കന്യാസ്ത്രീകളെ അവഹേളിച്ച് ഓൺലൈൻ പോർട്ടലിൽ വന്ന ലേഖനത്തിനെതിരേ ശക്തമായ ഭാഷയിൽ പ്രതികരിച്ച് കന്യാസ്ത്രീകൾ. “കോടാനുകോടി കന്യാസ്ത്രീകളുടെ ഗർഭപാത്രങ്ങളും, പാലൂട്ടാത്ത അവരുടെ മാറിടങ്ങളും സഭാ നേതൃത്വത്തോട് പകരം ചോദിക്കും’ എന്ന തലക്കെട്ടിലായിരുന്നു ലേഖനം പ്രസിദ്ധീകരിച്ചത്. ഒരു ന്യൂസ് പോർട്ടൽ സമൂഹത്തിന്റെ ശ്രദ്ധയിൽ പെടാനും പത്ത് കാശ് ഉണ്ടാക്കാനും ഇത്തരം തരംതാണ മാർഗ്ഗം തേടുന്നതിനേക്കാൾ നല്ലത് ഏതെങ്കിലും വഴിയരികിൽ ഒരു തുണിയും വിരിച്ച് ഇരിക്കുന്നതായിരുന്നു എന്ന് സി. സോണിയ തെരേസ് ഡിഎസ് ജെ സോഷ്യൽ മീഡിയയിൽ കുറിച്ചു.
പോസ്റ്റിന്റെ പൂർണരൂപം
കന്യാസ്ത്രീകളുടെ മാറിടങ്ങളെയും ഗർഭപാത്രങ്ങളെയും ഓർത്ത് വേദനിക്കുന്നവർക്ക് ഒരു കന്യാസ്ത്രീ നൽകുന്ന മറുപടി…😉
സുരേഷ് ജോസഫ് എന്ന ക്രിസ്ത്യൻ നാമധാരി NEWSGIL എന്ന ഓൺലൈൻ പോർട്ടലിന് വേണ്ടി എഴുതിയ പോസ്റ്റ് ശ്രദ്ധയിൽ പെടുകയുണ്ടായി. ആദ്യം തന്നെ ഈ ന്യൂസ് പോർട്ടലിന്റെ ഉടമയോട് ഒരു ന്യൂസ് പോർട്ടൽ സമൂഹത്തിന്റെ ശ്രദ്ധയിൽ പെടാനും പത്ത് കാശ് ഉണ്ടാക്കാനും ഇത്തരം തരംതാണ മാർഗ്ഗം തേടുന്നതിനേക്കാൾ നല്ലത് ഏതെങ്കിലും വഴിയരികിൽ ഒരു തുണിയും വിരിച്ച് ഇരിക്കുന്നതായിരുന്നു എന്ന് ഓർമിപ്പിക്കുന്നു… 😠
ലേഖനം എഴുതിയ മോനേ സുരേഷേ… കഴിഞ്ഞ 2000 വർഷത്തോളമായി ലോകത്തിൻ്റെ ഓരോ മുക്കിലും മൂലയിലും ക്രിസ്തുവിനായി ജീവിതം സമർപ്പിച്ച് തങ്ങളുടെ ചുറ്റിലുമുള്ള സഹോദരങ്ങൾക്കായി സ്വജീവിതം ത്യജിച്ച ലക്ഷോപലക്ഷം കന്യാസ്ത്രീകൾ ഈ ലോകത്തിൽ കൂടി കടന്നു പോയിട്ടും ഉണ്ട്, ഇപ്പോൾ കടന്ന് പോകുന്നുണ്ട്, ഇനിയും കടന്ന് പോകുകയും ചെയ്യും…
കന്യാസ്ത്രീമാരുടെ മാറിടങ്ങളെ നോക്കി കൊതി ഊറിയും അവരുടെ ഗർഭപാത്രങ്ങളെ സങ്കല്പത്തിൽ കണ്ട് അസൂയപ്പെട്ട് വെള്ളം ഇറക്കിയിട്ടും ഒരു കാര്യവും ഇല്ല. കാമവെറി പൂണ്ട ഹൃദയവും കണ്ണുകളും കൊണ്ട് നോക്കുമ്പോൾ ഇതല്ല ഇതിൻ്റെ അപ്പുറവും എഴുതി പിടിപ്പിക്കും എന്നറിയാം. വയലിൽ കുത്തിവച്ചിരിക്കുന്ന ഒരു പെൺ കോലത്തെപ്പോലും കാമാസക്തിയോടെ നോക്കുന്ന താങ്കളെപ്പോലുള്ളവരുടെ ഹൃദയത്തിൻ്റെ നിറവിൽ നിന്ന് ഇത്ര പരസ്യമായി ഇത്തരം വാക്കുകൾ കുത്തിക്കുറിക്കുമ്പോൾ താങ്കളുടെ ഭവനത്തിലുള്ള പാവപ്പെട്ട ഒരു സ്ത്രീയും അവൾ നൊന്ത് പ്രസവിച്ച രണ്ട് പെൺകുട്ടികളും എത്രമാത്രം സുരക്ഷിതരായിരിക്കും എന്ന് അല്പം വേദനയോടെ ഞാൻ ഓർക്കുകയും നൊമ്പരപ്പെടുകയും ചെയ്യുന്നു…😰
“കുഞ്ഞു സഹോദരികൾക്കായി ദൈവവിളി ക്യാമ്പ് എന്ന പേരില്‍ നടത്തുന്ന റിക്രൂട്ടിംഗുകൾ മനുഷ്യാവകാശ ധ്വംസനമാണ്” എന്ന് വ്യാകുലപ്പെടുന്ന താങ്കൾ മറന്നു പോയ പല കാര്യങ്ങളുമുണ്ട്. ക്രൈസ്തവ സന്യസ്തരുടെ ഭവനങ്ങളിൽ മനുഷ്യാവകാശ ധ്വംസനമാണ് നടക്കുന്നത് എന്ന് വിലപിക്കുന്ന താങ്കൾ തന്നെ അല്ലേ ഇന്ത്യൻ ഭരണഘടന തൻ്റെ പൗരൻമാർക്ക് നൽകുന്ന മൗലീക അവകാശമായ ഏത് ജീവിതാന്തസും തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തിൽ കൈകടത്തി മനുഷ്യാവകാശ ധ്വംസനം നടത്തുന്നത്..?
