Latest News

മാനുഷിക യജ്ഞ്ത്തിന് വളരെ പ്രാധാന്യം നൽകിയിരുന്നു ഗുരുദേവൻ. മനുഷ്യനെ സേവിക്കുന്നതിലൂടെ മാത്രമേ ഈശ്വരനെ പൂജിക്കുവാൻ സാധിക്കൂ എന്ന ഗുരുസൂക്തം മാനുഷിക യജ്ഞത്തിൻ്റെ പ്രാധാന്യം വ്യക്തമാക്കുന്നു. ഈ ഗുരു വചസിനെ പ്രാവർത്തികമാക്കുന്നതിൻ്റെ ഭാഗമായാണ് കോട്ടയം മെഡിക്കൽ കോളേജ് കേന്ദ്രീകരിച്ച് ഗുരുനാരായണ സേവാനികേതൻ പ്രവർത്തിക്കുന്നത്. നിർധനരായ ക്യാൻസർ റേഡിയേഷൻ രോഗികൾക്ക് താമസം, ഭക്ഷണം, മരുന്ന് തുടങ്ങിയ നൽകി വരുന്നു. മെഡിക്കൽ കോളേജിൽ നടത്തുന്ന ഭക്ഷണ വിതരണം ആയിരങ്ങൾക്ക് ആശ്വാസമാണ്.

ഗുരു നാരായണ സേവാനികേതനിൽ ശ്രീനാരായണ ധർമ്മ പ്രചാരക പരിശീലന ക്ലാസുകൾ
സത്സംഗങ്ങൾ, ആദ്ധ്യാത്മിക പഠനശിബിരങ്ങൾ, ഗുരുകൃതികളുടെ ഭജനാമൃതം അങ്ങനെ ഒട്ടേറെ ജനസേവന പ്രവർത്തങ്ങൾ ആണ് ഗുരുനാരായണ സേവ നികേതൻ നടത്തിവരുന്നത്. ഗുരുനാരായണ സേവാനികതന്റെ പ്രവർത്തന ഫണ്ടിലേക്ക് സേവനം യു കെ സമാഹരിച്ച ഒരു ലക്ഷത്തി ഒന്നു രൂപ സേവനം യു കെ കൺവീനർ ശ്രീ സജീഷ് ദാമോദരൻ കോട്ടയം ഗുരുനാരായണ സേവാനികേതനിൽ വച്ചു ആചാര്യൻ കെ എൻ ബാലാജി സാറിന് കൈമാറി. ഈ സഹായം ഈശ്വര പൂജയായി കാണുന്നതായി സേവനം യു കെ ഡയറക്ടർ ബോർഡ്‌ അറിയിച്ചു.

അമ്മയെയും കുഞ്ഞിനെയും 11 വർഷങ്ങൾക്ക് മുൻപ് കാണാതായ സംഭവം കൊലപാതകമാണെന്നു തെളിഞ്ഞു. ഊരുട്ടമ്പലം സ്വദേശി വിദ്യയും (ദിവ്യ) മകൾ ഗൗരിയുമാണു കൊല്ലപ്പെട്ടത്. വിദ്യയുടെ പങ്കാളി മാഹിൻ കണ്ണ് കുറ്റസമ്മതം നടത്തി. കടലിൽ തള്ളിയിട്ടാണ് ഇരുവരെയും കൊലപ്പെടുത്തിയതെന്നു മാഹിൻ കണ്ണ് പൊലീസിനോടു സമ്മതിച്ചു. മാഹിൻ കണ്ണിന്റെ ഭാര്യയ്ക്കും സംഭവത്തെക്കുറിച്ച് അറിയാമായിരുന്നെന്നു പൊലീസ് പറഞ്ഞു. ജില്ലാ ക്രൈംബ്രാഞ്ചിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിച്ചത്.

2011 ഓഗസ്റ്റ് 18നാണ് വിദ്യയെയും മകൾ ഗൗരിയെയും കാണാതാകുന്നത്. പൂവാർ സ്വദേശിയായ മാഹിൻ കണ്ണ് മത്സ്യവ്യാപാരിയായിരുന്നു. 2008ലാണ് ചന്തയിൽ കച്ചവടത്തിന് എത്തിയ മാഹിൻകണ്ണ് വിദ്യയുമായി ഇഷ്ടത്തിലാകുന്നത്. ഒരുമിച്ചു താമസിക്കുന്നതിനിടെ വിദ്യ ഗർഭിണിയായി. കല്യാണം കഴിക്കാൻ വിദ്യയും കുടുംബവും തുടക്കം മുതൽ നിർബന്ധിച്ചെങ്കിലും മാഹിൻകണ്ണ് തയാറായിരുന്നില്ല. ഗർഭിണിയായതോടെ കല്യാണം കഴിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യ സമ്മർദം ശക്തമാക്കി. ഇതിനിടെ മാഹീൻ കണ്ണ് വിദേശത്തേക്കു പോയി. നിർമാണ തൊഴിലാളിയായ വിദ്യയുടെ അച്ഛൻ കൂലിപ്പണി ചെയ്താണു കുടുംബം നോക്കിയിരുന്നത്. കുഞ്ഞിന് ഒരു വയസായപ്പോൾ മാഹിൻകണ്ണ് നാട്ടിലേക്കു തിരിച്ചു വന്നു. ഒരു സുഹൃത്ത് പറഞ്ഞാണ് മാഹിൻകണ്ണ് നാട്ടിലെത്തിയവിവരം വിദ്യ അറിയുന്നത്. മാഹിൻകണ്ണിനെ വിദ്യ നിർബന്ധിച്ച് വീട്ടിലേക്കു കൂട്ടിക്കൊണ്ടുവന്നു.

