Latest News

രാജേഷ് ജോസഫ് ലെസ്റ്റർ

ശീതകാല ആലിംഗനത്തിന്റെ നിശബ്ദതയിൽ വെള്ളി അടരുകളുടെ മനോഹര ഗാനം ലോകത്തിലേക്ക് ഇറങ്ങുന്നു. ക്രിസ്‌മസിന്റെ ആകർഷകമായ സീസണിലേക്ക് തുടക്കമിടുന്ന മഞ്ഞിൽ പൊതിഞ്ഞ സന്തോഷത്തിന്റെയും സൗഹാർദ്ദത്തിന്റെയും കഥകൾ മന്ത്രിക്കുന്ന പ്രഭാതം.

മിന്നിത്തിളങ്ങുന്ന ലൈറ്റുകൾക്കും,കരോൾ ഗാനങ്ങൾക്കും ഇടയിൽ, ക്രിസ്മസിന്റെ സ്നേഹ ചൈതന്യം സ്നേഹത്തിന്റെയും ഗൃഹാതുരത്വത്തിന്റെയും ഓർമ്മകൾ സമ്മാനിക്കുന്നു. മരത്തിലെ ചില്ലകളിലേ ഓരോ അലങ്കാരവും, കരോൾ ഗാനവും,ആട്ടവും, പാട്ടുമെല്ലാം സമയത്തിനും സ്ഥലത്തിനും കാലത്തിനും അപ്പുറം ഓർമകളുടെ വർണ ലോകം വിരിക്കുന്നു. താരകൾ ഭൂവിലിറങ്ങിയ വിണ്ണിൻ സമാധാന രാത്രി.

ശ്രദ്ധാപൂർവ്വം പൊതിഞ്ഞ സമ്മാന പൊതികൾ സ്നേഹത്തിന്റെ പാത്രങ്ങളായി മാറുന്നു അവ ആത്മാവിൽ കൈമാറ്റം ചെയ്യപ്പെടുന്നു. ഒരു ആകാശ നക്ഷത്രത്തിന്റെ ദയയുള്ള നോട്ടത്തിന് താഴെ, ദയയുടെ മാന്ത്രികതയെ ഉൾക്കൊള്ളുന്ന ഹൃദയങ്ങളെ വിശാലമാക്കുന്നു സമ്മാന പൊതികൾ . ആലപിക്കുന്ന ഓരോ കരോളിലും പങ്കുവയ്ക്കപ്പെടുന്ന ഓരോ ആശംസകളിലും, ഭൂമിയിലെ സമാധാനത്തിന്റെ കാലാതീതമായ സന്ദേശത്തെ പ്രതിധ്വനിപ്പിക്കുന്ന സുമനസ്സുകളുടെ ഒരു കോറസ് പ്രതിധ്വനിക്കുന്നു.

തണുത്തുറഞ്ഞ ജാലകങ്ങളിലൂടെ, വെള്ളയിൽ പുതച്ച ഒരു നവ ലോകം, സ്വപ്നങ്ങളെയും ആഗ്രഹങ്ങളെയും ക്ഷണിക്കുന്ന സുന്ദര ക്യാൻവാസ്. കൈകളും മനസും സ്നേഹത്തിന്റെ വഴിപാടുകളായി വർത്തിക്കുന്ന പാചക വിസ്മയങ്ങൾ. ഉത്സവ ഭംഗി കൊണ്ട് അലങ്കരിച്ച മേശ, സുഗന്ധ കൂട്ടായ്മയായി മാറുന്ന ക്രിസ്മസ് .സമൃദ്ധിയുടെയും കൂട്ടായ്മയുടെയും ഒത്തു ചേരലിന്റ് ആഘോഷം.

കുട്ടികളിൽ അവരുടെ നയനങ്ങളിൽ ക്രിസ്മസിന്റെ അത്ഭുതം ഒരു പുഷ്പം പോലെ വിരിയുന്നു. കടന്നുപോകുന്ന ഓരോ നിമിഷത്തിലും ആവേശത്തിന്റെ ഇതളുകൾ തുറക്കുന്നു. അവരുടെ വിശ്വാസം നക്ഷത്രമായി തിളങ്ങുന്നു, പ്രതീക്ഷയോടെ സ്വപ്നങ്ങൾ നൃത്തം ചെയ്യുന്നു.ബാലകരിൽ ക്രിസ്മസ്‌ ഒരു മാസ്മരികതയാണ് അവിടെ ആഗ്രഹങ്ങൾ ഭാവനയുടെ ചിറകുകളിൽ പറക്കുന്നു.

ലോകത്തെ താൽക്കാലികമായി നിർത്തിവച്ച ക്രിസ്തു ജനനത്തിൽ ഈ നിശ്ശബ്ദതയ്‌ക്കിടയിൽ ക്രിസ്‌മസിന്റെ യഥാർത്ഥ സത്ത ഉയർന്നുവരുന്നു. ഭൗതികതയെ മറികടന്ന് ഹൃദയങ്ങളെ അനുകമ്പയുടെ തിളങ്ങുന്ന ചരടിൽ ബന്ധിപ്പിക്കുന്ന മനോഹരമായ ആഘോഷം. പങ്കുവെയ്ക്കലിന്റ കരുതലിന്റെ ഈ സീസണിൽ നിസ്വാർത്ഥമായ സ്നേഹത്താൽ തുറന്ന കൈകളോടും തുറന്ന ഹൃദയങ്ങളോടും കൂടി ക്രിസ്മസിനെ വരവേൽക്കാം അഗാധമായ സ്‌നേഹ സന്തോഷത്താൽ നിറയാം.

മഞ്ഞിൽ ചുംബിച്ച ഒരു രാത്രിയുടെ നിശ്ശബ്ദതയിൽ,നക്ഷത്രങ്ങളാൽ അലങ്കരിച്ച ആകാശത്തിന് താഴെ, ക്രിസ്മസ് അതിന്റെ കാലാതീതമായ വാഗ്ദാനങ്ങളാൽ മന്ത്രിക്കുന്നു. അതിരുകൾ കവിയുന്ന സ്നേഹത്തിന്റെ, നിരാശയെ മറികടക്കുന്ന പ്രതീക്ഷയുടെ. അങ്ങനെ, മഞ്ഞുകാലത്തിന്റെ ആശ്ലേഷത്തിൽ ലോകം തിരിയുമ്പോൾ, ക്രിസ്മസിന്റെ മാന്ത്രികതയിൽ പൊതിഞ്ഞതായി നാം കണ്ടെത്തുന്നു, നാം പങ്കിട്ട മാനവികതയുടെ കാതലിലേക്കുള്ള വഴി. പ്രകാശിപ്പിക്കുന്ന പ്രസന്നമായ ഒരു ദീപസ്തംഭം.

