ശ്രീകുമാരി അശോകൻ
ഓണനിലാവേ പൂനിലാവേ
ഓടിയെത്തി എൻ വനികയിൽ നീ
ഓർമ്മകൾ താലോലമാട്ടുന്നു പിന്നെയും
ഓണക്കതിരൊളി ചിന്നിടുന്നു.
ഓർമ്മതൻ ചില്ലയിൽ ഊഞ്ഞാലുകെട്ടുന്നു
ഓടിക്കളിക്കുന്നു ബാല്യകാലം
ഓണത്തപ്പന് പൂക്കളം തീർക്കുവാൻ
ഓടിത്തളർന്നില്ലേ നമ്മളെല്ലാം
ഓരോ തൊടിയിലും പാറിയില്ലേ നാം.
ഓണത്തുമ്പിയായ് പൂത്തുമ്പികളായ്
ഓണപാട്ടുകൾ പാടിനടന്നൊരാ
ഓർമ്മകൾ ഇന്നുമെൻ മനം നിറയ്ക്കേ
ഓരാതിരിക്കുവതെങ്ങനെ നിന്നെ ഞാൻ
ഓർമ്മകൾ പൂക്കുമീ ഓണനാളിൽ
ഓണക്കിനാവുകൾ നൂറു വർണ്ണങ്ങളായ്
ഓടിയണയുന്നെൻ ഇടനെഞ്ചിലായ്
ശ്രീകുമാരി അശോകൻ:- കൊല്ലം ജില്ലയിലെ തൊടിയൂർ ഗ്രാമത്തിൽ താമസം. പാവുമ്പ ശ്രീനാരായണ പബ്ലിക് സ്കൂളിൽ മലയാളം അധ്യാപികയാണ്. നിരവധി കവിതകൾ ആനുകാലികങ്ങളിലും മാസികകളിലും വന്നിട്ടുണ്ട്.
നവഭാവന ചാരിറ്റബിൾ ട്രസ്റ്റിന്റെ കാവാലം നാരായണപ്പണിക്കർ അവാർഡ് (മികച്ച കവിത ), സമന്വയം സാംസ്കാരിക സമിതിയുടെ കാവ്യപ്രഭ പുരസ്കാരം, മലയാള കാവ്യസാഹിതിയുടെ മികച്ച കവിതയ്ക്കുള്ള പുരസ്‌ക്കാരം വാട്ടർ അതോറിറ്റിയുടെ മികച്ച കവിതയ്ക്കുള്ള തെളിനീർ 2022 അവാർഡ് തുടങ്ങിയ അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.ആദ്യ കവിതാ സമാഹാരം:കാവ്യ കലികകൾ.
ഭർത്താവ് :തൊടിയൂർ അശോകൻ (ഭാഗവത യജ്ഞാചാര്യൻ ).
മക്കൾ :അമൽ k. അശോക്, അതുൽ. K. അശോക്.
മൊബൈൽ : 9961265314



ബിനോയ് എം. ജെ.
സങ്കല്പത്തിലെ ഓണം വളരെയധികം മാധുര്യം ഉള്ളതാണ്. അതിനുവേണ്ടിയുള്ള തയ്യാറെടുപ്പുകൾ ജീവിതത്തിന് എന്തോ അർത്ഥം പകരുന്നത് പോലെ. എന്നാൽ ഓണം വന്നുചേരുമ്പോൾ വിരസതയും കൂട്ടത്തിൽ വന്നുചേരുന്നു. ഇതാണോ ഓണം? സങ്കല്പവും യാഥാർത്ഥ്യവും തമ്മിലുള്ള ഈ സംഘടനത്തിൽ നാം വഞ്ചിതരാകുകയാണോ? എല്ലാവരും പറയുന്നു -യാഥാർത്ഥ്യമാണ് സങ്കല്പത്തെക്കാൾ വലുത് എന്ന്. അല്ലെങ്കിൽ സങ്കല്പം യാഥാർത്ഥ്യത്തിന് വേണ്ടിയാണ്. യാഥാർത്ഥ്യമായി മാറുവാൻ സാധ്യതയില്ലാത്ത കാര്യങ്ങളെക്കുറിച്ച് സങ്കൽപ്പിക്കുവാൻ പോലും മനുഷ്യന് മടിയാണ്. അത്തരം സങ്കൽപ്പങ്ങൾ പാഴ്വേലയായി നാം എണ്ണുന്നു. ദിവാസ്വപ്നങ്ങൾ കാണുവാൻ പോലും മനുഷ്യനു മടിയും ഭയവുമാണ്. അവയെങ്ങാനും സാധിക്കാതെ പോയാലോ?
മനുഷ്യന് നീണ്ട പരിണാമത്തിലൂടെ കിട്ടിയ അത്ഭുതകരമായ ഒരു കഴിവാണ് സങ്കൽപ്പിക്കുവാനുള്ള കഴിവ്. എന്നാൽ ഭയം മൂലം നാമീകഴിവിനെ ഒട്ടും തന്നെ വിനിയോഗിക്കാതെ ഇരിക്കുന്നു. മനുഷ്യന്റെ സാംസ്കാരിക ചരിത്രം പരിശോധിച്ചാൽ തുടക്കം മുതലേ തന്നെ അവൻ ഈ കഴിവിനെ നിരുത്സാഹപ്പെടുത്തുന്നതായി കാണാം. ഇതാണ് മനുഷ്യന്റെ എല്ലാ പ്രശ്നങ്ങളുടെയും കാരണം. സങ്കല്പം മധുരമാണ്. അനന്ത സത്തയുടെ വിഹായുസ്സിൽ പറന്നുയരുവാനുള്ള ചിറകുകളാണ് സങ്കല്പം. അത് ഉപയോഗിക്കാത്തവർക്ക് പറന്നുയരുവാൻ ആകില്ല. നാം ആരും ഈ കഴിവിനെ ഉപയോഗിക്കുന്നില്ല എന്നതാണ് നമ്മുടെ എല്ലാ പ്രശ്നങ്ങളുടെയും കാരണം.
