Latest News

ശബരിമലയിൽ തിരക്ക് കുറയ്ക്കാൻ സ്പോട്ട് ബുക്കിങ് 20,000 പേർക്കായി മാത്രമായി ചുരുക്കും. ഇപ്പോള്‍ ദിവസവും 30,000-ത്തിലധികം പേർ സ്പോട്ട് ബുക്കിങ് വഴി എത്തുന്നതുകൊണ്ട് തിരക്ക് നിയന്ത്രിക്കാനാകാത്ത നിലയായിരുന്നു. അധികമായി വരുന്ന ഭക്തർക്ക് അടുത്ത ദിവസം ദർശനം നടത്താൻ സൗകര്യം ഒരുക്കുമെന്ന് അധികൃതർ പറഞ്ഞു.

നിലയ്ക്കലിൽ ഏഴ് പുതിയ ബുക്കിങ് കേന്ദ്രങ്ങൾ ഉടൻ പ്രവർത്തനം ആരംഭിക്കും. സന്നിധാനത്ത് ഭക്തസാന്നിധ്യം കുറയുന്ന നേരം മുതൽ നടപ്പന്തലിലേക്ക് ആളുകളെ കടത്തിവിടും. കുടിവെള്ളം, ലഘുഭക്ഷണം, ചുക്കുകാപ്പി എന്നിവ ലഭ്യമാക്കുന്നതിനായി ക്യൂ കോംപ്ലക്സിൽ 200 ജീവനക്കാരെ കൂടി നിയോഗിച്ചിരിക്കുന്നു എന്നും ശൗചാലയ ശുചീകരണത്തിനും 200 പേരെ കൂടി ചേർത്തതായി തൃശൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ അറിയിച്ചു.

മണ്ഡല–മകരവിളക്ക് ഉത്സവത്തിനായി ഇതുവരെ 1,96,594 പേർ ദർശനം നടത്തി. ഞായറാഴ്ച വൈകിട്ട് അഞ്ചിന് നടതുറന്നതിന് ശേഷം 53,278 പേർ എത്തി, തിങ്കളാഴ്ച 98,915 പേരും ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 വരെ 44,401 പേരും ദർശനം നടത്തി. ഇപ്പോൾ 70,000 പേർക്ക് വെർച്വൽ ക്യൂ വഴിയും 20,000 പേർക്ക് സ്പോട്ട് ബുക്കിങ് വഴിയും ദർശനം അനുവദിക്കപ്പെടുന്നു.

തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇറങ്ങുമെന്ന വാര്‍ത്തകള്‍ വന്നതിന് പിന്നാലെ വധശ്രമത്തിന് ആഹ്വാനം ചെയ്ത കന്യാസ്ത്രീയെ തള്ളി സിഎംസി സന്യാസിനി സമൂഹം.

ടീന ജോസെന്ന സന്യാസിനി സഭയുടെ ഭാഗമല്ലെന്ന് സന്യാസിനി സമൂഹം വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. “സിഎംസി സന്യാസിനി സഭയിലെ ടീന ജോസിന്റെ പ്രാഥമിക അംഗത്വം സഭയുടെ നടപടിക്രമങ്ങള്‍ക്ക് വിധേയപ്പെട്ട് 04/04/2009 തീയതിയില്‍ നഷ്ടപ്പെട്ടതാണ്.

എന്നാല്‍ മാനുഷിക പരിഗണനയില്‍ ഞങ്ങള്‍ നല്‍കിയ അനുമതിയില്‍ അവര്‍ ഞങ്ങളുടെ ഒരു ഭവനത്തില്‍ സൗജന്യമായി താമസിച്ച്‌ അഭിഭാഷകവൃത്തി ചെയ്ത് ജീവിച്ച്‌ വരുന്നു .

