ആണവ നിര്വ്യാപന കരാറില് ഒപ്പിടണമെന്ന തങ്ങളുടെ ആവശ്യത്തിന് വഴങ്ങാത്ത ഇറാനെതിരെ സൈനിക നടപടികള്ക്ക് അമേരിക്ക ഒരുങ്ങുന്നതായി വരുന്ന വാര്ത്തകള്ക്കിടെ ലൂസിയാനയിലെ ബാര്ക്സ് ഡെയ്ല് വ്യോമ സേനാ താവളത്തില് നിന്നും പറന്നുയര്ന്ന് യു.എസ് സൈനിക വിമാനമായ ‘ഡൂംസ്ഡേ പ്ലെയിന്’.
ആണവ ആക്രമണത്തെ അതിജീവിക്കാന് കഴിയുന്ന ‘E-4B നൈറ്റ് വാച്ച്’ എന്നറിയപ്പെടുന്ന ഈ സൈനിക വിമാനം നാല് മണിക്കൂറിലധികം ആകാശ നിരീക്ഷണം നടത്തിയ ശേഷം മേരിലാന്ഡിലെ ജോയിന്റ് ബേസ് ആന്ഡ്രൂസില് ലാന്ഡ് ചെയ്തു.
ഇസ്രയേല്-ഇറാന് സംഘര്ഷം രൂക്ഷമായി തുടരുന്ന സാഹചര്യത്തിലുള്ള പുതിയ നീക്കം വലിയ തോതിലുള്ള ഒരു ആക്രമണത്തിന് അമേരിക്ക തയ്യാറെടുക്കുന്നു എന്ന വിലയിരുത്തല് ശക്തമാക്കി. ഇതോടെ പശ്ചിമേഷ്യയില് ആശങ്ക വര്ധിച്ചിരിക്കുകയാണ്.
‘ഫ്ളയിങ് പെന്റഗണ്’ എന്നും അറിയപ്പെടുന്ന E-4B നൈറ്റ് വാച്ച് ആണവ ആക്രമണ സമയത്ത് പ്രതിരോധത്തിനായി പ്രത്യേകം രൂപകല്പ്പന ചെയ്ത അമേരിക്കയുടെ നിര്ണായക വിമാനമാണ്. ‘ORDER6’ എന്ന പതിവ് കോള്സൈന് പകരം ‘ORDER01’ എന്ന പുതിയ കോള്സൈന് ഉപയോഗിച്ചതും ആശങ്ക വര്ധിപ്പിക്കുന്നു.
ഒരു ആണവ ആക്രമണം ഉണ്ടാവുകയാണെങ്കില് അമേരിക്കന് സൈന്യത്തിന്റെ കമാന്ഡ് ആന്ഡ് കണ്ട്രോള് സെന്ററായി പ്രവര്ത്തിക്കാന് E-4B നൈറ്റ് വാച്ച് വിമാനത്തിന് സാധിക്കും. ബ്രീഫിങ് റൂം, കോണ്ഫറന്സ് റൂം, ആശയവിനിമയ മേഖല, വിശ്രമത്തിനായി 18 ബങ്കുകള് എന്നിവയുള്പ്പെടെ മൂന്ന് ഡെക്കുകളാണ് വിമാനത്തിലുള്ളത്.
പറന്നുകൊണ്ടിരിക്കുമ്പോള് ഇന്ധനം നിറയ്ക്കാനുള്ള ശേഷിയുള്ളതിനാല് 35 മണിക്കൂറിലധികം സമയം ലാന്ഡിങ് നടത്താതെ ഈ വിമാനത്തിന് വായുവില് തുടരാന് സാധിക്കും എന്ന സവിശേഷതയുമുണ്ട്.
ഇറാനെ ആക്രമിക്കാനുള്ള പദ്ധതികള്ക്ക് യുഎസ് പ്രസിഡന്റ് ഡൊണാള്ഡ് ട്രംപ് അംഗീകാരം നല്കിയതും ഇതിന്റെ സൂചനയാണ്. എന്നാല്, ഇറാന് നേരേ ആക്രമണം നടത്തണോ എന്നതില് അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നും യുഎസ് മാധ്യമമായ സിബിഎസ് റിപ്പോര്ട്ട് ചെയ്തു.
ഇറാനോട് നിരുപാധികം കീഴടങ്ങണമെന്ന് ഡൊണാള്ഡ് ട്രംപ് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. എന്നാല്, ട്രംപിന്റെ ആവശ്യം ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖൊമേനി തള്ളിക്കളഞ്ഞു.
ഇറാനിയന് ജനത കീഴടങ്ങില്ലെന്നും അമേരിക്ക ഏതെങ്കിലും രീതിയില് സൈനിക ഇടപെടല് നടത്തിയാല് അതിന് വലിയ വില നല്കേണ്ടിവരുമെന്നും അദേഹം മുന്നറിയിപ്പ് നല്കിയിരുന്നു. എന്നാല്, ‘ഗുഡ് ലക്ക്’ എന്നായിരുന്നു ഖൊമേനിക്കുള്ള ട്രംപിന്റെ മറുപടി.
രാവിലെ തന്നെ ബൂത്തിലെത്തി വോട്ട് ചെയ്യാനാഗ്രഹിച്ചവര്ക്ക് മുന്നില് മഴ തടസ്സമായി നിന്നു. അതവഗണിച്ച് നിരവധിപേര് പോളിങ് ബൂത്തിലേക്ക് വെച്ചുനടന്നു. ചിലര് മടിച്ചുനിന്നു. മഴ മാറിയതോടെ അവരും എത്തി. തുടക്കത്തില് വേഗതകുറഞ്ഞ പോളിങ് ശതമാനം ഉച്ചയോടെ കുതിച്ചുയര്ന്നു. ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിലെ ആവേശം നിലമ്പൂര് ജനത വിധിയെഴുത്തിലും പ്രകടിപ്പിച്ചു. തിരഞ്ഞെടുപ്പ് കമ്മിഷന് പുറത്തുവിട്ട കണക്കുകള് പ്രകാരം അഞ്ചു മണിവരെ 70.76 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ആറു മണിവരെയായിരുന്നു വോട്ടെടുപ്പ്. അതുകൊണ്ട് തന്നെ പോളിങ് ശതമാനം ഇനിയും ഉയരും. 2021ല് 75.23 ശതമാനമായിരുന്നു പോളിങ്.