മാഹിൻകണ്ണ് വീട്ടിലുള്ളപ്പോഴാണ് ഭാര്യയായ റുഖിയയുടെ ഫോൺ വരുന്നത്. മാഹിൻകണ്ണ് വിവാഹിതനാണെന്ന കാര്യം വിദ്യ മനസിലാക്കിയത് അപ്പോഴാണ്. ഇതേച്ചൊല്ലി ഇരുവരും നിരന്തരം വഴക്കിലായി. കാണാതാകുന്ന ദിവസം വിദ്യയും മകളും വാഹനാപകടത്തിൽ പരുക്കേറ്റ് ചികിൽസയിലായിരുന്ന സഹോദരി ശരണ്യയുമാണു വീട്ടിലുണ്ടായിരുന്നത്. വിദ്യയുടെ അമ്മ രാധ, ഭർത്താവിന്റെ ചിറയിൻകീഴിലെ ജോലി സ്ഥലത്ത് പണം വാങ്ങാൻ പോയിരിക്കുകയായിരുന്നു. വിദ്യ ഫോണിൽ വിളിച്ചു രണ്ടര വയസ്സുകാരിയായ മകൾക്കും മാഹിൻകണ്ണിനോടൊപ്പം വൈകിട്ട് പുറത്തേക്കു പോകുകയാണെന്ന് അറിയിച്ചു. വിദ്യ തിരിച്ചെത്താത്തതിനെതുടർന്ന് കുടുംബം പൂവാർ സ്റ്റേഷനിൽ പരാതി നൽകി. വിദ്യയെയും മകളെയും വേളാങ്കണ്ണിയിലുള്ള സുഹൃത്തിന്റെ വീട്ടിലാക്കിയെന്നാണു മാഹിന്‍കണ്ണ് പൊലീസിനോട് പറഞ്ഞത്. ഇരുവരെയും കൂട്ടിക്കൊണ്ട് വരാമെന്നു പറഞ്ഞതോടെ മാഹിൻകണ്ണിനെ പൂവാർ പൊലീസ് വിട്ടയച്ചു. പീന്നീട് പൊലീസ് കേസ് അന്വേഷിച്ചില്ല.

വിദേശത്തേക്കു പോയ മാഹിൻ കണ്ണ് പിന്നീട് നാട്ടിൽ തിരിച്ചെത്തി പൂവാറിൽ സ്ഥിരതാമസമാക്കി. മകളെ കാണാതായ വിഷമത്തിൽ പിതാവ് ജയചന്ദ്രൻ ആത്മഹത്യ ചെയ്തു. 2019ൽ കാണാതായവരുടെ കേസുകൾ പ്രത്യേകം അന്വേഷിക്കാൻ തീരുമാനിച്ചപ്പോൾ കേസ് പ്രത്യേക സംഘം ഏറ്റെടുത്തു. വിദ്യയെ അറിയില്ലെന്നായിരുന്നു അദ്യം മാഹിൻകണ്ണ് പൊലീസിനോട് പറഞ്ഞത്. പിന്നീട് തെളിവുകൾ നിരത്തിയപ്പോൾ വിദ്യയെ അറിയാമെന്നും ഓട്ടോയിൽ തമിഴ്നാട്ടിൽ ആക്കിയെന്നും പറഞ്ഞു. തുടർന്നുള്ള ചോദ്യം ചെയ്യലിലാണു കുറ്റസമ്മതം നടത്തിയത്. വിദ്യയെയും മകളെയും കാണാതായി രണ്ടു ദിവസത്തിനുശേഷം ഇരുവരുടെയും മൃതദേഹം തമിഴ്നാട്ടിലെ കുളച്ചൽ ഭാഗത്ത് തീരത്തടിഞ്ഞിരുന്നു. എന്നാൽ, ആദ്യത്തെ അന്വേഷണ സംഘം ഇക്കാര്യങ്ങളൊന്നും പരിശോധിച്ചില്ല. ആദ്യം കേസ് അന്വേഷിച്ച പൊലീസ് സംഘത്തിനു ഗുരുതരമായ വീഴ്ചയുണ്ടായതായി കുടുംബം ആരോപിച്ചിരുന്നു. പരാതി നൽകുമ്പോൾ പൂവാർ സ്റ്റേഷനിലുണ്ടായിരുന്ന അന്വേഷണ ഉദ്യോഗസ്ഥൻ പണം ആവശ്യപ്പെട്ടിരുന്നതായി കുടുംബം പറയുന്നു.

തേങ്ങാപ്പട്ടണത്തുനിന്നാണ് വിദ്യയുടെ മൃതദേഹം കിട്ടിയത്. കുളച്ചൽ കോസ്റ്റൽ പൊലീസ് സ്റ്റേഷൻ പരിധിയിലാണു മകളുടെ മൃതദേഹം കിട്ടിയത്. പുതുക്കട പൊലീസ് സ്റ്റേഷനിലാണ് കേസ് റജിസ്റ്റർ ചെയ്തത്. അജ്ഞാത മൃതദേഹങ്ങൾ കണ്ടെത്തിയാൽ മറ്റു പൊലീസ് സ്റ്റേഷനുകളിലേക്കു വിവരം കൈമാറും. ആദ്യം കേസ് അന്വേഷിച്ച പൂവാർ പൊലീസ് ഇത്തരം വിവരങ്ങൾക്കു പുറകെ പോയില്ല. ജില്ലാ ക്രൈംബ്രാഞ്ച് കേസ് അന്വേഷണം ഏറ്റെടുത്തശേഷം മാഹിൻകണ്ണിനെ ചോദ്യം ചെയ്തു.

