Latest News

കാനഡയിൽനിന്ന് യുഎസിലേക്ക് ഇറക്കുമതിചെയ്യുന്ന ചരക്കുകൾക്ക് 35 ശതമാനം തീരുവയേർപ്പെടുത്താൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.

വ്യാഴാഴ്ച കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിക്കയച്ച ‘തീരുവക്കത്തി’ലാണ് പ്രഖ്യാപനം. ഓഗസ്റ്റ് ഒന്നിന് ഇത് നടപ്പിൽവരും. കാനഡ തിരിച്ചടിക്കുമുതിർന്നാൽ തീരുവ ഉയർത്തുമെന്ന ഭീഷണിയുമുണ്ട്.

യുഎസിന്റെ രണ്ടാമത്തെ വലിയ വ്യാപാരപങ്കാളിയാണ് കാനഡ. മെക്സിക്കോയാണ് ഒന്നാമത്. ട്രംപിന്റെ ചിട്ടയില്ലാത്ത തീരുവകാരണം യുഎസ് സർക്കാരിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്ന് കനേഡിയൻ പ്രധാനമന്ത്രി മാർക് കാർണി പ്രതികരിച്ചു. ആഗോളവ്യാപാരം വെല്ലുവിളികൾ അഭിമുഖീകരിക്കവെ, വിശ്വസ്ത വ്യാപാരപങ്കാളിയെന്ന നിലയ്ക്ക് ലോകം കാനഡയിലേക്ക് തിരിയുകയാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്‍ർ സ്റ്റാമർക്കൊപ്പം നിൽക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ട് കാർണി എക്സിൽ കുറിച്ചു.

അധികാരത്തിലേറിയതിനുപിന്നാലെ ഫെബ്രുവരിയിൽ ട്രംപ് ആദ്യം തീരുവ പ്രഖ്യാപിച്ച രാജ്യങ്ങളിലൊന്നാണ് കാനഡ. യുഎസിലേക്കുള്ള അനധികൃതകുടിയേറ്റവും മയക്കുമരുന്ന് കള്ളക്കടത്തും തടയാൻ കാനഡ ഒന്നുംചെയ്യുന്നില്ലെന്നാരോപിച്ച് 25 ശതമാനം തീരുവയാണ് ചുമത്തിയത്. അന്ന് ട്രംപിന്റെ തീരുവയ്ക്കുള്ള മറുപടിയായി യുഎസ് ഉത്പന്നങ്ങൾക്ക് 25 ശതമാനം തീരുവ കാനഡ തിരിച്ചുചുമത്തിയിരുന്നു. ഡിജിറ്റൽ സർവീസസ് നികുതിയീടാക്കുന്നത് തുടരാനുള്ള കാനഡയുടെ തീരുമാനത്തിന്റെ പേരിൽ അവരുമായുള്ള വ്യാപാരചർച്ചകൾ റദ്ദാക്കുമെന്ന് ജൂണിൽ ട്രംപ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ഏതാനുംദിവസങ്ങൾക്കുശേഷം കാനഡ നികുതി പിൻവലിച്ചതോടെ വ്യാപാരചർച്ചകൾ പുനഃരാരംഭിച്ചു.

യുഎസിൽനിന്നകന്ന് യൂറോപ്യൻ യൂണിയനുമായും ബ്രിട്ടനുമായും വ്യാപാരബന്ധം ശക്തിപ്പെടുത്താൻ മുൻകേന്ദ്രബാങ്ക് ഗവർണറും സാമ്പത്തികവിദഗ്ധനുമായ കാർണി ശ്രമിച്ചുവരികയാണ്. സഖ്യകക്ഷികളായ ജപ്പാനും ദക്ഷിണകൊറിയയുമുൾപ്പെടെ ഒട്ടേറെ രാജ്യങ്ങൾക്ക് ഈയാഴ്ച ട്രംപ് ‘തീരുവക്കത്ത്’ നൽകിയിട്ടുണ്ട്.

ഷാർജയിൽ യുവതിയേയും ഒരു വയസുള്ള മകളേയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആരോപണവുമായി ബന്ധുക്കൾ.കൊല്ലം കൊറ്റംകര കേരളപുരം സ്വദേശിനി രജിത ഭവനില്‍ വിപഞ്ചിക മണിയന്‍ (33), മകള്‍ വൈഭവി നിധീഷ് (ഒന്നര) എന്നിവരെയാണ് അല്‍ നഹ്ദയിലെ താമസസ്ഥലത്ത് കഴിഞ്ഞ ദിവസം മരിച്ചനിലയില്‍ കണ്ടത്.

ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. മകളെ കൊലപ്പെടുത്തിയതാണ് എന്ന ആരോപണവുമായി വിപഞ്ചികയുടെ അമ്മ ഷൈലജ രംഗത്തെത്തി. സ്ത്രീധനത്തിന്റെ പേരിൽ തന്നെ കൊല്ലാക്കൊല ചെയ്തു എന്ന് പരാമർശിക്കുന്ന വിപഞ്ചികയുടെ ആത്മഹത്യാ കുറിപ്പും പുറത്തുവന്നിട്ടുണ്ട്. ഭർത്താവിന്റെ സഹോദരിയാണ് എല്ലാത്തിനും കാരണമെന്നും അമ്മ ആരോപിച്ചു. മകൾ കൊടിയപീഡനത്തിനിരയായ കാര്യം തന്നെ അറിയിച്ചിരുന്നില്ലെന്നും അറിഞ്ഞിരുന്നെങ്കിൽ ഇതൊന്നും താൻ അനുവദിക്കില്ലായിരുന്നുവെന്നും കണ്ണീരോടെ വിപഞ്ചികയുടെ മാതാവ് പറഞ്ഞു.

‘അവന്റെ പെങ്ങളും അച്ഛനും അത് ചെയ്യും. അവന്റെ പെങ്ങൾക്ക് എന്റെ കുഞ്ഞിനെ കണ്ണെടുത്താൽ കണ്ടൂടാ. സ്വന്തം ഭർത്താവിന്റെ കൂടെ എങ്ങോട്ടെങ്കിലും പോകാൻ സ്വാതന്ത്ര്യം കൊടുക്കാത്ത നാത്തൂന്മാർ എവിടെയെങ്കിലും ഉണ്ടോ. അവൻ ഫ്രണ്ട്സിന്റെ കുടുംബത്തിനൊപ്പം പോകുന്നതിൽ കുഴപ്പമില്ല. എന്റെ മോളുടെ ഒപ്പം പോയാലാണ് പ്രശ്നം.ഇതൊക്കെ പോരാഞ്ഞിട്ട് സർവതിനും ഈ ആങ്ങള വേണം. ഒരു കാര്യത്തിനും അവൾ എന്റെ മോളെ വിട്ടുകൊടുക്കില്ല എന്ന വാശി. എന്റെ മോൾ എന്തോരം പീഡനം അനുഭവിച്ചിരിക്കുന്നു. ആ ഫോട്ടോ കണ്ടിട്ട്. എന്നിട്ടും ഈ അമ്മയെ അറിയിക്കല്ലേ എന്ന് പറഞ്ഞല്ലോ. അമ്മയെ അറിയിക്കാതെ പോയല്ലോ.. ഞാനിത് കണ്ടപ്പോഴാ ഇത്രയും സഹിച്ചുവെന്ന് ഞാനറിഞ്ഞത്. ഇതറിഞ്ഞിരുന്നെങ്കിൽ ഞാൻ അനുവദിക്കില്ലായിരുന്നു. എന്റെ മോൾക്ക് അവൻ മതിയായിരുന്നു. എന്റെ മോളെ മുടി മുറിച്ചു കളഞ്ഞല്ലോ…അവളെ അത്രത്തോളം പെങ്ങക്ക് കണ്ടൂട. അവന്റെ പെങ്ങക്ക് വേണ്ടിയാ ചെയ്തത്…’ -കണ്ണീരോടെ വിപഞ്ചികയുടെ മാതാവ് പറഞ്ഞു.

വിപഞ്ചികയുടെ ആറ് പേജുള്ള ആത്മഹത്യാ കുറിപ്പും പുറത്തുവന്നിട്ടുണ്ട്. മരണത്തിന് ശേഷം ആണ് ഇത് ഫേസ്ബുക്കിൽ അപ്ലോഡ് ചെയ്തത്. ടൈമർ സെറ്റ് ചെയ്ത് വെച്ചായിരുന്നു അപ്ലോഡ് ചെയ്തത്. ഇതോടെയാണ് ബന്ധുക്കൾക്ക് വിവരം ലഭിച്ചത്.

കൊടിയ പീഡനമാണ് വിപഞ്ചിക ഭർതൃവീട്ടിൽ അനുഭവിച്ചതെന്നാണ് കുറിപ്പിൽ നിന്ന് മനസ്സിലാകുന്നത്. ഗർഭിണിയായിരിക്കുന്ന സമയത്ത് തന്റെ കഴുത്തിൽ ബെൽറ്റ് മുറുക്കി വലിച്ചു കൊണ്ടു പോയി. ഏഴുമാസം ഗർഭിണിയായിക്കെ മോശമായ ഷവർമ്മ വായിൽ കുത്തികയറ്റി എന്നടക്കം കുറിപ്പിൽ പറയുന്നു. തന്റെ മരണത്തിന് കാരണക്കാർ, ഒന്നാംപ്രതി ഭർത്താവിന്റെ സഹോദരി, രണ്ടാംപ്രതി ഭർത്താവ്, മൂന്നാം പ്രതി ഭർത്താവിന്റെ അച്ഛനാണ് എന്നാണ് കുറിപ്പിൽ പറയുന്നത്.

