പുതിയ അധ്യയന വര്‍ഷത്തില്‍ സംസ്ഥാനത്ത് ഒന്നാംക്ലാസില്‍ ചേര്‍ന്നകുട്ടികളുടെ എണ്ണത്തില്‍ കുറവ്. 16,510 കുട്ടികളുടെ കുറവാണ് ഇത്തവണ ഉണ്ടായത്. ഇക്കഴിഞ്ഞ അധ്യയന വര്‍ഷത്തില്‍ 2,50,986 കുട്ടികളായിരുന്നു ഒന്നാംക്ലാസില്‍ ചേര്‍ന്നത്. ഇത്തവണ ഇത് 2,34,476 പേരായി കുറഞ്ഞു. ആറാം പ്രവൃത്തി ദിനത്തിലെ കണക്കുകള്‍ വിശദീകരിച്ച് പൊതു വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയാണ് കണക്കുകള്‍ പങ്കുവച്ചത്.
എന്നാല്‍ രണ്ട് മുതല്‍ 10 വരെ ക്ലാസുകളില്‍ ആകെ 40,906 കുട്ടികളുടെ വര്‍ധനയും ഇത്തവണ പൊതു വിദ്യാലയങ്ങളില്‍ ഉണ്ടായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ അണ്‍ എയ്ഡഡ് സ്‌കൂളില്‍ ഒന്നാം ക്ലാസില്‍ ചേര്‍ന്ന കുട്ടികളില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഒരു കുട്ടി മാത്രമാണ് കൂടിയത്. സംസ്ഥാനത്ത് ഇത്തവണ അണ്‍എയ്ഡഡ് സ്‌കൂളില്‍ 47,863 കുട്ടികളാണ് പ്രവേശനം നേടിയത്. മുന്‍ വര്‍ഷം ഇത് 47,862 കുട്ടികളായിരുന്നു. 29 ലക്ഷം കുട്ടികളാണ് രണ്ട് മുതല്‍ പത്ത് വരെയുള്ള ക്ലാസുകളില്‍ പൊതുവിദ്യാലയങ്ങളെ ആശ്രയിക്കുന്നത്.
സംസ്ഥാനത്തെ ജനന നിരക്കില്‍ വന്ന കുറവാണ് കണക്കുകളില്‍ പ്രതിഫലിക്കുന്നതെന്നാണ് മന്ത്രി ഉയര്‍ത്തുന്ന വാദം. ഈ അധ്യയന വര്‍ഷം ഒന്നാംക്ലാസില്‍ പ്രവേശനം നേടിയത് 2020 ല്‍ ജനിച്ച കുട്ടികളാണ്. 12.77 ആണ് 2020 ലെ ജനന നിരക്ക്. 2025 ല്‍ പത്താം ക്ലാസ് പൂര്‍ത്തിയാക്കിയത് 2010 ല്‍ ജനിച്ച കുട്ടികളാണ്. 15.75 എന്നതാണ് 2010 ലെ ജനന നിരക്ക് എന്നും വ്യത്യാസം ചൂണ്ടിക്കാട്ടി മന്ത്രി അറിയിച്ചു.
വെസ്റ്റ് യോർക്ക് ഷെയറിലെ വെയ്ക്ക് ഫീൽഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന വെയ്ക്ക് ഫീൽഡ് വാരിയേഴ്സ് സ്പോർട്സ് ആൻ്റ് ഗെയിംസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മൂന്നാമത്തെ ഫുട്ബോൾ ടൂർണ്ണമെൻറ് ജൂൺ 28-ാം തീയതി ശനിയാഴ്ച ലീഡ്സ് വെസ്റ്റ് റൈഡിങ് കൗണ്ടി മൈതാനത്തു വെച്ചു നടത്തപ്പെടും. കഴിഞ്ഞ രണ്ടു വർഷങ്ങളായി വെയ്ക്ക് ഫീൽഡ് വാരിയേഴ്സിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ടൂർണ്ണമെൻറ് സംഘടനാ മികവുകൊണ്ടും, മികച്ച ടീമുകളുടെ സാന്നിധ്യം കൊണ്ടും യുകെയിലെ ഫുട്ബോൾ പ്രേമികളുടെ പ്രിയപ്പെട്ട മത്സരമായി മാറിയിട്ടുണ്ട്.
ഒന്നാം സമ്മാനം ലഭിക്കുന്നവർക്ക് 1111 പൗണ്ടും, റണ്ണർ അപ്പിന് 555 പൗണ്ടും, മൂന്നാം സ്ഥാനക്കാർക്ക് ട്രോഫിയും തുടങ്ങിയ ആകർഷകമായ സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്. ഇതിനു പുറമെ മികച്ച കളിക്കാരനും, ഗോൾകീപ്പറിനും, കൂടുതൽ ഗോളുകൾ നേടുന്നവർക്കും സമ്മാനങ്ങൾ ഉണ്ടായിരിക്കും.
കഴിഞ്ഞ രണ്ടു വർഷവും യുകെയിലെ മികച്ച ടീമുകൾ മാറ്റുരച്ച ടൂർണമെന്റിൽ മത്സരങ്ങൾ പലപ്പോഴും പ്രവചനാതീതം ആയിരുന്നു. കഴിഞ്ഞവർഷം പെനാൽറ്റി ഷൂട്ടൗട്ടിലേയ്ക്ക് നീണ്ട മത്സരത്തിൽ വിജയികളായത് ന്യൂകാസ്റ്റിൽ എഫ്സിയും ആദ്യവർഷത്തെ വിജയകിരീടം ചൂടിയത് നോർത്തേൺ എഫ്സിയും ആണ്. ഈ വർഷത്തെ മത്സരങ്ങൾ ആസ്വദിക്കാനായി യുകെയിലെ വിവിധ ഭാഗങ്ങളിലുള്ള ഫുട്ബോൾ പ്രേമികളെ ഹാർദ്ദവമായി ക്ഷണിക്കുന്നതായി പ്രസിഡൻറ് ടോണി പാറയടി അറിയിച്ചു.
