Latest News

കോട്ടയം മെഡിക്കല്‍ കോളജിലെ നഴ്സുമാര്‍ വസ്ത്രം മാറുന്ന മുറിയില്‍ ഒളിക്യാമറ വെച്ച നഴ്‌സിംഗ് ട്രെയിനിയായ യുവാവ് പോലീസിന്റെ പിടിയിലായി. മാഞ്ഞൂര്‍ സ്വദേശി ആന്‍സണ്‍ ജോസഫിനെ ഗാന്ധിനഗര്‍ പേലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസമാണ് ബി എസ് സി നഴ്സിംഗ് പൂര്‍ത്തിയാക്കിയ ആന്‍സണ്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പരിശീലനത്തിലായി എത്തിയത്.

ആന്‍സണിന് ശേഷം വസ്ത്രം മാറാന്‍ മുറിയില്‍ കയറിയ ജീവനക്കാരിയാണ് ക്യാമറ ഓണ്‍ ആക്കിയ നിലയില്‍ ഫോണ്‍ കണ്ടെത്തിയത്. ഇതോടെ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

പത്തും പതിമൂന്നും വയസുള്ള മക്കളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്ത് ദമ്പതിമാർ. ഹൈദരാബാദിലെ സ്വകാര്യ കോളേജിലെ അധ്യാപകനായിരുന്ന ചന്ദ്രശേഖര്‍ റെഡ്ഡി (44), ഭാര്യ കവിത (35) എന്നിവരാണ് മക്കളെ കൊന്നശേഷം ജീവനൊടുക്കിയത്. കുട്ടികളെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയശേഷം ഇരുവരും ജീവനൊടുക്കുകയായിരുന്നു. സാമ്പത്തിക പ്രതിസന്ധിയാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമിക വിവരം.

നാല് പേരുടേയും മൃതദേഹത്തിന് അരികില്‍നിന്ന് തെലുങ്കില്‍ എഴുതിയ ആത്മഹത്യാ കുറിപ്പും പോലീസ് കണ്ടെത്തി. ‘എനിക്ക് വേറെ വഴിയില്ല. ജീവിതം അവസാനിപ്പിക്കുകയാണ്. ദയവായി എന്നോട് ക്ഷമിക്കൂ. മാനസികമായും ശാരീരികമായും ഞാന്‍ കഷ്ടപ്പെടുകയാണ്. ജോലിയിൽ പ്രതിസന്ധികള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്. പ്രമേഹവും വൃക്കസംബന്ധമായ രോഗങ്ങളും പിടിമുറുക്കിയിരിക്കുന്നു.’ ചന്ദ്രശേഖര്‍ റെഡ്ഡി എഴുതിയ കുറിപ്പില്‍ പറയുന്നു. ജൂനിയര്‍ ലക്ചററായി ജോലി ചെയ്തിരുന്ന ചന്ദ്രശേഖറിന് 2023-ല്‍ ജോലി നഷ്ടപ്പെട്ടിരുന്നു. തുടര്‍ന്ന് കുടുംബത്തെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അലട്ടിയിരുന്നുവെന്നും അടുത്ത ബന്ധുക്കള്‍ പറയുന്നു.

ഹബ്‌സിഗുദയിലെ വീടിന്റെ മൂന്നാം നിലയിലാണ് ചന്ദ്രേശഖറും കുടുംബവും താമസിച്ചിരുന്നത്. വ്യത്യസ്ത റൂമുകളിലാണ് ചന്ദ്രശേഖറിന്റേയും കവിതയുടേയും മൃതദേഹങ്ങളുണ്ടായിരുന്നത്. കുട്ടികളുടെ മൃതദേഹങ്ങള്‍ അവരുടെ കിടപ്പുമുറിയിലാണ് കണ്ടെത്തിയത്. തിങ്കളാഴ്ച്ച രാത്രിയാണ് അയല്‍വാസികള്‍ സംഭവം പോലീസിനെ അറിയിക്കുന്നത്. ആരേയും വീടിന് പുറത്ത് കാണത്തതിനെ തുടര്‍ന്നാണ് സമീപവാസികള്‍ പോലീസിനെ വിളിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തുകയായിരുന്നു.

മകള്‍ ശ്രീത റെഡ്ഡി പ്ലസ് വണ്ണിനും മകന്‍ വിശ്വന്‍ റെഡ്ഡി അഞ്ചാം ക്ലാസിലുമാണ് പഠിക്കുന്നത്. തെലങ്കാനയിലെ കല്‍വകുര്‍തി സ്വദേശികളാണ് ചന്ദ്രശേഖറും കവിതയും. ഇരുവരുടേയും കുടുംബം ഇപ്പോള്‍ ഹൈദരാബാദിലാണ് താമസിക്കുന്നത്. ഹൈദരാബാദിലെ ഗാന്ധി ആശുപത്രിയിലെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

കഴിഞ്ഞ ഏറെ വർഷക്കാലം പൂഞ്ഞാറില്‍ എംഎല്‍എ ആയിരുന്ന പി.സി ജോർജ് രണ്ട് പ്രാവശ്യം മാത്രമാണ് പുഞ്ഞാറില്‍ പരാജയപ്പെട്ടത്. ഒന്ന് മുൻ മന്ത്രി എൻ.എം ജോസഫിനോടും, മറ്റൊന്ന് കഴിഞ്ഞ തവണ എല്‍.ഡി.എഫിലെ സെബാസ്റ്റ്യൻ കുളത്തുങ്കലിനോടും.

കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും പി.സി ജോർജ് യു.ഡി.എഫിലും എല്‍.ഡി.എഫിലും ഇല്ലാതെ സ്വതന്ത്രനായാണ് പൂഞ്ഞാറില്‍ മത്സരിച്ചത്. ഇങ്ങനെ സ്വതന്ത്രനായി മത്സരിച്ച ഒരു തെരഞ്ഞെടുപ്പില്‍ പി.സിയ്ക്ക് വിജയം നുണയാൻ അവസരം കിട്ടിയെങ്കില്‍ ഒരു തെരഞ്ഞെടുപ്പില്‍ പരാജയം നുണയാൻ ആയിരുന്നു വിധി.

വർഗീയ പരാമർശത്തെ തുടർന്ന് ഈരാറ്റുപേട്ടയിലെ മുസ്ലിങ്ങള്‍ തിരിച്ചടിച്ചതിനെത്തുടർന്നാണ് പി.സി ജോർജിന് പരാജയം നേരിടേണ്ടി വന്നത്. ഒരിക്കല്‍ സ്വതന്ത്രനായി മത്സരിച്ചപ്പോള്‍ ഇടതു സ്ഥാനാർത്ഥി പിടിച്ചതിലധികം വോട്ടുകളായിരുന്നു പി.സി ജോർജിൻ്റെ ഭൂരിപക്ഷം . ഇതിന് സഹായിച്ചത് പൂഞ്ഞാറ്റിലെ മുസ്ലിം വോട്ടർമാരായിരുന്നു . ഇത് മറന്നു കൊണ്ട് പി.സി ജോർജ് വർഗീയ പരാമർശം നടത്തി മുസ്ലിം സമൂദായത്തിൻ്റെ വെറുപ്പ് സമ്പാദിച്ചതാണ് കഴിഞ്ഞ തവണ പി.സി.ജോർജിന് ഏറ്റ വമ്പൻ പരാജയത്തിന് കാരണമെന്നാണ് പറയുന്നത്.

യു.ഡി.എഫിലും എല്‍.ഡി.എഫിലുമായി പി.സി.ജോർജ് മാറി മാറി മത്സരിച്ച ഒരു കാലമുണ്ടായിരുന്നു. അന്ന് കെ.എം. മാണിയെ സഹായിക്കാനും ജോർജിനെ തോല്‍പ്പിക്കാനും ആണ് അവിടുത്തെ കത്തോലിക്കാ സഭയും ബിഷപ്പുമാരും അച്ചന്മാരും ഒക്കെ തീരുമാനിച്ചതും പ്രവർത്തിച്ചതുമെന്ന് ആക്ഷേപമുണ്ട്. അന്ന് പി.സി ജോർജിനെ അടി തെറ്റാതെ കാത്ത മുസ്ലിം സമുദായത്തെ മറന്നുകൊണ്ട് ബി.ജെ.പി യെ തൃപ്തിപ്പെടുത്താൻ അദേഹം നടത്തിയ പ്രസ്താവനകളാണ് ജോർജ് എന്ന രാഷ്ട്രീയത്തിലെ അതികായകനെ വീഴ്ത്തിയതെന്ന് നിസംശയം പറയാം. ഇന്ന് പി.സി.ജോർജ് ബി.ജെ.പി പാളയത്തിലാണ്.

ഇനി പി.സി ജോർജ് ആരുടെയും പിന്തുണയിലും പാർട്ടി സ്ഥാനാർത്ഥിയായി മത്സരിച്ചാലും വിജയസാധ്യത ‘ കുറവാണ്. അത്രമാത്രം ഉണ്ട് ഈരാറ്റുപേട്ടയിലെ മുസ്ലിം സമുദായത്തിൻ്റെ എതിർപ്പ്. ഇതിനെ ഉടനെയെങ്ങും പി.സി ജോർജിന് മറികടക്കാനാവുമെന്ന് തോന്നുന്നില്ല. അങ്ങനെ വന്നാല്‍ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ മണ്ഡലം മാറിയുള്ള ഒരു പരീക്ഷണത്തിനാകും പി.സി ജോർജ് ശ്രമിക്കുക. അത് കാഞ്ഞിരപ്പള്ളിയോ, പാലായോ, ഇതാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.

പാലായില്‍ പി സി ജോർജിൻ്റെ അടുത്ത സുഹൃത്ത് മാണി സി കാപ്പൻ തന്നെ ആയിരിക്കും അടുത്ത തവണയും യു.ഡി.എഫ് സ്ഥാനാർത്ഥിയായി വരിക എന്ന് ഉറപ്പാണ്. മറുവശത്ത് എല്‍.ഡി.എഫില്‍ സ്ഥാനാർത്ഥിയാകാൻ സാധ്യതയുള്ളത് പി.സി.ജോർജിൻ്റെ ബദ്ധ വൈരിയായ ജോസ് കെ മാണിയും. പി.സി ജോർജ് പാലായില്‍ ബി.ജെ.പി സ്ഥാനാർത്ഥിയായി എത്തിയാല്‍ യു.ഡി.എഫ് സ്ഥാനാർത്ഥി മാണി സി കാപ്പൻ്റെ വോട്ടില്‍ ആയിരിക്കും വിള്ളല്‍ വീഴ്ത്തുക. ഇത് ജോസ് കെ മാണിയുടെ വിജയത്തില്‍ കലാശിക്കാം. അതുകൊണ്ട് പാലായില്‍ ഒരു മത്സരത്തിന് പി.സി ജോർജ് തുനിയുമെന്ന് തോന്നുന്നില്ല.