18 വയസ് പൂർത്തിയായ ഏതൊരു സ്ത്രീക്കും വിവാഹം കഴിക്കാൻ സ്വാതന്ത്ര്യമുള്ള ഈ രാജ്യത്ത് ഒരു കന്യാസ്ത്രീ പോലും 19 വയസിന് മുമ്പ് സന്യാസിനിയായി വ്രതം ചെയ്യാറില്ല എന്ന പച്ചയായ സത്യം താങ്കൾക്ക് അറിയില്ലെങ്കിൽ അങ്ങ് വ്യക്തമാക്കി തരാം. പിന്നെ 19 ആം വയസിലോ 20 ആം വയസിലോ ആദ്യവ്രതം ചെയ്യുന്ന സന്യാസിനികളിൽ ആരും തന്നെ 24 വയസിന് മുമ്പ് നിത്യവ്രതം ചെയ്യാറുമില്ല…
ആദ്യവ്രതം മുതൽ നിത്യവ്രതം വരെയുള്ള 6 വർഷക്കാലം അവരിൽ ആർക്കെങ്കിലും സന്യാസം ഉപേക്ഷിക്കണം എന്ന് തോന്നുകയാണെങ്കിൽ തിരിച്ച് പോകാനുള്ള എല്ലാ സ്വാതന്ത്ര്യവും ഓരോ സന്യാസസഭയുടെയും നിയമാവലി വ്യക്തമായി നൽകുന്നുണ്ട്. നിത്യവ്രതം ചെയ്താൽ പോലും ഏതെങ്കിലും സന്യാസിനിക്ക് സന്യാസം ഉപേക്ഷിച്ച് വിവാഹം കഴിക്കാൻ ആഗ്രഹം തോന്നിയാൽ ആരും അവരെ നിർബന്ധിച്ച് പിടിച്ച് വയ്ക്കാറില്ല.
എതെങ്കിലും സന്യാസിനി ഇങ്ങനെ ഒരു ആഗ്രഹം അവരുടെ അധികാരികളോട് തുറന്ന് പറയാൻ ഇടയായാൽ (നിർഭാഗ്യവശൽ പലരും തുറന്ന് പറയാൻ ധൈര്യം കാട്ടാതെ പലരുടെയും കൂടെ ഒളിച്ചോടുന്നത് ഞങ്ങളുടെ കുറ്റമല്ല) ആ സന്യാസസഭയുടെ അധികാരികൾ തന്നെ മാതാപിതാക്കളുടെ സ്ഥാനത്ത് നിന്ന് വിവാഹം നടത്തി കൊടുക്കുകയും മുന്നോട്ടുള്ള ജീവിതം സുരക്ഷിതമാക്കാൻ സ്വന്തമായി ജോലി ഇല്ലാത്തവർക്ക് ഒരു ജോലി സംഘടിപ്പിച്ച് കൊടുക്കുകയും ചെയ്യുന്നത് അധികമാർക്കും അറിയാത്ത സത്യമാണ്.
സന്യാസ വ്രതം, കന്യാമഠങ്ങള്‍ എന്നിവയെക്കുറിച്ചൊന്നും ബൈബിളില്‍ എവിടെയും പ്രതിപാദിക്കുന്നില്ല എന്ന താങ്കളുടെ ആകുലത കാണുമ്പോൾ തന്നെ അറിയാം ക്രിസ്ത്യാനി ആണെങ്കിലും ബൈബിൾ കൈ കൊണ്ട് തൊടാറില്ല എന്ന സത്യം. മത്തായി 19 ആം അധ്യായം എടുത്ത് വായിക്കുമ്പോൾ ക്രിസ്തുവിൻ്റെ വാക്കുകൾ ഗ്രഹിക്കാൻ കഴിവുള്ളവർക്ക് അറിയാം സ്വര്‍ഗ്ഗരാജ്യത്തെ പ്രതി തങ്ങളെത്തന്നെ ഷണ്ഡരാക്കുന്നവരുടെ മഹിമ.
സ്ത്രീയെ ലൈംഗീക സംതൃപ്തിക്ക് വേണ്ടി മാത്രം മാറ്റി നിർത്തിയിരിക്കുന്ന തന്നെ പോലെയുള്ളവരോട് ബ്രഹ്മചര്യത്തെക്കുറിച്ച് പറയുന്നത് പോത്തിനോട് വേദം ഓതുന്നതിന് തുല്ല്യമാണ്… അലസന് എന്ത് അദ്ധ്വാനം! ആർത്തി പൂണ്ടവന് എന്ത് ആശയടക്കം! കാമപൂരിതന് എന്ത് ബ്രഹ്മചര്യം അല്ലേ…!!!
വിലക്കുകളില്ലാതെ സ്വന്തം ഭവനങ്ങളുടെ വാതിലുകൾ സന്യാസിനികൾക്കായി തുറന്നു നൽകണം എന്ന് ഉപദേശിക്കുന്ന താങ്കൾ അടങ്ങുന്ന സമൂഹം അല്ലേ ആദ്യം മാറേണ്ടത്…? ഏതെങ്കിലും സന്യസ്തർ സന്യാസജീവിതം ഉപേക്ഷിച്ച് വിവാഹം കഴിച്ചാൽ അത് ആഘോഷമാക്കി അവരുടെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ കൂടി പാറി പറത്തുന്ന പകൽ മാന്യന്മാർ അവരും അവരുടെ കുടുംബാഗങ്ങളും അനുഭവിക്കുന്ന നാണക്കേട് ഓർക്കാറുണ്ടോ…?
സന്യസ്തരോട് കാട്ടുന്ന ഈ പ്രത്യേകസ്നേഹം ഭയന്നാണ് പല സന്യസ്തരുടെയും സ്വന്തക്കാർ സന്യാസം ഉപേക്ഷിക്കുന്നവളുടെ മുമ്പിൽ തങ്ങളുടെ ഭവനത്തിൻ്റെ വാതിലുകൾ കൊട്ടിയടയ്ക്കുന്നത്. ഇവിടെ ആദ്യം മാറേണ്ടത് വികലമായ കാഴ്ച്ചപാടുള്ള ഒരു സമൂഹം ആണ്. സമൂഹം മാറിയാൽ വ്യക്തികളും കുടുംബങ്ങളും മാറും. കേരളത്തിൽ ഇന്നുവരെയും സ്വന്തം ഭാര്യയെ അല്ലെങ്കിൽ ഭർത്താവിനെ ഉപേക്ഷിച്ച് മറ്റൊരാളുടെ കൂടെ പോകുന്ന ഏതെങ്കിലും ഒരു വ്യക്തിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ എടുത്തിട്ട് നിങ്ങൾ ആഘോഷിക്കാറുണ്ടോ…?
