Latest News

തൊണ്ടിമുതല്‍ കേസില്‍ ആന്റണി രാജു എംഎല്‍എ വിചാരണ നേരിടണമെന്നും ഒരു വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കണമെന്നും സുപ്രീം കോടതി.

ആന്റണി രാജു നല്‍കിയ അപ്പീല്‍ തള്ളിക്കൊണ്ടാണ് സുപ്രീം കോടതി നിര്‍ദേശം. അടുത്ത മാസം 20 ന് ആന്റണി രാജു ഹാജരാകണം. ജസ്റ്റിസ് സി.ടി രവികുമാര്‍ അധ്യക്ഷനായ ബെഞ്ചാണ് വിധി പറഞ്ഞത്.

1990 ലായിരുന്നു കേസിനാസ്പദമായ സംഭവമെങ്കിലും 2024 വരെ കേസില്‍ വിചാരണ പോലും നടന്നിരുന്നില്ല. ജൂനിയര്‍ അഭിഭാഷകനായിരിക്കെ ലഹരിമരുന്ന് കേസിലെ തൊണ്ടി മുതലായ അടിവസ്ത്രത്തില്‍ ആന്റണി രാജു കൃത്രിമം നടത്തിയെന്നായിരുന്നു കേസ്.

കേസില്‍ പുനരന്വേഷണത്തിനുള്ള ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്തായിരുന്നു ആന്റണി രാജുവിന്റെ ഹര്‍ജി. കേസില്‍ രണ്ടാം പ്രതിയായ ആന്റണി രാജു കുറ്റം ചെയ്തിട്ടില്ലെന്നാണ് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നത്.

ടോം ജോസ് തടിയംപാട്

കഴിഞ്ഞ 20 വർഷം മലയാളം അധ്യാപികയായി ജോലിചെയ്ത മോളി ജോർജ് എന്ന അധ്യാപിക ഹൃദയാഘാതത്തെ തുടർന്ന് കഴിഞ്ഞ രണ്ടുവർഷമായി ചികിത്സിക്കാൻ വിഷമിക്കുന്നു. സർക്കാരിൽനിന്നും കിട്ടാനുള്ള ആനുകൂല്യത്തിന് കാത്തിരിക്കുന്നു. നിങ്ങൾ സഹായിച്ചില്ലെങ്കിൽ ചികിത്സ മുൻപോട്ടു കൊണ്ടുപോകാൻ കഴിയില്ല…ടീച്ചർ ഇടുക്കി കരിമ്പൻ സ്വദേശിയാണ് കോതമംഗലം പൈങ്ങോട്ടൂരിൽ നിന്നും ഇടുക്കിയിൽ ജോലികിട്ടി കരിമ്പനിൽ താമസമാക്കിയത് മൂന്നു കുട്ടികളും ഭർത്താവും അടങ്ങുന്ന കുടുംബം വാടകവീട്ടിലാണ് താമസിക്കുന്നത്.

ടീച്ചർ എനിക്ക് അയച്ച സന്ദേശം താഴെക്കൊടുക്കുന്നു ദയവായി സഹായിക്കുക ടീച്ചറിന്റെ രോഗം വരുന്നതിനു മുൻപും പിൻപും ഉള്ള ഫോട്ടോ പ്രസിദ്ധീകരിക്കുന്നു

Respected sir. .
ഞാൻ മോളി ജോർജ് അധ്യാപിക സെന്റ് ജോർജ് എച്ച് എസ് വാഴത്തോപ്പ്.
ഞാൻ രണ്ടുവർഷമായി ഹൃദയസംബന്ധമായ അസുഖത്തെത്തുടർന്ന് ചികിത്സയിലാണ് ജോലിക്കു പോകാൻ വയ്യാതെ കിടപ്പിലാണ്. വയറ്റിൽ വെള്ളം കെട്ടുകയും ചെയ്യുന്നു. ആലുവ രാജഗിരി ഹോസ്പിറ റലിൽ രണ്ടുവർഷമായി ചികിത്സ നടത്തുന്നു. ഇപ്പോൾ കീമോ പോട്ട് എന്ന ചികിത്സാ രീതിയാണ് ചെയ്തിരിക്കുന്നു ഹൃദയത്തിന് പമ്പിങ്ങിനു വേണ്ടി ഇത് ആഴ്ചയിൽ 6 ദിവസം ആകുമ്പോൾ മാറ്റണം മരുന്ന് രണ്ട് എം എൽ വീതം മണിക്കൂറിൽ എന്ന രീതിയിൽ അതിനായി പതിനെണ്ണായിരം രൂപ ചെലവു വരും. കൂടാതെ 15 ദിവസം കൂടുമ്പോൾ വയറ്റിലെ വെള്ളം എടുത്ത കളയണം അതിനായി 16000 രൂപയും ഇപ്പോൾ വെള്ളം എടുക്കാറായിട്ടുണ്ട് ക്യാഷ് ഇല്ലാതെ വിഷമിക്കുകയാണ്