പി.സി ജോർജിന് ഇവിടെ വിജയിക്കാൻ പറ്റിയില്ലെങ്കില്‍ ജോസ് കെ മാണിയ്ക്ക് തന്നെയാകും ഇവിടെ വിജയ സാധ്യത. അതുകൊണ്ട് അത്തരമൊരു ഭാഗ്യ പരീക്ഷണത്തിന് ജോർജ് തുനിയുമോ എന്ന കാര്യം സംശയമാണ്. ഇവിടെ മുസ്ലിം വിരോധം ഭയക്കേണ്ട കാര്യമില്ല എന്നതും സത്യമാണ്. ഇവിടെ ക്രൈസ്തവ വോട്ടർമാരാണ് കൂടുതലും. പരമ്പരാഗതമായി ഇവിടുത്തെ ക്രൈസ്തവർ യു.ഡി.എഫിന് ആണ് വോട്ടുചെയ്യുന്നത്. പി.സി ജോർജ് ഇവിടെ ബി.ജെ.പി സ്ഥാനാർത്ഥിയായി വന്നാല്‍ അതിനെ കത്തോലിക്കാ സഭാ പിന്തുണച്ചാല്‍ വിജയ സാധ്യത കൂടുതല്‍ എല്‍.ഡി.എഫിന് ആയിരിക്കും.

പിന്നെ മത്സരിക്കാൻ പറ്റുന്നത് കാഞ്ഞിരപ്പള്ളിയാണ്. ശരിക്കും കത്തോലിക്ക സമുദായംഗങ്ങള്‍ കൂടുതല്‍ അധിവസിക്കുന്ന മേഖലയാണ് കാഞ്ഞിരപ്പള്ളി. കാഞ്ഞിരപ്പള്ളി രൂപതയുടെയും ബിഷപ്പ് ഹൗസിൻ്റെയും ഒക്കെ പിന്തുണ പി.സി ജോർജ് കാഞ്ഞിരപ്പള്ളില്‍ ബി.ജെ.പി സ്ഥാനാർത്ഥി ആയി എത്തിയാല്‍ നേടാനാകും. കേരളാ കോണ്‍ഗ്രസ് വോട്ടുകളിലും പി.സി ജോർജിന് വിള്ളല്‍ ഉണ്ടാക്കാനാകും. പഴയ വാഴൂർ നിയമസഭാ മണ്ഡലം ഇല്ലാതായി അത് കാഞ്ഞിരപ്പള്ളിയില്‍ ലയിച്ചതാണ് പുതിയ കാഞ്ഞിരപ്പള്ളി നിയമസഭാ നിയോജകമണ്ഡലം. വാഴൂർ പോലെയുള്ള സ്ഥലങ്ങളില്‍ ഹൈന്ദവർക്കും നിർണ്ണായക സ്വാധീനമുണ്ട്. അതുകൊണ്ട് തന്നെ ഇവിടെ ബി.ജെ.പി യും സംഘടിത ശക്തിയാണ്.

മുസ്ലിം വോട്ടർമാരില്‍ ചെറിയൊരു വിഭാഗമേ ഇവിടെയുള്ളു. അതുകൊണ്ട് തന്നെ പി.സി ജോർജിന് ബി.ജെ.പി സ്ഥാനാർത്ഥിയായി മത്സരിച്ചാല്‍ വിജയസാധ്യതയുള്ള ഏക മണ്ഡലം കാഞ്ഞിരപ്പള്ളിയാണെന്ന് പറയാം. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിൻ്റെ കാര്യത്തിലുള്ള പി.സി ജോർജ് നടത്തിയ ഇടപെടലുകള്‍ അദ്ദേഹത്തെ സഭയ്ക്കും സ്വീകാര്യനാക്കിയിട…

പാക്കിസ്ഥാനിൽ ട്രെയിൻ തട്ടിയെടുത്ത് 182 യാത്രക്കാരെ ബന്ദികളാക്കി. ബലൂച് ലിബറേഷൻ ആർമിയാണ് ട്രെയിൻ തട്ടിയെടുത്തത്. 20 പാക്കിസ്ഥാൻ സൈനികർ കൊല്ലപ്പെട്ടതായാണ് വിവരം. പാക്കിസ്ഥാനിലെ തെക്കുപടിഞ്ഞാറൻ ബലൂചിസ്ഥാൻ പ്രവിശ്യയിലെ ക്വറ്റയിൽനിന്ന് ഖൈബർ പഖ്തൂൺഖ്വയിലെ പെഷാവറിലേക്ക് പോവുകയായിരുന്ന ജാഫർ എക്സ്പ്രസിലാണ് സംഭവം.

പാക്കിസ്ഥാൻ സൈന്യം സൈനിക നടപടികൾ ആരംഭിച്ചാൽ‌ ബന്ദികളെ കൊല്ലുമെന്ന് ബലൂച് ലിബറേഷൻ ആർമി വക്താവ് ജിയാൻഡ് ബലൂച്ച് ഒപ്പിട്ട പ്രസ്താവനയിൽ പറഞ്ഞു. ഒരു തുരങ്കത്തിനടുത്തു വച്ചാണ് ആയുധധാരികളായവർ ട്രെയിന്‍ തടഞ്ഞത്. പര്‍വതങ്ങളാല്‍ ചുറ്റപ്പെട്ട പ്രദേശത്തെ തുരങ്കത്തിനടുത്ത് ട്രെയിന്‍ കുടുങ്ങിക്കിടക്കുകയാണെന്നാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ട്രെയിനിനു നേരെ വെടിവയ്പ്പുണ്ടായതായും വിവരമുണ്ട്.