മേല്‍പ്പറഞ്ഞ തീയതി മുതല്‍ സന്യാസ വസ്ത്രം ധരിക്കുവാന്‍ നിയമപരമായി അനുവാദമോ അവകാശമോ ഇല്ലാത്തതാണ്). ടീന ജോസ് ചെയ്യുന്ന കാര്യങ്ങള്‍ പൂര്‍ണമായും അവരുടെ മാത്രം തീരുമാനത്തിലും ഉത്തരവാദിത്വത്തിലും ആണ്. ഇപ്പോള്‍ അവര്‍ നടത്തിയതായി പറയപ്പെടുന്ന പ്രസ്താവനയെ ഞങ്ങള്‍ അപലപിക്കുന്നു,” എന്നാണ് സന്യാസിനി സമൂഹത്തിന്റെ പ്രസ് റിലീസില്‍ വ്യക്തമാക്കിയിരിക്കുന്നത്.

ശബരിമലയിലെ തിരക്ക് മുന്നാരുക്കങ്ങളുടെ അപര്യാപ്ത മൂലമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ. തിരക്ക് നിയന്ത്രിക്കുമെന്നും നിലവിലെ സ്ഥിതി ഭയാനകമാണെന്നും അദ്ദേഹം പറഞ്ഞു. പമ്പയിലേക്കുള്ള അയ്യപ്പ ഭക്തരുടെ വരവ് നിയന്ത്രിക്കാൻ പൊലീസ് ചീഫ് ഓഫീസർക്ക് കത്ത് നൽകിയിട്ടുണ്ട്. സ്പോട് ബുക്കിങ്ങിന് പമ്പയിലേത് കൂടാതെ നിലയ്ക്കലിൽ ഏഴ് കൗണ്ടറുകൾ കൂടി സ്ഥാപിക്കും. മരക്കൂട്ടത്തെയും ശരംകുത്തിയിലെയും ക്യൂ കോംപ്ലക്സുകൾ ഫലപ്രദമായി ഉപയോഗിക്കാൻ ശ്രമിക്കുമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് വ്യക്തമാക്കി. അതേസമയം, ശബരിമലയിൽ ദർശന സമയം നീട്ടിയതായി അറിയിച്ചു. ഇന്ന് 2വരെ ദർശനം അനുവദിക്കുന്നതായിരിക്കും. സന്നിധാനത്ത് വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. പൊലീസിന്റെ നിയന്ത്രണം പാളിയതോടെ പതിനെട്ടാം പടിക്ക് മുൻപിൽ സ്ഥാപിച്ചിരിക്കുന്ന ബാരിക്കേഡും തീർത്ഥാടകർ മറികടന്നിരിക്കുന്ന സ്ഥിതി​ഗതിയിലേക്ക് എത്തിയിരിക്കുകയാണ്.

അതേസമയം, സന്നിധാനത്ത് ദർശനം ലഭിക്കാതെ തീർത്ഥാടകർ മടങ്ങിപ്പോകുന്നുണ്ട്. ഈ തീർത്ഥാടകർ പന്തളം വലിയകോയിക്കൽ ക്ഷേത്രത്തിൽ എത്തി നെയ്യഭിഷേകം നടത്തുകയും മാല ഊരി നാട്ടിലേക്ക് തിരിച്ചു പോകുകയും ചെയ്തു. ബെം​ഗളൂരു, സേലം എന്നിവിടങ്ങളിൽ നിന്നുള്ള ഭക്തരാണ് മണിക്കൂറുകളോളം പമ്പയിൽ ക്യൂ നിന്നിട്ട് മടങ്ങിയത്.

സന്നിധാനത്തേക്കുള്ള കെഎസ്ആർടിസി ബസുകളിൽ കയറാൻ കഴിയാതെ തീർത്ഥാടകർ തിക്കും തിരക്കും കൂട്ടുന്ന സ്ഥിതിയാണ്. മുൻ വർഷങ്ങളിൽ നിലവിലുണ്ടായിരുന്ന, ബാരിക്കേഡ് വെച്ചുള്ള നിയന്ത്രണ സംവിധാനം ഇത്തവണ നിലയ്ക്കലിൽ ഏർപ്പെടുത്തിയിട്ടില്ല. അതാണ് തീർത്ഥാടകരുടെ തിക്കിനും തിരക്കിനും പ്രധാന കാരണം. സുരക്ഷാ ക്രമീകരണങ്ങൾക്കായി നിയോഗിച്ചിട്ടുള്ള പോലീസുകാരുടെ എണ്ണത്തിലും കാര്യമായ കുറവുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. സന്നിധാനത്തും പമ്പയിലും തിരക്ക് നിയന്ത്രിക്കാൻ സാധാരണയായി ഉണ്ടാകാറുള്ള എൻഡിആർഎഫ്, ആർഎഎഫ് തുടങ്ങിയ കേന്ദ്ര സേനകളുടെ അഭാവമാണ് സ്ഥിതി കൂടുതൽ വഷളാക്കുന്നത്.