1200 പോലീസുകാരുടെയും കേന്ദ്ര സേനയുടെയും സുരക്ഷയില് നടന്ന വോട്ടെടുപ്പില് കാര്യമായ അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായില്ല. മൂന്ന് ദിവസത്തെ കാത്തിരിപ്പിന് ശേഷം 23-ന് ഫല പ്രഖ്യാപനം. അതുവരെ പെട്ടിയിലായ വോട്ടുകള് മുന്നണികള് കൂട്ടിക്കിഴിക്കും. ഇനിയുള്ള ദിവസങ്ങള് അവകാശവാദങ്ങളുടേതാണ്. പ്രധാന മുന്നണി സ്ഥാനാര്ഥികളടക്കം പത്ത് പേരാണ് മത്സര രംഗത്തുണ്ടായിരുന്നത്.
എല്ഡിഎഫ് സ്ഥാനാര്ഥി എം. സ്വരാജ് മാങ്കുത്ത് എല്പി സ്കൂളിലും യുഡിഎഫ് സ്ഥാനാര്ഥി ആര്യാടന് ഷൗക്കത്ത് വീട്ടിക്കുത്ത് ഗവണ്മെന്റ് എല്പി സ്കൂളിലും എത്തി വോട്ട് രേഖപ്പെടുത്തി. എന്ഡിഎ സ്ഥാനാര്ഥി മോഹന് ജോര്ജ് ചുങ്കത്തറ മാര്ത്തോമ ഹയര്സെക്കന്ഡറി സ്കൂളില് കുടുംബ സമേതം എത്തി വോട്ട് രേഖപ്പെടുത്തി. പോളിങ് ബൂത്തുകളില് നേര്ക്കുനേരെത്തിയ യുഡിഎഫ് സ്ഥാനാര്ഥി ആര്യാടന് ഷൗക്കത്തും എല്ഡിഎഫ് സ്ഥാനാര്ഥി എം. സ്വരാജും പരസ്പരം ആലിംഗനം ചെയ്തു. അതേസമയം സ്വതന്ത്ര സ്ഥാനാര്ഥി പി.വി. അന്വര് യുഡിഎഫ് സ്ഥാനാര്ഥി ആര്യാടന് ഷൗക്കത്ത് ആലിംഗനം ചെയ്യാനെത്തിയപ്പോള് തിരിഞ്ഞു നടന്നതും തിരഞ്ഞെടുപ്പിനിടെ ശ്രദ്ധ നേടി. അന്തരിച്ച കോണ്ഗ്രസ് നേതാവ് വി.വി.പ്രകാശിന്റെ ഭാര്യയും മക്കളും വോട്ട് രേഖപ്പെടുത്തി. യുഡിഎഫ് സ്ഥാനാര്ഥി വീട്ടില് വരാത്തതില് പരാതിയില്ലെന്നും മരണംവരെ പാര്ട്ടിക്കൊപ്പമാണെന്നും അവര് വ്യക്തമാക്കി.
രാഷ്ട്രീയകേരളം ഒന്നിച്ചൊന്നായ് തമ്പടിച്ചു നടത്തിയ അതിതീവ്ര പ്രചാരണത്തിനായിരുന്നു നിലമ്പൂര് കഴിഞ്ഞ നാലാഴ്ചയോളം സാക്ഷ്യംവഹിച്ചത്.
തദ്ദേശ തിരഞ്ഞെടുപ്പിനും നിയമസഭാതിരഞ്ഞെടുപ്പിനും മുന്പേ നടക്കുന്ന സെമിഫൈനല് എന്ന പ്രാധാന്യത്തോടെയാണ് നിലമ്പൂര് ഉപതിരഞ്ഞെടുപ്പിനെ മുന്നണികള് കണ്ടിരുന്നത്. 21 നാള് നീണ്ട പ്രചാരണം മുന്നണികളുടെ ബലപരീക്ഷണത്തിനുവേദിയായി. മുഴുവന് സംവിധാനങ്ങളെയും നിലമ്പൂരിലേക്ക് കേന്ദ്രീകരിച്ചുകൊണ്ടാണ് യുഡിഎഫും എല്ഡിഎഫും പ്രചാരണം നടത്തിയത്.
നിലമ്പൂരിൽ വോട്ടെടുപ്പ് ആരംഭിച്ചു. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളുടെ സെമി ഫൈനലായി കണക്കാക്കിയാണ് രാഷ്ട്രീയപ്പാർട്ടികൾ നിലമ്പൂരിൽ കളംനിറഞ്ഞത്. ആവേശം മാനംമുട്ടിയ പ്രചാരണയുദ്ധത്തിന് വിരാമം. വൈകീട്ട് ആറുവരെ വോട്ട് രേഖപ്പെടുത്തും.
പത്തുപേരാണ് മത്സരരംഗത്തുള്ളത്. അഡ്വ. മോഹൻ ജോർജ് (എൻഡിഎ) ആര്യാടൻ ഷൗക്കത്ത് (യുഡിഎഫ്) എം. സ്വരാജ് (എൽഡിഎഫ്) അഡ്വ. സാദിക് നടുത്തൊടി (എസ്ഡിപിഐ) പി.വി. അൻവർ (സ്വതന്ത്രൻ) എൻ. ജയരാജൻ (സ്വത.) പി. രാധാകൃഷ്ണൻ നമ്പൂതിരിപ്പാട് (സ്വത.) വിജയൻ (സ്വത.) സതീഷ് കുമാർ ജി. (സ്വത.)ഹരിനാരായണൻ (സ്വത.).