ബലൂചിസ്ഥാന്‍ അധികൃതര്‍ രക്ഷാപ്രവര്‍ത്തനത്തിനും അടിയന്തര സേവനങ്ങള്‍ എത്തിക്കാനുമുള്ള ശ്രമത്തിലാണ്. ട്രെയിന്‍ തടഞ്ഞിട്ടിരിക്കുന്ന പ്രദേശം സങ്കീര്‍ണമായ ഭൂപ്രദേശമായതിനാല്‍ വെല്ലുവിളികള്‍ ഏറെയുണ്ട്. പാകിസ്ഥാനിൽ നിന്ന് ബലൂചിസ്ഥാനെ സ്വതന്ത്രമാക്കണമെന്ന ആവശ്യവുമായാണ് ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി, ബലൂചിസ്ഥാന്‍ ലിബറേഷന്‍ ഫ്രണ്ട് തുടങ്ങിയ വിമത സംഘടനകള്‍ ഭരണകൂടത്തിനെതിരെ പോരാട്ടം നടത്തുന്നത്.

അപ്പച്ചൻ കണ്ണഞ്ചിറ

ന്യൂഹാം: ന്യൂഹാം കൗൺസിൽ മുൻ സിവിക്ക്‌ മേയറും, കൗൺസിലറും, പ്രശസ്ത എഴുത്തുകാരിയും, സാമൂഹ്യപ്രവർത്തകയും, രാഷ്ട്രീയ പ്രവർത്തകയുമായ ഡോ.ഓമന ഗംഗാധരന്റെ ദിവംഗതനായ ഭർത്താവ് ഗംഗാധരന് ലണ്ടനിൽ പൗരാവലി ആദരാർച്ചനയും,അശ്രുപൂജകളും ചാലിച്ച യാത്രാമൊഴിയേകി. കുടുംബാംഗങ്ങളും, സുഹൃത്തുക്കൾക്കുമൊപ്പം രാഷ്ട്രീയ-സാമൂഹ്യ-സാമുദായിക മേഖലകളിൽ നിന്നുമുള്ള നിരവധി പ്രമുഖർ അന്ത്യോപചാര കർമ്മങ്ങളിലും, അനുസ്മരണ ചടങ്ങിലും പങ്കു ചേർന്നു. ഉള്ളിൽ തളം കെട്ടിനിന്ന ദുംഖം നിയന്ത്രണം വിട്ട ഡോ. ഓമനയുടെ വിങ്ങലും, മക്കളുടെ ഈറനണിഞ്ഞ വദനങ്ങളും ഹാളിൽ കൂടിയവരിൽ വേദന പരത്തി.

ഈസ്റ്റ്ഹാം എം പി സ്റ്റീഫൻ ടിംസ് ( മന്ത്രി,വർക്ക്സ് ആൻഡ് പെൻഷൻസ് ), ന്യൂഹാം കൗൺസിൽ സിവിക് മേയർ രോഹിമ റഹ്മാൻ, ന്യൂഹാം കൗൺസിൽ എക്സിക്യൂട്ടീവ് മേയർ റുഖ്സാന ഫിയാസ് ( ലണ്ടനിലെ നാലു കൗൺസിലുകളിൽ മാത്രമുള്ള ഇലക്ടഡ് മേയർ), സുരേഷ് ധർമജ (പ്രസിഡണ്ട്, ശ്രീനാരാണ ഗുരു മിഷൻ), ബൈജു പാലക്കൽ (ചെയർ, ശിവഗിരി ആശ്രമം), സുബാഷ് സദാശിവൻ (മുൻ ചെയർ & സെക്രട്ടറി, ശ്രീനാരായണ ഗുരു മിഷൻ) അടക്കം നിരവധി പ്രമുഖ വ്യക്തികൾ അനുസ്മരണ പ്രഭാഷണങ്ങൾ നടത്തി.

“രാഷ്ട്രീയത്തിലും വ്യക്തിബന്ധത്തിലും വലിയൊരു കൈത്താങ്ങാണ് നഷ്‌ടപ്പെട്ടതെന്നു” മന്ത്രി സ്റ്റീഫൻ ടിംസ് എംപി തന്റെ അനുസ്മരണ സന്ദേശത്തിൽ ഓർമ്മിച്ചു. ലണ്ടൻ ന്യൂഹാമിലെ ശ്രീ മുരുകൻ ക്ഷേത്ര ഭാരവാഹികൾ മൃതദേഹത്തിൽ ആദരസൂചമായി പുഷ്പമാല ചാർത്തുകയും, കോടി അണിയിക്കുകയും ചെയ്തു. ബ്രഹ്മശ്രീ സ്വാമി സച്ചിദാനന്ദ (പ്രസിഡണ്ട്,ശിവഗിരി മുട്ട്) തന്റെ ശബ്ദ സന്ദേശത്തിൽ ‘ഗംഗാധരന്റെ ആത്മാവ് ഗുരുദേവ ചൈതന്യത്തിൽ ലയിക്കട്ടെ’ എന്ന് ആശംസിച്ചുകൊണ്ട് പ്രാർത്ഥനയും നേർന്നു സംസാരിച്ചു.

