Latest News

ശ്രീറാം വെങ്കിട്ടരാമന്‍ കുറ്റക്കാരനാണോ എന്ന് തീരുമാനിക്കേണ്ടത് ഇവിടെയുള്ള മത സംഘടനകളല്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. മത സംഘടനകള്‍ക്ക് മുന്നില്‍ സര്‍ക്കാര്‍ മുട്ടുമടക്കുന്നെന്നും അദ്ദേഹം ആരോപിച്ചു. വഖഫ് ബോര്‍ഡ് നിയമനം പിഎസ് സിക്ക് വിടുന്നതില്‍ നിന്നും സര്‍ക്കാര്‍ പിന്‍മാറിയത് ഭീരുത്വമാണെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

ശ്രീറാം വെങ്കിട്ടരാമന്‍ ഒരു കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടിട്ടുണ്ട് പക്ഷെ അദ്ദേഹത്തെ ശിക്ഷിച്ചിട്ടില്ല. അദ്ദേഹത്തിനെതിരെ സര്‍വീസ് നടപടിയെടുത്തിരുന്നു, പിന്നീട് തിരിച്ചെടുത്തു. പിന്നെ അദ്ദേഹത്തിന് ജോലി ചെയ്യാന്‍ പറ്റില്ലെന്ന് പറയുന്നത് എന്ത് ന്യായമാണെന്നും സുരേന്ദ്രന്‍ ചോദിച്ചു.

നടന്‍ ദിലീപിനെതിരെ ഒരു കേസുണ്ട് എന്ന കരുതി ദിലീപിനോട് ഒരു സിനിമയിലും അഭിനയിക്കരുതെന്ന് പറയാന്‍ പറ്റുമോ, ദിലീപിനെതിരെയുള്ള കേസ് ശരിയായി അന്വേഷിച്ച് കുറ്റം തെളിയിച്ച് ശിക്ഷിക്കണം. അതാണ് നിയമ മാര്‍ഗം.

ശ്രീറാം വെങ്കിട്ടരാമന് ജോലി ചെയ്യാന്‍ പറ്റില്ലെന്ന് ആരാണ് തീരുമാനിക്കുന്നത്. അദ്ദേഹത്തിനെതിരെയുള്ള കേസ് അന്വേഷിക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണ് മത സംഘടനകളല്ല. ചില ആളുകള്‍ തീരുമാനിക്കുന്നത് നടക്കുകയുള്ളൂ എന്ന നില വന്നാല്‍ എന്ത് കാര്യമാണ് മുന്നോട്ട് പോവുക. ശ്രീറാം വെങ്കിട്ടരാമനു വേണ്ടി ആരും വക്കാലത്ത് എടുക്കുന്നില്ല. ആ കേസ് തെളിയണം എന്ന് തന്നെയാണ് ഞങ്ങളുടെ ആവശ്യം. നിരപരാധിയായ ഒരു മാധ്യമപ്രവര്‍ത്തകനാണ് കൊല്ലപ്പെട്ടത്. മത സംഘടനകള്‍ക്ക് സ്വാതന്ത്ര്യമുണ്ട് എന്ന് കരുതി മത സംഘടനകള്‍ക്ക് മുന്നില്‍ മുട്ടുമടക്കുന്നു.’

ഗോകുല്‍ സുരേഷ്, ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ്, ഇന്ദ്രന്‍സ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുണ്‍ ചന്ദു സംവിധാനം ചെയ്യുന്ന ചിത്രമാണ് സായാഹ്ന വാര്‍ത്തകള്‍. കഴിഞ്ഞ ദിവസമാണ് ചിത്രം തിയേറ്ററില്‍ എത്തിയത്. പൊളിറ്റിക്കല്‍ സറ്റയര്‍ ആണ് ചിത്രം.

ചിത്രത്തിനെ കുറിച്ച് ഗോകുല്‍ സുരേഷ് പറയുന്നതിങ്ങനെ. തനിക്ക് പൊതുവെ പൊളിറ്റിക്കല്‍ സറ്റയര്‍ ഇഷ്ടമാണെന്നും സിനിമ കണ്ട് കഴിഞ്ഞാല്‍ ആരെയാണ് ഇതില്‍ വിമര്‍ശിക്കുന്നതെന്ന് മനസിലാകുമെന്നും, താന്‍ വരുന്നത് എവിടെ നിന്ന് ആണെന്നൊക്കെ എല്ലാവര്‍ക്കും അറിയാമല്ലോ അത് വെച്ച് നോക്കുമ്പോള്‍ താന്‍ കേന്ദ്രത്തെ വിമര്‍ശിക്കുന്ന ചിത്രത്തില്‍ അഭിനയിക്കുമെന്ന് ആരും കരുതില്ലല്ലോ എന്നും ഗോകുല്‍ സുരേഷ് പറയുന്നത്.

‘എനിക്ക് പൊളിറ്റിക്കല്‍ സറ്റയര്‍ ഒരുപാട് ഇഷ്ടമാണ്. സിനിമ കണ്ടാല്‍ നിങ്ങള്‍ക്ക് മനസ്സിലാകും ഇതില്‍ ആരെയാണ് വിമര്‍ശിക്കുന്നത് എന്ന്. ആരെ വിമര്‍ശിച്ചാലും എനിക്ക് പ്രശ്‌നമില്ല, ഞാന്‍ എവിടെ നിന്ന് വരുന്നു എന്നൊക്കെ വെച്ച് റിലേറ്റ് ചെയ്താല്‍ ഞാന്‍ ഇത് ചെയ്യില്ല എന്നേ എല്ലാവരും കരുതൂ.