ഇറാന്-ഇസ്രയേല് സംഘര്ഷം ആറാം ദിവസത്തിലേക്ക് എത്തുമ്പോള് എണ്ണ വില കുതിച്ചുയരുന്നു.
ബ്രെന്റ് ക്രൂഡ് ഓയില് വില 76 ഡോളറും കടന്നതോടെ ക്രൂഡ് ഓയില് വില കഴിഞ്ഞ അഞ്ച് മാസത്തെ ഏറ്റവും ഉയര്ന്ന നിലയിലെത്തി.
ഇന്ന്, വെസ്റ്റ് ടെക്സസ് ഇന്റര്മീഡിയറ്റ് ക്രൂഡ് ഓയില് വില 0.64 ശതമാനം വരെ ഉയര്ന്നു. ജനുവരിക്ക് ശേഷമുള്ള ഏറ്റവും ഉയര്ന്ന നിലയിലാണ് ഇന്നത്തെ എണ്ണ വില. ബ്രെന്റ് ക്രൂഡ് ഫ്യൂച്ചറുകള് കഴിഞ്ഞ വ്യാപാര സെഷനില് 4.4 ശതമാനം വര്ധിച്ച് ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും ഉയര്ന്ന നിലയിലെത്തി.
ഇറാനും ഇസ്രയേലും സൈനിക ആക്രമണങ്ങള് തുടരുന്നതോടെ ആഗോള വിപണികളില് ദീര്ഘകാല അനിശ്ചിതത്വത്തിന്റെ തുടക്കമായിരിക്കും ഇതെന്നാണ് വിദഗ്ധര് വിലയിരുത്തുന്നത്. ഇസ്രയേല് ആക്രമണത്തിന് ഇറാന് ഹോര്മുസ് കടലിടുക്ക് വഴി പ്രതികാരം ചെയ്താല് പ്രതിസന്ധി രൂക്ഷമാകും.
ഹോര്മുസ് കടലിടുക്ക് വഴിയുള്ള ഗതാഗതം മുടങ്ങിയാല് എണ്ണ വില നിയന്ത്രണാതീതമാകും. കാരണം, ഏകദേശം 20 ശതമാനം എണ്ണ കയറ്റുമതിയുടെയും ഒരു പ്രധാന മാര്ഗമാണ് ഹോര്മുസ് കടലിടുക്ക്.
ലോകത്തിലെ എല്എന്ജി വ്യാപാരത്തിന്റെ ഏകദേശം 20 ശതമാനവും ക്രൂഡ് ഓയില് കയറ്റുമതിയുടെ വലിയൊരു ഭാഗവും ഇറാന് വടക്കും അറേബ്യന് ഉപദ്വീപിനു തെക്കുമായി സ്ഥിതി ചെയ്യുന്ന ഹോര്മുസ് കടലിടുക്കിലൂടെയാണ് കടന്നു പോകുന്നത്. ഹോര്മുസ് കടലിടുക്കിനു ചുറ്റുമുണ്ടാകുന്ന ഏതൊരു തടസവും ഇറാഖ്, സൗദി അറേബ്യ, യുഎഇ എന്നിവിടങ്ങളില് നിന്നുള്ള എണ്ണ കയറ്റുമതിയെ ബാധിച്ചേക്കാമെന്ന് വിദഗ്ദ്ധര് പറയുന്നു.
ഈ രാജ്യങ്ങള് ഇന്ത്യയുടെ പ്രധാന എണ്ണ വിതരണക്കാരാണ്. ഈ പാതയിലെ ഏതൊരു തടസവും ഇന്ത്യയെയും ദോഷകരമായി ബാധിക്കും. ഈ പ്രധാന പാത തടയുമെന്ന് മുന്പ് ഇറാന് മുന്നറിയിപ്പ് നല്കിയിരുന്നു.
പെട്രോള് പമ്പിലെ ശുചിമുറികളെ സംബന്ധിച്ച് നിര്ണായക ഉത്തരവുമായി കേരള ഹൈക്കോടതി. സ്വകാര്യ പെട്രോള് പമ്പുകളിലെ ശുചിമുറി ഉപഭോക്താക്കള്ക്ക് മാത്രം ഉപയോഗിക്കാനുള്ളതാണെന്ന ഇടക്കാല ഉത്തരവാണ് ഹൈക്കോടതി പുറത്തിറക്കിയിരിക്കുന്നത്. പെട്രോള് പമ്പുകളിലെ ശുചിമുറി പൊതുജനങ്ങള്ക്ക് ഉപയോഗിക്കാമെന്ന സര്ക്കാര് വിജ്ഞാപനം തടഞ്ഞുകൊണ്ടാണ് ഹൈക്കോടതി ഉത്തരവ്.
പമ്പുകളില് പൊതുടോയ്ലറ്റ് ബോര്ഡ് വെച്ച നടപടിയ്ക്കെതിരേ പെട്രോളിയം ട്രേഡേഴ്സ് വെല്ഫയര് ആന്ഡ് ലീഗല് സര്വീസസ് സൊസൈറ്റിയും തിരുവനന്തപുരം, തൊടുപുഴ നഗരങ്ങളിലെ ചില പമ്പുടമകളും സമര്പ്പിച്ച ഹര്ജികളാണ് ജസ്റ്റിസ് സി.എസ്. ഡയസ് പരിഗണിച്ചത്. നേരത്തേ, സ്വഛ് ഭാരത് മിഷന് മാര്ഗനിര്ദ്ദേശങ്ങള് ഹാജരാക്കാന് തിരുവനന്തപുരം കോര്പറേഷന് ഉള്പ്പെടെയുള്ള എതിര്കക്ഷികളോട് കോടതി നിര്ദേശിച്ചിരുന്നു.
പമ്പുകളോട് അനുബന്ധിച്ചുള്ളത് സ്വകാര്യ ടോയ്ലറ്റുകളാണെന്നും ഇത് പൊതുശുചിമുറികളായി മാറ്റുന്നത് ഭരണഘടന ഉറപ്പ് നല്കുന്ന സ്വത്തവകാശത്തിന്റെ ലംഘനമാണെന്നുമായിരുന്നു ഹര്ജിക്കാരുടെ വാദം. കോടതി ഉത്തരവ് ദീര്ഘകാല യാത്രികരടക്കമുള്ളവരെ ബാധിക്കും.
