ഡോക്ടർ എ. സി. രാജീവ് കുമാർ
ആയിരത്തി തൊള്ളായിരത്തി അറുപതുകളിലെ ഓരോണക്കാലം അടുത്തനാളുകൾ. മഴ മാറാതെ ഒരരാഴ്ച്ച. കരിമ്പിന്റെ നാടായിരുന്ന നെടുമ്പ്രം ഗ്രാമത്തിലെ തടിപ്പാലങ്ങൾ. വയ്ക്കത്തില്ലത്തിനടുത്തുള്ള പാലവും വാളകത്തി പാലവും. വാളകത്തി പാലം തടി പുതുക്കി പണിയുന്നു.
തട്ടാംപറമ്പിൽ വീട്ടിൽ ഉള്ള ആശാൻ കളരിയിൽ അക്ഷരം പഠിക്കാൻ പോകുന്നത് ഈ പാലം കയറി ആയിരുന്നു.
ചെളിമണം പരത്തുന്ന കാറ്റ് കരിമ്പിൻ തോട്ടത്തിൽ നിന്ന് വീശിയടിക്കുന്നു. ഓണം വരവായി. പമ്പ കരകവിയുമോ എന്ന് മുതിർന്നവർ അടക്കം പറയുന്നു.
അന്ന് രാത്രി ഉറങ്ങാൻ കിടന്നപ്പോൾ പോലും കരയിൽ നിന്ന് രണ്ട് മൂന്നടി താഴെ ആണ് ആറ്റിൽ വെള്ളം എന്നൊക്കെ കേട്ടിരുന്നു. വെളുപ്പിന് അമ്മയുടെ ഉച്ചത്തിൽ ഉള്ള ഒച്ച കേട്ടനുണർന്നത്. “ഉരുൾ പൊട്ടി വെള്ളം വരുന്നു ”
കന്നതുറക്കുമ്പോഴേക്കും പറമ്പിലേക്ക് വെള്ളം ഇരച്ചു കയറുന്നത് കാണാമായിരുന്നു.
രണ്ടു പാലങ്ങൾക്ക് ഇടയിൽ ഉള്ള കവല ആണ് ഒറ്റത്തെങ്ങ് ബസ് സ്റ്റോപ്പ്. അവിടേക്ക് ആളുകൾ അരയറ്റം വെള്ളത്തിൽ ഉള്ളതൊക്കെ കയ്യിലെടുത്തു നീന്തി പോകുന്നു. ചുറ്റും കടൽ പോലെ വെള്ളം, പുളുക്കീഴ് പഞ്ചാര ഫാക്റ്ററിയിൽ കരിമ്പുമായി വരുന്ന കേവ് വള്ളത്തിൽ നിന്ന് അക്കരെ നിന്ന് ആളുകൾ വരുന്നു. അന്ന് പുളിക്കീഴു പാലം ആയിട്ടില്ല. ഒലക്കൂരകൾ കോഴിക്കൂടുകൾ ഒക്കെ ഒഴുകി പോകുന്നു.
പൂച്ചകുട്ടികളോട് എനിക്ക് ഏറെ കമ്പമുണ്ടായിരുന്നു. മഴുവാങ്ങാട് ചിറയിൽ പേരകത്തുള്ള ഫിഷറി ഇൻസ്‌പെക്ടർ എനിക്ക് രണ്ട് പൂച്ച കുഞ്ഞുങ്ങളെ തന്നത് മുറിയുടെ മൂലയ്ക്ക്പേടിച്ചിരിക്കുന്നു. കറുമ്പൻ ലക്ഷ്മണൻ, കറുപ്പും വെളുപ്പുമുള്ള ലക്ഷ്മി. ആശാൻ കളരിയിൽ പോയ് വരുമ്പോൾ രണ്ടും എന്നെയും കാത്തിരിക്കും. വെള്ളം കൂടിയപ്പോൾ ഇരുവരെയും ഒരു കുട്ടയിൽ ആക്കി അമ്മ പത്തായത്തിന്റെ മുകളിൽ വെച്ചത് ഓർക്കുന്നു.വെള്ളം ഇറങ്ങിയപ്പോൾ ലക്ഷ്മണനെ കാണാനില്ല. ലക്ഷ്മി ഒറ്റയ്ക്ക് ഒരു മൂലയിൽ കരഞ്ഞു കരഞ്ഞിരിക്കുന്നു.
എന്റെ സങ്കടം എനിക്ക് അല്ലെ അറിയൂ.
ഓരോ ഓണവും ഓരോ വെള്ളപ്പൊക്കവും ഈ ഓർമ്മകൾ എന്നുമുണ്ടാവും.
ഡോക്ടർ എ. സി. രാജീവ് കുമാർ : – ആയുർവേദ ചികിത്സാ രംഗത്ത് അമ്പത് വർഷം. മഹാത്മാഗാന്ധി സർവകലാശാലാ സെനറ്റ്, ഫാക്കൽറ്റി, എക്സ്പെർട്ട് കമ്മിറ്റി അംഗം, ജെ സി ഐ സോൺ ട്രൈനർ, കനിവ് പാലിയേറ്റീവ് കെയർ ഡയറക്ടർ ബോർഡ് അംഗം, പുഷ്പഗിരി പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ അംഗം, അശ്വതിഭവൻ ചികിത്സനിലയം ഡയറക്ടർ.



സുരേഷ് തെക്കീട്ടിൽ
കാലമേറെ കഴിഞ്ഞു പോയിട്ടും കലാലയ മുറ്റത്തെ ഈ പൂമരച്ചോട്ടിൽ ഒരു തവണ കൂടി വരാൻ മോഹിച്ചത് ആ കാലമിപ്പോഴും മനസ്സിൽ പൂത്തു തന്നെ നിൽക്കുന്നതു കൊണ്ടാണ്. എല്ലാം ഏറെ മാറിയെന്നറിയാം. പ്രണയവും ഭാവങ്ങളും സങ്കൽപ്പങ്ങളും എല്ലാം. എത്രയെത്ര പ്രണയങ്ങൾ ഇവിടെ പിന്നെയും പൂത്തിട്ടുണ്ടാകാം. നിശബ്ദമായ തേങ്ങലുകളായി ആരോരുമറിയാതെ കടന്നു പോയിട്ടുണ്ടാകാം. തന്നെ പോലെ എത്ര പേരുടെ മനസ്സിൽ ഈ പൂമരം നിത്യപ്രണയത്തിൻ്റെ സംഗീതം പൊഴിച്ചു നിൽക്കുന്നുണ്ടാകാം .കാണാൻ കൊതിച്ചു കാത്തു നിന്ന ദിവസങ്ങൾ . കൺമുന്നിലൂടെയവൾ കടന്നു പോയി. ഇഷ്ടമാണ് എന്ന് പറയാൻ ധൈര്യമില്ലാത്തവൻ്റെ മുന്നിലൂടെ .ഏത് വേഷത്തിലായാലും അവൾക്ക് എന്തൊരു ഭംഗി. ഒരു പക്ഷേ അവൾ ധരിക്കുമ്പോഴായിരിക്കണം ആ വേഷങ്ങൾക്കെല്ലാം അത്രമേൽ ഭംഗി . ജീവിതത്തിൽ പിന്നെയൊരാളോടും ആ ഒരിഷ്ടം തോന്നിയിട്ടുമില്ല. ആ സുവർണ കാലം കഴിഞ്ഞു വേദനയോടെ ഈ കലാലയത്തിൽ നിന്നും പടിയിറങ്ങുമ്പോൾ നൊമ്പരമായി തീർന്നത് ആ നഷ്ടബോധം തന്നെയായിരുന്നല്ലോ. പിന്നെ കാണാൻ സംസാരിക്കാൻ അവസരമില്ലാത്ത കാലമെന്നു പഴി പറയുന്നതിലർത്ഥമെന്ത്? എല്ലാ ദിവസവും കണ്ടപ്പോൾ ഒരു തവണ പോലും സംസാരിക്കാൻ കഴിയാത്തവൻ്റെ തനിക്കിഷ്ടമാണ് എന്ന് പറയാൻ കഴിയാത്തവൻ്റെ വെറുമൊരു ന്യായം പറച്ചിലല്ലേ അത്. അതി മനോഹരമായ ആ ചിരി പലതവണ എനിക്ക് നേരെ വന്നിട്ടുണ്ട്. അപ്പോഴുണ്ടാകുന്ന സന്തോഷത്തിന് അതിരുകളുണ്ടാകാറുമില്ല.
കാത്തു നിൽക്കുന്നതവളെ കാണാനാണെന്ന് മനസ്സിലായിട്ടുണ്ടോ എന്ന് സംശയിക്കാൻ പ്രാപ്തമായിരുന്നു ആ ചിരി .അല്ലെങ്കിൽ “ഞാനറിയുന്നുണ്ട് ട്ടൊ ” എന്ന് ബോധ്യപ്പെടുത്തുന്ന ചിരി. ഏതോ വലിയ വീട്ടിലെ കുട്ടി. സ്വപ്നം കാണാൻ പോലും കഴിയാത്തയത്ര ഉയരത്തിൽ .എന്നിലെ അപകർഷതാബോധം സ്വയം വിലയിരുത്തി സമാധാനിച്ചു . ജീവിതത്തിൻ്റെ വഴികളിൽ മനസ്സിൽ നിന്നൊരിക്കലും ആ രൂപം ചിരി ഒന്നും മാഞ്ഞില്ല. മൂന്നു പതിറ്റാണ്ടുകൾക്കു ശേഷം
കണ്ണൻ്റെ സന്നിധിയിലെ തിരക്കിനിടയിൽ ഒരു കണ്ടുമുട്ടലിൽ പരസ്പരം തിരിച്ചറിയാൻ ഒരു പ്രയാസവും ഉണ്ടായില്ല .ചോദ്യമോ ഉത്തരമോ വേണ്ടി വന്നില്ല.നാട്ടിലല്ല എന്നും സന്തോഷമായിരിക്കുന്നു എന്നുമറിയിച്ചു .
അന്തസ്സാർന്ന കുടുംബ ജീവിതമെന്നുമറിഞ്ഞു. ഞാനും നല്ല രീതിയിൽ തന്നെ .എന്നാലും യാത്ര പറഞ്ഞു പിരിയാൻ നേരം കാലത്തിനു ചന്തം കുറയ്ക്കാൻ കഴിയാത്ത ആ മനോഹരമായ ചിരിയുടെ അകമ്പടിയോടെ വന്ന ഒരു ചോദ്യം.
