എഡ്യുക്കേഷന്‍ ടെക് കമ്പനിയായ ബൈജൂസിന്റെ ബ്രാന്‍ഡ് അംബാസഡറായി അര്‍ജന്റീന സൂപ്പര്‍ താരം ലിയോണല്‍ മെസി. മലയാളി സംരംഭകന്‍ ബൈജു രവീന്ദ്രന്റെ ഉടമസ്ഥതയിലുള്ള എഡ്യുക്കേഷന്‍ ടെക് കമ്പനിയാണ് ബൈജൂസ്. ബൈജൂസുമായി മെസി കരാറില്‍ ഒപ്പുവെച്ചു.
ബൈജൂസിന്റെ ജേഴ്‌സി ധരിച്ച് ലോകകപ്പില്‍ കളിക്കാനുപയോഗിക്കുന്ന അല്‍ രിഹ്ല പന്തും പിടിച്ച് മെസി നില്‍ക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. ഖത്തറില്‍ ലോകകപ്പിന് പന്തുരുളാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെയാണ് മെസിയെ ബൈജൂസ് ബ്രാന്‍ഡ് അംബാസഡറായി പ്രഖ്യാപിച്ചത്.
എല്ലാവര്‍ക്കും വിദ്യാഭ്യാസമെന്ന ബൈജൂസിന്റെ സോഷ്യല്‍ ഇനിഷ്യേറ്റീവ് ബ്രാന്‍ഡ് ആദ്യ ആഗോള അംബാസഡറായാണ് മെസിയെ നിയോഗിച്ചത്. 2020ലാണ് എല്ലാവര്‍ക്കും വിദ്യാഭ്യാസമെന്ന സോഷ്യല്‍ ഇനിഷ്യേറ്റീവിന് ബൈജൂസ് തുടക്കമിട്ടത്. ഈ മാസം തുടങ്ങുന്ന ഖത്തര്‍ ലോകകപ്പിന്റെ ഔദ്യോഗിക സ്‌പോണ്‍സര്‍മാര്‍ കൂടിയാണ് ബൈജൂസ്.
ബൈജൂസിന്റെ സാമൂഹിക പ്രതിബദ്ധതാ അംബാസഡര്‍ എന്ന നിലയില്‍ ഇനി മെസി പ്രവര്‍ത്തിക്കും. ‘എല്ലാവര്‍ക്കും വിദ്യാഭ്യാസം’ എന്ന ബൈജൂസിന്റെ പദ്ധതിയുമായാണ് മെസി സഹകരിക്കുക. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെയും ലോകകപ്പ് ക്രിക്കറ്റിന്റെയും സ്‌പോണ്‍സര്‍മാരാണ് നിലവില്‍ ബൈജൂസ്.
കമ്പനി കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ് എന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ആഗോളതലത്തില്‍ തന്നെ ഏറ്റവും ആരാധകരുള്ള കായിക താരങ്ങളില്‍ ഒരാളുമായി ബൈജൂസ് കൈകോര്‍ക്കുന്നത്. ഫുട്‌ബോള്‍ ലോകകപ്പ് അടുത്തിരിക്കെയാണ് ബൈജൂസിന്റെ നീക്കം എന്നത് ശ്രദ്ധേയമാണ്.
ബൈക്കിന് പിന്നിൽ ലോറിയിടിച്ച് അച്ഛനും മകൾക്കും ദാരുണ മരണം. ബൈക്കിൽ യാത്ര ചെയ്തിരുന്ന ഗോപകുമാറും പ്ലസ് ടു വിദ്യാർത്ഥിനിയുമായ മകൾ ഗൗരിയുമാണ് മരണപ്പെട്ടത്. കൊല്ലം മൈലക്കോട് ദേശീയ പാതയിലാണ് ദാരുണ അപകടം നടന്നത്. മകൾ ഗൗരിയെ സ്‌കൂളിൽ കൊണ്ടുവിടാനുള്ള യാത്രയാണ് അപകടത്തിൽ കലാശിച്ചത്.
ചാത്തന്നൂർ സർക്കാർ ഹയർ സെക്കണ്ടറി സ്‌കൂളിലെ കൊമേഴ്സ് വിദ്യാർത്ഥിനിയാണ് ഗൗരി. തിരുവനന്തപുരം ഭാഗത്തേക്ക് പോകുകയായിരുന്നു ട്രെയിലർ ഇവരുടെ ബൈക്കിന് പിന്നിൽ ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽ ഗോപകുമാറിന്റെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി. സംഭവ സ്ഥലത്ത് വെച്ചുതന്നെ ഗോപകുമാർ മരണത്തിന് കീഴടങ്ങുകയും ചെയ്തു.
