Latest News

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലഹരി വില്പനക്ക് ഉപയോഗിച്ച കേസിൽ എക്സൈസ് പിടികൂടി ജാമ്യത്തിൽ വിട്ട പ്രതിയെ ഗാന്ധിനഗർ പൊലീസ് പോക്സോ ചുമത്തി അറസ്റ്റ് ചെയ്തു. ആർപ്പൂക്കര കല്ലേപറമ്പിൽ ജിതിൻകുമാർ (21) ആണ് പിടിയിലായത്.

പെൺകുട്ടിയെ ഒട്ടേറെത്തവണ പീഡിപ്പിച്ചെന്ന എക്സൈസ് റിപ്പോർട്ടിനെത്തുടർന്നാണ് അറസ്റ്റ്. 7നു രഹസ്യവിവരത്തെ തുടർന്നാണ് എക്സൈസ് സംഘം പ്രതിയുടെ വീട്ടിൽ 13 വയസ്സുകാരിയെ കണ്ടെത്തിയത്.

പെൺകുട്ടിക്കൊപ്പം 9 വയസ്സുകാരി സഹോദരിയുമുണ്ടായിരുന്നു. പനിയായതിനാൽ ആശുപത്രിയിൽ പോകാനാണു താൻ ചേച്ചിക്കൊപ്പം വന്നതെന്നു കുട്ടി എക്സൈസിനോട് പറഞ്ഞു. പെൺകുട്ടികളെ തിരുവഞ്ചൂർ ജുവനൈൽ ഹോമിലേക്ക് മാറ്റിയിരുന്നു.

ജിതിൻ 13 വയസ്സുകാരിയെ സ്കൂൾ യൂണിഫോമിൽ ബൈക്കിന്റെ പിന്നിലിരുത്തി എറണാകുളം, ആലപ്പുഴ, ഇടുക്കി ജില്ലകളിലേക്ക് കഞ്ചാവും രാസലഹരിയും കടത്തിയെന്ന് എക്സൈസ് പൊലീസിനു റിപ്പോർട്ട് നൽകി.

പ്രതിയിൽനിന്ന് 15 ഗ്രാം കഞ്ചാവാണു പിടിച്ചെടുത്തത്. ഇക്കാരണത്താൽ പ്രതിയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. സ്കൂളിലേക്ക് പോകുന്ന പെൺകുട്ടിയെ രാവിലെ ബൈക്കിൽ എത്തുന്ന പ്രതി കൊണ്ടുപോകുകയും വൈകിട്ട് സ്കൂൾ സമയം കഴിയാറാകുമ്പോൾ തിരിച്ചെത്തിക്കുകയുമായിരുന്നു.

വീട്ടിലെ സാഹചര്യം മോശമായിരുന്ന പെൺകുട്ടിയെ പ്രതി സ്വാധീനിക്കുകയായിരുന്നു. കോടതി പ്രതിയെ റിമാൻഡ് ചെയ്തു.

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ച ക്ഷേമപദ്ധതികളുടെ രണ്ടാം ഘട്ടം സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പും തദ്ദേശ തെരഞ്ഞെടുപ്പും മുന്നിൽ കണ്ട് ജനപ്രിയമായ പ്രഖ്യാപനങ്ങളുമായി സർക്കാർ ഇറങ്ങിയത് എൽഡിഎഫിന്റെ രാഷ്ട്രീയ നീക്കമായി ആണ് വിലയിരുത്തപ്പെടുന്നത് . ക്ഷേമ പെൻഷൻ വർധന, പുതിയ സ്ത്രീധനപദ്ധതി, കർഷകർക്ക് താങ്ങുവില ഉറപ്പ് തുടങ്ങിയ പ്രഖ്യാപനങ്ങൾ ജനപിന്തുണ ഉറപ്പിക്കാനുള്ള ‘മിനിബജറ്റ്’ നീക്കമാണെന്ന വിലയിരുത്തലാണ് രാഷ്ട്രീയ നിരീക്ഷകരുടേത്. കോവിഡ് കാലത്തെ സൗജന്യ കിറ്റുകൾ പോലെ തന്നെ, ഈ ക്ഷേമനടപടികളും വോട്ടർമാരുടെ മനസ്സിൽ സർക്കാരിനോടുള്ള വിശ്വാസം പുനഃസ്ഥാപിക്കാനാകും എന്നതാണ് എൽഡിഎഫിന്റെ പ്രതീക്ഷ.

