അയർലന്റിൽ മൊട്ടിട്ട പ്രണയത്തിന് കൊല്ലത്ത് സാഫല്യം. കിളികൊല്ലൂര്‍ പ്രിയദര്‍ശിനി നഗറില്‍ കാര്‍ത്തികയില്‍ അമൃദത്തിന്റേയും സുനിത ദത്തിന്റേയും മകന് വിഷ്ണുദത്തിന് അയര്‍ലണ്ടുകാരി ക്ലോയിസോഡ്സ് വധുവായി.
വിഷ്ണു എംബിഎയ്ക്കു പഠിക്കാന്‍ അയര്‍ലണ്ടില്‍ മൂന്നുകൊല്ലം മുമ്പ് പോയതാണ്. അവിടെ ഒരു സ്ഥാപനത്തില്‍ ജോലി കൂടി ചെയ്തുവരവേയാണ് ക്ലോയിയുമായി പ്രണയത്തിലായത്.
വിഷ്ണുവിന്റെ സഹോദരി പൂജാ ദത്തിന്റെ വിവാഹം ഞായറാഴ്ചയായിരുന്നു. സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ വിഷ്ണുവിനൊപ്പം ക്ലോയിയും വന്നിരുന്നു. ഇന്നലെ ഇരുവരും കൊല്ലം കിളികൊല്ലൂര്‍ രജിസ്ട്രാര്‍ ഓഫീസില്‍ വീട്ടുകാരുടെ സാന്നിധ്യത്തില്‍ വിവാഹം രജിസ്റ്റര്‍ ചെയ്തു. അയര്‍ലണ്ടില്‍ ഇവരുടെ വിവാഹം രജിസ്റ്റര്‍ ചെയ്തശേഷമാണ് ഇവിടെ എത്തിയത്.
നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന പാർലമെന്റ് മന്ദിരത്തിനു മുകളിൽ പ്രധാനമന്ത്രി അനാഛാദനം ചെയ്ത അശോകസ്തംഭത്തെ വിമർശിച്ച് പ്രതിപക്ഷ പാർട്ടികൾ. ഇന്ത്യയുടെ ദേശീയ ചിഹ്നമായ സാരാനാഥിലെ അശോക സ്തംഭത്തിൽ നിന്നു വ്യത്യസ്തമായി ഇപ്പോൾ സ്ഥാപിച്ചിട്ടുള്ള നിർമിതിയിൽ ആക്രമണോത്സുകമായ അംശങ്ങളുണ്ടെന്നാണു പ്രതിപക്ഷത്തിന്റെ ആരോപണം.
സാരാനാഥിലെ അശോകസ്തംഭത്തിന്റെ ഭാഗമായ സിംഹങ്ങളുടെ നിർമിതി സൗമ്യവും ശാന്തവുമാണ്. എന്നാൽ, പുതിയ പാർലമെന്റ് മന്ദിരത്തിന് മുകളിൽ സ്ഥാപിച്ചിട്ടുള്ള അശോകസ്തംഭത്തിൽ ദംഷ്ട്രകൾ പുറത്തു കാട്ടുന്ന രീതിയിലുള്ള സിംഹങ്ങളുടെ നിർമിതി അക്രമവാസനയാണ് കാണിക്കുന്നതെന്നും രാഷ്‌ട്രീയ ജനതാ ദൾ ട്വീറ്റ് ചെയ്തു.
രണ്ടു സ്തംഭങ്ങളും അതു രൂപകല്പന ചെയ്തവരുടെ ഉള്ളിലിരിപ്പാണു വ്യക്തമാക്കുന്നത്. നിർമിതികളിലൂടെയും ചിഹ്നങ്ങളിലൂടെയും മനുഷ്യർ വെളിവാക്കുന്നത് സ്വന്തം സ്വഭാവമാണെന്നും ആർജെഡി ട്വീറ്റ് ചെയ്തു.
സാരനാഥിലെ അശോകസ്തംഭത്തിലെ സിംഹങ്ങൾ പ്രതിനിധീകരിക്കുന്നതു മഹാത്മാഗാന്ധിയെയും, പ്രധാനമന്ത്രി അനാഛാദനം ചെയ്ത അശോകസ്തംഭത്തിലെ ചിഹ്നങ്ങൾ പ്രതിനിധാനം ചെയ്യുന്നത് നാഥുറാം ഗോഡ്സെയെയുമാണ് എന്നായിരുന്നു മുതിർന്ന അഭിഭാഷകനായ പ്രശാന്ത് ഭൂഷണിന്റെ ട്വീറ്റ്.