വെസ്റ്റ് യോർക്ക് ഷെയറിലെ കായികപ്രേമികൾക്ക് ആവേശമായി മലയാളികളുടെ ഇടയിൽ സ്പോട്സിനെ പ്രോത്സാഹിപ്പിക്കുകയും അതിലൂടെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കുക എന്ന ലക്ഷ്യവുമായി വെയ്ക്ക് ഫീൽഡ് കേന്ദ്രമായി വെയ്ക്ക് ഫീൽഡ് വാരിയേഴ്സ് സ്പോർട്സ് ആന്റ് ഗെയിംസ് ക്ലബ് പ്രവത്തിക്കുന്നത് . ജീവിതശൈലി രോഗങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ കായികവിനോദങ്ങൾക്കുള്ള പ്രസക്തി വലുതാണ്. ഫുട്ബോൾ , ക്രിക്കറ്റ്, ബാഡ്മിന്റൺ തുടങ്ങി അംഗങ്ങളുടെ ശാരീരിക, മാനസിക ഉല്ലാസത്തിന് ഉപകരിക്കുന്ന ഇൻഡോർ, ഔട്ട്ഡോർ കായികവും, കായികേതരവുമായി വിനോദങ്ങൾക്ക് വെയ്ക്ക് ഫീൽഡ് വാരിയേഴ്സ് അംഗങ്ങൾക്ക് പിന്തുണ നൽകും.
അപ്പച്ചൻ കണ്ണഞ്ചിറ
നോർത്താംപ്ടൺ: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ എപ്പാർക്കി ഇവാഞ്ചലൈസേഷൻ കമ്മീഷന്റെ നേതൃത്വത്തിൽ ജൂലൈ 5 ന് ശനിയാഴ്ച നോർത്താംപ്ടണിൽ വെച്ച് ഓക്സ്ഫോർഡ് മേഖലാ ബൈബിൾ കൺവെൻഷൻ സംഘടിപ്പിക്കുന്നു. ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ വിശുദ്ധ ബലി അർപ്പിച്ചു, സന്ദേശം നൽകും.
കോഴിക്കോട് മേരിമാതാ പ്രോവിന്സിന്റെ വികാർ പ്രൊവിൻഷ്യലും, അഭിഷിക്ത ധ്യാന ഗുരുവുമായ സിസ്റ്റർ എൽസീസ് മാത്യു (MSMI) നോർത്താംപ്ടണിൽ നടക്കുന്ന ഏകദിന ബൈബിൾ കൺവെൻഷൻ നയിക്കുന്നതാണ്. നോർത്താംപ്ടൺ സീറോമലബാർ ഇടവകയുടെ പ്രീസ്റ്റും, റീജണൽ ഇവാഞ്ചലൈസേഷൻ കമ്മീഷൻ ഡയറക്ടറും, പ്രശസ്ത ധ്യാന ഗുരുവുമായ ഫാ. സെബാസ്റ്റ്യൻ പൊട്ടനാനിയിൽ CMF സഹകാർമികത്വം വഹിച്ചു, ശുശ്രുഷകൾ നയിക്കും.
“ഞാൻ നിങ്ങൾക്കു സമാധാനം തന്നിട്ടു പോകുന്നു; എന്റെ സമാധാനം നിങ്ങൾക്കു ഞാൻ തരുന്നു” ജോൺ 14:27
ആഗോള കത്തോലിക്കാ സഭ തിരുരക്ത വണക്കമാസമായി ആചരിക്കുന്ന ജൂലൈയിൽ നടത്തപ്പെടുന്ന വിശേഷാൽ തിരുവചന ശുശ്രുഷ മാനസാന്തരത്തിനും, വിശുദ്ധീകരണത്തിനും, നവീകരണത്തിനും ഏറെ അനുഗ്രഹദായകമാവും. നോർത്താംപ്ടണിലെ സെന്റ് ഗ്രിഗറി ദി ഗ്രെയ്റ്റ് റോമൻ കത്തോലിക്കാ ദേവാലയത്തിൽ രാവിലെ പത്തുമണിയോടെ ആരംഭിക്കുന്ന കൺവെൻഷൻ വൈകുന്നേരം നാലുമണിയോടെ സമാപിക്കും. കുമ്പസാരത്തിനും, സ്പിരിച്യുൽ ഷെയറിങ്ങിനും സൗകര്യം ഉണ്ടായിരിക്കും.
തിരുക്കർമ്മങ്ങളിലും, തിരുവചന ശുശ്രുഷയിലും പങ്കുചേർന്ന് ദൈവീക കൃപകളും, അനുഗ്രഹങ്ങളും പ്രാപിക്കുന്നതിന് ഏവരെയും സ്‌നേഹപൂര്‍വ്വം കൺവെൻഷനിലേക്ക് ക്ഷണിച്ചു കൊള്ളുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:
Fr. Sebastian Pottananiyil – 07918266277
Venue: St.Gregory the Great Church, 22 Park Avenue, Northampton, NN3 2HS
അപ്പച്ചൻ കണ്ണഞ്ചിറ
ലണ്ടൻ: യുകെ മലയാളികളെ ആനന്ദ സാഗരത്തിൽ ആറാടിച്ച സംഗീത-നൃത്ത കലകളുടെ മാന്ത്രിക സ്പർശം കാണികളെ വിസ്മയിപ്പിച്ച ‘മഴവിൽ സംഗീത’ത്തിന്റെ പന്ത്രണ്ടാം വാർഷികാഘോഷം പ്രൗഢഗംഭീരമായി. ബോൺമൗത്തിലെ ബാറിംഗ്ടൺ തീയേറ്ററിൽ തിങ്ങിനിറഞ്ഞ കലാസ്വാദകർക്ക് സംഗീത നൃത്ത ദൃശ്യ ആവിഷ്കാരത്തിന്റെ അപൂർവ്വ നിമിഷങ്ങളും,അനുഭവവുമാണ് സമ്മാനിച്ചത്.