” അന്ന് എന്നോട് ചെറിയ ഒരിഷ്ടമുണ്ടായിരുന്നോ നന്ദന്?
വിസ്മയിച്ചു പോയി.
“ചെറുതൊന്നുമല്ല.
മനസ്സിലായിരുന്നോ ഇന്ദുവിന്”
” പിന്നെന്താ .എന്നാലും അതൊന്നു നേരിട്ടു കേൾക്കാൻ വേണ്ടി ചോദിച്ചതാ”
വീണ്ടുമാ കൗതുകമുണർത്തുന്ന ചിരി.
“നല്ല സങ്കടമുണ്ട് പറയാൻ കഴിഞ്ഞില്ല ”
എന്നു ഞാൻ.
” കേൾക്കാനും ”
ഇത് പറഞ്ഞ്
“സാരമില്ല ജീവിതം അങ്ങനെയൊക്കെയല്ലേ?”
എന്ന് കൂടി അവൾ കൂട്ടി ചേർത്തു.
” ഇത് എന്നെ ആശ്വസിപ്പിക്കാൻ പറയുന്നതല്ലേ ?”
എന്ന ചോദ്യത്തിന്
“ഏയ് അല്ല ഞാൻ സ്വയം ആശ്വസിക്കാൻ ഇടയ്ക്കിടെപറയുന്നതാണ് ”
എന്നായിരുന്നു മറുപടി.
“പിന്നെ നമ്മുടെ തലമുറയ്ക്ക് ഒരു ഭാഗ്യമുണ്ട് എല്ലാം ആ കാലത്തിൻ്റെ തലയിൽ വെച്ചു കൊടുത്താം .അല്ലേ?”
ചിരിച്ചു കൊണ്ടാണതും പറഞ്ഞത്. എങ്കിലും അതൊരു കുത്തുവാക്കായിരുന്നോ.
പിന്നെ കുടുംബത്തെ പറ്റി ജീവിതത്തെ പറ്റി എല്ലാം അവൾ അന്വേഷിച്ചു . ശേഷം മൂന്നുചോദ്യങ്ങളും
” വരയുണ്ടോ? എഴുത്തുണ്ടോ ?അന്ന് കാണാൻ കാത്തു നിന്നിരുന്ന നമ്മുടെ കലാലയ മുറ്റത്തെ പൂമരമിപ്പോഴുമുണ്ടോ?”
“വരയുണ്ട് കവിതയുമുണ്ട്. കൂടുതൽ ശക്തിയോടെ തന്നെ .
പിന്നെ ആ പൂമരം .അതു മുണ്ടാകണം. കൂടുതൽ ഭംഗിയോടെ . ”
” ഉവ്വോ? അന്നത്തെ ആ നിശബ്ദ പ്രണയമോ?”
ഞാൻ അത്ഭുതത്തോടെ ആ മുഖത്തേക്ക് നോക്കവേ ചിരിയോടെ വീണ്ടും.”
“അതുമവിടെയുണ്ടായിക്കോട്ടെ.അതിലെന്താ നഷ്ടം അതിലാർക്കാ നഷ്ടം.
ഇനി യോഗമുണ്ടെങ്കിൽ ഇതുപോലെ വീണ്ടും കാണാം. അതു മതി. എന്നുമീയിഷ്ടം അതേ നന്മയോടെ നിൽക്കട്ടെ. ഒന്നിനും വേണ്ടിയല്ല.കാണാൻ ഒരാളെന്നും കാത്തു നിന്നിരുന്നു എന്നോർക്കുവാനൊരിഷ്ടം .അക്കാലത്ത് അതൊക്കെ എന്തൊരു സന്തോഷമായിരുന്നെന്നോ .ദൂരെ നിന്നേ ഞാൻ നോക്കും.”
“ആണോ?”
“പിന്നെന്താ നിങ്ങൾക്കേ അതൊക്കെ പാടൂ .ആ നിർത്തവും നോട്ടവും വിറയലും വെപ്രാളവും .കേട്ടോളൂ തീരെ ചെറിയ ഭാവമാറ്റം പോലും ഞങ്ങൾക്ക് പെട്ടന്ന് തിരിച്ചറിയാൻ കഴിയും ”
വീണ്ടുമാ ചിരി.
ആകൂടിക്കാഴ്‌ചക്കുശേഷം കലാലയ മുറ്റത്തെ പൂമരം അതുപോലുണ്ടോ എന്നറിയാൻ ഒരു മോഹം .
ഉണ്ട് ….അതു പോലെയല്ല കൂടുതൽ പടർന്ന്പന്തലിച്ച് കൂടുതൽ ചന്തത്തോടെ ആ പൂമരം … . ഇനിയുമെത്രയോ പ്രണയങ്ങൾക്ക് സാക്ഷിയാകാൻ.
നിറയെ പൂക്കളാൽ പരവതാനി വിരിച്ച് ആ പൂമരച്ചോടും… നിരവധി പ്രണയങ്ങൾക്ക് വേദിയാകാൻ …..
സുരേഷ് തെക്കീട്ടിൽ :- മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയ്ക്കടുത്ത പാലൂർ സ്വദേശി .സവിനയം പറയട്ടെ, കഥ നിറയും കാലം, കഥയുണരും കാലം, എന്നീ മൂന്ന് കഥാസമാഹാരങ്ങളും, നിറഞ്ഞൊഴുകും നിള വീണ്ടും എന്ന കവിതാ സമാഹാരവും പത്തോർമ്മകളും പിന്നെ പാലൂരോർമ്മകളും എന്ന ഓർമ്മക്കുറിപ്പുകളും, ബീ പ്രാക്ടിക്കൽ എന്ന നോവലും പ്രസിദ്ധീകരിച്ചു. .മുക്കം ഭാസി മാഷുടെ ആത്മകഥയുൾപ്പെടെ 21 കൃതികൾക്ക് അവതാരികയെഴുതി. കഥകളും, ഹ്രസ്വ കഥകളും,കവിതകളുമായി രണ്ടായിരത്തിലധികം രചനകൾ. അഞ്ഞൂറോളം രചനകൾ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചു .
ആകാശവാണിയിലൂടെ കഥകളും കവിതകളും പ്രക്ഷേപണം ചെയ്യപ്പെട്ടു. പതിനേഴു പുരസ്കാരങ്ങൾക്ക് അർഹനായി. സോഷ്യൽ മീഡിയായിൽ ഏറ്റവും കൂടുതൽ കഥകൾ എഴുതിയ ഇന്ത്യൻ എഴുത്തുകാരൻ എന്ന യു.ആർ.എഫ് നാഷണൽ റെക്കാർഡിന് 2018ൽ അർഹനായി.



ഡോ.ഉഷാറാണി.പി.
അവിടെ ഓണമെത്തിയോയെന്നുറ്റ സൗഹൃദത്തി –
ന്നരിയ തുമ്പപ്പൂവൊന്നു നുള്ളിയെറിഞ്ഞു ഞാൻ, തൂമയോടരിയപൂക്കളത്തിനരികിൽ നിന്നു .
ഇനിയൊരു പായസംകൂടിയുണ്ടെന്നും
ഉള്ളിലൊരോണവുമോമൽക്കനവുകളുമെപ്പോഴുമൂയലാടുമ്പോൾ
നിമിഷങ്ങൾക്കു നീളമില്ലാതാകുന്നെന്നും ചൊല്ലി നീ.
പകിട്ടാർന്ന, അത്തക്കളത്തിനുചാരെയുള്ളെൻ ചിത്രങ്ങൾ
‘ഞാൻ വരച്ചതിനെക്കാൾ മെച്ചമെന്നു ‘രച്ച്, എന്നാൽ
നഗരത്തിലെ പൂക്കൾക്കോമനത്തം തുച്ഛമെന്നുപഹസിച്ചു.
ഇതനന്തപുരി.
ഓണവില്ലുചാർത്തി മഹത്ത്വമേറിശ്ശയിക്കും
പദ്മനാഭസ്വാമിയെ വണങ്ങി മനംമങ്ങാതെ
വിധിപോൽത്തമ്പുരാനെയെതിരേറ്റു,
വിഭിന്നകലാകേളികളുമുറിയടിയും തിരുവാതിരക്കളിയുമായി
നഗരക്കൂട്ടങ്ങളുല്ലാസം കൈമാറുമ്പോൾ
മാനുഷരെല്ലാരുമൊന്നുപോലെ വിളങ്ങി.
ഓണമൊരദ്ഭുതം
ഒരുമതൻസൗന്ദര്യം
ഓർമ്മകൾക്കിതു വസന്തകാലം.
ചിങ്ങമെത്തുമ്പോൾ തുടിക്കുന്ന മനസ്സുകളിലെ –
ആയിരം കൽപ്പനച്ചന്തത്തിലിലയിട്ടസദ്യയും
വാഴപ്പഴത്തിൻനുറുക്കുമുപ്പേരിയും നിരക്കും.
അത്തംവെളുത്തിട്ടും അരമണികെട്ടിയ തിരുവോണം
വെൺമപരത്തിനിൽക്കുമ്പോൾ
എൻ കവിളിലൊരത്തക്കളമിടാനുള്ള പൂക്കളെക്കണ്ടെന്നു
തുടർന്നുചൊല്ലി, വെറുതെ മൊട്ടിട്ട പരിഭവത്തെയൊഴിച്ചു നീ.
ഒരാണ്ടു കാത്തിരുന്നൻപോടണയുമോണമേ
പ്രിയമെഴുന്നതെല്ലാം നിൻ വരദാനമെന്നോ,
ഒരു പ്രണയസല്ലാപംപോലും!