തൃണമൂൽ നേതാക്കളായ മഹുവ മൊയ്ത്ര, ജവഹർ സർക്കാർ, എഐഎംഐഎം നേതാവും ലോക്സഭാംഗവുമായ അസദുദ്ദീൻ ഒവൈസി, ആം ആദ്മി പാർട്ടി നേതാവ് സഞ്ജയ് സിംഗ് തുടങ്ങിയവരും ദേശീയചിഹ്നത്തിലെ മാറ്റങ്ങൾക്കെതിരേ വിമർശനമുയർത്തി.
പ്രതിപക്ഷം ഉൾപ്പെടെയുള്ള പാർലമെന്റ് സാമാജികരുടെ അസാന്നിധ്യത്തിൽ ദേശീയചിഹ്നം അനാഛാദനം ചെയ്തതും പാർലമെന്റിൽ പൂജാകർമങ്ങൾ ചെയ്തതും ഭരണഘടനാ വിരുദ്ധമാണെന്നു കോണ്‍ഗ്രസ് നേതാവും രാജ്യസഭാംഗവുമായ അഭിഷേക് മനു സിംഗ്വി പറഞ്ഞു. എന്നാൽ വിമർശനങ്ങൾ രാഷ്ട്രീയപ്രേരിതമാണെന്നാണ് ബിജെപി ദേശീയ വക്താവ് അനിൽ ബലുണിയുടെ പ്രതികരണം.
കുത്തൊഴുക്കുള്ള പുഴയിൽ മുക്കാൽ ഭാഗവും മുങ്ങിയനിലയിലൊരു കാർ. അതിൽ നിന്നും രക്ഷക്കായി അപേക്ഷക്കുന്ന കൈ. കാഴ്ചക്കാർ മാത്രമായി ജനക്കൂട്ടം. മഹാരാഷ്ട്രയിലെ നാഗ്പൂരിൽ നിന്നാണ് ഞെട്ടിക്കുന്ന ഈ ദൃശ്യങ്ങൾ പുറത്ത് വന്നിരിക്കുന്നത്. കൈവരികളില്ലാത്ത പാലം മുറിച്ചുകടക്കാനുള്ള ശ്രമത്തിനിടെ പെട്ടെന്ന് വെള്ളം കൂടിയതോടെയാണ് കാർ നദിയിലേക്ക് പതിച്ചത്.
അപകടത്തിൽ സ്ത്രീയുൾപ്പടെ മൂന്ന് പേർ മരിച്ചുവെന്നും മൂന്ന് പേരെ കാണാതായെന്നും പൊലീസ് അറിയിച്ചു. എട്ട് പേരാണ് എസ്.യു.വിയിൽ ഉണ്ടായിരുന്നത്. ഒഴുക്കിൽ പെടുന്നതിന് മുമ്പ് രണ്ട് പേർ രക്ഷപ്പെട്ടു. മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തിയതായി പൊലീസ് പറഞ്ഞു.
മധ്യപ്രദേശിലെ മുൾട്ടായിയിൽ നിന്നുള്ളവരാണ് അപകടത്തിൽപ്പെട്ടത്. വിവാഹാഘോഷത്തിനായാണ് ഇവർ നാഗ്പൂരിലെത്തിയത്. റോഷ്നി ചൗക്കിദാർ(32), ദാർഷ് ചൗക്കിദാർ(10), ലിദാർ ഹിവാരേ(38), മധുകാർ പാട്ടീൽ(65), നിർമല(60), നീമു ആട്നർ(45) എന്നിവരാണ് അപകടത്തിൽ മരിച്ചതെന്ന് പൊലീസ് അറിയിച്ചു.
