literature

ബാബുരാജ് കളമ്പൂർ

കളമ്പൂരിന്റെ ഓണസ്മരണകൾക്ക് കവിതകളുടെ മധുരവും കഥകളുടെ ലഹരിയുമുണ്ട്. ഗ്രാമത്തെ ചുറ്റിയൊഴുകിയെത്തുന്ന പുഴയുടെ സംഗീതവും പുഴയിൽ കുളിച്ചു കയറിവരുന്ന കാറ്റിന്റെ സുഗന്ധവുമുണ്ട്.
എഴുപതുകളുടെ ശാന്തസുന്ദരമായ ഗ്രാമജീവിതത്തിന്റെ കറുപ്പു – വെള്ളക്കാഴ്ചകളിലേയ്ക്കു പടർന്നിറങ്ങുന്ന വർണ്ണവിസ്മയമായിരുന്നു ബാല്യത്തിൽ എന്റെ ഓണം. ലക്ഷോപലക്ഷം പൂവുകൾ ഒരുമിച്ചു വിടർത്തി ഗ്രാമഭൂമിയെ ഒന്നടങ്കം വലിയൊരു പൂക്കളമാക്കി മാറ്റുന്ന പ്രകൃതിയുടെ കരവിരുത് അത്ഭുതത്തോടെ കണ്ടുനിന്ന കാലം.

ആഘോഷങ്ങൾ അതിരുകൾക്കപ്പുറം നിന്ന കൗമാരത്തിന്റെ നിരാശകളിൽ ഞാനഭയം തേടിയത് അക്ഷരങ്ങളുടെ തുരുത്തിലും പ്രകൃതിയുടെ വിസ്മയങ്ങളിലുമായിരുന്നു. കാണെക്കാണെ രൂപം മാറുന്ന പ്രകൃതി. കർക്കിടകത്തിന്റെ കറുത്ത ആവരണങ്ങളഴിച്ചു മാറ്റി, ഏഴല്ലെഴുന്നൂറു വർണ്ണങ്ങൾ ചാർത്തി അണിഞ്ഞൊരുങ്ങുന്ന ചിങ്ങത്തിന്റെ സൗന്ദര്യം. പാടവരമ്പത്തും കുന്നിന്മുകളിലും പുഴയോരത്തും സ്വയംമറന്നുനിന്ന കാലം. കണ്ണുകൊണ്ടും മനസ്സുകൊണ്ടും ഓണമുണ്ട കാലം.

വാക്കുകൾ ഇതളിട്ടു വിടർന്ന് ആശയങ്ങളുടെ സുന്ദരവസന്തമായി മാറുന്ന അതിശയാനുഭൂതിതകൾ തിരിച്ചറിഞ്ഞത് ഈ കൗമാരകാലത്തായിരുന്നു. അക്കാലം മുതൽ ഇന്നുവരെ എന്റെ ഓണം അക്ഷരലോകത്തായിരുന്നു.

പി യും ജിയും വയലാറും വൈലോപ്പിള്ളിയുമൊക്കെ എനിക്ക് കവിതകളാൽ ഊഞ്ഞാലു കെട്ടിത്തരും.. എം.ടിയും തകഴിയും പൊറ്റക്കാടും വാക്കുകളാൽ പൂക്കളമിട്ടു തരും.. പിറവം പുഴയിൽ വഞ്ചിപ്പാട്ടിന്റെ ആരവമുയരുമ്പോൾ നതോന്നതയിൽ വാസവദത്തയുടെ കാവ്യം പാടി ആശാൻ മനസ്സിലെത്തും..
ഓണം എനിക്ക്, ആഘോഷങ്ങൾക്കപ്പുറം ചില തിരിച്ചറിവുകളായിരുന്നു പകർന്നുതന്നത്. ആഘോഷിക്കാൻ ഒന്നുമില്ലാത്തവന്റെ അപകർഷതാബോധമായിരിക്കാം ഇത്തരം വേറിട്ട ചിന്തകളുടെ തുരുത്തുകളിൽ അലഞ്ഞുതിരിയാൻ എന്നെ പ്രേരിപ്പിച്ചത്.

കാർഷിക സമൃദ്ധിയുടെ ആഘോഷങ്ങളിൽ കുടവയറനായ മഹാബലിയെ കുടിയിരുത്തിയതെന്തിന് എന്ന് ഞാൻ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. എന്റെ വീക്ഷണത്തിൽ, നഷ്ടപ്പെട്ട പലതിന്റെയും വീണ്ടെടുപ്പാണ് ഓണം. അതിന്റെ ഐതീഹ്യം തന്നെ അങ്ങനെയാണല്ലോ. നന്മയുടെ പ്രതീകമായ ഒരു ഭരണാധികാരിയെ ചതിയിലൂടെ പുറത്താക്കിയ കഥ. ആ രാജാവിന്റെ താല്ക്കാലികമായ തിരിച്ചുവരവിന്റെ ആഘോഷങ്ങൾ.

മൂന്നടി മണ്ണു ചോദിച്ചു വന്ന് ആകാശംമുട്ടെ വളർന്ന് എല്ലാം കവർന്നെടുത്ത വാമനനെ ഇംഗ്ലീഷ് ഈസ്റ്റിൻഡ്യാ കമ്പനിയുടെ അധിനിവേശത്തോടുപമിക്കാനാണ് എനിക്കിഷ്ടം. മാവേലിനാടെന്ന സങ്കല്പം, ഒരിക്കലും നടക്കാതെപോയ ഒരു സോഷ്യലിസ്റ്റ് സ്വപ്നമായും ഞാൻ കാണുന്നു. നമുക്കു നഷ്ടമായ നാട്ടുനന്മകളെ തിരിച്ചെടുക്കാൻ നാം നടത്തുന്ന പ്രതീകാത്മകമായ ശ്രമമാണ് ഓണം എന്നു ഞാൻ വിശ്വസിക്കുന്നു. എന്നാൽ കാലവും ലോകവും അസുരവേഗത്തിൽ മാറിക്കൊണ്ടിരിക്കുകയാണ്. കൃഷിയും കാർഷിക സംസ്കൃതിയും അന്യംനിന്നുപോയ പുതിയ കാലത്ത്.. സ്വപ്നങ്ങൾ പോലും പണയത്തിലായ ഒരു തലമുറ പ്രതീക്ഷകളുടെ വ്യോമമേഖലകൾ താണ്ടി വിദൂരദേശങ്ങളിൽ അന്നവും അഭയവും തേടുന്ന വർത്തമാന കാലത്ത്.. ആഘോഷങ്ങൾ വെറും അഭിനയങ്ങൾ മാത്രമായിത്തീരുന്നു.

ജീവിതമെന്ന മഹായാത്രയിൽ നാം സഞ്ചരിക്കുന്ന പാതയ്ക്കിരുവശത്തും എത്രയെത്ര ദൃശ്യങ്ങൾ…! ചിലയിടത്ത്,കണ്ണീർ വീണു നിറഞ്ഞ ഉപ്പുതടാകങ്ങൾ.. കരിഞ്ഞുണങ്ങിയ വൃക്ഷങ്ങൾ.. അപ്രാപ്യമായ മലനിരകൾ.. മറ്റു ചിലയിടത്ത്,പൂത്തുലയുന്ന വസന്തവാടികൾ.. പ്രതീക്ഷയുടെ കുളിരരുവികൾ …വേദനകളുടെ വേനൽവഴികളിലൂടെ നടന്നു തളരുമ്പോൾ ഇത്തിരി തണലേറ്റിരിക്കാനും മനസ്സിന്റെ ആകുലതകളിൽ ആശ്വാസത്തിന്റെ ഔഷധം പുരട്ടാനുമുള്ള ശീതളച്ഛായകളാണ് ഇത്തരം ആഘോഷങ്ങൾ.. എല്ലാം മറന്ന് നാം നാമല്ലാതാവുന്ന ചില ദിവസങ്ങൾ. ഓണവും ഇങ്ങനെ നമ്മെ സാന്ത്വനിപ്പിക്കുന്ന മയിൽപ്പീലിത്തലോടലാണ്.

ഓടിത്തീർത്ത കാലത്തിന്റെ നടവരമ്പുകൾക്കിപ്പുറം തളർന്നിരിക്കുമ്പോൾ മുന്നോട്ടുള്ള യാത്രയ്ക്ക് ഈ സ്മരണകൾ മാത്രമാണു കൂട്ട്. കൊഴിഞ്ഞു പോയ ഓർമ്മകളുടെ ഇതളുകൾ പെറുക്കിയെടുത്ത് മനസ്സിൽ ഞാനുമൊരു പൂക്കളം തീർക്കുമ്പോൾ, പുറത്ത് പുതിയ തലമുറയുടെ ആഘോഷാരവങ്ങൾ ഉയരുന്നുണ്ട്. കാതടപ്പിക്കുന്ന ദ്രുതതാളങ്ങൾ ചുറ്റും മുഴങ്ങുന്നുണ്ട്.

വയൽ വരമ്പിലൂടെ പാറിവരുന്ന ചിങ്ങക്കാറ്റിനിപ്പോൾ പുഷ്പപരാഗങ്ങളുടെ സുഗന്ധമില്ല.. സിരകളിൽ അഗ്നിപടർത്തുന്ന മദ്യത്തിന്റെ ലഹരിപിടിപ്പിക്കുന്ന ഗന്ധമാണതിന്…പുഴയിപ്പോഴും ഒഴുകി നീങ്ങുന്നുണ്ട്. പെയ്യാതെ പോയ കാലവർഷക്കാറുകൾ മനസ്സിൽ നിറച്ച്, സ്വാർത്ഥ മനസ്സുകളുടെ മാലിന്യങ്ങളും പേറി.. പതിയെപ്പതിയെ.. ഇനി എത്രനാളൊഴുകും എന്നറിയാതെ. എങ്കിലും… പ്രതീക്ഷയുടെ ഓരോ തുളസിക്കതിരുകൾ ഈ ഓണക്കാലത്തും നമുക്ക് പരസ്പരം കൈമാറാം. ആർത്തിയും ആസക്തിയും വേതാളനൃത്തം ചവിട്ടുന്ന ഈ കലുഷകാലത്ത്, വരണ്ടുണങ്ങിയ മനസ്സിന്റെ മുറ്റത്ത് നന്മയുടെ നന്ത്യാവർട്ടങ്ങൾ നമുക്കും നട്ടുപിടിപ്പിക്കാം. അടുത്ത തലമുറകൾക്കു വേണ്ടി. അവരുടെ സന്തോഷത്തിനും സമാധാനത്തിനും വേണ്ടി.

എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ..!

ബാബുരാജ് കളമ്പൂർ.

കവി, കഥാകാരൻ,വിവർത്തകൻ -മഹാഭാരതം, വാല്മീകി രാമായണം എന്നിവയുടെ പുനരാഖ്യാനവും തീമഴക്കാലം, വാരണാവതം, പശ്ചിമായനം എന്നീ നോവലുകളും ഉൾപ്പടെ അമ്പതിലേറെ പുസ്തകങ്ങളുടെ രചയിതാവ്. മലയാളം – തമിഴ് ഭാഷകളിൽ കഥകൾ എഴുതുന്നു. എറണാകുളം ജില്ലയിലെ പിറവത്തിനടുത്ത് കളമ്പൂർ സ്വദേശി .
Mob: 8075245980/E – Mail: [email protected]

 

 

 

 

 

 

രാധാകൃഷ്ണൻ മാഞ്ഞൂർ

പഴയ സ്കൂൾമുറ്റത്തേക്കുള്ള പടികൾ കയറുമ്പോൾ നന്നേ കിതയ്ക്കുന്നുണ്ടായിരുന്നു. എത്ര തവണ കയറിയിറങ്ങിയ പടികളാണിത്. മുത്തശ്ശൻ മാവിന്റെ വേരിൽ പിടിച്ച് തൂങ്ങിയാണ് ചില വികൃതികൾ സ്കൂൾ മുറ്റത്തേക്കു കയറിയിരുന്നത്. അതുവഴി കയറിയാലോന്ന് നോക്കി. ഇല്ല ആ വഴിയൊക്കെ അടഞ്ഞു.സ്കൂൾ പരിസരം കാടുപിടിച്ച് അലങ്കോലമായി കിടക്കുന്നു. മാവിന്റെ മുകളിലേക്കു നോക്കി ഇലച്ചാർത്തുകൾക്കിടയിൽ നിന്നും സൂര്യവെളിച്ചം കണ്ണിറുക്കുന്നു.