വിദ്യയെയും മകളെയും തമിഴ്നാട്ടിലാക്കിയെന്നും ആത്മഹത്യ ചെയ്തോ എന്നറിയില്ലെന്നും മാഹിൻകണ്ണ് പൊലീസിനോട് പറഞ്ഞു. പൊലീസ് ഫോൺ രേഖ ഉൾപ്പെടെയുള്ള തെളിവുകൾ നിരത്തിയതോടെ മാഹിൻകണ്ണ് കുറ്റം സമ്മതിച്ചു. മാഹിൻകണ്ണിന്റെ ഭാര്യ റുഖിയയ്ക്കും സംഭവത്തിൽ പങ്കുണ്ടെന്നു പൊലീസ് പറയുന്നു. കൂടുതൽ പേർക്ക് കുറ്റകൃത്യത്തിൽ പങ്കുണ്ടോയെന്നു മനസിലാക്കാൻ അന്വേഷണം പുരോഗമിക്കുകയാണ്.

തെലങ്കാന മുഖ്യമന്ത്രിയുടെ വീട് ഉപരോധിക്കാനെത്തിയ വൈഎസ്ആര്‍ തെലങ്കാന പാര്‍ട്ടി നേതാവും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയുടെ സഹോദരിയുമായ വൈഎസ് ശര്‍മിള റെഡ്ഡി സഞ്ചരിച്ച കാര്‍ പൊലീസ് ക്രെയ്ന്‍ ഉപയോഗിച്ച് വലിച്ചുകൊണ്ടുപോയി.തെലങ്കാന സര്‍ക്കാരിന്റെ അഴിമതിക്കെതിരെ, മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ വീട് ഉപരോധത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു പൊലീസ് നടപടി.

വൈഎസ്ആര്‍ തെലങ്കാന പാര്‍ട്ടിയുടെ (വൈഎസ്ആര്‍ടിപി) സ്ഥാപക പ്രസിഡന്റും ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ എസ് ജഗന്‍ മോഹന്‍ റെഡ്ഡിയുടെ സഹോദരി സഞ്ചരിച്ചിരുന്ന കാര്‍ തെലുങ്കാന പൊലീസ് ക്രെയ്ന്‍ ഉപയോഗിച്ച് കെട്ടിവലിച്ച് കൊണ്ട് പോയി. തെലങ്കാന സര്‍ക്കാര്‍ കോടികളുടെ അഴിമതി നടത്തുന്നുവെന്ന് ആരോപിച്ച് മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ വീട് ഉപരോധത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് വൈഎസ് ശര്‍മിള റെഡ്ഡിക്കെതിരെയുള്ള പൊലീസ് നടപടി. ഇതേ തുടര്‍ന്ന് ഹൈദരബാദ് നഗരത്തില്‍ നാടകീയ സംഭവങ്ങള്‍ നടന്നത്. നഗരത്തിന്റെ പല ഭാഗത്തും ടിആര്‍എസ് പ്രവര്‍ത്തകരും വൈഎസ്ആര്‍ടിപി പ്രവര്‍ത്തകരും ചേരി തിരിഞ്ഞ് ഏറ്റുമുട്ടി.

ശര്‍മിള കാറിനകത്ത് ഇരിക്കുന്നതിനിടെയാണ് ക്രെയ്ന്‍ ഉപയോഗിച്ച് പൊലീസ് കാര്‍ നീക്കിയത്. പൊലീസ് പുറത്തിറങ്ങാന്‍ ശര്‍മിളയോട് ആവശ്യപ്പെട്ടെങ്കിലും അത് കേള്‍ക്കാന്‍ അവര്‍ തയ്യാറായില്ല. പൊലീസ് ക്രെയ്ന്‍ ഉപയോഗിച്ച് കാര്‍ വലിച്ചിഴച്ചപ്പോള്‍ ശര്‍മിള കാറിനുള്ളില്‍ ഇരിക്കുന്നതും അവരുടെ അനുയായികള്‍ കാറിന് പുറകെ ഓടുന്നതും ദൃശ്യങ്ങളില്‍ ഉണ്ട്. കഴിഞ്ഞ വര്‍ഷം ജൂലായ് എട്ടിനാണ് വൈഎസ് ശര്‍മിള വൈഎസ്ആര്‍ തെലങ്കാന പാര്‍ട്ടി സ്ഥാപിച്ചത്.

കെസിആറിന്റെ ഭീഷണിയില്‍ വൈഎസ്ആറിന്റെ കുട്ടി ഭയപ്പെടില്ലെന്ന് വൈഎസ് ശര്‍മിള റെഡ്ഡി പറഞ്ഞു. ചന്ദ്രശേഖര്‍ റാവൂ, നിന്റെ പതനം ഉറപ്പാണെന്നും ശര്‍മിള മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ ദിവസവും തെലുങ്കാന സര്‍ക്കാര്‍ വൈ എസ് ശര്‍മിളയെ അറസ്റ്റ് ചെയ്തിരുന്നു. ഭാരത രാഷ്ട്ര സമിതി പ്രവര്‍ത്തകരുമായി ശര്‍മിളയുടെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയതിനെ തുടര്‍ന്ന വാറങ്കലില്‍ പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്.