എട്ടുമണിക്കൂറിലധികം നീണ്ടുനിന്ന പരിപാടികളും കണ്ണഞ്ചിപ്പിക്കുന്ന നൃത്ത വിസ്മയങ്ങളും, പ്രൗഡോജ്വലമായ വേദിയിൽ സമന്വയിച്ചപ്പോൾ ഓരോ പരിപാടികളും നിറകൈയടിയോടെയാണ് കാണികൾ വരവേറ്റത്.
യുകെയിലെ വിവിധ സ്ഥലങ്ങളിൽ നിന്നുമായി ബാറിംഗ്ടൺ തീയേറ്റർ ഹാളിലേക്ക് ആളുകൾ ഒഴുകിയെത്തി.
കഴിഞ്ഞ 11 വർഷവും മികച്ച സംഗീത-നൃത്ത കലാപരിപാടികളുടെ ഉത്സവച്ഛായ തീർത്ത ‘മഴവിൽ സംഗീത’ നിശയിൽ ഇത്തവണ ആകർഷകമായ ബോളിവുഡ്, ഇന്ത്യൻ സെമി-ക്ലാസിക്കൽ ഡാൻസും ഉൾപ്പെടുത്തിയിരുന്നു. ലൈവ് ഓർക്കസ്ട്രയുടെ അകമ്പടിയോടെ പ്രശസ്തരായ ഗായകരും വാദ്യ കലാകാരന്മാരും നർത്തകരുമായ കലാപ്രതിഭകൾ വേദിയിൽ ചേർന്ന് ഏറ്റവും വർണ്ണാഭമായ കലാവിരുന്നാണ് ഒരുക്കിയത്.
മഴവിൽ സംഗീതത്തിന്റെ പന്ത്രണ്ടാം വാർഷിക ആ ഘോഷത്തോട് അനുബന്ധിച്ച് നടന്ന ഉദ്ഘാടന ചടങ്ങിൽ വിശിഷ്ടാതിഥികളായി എത്തിയവർക്ക് അനീഷ് ജോർജ് സ്വാഗതം ആശംസിച്ചു. ലോക കേരളസഭാംഗവും, മലയാളം മിഷൻ യു കെ ചാപ്റ്റർ പ്രസിഡന്റുമായ സി എ ജോസഫ് ഭദ്രദീപം തെളിച്ച് ‘മഴവിൽ സംഗീതം’ പന്ത്രണ്ടാം വാർഷികാഘോഷത്തിന്റെ ഔപചാരികമായ ഉദ്ഘാടനം നിർവ്വഹിച്ചു. എയർ ഇന്ത്യ വിമാന ദുരന്തത്തിൽ ജീവൻ പൊലിഞ്ഞ പോർട്സ്മൗത്ത് ഹോസ്പിറ്റലിൽ നേഴ്സായി ജോലി ചെയ്തിരുന്ന രഞ്ജിത ഗോപകുമാരൻ നായർ ഉൾപ്പെടെയുള്ള മുഴുവൻ ആളുകൾക്കും ഹൃദയത്തിൽ ചാലിച്ച ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ടാണ് മഴവിൽ സംഗീതത്തിന്റെ യവനിക ഉയർന്നത്.
യുക്മ നാഷണൽ ജോയിൻറ് സെക്രട്ടറി സണ്ണിമോൻ മത്തായി, രാജ കൃഷ്ണൻ (ജോസ്കോ), ബിജേഷ് കുടിലിൽ ഫിലിപ്പ് ( ലൈഫ് ലൈൻ) എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. വിശിഷ്ടാതിഥികൾക്ക് മഴവിൽ സംഗീതത്തിന്റെ മുഖ്യ സംഘാടകനായ അനീഷ് ജോർജ് ഉപഹാരങ്ങൾ നൽകിയും പൊന്നാടയണിയിച്ചും ആദരിച്ചു . കഴിഞ്ഞ 12 വർഷമായി മഴവിൽ സംഗീതത്തിന്റെ വളർച്ചയ്ക്ക് സുത്യർഹമായ പങ്കുവഹിച്ച സില്‍വി ജോസ്, ജിജി ജോൺസൻ, നിമിഷ മോഹൻ എന്നിവർക്ക് മഴവിൽ സംഗീതത്തിന്റെ പ്രത്യേക ഉപഹാരം നൽകി ആദരിച്ചു.
സന്തോഷ് കുമാർ നയിക്കുന്ന യുകെയിലെ പ്രശസ്തമായ വോക്സ് അഞ്ചേല മ്യൂസിക് ബാന്റിന്റെ നേതൃത്വത്തിലുള്ള ലൈവ് ഓർക്കസ്ട്രയുടെ അകമ്പടിയോടും, എൽഇഡി സ്ക്രീനിന്റെ മികവിൽ അനുഗ്രഹീതരായ ഗായകാരുടെ ആലാപനം സംഗീതാസ്വാദകർക്ക് നവ്യാനുഭവം പകർന്നു.
മഴവിൽ സംഗീതത്തിന്റെ അമരക്കാരും, യുകെയിലെ അറിയപ്പെടുന്ന ഗായകരുമായ അനീഷ് ജോർജിനോടും, ടെസ്സ ജോർജിനോടുമൊപ്പം തോളോട് തോൾ ചേർന്ന് നിന്ന ഷിനു സിറിയക് ,സിജു ജോസഫ്, സുനിൽ രവീന്ദ്രൻ ,റോബിൻസ് തോമസ്, സാവൻ കുമാർ , ആൻസൺ ഡേവിസ്, റോബിൻ പീറ്റർ, പത്മരാജ്, ജിജി ജോൺസൻ, സിൽവി ജോസ്, നിമിഷ മോഹൻ തുടങ്ങിയ സംഘാടകർ മാസങ്ങളായി നടത്തിയ കഠിനാധ്വാനത്തിന്റെ ഫലമായിരുന്നു മഴവിൽ സംഗീതത്തിന്റെ അത്യുജ്വല വിജയം. സ്റ്റേജ് നിയന്ത്രണത്തിന് പുതിയ മാനങ്ങൾ നൽകി അവതാരകരായി എത്തിയ അനുശ്രീ, പത്മരാജ്, ബ്രൈറ്റ് ,സിൽവി ജോസ് , ആൻസൺ ഡേവിസ് എന്നിവർ വേദി കീഴടക്കി.