സങ്കല്പമില്ലാത്ത മനുഷ്യൻ ചിറകുകൾ ഇല്ലാത്ത ശലഭങ്ങളെ പോലെയാണ്. സങ്കല്പ ശക്തിക്ക് അല്പമെങ്കിലും ജോലി കൊടുത്തിട്ടുള്ളവരാണ് മാനവസംസ്കാരത്തിന് വലിയ സംഭാവനകൾ നൽകിയിട്ടുള്ളത്. അവർ പ്രതിഭാശാലികളാണ്. സങ്കല്പത്തെ തുറന്നു വിടുമ്പോൾ മനുഷ്യന്റെ കഴിവുകൾ അനാവരണം ചെയ്യപ്പെടുന്നു. മനുഷ്യന്റെ ഉള്ളിൽ വസിക്കുന്ന ഈശ്വരനോട് ഏറ്റവും അടുത്തുകിടക്കുന്ന മാനസികമായ കഴിവാണ് സങ്കല്പം. ഉയർന്ന് സങ്കൽപ്പിക്കുമ്പോൾ നാം ഈശ്വരനോട് കൂടുതൽ അടുക്കുന്നു. സങ്കൽപ്പത്തിന് മധുരം കൊടുക്കുന്നത് ഈശ്വരനോടുള്ള ഈ സഹവാസം തന്നെയാണ്. അതിനാൽ തന്നെ ഈശ്വരനിൽ ലയിക്കുവാനുള്ള ഏറ്റവും നല്ല മാർഗവും സങ്കല്പത്തിലൂടെ യാത്ര ചെയ്യുന്നതാകുന്നു.
സങ്കല്പം യാഥാർത്ഥ്യത്തിന് വേണ്ടിയല്ല മറിച്ച് യാഥാർത്ഥ്യം സങ്കൽപ്പത്തിന് വേണ്ടിയാണ്. നാം യാഥാർത്ഥ്യത്തിൽ വസിക്കുമ്പോൾ നമ്മുടെ ചുറ്റുപാടും ധാരാളം പരിമിതികളും കുറവുകളും കാണുവാൻ കഴിയുന്നു. അവ നമ്മെ അസ്വസ്ഥരാക്കുന്നുമുണ്ടാവും. ആ പരിമിതകൾക്ക് നടുവിൽ നിഷ്ക്രിയരായി ജീവിക്കുന്നത് അത്ര ശാസ്ത്രിയമായ കാര്യമല്ല. എന്നാൽ ഭാവനയുടെ അഭാവത്തിൽ നിങ്ങൾക്ക് അവ എങ്ങനെ പരിഹരിക്കുവാൻ ആകും? അതോടൊപ്പം സങ്കല്പം തന്നെ യാഥാർത്ഥ്യത്തിനുള്ള പ്രതിവിധിയും പരിഹാരവുമാണ്. സങ്കല്പം മധുരവും സുന്ദരവും ആണെന്ന് പറഞ്ഞു കഴിഞ്ഞു. അതിന് ഈ മാധുര്യവും സൗന്ദര്യവും എവിടെ നിന്ന് കിട്ടി? നിങ്ങൾ മനസ്സിൽ സുന്ദരമായ ഒരു പുഷ്പത്തെ സങ്കൽപ്പിക്കുക. സൗന്ദര്യത്തിന്റെ കാര്യത്തിൽ അത് പരിപൂർണ്ണമാണ്. അത്തരം ഒരു പുഷ്പത്തെ യാഥാർത്ഥ്യത്തിന്റെ ലോകത്തിൽ നിങ്ങൾക്ക് കാണുവാൻ കഴിയുമോ? ഒരിക്കലുമില്ല. കാരണം സങ്കല്പം പൂർണതയോട് കൂടുതൽ അടുത്തു കിടക്കുന്നു. ബാഹ്യ യാഥാർത്ഥ്യം സത്യത്തിൽ നിന്നും അകലെയാണ്.
ബാഹ്യ ലോകത്തെ യാഥാർത്ഥ്യം എന്ന് വിളിക്കുന്ന ഒരു സംസ്കാരം ആണല്ലോ നമ്മുടേത്. എന്നാൽ ഈ ബാഹ്യലോകം യാഥാർത്ഥ്യമല്ല. അത് മായയാണ്. അതിനാൽ തന്നെ ബാഹ്യലോകത്തെ യാഥാർത്ഥ്യമായി കരുതുന്നവർ മായാ ബന്ധനത്തിലാണ്. ഈ മായാ ബന്ധനമാണ് മനുഷ്യന്റെ എല്ലാ പ്രശ്നങ്ങളുടെയും കാരണം. ബാഹ്യ യാഥാർത്ഥ്യം എന്ന മായ നമ്മുടെ നിയന്ത്രണത്തിൽ അല്ല. എന്നാൽ ഭാവന
ആകട്ടെ 100% നമ്മുടെ നിയന്ത്രണത്തിൽ തന്നെയാണ്. അതിനാൽ തന്നെ ഭാവനയ്ക്ക് നമ്മെ ദുഃഖിപ്പിക്കുവാൻ ആകില്ല. ഭാവന സ്വർഗ്ഗമാണ്. അവിടെ എല്ലാം നമ്മുടെ ഇഷ്ടപ്രകാരം സംഭവിക്കുന്നു. ഭാവനയും മായ തന്നെ. എന്നാൽ അത് സത്യത്തോട് കൂടുതൽ അടുത്താണ് കിടക്കുന്നത്. അതിനാൽ തന്നെ സത്യത്തിലേക്കുള്ള ആദ്യത്തെ പടി ഭാവനയുടെ ലോകത്തിലേക്ക് വരിക എന്നതാണ്.
ഇത്തവണ ഓണം ആഘോഷിക്കുമ്പോൾ സങ്കല്പത്തിലെ ഓണമാണോ യാഥാർത്ഥ്യത്തിലെ ഓണമാണോ കൂടുതൽ മധുരം എന്ന് പരിശോധിച്ചറിയുവിൻ. സങ്കല്പം യാഥാർത്ഥ്യത്തേക്കാൾ ശ്രേഷ്ഠമാണ്. ഭാരതത്തിൽ സ്വാതന്ത്ര്യ സമരം കൊടുമ്പിരി കൊള്ളുന്ന കാലം. സ്വതന്ത്ര ഭാരതം എന്ന സങ്കല്പം അന്ന് വളരെ ശക്തമായിരുന്നു. സ്വാതന്ത്ര്യം കിട്ടിയാൽ സ്വർഗ്ഗം കിട്ടി എന്ന് പോലും അന്ന് ആളുകൾ ചിന്തിച്ചു പോന്നിരുന്നു. പിന്നീട് ഭാരതത്തിന് സ്വാതന്ത്ര്യം കിട്ടി. ഇന്ന് നാം സ്വതന്ത്ര ഭാരതത്തിൽ ജീവിക്കുന്നു. അവർ കരുതിയ മാതിരിയുള്ള ഒരു സ്വർഗ്ഗത്തിലാണ് നാം ഇന്ന് ജീവിക്കുന്നത്? പ്രണയിക്കുന്നവരുടെ ഏറ്റവും വലിയ സങ്കല്പം വിവാഹമാണ്. ആ സങ്കല്പം തന്നെയാണ് പ്രണയത്തിന് മാധുര്യം കൊടുക്കുന്നത്. ഒടുവിൽ അവർ വിവാഹം കഴിക്കുന്നു. വിവാഹത്തോടൊപ്പം വിരസതയും വന്നുചേരുന്നു. കുട്ടികൾ സങ്കല്പ ലോകത്തിൽ ആണെന്ന് പറയപ്പെടുന്നു. ശൈശവത്തിന്റെ മധുരിമ മുഴുവൻ കിടക്കുന്നത് ആ സങ്കൽപ്പത്തിൽ തന്നെയാണ് താനും.