നര്‍സാംപേട്ടിലെ എംഎല്‍എയായ പി സുദര്‍ശന്‍ റെഡ്ഡിക്കെതിരെ ശര്‍മിള നടത്തിയ പരാമര്‍ശത്തില്‍ പ്രകോപിതരായ ബിആര്‍എസ് പ്രവര്‍ത്തകര്‍ ശര്‍മിളയുടെ വാഹനവ്യൂഹത്തിന് നേരെ ആക്രമണം നടത്തുകയും അവരുടെ വാഹനവ്യൂഹത്തിലുണ്ടായിരുന്ന ഒരു ബസടക്കമുള്ള വാഹനങ്ങള്‍ കത്തിക്കുകയും ചെയ്തു. തുടര്‍ന്ന് ബിആര്‍എസ് പ്രവര്‍ത്തകരുമായി ശര്‍മിളയുടെ അനുയായികള്‍ ഏറ്റുമുട്ടി. സംഭവത്തില്‍ ശര്‍മിള ഇടപെട്ടതോടെ അവരെ വാറങ്കല്‍ പൊലീസ് അറസ്റ്റ് ചെയ്തു. റെഡ്ഡിക്കെതിരെ ശര്‍മിള അഴിമതി ആരോപണം ഉന്നയിച്ചിരുന്നു.

ലോകകപ്പിലെ പ്രാഥമിക ഘട്ടത്തിൽ ഇനി ജീവന്മരണ പോരാട്ടത്തിന്റെ നാലു നാളുകൾ. മൂന്നാം റൗണ്ട് മത്സരങ്ങളിൽ ഒരേ സമയത്താണ് ഒന്നിലേറെ മത്സരം നടക്കുക എന്ന പ്രത്യേകതയും ഉണ്ട്. ഒത്തുകളി നടക്കാൻ സാധ്യതയുള്ളതിനാലാണ് ഇത്തരമൊരു നീക്കം നടക്കുന്നത്. ഇതുവരെ മൂന്ന് ടീമുകൾ മാത്രമാണ് അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടിയത്. അതിനാൽ തന്നെ ഇനിയുൾ മത്സരങ്ങൾ പല വമ്പൻ ടീമുകൾക്കും പരീക്ഷണം തന്നെയാണ്.

പല ടീമുകൾക്കും അവസാന മത്സരം ശേഷിക്കെ ഇനിയും സാധ്യത കിടപ്പുണ്ട്. പോർച്ചുഗൽ, ഫ്രാൻസ്, ബ്രസീൽ ടീമുകൾ മാത്രമാണ് ഇതുവരെ യോഗ്യത ഉറപ്പിച്ചിരിക്കുന്നത്. ഇന്ന് എ ഗ്രൂപ്പിൽ നിർണായക മത്സരങ്ങളാണ് നടക്കാനിരിക്കുന്നത്. ഖത്തർ ഒഴികെയുള്ള ടീമുകൾക്ക് എല്ലാം സാധ്യത നിലനിൽക്കുന്നുണ്ട്. ഗ്രൂപ് ബിയിലും പോരാട്ടം കനക്കും. ഇംഗ്ലണ്ടിന് വെയ്ൽസിനെതിരെ ജയിച്ചാൽ ഗ്രൂപ് ജേതാക്കളായി ഏഴു പോയന്റോടെ പ്രീക്വാർട്ടറിലെത്താം. നാലു ഗോൾ ശരാശരിയുള്ളതിനാൽ സമനില നേടിയാലും നാലു ഗോളിന്റെ വ്യത്യാസത്തിൽ തോൽക്കാതിരുന്നാലും പ്രീക്വാർട്ടറിലെത്താം.

ഇത് വരെ മികച്ച മത്സരങ്ങൾ ഒരുപാട് കണ്ട ലോകകപ്പിൽ അവസാന ഗ്രൂപ് മത്സരങ്ങളും ആവേശകരമായി തുടരാനാണ് സാധ്യത.

ഇന്ത്യന്‍ സിനിമയില്‍ ഒരേയൊരു ആക്ടറുടെ സിനിമകള്‍ മാത്രമേ നാലും 4ല്‍ കൂടുതല്‍ ഭാഷകളിലേക്കും റീമേക്ക് ചെയ്തിട്ടുള്ളു. മലയാളികളുടെ പ്രിയ താരം മോഹന്‍ലാലിന്റെ ഏഴ് സിനിമകള്‍…

7 ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ട സിനിമയാണ് ദൃശ്യം. 2013 ഡിസംബര്‍ 19ന് ആണ് ജീത്തു ജോസഫ്-മോഹന്‍ലാല്‍ കോംമ്പോയില്‍ ദൃശ്യം എത്തുന്നത്. 2014ല്‍ ‘ദൃശ്യ’ എന്ന പേരിലാണ് സിനിമയുടെ കന്നഡ റീമേക്ക് എത്തിയത്. അതേ വര്‍ഷം തന്നെ എത്തിയ സിനിമയുടെ തെലുങ്ക് റീമേ ‘ദൃശ്യം’ എന്ന പേരിലാണ് എത്തിയത്. കമല്‍ഹാസന്‍ നായകനായി 2015ല്‍ ആണ് തമിഴില്‍ ‘പാപനാസം’ എത്തുന്നത്. അതേവര്‍ഷം തന്നെയാണ് ഹിന്ദിയില്‍ ‘ദൃശ്യം’ എന്ന പേരില്‍ തന്നെ, അജയ് ദേവ്ഗണ്‍ നായകനായി സിനിമ എത്തുന്നത്. സിംഹള ഭാഷയില്‍ 2017ല്‍ ആണ് ‘ധര്‍മ്മയുദ്ധയ’ എന്ന പേരില്‍ റീമേക്ക് എത്തുന്നത്. ‘ഷീപ് വിത്തൗട്ട് എ ഷെപ്പേര്‍ഡ്’ എന്ന പേരില്‍ 2019ല്‍ ആണ് സിനിമയുടെ ചൈനീസ് റീമേക്ക് വരുന്നത്. ഇത് കൂടാതെ ഇന്ത്യോനേഷ്യന്‍ ഭാഷയിലും സിനിമ ഒരുക്കുന്നുണ്ട്.