യുകെയിലെ നിരവധി അതുല്യരായ നൃത്ത സംഗീത പ്രതിഭകൾക്ക് വളരുവാനുള്ള അവസരം ഒരുക്കിയിട്ടുള്ള മഴവിൽ സംഗീതത്തിന് തുടക്കം കുറിച്ചത് 2012 ലാണ്. അനുഗ്രഹീത കലാപ്രതിഭകളും ഗായകരുമായ അനീഷ് ജോർജും, പത്നി ടെസ്സ ജോർജുമാണ് മഴവിൽ സംഗീതത്തിന്റെ ആശയത്തിനും ആവിഷ്കാരത്തിനും പിന്നിൽ പ്രവർത്തിച്ചു വരുന്നത്. ഇക്കഴിഞ്ഞ 11 വർഷങ്ങളിൽ നടത്തിയ മികവാർന്ന പരിപാടികൾ കൊണ്ട് മലയാളി സമൂഹത്തിന്റെ സംഗീത വഴികളിലെ ജീവതാളമായി മഴവിൽ സംഗീതം മാറിക്കഴിഞ്ഞു. ബിനു നോർത്താംപ്ടൻ (ബീറ്റ്സ് ഡിജിറ്റൽ) ശബ്ദവും വെളിച്ചവും നൽകി. സന്തോഷ് ബെഞ്ചമിൻ (ഫോട്ടോ ഗ്രാഫിയും) ജിസ്മോൻ പോൾ വീഡിയോയും, ജെയിൻ ജോസഫ് , ഡെസിഗ്നേജ് ,റോബിൻസ് ആർട്ടിസ്റ്ററി ഗ്രാഫിക്സും മികവാർന്ന രീതിയിൽ കൈകാര്യം ചെയ്തു പരിപാടിയെ സമ്പന്നമാക്കി.
മഴവിൽ സംഗീതത്തിന്റെ അനീഷ് ജോർജ്ജ്, ടെസ്സ ജോർജ് എന്നിവരോടൊപ്പം യുകെയിലെ ഏറ്റവും മികച്ച ഗായകരും നർത്തകരും ചേർന്ന് സംഗീതവും നൃത്തവും സമന്വയിപ്പിച്ച അതുല്യ കലാവൈഭവങ്ങൾ സൃഷ്ടിച്ച മാസ്മരിക സായാഹ്നമായിരുന്നു പന്ത്രണ്ടാം വാർഷീകാഘോഷം യുകെ മലയാളികൾക്ക് സമ്മാനിച്ചത്.
മെർലിൻ മേരി അഗസ്റ്റിൻ
2025 ജൂൺ 12-ന് അഹമ്മദാബാദിൽ നടന്ന ദാരുണമായ എയർ ഇന്ത്യ വിമാന ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് ORMA International (Overseas Residents Malayalee Association International) അനിശോചന യോഗം സംഘടിപ്പിച്ചു.
അഹമ്മദാബാദ് സര്‍ദാര്‍ വല്ലഭായി വിമാനത്താവളത്തില്‍ നിന്ന് ലണ്ടനിലേക്ക് ഉച്ചയ്ക്ക് ഒന്നരയോടെ പറന്നുയര്‍ന്ന എയര്‍ ഇന്ത്യ AI171 ബോയിങ് 787 ഡ്രീംലൈനര്‍ വിമാനമാണ് അപകടത്തിൽ പെട്ടത്. വിമാനത്തിലുണ്ടായിരുന്ന 242 പേരില്‍ഇന്ത്യന്‍ വംശജനായ ഒരു ബ്രിട്ടീഷ് പൗരന്‍ ഒഴികെ 241 പേരും മരിച്ചു. വിമാനം വീണ മെഡിക്കൽ കോളേജ് ഹോസ്റ്റലിൽ ഉണ്ടായിരുന്നവർ ഉൾപ്പെടെ ആകെ 265 പേർക്ക് മരണം സംഭവിച്ചു.
വളരെ ഹൃദയഭേദകമായ ഈ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ ആത്മാവിന് സാന്ത്വനമാകട്ടെ എന്ന പ്രാർത്ഥനയോടെ ORMA International വേദനപൂർണ്ണമായ അനുശോചന യോഗം സംഘടിപ്പിച്ചു. മനസ്സിൽ നൊമ്പരവുമായി ഒന്നിച്ചുകൂടിയ ഈ യോഗത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള സംഘടനയുടെ നേതാക്കളും അംഗങ്ങളും പങ്കെടുത്തു. യോഗത്തിൽ ORMA International പ്രസിഡന്റ് സജി സെബാസ്റ്റ്യൻ അധ്യക്ഷനായിരുന്നു. ട്രസ്റ്റി ബോർഡ് ചെയർമാൻ ജോസ് ആറ്റുപുറം, ജനറൽ സെക്രട്ടറി ക്രിസ്റ്റി എബ്രഹാം, വൈസ് പ്രസിഡന്റ് പിന്റോ കണ്ണമ്പള്ളി, ട്രഷറർ റോഷൻ പ്ലാമൂട്ടിൽ, മുൻ പ്രസിഡൻ്റ് ജോർജ് നടവയൽ, പിആർഒ മെർളിൻ അഗസ്റ്റിൻ, ഓർമ്മ ടാലൻറ്റ് പ്രൊമോഷൻ ഫോറം ചെയർമാൻ ജോസ് തോമസ്, പബ്ലിക് അഫയേഴ്സ് ഫോറം ചെയർമാൻ വിൻസന്റ് ഇമ്മാനുവൽ, ഫിനാൻഷ്യൽ ഓഫീസർ ഷാജി അഗസ്റ്റിൻ, ജെയിംസ് തുണ്ടത്തിൽ (നോർത്ത് കരോളിന ചാപ്റ്റർ പ്രസിഡന്റ്), കുര്യാക്കോസ് മാണിവയലിൽ (കേരള ചാപ്റ്റർ പ്രസിഡന്റ്), റെജി തോമസ് (ഷാർജ), എന്നിവർ അനുശോചനപ്രസംഗങ്ങൾ നടത്തി.