വിവാദങ്ങളുടെ ചുഴിയിൽ പെട്ട സർക്കാരിന് ഈ പ്രഖ്യാപനങ്ങൾ പ്രതിഛായാ പുനർനിർമ്മാണത്തിനുള്ള പ്രധാന ആയുധമായി മാറും . പിഎംശ്രീ സ്കൂൾ വിവാദം, സാമ്പത്തിക പ്രതിസന്ധി, മന്ത്രിമാരെ ചുറ്റിപ്പറ്റിയ ആരോപണങ്ങൾ എന്നിവയുടെ പശ്ചാത്തലത്തിലാണ് ഈ പ്രഖ്യാപനങ്ങൾ നടന്നത്. അതിനാൽ തന്നെ ‘ക്ഷേമത്തിലൂന്നിയ ജനബജറ്റ്’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ നീക്കം എതിർപ്പിനെ മറികടക്കാനും പാർട്ടി ഘടനയിലെ അസ്വസ്ഥതകൾ നിയന്ത്രിക്കാനുമുള്ള തന്ത്രപ്രധാനമായ നീക്കമായി കാണപ്പെടുന്നു. സർക്കാർ പ്രവർത്തനങ്ങളിൽ താളപ്പിഴകളുണ്ടെങ്കിലും സാമൂഹ്യനീതി, ക്ഷേമം എന്നീ ആശയങ്ങൾ മുന്നോട്ടുവെച്ച് ജനങ്ങളുമായി നേരിട്ട് ബന്ധപ്പെടാനാണ് പിണറായിയുടെ നീക്കം.

തെരഞ്ഞെടുപ്പിന് മുന്നോടിയായി സ്ത്രീകൾക്കും കർഷകർക്കും ഗസ്റ്റ് അധ്യാപകർക്കും നൽകിയ ആനുകൂല്യങ്ങൾ എൽഡിഎഫിന് രാഷ്ട്രീയ നേട്ടമാകുമോ എന്നത് ഇനി സമയം തെളിയിക്കേണ്ടതാണ്. ബിഹാർ, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ സ്ത്രീകളുടെ ക്ഷേമപദ്ധതികൾ ഭരണ തുടർച്ചയ്ക്ക് കാരണമായതുപോലെ, കേരളത്തിലും ഈ ‘സ്ത്രീധനപദ്ധതി’യും പെൻഷൻ വർധനയും വോട്ടർമാരുടെ മനസിൽ നല്ല പ്രതിഫലനം ഉണ്ടാക്കുമെന്ന വിശ്വാസത്തിലാണ് ഭരണകൂടം. എങ്കിലും സാമ്പത്തിക പ്രതിസന്ധിയിലായ സംസ്ഥാനത്തിന് ഈ വൻ ചെലവുകൾ എത്രത്തോളം ദീർഘകാലത്തേക്ക് നിലനിർത്താനാകും എന്നതാണ് വലിയ ചോദ്യം. രാഷ്ട്രീയമായും സാമ്പത്തികമായും ഭാവി നിർണയിക്കാവുന്ന ഒരു നീക്കമായിട്ടാണ് ഈ ‘മിനിബജറ്റ്’ വിലയിരുത്തപ്പെടുന്നത്.

ഇന്ത്യയിലെ വിവിധ നഗരങ്ങളിൽ സന്ദർശിച്ച വിദേശ ഇൻഫ്ലുവൻസർ എമ്മയുടെ വിലയിരുത്തലിൽ കേരളം ഏറ്റവുമുയർന്ന റേറ്റിങ്ങ് നേടി. ഇന്ത്യയിൽ സന്ദർശിക്കാൻ ഏറ്റവും ശാന്തവും വൃത്തിയുള്ളതുമായ, വിനയമുള്ള നാട്ടുകാരുള്ള സംസ്ഥാനമാണ് കേരളമെന്ന് എമ്മ അഭിപ്രായപ്പെട്ടു. പത്തിൽ ഒമ്പത് മാർക്ക് നൽകിയ അവർ, “ഇന്ത്യയിലെ പുതിയ യാത്രക്കാരൻ കേരളത്തിൽ നിന്നാണ് യാത്ര ആരംഭിക്കേണ്ടത്” എന്ന് ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