അതേസമയം, 2021 ഫെബ്രുവരി 19ന് ആണ് ദൃശ്യം 2 എത്തിയത്. സിനിമ ഇതുവരെ കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിലേക്ക് റീമേക്ക് ചെയ്തു കഴിഞ്ഞു. ഇനി മറ്റ് ഭാഷകളിലും സിനിമ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

1993 ഡിസംബര്‍ 25ന് റിലീസ് ആയ, മലയാളി പ്രേക്ഷകരുടെ ഓള്‍ ടൈം ഫേവറേറ്റ്, സൂപ്പര്‍ ഹിറ്റ് മൂവിയാണ് ‘മണിചിത്രത്താഴ്’. മോഹന്‍ലാലും ശോഭനയും സുരേഷ് ഗോപിയും തകര്‍ത്ത് അഭിനയിച്ച സിനിമ. മധു മുട്ടത്തിന്റെ രചനയില്‍ ഫാസില്‍ സംവിധാനം ചെയ്ത ചിത്രം നാല് ഭാഷകളില്‍ റീമേക്ക് ചെയ്തിട്ടുണ്ട്. 2004ല്‍ ‘അപ്തമിത്ര’ എന്ന പേരിലാണ് സിനിമയുടെ കന്നഡ റീമേക്ക് എത്തിയത്. തമിഴില്‍ 2005ല്‍ ആണ് ‘ചന്ദ്രമുഖി’ എന്ന പേരിലാണ് റീമേക്ക് എത്തിയത്. ‘രാജ്മഹല്‍’ എന്ന പേരില്‍ 2005ല്‍ തന്നെയാണ് സിനിമയുടെ ബംഗാളി റീമേക്കും എത്തിയത്. ഹിന്ദിയില്‍ ‘ഭൂല്‍ ഭുലയ്യ’ എന്ന പേരിലാണ് 2007ല്‍ സിനിമ എത്തിയത്. തെലുങ്കില്‍ ‘നാഗവല്ലി’ എന്ന പേരില്‍ എത്തിയ അനുഷ്‌ക ഷെട്ടി ചിത്രവും മണിച്ചിത്രത്താഴ് ആസ്പദമാക്കിയാണ്.

1989 ജൂലൈ 7ന് റിലീസ് ചെയ്ത ‘കിരീടം ആറ് ഭാഷകളില്‍ റീമേക്ക് ചെയ്തിട്ടുണ്ട്. ലോഹിതദാസിന്റെ രചനയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രമാണ് കിരീടം. മോഹന്‍ലാല്‍, തിലകന്‍, പാര്‍വതി ജയറാം എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ സിനിമ മലയാളത്തിലെ ജനപ്രിയ ചിത്രങ്ങളില്‍ ഒന്നാണ്. കന്നഡയില്‍ ‘മൊദാദ മരേയല്ലി’ എന്ന പേരില്‍ 1991ലും, ഹിന്ദിയില്‍ ‘ഗര്‍ദിഷ്’ എന്ന പേരില്‍ 1993ലും, ‘ബാബര്‍ ആദേശ്’ എന്ന പേരില്‍ ബംഗാളിയില്‍ 1995ലും, നായക്: ദ റിയല്‍ ഹീറോ എന്ന പേരില്‍ തമിഴില്‍ 2005ലുമാണ് കിരീടത്തിന്റെ റീമേക്കുകള്‍ എത്തിയത്.

1984 മാര്‍ച്ച് 17ന് റിലീസ് ചെയ്ത ‘പൂച്ചക്കൊരു മൂക്കുത്തി’ എന്ന സിനിമ അഞ്ച് ഭാഷകളിലായാണ് റീമേക്ക് ചെയ്തത്. തമിഴില്‍ ‘തങ്കമണി രങ്കമണി’ എന്ന പേരില്‍ 1989ലും, ‘ഹംഗാമ എന്ന പേരില്‍ ഹിന്ദിയില്‍ 2003ലും, തെലുങ്കില്‍ ‘ഇന്റ്‌ലോ ശ്രിമതി വീധിലോ കുമാരി’ എന്ന പേരില്‍ 2004ലും, ജൂട്ടാട്ട എന്ന പേരില്‍ 2005ല്‍ കന്നഡയിലും, ‘ലേ ഹലുവാ ലേ’ എന്ന പേരില്‍ ബംഗാളിയില്‍ 2012ലുമാണ് സിനിമയുടെ റീമേക്കുകള്‍ എത്തിയത്. മലയാളത്തിനൊപ്പം ഹിന്ദിയിലും പ്രിയദര്‍ശന്‍ തന്നെയാണ് സിനിമ ഹിന്ദിയിലും ഒരുക്കിയത്.

പ്രിയദര്‍ശനും ശ്രീനിവാസനും ചേര്‍ന്ന് എഴുതി, പ്രിയദര്‍ശന്റെ സംവിധാനത്തില്‍ 1997 സെപ്റ്റംബര്‍ 4ന് റിലീസ് ചെയ്ത സൂപ്പര്‍ഹിറ്റ് സിനിമയാണ് ചന്ദ്രലേഖ. 1998ല്‍ നാഗാര്‍ജുന നായകനായി ഇതേ പേരില്‍ തന്നെയാണ് തെലുങ്ക് റീമേക്ക് എത്തിയത്. 2000ല്‍ ‘ഹര്‍ ദില്‍ ജോ പ്യാര്‍ കരേങ്കാ’ എന്ന പേരിലാണ് ഹിന്ദി റീമേക്ക് എത്തിയത്. ‘ഹേയ് സരസു’ എന്ന പേരിലാണ് കന്നഡ റീമേക്ക് എത്തിയത്. ‘സുമ്മാ നച്ച്‌നു ഇരിക്ക്’ എന്ന പേരില്‍ 2013ല്‍ ആണ് തമിഴ് റീമേക്ക് എത്തിയത്.