സങ്കൽപ്പിക്കുവാനും സ്വപ്നം കാണുവാനും എന്തെങ്കിലും ഒക്കെ ഉണ്ടാവുക എന്നത് മനുഷ്യന്റെ മാനസികാരോഗ്യത്തിന് അനുപേക്ഷണീയമാണ്. അതിനാൽ തന്നെ സങ്കല്പ നിബിഡമായ ഒരു മനസ്സ് അത്യന്തം ബലവത്താണ്. സങ്കല്പം ചീത്തയാണെന്ന് പറയുകയും അതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നത് പരസ്പര വിരുദ്ധമാണ്. സങ്കൽപ്പത്തോടുള്ള ഭാവത്മകമായ ഒരു സമീപനമാണ് നമുക്ക് വേണ്ടത്. അൽപ്പാൽപ്പമായി നമുക്ക് നമ്മുടെ മനോഭാവത്തെ തിരുത്താം. അത് ആത്മസാക്ഷാത്കാരത്തിലേക്കുള്ള ഏറ്റവും വലിയ ചുവടുവെപ്പ് ആകുന്നു.
ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു . 28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.
ഫോൺ നമ്പർ: 917034106120



വിശാഖ് എസ് രാജ്
മിസൈലുകൾ പതിക്കുന്നതിന് മുൻപേ ആ നഗരവുമെടുത്ത് അയാൾ ഓടിക്കഴിഞ്ഞു. കടലിൽ തടിക്കഷ്ണംപോലെ പൊങ്ങിക്കിടന്ന് തീരത്തെത്തി. മരുഭൂമിയിൽ ഒട്ടകത്തെപ്പോലെ ഊർജ്ജം സംഭരിച്ചു. കുത്തനെയുള്ള കയറ്റങ്ങളിൽ പല്ലിപോലിഴഞ്ഞു… നഗരവും ചുമന്ന് ഏറ്റവും അടുത്തുള്ള അഭയാർത്ഥി ക്യാമ്പിലെത്താൻ രണ്ടായിരം വർഷമെടുത്തു. അതിര് വളച്ചു കെട്ടിയ ഏതൊരു രാജ്യത്തേക്കാളും വലുതായിരുന്നു ക്യാമ്പ്. സംഖ്യകൾ തികയാതെവരും അവിടുത്തെ ആകെ മനുഷ്യരുടെ എണ്ണമെടുക്കാൻ. വിശദീകരണം ഒന്നുമില്ലാതെതന്നെ അവർ അയാളെ സ്വീകരിച്ചു. പതിനായിരംപേർ ഒത്തുപിടിച്ചെങ്കിലും തളർന്ന തോളിൽനിന്ന് നഗരം താഴെയിറങ്ങിയില്ല. അതിന് മറ്റൊരു പതിനായിരംകൂടി വേണ്ടിവന്നു. തന്റെ ദൗത്യം പൂർത്തിയായി എന്ന മട്ടിൽ അയാൾ ഉടനെ നിലത്തേക്ക് വീഴുകയും ചെയ്തു.
മരിച്ചു ; എല്ലാവരും കരുതി. പക്ഷേ അയാൾ ഉറങ്ങുകയായിരുന്നു. നൂറ്റാണ്ടുകൾ നീണ്ട അലച്ചിലിന്റെ ക്ഷീണം…അയാളെ ഉറങ്ങാൻവിട്ട് ഉറപ്പില്ലാത്ത മണ്ണിൽ ഇറക്കിവെച്ച നഗരത്തെ നോക്കി അവർ അത്ഭുതംകൊണ്ടു. തകർന്ന വീടിന്റെ ഇഷ്‌ടകപ്പൊടിപോലും എടുത്തുവെയ്ക്കാൻ കഴിയാതെ പോയവർ. ജീവൻ മാത്രം കൈയ്യിൽപ്പിടിച്ച് ഓടുകയായിരുന്നു.
അപ്പോഴാണൊരാൾ ഒരു നഗരം മുഴുവനായും..
മൂന്നാം മാസം അയാൾ ഉണർന്നു.
ചോദ്യങ്ങൾ അയാൾക്ക് മുന്നിൽ വരി നിന്നു. അവയുടെ എണ്ണം , വരുന്ന വഴിയിൽ കാണേണ്ടിവന്ന മൃതദേഹങ്ങളേക്കാൾ അധികം.
ഒരു വെടിയുണ്ട തുളച്ച പാടുപോലുമില്ലാത്ത ഈ നഗരം ശരിക്കുള്ളതോ ? കൺകെട്ടോ ? വരാനിരിക്കുന്നതോ ? അവിടെ മനുഷ്യർ ചിരിച്ചുല്ലസിക്കുന്നത് വെറും അഭിനയമല്ലേ ? നിരോധനാജ്ഞയില്ലേ ? രാത്രിയിൽ ആളുകൾ ഇറങ്ങി നടക്കുന്നല്ലോ. അപായ സൈറൺ മുഴങ്ങാറില്ലേ ? ആ പൂക്കളുടെ നിറം ചുവപ്പോ അതോ ചോര തെറിച്ചതോ ? എല്ലാ വീട്ടിലും ബങ്കറുകൾ ഉണ്ടോ ? അതിർത്തിയിൽ……..?
ചോദ്യങ്ങളൊന്നും അയാൾ കേട്ടില്ലെന്ന് തോന്നി. അഥവാ എല്ലാം കേൾക്കുകയും എല്ലാത്തിനും ഒറ്റ വരിയിൽ ഉത്തരം നല്കുകയും ചെയ്തു.
” അതൊഴിവാക്കാനാണ് ഞാനീ ചുമടെടുത്തത് ” അയാൾ പറഞ്ഞു.
അവർ അയാൾക്ക് താമസിക്കാൻ ഒരു ടെന്റ് നിർമ്മിച്ചു നൽകി. അതിന്റെ ഒരു മൂലയിൽ നഗരമൊതുക്കി വെച്ചു. ഇട്ടാവട്ട ഭൂമിയിൽ ഇനിയുമെത്ര സ്ഥലം മിച്ചമുണ്ടെന്ന് അയാൾ അത്ഭുതപ്പെട്ടു. എങ്കിലും പുതിയ മണ്ണിൽ വേരുറയ്ക്കാനാണ് പാട്. ഇനി അതിനെത്ര കാലമെന്നോർത്തു കിടക്കെ , പുറത്ത് പട്ടാള ബൂട്ടുകൾ മാർച്ച് ചെയ്‌തു വരുന്ന ശബ്ദം അയാൾ കേട്ടു.