ഇന്ത്യൻ തലസ്ഥാനമായ ഡൽഹിക്ക് എമ്മ വെറും ഒരു മാർക്ക് മാത്രമാണ് നൽകിയിരിക്കുന്നത്. തുറിച്ചുനോട്ടങ്ങളും ശബ്ദക്കുഴപ്പങ്ങളും അവിടെ അനുഭവപ്പെട്ടതായാണ് അവളുടെ അഭിപ്രായം. “ഡൽഹിയിൽ ഒറ്റയ്ക്ക് നിൽക്കാൻ പോലും ആഗ്രഹിച്ചില്ല,” എന്ന് അവർ പറഞ്ഞു. അതേസമയം, ആഗ്രയ്ക്കു മൂന്നു മാർക്ക് മാത്രമാണ് ലഭിച്ചത് . തട്ടിപ്പുകളും വാഹനഹോണടിയും പ്രധാന പ്രശ്നങ്ങളായിരുന്നുവെന്ന് എമ്മ പറഞ്ഞു.

ജയ്പൂരിനും മുംബൈക്കും 6.5 മാർക്കും, ഉദയ്പൂരിനും ഗോവയ്ക്കും എട്ടു മാർക്കും ലഭിച്ചു. ശാന്തമായ അന്തരീക്ഷവും സൗഹൃദസ്വഭാവമുള്ള നാട്ടുകാരുമാണ് ഉദയ്പൂരിനെയും ഗോവയെയും വേറിട്ടതാക്കുന്നത്. “ഉദയ്പൂരിലെ പോലെ എല്ലാ നഗരങ്ങളും ആയിരുന്നെങ്കിൽ ഇന്ത്യയിലെ യാത്ര ഒരു സ്വപ്നം പോലെ തോന്നുമായിരുന്നു,” എന്ന് എമ്മ കുറിച്ചു.

നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട് റെയില്‍വേ സ്റ്റേഷന്‍ പദ്ധതിയുടെ നിര്‍മാണത്തിന് കേന്ദ്ര റെയില്‍വേ ബോര്‍ഡിന്റെ അനുമതി ലഭിച്ചതായി കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍. കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിനെ ഈമാസം സന്ദര്‍ശിച്ചപ്പോള്‍ ഈ സ്റ്റേഷനുവേണ്ടിയുള്ള നടപടികള്‍ ത്വരിതപ്പെടുത്തുമെന്ന് അദ്ദേഹം ഉറപ്പുനല്‍കിയിരുന്നതായും ജോര്‍ജ് കുര്യന്‍ ഫെയ്‌സ്ബുക്കില്‍ അറിയിച്ചു.

കഴിഞ്ഞ കൊല്ലം വിന്‍ഡോ-ട്രെയിലിങ് ഇന്‍സ്പെക്ഷന്‍ നടത്തിയപ്പോള്‍ റയില്‍വേ മന്ത്രിതന്നെയാണ് ഉദ്യോഗസ്ഥര്‍ക് സ്റ്റേഷന്റെ സ്ഥാനവും മറ്റും കാണിച്ചുകൊടുത്തത്. ജോര്‍ജ് കുര്യന്‍ റെയില്‍വേ മന്ത്രിക്കൊപ്പം ഇന്‍സ്‌പെക്ഷനില്‍ പങ്കെടുത്തിരുന്നു.

വിമാന യാത്രക്കാര്‍ക്ക് വളരെ സൗകര്യപ്രദമായ ഈ റെയില്‍വേ സ്റ്റേഷന്‍ നിര്‍മാണത്തിന് വേണ്ട നടപടികള്‍ സ്വീകരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിജിക്കും റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിനും നന്ദിയറിയിക്കുന്നുവെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു.

ലണ്ടനിൽ ഒരു ഗുരുവായൂരപ്പ ക്ഷേത്രം എന്ന സാക്ഷാത്കാരത്തിമായി പ്രവർത്തിക്കുന്ന ലണ്ടൻ ഹിന്ദു ഐക്യവേദിയും മോഹൻജി ഫൗണ്ടേഷനും ചേർന്ന് ദീപാവലി ആഘോഷങ്ങൾ വിപുലമായ രീതിയിൽ സംഘടിപ്പിച്ചു. 2025 ഒക്ടോബർ 25 ആം തീയതി ശനിയാഴ്ച വൈകുന്നേരം 6:00 മണി മുതൽ ലണ്ടനിലെ തൊണ്ടൺ ഹീത്തിലുള്ള വെസ്റ്റ് തൊണ്ടൺ കമ്മ്യൂണിറ്റി സെൻഡറിൽ വച്ചാണ് ദീപാവലി ആഘോഷങ്ങൾ നടത്തപ്പെട്ടത്.