സംസ്ഥാന സര്ക്കാരും തിരുവനന്തപുരം നഗരസഭയും ഹര്ജിക്കാരുടെ സ്ഥാപനങ്ങളിലെ ശുചിമുറികള് പൊതുജനങ്ങള്ക്ക് ഉപയോഗിക്കാന് അനുവദിക്കണം എന്ന് നിര്ബന്ധിക്കരുത് എന്ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചുകൊണ്ട് കോടതി വ്യക്തമാകി. സ്വച്ഛ് ഭാരത് മിഷന് പ്രകാരമുള്ള മാര്ഗ്ഗനിര്ദ്ദേശങ്ങള് ഹാജരാക്കാന് കോടതി നേരത്തെ തിരുവനന്തപുരം നഗരസഭയോട് നിര്ദ്ദേശിച്ചിരുന്നു. ഉപഭോക്താക്കളുടെ അടിയന്തര ആവശ്യങ്ങള്ക്കായി തങ്ങളുടെ സ്ഥാപനങ്ങളില് പരിപാലിക്കുന്ന സ്വകാര്യ ശുചിമുറികള് പൊതുജനങ്ങള്ക്കായി തുറന്നുനല്കാന് നിര്ബന്ധിക്കപ്പെടുന്നു എന്ന് ഹര്ജിക്കാര് വാദിച്ചു. ശുചിമുറികള് പൊതു ശുചിമുറികളാണ് എന്ന ധാരണ നല്കുന്നതിന് തിരുവനന്തപുരം നഗരസഭയും മറ്റ് ചില തദ്ദേശ സ്ഥാപനങ്ങളും ചില പമ്പുകളില് പോസ്റ്ററുകള് ഒട്ടിച്ചിട്ടുണ്ടെന്നും ഹര്ജിക്കാര് ചൂണ്ടിക്കാട്ടി.
ഇത്തരം തെറ്റിദ്ധാരണകള് കാരണം ധാരാളം ആളുകള് ടോയ്ലറ്റ് സൗകര്യം ആവശ്യപ്പെട്ടുകൊണ്ട് പമ്പുകളിലേക്ക് വരുന്നു, ഇത് പെട്രോള് പമ്പുകളുടെ സാധാരണ പ്രവര്ത്തനം തടസ്സപ്പെടുത്തുന്നു. ഉയര്ന്ന അപകട സാധ്യതയുള്ള മേഖലയായ പെട്രോള് പമ്പ് പരിസരത്ത് ഇത് പലപ്പോഴും വാക്ക് തര്ക്കങ്ങള്ക്കും വഴക്കുകള്ക്കും കാരണമായിട്ടുണ്ട്. യാത്രക്കാര്ക്ക് ടോയ്ലറ്റ് സൗകര്യം നല്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പലപ്പോഴും ധാരാളം ടൂറിസ്റ്റ് ബസ്സുകളടക്കം പെട്രോള് പമ്പുകളില് എത്തുന്നുവെന്നും ഹര്ജിക്കാര് വാദിച്ചു.
പുതിയ അധ്യയന വര്ഷത്തില് സംസ്ഥാനത്ത് ഒന്നാംക്ലാസില് ചേര്ന്നകുട്ടികളുടെ എണ്ണത്തില് കുറവ്. 16,510 കുട്ടികളുടെ കുറവാണ് ഇത്തവണ ഉണ്ടായത്. ഇക്കഴിഞ്ഞ അധ്യയന വര്ഷത്തില് 2,50,986 കുട്ടികളായിരുന്നു ഒന്നാംക്ലാസില് ചേര്ന്നത്. ഇത്തവണ ഇത് 2,34,476 പേരായി കുറഞ്ഞു. ആറാം പ്രവൃത്തി ദിനത്തിലെ കണക്കുകള് വിശദീകരിച്ച് പൊതു വിദ്യാഭ്യാസ മന്ത്രി വി. ശിവന്കുട്ടിയാണ് കണക്കുകള് പങ്കുവച്ചത്.
എന്നാല് രണ്ട് മുതല് 10 വരെ ക്ലാസുകളില് ആകെ 40,906 കുട്ടികളുടെ വര്ധനയും ഇത്തവണ പൊതു വിദ്യാലയങ്ങളില് ഉണ്ടായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ അണ് എയ്ഡഡ് സ്കൂളില് ഒന്നാം ക്ലാസില് ചേര്ന്ന കുട്ടികളില് മുന് വര്ഷത്തെ അപേക്ഷിച്ച് ഒരു കുട്ടി മാത്രമാണ് കൂടിയത്. സംസ്ഥാനത്ത് ഇത്തവണ അണ്എയ്ഡഡ് സ്കൂളില് 47,863 കുട്ടികളാണ് പ്രവേശനം നേടിയത്. മുന് വര്ഷം ഇത് 47,862 കുട്ടികളായിരുന്നു. 29 ലക്ഷം കുട്ടികളാണ് രണ്ട് മുതല് പത്ത് വരെയുള്ള ക്ലാസുകളില് പൊതുവിദ്യാലയങ്ങളെ ആശ്രയിക്കുന്നത്.
സംസ്ഥാനത്തെ ജനന നിരക്കില് വന്ന കുറവാണ് കണക്കുകളില് പ്രതിഫലിക്കുന്നതെന്നാണ് മന്ത്രി ഉയര്ത്തുന്ന വാദം. ഈ അധ്യയന വര്ഷം ഒന്നാംക്ലാസില് പ്രവേശനം നേടിയത് 2020 ല് ജനിച്ച കുട്ടികളാണ്. 12.77 ആണ് 2020 ലെ ജനന നിരക്ക്. 2025 ല് പത്താം ക്ലാസ് പൂര്ത്തിയാക്കിയത് 2010 ല് ജനിച്ച കുട്ടികളാണ്. 15.75 എന്നതാണ് 2010 ലെ ജനന നിരക്ക് എന്നും വ്യത്യാസം ചൂണ്ടിക്കാട്ടി മന്ത്രി അറിയിച്ചു.