“ ആരാ മനസ്സിലായില്ല ’’ ശബ്ദം കേട്ട് തിരിഞ്ഞുനോക്കി.

നരച്ച നൈറ്റിയുടുത്ത് ഒരു യുവതി. ഒറ്റനേട്ടത്തിൽ തന്നെ ആളെ മനസ്സിലായി.സ്കൂളിലെ പ്യൂണായിരുന്ന റാഹേലമ്മയുടെ മകൾ ജാൻസി. താൻ ചിരിച്ച് കാണിച്ചിട്ടും അവൾ ചിരിച്ചില്ല. അപരിചിതത്വം അതിന് പ്രേരിപ്പിക്കുന്നില്ല. “ റാഹേലമ്മയുടെ മകൾ ജാൻസി അല്ലെ…’’

‘അതെ’

“ എന്നെ ഒാർക്കുന്നുണ്ടോ, ഈ സ്കൂളിലെ പഴയൊരു ടീച്ചറായിരുന്നു.’’

“ഇൗശോയെ , ട്രിസ്സ ടീച്ചർ,’’ആദരവും, അമ്പരപ്പുമായി ജാൻസി കൈയിൽ പിടിച്ചു. അവൾക്ക് മുഖത്തൊരു ചമ്മലുണ്ട്. ടീച്ചറെ കണ്ടിട്ട് മനസ്സിലായില്ല സത്യം. മുടിയൊക്കെ വല്ലാതങ്ങ് നരച്ചു…“വയസ്സാവുകയല്ലെ കുട്ടീ’’ ഒന്നു ചിരിച്ചു. “ ടീച്ചർ നമുക്ക് വീട്ടിലേക്കുപോവാം. ഈ കാട്ടിൽ നിന്നാൽ വല്ല ഇഴജന്തുക്കളും കാണും’’ ജാൻസിയുടെ കൈയിൽ പിടിച്ചാണ് അവരുടെ വീട്ടിലേക്കുള്ള നടകൾ കയറിയത്. കാലിന്റെ മുട്ടിന് നല്ല വേദനയുണ്ട്. ഇന്നു രാത്രി കാലിനു നല്ല വേദനയുണ്ടാവും. കാടും, മേടും കയറി നടന്നതിന് മോനപ്പന്റെ വക ശകാരം ഉറപ്പ്.“ടീച്ചറെന്താ ആലോചിയ്ക്കുന്നത്.’’ ജാൻസി ഇളം തിണ്ണയിലേക്ക് ഒരു ഫൈബർ കസേര എടുത്തിട്ടു.“ഓ, ഒന്നുമില്ല… സ്കൂൾ നിർത്തിയതിനുശേഷം ഇതുവഴി ആദ്യം വരികയാണ്. പഴയകാല അദ്ധ്യാപകരെയും,വിദ്യാർത്ഥികളെയും പങ്കെടുപ്പിച്ചുള്ള കൂട്ടായ്മയിൽ ഒന്നു പങ്കെടുക്കണമെന്നുണ്ടായിരുന്നു. അതൊന്നും നടന്നില്ല.

“ ടീച്ചർ വരണമായിരുന്നു. എന്തു നല്ല പരിപാടിയായിരുന്നു. പണ്ടുകാലത്ത് പഠിച്ചവരും, പഠിപ്പിച്ചവരുമൊക്കെയുണ്ടായിരുന്നു. എല്ലാവരും വയസ്സനും,വയസ്സിയുമൊക്കെയായി…’’ ജാൻസി ചിരിച്ചു.

വീടിന്റെ ചുവരിൽ റാഹേലമ്മയുടെ ബ്ലാക്ക് അൻഡ് വൈറ്റ് ഫോട്ടോ. ഫോട്ടോയ്ക്കരികിലേക്കു ചെന്നു നിന്നു നോക്കി. ജീവൻ തുടിക്കുന്നതുപോലെ.

“ അമ്മച്ചി മരിച്ചിട്ട് പതിനൊന്നു വർഷമായി. എന്റെ കല്യാണം കഴിഞ്ഞ ആ വർഷം അവസാനമായിരുന്നു. എനിക്ക് മൂത്ത ഒരാളുണ്ട്. ടീച്ചർ ഓർക്കുന്നുണ്ടോ, സിൽവിയെ…

“ പിന്നെ ഞാൻ ഓർക്കുന്നുണ്ട്. സിൽവി നന്നായി പാട്ടുപാടുമായിരുന്നു. ഉപജില്ലാ കലോത്സവത്തിൽ ഞാനവളെ പാട്ടിനുകൊണ്ടുപോയിട്ടുണ്ട്.”
വെള്ളയും,നീലയും യൂണിഫോമിട്ട് സിൽവി സ്റ്റേജിൽനിന്നും പാടുന്നു. നനുത്ത ഒർമ്മകളുടെ അപ്പൂപ്പൻ താടികൾ…

“ സിൽവി മഠത്തിൽ ചേർന്നു.’’

അയ്യോ ടീച്ചർക്ക് ഞാനൊന്നും തന്നില്ലല്ലോ. ജാൻസി തിടുക്കത്തിൽ അടുക്കളയിലേക്കു പോയപ്പോൾ പുറകെ ചെന്നു. വ്യത്തിയുള്ള ചെറിയ അടുക്കള. സിമന്റ് കട്ടയിൽ തീർത്ത നല്ലൊരു വീട്. വീട് വലിയയൊരുസ്വപ്നമായിരുന്നു റാഹേലിന്… വീടിനെ പറ്റി എത്രയോ തവണ പറഞ്ഞിരിക്കുന്നു. “ടീച്ചർ ഈ മോരും വെള്ളം കുടിക്കു…ചോറുണ്ടിട്ട് പതിയെയങ്ങു പോകാം.” നനഞ്ഞ കൈ നെറ്റിയിൽ തുടച്ചുകൊണ്ടു ജാൻസി പറഞ്ഞു. മുളകും,ഇഞ്ചിയും ചതച്ചിട്ട മോരും വെള്ളം ഒറ്റവലിക്കു കുടിച്ചു തീർത്തു. ദാഹം നന്നായിട്ടുണ്ടായിരുന്നു. ഉച്ചക്ക് പിള്ളേരടച്ചൻ ചോറുണ്ണാൻ വരും. ഓട്ടോ ഡ്രൈവറാണ്. ജാൻസി പകുതി അരിഞ്ഞ് വച്ച ചീരയിലകൾ കൈയിൽ എടുത്തു. ജോലിയിൽ റാഹേലമ്മ കാണിക്കുന്ന തിടുക്കം ഇവൾക്കും കിട്ടിയിട്ടുണ്ട്.

റാഹേലറിയാത്ത ഒരു കാര്യവും സ്കൂളിൽ നടന്നിട്ടില്ല. ഏതു കാര്യത്തിലും അവരുണ്ടായിരുന്നു. എന്റെ പ്രാരാബ്ധങ്ങൾ കണ്ടറിഞ്ഞ് എത്രയോ പ്രാവശ്യം പച്ചക്കറിയും, മുട്ടയുമൊക്കെ കൊണ്ടു തന്നിരിക്കുന്നു. ശമ്പളം കിട്ടുമ്പോൾ രൂപകൊടുത്താൽ അതൊന്നും വാങ്ങില്ല. എല്ലാം എന്നോടുള്ള ഇഷ്ടം കൊണ്ടാണത്രേ…

“ടീച്ചർ വിശേഷങ്ങൾ പറയൂ.” “എനിക്ക് എന്തുവിശേഷങ്ങൾ…പല സ്കൂളുകളിലും പഠിപ്പിച്ചു പെൻഷനും പറ്റി. രണ്ടാൺ മക്കൾ ടോമിയും,മോനച്ചനും. മോനച്ചൻ കോൺട്രാക്റ്ററായി. ടോമി തമിഴ്നാട്ടിൽ. അവനവിടെ കൃഷിത്തോട്ടമുണ്ട്. എന്റെ ഭർത്താവ് ആന്റണിസാർ ഒൻപതു വർഷം മുൻപ് മരിച്ചു. ഞാനിപ്പോൾ ഇളയവൻ മോനച്ചന്റെ പിള്ളേരെ നോക്കി വീട്ടിൽ കഴിയുന്നു. ദൂരെ പട്ടണത്തിൽ.

പുറത്തെ ഉച്ചവെയിലിന്റെ തീഷ്ണത മുറിക്കുള്ളിലേക്ക് വ്യാപിക്കുന്നുണ്ടായിരുന്നു. മോനച്ചന്റെ ഭാര്യ ഇപ്പോൾ തിരക്കുന്നുണ്ടാവും. മൊബൈൽ സ്വിച്ച് ഓഫ് ചെയ്തു വീട്ടിൽ വച്ചിട്ടാണ് ഈ യാത്ര പ്ലാൻ ചെയ്തത്. അതും പെൻഷൻ വാങ്ങാൻ പോന്ന വഴിക്ക്… മോനച്ചന്റെ വീട്ടിൽ ഒരു സ്വാതന്ത്ര്യവുമില്ലാതെ ഒരു മുറിയിൽ ഒരേ ഇരുപ്പ്. പുറത്തേയ്ക്ക് ഒരു യാത്രയിലും അവർ കൊണ്ടുപോകാറില്ല. പ്രായാധിക്യമുള്ളവർ വീട്ടിലിരിക്കണമെന്നാണ് മോനച്ചന്റെ ഭാര്യയുടെ നിലപാട്.

“ ടീച്ചർ പൂർവ്വവിദ്യാർത്ഥി സമ്മേളനത്തിനു വന്നില്ലല്ലോ, പഴയകാല അദ്ധ്യാപകരെയൊക്കെ അന്ന് ആദരിച്ചിരുന്നു.’’

സംഘാടകർ വിവരം അിറയിച്ചതായിരുന്നു. മോനച്ചനൊന്നു നാട്ടിലേക്കു വിടണ്ടേ… അവന്റെ ഭാര്യയുടെ കളിയാക്കലായിരുന്നു അസഹ്യമായത്. പൂർവ്വവിദ്യാർത്ഥി സംഗമത്തിനു പോവണമെന്ന ആഗ്രഹം പറഞ്ഞപ്പോഴൊക്കെ അവൾ തടസ്സപ്പെടുത്തുകയായിരുന്നു. നിങ്ങളുടെ അമ്മച്ചിക്ക് വയസ്സുകാലത്ത് “ക്ലാസ്സ്മേറ്റ്സ് ’’ അഭിനയിക്കാൻ പോവണമെന്ന്. എന്തെല്ലാം കുത്തുവാക്കുകൾ കേട്ടിരിക്കുന്നു. ഒടുവിൽ എങ്ങോട്ടുമില്ലെന്നു തീരുമാനിച്ചു.