പ്രിയദര്‍ശന്റെ സംവിധാനത്തില്‍ 1988 ഡിസംബര്‍ 23ന് എത്തിയ ‘ചിത്രം’ സിനിമ നാല് ഭാഷകളില്‍ റീമേക്ക് ചെയ്തിട്ടുണ്ട്. ‘അല്ലഡുഗാരു’ എന്ന പേരില്‍ 1990ല്‍ തെലുങ്കിലും, ‘പ്യാര്‍ ഹുവാ ചോരി ചോരി’ എന്ന പേരില്‍ ഹിന്ദിയില്‍ 1991ലും, ‘രായരു ബന്ദരു മാവന മനേജ്’ എന്ന പേരില്‍ 1993ല്‍ കന്നഡയിലും ‘എങ്കിരുന്തോ വന്തേന്‍’ എന്ന പേരില്‍ 1995ല്‍ തമിഴിലുമാണ് സിനിമയുടെ റീമേക്കുകള്‍ എത്തിയത്.

ഡെന്നിസ് ജോസഫിന്റെ തിരക്കഥയില്‍ തമ്പി കണ്ണന്താനം സംവിധാനം ചെയ്ത ‘രാജാവിന്റെ മകന്‍’ മോഹന്‍ലാലിന്റെ കരിയര്‍ ബ്രേക്ക് സിനിമയായിരുന്നു. നാല് ഭാഷകളിലേക്ക് സിനിമ റീമേക്ക് ചെയ്തിട്ടുണ്ട്. തമിഴില്‍ ‘മക്കള്‍ എന്‍ പക്കം’, കന്നഡയില്‍ ‘അതിരഥ മഹാരഥ’, തെലുങ്കില്‍ ‘അഹുതി’, ഹിന്ദിയില്‍ ‘കന്‍വര്‍ലാല്‍’ എന്നീ പേരുകളലായാണ് സിനിമയുടെ റീമേക്കുകള്‍ എത്തിയത്.

മോഹന്‍ലാല്‍ എന്ന അതുല്യ നടനെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാക്കുന്നത് ജീവിത ഗന്ധിയായ നിരവധി നല്ല കഥാപാത്രങ്ങള്‍ സ്‌ക്രീനില്‍ എത്തിക്കുകയും അതിലൂടെ ലോകമെങ്ങും ആരാധകരെ സൃഷ്ടിക്കുകയും ചെയ്തതിലൂടെയുമാണ്. മലയാള സിനിമ ഈയടുത്തായി വളരെ വ്യത്യസ്തമായ പാതയിലാണ് സഞ്ചരിക്കുന്നത്. മുമ്പേ പോയവരുടെ പാത അന്ധമായി പിന്തുടരാതെ, ക്ലീഷേ രീതികളില്‍ നിന്നും അല്‍പം വിട്ട് പിടിച്ച് മാറുന്ന ലോകത്തിന്റെയും മനുഷ്യരുടെയും ജീവിതവും ജീവിത പരിസരവും സിനിമയില്‍ അവതരിപ്പിക്കാന്‍ പുതുതലുമറ സംവിധായകരും തിരക്കഥാകൃത്തുക്കളും ശ്രമിക്കുന്നുണ്ട്. മലയാളികളുടെ പ്രിയ താരം മോഹന്‍ലാലും പുതുതലമുറ സംവിധായകര്‍ക്കൊപ്പമാണ് ഇനി സിനിമ എടുക്കാന്‍ പോകുന്നതും. അതില്‍ ഏറ്റവും ആകാംഷയോടെ കാത്തിരിക്കുന്നത് ലിജോ ജോസ് പെല്ലിശേരി കോംമ്പോയില്‍ ഒരുങ്ങുന്ന ചിത്രവും എമ്പുരാന്‍ എന്ന സിനിമയ്ക്കായുമാണ്.

 

ലോകത്തെ വലിയ സജീവ അഗ്നിപർവതമായ മൗന ലോവ പൊട്ടിത്തെറിച്ചു. യു.എസിലെ ഹവായ് ദ്വീപിൽ സ്ഥിതിചെയ്യുന്ന മൗന ലോവ 38 വർഷത്തിന് ശേഷമാണ് പൊട്ടിത്തെറിക്കുന്നത്. മുമ്പ് 1984ലാണ് അവസാനമായി മൗന ലോവ പൊട്ടിത്തെറിച്ചത്.

അഗ്നിപർവതത്തിൽ നിന്ന് ജ്വാലകൾ പ്രവഹിക്കുന്നതിന്‍റെയും ചുവന്ന ലാവ ഒഴുകിപ്പരക്കുന്നതിന്‍റെയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. ഇന്നലെ ഇന്ത്യൻ സമയം വൈകിട്ട് മൂന്നിനാണ് പൊട്ടിത്തെറിയുണ്ടായത്.

ഞായറാഴ്ച മേഖലയിൽ ഭൂചലനങ്ങളും പ്രകമ്പനങ്ങളും അനുഭവപ്പെട്ടിരുന്നു. അഗ്നിപർവതം ഏതുസമയവും പൊട്ടിത്തെറിക്കുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നതിനാൽ അപകടാവസ്ഥയുണ്ടായില്ല.

1984ൽ മൗന ലോവ പൊട്ടിത്തെറിച്ചപ്പോൾ എട്ട് കിലോമീറ്റർ അകലെയുള്ള ഹിലോ നഗരത്തിൽ വരെ ലാവ ഒഴുകിയെത്തിയിരുന്നു. ഇത്തവണ ജനവാസ മേഖലകളിലേക്ക് ലാവ എത്തില്ലെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ.