അയ്യോ അങ്ങനെ ചെയ്താൽ അത് മറ്റുള്ളവരുടെ സ്വകാര്യ ജീവിതത്തിലേക്കുള്ള ഒളിഞ്ഞ് നോട്ടം ആയിപ്പോകില്ലേ എന്ന് ചിന്തിക്കുന്ന തനിക്ക് ഒക്കെ സന്യാസിനികളുടെ ജീവിതത്തിലേക്ക് ഒന്ന് ഒളിഞ്ഞ് നോക്കിയില്ലെങ്കിൽ ഒരു സുഖം ഇല്ലല്ലോ…? ഈ അസുഖത്തിന് പറയുന്ന പേര് വേറെയാണ് കേട്ടോ…
മഠങ്ങളിൽ ‘Me too’ ക്യാമ്പെയ്നുകൾക്ക് അവസരമുണ്ടാവണം എന്ന പൂതി നല്ല തമാശയാണ് കേട്ടോ… ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഉയരുന്ന ‘Me too’ കഥകൾ വായിച്ച് സംതൃപ്തിയായില്ലേ…!! ഓ, ജെസ്മിയേപ്പോലുള്ളവരുടെ ഇക്കിളി കഥകൾ കുറച്ചൊന്നും അല്ലല്ലോ സുഖം തരുന്നത് എന്ന കാര്യം ഞാൻ അങ്ങ് മറന്നു പോയി… കണ്ണിലെണ്ണയുമൊഴിച്ച് കാത്തിരുന്നോ… ജെസ്മിയേപ്പോലുള്ള ചിലർ വന്നെങ്കില്ലോ… അല്ലെങ്കിൽ ‘ആമേനും, പിന്നെ ‘ഞാനിവിടെ തനിച്ചാണേ’ എന്ന ഒന്നു രണ്ട് ‘Me too’ കൊണ്ട് അങ്ങ് സംതൃപ്തിയടയുന്നത് അല്ലേ നല്ലത്…
സന്യാസവസ്ത്രം ധരിക്കുന്ന കന്യാസ്ത്രീകളെ ഓർത്ത് വേദനിക്കുന്ന താങ്കൾ എന്നെങ്കിലും അവർ എന്തിനാണ് ഇത്തരം വസ്ത്രങ്ങൾ ധരിക്കുന്നത് എന്ന് ആത്മാർത്ഥമായി ചിന്തിച്ചിട്ടുണ്ടോ? ഇല്ലെങ്കിൽ ഞാൻ അങ്ങ് പറഞ്ഞ് തരാം. അവിവാഹിതകളായ കന്യകകളും രാജകുമാരിമാരും നൂറ്റാണ്ടുകളായി ധരിക്കാറുള്ള വസ്ത്രമാണ് കൈ നീളമുള്ള നീണ്ട അങ്കി.
യഹൂദ-ക്രൈസ്തവ പാരമ്പര്യം ആണ് കേട്ടോ… ലൈംഗികതയ്ക്കും സുഖലോലുപതയ്ക്കും മാത്രം പ്രാധാന്യം നൽകി നെട്ടോട്ടം ഓടുന്ന കോടാനുകോടി ജനങ്ങൾക്ക് ഈ നീണ്ട വസ്ത്രം ധരിച്ച സന്യാസിനിമാർ ഒരു സാക്ഷ്യമാണ്. അതായത് ഈ ലോക സുഖങ്ങൾക്ക് അപ്പുറത്ത് മറ്റൊരു ജീവിതം ഉണ്ട്; ഇന്ന് നിങ്ങൾ നേടുന്ന നേട്ടങ്ങളും സുഖങ്ങളും വെറും വ്യർത്ഥമാണ് എന്ന ഒരു ഓർമ്മപ്പെടുത്തൽ… ഈ യാഥാർത്ഥ്യം വ്യക്തമായി മനസിലാക്കിയ ഒരു സന്യാസിനിയും ഒരിക്കലും അലങ്കാരത്തിന് വേണ്ടി സന്യാസവസ്ത്രം ധരിക്കില്ല. ജീൻസും ടീ ഷർട്ടും ബെർമുഡയും അവർക്ക് വെറും തൃണമാണ് സഹോദരാ, തൃണം…
കന്യാസ്ത്രീകൾക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കാൻ പറ്റില്ല എന്ന് വിലപിക്കുന്ന താങ്കളുടെ വിവരം അപാരം തന്നെ. ഒരു കന്യാസ്ത്രീയായ ഞാൻ സോഷ്യൽ മീഡിയവഴി തന്നെയാണ് താങ്കൾക്ക് മറുപടി തരുന്നതും. പിന്നെ ഒരു പച്ചയായ സത്യം പറയാം. ഒരു പെണ്ണിൻ്റെ കോലത്തെപ്പോലും ആസക്തിയോടെ നോക്കുന്ന തന്നെപ്പോലുള്ളവരുടെ മുമ്പിൽ സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന സന്യസ്തർ വന്ന് പെട്ടാലുള്ള ദുരന്തം ഊഹിക്കാവുന്നത് അല്ലേ..?
ദാരിദ്ര്യരേഖയുടെ മാനദണ്ഡങ്ങൾ ലോകം മുഴുവൻ പരിഷ്ക്കരിക്കപ്പെട്ടുവെങ്കിലും മഠങ്ങളിലെ ദാരിദ്ര്യ വ്രതം ഇന്നും മാറ്റമില്ലാതെ തുടരുന്നു എന്ന സത്യം കുത്തിക്കുറിച്ചതിൽ സന്തോഷമുണ്ട്. ലോകത്തിൻ്റെ മാനദണ്ഡം അനുസരിച്ച് ജീവിക്കാൻ ആണെങ്കിൽ എന്തിന് സന്യാസം സ്വീകരിക്കണം? ലോകത്തിൽ തന്നെ അങ്ങ് ജീവിച്ചാൽ പോരെ…? ദൈവപുത്രനായ ക്രിസ്തു കാട്ടിത്തന്ന മാതൃകയാണ് ഓരോ സന്യാസിനിയും അവരുടെ ജീവിതത്തിൽ ദാരിദ്ര്യവ്രതം വഴി അനുഷ്ഠിക്കുന്നത്. ഒന്നും തനിക്കായി സ്വന്തമാക്കാതെ ഓരോ സന്യസ്തരുടെയും കഴിവുകളും സമയവും സമൂഹത്തിൻ്റെ മൂലയിലേക്ക് വലിച്ചെറിഞ്ഞവർക്കായി പകുത്തു നൽകുക എന്നത്.
പത്രോസ് വിവാഹിതനായിരുന്നു, മോശയും വിവാഹിതനായിരുന്നു എന്ന് തട്ടി വിടുന്നത് കേട്ടാൽ ഓർക്കും ഈ ലോകത്തിലുള്ള കന്യാസ്ത്രീമാർ എല്ലാം അവരെ രണ്ടുപേരെയും ആണ് അനുഗമിക്കുന്നത് എന്ന്..!! ക്രിസ്ത്യൻ നാമധാരിയായ താങ്കളോട്: ശ്ശൊ ഈ പഴയ നിയമത്തിലെ മോശയെയും വിവാഹം കഴിച്ച പത്രോസിനെയും വിവാഹം കഴിക്കാത്ത പൗലോസിനെയും ഒക്കെ അങ്ങ് വെറുതെ വിടന്നേ… കഴിഞ്ഞ 2000 വർഷമായി ലക്ഷകണക്കിന് കന്യകകൾ മരണത്തെപ്പോലും ഭയക്കാതെ ബ്രഹ്മചര്യം കാത്ത് സൂക്ഷിക്കുന്നത് ഒരേ ഒരുവനിൽ ദൃഷ്ടിയുറപ്പിച്ചാണ്.