ആചാര്യൻ താഴൂർ മന ഹരിനാരായണൻ നമ്പിടിശ്വർ അവർകളുടെ കർമികത്വത്തിൽ ഭഗവതി സേവ ,വിളക്ക് പൂജ, സഹസ്ര നാമാർച്ചന, ചോറൂണ് എന്നിവയും ശേഷം ശ്രീ മുരളി അയ്യരുടെ കർമികത്വത്തിൽ ദീപാരാധനയും എന്നിവ നടത്തപ്പെട്ടു. പൂജകൾക്ക് ശേഷം അന്നദാനവും ഉണ്ടായിരുന്നു.ലണ്ടന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ധാരാളം ആളുകൾ ദീപാവലി ആഘോഷങ്ങളിലും പ്രത്യേക പൂജകളിലും പങ്കെടുത്തു ദീപാവലി ആഘോഷങ്ങളിൽ പങ്കെടുത്ത എല്ലാവർക്കും ശ്രീ ലണ്ടൻ ഗുരുവായൂരപ്പ സേവ സമിതി നന്ദി അറിയിച്ചു.

ലണ്ടൻ: കല്ലൂപ്പാറക്കാർ എന്ന വികാരമാണ് അവരെ ഒന്നിപ്പിച്ചത്. പത്തനംതിട്ട ജില്ലയിലെ കല്ലൂപ്പാറ എന്ന ഗ്രാമത്തിൽ നിന്നുള്ളവർ ഒക്ടോബർ 25-ാം തീയതി ലെസ്‌റ്ററിൽ ഒന്നിച്ചപ്പോൾ അത് ആ നാടിനോടുള്ള ആദരവ് കൂടിയായി. മതേതരത്വത്തിന് പേരുകേട്ട നാടാണ് കല്ലൂപ്പാറ. പള്ളിയിലെയും അമ്പലത്തിലേയും പെരുന്നാളും ഉത്‌സവവും ഒന്നായി ഏറ്റെടുത്തു ആഘോഷിക്കുന്ന നാട്. ജാതി- മത വ്യത്യാസങ്ങൾക്ക് അതീതമായി കല്ലൂപ്പാറക്കാർ എന്ന വികാരം നെഞ്ചിലേറ്റിയവർ . ആ നാട്ടിൽ നിന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കുടിയേറിയവർ നിരവധിയാണ്. അത്തരത്തിൽ യുകെയിൽ എത്തിയ കല്ലൂപ്പാറക്കാരാണ് ലെസ്റ്ററിൽ ഒത്തുകൂടിയത്.

“എൻ്റെ നാട് കല്ലൂപ്പാറ ” എന്ന പേരിലാണ് യുകെയിലെ പ്രഥമ കുടുംബ സംഗമം നടത്തിയത്. നാൽപതോളം കുടുംബങ്ങളിൽ നിന്നും എഴുപതിൽ അധികം പേർ ഈ കൂട്ടായ്മയിൽ പങ്കെടുത്തു. യുണൈറ്റഡ് കല്ലൂപ്പാറയുടെ ലോഗോ പ്രകാശനവും ചടങ്ങിൽ നടന്നു. കുട്ടികളുടേയും മുതിർന്നവരുടേയും കലാ പരിപാടികൾ ചടങ്ങിന് മിഴിവേകി.

ആദ്യകാലങ്ങളിൽ കല്ലൂപ്പാറയിൽ നിന്നും യുകെയിൽ എത്തി ജീവിതം കെട്ടിപ്പടുത്തിയവരുടെ അനുഭവ വിവരണം വേറിട്ടതയിരുന്നു. തങ്ങൾ അനുഭവിച്ച കഷ്ടപ്പാടുകളും തരണം ചെയ്ത പ്രതിസന്ധികളും പങ്കുവച്ചപ്പോൾ പലരും വികാരാധീനരായി. ആ അനുഭവങ്ങൾ പുതുതലമുറയിലെ പലർക്കും പ്രചോദനമായിരുന്നു.ഒപ്പം പുതുതായി ഇവിടെ എത്തിചേർന്നവരും അവരും അനുഭവങ്ങളും പങ്കുവെച്ചു.സഹായഹസ്‌തം വേണ്ടവർക്ക് അത് ലഭിച്ചതോടെ കൂട്ടായ്‌മ പരസ്പ‌ര സഹകരണത്തിൻ്റെ മറ്റൊരു മാതൃക കൂടി തീർത്തു.