ഭരണകൂടത്തെ വിമര്‍ശിക്കുന്ന സിനിമയാണെന്ന് അച്ഛനോട് (സുരേഷ് ഗോപി) പറഞ്ഞിരുന്നോ എന്ന ചോദ്യത്തിന് അച്ഛനോടൊന്നും പറഞ്ഞിട്ടില്ല. ഇതില്‍ ഒന്നും അങ്ങനെ ഇടപെടാറില്ലെന്നും, അച്ഛന്റെ പാര്‍ട്ടിയെ വിമര്‍ശിച്ചത് എന്താണെന്ന് അച്ഛന്‍ ചോദിക്കില്ലെന്നും ഗോകുല്‍ പറയുന്നു.

ചെയ്യുന്ന കാര്യത്തില്‍ നേര് ഉണ്ടെങ്കില്‍ അച്ഛന്‍ അതില്‍ ഇടപെടാറില്ല, അച്ഛന്റെ പാര്‍ട്ടിയെ വിമര്‍ശിക്കുന്ന കഥ എന്തിന് ചെയ്തു എന്നൊന്നും അച്ഛന്‍ ചോദിക്കില്ലെന്നും ഗോകുല്‍ വ്യക്തമാക്കി.

ലോകത്തെ തിമിംഗല വര്‍ഗങ്ങളില്‍ അപൂര്‍വമെന്ന് കണക്കാക്കുന്ന തിമിംഗലങ്ങളാണ് തൂവെള്ള നിറത്തിലുള്ള ബെലൂഗ തിമിംഗലങ്ങള്‍. ആര്‍ട്ടിക് സമുദ്രത്തില്‍ കാണപ്പെടുന്ന, കാഴ്ചയില്‍ ഡോള്‍ഫിനോട് സാദൃശ്യം തോന്നിക്കുന്ന ഈ തിമിംഗലങ്ങളിലൊന്നാണ് വഴി തെറ്റി ഫ്രാന്‍സിലേക്കെത്തിയത്. ഫ്രാന്‍സിലെ സീന്‍ നദിയിലാണ് ഈ തിമിംഗലങ്ങളിലൊന്നിനെ കണ്ടെത്തിയത്. തണുത്ത കാലാവസ്ഥയില്‍ മാത്രം ജീവിക്കാന്‍ കഴിയുന്ന ബെലൂഗ തിമിംഗലം ഫ്രാന്‍സിലെ നദിയില്‍ എങ്ങനെയെത്തിപ്പെട്ടു എന്നത് ഗവേഷകരെ കുഴക്കുന്ന ചോദ്യമാണ്. അതേസമയം തന്നെ തിമിംഗലത്തിന് ഇവിടെ നിന്ന് സുരക്ഷിതമായി മടങ്ങി പോകാന്‍ കഴിയുമോയെന്ന കാര്യത്തിലും ഗവേഷകര്‍ക്ക് ആശങ്കയുണ്ട്.

ഈ ബെലൂഗ തിമിംഗലത്തിന്‍റെ ആരോഗ്യസ്ഥിതി തന്നെ നിലവില്‍ ആശങ്കയുണര്‍ത്തുന്നതാണെന്ന് ഗവേഷകര്‍ പറയുന്നു. സാധാരണ ബെലൂഗ തിമിംഗലങ്ങളേക്കാളും ശരീരം ക്ഷിണിച്ച്, തൂക്കം കുറഞ്ഞ അവസ്ഥയിലാണ് സീന്‍ നദിയില്‍ കണ്ടെത്തിയ തിമിംഗലമുള്ളത്. ഓഗസ്റ്റ് രണ്ടാം തീയതിയാണ് ഈ തിമിംഗലത്തെ ആദ്യമായി ഈ മേഖലയില്‍ കണ്ടത്. ഇംഗ്ലിഷ് ചാനല്‍ കടല്‍ മേഖലയില്‍ നിന്ന് പാരിസ് വരെയുള്ള സീന്‍ നദിയുടെ മേഖലയിലാണ് ഈ തിമിംഗലം ഇപ്പോഴുള്ളത്. കൃത്യമായി പറഞ്ഞാല്‍ പാരിസില്‍ നിന്ന് ഏതാണ്ട് 70 കിലോമീറ്റര്‍ അകലെ.

ഈ തിമിംഗലത്തെ സുരക്ഷിതമായി അതിന്‍റെ ആവാസ വ്യവസ്ഥയിലേക്ക് തന്നെ തിരികെയെത്തിക്കാനുള്ള പദ്ധതിക്ക് ഇതിനിടെ തന്നെ രൂപം നല്‍കിയിട്ടുണ്ട്. ഫ്രാന്‍സിലെ സീ ഷെപര്‍ഡ് എന്ന സംഘടനയും അധികൃതരും ചേര്‍ന്നാണ് ഇതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചത്. എന്നാല്‍ ഇത് എത്രത്തോളം വിജയകരമാകുമെന്ന കാര്യത്തില്‍ ഇവര്‍ക്കും ആശങ്കയുണ്ട്. രക്ഷാപ്രവര്‍ത്തനത്തിനിടയിലോ, അതിന് മുന്‍പോ തിമിംഗലത്തിന്‍റെ നിലവിലെ ആരോഗ്യസ്ഥിതി വച്ച് അപകടം സംഭവിക്കാനുള്ള സാധ്യത കൂടുതലാണെന്നും ഇവര്‍ പറയുന്നു.