ഡോ. ഓമന ഗംഗാധരന്റെ കഥയെ ആസ്പദമാക്കി സിനിമയാക്കിയ മണിവത്തൂരിലെ ആയിരം ശിവരാത്രികളിലെ ‘നെറ്റിയിൽ പൂവുള്ള സ്വർണ്ണ ചിറകുള്ള പക്ഷി’ എന്ന അനശ്വരഗാനമടക്കം ഓർമ്മ ചെപ്പിൽ നിന്നുമെടുത്ത അനർഘ നിമിഷങ്ങളിലെ നിരവധി ഫോട്ടോകളും സമ്മാനിച്ച മധുര മുഹൂർത്തങ്ങൾ വേദിയെ വികാരസാന്ദ്രമാക്കി. ഡോ. ഓമന ചെയർ ആയ ബ്രിട്ടീഷ് ഏഷ്യൻ വിമൻസ് നെറ്റ് വർക്കിനെ പ്രതിനിധീകരിച്ച് നിഷ്യ അനുശോചന യോഗത്തിൽ നന്ദി പ്രകാശിപ്പിച്ചു.

ന്യൂഹാം മാനർ പാർക്കിലെ ട്രിനിറ്റി ഹാളിൽ വെച്ച് ഹിന്ദുമതാചാര പ്രകാരം മലയാളത്തിലും തമിഴിലും നടന്ന മരണാനന്തര കർമ്മങ്ങൾക്കു പൂജാരി മുരുകാനന്ദൻ നേതൃത്വം നൽകി. തുടർന്ന് സിറ്റി ഓഫ് ലണ്ടൻ ശ്‌മശാനത്തിലേക്ക് മൃതദേഹം എത്തിച്ച് അവിടെ ദഹന കർമ്മം നടത്തി. അന്ത്യോപചാര കർമ്മത്തിൽ സാക്ഷ്യം വഹിക്കുവാൻ വൻ ജനാവലിയാണ് എത്തിയത്.

കഴിഞ്ഞ മാസം ഫെബ്രുവരി 12 ന് ലണ്ടനിലെ ന്യൂഹാം യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കവെയാണ് ഗംഗാധരൻ നിര്യാതനാവുന്നത്. ഫെബ്രുവരി 27 ന് ന്യൂഹാമിലെ സ്ട്രാറ്റ്ഫോർഡ് ടൗൺ ഹാളിൽ ചേർന്ന ഫുൾബഞ്ച് കൗൺസിൽ യോഗത്തിൽ വെച്ച് പരേതനോടുള്ള ആദരസൂചകമായി അനുശോചനം രേഖപ്പെടുത്തുകയും, ഒരു മിനിറ്റ് മൗന പ്രാർത്ഥന അർപ്പിക്കുകയും ചെയ്തിരുന്നു.

ഗംഗാധരൻ സിങ്കപ്പൂരിൽ നിന്നുമാണ് ലണ്ടനിൽ എത്തുന്നത്. നാലു പതിറ്റാണ്ടിലേറെയായി ലണ്ടനിൽ ട്രേഡ് യൂണിയൻ രംഗത്തും, സാമൂഹ്യ രംഗത്തും സജീവമായിരുന്ന ഗംഗാധരൻ ലണ്ടനിൽ ശ്രീനാരായണ ഗുരു മിഷൻ സ്ഥാപകരിലൊരാളും, പ്രസ്ഥാനത്തിനായി നിരവധിയായ സംഭാവനകൾ നല്കിയിട്ടുമുള്ള വ്യക്തിയാണ്.

ചെറു പ്രായത്തിൽ തന്നെ സിംഗപ്പൂരിലേക്ക് കുടിയേറിയ ഗംഗാധരൻ അവിടെ തന്റെ വിദ്യാഭ്യാസ കാലഘട്ടത്തിൽ ബോയ്സ് സ്‌കൗട്ടിൽ സജീവമായിരുന്നു. ലണ്ടനിൽ വന്നശേഷവും സ്‌കൗട്ടിനു പ്രോത്സാഹനം നൽകിപ്പോന്നിരുന്ന ഗംഗാധരൻ തന്റെ മരണാന്തര കർമ്മങ്ങളിൽ പൂക്കൾക്കും, റീത്തുകൾക്കും പകരം ന്യൂഹാം സ്കൗട്ട്സ്, ഡിമെൻഷ്യാ യു കെ എന്നീ പ്രസ്ഥാനങ്ങൾക്കായി സ്വരൂപിക്കുന്ന ചാരിറ്റി ഫണ്ടിലേക്ക് സംഭാവന നൽകണമെന്ന് അഭ്യർത്ഥിച്ചിരുന്നു. ലണ്ടനിൽ വെച്ചു നടന്ന സ്കൗട്ടിന്റെ നൂറാം വാർഷികത്തിൽ അതിഥി ആയും പങ്കുചേരുവാൻ ഗംഗാധരന് അവസരം ലഭിച്ചിരുന്നു.