തിരുവല്ല കുറ്റൂരിൽ 14 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ ബംഗാൾ സ്വദേശികളായ ചെറുറായ് (35), ജയന്ത് രാജ് (22) എന്നിവരെ നാട്ടുകാർ പിടികൂടി പോലീസിന് കൈമാറി. ഇതര സംസ്ഥാന തൊഴിലാളികളുടെ മകളായ പെൺകുട്ടിയാണ് പീഡനത്തിനിരയായത്. അച്ഛനും അമ്മയും ജോലിക്ക് പോയ സമയത്ത് വീട്ടിൽ കുട്ടികൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. വീട്ടുവളപ്പിൽ ഉണക്കാനിട്ടിരുന്ന വസ്ത്രങ്ങൾ എടുക്കാനിറങ്ങുന്ന അവസരം നോക്കി പ്രതികൾ മുറിയിൽ ഒളിഞ്ഞിരിക്കുകയായിരുന്നു. കുട്ടികൾ തിരിച്ചെത്തി ഉറങ്ങാൻ കിടന്ന സമയത്താണ് 14 കാരിയെ പീഡിപ്പിച്ചതെന്ന് പൊലീസ് അറിയിച്ചു.

സംഭവം കണ്ടു പേടിച്ച ഒന്നര വയസ്സുകാരിയുടെ വായ് പ്രതികളിൽ ഒരാൾ പൊത്തിപ്പിടിച്ചതിനെ തുടർന്ന് കുട്ടികൾ പുറത്തിറങ്ങി അയൽക്കാരെ വിവരം അറിയിച്ചു. ഉടൻതന്നെ ഓടിയെത്തിയ നാട്ടുകാർ പ്രതികളെ മുറിയിലടച്ച് പൊലീസ് എത്തുന്നതുവരെ കാക്കുകയായിരുന്നു. പ്രതികൾക്കെതിരെ പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. അറസ്റ്റ് ചെയ്ത ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കും.

പാലക്കാട് എലപ്പുള്ളിയിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി ശിവകുമാർ (29) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തദ്ദേശ തെരഞ്ഞെടുപ്പിൽ പാർട്ടി നിശ്ചയിച്ച സ്ഥാനാർഥിയുടെ നാമനിർദേശ പത്രിക സമർപ്പണത്തിൽ പങ്കെടുക്കാനായി തിങ്കളാഴ്ച ഉച്ചയോടെ ശിവകുമാർ സഹപ്രവർത്തകരോടൊപ്പം പോയിരുന്നു. തുടർന്ന് വീട്ടിൽ തിരിച്ചെത്തിയ ശേഷം ഫോൺ വിളികൾക്ക് മറുപടി ലഭിക്കാതിരുന്നതിനെ തുടർന്ന് സമീപവാസിയാണ് അദ്ദേഹത്തെ വീടിന് സമീപത്തെ മരത്തിൽ തൂങ്ങിയ നിലയിൽ കണ്ടത്. ഉടൻ വിവരം അറിയിക്കുകയും കസബ പോലീസ് ഇൻക്വസ്റ്റ് നടപടികൾ നടത്തുകയും ചെയ്തു.

ഡിവൈഎഫ്ഐ എലപ്പുള്ളി വെസ്റ്റ് മേഖലാ കമ്മിറ്റിയംഗവും പികെഎസ് വില്ലേജ് കമ്മിറ്റിയംഗവുമായ ശിവകുമാർ അഞ്ചുവർഷമായി തറക്കളം സിപിഎം ബ്രാഞ്ച് സെക്രട്ടറിയായിരുന്നു. വടകോട് ഒരു സ്വകാര്യ ഫാമിൽ സൂപ്പർവൈസറായും പത്രവിതരണ സഹായിയായി കൂടി ജോലി ചെയ്തുവരികയായിരുന്നു. അവിവാഹിതനായ ശിവകുമാറിന്റെ മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11.30-ന് ചന്ദ്രനഗർ വൈദ്യുത ശ്മശാനത്തിൽ നടക്കും.