“ ഞാൻ പറഞ്ഞതൊന്നും ടീച്ചർ കേട്ടില്ലെന്നു തോന്നുന്നു.’’ജാൻസി ഓർമ്മകളിൽ നിന്നും വേർപ്പെടുത്തി.വെറുതെ ഓരോന്ന്….

വയസ്സായവരൊക്കെ എല്ലാവർക്കും ഒരു ഭാരമാവുകയാണോ. മനസ്സ് ആകെ വ്യാകുലപ്പെടുന്നു. ഇന്ദിര ടീച്ചറെ ഓർത്തു. കഴിഞ്ഞപ്രാവശ്യം പെൻഷൻ വാങ്ങാൻ ചെന്നപ്പോൾ കണ്ടതാണ്. ഒരുപാട് നേരം വർത്തമാനം പറഞ്ഞു പിരിഞ്ഞതാണ്. രാത്രിയിലുണ്ടായ ഒരു തലവേദന….അത്രമാത്രം…. മറ്റാർക്കും ബാദ്ധ്യതയാവാതെ കടന്നുപോവണമെന്നായിരുന്നു ടീച്ചറുടെ ആഗ്രഹം…. അതുപോലെതന്നെ…ജാൻസി ഊണ് വിളമ്പി. ചീരതോരനും,പുളിശ്ശേരിയും,അച്ചാറുമൊക്കെ കൂട്ടി ഊണുകഴിച്ചു. ഗ്രാമത്തിന്റെ നിറസമൃദ്ധി ആവോളം നുകർന്ന് ഉച്ചവെയിൽ അലസമായി കിടന്നു.

ജാൻസിയുടെ കൈപിടിച്ച് പഴയ സ്റ്റാഫ്റൂമിനരികിൽ ചെന്നുനിന്നു. മുറിയുടെ ഇടതു സൈഡിലായിരുന്നു തന്റെ ഇരിപ്പിടം. അവിടെ ഇരുന്നാൽ നാലുബിയിലെയും,അഞ്ചുബിയിലെയും ക്ലാസ്സുകാണാം. റൂമിന്റെ ജനലുകളും,വാതിലുകളും മുഴുവൻ ദ്രവിച്ചു നശിച്ചിരിക്കുന്നു. പൊട്ടിയ ഓടുകളും, ബ്രാണ്ടികുപ്പികളും നിറഞ്ഞു കിടക്കുന്നു. “ദാ ഇവിടെ കാടെല്ലാം വെട്ടിത്തെളിച്ചായിരുന്നു യോഗം സംഘടിപ്പിച്ചത്. എന്തൊരു ആളും ബഹളവുമായിരുന്നു.” ജാൻസി പഴയ ഗ്രൗണ്ട് കാണിച്ചുകൊണ്ട് പറഞ്ഞു. അന്ന് ചടങ്ങിനൊട്ടിച്ച വർണ്ണക്കടലാസുകൾ ചിലയിടത്തൊക്കെ ബാക്കി നിൽക്കുന്നുണ്ട്.

ഈ മുറ്റത്തുനിൽക്കുമ്പോൾ സർവ്വീസ് കാലം ഓർമ്മ വരുന്നു. അപ്പന് കൃഷിപ്പണിയായിരുന്നു. എന്റെ ശമ്പളം കൊണ്ട് ഒന്നും തികയാത്ത അവസ്ഥ. അനുജത്തിമാരുടെ പഠനചിലവ്… വീട്ടുചിലവ്… എല്ലാം കൂട്ടിമുട്ടിക്കാൻ നന്നേ പാടുപെട്ടു. സ്കൂളിൽ ഉച്ചക്കുവയ്ക്കുന്ന ഉപ്പുമാവ് റാഹേലമ്മ ആരും കാണാതെ എന്റെ കൈയിൽ തന്നു വിട്ടിട്ടുണ്ട്. റാഹേലിനോട് അത്രയേറെ കടപ്പെട്ടിരിക്കുന്നു. ഇന്നെനിയ്ക്കെന്തെന്നറിയില്ല… മനസ്സിൽ വല്ലാത്തൊരാനന്ദം തോന്നുന്നു. പഴയ സ്കൂളും,പഴയ ശിഷ്യയെയും കണ്ടതിന്റെ സന്തോഷമാവാം… അതും എന്റെ റാഹേലിന്റെ മകൾ… വലിയ സന്തോഷം…. ഇനി ഒരിക്കലും ഈ വഴിയ്ക്കൊരു യാത്ര തരപ്പെട്ടില്ലന്നു വരാം. “സമയം ഒരുപാടായി. എനിക്കുപോവണം… ഇതുവഴി ഇനി എപ്പോഴാണ് ബസ്സുള്ളത് ?”

“ ഇനി രണ്ടുമണിക്കൂറു കഴിയാതെ ബസ്സില്ല. അപ്പുറത്തെ കവലവരെ നടന്നാൽ ബസ്സ് കിട്ടും. തങ്കച്ചൻ വന്നിരുന്നെങ്കിൽ ഓട്ടോയിൽ അപ്പുറത്തെ കവലക്കിറങ്ങാമായിരുന്നു. ഒന്നു ഫോൺ വിളിച്ചു പറയാൻ മൊബൈലുമില്ല… എന്തുചെയ്യാം…” ബാഗിൽ വച്ചിരുന്ന പെൻഷൻ രൂപയിൽ നിന്നും രണ്ടായിരം രൂപ ജാൻസിയുടെ കൈയിൽ വച്ചുകൊടുത്തു. “ഇതിരിക്കട്ടെ… എന്റെയൊരു സന്തോഷത്തിന്… കുട്ടികൾക്ക് എന്തെങ്കിലും മിഠായി വാങ്ങിക്കൊടുക്ക്…” ജാൻസിയുടെ ആത്മവിശ്വാസമുള്ള മുഖം സങ്കടത്തിന്റെ വക്കിലാണ്. “രൂപയൊന്നും വേണ്ട ടീച്ചർ… എന്തായാലും ഇവിടെ വന്നല്ലോ… അതാണെന്റെ സന്തോഷം…” രൂപ തിരിച്ച് തരാൻ നോക്കിയിട്ട് അതുവാങ്ങിയില്ല. നിന്നെപ്പോലൊരു മകൾ എനിക്കു ജനിച്ചില്ലല്ലോ…റാഹേലിന്റെ ചുറുചുറുക്കും,ചിരിയുമൊക്കെ ഇവളിൽ നിറഞ്ഞു നിൽക്കുന്നു.

കൃഷിചെയ്തും,ആടുവളർത്തിയും,കോഴിവളർത്തിയുമൊക്കെ എത്ര സുന്ദരമായാണ് ജീവിതത്തെ ഇവൾ മുൻപോട്ട് കൊണ്ടുപോവുന്നത്. “ഇനി നിൽക്കുന്നില്ല. രണ്ടു ജില്ലയ്ക്കപ്പുറം പോകേണ്ടതാണ്. നീ എന്നെ താഴേയ്ക്കൊന്ന് ഇറക്കാൻ സഹായിക്ക്.മോനച്ചന്റെ കുഞ്ഞുങ്ങൾ തിരക്കുന്നുണ്ടാവും…”പൊട്ടിപൊളിഞ്ഞ നടയിലൂടെ താഴോയ്ക്കിറങ്ങി. ജാൻസി കൈയിൽ മുറുകെ പിടിച്ചിട്ടുണ്ട്. അതുകൊണ്ട് ഒട്ടും ഭയം തോന്നിയില്ല. അദ്ധ്യാപകർ എത്രയോ ഭാഗ്യം ചെയ്തവരാണ്… ലോകത്തെവിടെയും അവരെ ചേർത്തു പിടിക്കാൻ ഏതെങ്കിലുമൊക്കെ ശിഷ്യരുണ്ടാവും…

താഴെ ടാറിട്ടവഴിയിൽ വന്നു.“ഞാനൊരു കാര്യം ചോദിക്കട്ടെ കുട്ടീ… ഒരുപാട് വയസ്സാവുമ്പോൾ നിന്റെ അരികിൽ വന്നു നിന്നോട്ടെ…” അതുപറയുമ്പോൾ കണ്ണു നിറഞ്ഞുവോ… “ ഈ ടീച്ചറിന്റെ ഒരു കാര്യം. എന്റെ ടീച്ചറെ അതിനൊക്കെ നമുക്കു വഴിയുണ്ടാക്കാം…” ജാൻസി ചിരിച്ചു. എന്തിനും പരിഹാരം കണ്ടെത്തുന്ന റാഹേലിന്റെ അതെ രീതി. ടീച്ചർക്കെന്തിന്റെ കുഴപ്പമാണ്- അവൾ ആരോടെന്നില്ലാതെ പറയുന്നു. നിന്റെ ടീച്ചർ കാര്യമായിട്ടാണിത് പറയുന്നതെന്ന് അവളോട് പറയണമെന്നുണ്ട്. പക്ഷെ എങ്ങനെ ഈ കുട്ടിയോട്…? വേണ്ട ടീച്ചറെപ്പറ്റി അവൾക്കുള്ള നല്ല സങ്കൽപ്പങ്ങൾ അങ്ങനങ്ങു നിൽക്കട്ടെ… അതല്ലെ ശരി…

ബാഗിൽ നിന്നും ടൗവ്വലെടുത്തു മുഖം തുടച്ചു. മക്കളുടെയും മരുമക്കളുടെയും തിരസ്ക്കാരങ്ങൾ പുതിയ ഒരുപാട് പാഠങ്ങൾ പഠിപ്പിച്ചു. ജീവിതത്തിന്റെ നിറക്കാഴ്ചകൾ മുഴുവൻ നഷ്ടപ്പെടുന്ന വാർദ്ധക്യം ഇത്ര ശാപം പിടിച്ചതാണോ. സർവ്വീസ് കാലവും റിട്ടയർമെന്റ് കാലവും ഹൃദയബന്ധങ്ങളുടെ നേർരേഖ മുറിച്ചു പോയിരിക്കുന്നു… പ്രായം ചെന്നവർ മര്യാദയ്ക്ക് വീട്ടിലിരിക്കണമെന്നു പറയാൻ മകനും, മരുമകൾക്കും നൂറുനാവ്… എന്റെ ആന്റണി സാർ ഉണ്ടായിരുന്നെങ്കിലെന്ന് വെറുതെ മനസ്സു കൊതിച്ചു.ഒന്നും അിറയാതെ അച്ചായനങ്ങു പോയി. ഹൈറേഞ്ചിലെ സ്കൂളിൽ നിന്നും പനിയുമായാണ് വന്നത്. എത്രപെട്ടന്നാണ് മരണം അദ്ദേഹത്തെ കവർന്നത്.

“ ഇനി നിന്നാൽ സമയം പോവും. ഞാൻ നടക്കട്ടെ…” ജാൻസിയുടെ തോളിൽ തട്ടി യാത്ര ചോദിച്ചു. ടാറിട്ട വഴി വിജനമാണ്. തീ പാറുന്ന ഉച്ചവെയിൽ മാത്രമാണ് കൂട്ട്. ഇത്തിരി സ്നേഹത്തിന്റെ വഴിയമ്പലങ്ങൾ തേടി ടീച്ചർ നടന്നു മറയുമ്പോഴും അഭയവും, സ്നേഹവും നൽകുന്ന മനസ്സുമായി പിന്നിൽ വഴിയരികിൽ ജാൻസി കാത്തുനിന്നു… ഇമ ചിമ്മാതെ….

രാധാകൃഷ്ണൻ മാഞ്ഞൂർ 

ഫ്രീലാൻസർ. കോട്ടയം ജില്ലയിൽ വൈക്കം താലൂക്കിൽ മാഞ്ഞൂർ ഗ്രാമത്തിൽ പന്തല്ലൂർ വീട്ടിൽ പരേതരായ പി . കൃഷ്ണനാചാരിയുടെയും, ഗൗരി കൃഷ്ണന്റെയും മകനായി 1968 -ലെ ഏപ്രിൽ വേനലിൽ ജനനം.