വിശാഖ് എസ് രാജ്:- കോട്ടയം ജില്ലയിലെ മുണ്ടക്കയത്ത് താമസിക്കുന്നു. സ്‌കൂൾകാലം മുതൽ കഥകളും കവിതകളും എഴുതുന്നു. ആനുകാലികങ്ങളിൽ കവിതകൾ പ്രസിദ്ധീകരിച്ചു വന്നിട്ടുണ്ട്. പരസ്പരം മാസികയുടെ ആറാമത് കരുണാകരൻകുട്ടി സ്മാരക കഥാ പുരസ്കാരം ( 2017 ) , മൺസൂൺ കഥാ പുരസ്‌കാരം (2022) എന്നിവയ്ക്ക് അർഹനായി.



ലാലി രംഗനാഥ്
ഋഷികേശിന്റെ ഇഷ്ടങ്ങൾ എന്നും മാറിക്കൊണ്ടേയിരുന്നു. പതിനേഴ് വയസ്സുള്ളപ്പോൾ അയാൾക്ക് നിരത്തിലൂടെ ചീറിപ്പായുന്ന വാഹനങ്ങളോടായിരുന്നു പ്രിയം. അങ്ങിനെ മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ബിരുദം നേടി, വെറും ബിരുദമല്ല..ഒന്നാം റാങ്ക്. പക്ഷേ ബിരുദം കയ്യിലെത്തിയപ്പോഴേക്കും അയാളുടെ കാഴ്ചപ്പാടുകൾ മാറിത്തുടങ്ങിയിരുന്നു. ഒരു സന്യാസിയുടെ മട്ടും ഭാവവുമുൾക്കൊണ്ട് താടിയൊക്കെ നീട്ടി വളർത്തി, എപ്പോഴും ചിന്തകളിൽ മുഴുകി, ഹിമാലയത്തിനെക്കുറിച്ചും കുടജാദ്രിയെക്കുറിച്ചുമെല്ലാം പഠിക്കാൻ തുടങ്ങി. അപ്പോഴേക്കും വാഹനങ്ങളോടുള്ള ഭ്രമം അയാളിൽ നിന്നും അകന്നുതുടങ്ങിയിരുന്നു.
പിന്നീട് ഒരു കുടജാദ്രി യാത്രയിലാണ് ഋഷി അന്ന്, സീമന്തിനിയെ കണ്ടുമുട്ടിയത്. സാമാന്യം ഉയരമുള്ള,വെളുത്തുമെലിഞ്ഞു,വിടർന്ന കണ്ണുകളുള്ള ഒരു സുന്ദരിപ്പെണ്ണ്. മൂകാംബിക ദേവിയെ തൊഴാനുള്ള തിരക്കിനിടയിലൂടെ അവൾ കടന്നുവന്നത് ഋഷിയുടെ ഹൃദയത്തിലേയ്ക്കാ യിരുന്നു. ചിരിയ്ക്കുമ്പോൾ കവിളിൽ വിരിയുന്ന അവളുടെ നുണക്കുഴികൾ,ഭക്തിമാർഗ്ഗത്തിൽ നിന്നും അയാളെ വഴിമാറ്റി നടത്തി.
ഇരുപത്തഞ്ച് വയസ്സുള്ള സന്യാസമനസ്സ് എത്ര പെട്ടെന്നാണ് ലൗകികതയിലേക്ക് തിരിച്ചെത്തിയത്? അതും സീമന്തിനിയുടെ ഒരു ചിരിയിലൂടെ.
പരിചയപ്പെടലുകൾക്ക് ശേഷം ഋഷികേശുറപ്പിച്ചു.സീമന്തിനി തനിക്ക് സ്വന്തമാകേണ്ടവളാണെന്ന്.അവളുടെ വീടാകട്ടെ അയാളുടെ വീട്ടിൽനിന്നും രണ്ട് കിലോമീറ്റർ അപ്പുറത്ത് മാത്രമായിരുന്നു എന്നുള്ളത് അവരുടെ പ്രണയത്തിനു മാറ്റും കൂട്ടി. പ്രത്യേകിച്ച് വലിയ ചലനങ്ങളൊന്നും സൃഷ്ടിക്കാതെ അവരുടെ പ്രണയം അങ്ങനെ പ്രയാണം തുടർന്നുകൊണ്ടിരുന്നപ്പോഴാണ് കാഴ്ചപ്പാടുകളിലുള്ള അവരുടെ വൈവിധ്യം വലിയ ഒരു ചോദ്യചിഹ്നമായി അവർക്കു മുന്നിൽ
ഉയർന്നുവന്നത്.
ഋഷിയുടെ അച്ഛമ്മ ഭക്ഷ്യവിഷബാധയേറ്റു മരിച്ച അന്നുമുതൽ അയാൾ തികഞ്ഞ ഒരു ജൈവ കർഷകനായി മാറിയെന്നത് എടുത്തു പറയേണ്ട ഒന്നാണ്. സീമന്തിനി ഷാരൂഖാന്റെ സിനിമകളെപ്പറ്റിയും പങ്കജ്ഉദാസിന്റെ പാട്ടുകളെപ്പറ്റിയും വാചാലയാകുമ്പോൾ ആട്ടുംകാട്ടവും, കോഴിക്കാഷ്ഠവും കൊടുത്തു ഊട്ടി വളർത്തിയ മുന്തിരിക്കുലകളുടെയും പച്ചക്കറികളുടെയും മഹത്വം പറഞ്ഞ് സീമന്തിനിയുടെ പ്രണയത്തെ അയാൾ മുരടിപ്പിച്ചിരുന്നു എന്ന് വേണം കരുതാൻ.
ഒരു ദിവസം ഋഷികേശിന്റെ മുഖത്ത് നോക്കിയവൾ തുറന്നടിച്ചു.
” ഋഷിയേട്ടന് ആട്ടിൻകാട്ടത്തിന്റെ മണമാണ്. എനിക്ക് ഓക്കാനമാണ് വരുന്നത് ആ മണം കേൾക്കുമ്പോൾ.എൻജിനീയറായിട്ടും ചേട്ടൻ എന്താ ഈ കൃഷിപ്പണി ചെയ്ത് ജീവിക്കുന്നേ..?? “ചോദ്യം ഓർക്കാപ്പുറത്ത്
കിട്ടിയ ഒരു അടിയായിരുന്നെങ്കിലും അയാൾ താടി തടവി, ചിരിച്ചുകൊണ്ട് അവളോട് പറഞ്ഞു.