ടോം ജോസ് തടിയംപാട്

നേഴ്സിംഗ് പഠിക്കുന്ന കാലത്ത് ഇസ്രയേലിൽ ഈശോ നടന്ന സ്ഥലത്തുപോയി ജോലി ചെയ്യണം എന്നായിരുന്നു ആൻസിയുടെ ആഗ്രഹം പക്ഷെ അവരുടെ എല്ലാ ആഗ്രഹങ്ങളും എട്ടു വർഷങ്ങൾക്കു മുൻപ് തകർന്നടിഞ്ഞു വീട്ടിൽ എത്തിയ ഒരു കുട്ടിക്ക് ആൻസിയുടെ ആറുമാസം പ്രായമായ കുട്ടിയെ കൈയിൽ എടുക്കാൻ അനുവദിച്ചതാണ് അൻസിക്ക് പറ്റിയ അബദ്ധം ആ കുട്ടിയുടെ കൈയിൽ നിന്നും ആറുമാസമായ ആ കുട്ടി താഴെ വീഴുകയും തലച്ചോറിനു ക്ഷതം സംഭവിക്കുകയും ചെയ്തു. അന്നുമുതൽ തുടങ്ങിയ ചികിത്സകൊണ്ട് സാമ്പത്തികമായി കുടുംബം തകർന്നു .ഒരു വിധം നല്ലൊരു മധ്യവർഗ കുടുംബമായിരുന്നു ആൻസി ജോർജിന്റേത്. കൃഷിയും കച്ചവടവുമായി ജീവിച്ച അവരുടെ എല്ലാം കുട്ടിയുടെ ചികിത്സക്ക് വേണ്ടി ചിലവഴിച്ചു , ഇപ്പോൾ ചികിത്സ മുൻപോട്ടു കൊണ്ടുപോകാൻ നിവർത്തിയില്ല. കുട്ടിക്ക് ഇപ്പോൾ 8 വയസായി. കിടന്ന കിടപ്പാണ് . കുട്ടി ഒന്ന് എഴുന്നേറ്റിരിക്കുന്നതു കണ്ടിട്ട് ജോലിക്കു പോകണം എന്നാണ് ആൻസിയുടെ ആഗ്രഹം . രണ്ടു പെൺമക്കളും ഭർത്താവും വല്യപ്പനും വല്യമ്മയും ഉൾക്കൊള്ളുന്നതാണ് ആൻസിയുടെ കുടുംബം .നിങ്ങൾ സഹായിക്കണം ആൻസിയുടെ അക്കൗണ്ട് നമ്പറും ഫോൺ നമ്പറും താഴെ കൊടുക്കുന്നു .

ആൻസിയുടെ വിവരം ഞങ്ങൾ അറിഞ്ഞപ്പോൾ ഇവരുടെ അടുത്ത പ്രദേശത്തു താമസിക്കുന്ന ഇപ്പോൾ യു കെ യിലെ സ്റ്റോക്ക് ഓൺ ട്രെന്റിൽ താമസിക്കുന്ന മനോജ് മാത്യു വുമായി ബന്ധപ്പെട്ടു വിവരങ്ങൾ തിരക്കുകയും മനോജിന്റെ സുഹൃത്ത് ആൻസിയുടെ ഏന്തയാർ ,കൂട്ടിക്കലിലെ വീട്ടിൽ എത്തി പകർത്തിയ വീഡിയോയാണ് താഴെ പ്രസിദ്ധീകരിച്ചിരുന്നുന്നത് . ദയവായി സഹായിക്കുക .ഈ വാർത്ത നിങ്ങൾ ഷെയർ ചെയ്തു സഹായിക്കുക .

ഇടുക്കി ചാരിറ്റി ഗ്രൂപ്പ് തൊട്ടടുത്ത ദിവസം ഒരു ചാരിറ്റി നടത്തിയത് കൊണ്ടാണ് ഞങ്ങൾ നേരിട്ട് കളക്റ്റ് ചെയ്യേണ്ട എന്ന് തീരുമാനിച്ചത്. കഴിയുന്നവർ നേരിട്ട് ആൻസിയുടെ അക്കൗണ്ടിൽ സഹായിക്കുക

ദാരിദ്രൃം എന്തെന്നറിഞ്ഞവർക്കെ പാരിൽ പരക്ലേശവിവേകമുള്ളു.””

Name. Ancy George
Account No. 337102120000640
IFSC code. UBlN 0533718
Phone number 00919526411535

ടോം ജോസ് തടിയംപാട് 07859060320 .

ജോസ്‌ന സാബു സെബാസ്റ്റ്യൻ

ഇന്നത്തെ പോലെ വെട്ടവും വെളിച്ചവും ഒന്നുമുള്ള ക്രിസ്തുമസ് രാത്രികൾ ആയിരുന്നില്ല ഞങ്ങളുടെ ക്രിസ്തുമസ് രാത്രികൾ . മണ്ണെണ്ണ വെളിച്ചത്തിൽ വെട്ടം കണ്ടു ഉറങ്ങിയിരുന്നവർ ഒരുപിടി വെട്ടം കൂടുതൽ കാണുന്നത് അന്നത്തെ ക്രിസ്തുമസ് ദിനങ്ങളിൽ മാത്രമായിരുന്നു .

ഇന്നത്തെ പോലെ വിഷപുകയേറ്റ് കറപുരളാത്ത മനസുകളിലേക്ക് ഒരു ക്രിസ്തുമസ് കൊണ്ടുവന്നിരുന്ന ശാന്തിയും സമാധാനവുമൊന്നും അത്ര ചെറുതായിരുന്നില്ല . അന്നത്തെ ജനതയ്ക്ക് ക്രിസ്തുമസ് എന്നാൽ സ്വന്തം വീട്ടിൽ ഒരു ഉണ്ണി പിറന്നതിന് സമാനമായിരുന്നു. അന്നു മാത്രമായിരുന്നു പലവീടുകളിലും ഇച്ചിരി പോത്തിറച്ചി മണം പരന്നിരുന്നത്‌. ആ രാത്രി മാത്രമായിരുന്നു പലകുഞ്ഞുങ്ങളും ഇച്ചിരി മധുരം നുകർന്നിരുന്നത് .

