literature

സ്നേഹപ്രകാശ്. വി. പി.

ഒരു കള്ളകർക്കിടക മാസത്തിലായിരുന്നു എന്റെ ജനനം. തോരാതെ പെയ്യുന്ന മഴ. ജോലിയും കൂലിയുമില്ലാതെ ആൾക്കാരെല്ലാം വീട്ടിൽ അടച്ചു പൂട്ടിയിരിക്കുന്ന പഞ്ഞമാസം. കുറേക്കാലം ജനിച്ച വീട്ടിൽതന്നെ കഴിഞ്ഞു. കൂട്ടുകാരോടൊത്ത് പുറമെ തകർത്തു പെയ്യുന്ന മഴ ആസ്വദിച്ചുകൊണ്ട്. മഴക്കാലം കഴിഞ്ഞതോടെ പലരും പല വണ്ടികളിലായി, പല വഴിക്കായ് പിരിഞ്ഞു പോയി. പല നാടുകളിലേക്ക്. ഒടുവിൽ ഈ വലിയ വീട്ടിലെ വേലക്കാരനാണ് ഒരു ഷോപ്പിൽ തെരുവിലേക്ക് നോക്കി പുഞ്ചിരിച്ചു കൊണ്ടിരുന്ന എന്നെ ഇവിടയെത്തിച്ചത്.

വന്നു കയറിയ ദിവസം ഇപ്പോഴും ഓർമയുണ്ട്. ഗൃഹനാഥ ചുവന്ന കല്ലുവെച്ച മൂക്കുത്തിയിട്ട ഒരു കറുത്തു തടിച്ച സ്ത്രീയാണ്. നല്ല പൊക്കവും. രാക്കമ്മ എന്നാണ് പേര്. മുഖം കണ്ടാൽത്തന്നെ പേടിയാവും. ശരിക്കും രാത്രിയുടെ അമ്മ തന്നെ. എന്നെ അവർ തിരിച്ചും മറിച്ചും നോക്കി എന്നിട്ട് പറഞ്ഞു.

“കൊള്ളാമല്ലോ… നല്ല പതുപതുപ്പുണ്ട്… മുന്പിലെ വാതിലിനടുത്ത് തന്നെ ഇടാം… കാണാനും നന്ന് …. ഇടപാടുകാർക്ക് ഇഷ്ടപ്പെടും…

എന്നെയും എടുത്ത് അവർ പ്രധാന കവാടത്തിലേക്ക് നടന്നു. അവരുടെ ബലിഷ്ഠമായ കൈകളിൽ ഞാൻ ഞെരിയുന്നതുപോലെ തോന്നി. രണ്ടടി വെച്ചതും ഞാൻ അവരുടെ കൈകളിൽ നിന്നും ഊർന്നു താഴേക്ക് വീണു. കുനിയാൻ ബുദ്ധിമുട്ടുള്ളതിനാലാവാം അവർ, എന്നെ കാലുകൊണ്ട് തന്നെ വലിച്ചിഴച്ച് വാതിലിനടുത്തേക്ക് നീങ്ങി. അതുവരെ ആരുടെയും കാലുകളുടെ സ്പർശമേല്ക്കേണ്ടി വന്നിട്ടില്ലാത്തതിനാലായിരിക്കാം ഞാൻ ആകെ തളർന്നു പോയി. ഇപ്പോൾ ആലോചിക്കുമ്പോൾ എല്ലാം ഒരു തമാശ പോലെ തോന്നുന്നു. കാരണം പിന്നീട് ഞാൻ കാൽ സ്പർശങ്ങൾ മാത്രമാണല്ലോ ഏറ്റത്. എന്നെ അവിടെയിട്ട് അവർ അകത്തേക്ക് തിരിഞ്ഞതേയുള്ളു അവരുടെ കാവൽ നായ എന്നെ അവന്റെ മെത്തയാക്കി. ഒരു നാടൻ നായയായിരുന്നു അത്. അടുത്തേക്ക് വരുമ്പോൾ തന്നെ സഹിക്കാൻ പറ്റാത്ത ദുർഗന്ധവും. എനിക്ക് ഛർദ്ദിക്കാൻ തോന്നി. എന്തു ചെയ്യാം സഹിച്ചല്ലേ പറ്റൂ.

ഇനി ഈ വീടിനെപ്പറ്റി പറയാം. പകൽ മുഴുവൻ ഉറങ്ങിക്കിടക്കുന്ന ഒരു വീടാണിത്. വീട്ടുടമസ്ഥ രാക്കമ്മ കോലായിൽ വെറ്റിലയും മുറുക്കി ഇരിക്കുന്നുണ്ടാവും. കൈയിൽ എപ്പോഴും മൊബൈലുമുണ്ടാവും. ആജ്ഞകൾ മുഴുവൻ ഫോണിലൂടെയാണ്. ഇടയ്ക്ക് ഇടിമുഴക്കം പോലെ പൊട്ടിച്ചിരിക്കും. ചിലപ്പോൾ ആരെയെല്ലാമോ ശകാരിക്കുന്നതും കേൾക്കാം. ഞാൻ ഇതെല്ലാം കേട്ട് ആരുടെയെല്ലാമോ ചവിട്ടേറ്റ ദേഹവുമായി പുറത്തേക്ക് നോക്കിയിരിക്കും. പലപ്പോഴും എന്റെ പുറത്ത് ആ നായയുമുണ്ടാവും. സ്ഥിരമായി ദുർഗന്ധം സഹിച്ചു, സഹിച്ച് ഇപ്പോൾ ഗന്ധങ്ങൾ വേർതിരിച്ചറിയതായിരിക്കുന്നു.

രാത്രിയാവുമ്പോഴാണ് ഈ വീടുണരുന്നത്. സന്ധ്യ മയങ്ങുന്നതോടെ ഞാൻ ചവിട്ടുകൊള്ളാൻ തയ്യാറെടുക്കും. സ്ഥിരമായി വരുന്നവരുടെ കാലുകൾ ഇപ്പോൾ എനിക്ക് തിരിച്ചറിയാം. ഞാൻ ആ കാലുകളോട് പുഞ്ചിരിക്കും. അവർ എന്നെ ശ്രദ്ധിക്കാറില്ലെങ്കിലും. ദോഷം പറയരുതല്ലോ സ്ത്രീകളാരും തന്നെ എന്നെ ചവിട്ടാൻ വരാറില്ല. ഏതെങ്കിലും ഒരു സുന്ദരിയുടെയെങ്കിലും പാദസ്പർശമേറ്റിരുന്നെങ്കിൽ എന്ന് എപ്പോഴും ആഗ്രഹിക്കാറുണ്ടെങ്കിലും. ജീവിതത്തിന്റെ എല്ലാ മേഖലകളിൽ പെട്ടവരുടെയും ചവിട്ടുകൾ എനിക്ക് ഏൽക്കേണ്ടി വന്നിട്ടുണ്ട്. ജാതി, മത വ്യത്യാസമില്ലാതെ. ഖദറിട്ടവനും, വിപ്ലവകാരിയും, ഇടതുപക്ഷക്കാരനും, വലതുപക്ഷക്കാരനും, ഒരു പക്ഷവും പിടിക്കാത്ത അരാഷ്ട്രീയക്കാരനും, വിശ്വാസിയും, അവിശ്വാസിയും എല്ലാം എന്നെ ചവിട്ടി കടന്നു പോവാറുണ്ട്.

പലരും ഉള്ളിലേക്ക് കടന്നു പോവുമ്പോൾ എന്നെ കാണാറില്ല എന്നു തോന്നാറുണ്ട്. വളരെ പതുങ്ങിയാണ് പലരും ഉള്ളിലേക്ക് കടക്കാറുള്ളത്. ചുറ്റുപാടുകൾ ശ്രദ്ധിച്ചുകൊണ്ട്. ചിലർ എന്നെ ചവിട്ടാൻ മറന്ന് കാൽ എനിക്ക് മുകളിലൂടെ എടുത്തു വെക്കും. ഇനി ചവിട്ടുന്നുണ്ടെങ്കിലും അത് വളരെ മൃദുവായ ഒരു സ്പർശം മാത്രമായിരിക്കും. എന്നാൽ തിരിച്ചു പോവുമ്പോൾ വളരെ ദേഷ്യത്തിൽ എന്നെ ചവിട്ടിയരച്ചാണ് കടന്നു പോവുക. എന്തെല്ലാമോ നഷ്ടപ്പെട്ടവനെപ്പോലെ. രാത്രി വളരെ വൈകിയും ഈ മർദനങ്ങളേറ്റ് കഴിയാനായിരിക്കാം എന്റെ വിധി എന്നു തോന്നാറുണ്ട്.

ചില ദിവസങ്ങളിൽ പോലീസുകാരുടെ വണ്ടി വരും. ബൂട്ടിട്ട കാലുകളുമായി അവർ അകത്തേക്ക് ഒരു ഓട്ടമാണ് എന്നെ ചവിട്ടി മെതിച്ചു കൊണ്ട്. പിന്നെ അകത്തു നിന്ന് സ്ത്രീകളുടെ കരച്ചിൽ കേൾക്കാം. ഒപ്പം രാക്കമ്മയുടെ ഉറക്കെയുറക്കെയുള്ള ആക്രോശങ്ങളും. പിന്നെ ഏതെല്ലാമോ സ്ത്രീകളുമായി അവർ സ്ഥലം വിടും. അപ്പോഴാണ് ഞാൻ സ്ത്രീകളുടെ പാദസ്പർശമേല്ക്കുന്ന അപൂർവ്വാവസരം. എന്നാൽ അത് ആസ്വദിക്കാൻ പറ്റാറില്ല. അപ്പോഴേക്കും രാക്കമ്മ വീടിനു വെളിയിൽ എത്തിയിരിക്കും. പിന്നെ ഉമ്മറത്തെ കസേരയിലിരുന്ന് അവർ പുലരുവോളം ആരെയെല്ലാമോ പ്രാകിക്കൊണ്ടിരിക്കും. ഈ സമയമത്രയും നായ നിർത്താതെ ഗേറ്റിലേക്ക് നോക്കി കുരച്ചു കൊണ്ടേയിരിക്കും.

ഒന്നോ രണ്ടോ മാസങ്ങൾ കൂടുമ്പോൾ നഗരത്തിലെ പ്രശസ്തനായ ഡോക്ടറും സംഘവും വരും. ഉള്ളിലുള്ളവരെ മുഴുവൻ പരിശോധിക്കും. എല്ലാവരുടെയും രക്തത്തിന്റെയും, മൂത്രത്തിന്റെയും സാമ്പിളുകളുമായി അവർ ഇരുട്ടുന്നതിനുമുൻപ് സ്ഥലം വിടും. രണ്ടു ദിവസങ്ങൾ കഴിഞ്ഞാലാണ് ഇതിന്റെ റിസൾട്ടുമായി ഒരാൾ വരിക. അയാൾ വരുന്നത് വരെ എല്ലാവരും ആകാംക്ഷയിൽ ആയിരിക്കും. ആരുടേയും ശബ്ദം പോലും പുറത്ത് കേൾക്കില്ല. റിസൾട്ടുകൾ വന്നാൽ പിന്നെ പൊട്ടിച്ചിരികൾ കേൾക്കാം. എന്നാൽ ചിലപ്പോൾ ആ ദിവസങ്ങളിൽ ചിലരെ പറഞ്ഞു വിടുന്നതും കാണാം. ഇങ്ങനെയുള്ള ദിവസങ്ങളിൽ ഉള്ളിൽ നിന്നുമുള്ള നെടുവീർപ്പുകൾ കേൾക്കാം. എന്നാൽ പോകുന്നവരെ യാത്രയാക്കൻ ആർക്കും പുറത്തേക്ക് വരാൻ അനുവാദമില്ല. ആരെങ്കിലും കോലായയിലേക്ക് വരികയോ ഉറക്കെ കരയുകയോ ചെയ്‌താൽ ഉടൻ രാക്കമ്മയുടെ ശബ്ദമുയരും.