സാരമായി പരിക്കേറ്റ ഗൗരിയെ ഉടനടി കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. പിതാവിന്റെ മരണത്തിന് പിന്നാലെ ഗൗരിയും ലോകത്തോട് വിടചൊല്ലി. 2 ജീവനും പൊലിയാൻ ഇടയാക്കിയത് ലോറി ഡ്രൈവറുടെ ഒരു നിമിഷത്തെ അശ്രദ്ധയും അനാസ്ഥയുമാണെന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നു.
ബൈക്കിന്റെ പിന്നിൽ വന്നിടിച്ച ശേഷം ലോറി 20 മീറ്ററോളമാണ് വലിച്ചുകൊണ്ടുപോയത്. തുടർന്നും മുന്നോട്ടെടുത്ത ലോറിയെ നാട്ടുകാർ ഓടിക്കൂടിയാണ് പിടിച്ചുവെച്ചത്. അപകട സ്ഥലത്തുനിന്ന് നൂറു മീറ്റർ അകലെയാണ് ലോറി നിർത്തിയത്. പിഴവ് ലോറി ഡ്രൈവറുടെ ഭാഗത്ത് തന്നെയാണെന്ന് മോട്ടോർ വാഹന വകുപ്പും പോലീസും വ്യക്തമാക്കി.
കാറില്‍ചാരിയെന്ന് ആരോപിച്ച് തലശ്ശേരിയില്‍ ആറുവയസുകാരനെ ചവിട്ടി തെറിപ്പിച്ച് കാറുടമയുടെ ക്രൂരത. സംഭവത്തില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെ പ്രതി പിടിയിലായി. പൊന്ന്യംപാലം സ്വദേശി ശിഹ്ഷാദിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാള്‍ക്ക് എതിരെ വധശ്രമം ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്.
രാജസ്ഥാന്‍ സ്വദേശിയായ ഗണേഷ് എന്ന കുട്ടിയെയാണ് ഇയാള്‍ ഉപദ്രവിച്ചതെന്നാണ് വിവരം. കാറില്‍ ചാരിനില്‍ക്കുകയായിരുന്ന കുട്ടിയെ യാതൊരു പ്രകോപനവും കൂടാതെയാണ് ഇയാള്‍ ചവട്ടിത്തെറിപ്പിച്ചത്. രാജസ്ഥാനില്‍ നിന്ന് ജോലി തേടി കേരളത്തിലെത്തിയ കുടുംബത്തിലെ അംഗമാണ് മര്‍ദനമേറ്റ ഗണേഷ്.
നടുവിന് പരിക്കേറ്റ കുട്ടി തലശേരി ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തിന് പിന്നാലെ സമീപത്തെ ഓട്ടോ ഡ്രൈവറും മറ്റും ശിഹ്ഷാദിനെ ചോദ്യം ചെയ്‌തെങ്കിലും ഇയാള്‍ കാറില്‍ കയറി സ്ഥലം വിടുകയായിരുന്നു.
പിന്നീട് പോലീസ് ഇയാളെയും ഇയാളുടെ വാഹനവും കസ്റ്റഡിയിലെടുത്തു. പ്രതിക്ക് എതിരെ വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തതായി പോലീസ് അറിയിച്ചു. സംഭവത്തിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു. സോഷ്യല്‍മീഡിയയിലടക്കം രൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ന്നത്. തലശ്ശേരിയില്‍ വ്യാഴാഴ്ച വൈകുന്നേരമാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.
മലയാളികളുടെ പ്രിയപ്പെട്ട മാപ്പിളപ്പാട്ട് ഗായകന്മാരില്‍ ഒരാളാണ് സലിം കൊടത്തൂര്‍. ഇപ്പോഴിതാ വിമാനത്താവളത്തില്‍ നേരിടേണ്ടി വന്ന ദുരനുഭവം തുറന്നു പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് സലീം. ഫേസ്ബുക്കിലെ ലൈവ് വീഡിയോയിലൂടെയാണ് സലീം കൊടത്തൂര്‍ താന്‍ നേരിട്ട ദുരനുഭവം വെളിപ്പെടുത്തിയത്.