ഇപ്പോള്‍ ഈ തിമിംഗലത്തെ വീണ്ടും കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടന്നു വരികയാണ്. ഡ്രോണുകളും സെന്‍സറുകളും ഉപയോഗിച്ചാണ് ഈ ശ്രമങ്ങള്‍ പുരോഗമിക്കുന്നത്. തിമിംഗലത്തെ കണ്ടെത്തിയാല്‍ അതിനാവശ്യമായ ഭക്ഷണം നല്‍കാനും സൗകര്യമൊരുക്കിയിട്ടുണ്ട്. അതേസമയം തന്നെ നദിയിലൂടെ ബോട്ടില്‍ സഞ്ചരിക്കുന്നവരോടും മറ്റും തിമിംഗലത്തെ കണ്ടാല്‍ കൃത്യമായ ദൂരം പാലിക്കണമെന്ന അഭ്യര്‍ത്ഥനയും ഗവേഷകര്‍ പുറത്തിറക്കിയിട്ടുണ്ട്. ബോട്ടും മറ്റും സമീപത്തേക്ക് പോകുന്നത് തിമിംഗലത്തെ അപകടപ്പെടുത്തിയേക്കാമെന്നും ഇവര്‍ ഭയക്കുന്നു.

മോഹൻലാലിനെ നായകനാക്കി ജോഷി സംവിധാനം ചെയ്ത ചിത്രമായിരുന്നു നരൻ. ചിത്രത്തിൽ കുന്നുമ്മേൽ ശാന്ത എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് സോന നായരായിരുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് അനുഭവങ്ങളെ കുറിച്ചും സിനിമയിലെ തന്റെ കഥാപാത്രത്തെ കുറിച്ചും സോന പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

അഭിമുഖത്തിലാണ് സോന തന്റെ കഥാപാത്രത്തെക്കുറിച്ച് സംസാരിച്ചത്. നരനിൽ നിന്ന് വെട്ടി മാറ്റിയ ആ സീനുകൾ ഉണ്ടായിരുന്നെങ്കിൽ കുന്നുമ്മേൽ ശാന്ത ഇന്ന് വെറെ ലെവലായെനെ. ചിത്രത്തിൽ ആ കഥാപാത്രം മോശമാണെങ്കിലും അവർ ഒരു നല്ല മനസ്സിനുടമയാണെന്നാണ് സോന പറയുന്നത്.

അവർക്ക് വേലയുധനോടുള്ള പ്രണയം വളരെ മനോഹരമായി ഷൂട്ട് ചെയ്തിരുന്നെങ്കിലും അതിൽ പലതും കാണിക്കുന്നില്ല. വേലായുധന്റെ മീശ കടിച്ചെടുക്കുന്ന ഒരു സീനുണ്ട്. ഇരുവരും തമ്മിലുള്ള പ്രണയവും ചിത്രത്തിൽ അത് വളരെ മനോഹരമായി ഷൂട്ട് ചെയ്തിരുന്നെങ്കിലും അത് ഒന്നും സിനിമ പുറത്തിറങ്ങിയപ്പൾ ഇല്ലായിരുന്നെന്നും സോന പറഞ്ഞു.

ചിത്രത്തിൽ ഭാവനയും താനും തമ്മിലുള്ള ഒരു കോമ്പിനേഷൻ സീൻ ഉണ്ടായിരുന്നു. മോഹൻലാലിനെയും ഭാവനേയും തമ്മിൽ ഒരുമിപ്പിക്കാൻ വേണ്ടി താൻ സംസാരിക്കുന്ന ഒരു സീൻ. പക്ഷെ സിനിമ പുറത്തിറങ്ങിയപ്പോൾ ആ സീൻ ഇല്ലായിരുന്നു. തനിക്ക് അത് ഒരുപാട് വിഷമം വന്ന ഒന്നായിരുന്നു. ചിത്രത്തിൽ താൻ ഉണ്ടായിരുന്നെങ്കിലും ഒരു ക്യാരക്ടർ ഇല്ലാതെയായിപോയെന്നും സോന പറഞ്ഞു.

ആദ്യം സിനിമയുടെ കഥ പറഞ്ഞപ്പോൾ താൻ ശരിക്കും പേടിച്ച് പോയെന്നും പിന്നീട് രഞ്ജൻ പ്രമോദാണ് തന്നെ ആ കഥാപാത്രം എന്താണെന്ന് പറഞ്ഞ് മനസ്സിലാക്കിയെടുത്തത്. അതിന് ശേഷം ജോഷി സാറും തന്നെ വിളിച്ച് സംസാരിക്കുകയായിരുന്നു. അങ്ങനെയാണ് ആ ചിത്രം ചെയ്തത്. ഇന്ന് തന്റെ ജീവിതത്തിലെ ഏറ്റവും നല്ല ചിത്രങ്ങളിൽ ഒന്നാണ് നരനെന്നും സോന കൂട്ടിച്ചേർത്തു.