സാർ ഒരു പാട് നല്ല കാര്യങ്ങൾ ചെയ്യുന്നുണ്ടല്ലോ സഹായിക്കണം

ജോലി ഇല്ലാത്തതു കൊണ്ട് ശമ്പളവും ഇല്ല. ഉണ്ടായിരുന്നതെല്ലാം തീർന്നു കടങ്ങൾ ബാക്കി ഇത്രയും സുഹൃത്തുക്കളും വിദ്യാർത്ഥിക ളും സഹായിച്ചിരുന്നു ഇനി ആരോടും ചോദിക്കാനില്ല’ സാർ ദയവായി സഹായിക്കണം.

ടീച്ചറിന്റെ ഫോൺ നമ്പർ 0091 9961912032. ഞാൻ ടീച്ചറിന് പ്രാഥമിക സഹായം ചെയ്യാൻ ഏർപ്പാട് ചെയ്തിട്ടുണ്ട് പക്ഷെ ചികിത്സ മുൻപോട്ടു കൊണ്ടുപോകാൻ സഹായിക്കണം നിങ്ങളുടെ സഹായങ്ങൾ താഴെകാണുന്ന ഇടുക്കി ചാരിറ്റി ഗ്രൂപ്പിന്റെ അക്കൗണ്ടിൽ ;നൽകുക

ഇടുക്കി ചാരിറ്റിക്കു നേതൃത്വ൦കൊടുക്കുന്നത് സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ്‌ 07803276626.. .എന്നിവരാണ് .ഞങ്ങളുടെ രക്ഷാധികാരി ബഹുമാനപ്പെട്ട തമ്പി ജോസാണ്‌ .
ദാരിദ്രൃം എന്തെന്നറിഞ്ഞവർക്കെ പാരിൽ പരക്ലേശവിവേകമുള്ളു.””,

ACCOUNT NAME , IDUKKI GROUP
ACCOUNT NO 50869805
SORT CODE 20-50.-82
BANK BARCLAYS.

 

സമീക്ഷ യുകെ ഏഴാം ദേശീയ സമ്മേളനത്തിന്റെ ഭാഗമായ ഏരിയ സമ്മേളനങ്ങൾ പൂർത്തിയായി. വെയിൽസ്, ബിർമിങ്ഹാം ഏരിയാ സമ്മേളനങ്ങളാണ് ഏറ്റവും ഒടുവിൽ സമാപിച്ചത്. ഈ മാസം പത്തിന് മാഞ്ചസ്റ്ററിലായിരുന്നു ആദ്യ ഏരിയ സമ്മേളനം. കഴിഞ്ഞ കാലങ്ങളിലെ പ്രവർത്തനങ്ങൾ സമ്മേളനങ്ങൾ വിലയിരുത്തി. യൂണിറ്റ് സമ്മേളനങ്ങളിൽ നിന്നും ലഭിച്ച ക്രിയാത്മക നിർദ്ദേശങ്ങൾ ചർച്ച ചെയ്തു. പുതിയ കാലത്തിനൊത്ത് ഭാവി പരിപാടികൾ രൂപപ്പെടുത്തി. പങ്കാളിത്തത്തിൽ മുൻ സമ്മേളനങ്ങളെ കവച്ചുവെയ്ക്കുന്നതായിരുന്നു ഇത്തവണത്തേത്. ഓരോ ഏരിയാ കമ്മിറ്റികൾക്കും പുതിയ നേതൃത്വം നിലവിൽ വന്നു. അനുഭവ സമ്പത്തും യുവത്വവും ചേർന്ന കമ്മിറ്റികളിൽ വനിതാ പ്രാതിനിധ്യവും ഉറപ്പാക്കി. പ്രവർത്തന സൗകര്യത്തിനായി നോർത്തേൺ അയർലണ്ടിൽ പുതിയ ഏരിയ കമ്മറ്റി രൂപീകരിച്ചു. ഇതോടെ നാഷണൽ കമ്മിറ്റിക്ക് കീഴിലുള്ള ഏരിയ കമ്മിറ്റികളുടെ എണ്ണം അഞ്ചായി.