ഉണ്ണിയുടെ വരവിനായി വീടും നാടും ലോകവും ഒരുപോലെ ഒരുങ്ങിയിരുന്ന അന്നാളുകൾ. മുളങ്കമ്പുകളും വർണ കടലാസുകളും കൊണ്ട് നകഷത്രമുണ്ടാക്കി അതിൽ തട്ടാതെ മറിയാതെ കൊളുത്തി വയ്ക്കുന്ന മെഴുതിരിക്കുള്ള അവാർഡ് ആ വീട്ടിലെ അപ്പനുമാത്രം സ്വന്തം. കാരണം കാറ്റടിച്ചാൽ മരക്കൊമ്പിൽ ഇരുന്നാളിക്കത്തുന്ന നക്ഷത്രങ്ങൾ ധാരാളമുണ്ടായിരുന്നു അന്നാ നാടുകളിൽ .

ഉണ്ണിയുമായി വന്നിരുന്ന പള്ളിയിലച്ചനും , ഉണ്ണിയെ മുത്താൻ കാത്തിരുന്ന കുഞ്ഞുങ്ങളും , വീട്ടിൽ വരുന്നവരെ എതിരേൽക്കാൻ ചുക്കുകാപ്പിയും ഒരു കുഞ്ഞു കഷ്ണം കേക്കുമായി കാത്തിരുന്നു. വേദനിച്ചവനുടെ ദീർഘശ്വാസം വിട്ടു മറ്റുള്ളവരെ മാത്രം സംത്രപ്തരാക്കിയിരുന്ന ഒട്ടേറെ അമ്മമാരും ധാരാളമുണ്ടായിരുന്നു ഓരോ വീട്ടിന്റെ കോണുകളിലും . .

അന്നാരും കൊടുക്കുന്ന പണത്തിന്റെ കനം നോക്കിയിരുന്നില്ല ….
കട്ടൻ കാപ്പികളിൽ ലഹരി കലർന്നിരുന്നില്ല …..
പാട്ടുകളിൽ സിനിമാ ഗാനം കൂട്ട് ചേർത്തിരുന്നില്ല ….

പകരം വീട്ടുകാർ ഉപവാസമെടുത്തും …
സത്പ്രവർത്തികളിലൂടെയും സുകൃത ജപത്തിലൂടെയുമൊക്കെ ഉണ്ണിക്ക് കുപ്പായവും കിടക്കയും തലയിണയും മെത്തയും ഉണ്ടാക്കി കാത്തിരുന്ന കുഞ്ഞു കുട്ടികളുണ്ടായിരുന്നു നമുക്കധികവും ….
അന്നത്തെ ദിവസത്തിൽ മാത്രമായി ആളി പുകഞ്ഞിരുന്ന അടുപ്പുകളും …
അന്ന് മാത്രമായി അമ്മച്ചിയെ പേടിച്ചു ഒച്ചയുണ്ടാക്കിയിരുന്ന കോഴികളും താറാവുകളും….
അന്നുമാത്രമായി അമ്മക്ക് ചുറ്റും ഇഷ്ടം കൂടുന്ന വീട്ടലെ പട്ടിയും പൂച്ചയും ….
അന്ന് മാത്രമായി രുചിച്ചിരുന്ന കറുത്ത നിറമുള്ള കേക്കിന്റെ രുചിയുമൊക്കെ ഇന്ന് ഒരു പിടി ഓർമ്മകൾ മാത്രമായി ….

പകരമിന്ന് …
ഉണ്ണിയെ കാണാൻ തൊട്ടു തൊഴുതാൻ മാത്രമായ് ഉറക്കമുണർന്നിരുന്നിരുന്ന ഉണ്ണികൾക്ക് പകരം നാമിന്ന് ഉണ്ണീശോയെ അവർക്കായി നേരത്തെ ജനിപ്പിക്കുന്നു …..
വാദ്യഘോഷ ആരവമുമായി വന്നിരുന്ന പള്ളിലച്ചന് പകരമിന്ന് നേർച്ചക്കാശിൻ റെസീപ്റ്റുകളുടെ കനം കൂട്ടി അളന്നു മേടിക്കുന്നു ……
കുമ്പകുലുക്കി മീശപിരിച്ചു വന്നിരുന്ന പാപ്പാമാർക്കു പകരമിന്ന് ലഹരികളുടെ താളമനുസരിച്ചു തുള്ളിവരുന്ന പേക്കോലങ്ങൾ അതേറ്റെടുക്കുന്നു ….
പാതിരാ കുർബാനകൾ ഇഷ്ട സമയം തീരുമാനിക്കുന്നു ….
പാടവും ചെളിയും ചവുട്ടി മലകൾ കേറിയിറങ്ങി വന്നിരുന്ന നാട്ടാരും ഇന്ന് പതുക്കെ പതുക്കെ പിന്നോട്ട് പോയിരിക്കണു …..

മനസ്സിൻറെ കോണിൽ ഒളിമങ്ങാതെ തിളങ്ങി നിൽക്കുന്ന മണ്ണെണ്ണ വിളക്കും , ‘അമ്മ നുള്ളി തന്ന ആ ഒരു തരി പ്ലം കേക്കിന്റെ മാധുര്യവും ഓർമ്മകൾ മാത്രമായി അയവിറക്കുന്ന തലമുറകളുടെ ബാക്കി ശേഷിപ്പായ ചുരുക്കം ചിലരിൽ ഇത് വായിക്കുമ്പോൾ നെഞ്ചിടിപ്പ് കൂടി മുഖം ചുമക്കുന്ന ആ തലമുറയും നമുക്കിന്ന് അന്യമായി കൊണ്ടിരിക്കുകയാണ് ….

എല്ലാ വായനക്കാർക്കും പഴമയുടെ മധുരത്തിൽ ചാലിച്ച ക്രിസ്തുമസ് പുതുവത്സര ആശംസകൾ……

ബിനോയ് എം. ജെ.

സ്ട്രെസ്സും നിഷേധാത്മക വികാരങ്ങളും എന്നും മനുഷ്യന്റെ കൂടപ്പിറപ്പുകളാണ്. ഈ കാലങ്ങളിൽ ഇവ കൂടി വരുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇവയ്ക്കൊരു കടിഞ്ഞാൺ ഇട്ടാൽ മനുഷ്യൻ പരമാനന്ദത്തിൽ എത്തും. നിഷേധാത്മക വികാരങ്ങൾ പലതുണ്ടെങ്കിലും അവയെല്ലാം ഒരു പരിധിവരെ ഉത്കണ്ഠയുടെ വകഭേദങ്ങൾ തന്നെ. ഉത്കണ്ഠയെ പുറത്തേക്ക് വിക്ഷേപിക്കുമ്പോൾ അത് ഭയമായി മാറുന്നു. ഉത്കണ്ഠയെ ഭൂതകാലത്തിലേക്ക് വിക്ഷേപിക്കുമ്പോൾ അത് ദുഃഖമായി മാറുന്നു. ഉത്കണ്ഠയും, ഭയവും, ദുഃഖവും പലതരത്തിൽ കൂടികലരുമ്പോൾ വിവിധങ്ങളായ നിഷേധാത്മക വികാരങ്ങൾ ജനിക്കുന്നു. അതിനാൽതന്നെ ഉത്കണ്ഠയിൽ പിടിമുറുക്കിയാൽ നമുക്ക് നിഷേധാത്മക വികാരങ്ങളെയെല്ലാം വരുതിയിൽ കൊണ്ടുവരുവാൻ കഴിയും. അതാണ് എല്ലാ പ്രശ്നങ്ങളെയും നിയന്ത്രിക്കുവാനുള്ള നമ്മുടെ കയ്യിലുള്ള കടിഞ്ഞാൺ.