കോഴിക്കോട് നിന്ന് മറ്റൊരു പ്രവാസി യുവാവിനെ കൂടി കാണാതായെന്ന് പരാതി.കോഴിക്കോട് ജാതിയേരി സ്വദേശി റിജേഷിനെയാണ് കാണാതായത്. ഖത്തറില്‍ ജോലി ചെയ്തിരുന്ന റിജേഷ് ജൂണ്‍ 16ന് കണ്ണൂര്‍ വിമാനത്താവളത്തിലൂടെ നാട്ടില്‍ എത്തുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ പിന്നീട് വിവരമൊന്നും ലഭിച്ചില്ലെന്നും സഹോദരന്‍ പറഞ്ഞു.

റിജേഷിനെ ഒന്നരമാസമായി കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി സഹോദരനാണ് പൊലീസില്‍ പരാതി നല്‍കിയത്. പരാതിയില്‍ വളയം പോലീസ് കേസെടുത്തു. റിജേഷിന്റെ ഖത്തറിലെ സുഹൃത്തുകളെ വിളിച്ചപ്പോള്‍ യുവാവ് നാട്ടില്‍ പോയെന്നാണ് അറിയിച്ചത്. എന്നാല്‍ ഇതിനിടെയില്‍ റിജേഷിന്റെ കയ്യില്‍ എന്തോ കൊടുത്തയച്ചെന്നും വെറുതെ വിടില്ലെന്നും പറഞ്ഞ് ഫോണ്‍ കോള്‍ വന്നതായും ബന്ധുക്കള്‍ പറയുന്നു.

ഫോണ്‍ കോളിന് പിന്നാലെ കണ്ണൂരില്‍ നിന്നുള്ള ചിലര്‍ റിജേഷിനെ അന്വേഷിച്ച് വീട്ടില്‍ എത്തിയിരുന്നു. അവര്‍ ഭീഷണിപ്പെടുത്തിയെന്നും സഹോദരന്‍ വ്യക്തമാക്കി. ഇതേ തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്. ജൂണ്‍ പത്തിനാണ് റിജേഷ് കുടുംബവുമായി അവസാനം സംസാരിച്ചത്.

ഈ സംഭവത്തിന് പിന്നിലും സ്വര്‍ണക്കടത്ത് ബന്ധമുണ്ടെന്നാണ് സംശയിക്കുന്നത്. റിജേഷിന്റെ യാത്രാ വിവരങ്ങള്‍ അടക്കം ശേഖരിച്ച് ദുരൂഹത നീക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. ഇയാളുടെ വീട്ടിലെത്തിയവരെക്കുറിച്ചുള്ള വിവരങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട്.

അമേരിക്കന്‍ നടി ആനി ഹെയ്ഷിന് വാഹനാപകടത്തില്‍ പരിക്ക്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നടിയുടെ നില ഗുരുതരമാണെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ വെള്ളിയാഴ്ച റിപ്പോര്‍ട്ട് ചെയ്തു.

53കാരിയായ ആനിന്റെ അമിതവേഗത്തിലെത്തിയ മിനി കൂപ്പര്‍ മാര്‍വിസ്തയിലുള്ള ഇരുനിലെ കെട്ടിടത്തില്‍ ഇടിച്ചാണ് അപകടമുണ്ടായത്. കാറിടിച്ചത് കെട്ടിടത്തില്‍ തീപ്പിടിത്തത്തിന് കാരണമായതായും ലോസ് ഏഞ്ചല്‍സ് ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്റ് റിപ്പോര്‍ട്ട് ചെയ്തു.

അഗ്‌നിശമന സേനയുടെ കണക്കനുസരിച്ച് 59 അഗ്‌നിശമന സേനാംഗങ്ങള്‍ 65 മിനിറ്റ് സമയമെടുത്താണ് തീയണച്ചത്. സിക്സ് ഡേയ്സ്, സെവന്‍ നൈറ്റ്സ്, ഡോണി ബ്രാസ്‌കോ തുടങ്ങി 90 കളില്‍ പുറത്തിറങ്ങിയ നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുള്ള നടിയാണ് ആന്‍.

‘അനദര്‍ വേള്‍ഡ്’ എന്ന സോപ്പ് ഓപ്പറയിലെ ആനിന്റെ അഭിനയം ശ്രദ്ധേയമായിരുന്നു.

കളക്ടറായി ചുമതലയേറ്റതിന് പിന്നാലെ തന്നെ അവധി പ്രഖ്യാപിച്ച് വിദ്യാർത്ഥികളുടെ കണ്ണിലുണ്ണിയായി മാറിയ ആലപ്പുഴ കളക്ടർ കൃഷ്ണ തേജ ഐഎഎസ് മണിക്കൂറുകൾക്കകം നാട്ടുകാർക്കും പ്രിയപ്പെട്ടവനായിരിക്കുകയാണ്.

ജില്ലാ കലക്ടറായി ചുമതലയേറ്റ ആദ്യത്തെ കൃഷ്ണ തേജയുടെ ഉത്തരവ് തന്നെ മഴക്കെടുതി കാരണം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചതാണ്. മുൻപ് ആലപ്പുഴയിൽ സബ് കലക്ടർ ആയും സേവനം ചെയ്ത കൃഷ്ണതേജയ്ക്ക് ഈ നാട് അന്യമല്ല.

പ്രളയകാലത്തുള്ള സബ് കലക്ടറുടെ സേവനം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ മറ്റൊരു മഴക്കാലത്ത് ആലപ്പുഴയിലേക്ക് ജില്ലാകളക്ടറായി അപ്രതീക്ഷിതമായി എത്താനായിരുന്നു അദ്ദേഹത്തിന്റെ നിയോഗം. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചതിനൊപ്പം കുട്ടികൾക്കായി നല്ലൊരു കുറിപ്പും കളക്ടർ എഴുതിയിരുന്നു.