കലാമത്സരങ്ങളിലെ വിജയികൾക്ക് സമ്മാനദാനവും ചടങ്ങിൽ നടന്നു. യുണൈറ്റഡ് കല്ലൂപ്പാറയുടെ പുതിയ ഭാരവാഹികളെയും തിരഞ്ഞെടുത്തു. വരും വർഷങ്ങളിൽ വിപുലമായ കുടുംബ സംഗമം നടത്തുന്നതിനും ധാരണയായി. യുകെയിലെ വിവിധ ഭാഗങ്ങളിൽ ഉള്ള കൂടുതൽ കല്ലൂപ്പാറക്കാരെ ഒരുമിപ്പിക്കാനുള്ള ഉദ്യമം ഭാരവാഹികൾ നടത്തും.

ഒരു നാടിന്റെ കൂട്ടായ്മ എന്നതിലുപരി പരസ്പരം സഹായത്തിന്റെയും സഹകരണത്തിന്റെയും വേദി കൂടിയായി തങ്ങളുടെ കൂട്ടായ്മയെ മാറ്റണമെന്നാണ് ആഗ്രഹം എന്ന് ഭാരവാഹികൾ പറഞ്ഞു. സന്തോഷവും സൗഹൃദവും കളിയും ചിരിയുമായി ഒരുപിടി നല്ല ഓർമകളാൽ സമ്പന്നമായിരുന്നു “എന്റെ നാട് കല്ലൂപ്പാറ “എന്ന കുടുബ സംഗമം.ഇനിയും ഇതുപോലുള്ള കൂട്ടായ്മകൾ ഉണ്ടാകാൻ യുണൈറ്റഡ് കല്ലൂപ്പാറ പ്രചോദനം ആകട്ടെ എന്നും ഭാരവാഹികൾ പ്രതിക്ഷ പങ്കുവെച്ചു.

കമ്പളക്കാട്ടെ നിർമാണം നടക്കുന്ന മൂന്നുനിലക്കെട്ടിടത്തിനു മുകളിൽ പോക്‌സോ കേസ് പ്രതിയുടെ മൃതദേഹം കത്തിക്കരിഞ്ഞനിലയിൽ കണ്ടെത്തി. വെള്ളമുണ്ട പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത പോക്‌സോ കേസിലെ പ്രതിയായ തിരുവനന്തപുരം കരമന സ്വദേശിയായ സുനിൽ കുമാർ (അൽ അമീൻ-50)നെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.

ചൊവ്വാഴ്ച രാവിലെയാണ് ഇയാളെ കമ്പളക്കാട് പള്ളിക്കുന്ന് റോഡിലെ കെട്ടിടത്തിന് മുകളിൽ പൊള്ളലേറ്റ് മരിച്ചനിലയിൽ കാണുന്നത്. കെട്ടിടത്തിൽ ജോലിക്കെത്തിയ തൊഴിലാളികളാണ് മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് കമ്പളക്കാട് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. ഇരുകാലുകളും വയറുകൾ ഉപയോഗിച്ച് കെട്ടിയിട്ട നിലയിലാണ്.

മൃതദേഹത്തിന് സമീപത്തുനിന്ന് ആത്മഹത്യാക്കുറിപ്പും ആധാർ കാർഡും പോലീസ് കണ്ടെടുത്തു. ഇയാൾ വ്യത്യസ്തമായ പേരുകളിൽ മൂന്നുവിവാഹം കഴിച്ചിട്ടുണ്ട്. 2024 നവംബറിൽ വെള്ളമുണ്ടയിൽ രജിസ്റ്റർചെയ്ത പോക്‌സോ കേസിൽ അറസ്റ്റിലായശേഷം ജാമ്യത്തിലിറങ്ങിയതായിരുന്നു. ഒരു സ്ഥലത്തും സ്ഥിരമായി താമസിക്കാതെ പലയിടങ്ങളിൽ പണിയെടുത്താണ് ഇയാൾ ജീവിച്ചിരുന്നത്. മൃതദേഹം മാനന്തവാടി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

സമാധാനക്കരാര്‍ ലംഘിച്ച്‌ ഗാസയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ 18 പേര്‍ കൊല്ലപ്പെട്ടു. പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഉത്തരവിന് ആഹ്വാനത്തിന് പിന്നാലെയാണ് വീണ്ടും ആക്രമണം.