വെസ്റ്റ് യോർക്ക് ഷെയറിലെ വെയ്ക്ക് ഫീൽഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന വെയ്ക്ക് ഫീൽഡ് വാരിയേഴ്സ് സ്പോർട്സ് ആൻ്റ് ഗെയിംസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മൂന്നാമത്തെ ഫുട്ബോൾ ടൂർണ്ണമെൻറ് ജൂൺ 28-ാം തീയതി ശനിയാഴ്ച ലീഡ്സ് വെസ്റ്റ് റൈഡിങ് കൗണ്ടി മൈതാനത്തു വെച്ചു നടത്തപ്പെടും. കഴിഞ്ഞ രണ്ടു വർഷങ്ങളായി വെയ്ക്ക് ഫീൽഡ് വാരിയേഴ്സിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ടൂർണ്ണമെൻറ് സംഘടനാ മികവുകൊണ്ടും, മികച്ച ടീമുകളുടെ സാന്നിധ്യം കൊണ്ടും യുകെയിലെ ഫുട്ബോൾ പ്രേമികളുടെ പ്രിയപ്പെട്ട മത്സരമായി മാറിയിട്ടുണ്ട്.
ഒന്നാം സമ്മാനം ലഭിക്കുന്നവർക്ക് 1111 പൗണ്ടും, റണ്ണർ അപ്പിന് 555 പൗണ്ടും, മൂന്നാം സ്ഥാനക്കാർക്ക് ട്രോഫിയും തുടങ്ങിയ ആകർഷകമായ സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്. ഇതിനു പുറമെ മികച്ച കളിക്കാരനും, ഗോൾകീപ്പറിനും, കൂടുതൽ ഗോളുകൾ നേടുന്നവർക്കും സമ്മാനങ്ങൾ ഉണ്ടായിരിക്കും.
കഴിഞ്ഞ രണ്ടു വർഷവും യുകെയിലെ മികച്ച ടീമുകൾ മാറ്റുരച്ച ടൂർണമെന്റിൽ മത്സരങ്ങൾ പലപ്പോഴും പ്രവചനാതീതം ആയിരുന്നു. കഴിഞ്ഞവർഷം പെനാൽറ്റി ഷൂട്ടൗട്ടിലേയ്ക്ക് നീണ്ട മത്സരത്തിൽ വിജയികളായത് ന്യൂകാസ്റ്റിൽ എഫ്സിയും ആദ്യവർഷത്തെ വിജയകിരീടം ചൂടിയത് നോർത്തേൺ എഫ്സിയും ആണ്. ഈ വർഷത്തെ മത്സരങ്ങൾ ആസ്വദിക്കാനായി യുകെയിലെ വിവിധ ഭാഗങ്ങളിലുള്ള ഫുട്ബോൾ പ്രേമികളെ ഹാർദ്ദവമായി ക്ഷണിക്കുന്നതായി പ്രസിഡൻറ് ടോണി പാറയടി അറിയിച്ചു.
വെസ്റ്റ് യോർക്ക് ഷെയറിലെ കായികപ്രേമികൾക്ക് ആവേശമായി മലയാളികളുടെ ഇടയിൽ സ്പോട്സിനെ പ്രോത്സാഹിപ്പിക്കുകയും അതിലൂടെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കുക എന്ന ലക്ഷ്യവുമായി വെയ്ക്ക് ഫീൽഡ് കേന്ദ്രമായി വെയ്ക്ക് ഫീൽഡ് വാരിയേഴ്സ് സ്പോർട്സ് ആന്റ് ഗെയിംസ് ക്ലബ് പ്രവത്തിക്കുന്നത് . ജീവിതശൈലി രോഗങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ കായികവിനോദങ്ങൾക്കുള്ള പ്രസക്തി വലുതാണ്. ഫുട്ബോൾ , ക്രിക്കറ്റ്, ബാഡ്മിന്റൺ തുടങ്ങി അംഗങ്ങളുടെ ശാരീരിക, മാനസിക ഉല്ലാസത്തിന് ഉപകരിക്കുന്ന ഇൻഡോർ, ഔട്ട്ഡോർ കായികവും, കായികേതരവുമായി വിനോദങ്ങൾക്ക് വെയ്ക്ക് ഫീൽഡ് വാരിയേഴ്സ് അംഗങ്ങൾക്ക് പിന്തുണ നൽകും.
അപ്പച്ചൻ കണ്ണഞ്ചിറ
നോർത്താംപ്ടൺ: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ എപ്പാർക്കി ഇവാഞ്ചലൈസേഷൻ കമ്മീഷന്റെ നേതൃത്വത്തിൽ ജൂലൈ 5 ന് ശനിയാഴ്ച നോർത്താംപ്ടണിൽ വെച്ച് ഓക്സ്ഫോർഡ് മേഖലാ ബൈബിൾ കൺവെൻഷൻ സംഘടിപ്പിക്കുന്നു. ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ വിശുദ്ധ ബലി അർപ്പിച്ചു, സന്ദേശം നൽകും.
കോഴിക്കോട് മേരിമാതാ പ്രോവിന്സിന്റെ വികാർ പ്രൊവിൻഷ്യലും, അഭിഷിക്ത ധ്യാന ഗുരുവുമായ സിസ്റ്റർ എൽസീസ് മാത്യു (MSMI) നോർത്താംപ്ടണിൽ നടക്കുന്ന ഏകദിന ബൈബിൾ കൺവെൻഷൻ നയിക്കുന്നതാണ്. നോർത്താംപ്ടൺ സീറോമലബാർ ഇടവകയുടെ പ്രീസ്റ്റും, റീജണൽ ഇവാഞ്ചലൈസേഷൻ കമ്മീഷൻ ഡയറക്ടറും, പ്രശസ്ത ധ്യാന ഗുരുവുമായ ഫാ. സെബാസ്റ്റ്യൻ പൊട്ടനാനിയിൽ CMF സഹകാർമികത്വം വഹിച്ചു, ശുശ്രുഷകൾ നയിക്കും.
