ഡോ. ഐഷ വി
1997 ജനുവരി . 13 . നേരിയ തോതിൽ രക്തപ്രവാഹമുള്ള ഗർഭിണിയേയും കൂട്ടി ചെങ്ങന്നൂർ റയിൽവേ സ്റ്റേഷനിൽ ഐലന്റ് എക്സ്പ്രസ്സിൽ കയറാനെത്തുമ്പോൾ അവിവാഹിതയും കോളേജ് ലക്ചററുമായ ഷീബ ടീച്ചറിന് ഒരു ചങ്കിടിപ്പ്. വഴിയിൽ വച്ച് എന്തെങ്കിലും സംഭവിച്ചാൽ എങ്ങിനെ കൈകാര്യം ചെയ്യണമെന്നറിയില്ല. ടെൻഷൻ അടക്കാൻ കഴിയുന്നില്ല. തന്റെ ഹോസ്റ്റൽ റൂമേറ്റാണ് കൂടെയുള്ളത്. ആകെ ഒരു വെപ്രാളമുണ്ടെങ്കിലും എല്ലാം ഉള്ളിലൊതുക്കി അവർ ഐലന്റ് എക്സ് പ്രസ്സിൽ കയറി. ഗർഭിണി നേരത്തേ തന്നെ തന്റെ മാതാപിതാക്കളെയും ഭർത്താവിന്റെ വീട്ടുകാരേയും വിവരം അറിയിച്ചിരുന്നു. തിരുവനന്തപുരം റയിൽവേ സ്റ്റേഷനിൽ ഇറങ്ങിയ അവർ തമ്പാനൂർ ബസ്സ്സ്റ്റാന്റിലെത്തി മെഡിക്കൽ കോളേജ് ബസ്സിൽ കയറി. മെഡിക്കൽ കോളേജിന് മുന്നിലിറങ്ങിയ അവർ നേരെ പി റ്റി ചാക്കോ നഗറിലെ ഗൈനക്കോളജിസ്റ്റിന്റെ വീട്ടിലെത്തി. അപ്പോഴേയ്ക്കും ഭർത്താവിന്റെ അമ്മയും അച്ഛനും അവിടെയെത്തി. അവരെത്തിയ ഉടൻ ഷീബ ടീച്ചർ വീട്ടിലേയ്ക്ക് തിരിച്ചു. പിന്നെ കുറച്ചു കഴിഞ്ഞപ്പോൾ ഗർഭിണിയുടെ അച്ഛനെത്തി. പരിശോധിച്ച ഡോക്ടർ ബ്ലീഡിംഗ് നിൽക്കാനുള്ള മരുന്നു കുറിച്ചു , സ്കാൻ ചെയ്യാൻ നിർദ്ദേശിച്ചു. ഡോക്ടറുടെ ലറ്റർ പാഡിൽ ” റൂൾ ഔട്ട് എക്റ്റോപിക് പ്രഗ്നൻസി” എന്നെഴുതി. അവർ നേരെ സ്കാൻ സെന്ററിലേയ്ക്ക് തിരിച്ചു. ധാരാളം വെള്ളം കുടിച്ച് ഗർഭിണി തയ്യാറായി. സ്കാനിംഗ് കഴിഞ്ഞു. 3 ആഴ്ച കഴിഞ്ഞ് വീണ്ടും സ്കാൻ ചെയ്യാനും കിടക്കയിൽ വിശ്രമിക്കാനും അവർ കുറിച്ചു. ഗർഭിണിയേയും കൂട്ടി സ്കാൻ റിപ്പോർട്ടുമായി അവർ വീണ്ടും ഡോക്ടറുടെ അടുത്തെത്തി. ഡോക്ടർ റിപ്പോർട്ടിൽ നോക്കിയിട്ട് പറഞ്ഞു:” ഈ റിപ്പോർട്ടിൽ പ്രത്യേകിച്ച് കുഴപ്പമൊന്നും കാണുന്നില്ല. ഞാൻ എക്ടോപിക് പ്രശ്നൻസിയാണ് പ്രതീക്ഷിച്ചത്. അതാവുകയാണെങ്കിൽ ഗർഭിണി നടന്നു പോകുന്ന വഴി വീണ് കൊളാപ്സ് ആകാനുള്ള ചാൻസുണ്ട്. ഒരു മൂന്നാഴ്ച കഴിഞ്ഞ് വീണ്ടും സ്കാൻ ചെയ്ത് നോക്കാം. അതുവരെ ബെഡ് റെസ്റ്റ് ചെയ്യുക.”. ഡോക്ടർ പറഞ്ഞു നിർത്തി.
ഭർത്താവിന്റെ അച്ഛനമ്മമാർ അവരുടെ വീട്ടിലേയ്ക്കും ഗർഭിണി സ്വഗേഹത്തിലേയ്ക്കും തിരിച്ചു. സ്വന്തം വീട്ടുകാരുടെ സ്നേഹമസ്നൃണമായ പെരുമാറ്റത്താൻ 21 ദിവസം പിന്നിട്ടത് അറിഞ്ഞതേയില്ല. അച്ഛൻ പറഞ്ഞ ടാക്സിയെത്തിയപ്പോൾ ഗർഭിണിയും അമ്മയും കൂടി ഡോക്ടറെ കാണാൻ പോകാനായി കാറിൽ കയറി. ഡോക്ടറെ കണ്ട ശേഷം നേരെ സ്കാനിംഗ് സെന്ററിലേയ്ക്ക്. അവിടെ നിന്നും റിപ്പോർട്ടുമായി വീണ്ടും ഡോക്ടറുടെ അടുത്തേയ്ക്ക് റിപ്പോർട്ടിൽ ഗർഭം അലസിപ്പോയെന്ന് എഴുതിയിരുന്നു. അതിനാൽ ഡോക്ടർ 45 ദിവസത്തെ റെസ്റ്റെടുക്കാൻ പറഞ്ഞ് ചെങ്ങന്നൂർ എഞ്ചിനീയറിംഗ് കോളേജിൽ കൊടുക്കാനുള്ള മെഡിക്കൽ സർട്ടിഫിക്കറ്റും തയ്യാറാക്കി നൽകി. അതും വാങ്ങി അവർ വീട്ടിലെത്തി.
പിറ്റേന്ന് (1997 ഫെബ്രുവരി 5) പിതാവ് ലീവ് ആപ്ലിക്കേഷൻ കൊടുക്കാൻ കോളേജിലേയ്ക്ക് പോയി. അടുക്കളയിൽ ചെന്ന് ചപ്പാത്തിയും ഉരുളക്കിഴങ്ങ് കറിയും കഴിച്ച ശേഷം കിടക്കയിലേയ്ക്ക് പോയ മകൾ ഒന്നു തുമ്മി. വയറിനകത്ത് എന്തോ സംഭവിച്ചതു പോലെ തോന്നി. കിടക്കയിലയ്ക്ക് കിടന്നെങ്കിലും അവൾക്ക് കിടക്കാൻ സാധിക്കുന്നില്ല. അവൾ എഴുന്നേറ്റ് അടുക്കള വാതിൽക്കൽ ചെന്നെങ്കിലും അമ്മയോട് ” ഉരുളക്കിഴങ്ങ് കറി കഴിച്ചതിന്റെ ഗ്യാസാണെന്ന് തോന്നുന്നു ഒന്നു തുമ്മിയപ്പോൾ വയറിനകത്ത് ഒരു കൊളുത്തിപ്പിടിക്കൽ” എന്ന് പറഞ്ഞു നിൽക്കാൻ കഴിയാത്തതിനാൽ തറയിൽ കിടന്നു. അമ്മ ഒരു പായെടുത്ത് മകളെ അതിൽ കിടക്കാൻ സഹായിച്ചു. കുറച്ച് ഇഞ്ചി വെളുത്തുള്ളി കുരുമുളക് ഉപ്പ് എന്നിവ ചതച്ച് മകളെ കൊണ്ട് കഴിപ്പിച്ചു. അതിനു ശേഷം വെള്ളം ചൂടാക്കി വാട്ടർ ബാഗിലൊഴിച്ച് വയറിൽ ചൂടു വയ്ക്കാനായി നൽകി. എന്നാൽ മകൾ എഴുന്നേറ്റ് നിൽക്കാവുന്ന അവസ്ഥയിലായിരുന്നില്ല. കിടന്ന കിടപ്പിൽ മല മൂത്രവിസർജനം നടത്തി. അമ്മയെല്ലാം വൃത്തിയാക്കി. കടുത്ത നെഞ്ചുവേദനയും തോന്നിയതിനാൽ മകൾ യൂക്കാലിപിറ്റ്സ് നെഞ്ചിൽ തേയ്ക്കാൻ ആവശ്യപ്പെട്ടു. അമ്മ അതും ചെയ്തു കൊടുത്തു. മകൾക്ക് തിരിഞ്ഞോ മറിഞ്ഞോ കിടക്കാൻ പറ്റാത്ത അവസ്ഥ. കാഴ്ച്ച കുറഞ്ഞ് എല്ലാം വെള്ളയാകുന്നത് പോലെ ഒരു തോന്നൽ. അമ്മ ശാരദ വല്യമ്മച്ചിയുടെ വീട്ടിൽ പോയി . വല്യമ്മച്ചിയെ വിളിച്ചു കൊണ്ടുവന്ന് മകളുടെ അടുത്തിരുത്തി. ഉടനെ തന്നെ അമ്മയുടെആങ്ങള മണിയെ വിവരമറിയിക്കാനായി പോയി. മണി മാമൻ ഉടനെ നിർദ്ദേശിച്ചു. വേഗം കൊട്ടിയം ഹോളിക്രോസ്സിലേയ്ക്ക് കൊണ്ടുപോവുക. മണിമാമനും പൊന്നമ്മചേച്ചിയും അമ്മയോടൊപ്പം വീട്ടിലേയ്ക്കെത്തി. വഴിയിൽ വച്ച് മകൻ അനിലിന്റെ സുഹൃത്ത് ബാബുവിനെ കണ്ടപ്പോൾ അമ്മ ഒരു ടാക്സി വിളിച്ചു കൊണ്ടുവരാൻ ആവശ്യപ്പെട്ടു. അതു വഴി വന്ന ടാക്സി തടഞ്ഞു നിർത്തി ടാക്സി ഡ്രൈവർ സുരേഷുമായി വീട്ടിലെത്തി. സുരേഷ് കാറിലേയ്ക്ക് എടുക്കാനായി മകളെ പിടിച്ചപ്പോൾ ആകെ ഒരു തണുപ്പ്. സുരേഷും ബാബുവും കൂടി മകളെ എടുത്ത് കാറിൽ കയറ്റി. ബാഗുകൂടി എടുക്കാൻ മകൾ അമ്മയോട് നിർദ്ദേശിച്ചു. അമ്മ അത് ചെയ്തു. ടാക്സി കാറിൽ ബാബു, അമ്മ, മണി മാമൻ എന്നിവർ കയറി. ശാരദ വല്യമ്മച്ചി വിവരം രഘു മാമനെ അറിയിച്ചു. പൊന്നമ്മ ചേച്ചി അന്ന് ലാന്റ് ഫോണുണ്ടായിരുന്ന മൂത്തേമ്മയുടെ വീട്ടിലെത്തി വിവരം പറഞ്ഞു. മൂത്തേമ്മ നെയ്യാറ്റിൻ കരയിലെ മാമനെ വിവരമറിയിച്ചു. സുരേഷ് മകളെ വെറും പന്ത്രണ്ട് മിനിട്ടുകൊണ്ട് കൊട്ടിയം ഹോളിക്രോസ്സ് ആശുപത്രിയിലെത്തിച്ചു. കാരണം ശരീരം തണുത്തു പോയതിന്റെ ഗൗരവം സുരേഷിന് മനസ്സിലായിരുന്നു. ക്യാഷ്വാലിറ്റിയിൽ എത്തിച്ച മകളെ ഒരു സർജറി കഴിഞ്ഞ് വിശ്രമിക്കാൻ അവസരം ലഭിക്കുന്നതിന് മുമ്പ് ഡോക്ടർമാർ അറ്റന്റു ചെയ്തു.