തന്റെ കുഞ്ഞിന്റെ ചിരി കണ്ട് കൊതി തീർന്നിട്ടില്ല, എങ്കിലും മരിക്കാതിരിക്കാൻ സാധിക്കുന്നില്ല. പരമാവധി സഹിച്ചു, ഒരു തരത്തിലും ഭർത്താവിൽ നിന്നുപോലും സ്നേഹം കിട്ടുന്നില്ല. ശാരീരിക മാനസികപീഡനം മാത്രമാണ് താൻ നേരിടുന്നതെന്നും യുവതി കുറിപ്പിൽ പറയുന്നു.

ഒരു വയസുള്ള കുട്ടിയ കയറിന്റെ ഒരറ്റത്ത് കൊലപ്പെടുത്തിയ ശേഷം മറ്റൊരു അറ്റത്ത് യുവതിയും തൂങ്ങുകയായിരുന്നുവെന്നാണ് വിവരം. എന്നാൽ കൊലപാതകമാണ് ഇതെന്നാണ് കുടുംബം ആരോപിക്കുന്നത്.

സ്ത്രീധനത്തിന്റെ പേരിൽ താൻ പീഡനം അനുഭവിക്കുകയാണ് എന്ന് വ്യക്തമാക്കുന്ന വിപഞ്ചികയുടെ ശബ്ദ സന്ദേശം നേരത്തെ പുറത്തു വന്നിരുന്നു. സ്ത്രീധനം കൊടുത്തത് കുറഞ്ഞുപോയെന്ന് പറഞ്ഞ് ഭർത്താവിന്റെ പിതാവും സഹോദരിയും തന്നെ നിരന്തരം പീഡിപ്പിക്കുകയാണെന്നും ശബ്ദ സന്ദേശത്തിൽ പറയുന്നു.

‘അച്ഛന് കുറേ കാശ് വേണം, വലിയ വണ്ടി വേണം, വലിയ ഫ്‌ളാറ്റ് വേണം സുഖിക്കണം. മകള്‍ക്ക് ഒരു ബോഡി ഗാര്‍ഡിനേയും വേണം. എന്റെ ലോക്കറിന്റെ കീ അയാളുടെ കൈയിലായിരുന്നു. അത് ഞാന്‍ വാങ്ങിച്ചു. സ്വര്‍ണം ഞാന്‍ കൊടുത്തിട്ടില്ല. എനിക്ക് നിധീഷ് ഒന്നും വാങ്ങിച്ച് തരാന്‍ പാടില്ല, എന്നെ എങ്ങോട്ടും കൊണ്ടുപോകാന്‍ പാടില്ല.ഇത് എന്റെ ഭാര്യാണ്, എന്റെ കുഞ്ഞാണ് എന്ന ചിന്ത നിധീഷിനില്ല. സ്വയം അടിച്ച് പൊളിച്ച നടക്കണം. ദിവസങ്ങള്‍ കഴിഞ്ഞ് വീട്ടിലെത്തണം. കുഞ്ഞ് ആയതിന് മുമ്പ് ഇത്രയും പ്രശ്‌നം ഉണ്ടായിരുന്നില്ല. വീട്ടുകാരുടെ പ്രശ്‌നം മാത്രമേ ഉണ്ടായിരുന്നുള്ളൂ. കുഞ്ഞായതിന് ശേഷം അവനുംകൂടെ ചേര്‍ന്നു’ പുറത്ത് വന്ന ശബ്ദ സന്ദേശത്തില്‍ വിപഞ്ചിക പറയുന്നു.

ദുബായിലെ ഒരു സ്വകാര്യസ്ഥാപനത്തില്‍ ഫയലിങ് ക്ലാര്‍ക്കായിരുന്നു വിപഞ്ചിക. ദുബായില്‍ത്തന്നെ ജോലിചെയ്യുന്ന കോട്ടയം നാല്‍ക്കവല സ്വദേശി നിധീഷ് വലിയവീട്ടിലാണ് ഭര്‍ത്താവ്. ഇരുവരും വേര്‍പിരിഞ്ഞ് താമസിക്കുകയായിരുന്നുവെന്നാണ് വിവരം. ഏഴുവര്‍ഷമായി വിപഞ്ചിക യുഎഇയിലാണ് ജോലിചെയ്യുന്നത്. നാലരവര്‍ഷം മുന്‍പായിരുന്നു വിവാഹം.

വിവാഹമോചനത്തിനായി ഇരുവരും നിയമനടപടികള്‍ ആരംഭിച്ചിരുന്നതായും വിപഞ്ചികയുടെ ബന്ധുവായ സരണ്‍ പറഞ്ഞു. അതേസമയം മരണകാരണം ഷാര്‍ജ പോലീസ് അന്വേഷിക്കുന്നുണ്ട്. ഷാര്‍ജ അല്‍ ഖാസിമി ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മൃതദേഹം 16-ന് നാട്ടിലെത്തിക്കാനാകുമെന്ന് ബന്ധുക്കള്‍ കരുതുന്നു. സംസ്‌കാരം പിന്നീട് മാതൃസഹോദരന്റെ വീടായ പൂട്ടാണിമുക്ക് സൗപര്‍ണികയില്‍ നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക)

ബിജെപി സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു. എം.ടി രമേശ്, ശോഭാ സുരേന്ദ്രന്‍, അനൂപ് ആന്റണി ജോസഫ്, എസ്.സുരേഷ്, എന്നിവരാണ് പുതിയ ജനറല്‍ സെക്രട്ടറിമാര്‍. ട്രഷറര്‍ ഇ.കൃഷ്ണദാസ്. ജനറല്‍ സെക്രട്ടറിമാരില്‍ വി മുരളീധരന്‍ പക്ഷത്ത് നിന്നും ആരുമില്ലെന്നതാണ് ശ്രദ്ധേയം.