ഡോ.ഉഷാറാണി .പി.:- തിരുവനന്തപുരം മണക്കാടിനടുത്ത് സ്വദേശവും താമസവും. സർക്കാർ ഉദ്യോഗസ്ഥരായിരുന്ന കെ.ജി.പ്രഭാകരനാചാരി, കെ.പത്മം എന്നിവരുടെ മകൾ. ഭർത്താവ് – എസ്സ്.അനിൽകുമാർ മകൾ – ഗൗരി അനിൽകുമാർ. മണക്കാട് ഗവ.സ്കൂൾ, തിരുവനന്തപുരം ആൾസെയിൻ്റ്സ് കോളേജ്, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് എന്നിവിടങ്ങളിലെ വിദ്യാഭ്യാസം കഴിഞ്ഞ് കേരള യൂണിവേഴ്സിറ്റിയിൽ നിന്നു മലയാളസാഹിത്യത്തിൽ ഡോക്ടറേറ്റു കരസ്ഥമാക്കി. ആനുകാലികങ്ങളിൽ കഥ, കവിത, ലേഖനം എന്നിവ പ്രസിദ്ധീകരിച്ചുവരുന്നു. മുപ്പതോളം കൃതികൾ ക്ക് അവതാരിക എഴുതി. ആസ്വാദനം, പഠനം എന്നിവവേറെയും. ആത്മനിവേദനം (കവിതാസമാഹാരം), ബഷീർ ഇമ്മിണി വല്യ ഒന്ന് (ബാലസാഹിത്യം) എന്നിവ കൃതികൾ. തിരുവനന്തപുരം നഗരത്തിലെ സാഹിത്യസമ്മേളനങ്ങളിൽ പ്രഭാഷക, കവയിത്രി എന്നീനിലകളിൽ സജീവസാന്നിദ്ധ്യം. തിക്കുറിശ്ശി ഫൗണ്ടേഷൻ പുരസ്കാരം, പേരക്ക ഓണക്കവിത പുരസ്കാരം, ശ്രേഷ്ഠ സാഹിത്യവേദി പുരസ്കാരം, പുലരി ടി വി ശംഖുമുദ്ര പുരസ്കാരം, വേൾഡ് ടാലൻ്റ് റെക്കോർഡ് എന്നിവ ലഭിച്ചു.



എബി ജോൺ തോമസ്
ബ്ലോക്കിൽ നിന്നോ മറ്റോ
വാങ്ങിയതാണ്…
പറഞ്ഞ പോലെ
രണ്ടാം വർഷം
കായ്ച്ചു…
വലിയ വലുപ്പം ഒന്നുമില്ല….
എങ്കിലും,
ചക്കപ്പഴത്തിന്റെമണം
ഒരു പുതപ്പ് പോലെ
വീട്ടിനെയും
പറമ്പിനെയും
മൂടുന്നുണ്ട്….
അടുക്കള
വാതുക്കലിരുന്ന്,
അരുവ
ചക്കയുടെ
പള്ളക്ക്കേറ്റി
പുറകോട്ട് ആഞ്ഞ് വലിച്ചപ്പോ
ബോധം
ഏറ്റവും കുറഞ്ഞത്
ഒരു കൊല്ലമെങ്കിലും
പിന്നിലേക്ക്
പോയിട്ടുണ്ട്….
അല്ലെങ്കിൽ
പപ്പ
വരുന്നതിന് മുമ്പ്
ചക്കമടലും,
ചക്കക്കുരുവും
ചക്കയരക്കും
ചക്ക മൊണഞ്ഞീനും
മാത്രമല്ല….
ചക്കയുടെ മണവും
പറമ്പിനപ്പുറം
കടത്തണ്ടേയെന്ന്
മനസ്സ്
ഒരു കാര്യവുമില്ലാതെ
വെറുതെ
ഒരാശങ്കയിലേക്ക്
എടുത്ത് ചാടില്ല….
ഏറ്റവും പ്രിയപ്പെട്ട
ചക്കക്കുരുക്കറികൂട്ടി
ഞങ്ങളുണ്ണുമ്പോൾ
പപ്പ
മൊളകിടിച്ചതിനോട്
കൂട്ടു കൂടും….
പ്രതിഷേധമല്ല….
നിലപാടാണ്….
മൊണഞ്ഞീൻ പറ്റിയ
കത്തി, അരുവ,
നടക്കുന്ന
ഇടങ്ങളിൽ വീണുറഞ്ഞ
ചകിണി…..
ഒക്കെയും
അപ്പന്റെ
ചക്ക വിരോധത്തെ
വീണ്ടും
ആളിക്കത്തിക്കുന്ന
കാരണങ്ങളാണ്….
അമ്മ പറയാറുണ്ട്,
ചക്കയോട് മാത്രമല്ല
ചക്ക തിന്നുന്നോരോടും
ദേഷ്യമാന്ന്…
ചക്കയോട്
ഇത്ര വിരോധം
എന്തിനാണെന്ന്
ഇതുവരെയും
പപ്പ
വെളിപ്പെടുത്തിയിട്ടില്ല….
പക്ഷേ
ഒരിക്കലും
വീട്ടിൽ
ചക്കക്ക്
വിലക്കേർപ്പെടുത്തിയിരുന്നില്ല….
ചില
മനുഷ്യർ
അങ്ങനെയാണ്….
അവരുടെ
അനിഷ്ടങ്ങളെക്കുറിച്ചുള്ള
ചിന്തയിലൂടെ
ഓർമയിലേക്ക്
അരിച്ചിറങ്ങും….
അകത്ത് ,
ഭിത്തിയും
തറയും
കിടക്കവിരിയും വരെ
ചക്ക മണത്തിൽ
നിറച്ച്
തുഞ്ഞാപ്പി
അടുക്കള വാതിലിൽ
തിരിച്ചു വന്നു….
(കഴിഞ്ഞ ചക്കക്കാലത്തും
പപ്പ ഉണ്ടായിരുന്നു.)
* തുഞ്ഞാപ്പി – മകൾ
എബി ജോൺ തോമസ്: – കോട്ടയം ജില്ലയിലെ കുറുപ്പന്തറ ഇരവിമംഗലത്ത് താമസം. ഇരവിമംഗലം സെൻ്റ് ജോസഫ്സ് എൽപി സ്കൂൾ, കുറുപ്പന്തറ സെൻ്റ് സേവ്യേഴ്സ് വി എച്ച് എസ് എസ് , ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്കൂൾ കഞ്ഞിക്കുഴി എന്നിവിടങ്ങളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം. കോട്ടയം ബസേലിയസ് കോളജിൽ നിന്നും മലയാളത്തിൽ ബരുദവും എംജി യൂണിവേഴ്സിറ്റിയിൽ നിന്നു ജേണലിസത്തിൽ ബിരുദാനന്തര ബിരുദവും. ‘നിലാവിൽ മുങ്ങി ചത്തവൻ്റെ ആത്മാവ്’, ഇറങ്ങി പോകുന്നവർ പാലിക്കേണ്ട മര്യാദകൾ എന്നീ കവിതാ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കാഴ്ച ടെലിവിഷൻ അവാർഡ്, നഹ്റു ട്രോഫി പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്. ജീവൻ ടി വി , ജയ്ഹിന്ദ് ന്യൂസ്, മീഡിയവൺ, എന്നീ ചാനലുകളിൽ പ്രവർത്തിച്ചു. കേരള വിഷൻ ന്യൂസ് കൊച്ചി ബ്യൂറോ ചീഫ് ആയിരുന്നു. എൻടിവി യുഎഇ യിൽ ചീഫ് സബ് എഡിറ്ററായി ജോലി ചെയ്തു. നിലവിൽ അമൃത ന്യൂസ് തിരുവനന്തപുരം ബ്യൂറോയിൽ സീനിയർ റിപ്പോർട്ടർ ആണ് .



രാജൻ എൻ കെ
യാത്രയ്ക്കിടയിൽ ഉറക്കത്തിൽ നിന്നുംനാരായൺകുട്ടി പലതവണ ദു:സ്വപ്നം കണ്ട് ഞെട്ടിയുണർന്നു. ഇരുട്ടിലൂടെ അതിവേഗം പായുന്ന തനിക്കൊപ്പം ഒരു ബലിക്കാക്ക പറന്നു വരുന്നു.കരിപോലെ കറുത്ത ചിറകുകൾ ആഞ്ഞുവീശി കഴുത്തറ്റം കറുത്ത ഒരുകാക്ക.
ഇക്കുറി കർക്കിടവാവിന് ബലിയിടാൻ കഴിഞ്ഞില്ല. ഓഫീഷ്യൽ ടൂറിലായിരുന്നു.ഒരു പക്ഷെ ബലിച്ചോറ് കാണാതെ അച്ഛന്റെ ആത്മാവ് തന്നെ ഓർമ്മപ്പെടുത്തിയതാണോ? അയാളുടെ മനസ്സിൽ നേർത്തൊരു വിങ്ങൽ ഘനീഭവിച്ചു.പിന്നെയത് ഒരു നൊമ്പരമായി നീറിക്കൊണ്ടിരുന്നു.ഓണാഘോഷത്തിനായി
ഭിലായിൽനിന്ന് അയാൾകുടുംബസമേതം നാട്ടിലേക്ക് വരികയാണ്
തീവണ്ടിയിറങ്ങി ടാക്സിയിൽ വീട്ടിലേക്ക് മടങ്ങുബോൾ അയാൾ മൂകമായിരുന്നു. ഭർത്താവിന്റെ പെട്ടന്നുള്ള ഭാവമാറ്റത്തിൽ സുശീല അത്ഭുതപ്പെട്ടു.
ചേട്ടനിതെന്തുപറ്റി ഒരുമൗനം കുറെ നേരമായി ഞാൻ ശ്രദ്ധിക്കുന്നു. എന്തോ മനസ്സിലുണ്ട്.
ഒന്നുല്ല. നിനക്ക് വെറുതെ തോന്നുന്നതാ.
അയാൾ ചിരിക്കാൻ ശ്രമിച്ചു. ഇതൊന്നുമാരോടും പങ്കു വെക്കേണ്ടതല്ലന്ന് അയാൾക്കറിയാം. വീടെത്താറായി.
ബാഗ്ലൂര് നിന്ന് നീലിമയും കുടുംബവും ചെന്നൈയിൽ നിന്ന് നിരുപമയും കുടുംബവും പതിവ് തെറ്റിക്കാതെ കൈതമറ്റം തറവാട്ടിലേക്ക് ഓണാഘോഷത്തിനായി പുറപ്പെട്ടിട്ടുണ്ട്. കാരണവരായിരുന്ന ശങ്കരൻനായർക്ക് ചില പ്രത്യേകചിട്ടയും ക്രമങ്ങളുമൊക്കെയുണ്ടായിരുന്നു. അതാണ് മൂത്ത മകൻ നാരായണൻ കുട്ടിയിലൂടെ മുറതെറ്റാതെ നടപ്പാവുന്നത്.