മാഞ്ഞൂർ സൗത്ത് ഗവൺമെൻറ് സ്കൂൾ, മാഞ്ഞൂർ വി .കെ, വി .എം. എൻ. എസ് . എസ് സ്കൂൾ, കുറവിലങ്ങാട് ദേവമാതാ കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം.

സമചിന്ത, പിറവി എന്നീ ലിറ്റിൽ മാഗസിനുകളിൽ എഡിറ്റോറിയൽ ബോർഡ് മെമ്പറായി . അക്ഷരക്കാഴ്ച മാസികയുടെ ചീഫ് എഡിറ്റർ, കാഞ്ഞിരപ്പള്ളി സമചിന്ത സാഹിത്യ സംഘം വൈസ് ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചു .

1986 -ൽ ഭാരത കഥാപുരസ്കാരം, 1997 -ൽ അസീസി ചെറുകഥാ പുരസ്കാരം, സംസ്ക്കാരവേദിയുടെ 2023ലെ അവാർഡ് എന്നിവ ലഭിച്ചു . രണ്ട് കഥാപുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. നിലാവിന്റെ ജാലകം (നവീന ബുക്സ് പൊൻകുന്നം , കോട്ടയം)

പരസ്യപ്പലകയിലൊരു കുട്ടി (ചിത്രരശ്മി ബുക്സ് , കോട്ടയ്ക്കൽ , മലപ്പുറം) കേരള ജേർണലിസ്റ്റ് യൂണിയൻ (കെ ജെ യു ) ഓൾ കേരള എഡിറ്റേഴ്സ് ആൻഡ് റൈറ്റേഴ്സ് അസോസിയേഷൻ ( അക്കേവ ) എന്നിവയിൽ മെമ്പർ . ഭാര്യ : ഗിരിജ മകൾ : ചന്ദന
Email : [email protected]
Facebook : RADHA KRISHNAN MANJOOR
ഫോൺ : 9447126462
8075491785

 

 

രാജേഷ് കൃഷ്ണ

ആഘോഷങ്ങൾക്കായി പ്രവാസികളോളം കാത്തിരിക്കുന്ന ഒരു കൂട്ടമില്ല. അതിനാൽ തന്നെ ആഘോഷങ്ങൾക്ക് ജാതി മത ഭേദമില്ല. മറ്റുള്ളവർക്കായി ജീവിച്ച് തീർക്കുന്ന ഒരു ജീവിതമായിരുന്നു ഒരു രണ്ട് മൂന്ന് പതിറ്റാണ്ട് മുന്നേ വരെ പ്രവാസി.

ഓണം എന്നാൽ എനിക്ക് കുട്ടിക്കാലത്തെ എന്റെ ചുറ്റുവട്ടമുള്ള ക്ലബ്ബുകൾ ഒരുക്കുന്ന ഓണാഘോഷമായിരുന്നു. മത്സരങ്ങളുടെ പെരുമഴക്കാലം, സമീപസ്ഥലത്തുള്ള ക്ലബ്ബുകൾ ഓരോന്നും ഓരോ ദിവസം വൈവിധ്യമാർന്ന പരിപാടികളോട് ഓണാഘോഷം നടത്തും. രാവിലെ കുട്ടികൾക്കുള്ള മത്സരത്തിൽ തുടങ്ങി ഉച്ചയ്ക്ക് സദ്യ കഴിയുമ്പോൾ വീട്ടമ്മമാർക്ക് അടക്കം പങ്കെടുക്കാൻ കഴിയുന്ന രീതിയിൽ ഒരു ഉത്സവം തിരുവാതിരയും കൈകൊട്ടി കളിയും വടംവലിയും വേണ്ട ആഘോഷങ്ങൾക്ക് എങ്ങനെയും മാറ്റുകൂട്ടാൻ വേണ്ടിയുള്ള മത്സരങ്ങൾ.

ബന്ധുക്കളെ അടുത്ത് അറിയുന്ന കാലം കൂടിയാണ് ഓണം. എന്റെ അമ്മയുടെ വീട് തിരുവല്ലയ്ക്കടുത്ത് ഇരവിപേരൂരാണ്. അവിടെ പൂരാടം മറ്റുള്ളവരെ ഓണത്തിന് ഒരുക്കാൻ വേണ്ടിയുള്ള ദിവസമാണ്. നമ്മളോടൊപ്പം ഓണം ആഘോഷിക്കാൻ കഴിയാത്ത ആളുകൾക്ക് വേണ്ട സാധനസാമഗ്രികൾ എല്ലാം നൽകി നമുക്ക് ഒപ്പം ഉയർത്തുന്ന പൂരാടം, ജാതിമത ഭേദമന്യേ മറ്റുള്ളവർക്ക് ഓണമൊരുങ്ങാനുള്ള സാധന സാമഗ്രികളുമായി നാട്ടുകാരെത്തും. മനുഷ്യർ എല്ലാവരും ഒന്നുപോലെ എന്ന് ശരിക്കും തോന്നിപ്പിക്കുന്നത് ആ ദിവസത്തെ മറ്റു മനുഷ്യർക്കായുള്ള സംഭാവനകളിൽ നിന്ന്, ചേർത്തുവയ്ക്കല്ലിൽ നിന്നാണ്. കൊടുക്കൽ എന്ന മഹത്തായ കർമ്മം ജീവിതത്തിൽ ആദ്യമായി പഠിക്കുന്നത് അവിടെ നിന്നാണ്.

ബന്ധുക്കൾ തമ്മിലുള്ള ഇഴയടുപ്പം തുന്നി തുടങ്ങുന്നതും അവിടെ നിന്നാണ്. ഒരു കുടുംബത്തിലെ എല്ലാ മക്കളും കൊച്ചുമക്കളും ബന്ധുക്കളും അകന്ന ബന്ധുക്കളും വരെ ഓണത്തിന് അവിടെ എത്തും. ഇന്നോളം കാത്തുസൂക്ഷിക്കുന്ന ഹൃദ്യമായ ബന്ധുത്വം ആരംഭിച്ചതും ദൃഢമായതും ഈ ഓരോ ഓണക്കാലത്തും ആണ്. രണ്ടു ദശാബ്ദക്കാലം മുന്നേ ഇംഗ്ലണ്ടിൽ എത്തിയത് മുതൽ ഓണം എന്നത് അടുത്തുള്ള വീക്കെൻഡിൽ അല്ലെങ്കിൽ എല്ലാവർക്കും സൗകര്യപ്രദമായി ഒരു മാസം കാലത്തെ എല്ലാ വീക്കെന്റുകളിലും ആണ്. ഹൃദ്യമായ ഗൃഹാതുരത്വം മനസ്സിൽ സൂക്ഷിക്കാൻ നാടിനെ ഗാഢമായി പുണരാൻ എങ്ങനെയും എപ്പോഴും ചെറിയതോതിൽ എങ്കിലും ഓണം ആഘോഷിച്ചിരുന്നു. ഇത്തവണത്തെ ഓണം ചൈനയിലാണ്, ലണ്ടനിൽ നിന്ന് നാട്ടിലേക്ക് കാറോടിച്ചെത്താൻ വീട് വിട്ടിട്ട് ഇപ്പോൾ ഒരു മാസം കഴിഞ്ഞിരിക്കുന്നു. നാട്ടിലെ എൻറെ വീട്ടിലെത്താൻ ഇനിയും ഒരു മാസം എടുക്കും. അവസാനമായി ഒരു മലയാളിയെ തന്നെ കണ്ടത്, ഏകദേശം ഇരുപത് ദിവസം മുന്നേ വിയന്നയിൽ എന്റെ പ്രിയ സുഹൃത്ത് സിറോഷ് ജോർജിനെയാണ്.

പണ്ടാരോ പറഞ്ഞത് ശരിയാണ് നഷ്ടമാകണം നമുക്ക് അതിൻറെ വിലയറിയാൻ, കിട്ടാതിരിക്കണം നമുക്കതിന്റെ മൂല്യം അറിയാൻ, ഞാൻ അറിയുന്നു എന്റെ നഷ്ടപ്പെടുന്ന ഈ ഓണത്തെ, ഇത്തവണത്തെ ഓണത്തെ …!

പക്ഷെ എവിടെയോ ഏതോ ഒരു കുരുന്നിന്നെന്റെ, അവനോ അവളോ അറിയാതെ അവരുടെ ശരീരത്തിൽ എന്നോ വിത്തിട്ടു കഴിഞ്ഞ ക്യാൻസറിന്റെ ആസുര ഭാവത്തെ തുരത്താനുള്ള എന്റെ യാത്രയ്ക്കായി ഇനിയുള്ള ഓണങ്ങളും സന്തോഷ പൂർവ്വം ഞാൻ ത്യജിക്കും ..!!!

ടിബറ്റിലെ പേരറിയാത്ത ഏതോ ഗ്രാമത്തിൽ നിന്നും ഏവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ.

രാജേഷ് കൃഷ്ണ

മമ്മൂട്ടി ചിത്രം പുഴു, ഭാവന ചിത്രം ന്റെ ഇക്കാക്ക് ഒരു പ്രേമമുണ്ടാര്‍ന്നു തുടങ്ങിയ മികച്ച ചിത്രങ്ങളുടെ നിർമ്മാതാവ്. അരുണ നായരാണ് ഭാര്യ. ദീര്‍ഘ കാലമായി കുടുംബസമേതം ലണ്ടനിലെ ഹൈ വേ കോമ്പില്‍ താമസിക്കുന്നു . ബിബിസി പ്രോഗ്രാം പ്രൊഡ്യൂസറായിരുന്നു. പത്തനംതിട്ട വാര്യാപുരം കൃഷ്ണപിള്ളയുടെയും രമാഭായിയുടേയും മകൻ . റയാന്‍ നൈനാന്‍ ചില്‍ഡ്രന്‍സ് ചാരിറ്റിയെ പിന്തുണയ്ക്കുന്നതിനായി 55 ദിവസം, 75 നഗരങ്ങളിലൂടെ ലണ്ടനിൽ നിന്നും കേരളത്തിലേക്കുള്ള കാർ യാത്രയിലാണ് രാജേഷ് കൃഷ്ണ ഇപ്പോൾ .

 

ഡോ.ഉഷാറാണി.പി.