View this post on Instagram
കൊച്ചിയിലെ ദളിത് യുവതിയുടെ ആത്മഹത്യയിൽ ഭർത്താവ് ഉൾപ്പടെ 3 പേർ അറസ്റ്റിൽ. ഭർത്താവ് സുമേഷ്, അമ്മ രമണി, സഹോദരന്റെ ഭാര്യ മനീഷ എന്നിവരാണ് കേസിൽ അറസ്റ്റിലായത്. കുന്നംകുളത്തെ വീട്ടിൽ നിന്ന് ചൊവ്വാഴ്ച വൈകീട്ടോടെയാണ് മൂന്നുപേരേയും കസ്റ്റഡിയിലെടുത്തത്. ചോദ്യംചെയ്തതിന് പിന്നാലെ മൂവരുടെയും അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
കഴിഞ്ഞ ജൂൺ ഒന്നിന് സ്വന്തം വീട്ടിലെ കിടപ്പുമുറിയിലാണ് സംഗീതയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. 2020 ലാണ് സുമേഷും സംഗീതയും വിവാഹിതരായത്. സംഗീതയെ ഭർത്താവ് നിരന്തരം മാനസികമായും ശാരീരികമായും ഉപദ്രവിച്ചിരുന്നതായി വീട്ടുകാർ ആരോപിച്ചിരുന്നു.
ഭർതൃവീട്ടുകാരുടെ ജാതി അധിക്ഷേപവും സ്ത്രീധന പീഡനവുമാണ് മകളുടെ ആത്മഹത്യയ്ക്ക് കാരണമെന്നാണ് സംഗീതയുടെ കുടുംബത്തിന്റെ ആരോപണം. ഇത് കാണിച്ച് പോലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഭർത്താവിനേയും ഭർതൃവീട്ടുകാരേയും പോലീസ് അറസ്റ്റ് ചെയ്തത്.
30 വർഷത്തിന് ശേഷം എ.ആർ. റഹ്മാൻ മലയാള സിനിമയ്ക്കായി ഒരുക്കിയ ഗാനമെത്തി. മലയൻകുഞ്ഞ് എന്ന ചിത്രത്തിലെ ചോലപ്പെണ്ണേ എന്ന ഗാനമാണ് ആസ്വാദകരിലേക്കെത്തിയത്.
വിജയ് യേശുദാസ് ആലപിച്ച ഗാനം എഴുതിയിരിക്കുന്നത് വിനായക് ശശികുമാർ ആണ്. നവാഗതനായ സജിമോൻ പ്രഭാകർ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും ഛായാഗ്രഹണവും മഹേഷ് നാരായണൻ നിർവഹിച്ചിരിക്കുന്നു.
ഫഹദ് ഫാസിലും രജിഷാ വിജയനുമാണ് പ്രധാനവേഷങ്ങളിൽ. ഇന്ദ്രൻസ്, ജാഫർ ഇടുക്കി, ദീപക് പറമ്പോൽ തുടങ്ങിയവരാണ് മറ്റുവേഷങ്ങളിൽ. സർവൈവൽ ത്രില്ലറായി ഒരുങ്ങുന്ന ചിത്രം സംവിധായകൻ ഫാസിലാണ് നിർമിച്ചിരിക്കുന്നത്.
ഒമാനിലെ സലാലയില്‍ കടലില്‍ വീണ് കാണാതായ അഞ്ച് ഇന്ത്യക്കാരില്‍ രണ്ടുപേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. ഇന്നു രാവിലൊണു മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മറ്റുള്ളവര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്ന് ഒമാന്‍ സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റി (സി ഡി എ എ) അറിയിച്ചു.
മുതിര്‍ന്ന ഒരാളുടെയും ഒരു കുട്ടിയുടെയും മൃതദേഹമാണു കണ്ടെത്തിയത്. ദുബൈയില്‍നിന്ന് എത്തിയ എട്ടംഗ ഉത്തരേന്ത്യന്‍ കുടംബം ഞായറാഴ്ച വൈകീട്ടാണ് അപകടത്തില്‍ പെട്ടത്. മൂന്നു പേരെ സി സി ഡി എ എ രക്ഷപ്പെടുത്തിയിരുന്നു.