ചെങ്കോട്ട സ്ഫോടനത്തില്‍ ഭീകരര്‍ പദ്ധതിയിട്ടത് ഹമാസ് മാതൃകയിലുള്ള ഡ്രോൺ ആക്രമണം എന്ന് റിപ്പോർട്ട്. ആക്രമണത്തിന് പദ്ധതിയിട്ടതിന് അന്വേഷണ ഏജൻസികൾക്ക് തെളിവ് ലഭിച്ചിട്ടുണ്ട്. ഡ്രോണുകളും ചെറിയ റോക്കറ്റുകളും നിർമ്മിക്കാനുള്ള ഗുഢാലോചന നടന്നെന്നാണ് വിവരം. ചാവേറായ ഉമർ ഷൂസിൽ ബോംബ് പൊട്ടിക്കാനുള്ള ട്രിഗർ ഘടിപ്പിച്ചിരുന്നോ എന്നും സംശയമുണ്ട്. സംഭവത്തില്‍ അറസ്റ്റിലായ ഷഹീൻ രണ്ടു കൊല്ലം സൗദി അറേബ്യയിൽ ഉണ്ടായിരുന്നു എന്നാണ് വിവരം. തുർക്കിക്ക് പുറമെ മാൽദ്വീപിലേക്കും ഷഹീൻ യാത്ര ചെയ്തിട്ടുണ്ട്.

സ്ഫോടനവുമായി ബന്ധപ്പെട്ട് കേസിൽ കൂടുതൽ അറസ്റ്റിലേക്ക് കടന്നിരിക്കുകയാണ് എൻഐഎ. ഇന്നലെ അറസ്റ്റിലായ കശ്മീർ സ്വദേശി ജസീർ ബീലാൽ വാണി ഡ്രോണിൽ രൂപമാറ്റം വരുത്തി റോക്കറ്റ് ആക്രമണത്തിനുള്ള സാങ്കേതിക സഹായം നൽകിയെന്ന് ഏജൻസി വ്യക്തമാക്കുന്നു. അറസ്റ്റിലായ വനിതാ ഡോക്ടർ ഷഹീൻ ഷാഹിദിന് ഭീകര സംഘടനയായ ലഷ്കർ എ തയ്ബയുമായി ബന്ധമെന്നാണ് കണ്ടെത്തൽ. നേരത്തെ അറസ്റ്റിലായ അമീർ റാഷിദ് അലിയെ കോടതി പത്ത് ദിവസത്തെ എൻഐഎ കസ്റ്റഡിയിൽ വിട്ടു. ഇയാളെ കാശ്മീരിൽ എത്തിച്ച് തെളിവ് ശേഖരണം നടത്തും.

ഹണി റോസ് നായികയായെത്തുന്ന ‘റേച്ചൽ’ ഡിസംബർ 6-ന് തിയറ്ററുകളിൽ എത്താനൊരുങ്ങുന്നു. ചിത്രം താൻ പ്രതീക്ഷിച്ചതിനെക്കാൾ മികച്ചതായി തീർന്നുവെന്നും, പ്രേക്ഷകശ്രദ്ധ നേടുന്ന വലിയ വിജയമായിരിക്കും ‘റേച്ചൽ’ എന്ന് തനിക്ക് ഉറപ്പുണ്ടെന്നും വിനയൻ പറഞ്ഞു. ഇന്ന് മലയാള സിനിമയിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിമാരെക്കാൾ അധികം വരുമാനം ഹണി റോസ് ഒരു വർഷത്തെ ഉദ്ഘാടനങ്ങളിലൂടെ സമ്പാദിക്കുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