യൂക്കാലി പിറ്റ്സ് , ഇഞ്ചി, വെളുത്തുള്ളി എന്നിവയുടെ രൂക്ഷ ഗന്ധം കാരണം വിഷം കഴിച്ചതാണോ എന്നു വരെ ഡോക്ടർമാരും നേഴ്സ്മാരും സംശയിച്ചു. മകൾ അമ്മയുടെ പക്കലുള്ള ബാഗ് പരിശോധിക്കാൻ ഡോക്ടറോട് പറഞ്ഞു. നാക്ക് കുഴഞ്ഞു. പിന്നെയൊന്നും സംസാരിക്കാൻ കഴിഞ്ഞില്ല. കാഴ്ച ആദ്യം തന്നെ പോയിരുന്നു. കാണുന്നതെല്ലാം ഒരു വെളുത്ത പ്രതലം പോലെയായിരുന്നു. ബാഗ് പരിശോധിച്ച ഡോക്ടർക്ക് തലേന്നത്തെ സ്കാൻ റിപ്പോർട്ടും ഡോക്ടറുടെ കുറിപ്പും കിട്ടിയിരുന്നു. ഡോക്ടർമാർ തമ്മിൽ എക്ടോപിക് പ്രഗ്‌നൻ സി റപ് ചർ ചെയ്തതാകാനാണ് സാധ്യത സർജറി ചെയ്യാം എന്ന് പറയുന്നത് മകൾ അവസാനമായി കേട്ടു. അവർ വസ്ത്രങ്ങൾ കത്രിച്ചു കളഞ്ഞു. വേഗം ഷേവ് ചെയ്ത് സർജറിയ്ക്ക് ഒരുക്കി. പിന്നൊന്നും മകൾക്ക് ഓർമ്മയില്ലായിരുന്നു…
ആകെ ചുവന്ന ശക്തിയേറിയ വെളിച്ചമുള്ള മനോഹരമായ സ്ഥലത്തു കൂടി നടക്കുന്നതായി എനിക്ക് തോന്നി. ഒരു ചുവന്ന പരവതാനി പോലെ തോന്നിക്കുന്ന ഒരു പ്ലാറ്റ് ഫോമിലൂടെ ഒഴുകി നടക്കുയാണ് ഞാൻ. ജീവിതത്തിലേയ്ക്ക് തിരികെ വരുന്നെങ്കിൽ വരട്ടെ എന്ന രീതിയിൽ എന്റെ മനസ്സ് പരുവപ്പെട്ടിരുന്നു.
“ഐഷേ കണ്ണു തുറക്ക്” എന്ന് പറയുന്നത് ഞാൻ കേൾക്കുന്നുണ്ടായിരുന്നു. “, ഐഷേ
ഐഷേ …” എന്ന് ഡോക്ടർ പല പ്രാവശ്യം വിളിച്ചപ്പോൾ ഞാൻ കണ്ണു തുറന്നു.
ഡോ.ഐഷ . വി.
പ്രിൻസിപ്പാൾ , പാലക്കാട് ജില്ലയിലെ കോളേജ് ഓഫ് അപ്ലൈഡ് സയൻസ് . കഥകളും ലേഖനങ്ങളും ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
ഡോ. ഐഷ വി
അഞ്ചു മണിക്കൂർ നീണ്ട കടൽ യാത്രയ്ക്കു ശേഷം വള്ളം കരയ്ക്കടുത്തു. സിന്ധു സാമ്പിളുകൾ ഭദ്രമായി കരയ്ക്കെത്തിച്ചു. ഇനി സാമ്പിളുകൾ കോളേജിലെ ലാബിലെത്തിച്ച് സെക്ഷനെടുത്ത് ഗ്ലിസറിനിൽ മൗണ്ട് ചെയ്ത് മൈക്രോസ്കോപ്പിൽ വച്ച് നിരീക്ഷിക്കണം അതായിരുന്നു സിന്ധുവിന്റെ മനസ്സിൽ . സത്യന്റെ വീട്ടിലെത്തിയപ്പോൾ രേവമ്മ കഞ്ഞിയും പയറു തോരനും തയ്യാറാക്കി വച്ചിരുന്നു. അത് കഴിച്ചിട്ട് കോളേജിലേയ്ക്ക് പോയാൽ മതിയെന്ന് രേവമ്മ പറഞ്ഞു. രേവമ്മ ഒരു കുട്ടയുമെടുത്ത് കടൽക്കരയിലേയ്ക്ക് നടന്നു. സത്യൻ വള്ളത്തിൽ കൊണ്ടുവന്ന മത്സ്യം ശേഖരിച്ച് കുട്ടയിൽ കൊണ്ടു നടന്ന് അയൽപക്കത്തെ വീടുകളിലും സമീപ പ്രദേശങ്ങളിലും രേവമ്മ വിൽക്കും. ഉച്ചയാകുമ്പോഴേയ്ക്കും കച്ചവടം കഴിയും. ചിലപ്പോൾ വള്ളത്തിനടുത്തു വച്ചു തന്നെ ഭൂരിഭാഗം മത്സ്യവും വിറ്റുപോകും. അപ്പോൾ രേവമ്മയുടെ ജോലി എളുപ്പം കഴിയും.
സിന്ധു കഞ്ഞി കുടിച്ചു കൊണ്ടിരുന്നപ്പോൾ ആ വീട്ടിലെ കുട്ടികൾ സുഡോക്കു പൂരിപ്പിയ്ക്കുന്നത് ശ്രദ്ധയിൽപ്പെട്ടു . “ചേച്ചി അടുത്തയക്കം എന്തെഴുതണം. ഇതങ്ങോട്ട് ശരിയാകുന്നില്ലല്ലോ?” ദത്ത കുട്ടി ചോദിച്ചു. “അടുത്ത വീട്ടിലെ പത്രമാണ്. ദിവസവും സുഡോക്കു പൂരിപ്പിക്കാൻ ഇവർ എടുത്തു കൊണ്ടു പോരും. ഇതിവരുടെ ഹോബിയാണ് ദാസൻ പറഞ്ഞു. കഞ്ഞി കുടിച്ച പാത്രം കഴുകി വച്ച ശേഷം സിന്ധു സുഡോക്കുവിലേയ്ക്ക് നോക്കി. ഒന്നുരണ്ട് ട്രയലിൽ അക്കങ്ങൾ കൃത്യമായി വിന്യസിയ്ക്കാൻ പറ്റി. കുട്ടികൾക്ക് സന്തോഷമായി. സാധാരണ പത്രങ്ങളിൽ പദപ്രശ്നമാണ്. ഇതിലിപ്പോൾ സുഡോക്കുവാണ്. സിന്ധു തന്റെ റിസർച്ച് പ്രശ്നത്തിലെ പ്രഹേളികയഴിക്കേണ്ടതിനെ കുറിച്ച് ചിന്തിച്ചു. എന്തൊക്കെ രീതിയിലുള്ള താദാത്മ്യങ്ങളും വ്യതിരിക്തകളുണ്ടാകും? ശേഖരിച്ച സാമ്പിളുകൾ തമ്മിൽ എന്തെങ്കിലും പാരസ്പര്യമുണ്ടാകുമോ? സിന്ധു കുറച്ച് പേപ്പറുകൾ എടുത്ത് എല്ലാം വരച്ച് തയ്യാറാക്കി. നിരീക്ഷണങ്ങൾ അടുക്കും ചിട്ടയുമായി രേഖപ്പെടുത്താനുള്ള ചാർട്ട് തയ്യാർ. സിന്ധു റിസർച്ച സെന്ററിലേയ്ക്ക് യാത്ര തിരിച്ചു. വൈകിട്ട് കാണാമെന്ന് പറഞ്ഞ് ദാസൻ ദാസന്റെ വഴിയ്ക്കും പിരിഞ്ഞു.
സിന്ധു റിസർച്ച് ലാബിലെത്തി സാമ്പിളുകൾ ഗൈഡിനെ കാണിച്ചു അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾ കേട്ടശേഷം റിസർച്ച് ലാബിലേയ്ക്ക് പോയി. അന്നത്തെ ജോലികൾ പൂർത്തിയാക്കി വൈകിട്ട് വീണ്ടും സത്യന്റെ വീട്ടിലേയ്ക്ക് തിരിച്ചു. വൈകിട്ട് അഷ്ടമുടി കായലിലെ ഓള പരപ്പിൽ നിന്നും കൽ കെട്ടിൽ നിന്നും പായൽ ശേഖരിക്കണം. ദാസൻ കൃത്യസമയത്തു തന്നെയെത്തി. അവർ ഹാർബറിനടുത്തു കൂടി അഷ്ടമുടിക്കായലിനടുത്തെത്തി. അവിടെ കണ്ട് ചോദിച്ച് വള്ളത്തിൽ കയറി അഷ്ടമുടിക്കായലിൽ കുറച്ചു ദൂരം സഞ്ചരിച്ച് പായലുകൾ ശേഖരിച്ചു. സിന്ധു, ഒരാഴ്ചയോളം വള്ളത്തിലും ബോട്ടിലുമൊക്കെയായി സഞ്ചരിച്ച് ആദ്യ ഘട്ട സാമ്പിൾ ശേഖരണവും പരീക്ഷണശാലയിലെ പരീക്ഷണങ്ങളും പൂർത്തിയാർക്കി. അവസാന ദിവസം സിന്ധു രേവമ്മയോടും കുടുംബത്തോടും നന്ദി പറഞ്ഞിറങ്ങി.