“ഞാൻ നിങ്ങൾക്കു സമാധാനം തന്നിട്ടു പോകുന്നു; എന്റെ സമാധാനം നിങ്ങൾക്കു ഞാൻ തരുന്നു” ജോൺ 14:27
ആഗോള കത്തോലിക്കാ സഭ തിരുരക്ത വണക്കമാസമായി ആചരിക്കുന്ന ജൂലൈയിൽ നടത്തപ്പെടുന്ന വിശേഷാൽ തിരുവചന ശുശ്രുഷ മാനസാന്തരത്തിനും, വിശുദ്ധീകരണത്തിനും, നവീകരണത്തിനും ഏറെ അനുഗ്രഹദായകമാവും. നോർത്താംപ്ടണിലെ സെന്റ് ഗ്രിഗറി ദി ഗ്രെയ്റ്റ് റോമൻ കത്തോലിക്കാ ദേവാലയത്തിൽ രാവിലെ പത്തുമണിയോടെ ആരംഭിക്കുന്ന കൺവെൻഷൻ വൈകുന്നേരം നാലുമണിയോടെ സമാപിക്കും. കുമ്പസാരത്തിനും, സ്പിരിച്യുൽ ഷെയറിങ്ങിനും സൗകര്യം ഉണ്ടായിരിക്കും.
തിരുക്കർമ്മങ്ങളിലും, തിരുവചന ശുശ്രുഷയിലും പങ്കുചേർന്ന് ദൈവീക കൃപകളും, അനുഗ്രഹങ്ങളും പ്രാപിക്കുന്നതിന് ഏവരെയും സ്നേഹപൂര്വ്വം കൺവെൻഷനിലേക്ക് ക്ഷണിച്ചു കൊള്ളുന്നു.
കൂടുതല് വിവരങ്ങള്ക്ക് ബന്ധപ്പെടുക:
Fr. Sebastian Pottananiyil – 07918266277
Venue: St.Gregory the Great Church, 22 Park Avenue, Northampton, NN3 2HS
അപ്പച്ചൻ കണ്ണഞ്ചിറ
ലണ്ടൻ: യുകെ മലയാളികളെ ആനന്ദ സാഗരത്തിൽ ആറാടിച്ച സംഗീത-നൃത്ത കലകളുടെ മാന്ത്രിക സ്പർശം കാണികളെ വിസ്മയിപ്പിച്ച ‘മഴവിൽ സംഗീത’ത്തിന്റെ പന്ത്രണ്ടാം വാർഷികാഘോഷം പ്രൗഢഗംഭീരമായി. ബോൺമൗത്തിലെ ബാറിംഗ്ടൺ തീയേറ്ററിൽ തിങ്ങിനിറഞ്ഞ കലാസ്വാദകർക്ക് സംഗീത നൃത്ത ദൃശ്യ ആവിഷ്കാരത്തിന്റെ അപൂർവ്വ നിമിഷങ്ങളും,അനുഭവവുമാണ് സമ്മാനിച്ചത്.
എട്ടുമണിക്കൂറിലധികം നീണ്ടുനിന്ന പരിപാടികളും കണ്ണഞ്ചിപ്പിക്കുന്ന നൃത്ത വിസ്മയങ്ങളും, പ്രൗഡോജ്വലമായ വേദിയിൽ സമന്വയിച്ചപ്പോൾ ഓരോ പരിപാടികളും നിറകൈയടിയോടെയാണ് കാണികൾ വരവേറ്റത്.
യുകെയിലെ വിവിധ സ്ഥലങ്ങളിൽ നിന്നുമായി ബാറിംഗ്ടൺ തീയേറ്റർ ഹാളിലേക്ക് ആളുകൾ ഒഴുകിയെത്തി.
കഴിഞ്ഞ 11 വർഷവും മികച്ച സംഗീത-നൃത്ത കലാപരിപാടികളുടെ ഉത്സവച്ഛായ തീർത്ത ‘മഴവിൽ സംഗീത’ നിശയിൽ ഇത്തവണ ആകർഷകമായ ബോളിവുഡ്, ഇന്ത്യൻ സെമി-ക്ലാസിക്കൽ ഡാൻസും ഉൾപ്പെടുത്തിയിരുന്നു. ലൈവ് ഓർക്കസ്ട്രയുടെ അകമ്പടിയോടെ പ്രശസ്തരായ ഗായകരും വാദ്യ കലാകാരന്മാരും നർത്തകരുമായ കലാപ്രതിഭകൾ വേദിയിൽ ചേർന്ന് ഏറ്റവും വർണ്ണാഭമായ കലാവിരുന്നാണ് ഒരുക്കിയത്.
മഴവിൽ സംഗീതത്തിന്റെ പന്ത്രണ്ടാം വാർഷിക ആ ഘോഷത്തോട് അനുബന്ധിച്ച് നടന്ന ഉദ്ഘാടന ചടങ്ങിൽ വിശിഷ്ടാതിഥികളായി എത്തിയവർക്ക് അനീഷ് ജോർജ് സ്വാഗതം ആശംസിച്ചു. ലോക കേരളസഭാംഗവും, മലയാളം മിഷൻ യു കെ ചാപ്റ്റർ പ്രസിഡന്റുമായ സി എ ജോസഫ് ഭദ്രദീപം തെളിച്ച് ‘മഴവിൽ സംഗീതം’ പന്ത്രണ്ടാം വാർഷികാഘോഷത്തിന്റെ ഔപചാരികമായ ഉദ്ഘാടനം നിർവ്വഹിച്ചു. എയർ ഇന്ത്യ വിമാന ദുരന്തത്തിൽ ജീവൻ പൊലിഞ്ഞ പോർട്സ്മൗത്ത് ഹോസ്പിറ്റലിൽ നേഴ്സായി ജോലി ചെയ്തിരുന്ന രഞ്ജിത ഗോപകുമാരൻ നായർ ഉൾപ്പെടെയുള്ള മുഴുവൻ ആളുകൾക്കും ഹൃദയത്തിൽ ചാലിച്ച ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ടാണ് മഴവിൽ സംഗീതത്തിന്റെ യവനിക ഉയർന്നത്.