മുന്‍ ഡിജിപി ആര്‍. ശ്രീലേഖ, ഡോ. കെ.എസ്. രാധാകൃഷ്ണന്‍, അഡ്വ. ഷോണ്‍ ജോര്‍ജ്, സി. സദാനന്ദന്‍, പി. സുധീര്‍, സി. കൃഷ്ണ കുമാര്‍, അഡ്വ. ബി. ഗോപാലകൃഷ്ണന്‍, ഡോ. അബ്ദുള്‍ സലാം, കെ. സോമന്‍, അഡ്വ. കെ.കെ. അനീഷ് കുമാര്‍, എന്നിവരാണ് വൈസ് പ്രസിഡന്റുമാര്‍.

വി.വി. രാജേഷ്, അശോകന്‍ കുളനട, കെ. രഞ്ജിത്ത്, രേണു സുരേഷ്, പന്തളം പ്രതാപന്‍, ജിജി ജോസഫ്, എം.വി. ഗോപകുമാര്‍, പൂന്തുറ ശ്രീകുമാര്‍, പി. ശ്യാരജ്, എം.പി. അഞ്ജന രഞ്ജിത് എന്നിവരാണ് സെക്രട്ടറിമാര്‍.

മേഖല അദ്ധ്യക്ഷന്‍മാരായി കെ.ശ്രീകാന്ത്, വി.ഉണ്ണികൃഷ്ണന്‍, എ.നാഗേഷ്, എന്‍.ഹരി, ബി.ബി.ഗോപകുമാര്‍ എന്നിവരെയും തിരഞ്ഞെടുത്തു.

  ന്യൂസ് ഡെസ്ക്, മലയാളം യുകെ

സ്റ്റോക്ക് ഓൺ ട്രെന്റിൽ താമസിക്കുന്ന യുകെ മലയാളികളുടെ സഹോദരൻ പൗലോസ് (66) നിര്യാതനായി. പരേതൻ കൊച്ചിൻ ഷിപ്യാർഡിൻെറ അസിസ്റ്റന്റ് മാനേജർ (ഇലെക്ട്രിക്കൽ) ആയിരുന്നു.

ഭാര്യ ഷൂബി പൗലോസ് റിട്ടയേർഡ് സ്‌കൂൾ ഹെഡ് മിസ്ട്രസ് ആണ്. മക്കൾ: ജോസഫ് പൗലോസ്, വർഗീസ് പൗലോസ്. മരുമകൾ: ഗ്രീഷ്‌മ ജോസഫ്. സഹോദരങ്ങൾ: ഫാ. വർഗീസ് പുതുശ്ശേരി, മേരി ബ്ലെസൺ (സ്റ്റോക്ക് ഓൺ ട്രെന്റ്), എൽസി ജോയ് (സ്റ്റോക്ക് ഓൺ ട്രെന്റ്), ഓമന ജോസഫ്, ഡേവിസ് പി പി (സ്റ്റോക്ക് ഓൺ ട്രെന്റ്), ആന്റണി പി പി (കിമ്പോൾട്ടൺ).

മൃത സംസ്കാര ശുശ്രൂഷകൾ ജൂലൈ 13 ഞായറാഴ്ച വൈകിട്ട് 4 മണിക്ക് കിടങ്ങൂർ ഉണ്ണിമിശിഹാ പള്ളിയിൽ വച്ച് നടത്തപ്പെടും.

പൗലോസ് പി പിയുടെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

മയക്കുമരുന്ന് ആസക്തിക്കെതിരായ അവബോധത്തെക്കുറിച്ചുള്ള സിനിമ നിരവധി അംഗീകാരങ്ങൾ നേടി. മയക്കുമരുന്ന് ആസക്തി ഒരു രോഗമായി പ്രവർത്തിക്കുന്ന ഒരു വ്യാപകമായ പ്രശ്നമാണ്, അത് യുക്തിസഹമായ ചിന്തയെയും പെരുമാറ്റത്തെയും തടസ്സപ്പെടുത്തുന്നു. ഇത് പലപ്പോഴും പരീക്ഷണാത്മക ഉപയോഗത്തിലൂടെ ആരംഭിക്കുന്നു, ഇത് വർദ്ധിച്ച ഉപഭോഗത്തിലേക്കും ഒടുവിൽ ആസക്തിയിലേക്കും നയിക്കുന്നു. വ്യക്തിക്ക് അപ്പുറം കുടുംബത്തിലേക്കും സമൂഹത്തിലേക്കും ഈ ആഘാതം വ്യാപിക്കുകയും എല്ലാ പ്രായത്തിലെയും പശ്ചാത്തലത്തിലെയും ആളുകളെ ബാധിക്കുകയും ചെയ്യുന്നു. ഈ ആഗോള പ്രതിസന്ധിയെക്കുറിച്ച് അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ ചലച്ചിത്ര സംവിധായകൻ ഷാർവി തന്റെ അവാർഡ് നേടിയ മൂവി ബെറ്റർ ടുമാറോയിൽ ഈ വിഷയം പരാമർശിക്കുന്നു.