ഇനി വനത്തിലെ പായൽ സാംപിളുകൾ ശേഖരിക്കണം. രവി സാർ ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിലെ ജീവനക്കാരെ സിന്ധുവിനെ സഹായിക്കാനായി ശട്ടം കെട്ടിയിട്ടുണ്ട്. അതു കൂടി കഴിഞ്ഞാൽ ഏതാണ്ട് തന്റെ പ്രഹേളികയുടെ കുരുക്കഴിയും.
ഡോ.ഐഷ . വി.
പ്രിൻസിപ്പാൾ , പാലക്കാട് ജില്ലയിലെ കോളേജ് ഓഫ് അപ്ലൈഡ് സയൻസ് . കഥകളും ലേഖനങ്ങളും ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
ജേക്കബ് പ്ലാക്കൻ
സുമന മാണ് ഭൂമി ……
സുന്ദരമാണീ ജീവിതം …!
പൂക്കളാണ് മക്കൾ ……..
പൂംതേനാണ് സ്നേഹം …!
ചിറകടിച്ചു പറക്കാൻ ….മണ്ണിൽ
ചിത്ര വർണ്ണമായി തീരാൻ …!
ചെരാതായി തെളിയാൻ ….ഭൂവിൽ
ചിന്മയ പ്രഭ തൂകാൻ …!
മദുരമദം മറക്കാം നമുക്കീ
രമതി പ്രകൃതിയിൽ രമിക്കാം
മൃതിതൻ നീരാളിയെ വെറുക്കാം
രത്നപ്രഭയെ രചനാത്മകം മാക്കാം
ലക്ഷ്യമാണ് ലഹരി മുക്തകേരളം
ലസനമോഹന നവകേരളം …!
ലഹരിവിമുക്തരാകാം ….ലഹരിക്ക്
ലക്ഷ്മണരേഖ തീർക്കാം …
ജേക്കബ് പ്ലാക്കൻ
മുന്നോറോളം കവിതകളുടെ രചയിതാവ്. രണ്ട് നാടകങ്ങളുടെ രചനയും സംവിധാനവും നിർവ്വഹിച്ച അതുല്യ പ്രതിഭ. ദീപിക ദിനപത്രത്തിൻ്റെ മുൻ സർക്കുലേഷൻ മാനേജർ. ഇപ്പോൾ നോർത്തേൻ അയർലെൻ്റിൽ ലണ്ടൻ ഡെറിയിൽ താമസിക്കുന്നു. കോട്ടയം ജില്ലയിൽ ആർപ്പൂക്കര പ്ലാക്കിൽ കുടുംബാംഗമാണ്.
Phone # 00447757683814
ഡോ. ഐഷ വി
വള്ളത്തിന്റെ ഒരു ഭാഗം മണലിൽ പൂണ്ട് കിടക്കുന്നെന്ന് കണ്ടതിനാൽ ദാസൻ വള്ളത്തിൽ നിന്നിറങ്ങി. വള്ളമൊന്നുന്തി വെള്ളത്തിലാക്കിയ ശേഷം ദാസൻ വള്ളത്തിൽ കയറി. അപ്പോഴാണ് സിന്ധുവത് ശ്രദ്ധിച്ചത്, തീരത്തോട് ചേർന്ന് കിടക്കുന്ന മണൽ തീരെ ചെറിയ കറുത്ത നിറമുള്ള മൃദുവായ മണൽ തരികളാണ്. ലോകത്തിലെ ഏറ്റവും വെളുവെളുത്ത ടൈറ്റാനിയം ഡൈഓക്സൈഡിന്റെ അയിരായ കറു കറുത്ത കരിമണലാണത്. നല്ല നിലാവെളിച്ചമുള്ളതിനാൽ തിളങ്ങുന്ന മണൽ തരികളുടെ നിറവ്യത്യാസം തിരിച്ചറിയാവുന്നതായിരുന്നു. സത്യൻ തുഴയെറിഞ്ഞു. വള്ളം തിരമാലകൾ തീർത്ത ആന്ദോളനങ്ങളിൽ ഊയലാടി മുന്നോട്ട്.
ദാസൻ പറഞ്ഞു. അറബിക്കടലിൽ പടിഞ്ഞാറേക്കുള്ള യാത്ര ഒരു കയറ്റം കയറി പോകുന്നതുപോലെയാണ്. തീരത്തേയ്ക്ക് വരുന്നത് ഇറക്കം ഇറങ്ങി വരുന്നതുപോലെയുമാണ്. എന്നാൽ ബംഗാൾ ഉൾക്കടലിൽ നേരെ തിരിച്ചാണ് . അവിടെ കടലിലേയ്ക്ക് പോകുമ്പോൾ ഇറക്കം ഇറങ്ങിപ്പോവുന്നത് പോലെയാണ്. തിരികെ വരുമ്പോൾ കയറ്റം കയറി പോവുന്നതു പോലെയും. സിന്ധുവിനത് കടലിനെ കുറിച്ചുള്ള പുതിയൊരറിവായിരുന്നു. സത്യൻ തുഴയെറിയുന്നത് ശ്രദ്ധിച്ചപ്പോൾ ദാസൻ പറഞ്ഞത് ശരിയാണെന്ന് സിന്ധുവിനും തോന്നി. സിന്ധു ദാസനോട് ചോദിച്ചു:* എന്താണ് കടലുകളുടെ ഈ വ്യത്യസ്തതയ്ക്ക് കാരണം? * * ഉഷ്ണജല ഗീതജല പ്രവാഹങ്ങളെ കുറിച്ച് പഠിച്ചിട്ടില്ലേ? ആ ജലപ്രവാഹങ്ങളാണ് ഈ വ്യത്യസ്തതയ്ക്ക് കാരണം. * സിന്ധു ചിന്തിച്ചു : താൻ പാഠപുസ്തകത്തിൽ പഠിച്ചിട്ടേയുള്ളൂ. ദാസൻ അവയുടെ വ്യത്യാസം അനുഭവിച്ചറിഞ്ഞിരിയ്ക്കുന്നു. കടലിൽ പോകുന്ന മത്സ്യത്തൊഴിലാളികൾ ഈ വ്യത്യാസം അനുഭവിച്ചറിഞ്ഞിട്ടുണ്ടെങ്കിലും ദാസൻ ചിന്തിച്ചതു പോലെ ചിന്തിച്ചിട്ടുണ്ടാവില്ല.
ദാസന്റെ ചിന്ത കാര്യകാരണബത്തമായിരിക്കുന്നു. കുറച്ചു നാൾ മുമ്പ് നടന്ന വള്ളം മറിഞ്ഞ അപകടത്തെ അനുസ്മരിച്ചു കൊണ്ടാകണം ദാസൻ പറഞ്ഞു: ” വള്ളക്കാരുടെ ജീവിതം മരണക്കിണറിലേതിന് തുല്യമാണ്. തീരത്തോട് അടുത്തായിരുന്നാലും ചിലപ്പോൾ കടൽ തീരെ ശാന്തമായിരിയ്ക്കില്ല. വേലിയേറ്റവും വേലിയിറക്കവും അമാവാസിയും പൗർണ്ണമിയും കാറ്റും മഴയുമൊക്കെ കടലിന്റെ ഈ ഭാവ വ്യത്യാസങ്ങൾക്ക് കാരണമാകാം. അതിനനുസരിച്ച് ഓളപ്പരപ്പിലേയ്ക്ക് വരുന്ന പായലിന്റെ കാര്യത്തിലും വ്യത്യാസമുണ്ടാകാം. ചാകരയുണ്ടാകുമ്പോൾ കരയിൽ നിന്നു വരുന്ന ശുദ്ധ ജലവും കടലിലെ ഉപ്പുരസവും കലർന്ന ജലത്തിൽ രൂപപ്പെടുന്ന പ്ലാങ്ടണുകളേയും പായലുകളേയും ചെറു ജീവികളേയും ഭക്ഷിക്കാനായി ധാരാളം മത്സ്യങ്ങൾ കരയോടടുക്കാറില്ലേ ? അപ്പോൾ അവിടെ പ്രത്യക്ഷപ്പെടുന്ന പായലുകളിലും വ്യത്യാസമുണ്ടാകാം.
ചെങ്കടലിന്റെ ചുവന്ന നിറത്തിന്റെ കാര്യത്തിലും അവിടെയുള്ള ആൽഗേകൾക്ക് പങ്കുണ്ട്. അതിനാൽ തീരത്തോടടുത്തു നിന്നും ഓളപ്പരപ്പിൽ നിന്നും ആഴക്കടലിൽ നിന്നും സാമ്പിളുകൾ ശേഖരിക്കുന്നത് നന്നായിരിക്കും. പിന്നെ കടലിന്റെ ഉപ്പുരസത്തിന്റെ ഗാഢതയ്ക്കനുസരിച്ചും കടലിൽ കാണപ്പെടുന്ന പായലുകളിൽ വ്യത്യാസമുണ്ടാകാം. പിന്നെ കടൽ കരയിലേയ്ക്ക് കയറിക്കിടക്കുന്ന കായലുകളിൽ ഉപ്പുരസമുണ്ട്. അതിനാൽ കായലുകളിൽ നിന്നും സാമ്പിൾ ശേഖരിക്കുന്നത് നന്നായിരിക്കും.” സിന്ധുവിനും അത് ശരിയാണെന്ന് തോന്നി. സിന്ധു സാമ്പിളുകൾ ശേഖരിക്കുന്നതിനായി പ്രൊഫസർ രവിസാർ പറഞ്ഞു കൊടുത്ത രീതികളെ കുറിച്ച് ചിന്തിച്ചു. ബ്രഷിംഗ് , സ്ക്രേപ്പിംഗ് , സക്കിംഗ്. കുറേയൊക്കെ ബക്കറ്റിൽ കോരിയെടുക്കാം. നെറ്റുപയോഗിച്ചും ശേഖരിക്കാം.