തറവാട്ട് മുറ്റത്ത് നാരായൺകുട്ടിയുടെ മകൾ കല്യാണി പൂവിടുന്നത് നോക്കി അമ്മ നടയിലിരുന്നു. അമ്മയുടെ മുഖത്ത് പതിവ് സന്തോഷമില്ല. അത് കണ്ട് നാരായൺകുട്ടി പെട്ടന്ന് മുഖം തിരിച്ചു.ഒരുബലിക്കാക്ക മസ്സിലൂടെ പെട്ടന്ന്പറന്നു പോയി.
ഉച്ചയ്ക്ക് മുമ്പേ ബാംഗ്ലൂര് നിന്നും ചെന്നെയിൽനിന്നുമുള്ളവർ കുട്ടികളുമായെത്തി. പൂമുഖത്ത് വച്ചിട്ടുള്ള ശങ്കരൻ നായരുടെ ചില്ലിട്ട ചിത്രത്തിൽ പെട്ടെന്നൊരു തിളക്കം മിന്നി മാഞ്ഞു. അച്ഛന് സന്തോഷമായി തന്റെ കാലശേഷവുംരക്ത ബന്ധങ്ങൾ കൂടിച്ചേർന്ന് ഒരു നദിയായി ഒഴുകുകയാണ് .
തറവാടിന് ശാഖകൾ പൊട്ടി വളർന്നപ്പോൾ ആദ്യം നാരായൺകുട്ടി ഭിലായിലേക്ക് പറച്ചു നടപ്പെട്ടു. രണ്ട് പെൺ മക്കളേയും കെട്ടിച്ചു വിട്ടപ്പോൾ ഇളയവൻ നീലാംബരനും അച്ഛനുമമ്മയും മാത്രമായി വീട്ടിൽ. അപ്പോൾ ശങ്കരൻ നായർ ഒരു കാര്യം തീർത്തു പറഞ്ഞു.
മുമ്പ് നടന്നതു പോലെ ഓണത്തിനും വിഷുവിനും മക്കളെല്ലാവരും ഈ തറവാട്ട് മുറ്റത്ത് ഒത്തു ചേരണം. ഈ വീടിന്റെ തെക്കിനിയിൽ നിലത്ത് തൂശനില വച്ച് ചമ്രം പടിഞ്ഞിരുന്ന് എല്ലാവരും ഒന്നിച്ച് സദ്യ ഉണ്ണണം.ഈ അടുക്കളയിൽ സദ്യ വേവണം.
ഞാൻ പറയുന്നത് കേൾക്കുന്നുണ്ടല്ലോ എല്ലാവരും.
നാരാണൻകുട്ടീ. നീയല്ലേ മൂത്തത്
എന്നും ഈ കസേരയിൽ ഞാനുണ്ടാവില്ല.അതുകൊണ്ട് ഇക്കാര്യത്തിൽ നീ കണിശം വയ്ക്കണം.
അച്ഛൻ പോയശേഷം ഇത് രണ്ടാമത്തെ ഓണമാണ്.
തറവാട്ടിലെത്തുന്ന വേളകൾ അച്ഛന്റെ ഓർമ്മകളുടെ സാന്നിധ്യമറിയുന്ന ദിവസമായി മാറി. ഓണത്തിന് മാത്രമാണ് അച്ഛൻ അടുക്കളയിൽ കയറുന്നത്.കായ വറക്കുന്നതും പായസം വെയ്ക്കുന്നതും അച്ഛനായിരുന്നു. അച്ഛന്റെ ചാരു കസേര ശൂന്യമായിട്ട് രണ്ടു വർഷമായി.വാത്സല്യത്തിന്റെ കൈത്തഴമ്പ് പതിഞ്ഞ ഊന്നുവടി വെറുതെ ഒന്നു ഓമനിച്ചപ്പോൾ അച്ഛന്റെ ഗന്ധമെന്നിൽ നിറഞ്ഞു. അച്ഛനോടൊപ്പമല്ലാതെ ഉണ്ണുന്ന രണ്ടാമത്തെ ഓണം.
ഈ ചിങ്ങത്തിൽ അമ്മയ്ക്ക് എൺപത്തിരണ്ട് കഴിഞ്ഞു. മ്ലാനമായ ആ മുഖത്തെ ദുഃഖം വായിച്ചെടുക്കാൻ തനിക്കു മാത്രമേ കഴിയൂ. കഴിഞ്ഞ തവണ കാണുമ്പോൾ മുടിയിൽഇത്തിരി കറുപ്പ് ബാക്കിയുണ്ടായിരുന്നു ഇന്ന് അതും കൂടി കാലം നരതീർത്തു.
അനിയത്തിമാർ രണ്ടു പേരും ഉൽസാഹിച്ച് സദ്യ റെഡിയാക്കി. തെക്കിനിയിൽ ഇല വച്ചു.എല്ലാവർക്കും ഒപ്പം അച്ഛനും ഒരില വച്ചു. തൊട്ടടുത്ത് അമ്മയിരുന്നു.ചോറും കറികളും പായസവുംഎല്ലാം വിളമ്പി.എല്ലാവരും ഒന്നിരിച്ചിരുന്ന് ഓണ സദ്യ ഉണ്ടു. അവിയൽ കൊള്ളാം. ആരാ ഉണ്ടാക്കിയത് ? അമ്മ തിരക്കി. സൂ ശീലയേട്ടത്തിയാമ്മേ ? നീലിമ പറഞ്ഞു. ഞാനൂഹിച്ചു. കറികളെല്ലാം നന്നായിട്ടുണ്ട്. .ഇനി എന്റെ മക്കളോടൊപ്പം ഓണമുണ്ണാൻ അടുത്തയാണ്ടിൽ ഞാനുണ്ടാവുമോ ആവോ? അമ്മയുടെ കണ്ണു നിറഞ്ഞു. വെറുതെ സങ്കടപ്പെടാൻ അമ്മയെ കഴിഞ്ഞേ ആളുള്ളു. നിരുപമ അമ്മയെ കളിയാക്കി.
ചിരിച്ചു കളിച്ചു സന്തോഷം പങ്കിടുന്നതിനിടയിൽ പെട്ടന്നൊരു മൂകത.
എന്താമ്മേ ഇത്? ഒരു നല്ല ദിവസായിക്കോണ്ട് ഇത്തരം വർത്താനം ഒന്നും വേണ്ട.നാരായൺകുട്ടി അമ്മയെ ശാസിച്ചു. എല്ലാവരും എഴുന്നേറ്റുകൈ കഴുകി. അമ്മ അച്ഛന്റെ ഇലയും കൂടി എടുത്ത് എഴുന്നേറ്റു.
ഉച്ചതിരിഞ്ഞപ്പോൾ എല്ലാവരും മടക്കയാത്രയുടെ ആലോചന തുടങ്ങി. നീലാംബരൻ എല്ലാവരോടുമായി പറഞ്ഞു. പോകും മുമ്പ് എനിക്കൊരു കാര്യംപറയാനുണ്ട്.
എന്താ ? നാരായൺകുട്ടി തിരക്കി.
ഞാനീ വീടും സ്ഥലവും വിൽക്കുകയാണ്.
ങേ ! വിൽക്കുകയോ? മടക്കിയ ഷർട്ട് കയ്യിൽ പിടിച്ച് നാരായൺകുട്ടി പ്രതിമ കണക്കെ നിന്നു പോയി.
എന്തിന്?
ഒരു പാട് കടമുണ്ട്.ഇതല്ലാതെ വേറെ വഴിയില്ല.നീലാംബരൻ നിസ്സഹായത വെളിപ്പെടുത്തി. വിൽക്കാനൊന്നും പറ്റില്ല. അച്ഛനുറങ്ങുന്ന മണ്ണാണിത് അയാൾ വൈകാരികമായി തിളച്ചു.
ആരും ഒച്ച വെയ്ക്കണ്ട. നീലാംബരൻ ആദ്യമായി ചേട്ടനു നേരേ കയർത്തു.എനിക്കിത് അച്ഛൻ എഴുതിത്തന്ന മണ്ണാണ്. ചേട്ടന്റെ മുഖത്ത് നോക്കിയാണ് അവൻ പറഞ്ഞത് മാത്രമല്ല നീലാംബരന്റെ ശരീര ഭാഷയിൽ നാരായണൻ കുട്ടി ഒന്നു പതറി
നീലാംബരൻ കൊച്ചുകുട്ടിയല്ലന്നും വളർന്ന് പുരുഷനായെന്നും ബോധ്യപ്പെട്ടനിമിഷം. ചേട്ടനീ വസ്തു വാങ്ങിച്ചോ. നീലാംബരൻ ആ സാധ്യതയും ആരാഞ്ഞു. വസ്തു പുറത്തുവിറ്റന്നുള്ള പേരുദോഷം ഒഴിവാക്കാല്ലോ.
ഞാനോ? എന്താ നീലാ നീയിപ്പറയുന്നത് ?
ഞാൻ ഭിലായിൽ സെറ്റിൽഡല്ലേ?മക്കളാരും ഇങ്ങോട്ട് വരില്ല.
കൃഷി കൊണ്ട് ഇക്കാലത്ത് ജീവിക്കാൻ പറ്റില്ല. കൃഷി ചെയ്ത് ചെയ്താ ഞാൻ കടക്കാരനായത്. മറ്റെന്തെങ്കിലും ബിസിനസ്സ് നോക്കണം. അതിന് മുമ്പായി ഈവസ്തു വിൽക്കണം.
ഉപദേശമൊന്നുമല്ല എന്നാലും പറയുവാ നീലിമ പറഞ്ഞു. അമ്മയുടെ കാലം കഴിഞ്ഞു വിറ്റാ പോരേ?
എന്നാ ചേച്ചിയെനിക്കൊരു ഇരുപത്തഞ്ച് ലക്ഷം രൂപ താ.
എന്റെ കയ്യിലെവിടുന്നാ കാശ് ?
എന്നാ വലിയ ഉപദേശവുമായി വരണ്ട.