“ഒരത്തപ്പൂക്കളമിടാനുള്ള പൂക്കൾ കവിളത്തുണ്ടായിരുന്നല്ലോ!” എന്ന് വാട്സ് ആപ്പ് വഴി അദ്ദേഹത്തിൻ്റെ സന്ദേശം ലഭിച്ചപ്പോൾ “പ്രണയംകൊണ്ടായിരിക്കും ” എന്നൊരു കുസൃതിനിറഞ്ഞ മറുപടി കൊടുത്താലോ എന്നാദ്യം കരുതി. എങ്കിലും മൊബൈൽ ഫോൺ ഇമോജികളിലൊന്നിലൊതുക്കി.
കാരൂരിൻ്റെ ‘മരപ്പാവകളി’ലെ നായികയുടെ സംസാരമാണ് അപ്പോൾ ഓർമ്മവന്നത്.
ഉള്ളിലാകെ വീണ്ടുമൊരു പൊന്നോണം പൊട്ടിവിടർന്നു.
ഒന്നരവർഷത്തോളം നീണ്ട വാട്സ് ആപ്പ് ബന്ധത്തിൻ്റെ സാക്ഷാത്കാരമുഹൂർത്തമായിരുന്നു ഇന്നു നടന്നത്; അപ്രതീക്ഷിതമായി.
ഒരു യാത്രാമദ്ധ്യേ പെട്ടെന്നു സന്ദേശങ്ങളിലൂടെ തീരുമാനിച്ചതിൻപ്രകാരം കെ.എസ്.ആർ.ടി.സി.ബസ്സ്റ്റാൻഡിലെ തിരക്കിനിടയിൽവച്ചൊരു കൂടിക്കാഴ്ച. പത്തുപതിനഞ്ചു മിനിട്ടുകൾമാത്രം.
കവിയായ അദ്ദേഹത്തിന് അവിടെയടുത്തൊരു സാഹിത്യസമ്മേളനത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കാനുള്ളതുകൊണ്ടും എനിക്കു യാത്രതുടർന്ന് ലക്ഷ്യസ്ഥാനത്തിലെത്തേണ്ടതുകൊണ്ടും.
പ്രായവും പക്വതയുമുള്ള ഞങ്ങളുടെ മനസ്സിൽ അന്യോന്യംതോന്നിയിരുന്ന അടുപ്പത്തിനെ പ്രണയമെന്നു വകഭേദംചെയ്താലതിൽ തെറ്റില്ല. അല്ലെങ്കിലും പൂവുപോലുള്ള ഈ ഓമനക്കൗതുകത്തിന് എന്താണു തെറ്റ്?
ഇന്നു കാണാൻ സാധിച്ചത് എൻ്റെ നിർബ്ബന്ധപ്രകാരമാണ്.
ഞാനപ്പോൾ ബസിലിരുന്ന് അതുവഴി കടന്നുപോവുകയാണെന്നു പകൽകഴിഞ്ഞനേരം സാധാരണപോലെ സന്ദേശമയച്ചിരുന്നു. ആ ഭാഗത്തുനടക്കുന്ന കവിയരങ്ങിൻ്റെ കാര്യം അദ്ദേഹവും പങ്കുവച്ചു.അതിൻ്റെ സമയവുമായി സമയവായപ്പെടുത്താൻ കഴിയുമോയെന്നു സംശയമുള്ളതുകൊണ്ട് അദ്ദേഹം ഒഴികഴിവുകൾ പറഞ്ഞു.
അപരിചിതത്വത്തിൻ്റെ മഞ്ഞുരുകി സ്നേഹത്തിൻ്റെയും സൗഹൃദത്തിൻ്റെയും വെയിലും തണലും ഒരുപോലെകൊള്ളാൻ തുടങ്ങിയതുമുതലുള്ള എൻ്റെ പരിഭവവും പിണക്കവും ഇവിടെയും തുടർന്നു.
എന്നെക്കാണാൻ വരാൻ വിമുഖതകാണിക്കുന്നത് ഇഷ്ടക്കുറവുകൊണ്ടാണെന്ന് ഞാൻ വൃഥാ പറഞ്ഞു.
മുമ്പൊരിക്കൽ എൻ്റെ നഗരത്തിൽ ഒരാവശ്യാർത്ഥം വന്നു തങ്ങുമ്പോൾ കാണാനാകുമോയെന്നു ഞാൻ ചോദിച്ചതിന് അവിടുത്തെ ഗണപതി ഭഗവാൻ അനുവദിക്കാത്തതിനാൽ പറ്റില്ലയെന്നു പറഞ്ഞതോർമ്മിപ്പിച്ച് ഇക്കുറി ഞാൻ ശരിക്കും വഴക്കടിച്ചു.
പ്രസിദ്ധമായ ഗണപതിക്ഷേത്രം സ്ഥിതിചെയ്യുന്ന സ്ഥലവാസിയായതിനാൽ സ്വാഭാവികമായും വിഘ്നേശ്വരഭക്തനായ അദ്ദേഹത്തോട് ആ ഗണപതിയും സമ്മതിക്കുന്നില്ലേയെന്നു ഞാൻ ചൊടിച്ചു.
അപ്പോഴും അക്ഷോഭ്യനായിരുന്ന അദ്ദേഹമപ്പോൾ അന്ന് തനിക്കുള്ള മറ്റു കർത്തവ്യങ്ങളെക്കുറിച്ചെനിക്കെഴുതി.
എങ്കിൽ അതൊക്കെച്ചെന്നു നിറവേറ്റിക്കൊള്ളാനും ഞാനാരെയും പിടിച്ചുവച്ചിട്ടില്ലയെന്നും മറുപടി കൊടുത്തു. എന്നാൽ അദ്ദേഹത്തെ ഞാൻ പിടിച്ചുവച്ചിരിക്കുകയാണല്ലോയെന്നയർത്ഥത്തിൽ ‘ തന്നെ’ എന്നാണെനിക്കു മറുകുറിപ്പുവന്നത്.
ഉരുളയ്ക്കുപ്പേരിപോലെ എപ്പോഴും മറുപടി തരുന്ന കാര്യത്തിൽ അഗ്രഗണ്യനാണെന്നത് എനിക്ക് പരിചിതമല്ലാത്തതല്ല. മിക്കകവിതകളിലും കാണുന്ന നാടൻശീലുകൾകൊണ്ടുള്ള കൂട്ടിക്കെട്ടൽപോലെ ഉത്തരംനൽകുന്നതിലുള്ള വികടസരസ്വതിയും എനിക്കു പലപ്പോഴും കീറാമുട്ടിയായിരുന്നു.
സൗഹാർദ്ദത്തിൻ്റെ മേൽപ്പുതപ്പ് മെല്ലെ മെല്ലെ നീക്കി മധുരമുള്ള ആഴങ്ങളിലേക്കിറങ്ങിത്തുടങ്ങിയപ്പോൾ എനിക്കേറെയിഷ്ടമുണ്ടായതും ഈ സംസാരരീതിയോടുതന്നെയായിരുന്നു. ഉത്തരംമുട്ടിയും ചിലപ്പോളതിൻ്റെ സുഖത്തിൽ ഉത്തരം കൊടുക്കാതിരിക്കുകയും ഞാൻ ചെയ്തുപോന്നിരുന്നത് അദ്ദേഹത്തോടു പറഞ്ഞിരുന്നു.
ഇന്ന്, ഈ രണ്ടക്ഷരത്തിലെ ആർദ്രതയും ആത്മാർത്ഥതയും എന്നെ പൊട്ടിച്ചിരിപ്പിച്ചു. ഞാൻ ബന്ധനവിമുക്തനാക്കുന്നുവെന്നും ഇഷ്ടംപോലെ വിഹരിച്ചുകൊള്ളാനും പറഞ്ഞു.
എന്നിട്ടും ഓണത്തിൻ്റെ അലകളിനിയുമടങ്ങിയിട്ടില്ലാത്ത പശ്ചാത്തലത്തിൽ ഉച്ചയ്ക്കു ഞങ്ങൾ കണ്ടുമുട്ടി. ജൂബ്ബയും മുണ്ടും ധരിച്ച് ചന്ദനക്കുറിയുമണിഞ്ഞ് ഒരു മാതൃകാ കവിയുടെ രൂപത്തിൽ എൻ്റെ മുന്നിലെത്തി. ഷർട്ടും മുണ്ടും ധരിച്ചു കാണുന്നതാണ് എനിക്കിഷ്ടമെന്ന് ഫോട്ടോകൾ കാണുമ്പോൾ ഞാൻ പറഞ്ഞിരുന്നു.
എൻ്റെ ഓണത്തിൻ്റെ സൗന്ദര്യത്തിനു മാറ്റുകൂടിയതായി എനിക്കു തോന്നി.മനസ്സിൽനിറഞ്ഞ ലജ്ജയും സന്തോഷവും മുഖത്തു പ്രതിഫലിക്കുന്നുണ്ടെന്ന് ഞാനറിഞ്ഞു.ഹൃദയംനിറഞ്ഞിരുന്നതിനാൽ വാക്കുകൾ പുറത്തുവരാൻ മടിച്ചു.
എത്രയോ തവണ പിണങ്ങുകയും ഇണങ്ങുകയും ചെയ്തു. പരുഷവാക്കുകളോതി. അന്തർഗതങ്ങൾ കവിതകളിലൂടെ കൈമാറി.
ഒരു സോഷ്യൽമീഡിയാ ബന്ധം എന്നതിലുപരി പരിചയമാർന്ന് സ്നേഹസാന്ത്വനങ്ങൾ പങ്കുവച്ചു.ആശയസംഘട്ടനങ്ങളും അരങ്ങേറി.
ഇന്ന് പരിഭ്രമത്തോടെ മുൻപിൽ നിൽക്കുന്ന എന്നെനോക്കിയദ്ദേഹം നിറചിരി പൊഴിച്ചു.
കാതങ്ങളകലെയായിരുന്ന ഞങ്ങൾ അടുത്തടുത്തു നിന്നു. ഞങ്ങൾക്കിരുവശത്തുകൂടെ അപരിചിതർ ശബ്ദിച്ചും അല്ലാതെയും പൊയ്ക്കൊണ്ടിരുന്നു.അവർ ബസ് സ്റ്റാൻഡിലെ സ്റ്റാളുകളിൽനിന്ന് ശീതളപാനീയങ്ങളും മധുരമുള്ളതും എണ്ണയിൽ പൊരിച്ചതുമായ പലഹാരങ്ങളും വാങ്ങി രുചിച്ചു.കണ്ടുമറന്ന ഏതോ ചലച്ചിത്രത്തിലെ രംഗം ആവർത്തിക്കപ്പെടുന്നതായി എനിക്കു തോന്നി.ഞാനതാസ്വദിച്ചു.
എനിക്കു പോകാനുള്ള ബസ്സിൽക്കയറുമ്പോൾ അദ്ദേഹത്തിനു കൈകൊടുത്തു പിരിഞ്ഞതും ബൈക്കിനടുത്തുപോയിനിന്ന് അകന്നുപോകുന്ന ബസ്സിലിരുന്ന് തിരിഞ്ഞുനോക്കിയ എനിക്കുനേരെ കൈവീശിയതും ക്രമേണയൊരു നൊമ്പരമായി എന്നിലിറങ്ങി.ഞാൻ പ്രിയപ്പെട്ടയൊന്നിൽനിന്ന് അടർത്തിമാറ്റപ്പെട്ടതുമാതിരി. ഓണം ഓർമ്മകൾക്കുകൂടിയുള്ളതാണല്ലോ.

ഡോ.ഉഷാറാണി .പി

തിരുവനന്തപുരം ജില്ലയിൽ മണക്കാടിനടുത്ത് 1975 ൽ ജനനം. കെ.ജി.പ്രഭാകരനാചാരിയും കെ.പത്മവുമാണ് മാതാപിതാക്കൾ. ഗവ.സ്കൂൾ മണക്കാട്, ആൾ സെയിൻ്റ്സ് കോളേജ് തിരുവനന്തപുരം, ഗവ.യൂണിവേഴ്സ് റ്റി കോളേജ് തിരുവനന്തപുരം, ശങ്കരാചാര്യ സംസ്കൃത യൂണിവേഴ്സിറ്റി തിരുവനന്തപുരം കേന്ദ്രം എന്നിവിടങ്ങളിൽ നിന്ന് വിദ്യാഭ്യാസം കഴിഞ്ഞ് കേരള യൂണിവേഴ്‌സിറ്റിയിൽ നിന്നും മലയാള സാഹിത്യത്തിൽ ഡോക്ടറേറ്റു നേടി. സ്വകാര്യ മേഖലയിലെ വിദ്യാലയങ്ങളിലെ അദ്ധ്യാപികയായിരുന്നു. ഇപ്പോൾ ആറ്റുകാൽ ചിന്മയ വിദ്യാലയത്തിൽ. ആനുകാലികങ്ങളിൽ സാഹിത്യരചനകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ‘ആത്മ നിവേദനം’ എന്ന കവിതാ സമാഹാരവും പ്രസിദ്ധീകരിച്ചു.