” എന്താടീ… നീയും കൂടി പോകുന്നോ ഇവളുടെ കൂടെ… കൂത്തിച്ചി …”

പിന്നെ തെറിയഭിഷേകമാണ്. അതോടെ ഉറക്കെ കരഞ്ഞവർ പെട്ടെന്ന് നിശബ്ദരായി ഉള്ളിലേക്ക് വലിയും.

ഇന്നലെ രാത്രിയിലാണ് പെട്ടെന്ന് ജീപ്പിന്റെ ശബ്ദം കേട്ടത്. പുതിയതായി സ്റ്റേഷനിൽ ചാർജ് എടുത്ത ഇൻസ്‌പെക്ടർ ആണ്. ഇന്നിനി ഉറങ്ങാൻ പറ്റില്ല എന്നു മനസ്സിലായി. സാധാരണ പോലീസുകാർ കൂട്ടമായിട്ടാണ് വരാറുള്ളത്. ഇയാൾ ഒറ്റക്കാണ് വന്നത്. ഒരു കൊടുങ്കാറ്റുപോലെ ഉള്ളിലേക്ക് പോയപ്പോൾ പതിവുപോലെയുള്ള കരച്ചിലുകൾ പ്രതീക്ഷിച്ചെങ്കിലും കേട്ടില്ല. അകത്തു സോഡാക്കുപ്പികൾ തുറക്കുന്നതിന്റെ ശബ്ദം. പിന്നെ നിർത്താതെയുള്ള പൊട്ടിച്ചിരികൾ. വ്യക്തമാവാത്ത സംഭാഷണങ്ങൾ.

പാതിരാത്രിയിലെപ്പോഴോ അയാൾ നിറഞ്ഞ മടിശീലയുമായി, രാക്കമ്മക്ക് ശുഭരാത്രി നേർന്ന് പുറത്തേക്കിറങ്ങുമ്പോൾ സിഗററ്റുകുറ്റി എന്റെ നെഞ്ചിലേക്ക് വലിച്ചെറിഞ്ഞു. പുറത്തേക്ക് നീട്ടിത്തുപ്പി ജീപ്പോടിച്ച് അയാൾ ഇരുട്ടിലേക്ക് മറഞ്ഞു. അസഹ്യമായ നീറ്റലോടെ ഞാൻ കണ്ണീർ വാർക്കുമ്പോൾ ആ നായ വന്ന് ആ സിഗരറ്റു കുറ്റി തട്ടിക്കളഞ്ഞു. സിഗരറ്റു കുറ്റി കൊണ്ട് കരിഞ്ഞ ഇടങ്ങളിലെല്ലാം നക്കിത്തുടച്ചു. തുടർന്ന് അവൻ എന്റെ നെഞ്ചിൽ കയറിക്കിടന്നു. ആദ്യമായി അവന്റെ ശരീരത്തിന്റെ സുഗന്ധം ഞാൻ അറിഞ്ഞു. ഞാനും അവനും പതുക്കെ ഉറക്കത്തിലേക്ക് വഴുതി വീണു.

സ്നേഹപ്രകാശ്.വി. പി.

കോഴിക്കോട് ബേപ്പൂർ, അരക്കിണർ സ്വദേശി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ വിവിധ ശാഖകളിൽ മാനേജർ ആയിരുന്നു. വിരമിച്ചതിനു ശേഷം ആനുകാലികങ്ങളിലും, നവ മാധ്യമങ്ങളിലും കവിതകൾ, കഥകൾ, കുറുംകഥകൾ, ഓർമക്കുറിപ്പുകൾ തുടങ്ങിയവയുമായി എഴുത്തിൽ സജീവമാണ്. 2008 ൽ ബഷീർ ജന്മ ശതാബ്‌ദിയോടനുബന്ധിച്ച് കാഞ്ഞങ്ങാട് നെഹ്‌റു കോളേജിന് വേണ്ടി അംബികാസുതൻ മാങ്ങാട് പുറത്തിറക്കിയ “നൂറ് ബഷീർ” എന്ന പുസ്തകത്തിലെ ഓർമക്കുറിപ്പിലാണ് ആദ്യമായി അച്ചടി മഷി പുരണ്ടത്.
പിന്നീട് ചില കൂട്ടായ്മകളുടെ സമാഹാരങ്ങളിൽ. കവിതകൾ എഴുതിയിട്ടുണ്ട്. ഇപ്പോൾ “ഉടലുകൾ” എന്ന പേരിൽ എന്റെ 60 കുറുംകഥകളുടെ ഒരു സമാഹാരത്തിന്റെ ജോലി നടക്കുന്നു.

ഡോ. ഐഷ വി

വഴിയരികിലെ കയ്യാലയിൽ പഴയ ഒരു കുറ്റിചൂലിന്റെയും കീറി പറിഞ്ഞ ഒരു വട്ടിയുടേയും അവശിഷ്ടം ഇരിയ്ക്കുന്നത് കണ്ടപ്പോൾ കൂട്ടുകാർ പറഞ്ഞു തന്നു. അമ്പും ചിമ്പും കളഞ്ഞിരിയ്ക്കുകയാണ് ( ആടി കളയുക). കൊല്ലം ജില്ലയിൽ പഴമക്കാരുടെ ഇടയിൽ അങ്ങനെ ഒരു രീതിയുണ്ട്. വീടെല്ലാം വലയടിച്ച്‌ , പൊടി തുടച്ച്, ഓട്ടുപാത്രങ്ങൾ തേച്ചുമിനുക്കി, ചാണകം മെഴുകേണ്ട തറ മെഴുകി , കുപ്പികളും പാത്രങ്ങളും കഴുകിയുണക്കി, പലവ്യജ്ഞനങ്ങൾ കർക്കിടക വെറിയിൽ ഉണക്കി പൊടിച്ച്, തേങ്ങ ഉണക്കി ആട്ടി വച്ച് , മുറ്റം പുല്ല് കളഞ്ഞ് വൃത്തിയാക്കി , നിലം കൃഷിയുള്ളവർ നിലം തല്ലി വച്ച് മുറ്റം അടിച്ചുറപ്പിച്ച് ചാണകം മെഴുകി പറമ്പ് വൃത്തിയാക്കി , കീറി പറിഞ്ഞ വസ്ത്രങ്ങളുണ്ടെങ്കിൽ കളഞ്ഞ്, പുതു വസ്ത്രം വാങ്ങാൻ കാശുണ്ടെങ്കിൽ വാങ്ങി, പൊന്നിൻ ചിങ്ങമാസത്തെയും ഓണക്കാലത്തെയും വരവേൽക്കാൻ തയ്യാറാകും.

കർക്കിടകത്തിലെ അവസാന ആഴ്ചയോ അവസാന ദിവസമോ ഈ പ്രക്രിയ പൂർത്തിയാക്കിയിരിയ്ക്കും. ചിലർ പഴയ സാധനങ്ങൾ ഉപേക്ഷിയ്ക്കുമ്പോൾ ഒരു ആചാരമെന്ന പോലെ ഇങ്ങനെ പറയും , ” അമ്പും ചിമ്പും പുറത്തേ പോ.., ആവണി മാസം അകത്തേ വാ..” കർക്കിടകത്തിന്റെ വറുതിയിൽ നിന്ന് ആവണിയിലെത്തുകയെന്നാൽ പുതുവർഷത്തിന്റേയും ഓണക്കാലത്തിന്റേ സൂദ്ധിയിലേയ്ക്കു പ്രതീക്ഷയോടെയുള്ള ചുവടുവയ്പ്. കർക്കിടകം തീരുമ്പോഴേയ്ക്കും വൃത്തിയാക്കലും ഒരു വിധമൊതുങ്ങും.. പിന്നെ വിളവെടുപ്പും ഓണത്തപ്പനെ വരവേൽക്കലുമാകും. ചിലർ വറുതിക്കാലന്മായ കർക്കടകത്തിൽ ശുഭ കാര്യങ്ങൾ നടത്താതെ ചിങ്ങത്തിലേയ്ക്ക് മാറ്റിവയ്ക്കും. സമൃദ്ധിയുടെ കാലത്ത് നന്നായി നടത്താനായി.

അത്തം മുതൽ തുമ്പയും തുളസിയും കാള പൂവും കളമ്പോട്ടിയും(അതിരാണി) ഒക്കെ ചേർന്ന പൂക്കളം മുറ്റത്തിനലങ്കാരമാകും. സദ്യ വട്ടങ്ങളോടെ ഉത്രാടം മുതൽ തുടങ്ങുന്ന ഓണാഘോഷം ചില സ്ഥലങ്ങളിൽ 28 ദിവസം വരെ നീണ്ടു. ഇല്ലാത്തവർ കാണം വിറ്റും ഓണമുണ്ടു.

പരിപ്പ്, പപ്പടം, പച്ചടി, കിച്ചടി, സാമ്പാർ , തോരൻ, മെഴുക്കുപുരട്ടി, കാളൻ, ഓലൻ , അവിയൽ , തീയൽ , ഇഞ്ചിക്കറി, നാരങ്ങ അച്ചാർ, കായ വറുത്തത് പഴം, പ്രഥമൻ, പായസം മുതലായവ ചേർന്ന സദ്യ പോഷക സമൃദ്ധമാണ്. ഓണമുണ്ടാൽ ഉണ്ണി വളരുമെന്നാണ് ചൊല്ല്. പോഷക സമൃദ്ധമായ സദ്യയുണ്ണുന്ന ഉണ്ണി വളരാതെ തരമില്ലല്ലോ,

ഓണ സദ്യ കഴിഞ്ഞ് മടിപിടിച്ചിരയ്ക്കുകയല്ല ചെയ്യുന്നത്. ആ ബാലവൃദ്ധ ജനങ്ങളും വിവിധ കളികളിൽ വ്യാപൃതരാവും. ഇത് മാനസികവും ശാരീരികവുമായ ഉല്ലാസത്തിനും ഉണർവിനും വ്യായാമത്തിനും വഴി വയ്ക്കും, അങ്ങനെ ഓണം വൃത്തിയുടേയും ആരോഗ്യത്തിന്റേയും ഉത്സവമായി മാറുന്നു.