ഉത്കണ്ഠ ഒരു ദുശ്ശീലം മാത്രമാണെന്ന് വേണമെങ്കിൽ പറയാം. മറ്റേതൊരു ദുശ്ശീലത്തെയും പോലെ (ഒരുപക്ഷേ അവയെക്കാളും എളുപ്പത്തിൽ) ഇതിനെയും നമുക്ക് എടുത്തു കളയുവാൻ കഴിയും. മനസ്സിൽ എപ്രകാരമാണ് ആധി പ്രത്യക്ഷപ്പെടുന്നതെന്നും അതിൽ നിന്നും വിവിധങ്ങളായ പ്രശ്നങ്ങൾ ജനിക്കുന്നതെന്നും നിരീക്ഷിക്കുവിൻ. അനാവശ്യമായ ഉത്കണ്ഠകളെ ഒഴിവാക്കുവാൻ ശ്രമിക്കുവിൻ. എല്ലാ ഉത്കണ്ഠകളും അനാവശ്യങ്ങളാണ്! ഇവിടെ സ്വാഭാവികമായ ഒരു സംശയം ജനിച്ചേക്കാം..”ഇപ്രകാരം ഉത്കണ്ഠകളെ ഒഴിവാക്കിയാൽ നാം പ്രശ്നങ്ങളിൽ വന്നു ചാടുകയില്ലേ?” ഇതും ഒരുതരം ഉത്കണ്ഠ തന്നെ! സ്വയം കബളിപ്പിക്കപ്പെടാതെ സൂക്ഷിച്ചു കൊള്ളുവിൻ. ഉത്കണ്ഠയുടെ ഒരു ശൃംഖല തന്നെ നമ്മുടെ മനസ്സിൽ പ്രവർത്തിക്കുന്നു. ഒന്ന് മറ്റൊന്നുമായി ബന്ധപ്പെട്ടു കിടക്കുന്നു. ഇവയുടെയെല്ലാം കേന്ദ്രബിന്ദുവായി മരണത്തെക്കുറിച്ചുള്ള ഉത്കണ്ഠയും(Death Anxiety) കിടക്കുന്നു. മരണമോ, രോഗങ്ങളോ, പരാജയമോ അല്ല മനുഷ്യന്റെ യഥാർത്ഥത്തിലുള്ള പ്രശ്നം. അവയെക്കുച്ചുള്ള ഉത്കണ്ഠയാകുന്നു അവന്റെ യഥാർത്ഥ പ്രശ്നം. നിങ്ങൾ വാസ്തവത്തിൽ ഈശ്വരൻ തന്നെയാണ്! ഉത്കണ്ഠയാവട്ടെ നിങ്ങളെ ഈ ബോധ്യത്തിൽ നിന്നും തെറിപ്പിക്കുന്നു. അപ്പോഴാണ് വിവിധങ്ങളായ പ്രശ്നങ്ങൾ നിങ്ങൾക്ക് അനുഭവപ്പെടുന്നത്. എങ്കിലും മരണവും, രോഗങ്ങളും, പരാജയങ്ങളും സംഭവിക്കുന്നില്ലേ എന്ന് നിങ്ങൾ ചോദിച്ചേക്കാം. അവ സംഭവിക്കുന്നതായി നിങ്ങൾക്ക് തോന്നുകയും അനുഭവപ്പെടുകയും ചെയ്യുന്നു; വാസ്തവത്തിൽ അവ സംഭവിക്കുന്നില്ല. നിങ്ങൾ മരിക്കുന്നതായി നിങ്ങൾക്ക് അനുഭവപ്പെട്ടേക്കാം. വാസ്തവത്തിൽ നിങ്ങൾ മരിക്കുന്നില്ല. കാരണം നിങ്ങൾ ഈശ്വരൻ ആണ്. എല്ലാം ഉത്കണ്ഠയുടെ സൃഷ്ടികൾ മാത്രം!

നിങ്ങൾ ഏതെങ്കിലും വിധത്തിലുള്ള ഉത്കണ്ഠയിലേക്ക് വീഴുമ്പോഴേക്കും പ്രകൃതി നിങ്ങളെ അടിമകളായി പിടിച്ചു കഴിഞ്ഞിരിക്കും. ഉത്കണ്ഠയിൽ കഴിയുന്നത്രയും കാലം നിങ്ങൾ അടിമകളായി തന്നെ തുടരുകയും ചെയ്യും. ഉത്കണ്ഠ മൂലം നാം ജീവിതത്തിന്റെയും മരണത്തിന്റെയും അടിമകളാകുന്നു. അപ്പോഴാണ് നാം നമ്മെക്കുറിച്ച് തന്നെ ചിന്തിച്ചു തുടങ്ങുന്നത്. ഇപ്രകാരം സ്വാത്ഥതയും സ്വാർത്ഥതയിൽ നിന്നും ആഗ്രഹങ്ങളും ജനിക്കുന്നു. ഇവയെല്ലാം നമ്മെ പരിമിതപ്പെടുത്തുക മാത്രം ചെയ്യുന്നു. “ആകുലപ്പെട്ടതുകൊണ്ട് നിങ്ങളുടെ ആയുസ്സിന്റെ ദൈർഘ്യം ഒരു മുഴം കൂടി നീട്ടുവാൻ നിങ്ങളിൽ ആർക്ക് കഴിയും” എന്ന് യേശുദേവൻ ചോദിക്കുന്നു. വാസ്തവത്തിൽ ആകുലപ്പെടുമ്പോഴാണ് നമ്മുടെ ആയുസ്സ് പരിമിതപ്പട്ടു പോകുന്നത്. നാം കെണിയിൽ വീണു പോകുന്നു. നിത്യം ജീവിക്കുവാൻ വേണ്ടി നാം ആകുലപ്പെടുന്നു; ആ ആകുലത നമ്മെ നിത്യജീവിതത്തിൽ നിന്നും തെറിപ്പിക്കുന്നു. ആകുലപ്പെടാതിരുന്നാൽ നാമൊക്കെ ഈശ്വരൻമാരാണ്. അപ്പോൾ നമുക്ക് മരണമില്ല!