വിലാസം: പ്രഭാതം, ടി.ആർ.ഏ-39, താവലോട് നഗർ, മുട്ടത്തറ, തിരുവനന്തപുരം – 8.
ഫോൺ – 9746201959

ജേക്കബ് പ്ലാക്കൻ

ഓണം , പൊന്നോണം …
പൂമുറ്റത്തൊരു പൂവോണം …
കളിമുറ്റത്തൊരു കളിയോണം …
വയലും വീടും ഒന്നെന്നുള്ളൊരു …
ഉൾവിളിയോണം …
തിരുവോണം .!

മത്തപ്പൂ വിരിയുമ്പോ…
ളത്തം വന്നു …
മത്താപ്പ് വിരിയുമ്പോളോണം വന്നു ..
അത്തം കഴിഞ്ഞാൽ പത്തോണം …..
ഒന്നെന്നുള്ളൊരു പൊന്നോണം…നമ്മളെല്ലാരും മെല്ലാരും ഒന്നായിത്തീരും
തിരുവോണം ……
ചിങ്ങക്കൊയ്ത്തോണം …!

മത്തപ്പൂ ..മഞ്ഞപ്പൂ
മഞ്ഞപ്പൂ..അത്തപ്പൂ
മത്ത പൂത്താലത്തം..
അത്തത്തിനു ചമയം…
അറനിറ പൊലിക്കും നെല്ല് …!
കറുമുറെ കഴിക്കുന്ന നാള് ..!

അന്നല്ലോ മണ്ണാകെ പൊന്നോണത്തിൻ ശംഖൊലി
…മലയാളത്തിൻ ശംഖൊലി…!

മലയാള മുറ്റത്തെല്ലാം
പൂക്കളങ്ങൾ ..
മാനത്തെ …മാണിക്യം നാണിക്കും …
പൂക്കളങ്ങൾ
സ്നേഹപൂക്കളങ്ങൾ ….!

അക്കുത്തിക്കുത്താനവരമ്പേൽ ഓണത്താറ് …
ചക്കരമാവിൻ കൊമ്പത്തൊരു
ഊഞ്ഞാലാട്ടം ..
അക്കുകളത്തിൽ
പെൺകളിയാട്ടം ..
പകിടയുരുട്ടും ആണുങ്ങളുടെ ആറാട്ടം …

ചിങ്ങപൊന്ന് കൊയ്യാൻ തെക്കൻകാറ്റ് ..
തെങ്ങോല ….തുമ്പാലെ കാവടിയാട്ടം …
ഉത്സവ കാവടിയാട്ടം ..
മലയാളിമങ്കമാർക്ക് വെപ്രാളം ..
ഉത്രാടവെപ്രാളം …!

അത്തം പത്തിന് തിരുവോണം ..
പുത്തനുടുപ്പിൻ പൊന്നോണം ..
നിനക്കൊരോണം .. എനിക്കൊരോണം ..
ഞാനും നീയും ഒന്നായിത്തീരും തിരുവോണം … നമ്മുടെ പൊന്നോണം…!

ശ്രാവണപൗർണ്ണമി നാളിൽ ..തിരുവോണ തിരുനാളിൽ ..
തൃക്കാക്കരയപ്പൻ …യെൻ മുറ്റത്തെ തുമ്പക്കുടത്തിൽവന്നു …
തുളസിപ്പൂവിൽനിന്നു ..
യെന്നാല്മാവിലരുളുന്നു “സമാധാനം ..”
എന്നോണസമ്മാനം …!
തിരുവോണ സമ്മാനം …!

ജേക്കബ് പ്ലാക്കൻ

മുന്നോറോളം കവിതകളുടെ രചയിതാവ്. രണ്ട് നാടകങ്ങളുടെ രചനയും സംവിധാനവും നിർവ്വഹിച്ച അതുല്യ പ്രതിഭ. ദീപിക ദിനപത്രത്തിൻ്റെ മുൻ സർക്കുലേഷൻ മാനേജർ. ഇപ്പോൾ നോർത്തേൻ അയർലെൻ്റിൽ ലണ്ടൻ ഡെറിയിൽ താമസിക്കുന്നു. കോട്ടയം ജില്ലയിൽ ആർപ്പൂക്കര പ്ലാക്കിൽ കുടുംബാംഗമാണ്.

Phone # 00447757683814

ഡോ . ഐഷ വി

ഓണാഘോഷം വീട്ടുമുറ്റങ്ങളിൽ നിന്ന് വായനശാലകളുടേയും ആർട്ട്സ് ആന്റ് സ്പോട്സ് ക്ലബ്ബുകളുടേയും മുറ്റത്തേയ്ക്ക് മാറിയപ്പോൾ പുതിയമാനവും രീതികളും കൈവന്നു. എല്ലാ വാർഡ് നിവാസികളിൽ നിന്നും പിരിവെടുത്ത് അത്തം നാളിൽ റോഡ് വക്കിലോ ക്ലബ്ബ് മുറ്റത്തോ വലിയൊരു പൂക്കളമിടുന്നതോടെ ഓണാഘോഷത്തിന് തുടക്കമിടുകയായി. പൂക്കളത്തിൽ പൂവുകൾ കൂടാതെ, ഉപ്പ്, വർണ്ണപ്പൊടികൾ, ഇലകൾ എന്നിവയും കണ്ടേക്കാം. മഴ നനഞ്ഞ് പൂക്കളം അലങ്കോലമാകാതിരിക്കാൻ ചിലർ ഓലപ്പന്തൽ കൊണ്ടൊരു മേൽ കൂരയൊരുക്കും. പൂക്കളില്ലാത്ത കൃതൃമ പൂക്കളമാണെങ്കിൽ അത്തം മുതൽ പത്തു ദിവസവും അത് കേടാകാതെ അതുപോലെ കിടക്കും.

ക്ലബ്ബുകൾ പ്ലാൻ ചെയ്യുന്ന രീതിയിൽ വിവിധ മത്സരങ്ങളോടെ ഓണാഘോഷം ഗംഭീരമാക്കും. മൂന്നോ നാലോ ദിവസം നീണ്ടു നിൽക്കുന്ന മത്സര ഇനങ്ങളിൽ ഓട്ട മത്സരം ഹർഡിൽസ്, മാരത്തോൺ ഓട്ടം , തലയണയടി, ഗ്രീസ് പുരട്ടിയ തൂണിൽ കയറുക, കെട്ടിത്തൂക്കിയിട്ട ബിസ്കറ്റുകൾ ചാടി കടിയ്ക്കുക , തീറ്റ മത്സരം, വിവിധ സാഹിത്യരചനാ മത്സരങ്ങൾ, ഉറിയടി മത്സരം , ചില ക്ലബ്ബുകളിൽ ഓണ സദ്യ , ഓണ പായസം, രാത്രി സ്റ്റേജിൽ കലാപരിപാടികളും മത്സരങ്ങളും . സാംസ്കാരിക സമ്മേളനങ്ങളും നടക്കും. അല്പം സാമ്പത്തിക ശേഷി കൂടിയ ക്ലബ്ബുകൾ പ്രദേശത്തെ പാവപ്പെട്ടവർക്ക് ഓണപ്പുടവ, ഓണക്കിറ്റ് എന്നിവ നൽകും. ടൗണിലെ ക്ലബ്ബുകൾ അമച്ച്വർ നാടകങ്ങളും കളിച്ചിരുന്നു. തിരുവനന്തപുരം പോലുള്ള നഗരങ്ങളിൽ സർക്കാർ വക ഓണാഘോഷങ്ങളും വിവിധ ആശയങ്ങളെ ആവിഷ്ക്കരിക്കുന്ന പ്പോട്ടുകളും കാണും.

പാർശ്വവത്കരിക്കപ്പെട്ടവർക്ക് ക്ലബ്ബുകളുടെ ഓണാഘോഷങ്ങളിൽ പങ്കെടുക്കാൻ ആദ്യ കാലങ്ങളിൽ മടിയായിരുന്നു. അവർ പരമ്പരാഗത രീതിയിൽ പുലികളി, മറ്റ് കലാരൂപങ്ങൾ എന്നിവയുമായി രാത്രി വീടുവീടാന്തരം കയറിയിറങ്ങി പെട്രോമാക്സിന്റെ വെളിച്ചത്തിൽ ചില പരിപാടികൾ അവതരിപ്പിച്ച് ചില്ലറകൾ നേടി. കുറച്ചു വർഷങ്ങൾ കഴിഞ്ഞപ്പോൾ ആ പതിവും ഇല്ലാതായി.

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , പാലക്കാട് ജില്ലയിലെ കോളേജ് ഓഫ് അപ്ലൈഡ് സയൻസ് . കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്. മലയാളം യുകെയിൽ എഴുതിയ ലേഖനങ്ങളുടെ സമാഹാരം ഓർമ്മച്ചെപ്പ് തുറന്നപ്പോൾ എന്ന പേരിൽ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

സ്നേഹപ്രകാശ്. വി. പി.

കാത്തുനില്പിന്റെ ഒരു നിമിഷാർദ്ധം. സിഗരറ്റിനുവേണ്ടി പാന്റ്സിന്റെ പോക്കറ്റിൽ കൈ തിരുകുമ്പോൾ അങ്ങു ദൂരെനിന്നും നടന്നു വരുന്ന സുമിത. താൻ ഏറ്റവുമധികം ഇഷ്ടപ്പെടുന്ന പെൺകുട്ടി. നരച്ച മുഖമുള്ള, നഗരത്തിലെ തിരക്കുപിടിച്ച ബിസിനസ്സുകാരനായ കമൽദേവിന്റെ ഏക പുത്രി.

“സോറി.. രമേഷ്.. അയാം എ ബിറ്റ് ലേറ്റ്.. ഡാഡി ഇന്ന് വീട്ടിൽത്തന്നെ കൂടിയിരിക്കയാ കമ്പ്യൂട്ടറിനു മുന്നിൽ. അവസാനം ലൈബ്രറിയിലേക്കാണെന്ന് പറഞ്ഞു രക്ഷപ്പെട്ടു…. ”

ചുണ്ടുകൾക്കിടയിലൂടെ പുറത്തു വരാൻ മടിച്ചു നിൽക്കുന്ന ദന്തനിര.

വല്ലപ്പോഴും മാത്രം കൈകൾ കൊണ്ട് മുഖംപൊത്തി ചിരിക്കാറുള്ള സുമിതയെ ഓർത്തു. തന്റെ ഭാവനയിലെ സുമിതയുടെ ഏറ്റവും സൗന്ദര്യമുള്ള ഭാവം.

“ഹോ… ഇറ്റ്സ് ഓക്കേ… ”

ചിരിച്ചുകൊണ്ടുതന്നെ പറഞ്ഞു.

“പിന്നെ എന്തെല്ലാമാണ് രമേഷ്… ”

അവൾ കൺപുരികങ്ങൾ ഉയർത്തി.

“സുമി പറയു…ഇന്ന് ഞാൻ കേൾക്കാനുള്ള മൂഡിലാണ്… വരൂ നമുക്ക് ബീച്ചിലേക്ക് പോവാം…”

റോഡിന്റെ ഓരത്തായി കെട്ടിയുയർത്തിയ അരമതിലിൽ ആരെല്ലാമോ കാറ്റുകൊള്ളാനിരിക്കുന്നു. കടല വില്പനക്കാരന്റെയും, ഐസ്ക്രീമുകാരന്റെയും വണ്ടികൾക്കിടയിലൂടെ അരമതിലിനിടയിലെ ഒതുക്കുകളിറങ്ങി കടൽത്തീരത്തേക്ക് നടന്നു. കാറ്റാടി മരങ്ങൾക്കിടയിലൂടെ പഞ്ചാര മണലിലൂടെ നടക്കവേ അസൂയ നിറഞ്ഞ നോട്ടങ്ങൾ കണ്ടില്ലെന്നു നടിച്ചു.

