ഡോ. ഐഷ വി

വള്ളത്തിന്റെ ഒരു ഭാഗം മണലിൽ പൂണ്ട് കിടക്കുന്നെന്ന് കണ്ടതിനാൽ ദാസൻ വള്ളത്തിൽ നിന്നിറങ്ങി. വള്ളമൊന്നുന്തി വെള്ളത്തിലാക്കിയ ശേഷം ദാസൻ വള്ളത്തിൽ കയറി. അപ്പോഴാണ് സിന്ധുവത് ശ്രദ്ധിച്ചത്, തീരത്തോട് ചേർന്ന് കിടക്കുന്ന മണൽ തീരെ ചെറിയ കറുത്ത നിറമുള്ള മൃദുവായ മണൽ തരികളാണ്. ലോകത്തിലെ ഏറ്റവും വെളുവെളുത്ത ടൈറ്റാനിയം ഡൈഓക്സൈഡിന്റെ അയിരായ കറു കറുത്ത കരിമണലാണത്. നല്ല നിലാവെളിച്ചമുള്ളതിനാൽ തിളങ്ങുന്ന മണൽ തരികളുടെ നിറവ്യത്യാസം തിരിച്ചറിയാവുന്നതായിരുന്നു. സത്യൻ തുഴയെറിഞ്ഞു. വള്ളം തിരമാലകൾ തീർത്ത ആന്ദോളനങ്ങളിൽ ഊയലാടി മുന്നോട്ട്.

ദാസൻ പറഞ്ഞു. അറബിക്കടലിൽ പടിഞ്ഞാറേക്കുള്ള യാത്ര ഒരു കയറ്റം കയറി പോകുന്നതുപോലെയാണ്. തീരത്തേയ്ക്ക് വരുന്നത് ഇറക്കം ഇറങ്ങി വരുന്നതുപോലെയുമാണ്. എന്നാൽ ബംഗാൾ ഉൾക്കടലിൽ നേരെ തിരിച്ചാണ് . അവിടെ കടലിലേയ്ക്ക് പോകുമ്പോൾ ഇറക്കം ഇറങ്ങിപ്പോവുന്നത് പോലെയാണ്. തിരികെ വരുമ്പോൾ കയറ്റം കയറി പോവുന്നതു പോലെയും. സിന്ധുവിനത് കടലിനെ കുറിച്ചുള്ള പുതിയൊരറിവായിരുന്നു. സത്യൻ തുഴയെറിയുന്നത് ശ്രദ്ധിച്ചപ്പോൾ ദാസൻ പറഞ്ഞത് ശരിയാണെന്ന് സിന്ധുവിനും തോന്നി. സിന്ധു ദാസനോട് ചോദിച്ചു:* എന്താണ് കടലുകളുടെ ഈ വ്യത്യസ്തതയ്ക്ക് കാരണം? * * ഉഷ്ണജല ഗീതജല പ്രവാഹങ്ങളെ കുറിച്ച് പഠിച്ചിട്ടില്ലേ? ആ ജലപ്രവാഹങ്ങളാണ് ഈ വ്യത്യസ്തതയ്ക്ക് കാരണം. * സിന്ധു ചിന്തിച്ചു : താൻ പാഠപുസ്തകത്തിൽ പഠിച്ചിട്ടേയുള്ളൂ. ദാസൻ അവയുടെ വ്യത്യാസം അനുഭവിച്ചറിഞ്ഞിരിയ്ക്കുന്നു. കടലിൽ പോകുന്ന മത്സ്യത്തൊഴിലാളികൾ ഈ വ്യത്യാസം അനുഭവിച്ചറിഞ്ഞിട്ടുണ്ടെങ്കിലും ദാസൻ ചിന്തിച്ചതു പോലെ ചിന്തിച്ചിട്ടുണ്ടാവില്ല.

ദാസന്റെ ചിന്ത കാര്യകാരണബത്തമായിരിക്കുന്നു. കുറച്ചു നാൾ മുമ്പ് നടന്ന വള്ളം മറിഞ്ഞ അപകടത്തെ അനുസ്മരിച്ചു കൊണ്ടാകണം ദാസൻ പറഞ്ഞു: ” വള്ളക്കാരുടെ ജീവിതം മരണക്കിണറിലേതിന് തുല്യമാണ്. തീരത്തോട് അടുത്തായിരുന്നാലും ചിലപ്പോൾ കടൽ തീരെ ശാന്തമായിരിയ്ക്കില്ല. വേലിയേറ്റവും വേലിയിറക്കവും അമാവാസിയും പൗർണ്ണമിയും കാറ്റും മഴയുമൊക്കെ കടലിന്റെ ഈ ഭാവ വ്യത്യാസങ്ങൾക്ക് കാരണമാകാം. അതിനനുസരിച്ച് ഓളപ്പരപ്പിലേയ്ക്ക് വരുന്ന പായലിന്റെ കാര്യത്തിലും വ്യത്യാസമുണ്ടാകാം. ചാകരയുണ്ടാകുമ്പോൾ കരയിൽ നിന്നു വരുന്ന ശുദ്ധ ജലവും കടലിലെ ഉപ്പുരസവും കലർന്ന ജലത്തിൽ രൂപപ്പെടുന്ന പ്ലാങ്ടണുകളേയും പായലുകളേയും ചെറു ജീവികളേയും ഭക്ഷിക്കാനായി ധാരാളം മത്സ്യങ്ങൾ കരയോടടുക്കാറില്ലേ ? അപ്പോൾ അവിടെ പ്രത്യക്ഷപ്പെടുന്ന പായലുകളിലും വ്യത്യാസമുണ്ടാകാം.