ബാഹ്യലോകം നമ്മെ സദാ ഭീഷണിപ്പെടുത്തിക്കൊണ്ടേയിരിക്കുന്നു. നാം ആ ഭീഷണീയെ സ്വീകരിക്കുകയും അതിനെക്കുറിച്ച് ആകുലപ്പെടുകയും ചെയ്യുമ്പോഴേ ആ ഭീഷണി നമ്മെ ബാധിക്കുന്നുള്ളൂ. അല്ലാത്തിടത്തോളം കാലം ആ ഭീഷണി നമുക്ക് പുല്ലാണ്! ഇത്തരം ഭീഷണികൾ നിങ്ങൾ സ്വതന്ത്രനാണോ അല്ലയോ എന്ന് തിരിച്ചറിയുവാൻ ഉള്ള പരീക്ഷകൾ മാത്രം. ഇതൊരു പ്രധാനപ്പെട്ട പരീക്ഷ തന്നെ. ഇതിൽ പരാജയപ്പെട്ടാൽ നിങ്ങൾ പ്രകൃതിക്ക് ദാസ്യവൃത്തി ചെയ്യേണ്ടതായി വരും. വിജയിച്ചാലോ, പ്രകൃതി നിങ്ങൾക്ക് ദാസ്യവൃത്തി ചെയ്യും! അപ്പോൾ നിങ്ങളെ ബാധിക്കുവാൻ പ്രകൃതിക്ക് കഴിയാതെ പോകുന്നു. നിങ്ങൾ എല്ലാ ദുഃഖങ്ങളിൽ നിന്നും കരകയറുന്നു. ഉത്കണ്ഠകളാൽ നിങ്ങൾ സ്വയം തീർത്ത ചങ്ങലകളെ പൊട്ടിച്ചെറിയുവിൻ. അവ വ്യാജങ്ങളാണ്.

ഉത്കണ്ഠയാണ് മനുഷ്യന്റെ യഥാർത്ഥത്തിലുള്ള പ്രശ്നമെന്ന് മനസ്സിലാക്കുന്നത് തന്നെ പരമാനന്ദത്തിലേക്കുള്ള ആദ്യത്തെ ചവിട്ടുപടിയാണ്. ഉത്കണ്ഠ നമ്മുടെ മനസ്സിൽ എങ്ങനെ പ്രവർത്തിക്കുന്നു എന്ന് നിരീക്ഷിക്കുന്നത് രണ്ടാമത്തെ പടിയാണ്. എല്ലാ ഉത്കണ്ഠകളെയും ഒരുമിച്ചു വലിച്ചെറിയുക എന്നത് മൂന്നാമത്തെ പടിയും. അപ്പോൾ നാം ഈശ്വരൻ തന്നെയാണെന്നും ഭൂസ്വർഗ്ഗവാസങ്ങളുടെ ആവശ്യം നമുക്കില്ലെന്നുമുള്ള ബോധ്യത്തിലേക്ക് നാം വളരുന്നു. നാം ജീവിതത്തിൽ ഓടിക്കൊണ്ടിരിക്കുന്നത് ഉത്കണ്ഠയെ ഭയന്നുകൊണ്ടാണ്. കർമ്മം ചെയ്യുന്നതും ഉത്കണ്ഠയെ ഭയന്നുകൊണ്ട് തന്നെ. യുക്തി ചിന്തയിൽ ഏർപ്പെടുമ്പോൾ നാം ഉത്കണ്ഠ ജനിപ്പിക്കുന്ന സാഹചര്യങ്ങളെ തന്ത്രപൂർവ്വം ഒഴിവാക്കുവാൻ ശ്രമിക്കുന്നു. ഇവിടെയൊന്നും ഉത്കണ്ഠ തിരുത്തപ്പെടുന്നില്ല; മറിച്ച് പ്രോത്സാഹിപ്പിക്കപ്പെടുകയേ ചെയ്യുന്നുള്ളൂ. നാം ബാഹ്യലോകത്തെ തിരുത്തുമ്പോൾ ഉള്ളിലെ ഉത്കണ്ഠ തിരുത്തപ്പെടാതെ പോകുന്നു. ഉത്കണ്ഠയെ തിരുത്തിയാൽ ബാഹ്യലോകത്തെ തിരുത്തേണ്ട ആവശ്യവുമില്ല. അപ്പോൾ നാം ചെയ്യുന്ന കർമ്മങ്ങളെല്ലാം നിഷ്കാമകർമ്മങ്ങളായി ഭവിക്കുന്നു – നാമവ ചെയ്യുന്നത് നമുക്ക് വേണ്ടിയല്ല. അതിനാൽ ആന്തരിക ലോകത്തിലേക്ക് തിരിയുവിൻ. പ്രശ്നങ്ങളുടെ യഥാർത്ഥ കാരണം അവിടെയാണ് കിടക്കുന്നത്. അവിടെ തിരുത്തിയാൽ നാം വിജയിക്കുക തന്നെ ചെയ്യും. അപ്പോൾ നമ്മുടെ ജീവിതം ഭാവാത്മകമാവും.

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.

ഫോൺ നമ്പർ: 917034106120

 

ലണ്ടൻ : ചെസ്റ്റർഫീൽഡ് മലയാളി കമ്മ്യൂണിറ്റിയുടെ നേതൃത്വത്തിൽ ഈ വർഷത്തെ ഏറ്റവും നല്ല ക്രിസ്മസ് ഗാനങ്ങളിൽ ഒന്നായ “അങ്ങ് ദൂരെ മാമലയിൽ “എന്ന സൂപ്പർ ഹിറ്റ്‌ സോങ്ങ് റിലീസ് ചെയ്തു.