ഇന്ന് ഒഴിവുദിവസമായതു കൊണ്ടായിരിക്കാം കടൽത്തീരത്ത് പതിവിൽകൂടുതൽ ആൾക്കാരുണ്ട്. ആർത്തുല്ലസിച്ച് ബഹളം വെച്ചു നടന്നു നീങ്ങുന്ന യുവാക്കളുടെ കൂട്ടം. പിന്നെ കുടുംബാംഗങ്ങളോടൊത്ത് ഒഴിവുദിവസമാഘോഷിക്കാനെത്തിയവർ. കഴുത്തിൽ തൂക്കിയിട്ട ബാഡ്ജുകളുമായി ഏതോ സ്കൂളിൽ നിന്നും വന്ന ഒരു വിനോദയാത്ര സംഘം. വിദ്യാർത്ഥികളുടെ സുരക്ഷയിൽ ശ്രദ്ധിച്ചുകൊണ്ട് അദ്ധ്യാപകർ.

“നമുക്കിവിടെയിരിക്കാം…”

നടന്നു, നടന്ന് ആളൊഴിഞ്ഞ ഒരു ഭാഗത്തെത്തിയപ്പോൾ അവൾ പറഞ്ഞു.

ഒരു സിഗരറ്റിനു തീ കൊളുത്തിക്കൊണ്ട് അവൾക്കരികിലായി ഇരിക്കവേ.

“രമേഷ്.. ഞാനൊന്നു ചോദിച്ചോട്ടെ..”

“ഒന്നല്ല സുമി.. ഒരായിരം ചോദ്യങ്ങൾ ചോദിക്കൂ…”

കാറ്റിൽ പറക്കുന്ന അവളുടെ മുടിയിഴകൾ ശ്രദ്ധിച്ചുകൊണ്ട് പറഞ്ഞു.

“രമേഷിന് എന്നെ ഇഷ്ടമാണോ…”

അവൾ തന്റെ കണ്ണുകളിലേക്ക് കുസൃതിയോടെ നോക്കി.

“അങ്ങിനെയിപ്പോൾ കേട്ടു സുഖിക്കണ്ട. എനിക്ക് സുമിയെ ഒട്ടും ഇഷ്ടമല്ല…”

അവൾ മുഖം കോട്ടി.

സിഗരറ്റിന്റെ പുക അന്തരീക്ഷത്തിൽ തീർക്കുന്ന വൃത്തങ്ങളെ ശ്രദ്ധിച്ചുകൊണ്ട് പറഞ്ഞു.

“നോക്കൂ സുമി… എന്റെ ജീവിതത്തിലേക്ക് ഇതിനിടെ എത്രയോ പെൺകുട്ടികൾ കടന്നു വന്നിരിക്കുന്നു. പലരും പലപ്പോഴായി പിരിഞ്ഞു പോയി. സുമി അവരിൽ നിന്നെല്ലാം വ്യത്യസ്ഥയാണെന്നെനിക്കറിയാം. അതുകൊണ്ടുതന്നെ ഞാൻ ഒരു ചോദ്യം ചോദിക്കട്ടെ..”

തന്റെ മുഖത്തുതന്നെ കണ്ണു നട്ടിരിക്കുന്ന സുമിത. അവളുടെ കണ്ണുകളിൽ കടലിന്റെ നീലിമ.

“എന്തേ സുമിത എന്നെ ഇത്രമാത്രം ഇഷ്ടപ്പെടാൻ…”

ഓർമിക്കാൻ ശ്രമിച്ചു. കോളേജിൽ തന്നോടൊപ്പം പഠിച്ചിരുന്ന പ്രവീണ, രാത്രിയുടെ അന്ത്യയാമങ്ങളിൽ മനസ്സും ശരീരവും തനിക്കു പങ്കുവെക്കാറുണ്ടായിരുന്ന നീത ജോർജ് എന്ന കോളേജ് ബ്യൂട്ടി, ഓഫീസിൽ കൂടെ ജോലി ചെയ്യുന്ന ലത. അങ്ങിനെ എത്ര പേർ. എല്ലാം എത്ര പെട്ടെന്നാണ് മടുത്തു പോവുന്നത്. ആത്മാർത്ഥമായ സ്നേഹം, അതിനായിരുന്നു തന്റെ മനസ്സ്‌ എപ്പോഴും കൊതിച്ചത്. ഉപാധികളൊന്നുമില്ലാതെ പരസ്പരം സ്നേഹിച്ചു കൊണ്ടേയിരിക്കാൻ. ഒടുവിൽ താൻ അന്വേഷിച്ചത് സുമിതയിൽ കണ്ടെത്തിയിരിക്കുന്നു.

” രമേഷ്… ”

ഓർമകളിൽ കുരുങ്ങിപ്പോയ മനസ്സ്‌ ഞെട്ടിയുണർന്നു.

” ഈ ചോദ്യത്തിന് മറുപടി തരാൻ എനിക്കാവില്ല രമേഷ്. എന്നേക്കാൾ കൂടുതലായി ഞാൻ രമേഷിനെ ഇഷ്ടപ്പെടുന്നു. ഒരുപാട്, ഒരുപാട് ഇഷ്ടം. അതിനുള്ള കാരണം…അതുമാത്രം എനിക്കറിയില്ല രമേഷ്. ആട്ടെ… ഈ ചോദ്യം ഞാൻ തിരിച്ചു ചോദിച്ചാലോ…”

കടലിനു മുകളിൽ വട്ടമിട്ടു പറക്കുന്ന പരുന്തുകളെ നോക്കിക്കൊണ്ട് പറഞ്ഞു.

” സുമി സുന്ദരിയാണ്. ഞാൻ കണ്ടിട്ടുള്ളതിൽ വെച്ചേറ്റവും സുന്ദരി. പക്ഷേ എന്നിൽ രതി ഉണർത്താൻ പറ്റാത്ത ഒരേ ഒരു സുന്ദരിയാണ് സുമി. ഞാൻ അന്വേഷിച്ചതും അതായിരുന്നു. വർഷങ്ങളായുള്ള എന്റെ അന്വേഷണം …എന്റെ ഏറ്റവും വലിയ സ്വപ്നം….”

കടലിലേക്കു നോക്കി. സൂര്യൻ മിക്കവാറും കടലിൽ താഴ്ന്നു കഴിഞ്ഞിരുന്നു. ഒരു ചെറിയ പൊട്ടുമാത്രം കടലിനുമുകളിൽ ദൃശ്യമായിരുന്നു. കടൽ ചെഞ്ചായം പൂശിയതുപോലെ ചുവന്നുതുടുത്തിരുന്നു. പറവകളെല്ലാം കൂടുതേടി പറന്നു പോയ്കൊണ്ടിരിക്കുന്നു. കടൽത്തിരകളിൽ കളിച്ചു മതിവരാതെ, കരയിലേക്കു കയറാൻ കൂട്ടാക്കാതെ വാശി പിടിക്കുന്ന കുട്ടികളെ ശകാരിക്കുന്ന ഏതോ ഒരമ്മയുടെ ശകാര വാക്കുകൾ ചെവികളിൽ പതിക്കുന്നു. ഏതോ വിദ്യാർത്ഥിയിൽ നിന്നും വീണു പോയൊരു ബാഡ്ജ് പാതിയും പൂഴിയിൽ പുതഞ്ഞു കിടക്കുന്നു. കടൽത്തീരത്തുള്ളവർ ഓരോരുത്തരായി എഴുന്നേറ്റുതുടങ്ങിയിരുന്നു.

ഇപ്പോൾ സൂര്യൻ പൂർണമായും കടലിൽ മറഞ്ഞുകഴിഞ്ഞിരിക്കുന്നു. രാത്രിയും പകലുമല്ലാത്ത അവസ്ഥ. ഓരോ അസ്തമയവും ഓരോ മരണമായാണ് അനുഭവപ്പെടാറ്. ഓരോ പകലിന്റെയും മരണം. പെട്ടെന്ന് കടൽത്തീരത്തു നിശബ്ദത പരക്കുന്നത് പോലെ തോന്നി. ദുഃഖം ഘനീഭവിച്ചു നിൽക്കുന്ന ഏതോ തുരുത്തിൽ എത്തിപ്പെട്ടതു പോലെ. ചിന്തകളിൽ നിന്നും മനസ്സിനെ വേർപെടുത്തി, കടലിലേക്കുള്ള നോട്ടം പിൻവലിച്ച് തിരിഞ്ഞു നോക്കുമ്പോൾ സുമിത നടന്നു മറഞ്ഞിരുന്നു.

സ്നേഹപ്രകാശ്.വി. പി.

കോഴിക്കോട് ബേപ്പൂർ, അരക്കിണർ സ്വദേശി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ വിവിധ ശാഖകളിൽ മാനേജർ ആയിരുന്നു. വിരമിച്ചതിനു ശേഷം ആനുകാലികങ്ങളിലും, നവ മാധ്യമങ്ങളിലും കവിതകൾ, കഥകൾ, കുറുംകഥകൾ, ഓർമക്കുറിപ്പുകൾ തുടങ്ങിയവയുമായി എഴുത്തിൽ സജീവമാണ്. 2008 ൽ ബഷീർ ജന്മ ശതാബ്‌ദിയോടനുബന്ധിച്ച് കാഞ്ഞങ്ങാട് നെഹ്‌റു കോളേജിന് വേണ്ടി അംബികാസുതൻ മാങ്ങാട് പുറത്തിറക്കിയ “നൂറ് ബഷീർ” എന്ന പുസ്തകത്തിലെ ഓർമക്കുറിപ്പിലാണ് ആദ്യമായി അച്ചടി മഷി പുരണ്ടത്.
പിന്നീട് ചില കൂട്ടായ്മകളുടെ സമാഹാരങ്ങളിൽ. കവിതകൾ എഴുതിയിട്ടുണ്ട്. .”ഉടലുകൾ ” എന്ന 60 കുറുംകഥകളുടെ സമാഹാരം 2021 ൽ പ്രസിദ്ധീകരിച്ചു .

ശിവജ കെ.നായർ

മനുഷന്മാരുടെ ഓണവിശേഷങ്ങൾ നിറച്ചു വച്ചിട്ടുള്ള പത്തായത്തില് അധികമൊന്നും ബാക്കിയില്ലാണ്ടായിരിയ്ക്കുന്നുവത്രേ! പക്ഷേ, അത്രയ്ക്കങ്ങ് ഇല്ലാണ്ടായിട്ടൊന്നുമില്ലെന്നേ. ഉണ്ടായിരുന്നതൊക്കെ ഓരോരുത്തരങ്ങ് വാരിയെടുത്തെഴുതിപ്പൊലിപ്പിയ്ക്കുകയല്ലേ . പിന്നെങ്ങനെയാ ബാക്കിയുണ്ടാവുക. പക്ഷേ സങ്കടം വേണ്ട കേട്ടോ . ഈ പൊലിപ്പിക്കലുകൾ പൂത്തു വിരിഞ്ഞ് കായ്ച് പാകം വന്ന് കാറ്റിൽ പൊട്ടിത്തെറിച്ച് വീണിടങ്ങളിൽ മുള പൊട്ടി തഴച്ചുവളർന്ന് വേരുകളിൽ പിന്നെയും പൊട്ടിപ്പടർന്ന് തഴച്ചങ്ങനെ മുട്ടൻ മരങ്ങളാവും. പൂക്കും. കായ്ക്കും. വിത്തെടുത്ത് നമ്മൾ പത്തായം നിറയ്ക്കും.