“റേച്ചൽ എന്നെ അത്യന്തം അത്ഭുതപ്പെടുത്തിയ ഒരു ചിത്രമാണെന്നും അദ്ദേഹം പറഞ്ഞു . ഹണി റോസ് കഥാപാത്രത്തെ മികച്ച രീതിയിൽ അവതരിപ്പിച്ചു. വളരെ സീരിയസ് വിഷയം കൈകാര്യം ചെയ്യുന്ന, കഠിനാധ്വാനത്തോടെ പിറന്ന ഒരു സിനിമയാണ് ഇത്. ഇത്തരത്തിൽ ആത്മാർത്ഥമായി നിർമ്മിച്ച ചിത്രങ്ങൾക്ക് ഭാവിയിൽ വലിയ സ്വാധീനം ചെലുത്താനുള്ള കഴിവുണ്ട്,” വിനയൻ പറഞ്ഞു. ഹണി റോസുമായുള്ള ആദ്യ പരിചയവും അദ്ദേഹം ഓർത്തെടുത്തു. 2002-03 കാലത്ത് പൃഥ്വിരാജിന്റെ ‘മീരയുടെ ദുഃഖവും മുത്തുവിന്റെ സ്വപ്നവും’ ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ ഹണിയുടെ അച്ഛൻ അവരെ നായികയാക്കണമെന്ന ആഗ്രഹവുമായി എത്തുകയായിരുന്നു. പിന്നീട് ‘ബോയ്‌ഫ്രണ്ട്’ എന്ന ചിത്രത്തിലൂടെയാണ് ഹണി അഭിനയരംഗത്ത് പ്രവേശിച്ചത്.

ചെറിയ ബജറ്റിൽ പിറന്ന സിനിമകൾ വൻവിജയം നേടുമ്പോഴാണ് ഏറ്റവും വലിയ സന്തോഷമെന്ന് വിനയൻ പറഞ്ഞു. “35 ലക്ഷം രൂപ മുടക്കി ചെയ്ത വാസന്തിയും ലക്ഷ്മിയും മൂന്നര കോടി രൂപ കളക്ട് ചെയ്ത കാലം ഇന്നും മറക്കാനാവില്ല. അതുപോലെ തന്നെ റേച്ചലും ഒരു വലിയ വിജയം കൈവരിക്കട്ടെ,” എന്നാണ് അദ്ദേഹത്തിന്റെ ആശംസ.

തിരുവനന്തപുരത്ത് യുഡിഎഫ് സ്ഥാനാർത്ഥി വൈഷ്ണ സുരേഷിന്റെ പേര് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയ സംഭവത്തിൽ ഹൈക്കോടതി ശക്തമായി പ്രതികരിച്ചു. 24 വയസുള്ള ഒരു യുവതിയെ സാങ്കേതിക കാരണങ്ങൾ പറഞ്ഞ് മത്സരിക്കാതെ വയ്ക്കുന്നത് ശരിയല്ലെന്നും കോടതി പറഞ്ഞു. ഈ മാസം 20നകം ജില്ലാ കളക്ടർ തീരുമാനം എടുക്കണമെന്നും കോടതി നിർദ്ദേശിച്ചു.

വൈഷ്ണയുടെ പേര് ഒഴിവായത് അപേക്ഷയിൽ വീട് നമ്പർ തെറ്റായി നൽകിയതുമൂലമാണ്. അവർ മുട്ടട വാർഡിലെ യുഡിഎഫ് സ്ഥാനാർത്ഥിയാണ്, എന്നാൽ പട്ടികയിൽ പേര് ഇല്ലാത്തത് കാരണം സ്ഥാനാർത്ഥിത്വം സംശയത്തിലായി. വൈഷ്ണ നൽകിയ ഹർജി കോടതി പരിഗണിച്ചു, പരാതിക്കാരനും വൈഷ്ണയും കളക്ടർ മുന്നിൽ ഹാജരാകണമെന്നും കോടതി പറഞ്ഞു.

കോൺഗ്രസ്, പട്ടികയിൽ നിന്ന് പേര് നീക്കിയത് രാഷ്ട്രീയ നീക്കമാണെന്ന് ആരോപിക്കുന്നു. വൈഷ്ണ ഇന്ന് രാവിലെ കളക്ടറേറ്റിൽ എത്തി അപ്പീൽ നൽകി. കളക്ടറുടെ തീരുമാനം വരുന്നതുവരെ വിഷയത്തിൽ അന്തിമ തീരുമാനം കാത്തിരിക്കുകയാണ്.