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

സുരേഷ് നാരായണൻ

“ഒന്നടങ്ങിക്കെടക്ക്!”

കയ്യിലിരുന്ന് വിറച്ചു കൊണ്ടിരുന്ന പ്രേമലേഖനത്തോടു ഞാൻ പറഞ്ഞു.

ഞാൻ അവളുടെ അടുത്തേക്ക് നടക്കുകയായിരുന്നു

‘ഇങ്ങോട്ട് വരണ്ട. വേറെ ആളുണ്ടെനിക്ക്!’
മുഖം തരാതെ അവൾ പറഞ്ഞു.

‘എനിക്കറിയാം !ഏകാന്തതയല്ലേ?’

അവൾ തല വെട്ടിച്ച് എന്നെ നോക്കി.

കൊറ്റികൾ പറന്നകന്നു പോയ കുളം;
അത് കരകവിഞ്ഞൊഴുകാൻ തുടങ്ങി.

സുരേഷ് നാരായണൻ

വൈക്കത്തിനടുത്ത് വെള്ളൂർ സ്വദേശി .16 വർഷത്തെ ബാങ്കിംഗ് പരിചയം. ഇപ്പോൾ ധനലക്ഷ്മി ബാങ്കിൽ .ജോലിയോടൊപ്പം എഴുത്ത്, ഫോട്ടോഗ്രാഫി, വീഡിയോഗ്രാഫി, യാത്രകൾ അങ്ങനെ തുടർന്നു പോരുന്നു. മാധ്യമം, പ്രസാധകൻ, രിസാല,കലാകൗമുദി, ദേശാഭിമാനി, മംഗളം ഉൾപ്പെടെയുള്ള ആനുകാലികങ്ങളിലും, മാതൃഭൂമി, മനോരമ ഉൾപ്പെടെ നിരവധി ഓൺലൈൻ പോർട്ടൽ മാസികകളിലും കഥ, കവിത, ലേഖനങ്ങൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. മലയാളം ഷോർട്ട് ഫിലിമുകളും ചെയ്തിട്ടുണ്ട്. പ്രഥമ കവിതാ സമാഹാരം വയലിൻ പൂക്കുന്ന മരം കഴിഞ്ഞ ഡിസംബറിൽ പുറത്തിറങ്ങി. എൻ വി ഭാസ്കരൻ കവിതാപുരസ്കാരജേതാവ്.

ശിവജ കെ.നായർ

നമ്മൾ ആദ്യമായി കണ്ട നിമിഷത്തെപ്പറ്റി ഒരു വരി കുറിയ്ക്കുമോ ? കവി മുഖപുസ്തകത്തിലെഴുതി.
നീയാദ്യം സൈക്കിളോടിച്ചു പോയപ്പോൾ , ഒന്നാം ക്ലാസ്സിൽ , പള്ളിപ്പെരുന്നാളിന് , ഉത്സവത്തിന്
എന്ന് ചിലർ.
മഹാരാജാസിലെ മരത്തണലിൽ, മീഡിയ അക്കാദമിയിൽ , കവിയരങ്ങിൽ, ഫിലിം ഫെസ്റ്റിൽ
എന്ന് മറ്റു ചിലർ.
അതെന്നെക്കൊണ്ടു പറയിക്കണോ ,എന്ന് കണ്ണിറുക്കിയും പലർ.
കണ്ടിട്ടേയില്ല , കാണും ,
കണ്ടില്ലെങ്കിലും കരളിനകത്തുണ്ട് ,
എന്ന് ഹൃദയങ്ങൾ ചേർത്തു വച്ച്
ഒരു കൂട്ടർ.
ഒന്നു കാണണമെന്നുണ്ട് ,
മുഖമുയർത്തി
ഇടതു വശത്തേക്കൊന്ന്
നോക്കുമോ – വ്യത്യസ്തമായി
ഒരു കമന്റ് വന്നപ്പോൾ അയാൾ ഇടം തിരിഞ്ഞതും കണ്ണിറുക്കി ചിരിച്ചു കൊണ്ടവൾ പറഞ്ഞു,
” ഞാനുമടിച്ചോട്ടെവല്ലപ്പോഴുമൊരു ഗോൾ ” – ഒന്നുമല്ലെങ്കിലും ഞാനൊരു കവിയുടെ ഭാര്യയല്ലേ ”
അവളുടെ കണ്ണുകളിലെ
കടലാഴങ്ങളിലേയ്ക്ക്
അയാളെടുത്തു ചാടി .
കമന്റുകൾ അപ്പോഴും
വന്നുകൊണ്ടേയിരുന്നു , തിരമാലകൾ പോലെ …..! –

ശിവജ കെ.നായർ.

ചങ്ങനാശ്ശേരി കുന്നുംപുറം സ്വദേശിയാണ് , കുന്നന്താനം എൻ എസ്സ് എസ്സ് സ്കൂൾ അധ്യാപിക.
ആകാശവാണിയിൽ കഥ,കവിത എന്നിവ പ്രക്ഷേപണം ചെയ്തിട്ടുണ്ട്.

[email protected]

 

 

ഒ . സി . രാജു 

സൂഹൃത്തും സഹപാഠിയും ഇപ്പോൾ തിരുവല്ലാ മാക്ഫാസ്റ്റ് കോളജിലെ കമ്പ്യൂട്ടർ വിഭാഗം മേധാവിയുമായ ശ്രീ. റ്റിജി തോമസ് വഴിയാണ് ഞാൻ ഡോ. അയിഷ വി. യെ പരിചയപ്പെടുന്നത്. കൊല്ലം ചിറക്കരത്താഴത്ത്, കാരക്കോട് സ്വദേശിയായ അവർ ഇപ്പോൾ വടക്കഞ്ചേരിയിൽ കോളജ് ഓഫ് അപ്ലൈഡ് സയൻസിന്റെ പ്രിൻസിപ്പാളാണ്. ടീച്ചറേക്കുറിച്ച് ഇവിടെ പ്രത്യേകമായി വിവരിക്കുന്നതിന് ചില കാരണങ്ങളുണ്ട്. ഒന്നാമതായി മലയാള ഭാഷയ്ക്ക്, സാഹിത്യത്തിന് ലഭിക്കാതെ പോയ അക്ഷരങ്ങളുടെ മകളായിരുന്നു അവർ എന്നതാണ്.

വിശദമായി പറഞ്ഞാൽ അതിങ്ങനെയാണ്, തീരെ ചെറിയ കുട്ടിയായിരുന്നപ്പോഴേ ഐഷ ടീച്ചർ കഥകളും നാടകങ്ങളും എഴുതുമായിരുന്നു. ആദ്യമെഴുതിയത് നാടകവും. ഐഷ ടീച്ചർ അത് അമ്മയെ കാണിക്കുന്നു. നോട്ടുബുക്കിന്റെ താളുകളിലെഴുതിയ ആ കൃതി അമ്മ ആസ്വദിക്കുന്നുവെങ്കിലും ആ രചന അവർ കീറിക്കളയുകയാണ് ചെയ്യുന്നത്. കാരണമാകട്ടെ തികച്ചും ബാലിശവും. ഐഷ ടീച്ചർ എഴുതിയ കഥയിലെ കഥാപാത്രങ്ങൾ അയൽക്കാരും നാട്ടുകാരുമത്രേ, നാടകം വായിച്ച് അവരെന്തെങ്കിലും പറഞ്ഞാലോ? ഏതൊരെഴുത്തുകാരിയും എഴുത്തുകാരനും എഴുതിത്തുടങ്ങുന്നത് തനിക്കു ചുറ്റുമുളള ജീവിതങ്ങളിൽ നിന്നാണെന്ന കേവലബോധ്യം ആ അമ്മയ്ക്ക് ഇല്ലാതെ പോയി. അതോടെ ഐഷ ടീച്ചറിലെ കഥാകാരി ആദ്യ രചനയിൽ തന്നെ എഴുത്തിന്റെ രക്തസാക്ഷിയുമായി.

ഐഷ ടീച്ചർ പിന്നെയും അക്ഷരങ്ങളാൽ പൊള്ളുന്നുണ്ട്. ഐഷ ടീച്ചറും കൂട്ടുകാരിയും രചനയുമായി ഒരു അദ്ധ്യാപകനെ സമീപിക്കുമ്പോൾ അയാൾ പറയുന്നതിങ്ങനെയാണ്, ഐഷ ടീച്ചറിൻെറ വാക്കുകളിൽ നിന്നും അത് കേൾക്കുക.

“പുതുതായി എത്തിയ ആ അധ്യാപകന്റെ പേരറിയില്ലെങ്കിലും ഞാനും നിഷയും കൂടി ഞങ്ങളെ അദ്ദേഹത്തിന് പരിചയപ്പെടുത്തി. വന്ന കാര്യം അറിയിച്ചപ്പോൾ അദ്ദേഹം ഞങ്ങളുടെ കവിത വാങ്ങി വായിച്ചുനോക്കി. പിന്നെ ഞങ്ങളോട് ഉറക്കെ ചൊല്ലാൻ പറഞ്ഞു. ഞങ്ങൾ രണ്ടു പേരും കവിതകൾ ഉറക്കെ ചൊല്ലി. അദ്ദേഹം ഒന്നും പറഞ്ഞില്ല. ഞങ്ങൾ തിരികെ പോന്നു. കുറച്ചു ദിവസം കഴിഞ്ഞപ്പോൾ അദ്ദേഹവും അപ്രത്യക്ഷനായി. ഏതാനും ദിവസം കഴിഞ്ഞപ്പോൾ പ്രമുഖ എഴുത്തുകാരനും പ്രഭാഷകനുമായ പ്രൊഫ. കുമ്മിൾ സുകുമാരൻ സർ കോളേജിലെത്തി. ഞങ്ങൾ അദ്ദേഹത്തെ കണ്ട് കവിത നീട്ടി. അദ്ദേഹം കവിതകൾ കൈയ്യിൽ വാങ്ങിയില്ല. റൂമിന് പുറത്ത് കോളേജ് മാഗസിനിൽ പ്രസിദ്ധീകരിയ്ക്കാനുള്ള രചനകൾ ഇടേണ്ട പെട്ടി ചൂണ്ടിക്കാട്ടി. ഞങ്ങൾ കവിതകൾ അതിലിട്ടു. അതൊന്നും പിന്നെ വെളിച്ചം കണ്ടതേയില്ല.” ഇങ്ങനെ അക്ഷരങ്ങളാൽ നിശബ്ദയായ ഐഷ വി. പിന്നീട് ഒന്നും എഴുതിയില്ല, പതിറ്റാണ്ടുകളോളം.

പിന്നീട് ഒരു പുസ്തകപ്രകാശനവേദിയിൽ കഥാകൃത്തുകൂടിയായ എന്റെ സഹപാഠി റ്റിജി, ടീച്ചറെ കാണുന്നു. കുശലാന്വേഷണങ്ങൾക്കിടയിൽ ടീച്ചർ എഴുതാറുണ്ടോ എന്ന് ചോദിക്കുന്നു. അവർ താൽപ്പര്യം അറിയിക്കുന്നു. റ്റിജി തോമസ് അപ്പോൾ ‘മലയാളം യുകെ’ എന്ന ഓൺലൈൻ പ്രസിദ്ധീകരണവുമായി സഹകരിക്കുന്നുണ്ടായിരുന്നു. അദ്ദേഹം ടീച്ചർക്ക് ഒരു സ്പെയ്സ് വാഗ്ദാനം ചെയ്യുന്നു, പിന്നെ സംഭവിച്ചതെല്ലാം സ്വപ്നതുല്യമായ നിമിഷങ്ങളെന്ന് പറയാം.