യുക്മ നാഷണൽ ജോയിൻറ് സെക്രട്ടറി സണ്ണിമോൻ മത്തായി, രാജ കൃഷ്ണൻ (ജോസ്കോ), ബിജേഷ് കുടിലിൽ ഫിലിപ്പ് ( ലൈഫ് ലൈൻ) എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. വിശിഷ്ടാതിഥികൾക്ക് മഴവിൽ സംഗീതത്തിന്റെ മുഖ്യ സംഘാടകനായ അനീഷ് ജോർജ് ഉപഹാരങ്ങൾ നൽകിയും പൊന്നാടയണിയിച്ചും ആദരിച്ചു . കഴിഞ്ഞ 12 വർഷമായി മഴവിൽ സംഗീതത്തിന്റെ വളർച്ചയ്ക്ക് സുത്യർഹമായ പങ്കുവഹിച്ച സില്വി ജോസ്, ജിജി ജോൺസൻ, നിമിഷ മോഹൻ എന്നിവർക്ക് മഴവിൽ സംഗീതത്തിന്റെ പ്രത്യേക ഉപഹാരം നൽകി ആദരിച്ചു.
സന്തോഷ് കുമാർ നയിക്കുന്ന യുകെയിലെ പ്രശസ്തമായ വോക്സ് അഞ്ചേല മ്യൂസിക് ബാന്റിന്റെ നേതൃത്വത്തിലുള്ള ലൈവ് ഓർക്കസ്ട്രയുടെ അകമ്പടിയോടും, എൽഇഡി സ്ക്രീനിന്റെ മികവിൽ അനുഗ്രഹീതരായ ഗായകാരുടെ ആലാപനം സംഗീതാസ്വാദകർക്ക് നവ്യാനുഭവം പകർന്നു.
മഴവിൽ സംഗീതത്തിന്റെ അമരക്കാരും, യുകെയിലെ അറിയപ്പെടുന്ന ഗായകരുമായ അനീഷ് ജോർജിനോടും, ടെസ്സ ജോർജിനോടുമൊപ്പം തോളോട് തോൾ ചേർന്ന് നിന്ന ഷിനു സിറിയക് ,സിജു ജോസഫ്, സുനിൽ രവീന്ദ്രൻ ,റോബിൻസ് തോമസ്, സാവൻ കുമാർ , ആൻസൺ ഡേവിസ്, റോബിൻ പീറ്റർ, പത്മരാജ്, ജിജി ജോൺസൻ, സിൽവി ജോസ്, നിമിഷ മോഹൻ തുടങ്ങിയ സംഘാടകർ മാസങ്ങളായി നടത്തിയ കഠിനാധ്വാനത്തിന്റെ ഫലമായിരുന്നു മഴവിൽ സംഗീതത്തിന്റെ അത്യുജ്വല വിജയം. സ്റ്റേജ് നിയന്ത്രണത്തിന് പുതിയ മാനങ്ങൾ നൽകി അവതാരകരായി എത്തിയ അനുശ്രീ, പത്മരാജ്, ബ്രൈറ്റ് ,സിൽവി ജോസ് , ആൻസൺ ഡേവിസ് എന്നിവർ വേദി കീഴടക്കി.
യുകെയിലെ നിരവധി അതുല്യരായ നൃത്ത സംഗീത പ്രതിഭകൾക്ക് വളരുവാനുള്ള അവസരം ഒരുക്കിയിട്ടുള്ള മഴവിൽ സംഗീതത്തിന് തുടക്കം കുറിച്ചത് 2012 ലാണ്. അനുഗ്രഹീത കലാപ്രതിഭകളും ഗായകരുമായ അനീഷ് ജോർജും, പത്നി ടെസ്സ ജോർജുമാണ് മഴവിൽ സംഗീതത്തിന്റെ ആശയത്തിനും ആവിഷ്കാരത്തിനും പിന്നിൽ പ്രവർത്തിച്ചു വരുന്നത്. ഇക്കഴിഞ്ഞ 11 വർഷങ്ങളിൽ നടത്തിയ മികവാർന്ന പരിപാടികൾ കൊണ്ട് മലയാളി സമൂഹത്തിന്റെ സംഗീത വഴികളിലെ ജീവതാളമായി മഴവിൽ സംഗീതം മാറിക്കഴിഞ്ഞു. ബിനു നോർത്താംപ്ടൻ (ബീറ്റ്സ് ഡിജിറ്റൽ) ശബ്ദവും വെളിച്ചവും നൽകി. സന്തോഷ് ബെഞ്ചമിൻ (ഫോട്ടോ ഗ്രാഫിയും) ജിസ്മോൻ പോൾ വീഡിയോയും, ജെയിൻ ജോസഫ് , ഡെസിഗ്നേജ് ,റോബിൻസ് ആർട്ടിസ്റ്ററി ഗ്രാഫിക്സും മികവാർന്ന രീതിയിൽ കൈകാര്യം ചെയ്തു പരിപാടിയെ സമ്പന്നമാക്കി.
മഴവിൽ സംഗീതത്തിന്റെ അനീഷ് ജോർജ്ജ്, ടെസ്സ ജോർജ് എന്നിവരോടൊപ്പം യുകെയിലെ ഏറ്റവും മികച്ച ഗായകരും നർത്തകരും ചേർന്ന് സംഗീതവും നൃത്തവും സമന്വയിപ്പിച്ച അതുല്യ കലാവൈഭവങ്ങൾ സൃഷ്ടിച്ച മാസ്മരിക സായാഹ്നമായിരുന്നു പന്ത്രണ്ടാം വാർഷീകാഘോഷം യുകെ മലയാളികൾക്ക് സമ്മാനിച്ചത്.