ആലപ്പുഴ കൊമ്മാടി വെളിയിൽ വീട്ടിൽ പരേതരായ മാധവന്റെയും കാർത്ത്യായനി അമ്മയുടെയും മകനാണ് ഗംഗാധരൻ. ഭാര്യ ഡോ. ഓമന ഗംഗാധരൻ, ചങ്ങനാശ്ശേരി സായി കൈലാസ് കുടുംബാംഗമാണ്. (ഗംഗ കൈലാസ്, 158A ,ലാതാം റോഡ്, E6 2DY, ലണ്ടൻ). കാർത്തിക , കണ്ണൻ ഗംഗാധരൻ എന്നിവർ മക്കളാണ്. ഡോ. സൂരജ് മരുമകനും, അഡ്വ. അതുൽ സൂരജ് ചെറുമകനുമാണ്.

അന്ത്യോപചാര കർമ്മങ്ങൾക്ക് ശേഷം ബ്ളാക്ക് ഹാൾ സ്വാമി നാരായണ സ്പോർട്സ് സെന്ററിൽ ക്രമീകരിച്ചിരുന്ന സ്നേഹ സൽക്കാരത്തിൽ ഏവരും പങ്കു ചേരുകയും ദുംഖാർത്തരായ ഡോ. ഓമനയോടും കുടുംബാംഗങ്ങളുമായി സംസാരിച്ചും, സാന്ത്വനം പകർന്നുമാണ് തിരിച്ച് പോയത്.

ഗിരി വിദ്യാധരൻ (ഗുരുമിഷൻ യു കെ) ശ്രീനാരായണ ഗുരു രചിച്ച ദൈവ ദശകം ആലപിച്ചൂ പ്രാർത്ഥിച്ചു കൊണ്ടാണ് ക്രിമറ്റോറിയത്തിലെ മരണാനന്തര കർമ്മങ്ങൾ ആരംഭിച്ചത്.ദേവാസന സായി ‘ഹരിവരാസനം’ പാടിക്കൊണ്ട് പ്രാർത്ഥനാപൂർവ്വം ആത്മാവിനു നിത്യശാന്തി നേർന്ന് അനുശോചന യോഗ നടപടികൾക്ക് പരിസമാപ്തിയായി.

വീടുവീടാന്തരം ആരോഗ്യസേവനങ്ങൾ എത്തിച്ചിരുന്ന ആശാപ്രവർത്തകർ സെക്രട്ടേറിയറ്റിന് മുന്നിൽ മഴയെയും വെയിലിനെയും അതിജീവിച്ച് നടത്തുന്ന രാപ്പകൽ സമരത്തിന് ഇന്ന് ഒരുമാസം. ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കുന്നത് വരെ സമരം തുടരുമെന്നാണ് ആശമാരുടെ നിലപാട്. എന്നാൽ സംസ്ഥാന സർക്കാരിന് ഒന്നും ചെയ്യാനില്ലെന്ന് അധികാരികളും ആവർത്തിക്കുന്നതോടെ സമരത്തിന്റെ ഭാവി തുലാസിലാണ്.

കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ നടക്കുന്ന സമരം അടുത്തഘട്ടത്തിലേക്ക് കടക്കുന്നതിന്റെ ഭാഗമായി തിങ്കളാഴ്ച സെക്രട്ടേറിയറ്റ് ഉപരോധിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് വി.കെ.സദാനന്ദൻ സമരപന്തലിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു.പൊതുജന പിന്തുണയും ജനകീയ പങ്കാളിത്തവും ആർജിച്ച ജനകീയഹസമരത്തോട് മുഖം തിരിഞ്ഞു നിൽക്കുന്ന സമീപനമാണ് സർക്കാർ സ്വീകരിക്കുന്നത്. 18 മണിക്കൂർ വരെ തുടർച്ചയായി ജോലി എടുക്കുകയും തുച്ഛ വേതനം ലഭിക്കുകയും ചെയ്യുന്ന സ്ത്രീ തൊഴിലാളികളെ സർക്കാർ പാടെ അവഗണിക്കുകയാണ്.

സമരത്തെ തകർക്കാനും ആശാവർക്കർമാരെ ഭീഷണിപ്പെടുത്താനും പല ശ്രമങ്ങളും നടക്കുന്നുണ്ടെന്നും സദാനന്ദൻ പറഞ്ഞു. ജനറൽ സെക്രട്ടറി എം.എ.ബിന്ദു, സംസ്ഥാന വൈസ് പ്രസിഡന്റ് എസ്.മിനി, ജില്ലാ പ്രസിഡന്റ് കെ.പി.റോസമ്മ എന്നിവർ പങ്കെടുത്തു.

തിരുവല്ലയിലെ എംഡിഎംഎ കേസില്‍ പോലീസിനെതിരെ ഗുരുതര ആരോപണവുമായി പ്രതിയുടെ ഭാര്യ. പ്രതി ലഹരി കടത്തിനായി സ്വന്തം മകനെ ഉപയോഗിച്ചെന്നത് പോലീസ് ഉണ്ടാക്കിയ കെട്ടുകഥയെന്നാണ് ആരോപണം.