മാഞ്ചസ്റ്റർ ഏരിയ സെക്രട്ടറിയായി ഷിബിൻ കാച്ചപ്പള്ളിയേയും ജോയിന്റ് സെക്രട്ടറിയായി സ്വരൂപ് കൃഷ്ണനെയും തെരഞ്ഞെടുത്തു. ആതിര രാമകൃഷ്ണനാണ് നോർത്തേൺ അയർലണ്ട് ഏരിയ സെക്രട്ടറി. രഞ്ജു രാജുവാണ് ജോയിന്റ് സെക്രട്ടറി. ലണ്ടൻ ഏരിയ സെക്രട്ടറിയായി അൽമിഹറാജും ജോയിന്റ് സെക്രട്ടറിയായി അജീഷ് ഗണപതിയാടനും ലണ്ടൻ ഏരിയ കമ്മിറ്റിയെ നയിക്കും. വെയിൽസ് കമ്മിറ്റിയുടെ പുതിയ സെക്രട്ടറിയായി അഖിൽ ശശിയും ജോയിന്റ് സെക്രട്ടറിയായി ഐശ്വര്യ നിഖിലും ചുമതലയേറ്റു. മണികണ്ഠൻ കുമാരനും ഏരിയ സെക്രട്ടറിയായും, ജോയിന്റ് സെക്രട്ടറിയായി ബിപിൻ ഫിലിപ്പുമാണ് ബിർമിങ്ഹാം കമ്മിറ്റിയുടെ പുതിയ നേതൃത്വം.

ഈ മാസം 30ന് ബിർമിങ്ഹാമിലെ ഹോളി നെയിം പാരിഷ് സെന്‍റർ ഹാളിലാണ് ഏഴാമത് സമീക്ഷ യുകെ ദേശീയ സമ്മേളനം. സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം കെ കെ ശൈലജ ടീച്ചർ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. സമീക്ഷയുടെ 33 യൂണിറ്റുകളിൽ നിന്നായി ഇരുന്നൂറോളം പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും. സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗവും മന്ത്രിയുമായ എംബി രാജേഷ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും.

 

പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ ആദ്യാവസാനം നിറഞ്ഞതുനിന്നത് വിവാദങ്ങൾ. സ്ഥാനാർഥിപ്രഖ്യാപനം മുതൽ തുടങ്ങിയ വിവാദങ്ങൾ നിശ്ശബ്ദപ്രചാരണദിവസമായ ചൊവ്വാഴ്ചയും തുടർന്നു. ഒരു ദിവസംപോലും ഇടവേളയില്ലാതെ വിവാദങ്ങളുടെ കുത്തൊഴുക്കായിരുന്നു. ബുധനാഴ്ചയാണ് വോട്ടെടുപ്പ്.

യു.ഡി.എഫിന്റെ സ്ഥാനാർഥിപ്രഖ്യാപനത്തിൽ എതിർപ്പുമായി ഡോ. പി. സരിൻ രംഗത്തെത്തിയതോടെയാണ് വിവാദങ്ങളുടെ തുടക്കം. സരിൻ പിന്നീട് എൽ.ഡി.എഫ്. സ്വതന്ത്രസ്ഥാനാർഥിയായി. മൂന്നു മുന്നണികളും പരസ്പരം ഡീൽ ആരോപണവുമായി രംഗത്തെത്തി. ട്രോളി വിവാദം, പാതിരാറെയ്ഡ് നാടകം, ഇരട്ടവോട്ട്, സന്ദീപ് വാരിയരുടെ കോൺഗ്രസിലേക്കുള്ള വരവ്, സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻറെ പ്രസംഗം തുടങ്ങിയവയും ചർച്ചയായി. രണ്ട് ദിനപത്രങ്ങളിൽ എൽ.ഡി.എഫ്. നിയോജകമണ്ഡലം കമ്മിറ്റി പ്രസിദ്ധീകരിച്ച പരസ്യത്തിലെ ഉള്ളടക്കത്തെച്ചൊല്ലിയുള്ള ആരോപണങ്ങളാണ് അവസാനദിവസം വിവാദത്തിന് വഴിതുറന്നത്. ഉള്ളടക്കത്തെ സി.പി.എം. ന്യായീകരിച്ചപ്പോൾ സി.പി.ഐ. ജില്ലാസെക്രട്ടറി അത് എൽ.ഡി.എഫ്. അറിഞ്ഞതല്ലെന്ന് തുറന്നുപറഞ്ഞതോടെ മുന്നണിക്കകത്തുതന്നെ രണ്ട്‌ അഭിപ്രായമുണ്ടെന്ന് വ്യക്തമായി.