ദോഫാര്‍ ഗവര്‍ണറേറ്റിലെ ടൂറിസ്റ്റ് കേന്ദ്രമായ അല്‍ മുഗ്സെയ്ല്‍ ബീച്ചിലാണ് അപകടം നടന്നത്. സുരക്ഷാ ബാരിക്കേഡ് മറികടന്ന് ഫൊട്ടോ എടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണു കുടംബം അപകടത്തില്‍ പെട്ടത്. ഉയര്‍ന്നുപൊങ്ങിയ ശക്തമായ തിരമാലയില്‍ അഞ്ചുപേരും ഒലിച്ചുപോകുകയായിരുന്നു. ഇവരില്‍ മൂന്നു പേര്‍ കുട്ടികളാണ്.
”ദോഫാര്‍ ഗവര്‍ണറേറ്റിലെ അല്‍-മുഗ്സൈല്‍ ബീച്ചില്‍ കാണാതായവരില്‍ രണ്ടുപേരെ മരിച്ചനിലയില്‍ സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് ഡിപ്പാര്‍ട്ട്മെന്റിലെ വാട്ടര്‍ റെസ്‌ക്യൂ ടീം കണ്ടെത്തി. മറ്റു മൂന്നു പേര്‍ക്ക് കൂടി തിരച്ചില്‍ തുടകരുകയാണ്,” സി ഡി എ എ അറിയിച്ചു.
സംഭവം നടന്ന ഉടന്‍ റോയല്‍ എയര്‍ഫോഴ്സിന്റെ സഹായത്തോടെ ഹെലികോപ്റ്റര്‍ ഉപയോഗിച്ച് സി ഡി എ എ തീവ്രമായ തിരച്ചില്‍ നടത്തിയിരുന്നു.
അതിനിടെ, ഖുറിയത്ത് വിലായത്ത് വാദി അല്‍ അറബിയിനിലെ ജലാശയത്തില്‍ മുങ്ങിമരിച്ച രണ്ട് പ്രവാസികളുടെ മൃതദേഹം വാട്ടര്‍ റെസ്‌ക്യൂ ടീം കണ്ടെടുത്തു. രണ്ടു ഏഷ്യക്കാരാണു മരിച്ചതെന്നു സി ഡി എ എ അറിയിച്ചു.
മഴ ശക്തമായ സാഹചര്യത്തില്‍ ഒമാനില്‍ ഇത്തരം അപകടങ്ങള്‍ വര്‍ധിച്ചിരുന്നു. ഈ സാഹചര്യത്തില വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ താല്‍കാലികമായി അടച്ചിട്ടിരിക്കുകയാണ്.
കാനഡയിലെ ആല്‍ബര്‍ട്ടയിലുണ്ടായ ബോട്ടപകടത്തില്‍ എറണാകുളം സ്വദേശികളായ രണ്ടു യുവാക്കള്‍ മുങ്ങിമരിച്ചു. തൃശൂര്‍ സ്വദേശിയായ ഒരാളെ കാണാതായി. വാരാന്ത്യം ആഘോഷിക്കാനായി സുഹൃത്തുക്കള്‍ ചേര്‍ന്നുള്ള വിനോദയാത്രയ്ക്കിടെയാണ് അപകടമുണ്ടായത്.
മലയാറ്റൂര്‍ നീലീശ്വരം നടുവട്ടം സ്വദേശി കോനുക്കുടി ജിയോ പൈലി, കളമശേരി സ്വദേശി കെവിന്‍ ഷാജി (21) എന്നിവരാണ് മരിച്ചത്. അതിരപ്പിള്ളി സ്വദേശി ലിയോ മാവേലിയെയാണ്(41) കാണാതാത്.
തൃശൂര്‍ സ്വദേശി ജിജോ ജോഷി അപകടത്തില്‍പ്പെട്ടെങ്കിലും രക്ഷപെട്ടു. കാനഡയിലെ ബാന്‍ഫ് നാഷനല്‍ പാര്‍ക്കിലെ കാന്‍മോര്‍ സ്‌പ്രേ തടാകത്തില്‍ ഞായറാഴ്ച രാവിലെ 10.30 നായിരുന്നു അപകടം. ജിയോയുടെ സ്വന്തം ബോട്ടില്‍ മീന്‍പിടിക്കുന്നതിനായി പോയതായിരുന്നു നാലംഗ സംഘം
പ്രണയിച്ചയാളുമായി ജാതകം ചേരാത്തതിന്റെ പേരിൽ മറ്റ് വിവാഹാലോചനകൾ കുടുംബം തുടങ്ങിയതിന്റെ പേരിൽ മനംനൊന്ത് പെൺകുട്ടി ജീവനൊടുക്കി. തമിഴ്‌നാട് സ്വദേശിയും വർഷങ്ങളായി ചെമ്മനാട് കൊമ്പനടുക്കത്തെ താമസക്കാരനുമായ ശിവയുടെ മകൾ മല്ലിക (പ്രിയ 23) ആണ് ആത്മഹത്യ ചെയ്തത്.