  സ്വന്തം വീട്ടിൽ തളർന്ന് കിടക്കുന്ന അച്ഛൻ, കൂടെ ഒരുപാടു പ്രതിസന്ധികളും, എന്നിട്ടും വഴിയിൽ വച്ചു വിറച്ചു നിൽക്കുന്ന ഒരു പാവം മനുഷ്യന്റെ ബുദ്ധിമുട്ട് കണ്ടപ്പോൾ എല്ലാം മറന്നു തനിക്കു ലഭിച്ച ക്രിസ്മസ് ഗിഫ്റ്റ് അയാൾക്ക്‌ കൊടുത്തു സഹായിക്കുന്ന, മറ്റുള്ളവർക്ക്‌ മാതൃകയാകുന്ന ഒരു യു. കെ വിദ്യാർത്ഥിനിയുടെ കഥ പറയുമ്പോൾ, സന്മനസ്സ് ഒള്ളവർക്ക് സമാധാനം എന്ന് മാലാഖമാർ പാടിയ ആ ദിവ്യ വചനം ഏവർക്കും പുതു ജിവൻ പകർന്നു നൽകുന്ന കഥയും ചിത്രീകരിച്ചിരിക്കുന്നു.
    ഷിജോ സെബാസ്റ്റ്യൻ എഴുതിയ വരികൾക്ക് ഈണം പകർന്നത് സനൂപ് ഹൃദയത്തിലും, ശിവപ്രിയ സുരേഷും ആണ്. കഥയുടെ തനിമ നഷ്ടംപ്പെടാതെ ക്യാമറയിൽ പകർത്തിയത് ജയിബിൻ തോളത്താണ്, എഡിറ്റ്‌  ചെയ്തു ഭംഗി ആക്കിയത് അനിൽ പോൾ എന്നിവർ ആണ്.
  ഏവർക്കും ക്രിസ്മസ്, പുതു വത്സരാശംസകൾ നേർന്നുകൊള്ളുന്നു.

ടോം ജോസ് തടിയംപാട്

ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ ചുരുളിയിലെ സുഗതനും പാലക്കാട്ടെ സിബിക്കും വേണ്ടി നടത്തിയ ക്രിസ്തുമസ് ചാരിറ്റിയിലൂടെ ലഭിച്ച 1555 പൗണ്ട് ഏകദേശം (1,62,561 രൂപ ) ഇതിൽ 57000 രൂപ ചിലവുചെയ്ത് ഇടുക്കി, ചുരുളിയിൽ താമസിക്കുന്ന തൊട്ടുമൂലയിൽ വീട്ടിൽ സുഗതന് മോട്ടോർ ഘടിപ്പിച്ച വീൽ ചെയർ വാങ്ങി നൽകി .സുഗതൻ കഴിഞ്ഞ 23 വർഷമായി തളർന്നു കിടക്കുകയായിരുന്നു. ഇനി സുഗതന് മോട്ടോർ ഘടിപ്പിച്ച വീൽ ചെയറിൽ തനിയെ പുറത്തിറങ്ങി ആകാശവും ഭൂമിയും കാണാം .സുഗതനു വീൽ ചെയർ നലകിയ ചടങ്ങിൽ പൊതുപ്രവർത്തകനായ ബാബു ജോസഫ് ,സതീശൻ കോട്ടപ്പിള്ളി ,അനിൽ എന്നിവർ സന്നിഹിതരായിരുന്നു .സുഗതന്റെ വിഷമം ഞങ്ങളെ അറിയിച്ച സതീശനോട് ക്രിസ്തുമസിനു മുൻപ് വീൽ ചെയർ വാങ്ങി നൽകമെന്നു പറഞ്ഞിരുന്നു ഞങ്ങൾ വാർത്ത പ്രസിദ്ധീകരിച്ചപ്പോൾ തന്നെ നോർവിച്ചിലുള്ള ഒരു ഇടുക്കി സ്വദേശി സുഗതനു വീൽ ചെയർ വാങ്ങാനുള്ള 550 പൗണ്ട് അയച്ചു തന്നിരുന്നു അദ്ദേഹത്തെ നന്ദിയോടെ ഓർക്കുന്നു

ലഭിച്ചതിൽ ബാക്കി തുകയായ 105561 (ഒരുലക്ഷത്തി അയ്യായിരത്തി ആഞ്ഞൂറ്റി അറുപത്തിയൊന്നു രൂപ ) കിഡ്നി രോഗിയായ പാലക്കാടു ജില്ലയിലെ വടക്കാംചേരിസ്വദേശി മങ്കൊമ്പിൽ വീട്ടിൽ സിബി തോമസിനു ചികിത്സക്ക് വേണ്ടി വടക്കാംഞ്ചേരി പഞ്ചായത്തു മെമ്പർ ഫൗസിയ സിബിയുടെ വീട്ടിലെത്തി കൈമാറി സിബി യുടെ വേദന ഞങ്ങളെ അറിയിച്ചത് സിബിയുടെ നാട്ടുകാരനും ഇടുക്കി ചാരിറ്റി ഗ്രൂപ്പിന്റെ സഹയാത്രികനുമായ ലിങ്കൻ ഷെറിൽ താമസിക്കുന്ന എബി അബ്രഹാമാണ് ,എബിയ്ക്ക് ഞങ്ങളുടെ നന്ദി അറിയിക്കുന്നു ..ഇടുക്കി ചാരിറ്റി ഗ്രൂപ്പ് നടത്തുന്ന ഈ എളിയ പ്രവർത്തനത്തിൽ ഞങ്ങളെ നീണ്ട വർഷങ്ങളായി സഹായിക്കുന്ന നല്ലവരായ മുഴുവൻ യു കെ,  അമേരിക്കൻ,മലയാളികൾക്കും ഞങ്ങളുടെ ഹൃദയാനിറഞ്ഞ നന്ദി അറിയിക്കുന്നു അതോടൊപ്പം നല്ലൊരു ക്രിസ്തുമസും ആശംസിക്കുന്നു .

ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ എന്നത് കേരളത്തിൽ നിന്നും യു കെയിൽ കുടിയേറിയ കഷ്ട്ടപാടും ബുദ്ധിമുട്ടും അറിഞ്ഞവരുടെ ഒരു കൂട്ടായ്‌മയാണ്. ഞങ്ങൾ ‍ ഇതുവരെ സൂതാരൃവും സതൃസന്തവുമായി ജാതി ,മത ,വർഗ ,വർണ്ണ, സ്ഥല ,കാല ഭേതമെന്യയെ കേരളത്തിലും, യു കെ യിലും , നടത്തിയ ചാരിറ്റി പ്രവർത്തനത്തിലൂടെ ഇതുവരെ ഏകദേശം 1,24 00000 (ഒരുകോടി ഇരുപത്തിനാലു ലക്ഷ൦ ) രൂപയുടെ സഹായം അർഹിക്കുന്നവർക്കു നൽകുവാൻ കഴിഞ്ഞിട്ടുണ്ട് . 2004 ഉണ്ടായ സുനാമിക്ക് പണം പിരിച്ചു അന്നത്തെ മുഖ്യമന്തി ഉമ്മൻ ചാണ്ടിക്കു നൽകിക്കൊണ്ടാണ് ഞങ്ങൾ പ്രവർത്തനം ആരംഭിച്ചത്.