” സീമന്തിനീ..ഇനിയും സമയമുണ്ട് തിരിച്ചറിവുകൾക്ക്.. നിന്റെ പാത തിരഞ്ഞെടുക്കാൻ . എന്തായാലും ഞാനീവഴിയിൽത്തന്നെയാണ്. ഈ ജൈവകർഷകനിൽ നിന്നും ഒരു മടക്കം എനിക്കില്ല. ”
അത്തർ മണക്കുന്ന ദുബായിലെ സമ്പന്നമായ തെരുവുകളിലൊന്നിലേക്ക് ഉദ്യോഗസ്ഥനായ ഭർത്താവിനൊപ്പം സീമന്തിനി യാത്രയാകുമെന്ന് ഉറപ്പായപ്പോൾ ഋഷികേശിന്റെ മനസ്സൊന്നു നീറി.. വെറും നീറ്റൽ അല്ല.. ഒരു അഗ്നിപർവ്വതം പുകയുന്ന പോലെയുള്ള ഒരു നീറ്റൽ..
എങ്കിലും വിവാഹ ക്ഷണക്കത്ത് കയ്യിൽ കൊടുത്തു മടങ്ങിയ അവൾക്ക് വേണ്ടി അയാളുടെ മനസ്സ് പറഞ്ഞു, ഒരു പ്രാർത്ഥന പോലെ..
” എന്റെ ഇഷ്ടങ്ങളെക്കാൾ നിന്നെ ഞാൻ സ്നേഹിക്കുന്നു..നിന്റെ ഇഷ്ടങ്ങളെയും. മനസ്സ് പറയുന്നതനുസരിച്ച് ജീവിക്കൂ.. എല്ലാ നന്മകളും”.
അവൾ നടന്നു മറയുംവരെ അയാൾ അവളെത്തന്നെ നോക്കി നിന്നു.. സൂക്ഷിക്കാനൊരു സ്വപ്നമായി മാത്രം അയാളിൽ അവൾ അവശേഷിച്ചു.
വർഷങ്ങൾക്ക് ശേഷം കർഷകശ്രീയായി ഋഷികേശ് തിരഞ്ഞെടുക്കപ്പെട്ട വാർത്ത എല്ലാ പത്രങ്ങളിലും പ്രസിദ്ധീകരിച്ചു വന്നു. ദുബായിലെ ഫ്ലാറ്റിൽ നാല് ചുവരുകൾക്കുള്ളിൽ വിധവയായ സീമന്തിനി ഒരു കമ്പനി മാനേജരുടെ പേഴ്സണൽ അസിസ്റ്റന്റായി നരകതുല്യമായി ജോലി ചെയ്തിരുന്ന സമയത്താണ് ആ വാർത്ത അവളുടെ കണ്ണിൽപെട്ടത്.
” വിഷരഹിതമായ പച്ചക്കറികളുടെ ഉല്പാദനത്തിനെക്കുറിച്ചും അതിന്റെ ആവശ്യകതയെക്കുറിച്ചും സാധാരണ ജനങ്ങളിലേക്ക് അറിവുകൾ എത്തിക്കുന്നതിന്, സ്വന്തം ജീവിതമേ ഉഴിഞ്ഞു വെച്ചയാൾ.
ജൈവ കാർഷികവിഭവങ്ങളുടെ ഉൽപാദനത്തിന്റെ മാഹാത്മ്യം പ്രചരിപ്പിക്കുന്നതിലേക്ക്, അതിലൂടെ ആരോഗ്യമുള്ള ഒരു ജനതയെ വാർത്തെടുക്കുന്നതിലേക്ക് വഴികാട്ടിയായ ആൾ.’.കർഷക ശ്രീ’ ഋഷികേശ്. അവിവാഹിതനായ ഇദ്ദേഹം പത്തനംതിട്ട സ്വദേശിയാണ്.
ഋഷിയെക്കുറിച്ച് വായിച്ചപ്പോൾ നിറഞ്ഞൊഴുകിയ സീമന്തിനിയുടെ കണ്ണുകൾക്ക് ഒരായിരം കഥ പറയാനുണ്ടായിരുന്നു അപ്പോൾ അയാളോട്. ജീവിതത്തിന്റെ കറുത്ത മുഖങ്ങൾ കണ്ടുമടുത്തതിന്റെ കഥകൾ..
” ഋഷിയേട്ടാ എന്തേ വിവാഹം കഴിച്ചില്ല..?? മനസ്സിൽ ഞാൻ തന്ന മുറിവ് ഇനിയും ഉണങ്ങിയിട്ടില്ലെങ്കിൽ ഞാൻ വരുന്നു അവിടേക്ക്…ഒരു സാന്ത്വനമാവാൻ. മണ്ണിന്റെയും ആട്ടിൻകാട്ടത്തിന്റെയും മണമുള്ള ഋഷിയേട്ടന്റെ അരികിലേക്ക്.. സ്വതന്ത്രമായി ഒന്ന് ശ്വസിക്കാൻ.. വീർപ്പുമുട്ടലിന്റെ ഭൂതകാലം ഒന്നിറക്കി വയ്ക്കാൻ.”
.
ഈ ചോദ്യങ്ങൾക്കുത്തരമായി സീമന്തിനിക്ക് ഋഷികേശിന്റെ സന്ദേശമെത്തിയത് ഇങ്ങിനെയായിരുന്നു.
” ഋഷികേശ് എന്ന കർഷകന്റെ വീടിന്റെ വാതിലും ആൾപ്പാർപ്പില്ലാത്ത മനസ്സിന്റെ വാതിലും തുറന്നു തന്നെ കിടക്കുന്നു. സീമന്തിനിക്ക് സ്വാഗതം ”
ആ സന്ദേശവും നെഞ്ചോട് ചേർത്ത്,
എയർപോർട്ടിൽ നിന്നും നേരെ സീമന്തിനി എത്തിച്ചേർന്നത് ഋഷിയുടെ ഏകാന്തതയിലേയ്ക്കായിരുന്നു. കൂടെയുള്ള മണ്ണും വന്നുചേർന്ന പെണ്ണും അയാളുടെ മനസ്സിന്റെ മുറിവുണക്കി.അവിടെ സീമന്തിനിയിലെ സ്ത്രീ ഋഷികേശ് എന്ന പുരുഷനെയും അയാളിലെ കർഷകനേയും മനസ്സ് കൊണ്ട് സ്വീകരിക്കുകയായിരുന്നു.
ലാലി രംഗനാഥ് – തിരുവനന്തപുരം ജില്ലയിൽ, ആറ്റിങ്ങലിനടുത്ത് മണമ്പൂർ എന്ന ഗ്രാമത്തിൽ ജനനം. കൃതികള്‍ – മുഖംമൂടികളും ചുവന്ന റോസാപ്പൂവും, അശാന്തമാകുന്ന രാവുകൾ , നീലിമ, മോക്ഷം പൂക്കുന്ന താഴ്‌വര
അംഗീകാരങ്ങൾ- നിർമ്മാല്യം കലാ സാഹിത്യ വേദി യുടെ അക്‌ബർ കക്കട്ടിൽ അവാർഡ്, സത്യജിത്ത് ഗോൾഡൻ പെൻ ബുക്ക് അവാർഡ് 2024, ബി.എസ്.എസിന്‍റെ ദേശീയ പുരസ്‌കാരം തുടങ്ങിയ അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. കുടുംബസമേതം ബാംഗ്ലൂരിലാണ് സ്ഥിരതാമസം.