നീ നിന്റെ ഇഷ്ടംപോലെ ചെയ്യ് . ദേ ഞാൻ പോയേക്കാം.
മക്കളുടെ സംസാരമെല്ലാം കേട്ടുകൊണ്ട് അകത്ത് കട്ടിലിൽ കണ്ണടച്ചു കിടന്ന അമ്മ സങ്കടത്തോടെ പുറത്തു വന്നു ആ കണ്ണുകൾ ചുവന്നു കലങ്ങിയിരുന്നു. അദ്ധ്വാനിച്ചുണ്ടാക്കിയ മണ്ണിൽ ഇന്നൊരവകാശവുമില്ല.
നീലാംബരാ… അമ്മ വിളിച്ചു. നിന്റെ അവസ്ഥ അമ്മയ്ക്കറിയാം. എന്റെ കാലം കഴിഞ്ഞിട്ടു പോരേ വില്പനയൊക്കെ.
എനിക്ക് മനസ്സിലായമ്മേ. അമ്മയെങ്കിലും എന്റെ കൂടെ നിൽക്കുമെന്നു കരുതി.ആർക്കും എന്റെ അവസ്ഥ മനസ്സിലാകുന്നില്ല. അമ്മയ്ക്കു പോലും. നീലാംബരൻ പൊട്ടിത്തെറിച്ചു.
മോനേ!
കടുത്ത വാക്കുകളുടെ മുനയിൽ അമ്മയുടെ അകം നൊന്തുപിടഞ്ഞു.
ഇന്നലെ വരെ കാണാത്ത അകൽച്ച അവരെ തളർത്തി. ഇനി മരണം വരെ ഈ മുറിവ് നീറിക്കൊണ്ടിരിക്കും.
എനിക്ക് മക്കളോട് ഒന്നേ പറയാനുള്ളു. ഈ മണ്ണീന്ന് അമ്മയെ എറക്കി വിടരുത്. അമ്മക്കത് താങ്ങാനാവില്ല.
അന്ന് രാത്രി ഏറെവൈകുവോളം മക്കൾ നാലു പേരും തർക്കങ്ങളും വാക്ക്ഗ്വാദങ്ങളുമായി ഇരുന്നു. ഒരു ബലിക്കാക്ക വീണ്ടും മനസ്സിൽ ചിറകടിച്ചു പറന്നപ്പോൾ നാരായൺകുട്ടി അലറി. ആരും ഇനി ഒരക്ഷരം പോലും മിണ്ടണ്ട.തറവാട് നീപറയുന്ന വിലയ്ക്ക് ഞാൻ വാങ്ങും. പെട്ടന്നൊരു നിശബ്ദത അവിടെ പരന്നു.. നാരായൺകുട്ടിയും അമ്മയുമൊഴികേ ബാക്കിയെല്ലാവരും അവരവരുടെ മാളങ്ങളിലേക്ക് പിൻവലിഞ്ഞു.
പിറ്റേന്ന് വസ്തു പ്രമാണമാക്കി നീലാംബരന് പണം കൊടുത്തു. അപ്പോൾ നാരായൺകുട്ടി പറഞ്ഞു അച്ഛന്റ വാക്കിന് മാറ്റമില്ല. അത് ഇനിയും തുടരും.
കൈതമറ്റം തറവാട്ടിൽ ഒരുയുദ്ധം കഴിഞ്ഞത് പോൽ അംഗങ്ങൾ പരസ്പരം കാണാതെ മുഖം കൊടുക്കാതെ നടന്നു. നാരായൺ കുട്ടി അമ്മയുടെ അടുത്തിരുന്നു.. ആ മാതൃഹൃദയം വല്ലാതെ പൊള്ളിയിരുന്നു. വൈകാതെ എന്തോ സംഭവിക്കുമെന്നൊരു തോന്നൽ മനസ്സിൽ കരട് വീഴ്ത്തി.
അമ്മയ്ക്ക് കാവലിരുന്ന് രാത്രിയിലെപ്പഴോ അയാളുറങ്ങി.പിറ്റേന് എല്ലാവരും ഉണർന്നു. ഒരാളൊഴികെ. നാരായൺകുട്ടി മാത്രം ഉണർന്നില്ല. കൂടെയെത്തിയ ബലിക്കാക്കക്കൊപ്പം ചിറക്കുകൾ ആഞ്ഞു വീശി ഇരുട്ടിലൂടെ അയാൾ ദൂരേക്ക് പറക്കുകയായിരുന്നു.
രാജൻ എൻ കെ: – കോട്ടയം ജിലയിൽ മാഞ്ഞൂർ സ്വദേശി. റിട്ടയേർഡ് പോളിടെക്നിക് അധ്യാപകർ. ഭാര്യ സതികുമാരി റിട്ടയേർഡ് ടീച്ചർ. രണ്ട് പെൺമക്കൾ. ഇപ്പോൾ സൃഷ്ടിപഥം, സർഗ്ഗസൃഷ്ടി , ഭാഷാ മലയാളം സാഹിത്യവേദി , നല്ലെഴുത്ത് തുടങ്ങിയ എഫ്ബി സാഹിത്യ കൂട്ടായ്മകളിൽ കഥകളും കവിതകളുമെഴുതുന്നു. മേൽപ്പറഞ്ഞ ഗ്രൂപ്പുകളിൽ നിന്നും നിരവധി തവണ മികച്ച എഴുത്തുകാർക്കുള്ള ആദരം കിട്ടിയിട്ടുണ്ട്. കൂടാതെ രണ്ട് പുസ്തകങ്ങളിൽ ഭാഗഭാക്കായിട്ടുണ്ട്. പല പൂക്കൾ ഒരു പൂക്കളം .നവതൂലിക പുറത്തിറക്കിയ ഓണക്കവിതാ സമാഹാരത്തിലും മയൂഖം കലാസാഹിത്യവേദി പുറത്തിറക്കിയ കാറ്റാടിക്കാവിലെ തെയ്യം എന്ന കഥാ സമാഹാരത്തിലും . മരുഭൂമിയിലെ പഥികൻ , മഴ നനഞ്ഞ മനസ്സുകൾ തുടങ്ങിയ കഥാസമാഹാരങ്ങൾ പുറത്തിറക്കിയിട്ടുണ്ട് . ഇപ്പോൾ തപസ്യ കലാ സാഹിത്യ വേദി മാഞ്ഞൂർ യൂണിറ്റിന്റെ പ്രസിഡന്റ് സ്ഥാനവും വഹിക്കുന്നു.



ജോസ്‌ന സാബു സെബാസ്റ്റ്യൻ
ഓണം വന്നു മുട്ടുമ്പോൾ…
മനസിന്റെ കോണിലെ ഓണത്തിനിന്നും ചാണകമെഴുതിയ തറയുടെ ഓർമയാണ്. തുമ്പപ്പൂവിന് മണമാണ്… വർഷത്തിലൊരിക്കൽ കിട്ടുന്ന പുടവയുടെ ചൂടും…ഇളനിരയെ ഉണ്ണുന്ന ഓർമകളുടെ പൂക്കളവുമാണ്…
അമ്മയുടെ കൈപ്പുണ്യത്തിൽ പാകമായ ഓണസദ്യയുടെ മണം നാസാഗ്രത്തിൽ നിറയുമ്പോൾ, അച്ഛൻ തന്ന ആദ്യത്തെ ഓണക്കോടിയുടെ മടക്കുകൾ മനസ്സിൽ തെളിയും. ഓണത്തിന് പൂക്കളം ഒരുക്കാൻ അമ്മൂമ്മ പറഞ്ഞുതന്ന പാട്ടുകൾ… തുമ്പ, കൊങ്ങിണി, മുക്കുറ്റി, ചെമ്പരത്തി… ഓരോ പൂവിനും ഓരോ കഥ, ഓരോ ഓർമ.
ഉച്ചയൂണിന് ശേഷം കുടുംബസമേതം തിരുവോണം കാണാൻ ഇരിക്കുമ്പോൾ, ആ മേശയ്ക്ക് ചുറ്റും ഇപ്പോൾ ഒഴിഞ്ഞിരിക്കുന്ന ഇടങ്ങൾ പറയും, അച്ഛൻ ഉണ്ടായിരുന്ന കാലത്തെ ഓണക്കാഴ്ചകൾ, ഓണപ്പാട്ടുകൾ, ഓണത്തല്ലുകൾ. ഒരു പക്ഷേ, ഓണം എന്നത് ഉത്സവമല്ല, മറിച്ച് നമ്മുടെ നഷ്ടപ്പെട്ടുപോയ ബാല്യത്തിലേക്കും ലാളിത്യത്തിലേക്കും ഉള്ള ഒരു മടക്കയാത്രയാണ്.
ഇന്ന് ഓണക്കോടി ഓൺലൈനിൽ വാങ്ങാം, സദ്യ ഹോട്ടലിൽ നിന്ന് ഓർഡർ ചെയ്യാം, പൂക്കളം റെഡിമെയ്ഡ് പൂക്കൾ കൊണ്ട് മെനഞ്ഞെടുക്കാം. പക്ഷേ, ആ ചാണകമെഴുതിയ തറയിലെ തണുപ്പും, തുമ്പപ്പൂവിന്റെ നേർത്ത മണവും, കൈയ്യിൽ കിട്ടിയ പുടവയുടെ ചൂടും, അതെല്ലാം അമ്മയുടെ മടിത്തട്ടിലിരുന്ന് അനുഭവിക്കുന്ന ആ രസവും ഇന്ന് എവിടെ?
ഓണം വന്നു മുട്ടുമ്പോൾ, ഞാൻ അറിയാതെ ഓർമകളുടെ പൂക്കളത്തിലേക്ക് നടക്കും. അവിടെ, നഷ്ടങ്ങൾക്കും ഏകാന്തതകൾക്കും ഇടയിലും, ഒരു മാവേലിത്തമ്പുരാൻ എന്നെ കാത്തിരിക്കുന്നുണ്ട്….ഒരുപക്ഷേ, ആ സ്നേഹത്തിന്റെ മഹാബലി തന്നെയാണ് നമ്മുടെയെല്ലാം ഉള്ളിലെ ശാശ്വതമായ ഓണം.
എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ. മനസ്സിലെ തുമ്പപ്പൂക്കൾ വിരിയുന്ന…സ്നേഹത്തിന്റെ മധുരം നിറയുന്ന ഒരോണമാവട്ടെ എല്ലാവർക്കും…
ജോസ്‌ന സാബു സെബാസ്റ്റ്യൻ : കുട്ടികൾക്ക് നൽകാം ലൈംഗിക പാഠങ്ങൾ എന്ന പുസ്തകത്തിൻറെ രചയിതാവ് .പാലാ മരങ്ങാട്ടുപിള്ളി സ്വദേശിയാണ്. വിവാഹശേഷം യുകെ യിൽ ഭർത്താവും രണ്ടു കുട്ടികളുമൊത്തു കുടുംബസമേധം താമസിക്കുന്നു. വൈക്കം സെന്റ് ലിറ്റിൽ ഫ്‌ളവേഴ്സിൽ , വൈക്കം ശ്രീനാരായണ ഹൈയർ സെക്കണ്ടറി എന്നിവിടങ്ങളിൽ സ്കൂൾ പഠനം . ബാംഗ്ലൂരിൽ നിന്നു അഗ്രികൾചറിൽ ബിരുദം . നഴ്സിംഗ് പഠനതിനുശേഷം യുകെയിൽ കുറേനാൾ ഹെൽത്ത് കെയറിൽ ജോലിചെയ്യുകയും അവിടെനിന്ന് തന്നെ ബിസിനസ് മാനേജ്‌മെന്റിൽ ബിരുദവും എടുത്തു .
ഇന്റെഗ്രേറ്റിവ് ഹോളിസ്റ്റിക് മെഡിസിൻ ആൻഡ് ന്യൂട്രിഷൻ പഠിക്കുകയും നേഴ്സിങ് ഹോമിൽ അസിസ്റ്റന്റ് മാനേജർ ആയും നുട്രീഷനിസ്റ്റ് ആയും പിന്നീട് നാഷണൽ ഹെൽത്ത് സിസ്റ്റത്തിൽ ഡിസ്ചാർജ് സൗകര്യം ഒരുക്കുന്നതിൽ ഏർപ്പെടുകയും ചെയ്തു .



ഐശ്വര്യ ലക്ഷ്മി.എസ്സ്.
വേഗത്തിലോടുന്ന കാലം
തിരക്കിട്ട് കടന്നു
പോകുന്ന മനുഷ്യർ
നടുവിൽ പതിയെ മാത്രം
വളർച്ചയെത്തുന്ന
കുറേ ചെടികളും മണ്ണും
ഇടക്ക് ശ്വസിച്ച് മൺമറയുന്ന
കുറച്ച് അതിഥികൾ
ഇടയിൽ ദേശത്തിൻ്റെ
ജീവരാശി ഒഴുകുന്ന സായാഹ്നങ്ങൾ
നിശ്ചലതയുടെ അജ്ഞതയെ
മറച്ച് പരക്കം പായുന്ന
പക്ഷികൂട്ടങ്ങൾ
മണ്ണിൽ അദൃശ്യമായൊരു
ചിത്രം വരച്ച് തിര
മനോനില തെറ്റിയവയാകട്ടെ
കടൽപ്പാറകളിൽ അലതല്ലുന്നു
അട്ടിമറിക്കാനാവാത്ത
ഒരു വ്യൂഹവുമായി
ആകാശം അവിടെ സന്ധി
സംഭാഷണത്തിലും
സമാധാനത്തിൻ്റെ
സുവിശേഷങ്ങൾക്ക്
കിടപ്പാടം നഷ്ടപ്പെട്ടപ്പോൾ
എല്ലാം പെറുക്കി
മാറാപ്പിലാക്കി
അയാളൊരു യാത്രക്കിറങ്ങി
ഒരോണക്കാലത്തിലേക്ക്
ഐശ്വര്യ ലക്ഷ്മി.എസ്സ്.:- സ്വദേശം പത്തനംതിട്ട ജില്ലയിലെ കുന്നന്താനം. ടി സി എസ്സിൽ സിസ്റ്റം എൻജിനീയർ ആയി ജോലി ചെയ്യുന്നു. മലയാളം യു കെ ഉൾപ്പെടെയുള്ള ആനുകാലികങ്ങളിൽ കവിതകളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പരേതനായ ശശികൈമളുടെ ടെയും ഇന്ദുകുമാരിയുടെയും മകളും തൃശ്ശൂർ കുന്നത്തേരി രഞ്ജിത്തിൻ്റെ ഭാര്യയുമാണ്. ഇമെയിൽ: [email protected]



സെബാസ്റ്റ്യൻ കിളിരൂപ്പറമ്പിൽ
ചെരട്ടക്കുഴിയിൽ ഈനാശുവിനെ ഐസിയുവിൽ നിന്നും റൂമിലേക്ക് മാറ്റി. നിയന്ത്രണങ്ങൾ ഏർപ്പെടുത്തി, സന്ദർശകരെ റൂമിലേക്ക് കടത്തിവിട്ടു. അത്യാവശ്യക്കാർ മാത്രം.
ബാത്ത് റൂമിൽ തെന്നിവീണാണ് അബോധ അവസ്ഥയിലായ നിലയിൽ സ്ഥലത്തെ ഫൈവ് സ്റ്റാർ ഹോസ്പിറ്റൽ ഈനാശുവിനെ പ്രവേശിപ്പിച്ചത് . ഇപ്പോൾ അത്യാവശം സംസാരിക്കാം എന്നായിട്ടുണ്ട്.
മക്കൾ കാനഡ, യൂറോപ്പ്, ഓസ്ട്രേലിയ, തുടങ്ങിയ രാജ്യങ്ങളിൽ വിഹരിക്കുന്നു. ജോലിയുടെ തിരക്കിലായത് കൊണ്ട് നാട്ടിലേക്ക് ഫോണുകൾ മാത്രം.
ഏറ്റവും ഇളയപുത്രൻ ഐ വി ജോസ് നാട്ടിൽ തന്നെ ബാങ്കിൽ വർക്ക് ചെയ്യുന്നു. ഇപ്പോൾ കൂടെയുള്ളതും ജോസ് മാത്രം. 85 കഴിഞ്ഞ ഈനാശുവിൻറെ ആഗ്രഹപ്രകാരം വികാരിയച്ചൻ മുമ്പിലത്തെ ഒപ്പ്രുശുമാ കൊടുക്കുവാൻ എത്തിച്ചേർന്നു.
“ ഇപ്പോൾ കുഴപ്പമൊന്നും ഇല്ലെങ്കിലും ഒരു മുൻകരുതൽ എന്ന നിലയ്ക്ക് അച്ഛനെ വരുത്തിയുള്ളൂ”….. ഐ വി ജോസ് കൂപ്പുകരങ്ങളോടെ. വിനയപൂർവ്വം അച്ഛനെ തെര്യപ്പെടുത്തി
ഫ്ലാസ്‌കുമായി അച്ഛന് ചായ വാങ്ങുവാൻ ജോസ് പുറത്തേക്കിറങ്ങിയപ്പോൾ ഈനാശു അച്ഛന് മുൻപിൽ മനസ്സ് തുറന്നു.
“ ഈനാശുവേട്ടന് എന്തെങ്കിലും അഭിലാഷങ്ങൾ അറിയിക്കുവാൻ ഉണ്ടോ” ? അച്ഛൻ … ഉദ്വേഗപൂർവ്വം… ഈനാശുവിനെ നോക്കി
ഉണ്ട് …..ഉണ്ടച്ചോ , റോഡിനോട് ചേർന്നുള്ള വസ്തുവിൽ നിന്നും
അനാഥാലയത്തിലേക്ക് ഒരു 10 സെൻറ്.
ഫ്ലാസ്കിൽ ചായയുമായി കയറിവന്ന ഐ വി ജോസിന് അപ്പൻറെ ഡയലോഗിലെ വശപ്പിശക് മനസ്സിലായി.
ഇടയ്ക്കു കയറി അച്ഛനോട് ആയി അതീവ ഗൗരവത്തിൽ പറഞ്ഞു “പേഷ്യൻസിനോട് അധികം സംസാരിക്കരുതെന്ന് ഡോക്ടർ പറഞ്ഞിട്ടുണ്ട്.
വികാരിയച്ചൻ കുന്തമുനയിൽ അറിയാതെ ഇരുന്നതുപോലെ ചാടി എഴുന്നേറ്റു
സെബാസ്റ്റ്യൻ കിളിരൂർ പറമ്പിൽ:- കോട്ടയം ജില്ലയിൽ പൊൻകുന്നം കിളിരൂർ പറമ്പിൽ അപ്പച്ചൻറെയും ത്രേസ്യാമ്മയുടെയും മകൻ. സ്കൂൾ വിദ്യാഭ്യാസത്തിനുശേഷം കറുകച്ചാൽ ഐ പി ആർട്സ് കോളേജിൽ ചിത്രകല പഠനം. 27 വർഷത്തെ അധ്യാപക സേവനത്തിനുശേഷം വിരമിച്ചു. അതിനുശേഷം വിവിധ സ്കൂളുകളിൽ സേവനമനുഷ്ഠിച്ചു ഹാസ്യകഥക്കുള്ള ഉത്തരമേഖല കമ്മറ്റി അവാർഡ് അധ്യാപക കലാവേദി പുരസ്കാരം സ്കൂൾ മേളകൾക്ക് ലോഗോകൾ രൂപകല്പന ചെയ്തതിനുള്ള നിരവധി അവാർഡുകൾ ഇവ കരസ്ഥമാക്കി കഥകൾ വിവിധ എഫ് എം റേഡിയോകളിൽ പ്രക്ഷേപണം ചെയ്തിട്ടുണ്ട് വരയും എഴുത്തും സജീവമായി നടക്കുന്നു . പരസ്പരം ഓൺലൈൻ കഥ അവതരണത്തിൽ എല്ലാ മാസവും പങ്കെടുക്കുന്നു .
വയ്യാവേലി, പലവക, അന്തോണിചരിതം, ന്യൂജൻ കഥകൾ, എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു.