ഞങ്ങളുടെ ഈ എളിയ പ്രവർത്തനത്തിനു മലയാളം യു കെ പത്രത്തിന്റെ അവാർഡ് ,ലിവർപൂൾ ക്നാനായ കമ്മ്യൂണിറ്റിയുടെ അംഗീകാരം ,പടമുഖം സ്നേഹമന്ദിരത്തിന്റെ അംഗീകാരം , ലിവർപൂൾ മലയാളി അസോസിയേഷൻ (ലിമ)യുടെ അംഗീകാരം എന്നിവ ലഭിച്ചിട്ടുണ്ട് . ഇടുക്കി ചാരിറ്റിക്കു നേതൃത്വ൦കൊടുക്കുന്നത് സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ് 07803276626.. .എന്നിവരാണ് .ഞങ്ങളുടെ രക്ഷാധികാരി ബഹുമാനപ്പെട്ട തമ്പി ജോസാണ് .

ദാരിദ്രൃം എന്തെന്നറിഞ്ഞവർക്കെ പാരിൽ പരക്ലേശവിവേകമുള്ളു.””

ഷൈമോൻ തോട്ടുങ്കൽ

ബിർമിംഗ്ഹാം . ഈശോ മിശിഹായുടെ തിരുപ്പിറവി ആഘോഷങ്ങളുടെ തിരുക്കർമ്മങ്ങൾക്ക് വിപുലമായ ക്രമീകരണങ്ങൾ ഒരുക്കി ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത. രൂപതയുടെ വിവിധ ഇടവക മിഷൻ കേന്ദ്രങ്ങളിൽ ക്രിസ്മസ് രാത്രിയിൽ പിറവിത്തിരുനാൾ തിരുക്കർമ്മങ്ങളും , ക്രിസ്മസ് ദിനത്തിൽ വിശുദ്ധ കുർബാനകളും ക്രമീകരിച്ചിട്ടുള്ളതായി രൂപതാ കേന്ദ്രത്തിൽ നിന്നും അറിയിച്ചു .

രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പ്രെസ്റ്റൻ സെന്റ് അൽഫോൻസാ കത്തീഡ്രലിൽ നടക്കുന്ന തിരുക്കർമ്മങ്ങൾക്ക് കാർമികത്വം വഹിക്കും , രൂപതയുടെ വിവിധ ഇടവകകളിലും ,മിഷനുകളിലും ,നടക്കുന്ന തിരുക്കർമ്മങ്ങളുടെ സമയക്രമം , മിഷൻ ഡയറക്ടര്മാരുടെ കോൺടാക്ട് ഡീറ്റെയിൽസ് തിരുക്കർമ്മങ്ങൾ നടക്കുന്ന പള്ളിയുടെ മേൽവിലാസം എന്നിവ റീജിയൻ തിരിച്ചു തയ്യാറാക്കിയത് താഴെ നൽകുന്നു .

 

ബിർമിങ്ഹാം .കാത്തലിക് സീറോ മലബാർ എപ്പാർക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടൻ കമ്മീഷൻ ഫോർ കൊയർ കമ്മീഷൻ ഒരുക്കുന്ന ഓൾ യൂകെ കരോൾ ഗാനമത്സരം ” 2023” ഡിസംബർ 23 ന് ബെർമിങ്ഹാമിലെ ഔർ ലേഡി ഓഫ് റോസറി ദേവാലയത്തിൽ വെച്ച് ഈ വരുന്ന ഡിസംബർ 23 ശനിയാഴ്ച ഉച്ചകഴിഞ്ഞു 3 മുതൽ നടത്തപ്പെടുന്നു.

ഈ വർഷം മുതൽ ആരംഭിക്കുന്ന കരോൾ ഗാനമത്സരം ” 2023” ൽ യൂകെയിലുള്ള എല്ലാ ക്രിസ്‌തീയ സഭകളിലുള്ളവർക്കും, സംഘടനകൾക്കും പങ്കെടുക്കാവുന്ന വിധത്തിലാണ് മത്സരം ഒരുക്കിയിരിക്കുന്നത്.ഒന്നാം സമ്മാനം £500 ട്രോഫി, രണ്ടാം സമ്മാനം £300 ട്രോഫി, മൂന്നാം സമ്മാനം £200 ട്രോഫിയുമാണ്.

നേരത്തെ വൂസ്റ്ററിൽ നടത്തുവാനുദ്ദേശിച്ചിരുന്ന മത്സരം പിന്നീട് ബെർമിങ്ഹാമിലെ ഔർ ലേഡി ഓഫ് റോസറി ദേവാലയത്തിലേക്ക് മാറ്റുകയായിരുന്നു.മത്സരത്തിന്റെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായ തായി സംഘാടകർ അറിയിച്ചു .

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:

ഫാ. ജോസ് അഞ്ചാനിക്കൽ: 07534967966
ജോമോൻ മാമ്മൂട്ടിൽ: 07930431445

വേദിയുടെ വിലാസം:

Our Lady of the Rosary and St Thérèse of Lisieux Church
Bridge Road
Saltley,Birmingham
B8 3BB

ഫാന്റസാഫ്: വിൻസെൻഷ്യൽ കോൺഗ്രിഗേഷൻ നയിക്കുന്ന കുടുംബ വിശുദ്ധീകരണ റസിഡെൻഷ്യൽ ധ്യാനം പാന്റസാഫ് വിൻസെൻഷ്യൽ ഡിവൈൻ റിട്രീറ്റ് സെന്ററിൽ വെച്ച് നടത്തപ്പെടുന്നു.ഫെബ്രുവരി 23,24,25 തീയതികളിലായി നടത്തപ്പെടുന്ന താമസിച്ചുള്ള ത്രിദിന ധ്യാനം പ്രശസ്ത ധ്യാന ഗുരുവും, ഫാമിലി കൗൺസിലറുമായ ഫാ. പോൾ പാറേക്കാട്ടിൽ വി സി നയിക്കും.

” കർത്താവായ യേശുവിൽ വിശ്വസിക്കുക, നീയും നിന്റെ കുടുംബവും രക്ഷപ്രാപിക്കും” (അപ്പസ്തോല പ്രവർത്തനം 16 :31) എന്ന തിരുവചനത്തിലൂന്നിക്കൊണ്ടുള്ള ത്രിദിന കുടുംബ വിശുദ്ധീകരണ ധ്യാന ചിന്തകളും, ശുശ്രുഷകളും ആല്മീയ വിശുദ്ധീകരണത്തിനും, നവീകരണത്തിനും അനുഗ്രഹദായകമാവും.

വലിയ നോമ്പുകാലത്തിലൂടെ വിശുദ്ധ വാരത്തിലേക്കുള്ള തീർത്ഥയാത്രയുടെ ഒരുക്കത്തതിനും,ആല്മീയ-ആദ്ധ്യാൽമിക വളർച്ചക്കും, ദൈവീക കൃപകൾ പ്രാപിക്കുന്നതിനും കുടുംബ വിശുദ്ധീകരണ ധ്യാനത്തിലേക്ക് ഏവരെയും സസ്നേഹം ക്ഷണിച്ചു കൊള്ളുന്നു.