പ്രസംഗങ്ങൾക്കിടയിൽ നേതാക്കൾ ഈ ദുരന്തത്തെ ഒരു ദേശീയ ദുരന്തമായി ആഖ്യാനിച്ചു. യാത്രികർക്കായി അന്താരാഷ്ട്ര സുരക്ഷാ മാനദണ്ഡങ്ങൾ ശക്തമായി നടപ്പിലാക്കുന്നതിനും, ഇനിയൊരിക്കലും ഇത്തരത്തിലുള്ള വലിയ വിമാന ദുരന്തങ്ങൾ സംഭവിക്കാതിരിക്കാൻ അധികാരികളും കമ്പനികളും സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കത്തക്കവിധം അതുമായി ബന്ധപ്പെട്ട നിയമങ്ങൾ പരിഷ്കരിക്കപ്പെടേണ്ടതിൻറെ ആവശ്യകതയെ കുറിച്ചും ശക്തമായ നിയമ നടപടികൾ സ്വീകരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്നും ചൂണ്ടിക്കാട്ടി. അതോടൊപ്പം തന്നെ വിമാനയാത്രക്കാർക്കും അവരുടെ കുടുംബങ്ങൾക്കുമായി നിർബന്ധമായ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുന്നതിനുള്ള നിയമനിർമാണം അനിവാര്യമാണെന്നും അവർ കൂട്ടിച്ചേർത്തു.
ഇത്തരത്തിലുള്ള വൻദുരന്തങ്ങൾ വിശകലനം ചെയ്യുമ്പോൾ, വികസനത്തോടൊപ്പം സുരക്ഷക്കും പ്രാധാന്യം കല്പിക്കേണ്ടതാണെന്നും, ആധുനിക സാങ്കേതികവിദ്യയുടെ ഉപയോഗം മാത്രമല്ല, മാനുഷികവും ഉത്തരവാദിത്വപരവും ആയ സമീപനം സ്വീകരിക്കേണ്ടതിന്റെ ആവശ്യകതയും നേതാക്കൾ മുന്നോട്ടുവച്ചു. അപകടത്തിൽ ദുഃഖത്തിലാണ്ടിരിക്കുന്ന മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്കും അവരുമായി ബന്ധപ്പെട്ട എല്ലാവർക്കും ORMA International ഐക്യദാർഢ്യവും ആത്മസ്വാന്തനവും ഈ അനുസ്മരണ യോഗത്തിലൂടെ അർപ്പിച്ചു.
വേൾഡ് മലയാളി കൗൺസിലിന്റെ ഇന്റർനാഷണൽ ഹെൽത്ത് ആൻഡ് മെഡിക്കൽ ഫോറം 22/06/25 തീയതി (ഞായറാഴ്ച), ഓൺലൈൻ ഹെൽത്ത് സെമിനാർ നടത്തുന്നു.
സമയം: 7 പി.എം.(ഇന്ത്യ), 2.30 പി.എം.(യുകെ), 3.30 പി.എം.(ജർമ്മനി), 5.30 പി.എം.(യുഎഇ), 8.30 എ.എം.(ന്യൂയോർക്ക്).
സൂം മീറ്റിംഗ് ഐഡി: 803 423 5854,
പാസ്‌കോഡ്: 2Jgkt9.
വിഷയങ്ങളും പ്രഭാഷകരും; 1. പുനരധിവാസ വൈദ്യശാസ്ത്രം: ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷനിലേക്കുള്ള ഒരു ആമുഖം – ഡോ.ജിമി ജോസ്, എം.ബി.ബി.എസ്., എം.ഡി (പി.എം&ആർ), ഡി.എൻ.ബി., എം.എൻ.എ.എം.എസ്., ഫെലോഷിപ്പ് ഇൻ ഇന്റർവെൻഷണൽ പെയിൻ മാനേജ്മെന്റ്, കൺസൾട്ടന്റ് റീഹാബിലിറ്റേഷൻ ആൻഡ് ഇന്റർവെൻഷണൽ ഫിസിയാട്രിസ്റ്റ് ആൻഡ് എച്ച്.ഒ.ഡി., പുഷ്പഗിരി മെഡിക്കൽ കോളേജ്, തിരുവല്ല. 2. നഷ്ടപ്പെട്ട പല്ല് എത്രയും വേഗം മാറ്റിസ്ഥാപിക്കുന്നുവോ അത്രയും നല്ലത് – ഡോ. മിലൻ മറിയം രാജീവ്, ബി.ഡി.എസ്., എം.ഡി., പ്രീമിയർ ഡെന്റൽ സ്പെഷ്യാലിറ്റികൾ, കോട്ടയം. 3. നിങ്ങളുടെ ആരോഗ്യത്തിന് ഹാനികരമായ മറഞ്ഞിരിക്കുന്ന പക്ഷപാതങ്ങൾ – സൈക്കോളജിസ്റ്റ് ദിയ തെരേസ് ജോസ്, എം.എ., എം.ഫിൽ., ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ, തിരുവല്ല. ഡബ്ല്യു. എം. സിയുടെ ആരോഗ്യ ടൂറിസം സൈറ്റ് സന്ദർശിക്കുക: www.wmchealthtourism.org. വിവരങ്ങൾക്ക് ബന്ധപ്പെടുക; ഫോറത്തിന്റെ പ്രസിഡന്റ് ഡോ. ജിമ്മി ലോനപ്പൻ മൊയലൻ (യുകെ): വാട്ട്‌സ്ആപ്പ് 00447470605755. സൂം മീറ്റിംഗ് ലിങ്ക്: https://us02web.zoom.us/j/8034235854?pwd=c0tsRkFmUVA3bnFTaEtwMHBMczMzQT09&omn=81904634774
സംസ്ഥാനത്താകെ വിവാഹച്ചടങ്ങുകളിലും മൂന്നാർ അടക്കമുള്ള 10 മലയോര വിനോദസഞ്ചാരകേന്ദ്രങ്ങളിലും ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിരോധിച്ച് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചു. അഞ്ചുലിറ്ററിൽ താഴെയുള്ള പ്ലാസ്റ്റിക് കുടിവെള്ള കുപ്പികളടക്കം നിരോധിച്ചു. ഉത്തരവ് നടപ്പാക്കാൻ ചീഫ് സെക്രട്ടറിയും തദ്ദേശഭരണവകുപ്പ് സെക്രട്ടറിയും നടപടിയെടുക്കണമെന്നും ജസ്റ്റിസ് ബെച്ചു കുര്യൻ തോമസും ജസ്റ്റിസ് പി. ഗോപിനാഥും അടങ്ങിയ ഡിവിഷൻ ബെഞ്ച് നിർദേശിച്ചു.