താനൊരു മലപ്പുറം ജില്ലക്കാരനായതിനാലും സലീം എന്ന പേരുകാരനായത് കൊണ്ടും വിമാനത്താവളത്തില്‍ പ്രത്യേക പരിശോധനക്ക് വിധേയനാകേണ്ടി വരുന്നുവെന്ന് സലീം പറഞ്ഞു. ഇത്തരത്തിലൊരു അനുഭവം ആദ്യമായിട്ടല്ലെന്നും നേരത്തെയുമുണ്ടായിരുന്നുവെന്നും ഗായകന്‍ കൂട്ടിച്ചേര്‍ത്തു.
താന്‍ പലപ്പോഴും കൊച്ചി എയര്‍പ്പോട്ടില്‍ നിന്നാണ് യാത്ര ചെയ്യാറുള്ളത്. ഇത് പലപ്പോഴും ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ടെന്നും മലപ്പുറത്ത് വീടുള്ളപ്പോഴും സമീപത്ത് മറ്റൊരു എയര്‍പോട്ട് ഉണ്ടായിട്ടും എന്തുകൊണ്ടാണ് കൊച്ചിയില്‍ യാത്ര ചെയ്യുന്നതെന്ന ചോദ്യങ്ങള്‍ നേരിടേണ്ടിട്ടുണ്ടെന്നും സലീം കൊടത്തൂര്‍ പറയുന്നു.
കൊച്ചി എയര്‍പോട്ട് തെരഞ്ഞെടുക്കുന്നത് തനിക്ക് വീട്ടിലേക്ക് എത്താന്‍ എളുപ്പത്തിനാണ്. പാസ്‌പോര്‍ട്ട് നോക്കിയ ശേഷം വിശദമായി പരിശോധിക്കണമെന്ന് പറഞ്ഞ് അടിവസ്ത്രം വരെ ഊരി പരിശോധിച്ചിട്ടുണ്ടെന്നും മലപ്പുറത്തുള്ള ചിലര്‍ തെറ്റുചെയ്‌തെന്ന് കരുതി എല്ലാ മലപ്പുറംകാരും അതുപോലെ ചെയ്യണമെന്നുണ്ടോ എന്നും സലീം ചോദിക്കുന്നു.
എയര്‍പോര്‍ട്ടിലെ ഉദ്യോഗസ്ഥര്‍ക്ക് തന്റെ ജോലിയുടെ കാര്യം പറഞ്ഞുകൊടുത്തു, ചെയ്ത വര്‍ക്കുകള്‍ കാണിച്ചുകൊടുക്കുകയും ചെയ്തിരുന്നുവെന്നും എന്നിട്ടും തന്നെ മാനസികമായി പീഡിപ്പിച്ചുവെന്നും ഗായകന്‍ പറയുന്നു. തനിക്ക് തന്റെ ജില്ല മാറാനോ പേര് മാറ്റാനോ പറ്റില്ലെന്നും അദ്ദേഹം പറയുന്നു.
‘ഉദ്യോഗസ്ഥര്‍ ചോദിക്കുന്നത് എന്തുകൊണ്ടാണ് മാസം പലതവണ യാത്ര ചെയ്യുന്നതെന്നാണ് . ഞാന്‍ മനസിലാക്കുന്നത്, ഞാന്‍ മലപ്പുറം ജില്ലക്കാരനായത് കൊണ്ടും എന്റെ പേര് സലിം എന്നായതുമാണ് ചോദ്യം ചെയ്യപ്പെടുന്നതിന് കാരണമെന്നാണ്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഓസ്ട്രേലിയയിൽ നിന്ന് കൊലപാതകം നടത്തി ഇന്ത്യയിലേക്ക് കടന്ന നഴ്‌സിനെ പിടികൂടാൻ സഹായിക്കുന്നവർക്ക് ഒരു ബില്യൺ ഓസ്‌ട്രേലിയൻ ഡോളർ പ്രതിഫലം പ്രഖ്യാപിച്ച് ഓസ്‌ട്രേലിയൻ സർക്കാർ. ഇന്ത്യാക്കാരനായ രാജ്‌വേന്ദ്രർ സിംഗാണ് കുറ്റവാളി. 2018ൽ ആണ് സംഭവം. ബീച്ചിൽ സവാരിക്കിറങ്ങിയ 24കാരിയെ ഇയാൾ കൊലപ്പെടുത്തിയെന്നാണ് കേസ്.