“ഓർമ്മച്ചെപ്പുതുറന്നപ്പോൾ” എന്ന പേരിൽ എല്ലാ ഞായറാഴ്ച്ചയും മലയാളം യുകെയിൽ അവരുടെ കോളം പ്രസിദ്ധീകരിച്ചു തുടങ്ങുന്നു. ചങ്ങമ്പുഴയുടെ എഴുത്തിനെക്കുറിച്ച് സാനുമാഷ് പറഞ്ഞതുപോലെ “പിന്നെ ഒരു മലവെള്ളപ്പാച്ചിലായിരുന്നു…” ഐഷ ടീച്ചറിന്റെ എഴുത്തും അതുതന്നെ. അത് നൂറ് അദ്ധ്യായങ്ങൾ പിന്നിട്ടപ്പോൾ റ്റിജിയുടെ ഒരു കോൾ എന്നെ തേടിയും വരുന്നു.

“ഓസീ, എനിക്ക് പരിചയമുള്ള ഒരു ടീച്ചറുണ്ട്. അവർ എഴുതിയ ഒരു പംക്തിയുണ്ട് അതൊന്ന് പുസ്തകമാക്കികൊടുക്കണം.”
ആ ജോലി ഞാൻ സന്തോഷത്തോടെ ഏറ്റെടുക്കുകയും ലേ-ഔട്ട്, കവർ, വരകൾ ഉൾപ്പടെയുള്ള കാര്യങ്ങളോടെ പുസ്തകം പ്രിന്റുചെയ്തു കൊടുക്കുകയും ചെയ്യുന്നു. മുന്നൂറോളം പേജുകളുള്ള ഒരു വലിയ പുസ്തകം തന്നെ അത്.

പ്രിന്റിംഗിനും ലേ-ഔട്ടിനുമൊക്കെയായി കിട്ടുന്ന പുസ്തകങ്ങളുടെ രീതിയിലേ ഞാൻ ഇതിന്റെ ‘ടെസ്റ്റും’ കണ്ടിരുന്നുള്ളൂ. പക്ഷേ, വായിച്ചുതുടങ്ങിയപ്പോൾ കഥ മാറി. അതെന്നെ ഏതേതോ ലോകങ്ങളിലൂടെ കൊണ്ടുപോവുകയും മനുഷ്യത്വം എന്ന പദം എത്ര മനോഹരവും ഉദാത്തവുമാണെന്ന് ഉദ്ബോധിപ്പിക്കുകയും ചെയ്തുതുടങ്ങി. പുസ്തകത്തിന്റെ ഉള്ളടക്കത്തെക്കുറിച്ച് ഒരുപാട് ദീർഘിപ്പിക്കാതെ ഒറ്റവാക്കിൽ ഞാൻ ഇങ്ങനെ കുറിക്കുകയാണ്.

“പ്രതിഭ, അല്ലെങ്കിൽ എഴുതാനുള്ള കഴിവ് എത്ര മൂടിവയ്ക്കപ്പെട്ടാലും ഒരു നാൾ അത് മറനീക്കി പുറത്തുവരും. കാലം എല്ലാക്കാലത്തും ഒരാളെ അയാളുടെ ഐഡന്റിറ്റിയിൽ നിന്നും മാറ്റി നിർത്തുകയില്ല. തെല്ലുവിഷമത്തോടെയാണെങ്കിലും ഇപ്പോൾ നമുക്ക് ഇങ്ങനെ ആശ്വസിക്കാം, ഐഷ ടീച്ചറിലെ എഴുത്തുകാരിയെ ഭാഷയ്ക്ക് നഷ്ടമായില്ല, അവരെ തിരിച്ചുകിട്ടിയിരിക്കുന്നു”
.

400 രൂപ വിലയുള്ള ഈ പുസ്തകം വാങ്ങണമെന്ന് താൽപ്പര്യമുള്ളവർക്കായി ആയതിന്റെ വിശദാംശങ്ങൾ ചുവടെ. പുസ്തകം ആവശ്യമുള്ളവർ താഴെ കാണുന്ന നമ്പരിൽ മേൽവിലാസം വാട്ട്സാപ് ചെയ്യുക.

Ph: 9495069307
Google pay number
9495069307

A/C No
67081892000
Of SBI Chathannur
A/ C name : Aysha V
IFSC: SBIN0070067

ജോൺ കുറിഞ്ഞിരപ്പള്ളി

മഴ പെയ്യുന്നു.

പാതി തുറന്നു കിടന്നിരുന്ന ജനാലയിലൂടെ പുറത്തേക്ക് നോക്കി സജി കിടന്നു. മഴയുടെ പുകമറയിൽ പുറംകാഴ്ചകൾ മങ്ങുന്നു. നൂലുകളായി നിശബ്ദമായി പെയ്യുന്ന മഴപോലെ എന്തോ ഒന്ന് ഉള്ളിലും പെയ്യുന്നു.

ഒരു അപകടം എപ്പോൾ വേണമെങ്കിലും സംഭവിക്കാം. എല്ലാ അപകടങ്ങളും അപ്രതീക്ഷിതമാണ്. മദ്യപിച്ചിട്ടുണ്ടെങ്കിൽ അപകട കാരണം അത് മാത്രമാണ് എന്ന് എല്ലാവരും ഉറപ്പിക്കും, മറ്റൊന്നും ആരും വിശ്വസിക്കില്ല.

ജോലികഴിഞ്ഞു വർക്ക് സൈറ്റിൽ നിന്നും വരുമ്പോൾ വെള്ളിയാഴ്ചകളിൽ ജോലിസ്ഥലത്തിനടുത്തുള്ള ബാറിൽ കൂട്ടുകാരോട് ഒന്നിച്ച് രണ്ട് പെഗ്ഗ് കഴിക്കുന്നത് എത്രയോകാലമായി ഉള്ള ഒരു ശീലമായിരുന്നു. തിരിച്ച് വീട്ടിലേക്കുള്ള യാത്രകളിൽ അതൊരു പ്രശ് നമായി തോന്നിയിരുന്നില്ല.

ചിരപരിചിതമായ റോഡിൽ കാർ ഒരു ഹമ്പിൽ കയറി. പിന്നെ എന്താണ് സംഭവിച്ചത് എന്നറിയില്ല . റോഡരുകിൽ ഉണ്ടായിരുന്ന ഇലക്ട്രിക്ക് പോസ്റ്റിൽ ഇടിച്ചു കാർ തകർന്നുപോയി എന്നാണ് റോഷൻ പറഞ്ഞത്. ഒന്നും ഓർമ്മിച്ചെടുക്കാൻ കഴിയുന്നില്ല.

മഴവെള്ളം നിറഞ്ഞ റോഡിലെ കുഴികൾ കാണാതെപോയിരിക്കാം.

അപകടം നടക്കുമ്പോൾ റോഡ് വിജനമായിരുന്നു. വേറെ വാഹനങ്ങൾ അടുത്തെങ്ങും ഇല്ലാതിരുന്നത് അനുഗ്രഹമായി. അതുകൊണ്ട് പിറകിൽ വരുന്ന വാഹനങ്ങളുമായി ഒരു കൂട്ടിയിടി ഒഴിവായി എന്ന് ആശ്വസിക്കാം.

രാത്രി പത്തുമണിയായിരുന്നെങ്കിലും അപകടം നടന്നത് ഒരാൾ കണ്ടതുകൊണ്ട് ചോര വാർന്ന് റോഡിൽ അധികസമയം കിടക്കേണ്ടിവന്നില്ല.

കണ്ണ് തുറക്കുമ്പോൾ സജി ഹോസ്പിറ്റലിൽ ഐ .സി.യു വിൽ കിടക്കുകയായിരുന്നു. ഉത്കണ്ഠ നിറഞ്ഞ മുഖവുമായി ബന്ധുക്കൾ പുറത്ത് കാവൽ നിൽക്കുന്നുണ്ടാകും എന്നത് ഉറപ്പാണ്. ബിന്ദുവിന് മുഖം കൊടുക്കാനാണ് വിഷമം.

രണ്ടാഴ്ചത്തെ ആശുപത്രി ജീവിതം കഴിഞ്ഞപ്പോഴേക്കും ഏതുവിധേനയും ഫ്ലാറ്റിൽ എത്തണമെന്ന് മാത്രമേ മനസ്സിൽ ഉണ്ടായിരുന്നുള്ളു.

ഫ്ലാറ്റിൽ തിരിച്ചെത്തിയപ്പോൾ ഒരു വല്ലാത്ത അപരിചിതത്വം അനുഭവപ്പെടുവാൻ തുടങ്ങി.

ഇത് താനല്ല, വേറെ ആരോ ആണ് എന്നെല്ലാം സജിക്ക് തോന്നിത്തുടങ്ങി. ഒരിക്കൽ ബിന്ദുവിനോട് ചോദിക്കുകയും ചെയ്തു,”ഹോസ്പിറ്റലിൽ നിന്ന് ഡിസ്‌ചാർജ് ചെയ്തപ്പോൾ ആൾ മാറിപ്പോയതാണോ”,എന്ന്.

ഭാഗ്യം കൊണ്ട് ചോദ്യം അവൾക്ക് മനസ്സിലായില്ല, ചിലപ്പോൾ അവഗണിച്ചതും ആകാം.

നിറം മങ്ങിയ കാഴ്ചകൾ മനസ്സിനെ മടുപ്പിച്ചു, ആവർത്തനവിരസമായ നിർജ്ജീവമായ ദിവസങ്ങൾ കടന്നുപോയ് ക്കൊണ്ടിരുന്നു. തൻ്റെ മനസ്സിൻറെ താളം തെറ്റുകയാണോ എന്ന് സജിക്ക് തോന്നി ത്തുടങ്ങിയിരുന്നു.

ബിന്ദു, അധികം പരാതികൾ ഒന്നും ഇല്ലാതെ ഹോസ്പിറ്റലിലും വീട്ടിലും ജോലിസ്ഥലത്തും എല്ലാം ഓടി നടന്നു. ഇപ്പോൾ അവൾ തളർന്നിരിക്കും എന്നത് ഉറപ്പാണ്. ഒന്നും പറയുന്നില്ലെങ്കിലും മുഖത്തുനോക്കുമ്പോൾ അറിയാം, അവൾക്ക് എത്രമാത്രം ടെൻഷനുണ്ട് എന്ന്.

“നാളെ കുട്ടികളുടെ പരീക്ഷ ആരംഭിക്കുകയാണ്.എക്സാമിനേഷൻ ഡ്യൂട്ടി ഉള്ളതുകൊണ്ട് പോകാതിരിക്കാൻ പറ്റില്ല.” അവൾ പറഞ്ഞു.