ഒക്ടോബര്‍ പത്തിന് നിലവില്‍ വന്ന വെടിനിര്‍ത്തല്‍ കരാര്‍ ഹമാസ് ലംഘിച്ചെന്നാരോപിച്ചായിരുന്നു ഇസ്രയേല്‍ ആക്രമണം.

ഹമാസ് തിരികെ കൊണ്ടുവന്ന ശരീരഭാഗങ്ങള്‍ ഏകദേശം രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പത്തെ ബന്ദിയുടെ മൃതദേഹത്തിന്റെ അവശിഷ്ടങ്ങളാണെന്നും നെതന്യാഹു ആരോപിച്ചിരുന്നു. യുഎസിന്റെ മധ്യസ്ഥതയില്‍ ഉണ്ടാക്കിയ വെടിനിര്‍ത്തല്‍ കരാറിന്റെ ലംഘനമെന്നാണ് സംഭവത്തില്‍ നെതന്യാഹുവിന്റെ വിശദീകരണം.

ഇസ്രയേല്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുവെന്ന് ഹമാസിന്റെ സായുധ വിഭാഗമായ ഖസ്സാം ബ്രിഗേഡ്സ് ആരോപിച്ചു. ആക്രമണ പശ്ചാത്തലത്തില്‍ ഗാസയിലെ ടണലില്‍ നിന്ന് കിട്ടിയ ബന്ദിയുടെ മൃതദേഹം കൈമാറുന്നത് ഹമാസ് മാറ്റിവെച്ചിട്ടുണ്ട്. ഇരുപക്ഷവും അതിര്‍ത്തി ലംഘിച്ചുവെന്നതടക്കമുള്ള ആരോപണങ്ങളും ഉന്നയിക്കുന്നുണ്ട്.

അതേസമയം, വെടിനിര്‍ത്തല്‍ കരാര്‍ തുടരുമെന്ന് അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെഡി വാന്‍സ് വ്യക്തമാക്കി.

ഒക്ടോബര്‍ 10-നാണ് അമേരിക്കയുടെയും ഖത്തറിന്റെയും മധ്യസ്ഥതയില്‍ ഇസ്രയേലും ഹമാസും വെടിനിര്‍ത്തലിന് ധാരണയായത്. ഇതിനു പിന്നാലെയും വെടിനിര്‍ത്തല്‍ക്കരാര്‍ ലംഘിച്ച്‌ ആക്രമണങ്ങള്‍ ഉണ്ടായിരുന്നു.

തൃശൂര്‍: വാരാപ്പുഴയിലെ കൂനമ്മാവ് അഗതി മന്ദിരത്തിൽ വെച്ച് കൊലക്കേസ് പ്രതിയെ ക്രൂരമായി മര്‍ദിക്കുകയും ജനനേന്ദ്രിയം മുറിക്കുകയും ചെയ്ത സംഭവത്തിൽ മൂന്നുപേര്‍ പൊലീസ് പിടിയിലായി. അഗതി മന്ദിരം നടത്തിപ്പുകാരൻ പാസ്റ്റർ ഫ്രാൻസിസ് (65), ആരോമൽ, നിതിൻ എന്നിവരെയാണ് തൃശൂര്‍ കൊടുങ്ങല്ലൂരില്‍ വെച്ച് കസ്റ്റഡിയിലെടുത്തത്. എറണാകുളം അരൂര്‍ സ്വദേശിയും 11 കേസുകളിലെ പ്രതിയുമായ സുദര്‍ശന്‍ (44) ഗുരുതരാവസ്ഥയിലാണ്.