ഭാര്യ ലിസമ്മ (റിട്ടയർ അധ്യാപിക) മക്കൾ ലിസ്ന (അധ്യാപിക) അജയ് (അധ്യാപകൻ)
ഫോൺ നമ്പർ 8075413963



ശ്രീനാഥ് സദാനന്ദൻ
കാണാതായ ഒരു പുസ്തകം സ്റ്റാഫ് റൂമിൽ അന്വേഷിക്കുന്നതിനിടെയാണ് കഴിഞ്ഞ വർഷത്തെ കുട്ടികൾ തിരിച്ചു വാങ്ങാത്ത അസൈൻമെന്റ് പേപ്പറുകൾ ശ്രദ്ധയിൽപ്പെട്ടത്, അതിൽ ഏറ്റവും മുകളിൽ ഇരുന്ന അസൈന്മെന്റിലെ പേര് സുറുമി നസീം. ആ പേര് കണ്ടപ്പോൾ ഉള്ളിൽ ഒരു ഞെട്ടൽ.. കാരണം സുറുമി ഇന്നില്ല. അവൾ ഇന്ന് ഓർമ്മ മാത്രമാണ്.
വെറുമൊരു താളിൽ കുറിക്കുന്ന ഓർമ്മക്കുറിപ്പിന് അപ്പുറം , പലരുടെയും പിടിവാശിക്ക് മുൻപിൽ നിസഹായനായി നിൽക്കേണ്ടി അനുഭവമാണ് പങ്കുവയ്ക്കാനുള്ളത്. ഇന്നോ നാളെയോ അടച്ചു പൂട്ടിയേക്കാവുന്ന ഒരു പാരലൽ കോളേജിലെ അദ്ധ്യാപകനാണ് ഞാൻ. എന്റെ കോളേജിൽ, പ്ലസ് ടു രണ്ടാം വർഷമാണ് സുറുമി വന്നുചേർന്നത്, ഹ്യൂമാനിറ്റീസ് വിദ്യാർത്ഥിനി. ഒന്നാം വർഷം പഠിച്ചത് ആലപ്പുഴയിലാണ്. അസാമാന്യ ബുദ്ധിസാമർത്ഥ്യം ഉള്ള കുട്ടി, പുസ്തകങ്ങൾ പലതും വാങ്ങിച്ചിട്ടില്ലെങ്കിലും, അധ്യാപകർ പറയുന്ന കാര്യങ്ങൾ ഒരു തവണ കേട്ടാൽ ഓർത്തുവയ്ക്കാൻ കഴിയും വിധം അവൾ സമർത്ഥയായിരുന്നു. മിടുക്കി എന്ന വിശേഷണം ഏതാനും ദിവസങ്ങൾ കൊണ്ട് അവൾ നേടിയെടുത്തു. എല്ലാ അധ്യാപകർക്കും അവളെ കുറിച്ച് നല്ല അഭിപ്രായം.
പെട്ടെന്നൊരു ദിവസം കാര്യങ്ങളെല്ലാം മാറിമറിഞ്ഞു, സുറുമിയുടെ ഉമ്മ കോളേജിൽ വന്ന് ടീച്ചേഴ്സിനെ കണ്ടു. അവൾക്ക് അവരുടെ നാട്ടിൽ ഉള്ള ഒരു പയ്യനുമായി പ്രേമം ഉണ്ട് എന്നും അവനെ ഒഴിവാക്കാൻ വേണ്ടിയാണ് ആലപ്പുഴയിൽ നിന്നും അവർ കോട്ടയത്തേക്ക് മാറി താമസിച്ചത് എന്നും അവർ പറഞ്ഞു. പക്ഷേ അവൻ ഇവിടെയും എത്തി. അവളെന്തെങ്കിലും എടുത്തുചാട്ടം കാട്ടിയേക്കും എന്ന ഭയമായിരുന്നു ആ സ്ത്രീയ്ക്ക്. ആ പയ്യന് പതിനേഴു വയസ്സ്..സുറുമിക്ക് പതിനെട്ടും. മാത്രമല്ല, അവൻ മറ്റൊരു സമുദായത്തിൽ നിന്നുള്ള പയ്യനുമാണ് . പലവിധത്തിലും ഈ ബന്ധം ഇല്ലാതാക്കാൻ അവർ ശ്രമിച്ചു, അനുനയം, ഭീഷണി എല്ലാം പ്രയോഗിച്ചു. പക്ഷേ ആ ബന്ധം ഇപ്പോഴും തുടരുന്നു എന്ന് ഉമ്മ പറഞ്ഞു. കോളേജിൽ നിന്ന് തിരിച്ചു പോകുമ്പോൾ അവൾ അവനെ കാണുന്നുണ്ട്, കഴിഞ്ഞ ദിവസം രണ്ടു മണിക്ക് ക്ലാസ് കഴിഞ്ഞശേഷം അഞ്ചുമണിക്കാണ് അവൾ വീട്ടിലെത്തിയത് എന്നും ഉമ്മ കൂട്ടിച്ചേർത്തു. കോളേജിന് പുറത്ത് കുട്ടികൾ എന്താണ് ചെയ്യുന്നത് എന്ന് തിരക്കാൻ ഞങ്ങൾക്ക് സാധിക്കില്ല എന്ന് പറഞ്ഞ് പ്രിൻസിപ്പൽ കൈയ്യൊഴിഞ്ഞു.
വിദ്യാർത്ഥികൾ കുറവായതു കൊണ്ടും അവരെയൊക്കെ വ്യക്തിപരമായി കൂടുതൽ അടുത്തറിയുന്നതു കൊണ്ടും ടീച്ചേഴ്സ് അവരുടെ കാര്യങ്ങളിൽ കൂടുതൽ ഇടപെട്ടിരുന്നു. അതുകൊണ്ടുതന്നെ അടുത്തദിവസം മുതൽ ടീച്ചേഴ്സിന്റെ മനോഭാവം പൂർണമായി മാറി. എന്തോ വലിയ പാപം ചെയ്തവൾ എന്ന രീതിയിൽ അവളെക്കുറിച്ച് സ്റ്റാഫ് റൂമിൽ സംസാരിക്കാൻ തുടങ്ങി. എല്ലാവർക്കും പ്രിയങ്കരനായ പ്യൂൺ അവളെ കുറിച്ച് അശ്ലീല തമാശകൾ പറഞ്ഞു ടീച്ചേഴ്സിനെ ചിരിപ്പിക്കാൻ തുടങ്ങി. എനിക്ക് മാത്രം ഇതിൽ ഒന്നും രസം കണ്ടെത്താനോ അവളെ വെറുക്കാനോ തോന്നിയില്ല. ഞാൻ സോഷ്യോളജി ആണ് പഠിപ്പിക്കുന്നത്. ഒരു നല്ല വിദ്യാർത്ഥി എന്ന നിലയിൽ അവൾ ഞാൻ പഠിപ്പിക്കുന്നത് പഠിക്കുന്നുണ്ട്, ചെയ്യേണ്ട കാര്യങ്ങൾ ചെയ്തു കൊണ്ടു വരുന്നുണ്ട്. ഞാൻ അത് മാത്രം ശ്രദ്ധിച്ചു. അതുകൊണ്ട് അവൾ പിന്നീട് എന്നോട് മാത്രം അല്പം കൂടുതൽ അടുപ്പം കാണിച്ചു. പെൻ കളക്ഷൻ അവളുടെ ഹോബിയാണെന്നും, സാർ എഴുതിത്തീർത്ത പേനകൾ തരണമെന്നും അവൾ എന്നോട് പറഞ്ഞു. അവൾ എന്നോട് കൂടുതൽ താല്പര്യം കാണിക്കുന്നു എന്ന പേരിൽ വഷളൻ തമാശകൾ സ്റ്റാഫ് റൂമിൽ ഉയർന്നപ്പോൾ ടീച്ചേഴ്സിനോട് ഞാൻ കലഹിച്ചു.
ഇടയ്ക്ക് വീണ്ടും അവളുടെ ഉമ്മ വന്നു, അവൾ വീട്ടിൽ വഴക്ക് ആണത്രേ, ഉമ്മ വളരെ രഹസ്യമായി അവളെ പിന്തുടരുന്നുണ്ട്. അവൾക്ക് അത് മനസ്സിലായി, അതിന്റെ പേരിൽ ഉമ്മയോടും ബാപ്പയോടും അവൾ മിണ്ടാതിരിക്കുകയാണ്. ഞാൻ പറയുന്നത് പൂർണമായും ഉൾക്കൊള്ളാൻ കഴിയുന്ന രേവതി ടീച്ചറോട് ഞാൻ സംസാരിച്ചു, ടീച്ചർ അവളോട് സംസാരിച്ചു കൊള്ളാം എന്ന് എനിക്ക് ഉറപ്പുനൽകി.
അടുത്ത ദിവസം രാവിലെ സുറുമി വന്നത് ക്ലാസ് തുടങ്ങി പത്തു മിനിറ്റ് കഴിഞ്ഞപ്പോഴാണ്, ഇക്കാര്യം അറിഞ്ഞ പ്രിൻസിപ്പാൾ ക്ലാസിൽ വന്ന് അവളോട് ദേഷ്യപ്പെട്ടു. ഒരു മണിക്കൂർ മുമ്പ് അവൾ ക്ലാസ്സിൽ വന്നിട്ട് പോയതാണ് എന്ന് കോളേജിലെ ഒരു സ്റ്റാഫ് അവിടെ ആരോടോ പറഞ്ഞതാണ് ഇതിനു കാരണം. ഞാൻ മറ്റു കുട്ടികളോട് കാര്യം ചോദിച്ചു, ആ സമയത്ത് അവൾ വന്നിട്ടില്ലായിരുന്നു എന്ന് ആ കുട്ടികൾ പറഞ്ഞു. വഴിപ്പണി നടക്കുന്നത് കാരണം ബസ്സ് ലേറ്റ് ആകും എന്ന് അവളും അതേ റൂട്ടിൽ വരുന്ന മറ്റു കുട്ടികളും പറഞ്ഞിരുന്ന കാര്യം ടീച്ചേഴ്സ് സൗകര്യപൂർവം മറന്നു കളഞ്ഞു. പ്രിൻസിപ്പാൾ അവളെ ചോദ്യം ചെയ്തപ്പോൾ, ഞാൻ അവൾക്കു വേണ്ടി ശബ്ദിച്ചു, അവളെ പറഞ്ഞു വീട്ടിൽ വിടാൻ തുടങ്ങിയപ്പോൾ, താമസിച്ചു വരുന്ന എല്ലാ കുട്ടികൾക്കും ഈ നിയമം ബാധകമല്ലേ എന്ന് ഞാൻ ചോദിച്ചു, പക്ഷേ പ്രിൻസിപ്പാളിന്റെ ശബ്ദം ജയിച്ചു. അവളെ അന്ന് വീട്ടിൽ പറഞ്ഞുവിട്ടു.