അത് ദൈവപുത്രനും ബ്രഹ്മചാരിയുമായ യേശുക്രിസ്തു അല്ലാതെ മറ്റാരുമല്ല. ദൈവമായിരുന്നിട്ടും സ്വയം ശൂന്യനായി മനുഷ്യാവതാരം ചെയ്ത് ദൈവത്തിൻ്റെ യഥാർത്ഥ സത്തയെന്തെന്ന് പറഞ്ഞും പഠിപ്പിച്ചും സ്വന്തം ജീവിതം സാക്ഷ്യമാക്കിയും ഇസ്രായേലിൻ്റെ ഒരറ്റം മുതൽ അങ്ങേയറ്റം വരെ ഓടിനടന്ന 33-കാരനായ ആ നസ്രായൻ ആണ് ഞങ്ങളുടെ ഹീറോയും മണവാളനും…😍
ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ വാക്കുകൾ ഇവിടെ ഒന്ന് കോറിയിടുന്നു: “റോമൻ കത്തോലിക്കാസഭ എപ്പോഴും ഊർജ്ജസ്വലമായി നിലകൊള്ളുന്നത് പുരോഹിതരുടെയും കന്യാസ്ത്രീകളുടെയും ബ്രഹ്മചര്യം മൂലമാണെന്ന് ഞാൻ കരുതുന്നു…
എല്ലാ ദേശങ്ങളിലും ബ്രഹ്മചര്യത്തിൽ വിശ്വസ്തരായ സ്ത്രീകളുടെയും പുരുഷന്മാരുടെയും ഒരു കൂട്ടം ആൾക്കാൻ മനുഷ്യവംശത്തിൻ്റെ സേവനത്തിനായി സ്വയം സമർപ്പിക്കേണ്ടത് ആവശ്യമാണ്. എല്ലാവർക്കും സാധ്യമല്ലെന്ന് യേശുവിന് നന്നായി അറിയാമായിരുന്നെങ്കിലും ദൈവരാജ്യത്തിനുവേണ്ടി സ്വയം ഷണ്ഡന്മാരാക്കിയവരെക്കുറിച്ചല്ലേ യേശു അന്ന് പറഞ്ഞത്…” അതെ ആ മഹാത്മാവിനെപ്പോലെ ശൂദ്ധമായ മനസും ഹൃദയവും ഉള്ളവർക്ക് മാത്രമേ അപരനിലെ നന്മയെ തിരിച്ചറിയാൻ സാധിക്കൂ…😍
സ്നേഹപൂർവ്വം,
സി. സോണിയ തെരേസ് ഡി. എസ്. ജെ.
തമിഴ്നാട്ടിലെ കുനൂരിലുണ്ടായ ഹെലികോപ്ടർ അപകടത്തിൽ മരിച്ച സംയുക്തസേനാ തലവൻ ബിപിൻ റാവത്തും ഭാര്യയുമടക്കം 13 പേർ മരിച്ച സംഭവത്തിൽ വിവാദ ട്വീറ്റ് ചെയ്ത തമിഴ് യൂട്യൂബർ അറസ്റ്റിൽ. ഡിഎംകെ ഭരണത്തിനു കീഴിൽ തമിഴ്നാട് കശ്മീർ ആയി മാറുകയാണോ എന്ന് ട്വീറ്റ് ചെയ്ത യൂ ട്യൂബർ മാരീദാസാണ് അറസ്റ്റിലായത്.
കോപ്റ്റർ അപകടത്തിനു പിന്നിൽ ഗൂഢാലോചനയ്ക്കു സാദ്ധ്യതയുണ്ടെന്നും ദേശവിരുദ്ധ ശക്തികളെ തടയേണ്ടതുണ്ടെന്നും ട്വീറ്റിൽ പറഞ്ഞിരുന്നു.
വിവാദമായതോടെ മാരിദാസ് ട്വീറ്റ് നീക്കം ചെയ്തെങ്കിലും പൊലിസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. അതേസമയം സംയുക്തസേനാ തലവൻ ബിപിൻ റാവത്ത് അടക്കം മരിച്ച ഹെലികോപ്റ്റർ അപകടത്തിൽ ആളുകൾക്കിടയിൽ സംശയയങ്ങൾ ഉണ്ടെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു.
അടുത്ത കാലത്തായി ചൈനയ്ക്കും പാകിസ്ഥാനുമെതിരായ രാജ്യത്തിന്റെ സൈനിക നീക്കങ്ങൾ രൂപപ്പെടുത്തുന്നതിൽ ജനറൽ റാവത്ത് പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. അതിനാൽ ഇത്തരമൊരു അപകടം നടക്കുമ്പോൾ ജനങ്ങളുടെ മനസ്സിൽ സംശയങ്ങൾ ഉയരുന്നുണ്ടെന്നും രാജ്യസഭാ എം.പി കൂടിയായ സഞ്ജയ് റാവത്ത് പറഞ്ഞു.
പുൽവാമ ആക്രമണത്തിന് ശേഷം ഇന്ത്യ നടത്തിയ സർജിക്കൽ സ്ട്രൈക്ക് ആസൂത്രണം ചെയ്യുന്നതിൽ ജനറൽ റാവത്ത് നിർണായക പങ്ക് വഹിച്ചതായും അദ്ദേഹം പറഞ്ഞു. ജനറൽ റാവത്ത് സഞ്ചരിച്ചിരുന്നത് രണ്ട് എഞ്ചിനുകളാൽ പ്രവർത്തിക്കുന്ന ഹെലികോപ്റ്ററിലാണ്. സായുധ സേനയെ നവീകരിച്ചതായി അവകാശപ്പെടുമ്പോൾ ഇത് എങ്ങനെ സംഭവിക്കുമെന്ന കാര്യം ഓർത്ത് തനിക്ക് അത്ഭുതം തോന്നുന്നെന്നും അദ്ദേഹം പറഞ്ഞു.
മെക്സിക്കോസിറ്റി: മെക്സിക്കോയില്‍ അഭയാര്‍ഥികളുമായി പോവുകയായിരുന്ന ട്രക്ക് മറിഞ്ഞ് 54 പേര് മരിച്ചു. തെക്കന്‍ മെക്സിക്കന്‍ സംസ്ഥാനമായ ചിയാപാസിലെ ടക്സ്റ്റ്ല ഗുട്ടെറെസിലായിരുന്നു അപകടം. 49 പേര് സംഭവസ്ഥലത്തും അഞ്ച് പേര് ആശുപത്രിയില്‍ എത്തിയ ശേഷവും മരിച്ചതായി ചിയാപാസ് ഗവര്‍ണര്‍ റുട്ടിലിയോ എസ്കാന്‍ഡന്‍ പറഞ്ഞു. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വലിയ വളവ് തിരിഞ്ഞപ്പോള്‍ ട്രക് നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നു.
മധ്യ അമേരിക്കയില്‍ നിന്ന് യുഎസിലേക്ക് കടക്കാന്‍ ശ്രമിച്ചവരാണ് അപകടത്തില്‍പ്പെട്ടത്. ട്രക്കില്‍ നൂറിലേലെ പേര് ഉണ്ടായിരുന്നു.
അപകടത്തില്‍ പരിക്കേറ്റവരില്‍ പലരും ഇമിഗ്രഷന്‍ ഉദ്യോഗസ്ഥര്‍ പിടിക്കുമെന്ന് ഭയന്ന് സംഭവസ്ഥലത്തുനിന്നും ഓടി രക്ഷപെട്ടു. മരിച്ചവരില്‍ സ്ത്രീകളും കുട്ടികളും ഉൾപ്പെടും.