ഇന്നിസ്‌ഫാളിൽ നഴ്സായി ജോലി ചെയ്‌തിരുന്ന രാജ്‌വീന്ദർ കൊലപാതകത്തിന് ശേഷം ഇന്ത്യയിലേക്ക് കടക്കുകയായിരുന്നു. ഭാര്യയെയും മൂന്ന് മക്കളെയും ഉപേക്ഷിച്ച ശേഷമാണ് ഇയാൾ രക്ഷപ്പെട്ടത്. ക്വീൻസ്‌ലാൻഡ് പൊലീസാണ് ഇയാളെ പിടികൂടാൻ സഹായിക്കുന്നവർക്ക് റെക്കോഡ് തുക പ്രതിഫലമായി പ്രഖ്യാപിച്ചിരിക്കുന്നത്.
ഇന്ത്യയിൽനിന്നുള്ളവർ തന്നെ തങ്ങളെ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ക്വീൻസ്‌ലാൻഡ് പൊലീസ് പറയുന്നു.കൊലപാതകം നടന്നത് ഒക്‌ടോബർ 21നാണ്. പിറ്റേദിവസം തന്നെ രാജ്‌വേന്ദ്രർ സിഡ്‌നിയിൽ എത്തുകയും, തുടർന്ന് ഇന്ത്യയിലേക്ക് കടക്കുകയുമായിരുന്നു. ഇയാൾ ഇന്ത്യയിലേക്കാണ് കടന്നതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
Anyone with information regarding the case or the whereabouts of Rajwinder Singh is urged to contact Queensland Police through the online portal (https://t.co/dWGfIYaKbX). In addition, anyone in Australia with information can call Crime Stoppers on 1800 333 000. pic.twitter.com/vd3e1W1SM7
— Queensland Police (@QldPolice) November 2, 2022
യുവതിയെയും മക്കളെയും കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തിന് പിന്നില്‍ ഭര്‍തൃവീട്ടിലെ പീഡനമെന്ന ആരോപണവുമായി യുവതിയുടെ കുടുംബം. മാനസിക ശാരീരിക പീഡനങ്ങളെക്കുറിച്ചുള്ള വോയിസ് മെസേജ് യുവതി അയച്ചിരുന്നെന്ന് സഹോദരന്‍ പറഞ്ഞു. പുലര്‍ച്ചെ സഫ്‍വ ഭര്‍ത്താവിന് സന്ദശമയച്ചിരുന്നെന്നും മര്‍ദനം സഹിക്കാം കുത്തുവാക്കുകള്‍ സഹിക്കാനാവില്ലെന്നുമുള്ള ഓഡിയോ സന്ദേശം സഫ്‍വയുടെ ഫോണ്‍ പരിശോധിച്ചപ്പോള്‍ കണ്ടെത്തിയെന്ന് സഹോദരന്‍ പറഞ്ഞു. മരണവിവരം നാലുമണിക്ക് അറിഞ്ഞിട്ടും വൈകിയാണ് തങ്ങളെ അറിയിച്ചതെന്നും കുടുംബം ആരോപിച്ചു.
ഇന്നലെ ഭര്‍ത്താവിന്‍റെ സഹോദരി ഉള്‍പ്പെടെയുള്ളവര്‍ വീട്ടിലുണ്ടായിരുന്നു. രണ്ട് പെണ്‍കുട്ടികളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി സഫ്‍വ ആത്മഹത്യ ചെയ്‍തെന്ന് വിശ്വസിക്കാന്‍ പ്രയാസമുണ്ടെന്നും സത്യാവസ്ഥ പുറത്തെത്തണമെന്നും കുടുംബം ആവശ്യപ്പെട്ടു. താനിന്നലെ മറ്റൊരു മുറിയിലായിരുന്നു കിടന്നതെന്നും പുലര്‍ച്ചെയാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടതെന്നുമാണ് ഭര്‍ത്താവ് റഷീദലി പറയുന്നത്. താനൂര്‍ ഡിവൈഎസ്പിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
ചലച്ചിത്ര നിര്‍മ്മാതാവ് വിശാഖ് സുബ്രഹ്‌മണ്യം വിവാഹിതനായി. സംരംഭകയായ അദ്വിത ശ്രീകാന്ത് ആണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങില്‍ സിനിമാ താരങ്ങളും സന്നിഹിതരായി.