ലോക്‌സഭാതിരഞ്ഞെടുപ്പ് കഴിഞ്ഞതുമുതൽ കോൺ‌ഗ്രസും സി.പി.എമ്മും ബി.ജെ.പി.യും മണ്ഡലത്തിൽ പുതിയ വോട്ടർമാരെ ചേർത്തിരുന്നു. ഇത് ഒടുവിൽ ഇരട്ടവോട്ട് വിവാദത്തിലേക്കുമെത്തി. കഴിഞ്ഞ തവണത്തേക്കാൾ പോളിങ് ശതമാനം ഉയർത്താനാണ് എല്ലാ കക്ഷികളുടേയും ശ്രമം. കുളം കലക്കിയ പ്രചാരണതന്ത്രങ്ങളും വിവാദങ്ങളും പാലക്കാട്ടെ വോട്ടർമാരെ എങ്ങനെ സ്വാധീനിച്ചുവെന്നറിയാൻ വോട്ടെണ്ണൽ നടക്കുന്ന 23 വരെ കാത്തിരിക്കേണ്ടിവരും.

സംഗീത സംവിധായകനും ഗായകനുമായ എആര്‍ റഹ്‌മാനും ഭാര്യ സൈറയും വിവാഹമോചനം നേടി. സൈറയുടെ അഭിഭാഷക വന്ദന ഷായാണ് ഇരുവരും വേര്‍പിരിയാനുള്ള തീരുമാനത്തെക്കുറിച്ച്‌ ഔദ്യോഗിക പ്രസ്താവന പുറത്തിറക്കിയത്. ഭര്‍ത്താവുമായി വേര്‍പിരിയുന്നതായി സൈറ തന്നെയാണ് തുറന്ന് പറഞ്ഞത്. 1995 ല്‍ ആയിരുന്നു റഹ്‌മാന്‍ – സൈറ വിവാഹം.

”വിവാഹം കഴിഞ്ഞ് വര്‍ഷങ്ങള്‍ക്ക് ശേഷം സൈറ തന്റെ ഭര്‍ത്താവ് എആര്‍ റഹ്‌മാനില്‍ നിന്ന് വേര്‍പിരിയാനുള്ള തീരുമാനമെടുത്തിരിക്കുന്നു. ബന്ധം തുടര്‍ന്ന് പോകുന്നതിലെ വൈകാരിക സമ്മര്‍ദ്ദത്തിന്റെ അടിസ്ഥാനത്തിലാാണ് ഈ തീരുമാനം. പരസ്പരം അഗാധമായ സ്‌നേഹം ഉണ്ടായിരുന്നിട്ടും പിരിമുറുക്കങ്ങളും ബുദ്ധിമുട്ടുകളും തങ്ങള്‍ക്കിടയില്‍ പരിഹരിക്കാനാകാത്ത വിടവ് സൃഷ്ടിച്ചതായി ഇരുവരും കണ്ടെത്തി’, പ്രസ്താവനയില്‍ പറയുന്നു.

ഈ സാഹചര്യത്തില്‍ പ്രശ്‌നപരിഹാരം സാധ്യമല്ല. വേദനയും നിരാശയും കൊണ്ടാണ് താന്‍ ഈ തീരുമാനമെടുത്തതെന്ന് സൈറ വ്യക്തമാക്കി. ഈ പ്രയാസകരമായ സന്ദര്‍ഭത്തില്‍ സൈറയുടെ സ്വകാര്യത മാനിക്കണം എന്നും വന്ദന ഷാ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. ഖത്തീജ, റഹീമ, അമീന്‍ എന്നിങ്ങനെ മൂന്ന് കുട്ടികളാണ് റഹ്‌മാന്‍-സൈറ ദമ്ബതികള്‍ക്കുള്ളത്. ഗുജറാത്തി കുടുംബത്തില്‍ നിന്നുള്ളയാളായിരുന്നു സൈറാ ബാനു.

തങ്ങളുടേത് അറേഞ്ച്ഡ് മാര്യേജ് ആണ് എന്ന് റഹ്‌മാന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. അമ്മയാണ് സൈറയെ കണ്ടെത്തിയത് എന്നും താന്‍ അക്കാലത്ത് സംഗീതവുമായി ബന്ധപ്പെട്ട് വലിയ തിരക്കിലായിരുന്നു എന്നുമാണ് സിമി ഗരേവാളുമായുള്ള ഒരു ചാറ്റ് ഷോയില്‍ എആര്‍ റഹ്‌മാന്‍ പറഞ്ഞിരുന്നത്. ‘സത്യം പറഞ്ഞാല്‍ എനിക്ക് വധുവിനെ അന്വേഷിക്കാന്‍ സമയമില്ലായിരുന്നു. സിനിമകളും രംഗീലയുമെല്ലാം ഞാന്‍ ബോംബെയില്‍ ചെയ്യുന്ന കാലമായിരുന്നു.