അടുത്ത ദിവസം അവളുടെ ഉമ്മ കോളേജിൽ എത്തി, അവരുടെ മകൾ കോളേജിന് ചീത്തപ്പേര് വരുത്തും ഇനിയും ഇവിടെ തുടരാൻ അനുവദിക്കില്ല എന്ന് പ്രിൻസിപ്പാൾ ഉമ്മയോട് പറഞ്ഞു. ഉമ്മാ കൂടുതലൊന്നും പറഞ്ഞില്ല. അവർ സ്റ്റാഫ് റൂമിൽ വന്നു. സോഷ്യോളജി സാറിന്റെ പുസ്തകം വാങ്ങിക്കണം എന്ന് സുറുമി ഓർമിപ്പിച്ച കാര്യം എന്നോട് പറഞ്ഞു. പുസ്തകം വാങ്ങിച്ചില്ലെങ്കിലും അവൾ പരീക്ഷയിൽ ജയിക്കും എന്ന് എനിക്ക് ഉറപ്പായിരുന്നു. നിസ്സഹായയായ ഉമ്മ നിറകണ്ണുകളോടെ ഇറങ്ങിപ്പോയി. അവളെ തിരുത്താം എന്ന് രേവതി ടീച്ചറിന് ഉറപ്പുണ്ടായിരുന്നു. ഇനി അതിന് സാധിക്കില്ലല്ലോ.
കഴിഞ്ഞ മാർച്ച് മാസം പന്ത്രണ്ടാം തീയതി വൈകുന്നേരം നാലുമണി ആയപ്പോൾ, ടീച്ചേഴ്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിലേക്ക് ഒരു ടീച്ചർ മെസ്സേജ് അയച്ചു. നമ്മുടെ കോളേജിൽ പഠിക്കുന്ന സുറുമി എന്ന കുട്ടി മരിച്ചു എന്ന് ഒരു വാർത്ത കേട്ടു, അത് ശരിയാണോ എന്ന്. ഞാനൊന്ന് ഞെട്ടി. അധികം വൈകാതെ തന്നെ മറ്റ് കുട്ടികളിൽ നിന്ന് ആ വാർത്ത സത്യമാണെന്ന് അറിഞ്ഞു. കുറച്ചുദിവസം മുമ്പ് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയതാണ്. ഏതാനും ദിവസം ആശുപത്രിയിൽ കിടന്നു. അന്നാണ് മരണം സംഭവിച്ചത്. എനിക്ക് വല്ലാത്ത ഒരു കുറ്റബോധം തോന്നി. അവളെ തിരുത്താമായിരുന്നു. പക്ഷേ പലരുടെയും തിടുക്കം..
തെറ്റായ തീരുമാനം..
സുറുമി യാത്രയായി.
പരസ്യങ്ങളെ കുറിച്ചുള്ള ആ അസൈൻമെന്റ് ഞാൻ കൈയിലെടുത്തു. ഡിഗ്രിക്കാലത്തെ ചങ്ങാതിമാരുടെ കുറിപ്പ് ഉള്ള ഡയറിയിൽ ദേവിക എന്ന കുട്ടി ആശംസ എഴുതിയ പേജിൽ അത് ഞാൻ വെച്ചു. ദേവികയും ഇന്നില്ല. എന്റെ അനിയത്തി കുട്ടിയെ പോലെയായിരുന്നു അവൾ. എന്റെ ജൂനിയർ. അപ്രതീക്ഷിതമായിരുന്നു അവളുടെയും വേർപാട്. ഓട്ടോറിക്ഷ ഓടിക്കാൻ പഠിക്കുമ്പോൾ അപകടം സംഭവിച്ച് മരിക്കുകയായിരുന്നു.
ഡയറി മടക്കി വച്ച ശേഷം ഞാൻ ഒരു ദീർഘനിശ്വാസം എടുത്തു. പലതും ബാക്കിവെച്ച് മടങ്ങിയ രണ്ടുപേരുടെ ഓർമ്മകൾ..ഞാനാ ഡയറി ഷെൽഫിലേക്ക് തിരികെവെച്ചു. കാണാതായ പുസ്തകം വീണ്ടും തിരയാൻ ആരംഭിച്ചു.
ശ്രീനാഥ് സദാനന്ദൻ:- എം ജി യൂണിവേഴ്‌സിറ്റിയിലെ സ്കൂൾ ഓഫ് ലെറ്റേഴ്സിൽ നിന്നും മലയാളത്തിൽ MA, M Phil ബിരുദങ്ങൾ നേടി. കോട്ടയം കോ -ഓപ്പറേറ്റീവ് കോളേജിലെ മലയാളം അധ്യാപകനാണ്. സീരിയൽ, സിനിമ മൊഴിമാറ്റ രംഗത്ത് സജീവമാണ്. ഇപ്പോൾ ഗ്രന്ഥപ്പുര വെബ്സൈറ്റിന്റെ ഡിജിറ്റൈസേഷന്റെ ഭാഗമായി പ്രവർത്തിക്കുന്നു.



രാജു കാഞ്ഞിരങ്ങാട്
ചിങ്ങക്കാറ്റിൻ ചിറകേറി
ഓണവന്നു ചിരിതൂകി
തുമ്പപ്പൂവും കാക്കപ്പൂവും
പൂത്തു വിടർന്നു പുലർകാലെ.
പാടത്തല്ലാം പൊന്നു വിളഞ്ഞു
പച്ച പുതച്ചു കാടുകളും
മഞ്ഞിൽ ഓണക്കോടിയുടുത്ത്
ഒരുങ്ങി നിൽപ്പൂ മേടുകളും
മാബലിമന്നൻ വരുംനാളിൽ
വാനം ചാർത്തി തോരണങ്ങൾ,
തുമ്പികൾ തമ്പുരു മീട്ടുമ്പോൾ
ഉയർന്നു ഹ്ലാദവും പാട്ടുകളും.
പൂക്കളമെങ്ങും കുരവകളും
മാബലി മന്നൻ വരവായി
സത്യം,സ്നേഹം, സാഹോദര്യം
ഓണം സർവ്വവുമൊന്നാക്കുന്നു
രാജു.കാഞ്ഞിരങ്ങാട് : സ്ഥലം :- കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിലുള്ള കാഞ്ഞിരങ്ങാട്.
ആനുകാലികങ്ങളിൽ എഴുതാറുണ്ട്
ആകാശവാണിയിൽ കഥ, കവിത അവതരിപ്പിക്കാറുണ്ട്
ടി.എസ്.തിരുമുമ്പ് അവാർഡ് 2019,
ജോമോൻ സ്മാരക സാഹിത്യ പുരസ്കാരം 2020
കർഷക തൊഴിലാളി ദേശീയ സമ്മേളന സംസ്ഥാന തല രചനാ മത്സരത്തിൽ കവിതയ്ക്ക് ഒന്നാം സ്ഥാനം (03. 01.2020)
തുളുനാട് മാസിക പുരസ്കാരം, ചിലങ്കം മാസിക ജനപ്രിയ പുരസ്കാരം, മലയാള രശ്മി മാസിക പുരസ്കാരം,കണ്ണൂർ നർമ്മവേദി പുരസ്കാരം, ചിലങ്ക സാംസ്കാരിക വേദി പുരസ്കാരം, യുവ ആർട്സ് ജില്ലാതല പുരസ്കാരം, പാലക്കാട് സൃഷ്ടികവിതാ പ്രത്യേക ജൂറി പുരസ്കാരം, KCEU
കണ്ണൂർ ജില്ലാതല കവിതാ പുരസ്കാരം, വിരൽ മാസിക പുരസ്കാരങ്ങൾ ( 2018, 2019) തിരുവനന്തപുരം (കലാലയ കൂട്ടായ്മ പുരസ്കാരം 20l 8, വാലെന്റൈൻ പുരസ്കാരം 2019, സ്പെഷ്യൽ അവാർഡ് ) ,കണ്ണൂർ ടാലൻ്റ് പുരസ്കാരം (ഒക്ടോബർ 2021), കേരള വാർത്താപത്രം (നീർമാതളം ) കവിത പ്രത്യേക ജൂറി പുരസ്കാരം (2022),പായൽബുക്സ് പുരസ്കാരം,
കേരള വാട്ടർ അതോറിറ്റി തെളിനീർ ട്രസ്റ്റ് സംസ്ഥാന തല കവിതാ പുരസ്കാരം (2023), മലയാള കാവ്യസാഹിതി ജില്ലാതല പുരസ്കാരം, കേരളം ഗ്രൂപ്പ് (2024) മികച്ച എഴുത്തുകാരനുള്ള കവിത
പുരസ്കാരം കൂടാതെ നിരവധി പുരസ് കാരങ്ങളും ലഭിച്ചിട്ടുണ്ട്
പ്രസിദ്ധീകരിച്ച പുസ്തകൾ:-
1, ആസുരകാലത്തോടുള്ളവിലാപം
2 ,കാൾ മാർക്സിന്
3, കണിക്കൊന്ന (ബാലസാഹിത്യം )
4. ഒരു സ്ത്രീയും പറയാത്തത് എന്നീ കവി
താ സമാഹാരങ്ങളും
5, ഉമ്പാച്ചി (കഥകൾ)
‘ബാനത്തെ വിശേഷങ്ങൾ’എന്ന നോവൽ മലയാള
രശ്മി മാസികയിലും, അക്ഷരദീപം മാസികയിലും ഖണ്ഡശ്ശ: പ്രസിദ്ധീകരിച്ചു
വിലാസം
രാജു.കാഞ്ഞിരങ്ങാട്
ചെനയന്നൂർ
കാഞ്ഞിരങ്ങാട് പി.ഒ
കരിമ്പം. വഴി
തളിപ്പറമ്പ് – 670 142
കണ്ണൂർ – ജില്ല
കേരള
ഫോൺ :- 9495458138
Email – [email protected]