മെർലിൻ മേരി അഗസ്റ്റിൻ
2025 ജൂൺ 12-ന് അഹമ്മദാബാദിൽ നടന്ന ദാരുണമായ എയർ ഇന്ത്യ വിമാന ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് ORMA International (Overseas Residents Malayalee Association International) അനിശോചന യോഗം സംഘടിപ്പിച്ചു.
അഹമ്മദാബാദ് സര്ദാര് വല്ലഭായി വിമാനത്താവളത്തില് നിന്ന് ലണ്ടനിലേക്ക് ഉച്ചയ്ക്ക് ഒന്നരയോടെ പറന്നുയര്ന്ന എയര് ഇന്ത്യ AI171 ബോയിങ് 787 ഡ്രീംലൈനര് വിമാനമാണ് അപകടത്തിൽ പെട്ടത്. വിമാനത്തിലുണ്ടായിരുന്ന 242 പേരില്ഇന്ത്യന് വംശജനായ ഒരു ബ്രിട്ടീഷ് പൗരന് ഒഴികെ 241 പേരും മരിച്ചു. വിമാനം വീണ മെഡിക്കൽ കോളേജ് ഹോസ്റ്റലിൽ ഉണ്ടായിരുന്നവർ ഉൾപ്പെടെ ആകെ 265 പേർക്ക് മരണം സംഭവിച്ചു.
വളരെ ഹൃദയഭേദകമായ ഈ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ ആത്മാവിന് സാന്ത്വനമാകട്ടെ എന്ന പ്രാർത്ഥനയോടെ ORMA International വേദനപൂർണ്ണമായ അനുശോചന യോഗം സംഘടിപ്പിച്ചു. മനസ്സിൽ നൊമ്പരവുമായി ഒന്നിച്ചുകൂടിയ ഈ യോഗത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള സംഘടനയുടെ നേതാക്കളും അംഗങ്ങളും പങ്കെടുത്തു. യോഗത്തിൽ ORMA International പ്രസിഡന്റ് സജി സെബാസ്റ്റ്യൻ അധ്യക്ഷനായിരുന്നു. ട്രസ്റ്റി ബോർഡ് ചെയർമാൻ ജോസ് ആറ്റുപുറം, ജനറൽ സെക്രട്ടറി ക്രിസ്റ്റി എബ്രഹാം, വൈസ് പ്രസിഡന്റ് പിന്റോ കണ്ണമ്പള്ളി, ട്രഷറർ റോഷൻ പ്ലാമൂട്ടിൽ, മുൻ പ്രസിഡൻ്റ് ജോർജ് നടവയൽ, പിആർഒ മെർളിൻ അഗസ്റ്റിൻ, ഓർമ്മ ടാലൻറ്റ് പ്രൊമോഷൻ ഫോറം ചെയർമാൻ ജോസ് തോമസ്, പബ്ലിക് അഫയേഴ്സ് ഫോറം ചെയർമാൻ വിൻസന്റ് ഇമ്മാനുവൽ, ഫിനാൻഷ്യൽ ഓഫീസർ ഷാജി അഗസ്റ്റിൻ, ജെയിംസ് തുണ്ടത്തിൽ (നോർത്ത് കരോളിന ചാപ്റ്റർ പ്രസിഡന്റ്), കുര്യാക്കോസ് മാണിവയലിൽ (കേരള ചാപ്റ്റർ പ്രസിഡന്റ്), റെജി തോമസ് (ഷാർജ), എന്നിവർ അനുശോചനപ്രസംഗങ്ങൾ നടത്തി.
പ്രസംഗങ്ങൾക്കിടയിൽ നേതാക്കൾ ഈ ദുരന്തത്തെ ഒരു ദേശീയ ദുരന്തമായി ആഖ്യാനിച്ചു. യാത്രികർക്കായി അന്താരാഷ്ട്ര സുരക്ഷാ മാനദണ്ഡങ്ങൾ ശക്തമായി നടപ്പിലാക്കുന്നതിനും, ഇനിയൊരിക്കലും ഇത്തരത്തിലുള്ള വലിയ വിമാന ദുരന്തങ്ങൾ സംഭവിക്കാതിരിക്കാൻ അധികാരികളും കമ്പനികളും സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കത്തക്കവിധം അതുമായി ബന്ധപ്പെട്ട നിയമങ്ങൾ പരിഷ്കരിക്കപ്പെടേണ്ടതിൻറെ ആവശ്യകതയെ കുറിച്ചും ശക്തമായ നിയമ നടപടികൾ സ്വീകരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്നും ചൂണ്ടിക്കാട്ടി. അതോടൊപ്പം തന്നെ വിമാനയാത്രക്കാർക്കും അവരുടെ കുടുംബങ്ങൾക്കുമായി നിർബന്ധമായ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുന്നതിനുള്ള നിയമനിർമാണം അനിവാര്യമാണെന്നും അവർ കൂട്ടിച്ചേർത്തു.
ഇത്തരത്തിലുള്ള വൻദുരന്തങ്ങൾ വിശകലനം ചെയ്യുമ്പോൾ, വികസനത്തോടൊപ്പം സുരക്ഷക്കും പ്രാധാന്യം കല്പിക്കേണ്ടതാണെന്നും, ആധുനിക സാങ്കേതികവിദ്യയുടെ ഉപയോഗം മാത്രമല്ല, മാനുഷികവും ഉത്തരവാദിത്വപരവും ആയ സമീപനം സ്വീകരിക്കേണ്ടതിന്റെ ആവശ്യകതയും നേതാക്കൾ മുന്നോട്ടുവച്ചു. അപകടത്തിൽ ദുഃഖത്തിലാണ്ടിരിക്കുന്ന മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്കും അവരുമായി ബന്ധപ്പെട്ട എല്ലാവർക്കും ORMA International ഐക്യദാർഢ്യവും ആത്മസ്വാന്തനവും ഈ അനുസ്മരണ യോഗത്തിലൂടെ അർപ്പിച്ചു.