എംഡിഎംഎ പാർട്ടി മയക്കുമരുന്നിന് അടിമയായ ജനനിയുടെ ജീവിതത്തിൽ ബാധിക്കുന്ന പ്രശ്നങ്ങളാണ് ഇതിവൃത്തം. മയക്കുമരുന്നിന് കടുത്ത ആസക്തിയുള്ള ജനനിയുടെയും സാധാരണ ജീവിതത്തിലേക്ക് മടങ്ങാൻ അവളെ സഹായിക്കാൻ ശ്രമിക്കുന്ന അവളുടെ സഹോദരൻ അരവിന്ദിൻ്റെയും ജീവിതത്തെ ഇത് വിശദമാക്കുന്നു. മയക്കുമരുന്ന് ദുരുപയോഗം ഒരു വ്യക്തിയുടെ ജീവിതത്തിലും അവരുടെ പ്രിയപ്പെട്ടവരുടെയും സുഹൃത്തുക്കളുടെയും ജീവിതത്തിലുണ്ടാക്കുന്ന പ്രതികൂലവും ഹൃദയഭേദകവുമായ പ്രത്യാഘാതങ്ങളെക്കുറിച്ചാണ് സിനിമ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സബ്‌സ്റ്റൻസ് യൂസ് ഡിസോർഡറിൻ്റെ (എസ്‌യുഡി) തുടർച്ചയായ പോരാട്ടവും കഠിനമായ യാഥാർത്ഥ്യവും ഇത് കാണിക്കുന്നു. ലഹരിയുടെ അമിതോപയോഗം മൂലമുണ്ടാകുന്ന മാനസിക പ്രത്യാഘാതങ്ങളും ആസക്തി പ്രശ്നങ്ങളും അനുഭവിക്കുന്നവരിലേക്ക് ധൈര്യം പകരാനാണ് സിനിമയിലൂടെ സംവിധായകൻ ശ്രമിക്കുന്നത്.

ഒരു വ്യക്തിയെ അവരുടെ ആശ്രിതത്വത്തിലേക്ക് ഉണർത്താനും അതിൽ നിന്ന് ബോധപൂർവ്വം നടക്കാനും സാഹചര്യങ്ങൾ എങ്ങനെ സഹായിക്കുമെന്ന് ഇത് കാണിക്കുന്നു. ഷാർവിയുടെ സംവിധാനത്തിൽ പ്രേരണ ഫിലിംസ് ഇൻ്റർനാഷണലിൻ്റെ ബാനറിൽ ശൈലേന്ദ്ര ശുക്ലയാണ് ചിത്രം നിർമ്മിക്കുന്നത്. പി ജി വെട്രിവേൽ ഛായാഗ്രഹണവും ഈശ്വരമൂർത്തി കുമാർ എഡിറ്റിംഗും കുമാരസാമി പ്രഭാകരൻ സംഗീത സംവിധായകനും ശരവണൻ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറുമാണ്. മാനവ് നായക കഥാപാത്രത്തെയും ഗൗരി ഗോപൻ നായികയായും അഭിനയിച്ചു ബോയ്സ് രാജൻ, ജഗദീഷ് ധർമ്മരാജ്, ശൈലേന്ദ്ര ശുക്ല, ആർജി. വെങ്കിടേഷ്, ശരവണൻ, ദിവ്യ ശിവ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ചെങ്ങന്നൂർ ഭാസ്കരകാരണവർ വധക്കേസ് പ്രതി ഷെറിന് മോചനം. ഷെറിൻ അടക്കം 11 പേർക്ക് ശിക്ഷായിളവ് നല്‍കാനുള്ള സർക്കാർ തീരുമാനത്തിന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ അംഗീകാരം നല്‍കി.

ജീവപര്യന്തം തടവിന് ശിക്ഷിച്ച്‌ 14 വർഷം തടവ് പൂർത്തിയാക്കിയവരെയാണ് മോചിപ്പിക്കുന്നത്. മദ്യപിച്ച്‌ വഴക്കുണ്ടാക്കി അയല്‍ക്കാരെയും ബന്ധുക്കളെയും അപായപ്പെടുത്തിയെന്ന രണ്ടു കേസുകളില്‍ ശിക്ഷിക്കപ്പെട്ടവരാണ് ഷെറിനൊപ്പം ജയില്‍മോചിതരാകുന്നത്.