അത്യാവശ്യം കാര്യങ്ങൾ തനിച്ചു് ചെയ്യാം എന്ന് തോന്നുന്നു. അവളെ വിഷമിപ്പിക്കേണ്ട എന്നുകരുതി സമാധാനിപ്പിച്ചു. അല്ലെങ്കിൽത്തന്നെ എത്ര ദിവസം ഈ രീതിയിൽ മുൻപോട്ടു പോകാൻ കഴിയും.?

കട്ടിലിന് അടുത്തുകിടന്നിരുന്ന മേശയിൽ ബ്രേക്ക് ഫാസ്റ്റ് ,ഓരോസമയത്തും കഴിക്കാനുള്ള മരുന്നുകൾ, കുടിക്കാൻ വെള്ളം എല്ലാം ബിന്ദു തയാറാക്കി വച്ചിട്ടുണ്ട്.

“മരുന്ന് സമയത്തിന് കഴിക്കണേ. റോഷൻ ഒരാഴ്ച അവധിയിലാണ് എന്നാണ് പറഞ്ഞത്. എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ വിളിച്ചോ,എന്ന് പറഞ്ഞിട്ടുണ്ട്.”

“ഉം”.

അവൾ തിരക്കിട്ട് ഇറങ്ങി.

അടുത്ത ഫ്ളാറ്റിലെ താമസക്കാരനും സുഹൃത്തുമാണ് റോഷൻ. സഹായത്തിനായി വിളിച്ചാൽ ഒരു മടിയുമില്ലാതെ ഓടിവരും.

തുറന്നുകിടന്നിരുന്ന ജനാലയിലൂടെ തണുത്തകാറ്റ് വീശുന്നുണ്ടെങ്കിലും സജിക്ക് വല്ലാത്ത ചൂട് അനുഭവപ്പെട്ടു.

കറങ്ങുന്ന സീലിംഗ് ഫാനിൽ നോക്കി ഇനി എത്ര സമയം വേണമെങ്കിലും വെറുതെ കിടക്കാം. ഭിത്തിയിൽ ഉറപ്പിച്ചിരുന്ന ക്ലോക്കിൽ സമയം പിന്നിലേക്കാണ് ഓടുന്നത് എന്ന് തോന്നും.

മേശപ്പുറത്ത് ഇരിക്കുന്ന ചായ തണുത്തുപോകും. ചായ ഗ്ലാസ്സ് കൈ എത്തുന്ന ദൂരത്തിലാണ്.എഴുന്നേൽക്കാൻ ശ്രമിക്കുന്നതിനിടയിൽ കട്ടിലിൽ ചാരി വച്ചിരുന്ന വാക്കിങ് സ്റ്റിക്ക് കയ്യ് തട്ടി താഴേക്കു വീണു. വലത് കാൽ പ്ളാസ്റ്ററിലും ഇടതു കൈ ബാൻഡേജിലും ആയിരുന്നതുകൊണ്ട് എഴുന്നേൽക്കുവാൻ പ്രയാസമാണ്.

ഡോർ ബെൽ മുഴങ്ങി. ചാരി ഇട്ടിരുന്ന വാതിൽ പതിയെ തുറന്ന് റോഷൻ അകത്തേക്ക് വന്നു.

അഞ്ചോ ആറോ വയസ്സ് തോന്നിക്കുന്ന ഒരു കൊച്ചു പെൺകുട്ടി അയാളുടെ കൈപിടിച്ച് ഒപ്പം ഉണ്ട്.

“എങ്ങനെയുണ്ട് സുഖവാസം?”

സജി വെറുതെ ചിരിച്ചു.

പെൺകുട്ടി റോഷൻറെ മറവിൽ നിന്ന് അയാളെ സൂക്ഷിച്ചു നോക്കി. കുസൃതി നിറച്ച അവളുടെ ചിരിയും ആ ഒളിഞ്ഞുനോട്ടവും കൗതുകം ഉണർത്തുന്നതായിരുന്നു. അവളെ ശ്രദ്ധിക്കാതിരിക്കാൻ കഴിഞ്ഞില്ല,.

“ഇത് ആരാ ഈ രാജകുമാരി?”

“ബാംഗ്ലൂരിലെ അനിയത്തിയുടെ കുട്ടിയാണ്, വെക്കേഷനല്ലേ? ഞാൻ കഴിഞ്ഞ ആഴ്ച ബാംഗ്ലൂർ പോയിരുന്നു മടങ്ങിയപ്പോൾ കൂടെക്കൂട്ടി.”

അവൾ അയാളെ നോക്കി ചിരിച്ചു. റോഷൻറെ കയ്യിലെ പിടിവിട്ട് അവൾ മുറിയിൽ ആകമാനം കണ്ണോടിച്ചു..

“എന്താ മോളുടെ പേര്?”

അവൾ അത് കേട്ടതായി ഭാവിച്ചതേയില്ല..അവളുടെ ശ്രദ്ധ ഫാനിൻ്റെ കാറ്റിൽ റൂമിൽ പറന്ന് നടക്കുന്ന ടിഷ്യു പേപ്പറിൽ ആയിരുന്നു.

അവൾ നിലത്തു പറന്നു കളിക്കുന്ന ടിഷ്യു പേപ്പറിൻ്റെ പുറകെ അല്പസമയം ഓടി. പിന്നെ അതെടുത്ത് വേസ്റ്റ് ബോക്സിൽ നിക്ഷേപിച്ചു. അവിടെ കിടന്നിരുന്ന ഒരു സ്റ്റൂൾ വലിച്ചുകൊണ്ടുവന്നു. അതിൽ കയറി ഫാനിൻ്റെ വേഗത കുറച്ചു. ബിന്ദു മേശപ്പുറത്തു മൂടിവച്ചിരുന്ന ചായ ഗ്ലാസ്സിൽ അവളുടെ ശ്രദ്ധ പതിഞ്ഞു. ചായ ഗ്ലാസ് എടുത്തുകൊണ്ടുവന്ന് അയാൾക്ക് കൊടുത്തു.

ചിരി അടക്കി അയാൾ അത് വാങ്ങി.

ചായകുടിച്ചു കഴിഞ്ഞപ്പോൾ മേശപുറത്തുനിന്നും മുഖം തുടക്കാൻ ഒരു ടിഷ്യുപേപ്പർ എടുത്തുകൊണ്ടുവന്ന് സജിക്ക് കൊടുത്തു. കുടിച്ചുകഴിഞ്ഞ ചായ ഗ്ലാസ്സ് വാങ്ങി തിരികെ മേശപ്പുറത്തു വച്ചു..

ഇതൊന്നും ശ്രദ്ധിക്കാതെ റോഷൻ അപകടത്തെക്കുറിച്ചും ഇൻഷുറൻസിനെക്കുറിച്ചുമെല്ലാം എന്തെല്ലാമോ ചോദിക്കുകയും വിശദീകരിക്കുകയും ചെയ്തുകൊണ്ടിരുന്നു.സംസാരത്തിനൊത്തു മൂളുകയും തലകുലുക്കുകയും ചെയ്യുന്നെണ്ടെങ്കിലും സജിയുടെ ശ്രദ്ധ ആ സുന്ദരിക്കുട്ടിയിലായിരുന്നു. മനോഹരമായ ഒരു നൃത്തംപോലെ താളത്തിലാണ് അവളുടെ നടത്തം.

കുസൃതി നിറഞ്ഞ അവളുടെ മുഖത്ത് എപ്പോഴും ഒരു മന്ദഹാസം ഒട്ടി പിടിച്ചിരിക്കുന്നു.ജീൻസിൻ്റെ പോക്കറ്റിൽ ഇടക്കിടക്ക് കയ്യിട്ട് എന്തോ ഒന്ന് അവിടെ ഉണ്ട് എന്നുറപ്പ് വരുത്തുന്നുണ്ട്.

കയ്യിൽ ഒരു കരിവളയും കഴുത്തിൽ കിടക്കുന്ന ഒരു നേരിയ മാലയും അവൾക്ക് നന്നായി ചേരുന്നുണ്ട്.ചുരുണ്ട മുടിയിഴകൾ ഒരു റബ്ബർ ബാൻഡ് കൊണ്ട് മുകളിലേക്ക് കെട്ടി വച്ചിരിക്കുന്നത് കാണാൻ നല്ല ഭംഗിയുണ്ട്.

സജി ശ്രദ്ധിക്കുന്നതുമനസ്സിലാക്കിയ അവൾ കണ്ണിറുക്കി തല ചെരിച്ചുപിടിച്ചു ചിരിച്ചുകാണിച്ചു.

പതുക്കെ സജിയുടെ അടുത്തുവന്നു.കാലിൽ ഇട്ടിരുന്ന പ്ലാസ്റ്ററിൽ മേശപ്പുറത്തിരുന്ന പേനകൊണ്ട് കുത്തി വരച്ചു.

ബിന്ദു മേശപ്പുറത്തുവച്ചിരുന്ന ഗുളികകളും ഒരു ഗ്ലാസിൽ വെള്ളവുമെടുത്തു സജിയുടെ അടുത്തേക്ക് വന്നു. ക്ളോക്കിൽ നോക്കി സജി പറഞ്ഞു, “സമയം ആയിട്ടില്ല, പന്ത്രണ്ടുമണിക്ക്.”

അവൾക്ക് അയാൾ പറഞ്ഞത് മനസ്സിലായില്ലെന്ന് വ്യക്തമായിരുന്നു..സജി വാച്ചിൽ തൊട്ട് സമയംകാണിച്ചുകൊടുത്തു, പന്ത്രണ്ടുമണി .

റോഷൻ പറഞ്ഞു,”ഇത്ര വേഗം നിങ്ങൾ ഫ്രണ്ട്സ് ആയോ? ഒരു നിമിഷം ഇവൾ അടങ്ങിയിരിക്കില്ല.”

സജി വെറുതെ ചിരിച്ചു.

“ഞാൻ ഒരാഴ്ച ഫ്രീയാണ്. സജിക്ക് എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വിളിച്ചോളൂ.”.

റോഷൻ പോകാനായി എഴുന്നേറ്റു..

“എന്നാൽ ശരി മാഷേ ,ടേക്ക് കെയർ.”

“ഒക്കെ .”

“മോളേ, നമുക്ക് പോകാം.”

റോഷൻറെ കൂടെ പെൺകുട്ടിയും പോകാൻ തയ്യാറായി. അവൾ സജിയുടെ അടുത്തുവന്ന് പ്ലാസ്റ്റർ ഇട്ടിരിക്കുന്ന കാലിലും ബാൻഡേജ് ഇട്ട ഇടതുകൈയിലും തൊട്ടുനോക്കി,അയാളെ കണ്ണിറുക്കി കാണിച്ചു, ചിരിച്ചുകൊണ്ട് പുറത്തക്ക് ഓടി.

അവളുടെ കുസൃതികൾ ആസ്വദിച്ച് സജിയൊന്നു മയങ്ങി. സ്വപ്നങ്ങളിൽ അവൾ സജിയുടെ അടുത്തുവന്ന് കുസൃതികൾ കാണിച്ചു ചിരിപ്പിച്ചു.