”പ്രിയ കുട്ടികളെ, ഞാൻ ആലപ്പുഴ ജില്ലയിൽ കലക്ടറായി ചുമതല ഏറ്റെടുത്തത് നിങ്ങൾ അറിഞ്ഞു കാണുമല്ലോ. എന്റെ ആദ്യ ഉത്തരവ് തന്നെ നിങ്ങൾക്ക് വേണ്ടിയാണ്. നിങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ വേണ്ടിയാണ്. നാളെ നിങ്ങൾക്ക് ഞാൻ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.” എന്ന കുറിപ്പിനൊപ്പം ചില നിർദേശങ്ങളും കളക്ടർ നൽകിയിരുന്നു.

തൊട്ടടുത്ത ദിവസം അവധി പ്രഖ്യാപിച്ചപ്പോഴും കുട്ടികൾക്കായുള്ള നിർദേശങ്ങളും മാതാപിതാക്കളോട് സ്‌നേഹം കാണിക്കണമെന്നുമൊക്കെ കളക്ടർ ഉപദേശിച്ചിരുന്നു. ഇപ്പോഴിതാ കളക്ടർ മുൻപ് നടത്തിയ ഒരു പ്രസംഗം വൈറലായിരിക്കുകയാണ്. ആലപ്പുഴ പൂങ്കാവിലുള്ള മേരി ഇമ്മാക്കുലേറ്റ് സ്‌കൂളിൽ നടത്തിയ ഒരു ക്ലാസാണ് കളക്ടറുടെ അനുഭവങ്ങൾ വിവരിച്ചതിലൂടെ വൈറലായത്.

മൂന്നുവട്ടം ഐഎഎസ് എന്ന കടമ്പയ്ക്ക് മുന്നിൽ മുട്ടകുത്തിയതും സാമ്പതതിക പ്രയാസങ്ങൾ ഇല്ലാതെ പഠിക്കാനായി പഠനത്തിനൊപ്പം ജോലിക്കു പോയിരുന്നതും എല്ലാമാണ് കൃഷ്ണ തേജ വിവരിക്കുന്നത്.

കളക്ടറുടെ വാക്കുകൾ ഇങ്ങനെ:”വിദ്യാഭ്യാസത്തിന്റെ വില എന്താണെന്ന് എനിക്ക് എന്റെ ജീവിതം കൊണ്ടുതന്നെ അറിയാം. ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ ഞാൻ ഒരു ശരാശരി വിദ്യാർഥിയായിരുന്നു. എട്ടാം ക്ലാസിലേക്ക് കടന്നപ്പോൾ വീട്ടിൽ കുറച്ചു സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടായി. അതോടെ എന്നോട് പഠനം നിർത്തി ജോലിക്ക് പോകാൻ എല്ലാവരും പറഞ്ഞു. പക്ഷേ, അച്ഛനും അമ്മയ്ക്കും എന്റെ വിദ്യാഭ്യാസം നിർത്താൻ താൽപര്യം ഇല്ലായിരുന്നു. പഠനം തുടരാൻ പണമുണ്ടായിരുന്നില്ല.

തുടർന്നാണ് അയൽവാസി വീട്ടിലേക്ക് വന്നു പഠനം തുടരണമെന്നും സഹായിക്കാമെന്നും പറഞ്ഞത്. പക്ഷേ, അമ്മക്ക് ഒരാളിൽ നിന്നും സൗജന്യസഹായം വാങ്ങുന്നത് താൽപര്യം ഇല്ലായിരുന്നു. അങ്ങനെ പഠനം തുടരാനായി ക്ലാസ് കഴിഞ്ഞെത്തിയ ശേഷം വൈകുന്നേരം ആറ് മണിമുതൽ രാത്രി ഒമ്പത് മണിവരെ ഒരു മരുന്നുകടയിൽ ജോലിക്ക് പോകാൻ തുടങ്ങി. പത്താം ക്ലാസ് വരെ ഈ ജോലി തുടർന്നു.

എന്നിട്ട് നന്നായി പഠിച്ചു. പത്താം ക്ലാസും ഇന്റർമീഡിയറ്റും ടോപ്പറായി. വൈകാതെ, എഞ്ചിനീയറിങ് ഗോൾഡ് മെഡലിസ്റ്റ് ആയി. പഠനശേഷം എനിക്ക് ഐബിഎമ്മിൽ ജോലിക്ക് കയറി. തുടർന്ന് സുഹൃത്തിന്റെ പ്രേരണ കാരണമാണ് ഐഎഎസ് പരിശീലനത്തിന് പോയത്. ജോലിയും പഠനവും ഒരുമിച്ച് കൊണ്ടുപോകാൻ സാധിച്ചില്ല. ഇതോടെ ജോലി ഉപേക്ഷിച്ചു പഠിക്കാനാരംഭിച്ചു.

എന്നാൽ, 15 മണിക്കൂറോളം പഠിച്ചിട്ടും മൂന്നുവട്ടം പരീക്ഷയിൽ പരാജയപ്പെട്ടു. ആത്മവിശ്വാസം നഷ്ടപ്പെട്ടതോടെ പഠനം ഉപേക്ഷിച്ച് തിരികെ ജോലിക്ക് പോകാൻ തീരുമാനിച്ചു. ഈ സമയത്തും എന്തുകൊണ്ടാണ് തോറ്റുപോയതെന്ന് ഒരു മാസം ആചോചിച്ചിട്ടും ഉത്തരം ലഭിച്ചില്ല.