ഓരോ നൂറു മീറ്ററിലും അവർ സാമ്പിളുകൾ ശേഖരിക്കാൻ ശ്രദ്ധിച്ചു. കോരിയെടുത്ത ജാറിലെ വെള്ളം അരിപ്പയിൽ അരിച്ച് കിട്ടിയവയുൾപ്പട്ട ഒരു കൊച്ചു പാത്രത്തിൽ തട്ടിയിട്ട് അല്പം കടൽ വെള്ളം ചേർത്ത് കുപ്പിയിലാക്കി. പായലുകൾ ലാബിൽ എത്തിക്കുന്നതുവരെ അതാത് പായലുകളുടെ ആവാസ വ്യവസ്തയിലിരിക്കാനും ഉണങ്ങാതിരിയ്ക്കാനുമാണ് അങ്ങനെ ചെയ്തത്. നേരത്തേ സാമ്പിൾ വിവരങ്ങൾ എഴുതാൻ കുപ്പിയുടെ പുറത്തൊട്ടിച്ച ലേബലിൽ സിന്ധു സാമ്പിളിനെ സംബന്ധിച്ച വിവരങ്ങൾ രേഖപ്പെടുത്തി. കിഴക്ക് വെള്ള കീറിത്തുടങ്ങിയിരുന്നു. അല്പം ത്രില്ലുള്ള റിസർച്ചിലാണ് താനേർപ്പെട്ടിരിയ്ക്കുന്നതെന്ന് സിന്ധുവിന് തോന്നി. ഇതിനിടയിൽ ദാസനും സത്യനും കൂടി വലയെറിഞ്ഞു. ഭാരമേറിയ വല അവർ വീശിയെറിയുന്നതും അത് ഓളപ്പരപ്പിൽ വിടർന്ന് വീണതാഴ്ന്ന് പോകുന്നതും അല്‌പസമയത്തിന് ശേഷം അവർ വലിച്ചെടുക്കുന്നതും അപ്പോൾ മത്സ്യങ്ങൾ ഊർന്ന് പോകാത്ത വിധം വലയുടെ അറ്റത്തെ സ്ട്രിംഗ് വലിച്ച് പൂട്ടുന്നതും ഭാരമേറിയ വല വലിച്ച് വള്ളത്തിൽ ഇടുന്നതും സിന്ധു തെല്ലത്ഭുതത്തോടെ കണ്ടു. ദാസൻ വലയൊന്ന് നിവർത്തിയപ്പോൾ പിടയ്ക്കുന്ന മത്സ്യങ്ങളുടെ ഇടയിൽ നിന്നും വലയിൽ കുടുങ്ങിയ പായലുകളെ കൂടി ഫോഴ്സ പ് സ് വച്ചെടുത്തു സാമ്പിൾ ശേഖരിയ്ക്കുന്ന കുപ്പിയിലാക്കാൻ സിന്ധു പ്രത്യേകം ശ്രദ്ധിച്ചു.
സത്യനും ദാസനും കൂടി കിട്ടിയ മത്സ്യങ്ങളെ വള്ളത്തിൽ തട്ടിയിട്ട് വീണ്ടും വീണ്ടും വലയെറിയാനുള്ള ശ്രമം തുടർന്നു. മത്സ്യങ്ങൾ വലയിൽ കുടുങ്ങിക്കിടന്നും പിടച്ചും അവയുടെ ജീവൻ നിലനിർത്താനുള്ള എല്ലാ ശ്രമവും അവസാന നിമിഷം വരെയും തുടർന്നു.
ഡോ.ഐഷ . വി.
പ്രിൻസിപ്പാൾ , പാലക്കാട് ജില്ലയിലെ കോളേജ് ഓഫ് അപ്ലൈഡ് സയൻസ് . കഥകളും ലേഖനങ്ങളും ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
ഡോ. ഐഷ വി
സിന്ധു വീട്ടിൽ നിന്ന് യാത്ര പറഞ്ഞിറങ്ങുമ്പോൾ അമ്മ താടിയിൽ കൈവച്ച് ആലോചനയിലാണ്ടു. സഹോദരൻ കാശയച്ചു കൊടുക്കുന്നതേയുള്ളൂ വീട് പുതുക്കി പണിയുന്ന ജോലിയുടെ മുഴുവൻ മേൽ നോട്ടവും വഹിക്കുന്നത് ഇളയ മകൾ സിന്ധു തന്നെയാണ്. അതോടൊപ്പം പിഎച്ച് ഡി യും ചെയ്യുന്നുണ്ട്. ഇനി ഒരാഴ്ചക്കാലം അവൾ വീട്ടിൽ കാണില്ല. മറൈൻ ആൽഗകളെ കുറിച്ചും സഹ്യനിലെ വനത്തിനുള്ളിലെ ആൽഗകളെ കുറിച്ചുമാണ് പഠനം നടത്തേണ്ടത്. ഇന്നത്തെ യാത്ര തീരപ്രദേശത്തേയ്ക്കാണ് . അവിടെ മത്സ്യത്തൊഴിലാളികളുടെകൂടെ ഒരാഴ്ച താമസിക്കണം. വെളുപ്പാൻ കാലത്ത് വള്ളത്തിൽ അവരുടെ കൂടെ കടലിലേയ്ക്ക് പോയി പായൽ കലർന്ന വെള്ളത്തിന്റെ സാംപിൾ ശേഖരിക്കണം. റിസർച്ച് ഇത്തരത്തിൽ ആണെന്നറിഞ്ഞപ്പോൾ മൂത്ത രണ്ട് പെൺമക്കളും അവരുടെ ആശങ്കയും അതൃപ്തിയും അമ്മയോട് രേഖപ്പെടുത്തിയിരുന്നു. ഒന്നാമത് അച്ഛൻ മരിച്ചു പോയതിനാലും സഹോദരന്മാർ കുടുംബ സമേതം അന്യ സംസ്ഥാനത്ത് ജോലിയിലായതിനാലും സിന്ധുവിനെ എങ്ങും കൊണ്ടുപോകുവാൻ വീട്ടിൽ ആണുങ്ങളാരും ഇല്ലാത്തതാണ്. അതിനാൽ കല്യാണം കഴിഞ്ഞിട്ടു മതിയായിരുന്നു പിഎച്ച്ഡി ചെയ്യുന്നതൊക്കെ. അമ്മ ആലോചിച്ചു. മൂത്ത രണ്ട് പെൺമക്കളും പറയുന്നതിൽ കാര്യമില്ലാതില്ല. എന്നാൽ വിവാഹം കഴിഞ്ഞിട്ട് റിസർച്ച് ചെയ്യാമെന്ന് വച്ചാൽ വിവാഹം കഴിക്കുന്നയാൾ വിവാഹ ശേഷം റിസർച്ച് ചെയ്യാൻ വിട്ടില്ലെങ്കിലോയെന്ന ആശങ്ക സിന്ധുവിനുണ്ടായിരുന്നു. അത് അമ്മയോട് പ്രകടിപ്പിക്കുകയും ചെയ്തു. അങ്ങനെ അമ്മയുടെ മൗനം മകൾക്ക് സമ്മതമായി.
ഗൈഡ് രവിസാർ പിജിയ്ക്ക് സിന്ധുവിനെ പഠിപ്പിച്ച അധ്യാപകനായിരുന്നതു കൊണ്ട് സാറിന്റെ കുടുംബവുമായി നല്ല അടുപ്പമുണ്ടായിരുന്നു. “വെർബിന” യെന്ന വീട്ടുപേർ . തൂക്കിയിട്ട ചട്ടികളിലും മൺചെടിച്ചട്ടിയിലും അല്ലാതെയുമായി വെർബിന, ഡ്രൈ നെയർ എന്നിവയുൾപ്പെടെ ധാരാളം ചെടികൾ . രവി സാറിന്റെ ഭാര്യയും ബോട്ടണി പ്രൊഫസറുമായ രേണുക ടീച്ചർ ചെടികൾ നനയ്ക്കുമ്പോഴാണ് കൊല്ലം എസ് എൻ കോളേജ് ജങ്ഷനിൽ ബസ്സിറങ്ങിയ സിന്ധു ഒരാഴ്ചത്തേയ്ക്കുള്ള വസ്ത്രങ്ങളും നോട്ടുബുക്കുകളും ഒക്കെയായി വെർബിനയിലേയ്ക്കെത്തിയത്. “നല്ല ലഗേജുണ്ടല്ലോ? സിന്ധുവിന് ഒരു ഓട്ടോ പിടിച്ച് വരാമായിരുന്നില്ലേ?” അതിന് മറുപടിയായി സിന്ധു ചിരിച്ചതേയുള്ളൂ.
1980 കളിലെ ഒരു നാട്ടിൻപുറത്തുകാരിയ്ക്ക് ഈ ദൂരമൊന്നും ഒരു പ്രശ്നമേയല്ല. അവിടെ ബസ്സിറങ്ങി 2 ഉം മൂന്നും മൈൽ നടന്നാലേ വീടെത്തുകയുള്ളൂ. എന്നാൽ ഇവിടെ കോളേജ് ജങ്ഷനിൽ നിന്നും മുണ്ടക്കലിലെ വെർബിനയിലേയ്ക്കുള്ള ദൂരം വളരെ കുറവല്ലേ.
രേണുക ടീച്ചർ ഒരു കപ്പ് ചായയും പലഹാരങ്ങളുമായെത്തി. രവിസാർ ഇതിനിടയ്ക്ക് മറൈൻ ആൽഗകളെ എങ്ങനെ ഏതൊക്കെ സമയത്ത് എവിടെ നിന്നൊക്കെ ശേഖരിയ്ക്കണമെന്നും ഏതൊക്കെ കുപ്പികളിൽ ഇട്ട് സീൽ ചെയ്യണമെന്നും സിന്ധുവിനെ പറഞ്ഞേൽപ്പിച്ചു.
തീരദേശത്തേയ്ക്ക് സിന്ധു പോകുമ്പോൾ എവിടെ താമസിക്കണം എന്നൊക്കെയുള്ള കാര്യത്തിന് രവിസാർ തന്റെ പൂർവ്വ വിദ്യാർത്ഥിയും തീരദേശനിവാസിയുമായ ദാസൻ വഴി ചില ഏർപ്പാടുകൾ ചെയ്തിരുന്നു. അതിനാൽ സിന്ധുവിന് ആശങ്കയ്ക്ക് വകയില്ലായിരുന്നു. ദാസൻ വരാൻ കുറേകൂടി വൈകും. ദാസൻ ചിന്നക്കട പ്രൈവറ്റ് സ്റ്റാന്റിലാണെത്തുക. രവിസാറിന്റെ വീട്ടിൽ നിന്നിറങ്ങിയ സിന്ധു ആലോചിച്ചു. ഇന്നാണല്ലോ കൊല്ലം പബ്ലിക് ലൈബ്രറിയിലെ എക്സിബിഷൻ . അവിടെ പോയി ഒന്നു കണ്ടിട്ട് ബസ് സ്റ്റാന്റിലെത്തുമ്പോഴേയ്ക്കും ദാസൻ വരാൻ സമയമാകും . അങ്ങനെ സിന്ധു കൊല്ലം പബ്ലിക് ലൈബ്രറിയിലെത്തി. റീഡിംഗ് റൂമിലെ അലമാരികളും മേശകളുമൊക്കെയൊതുക്കി എക്സിബിഷനായി എല്ലാം സെറ്റ് ചെയ്തിരിയ്ക്കുകയാണ്. ആ ലൈബ്രറിയിലെ ലൈബ്രറിയൻ എപ്പോഴും പുസ്തകങ്ങളടങ്ങിയ അലമാരികളുടെ സ്ഥാനം ഇടയ്ക്കിടെ മാറ്റുന്ന ശീലക്കാരനാണ്. തുഗ്ലക്ക് എന്നായിരുന്നു ലൈബ്രറിയനെ വിദ്യാർത്ഥികൾ വിളിച്ചിരുന്ന ഇരട്ടപ്പേർ. രാജ്യതലസ്ഥാനം ഇടയ്ക്കിടെ മാറ്റിയിരുന്ന തുഗ്ലക്കിനെ അനുസ്മരിപ്പിയ്ക്കുന്നതാകണം പുസ്തകമടങ്ങിയ അലമാരികളുടെ സ്ഥാനം മാറ്റൽ.