പരിശുദ്ധ ജപമാല സമർപ്പണത്തിനായും, കുരിശിന്റെ വഴിക്കുമായി ധ്യാന കേന്ദ്രത്തിന്റെതായ കുന്നിൻ പ്രദേശത്ത് വീഥിയൊരുക്കി ഗ്രോട്ടോകൾ സ്ഥാപിച്ച് പ്രത്യേകമായി സംവിധാനം ചെയ്തിട്ടുള്ള ഫ്രാൻസിസ്കൻ ഫ്രയറിൽ വ്യക്തിപരമായും ഗ്രൂപ്പുകളായും നിത്യേന സന്ദർശകർ എത്തി പ്രാർത്ഥിച്ചു മടങ്ങാറുണ്ട്.

പാന്റസാഫ് റിട്രീറ്റ് സെന്ററിൽ വിശാലമായ താമസ സൗകര്യവും, പാർക്കിങ്ങും വ്യക്തിപരമായ പ്രാർത്ഥനയ്ക്കും, കൗൺസിലിങ്ങിനുമുള്ള സൗകര്യങ്ങളും ഉണ്ട്.

ഫെബ്രുവരി 23 നു വെള്ളിയാഴ്ച രാവിലെ ഒമ്പതുമണിക്ക് ആരംഭിക്കുന്ന മൂന്നു ദിവസത്തെ ധ്യാനം 25 നു ഞായറാഴ്ച വൈകുന്നേരം നാലുമണിക്ക് സമാപിക്കും.

കൂടുതൽ വിവരങ്ങൾക്ക്:
[email protected],
Phone: +44 07417494277
Online registration: www.pantasaph.org

Vincentian Divine Retreat Centre,
Franciscan Friary, Monastery Road, Pantasaph,Holywell,CH8 8PE

ഷൈമോൻ തോട്ടുങ്കൽ

പരിശുദ്ധ ഫ്രാൻസിസ് മാർപാപ്പ 2025 ലെ ജൂബിലി വർഷത്തിന് ഒരുക്കമായി 2024 പ്രാർത്ഥനാ വർഷമായി പ്രഖ്യാപിച്ചിരിക്കുന്നതിന്റെ അടിസ്ഥാനത്തിൽ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത ബൈബിൾ അപ്പോസ്തലേറ്റിന്റെ നേതൃത്വത്തിൽ രൂപത മുഴുവൻ ”ഞാന്‍ അങ്ങയുടെ വചനത്തില്‍ പ്രത്യാശയര്‍പ്പിക്കുന്നു”(സങ്കീ 119 : 114) എന്ന ആപ്തവാക്യം സ്വീകരിച്ചുകൊണ്ട് ഒരുമിച്ച് വചനം വായിച്ച്, ധ്യാനിച്ച് ജൂബിലിക്കുവേണ്ടി ഒരുങ്ങുന്നു .

2024 ജനുവരി 1 മുതൽ ഒരു ദിവസം ഒരു അധ്യായം (അല്ലെങ്കിൽ ചെറിയ രണ്ടോ മൂന്നോ അധ്യായങ്ങൾ) എന്ന നിലയിൽ വചനപാരായണം ക്രമീകരിക്കുന്നു. രൂപതയിലെ 12 റീജണുകളിൽനിന്നും ”റഹ്മേ ദ്സവ്റാ” (‘Friend’s of Hope’ or ‘പ്രത്യാശയുടെ കൂട്ടുകാർ’) എന്ന പേരിൽ രൂപീകൃതമായിരിക്കുന്ന വാട്ട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ ചേർന്ന്, അതിൽ നൽകപ്പെടുന്ന ഓരോ ദിവസത്തെയും വചനപാരായണത്തിനുള്ള നിശ്ചിത അധ്യായം വ്യക്തിപരമായി സൗകര്യപ്രദമായ സമയത്ത് വായിക്കുന്നു.

ഓരോ ദിവസവും വായിക്കുന്ന അധ്യായങ്ങളിൽനിന്നും കൗതുകകരമായ അറിവു നൽകുന്ന ഒരു മിനിറ്റിൽ താഴെയുള്ള ശബ്ദ സന്ദേശം ഈ വാട്ട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ നൽകുന്നതാണ്. അതോടൊപ്പം വായന പൂർത്തിയാക്കുന്ന അധ്യായങ്ങളുടെ സംശയനിവാരണം നടത്തുന്നതിന് ബൈബിൾ പണ്ഡിതരുടെ സഹായവും ലഭ്യമാക്കുന്നതാണ്. എല്ലാ കുടുംബങ്ങളെയും വ്യക്തികളെയും ”റഹ്മേ ദ്സവ്റാ” (Friend’s of Hope) യുടെ തിരുവചനപാരായണ സൗഹൃദ കൂട്ടായ്മയിലേക്ക് സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നുരൂപതയിലെ 12 റീജണുകളിൽനിന്നും വാട്ട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ യിൽ ചേരുന്നതിനുള്ള വാട്ട്സ് ആപ്പ് ലിങ്ക് ചുവടെ ചേർക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് രൂപത ഇയർ ഓഫ് ജൂബിലി കോഡിനേറ്റർ റെവ ഫാ ജോൺ പുളിന്താനത്ത് . ബൈബിൾ അപ്പോസ്റ്റലേറ്റ് പി ആർ ഓ ജിമ്മിച്ചൻ ജോർജ് എന്നിവരുമായി ബന്ധപ്പെടുക.

എപ്പാർക്കിയിലെ 12 റീജണുകളിൽനിന്നും വാട്ട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ ചേരുന്നതിനുള്ള വാട്ട്സ് ആപ്പ് ലിങ്ക് ചുവടെ ചേർക്കുന്നു.

https://emea01.safelinks.protection.outlook.com/?url=https%3A%2F%2Fchat.whatsapp.com%2FBZDCa3FMBeRDcjN4vfrlCi&data=05%7C02%7C%7Ce0d3c8a494664302f1df08dc00d98df4%7C84df9e7fe9f640afb435aaaaaaaaaaaa%7C1%7C0%7C638386181581808207%7CUnknown%7CTWFpbGZsb3d8eyJWIjoiMC4wLjAwMDAiLCJQIjoiV2luMzIiLCJBTiI6Ik1haWwiLCJXVCI6Mn0%3D%7C3000%7C%7C%7C&sdata=ZGntjGuD9RWMXyrdvoxtppXN40B%2Bdt5FIqw3ew%2FTm8c%3D&reserved=0

RECENT POSTS
Copyright © . All rights reserved