കാമുകനുമായുള്ള വിവാഹം മുടങ്ങിയതിനു പിന്നാലെ എലിവിഷം കഴിച്ചാണ് പെൺകുട്ടി ആത്മഹത്യ ചെയ്തത്. ജൂലൈ ഒന്നിനായിരുന്നു എലിവിഷം കഴിച്ചത്. ഗുരുതരാവസ്ഥയിലായ യുവതിയെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അവിടെ ചികിത്സയിൽ ഇരിക്കവെയായിരുന്നു മരണം.
മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം ബദിയടുക്കയിലെ വീട്ടിൽ സംസ്‌കരിച്ചു. യുവതിയുടെ മരണ മൊഴി കാഞ്ഞങ്ങാട് മജിസ്‌ട്രേറ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. യുവതി കുമ്പളയിലെ ബന്ധുവായ യുവാവുമായി പ്രണയത്തിലായിരുന്നു. ഇതേതുടർന്നു ഇവർ തമ്മിലുള്ള വിവാഹം നടത്താൻ വീട്ടുകാർ ശ്രമിച്ചിരുന്നു. ഇതിന്റെ മുന്നോടിയായി ജ്യോത്സരുടെ അടുത്തു പോയി ജാതകം നോക്കിയപ്പോഴാണ് പൊരുത്തമില്ലെന്ന് പറഞ്ഞത്. ഇതേ തുടർന്നു യുവതി വലിയ മനോവിഷമത്തിലായിരുന്നു.
ജാതക പൊരുത്തമില്ലാത്തിനാൽ വിവാഹം നടത്താനാകില്ലെന്നു യുവതിയെ ബന്ധുക്കൾ അറിയിക്കുകയും മറ്റൊരു വിവാഹ ആലോചനക്ക് നിർബന്ധിക്കുകയും ചെയ്തു. ഇതിന്റെ മനോവിഷമത്തിലാണു യുവതി വിഷം കഴിച്ചത്. പ്രണയ നൈരാശ്യമാണ് ആത്മഹത്യയ്ക്കു കാരണമെന്നാണ് വീട്ടുകാർ പോലീസിനു നൽകിയ മൊഴി. മജിസ്‌ട്രേറ്റിനു നൽകിയ മൊഴി ലഭിച്ചാൽ മാത്രമെ മറ്റു നടപടികൾ എടുക്കാൻ സാധിക്കുകയുള്ളുവെന്നു പോലീസ് പറഞ്ഞു.
കലൂരിൽ നാട്ടുകാർ നോക്കിനിൽക്കെ യുവാവ് നടുറോഡിൽ കഴുത്തറത്ത് ആത്മഹത്യ ചെയ്ത സംഭവത്തിന്റെ കാരണത്തെ സംബന്ധിച്ച് സൂചനകൾ പുറത്തുവിട്ട് പോലീസ്. സുഹൃത്തുമായുള്ള ബന്ധം അവസാനിപ്പിക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്നാണ് ക്രിസ്റ്റഫർ ക്രൂസ് എന്ന യുവാവ് കഴുത്തറുത്തതെന്നാണ് പോലീസ് പറയുന്നത്. സുഹൃത്തായ സച്ചിനെ ആക്രമിച്ച് പരിക്കേൽപിച്ച ശേഷമാണ് തോപ്പുംപടി സ്വദേശിയായ ക്രിസ്റ്റഫർ ക്രൂസ് കലൂർ മാർക്കറ്റിന് സമീപം ആത്മഹത്യ ചെയ്തത്. തിങ്കളാഴ്ച വൈകീട്ടായിരുന്നു സംഭവം.