ക്ലാസ് മുറിയിൽ വെച്ച് ഭീകരവാദിയെന്ന എന്ന വിളിച്ച അധ്യാപകനോട് കയർത്ത് മുസ്ലിം വിദ്യാർത്ഥി. കർണാടകയിലെ ഉഡുപ്പിയിലെ മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ ക്ലാസ് മുറിയിൽ വച്ചായിരുന്നു സംഭവം. വിദ്യാർഥിയുടെ പേരെന്താണെന്നു അധ്യാപകൻ ചോദിച്ചു. മുസ്ലിം നാമം കേട്ടപ്പോൾ ”ഓ, നിങ്ങൾ കസബിനെപ്പോലെയാണ് അല്ലേ”യെന്ന് അധ്യാപകൻ ചോദിക്കുകയായിരുന്നു. ഇതാണ് വിവാദത്തിലേയ്ക്ക് വഴിവെച്ചത്.

മറ്റൊരു വിദ്യാർത്ഥി പകർത്തിയ വീഡിയോ പുറത്ത് വന്നതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. വീഡിയോ വൈറലായതോടെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ”26/11 ഒരു തമാശയല്ല. ഈ രാജ്യത്തെ ഒരു മുസ്ലിം ആയതിനാൽ ഇതൊക്കെ ദിവസവും അഭിമുഖീകരിക്കേണ്ടി വരുന്നതും അത്ര തമാശയല്ല. നിങ്ങൾക്ക് ഒരിക്കലും എന്റെ മതത്തെ കളിയാക്കാനാകില്ല അതും ഇത്ര മോശമായ രീതിയിൽ. അത് അത്രയ്ക്ക് രസകരമല്ല സർ” എന്നാണ് വിദ്യാർഥി മറുപടി നൽകിയത്.

വിദ്യാർഥി പ്രതികരിക്കാൻ തുടങ്ങിയതോടെ കാര്യങ്ങളുടെ സ്ഥിതി വഷളാകുമെന്ന് തിരിച്ചറിഞ്ഞ അധ്യാപകൻ വിഷയം മാറ്റി. നീ എനിക്ക് മകനെ പോലെ അല്ലേ എന്ന് പറഞ്ഞ് സ്ഥിതി തണുപ്പിക്കാൻ ശ്രമം നടത്തി. എന്നാൽ, മകന്റെ മുഖത്തു നോക്കി നിങ്ങൾ ഭീകരവാദിയെന്നു വിളിക്കുമോ എന്നാണ് അധ്യാപകനോട് വിദ്യാർത്ഥി മറുചോദ്യമെറിഞ്ഞു.

തുടർന്ന് രക്ഷയില്ലെന്ന് കണ്ടതോടെ വിദ്യാർഥിയോട് അധ്യാപകൻ മാപ്പു ചോദിക്കുകയും ചെയ്തു. ഇത്രയധികം ആളുകളുടെ മുന്നിൽവച്ച് നിങ്ങൾക്ക് എങ്ങനെ എന്നെ അങ്ങനെ വിളിക്കാൻ തോന്നി? നിങ്ങൾ വിദ്യാർഥികളെ പഠിപ്പിക്കുന്ന അധ്യാപകനാണ്. നിങ്ങളുടെ ക്ഷമാപണം നിങ്ങൾ എങ്ങനെ ചിന്തിക്കുന്നുവെന്നോ എങ്ങനെ ഇവിടെ നിങ്ങളെ തന്നെ ചിത്രീകരിക്കുന്നുവെന്നോ ഉള്ളതിൽ ഒരു മാറ്റവും വരുത്തില്ലെന്നും വിദ്യാർത്ഥി പറയുന്നു. സംഭവത്തിൽ, അധ്യാപകനെ സസ്‌പെൻഡ് ചെയ്തതായും അന്വേഷണത്തിന് ഉത്തരവിട്ടതായും സ്ഥാപനം അറിയിച്ചു.

ബസ് യാത്രയ്ക്കിടെ അപസ്മാരബാധയുണ്ടായ മൂന്നു വയസ്സുകാരന് അടിയന്തര ചികിത്സ ഉറപ്പാക്കി മാതൃകയായി 2 വിദ്യാർത്ഥികൾ. തൃക്കണ്ണമംഗൽ എസ്‌കെവി സ്‌കൂളിലെ പത്താംക്ലാസ് വിദ്യാർഥികളായ വിനായകും ശ്രീഹരിയുമാണു രക്ഷകർ.

അമ്മയെയും കുഞ്ഞിനെയും ഓട്ടോറിക്ഷയിൽ താലൂക്ക് ആശുപത്രിയിലെത്തിച്ചു ചികിത്സ നൽകിയ ശേഷം, കുട്ടിയുടെ പിതാവ് വരുന്നത് വരെ തുണയായി ഇരുന്നാണ് ഇരുവരും മികച്ച മാതൃകയായത്. കഴിഞ്ഞ ദിവസം ഉച്ചയോടെ കൊട്ടാരക്കര ബസ് സ്റ്റാൻഡിലായിരുന്നു സംഭവം നടന്നത്. ട്യൂഷൻ കഴിഞ്ഞു ബസിൽ മടങ്ങുകയായിരുന്നു വിദ്യാർഥികൾ.