എങ്കിലും വിവാഹം കഴിക്കാന്‍ പറ്റിയ സമയമാണിതെന്ന് എനിക്കറിയാമായിരുന്നു. 29 വയസായിരുന്നു അപ്പോള്‍ എനിക്ക് പ്രായം. എനിക്ക് ഒരു വധുവിനെ കണ്ടെത്തിക്കോളൂ എന്ന് ഞാന്‍ തന്നെ അമ്മയോട് പറയുകയായിരുന്നു,’ എന്നായിരുന്നു റഹ്‌മാന്‍ അന്ന് പറഞ്ഞിരുന്നത്. തന്നെ അധികം പ്രയാസപ്പെടുത്താത്ത ലാളിത്യമുള്ള ഒരാളെ കണ്ടെത്തണം എന്നായിരുന്നു താന്‍ പറഞ്ഞത് എന്നും റഹ്‌മാന്‍ കൂട്ടിച്ചേര്‍ത്തു.

ഓസ്‌കാര്‍ പുരസ്‌കാര ജേതാവായ റഹ്‌മാന്‍ മിക്ക അവാര്‍ഡുകള്‍ ഏറ്റുവാങ്ങാനും സൈറയ്‌ക്കൊപ്പമായിരുന്നു പോയിരുന്നത്. ഈ വര്‍ഷം ജൂലൈയില്‍ നടന്ന അനന്ത് അംബാനിയുടെയും രാധിക മര്‍ച്ചന്റിന്റെയും വിവാഹ ചടങ്ങില്‍ ആണ് അവസാനമായി ഇരുവരും ഒന്നിച്ച്‌ ഒരു പൊതുപരിപാടിയില്‍ പ്രത്യക്ഷപ്പെട്ടത്.

വയനാട്ടിലെ ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തെ നിസാരവല്‍കരിച്ച മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ വി. മുരളീധരനെതിരെ പ്രതിഷേധം ശക്തമാകുന്നു.

‘വയനാട്ടില്‍ ഒരു നാട് മുഴുവന്‍ ഒലിച്ചു പോയിട്ടില്ല. ഒരു പഞ്ചായത്തിലെ മൂന്ന് വാര്‍ഡുകള്‍ മാത്രമാണ് ഉരുള്‍പ്പൊട്ടലില്‍ നശിച്ചത്’ എന്നായിരുന്നു മുരളീധരന്റെ പ്രസ്താവന.

മുന്‍ കേന്ദ്രമന്ത്രി കൂടിയായ ഒരു നേതാവ് ഇങ്ങനെ ഒരു പ്രസ്താവന നടത്തിയതില്‍ വലിയ പ്രതിഷേധമാണ് ഉയരുന്നത്. മുരളീധരന്‍ മലയാളികളോട് മാപ്പ് പറയണമെന്ന് എല്‍ഡിഎഫും കോണ്‍ഗ്രസും ആവശ്യപ്പെട്ടു.

ബിജെപിയുടെ തനിനിറം പുറത്തായെന്ന് ടി. സിദ്ദിഖ് എംഎല്‍എ പ്രതികരിച്ചു. ദുരന്തബാധിതരെ അപമാനിക്കുന്ന നിലപാട് അനുവദിക്കാനാവില്ലെന്നും ഏറ്റവും വലിയ ദുരന്തമാണ് ഉണ്ടായതെന്നും സിപിഎം നേതാവ് സി.കെ ശശീന്ദ്രന്‍ പറഞ്ഞു.

അതേസമയം ചൂരല്‍മല, , മുണ്ടക്കൈ ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തതിലും ദുരന്ത ബാധിതരോട് കേന്ദ്ര, കേരള സര്‍ക്കാറുകള്‍ കാണിക്കുന്ന അവഗണനയിലും പ്രതിഷേധിച്ച് ഇന്ന് യുഡിഎഫ് വയനാട് ജില്ലാ കമ്മിറ്റി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പുരോഗമിക്കുകയാണ്.

ഹര്‍ത്താലില്‍ നിന്ന് തിരഞ്ഞെടുപ്പ് സംബന്ധമായ ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് ഓടുന്ന വാഹനങ്ങള്‍, ഉദ്യോഗസ്ഥര്‍, ശബരിമല തീര്‍ത്ഥാടകര്‍, ആശുപത്രിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍, പാല്‍, പത്രം, വിവാഹ സംബന്ധമായ യാത്രകള്‍ തുടങ്ങിയവ ഒഴിവാക്കിയിട്ടുണ്ട്.

രാജ്യത്തെ പ്രമുഖ ഇന്‍ഷുറന്‍സ് കമ്പനിയായ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ (എല്‍ഐസി) പോര്‍ട്ടലിലെ ഭാഷ ഹിന്ദി മാത്രമാക്കി ചുരുക്കിയതില്‍ വ്യാപക വിമര്‍ശനം. ഹിന്ദി-പ്രാദേശിക ഭാഷ വിവാദം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് എല്‍ഐസി പ്രകോപനപരമായ നീക്കവുമായി രംഗത്തെത്തിയിരിക്കുന്നത്.