വഴിയാത്രക്കാരെ ശല്യപ്പെടുത്തിയെന്നാരോപിച്ച് കൊച്ചി സെന്‍ട്രൽ പൊലീസ് സുദര്‍ശനെ പിടികൂടി അഗതിമന്ദിരത്തിലെത്തിച്ചതിനുശേഷമാണ് സംഭവം നടന്നത്. മന്ദിരത്തിൽ എത്തിയ ശേഷം സുദര്‍ശൻ അക്രമം കാട്ടിയതിനെ തുടര്‍ന്നാണ് ഇയാളെ മര്‍ദിച്ചതെന്ന് പൊലീസ് പറയുന്നു. കത്തികൊണ്ട് ശരീരത്തില്‍ മുറിവേല്‍പ്പിച്ചതായും പ്രതിയുടെ കണ്ണ് കുത്തിപ്പൊട്ടിച്ച നിലയിലായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

മര്‍ദ്ദനത്തെ തുടര്‍ന്ന് അവശനായ സുദര്‍ശനെ അഗതിമന്ദിരത്തിലെ വാഹനത്തിൽ കൊടുങ്ങല്ലൂരില്‍ എത്തിച്ച് വഴിയരികില്‍ ഉപേക്ഷിച്ചതായാണ് വിവരം. സുദര്‍ശനെ തൃശൂര്‍ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിൽ കൊലപാതകശ്രമത്തിന് കേസെടുത്ത് കൂനമ്മാവ് ഇവാഞ്ചലോ കേന്ദ്രത്തിന്റെ ഉടമസ്ഥരേയും പൊലീസ് ചോദ്യം ചെയ്യുകയാണ്.

അബുദാബി ∙ യുഎഇയിലെ നറുക്കെടുപ്പിൽ 240 കോടി രൂപയുടെ ജാക്ക്‌പോട്ടടിച്ച് ഇന്ത്യക്കാരൻ ഭാഗ്യവാനായി. അബുദാബിയിൽ താമസിക്കുന്ന 29 വയസ്സുകാരനായ അനിൽകുമാർ ബൊല്ലയാണ് ഈ മഹാഭാഗ്യം സ്വന്തമാക്കിയത്. ഒക്ടോബർ 18-ന് നടന്ന 23-ാമത് ‘ലക്കി ഡേ’ നറുക്കെടുപ്പിലാണ് 100 മില്യൺ ദിർഹം (ഏകദേശം 240 കോടി രൂപ) സമ്മാനമായി അനിലിന് ലഭിച്ചത്. ജീവിതം തന്നെ മാറ്റിമറിച്ച ഈ ഭാഗ്യം യുഎഇ ലോട്ടറി എക്സിന്റെ പ്ലാറ്റ്‌ഫോമിലൂടെയാണ് പ്രഖ്യാപിച്ചത്.

ഭാഗ്യനമ്പർ തിരഞ്ഞെടുക്കുമ്പോൾ അമ്മയുടെ ജന്മദിനം ഉൾപ്പെടുത്തിയതാണെന്ന് അനിൽ പറഞ്ഞു. “ഞാൻ സോഫയിൽ ഇരിക്കുമ്പോഴായിരുന്നു ഫലം കണ്ടത്. ആദ്യം വിശ്വസിക്കാൻ കഴിഞ്ഞില്ല — പക്ഷേ എനിക്കാണ് വിജയമെന്ന് തിരിച്ചറിഞ്ഞത് അതിശയത്തോടെയായിരുന്നു,” അദ്ദേഹം പറഞ്ഞു. ഈ പണം ഉത്തരവാദിത്തത്തോടെ നിക്ഷേപിച്ച് ഭാവിക്ക് കരുതലോടെയാകും ചെലവാക്കുക എന്നതും അനിൽ വ്യക്തമാക്കി.

കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനും ജീവിതം ആസ്വദിക്കാനുമാണ് ഇപ്പോൾ അനിലിന്റെ ആഗ്രഹം. “സൂപ്പർകാർ വാങ്ങാനും ആഘോഷിക്കാനും ആഗ്രഹമുണ്ട്, പക്ഷേ കുടുംബത്തോടൊപ്പം കഴിയുന്നതാണ് ഏറ്റവും വലിയ സന്തോഷം,” അദ്ദേഹം പറഞ്ഞു. സമ്മാനത്തുകയുടെ ഒരു ഭാഗം ധാർമ്മിക പ്രവർത്തനങ്ങൾക്കായി മാറ്റിവെക്കുമെന്നും യുഎഇ ലോട്ടറിയ്ക്ക് നന്ദിയുണ്ടെന്നും അനിൽ കൂട്ടിച്ചേർത്തു.

RECENT POSTS
Copyright © . All rights reserved