സിന്ധു എക്സിബിഷൻ കാണുന്നതിനിടയിൽ ദൂരെ പ്രിയദർശൻ നിൽക്കുന്നത് സിന്ധുവിന്റെ ശ്രദ്ധയിൽപ്പെട്ടു. സിന്ധുവിന്റെ ജൂനിയറും സുവോളജി പി ജി വിദ്യാർത്ഥിയുമാണ് പ്രിയദർശൻ. ധാരാളം ഷഡ്പദങ്ങളേയും കീടങ്ങളെയുക്കെ കുപ്പിയിലാക്കി പ്രദർശിപ്പിയ്ക്കുകയായിരുന്നു പ്രിയദർശൻ.” ആഹാ… പൂച്ചികളേയും പിടിച്ച് നിൽപാണോ ?” സിന്ധു ചോദിച്ചു. “ഇന്ന് കണ്ടൽ വനവുമായി ബന്ധപ്പെട്ട കേസുണ്ടായിരുന്നതിനാൽ കുറച്ച് ജീവികളെ മാത്രമേ പിടിച്ചു കൊണ്ടുവരുവാൻ സാധിച്ചുള്ളൂ. ആശ്രമത്തിന്റെ തീരം സംരക്ഷിയ്ക്കുന്ന കണ്ടൽക്കാടുകൾ നശിപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ട പ്രിയദർശൻ ഇതിനകം മൂന്ന് കേസ് കൊടുത്തു കഴിഞ്ഞു. തീരെ മെലിഞ്ഞ ശരീരമുള്ള പ്രിയദർശൻ ചെയ്യുന്ന കാര്യങ്ങൾ വളരെ വലുപ്പമുള്ളവയാണ്.. എക്സിബിഷൻ കണ്ട് പ്രിയദർശനുമായി കുശലം പറഞ്ഞ് കഴിഞ്ഞ് സിന്ധു അവിടെ നിന്നുമിറങ്ങി.
നേരെ ചിന്നക്കടയിലെ പ്രശസ്തമായ കൊല്ലം പട്ടണത്തിന്റെ മുഖമുദ്രയായ ക്ലോക്ക് ടവറിനടുത്തുള്ള ബസ് സ്റ്റാന്റിലെത്തി. കുറച്ചു കഴിഞ്ഞപ്പോൾ ദാസനുമവിടെത്തി. അവർ നീണ്ടകര വഴി പോകുന്ന ബസ്സിൽ കയറി. ബസ്സിലിരിയ്ക്കുമ്പോൾ സിന്ധു ചിന്തിച്ചു : കേവലം മൂന്ന് കിലോമീറ്ററോ അതിൽ താഴെയോ മാത്രം വീതിയുള്ള കരഭാഗത്തുകൂടെയാണ് നീണ്ടകര വഴി പോകുന്ന നാഷണൽ ഹൈവേ നീണ്ട് നിവർന്ന് കിടക്കുന്നത് കൊല്ലത്ത് നിന്നും കരുനാഗപള്ളിയ്ക്ക് പോകുമ്പോൾ വലത് ഭാഗത്ത് അഷ്ടമുടിക്കായലും ഇടത് ഭാഗത്ത് കടലും. ചില ഭാഗത്ത് എത്തുമ്പോൾ ബസ്സിലിരുന്നാൽ കടലും കായലും ദൃശ്യമാകാറുണ്ട്. ഈ കരഭാഗം ഒരു പൊഴി ( ഡെൽറ്റ) യാകാൻ വഴിയില്ലേ? പരവൂർ പൊഴിക്കരയിലെ പൊഴിയാകട്ടെ വളരെ ചെറുതായതു കൊണ്ട് പൊഴിയെന്ന് തോന്നും. എന്നാൽ കൊല്ലത്തെ ഈ ഭാഗം പൊഴിയെന്ന് ആരും പറഞ്ഞോ വായിച്ചോ അറിവില്ല. വണ്ടി നീണ്ടകരയിലെ തുറയുടെ അടുത്തെത്തിയപ്പോൾ ദാസനിറങ്ങി. കൂടെ സിന്ധുവും. ദാസൻ സിന്ധുവിന് താമസിക്കാൻ സൗകര്യം ഏർപ്പാടാക്കിയിരുന്നത് സത്യന്റെ ചെറ്റപ്പുരയിലാണ്. ഭിത്തിയും മേൽക്കൂരയും ഓല കൊണ്ട് തീർത്ത ഒരൊറ്റ മുറി വീട്. മലമൂത്രവിസർജനം , കുളി എന്നിവയുടെ കാര്യം പരുങ്ങലിലാവുമെന്ന് സിന്ധുവിന് തോന്നി. കാര്യം ദാസനോട് സൂചിപ്പിച്ചു . ആയിരത്തിതൊളളായിരത്തി എൺപതുകളിൽ തീരം വെളിയിട വിസർജ്യമുക്തമല്ലായിരുന്നു. കുളിയും കഴുകലുമൊക്കെ കടലിൽ തന്നെ. കിണർ സർവ്വസാധാരണമല്ല. കുടി വെള്ളത്തിന് അങ്ങകലെ റോഡരികിലുള്ള പൊതുടാപ്പിനെയാണാശ്രയിയ്ക്കുന്നത്. അഷ്ടമൂടിക്കായലിന്റെ തീരത്താണെങ്കിൽ ആളുകൾ കായലിലേയ്ക്ക് നാല് തടി കൊണ്ടുള്ള കാൽ നാട്ടി തടി കൊണ്ടുള്ള തട്ടുണ്ടാക്കി ഓലയോ പനമ്പോ കൊണ്ട് മറച്ച് കക്കൂസുണ്ടാക്കും. തടിത്തട്ടിന്റെ ഇടയിലെ വിടവിലൂടെ വിസർജ്യം നേരെ കായലിലേയ്ക്ക്.
സിന്ധു ആലോചിച്ചു നിൽക്കെ ദാസൻ ഒരു പരിഹാരം കണ്ടെത്തി. ആ തുറയിലെ സാമാന്യം ഭേദപ്പെട്ട ഓടിട്ട വീട്ടിലെത്തി, സിന്ധുവിന് കുളിക്കാനും കക്കൂസിൽ പോകാനുമുള്ള അനുവാദം വാങ്ങി. സിന്ധു അവിടെത്തി. വീട്ടുകാരെ പരിചയപ്പെട്ടു. ഓടിട്ട വീടാണെങ്കിലും തുടർച്ചയായി ഉപ്പു കാറ്റേറ്റ് വീടിന്റെ ഭിത്തി ദ്രവിച്ച നിലയിലായിരുന്നു.
അവർ തിരികെ സത്യന്റെ വീട്ടിലെത്തി. സത്യനെയും ഭാര്യ രേവമ്മയേയും കുട്ടികളെയും പരിചയപ്പെട്ടു. കുട്ടികൾക്ക് അതിഥിയെ ഇഷ്ടപ്പെട്ടു. അവർ സിന്ധുവിന്റെ ചുറ്റും കൂടി.ആ ഒറ്റമുറി വീട്ടിന്റെ അകവും പുറവും മനോഹരമായി സൂക്ഷിച്ചിരുന്നു. എല്ലാ സാധനങ്ങളും പായയും മറ്റും മുകളിൽ ഒരറ്റത്തായി കെട്ടിതൂക്കിയിരുന്നു. ആവശ്യാനുസരണം മാത്രമേ സാധനങ്ങൾ താഴെ ഇറക്കിയിരുന്നുള്ളൂ. അതിനാൽ ആ ഒറ്റമുറി വീട്ടിൽ അസൗകര്യങ്ങൾ ഒന്നും ഇല്ലായിരുന്നെന്ന് പറയാം. നല്ലതുപോലെ തൂത്ത് വൃത്തിയാക്കിയിട്ടിരിയ്ക്കുന്ന മുറിയുടെ ഒരറ്റത്ത് തറയിൽ അടുപ്പ് അടുക്കള സംവിധാനം മുതലായവ. മറ്റാരറ്റത്ത് ഒരു വരിഞ്ഞ കട്ടിൽ.
പുറത്തേയ്ക്കിറങ്ങിയ സത്യൻ കുറേക്കഴിഞ്ഞ് തിരികെയെത്തി. കൈയ്യിൽ ഒരു വലിയ മത്സ്യം ഉണ്ടായിരുന്നു. രേവമ്മ മറ്റു ജോലിയിൽ ആയിരുന്നതിനാൽ സത്യൻ മത്സ്യത്തെ സിന്ധുവിന്റെ കൈയ്യിൽ കൊടുത്തു. മത്സ്യം സിന്ധുവിന്റെ കൈയ്യിലിരുന്ന് ഞെരി പിരി കൊണ്ടപ്പോൾ സിന്ധു ആദ്യമൊന്ന് അത്ഭുത പരവശയായി. നല്ല പെട പെടയ്ക്കണ മത്സ്യം എന്ന് കേട്ടിട്ടേയുള്ളൂ ഇപ്പോൾ തന്റെ കൈയ്യിലിരുന്ന് പെടയ്ക്കുന്നു. സത്യൻ ഏതോ വള്ളക്കാരിൽ നിന്നും . സംഘടിപ്പിച്ചതാണ്.
രേവമ്മ അത്താഴത്തിന് ചൂട് ചോറും മീൻ കറിയും വിളമ്പി. കിടക്കാറായപ്പോൾ സത്യൻ കട്ടിലുമെടുത്ത് പുറത്തു കിടന്നു. മറ്റുള്ളവർ പായവിരിച്ച് അകത്തും. എല്ലാവരും കിടന്നു കഴിഞ്ഞപ്പോൾ , മണ്ണെണ്ണ വിളക്കണച്ച് രേവമ്മയും കിടന്നു.
