിക്കോട്ട് അഞ്ച് പാക് പൗരരാണ് നിലവിലുള്ളത്. ഇതിൽ നഗരപരിധിയിലുള്ളയാൾക്ക് ദീർഘകാല വിസയുണ്ട്.