എം.ജി.ബിജുകുമാർ
“അനിയൻ കുട്ടാ…. ”
ഫോണിൽ സിനിമയും കണ്ടിരിക്കെ അറിയാതെ ഉറങ്ങി പോയതിനിടയ്ക്ക് ഫോൺകോൾ വരികയും അലക്ഷ്യമായി അറ്റൻഡ് ചെയ്തു അത് ചെവിയിൽ വച്ചപ്പോഴേക്കും കേട്ട ശബ്ദമാണിത്. ആ വിളി കേട്ടപ്പോഴേക്കും ഉറക്കം പോയി. എഴുന്നേറ്റ് തലയിണ ഉയർത്തിവെച്ച് അതിൽ ചാരിയിരുന്നു.
“നീ ഉറങ്ങിയോടാ കുട്ടാ ?”
ചേച്ചിയുടെ അന്വേഷണം.
“ഒരു സിനിമ കാണുകയായിരുന്നു ചേച്ചീ വിരസമായതിനാൽ ഉറങ്ങിപ്പോയി. അതിലെ ‘ജോമോൻ്റ മാനുവൽ മനസാക്ഷിയാണ്’, എന്ന ഡയലോഗ് മാത്രം ഓർമ്മയുണ്ട്.”
മറുപടി പറയുന്നതിനിടെ ലൈറ്റിട്ട് ക്ലോക്കിൽ സമയം നോക്കി. 11 56.
“ഞാൻ വൈകുന്നേരം മുതൽ നിന്നെ വിളിക്കണം എന്ന് കരുതിയിരുന്നതാ, പക്ഷേ നിന്റെ പ്രണയിനി ഞങ്ങളുടെ പ്ലാനുകൾ എല്ലാം തകർത്തൂട്ടോ ” ചേച്ചിയുടെ പരിഭവം. “പ്രണയിനിയോ ,…? ഞാൻ അവിശ്വസനീയതയോടെ ചോദിച്ചു.
“അതെ നിന്റെ പ്രണയിനി, മഴ”
എന്നു പറഞ്ഞ് ചേച്ചി ചിരിച്ചിട്ട് തുടർന്നു. “തകർത്തു പെയ്തു കരണ്ട് ഇടിയും മിന്നലും കൊണ്ടോയി… ഫോണിൽ ചാർജ് ഇല്ലായിരുന്നു. ഗൗരിക്കുട്ടിയേയും കൊണ്ട് പുറത്തുപോകാൻ ഇരുന്നതാ, മഴ കാരണം അത് നടക്കാത്തതിനാൽ അവൾക്കും വിഷമം.”
ചേച്ചി ഒന്നും നിശ്വസിച്ചത് ഫോണിലൂടെ കേൾക്കാമായിരുന്നു.
“എന്താ ചേച്ചി വിളിച്ചത് അത്യാവശ്യം എന്തെങ്കിലും..?”
ഞാൻ കൗതുകത്തോടെ ചോദിച്ചു.
ചേച്ചിക്ക് സമയം കിട്ടുന്നതെപ്പോഴാണോ അന്നേരം വിളിക്കും. അത് രാത്രിയിലോ അർദ്ധരാത്രിയിലാ വെളുപ്പിനോ ഒക്കെയാകാം. കൃത്യമായ ഒരു സമയമൊന്നും ഉണ്ടാകില്ല. കാരണം അത്താഴത്തിനു ശേഷം ആണ് ചേച്ചിയുടെ വായനയും നിരീക്ഷണവും മിത്തുകളുടെ പിറകേയുള്ള അന്വേഷണവുമൊക്കെ നടക്കുന്നത്. രാത്രിയിൽ ഉറക്കം വളരെ കുറവ്.
എല്ലാവരും സ്വപ്നം കണ്ട് ഉറങ്ങുമ്പോൾ ചേച്ചി ഉറങ്ങാതിരുന്ന് വായിക്കുകയോ എഴുതുകയോ ആവാം.
മനുഷ്യൻ ഉറങ്ങുന്ന യാമങ്ങളിൽ ഉണർന്നിരിക്കുന്നതിനാൽ സുഹൃത്തുക്കളിൽ ചിലർ ചേച്ചിയെ നിശാചരി എന്നും യക്ഷി എന്നുമൊക്കെയാണ് വിളിക്കാറുള്ളത്.
“ഗ്രാമം ഉറങ്ങുമ്പോൾ ഉറങ്ങാതിരിക്കുന്നത് രണ്ടുപേരാണ്. ഒന്ന് ഇവളും മറ്റേത് അമ്പലത്തിനു മുന്നിലെ ആൽമരത്തിലെ കാലൻ കോഴിയും” എന്നാണ് ചേച്ചിയുടെ അമ്മ പറയാറ്.
“അത്യാവശ്യം ആയിട്ടല്ലെടാ കുട്ടാ, ആ പുസ്തകത്തിൻറെ കാര്യം വേണമോ എന്നതിൽ എനിക്ക് ഒരു തീരുമാനമെടുക്കാൻ കഴിയണില്ല. നമുക്കത് ഉപേക്ഷിക്കാം. അത് പ്രസിദ്ധീകരിക്കാൻ എനിക്ക് ധൈര്യം പോരാ ”
ചേച്ചി അല്പം അസ്വസ്ഥയാകുംപോലെ തോന്നി.
ചേച്ചി വളരെയേറെ വായിക്കുകയും വളരെ വ്യത്യസ്തമായി ചിന്തിക്കുകയും അതൊക്കെ തൻ്റെ എഴുത്തുകളിലേക്ക് പടർത്തുകയും ചെയ്യുമെങ്കിലും, എഴുതുന്നതൊന്നും എവിടെയും പ്രസിദ്ധീകരിക്കാനോ ആർക്കെങ്കിലും വായിക്കാനോ കൊടുക്കാറില്ലായിരുന്നു. വളരെയേറെ നിർബന്ധിച്ചതിനു ശേഷമാണ് എഴുതുന്നതൊക്കെ വല്ലപ്പോഴും എനിക്ക് വായിക്കാൻ അയച്ചുതരാറുള്ളത്.