മലപ്പുറത്തെ ഒരു കേസിലെ അഞ്ചു പ്രതികളയും തിരുവനന്തപുരത്തെ സമാനമായ മറ്റൊരു കേസിലെ അഞ്ചു പ്രതികളെയുമാണ് വിട്ടയക്കുക.

നേരത്തേ ഷെറിന് ശിക്ഷായിളവ് നല്‍കി വിട്ടയക്കണമെന്ന് സർക്കാർ ശുപാർശചെയ്തിരുന്നു. എന്നാല്‍, ഇവർക്ക് അടിക്കടി പരോള്‍ കിട്ടിയതും ജയിലില്‍ സഹതടവുകാരുമായി ഏറ്റുമുട്ടലുണ്ടായത്‌ പുറത്തുവന്നതും സർക്കാർ ശുപാർശയ്ക്കുശേഷവും ജയിലില്‍ പ്രശ്നം സൃഷ്ടിച്ചതും തിരിച്ചടിയായി. ഇതേത്തുടർന്ന് ഓരോ തടവുകാരുടെയും കുറ്റകൃത്യം, ശിക്ഷ, പരോള്‍ ലഭ്യമായത്, ജയിലിലെ പെരുമാറ്റം തുടങ്ങിയ വിശദാംശങ്ങള്‍ പ്രതിപാദിക്കുന്ന ഫോറം രാജ്ഭവൻ ഏർപ്പെടുത്തി. ശുപാർശയോടൊപ്പം ഈ ഫോറം പൂരിപ്പിച്ച്‌ സർക്കാർ വീണ്ടും ഫയല്‍ സമർപ്പിക്കുകയായിരുന്നു.

എൻഡോസൾഫാൻ ദുരിതബാധിതയായ യുവതിയെ ദേഹോപദ്രവമേൽപ്പിക്കുകയും മാതാവിനെ പീഡിപ്പിക്കുകയും ചെയ്ത കേസിൽ വ്യാജ സിദ്ധൻ അറസ്റ്റിൽ. പെർള സ്വദേശിയും തളിപ്പറമ്പിൽ താമസക്കാരനുമായ ഷിഹാബുദ്ദീനെ (55) ആണ് ഹൊസ്ദുർഗ് ഇൻസ്‌പെക്ടർ പി. അജിത്കുമാർ അറസ്റ്റ്‌ചെയ്തത്.

പീഡനത്തിനിരയായ സ്ത്രീയുടെ മറ്റു രണ്ടു പെൺമക്കളെ ഇയാളുടെ തളിപ്പറമ്പിലെ വീട്ടിൽ കൊണ്ടുപോയി താമസിപ്പിച്ചതായും പരാതിയുണ്ട്. എൻഡോസൾഫാൻ ദുരിതബാധിതയായ യുവതിയുടെ രോഗം മാറ്റാമെന്ന് പറഞ്ഞാണ് ഇയാൾ ഹൊസ്ദുർഗ് പോലീസ് സ്റ്റേഷൻ പരിധിയിലെ വീട്ടിലെത്തിയത്.

ഇടയ്ക്കിടെ വന്നുകൊണ്ടിരുന്ന ഇയാൾ ദുരിതബാധിരായ യുവതിയെയും രണ്ടു സഹോദരിമാരെയും മാതാപിതാക്കളെയും തളിപ്പറമ്പിലേക്ക്‌ കൊണ്ടുപോയി. സഹോദരിമാരുടെ ഭർത്താക്കന്മാർ ഗൾഫിൽനിന്ന്‌ വന്നപ്പോഴാണ് ഇവർ തളിപ്പറമ്പിലേക്കു താമസം മാറ്റിയത് അറിഞ്ഞത്.

ഇതിനിടെ കുടുംബത്തിന്റെ സ്വത്ത് തട്ടിയെടുക്കാനും ഷിഹാബുദ്ദീൻ ശ്രമം നടത്തി. ഇയാൾ തട്ടിപ്പുകാരനാണെന്ന് മനസ്സിലായതോടെ മാതാപിതാക്കൾ ദുരിതബാധിതയായ യുവതിയെയും കൂട്ടി സ്വന്തം വീട്ടിലേക്കു മടങ്ങി. മാതാവിന്റെ പേരിൽ ബാങ്ക് ലോക്കറിലുണ്ടായിരുന്ന നൂറുപവൻ കൈക്കലാക്കാനായിരുന്നു പിന്നീടുള്ള ശ്രമം. അതിനായി കഴിഞ്ഞ ദിവസം ഇവരുടെ വീട്ടിലെത്തിയപ്പോഴാണ് ദുരിതബാധിതയെ ദേഹോപദ്രവമേൽപ്പിച്ചത്. ഹൊസ്ദുർഗ് ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് (ഒന്ന്) കോടതി ഷിഹാബുദ്ധീനെ റിമാൻഡ് ചെയ്തു.