മോഹന്‍ലാല്‍, ശ്രീനിവാസന്‍, ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ്, വിനീത് ശ്രീനിവാസന്‍, എംജി ശ്രീകുമാര്‍, വിധു പ്രതാപ്, റഹ്‌മാന്‍ ഉള്‍പ്പടെ നിരവധി പേര്‍ സകൂടുംബമാണ് വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയത്.
പ്രൊഡ്യൂസര്‍, ഡിസ്ട്രിബ്യൂട്ടര്‍, എക്‌സിബിറ്റര്‍ എന്നീ മേഖലകളിലെല്ലാം വിശാഖ് സജീവമാണ്. മെറിലാന്‍ഡ് സ്റ്റുഡിയോയുടെ സ്ഥാപകനായ സുബ്രഹ്‌മണ്യത്തിന്റെ കൊച്ചുമകനാണ് വിശാഖ്. കൂടാതെ ഫന്റാസ്റ്റിക് ഫിലിംസിന്റെ പാര്‍ട്ണര്‍ കൂടിയാണ്.
ധ്യാന്‍ ശ്രീനിവാസന്‍ സംവിധാനം ചെയ്ത ‘ലവ് ആക്ഷന്‍ ഡ്രാമ’ എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി വിശാഖ് നിര്‍മാതാവ് ആകുന്നത്. പിന്നീട് അരുണ്‍ സന്തോഷ് സംവിധാനം ചെയ്ത ‘സാജന്‍ ബേക്കറി സിന്‍സ് 1962’ എന്ന സിനിമയും നിര്‍മ്മിച്ചു. ‘ഹൃദയം’ സിനിമയുടെ നിര്‍മ്മാതാവും വിശാഖ് ആണ്.
ബിജു കുളങ്ങര
ലണ്ടൻ: ഇന്ത്യൻ ഓർത്തഡോക്സ് സഭയുടെ യുകെ, യൂറോപ്പ് & ആഫ്രിക്ക ഭദ്രാസനത്തിന്റ പുതിയ അധിപനായി എബ്രഹാം മാർ സ്തേഫാനോസ് മെത്രാപ്പൊലീത്ത നവംബർ 5 ന് യുകെ യിൽ എത്തും. നവംബർ 6 ന് രാവിലെ ലണ്ടനിലെ സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് പള്ളിയിലെ പരുമല പെരുന്നാളിനോട് അനുബന്ധിച്ച് വി. കുർബാന അർപ്പിക്കും. തുടർന്ന് സഭയുടെ ഭദ്രാസന ഓഫീസ് സ്ഥിതി ചെയ്യുന്ന സ്വിൻഡനിൽ എത്തി ചുമതല ഏൽക്കും. പത്തനംത്തിട്ട മൈലപ്ര സ്വദേശിയാണ്.
കാലം ചെയ്ത ഡോ. തോമസ് മാർ മക്കാറിയോസ് മെത്രാപ്പൊലീത്ത ഭദ്രാസനാധിപനായിരിക്കെ 2009 ലാണ് കാനഡ, യുകെ & യൂറോപ്പ് ഭദ്രാസനം വിഭജിച്ച് 18 പള്ളികളും കോൺഗ്രിഗേഷനുകളും ഉൾപ്പെടുന്ന യുകെ, യൂറോപ്പ് & ആഫ്രിക്ക ഭദ്രാസനം രൂപം നൽകിയത്. തുടർന്ന് ഡോ.മാത്യൂസ് മാര്‍ തീമോത്തിയോസ് മെത്രാപ്പൊലീത്ത ഭദ്രാസനാധിപനായി ചുമതലയേറ്റു. ഇപ്പോൾ ഭദ്രാസനത്തിന്റെ കീഴിൽ പത്തോളം രാജ്യങ്ങളിൽ 51പള്ളികളും കോൺഗ്രിഗേഷനുകളുമാണ് ഉള്ളത്.