മകന്റെ ശരീരത്തില്‍ എംഡിഎംഎ പൊതികള്‍ ഒട്ടിച്ച്‌ വില്‍പ്പന നടത്തിയിട്ടില്ലെന്നും ഒരു വർഷമായി ഭർത്താവുമായി പിരിഞ്ഞു കഴിയുകയാണെന്നും ഇവർ പറയുന്നു. ഡിവൈഎസ്പിക്ക് അബദ്ധം പറ്റിയതാ പോലീസ് വീട്ടിലെത്തി പരാതി എഴുതി നല്‍കാൻ കുടുംബത്തോട് ആവശ്യപ്പെടുന്ന സിസിടിവി ദൃശ്യം സഹിതമാണ് പരാതി കൊടുത്തത്. ആരോപണം തള്ളിയ പോലീസ് കുട്ടിയെ ലഹരി വില്‍പനയ്ക്ക് ഉപയോഗിച്ചെന്ന കേസ്, അമ്മയുടെ മൊഴിപ്രകാരം രജിസ്റ്റർ ചെയ്തതാണെന്ന് തിരുവല്ല ഡിവൈഎസ്പിയും വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് 39കാരനെ എംഡിഎംഎയുമായി പൊലീസ് പിടികൂടിയത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് കുട്ടിയെ ഉപയോഗിച്ച്‌ ലഹരി വില്പന നടത്തിയിരുന്നുവെന്ന് കണ്ടെത്തിയത്. എംഡിഎംഎ അടക്കമുള്ള ലഹരി വസ്തുക്കള്‍ സ്കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് വില്‍പ്പന നടത്തുന്നതിനായാണ് മകനെ ഉപയോഗിച്ചതെന്നാണ് പ്രതി മൊഴി നല്‍കിയത്. പത്തു വയസുകാരനായ മകന്‍റെ ശരീരത്തില്‍ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ എംഡിഎംഎ സെല്ലോ ടേപ്പ് ഉപയോഗിച്ച്‌ ഒട്ടിച്ചുവെക്കും. ഇതിനുശേഷം ഇരുചക്ര വാഹനത്തിലോ കാറിലോ കുഞ്ഞിനെ ഒപ്പം കൊണ്ടുപോകും. തുടര്‍ന്ന് സാധരണ നിലയില്‍ ആര്‍ക്കും സംശയം തോന്നാത്ത രീതിയില്‍ ആവശ്യക്കാർക്ക് രാസലഹരി നല്‍കാറുണ്ടെന്നായിരുന്നു മൊഴി.

മെഡിക്കല്‍ വിദ്യാർഥികള്‍ക്കാണ് പ്രധാനമായും ഇയാള്‍ ലഹരിയെത്തിച്ച്‌ നല്‍കിയതെന്നും ഭാര്യവീട്ടില്‍ നിന്നാണ് പ്രതിയെ പിടികൂടിയതെന്നും കൂടുതല്‍ അന്വേഷണം നടത്തുമെന്നും തിരുവല്ല ഡിവൈഎസ്‍പി എസ് അഷാദ് ഇന്നലെ വ്യക്തമാക്കിയിരുന്നു. ഇതിലാണ് പ്രതിയുടെ ഭാര്യയും കുട്ടിയുടെ അമ്മയുമായ യുവതി പോലീസിനെതിരെ ആരോപണവുമായി രംഗത്ത് വന്നത്.

ന്യുമോണിയ കാരണം ഫ്രാൻസിസ് മാർപ്പാപ്പയുടെ ജീവൻ അപകടത്തിലാകുന്ന സ്ഥിതി നിലവിലില്ലെന്ന് ഡോക്ടർമാർ. ചൊവ്വാഴ്ചയാണ് ഡോക്ടർമാർ ഇക്കാര്യം അറിയിച്ചത്. ജീവനാപത്തില്ലെങ്കിലും മാർപാപ്പയുടെ പ്രായവും ഇതുവരെയുള്ള രോഗാവസ്ഥയും കണക്കിലെടുത്ത് ആശുപത്രിയിൽത്തന്നെ ചികിത്സ തുടരുമെന്ന് വത്തിക്കാൻ അറിയിച്ചു.

മലയാള സിനിമയെ പിടിച്ചുലച്ച ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിലെ തുടര്‍ നടപടികള്‍ അവസാനിപ്പിക്കാന്‍ ഒരുങ്ങി പൊലീസ്.

കമ്മിറ്റിക്ക് മൊഴി നല്‍കിയവര്‍ പിന്നീട് പൊലീസിന് മൊഴി നല്‍കാനോ അന്വേഷണത്തില്‍ സഹകരിക്കാനോ തയ്യാറാകാത്ത സാഹചര്യത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ എഴുതി തള്ളിയേക്കും. ഈ മാസം അവസാനത്തോടെ ഇതിനായി കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

സിനിമാ മേഖലയിലെ ലൈംഗിക ചൂഷണം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഹേമാ കമ്മിറ്റിക്ക് മുമ്പാകെ നല്‍കിയ പരാതിയുടെയും മൊഴിയുടെയും അടിസ്ഥാനത്തിലായിരുന്നു അന്വേഷണ സംഘം കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. നാല്‍പതോളം കേസുകള്‍ ആണ് രജിസ്റ്റര്‍ ചെയ്തിരുന്നത്.

ഇതില്‍ ഒന്‍പത് കേസുകള്‍ മാത്രമാണ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം നല്‍കിയത്. മറ്റ് കേസുകളില്‍ തുടര്‍ നടപടികളുമായി സഹകരിക്കാന്‍ ഇരകള്‍ ആരും തയ്യാറായില്ല. ഈ കേസുകളില്‍ ഭൂരിഭാഗത്തിലും നടപടികള്‍ അവസാനിപ്പിക്കേണ്ട സാഹചര്യമാണ് എന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്.