ഹൈക്കോടതിയിൽ അപ്പീൽ നിലനിൽക്കുന്നതിനാൽ 60 ജിഎസ്‌എമിൽ കൂടുതലുള്ള നോൺ വോവൻ ബാഗുകളുടെ കാര്യത്തിൽ നിരോധനം ബാധകമല്ല. ബ്രഹ്മപുരത്ത് രണ്ടുവർഷംമുൻപ് മാലിന്യത്തിന് തീപിടിച്ചതിനെത്തുടർന്ന് ഹൈക്കോടതി സ്വമേധയാ എടുത്ത കേസിലാണ് ഉത്തരവ്.
വൃത്തിയുള്ള പരിസ്ഥിതി മൗലികാവകാശമാണെന്നും അതുറപ്പാക്കേണ്ടത് ഏവരുടെയും കടമയാണെന്നും വിലയിരുത്തിയാണ് ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. പ്ലാസ്റ്റിക് നിരോധിച്ച് സർക്കാർ 2018-ലും 2019-ലും ഉത്തരവിറക്കിയിട്ടും നടപ്പാക്കാനായില്ലെന്നതും കണക്കിലെടുത്തു. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്റെ ദോഷവശങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കണം. പകരമുള്ള സംവിധാനങ്ങളെക്കുറിച്ചും അവബോധം സൃഷ്ടിക്കണം. അച്ചടി, ദൃശ്യമാധ്യമങ്ങൾ ഇക്കാര്യത്തിൽ പ്രചാരണം നടത്തണം.
നിരോധനം ഇവയ്ക്ക്
അഞ്ചു ലിറ്ററിൽ താഴെയുള്ള പ്ലാസ്റ്റിക് കുടിവെള്ള കുപ്പികൾ
രണ്ടു ലിറ്ററിൽ താഴെയുള്ള ശീതള പാനിയക്കുപ്പികൾ
പ്ലാസ്റ്റിക് സ്‌ട്രോകൾ
ഭക്ഷണം കൊണ്ടുവരുന്ന പ്ലാസ്റ്റിക് ഉത്‌പന്നങ്ങൾ
പ്ലാസ്റ്റിക് പ്ലേറ്റ്, കപ്പ്
ബേക്കറികളിൽ ഉപയോഗിക്കുന്ന ബോക്സുകൾ
സംസ്ഥാനത്ത് ഒരിടത്തും കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ഔദ്യോഗിക പരിപാടികളിലും ഇത്തരം സാധനങ്ങൾ ഉപയോഗിക്കരുത്. സംസ്ഥാനത്താകെ വിവാഹച്ചടങ്ങുകൾ, ഓഡിറ്റോറിയങ്ങൾ, ഹോട്ടലുകൾ, റസ്റ്ററന്റുകൾ എന്നിവിടങ്ങളിലും പാടില്ല. ഇവ ഉപയോഗിക്കില്ലെന്ന വ്യവസ്ഥ ലൈസൻസിൽ ഉൾപ്പെടുത്തണം.
പ്ലാസ്റ്റിക് വിലക്കുള്ള വിനോദസഞ്ചാരമേഖലകൾ
മലയോര വിനോദസഞ്ചാര കേന്ദ്രത്തിലേക്ക് ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കൊണ്ടുപോകാൻ അനുവദിക്കരുതെന്നും ഹൈക്കോടതി നിർദേശിച്ചു. വിനോദ സഞ്ചാരികൾ വെള്ളക്കുപ്പികൾ കരുതണം.
ഇടുക്കി
മൂന്നാർ
തേക്കടി
വാഗമൺ
തൃശ്ശൂർ
അതിരപ്പിള്ളി
ചാലക്കുടി-അതിരപ്പിള്ളി സെക്ടർ
പാലക്കാട്
നെല്ലിയാമ്പതി
വയനാട്
പൂക്കോട് തടാകം-വൈത്തിരി
സുൽത്താൻ ബത്തേരി
കർളാട് തടാകം
അമ്പലവയൽ ഹെറിറ്റേജ് മ്യൂസിയം
ഇറാനിൽ ഇസ്രയേൽ വ്യോമാക്രമണം നടത്തിയതിന്റെ അലയൊലികൾ ഇങ്ങ് കേരളത്തിലും; പ്രത്യേകിച്ച് ഉത്തര മലബാറിൽ. കാസർകോട്, കണ്ണൂർ ജില്ലകളിൽനിന്നുള്ള നൂറുകണക്കിനാളുകൾ ഇസ്രയേലിൽ പ്രവാസികളായുള്ളതാണ് കാരണം. പ്രത്യാക്രമണമുണ്ടാകാനിടയുള്ളതിനാൽ ഇസ്രയേലിൽ എല്ലാവരും അതിജാഗ്രതയിലാണെങ്കിൽ നാട്ടിൽ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ആശങ്കയിലും ഭീതിയിലുമാണ്.
കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളിൽനിന്നുള്ളവർ ഇസ്രയേലിൽ വിവിധ മേഖലകളിൽ ജോലി ചെയ്യുന്നുണ്ട്. കാസർകോട്, കണ്ണൂർ ജില്ലകളുടെ മലയോരമേഖലയിലെ പല കുടുംബങ്ങളിൽനിന്നും ഒരാളെങ്കിലും ഇതിൽ ഉൾപ്പെടും. ചില കുടുംബങ്ങളിൽ മക്കളെല്ലാം അവിടെയാണ്. മാതാപിതാക്കൾ മാത്രമാണ് നാട്ടിലുള്ളത്. കാർഷികമേഖലയിലും ഫാക്ടറികളിലും കെയർ ഗിവർമാരായി ജോലിചെയ്യുന്നവരാണ് കൂടുതൽ.
ജാഗ്രതാ മുന്നറിയിപ്പുണ്ടായിരുന്നുവെന്നല്ലാതെ ജറുസലേമിൽ എല്ലാം ശാന്തമാണെന്ന് അവിടെ കെയർഗിവറായി ജോലിചെയ്യുന്ന വെള്ളരിക്കുണ്ട് സ്വദേശിനി പറഞ്ഞു. വ്യാഴാഴ്ച രാത്രി 10.30 മുതൽ 11 വരെ ഭൂഗർഭ ഷെൽട്ടറിലേക്ക് മാറാൻ നിർദേശമുണ്ടായിരുന്നു. പിന്നീട് വെള്ളിയാഴ്ച പുലർച്ചെ മൂന്നുമുതൽ പലതവണ മുന്നറിയിപ്പ് അലാറം ഉയർന്നു. എന്നാൽ പ്രശ്നമൊന്നുമുണ്ടായില്ല. വെള്ളിയാഴ്ച ഉച്ചവരെ സ്കൂൾ ഉണ്ടാകേണ്ടതാണെങ്കിലും അവധിയായിരുന്നു.
2023 ഒക്ടോബർ ഏഴിലെ ഹമാസ് ആക്രമണത്തിനുശേഷം സൈറൺ മുഴങ്ങുന്നതും മൊബൈൽ ഫോണുകളിൽ ജാഗ്രതാ അലാമും പതിവാണ്. ചിലപ്പോൾ ഭൂഗർഭ ഷെൽട്ടറിലേക്ക് മാറേണ്ടിവരും. അല്ലെങ്കിൽ സ്റ്റെയർകേസിന് കീഴിലും മറ്റും കയറിയിരിക്കും. മുന്നറിയിപ്പ് സമയം കഴിയുമ്പോൾ പുറത്തുവരും. ഇതെല്ലാം ഇപ്പോൾ പരിചിതമായിക്കഴിഞ്ഞു -അവർ പറഞ്ഞു.
ദീർഘദൂര തീവണ്ടികളും ബസുകളും വെള്ളിയാഴ്ച സർവീസ് നടത്തിയില്ലെന്ന് കെയർഗിവറായി ജോലിചെയ്യുന്ന രാജപുരം സ്വദേശിനി പറഞ്ഞു. വിമാനത്താവളം അടച്ചിരിക്കുകയാണ്. മെട്രോ സർവീസുണ്ടായിരുന്നു.
ഇസ്രയേലിലെ റാനാനാ നഗരത്തിൽ വെള്ളിയാഴ്ച അല്പം തിരക്ക് കൂടുതലായിരുന്നുവെന്ന് അവിടെ കെയർഗിവറായി ജോലിചെയ്യുന്ന തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശി അഖിൽ അൽഫോൻസ് പറഞ്ഞു. ശനിയാഴ്ച സാബത്തായതിനാൽ കടകൾക്ക് അവധിയാണ്. വെള്ളിയാഴ്ച പുലർച്ചെ മൂന്നിന് മുന്നറിയിപ്പ് സൈറണുണ്ടായിരുന്നു. ഡ്രോൺ, മിസൈൽ ആക്രമണത്തിന് സാധ്യതയുണ്ടെന്നായിരുന്നു മുന്നറിയിപ്പ്. അനാവശ്യമായി പുറത്തുപോകരുതെന്നും വിനോദയാത്രകൾ ഒഴിവാക്കണമെന്നും എംബസിയിൽനിന്ന് മുന്നറിയിപ്പ് സന്ദേശമുണ്ടായിരുന്നു.
നാലുവർഷമായി ഇസ്രയേലിൽ ജോലിചെയ്യുന്നു. സ്വന്തം പൗരന്മാരെപ്പോലെയാണ് അവർ പ്രവാസികളെയും നോക്കുന്നത്. 2023 ഒക്ടോബർ ഏഴിന് ബന്ദികളായി പിടിച്ചുകൊണ്ടുപോയവരെ സ്വതന്ത്രരാക്കാത്തതിനാലാണ് ഇസ്രയേൽ ഹമാസിനെയും ഇപ്പോൾ അവരെ പിന്തുണയ്ക്കുന്ന ഇറാനെയും ആക്രമിച്ചത്. ബന്ദികളെ വിട്ടയച്ചാൽ തീരുന്ന പ്രശ്നമാണ്. ഇസ്രയേൽ പൗരന്മാർക്കും യുദ്ധത്തോട് വലിയ താത്പര്യമില്ല -അഖിൽ പറഞ്ഞു.