ഒന്നുറങ്ങി എഴുന്നേറ്റപ്പോൾ സജിക്ക് ഒരു വലിയ ഭാരം ഇറക്കിവച്ചതുപോലെ അനുഭവപ്പെട്ടു.

രണ്ടാംദിവസം

ജോലിക്ക് പോകുന്നതിനുമുമ്പ് കഴിക്കാനുള്ള ഭക്ഷണവും മരുന്നും കുടിക്കാനുള്ള വെള്ളവും എല്ലാം പതിവുപോലെ ബിന്ദു മേശപ്പുറത്തു ഒരുക്കി വച്ചിരുന്നു.

ഇഴഞ്ഞുനീങ്ങുന്ന വിരസമായ സമയത്തിൻ്റെ അസ്വസ്ഥതയിൽ സജി ഞെളിപിരികൊണ്ടു. ഇടയ്ക്കിടെ ക്ലോക്കിൽ നോക്കി, പതിയെ ചലിക്കുന്ന ക്ലോക്കിൻ്റെ സൂചിയെ ശപിച്ചു.

ഇന്ന് മഴയില്ല,ആകാശം തെളിഞ്ഞിരിക്കുന്നു.തുറന്നുകിടന്നിരുന്ന ജനൽ പാളികളിലൂടെ അകത്തേക്ക് വരുന്ന സൂര്യപ്രകാശത്തിൽ നേരിയ പൊടിപടലങ്ങൾ തീർത്ത മായാജാലക്കാഴ്ചകളിൽ കണ്ണുകൾ ഉടക്കി.പ്രകാശപാളികളിൽ വിചിത്രമായ രൂപങ്ങൾ തെളിയുകയും മറയുകയും ചെയ്യുന്നത് ഒരു കൊച്ചുകുട്ടിയുടെ കൗതുകത്തോടെ സജി നോക്കികൊണ്ടിരുന്നു.

റോഷൻ വന്നിരുന്നെങ്കിൽ കുറച്ചു സമയം പോയികിട്ടുമായിരുന്നു

സമയം 8.30.

ഡോർ ബെൽ മുഴങ്ങി.ആരോ വാതിൽ തുറക്കുന്നു.വാതിൽപാളികളിൽ പിടിച്ചുകൊണ്ട് ,നിറഞ്ഞ ചിരിയുമായി അവൾ എത്തിനോക്കി

“ചക്കരേ, ഓടി വാ”.

നൃത്ത ചുവടുകളിൽ അവൾ അകത്തേക്ക് വന്നു. വരുന്നതിനിടയിൽ ഒരു രണ്ടു തവണയെങ്കിലും അവൾ വട്ടംകറങ്ങിയിട്ടുണ്ടാകും. കുട്ടി ഫ്രോക്കും ടീ ഷർട്ടും ആണ് ധരിച്ചിരിക്കുന്നത്.

“ചക്കരേ,നിൻറെ പേരെന്താ?”

അവൾ ചുണ്ടിൽ വിരൽ അമർത്തി,”ശ് ” എന്ന ഒരു ശബ്ദം കേൾപ്പിച്ചു.

“ശരി, ഞാൻ മിണ്ടുന്നില്ല.”

അവൾ മേശക്കരികിൽ ചെന്ന് കാലത്ത് കഴിക്കാനായി ബിന്ദു എടുത്തുവച്ചിരുന്ന ഗുളികകളും ഒരു ഗ്ലാസിൽ വെള്ളവും എടുത്ത് കൊണ്ടുവന്നു സജിക്ക് കൊടുത്തു. പിന്നെ മുഖം തുടക്കാനായി ഒരു ടിഷ്യു പേപ്പറും.

കിടക്കുന്ന കട്ടിലിനരികിലായി മടക്കിവച്ചിരുന്ന റോൾ സ്റ്റൂൾ അവളുടെ കണ്ണിൽ പെട്ടു.അത് എടുത്ത് നിവർത്തി വച്ചു. സജി ഒരുതരത്തിൽ എഴുന്നേറ്റ് അതിൽ കയറി ഇരുന്നു. പുറത്തിറങ്ങിയിട്ട് നാല് ദിവസങ്ങൾ കഴിഞ്ഞിരുന്നു.

തിരക്കിനിടയിൽ എങ്ങനെയാണ് ബിന്ദുവിനോട് പറയുക? അവളെ ബുദ്ധിമുട്ടിക്കേണ്ട എന്ന് വിചാരിച്ചു,

“ചക്കരെ,നിനക്ക് തള്ളിക്കൊണ്ടുപോകാൻ പറ്റുമോ?”.

സജി ഭിത്തിയുടെ സൈഡിൽ പിടിച്ചു അവളെ സഹായിച്ചു. അവൾ ബാൽക്കണിയിലേക്കുള്ള വാതിൽ പതുക്കെ തുറന്നു.

ബാൽക്കണിയിൽ നിന്നാൽ അങ്ങകലെ അഴിമുഖത്ത് നീങ്ങുന്ന ബോട്ടുകൾ കാണാം. ഈ ഫ്ലാറ്റ് വാങ്ങാൻ കാരണം തന്നെ ബാൽക്കണിയിൽ നിന്നുള്ള സുന്ദരമായ കാഴ്ചകൾ ആയിരുന്നു. അങ്ങകലെ കടലിലെ തിരമാലകളിലും കായലോരത്ത് നിരനിരയായി കാണുന്ന ചീനവലകളിലും എല്ലാം അത്ഭുതം നിറഞ്ഞ കണ്ണുകളോടെ അവൾ മാറി മാറി നോക്കിക്കൊണ്ടിരുന്നു. ബാംഗ്ലൂരിൽ താമസിക്കുന്ന കുട്ടിയല്ലേ, അവൾക്ക് ആ കാഴ്ചകൾ പുതുമയുള്ളതു തന്നെ.

അവർ രണ്ടുപേരും തങ്ങളുടേതായ ലോകത്തിലേക്ക് പിൻവലിഞ്ഞു.

സമയം പോയത് സജി അറിഞ്ഞതേയില്ല..

അവർ തിരിച്ചു റൂമിൽ വന്നപ്പോൾ തറയിൽ കിടന്നിരുന്ന ഏതാനും പുസ്തകങ്ങൾ അവളുടെ ശ്രദ്ധയിൽ പെട്ടു. ഫാനിൻറെ കാറ്റിൽ അവയുടെ പേജുകൾ മറിഞ്ഞുകൊണ്ടിരുന്നു. അവൾ അത് കൗതുകത്തോടെ അല്പസമയം നോക്കി നിന്നു. പിന്നെ എല്ലാം എടുത്ത് അലമാരയിൽ അടുക്കി വച്ചു.

ഒന്നും മിണ്ടാതെ ഒരു പുഞ്ചിരിയോടെ സജി അവളെ നോക്കി കട്ടിലിൽ കണ്ണടച്ചു ഉറക്കം നടിച്ചു കിടന്നു.

അവൾ അടുത്തുവന്ന് സജിയുടെ കൺപോളകൾ തുറന്നുനോക്കി കൊഞ്ഞനം കുത്തി. സജിക്ക് ചിരിക്കാതിരിക്കാൻ കഴിഞ്ഞില്ല.

അവൾ പുറത്തേക്ക് ഓടി,വാതിൽ സാവകാശം അടഞ്ഞു.

മനസ്സിൻറെ ഭാരം കുറഞ്ഞുകുറഞ്ഞു ഇളംകാറ്റിൽ പറന്നുനടക്കുന്ന ഒരു അപ്പൂപ്പൻ താടിയാണ് താൻ എന്ന് സജിക്ക് തോന്നി.

മൂന്നാം ദിവസം

സജി കൂടെക്കൂടെ ക്ലോക്കിൽ നോക്കികൊണ്ടിരുന്നു.

ഇന്ന് അവൾ വരുമോ എന്നറിയില്ല.

പതിവുപോലെ കൃത്യം 8.30 ന് ഡോർ ബെൽ ശബ്ദിച്ചു. ചിരിച്ചുകൊണ്ട് നൃത്തച്ചുവടുകളുമായി അവൾ വന്നു.

ഷോർട്സും ടീ ഷർട്ടും വേഷം. കയ്യിൽ എന്തോ ഒരു പാക്കറ്റ് ഉണ്ട് . നേരെവന്നു,അത് മേശപ്പുറത്തു വച്ചു . ക്ലോക്കിൽ നോക്കി മേശപ്പുറത്തുനിന്നും കഴിക്കാനുള്ള ടാബ്‌ലറ്റുകളും വെള്ളവും എടുത്തുസജിയുടെ അടുത്തേക്ക് വന്നു. അതു കൊടുത്തിട്ട് അവൾ റൂമിൽ ആകെ ഒന്നുകണ്ണോടിച്ചു. എല്ലാം വൃത്തിയായിരിക്കുന്നു,അവൾ കൈകൊട്ടി ചിരിച്ചുകൊണ്ട് മേശപുറത്തുവച്ചിരുന്ന പാക്കറ്റ് തുറന്ന് ഒരു നെയ്യപ്പം എടുത്ത് സജിയുടെ കൈയിൽ വച്ച് കൊടുത്തു. എന്നിട്ട് ആ പാക്കറ്റ് അയാളുടെ മുൻപിലേക്ക് നീക്കിവച്ചു.

പിന്നെ റോൾ സ്റ്റൂളിൽ അയാളെ പതുക്കെ തള്ളിക്കൊണ്ട് ബാൽക്കണിയിലേക്ക് പോയി. വിടർന്ന കണ്ണുകളോടെ നിശ്ശബ്ദയായി കായലോര കാഴ്ചകൾ നോക്കി അവൾ നിന്നു. ഒരു കൊച്ചുകുട്ടി ഏകാഗ്രതയോടെ കാഴ്ചകൾകണ്ട് അതിൽ ലയിച്ച് അങ്ങനെ നിൽക്കുന്നത് സജിയെ അത്ഭുതപ്പെടുത്താതിരുനില്ല.

സജിയെ തിരിച്ചു റൂമിൽ കൊണ്ടുവന്നശേഷം പോകാനായി തുടങ്ങിയ അവളെ അയാൾ സ്നേഹപൂർവ്വം ചേർത്ത് പിടിച്ചു. അവൾ അയാളുടെ കവിളിൽ ഒരു ഉമ്മ കൊടുത്തിട്ട് കുസൃതിച്ചിരിയുമായി പുറത്തേക്ക് ഓടി, വാതിൽ അടഞ്ഞു.

നാലാം ദിവസം

തികച്ചും അക്ഷമനായി സജി ഒരു നൂറു തവണയെങ്കിലും ഇതിനോടകം ക്ലോക്കിലേക്ക് നോക്കിയിട്ടുണ്ട്. ഇന്ന് സമയം പതിവിലും ഇഴഞ്ഞാണ് നീങ്ങുന്നത്. കഴിഞ്ഞ എല്ലാ ദിവസങ്ങളിലെയും പതിവ് ഓർത്താൽ അവൾ കൃത്യം എട്ടരയ്ക്ക് വരും. ആ കുട്ടിയുടെ എനർജിയും പെരുമാറ്റവും എല്ലാം സജിയെ ഒരു മായിക ലോകത്തിൽ എത്തിച്ചിരുന്നു. സെക്കൻഡുകൾ മണിക്കൂറുകൾ പോലെ ഇഴയുന്നു. സമയം എട്ടു മുപ്പത്,കാളിങ് ബെൽ ശബ്ദിച്ചു.