കുനൂരില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച മലയാളി വ്യോമസേന വാറന്റ് ഓഫീസര്‍ എ. പ്രദീപ് കുമാറിന്റെ മൃതദേഹം ശനിയാഴ്ച നാട്ടിലെത്തിക്കും. ഇതുസംബന്ധിച്ച് ബന്ധുക്കൾക്ക് സന്ദേശം ലഭിച്ചു.
ഇന്ന് രാത്രി ഡല്‍ഹിയില്‍ നിന്നും മൃതദേഹം സൂലൂര്‍ വ്യോമതാവളത്തില്‍ എത്തിക്കും. ഇവിടെ നിന്നും നാളെ മൃതദേഹം പുത്തൂരിലെത്തിക്കുമെന്നാണ് അറിയിച്ചത്.
നേരത്തെ, പ്രദീപിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നത് വൈകിയേക്കുമെന്ന് റിപ്പോർട്ടുണ്ടായിരുന്നു. നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ മൂന്ന് ദിവസം വരെ വൈകിയേക്കുമെന്ന് കുടുംബത്തിന് വിവരം കിട്ടിയെന്ന് സഹോദരൻ പ്രസാദ് പറഞ്ഞു.
മൃതദേഹം കൊണ്ടുവരുന്നതിന് ഒരുദിവസം മുൻപ് അറിയിക്കാമെന്നാണ് പറഞ്ഞതെന്നും സഹോദരൻ വ്യക്തമാക്കിയിരുന്നു.
ഹെലികോപ്റ്റർ അപകടത്തിൽ ജീവൻ വെടിഞ്ഞ സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തിന് രാജ്യം വിട നൽകി. ഡല്‍ഹി ബ്രാര്‍ സ്ക്വയര്‍ ശ്മശാനത്തില്‍ മുഴുവൻ സൈനിക ബഹുമതികളോടെ സംസ്കാരം നടന്നു.
പ്രഥമ സംയുക്ത സൈനിക മേധാവിയോടുള്ള ആദരസൂചകമായി സൈന്യം 17 ഗണ്‍ സല്യൂട്ട് നൽകി. ബിപിന്‍ റാവത്തിന്റെ ചിതയിൽ തന്നെ ഭാര്യ മധുലികയും രാജ്യത്തിന്റെ അഭിമാനമായി എരിഞ്ഞടങ്ങി. മക്കളായ കൃതികയും തരിണിയുമാണ് ചിതയിൽ അഗ്നിപകർന്നത്.
സംസ്കാര ചടങ്ങിൽ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗും വിദേശ സേനാമേധാവികളും ഉന്നത സൈനിക ഉദ്യോഗസ്ഥരും പങ്കെടുത്തു.
വന്‍ ജനാവലിയുടെ അകമ്പടിയോടു കൂടിയാണ് ശവമഞ്ചം വഹിക്കുന്ന വാഹനം കന്റോണ്‍മെന്റിലെ ബ്രാര്‍ സ്ക്വയറിലേക്ക് എത്തിയത്. വിലാപയാത്രയില്‍ ആയിരക്കണക്കിന് ജനങ്ങൾ സൈനിക മേധാവിക്ക് പുഷ്പവൃഷ്ടി നടത്തി ആദരമർപ്പിച്ചു. വഴിയുടെ ഇരുവശങ്ങളിലും തിങ്ങിക്കൂടിയ ജനങ്ങള്‍ മുദ്രാവാക്യങ്ങൾ മുഴക്കി.
ബിപിന്‍ റാവത്തിന്റെയും ഭാര്യയുടെയും മൃതദേഹം ഡൽഹി കാമരാജ് മാർഗിലെ വസതിയിൽ ഇന്നു രാവിലെ 11. മുതൽ 12.30 വരെ പൊതുദർശനത്തിനു വച്ചു. 12.30 മുതൽ 1.30 വരെ സൈനികർ അന്തിമോപചാരം അർപ്പിച്ചു.
കോവിഡിന്റെ തീവ്രവ്യാപന ശേഷിയുള്ള വകഭേദമായ ഒമിക്രോൺ ദക്ഷിണാഫ്രിക്കയേക്കാൾ വേഗത്തിൽ ഇംഗ്ലണ്ടിൽ പടരുന്നു. യുകെയിൽ ക്രിസ്മസോടെ ഒമിക്രോൺ കേസുകൾ 60,000 ആയി ഉയർന്നേക്കാമെന്ന് സാംക്രമികരോഗ വിദഗ്ധൻ ജോൺ എഡ്മണ്ട്സ്.
പരിശോധനകളിലൂടെ സ്ഥിരീകരിച്ചതിനേക്കാൾ കൂടുതൽ ഒമിക്രോൺ കേസുകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ലണ്ടൻ സ്കൂൾ ഓഫ് ഹൈജീൻ ആൻഡ് ട്രോപ്പിക്കൽ മെഡിസിനിൽ ജോലി ചെയ്യുന്ന എഡ്മണ്ട്സിനെ ഉദ്ധരിച്ച് ഗാർഡിയൻ റിപ്പോർട്ട് ചെയ്തു. റോയൽ സൊസൈറ്റി ഓഫ് മെഡിസിൻ സംഘടിപ്പിച്ച വെബിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിലവിലെ അവസ്ഥയിൽ ഡിസംബർ അവസാനത്തോടെ രാജ്യത്ത് ഒമിക്രോൺ കേസുകൾ ദശലക്ഷം കവിയുമെന്ന് ആരോഗ്യ സെക്രട്ടറി സാജിദ് ജാവിദ് ബുധനാഴ്ച ഹൗസ് ഓഫ് കോമൺസിൽ അറിയിച്ചിരുന്നു. ആ സമയത്ത് ഏകദേശം 10,000 കേസുകളാണ് നിലവിലുണ്ടായിരുന്നത്- ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു.
കഴിഞ്ഞ രണ്ടാഴ്ചത്തെ ഒമിക്രോണിന്റെ വളർച്ചാ നിരക്കും ഇരട്ടിയാകാൻ എടുക്കുന്ന സമയവും പരിശോധിച്ചാൽ വരുന്ന രണ്ട് മുതൽ നാല് ആഴ്ചകൾ വരെയുള്ള കോവിഡ് കേസുകളിൽ പകുതിയും ഒമിക്രോൺ ആയിരിക്കുമെന്ന് യുകെ ആരോഗ്യ സുരക്ഷാ ഏജൻസി പറയുന്നു. എത്രയും വേഗം ബൂസ്റ്റർ ഡോസ് സ്വീകരിക്കാൻ ജനങ്ങളെ പ്രേരിപ്പിക്കുകയാണ് ഒമിക്രോൺ വ്യാപനം തടയാനുള്ള മാർഗമെന്ന് എഡ്മണ്ട്സ് ചൂണ്ടിക്കാട്ടി.