കഴിഞ്ഞയാഴ്ചത്തെ അപകടത്തിനുശേഷം ആദ്യമായി അഹമ്മദാബാദില്‍നിന്ന് ലണ്ടനിലേക്ക് പുറപ്പെടാനൊരുങ്ങിയ എയര്‍ ഇന്ത്യയുടെ വിമാനത്തിന് സാങ്കേതിക തകരാര്‍. ഇതേത്തുടര്‍ന്ന് വിമാനം ടേക്ക് ഓഫ് ചെയ്തില്ല. ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.10-നാണ് എഐ 159 പറന്നുയരേണ്ടിയിരുന്നത്. യാത്രക്കാര്‍ക്ക് ടിക്കറ്റ് തുക റീഫണ്ട് ചെയ്തു നല്‍കുമെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ പറഞ്ഞു.
ജൂണ്‍ 12-ാം തീയതിയായിരുന്നു രാജ്യത്തെ നടുക്കിയ വിമാനദുരന്തമുണ്ടായത്. എഐ 171 വിമാനമാണ് പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കകം തകര്‍ന്നുവീണത്. വിമാനത്തിലുണ്ടായിരുന്ന 242 പേരില്‍ ഒരാള്‍ മാത്രമേ രക്ഷപ്പെട്ടിരുന്നുള്ളൂ. ഇതുകൂടാതെ വിമാനം തകര്‍ന്നുവീണ സ്ഥലത്തുണ്ടായിരുന്ന 33 പേര്‍ക്കും ജീവന്‍ നഷ്ടമായിരുന്നു. അപകടത്തിന് പിന്നാലെ 171 എന്ന ഫ്‌ളൈറ്റ് നമ്പര്‍ എയര്‍ ഇന്ത്യ ഒഴിവാക്കുകയും അതിന് പകരം എഐ 159 എന്ന നമ്പര്‍ നല്‍കുകയും ചെയ്തിരുന്നു. അപകടത്തിനുശേഷം അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേയ്ക്ക് എയർ ഇന്ത്യയുടെ സർവീസ് ഉണ്ടായിരുന്നില്ല.
ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ ഇരുരാജ്യങ്ങളില്‍ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നു. ഇറാനില്‍ നിന്ന് നൂറ് പേര്‍ അടങ്ങുന്ന ഇന്ത്യന്‍ സംഘം അര്‍മേനിയ വഴി അതിര്‍ത്തി കടന്നു. വിദ്യാര്‍ഥികളുടെ ഒഴിപ്പിക്കലില്‍ സര്‍വകലാശാലകളുടെ പിന്തുണയും ഇന്ത്യ തേടിയിട്ടുണ്ട്. ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര്‍ ഇറാന്‍, ഇസ്രയേല്‍ വിദേശകാര്യ മന്ത്രിമാരുമായി ആശയവിനിമയം നടത്തിയിരുന്നു.
ഇറാനില്‍ കുടുങ്ങിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷിതമായ യാത്ര ഒരുക്കണമെന്ന് ഇന്ത്യ ഇറാനോട് ആവശ്യപ്പെട്ടിരുന്നു. ഇറാന്‍ വ്യോമാതിര്‍ത്തി അടച്ചിട്ടിരിക്കുന്നതിനാല്‍ വിദ്യാര്‍ഥികള്‍ക്ക് കരമാര്‍ഗത്തിലൂടെ അസര്‍ബൈജാന്‍, തുര്‍ക്ക്മെനിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളിലേക്ക് കടക്കാമെന്ന് ഇറാന്‍ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനില്‍ ഉണ്ടായ ആക്രമണത്തില്‍ രണ്ട് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റിരുന്നു.
ഇസ്രയേലിലെ ടെല്‍ അവീവില്‍ നിന്നുള്ള ഇന്ത്യക്കാരെ ജോര്‍ദാന്‍, ഈജിപ്ത് അതിര്‍ത്തി വഴി എത്തിക്കാനാണ് ശ്രമം. 25,000 പേരെയെങ്കിലും ഒഴിപ്പിക്കേണ്ടി വരുമെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു. ഇന്ത്യക്ക് എല്ലാ പിന്തുണയും നല്‍കുമെന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രാലയ വക്താവ് അറിയിച്ചു. ഇസ്രയേലിലെ വ്യോമപാത അടച്ച പശ്ചാത്തലത്തിലാണ് ജോര്‍ദാന്‍, ഈജിപ്ത് അതിര്‍ത്തികള്‍ വഴി ഇന്ത്യക്കാരെ ഒഴുപ്പിക്കാനുള്ള നീക്കം ആരംഭിച്ചത്.
അതേസമയം ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം അയവില്ലാതെ തുടരുകയാണ്. ടെഹ്‌റാന്‍ നഗരത്തില്‍ നിന്നും ഒഴിഞ്ഞ് പോകണമെന്ന് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെ വന്‍ വ്യോമാക്രമണം ആണ് ഇസ്രയേല്‍ ഇറാന് നേരെ നടത്തിയതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആക്രമണത്തില്‍ 45 പേര്‍ കൊല്ലപ്പെട്ടതായും 100 ലേറെ പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്.
ടെഹ്റാനിലെ സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെയാണ് ഇസ്രയേല്‍ ആക്രമണം ഉണ്ടായതെന്ന് ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ടെഹ്റാനിലെ വിവിധ ഇടങ്ങളില്‍ നിന്നും സ്ഫോടന ശബ്ദങ്ങള്‍ ഉയര്‍ന്നതായും റിപ്പോര്‍ട്ടുകളുണ്ട്. തലസ്ഥാന നഗരത്തില്‍ കിഴക്ക്, പടിഞ്ഞാറ് മേഖലകളിലാണ് സ്ഫോടനങ്ങള്‍ ഉണ്ടായത്. ആക്രമണത്തിന് പിന്നാലെ ടെഹ്‌റാനിലെ സ്വിസ് എംബസി അടച്ചു.