വലിയ രീതിയുലുള്ള വിമര്‍ശനങ്ങളാണ് സോഷ്യല്‍ മീഡിയകളില്‍ ഉയരുന്നത്. നിരവധി വ്യക്തികള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ ആശങ്ക പ്രകടിപ്പിച്ച് രംഗത്തെത്തി. എല്‍ഐസിയുടെ വെബ്‌സൈറ്റിന്റെ ഭാഷ പെട്ടെന്ന് ഹിന്ദിയിലേക്ക് മാറ്റിയത് ഹിന്ദി സംസാരിക്കാത്തവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കി.

തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനും സംഭവത്തില്‍ പ്രതിഷേധം അറിയിച്ചു. എല്‍ഐസി വെബ്‌സൈറ്റ് ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള ഒരു പ്രചരണ ഉപകരണമായി ചുരുക്കിയിരിക്കുന്നു. ഇംഗ്ലീഷ് തിരഞ്ഞെടുക്കാനുള്ള ഓപ്ഷന്‍ പോലും ഹിന്ദിയില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നുവെന്ന് എം.കെ സ്റ്റാലിന്‍ എക്സില്‍ കുറിച്ചു. നടപടി ഉടനടി പിന്‍വലിക്കണമെന്ന് അദേഹം ആവശ്യപ്പെട്ടു.

കേന്ദ്ര സര്‍ക്കാരിനൊപ്പം ചേര്‍ന്ന് എല്‍ഐസിയുടെ ബിസിനസിലും ലാഭത്തിലും വിട്ടു വീഴ്ച ചെയ്തുകൊണ്ട് ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നെന്ന് മധുരൈ ലോക്‌സഭാ മണ്ഡലത്തില്‍ നിന്നുള്ള സിപിഎം എം.പി വെങ്കിടേശന്‍ കുറ്റപ്പെടുത്തി.

ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദിഖിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ ബേല എം ത്രിവേദി, സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവരുടെ ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിക്കുക. കഴിഞ്ഞ ആഴ്ച ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടി സിദ്ദിഖിന്‍റെ അഭിഭാഷകന്‍ മുകുള്‍ റോഹ്തഗിയുടെ ആവശ്യപ്രകാരമാണ് കേസ് ഇന്നത്തേക്ക് മാറ്റിയത്.

സിദ്ദിഖ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന സര്‍ക്കാര്‍ വാദത്തിന് അഭിഭാഷകന്‍ ഇന്ന് കോടതിയില്‍ മറുപടി നല്‍കും. സിദ്ദിഖിനെതിരെ തെളിവുണ്ടെന്നും ജാമ്യം നല്‍കരുതെന്നുമാണ് സര്‍ക്കാര്‍ വാദം. കേസിലെ പരാതിക്കാരിയും ജാമ്യാപേക്ഷയെ എതിര്‍ക്കും. നിലവില്‍ ഇടക്കാല മുന്‍കൂര്‍ ജാമ്യത്തിലാണ് സിദ്ദിഖ്.

നേരത്തെ, ബലാത്സംഗ കേസിൽ സംസ്ഥാന സർക്കാരിന്‍റെ റിപ്പോർട്ടിന് സുപ്രീം കോടതിയിൽ സിദ്ദിഖ് മറുപടി സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. യാഥാർത്ഥ്യങ്ങൾ വളച്ചൊടിച്ചാണ് സംസ്ഥാനത്തിന്റെ റിപ്പോർട്ടെന്നും പരാതിക്കാരി ഉന്നയിക്കാത്ത കാര്യങ്ങൾ പോലും പൊലീസ് പറയുന്നുവെന്നും തനിക്കെതിരെ ഇല്ലാ കഥകൾ മെനയുകയാണെന്നും സിദ്ദിഖ് മറുപടി വാദത്തിൽ വിമർശിച്ചു.

തനിക്ക് ജാമ്യം ലഭിച്ചാൽ ഇരയ്ക്ക് നീതി ലഭിക്കില്ലെന്ന വാദം നിലനിൽക്കില്ല. കേസെടുക്കാൻ ഉണ്ടായ കാലതാമസത്തെക്കുറിച്ചുള്ള വിശദീകരണവും നിലനിൽക്കില്ല. ഡബ്ല്യുസിസി അംഗമായിട്ടും ഹേമ കമ്മിറ്റിക്ക് മുന്നിൽ പരാതിക്കാരി ഈ വിഷയം ഉന്നയിച്ചിട്ടില്ല. തനിക്കെതിരെ മാധ്യമ വിചാരണയ്ക്ക് പൊലീസ് അവസരം ഒരുക്കുകയാണെന്നും സിദ്ദിഖ് ആരോപിച്ചു.