നൂറ് കിലോമീറ്റര്‍ വേഗത്തില്‍ വീശിയടിച്ച ടൗട്ടെ ചുഴലിക്കാറ്റിനെയും പ്രളയത്തെയും
നേരിട്ട് തലയുയര്‍ത്തി നില്ക്കുന്ന മണ്‍വീടാണ് സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്. നാലുലക്ഷം മുടക്കി നിര്‍മ്മിച്ച ‘മിട്ടി മഹല്‍’ അഥവ മണ്‍മാളിക എന്ന ഇരുനില വീട്.
മഹാരാഷ്ട്ര, ലോണാവാലയിലെ വാഗേശ്വര്‍ ഗ്രാമത്തിലാണ് ഈ അതിശയിപ്പിക്കുന്ന മണ്‍വീടുള്ളത്. ആര്‍ക്കിടെക്ട് ദമ്പതികളായ സാഗര്‍ ഷിരുഡയും യുഗ അഖാരയും ചേര്‍ന്ന് നിര്‍മിച്ചിരിക്കുന്ന ഈ വീടിന്റെ മാതൃക. ഇരുവരും പുനൈ ഡിവൈ പാട്ടില്‍ കോളേജിലെ പൂര്വവിദ്യാര്ത്ഥികളാണ്.
മണ്ണും മുളയും കൊണ്ട് വീട് എന്ന് പറഞ്ഞപ്പോഴേ പലരും ഉപദേശിച്ചു മണ്ടത്തരമാണെന്ന്. ഓരോ വര്‍ഷവും ഈ ഭാഗത്ത് ലഭിക്കുന്ന റെക്കോര്‍ഡ് മഴയാണ് ഈ ഉപദേശത്തിന് കാരണം. മഹാരാഷ്ട്രയുടെ പലഭാഗത്തും നിലനില്‍ക്കുന്ന നൂറ്റാണ്ട് പഴക്കമുള്ള മണ്കോട്ടകള് ചൂണ്ടികാണിച്ച് ഇരുവരും ഉപദേശകരുടെ വായടപ്പിച്ചു.
സുസ്ഥിര മാതൃകകള്‍ അവലംബിച്ച് നിര്‍മ്മിച്ചിരിക്കുന്ന ഈ ഇരുനില വീട്, പ്രാദേശികമായി കിട്ടുന്ന സാമഗ്രികളും സാങ്കേതികത്ത്വവുമാണ് നാലു ലക്ഷത്തിന് ഈ വീട് പൂര്‍ത്തീകരിച്ചത്.
700 വര്‍ഷത്തോളം പഴക്കമുള്ള രീതിയാണ് ചുമര് നിര്‍മാണത്തിന് അവലംബിച്ചിരിക്കുന്നത്. കാലാവസ്ഥയെ പ്രതിരോധിക്കുന്നതാണ് ഈ രീതി. മുളയുടെയും മരത്തിന്റെയും ചീന്തുകള്‍ മെടഞ്ഞ് മണ്ണ് പുരട്ടി ഉണക്കിയുണ്ടാക്കുന്ന ഭിത്തി ചൂടും മഴയും പ്രതിരോധിക്കുന്നതാണ്. മറ്റൊന്ന് കോബ് വാള് സിസ്റ്റമാണ്. മണല്‍, മണ്ണ്, ചാണകം, ഗോമൂത്രം, ലൈം, വൈക്കോല്‍ എന്നിവ കുഴച്ച് അടിച്ച് പരത്തിയുണ്ടാക്കുന്നതാണ് ഇത്തരം ഭിത്തി. അടുത്തത് സ്റ്റോര്‍ റൂം നിര്‍മാണമായിരുന്നു. മണ്ണും മുളയും കൊണ്ടാണ് ഇത്.
അടിത്തറ നിര്‍മിക്കാന്‍ മണ്ണ് എടുത്തത് പാഴാക്കാതിരിക്കാന് സിമന്റ് ചാക്കില്‍ നിറച്ച് പട്ടാളക്കാരുടെ ബങ്കര്‍പോലുള്ള കോമ്പൗണ്ട് വാള് തീര്‍ത്തു. 3500-ഓളം ചാക്കുകളില്‍ മണ്ണ് നിറച്ചാണ് ഇത് പണിതത്. മൂന്നടി ആഴത്തിലും നാലടി മുകളിലേക്കും ഉയരമുള്ളതാണ് ചുറ്റുമതില്‍.
പഠനകാലത്ത് ഇന്റേണ്‍ഷിപ്പ് ചെയ്തത് മഡ് ഹാസ് നിര്‍മാണത്തിലായിരുന്നു. പത്ത് ദിവസത്തെ വര്‍ക്ക് ഷോപ്പ്, നിര്‍മാണവേളയിലാണ് സഹായകമായത്.
വീടിന്റെ നിര്‍മാണത്തിന് മുള, മണ്ണ്, പുല്ല് എന്നിവയാണ് ഉപയോഗിച്ചിരിക്കുന്നത്. പ്ലാസ്റ്ററിങിനും ക്ലേ ആവശ്യത്തിനും തദ്ദേശീമായ ഒരു കൂട്ടാണ് ഉപയോഗിച്ചിരിക്കുന്നത്. ചെമ്മണ്ണ്, ഉമി, ശര്‍ക്കര, കടുക്കനീര്‍, ചാണകം, ഗോമൂത്രം വേപ്പ് എന്നിവ ചേര്‍ത്താണ് കൂട്ട് തയ്യാറാക്കിയത്.
മേല്‍ക്കൂര മുളയും പുല്ലും പ്ലാസ്റ്റിക് ഷീറ്റും കൊണ്ടാണ്. മുളയുടെ ഫ്രെയിമില്‍ പ്ലാസ്റ്റിക് വിരിച്ചശേഷം പുല്ല് മേയുന്നു. രണ്ട് പാളി മേച്ചില്‍ ചോര്‍ച്ച ഒഴിവാക്കുന്നു. വാതിലും ജനലുമൊക്കെ മരം റീസൈക്കിള്‍ ചെയ്താണ് ഉണ്ടാക്കിയിരിക്കുന്നത്.
നിര്‍മാണത്തിന് സിമന്റ് ഉപയോഗിച്ചിട്ടില്ല. പകരം സുര്‍ക്കിയും ലൈംസ്റ്റോണുമാണ്. പ്രകൃതിദത്ത മാര്‍ഗങ്ങള്‍ നിര്‍മാണത്തില്‍ പകര്‍ത്തിയിരിക്കുന്നതിനാല്‍ അകത്ത് ചൂട് കുറവാണ്. പ്രാദേശികസാമഗ്രികളും തൊഴിലാളികളേയും ഉപയോഗിച്ചത് ചെലവ് ചുരുക്കി. വീണ്ടും ചെലവ് ചുരുക്കലിനായി വീട്ടില്‍ ആരംഭിച്ച ജൈവകൃഷിക്ക് ഗ്രേവാട്ടര്‍ ശുദ്ധീകരിക്കുന്നതിനുള്ള ശ്രമത്തിലാണ് ഈ ആര്‍ക്കിടെക്റ്റുകള്‍.