നാലഞ്ചു വർഷം മുമ്പ് വയനാട് കാണാനായുള്ള യാത്രയിൽ സുഹൃത്തുക്കളോടൊപ്പം മൂന്നാലു ദിവസം ചിലവഴിച്ചതിനിടക്ക് ബേക്കൽ ഫോർട്ട് കാണാൻ പോയി. അപ്പോൾ അതിലൊരു സുഹൃത്താണ് ഇവിടെ തൻ്റെ സുഹൃത്തായ ഒരു സാഹിത്യ കുതുകി ഉണ്ടെന്നും പരിചയപ്പെടുത്താമെന്നും പറഞ്ഞത്. ഫോണിൽ വിളിച്ചപ്പോൾ പക്ഷേ ആള് സ്ഥലത്തില്ല. ആലുവയിലുള്ള കുടുംബ വീട്ടിലേക്ക് പോയിരിക്കുകയായിരുന്നു. അപ്പോൾ ഫോണിലൊന്നു സംസാരിക്കുകയും നമ്പർ വാങ്ങിയിട്ട് പിന്നീട് വിളിക്കാമെന്ന് പറഞ്ഞ് ഫോൺ കട്ടാക്കുകയും ചെയ്തു.അങ്ങനെയാണ് ചേച്ചിയുമായി പരിചയമാവുന്നത്.പിന്നീട് മിക്കപ്പോഴും വിളിക്കുകയും സംസാരിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും നേരിട്ടിതുവരെയും കണ്ടിട്ടില്ല.
തറവാട്ടിൽ അനിയൻമാരെ അനിയൻ കുട്ടാ എന്നാണത്രേ വിളിക്കാറ്. അതിനാൽ എന്നെയും ‘അനിയൻകുട്ടാ’ എന്നോ ‘മോനേ’ എന്നോ മാത്രമേ വിളിക്കാറുള്ളു. വാത്സല്യത്തോടെയുള്ള ആ വിളിയിൽ മനസ്സുനിറയുമായിരുന്നു.
ചേച്ചിയുടെ കുറേ രചനകൾ ചേർത്ത് പുസ്തകമാക്കാൻ ഞാൻ വളരെ നിർബന്ധിച്ചാണ് സമ്മതിപ്പിച്ചത്. പക്ഷേ മെഡിക്കൽ രംഗത്ത് സജീവമായിരുന്ന ചേച്ചിയുടെ ഭർത്താവിന് അതിനായി മിനക്കെടാൻ സമയമില്ലാത്തതിനാൽ പുസ്തകത്തോട് വലിയ താത്പര്യമൊന്നും കാണിച്ചില്ല.
“ഇഷ്ടം പോലെ ചെയ്തോ” എന്ന് അദ്ദേഹം പറഞ്ഞൊഴിഞ്ഞപ്പോൾ ചേച്ചി പിന്മാറാൻ തീരുമാനിച്ചു.
” ചേച്ചീ.. പുസ്തകം പ്രസിദ്ധീകരിക്കുകയെന്നത് സാക്ഷാത്കരിക്കുക തന്നെ വേണം. ചേച്ചിയുടെ വ്യത്യസ്തമായ ചിന്തകളടങ്ങിയ രചനകൾ സാഹിത്യ സ്നേഹികൾ സ്വീകരിക്കുമെന്നെനിക്ക് ഉറപ്പുണ്ട്.”
ഞാൻ ചേച്ചിയെ പരമാവധി ശുഭാപ്തി വിശ്വാസത്തിലേക്കെത്തിക്കുവാൻ ശ്രമിച്ചു കൊണ്ടേയിരുന്നു.
“നല്ല എഴുത്തുകാർക്കും വായനക്കാർക്കുമിടയിലേക്ക് എൻ്റെയീ വിചിത്ര ചിന്തകൾ അവതരിപ്പിക്കാൻ എനിക്ക് മനസ്സു വരണില്ല.അവരതിനെ എങ്ങനെ സ്വീകരിക്കുമെന്ന് എനിക്ക് ഊഹിക്കാൻ കൂടി കഴിയണില്ല.”
ചേച്ചിയുടെ വാക്കുകളിൽ ഉത്കണ്ഠ നിറയുന്നുണ്ടായിരുന്നു.
” ചേച്ചി ഒരു കാര്യം ചെയ്യൂ, ആ സൃഷ്ടികൾ എല്ലാം എനിക്കയച്ചു തരൂ, ഞാനത് ചേച്ചിയുടെ പേരിൽ പുസ്തകമാക്കാം. എല്ലാം പൂർത്തിയായിട്ട് ചേച്ചിയെ അറിയിക്കാം. അതു വരെ ചേച്ചി ഇതിനെക്കുറിച്ച് ചിന്തിച്ച് ടെൻഷനടിക്കേണ്ടാ..”
ഞാനത് പറഞ്ഞപ്പോൾ ഒന്നു നിശബ്ദയായതിനു ശേഷം
” അനിയൻ കുട്ടാ.. എങ്കിൽ നിൻ്റെ ഇഷ്ടം നടക്കട്ടെ, ഞാനാ ഡയറി അയച്ചു തരാം, പ്രസിദ്ധീകരണ യോഗ്യമായവയുണ്ടെന്ന് തോന്നുന്നെങ്കിൽ പുസ്തകമാക്കൂ, പേരും നീ തന്നെയിട്ടോടാ കുട്ടാ, ”
എന്നു പറഞ്ഞ് എൻ്റെ തീരുമാനം അംഗീകരിച്ച് ചേച്ചി ഫോൺ വെച്ചു.
ചേച്ചിയുടെ എഴുത്തുകളിലെയെല്ലാം ഉള്ളടക്കവും കാഴ്ചപ്പാടുകളുമെല്ലാം വ്യത്യസ്തത പുലർത്തിയിരുന്നു. പാരമ്പര്യ മൂല്യങ്ങളെ അംഗീകരിക്കുന്നതിനോടൊപ്പം അതിൽ പുതുമ തേടാനും ആ എഴുത്തുകൾക്ക് കഴിഞ്ഞിരുന്നു.
കേന്ദ്ര സർവ്വീസിൽ ജോലിയുണ്ടായിരുന്ന ചേച്ചി വളരെ താമസിച്ചാണ് വിവാഹിതയാവുന്നത്. അതിനു കുറേ വർഷത്തിനുശേഷമാണ് ഒരു മകളുണ്ടാവുന്നത്. മകളെ സ്നേഹത്തോടെ പരിചരിച്ച് വളർത്തുന്നതിനായി ജോലി രാജിവെക്കുകയും തുടർന്ന് മകൾ ഗൗരിയുടെ ലോകത്തേക്ക് ചുരുങ്ങുകയും ചെയ്തു. അതിനു ശേഷമാണ് എഴുത്തും വായനയുമൊക്കെ പൂർവ്വാധികം ഭംഗിയായി തുടർന്നതും.ഗൗരിക്ക് ഇപ്പോൾ ഒൻപതു വയസ്സായി. ഗൗരിക്കുട്ടിയെന്നാണ് ഞാൻ വിളിക്കുക.