ഗവര്‍ണറും വിസിയും ഒരു ഭാഗത്തും സര്‍ക്കാരും ഇടതുപക്ഷ പാര്‍ട്ടികളും മറുഭാഗത്തും നിലയുറപ്പിച്ച് കേരള സര്‍വകലാശാലയില്‍ രാഷ്ട്രീയപ്പോര് തുടരുന്നു. സര്‍വകലാശാലയുടെ അകത്തും പുറത്തും പ്രതിഷേധവുമായി ഇടത് യുവജന, വിദ്യാര്‍ഥി സംഘടനകള്‍.

സര്‍വകലാശാലയ്ക്ക് അകത്ത് എഐഎസ്എഫ് പ്രവര്‍ത്തകരും പുറത്ത് ഡിവൈഎഫ്ഐ പ്രവര്‍ത്തകരുമാണ് പ്രതിഷേധവുമായി എത്തിയത്. എഐഎസ്എഫ് പ്രവര്‍ത്തകരെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് മാറ്റി. പുറത്ത് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്.

രാവിലെ പതിനൊന്നോടെ സര്‍വകലാശാല രജിസ്ട്രാര്‍ ഡോ. കെ.എസ് അനില്‍ കുമാര്‍ സര്‍കലാശാല ആസ്ഥാനത്ത് എത്തിയിരുന്നു. താല്‍കാലികമായി രജിസ്ട്രാറുടെ ചുമതലയേല്‍ക്കാന്‍ താല്‍ക്കാലിക വിസി സിസ തോമസ് നിയോഗിച്ച മിനി കാപ്പന്‍ ഇതുവരെ ചുമതല ഏറ്റെടുത്തിട്ടില്ല.

യൂണിവേഴ്സിറ്റിക്കുള്ളില്‍ പ്രതിഷേധ എഐഎസ്എഫ് പ്രവര്‍ത്തകരെ പോലീസ് ബലംപ്രയോഗിച്ച് അറസ്റ്റു ചെയ്ത് നീക്കിയതിനു പിന്നാലെയാണ് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി യൂണിവേഴ്സിറ്റിക്ക് മുന്നില്‍ എത്തിയത്. ബാരിക്കേഡ് ഉപയോഗിച്ച് അടച്ചിരുന്ന ഗേറ്റ് തകര്‍ത്ത് പ്രവര്‍ത്തകര്‍ ഉള്ളിലേക്ക് കടക്കാന്‍ ശ്രമിച്ചതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.

പിന്നാലെ, അക്രമാസക്തരായ പ്രവര്‍ത്തകര്‍ പൊലീസിനെയും പോലീസ് വാഹനങ്ങളും ആക്രമിച്ചു. നിലവില്‍ യൂണിവേഴ്സിറ്റിക്ക് മുന്നില്‍ കുത്തിയിരുന്ന പ്രതിഷേധിക്കുകയാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍. സിപിഐയുടെ യുവജന സംഘടനയായ എഐവൈഎഫും സമര രംഗത്തുണ്ട്. അതിനിടെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രാജ്ഭവനിലേക്ക് നീങ്ങിയിട്ടുണ്ട്.

ഇന്ത്യയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് സ്‌കോര്‍ 100 പിന്നിട്ടു. നിലവില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 140 റണ്‍സെന്ന നിലയിലാണ് അവര്‍. ഓപ്പണര്‍മാരെ നഷ്ടമായ ശേഷം നിലയുറപ്പിച്ച് കളിക്കുന്ന ഒലി പോപ്പും ജോ റൂട്ടുമാണ് ക്രീസില്‍.

പച്ചപ്പിന്റെ അതിപ്രസരമില്ലാത്ത പിച്ചാണ് ലോര്‍ഡ്‌സില്‍ ഒരുക്കിയിരിക്കുന്നതെങ്കിലും ജസ്പ്രീത് ബുംറയും ആകാശ് ദീപും മുഹമ്മദ് സിറാജും അടങ്ങിയ ഇന്ത്യന്‍ ബൗളര്‍മാര്‍ക്കെതിരേ തുടക്കത്തില്‍ ശ്രദ്ധയോടെയായിരുന്നു ഇംഗ്ലീഷ് ഓപ്പണര്‍മാരുടെ ബാറ്റിങ്. ഇത്തരത്തില്‍ 13 ഓവര്‍ വരെ ഇന്ത്യന്‍ ബൗളര്‍മാര്‍ക്കെതിരേ ശ്രദ്ധയോടെ പിടിച്ചുനിന്ന സാക്ക് ക്രോളിക്കും ബെന്‍ ഡക്കറ്റിനും പക്ഷേ നിതീഷ് കുമാര്‍ റെഡ്ഡി എറിഞ്ഞ 13-ാം ഓവറില്‍ പിഴച്ചു. തന്റെ ആദ്യ ഓവറിലെ മൂന്നാം പന്തില്‍ ഡക്കറ്റിനെയും (23), ആറാം പന്തില്‍ ക്രോളിയേയും (18) നീതീഷ്, വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിന്റെ കൈകളിലെത്തിക്കുകയായിരുന്നു.