നവജാത ശിശുവിനെ ദുരൂഹ സാഹചര്യത്തിൽ കുളിമുറിയിൽ വെള്ളം നിറഞ്ഞ കന്നാസിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ അമ്മ അറസ്റ്റിൽ. പ്രസവിച്ച് ഓതാനും ദിവസം മാത്രം പ്രായമായ കുഞ്ഞിനെ വെള്ളത്തിൽ മുക്കിക്കൊല്ലുകയായിരുന്നു എന്നാണ് കാഞ്ഞിരപ്പള്ളി ഇടക്കുന്നം മുക്കാലിയിൽ മൂത്തേടത്തുമലയിൽ സുരേഷിന്റെ ഭാര്യ നിഷയുടെ മൊഴി. ഞായറാഴ്ച ജനിച്ച കുഞ്ഞിനെയാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയിരുന്നത്.
തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ കുഞ്ഞിന് അനക്കമില്ലാതെ വന്നപ്പോൾ കന്നാസിലിടാൻ മൂത്തകുട്ടിയോടു താൻ പറഞ്ഞെന്നായിരുന്നു നിഷയുടെ ആദ്യത്തെ മൊഴി. ഇടതുകാലിനു ജന്മനാ ശേഷിക്കുറവുള്ള നിഷയ്ക്ക് മരിച്ച കുഞ്ഞിനെക്കൂടാതെ അഞ്ചു മക്കളുണ്ട്.
സംഭവസമയത്ത് നിഷയും കുട്ടികളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. പെയിന്റിങ് തൊഴിലാളിയായ ഭർത്താവ് സുരേഷ് ജോലിയ്ക്ക് പോയിരുന്നു.
ഒറ്റമുറി വീട്ടില്‍ കഴിഞ്ഞിരുന്നത് ഏഴുപേരടങ്ങുന്ന കുടുംബം
കുടുംബത്തിലെ ഏഴുപേര്‍ അഞ്ചുവര്‍ഷമായി കഴിഞ്ഞിരുന്നത് ഒരു മുറിയും അടുക്കളയും മാത്രമുള്ള വാടക വീട്ടിലാണ്. ഇതിനുള്ളില്‍തന്നെയുള്ള ശുചിമുറിയിലാണ് നവജാത ശിശുവിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. തിരുവല്ല സ്വദേശിയായ സുരേഷും മുണ്ടക്കയം സ്വദേശിയായ നിഷയും അഞ്ചുവര്‍ഷം മുന്‍പാണ് ഇവിടെ വാടകയ്ക്ക് താമസിക്കാനെത്തുന്നത്. ദമ്പതിമാരും അഞ്ചുമക്കളും അടങ്ങുന്ന കുടുംബത്തിലെ ഏക വരുമാന ആശ്രയം സുരേഷായിരുന്നു. നിഷയുടെ ഇടതുകാലിന് ജന്മനാശേഷിക്കുറവുള്ളതിനാല്‍ വീട്ടിലെ ജോലികള്‍ ചെയ്തിരുന്നത് പതിനഞ്ചുകാരിയായ മൂത്ത മകളാണ്.
കുടുംബത്തിലേക്ക് ആവശ്യമുള്ളപ്പോള്‍ ഭക്ഷ്യസാധനങ്ങളും മറ്റും എത്തിച്ചിരുന്നതായി വാര്‍ഡംഗം പറഞ്ഞു. കുട്ടികള്‍ പഠിക്കുന്ന സ്കൂളില്‍നിന്ന് ഭക്ഷണസാധനങ്ങളും മറ്റും വീട്ടിലെത്തിച്ച് നല്‍കിയിരുവെന്ന് അധ്യാപകര്‍ പറയുന്നു. നിഷ ഗര്‍ഭിണിയായിരുന്ന വിവരം അയല്‍വാസികളില്‍നിന്നും സ്കൂളിലെ അധ്യാപകരോടും മറച്ചുവെച്ചിരുന്നു. തൊട്ടടുത്ത് വീട്ടുകാര്‍പോലും നിഷ പ്രസവിച്ച വിവരം ആരുംഅറിഞ്ഞിരുന്നില്ല. കുട്ടിയുടെ ജനനം അറിയാത്ത നാട്ടുകാര്‍ ബുധനാഴ്ച 11.30-തോടെ കുട്ടി മരിച്ച വിവരമാണ് അറിയുന്നത്. ഇതോടെ ഇവര്‍ വാടകയ്ക്ക് താമസിച്ചിരുന്ന വീടിന്റെ പരിസരത്ത് നാട്ടുകാരും വിവരങ്ങളറിയാന്‍ കൂട്ടംകൂടി.
ആദ്യം പറഞ്ഞത് പൂച്ചയുടെ കരച്ചിലെന്ന്; കണ്ടെത്തിയത് കുട്ടിയുടെ മൃതദേഹം
നവജാതശിശുവിന്റെ ദുരുഹസാഹചര്യത്തില്‍ മരിച്ച സംഭവം പുറത്തറിയാന്‍ കാരണമായത് അയല്‍വാസിയുടെ ഇടപെടല്‍. കുട്ടിയുടെ കരച്ചില് കേട്ട് അയല്‍വാസിയായ രമ്യ ബിനു കാര്യം അന്വേഷിച്ചപ്പോള്‍ പൂച്ച കരയുന്നതാണെന്നായിരുന്നു വീട്ടുകാരുടെ മറുപടി. വീണ്ടും കരച്ചില് കേട്ട് സംശയം തോന്നിയ ഇവര്‍ അയല്‍വാസിയോട് കാര്യം പറഞ്ഞു. പിന്നീട് വാര്‍ഡിലെ ആശാവര്‍ക്കര്‍ ശാലിനിയെ സംഭവം അറിയിച്ചു.
ആശാവര്‍ക്കര്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ വീട്ടില്‍ പ്രസവം നടന്നതായുള്ള സംശയം ആരോഗ്യപ്രവര്‍ത്തകരെ അറിയിച്ചു. തുടര്‍ന്ന് ആരോഗ്യപ്രവര്‍ത്തകര്‍ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് കുട്ടിയുടെ മൃതദേഹം ശൗചാലയത്തില്‍ കണ്ടെത്തുന്നത്. നവജാത ശിശുവിന്റെ മരണം പുറത്തറിയുന്നതില്‍ പ്രധാന പങ്ക് വഹിച്ചത് ഇവരുടെ ഇടപെടലായിരുന്നു. ആരോഗ്യപ്രവര്‍ത്തകരും ആശാവര്‍ക്കരും ചേര്‍ന്നാണ് സംഭവം പോലീസിലും പഞ്ചായത്തിലും അറിയിച്ചത്.
ജയ്പുര്‍: ബോളിവുഡ് താരങ്ങളായ കത്രീനാ കൈഫും വിക്കി കൗശലും വിവാഹിതരായി. വിവാഹചിത്രങ്ങള്‍ പുറത്തെത്തി. രണ്ടുകൊല്ലത്തോളമായി പ്രണയത്തിലായിരുന്നു ഇരുവരും.