രേവമ്മ അതിരാവിലെ തന്നെ എണീറ്റു. കട്ടൻ കാപ്പിയുണ്ടാക്കി. സത്യൻ കിട്ടന്റെ കടയിൽ നിന്നും വാങ്ങിയ അരിയുണ്ടയും കരിപ്പട്ടിയും കയർ കൊണ്ട് ഒരാവരണം തീർത്ത ഗാസ്സ് കുപ്പിയിൽ കുടിവെള്ളവുമെടുത്തു. സിന്ധു ആദ്യമായി വള്ളത്തിൽ പോകുന്നതിനാൽ അതിരാവിലെ തന്നെ ദാസനും അവിടെത്തിയിരുന്നു. സത്യൻ അരിയുണ്ടയും കരിപ്പട്ടിയും എടുത്തു വയ്ക്കുന്നത് ശ്രദ്ധിച്ച സിന്ധുവിനോട് ദാസൻ പറഞ്ഞു. “ഇത് വള്ളക്കാരുടെ ഒരു രീതിയാണ്. കടലിൽ വച്ച് പ്രതികൂല സാഹചര്യങ്ങളുണ്ടായാൽ ഭക്ഷണം ഉറപ്പാക്കാം. ഇതാകുമ്പോൾ കേടാകാതെയിരിയ്ക്കും.” സിന്ധു ശേഖരിയ്ക്കുന്ന സാമ്പിൾ സൂക്ഷിയ്ക്കേണ്ട കുപ്പികൾ എടുത്തു. അവർ മൂവരും വള്ളത്തിൽ കയറി.
തുടരും.
ഡോ.ഐഷ . വി.
പ്രിൻസിപ്പാൾ , പാലക്കാട് ജില്ലയിലെ കോളേജ് ഓഫ് അപ്ലൈഡ് സയൻസ് . കഥകളും ലേഖനങ്ങളും ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
രാജു കാഞ്ഞിരങ്ങാട്
കുട്ടി ഒരു മുയൽക്കുഞ്ഞിനെ
വളർത്തി
പഞ്ഞിക്കെട്ടു പോലൊരു മുയൽ
കൂട്ടിലിട്ട്
പാൽ കൊടുത്തു
കറുകപുല്ലു കൊടുത്തു
രാത്രിയിൽ ,
അച്ഛൻ വരുമ്പോൾ
കുഞ്ഞേൽപ്പിച്ച
നെയ്ച്ചോറും, ഇറച്ചിയും വന്നു
ഇന്ന്, മൃഷ്ടാന്നഭോജനം
കുഞ്ഞ് പാലു കൊടുക്കാൻ
മുയലിനരികിലേക്കു പോയി
എവിടെ മുയൽ !
അച്ഛൻ ആകാശത്തിലേക്ക്
വിരൽ ചൂണ്ടി
മേലെ നിന്ന് താഴേക്കു നോക്കി –
യിരിക്കുന്നു
പഞ്ഞിക്കെട്ടുപോലുള്ള
കുഞ്ഞു മുയൽ
രാജു കാഞ്ഞിരങ്ങാട്
സ്ഥലം :- കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിലുള്ള കാഞ്ഞിരങ്ങാട്
അച്ഛൻ :- കല്ല്യാടൻ വീട്ടിൽ കണ്ണൻ നായർ
അമ്മ :- കെല്ലറേത്ത് കാർത്ത്യായനിയമ്മ
ഭാര്യ :- അഴീക്കോടൻ ശോഭന
മക്കൾ:- രസ്ന ,രസിക, രജിഷ
ജോലി: – തളിപ്പറമ്പ ആർട്സ് & സയൻസ് കോളേജ് കാഞ്ഞിരങ്ങാട്
ആനുകാലികങ്ങളിൽ എഴുതാറുണ്ട്
ആകാശവാണിയിൽ കഥ, കവിത അവതരിപ്പിക്കാറുണ്ട്
തുളുനാട് മാസിക പുരസ്കാരം, ചിലങ്കം മാസിക ജനപ്രിയ പുരസ്കാരം, മലയാള രശ്മി മാസിക പുരസ്കാരം,കണ്ണൂർ നർമ്മവേദി പുരസ്കാരം, ചിലങ്ക സാംസ്കാരിക വേദി പുരസ്കാരം, യുവ ആർട്സ് ജില്ലാതല പുരസ്കാരം, പാലക്കാട് സൃഷ്ടികവിതാ പ്രത്യേക ജൂറി പുരസ്കാരം, KCEU കണ്ണൂർ ജില്ലാതല കവിതാ പുരസ്കാരം, വിരൽ മാസിക പുരസ്കാരങ്ങൾ ( 2018, 2019) തിരുവനന്തപുരം (കലാലയ കൂട്ടായ്മ പുരസ്കാരം 20l 8, വാലെന്റൈൻ പുരസ്കാരം 2019, സ്പെഷ്യൽ അവാർഡ് )എന്നിവ ലഭിച്ചിട്ടുണ്ട്
പ്രസിദ്ധീകരിച്ച പുസ്തകൾ:-
1, ആസുരകാലത്തോടു വിലാപം
2 ,കാൾ മാർക്സിന്
3, കണിക്കൊന്ന (ബാലസാഹിത്യം )
4. ഒരു സ്ത്രീയും പറയാത്തത്
എന്നീ കവിതാ സമാഹാരങ്ങൾ ‘ബാനത്തെ വിശേഷങ്ങൾ’എന്ന നോവൽ മലയാള രശ്മി മാസികയിൽ ഖണ്ഡശ്ശ: പ്രസിദ്ധീകരിച്ചു.
ഫോൺ :- 9495458138
ജേക്കബ് പ്ലാക്കൻ
ഒരതിരിൽ തിര തഴുകും തീരവും നൂപുരവും
എതിരതിരിൽ താരകൾ തഴുകും ശൃംഗഭംഗിയും
തെക്കൊരു തനി തങ്കതിരുത്തമിഴഴകും വടക്ക് സാഗര സംഗീത തീര്‍ഥവും മൊത്തുവസിപ്പൂ …
സര്‍വാംഗസുന്ദരി സസ്യശ്യാമളകോമളമാം കേരളം..
സുരശാഖികൾ തൊഴുതുനിൽക്കും ദേവഭൂമിയിതിൽ
അറബിക്കടലേറ്ററ്റുരുവിടും ഭൃഗുരാമമന്ത്രങ്ങൾ
ചിറകെട്ടി മഴയായി പൊഴിക്കുന്നുസഹ്യസാനുക്കളും
നിര നിന്നാടുന്നു നെല്ലോലവയലുകൾ… വയൽ
വരമ്പത്താർക്കുന്നു കറുകനാമ്പുകൾ തൊടികളിൽ ശൃംഗാരലീലയോലും തരുക്കളും കേരകന്യകൾ
ശീതളനീർകുടമേന്തിയലസംമിളകും ഗ്രാമ്യ ഭംഗീയും
ഹരിതംമഴക് വിടർത്തും കാനന ചോലയും
ചാരു താരിൽ തേൻതുള്ളി പൂക്കും ലതമംഗള ഛായയും കണികണ്ടുണരാൻ കർണീകാരപൂക്കളും
ചിത്രശലഭങ്ങളാർക്കും വനികകളും പുഴകളും
ചിത്രകൂടങ്ങൾ വിഭ്രമിപ്പിക്കും കാവുകളും
കാവുണർത്തും തോറ്റങ്ങളും കരളിൽ കനവുണർത്തും വെണ്ണിലാവിൻ
ചിമിഴ്നുള്ളിലെ പവിഴ മൊഴി മലയാളവും …!
ഭവ്യഭക്താത്മാവാം തുഞ്ചന്റെ പഞ്ചവർണ്ണക്കിളി
ഭക്തിയാലോതൂം ഹരിനാമ കീർത്തനങ്ങളും …
ചിന്തയിൽ ചിരിച്ചേർത്തുതുള്ളും കുഞ്ചന്റെ
ചന്ദ്രികാമന്ത്രങ്ങളും …സ്ഫടികസമമല്ലോ തേൻ മൊഴിയാംമെൻ മലയാളവും …!
ശുദ്ധശീലർ കർഷകർ പാടും നാടൻ പാട്ടിൻ
ശീലുകളാലിളവേൾക്കും പാടങ്ങളും കളങ്ങളും
തൂലികതുമ്പുകൾ ചുരത്തും തുമ്പപ്പൂവക്ഷരങ്ങൾ തീർപ്പൂ തൂമ തൂകും തൂ മാനസഭാവ മലയാള ഭൂമി…!
ഭാരതപ്പുഴതൻ രണാങ്കണഗീതികളിരമ്പും
ഭാർഗവക്ഷേത്രമാം മണിഭൂഷണമീ നാട് ….!
ഭവം വെടിഞ്ഞാല്മാവ് അദ്വൈതം തേടും
ഭരതഭൂമിതൻ കാല്‍ത്താമരപ്പൂവെൻ കേരളം ..!
മഴവില്ലഴകിലെ നിറമേഴും വിടർത്തും ഭാവനയും
ഏഴുസ്വര രാഗതാള ലയങ്ങൾ തീർക്കും നാദവും ..
പവിത്രാക്ഷര ജ്യോതിസാംമെൻ മലയാളമെ …
നീ നിത്യം വാഴ്‌വിൻ മുടിചൂടി വാഴുക ഭൂഗോളംമാകെ ..!
ജേക്കബ് പ്ലാക്കൻ
മുന്നോറോളം കവിതകളുടെ രചയിതാവ്. രണ്ട് നാടകങ്ങളുടെ രചനയും സംവിധാനവും നിർവ്വഹിച്ച അതുല്യ പ്രതിഭ. ദീപിക ദിനപത്രത്തിൻ്റെ മുൻ സർക്കുലേഷൻ മാനേജർ. ഇപ്പോൾ നോർത്തേൻ അയർലെൻ്റിൽ ലണ്ടൻ ഡെറിയിൽ താമസിക്കുന്നു. കോട്ടയം ജില്ലയിൽ ആർപ്പൂക്കര പ്ലാക്കിൽ കുടുംബാംഗമാണ്.
Phone # 00447757683814
ഡോ. ഐഷ വി
ആരുടെയൊക്കെയോ കാരുണ്യം കൊണ്ട് ജീവൻ തിരിച്ചു കിട്ടിയ നിമിഷങ്ങൾ എന്റെ ജീവിതത്തിലും ഉണ്ടായിട്ടുണ്ട്. അതിലൊന്നാണ് ഉഷ എന്റെ ജീവൻ തിരിച്ചു പിടിക്കാൻ ഇടയാക്കിയ നിമിഷങ്ങൾ.