പന്ത്രണ്ടോളം കേസുകളില്‍ ഇരകള്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ നല്‍കേണ്ട രഹസ്യമൊഴി പോലും നല്‍കാന്‍ തയ്യാറായില്ല. ഇക്കാര്യങ്ങള്‍ കോടതിയെ ബോധിപ്പിക്കും. തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് തീരുമാനങ്ങള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം ഈ ആഴ്ച യോഗം ചേരുമെന്നും ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു.

അതേസമയം, ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിന് പിന്നാലെ ഉയര്‍ന്ന പരാതികളില്‍ മുകേഷ്, സിദ്ദിഖ്, ജയസൂര്യ, മണിയന്‍പിള്ള രാജു, ഇടവേള ബാബു തുടങ്ങിയ നടന്മാരെ പ്രതികളാക്കി കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. പിന്നീട് കോടതി നിര്‍ദേശത്തെ തുടര്‍ന്ന് കമ്മിറ്റി റിപ്പോര്‍ട്ടിലെ മൊഴിപ്രകാരം കേസുകള്‍ എടുക്കുകയും ചെയ്തിരുന്നു.

വിദ്വേഷ പരാമർശക്കേസിൽ കോടതി ജാമ്യം നൽകിയതിന് പിന്നാലെ വീണ്ടും വിവാദ പരാമർശവുമായി ബി.ജെ.പി നേതാവ് പി.സി. ജോർജ്. കേരളത്തിൽ ലൗ ജിഹാദ് വർധിക്കുന്നുവെന്നും ക്രിസ്ത്യാനികൾ 24 വയസ്സിന് മുമ്പ് പെൺകുട്ടികളെ വിവാഹം കഴിപ്പിക്കണമെന്നും പി.സി ജോർ‌ജ് പറഞ്ഞു. പാലായില്‍ നടന്ന കെ.സി.ബി.സിയുടെ ലഹരിവിരുദ്ധ സെമിനാറിലാണ് പി.സി ജോര്‍ജിന്റെ പരാമര്‍ശം.

“മീനച്ചില്‍ താലൂക്കില്‍ മാത്രം നാനൂറോളം പെണ്‍കുട്ടികളെയാണ് ലൗ ജിഹാദിലൂടെ നമുക്ക് നഷ്ടപ്പെട്ടത്. 41 പേരെ മാത്രമാണ് തിരിച്ചുകിട്ടിയത്. ഇന്നലെ ഒരു കൊച്ചുപോയി. വയസ്സ് 25. ഇന്നലെ രാത്രി ഒമ്പതരക്കാണ് പോയത്. തപ്പിക്കൊണ്ടിരിക്കുകയാണ്. ഞാന്‍ ചോദിക്കട്ടെ 25 വയസുവരെ ആ പെണ്‍കുട്ടിയെ പിടിച്ചുവെച്ച അപ്പനിട്ട് അടികൊടുക്കണ്ടേ. എന്താ അതിനെ കെട്ടിച്ചുവിടാഞ്ഞെ. നമ്മള്‍ ചര്‍ച്ച ചെയ്യേണ്ട ഒരു പ്രശ്‌നമാണത്.” പി.സി. ജോർജ് പറഞ്ഞു.

ഒരു 22 – 23 വയസാകുമ്പോള്‍ ആ കുഞ്ഞിനെ കെട്ടിച്ചുവിടണ്ടേ, ആ മര്യാദ കാണിക്കണ്ടേ. 25 വയസായിരുന്നപ്പോൾ എനിക്ക് തോന്നിയല്ലോ പെണ്‍കുട്ടികളെ കാണുമ്പോ സന്തോഷം. അപ്പോള്‍ ഒരു പെണ്‍കൊച്ചിന് ആണുങ്ങളെ കാണുമ്പോള്‍ സന്തോഷം തോന്നില്ലേ. ഇത് റിയാലിറ്റിയാണ്. മനുഷ്യസഹജമായ ദൗര്‍ബല്യമാണ്. ഇതറിയാതെ പോയിട്ട് കാര്യമൊന്നുമില്ല. ഒരു 28-29 ആയാല്‍ വല്ല ശമ്പളവും കിട്ടുന്നതാണെങ്കില്‍ കെട്ടിക്കില്ല. ആ ശമ്പളം അങ്ങ് ഊറ്റിയെടുക്കാമല്ലോ. അതാണ് പ്രശ്‌നം. ക്രിസ്ത്യാനികള്‍ നിര്‍ബന്ധമായും ഒരു 24 വയസ്സിനകം പെണ്‍കുട്ടികളെ കല്ല്യാണം കഴിപ്പിക്കണം-പി.സി ജോർജ് പറഞ്ഞു.

നേരത്തേ ടെലിവിഷൻ ചാനൽ ചർച്ചയിൽ നടത്തിയ വിദ്വേഷ പരാമർശത്തിന്റെ പേരിലായിരുന്നു പി.സി. ജോർജിനെതിരേ കേസെടുത്തത്. കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തെങ്കിലും ആരോ​ഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു അദ്ദേഹം. പിന്നാലെ ഈരാറ്റുപേട്ട മജിസ്ട്രേറ്റ് കോടതിപി.സിക്ക് ജാമ്യം അനുവദിച്ചു. ആരോഗ്യപ്രശ്നം കണക്കിലെടുത്താണ് ജാമ്യം പരിഗണിച്ചത്.

RECENT POSTS
Copyright © . All rights reserved