തന്റെ പ്രണയത്തേക്കുറിച്ചും വിവാഹത്തേക്കുറിച്ചുമെല്ലാം പറയുന്ന ഡോക്യുമെന്ററിയിൽ നാനും റൗഡി താൻ എന്ന ചിത്രത്തിലെ മൂന്ന് സെക്കൻഡ് ദൈർഘ്യമുള്ള ദൃശ്യം ആവശ്യപ്പെട്ടതിന് നടൻ ധനുഷ് 10 കോടി രൂപ കോപ്പി റൈറ്റ് ഇനത്തിൽ ചോദിച്ചെന്ന നയൻതാരയുടെ തുറന്നുപറച്ചിൽ വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. ധനുഷ് തന്നോട് പകപോക്കുകയാണെന്നും അവർ പറഞ്ഞിരുന്നു. സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയിലൂടെ പറഞ്ഞ ഇക്കാര്യത്തിന് ഇപ്പോൾ ധനുഷിന്റെ അഭിഭാഷകൻ മറുപടി നൽകിയിരിക്കുകയാണ്. അതും ഒരു വക്കീൽ നോട്ടീസിന്റെ രൂപത്തിൽ.

തിങ്കളാഴ്ചയാണ് നെറ്റ്ഫ്ളിക്സിലൂടെ ‘നയൻതാര: ബിയോണ്ട് ദ ഫെയറി ടെയ്ൽ’ എന്ന ഡോക്യുമെന്ററി സീരീസ് പുറത്തുവന്നത്. ഇതിന് മുന്നോടിയായാണ് നയൻതാര ധനുഷിനെതിരെ തുറന്നടിച്ചുകൊണ്ടുള്ള കത്ത് പുറത്തുവിട്ടത്. ഇതിന് തൊട്ടുപിന്നാലെയാണ് ധനുഷിന്റെ അഭിഭാഷകൻ നയൻതാരയ്ക്കെതിരെ നോട്ടീസയച്ചത്. നെറ്റ്ഫ്ളിക്സ് ഡോക്യുമെന്ററിയിൽ ഉപയോ​ഗിച്ച ‘നാനും റൗഡി താൻ’ എന്ന ചിത്രത്തിലെ മൂന്ന് സെക്കൻഡ് ദൃശ്യം 24 മണിക്കൂറിനകം പിൻവലിക്കണമെന്നാണ് അദ്ദേഹം നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ഇല്ലെങ്കിൽ പ്രത്യാഘാതം 10 കോടി രൂപയിൽ ഒതുങ്ങില്ലെന്നും ​ഗുരുതരമായ നിയമനടപടി നേരിടേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഡോക്യുമെന്ററിൽ ഉൾപ്പെടുത്താനായി ധനുഷിനോട് അനുവാദം ചോദിച്ച പിന്നണി ദൃശ്യം ചിത്രീകരിച്ചത് തന്റെ ഫോണിലാണെന്ന നയൻതാരയുടെ വാദത്തിനും ധനുഷിന്റെ അഭിഭാഷകൻ മറുപടി പറയുന്നുണ്ട്. “എൻ്റെ കക്ഷി ഈ സിനിമയുടെ നിര്‍മാതാവാണ്, സിനിമയുടെ നിര്‍മാണത്തിനായി ഓരോ തുകയും എവിടെയാണ് ചെലവഴിച്ചതെന്ന് അദ്ദേഹത്തിനറിയാം. ബിഹൈൻഡ് ദ സീൻ ദൃശ്യങ്ങൾ ചിത്രീകരിക്കാൻ എൻ്റെ കക്ഷി ആരെയും ചുമതലപ്പെടുത്തിയിട്ടില്ല.” അഭിഭാഷകൻ പറഞ്ഞു. ഈ നോട്ടീസിന്റെ പേജുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

നയൻതാരയുടെ പിറന്നാളിനോടനുബന്ധിച്ചാണ് ഡോക്യുമെന്ററി പുറത്തിറങ്ങിയിരിക്കുന്നത്. നയൻതാരയെ നായികയാക്കി വിഘ്നേഷ് ശിവൻ സംവിധാനം ചെയ്ത ‘നാനും റൗഡി താൻ’ എന്ന സിനിമ നിർമിച്ചത് ധനുഷ് ആയിരുന്നു. ആ സിനിമയുടെ സെറ്റിൽ വച്ചാണ് നയൻതാരയും വിഘ്നേഷും പ്രണയത്തിലാകുന്നത്.