എന്നാല്‍ പിന്നീട് ക്രീസില്‍ ഒന്നിച്ച പോപ്പ് – റൂട്ട് സഖ്യം ഇതുവരെ 96 റണ്‍സ് ചേര്‍ത്തിട്ടുണ്ട്. നേരത്തേ ടോസ് നേടിയ ഇംഗ്ലീഷ് നായകന്‍ ബെന്‍ സ്റ്റോക്സ് ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. നാലു വര്‍ഷങ്ങള്‍ക്കു ശേഷം പേസര്‍ ജോഫ്ര ആര്‍ച്ചര്‍ ഇംഗ്ലണ്ട് ടീമില്‍ ഇടംപിടിച്ചപ്പോള്‍ ഇന്ത്യന്‍ നിരയില്‍ പ്രസിദ്ധ് കൃഷ്ണയ്ക്ക് പകരം ജസ്പ്രീത് ബുംറ ഇടംനേടി. ജോഷ് ടങ്ങിന് പകരമാണ് ആര്‍ച്ചറെത്തിയത്.

കോടിക്കണക്കിന് രൂപയുടെ നിക്ഷേപത്തട്ടിപ്പ് നടത്തി ഒളിവിൽപ്പോയ എ ആൻഡ് എ ചിറ്റ് ഫണ്ട് ഉടമ ടോമി എ വർഗീസും ഭാര്യ ഷൈനി ടോമിയുടെ കെനിയയിലേക്ക് കടന്നതായി സൂചന. കഴിഞ്ഞ വ്യാഴാഴ്ച മുംബയ് വഴി ടൂറിസ്റ്റ് വിസയിലാണ് ഇവർ പോയത്. ദമ്പതികൾക്കായി ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിക്കുമെന്ന് പൊലീസ് അറിയിച്ചു. കൂടെ ആരെങ്കിലും പോയിട്ടുണ്ടോ എന്നറിയാൻ ബന്ധുക്കളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

ഇവരുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാനും നീക്കം നടത്തുന്നുണ്ട്. കഴിഞ്ഞ ബുധനാഴ്ചയാണ് ടോമിയും ഭാര്യയും ബംഗളൂരുവിൽ നിന്നു മുങ്ങിയത്. ഇതോടെയാണ് ഇവർക്കെതിരെ നിക്ഷേപകർ പരാതി നൽകിയത്. എറണാകുളത്ത് വച്ചാണ് ഇവരുടെ ഫോൺ സ്വിച്ച് ഓഫ് ആയതെന്ന് പൊലീസ് ഇന്നലെ സ്ഥിരീകരിച്ചിരുന്നു. 100 കോടി രൂപയുടെ തട്ടിപ്പ് നടന്നതായാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

പണം നഷ്ടപ്പെട്ടതിനെ തുടർന്ന് ഇന്നലെ വൈകിട്ട് വരെ പൊലീസിൽ പരാതി നൽകിയവരുടെ എണ്ണം 410 ആയി. ഇതിൽ ഒന്നരക്കോടി രൂപ വരെ സ്ഥിര നിക്ഷേപമുള്ളവരും ഉണ്ട്. ആയിരത്തോളം അംഗങ്ങൾ ചിട്ടി കമ്പനിയിൽ ഉള്ളതിനാൽ വരും ദിവസങ്ങളിൽ കൂടുതൽ പരാതികൾ വന്നേക്കാമെന്നാണ് വിവരം. നിക്ഷേപകരുടെ പരാതിയിൽ ബംഗളൂരു രാമമൂർത്തിനഗർ പൊലീസാണ് കേസെടുത്തത്. അഞ്ച് കോടിക്ക് മുകളിലുള്ള തട്ടിപ്പ് കേസായതിനാൽ സിഐഡിയും അന്വേഷിക്കും. ബംഗളൂരുവിലെ ഇവരുടെ വീട് പകുതി വിലയ്ക്ക് ഒരു മാസം മുൻപ് വിറ്റതായും പൊലീസ് കണ്ടെത്തി.

കുട്ടനാട് രാമങ്കരിയിൽ ‌ ഡിവൈഎഫ്ഐയുടെ സജീവ പ്രവർത്തകനായിരുന്ന ടോമി വർഷങ്ങൾക്ക് മുൻപാണ് ബംഗളൂരുവിൽ എത്തിയത്. ബിസിനസ് നട‌ത്തുകയാണെന്നാണ് നാട്ടിൽ ലഭിച്ച വിവരം. മകളുടെ ആദ്യ കുർബാനയ്ക്കായി രണ്ടുവർഷം മുൻപ് ദമ്പതികൾ നാട്ടിലെത്തിയിരുന്നു. മാമ്പുഴക്കരിക്ക് സമീപമുള്ള കുടുംബ വീട് വർഷങ്ങളായി അടച്ചിട്ടിരിക്കുകയാണ്. ടോമിയുടെ മാതാവ് സഹോദരനൊപ്പം ചങ്ങനാശേരിയിലാണ് താമസിക്കുന്നത്.

RECENT POSTS
Copyright © . All rights reserved