വെസ്റ്റ് ഇന്‍ഡീസിനെതിരായ ട്വന്റി 20 പരമ്പരയിലെ അവശേഷിക്കുന്ന രണ്ട് മത്സരങ്ങള്‍ക്കായി ഇന്ത്യന്‍ ടീം അമേരിക്കയിലെ ഫ്ലോറിഡയിലാണ് ഇപ്പോള്‍. ഫ്ളോറിഡയില്‍ നിന്ന് സഞ്ജു സാംസണ്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച സ്റ്റോറിയാണ് മലയാളികള്‍ക്കിടയില്‍ ചിരി ഉണര്‍ത്തുന്നത്.

ഫ്ലോറി‍ഡയുടെ ആകാശ ദൃശ്യത്തിനൊപ്പം ‘അക്കരെ അക്കരെ അക്കരെ’ എന്ന മോഹന്‍ലാല്‍ ചിത്രത്തിലെ സാധനം കയ്യിലുണ്ടോ എന്ന ഡയലോഗാണ് സഞ്ജു ഒപ്പം ചേര്‍ത്തിരിക്കുന്നത്. ചിത്രത്തിലെ സ്വര്‍ഗത്തിലോ നമ്മള്‍ സ്വപ്നത്തിലോ എന്ന ഗാനവുമുണ്ട്.

നിലവില്‍ വിന്‍ഡീസിനെതിരായ പരമ്പരയില്‍ 2-1 ന് മുന്നിലാണ് ഇന്ത്യ. നാളെയാണ് നാലാം ട്വന്റി 20. വിജയിക്കാനായാല്‍ ഇന്ത്യയ്ക്ക് പരമ്പര സ്വന്തമാക്കാന്‍ സാധിക്കും. ബ്രോവാര്‍ഡ് കൗണ്ടി സ്റ്റേഡിയത്തിലാണ് മത്സരം.

തുടര്‍ച്ചയായ മത്സരങ്ങളില്‍ ശ്രേയസ് അയ്യര്‍ പരാജയപ്പെട്ടതോടെ സഞ്ജുവിന് അന്തിമ ഇലവനില്‍ ഇടം നേടാന്‍ സഞ്ജുവിന് കഴിഞ്ഞേക്കും. മൂന്ന് കളികളില്‍ നിന്ന് 34 റണ്‍സ് മാത്രമാണ് അയ്യര്‍ നേടിയത്. മധ്യനിരയ്ക്ക് ബലം നല്‍കുന്നതില്‍ താരം പരാജയപ്പെട്ടു.

മൂന്നാം ട്വന്റി 20 യില്‍ സൂര്യകുമാര്‍ യാദവിന്റെ മികവിലായിരുന്നു ഇന്ത്യയുടെ ജയം. വിന്‍ഡീസ് ഉയര്‍ത്തിയ 165 റണ്‍സ് വിജയലക്ഷ്യം ഒരു ഓവര്‍ ബാക്കി നില്‍ക്കെയാണ് സന്ദര്‍ശകര്‍ മറികടന്നത്. 44 പന്തില്‍ നിന്ന് 76 റണ്‍സാണ് സൂര്യകുമാര്‍ നേടിയത്.

മികച്ച പ്രകടനത്തോടെ ട്വന്റി 20 റാങ്കിങ്ങില്‍ രണ്ടാമതെത്താനും താരത്തിന് കഴിഞ്ഞു. 816 പോയിന്റാണ് സൂര്യകുമാറിനുള്ളത്. 818 പോയിന്റുമായി പാക്കിസ്ഥാന്‍ നായകന്‍ ബാബര്‍ അസമാണ് പട്ടികയില്‍ ഒന്നാമതുള്ളത്.

https://www.facebook.com/reel/1779526192387658/?s=single_unit&__cft__[0]=AZWxu9fbjFvP5sk2UXmhmo0wcyIDH-fGWP6cOhGV40ZgTNHvgmiRGz3y0dYoU4H7ZxoZfBIIAE0K2-V5J0YBkGDjxSfjtpKlLHliIt0hRqBBgjI76ahJYT23a0BYTibjylPE4COsYGCuDsdJQgdv2JmUJKBKWPCDvTxINJDtKp8H56MnZEKNhte0rfAhQEwmWQ8&__tn__=H-R