അവൾക്ക് കൊടുക്കാനായി സൂക്ഷിച്ചുവച്ചിരുന്ന ചോക്ലറ്റ് സജി കയ്യിലെടുത്തു. അവൾക്ക് ഒരു സർപ്രൈസ് ആയിരിക്കും അത് . ബിന്ദുവിൻ്റെ സുഹൃത്തുക്കൾ കൊടുത്തയച്ച സ്വിസ്സ് ചോക്ളറ്റ് അവൾക്കുവേണ്ടി സൂക്ഷിച്ചു വച്ചിരുന്നതാണ്.

വാതിൽ പാളികൾ സാവകാശം തുറക്കപ്പെട്ടു. ഒരു നിമിഷം,റോഷൻ അകത്തേക്ക് വന്നു. കൂടെ അവൾ കാണാതിരിക്കില്ല. തന്നെ കബളിപ്പിക്കാൻ അവൾ മാറി നിൽക്കുകയായിരിക്കും, സജി വിചാരിച്ചു. റോഷൻ അകത്തുവന്നു സജിയുടെ അടുത്ത് ഒരു സ്റ്റൂൾ നീക്കിയിട്ട് ഇരുന്നു. സജി വീണ്ടും വീണ്ടും വീണ്ടും വാതിൽക്കലേക്ക് നോക്കി. ഇല്ല ആ കുട്ടി വന്നിട്ടില്ല.”മോൾ ..?”

“അവൾ പോയി “. റോഷൻ പറഞ്ഞു.

“എവിടേക്ക് ?”സജിയുടെ ശബ്ദത്തിൽ ഒരു വല്ലാത്ത ഉത്കണ്ഠ കലർന്നിരുന്നു.

“അവൾ ബാംഗ്ലൂരിലുള്ള അനുജത്തിയുടെ കുട്ടിയാണ് എന്ന് പറഞ്ഞിരുന്നല്ലോ.

സ്കൂൾ തുറക്കുകയല്ലേ? അവളെ കൂട്ടി ഞാൻ നാളെ ബാംഗ്ലൂർ പോകാനിരുന്നതാണ്. അപ്പോൾ അനിയത്തിക്ക് എറണാകുളം വരേണ്ട ആവശ്യംവന്നു. ഇനി എന്നെ ബുദ്ധിമുട്ടിക്കണ്ട എന്നുകരുതി മോളെയുംകൂട്ടി, അവർ മോർണിങ് ആറുമണിക്കത്തെ ബാംഗ്ലൂർ ഫ്ലൈറ്റിൽ പോയി.”

സജിക്ക് ആകെ ഒരു മരവിപ്പ് അനുഭവപ്പെട്ടു…

“അവൾ പോകുന്നതിനുമുമ്പ് തന്നെ കാണണം എന്ന് വാശിപിടിച്ചുകരഞ്ഞു. കാലത്തു നാലുമണിക്ക് എങ്ങനെയാണ് സജിയെ വിളിച്ചെഴുന്നേല്പിക്കുക എന്ന് വിചാരിച്ചു,”

“എങ്കിലും വരാമായിരുന്നു.”

“സജിയോട് അവൾക്ക് വല്ലാത്ത ഒരു ഇഷ്ട്ടമായിരുന്നു. പാവം കുട്ടി………വിധി”

“മനസ്സിലായില്ല.അവൾക്ക് എന്തുപറ്റി?”

“സജി ,നീ ശ്രദ്ധിച്ചോ എന്ന് എനിക്കറിഞ്ഞുകൂട, അവൾക്ക് സംസാരിക്കാൻ കഴിയില്ല അവൾ ഊമയാണ്.”

ഒരു വല്ലാത്ത മരവിപ്പ് ദേഹമാസകലം പടരുന്നതുപോലെ………………..

അവൾക്ക് കൊടുക്കാനായി സജി കയ്യിൽ കരുതിയിരുന്ന ചോക്ലേറ്റ് ഞെരിഞ്ഞമർന്ന് കയ്യിലും മേശയിലും ദേഹത്തും പരന്നു.

ഉള്ളിൽ ഒരു പെരുമഴ പെയ്യുന്നു, കർക്കിടകമാസത്തിലെ കറുത്ത മഴ.

അവൾക്ക് സംസാരിക്കാൻ കഴിയില്ല എന്ന് ആർക്ക് പറയാൻ കഴിയും?

കഴിഞ്ഞ ദിവസങ്ങളിലെല്ലാം തമ്മിൽ സംസാരിക്കുക ആയിരുന്നില്ലേ?

കണ്ണുകൾ നിറഞ്ഞൊഴുകുന്നു.

“സജി,എന്താണിത്? താൻ കരയുകയാണോ?”

പുറത്ത് മഴയുടെ താളം.

മഴനേർത്തു നേർത്തു നൂലുകളായി.

സ്വർണ്ണ നൂലുകൾ.

അവയിൽ അവളുടെ വർണ്ണചിത്രം തെളിഞ്ഞുവരുന്നു.

ശബ്ന രവി

വീണ്ടും പൊൻചിങ്ങം വന്നണഞ്ഞു
വീണ്ടുമൊരോണം അരികിലെത്തി
വീണ്ടുമൊരുത്സവ കാലമുണരവേ
ഞാനെന്റെ ബാല്യമൊന്നോർത്തുപോയീ.

മുറ്റത്തെ മൂവാണ്ടൻ മാവിന്റെ ചില്ലയിൽ
ഊഞ്ഞാലുകെട്ടിയങ്ങായത്തിലാടിയും
കൂട്ടരുമൊത്ത് തൊടിയായ തൊടിയെല്ലാം
പൂ പറിക്കാനായോടി നടന്നതും

കുന്നോളം തുമ്പപ്പൂ മുക്കുറ്റി മന്ദാരം
ചേമന്തി ചെമ്പകം ചെമ്പരത്തിപ്പൂവും
മുറ്റത്തെ പൂക്കളം ചേലുറ്റതാക്കുവാൻ
പേരറിയാപൂക്കളൊരായിരം വേറെയും

തിരുവോണനാളിൽ പുത്തനുടുപ്പിട്ട്
അമ്മ വിളമ്പിയ സദ്യയുമുണ്ട്
ആവോളം കളിച്ചു തിമിർത്തുല്ലസിച്ചു
നാലോണനാളിൽ പുലിക്കളിയും കണ്ടു.

കാലം കടന്നുപോയ് ബാല്യവും കഴിഞ്ഞുപോയ്
ഓർമ്മകളായ് മാറി ആ നല്ല നാളുകൾ
ഇന്നീ അലച്ചിലിൽ ജീവിതപ്പാച്ചിലിൽ
ഓണം കൊണ്ടാടുവാനാർക്കുനേരം?

എങ്കിലുമോരോ മലയാളിമനസ്സിലും
ഓണമൊരുത്സവ ലഹരിയേകും
വറുതിയും വ്യാധിയും ദുരിതങ്ങൾ തീർക്കിലും
ഉള്ളതു കൊണ്ടവനോണമുണ്ണും.

ശബ്ന രവി

എറണാകുളത്ത് റവന്യൂ വകുപ്പിൽ ഉദ്യോഗസ്ഥയാണ്. കേരള സർവകലാശാലയിൽ ഡെപ്യൂട്ടി രജിസ്ട്രാറായിരുന്ന ശ്രീ.ടി.ആർ. രാമദാസിന്റെ മകളും സൗദി അറേബ്യയിൽ എസ് ജി എസ് ഗ്ലോബൽ കമ്പനി മാനേജർ ഡോ. രവിയുടെ ഭാര്യയുമാണ്. പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിയായ ഋഷികേശ് മകനാണ് .

വായന ,സംഗീതം, സിനിമ എന്നിവ ഇഷ്ടപ്പെടുന്നു. കവിതകളും ലേഖനങ്ങളും എഴുതാറുണ്ട് .ഓൺലൈൻ പോർട്ടലുകളിൽ പല കവിതകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇമെയിൽ വിലാസം :  [email protected]

ജേക്കബ് പ്ലാക്കൻ

ചിറകെനിക്കെന്തിന്‌ പതംഗമെ പറക്കുവാൻ …!യെൻ
ചിത്തത്തിൻ ചക്ഷസ്സ് തുറന്നിരിക്കുമ്പോൾ …!
ഭാവന തൻ താമരപ്പൊയ്‌കയിൽ നീരാടി രമിക്കുവാനെനിക്കെന്തിന് വിസാരമേ …ചിറകും ചെകിള പൂക്കളും…!
ഭൂഗോളമാകും മെൻ കൃഷ്ണഗോളങ്ങളിൽ തെളിവതിനപ്പുറംമെനിക്കെന്തിനു മറ്റൊരു നക്ഷത്ര സ്വർഗം …!
ഭംഗുരമാം നിമിഷമണി പട്ടുനൂലിൽ കെട്ടിയോരു ഋതുക്കാളാം ഉഞ്ചലിലാടുമ്പോളെനിക്കെന്തിന് പവിഴമണി കൊട്ടാരം ….!
കാലമാം ഭാഗീരഥി പ്രവാഹത്തിൽ കൗതുകംപൂണ്ടൊഴുകിമായുന്നൊരു
കുഞ്ഞു തൃണമായീ ഞാനും …!കൃഷ്ണപക്ഷചന്ദ്രികയിലലിഞ്ഞലിഞ്ഞു മാഞ്ഞുമായുന്നവൻ …!അടങ്ങാത്ത തിരകളായി ..,
കൊതി തീരാത്തൊരു ജീവിത സ്വപ്നങ്ങളുമായി വീണ്ടും കരപറ്റി ഗദ്ഗദംചൊല്ലിക്കരയുന്നവൻ ..!
അസ്തമയങ്ങളെല്ലാം ഉദയങ്ങളാകുമ്പോഴും ….!ഋതുകാലചക്രാറുതിയിൽ വീണ്ടും ഉദയമില്ലാത്തൊരു അസ്തമയത്തിനാഴങ്ങളിൽ മായുന്നവൻ ….

കാലമാം വർഷത്തിൽ കാലഹരണപ്പെടാത്ത
മഹാ മുദ്രകളുണ്ടോ …മാഞ്ഞു പോകാത്ത മന്ദസ്മിതങ്ങളും …!

ആർത്തട്ടഹസിക്കുന്നു മധ്യാനസുര്യൻ ….!
തീർത്തും വിവശയായി മണ്ണെന്ന പെണ്ണും …!
തീ തിന്നു പൂക്കുന്ന മണലാരണ്യങ്ങളിൽ …!
തണുപ്പിന്റ രേണുക്കൾ ആല്മക്കളായി മൂര്‍ത്തരൂപം തേടിയലയും വനികകളിൽ .!
ഉദയാഗ്‌നി യൂതി പടർത്തും
പേകാറ്റിൽ നീന്തിതുടിക്കുന്നു മർത്യനാമത്തിലിഞാനും …!