ജോലിക്ക് തിരികെ ചേരുന്നത് അറിഞ്ഞപ്പോഴാണ് ചില ശത്രുക്കൾ തേടി വന്നത്. അവരോടും തോൽവി എന്തുകൊണ്ടാണെന്ന് ഞാൻ ചോദിച്ചു. അവർ മൂന്നു കാരണങ്ങൾ ആണ് ചൂണ്ടിക്കാണിച്ചത്. എഴുത്ത് പരീക്ഷയിൽ 2000 മാർക്ക് എങ്കിലും കുറഞ്ഞത് കിട്ടണം. തന്റെ കയ്യക്ഷരം വളരെ മോശം ആണ്. പോയിന്റു മാത്രം എഴുതിയാൽ മാർക്ക് കിട്ടില്ല. പാരഗ്രാഫ് ആയി വിശദമായി തന്നെ ഉത്തരം എഴുതണം. നേരേ വാ നേരേ പോ എന്ന രീതിയിൽ ഉത്തരം എഴുതിയാൽ ഒന്നും ശരിയാകില്ല, വളരെ ഡിപ്ലോമാറ്റിക് ആയി ഉത്തരം എഴുതണമെന്നും അവർ ഉപദേശിച്ചു. പിന്നീട് നാലാമത്തെ തവണ തന്റെ പോരായ്മകൾ പരിഹരിച്ച് പരീക്ഷ എഴുതി. 66-ാം റാങ്ക് നേടിയാണ് ഐഎഎസ് കരസ്ഥമാക്കിയത്’.

വെസ്റ്റ് ഇന്‍ഡീസിനെതിരായ ട്വന്റി 20 പരമ്പരയിലെ അവശേഷിക്കുന്ന രണ്ട് മത്സരങ്ങള്‍ക്കായി ഇന്ത്യന്‍ ടീം അമേരിക്കയിലെ ഫ്ലോറിഡയിലാണ് ഇപ്പോള്‍. ഫ്ളോറിഡയില്‍ നിന്ന് സഞ്ജു സാംസണ്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച സ്റ്റോറിയാണ് മലയാളികള്‍ക്കിടയില്‍ ചിരി ഉണര്‍ത്തുന്നത്.

ഫ്ലോറി‍ഡയുടെ ആകാശ ദൃശ്യത്തിനൊപ്പം ‘അക്കരെ അക്കരെ അക്കരെ’ എന്ന മോഹന്‍ലാല്‍ ചിത്രത്തിലെ സാധനം കയ്യിലുണ്ടോ എന്ന ഡയലോഗാണ് സഞ്ജു ഒപ്പം ചേര്‍ത്തിരിക്കുന്നത്. ചിത്രത്തിലെ സ്വര്‍ഗത്തിലോ നമ്മള്‍ സ്വപ്നത്തിലോ എന്ന ഗാനവുമുണ്ട്.

നിലവില്‍ വിന്‍ഡീസിനെതിരായ പരമ്പരയില്‍ 2-1 ന് മുന്നിലാണ് ഇന്ത്യ. നാളെയാണ് നാലാം ട്വന്റി 20. വിജയിക്കാനായാല്‍ ഇന്ത്യയ്ക്ക് പരമ്പര സ്വന്തമാക്കാന്‍ സാധിക്കും. ബ്രോവാര്‍ഡ് കൗണ്ടി സ്റ്റേഡിയത്തിലാണ് മത്സരം.

തുടര്‍ച്ചയായ മത്സരങ്ങളില്‍ ശ്രേയസ് അയ്യര്‍ പരാജയപ്പെട്ടതോടെ സഞ്ജുവിന് അന്തിമ ഇലവനില്‍ ഇടം നേടാന്‍ സഞ്ജുവിന് കഴിഞ്ഞേക്കും. മൂന്ന് കളികളില്‍ നിന്ന് 34 റണ്‍സ് മാത്രമാണ് അയ്യര്‍ നേടിയത്. മധ്യനിരയ്ക്ക് ബലം നല്‍കുന്നതില്‍ താരം പരാജയപ്പെട്ടു.

മൂന്നാം ട്വന്റി 20 യില്‍ സൂര്യകുമാര്‍ യാദവിന്റെ മികവിലായിരുന്നു ഇന്ത്യയുടെ ജയം. വിന്‍ഡീസ് ഉയര്‍ത്തിയ 165 റണ്‍സ് വിജയലക്ഷ്യം ഒരു ഓവര്‍ ബാക്കി നില്‍ക്കെയാണ് സന്ദര്‍ശകര്‍ മറികടന്നത്. 44 പന്തില്‍ നിന്ന് 76 റണ്‍സാണ് സൂര്യകുമാര്‍ നേടിയത്.