പ്രീഡിഗ്രിയ്ക്കും ഡിഗ്രിയ്ക്കും കൊല്ലം എസ് എൻ വിമൺസിൽ പഠിക്കുന്ന കാലത്ത് പരവൂർ കൊല്ലം റൂട്ടിൽ ട്രെയിനിലായിരുന്നു യാത്ര. ചിറക്കരത്താഴത്തു നിന്നും പരവൂരിലെത്തി, അഥീനയിലെ ട്യൂഷനും കഴിഞ്ഞ് നേരെ പരവൂർ റെയിൽവേ സ്റ്റേഷനിലേയ്ക്ക് പ്രീഡിഗ്രി ഫസ്റ്റ് ഇയറിന് ഉച്ചയ്ക്കുള്ള ഷിഫ്റ്റായിരുന്നു. ഞാനും കനകലതയും കൂടി ലേഡീസ് വെയിറ്റിംഗ് റൂമിൽ ഇരിക്കുകയായിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ അവിടേയ്ക്ക് മുണ്ടും നേര്യതും ധരിച്ച ഒരു സ്ത്രീ കയറി വന്നു. അവർ ഞങ്ങളെ പരിചയപ്പെട്ടു. അവർ പോളച്ചിറയിൽ ഉള്ളതാണ്. അവരുടെ മകൾ പ്രീഡിഗ്രിയ്ക്ക് തേഡ് ഗ്രൂപ്പിൽ അഡ്മിഷൻ എടുത്തിട്ടുണ്ട്. പിറ്റേന്നു മുതലേ കോളേജിൽ വന്ന് തുടങ്ങുകയുള്ളൂ. മകൾക്ക് ആ സമയത്ത് യാത്ര ചെയ്യാൻ കൂട്ടിന് കൂട്ടുകാരെ കിട്ടുമോ എന്നറിയാൻ ഇറങ്ങിയതാണ് അമ്മ. മകളുടെ പേര് ഉഷ. ഞങ്ങൾ ആ സമയത്താണ് ട്രെയിൻ കയറാൻ വരുന്നതെന്നും. കോളേജിൽ നിന്നും കൺസഷൻ റേറ്റിലുള്ള സീസൺ ടിക്കറ്റ് കിട്ടാനുള്ള സർട്ടിഫിക്കറ്റ് വാങ്ങി റെയിൽവേ സ്റ്റേഷനിൽ നിന്നും സീസൺ ടിക്കറ്റ് എടുത്താൽ യാത്രാ ചിലവ് കുറയ്ക്കാമെന്നും ഞങ്ങൾ അവരോട് പറഞ്ഞു. പിറ്റേന്ന് അവർ മകളുമായി റെയിവേ സ്റ്റേഷനിലെത്തി. ഞങ്ങളെ മകൾക്ക് പരിചയപ്പെടുത്തി. പാവടയും ഷർട്ടും ധരിച്ചൊരു പെൺകുട്ടി. ഷർട്ട് ആ കുട്ടിയ്ക്ക് അഭംഗിയായിരുന്നോയെന്ന് എനിക്കൊരു സംശയം.
അങ്ങനെ ആ ആദ്യ കാഴ്ചയ്ക്കു ശേഷം ഉഷ ഞങ്ങളോടൊപ്പമായി യാത്ര. പരവൂരിൽ നിന്നും ടെയിനിന്റെ ആദ്യ ബോഗികളിലൊന്നിൽ ഞങ്ങൾ കയറും. ട്രെയിൻ കൊല്ലത്തെത്തിയാൽ റെയിൽവേ ട്രാക്കിലൂടെ നടന്ന് കർബല ജങ്ഷനിലിറങ്ങി കോളേജിലേയ്ക്ക് പോവുകയായിരുന്നു ഫാത്തിമാ മാതാ നാഷണൽ കോളേജ്, എസ്എൻ വിമൺസ് കോളേജ്, എസ് എൻ കോളേജ് എന്നിവിടങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ പതിവ്. തിരിച്ചും യാത്ര അങ്ങനെയായിരിക്കും. ഈ പതിവിന് വിരുദ്ധമായുള്ള യാത്ര കൊല്ലം എസ് എൻ കോളേജ് ജുങ്ഷനിൽ വിരുതന്മാരാരെങ്കിലും ചങ്ങല വലിച്ച് ട്രെയിൻ നിർത്തുമ്പോഴായിരിക്കും. പ്ലാറ്റ്ഫോം ഇല്ലെങ്കിലും അത്തരം സന്ദർഭങ്ങളിൽ ട്രെയിനിൽ നിന്നും ചാടിയിറങ്ങാനും വലിഞ്ഞു കയറാനുമൊന്നും ഞങ്ങൾ വിദ്യാർത്ഥികൾക്ക് തഴക്കവും വഴക്കവും ഉണ്ടായിരുന്നതിനാൽ തീരെ പ്രയാസമില്ലായിരുന്നു.
അങ്ങനെ നിത്യ പരിചയം കൊണ്ടുള്ള അമിത ആത്മവിശ്വാസത്തിലാവണം അന്ന് അങ്ങനെ ഒരബദ്ധം പറ്റിയത്. അന്നും ഞാനും ഉഷയും മാത്രമേ ഉണ്ടായിരുന്നുള്ളൂ. കനകലത കോളേജിൽ വന്നില്ല. ഷണ്ടിംഗ് ചെയ്യുന്ന ഒരു എഞ്ചിൻ അപ്പുറത്തെ ട്രാക്കിലൂടെയായിരുന്നു മുന്നോട്ട് പോയിരുന്നത്. ആ ട്രാക്കിൽ പുറകിൽ നിന്നും ട്രെയിൻ വരാൻ സാധ്യതയില്ല. സാധാരണ ആ ഭാഗത്ത് ഷണ്ടിംഗ് ചെയ്യുന്ന എഞ്ചിനുകൾ ധാരാളം കാണും . ഞാൻ ട്രാക്കിലെ തേക്കിൻ തടി കൊണ്ടുള്ള സ്ലീപ്പറുകളിൽ ചവിട്ടിയായിരുന്നു നടന്നത്. ഉഷയാകട്ടെ രണ്ട് ട്രാക്കുകൾക്കിടയിലെ ചെറുപാറ കഷണങ്ങളിലൂടെയും. ഉഷയുടെ അപ്പുറത്തെ ‘ട്രാക്കിലൂടെ മുന്നോട്ട് പോയ ഷണ്ടിംഗ് എഞ്ചിൻ ഞാൻ നടന്നിരുന്ന ട്രാക്കിൽ കയറി എന്റെ നേർക്ക് വരികയാണെന്ന കാര്യം സ്ലീപ്പറുകളിലും റെയിലുകൾ തമ്മിൽ ചേർത്തു വയ്ക്കുന്ന ഫിഷ് പ്ലേറ്റുകളിലും മാത്രം ശ്രദ്ധിച്ചു നടന്ന ഞാൻ തിരിച്ചറിഞ്ഞില്ല.
ഷണ്ടിംഗ് എഞ്ചിൻ എന്റെ തൊട്ടടുത്തെത്തിയെന്ന് ശ്രദ്ധയിൽപ്പെട്ട ഉഷ എന്നെ വേഗം വലിച്ച് ട്രാക്കിൽ നിന്നും ഉഷ നടന്നിരുന്ന ഭാഗത്തേയ്ക്കിട്ടു. ഞാനാകെ പകച്ചു പോയി. ട്രാക്കിലൂടെ ശ്രദ്ധയില്ലാതെ നടന്നതിലും വിഷമം തോന്നി. ഞാനൊന്നും സംസാരിച്ചില്ല. വളരെയടുത്തെത്തിയ ഷണ്ടിംഗ് എഞ്ചിന്റെ മുന്നിൽ നിന്നും എന്നെ രക്ഷിച്ച ഉഷയ്ക്ക് നന്ദി പറയാനും എനിക്കപ്പോൾ തോന്നിയില്ല. ഒന്നും മിണ്ടാതെ കോളേജിലേയ്ക്ക് നടന്ന എന്നെയൊന്ന് ഉഷാറാക്കാനാകണം ഉഷ ഇങ്ങനെ പറഞ്ഞു: ” ക്ലാ… ക്ലാ… ക്ലീ ക്ലീ … ക്ലൂ കൂ … സുരേഷ് തിരിഞ്ഞു നോക്കി. അതാ മുറ്റത്തൊരു മൈന… ഏതെങ്കിലും സുരേഷിനെ ഓർത്തു കൊണ്ട് നടന്നതു കൊണ്ടാണോ ഷണ്ടിംഗ് എഞ്ചിന്റെ അടിയിൽപ്പെടാൻ പോയത്?” അതിനും ഞാൻ മറുപടിയൊന്നും പറഞ്ഞില്ല.
ഉച്ചയ്ക്ക് കോളേജിലെത്തിയ ഞങ്ങൾ ഉച്ച ഭക്ഷണം കഴിച്ച് കൈ കഴുകുമ്പോഴും ഉഷ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. ഞാൻ എന്റെ മൗനം തുടർന്നു. വൈകുന്നേരമായിട്ടും എന്റെ ഭാഗത്തു നിന്നും ശ്രദ്ധക്കുറവുണ്ടായല്ലോ എന്ന ധാരണയാൽ മൂകത തന്നെയായിരുന്നു. പിന്നെ മൂന്ന് ദിവസം അവധിയായിരുന്നു. അവധി കഴിഞ്ഞ് കോളേജിലെത്തിയ ഞാൻ ഉഷയെ കണ്ടില്ല. കനകലത, ഷൈലജ, ദീപ എന്നിവർ എന്നോട് പറഞ്ഞു: ഞാൻ ഉഷയോട് പിണങ്ങിയെന്ന ധാരണയാൽ ഉഷയുടെ മനോനില തെറ്റിയെന്നും പരവൂരിൽ ജയറാം ഡോക്ടറുടെ അശ്വനി ഹോസ്പിറ്റലിൽ ചികിത്സയിൽ ആണെന്നും. അവരൊക്കെ പോയി ഉഷയെ കണ്ടെന്നും. ഉഷയ്ക്ക് എന്നെ കാണണമെന്ന് പറയുന്നുണ്ടെന്നും പറഞ്ഞു. എനിയ്ക്കാകെ വിഷമമായി. ഞാൻ വീട്ടിൽ ചെന്ന് അമ്മയോട് കാര്യം പറഞ്ഞു. അമ്മയേയും കൂട്ടി പിറ്റേന്ന് ഞാൻ അശ്വിനി ഹോസ്പിറ്റലിലേയ്ക്ക് പോയി. എന്നെ കണ്ടതും ഉഷ സന്തോഷത്തോടെ എഴുന്നേറ്റ് വന്ന് എന്റെ കൈയ്യിൽ പിടിച്ചു. ഞാൻ ഉഷ എന്നെ രക്ഷിച്ചതിന്റെ നന്ദി സൂചകമായി ചിരിച്ചു കൊണ്ട് ഉഷയുടെ കൈയ്യിലും പിടിച്ചു. കുറേ നേരം വർത്തമാനം പറഞ്ഞ ശേഷം ഞാനുമമ്മയും തിരികെ പോന്നു. ഉഷ എന്നേക്കാൾ ഒരു വയസ് മൂത്ത കുട്ടിയായിരുന്നു.