ചുട്ടുപൊള്ളിയ രാവുകൾ മാത്രമാണിക്കുറി കർക്കിടകം തന്നു പോയത്. രാമായണത്താളിൽ അക്ഷരങ്ങൾ ചുട്ടുപൊള്ളി നിന്ന പോലെ …..! ഇരുട്ടു വീണാൽ പറമ്പിലെ റമ്പുട്ടാൻ മരത്തിൽ നിറയെ വവ്വാലുകൾക്ക് ആഘോഷരാവാണ്. ചിറകു കുടഞ്ഞും, ചില്ലയുലച്ചും അവരങ്ങനെ അടിച്ചു പൊളിക്കും. വ്യവസ്ഥകളില്ലാതെ പടർന്നു കായ്ച്ച ആ മറുനാടൻ മരം അവർക്ക് ആഹാരസമൃദ്ധിയുടെ ഓണം കൊണ്ടുവന്നു. ഇരുട്ടിനെ കീറിമുറിച്ച് അവരങ്ങനെ പറന്നു പോകുമ്പോഴും ഊഴമിട്ടൂഴമിട്ട് ചില്ലകളിൽ അമർന്ന് തൂങ്ങുമ്പോഴും പതിറ്റാണ്ടുകൾക്കപ്പുറത്ത് ആറ്റുതീരത്തെ പുളിമരച്ചില്ലയുലച്ചുയർന്ന് ഒരൂഞ്ഞാൽ ഓർമ്മകളുടെ മേഘത്തുണ്ടുകളിലേയ്ക്കങ്ങനെ ഊളിയിട്ടു പോയിട്ടുണ്ടാവും. വെട്ടിയൊതുക്കി ചട്ടം പഠിപ്പിക്കാതെ കാടു കയറി വളർന്നുല്ലസിക്കാൻ വിട്ട പേരമരം വെളിച്ചം കാണുന്നിടത്തേയ്ക്കൊക്കെയും തല നീട്ടി നീട്ടി കൂസലില്ലാതെ കായ്ച്ചു നിൽക്കുമ്പോൾ അതിൽ കേൾക്കാം പച്ചിലക്കുടുക്കകളുടെ ഓണപ്പാട്ട് . പഴങ്ങളുടെ ചുവപ്പൻ കാമ്പിലേയ്ക്ക് കൊതി കൊത്തി വച്ചിട്ടുണ്ടാവും അവരപ്പോൾ !

പരന്ന പഞ്ചായത്തിൽ പത്തടി വയ്ക്കുമ്പോഴേയ്ക്ക് ഒരു വീടാണ്. ചുരുക്കം ചില വീടുകൾക്ക് മാത്രമാണ് വിശാലമായ പറമ്പുള്ളത്. ഇത്തരം പറമ്പുകളിൽ മഞ്ഞക്കറുപ്പിന്റെ മിന്നലാട്ടം തീർക്കുന്ന ” കോമള ബാലന്മാരായ “ഓണക്കിളികളെ കാണാം. കറുപ്പഴകുള്ള മേനിയിൽ ഇത്തിരി വെള്ളപ്പൊട്ട് വീഴുമ്പോൾ കാക്കകൾക്ക് ഓണമായെന്നാണ് പറച്ചിൽ . ഉച്ചവെയിൽ തളർന്ന് മയങ്ങുന്ന നേരത്ത് അണ്ണാറക്കണ്ണൻമാർ മരത്തടിമേൽ അമർന്നിരുന്ന് ആഹരിയ്ക്കുന്നതു കാണാം. ഒരു മരത്തിന്റെ കായ്ക്കാലം അവർ ഓണമാക്കുകയാണ്.

ഓണമെന്നും പ്രകൃതിയിലാണ് ആദ്യം വെട്ടപ്പെടുന്നത്. വലുതും ചെറുതുമായ ഒരു പാട് പൂക്കളിൽ നിറവും മണവുമാകുന്നത് , നിലാവിന് ചേലു ചാർത്തുന്നത് , അതിനെയെല്ലാം ഓരോ ജീവസാന്നിദ്ധ്യങ്ങളും തങ്ങളോട് ചേർത്തു വയ്ക്കുമ്പോഴാണ് ഓണം ഉത്സവമാവുന്നത്. മനുഷന്മാര് തമ്മിൽ കാണുമ്പോൾ വല്ലാതെ അടുപ്പക്കാരാകും. ആശംസിച്ചാശംസിച്ചങ്ങ് ഓണമാക്കിക്കളയും . പക്ഷിമൃഗാദികളെപ്പോഴും തമ്മിൽ ഒരു മനോഹര ദൂരം സൂക്ഷിയ്ക്കും. അകലവും അടുപ്പവും മനോഹങ്ങളായിരിയ്ക്കട്ടെ . ഉത്സവ സീസണുകളിൽ ആശംസിയ്ക്കാനായി മാത്രം എവിടെയും കടന്ന് ചെല്ലുകയും അടുത്ത ഉത്സവത്തിന് മാത്രം വീണ്ടും വരികയും ചെയ്യുന്ന പോളീഷ് ചിരികളെ മാറ്റി നിർത്തി ഓണമെന്ന ആശയത്തെ ആഴത്തിൽ സംഭവിപ്പിക്കുന്ന ബന്ധങ്ങളെ ചേർത്തുപിടിയ്ക്കാം. ഓണം ഓളവും മേളവും മാത്രമല്ല അത് ഒരിയ്ക്കലും പിഴയ്ക്കാത്ത ,ഹൃദയ ബന്ധങ്ങളുടെ താളം കൂടിയാണ്. –

ശിവജ കെ.നായർ.

ചങ്ങനാശ്ശേരി തൃക്കടിത്താനം സ്വദേശിയാണ് , തൃക്കടിത്താനം എൻ എസ്സ് എസ്സ് സ്കൂൾ അധ്യാപിക.
ആകാശവാണിയിൽ കഥ,കവിത എന്നിവ പ്രക്ഷേപണം ചെയ്തിട്ടുണ്ട്.

[email protected]

മിന്നു സൽജിത്ത്‌

നിന്റെ ധ്വനികൾക്കിടയിൽ
മറഞ്ഞിരുന്ന്
എന്റെ പാദങ്ങളെ
ഇക്കിളിപ്പെടുത്തിയ,
ഇരുളടഞ്ഞ പാതകളുള്ള ഒരു ദ്വീപ് നിനക്കറിയാമോ?
നിന്റെ
ഹൃദയത്തിന്നാഴങ്ങളിൽ പെയ്തൊഴിഞ്ഞ
മഴനൂലിഴകളെ
ചേർത്തു വച്ച്,
ഉത്തരത്തിൽ കുരുക്ക് തീർത്ത ഒരു കൂട്ടുകാരിയെ നീ ഓർക്കുന്നുവോ?
അവളുടെ പ്രാണൻ നിന്റെ പ്രയാണവീഥികൾക്കപ്പുറം
ഒരു മഴതോരാത്ത ദ്വീപിൽ പ്രണയത്തിന്റെ,
വിരഹത്തിന്റെ,
ആപ്ത്ത വചനങ്ങളുടെ ചുള്ളികാടുകളിൽ കുരുങ്ങി കിടക്കുകയാണെന്ന്
നീയറിഞ്ഞുവോ?
ചത്ത നത്തുകൾ രാശിയുടെ
സർപ്പദംശനമേറ്റു ആത്മാക്കളെ തേടുന്ന പാതയോരത്തിലൂടെ നീ യാത്രപോയിട്ടുണ്ടോ?
ഊതവർണ്ണങ്ങളെ
ആർത്തിയോടെ നോക്കിയ
ആത്മാക്കളെ നീ
രുദ്രാക്ഷത്തിൽ കുരുക്കി അണിയുമ്പോൾ,
നിന്റെ നക്ഷത്ര കണ്ണുകളിൽ വിരിഞ്ഞ പ്രണയത്തിന്റെ ചിരാത് കെട്ടണഞ്ഞ്പോയതും
എന്റെ മഴ തോരാത്ത
ദ്വീപുകളിലെവിടെയോ
ആയിരുന്നുവെന്ന് നീയറിഞ്ഞുവോ?

മിന്നു സൽജിത്ത്‌

സ്വദേശം എറണാകുളം ജില്ലയിൽ വടക്കൻ പറവൂർ.
എയർഡേൽ ഹോസ്പിറ്റലിൽ നഴ്സ് ആയി ജോലിചെയ്യുന്നു.
പ്രസിദ്ധീകരണങ്ങളിൽ ചെറുകഥകളും കവിതകളും എഴുതാറുണ്ട്.
ഭർത്താവ് – സൽജിത്ത്
മകൻ – സമന്വയ്

ശുഭ

ഈ നല്ല രാവിൽ നീ ഒന്നു പാടു പ്രേമാർദ്രമായ്

ഈ നീലവാനിൽ രണ്ടു താരകംപോൽ മിന്നിനിൽക്കാം.

താനെ മൂളും മുളംതണ്ടാകാം,

ചേർന്നൊഴുകുന്നൊരു പുഴയായ് മാറാം

നീയും ഞാനും രാഗാനദിയായ് ഒഴുകാം .

ഓർമ്മചിരാതിൻ തോണിയിലേറാം
,
ഓളങ്ങൾപോലെ നിന്നിലലിയാം

നിൻറെ ചൊടികളിൽ ചുംബനമാകാം

നിന്റെ മിഴികളിൽ സ്വപ്‌നങ്ങൾ ആകാം

നിൻ ഹൃദയത്തിൻ സ്‌പന്ദനമാകാം .

ഈ നല്ല രാവിൽ നീ ഒന്നു പാടു പ്രേമാർദ്രമായ്.

ഈ നീലവാനിൽ രണ്ടു താരകംപോൽ മിന്നിനിൽക്കാം.

ശുഭ

കേരള ഹൈക്കോടതിയിൽ ഐ.ടി സെക്ഷനിൽ സോഫ്റ്റ്‌വെയർ ടെക്നിക്കൽ ലീഡ് ആയി വർക്ക് ചെയ്യുന്നു. വായിക്കാൻ ഏറെ ഇഷ്ടം വയലാർ കവിതകൾ. പ്രണയരാവ്, മഴ എന്നി രണ്ടു കവിതകൾ മലയാളംയുക്കെ യിൽ പ്രസിദ്ധികരിച്ചിട്ടുണ്ട്. വരികൾ എഴുതുന്നതിനൊപ്പം അതിന് ഈണം കൊടുത്ത് പാടി നോക്കുന്നത് അതിലേറെ ഇഷ്ടപ്പെടുന്നു. എഴുത്തിൻ്റെ പ്രധാന ഇടം സാമൂഹ്യ മാധ്യങ്ങൾ തന്നെ .
മറ്റു രചനകൾ
കവിതകൾ – ഒറ്റ മന്ദാരം, ഇനി എത്രനാൾ ,ഓർമ്മ ,നീകാത്തിരുന്നാൽ,തിരികെ വരുമോ ? .
ചെറുകഥകൾ – അന്ന് പെയ്ത അതേ മഴ, കശാപ്പിൻ്റെ അന്ത്യം, കണ്ണിൽ നിന്നും കണ്ണിലേക്ക്, അമ്മക്കിളി,നിറക്കൂട്ട്

ഭർത്താവ് – അജേഷ്

RECENT POSTS
Copyright © . All rights reserved