ചെപ്ര സ്വദേശിനി മകനുമായി ബസിലെത്തി. കുട്ടി വിറയ്ക്കുന്നതും കുഴഞ്ഞുവീഴുന്നതും കണ്ട് അമ്മ നിലവിളിച്ചു. ബസിൽ നിന്നു ചാടിയിറങ്ങിയ വിദ്യാർഥികൾ പോലീസുകാരന്റെ സഹായത്തോടെ ഓട്ടോറിക്ഷ വിളിച്ചു. കുഞ്ഞിനെയും അമ്മയെയും കയറ്റി താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. സ്വന്തം സ്‌കൂൾ ബാഗ് പോലും ബസിൽ ഉപേക്ഷിച്ചാണു കുട്ടികൾ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. കുട്ടിയുടെ അച്ഛൻ എത്തുംവരെ ഇരുവരും ആശുപത്രിയിൽ തങ്ങി. വിദ്യാർഥികളെ സ്‌കൂളും അനുമോദിച്ചു.

സ്‌കൂളില്‍ രണ്ടുദിവസമായി വിദ്യാര്‍ത്ഥികളുടെ ആഘോഷവും സന്തോഷവും കളിയാടുകയായിരുന്നു. എന്നാല്‍ എല്ലാ സന്തോഷങ്ങളേയും തല്ലി കെടുത്തി രണ്ട് വിദ്യാര്‍ത്ഥികളുടെ മരണ വാര്‍ത്തയാണ ്‌തേടിയെത്തിയത്.

ശാസ്ത്ര സാങ്കേതിക മേളയുടെ ഭാഗമായി നല്‍കിയ അവധി ദിനം ആഘോഷമാക്കാന്‍ പോയ രണ്ട് വിദ്യാര്‍ത്ഥികളാണ് കല്ലടയാറ്റിലെ കയങ്ങളില്‍ മുങ്ങി മരിച്ചത്. സാം ഉമ്മന്‍ മെമ്മോറിയല്‍ ഗവ.ടെക്‌നിക്കല്‍ ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥികളായ റൂബൈന്‍ പി ബിജുവും മുഹമ്മദ് റോഷനുമാണ് മരണപ്പെട്ടത്.

മേളയുടെ സമാപനത്തെ തുടര്‍ന്ന് ഇന്നലെ ശുചീകരണത്തിനായി ഹൈസ്‌കൂളിന് അവധി നല്‍കിയിരുന്നു. ഈ അവധിയാണ് വിദ്യാര്‍ത്ഥികള്‍ ആഘോഷമാക്കാന്‍ ഇറങ്ങിയത്. കല്ലടയാറ്റില്‍ കുളിക്കാനായി പോയ എട്ടംഗ വിദ്യാര്‍ത്ഥികളുടെ സംഘത്തിലായിരുന്നു റൂബൈനും മുഹമ്മദ് റോഷനും ഉണ്ടായിരുന്നത്.

കുളിക്കാന്‍ ഇറങ്ങിയ 4 പേരും കയത്തില്‍പ്പെടുന്നതു കണ്ട് എന്തുചെയ്യണമെന്നറിയാതെ പരിഭ്രാന്തരായി ഒപ്പുമുള്ളവര്‍ നിലവിളിച്ചതോടെയാണ് നാട്ടുകാര്‍ അപകടമറിഞ്ഞത്.

ആറ്റിലേക്കു ചാടി 2 പേരെ കരയ്‌ക്കെത്തിച്ചെങ്കിലും റൂബൈനും റോഷനും കയങ്ങളില്‍ പെട്ട് മുങ്ങിപ്പോവുകയായിരുന്നു. കല്ലടയാറ്റിലെ കയങ്ങള്‍ പരിചിതര്‍ക്കു പോലും പിടികൊടുക്കാറില്ല. പ്രളയത്തിലും മലവെള്ളപ്പാച്ചിലിലും കയങ്ങള്‍ പലതും മണ്ണടിഞ്ഞു നികന്നിരുന്നെങ്കിലും ആഴമില്ലെന്നു തോന്നുന്ന പലയിടവും കയങ്ങളായി അപകടക്കെണി ഒരുക്കുകയണ്.

പ്രവാസിയായ ഭര്‍ത്താവ് ശബരിമലയില്‍ പോകാനായി നാട്ടിലെത്തിയപ്പോള്‍ ഭാര്യ കാമുകനോടൊപ്പം നാടുവിട്ടു. നാവായിക്കുളം മുട്ടിയറ നിന്ന് മേനാപ്പാറ താമസമാക്കിയ വൃദ്ധ ദമ്പതികളുടെ 29 വയസുള്ള മകളാണ് 23 കാരനായ യുവാവിനൊപ്പം ഒളിച്ചോടിയത്.

ഭര്‍ത്താവിനെയും 9 വയസായ മകളെയും ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതിയെ പോലീസ് കാമുകനോടൊപ്പം വിട്ടയച്ചു. യുവതിയുടെ ഭര്‍ത്താവ് 5 ദിവസം മുന്‍പ് വിദേശത്ത് നിന്ന് ശബരിമലയില്‍ പോകാനായി നാട്ടിലെത്തിയിരുന്നു.

ഭര്‍ത്താവിന്റെയും യുവതിയുടെ പിതാവിന്റെയും പരാതിയില്‍ കേസെടുത്ത കല്ലമ്പലം പോലീസ് യുവതിയുടെ താത്പര്യ പ്രകാരം കാമുകനൊപ്പം വിട്ടയയ്ക്കുകയായിരുന്നു. പണവും സ്വര്‍ണ്ണാഭരണങ്ങളുമടക്കം വന്‍ സാമ്പത്തിക തട്ടിപ്പ് കാമുകനുമായി ചേര്‍ന്ന് യുവതി നടത്തിയതായി ബന്ധുക്കള്‍ പരാതിപ്പെട്ടു.

Copyright © . All rights reserved