മികച്ച പ്രകടനത്തോടെ ട്വന്റി 20 റാങ്കിങ്ങില്‍ രണ്ടാമതെത്താനും താരത്തിന് കഴിഞ്ഞു. 816 പോയിന്റാണ് സൂര്യകുമാറിനുള്ളത്. 818 പോയിന്റുമായി പാക്കിസ്ഥാന്‍ നായകന്‍ ബാബര്‍ അസമാണ് പട്ടികയില്‍ ഒന്നാമതുള്ളത്.

https://www.facebook.com/reel/1779526192387658/?s=single_unit&__cft__[0]=AZWxu9fbjFvP5sk2UXmhmo0wcyIDH-fGWP6cOhGV40ZgTNHvgmiRGz3y0dYoU4H7ZxoZfBIIAE0K2-V5J0YBkGDjxSfjtpKlLHliIt0hRqBBgjI76ahJYT23a0BYTibjylPE4COsYGCuDsdJQgdv2JmUJKBKWPCDvTxINJDtKp8H56MnZEKNhte0rfAhQEwmWQ8&__tn__=H-R

മൈക്രോ ലാബ്സ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയില്‍ നിന്ന് അനധികൃത സൗജന്യങ്ങളും ആനുകൂല്യങ്ങളും കൈപ്പറ്റിയ ഡോക്ടര്‍മാര്‍ക്കെതിരെ നടപടി.ഇവരുടെ രജിസ്ട്രേഷന്‍ നമ്പറും വിലാസവും ഉള്‍പ്പെടെയുള്ള വിശദവിവരങ്ങള്‍ കൈമാറാന്‍ ദേശീയ മെഡിക്കല്‍ കമ്മിഷന്‍, ആദായനികുതി വകുപ്പിനോട് നിര്‍ദേശിച്ചു. ഇവര്‍ക്കെതിരേ കമ്മിഷന്‍ കര്‍ശന നടപടികള്‍ സ്വീകരിച്ചേക്കുമെന്നാണ് വിവരം.

ഡോളോ 650 ഉള്‍പ്പെടെയുള്ളവയുടെ നിര്‍മാതാക്കളായ മൈക്രോ ലാബ്സിസിന്റെ ഓഫീസുകളില്‍ കഴിഞ്ഞമാസം ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. അപ്പോഴാണ് മൈക്രോ ലാബ്സിന്റെ ഉത്പന്നങ്ങള്‍ പ്രൊമോട്ട് ചെയ്യാന്‍ ഡോക്ടര്‍മാര്‍ക്കും മെഡിക്കല്‍ പ്രൊഫഷണലുകള്‍ക്കും വിദേശയാത്ര ഉള്‍പ്പെടെയുള്ള സൗജന്യങ്ങള്‍ കമ്പനി നല്‍കിയിരുന്നതായി കണ്ടെത്തിയത്. ഇതിനായി ആയിരംകോടിയോളം രൂപ കമ്പനി ചെലവാക്കിയെന്നും ആദായനികുതി വകുപ്പ് കണ്ടെത്തിരുന്നു.

നികുതിവെട്ടിപ്പുമായി ബന്ധപ്പെട്ടാണ് മൈക്രോലാബ്സിന്റെ ഓഫീസുകളില്‍ ആദായനികുതി വകുപ്പ് പരിശോധന നടത്തിയത്. കമ്പനിയുടെയും മരുന്നുകളുടെയും അധാര്‍മികമായ പ്രചാരണത്തിന് കമ്പനി ശ്രമിച്ചു എന്നതിന്റെ ഡിജിറ്റല്‍ രേഖകള്‍ ഉള്‍പ്പെടെയുള്ള തെളിവുകള്‍ പരിശോധനയില്‍ ലഭിച്ചിരുന്നു.

ഇതിന് പിന്നാലെ ദേശീയ മെഡിക്കല്‍ കമ്മിഷന്റെ എതിക്സ് കമ്മിറ്റിയോട് വിഷയത്തെ കുറിച്ച് അന്വേഷണം നടത്താന്‍ കേന്ദ്ര ആരോഗ്യവകുപ്പും ഫാര്‍മസ്യൂട്ടിക്കല്‍ വകുപ്പും നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. കുറ്റക്കാരെന്ന് കണ്ടെത്തുന്ന പക്ഷം ഡോക്ടര്‍മാര്‍ക്ക് മെഡിക്കല്‍ സര്‍ട്ടിഫിക്കേഷനും പ്രാക്ടീസ് തുടരാനുള്ള അവകാശവും നഷ്ടമാകും.

അന്ത്യകര്‍മങ്ങള്‍ ചെയ്ത് ചിതയൊരുക്കി സംസ്‌കരിച്ചത് എന്റെ മോനെ അല്ലെങ്കില്‍, എന്റെ മോന്‍ പിന്നെ എവിടെപ്പോയി?  മേപ്പയ്യൂരില്‍ നിന്ന് കാണാതായ ദീപകിന്റെ അമ്മ ശ്രീലതയ്ക്ക് നിറകണ്ണുകളോടെ ചോദിക്കുന്നു.

ജൂണ്‍ ആറിനാണ് മേപ്പയൂര്‍ സ്വദേശി ദീപക്കിനെ കാണാതാവുന്നത്. മുമ്പും വീട് വിട്ടുപോയ ചരിത്രമുളളതിനാല്‍ ദീപക്കിന്റെ ബന്ധുക്കള്‍ പരാതി നല്‍കാന്‍ ഒരു മാസം വൈകിയത്. ജൂലൈ ഒമ്പതിന് മേപ്പയൂര്‍ പോലീസില്‍ പരാതി നല്‍കി. അന്വേഷണം തുടരുന്നതിനിടെ ജൂലൈ 17ന് കൊയിലാണ്ടി തീരത്ത് ഒരു മൃതദേഹം കണ്ടെത്തി. മൃതദേഹം ജീര്‍ണിച്ചിരുന്നു. ദീപക്കുമായുളള രൂപസാദൃശ്യം മൂലം മരിച്ചത് ദീപക് തന്നെയെന്ന ധാരണയില്‍ മതാചാര പ്രകാരം മൃതദേഹം ദഹിപ്പിച്ചു. ചില ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് പോലീസ് ഡിഎന്‍എ പരിശോധനയക്കായി മൃതദേഹത്തില്‍ നിന്ന് സാംപിള്‍ എടുത്തിരുന്നു.