വൃതം വിട്ടു പായുന്ന ഋതുക്കളിൽ മദം കൊണ്ടു കൂവുന്നു മത്തം …!
വ്രണിതഹൃത്തരേകും പിണ്ഡമുണ്ണാതെ അലറിക്കരഞ്ഞകലുന്നു …
ബലി കാക്കകൾ …!
തളിരുകൾ മുള്ളുകളായി നീർത്തി നീർ തുള്ളി കളയാത്തൊരു കള്ളിമുള്ളും തളരുമൊരുഷ്ണശിഖിയിൽ …!തണലായി യൊരു ശ്യാമ മേഘവും പറക്കാൻ മടിക്കുന്ന വാനിടങ്ങളിൽ ….വിണ്ണിന്റെ വെള്ളി രഥഘോഷങ്ങളിൽ …!
അസ്തമിക്കാത്തൊരു പകപോൽ പകലവൻ തീ തുപ്പി ചിരിക്കുമ്പോൾ ….!
ആയുസ്സിന്റെ പെന്‍ഡുലം സായാഹ്നത്തിന്റെ
സമയം കുറിക്കുവാൻ
വെമ്പലാലോടിതളരവേ …!
ശലഭനൂലാൽ തീർത്തൊരു
പുഴുക്കൂടുനുള്ളിൽ സുഖസുഷ്പ്തിയിലാണ്ടു ഞാൻ മറയവെ ….!
ഓർക്കുക നിങ്ങളും …ഈ പട്ടുനൂലോക്കയും എന്റേതെന്നു വെറുതെ ധരിച്ചിരുന്നു ഞാനും ….!

ജേക്കബ് പ്ലാക്കൻ

മുന്നോറോളം കവിതകളുടെ രചയിതാവ്. രണ്ട് നാടകങ്ങളുടെ രചനയും സംവിധാനവും നിർവ്വഹിച്ച അതുല്യ പ്രതിഭ. ദീപിക ദിനപത്രത്തിൻ്റെ മുൻ സർക്കുലേഷൻ മാനേജർ. ഇപ്പോൾ നോർത്തേൻ അയർലെൻ്റിൽ ലണ്ടൻ ഡെറിയിൽ താമസിക്കുന്നു. കോട്ടയം ജില്ലയിൽ ആർപ്പൂക്കര പ്ലാക്കിൽ കുടുംബാംഗമാണ്.

Phone # 00447757683814

ഐശ്വര്യ ലക്ഷ്മി.എസ്സ്.

ഓണമല്ലേ ആർക്ക്?
മലയാളിക്കോ വിപണിയ് ക്കോ
ആരാണേറെ ആഘോഷ വർണ്ണപ്പരപ്പിൽ തിളങ്ങുക

ആറു കാണ്ഡവും പാടിത്തീർന്ന രാമായണത്തിന്റെ വിപണനമേളയുടെ പോരായ്മ കൊഴുപ്പിക്കാൻ സജീവമാണ് ഓണവിപണികൾ

ഫ്ളാറ്റ്‌ മുതൽ വീടുവരെ
എത്തണം മാവേലിക്കുമുന്നേ
പരസ്യപ്രചരണത്തിനു റേറ്റില്ലാത്തോണ്ടിപ്പോ രഹസ്യപ്രചരണമാണ്
കലാശക്കൊട്ടുണ്ടെന്നാലും
ഉത്രാടപ്പാച്ചിൽ അടുക്കളയിൽ നിന്നിപ്പോ
അരങ്ങത്തേക്കായോണ്ടേ

തിരുവോണത്തിനു മുന്നേ
രണ്ടു മൂന്ന് ട്രയൽ ആഘോഷം കൊഴുപ്പിച്ചില്ലേൽ കൊറോണങ്ങളുടെ
നഷ്ടക്കണക്കുകൾ
ടാലിയാവൂലല്ലോ

പ്രളയങ്ങൾ ശുദ്ധികലശം
തീർത്ത തെരുവോരങ്ങളിൽ ഡ്യൂപ്ലിക്കേറ്റ് മാവേലികളും
തയ്യാർ

കൊറോണ തീർത്ത
അകലമൊക്കെ കുറഞ്ഞതോടെ ഓഫ്‌ലൈൻ വിപണികൾ
പുതുജീവനായി പുതുതന്ത്രങ്ങളൊരുക്കുന്നുണ്ടെന്നാലും
ഓൺലൈൻ വിപണിയ്ക്കതു വിള്ളലാവുമോയെന്നു
കണ്ടറിയേണ്ടിയിരിക്കുന്നു

പൂക്കളമത്സരത്തിൽ മാത്രമെങ്കിലും തിളങ്ങിനിന്ന പൂക്കളിപ്പോൾ സമൂഹമാധ്യമ ചിത്രങ്ങളിലേക്കൊരു ചേക്കേറലായി
കാലം മാറുമ്പോൾ ഓണത്തിനും വിപണിയ്ക്കുമൊരു മാറ്റം വേണ്ടേ
എങ്കിലല്ലേ മാറ്റുരയ്ക്കാനാവൂ

വിപണനത്തിന്റെ കൗടില്യതയ്ക്കു കുതറാതെ വിശാലതയുടെ
കുത്തൊഴുക്കിൽ മാവേലി നാടിനിതൊരു കളങ്കമില്ലാത്തൊരുത്സവമായിടേണം

ഐശ്വര്യ ലക്ഷ്മി.എസ്സ്.

സ്വദേശം പത്തനംതിട്ട ജില്ലയിലെ കുന്നന്താനം. ടി സി എസ്സിൽ അസിസ്റ്റന്റ് സിസ്റ്റം എഞ്ചിനീയർ ട്രയിനി. മലയാളം യു കെ ഉൾപ്പെടെയുള്ള ആനുകാലികങ്ങളിൽ കവിതകളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. അച്ഛൻ ശശിധര കൈമൾ. അമ്മ ഇന്ദു കുമാരി. ഇമെയിൽ വിലാസം [email protected]

എബി ജോൺ തോമസ്

അർദ്ധോക്തിയിൽ
ഒരു നിലവിളി
‘അ’ യെന്ന്
തൊണ്ടയിൽ കുരുങ്ങുമ്പോഴാണ്
ആദ്യാക്ഷരത്തിൻ്റെ പിറവി…

കുരുക്കുകൾ
പൊട്ടിച്ചിറങ്ങിയ
നീണ്ടകരച്ചിലിന്
‘ആ….. ‘ യെന്ന്
ഒറ്റയെഴുത്ത്…

– ‘ഇ ‘ യിലെ
ചിരി നീണ്ട് നീണ്ട്
‘ഈ ‘യിൽ എത്തിയിട്ടാവും
ഇളി പോലെ തോന്നിയത്…

‘ഉ’ -വിനോളവും
‘ഊ’ – വിനോളവും
ആരും ജീവശാസത്രം
പറഞ്ഞിട്ടില്ലെങ്കിലും
ജീവിതത്തിൻ്റെ
രൂപം
‘ഋ ‘വിലാണ്….

‘എ’ -യിൽ അൽപ്പം
ആംഗലേയം ഉണ്ടെന്ന്
കണ്ടിട്ടാവും
‘ഏ’ -യിൽ
ഒരു ചോദ്യത്തിൻ്റെ
കുറുമ്പ്…

‘ഐ’ -യോളം
ദാരിദ്ര്യപ്പെട്ട
ഒരു
സംജ്ഞ
ഇനിയും പിറന്നിട്ടില്ലെന്ന്
തലയാട്ടി
സമ്മതിക്കുന്നുണ്ട്
‘ഒ ‘…

പക്ഷം പിടിക്കലിനോട്
പുച്ഛം നീട്ടിയെഴുതി
‘ഓ’…..

അൽപം കരുണയും
ദൈന്യതയും തോന്നിയത്
‘ഔ’ വിനാണ്…

‘അം’
എല്ലാം സമ്മതിച്ചിട്ടാവും
ഒടുക്കത്തിൽ
ഒരു നിലവിളി
അർദ്ധോക്തിയിൽ
കുരുങ്ങിയത്…

പരസഹായത്തിൽ
നിലനിന്ന് പോകുന്നവരെ
ഓർമ്മിപ്പിക്കുന്നുണ്ട്
വ്യഞ്ജനങ്ങൾ..

സംഘടിച്ചാൽ
ശക്തരാകാമെന്ന്
കൂട്ടക്ഷരത്തോളം
മനസ്സിലാക്കിയിട്ടുള്ളവർ
വേറെ കാണില്ല….

പ്രണയ പർവ്വങ്ങൾക്ക്
ഒളിച്ചു താമസിക്കാനുള്ള
തുരുത്തുകൾ ഉള്ളത്
ചില്ലക്ഷരങ്ങളിലാവും…

അതെ,
അക്ഷരമാലയ്ക്ക്
ജീവിതം എന്നും
അർത്ഥമുണ്ട്…

എബി ജോൺതോമസ് : പാറക്കാലയിൽ തോമസിന്റെയും അമ്മിണിയുടെയും മകൻ. മാധ്യമപ്രവർത്തകയായ നൊമിനിറ്റ ഭാര്യയാണ്. സഹോദരൻ ആൽബി. കുറുപ്പന്തറ ഇരവിമംഗലത്ത് 1988 ൽ ജനനം. 2007- 10 ൽ കോട്ടയം ബസേലിയസ് കോളജിൽ നിന്നും മലയാളത്തിൽ ബിരുദവും 2010 -12 ൽ എംജി യൂണിവേഴ്സിറ്റിയിൽ നിന്നും ജേണലിസത്തിൽ ബിരുദാനന്തര ബിരുദവും എടുത്തു. 10 വർഷമായി മാധ്യമപ്രവർത്തകൻ. കേരളവിഷൻ, ജീവൻ ടിവി, ജയ്ഹിന്ദ് ടിവി, മീഡിയവൺ എന്നിടങ്ങളിൽ ജോലി ചെയ്തു. ഇപ്പോൾ മൈഫിൻ പോയിന്റ് ഫിനാൻസ് മീഡിയ എന്ന സ്ഥാപനത്തിൽ സീനിയർ റിപ്പോർട്ടറായി ജോലി ചെയ്യുന്നു.

2021 ൽ നിലാവിൽ മുങ്ങിച്ചത്തവന്റെ ആത്മാവ് എന്നപേരിൽ ആദ്യ കവിതാ സമാഹാരം . രണ്ടാമത്തെ പുസ്തകം ഇറങ്ങി പോകുന്നവർ പാലിക്കുന്ന മര്യാദകൾ . പുരസ്കാരം- 2014 കാഴ്ച പുരസ്കാരം(ജൂറീ പരാമർശം), 2019 ലെ നെഹ്റു ട്രോഫി പുരസ്കാരം( മികച്ച റിപ്പോർട്ടർ)

RECENT POSTS
Copyright © . All rights reserved