കെന്റ് അയ്യപ്പ ക്ഷേത്രത്തിൽ ഭക്തിസാന്ദ്രമായി മണ്ഡല – മകരവിളക്ക് ചിറപ്പ് മഹോത്സവം 2025–2026
കെന്റ് അയ്യപ്പ ക്ഷേത്രത്തിൽ 2025 നവംബർ 17 തിങ്കളാഴ്ച മുതൽ 2026 ജനുവരി 14 ബുധനാഴ്ച വരെ.
റോച്ചസ്റ്ററിലെ കെന്റ് അയ്യപ്പ ക്ഷേത്രത്തിൽ വർഷത്തിലെ ഏറ്റവും പരിശുദ്ധമായ മണ്ഡല–മകരവിളക്ക് ചിറപ്പ് മഹോത്സവം 2025–2026 ഭക്തിപൂർവ്വവും അനുഷ്ഠാനനിഷ്ഠയോടെയും ആചരിക്കാൻ ക്ഷേത്രം ഒരുക്കങ്ങൾ പൂർത്തിയാക്കിക്കൊണ്ടിരിക്കുകയാണ്.

വർഷം 2020 മുതൽ ഓരോ മണ്ഡലകാലത്തും ഭക്തിപൂർവ്വം നടത്തിവരുന്ന അയ്യപ്പൻ വിളക്ക് പൂജകളും, പ്രത്യേക അയ്യപ്പ പൂജകളും, ഈ വർഷവും 2025 നവംബർ 17 മുതൽ ഭക്തിപൂർവ്വം ആരംഭിക്കുന്നു.
മണ്ഡല മകരവിളക്ക് പൂജകൾ 2025 നവംബർ 17 തിങ്കളാഴ്ച രാവിലെ 7:30 AM മുതൽ, ശ്രീ മഹാഗണപതിയുടെ അനുഗ്രഹപ്രാപ്തിക്കായി നടക്കുന്ന ഗണപതി ഹോമത്തോടെ ആരംഭിക്കും. വൈകുന്നേരം 6:00 PM മുതൽ 9:00 PM വരെ നടക്കുന്ന പ്രത്യേക അയ്യപ്പ പൂജയോടെ തുടക്കദിന ചടങ്ങുകൾ സമാപിക്കും.

പരമപവിത്രമായ മണ്ഡലകാലത്ത് നവംബർ 17, 2025 മുതൽ ജനുവരി 14, 2026 വരെ,ക്ഷേത്രത്തിൽ ദിവസേന അയ്യപ്പൻ വിളക്ക് പൂജ വൈകുന്നേരം 6:30 PM മുതൽ 7:30 PM വരെ നടക്കും. എല്ലാ ശനിയാഴ്ചയും വൈകുന്നേരം 6:00 PM മുതൽ 9:00 PM വരെ പ്രത്യേക അയ്യപ്പ പൂജ,ഭജന, ദീപാരാധന, നീരാഞ്ജനം, ഹരിവരാസനം, അന്നദാനംഎന്നിവ ഭക്തിസാന്ദ്രമായി നടക്കും.

ഭക്തർക്കു മണ്ഡലകാലത്ത് കെന്റ് അയ്യപ്പ ക്ഷേത്രത്തിൽ ദിവസേനയുള്ള അയ്യപ്പൻ വിളക്ക് പൂജ, ശനിയാഴ്ചകളിലെ പ്രത്യേക അയ്യപ്പ പൂജ, അന്നദാനം,കൂടാതെ എല്ലാ മാസ പൂജ ദിവസങ്ങളിൽ ഗണപതി ഭഗവാന് ഒറ്റയപ്പം നേർച്ച ഉൾപ്പെടെ എല്ലാ പൂജാനുഷ്ഠാനങ്ങളുടെയും പൂജ ബുക്കിംഗ് ലിങ്കുകൾ
ക്ഷേത്രത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്.