ഇതിനിടെയാണ് പന്തിരിക്കര സ്വദേശി ഇര്‍ഷാദിനായി പെരുവണ്ണാമൂഴി പോലീസ് അന്വേഷണം തുടങ്ങിയത്. ഇര്‍ഷാദിനെ കാണാതായത് ജൂലൈ ആറിനാണ്. ബന്ധുക്കള്‍ പരാതി കൊടുത്തതാകട്ടെ ജൂലൈ 22 നും. ഇതിനിടെ ഇര്‍ഷാദിനെ തട്ടിക്കൊണ്ട് പോയവര്‍ ഇര്‍ഷാദ് പുറക്കാട്ടിരി പാലത്തില്‍ നിന്ന് ചാടിയെന്ന വിവരം പോലീസിന് നല്‍കി. പ്രതികളുടെ ടവര്‍ ലൊക്കേഷനും ഈ പ്രദേശത്ത് തന്നെയെന്ന് പോലീസ് കണ്ടെത്തി. അങ്ങനെയാണ് എലത്തൂര്‍ പോലീസുമായി ചേര്‍ന്ന് അന്വേഷണം തുടങ്ങിയത്.

തുടര്‍ന്നാണ് ദീപക്കിന്റേതെന്ന പേരില്‍ സംസ്‌കരിച്ച മൃതദേഹത്തിന്റെ ചിത്രങ്ങള്‍ പോലീസ് പരിശോധിച്ചത്. ഈ ചിത്രത്തിന് സാമ്യം കൂടുതല്‍ ഇര്‍ഷാദുമായെന്ന് വിവരം കിട്ടി. അതിനിടെ മൃതദേഹത്തില്‍ നിന്ന് ശേഖരിച്ച സാംപിളിന്റെ ഡിഎന്‍എ പരിശോധനയുടെ പ്രാഥമിക റിപ്പോര്‍ട്ട് വന്നു. അതുപ്രകാരം കണ്ടെത്തയത് ദീപക്കിന്റെ മൃതദേഹമല്ലെന്ന് വ്യക്തമായി. ഈ ഡിഎന്‍എയുമായി ഇര്‍ഷാദിന്റെ മാതാപിതാക്കളുടെ ഡിഎന്‍എ ഒത്തുനോക്കിയാണ് മരിച്ചത് ഇര്‍ഷാദ് തന്നെയാണെന്ന് സ്ഥിരീകരിച്ചത്.

ദീപക്കിനെ എത്രയും പെട്ടെന്ന് കണ്ടെത്താന്‍ നടപടി എടുക്കണമെന്ന് അമ്മ ശ്രീലത പറയുന്നു. റൂറല്‍ എസ്പിക്ക് പരാതി നേരത്തെ നല്‍കിയിരുന്നു. ഇന്നലെയും എസ്പിയെ നേരിട്ട് പോയി കണ്ടിരുന്നെന്നും ശ്രീലത പറഞ്ഞു. മകനെ എത്രയും പെട്ടെന്ന് കണ്ടെത്തി തരണം. മുന്‍പും മകന്‍ വീട്ടില്‍ നിന്ന് പോയി തിരികെ വന്നിട്ടുള്ളതിനാല്‍ ഇത്തവണയും തിരിച്ചുവരുമെന്നാണ് കരുതിയത്. അതുകൊണ്ടാണ് പരാതി കൊടുക്കാന്‍ വൈകിയതെന്നും അമ്മ ശ്രീലത പറഞ്ഞു.

അബുദാബിയില്‍ സെക്യൂരിറ്റി ഓഫീസറായി ജോലി ചെയ്യുകയായിരുന്ന ദീപക് കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ജോലി നഷ്ടപ്പെട്ട് 2021 മാര്‍ച്ചിലാണ് നാട്ടില്‍ തിരിച്ചെത്തുന്നത്. പിന്നീട് ഒരു തുണിക്കടയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ജോലി ചെയ്യുകയായിരുന്നു. വിസയുടെ ആവശ്യത്തിനായി എറണാകുളത്ത് പോകുന്നു എന്ന് പറഞ്ഞാണ് വീട്ടില്‍ നിന്ന് പോയത്. മുമ്പൊരിക്കല്‍ സുഹൃത്തിന്റെ കയ്യില്‍നിന്ന് പണം വാങ്ങാന്‍ എന്നുപറഞ്ഞ് പോയ ദീപക് മൂന്ന് ദിവസം കഴിഞ്ഞാണ് വീട്ടില്‍ തിരിച്ചെത്തിയത്. അന്ന് ദീപകിന്റെ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. മേപ്പയ്യൂര്‍ പോലീസില്‍ പരാതി നല്‍കി അന്വേഷണം തുടങ്ങിയ സമയത്ത് ദീപക് വീട്ടില്‍ തിരിച്ചെത്തുകയും ചെയ്തിരുന്നു.

RECENT POSTS
Copyright © . All rights reserved