കേരളത്തിൽ വച്ച് ഭദ്രാസനത്തിന്റെ ചുമതല ഔദ്യോഗികമായി മുൻ ഭദ്രാസന മെത്രാപ്പൊലീത്ത ഡോ. മാത്യൂസ് മാർ തിമോത്തിയോസ് നിയുക്ത ഭദ്രാസന മെത്രാപ്പൊലീത്ത എബ്രഹാം മാർ സ്തെഫാനോസിന് കൈമാറിയിരുന്നു. യുകെ യിലെ കൗൺസിൽ ഓഫ് ഓറിയന്റൽ ഓർത്തഡോക്സ് ചർച്ചസിന്റെ സെക്രട്ടറി, കാത്തലിക് – ഓറിയന്റൽ ഓർത്തഡോക്സ് റീജിയണൽ ഫോറത്തിന്റെ കോ-സെക്രട്ടറി എന്നീ നിലകളിൽ സേവന അനുഷ്ഠിച്ചിട്ടുള്ള മെത്രാപ്പൊലീത്ത കോട്ടയം പഴയ സെമിനാരി അസിസ്റ്റന്റ് പ്രൊഫസർ, തൃശൂർ കുന്നംകുളം കരിക്കോട് സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി വികാരി എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചു വരികയെയാണ് 2022 ജൂലൈയിൽ പഴഞ്ഞി സെന്റ് മേരീസ് കത്തീഡ്രലിൽ വച്ച് മെത്രാപ്പൊലീത്തയായി അഭിഷിക്തനായത്.
വിമാനത്തിന്റെ ചിറക് കെഎസ്‌ആർടിസി ബസിൽ ഇടിച്ചുകയറി നിരവധി പേർക്ക് പരിക്ക്. ട്രെയിലർ ലോറിയിൽ കൊണ്ടുപോകുകയായിരുന്ന വിമാനത്തിന്റെ ചിറകിന്റെ ഭാഗമാണ് ബസിൽ ഇടിച്ചുകയറിയാണ് അപകടം ഉണ്ടായത്. അപകടത്തിൽ ബസിന്റെ മുൻവശം പാടേ തകർന്നു. ബുധനാഴ്‌ച പുലർച്ച ബാലരാമപുരം ജംഗ്‌ഷനിലായിരുന്നു അപകടം.
അപകടത്തിൽ പരിക്കേറ്റ ബസ് ഡ്രൈവറടക്കം അഞ്ചുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് മണിക്കൂറുകളോളം ദേശീയപാതയിൽ ഗതാഗതം തടസപ്പെട്ടു. തിരുവനന്തപുരത്ത് നിന്നും ഹൈദരാബാദിലേക്ക് പോകുകയായിരുന്ന ട്രെയിലർ ലോറി തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ബസിൽ ഇടിച്ചുകയക്കുകയായിരുന്നു.
എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾ പഠനത്തിനായി ഉപയോഗിച്ചിരുന്ന എ-320 വിമാനം ഇനിയും ഉപയോഗിക്കാൻ കഴിയില്ലെന്ന് കണ്ട് നാല് വർഷത്തോളം തിരുവനന്തപുരം വിമാനത്താവളത്തിലെ ഹാംഗർ യൂണിറ്റിന് സമീപം ഒതുക്കിയിട്ടിരിക്കുകയായിരുന്നു. ഇതിനുമുൻപ് 30 വർഷത്തോളം സർവീസ് നടത്തിയ വിമാനമാണിത്.
ആക്രിയായി വിറ്റ വിമാനത്തിനെ 75 ലക്ഷം രൂപയ്‌ക്ക് ഹൈദരാബാദ് സ്വദേശിയായ ജോഗിന്ദർ സിംഗ് സ്വന്തമാക്കുകയായിരുന്നു. വിമാനം വിവിധ ഭാഗങ്ങളാക്കി നാലോളം വാഹനങ്ങളിലാണ് ഇത് ഹൈദരാബാദിലേക്ക് കൊണ്ടുപോയിരുന്നത്. ഇതിനിടെയായിരുന്നു അപകടം. അപകടമുണ്ടാക്കിയ ട്രെയിലർ ലോറിയുടെ ഡ്രൈവർ ഉടൻ ഇറങ്ങിയോടി. ഇതോടെ വലിയ ബ്ളോക്കാണ് സ്ഥലത്തുണ്ടായത്. ട്രാഫിക്ക് ബ്ലോക്കിൽ കുരുങ്ങിയ മറ്റൊരു ട്രെയിലറിന്റെ ഡ്രൈവറെത്തിയാണ് ലോറി സ്ഥലത്തുനിന്നും മാറ്റുന്നത്.