പ്രധാന അയ്യപ്പ പൂജ ദിവസങ്ങൾ
• Monday, 17th November 2025 – Mandala Pooja Starting
• Saturday, 22 November 2025 – Monthly Ayyappa Pooja
• Saturday, 29 November 2025 – Kent Hindu Samajam 13th Annual Ayyappa Pooja (5 PM – 10 PM)
• Saturday, 6th, 13th, 20th December 2025
• Saturday, 27 December 2025 – Mandala Vilakku & Aarattu Mahotsavam
• Thursday, 1 January 2026 – New Year Pooja
• Saturday, 10 January 2026
• Wednesday, 14 January 2026 – Makaravilakku Pooja

ഭക്തർ നൽകിയുകൊണ്ടിരിക്കുന്ന സ്നേഹപൂർവ്വമായ പിന്തുണയ്ക്കും സ്‌നേഹനിർഭരമായ സഹകരണത്തിനും,ഭക്തജനങ്ങളുടെ നിർമലമായ സ്‌നേഹപൂർവമായ സംഭാവനകൾക്കും കെന്റ് അയ്യപ്പ ടെംപിൾ ട്രസ്റ്റ് ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.

വിശുദ്ധ മണ്ഡലകാലത്ത് ശ്രീ ധർമ്മശാസ്താവിന്റെ ദിവ്യാനുഗ്രഹം സർവർക്കും സമാധാനവും ഐശ്വര്യവും സമൃദ്ധിയുമേകട്ടെ.

സ്വാമി ശരണം!
Daily Ayyappan Vilakku Pooja Booking:
https://booking.kentayyappatemple.org/link.aspx?Diety=AYYAPPAN&&Pooja=MANDALA+MAKARA+VILAKKU+DAILY+POOJA&&Did=1&&Vid=18
Saturday Ayyappa Pooja Booking:
https://booking.kentayyappatemple.org/link.aspx?Diety=AYYAPPAN&&Pooja=MANDALA+AYYAPPA+POOJA+(SATURDAYS)&&Did=1&&Vid=17
Temple Address:
Kent Ayyappa Temple, 1 Northgate, Rochester, Kent, ME1 1LS
കൂടുതൽ വിവരങ്ങൾക്ക്:
https://kentayyappatemple.org/festivals/mandala-pooja-makaravilakku-chirappu-mahotsavam-2025-2026/
Website : www.kentayyappatemple.org
Email : [email protected]
Tel: 07838 170203 / 07973 151975 / 07906 130390 / 07985 245890 / 07507 766652

മാഞ്ചസ്റ്റർ : മാഞ്ചസ്റ്റർ നൈറ്റ്സ് ക്രിക്കറ്റ് ക്ലബിൽ 2026വർഷത്തെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ക്ലബ് പ്രോഗ്രാം കോഡിനേറ്റർ ശ്രീരാഗിൻറ നേത്യത്വത്തിൽ ക്ലബ് മാനേജർ ജീൻസ് അധ്യക്ഷത വഹിച്ച വാർഷിക പൊതുയോഗത്തിൽ ക്ലബ് ക്യാപ്റ്റൻ സുജീഷ് സ്വാഗതവും ട്രെഷറർ പ്രിൻസ് വാർഷിക കണക്കും ക്ലബ് കൾച്ചറൽ കോർഡിനേറ്റർ സിറിൽ വിവിധ കർമ്മ പദ്ധതികളുടെ കരട് രൂപ രേഖകൾ അവതരിപ്പിച്ചു. അടുത്ത വർഷം കൂടുതൽ ഒത്തൊരുമിച്ച് പ്രവർത്തിക്കുവാനും പൊതുയോഗം തീരുമാനമെടുത്തു.

പുതിയ ചെയർമാൻ ജീൻസ് മാത്യു സെക്രട്ടറി രാഹുൽ ക്ലബ് ക്യാപ്റ്റൻ സുജേഷ് ട്രഷറർ പ്രിൻസ് തോമസ് കമ്മിറ്റി അംഗങ്ങളിയി ശ്രീരാഗ് രാഹുൽ തോമസ് സിറിൽ വിഷ്ണു എന്നിവരെ തെരഞ്ഞെടുത്തു. 2025 സീസൺ ക്ലബ് മികച്ച താരമായി രാഹുൽ., മികച്ച പ്രകടനം നടത്തിയ അശ്വിൻ , ശരത്ത് , അജ്മൽ , വിജയ് , ടോം എന്നിവരെ ക്ലബ് ആദരിച്ചു.

RECENT POSTS
Copyright © . All rights reserved