ഒൻപതാം ക്ലാസ്സിൽ പഠിക്കുന്ന സമയത്തായിരുന്നു ഉഷയുടെ മനോനില ആദ്യം തെറ്റുന്നത്. അന്ന് വീട്ടിലെത്തി ട്യൂഷനെടുത്തിരുന്ന അധ്യാപകന്റെ ഭാഗത്തു നിന്നുമുണ്ടായ പെരുമാറ്റദൂഷ്യമായിരുന്നു മനോനില തെറ്റാനുണ്ടായ കാരണം. അങ്ങനെ ചികിത്സയിലായിരുന്നതിനാൽ ഒൻപതാം ക്ലാസ്സിലെ പഠനം മുടങ്ങിയെന്ന കാര്യം ഉഷ പിന്നീട് എന്നോട് പറഞ്ഞിട്ടുണ്ട്.. അക്കാലത്ത് സ്കൂളുകളിൽ കൗൺസിലിംഗ് ഇല്ല. അധികം വിദ്യാഭ്യാസമൊന്നുമില്ലാത്ത അന്നന്ന് കൂലിപ്പണിയെടുത്ത് കഴിഞ്ഞിരുന്ന ദളിത് കുടുംബാംഗങ്ങളായ മാതാപിതാക്കൾ ഉഷയെ ചികിത്സിച്ച് ഭേദമാക്കാനുള്ള ആർജ്ജവം കാണിച്ചു. അതിനു ശേഷം പഠനം തുടർന്ന ഉഷ പ്രീഡിഗ്രിയും ഡിഗ്രിയുമൊക്കെ പാസ്സായി. ഡിഗ്രിയ്ക്ക് പഠിക്കുന്ന സമയത്ത് സാരിയുടുത്തു വന്നിരുന്ന ഉഷ സുന്ദരിയായിരുന്നു. ഹിസ്റ്ററി നന്നായി പഠിക്കുമായിരുന്നതിനാൽ ഹിസ്റ്ററി ടീച്ചറിന്റെ അരുമ ശിഷ്യയുമായിരുന്നു. എന്റെ ജീവൻ രക്ഷിച്ച ഉഷ ഇന്ന് ജീവിച്ചിരിപ്പില്ല. വിവാഹിതയായി വർഷങ്ങൾക്ക് ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു എന്ന് കൂട്ടുകാരി ഷൈലജയിൽ നിന്നും അറിഞ്ഞു. ഉഷയുടെ അച്ഛനമ്മമാരും സഹോദരങ്ങളും ജീവിച്ചിരിപ്പില്ല. പഠിക്കുന്ന കാലത്ത് ഉഷ എനിക്ക് കുമാരനാശാന്റെ ” ലീല” എന്ന പുസ്തകം സമ്മാനിച്ച വിവരം ഓർമ്മചെപ്പിന്റെ മുൻ അധ്യായത്തിൽ ഞാനെഴുതിയിട്ടുണ്ട്.
ഡോ.ഐഷ . വി.
പ്രിൻസിപ്പാൾ , പാലക്കാട് ജില്ലയിലെ കോളേജ് ഓഫ് അപ്ലൈഡ് സയൻസ് . കഥകളും ലേഖനങ്ങളും ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
ജേക്കബ് പ്ലാക്കൻ
നീണ്ട നാസികയിലൊരു വട്ടക്കണ്ണാടയും
നയനങ്ങളിൽ സൂര്യ തേജസ്സും
സൗമ്യമാം മുഖത്തൊരു മുഗ്ധ മന്ദഹാസവും
മേൽ മുണ്ടിനാലുടൽ മറച്ചും തറ്റുടുത്തും
ഊന്നുവടിയൂന്നിയും ..ഊര്‍ജസ്വലനായി ..
നടന്നുവരുന്നൊരു കൃശഗാത്രനാം
ഉത്തമശ്ലോകന്‍ …മിതഭാഷി …മംഗളസ്വരൂപൻ ..ജ്ഞാനവൃദ്ധനാം മനോജ്ഞഭാവൻ ….
ഭാരതപിതാ …മഹാത്‌മാവ് …ഗാന്ധിജി …!
നൂൽ നൂറ്റു പാകുന്നു ലളിതമാം ജീവിതം
നമ്മിലുണർത്തുന്നു സ്നേഹാർദ്ര മന്ത്രം
വേടശരമേറ്റു പിടയുന്നു പവം പ്രേമംകാവ്യം
വെടിയേറ്റുടയുന്നു നിസ്തുലം ത്യാഗവിഗ്രഹം
ഭാർഗവകുലജാതൻ ഋഷിയാം രുരുവിനേകും ..
ഭഗവത് ഗീതയിലുണ്ടൊരു ഉരഗ ഉപദേശം …!
പ്രപഞ്ചത്തിനാധാരശിലയാകും ആപ്തവാക്യം ..
പ്രഫുല്ലംമത് “അഹിംസ” യാം യാദി മന്ത്രം ..!
ഇന്നും കോപാന്ധരായി രുരു ഭാർഗവന്മാർ
കൊന്നു ഉൾപകപോക്കും യുദ്ധഭൂമികയിൽ ….
നിസ്സഹായതയുടെ പൂറ്റിൽ നിന്നും മിന്നും –
മുയരുന്നു ചേര പാമ്പിന്റെ ചോദ്യശരം ….!
ഹിംസയാൽ നിങ്ങൾ നേടുവതെന്തു …?
വിധ്വംസിത ഭൂവിൽ വീണുപ്രതിധ്വനിക്കുന്നു
ഭാരതാംബതൻ ഓങ്കാരനാദ ശാന്തി മന്ത്രം …!
അഹിംസയാം ദിവ്യ മന്ത്രത്താൽ ഗാന്ധിജി
സ്നേഹ പ്രപഞ്ചനകാഹളം മുഴക്കുന്നുഭൂവിൽ ..!
സത്യവുംമഹിംസയും ലോകതുഞ്ചങ്ങളിൽ
സൂര്യതാരകം പോൽ പതിപ്പിച്ചുറപ്പിച്ചൊരാൾ …!
അശ്വമേധങ്ങളില്ലാതെ …വാഗ്ധോരണികളില്ലാതെ.വിശ്വംജയിക്കുന്നു ഭാരതാംബതൻ വന്ദ്യപുത്രൻ ….മഹാത്‌മാജൻ …!
നീളുമാ ദൃഷ്ടി ദീർഘ ദർശനം ചെയ്‌വൂ …
നവലോക സ്നേഹ ഭാസുര ഭാവിയും ..!
ലോകംമോർക്കുന്നുവെന്നും വിശ്വനായകന്റെ
അകല്‍കതമാം സത്യാന്വേക്ഷണങ്ങളെ …!
ജേക്കബ് പ്ലാക്കൻ
മുന്നോറോളം കവിതകളുടെ രചയിതാവ്. രണ്ട് നാടകങ്ങളുടെ രചനയും സംവിധാനവും നിർവ്വഹിച്ച അതുല്യ പ്രതിഭ. ദീപിക ദിനപത്രത്തിൻ്റെ മുൻ സർക്കുലേഷൻ മാനേജർ. ഇപ്പോൾ നോർത്തേൻ അയർലെൻ്റിൽ ലണ്ടൻ ഡെറിയിൽ താമസിക്കുന്നു. കോട്ടയം ജില്ലയിൽ ആർപ്പൂക്കര പ്ലാക്കിൽ കുടുംബാംഗമാണ്.
Phone # 00447757683814
ഡോ. ഐഷ വി
വാഗ് ദാനം കൊടുക്കുമ്പോൾ അത് പാലിയ്ക്കപ്പെടണമെന്നു കൂടി കൊടുക്കുന്നയാൾ ചിന്തിക്കേണ്ടതുണ്ട്. പാലിക്കാൻ കഴിയാത്ത വാഗ്ദാനങ്ങൾ നൽകാതിരിയ്ക്കുകയാണ് നല്ലത്. അത് വ്യക്തികളായാലും ഉദ്യോഗസ്ഥരായാലും എല്ലാവർക്കും ഒരു പോലെ ബാധകമാണ്. ചിലപ്പോൾ ചില സാഹചര്യങ്ങളിൽ ഭരണമാറ്റമുണ്ടാകുമ്പോൾ വാഗ്ദാനങ്ങൾ പാലിയ്ക്കപ്പെടാതെ വരാം. കുടുംബാംഗങ്ങൾ സഹകരിച്ചില്ലെങ്കിൽ വാഗ്ദാനങ്ങൾ പാഴ് വാക്കുകളാകാം. മോഹന വാഗ്ദാനങ്ങൾ തീർച്ചയായും കേൾക്കുന്നവരിൽ പ്രതീക്ഷയുണർത്തും. വാഗ്ദാനങ്ങൾ പാലിയ്ക്കുവാൻ അത് നൽകുന്നവർ പ്രത്യേകം ശ്രദ്ധിക്കണം. ശ്രമിക്കുകയും വേണം. ചില കക്ഷി രാഷ്ട്രീയക്കാരും മറ്റും നൽകുന്ന വാഗ്ദാനങ്ങൾ പാലിക്കണമെങ്കിൽ അത് നടപ്പിലാക്കാനുള്ള സാമ്പത്തിക ശേഷിയും ആവശ്യമായി വരും. ഞങ്ങൾ ഡിഗ്രിയ്ക്ക് പഠിക്കുന്ന കാലത്ത് കോളജിൽ പുതുതായി പണിത കെട്ടിടത്തിൻെറ ഉദ്ഘാടനം നടത്തിയത് അന്നത്തെ മുഖ്യമന്ത്രി ശ്രീ കരുണാകരനായിരുന്നു. അന്നദ്ദേഹം കോളേജിന് ഒരു സ്റ്റേഡിയം പണിത് തരാമെന്ന് വാഗ്ദാനം ചെയ്തിരുന്നു.
ഇതുപോലെ പല ബന്ധങ്ങളിലും വാഗ്ദാനങ്ങൾ മോഹനമായി മാത്രമായുള്ളത് ധാരാളമുണ്ട്. അച്ഛനമ്മമാർ മക്കളോടും മക്കൾ അച്ഛനമ്മമാരോടും സുഹൃത്തുക്കൾ തമ്മിലും സഹോദരങ്ങൾ തമ്മിലും പാലിക്കപ്പെടാത്ത വാഗ്ദാനങ്ങൾ കാണാം.
ഡോ.ഐഷ . വി.
പ്രിൻസിപ്പാൾ , പാലക്കാട് ജില്ലയിലെ കോളേജ് ഓഫ് അപ്ലൈഡ് സയൻസ് . കഥകളും ലേഖനങ്ങളും ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.