സുഹൃത്തിനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെയും അമ്മാവൻ നിർമ്മലിനെയും റിമാൻഡ് ചെയ്തു. നിലവിൽ തെളിവുനശിപ്പിച്ച കുറ്റമാണ് ചുമത്തിയിട്ടുള്ളതെങ്കിലും കഷായത്തിൽ വിഷം കലർത്തുന്നതിന് ഇവരുടെ സഹായം ലഭിച്ചിട്ടുണ്ടോയെന്നും അന്വേഷണസംഘം പരിശോധിക്കുകയാണ്.
പൊലീസ് കസ്റ്റഡിയിലിരിക്കെ ലൈസോൾ കുടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പ്രതി ഗ്രീഷ്മയുടെ ഡിസ് ചാർജ് വൈകുന്നു. തൽക്കാലം ജയിൽവാസം ഒഴിവാക്കാൻ വേണ്ടി ആസൂത്രിതമായാണ് ഗ്രീഷ്മ ലൈസോൾ കുടിച്ചതെന്ന ആരോപണം ശക്തമാണ്. ടോയ്‌ലറ്റ് ക്‌ളീനറായ ലൈസോൾ ഉള്ളിൽചെന്നതിനെ തുടർന്ന് തൊണ്ടയിലും അന്നനാളത്തിലും പൊള്ളലുകളുണ്ടായതായാണ് ഡോക്ടർമാരുടെ കണ്ടെത്തൽ.
ഗ്രീഷ്മയുടെ ആരോഗ്യസ്ഥിതി മെഡിക്കൽ ബോർഡ് യോഗം ചേർന്ന് ബുധനാഴ്ചയും വിലയിരുത്തി. ഗ്രീഷ്മയെ മെഡിക്കൽ കോളേജിലെ പോലീസ് സെല്ലിലേക്കു മാറ്റിയേക്കും. ഗ്രീഷ്മയെയും സിന്ധുവിനെയും നിർമ്മലിനെയും കസ്റ്റഡിയിലാവശ്യപ്പെട്ട് പോലീസ് കോടതിയിൽ അപേക്ഷ സമർപ്പിക്കും. ഗ്രീഷ്മയെ കസ്റ്റഡിയിൽ വാങ്ങി വീട്ടിലെത്തിച്ചു തെളിവെടുപ്പു നടത്താനാണ് ഉദ്ദേശിക്കുന്നത്. വീട് പോലീസ് സീൽ ചെയ്തിരിക്കുകയാണ്. മൂന്നുപേരെയും ഒരുമിച്ചിരുത്തി ചോദ്യംചെയ്യേണ്ടതുണ്ടെന്നും അന്വേഷണസംഘം പറയുന്നു.
ഗ്രീഷ്മയുടെ അമ്മ സിന്ധുവും അമ്മാവൻ നിർമൽ കുമാറും തെളിവു നശിപ്പിക്കാൻ കൂട്ടുനിന്നെന്നാണ് അന്വേഷണ സംഘത്തിന്റെ നിലവിലെ വിലയിരുത്തൽ. ഷാരോണിന് ഗ്രീഷ്മ കഷായത്തിൽ കലർത്തി നൽകിയ കളനാശിനിയുടെ കുപ്പി ഉൾപ്പെടെ ഇരുവരുടെയും കൊണ്ടുള്ള തെളിവെടുപ്പിനിടെ കണ്ടെത്തിയിരുന്നു. ഇതിനപ്പുറം കൊലപാതകം ആസൂത്രണം ചെയ്യുന്നതിലടക്കം ഇവർക്ക് പങ്കുണ്ടോയെന്നാണ് അന്വേഷണസംഘം പരിശോധിക്കുകയാണ്.
പോലീസ് കസ്റ്റഡിയിലായിരുന്ന ഗ്രീഷ്മയുടെ അമ്മ സിന്ധു അട്ടക്കുളങ്ങര വനിതാ ജയിലിലും നിർമൽ കുമാറിനെ നെയ്യാറ്റിൻകര കോടതിയിലുമാണ് നിലവിലുള്ളത്. ഗ്രീഷ്മയുടെ അച്ഛനും ബന്ധുവായ യുവതിക്കും കൊലപാതകത്തിലോ തെളിവ് നശിപ്പിക്കലിലോ പങ്കില്ലെന്നാണ് നിലവിൽ അന്വേഷണ സംഘം വ്യക്തമാക്കുന്നത്. ഗ്രീഷ്മയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുന്നതിലൂടെ കൂടുതൽ വിവരങ്ങൾ വ്യക്തമായേക്കും.