ക്രിസ്റ്റഫർ ആക്രമിച്ച് പരിക്കേൽപ്പിച്ച സച്ചിന്റെ മൊഴിയിൽ നിന്നാണ് ആത്മഹത്യയുടെ കാരണം സംബന്ധിച്ച് പോലീസിന് സൂചന ലഭിച്ചത്.സച്ചിനും ക്രിസ്റ്റഫറും അടുത്ത സുഹൃത്തുക്കളായിരുന്നു. എന്നാൽ, ക്രിസ്റ്റഫറുമായുള്ള ബന്ധം അവസാനിപ്പിക്കാൻ സച്ചിൻ തീരുമാനിച്ചു. ഇത് ക്രിസ്റ്റഫറിനെ പ്രകോപിതനാക്കുകയായിരുന്നു.
തുടർന്ന് തിങ്കളാഴ്ച സച്ചിനെ കലൂരിലേക്ക് വിളിച്ചുവരുത്തിയ ശേഷം ബന്ധം തുടരണമെന്ന് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ക്രിസ്റ്റഫറിന്റെ ആവശ്യം നിരസിക്കപ്പെട്ടതോടെ സച്ചിനെ ആക്രമിക്കുകയുമായിരുന്നെന്ന് പോലീസ് പറയുന്നു. ആക്രമണത്തിൽ പരിക്കേറ്റെങ്കിലും സച്ചിൻ ഓടി രക്ഷപ്പെട്ടു. പിന്നീട് ക്രിസ്റ്റഫർ ഇവിടെ വെച്ചുതന്നെ ആത്മഹത്യ ചെയ്യുകയായിരുന്നു.
ഇംഫാല്‍ മുന്‍ ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് മിറ്റത്താനി കാലംചെയ്‌തു. ഇന്നലെ രാവിലെ എട്ടോടെ ഇംഫാല്‍ ബിഷപ് ഹൗസിലായിരുന്നു അന്ത്യം. സംസ്‌കാര ശുശ്രുഷകള്‍ 14 നു രാവിലെ 10-ന് ഇംഫാല്‍ സെന്റ് ജോസഫ് കത്തീഡ്രല്‍ ദൈവാലയത്തില്‍.
കുറവിലങ്ങാട് മിറ്റത്താനി മാത്യു-എലിസബത്ത് ദമ്പതികളുടെ രണ്ടാമത്തെ മകനായി 1931 ജൂലൈ 12-നു ജനിച്ച അദ്ദേഹം 1949-ല്‍ തിരുഹൃദയ സെമിനാരിയില്‍ ചേര്‍ന്നു. ഷില്ലോങ് രൂപതയ്‌ക്കുവേണ്ടി 1959 ഏപ്രില്‍ 23-നു പൗരോഹിത്യം സ്വീകരിച്ചു. ഷില്ലോങ് ബോര്‍പുക്ക്രി പള്ളി അസിസ്‌റ്റന്റ് വികാരിയായിട്ടാണു പൗരോഹിത്യ ശുശ്രൂഷയ്‌ക്കു തുടക്കം കുറിച്ചത്. 1969 സെപ്‌റ്റംബര്‍ 27-നു ടെസ്‌പുര്‍ രൂപതാധ്യക്ഷനായി. 1980 മാര്‍ച്ച് 28-ന് ഇംഫാല്‍ ബിഷപ്പായും 1995 ജൂലൈ 10-ന് ഇംഫാല്‍ ആര്‍ച്ച് ബിഷപ്പായും നിയമിതനായി. 2006 ജൂലൈ 12-ന് ആര്‍ച്ച് ബിഷപ് പദവിയില്‍നിന്നു വിരമിച്ചശേഷം വിശ്രമജീവിതം നയിച്ചുവരികയായിരുന്നു.
ജന്മനാടായ കുറവിലങ്ങാടുമായി എന്നും വലിയ അടുപ്പം സൂക്ഷിച്ചിരുന്ന അജപാലകനായിരുന്നു.
സഹോദരങ്ങള്‍: എം.എം. മാത്യു, മേരി ജോസഫ് (പുത്തന്‍പുര, മാന്‍വെട്ടം), പരേതരായ എം.എം.തോമസ്, എം.എം.ജോര്‍ജ്, ഫാ. ളൂയിസ് മിറ്റത്താനി, എം.എം. സെബാസ്‌റ്റ്യന്‍, മാമ്മച്ചന്‍ മിറ്റത്തതാനി.