സീരിയല്‍ രംഗത്ത് സെന്‍സറിങ് അനിവാര്യമാണെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പി. സതീദേവി. ചില സീരിയലുകള്‍ സമൂഹത്തില്‍ നല്ല സന്ദേശങ്ങളല്ല നല്‍കുന്നത്. കുട്ടികളില്‍ അടക്കം തെറ്റായ സന്ദേശം കൊടുക്കാന്‍ ഇട വരുത്തുന്ന ദൃശ്യങ്ങളും കഥാപാത്രങ്ങളുമാണ് കാണുന്നത്.

അതുകൊണ്ടു തന്നെ സീരിയലുകള്‍ക്ക് സെന്‍സറിങ് അനിവാര്യമാണ്. അത് സമൂഹത്തിന് നല്ല സന്ദേശം നല്‍കും. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും വലിയ തോതില്‍ ചിത്രീകരിക്കുന്ന അവസ്ഥ സമൂഹത്തിന് ഗുണകരമാണോ എന്നതും പരിശോധിക്കണമെന്ന് സതീദേവി പറഞ്ഞു.

മെഗാ സീരിയല്‍ നിരോധിക്കണമെന്ന വനിതാ കമ്മീഷന്റ റിപ്പോര്‍ട്ടിനെ കുറിച്ച് അറിയില്ല. 2017-18 കാലത്താണ് അത്തരമൊരു റിപ്പോര്‍ട്ട് നല്‍കിയത്. സീരിയലുകളിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് വനിതാ കമ്മീഷന് നിരവധി പരാതികള്‍ ലഭിച്ചതായും അവര്‍ പറഞ്ഞു.

മലയാള ടെലിവിഷന്‍ സീരിയല്‍ കഥകള്‍, എപ്പിസോഡുകള്‍ എന്നിവ സംപ്രേഷണം ചെയ്യും മുന്‍പ് സെന്‍സര്‍ ബോര്‍ഡിന്റെ പരിശോധന ആവശ്യമാണെന്നായിരുന്നു വനിതാ കമ്മിഷന്‍ 2017-18 ല്‍ നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ട്.

മെഗാപരമ്പരകള്‍ നിരോധിച്ച്, എപ്പിസോഡുകള്‍ 20 മുതല്‍ 30 വരെയായി കുറയ്ക്കണമെന്നും ഒരുദിവസം ഒരു ചാനലില്‍ രണ്ട് സീരിയല്‍ മതിയെന്നും പുനസംപ്രേഷണം അനുവദിക്കരുതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു

സീരിയലുകളുടെ സെന്‍സറിങ് നിലവിലെ സിനിമാ സെന്‍സര്‍ ബോര്‍ഡിനെ ഏല്‍പ്പിക്കുകയോ പ്രത്യേക ബോര്‍ഡ് രൂപവത്കരിക്കുകയോ വേണമെന്നും വനിതാ കമ്മിഷന്റെ പഠന റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു. മലപ്പുറം, കോട്ടയം, തിരുവനന്തപുരം ജില്ലകളിലെ 13-19 പ്രായക്കാരായ 400 പേരുടെ അഭിപ്രായങ്ങള്‍ വിലയിരുത്തിയാണ് കമ്മിഷന്‍ ഇതേക്കുറിച്ച് പഠിച്ചത്.

വര്‍ഷം തോറും മൂന്ന് പ്രധാന റിപ്പോര്‍ട്ടുകള്‍ വനിത കമ്മീഷന്‍ സര്‍ക്കാരിന് നല്‍കാറുണ്ട്. ഇപ്പോള്‍ പുറത്തുവന്ന റിപ്പോര്‍ട്ട് താന്‍ അധ്യക്ഷയായ കാലത്തുളളതല്ല. സീരിയലുകളുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന നടിമാര്‍ ഉള്‍പ്പടെ നിരവധി പേരുടെ പരാതികള്‍ വനിത കമ്മീഷന് മുന്‍പില്‍ വന്നിട്ടുണ്ട്.

ഇത് സംബന്ധിച്ച് കഴിഞ്ഞ വര്‍ഷം ഒരു പബ്ലിക് ഹിയറിങ് വനിതാ കമ്മീഷന്‍ നടത്തിയിരുന്നു. തൊഴില്‍ സാഹചര്യങ്ങള്‍, തൊഴില്‍ മേഖലയിലെ സുരക്ഷിതത്വം, സേവന വേതന വ്യവസ്ഥകള്‍ എല്ലാം അവിടെ ചര്‍ച്ച ചെയ്തിരുന്നു. അതിന്റെ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൊടുത്തതായും സതീദേവി പറഞ്ഞു.

RECENT POSTS
Copyright © . All rights reserved