ചെങ്കടലിന്റെ ചുവന്ന നിറത്തിന്റെ കാര്യത്തിലും അവിടെയുള്ള ആൽഗേകൾക്ക് പങ്കുണ്ട്. അതിനാൽ തീരത്തോടടുത്തു നിന്നും ഓളപ്പരപ്പിൽ നിന്നും ആഴക്കടലിൽ നിന്നും സാമ്പിളുകൾ ശേഖരിക്കുന്നത് നന്നായിരിക്കും. പിന്നെ കടലിന്റെ ഉപ്പുരസത്തിന്റെ ഗാഢതയ്ക്കനുസരിച്ചും കടലിൽ കാണപ്പെടുന്ന പായലുകളിൽ വ്യത്യാസമുണ്ടാകാം. പിന്നെ കടൽ കരയിലേയ്ക്ക് കയറിക്കിടക്കുന്ന കായലുകളിൽ ഉപ്പുരസമുണ്ട്. അതിനാൽ കായലുകളിൽ നിന്നും സാമ്പിൾ ശേഖരിക്കുന്നത് നന്നായിരിക്കും.” സിന്ധുവിനും അത് ശരിയാണെന്ന് തോന്നി. സിന്ധു സാമ്പിളുകൾ ശേഖരിക്കുന്നതിനായി പ്രൊഫസർ രവിസാർ പറഞ്ഞു കൊടുത്ത രീതികളെ കുറിച്ച് ചിന്തിച്ചു. ബ്രഷിംഗ് , സ്ക്രേപ്പിംഗ് , സക്കിംഗ്. കുറേയൊക്കെ ബക്കറ്റിൽ കോരിയെടുക്കാം. നെറ്റുപയോഗിച്ചും ശേഖരിക്കാം.

ഓരോ നൂറു മീറ്ററിലും അവർ സാമ്പിളുകൾ ശേഖരിക്കാൻ ശ്രദ്ധിച്ചു. കോരിയെടുത്ത ജാറിലെ വെള്ളം അരിപ്പയിൽ അരിച്ച് കിട്ടിയവയുൾപ്പട്ട ഒരു കൊച്ചു പാത്രത്തിൽ തട്ടിയിട്ട് അല്പം കടൽ വെള്ളം ചേർത്ത് കുപ്പിയിലാക്കി. പായലുകൾ ലാബിൽ എത്തിക്കുന്നതുവരെ അതാത് പായലുകളുടെ ആവാസ വ്യവസ്തയിലിരിക്കാനും ഉണങ്ങാതിരിയ്ക്കാനുമാണ് അങ്ങനെ ചെയ്തത്. നേരത്തേ സാമ്പിൾ വിവരങ്ങൾ എഴുതാൻ കുപ്പിയുടെ പുറത്തൊട്ടിച്ച ലേബലിൽ സിന്ധു സാമ്പിളിനെ സംബന്ധിച്ച വിവരങ്ങൾ രേഖപ്പെടുത്തി. കിഴക്ക് വെള്ള കീറിത്തുടങ്ങിയിരുന്നു. അല്പം ത്രില്ലുള്ള റിസർച്ചിലാണ് താനേർപ്പെട്ടിരിയ്ക്കുന്നതെന്ന് സിന്ധുവിന് തോന്നി. ഇതിനിടയിൽ ദാസനും സത്യനും കൂടി വലയെറിഞ്ഞു. ഭാരമേറിയ വല അവർ വീശിയെറിയുന്നതും അത് ഓളപ്പരപ്പിൽ വിടർന്ന് വീണതാഴ്ന്ന് പോകുന്നതും അല്‌പസമയത്തിന് ശേഷം അവർ വലിച്ചെടുക്കുന്നതും അപ്പോൾ മത്സ്യങ്ങൾ ഊർന്ന് പോകാത്ത വിധം വലയുടെ അറ്റത്തെ സ്ട്രിംഗ് വലിച്ച് പൂട്ടുന്നതും ഭാരമേറിയ വല വലിച്ച് വള്ളത്തിൽ ഇടുന്നതും സിന്ധു തെല്ലത്ഭുതത്തോടെ കണ്ടു. ദാസൻ വലയൊന്ന് നിവർത്തിയപ്പോൾ പിടയ്ക്കുന്ന മത്സ്യങ്ങളുടെ ഇടയിൽ നിന്നും വലയിൽ കുടുങ്ങിയ പായലുകളെ കൂടി ഫോഴ്സ പ് സ് വച്ചെടുത്തു സാമ്പിൾ ശേഖരിയ്ക്കുന്ന കുപ്പിയിലാക്കാൻ സിന്ധു പ്രത്യേകം ശ്രദ്ധിച്ചു.

സത്യനും ദാസനും കൂടി കിട്ടിയ മത്സ്യങ്ങളെ വള്ളത്തിൽ തട്ടിയിട്ട് വീണ്ടും വീണ്ടും വലയെറിയാനുള്ള ശ്രമം തുടർന്നു. മത്സ്യങ്ങൾ വലയിൽ കുടുങ്ങിക്കിടന്നും പിടച്ചും അവയുടെ ജീവൻ നിലനിർത്താനുള്ള എല്ലാ ശ്രമവും അവസാന നിമിഷം വരെയും തുടർന്നു.

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , പാലക്കാട് ജില്ലയിലെ കോളേജ് ഓഫ് അപ്ലൈഡ് സയൻസ് . കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.