ഞങ്ങളെ ഈ നിമിഷത്തിലേക്ക് എത്തിച്ച എല്ലാത്തിനോടുമുള്ള സ്നേഹവും നന്ദിയുമാണ് ഇരുവരുടെയും ഹൃദയത്തിലെന്ന് വിവാഹചിത്രങ്ങള്‍ പങ്കുവെച്ച് കത്രീന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

ഇരുവരുടെയും അടുത്തബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. സവായ് മധോപുരിലെ ചൗത് കാ ബര്‍വാര പട്ടണത്തിലെ സിക്സ് സെന്‍സസ് ഫോര്‍ട്ട് ബര്‍വാരയാണ് താരവിവാഹത്തിന് വേദിയായത്.
രാജസ്ഥാനി രാജകുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള 700 വര്‍ഷത്തോളം പഴക്കമുള്ള കൊട്ടാരമാണ് സിക്സ് സെന്‍സസ് ഫോര്‍ട്ട് ബര്‍വാര. പതിനാലാം നൂറ്റാണ്ടില്‍ പണിത ഈ കോട്ട ഇന്ന് ആഡംബരസൗകര്യങ്ങളുള്ള റിസോര്‍ട്ടാണ്.


കൊച്ചി: സീറോ മലബാര്‍ സഭയില്‍ ആത്മീയതയുടെ പിടിമുറുക്കി കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. മുഴുവന്‍ അല്മായ സമൂഹത്തിന്റെയും പിന്തുണ മേജര്‍ ആര്‍ച്ച് ബിഷപ്പിന് ഉണ്ടെന്ന യാഥാര്‍ഥ്യത്തില്‍ വിമത നീക്കം ദുര്‍ബലമായി.
അധികാരം മാത്രമല്ല, ആത്മീയതയും കൂടിയാണ് കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരിയെ വിശ്വാസ സമൂഹത്തിന് പ്രിയങ്കരനാക്കുന്നത്. അല്മായ സമൂഹത്തിന്റെ ആഗോള തലത്തിലുള്ള അപ്രതീക്ഷിത പിന്തുണ വിമത നീക്കങ്ങള്‍ നടത്തിയവരെ ശരിക്കും ഞെട്ടിച്ചു കളഞ്ഞു.
ഇതിനിടെ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ സഭയില്‍ ശക്തി പ്രാപിക്കുന്നു. ഇനിയും ഇക്കാര്യത്തില്‍ പുറകോട്ട് പോകരുതെന്നാണ് വിവിധ രൂപതകള്‍ ആവശ്യപ്പെടുന്നത്. ആദ്യപടിയായി അദ്ദേഹത്തെ കാര്‍ഡിനല്‍ ബിഷപ്പായി മാര്‍പാപ്പ നിയമിക്കുമെന്നറിയുന്നു. കൂടുതല്‍ അധികാരങ്ങള്‍ നല്കി സീറോ മലബാര്‍ സഭയെ ശക്തമാക്കാന്‍ തന്നെയാണ് ഫ്രാന്‍സിസ് പാപ്പായുടെ നീക്കങ്ങള്‍. വിമത നീക്കങ്ങളില്‍ ഫ്രാന്‍സിസ് പാപ്പാ കടുത്ത അതൃപ്തിയിലാണ്.
ഒരു നൂറ്റാണ്ടില്‍ കൈവരിക്കാന്‍ സാധിക്കാത്ത വലിയ നേട്ടങ്ങളാണ് ചുരുങ്ങിയ കാലത്തിനിടയില്‍ സീറോ മലബാര്‍ സഭ മാര്‍ ആലഞ്ചേരി പിതാവിന്റെ നേതൃത്വത്തില്‍ സ്വന്തമാക്കിയത്. സീറോ മലബാര്‍ സഭയില്‍ ജനാധിപത്യ രീതിയില്‍ ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട പിതാവിന്റെ പൊതു സ്വീകാര്യത തന്നെ സഭയിലെ ഏറ്റവും വലിയ സാക്ഷ്യമാണ്.
കുര്‍ബാന ഏകീകരണം സഭ മുഴുവന്‍ ഏറ്റുവാങ്ങിയത് ആലഞ്ചേരിയെ സഭയില്‍ ശക്തനാക്കി.സിനഡ് പിതാക്കന്മാര് ഒന്നടങ്കം കര്‍ദ്ദിനാളിനു പിന്നില്‍ അണി നിരന്നു. ഭൂമി വിവാദം കത്തിനില്‍ക്കുന്ന സമയത്താണ് അദ്ദേഹത്തെ കെസിബിസി പ്രസിഡണ്ടാക്കുന്നത്. ഇതര സഭാ വിഭാഗങ്ങള്‍ക്കു മുഴുവന്‍ സ്വീകാര്യമാണ് അദ്ദേഹത്തിന്റെ നേതൃത്വമെന്ന് വത്തിക്കാന്‍ മനസിലാക്കി.
ഇതിനിടെ സത്യസന്ധമായി സഭാ ചരിത്രത്തെ വിലയിരുത്തി മുന്നോട്ടു പോകുവാന്‍ സീറോ മലബാര്‍ സഭയെ പ്രാപ്തമാക്കിയത് ആലഞ്ചേരി പിതാവിന്റെ നിരന്ത ഇടപെടലുകളാണെന്ന് വത്തിക്കാന്‍ വൃത്തങ്ങള്‍ മാര്‍പാപ്പക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. കത്തോലിക്കാ സഭയെ തകര്‍ക്കാനുള്ള ബാഹ്യശക്തികളുടെ നീക്കങ്ങള്‍ക്ക് തടയിടാന്‍ മാര്‍ ആലഞ്ചേരിയിലൂടെ സാധിക്കുമെന്ന് പൗര്യസ്തസഭകളുടെ കോണ്ഗ്രിഗേഷന് ഫ്രാന്‍സിസ് പാപ്പക്ക് നല്കിയ വിശദീകരണ കത്തില്‍ പറയുന്നു.
കേരളത്തില്‍ മാത്രം മുഖ്യമായി ഉണ്ടായിരുന്ന സീറോ മലബാര്‍ സഭ ആലഞ്ചേരി പിതാവിന്റെ നേതൃത്വത്തില്‍ ആഗോള സഭയായി വളര്‍ന്നു. ഇന്ന് ഈ സഭയ്ക്ക് നാലു ഭൂഖണ്ഡങ്ങളില്‍ രൂപതകളും മറ്റു ഭൂഖണ്ഡങ്ങളില്‍ മിഷനുകളും ഉണ്ട്. സിറോ മലബാര്‍ സഭയുടെ വിശ്വാസ ചൈതന്യവും പ്രേഷിത തീക്ഷ്ണതയും ക്രൈസ്തവ ലോകത്തുനിന്നും മുഴുവന്‍ പ്രശംസ ഏറ്റുവാങ്ങി. ഇതര സഭകള്‍ക്ക് പ്രചോദനവും മാതൃകയുമായി ഇന്ന് സീറോ മലബാര്‍ സഭ നിലകൊള്ളുന്നു.