മിത്തുകളുടെ പിറകേ പോയി അതിലെ നന്മകൾ കണ്ടെത്താൻ ശ്രമിക്കുന്ന, തിരുവാതിരയും ഞാറ്റുവേലകളും, ജൈവഘടികാരവുമൊക്കെ നഷ്ടമായതിനെക്കുറിച്ചുള്ള വേവലാതികൾ പങ്കുവെക്കുന്ന, പൂർവ്വികരുടെ പഴമകളിലെ ശരികളിൽ ഉറച്ചു നിൽക്കുന്ന ഒരു കാഴ്ചപ്പാടിലൂടെയാണ് ചേച്ചി സൃഷ്ടികൾ അവതരിപ്പിച്ചിരിക്കുന്നത്.
ദിവസങ്ങൾക്കുള്ളിൽ ചേച്ചിയുടെ കൃതികൾ അടങ്ങിയ വലിയ ഡയറി തപാൽ മാർഗ്ഗം എന്റെ കൈവശം എത്തി. സമയം കിട്ടുമ്പോഴൊക്കെ അത് വായിച്ച് ഓരോന്നായി പേപ്പറിലേക്ക് പകർത്തി.
നിസ്സാരമായ ചില തിരുത്തലുകൾ മാത്രം വരുത്തി ഡി.ടി.പി എടുക്കാനായി കൊടുക്കുകയും ചെയ്തു.
ഒരു വൈകുന്നേരം ജനലരികിൽ ഇരിക്കുമ്പോഴാണ് വീശിയടിക്കുന്ന കാറ്റിൻ്റെ അകമ്പടിയിൽ മഴയെത്തിയത്. അപ്പോഴാണ് ചേച്ചിയെ ഒന്നു വിളിക്കാമെന്നു കരുതി ഡയൽ ചെയ്തപ്പോൾ ഫോണെടുത്തത് ഗൗരിയായിരുന്നു.
” അമ്മേടെ അനിയൻ കുട്ടനാണ് ”
എന്നു പറഞ്ഞ് ഫോൺ അവൾ അമ്മയുടെ കയ്യിൽ കൊടുത്തു.
“എന്താടാ കുട്ടാ, പുസ്തകത്തെപ്പറ്റി പറയാനാണോ, എനിക്കൊന്നുമറിയില്യ. നീയെന്തു വേണേലും ചെയ്തോട്ടോ. തിരുത്തുകയോ, ചേർക്കുകയോ
എന്തായാലും എനിക്ക് വിരോധമില്യ മോനേ..” ചേച്ചി ചിരിച്ചു കൊണ്ടു പറഞ്ഞു.
“ഏയ് അതൊന്നുമല്ല, അവിടെ ശബ്ദതാരാവലിയുണ്ടല്ലോ, അതിൽ നോക്കി ഒന്നു രണ്ടു വാക്കുകളുടെ അർത്ഥം പറഞ്ഞുതാ ചേച്ചീ.. ”
എൻ്റെ ആവശ്യം കേട്ടപ്പോൾ ചേച്ചി തുടർന്നു.
” ഇപ്പോൾ ഒന്നും നടക്കില്ലെടാ കുട്ടാ, ഇവളെൻ്റെ മടിയിൽ കഥ കേൾക്കാനായി കിടപ്പാണ്. ആകാശ മുല്ലയുടെ പൂവിലെന്താണ് ഒരു നക്ഷത്രം എന്ന് പറയാതെ എങ്ങും വിടൂല്ലെന്നാ കട്ടായം പറയണത് ‘
ചേച്ചിയുടെ മറുപടി കേട്ട് ഞാൻ ചിരിച്ചു.
“ചിരിക്കണ്ട, സത്യമാ, അല്ലെങ്കിൽ നീയൊരു കഥ ഇവൾക്ക് പറഞ്ഞു കൊടുക്ക്, ഞാൻ ശബ്ദതാരാവലിയെടുക്കാം”
ചേച്ചിയുടെ അഭിപ്രായം കേട്ട് ഗൗരി ചിരിക്കുന്നത് ഫോണിലൂടെ കേൾക്കാമായിരുന്നു.
” വേണ്ട ചേച്ചിക്കുട്ടി കഥ പറഞ്ഞോളൂ മടിയിൽ കിടന്ന് ഗൗരിക്കുട്ടിയും ഫോണിലൂടെ അനിയൻകുട്ടനും കഥ കേട്ടിരിക്കാം, ശബ്ദതാരാവലിയും അർത്ഥവുക്കെ പിന്നെയാകട്ടെ. അത് സമ്മതിച്ച് ചേച്ചി കഥ പറഞ്ഞു തുടങ്ങി.
ആകാശത്ത് നന്നായി തിളങ്ങുന്ന വലിയ ഒരു നക്ഷത്രമുണ്ടായിരുന്നു. ആ നക്ഷത്രവുമായി ഒരു വെള്ളിമേഘം സ്നേഹത്തിലായി.ആ നക്ഷത്രത്തോടുള്ള പ്രണയം കാരണം മേഘത്തിന് പെയ്തൊഴിയാൻ മനസ്സു വന്നില്ല. കുറേക്കാലം കഴിയുമ്പോൾ താൻ കത്തിത്തീരും പിന്നെയെന്തിനാണ് നീയെന്നെ പ്രണയിക്കുന്നതെന്ന് എന്നു നക്ഷത്രം ഓർമ്മിപ്പിച്ചിട്ടും മേഘം പിൻമാറാൻ കൂട്ടാക്കിയില്ല. അവസാനം നക്ഷത്രത്തിൻ്റെ നിറം കെട്ടുപോകുമ്പോൾ സങ്കടം സഹിക്കാതെ കരഞ്ഞ് മേഘം മഴയായി പെയ്യുകയാണ്.അങ്ങനെ മണ്ണിലേക്ക് പെയ്തു നിറയുകയാണ്. പെയ്തു വീണ മണ്ണിൽ പിന്നീട് മുള പൊട്ടിയ ചെടി ആകാശത്തേക്ക് വളരുമ്പോൾ അതിൻ്റെ പൂവിൻ്റെ തുമ്പ് നക്ഷത്രത്തെപ്പോലെയാണ് വിടർന്നത്. അതിനെയാണ് ആകാശമുല്ലയെന്നു വിളിച്ചുതുടങ്ങിയത്.
ചേച്ചി കഥ പറഞ്ഞു കഴിഞ്ഞപ്പോഴേക്കും മഴതോർന്ന് മരം പെയ്തു തുടങ്ങിയിരുന്നു.
മുമ്പൊരിക്കൽ ചേച്ചി വെളുപ്പിനെ വിളിച്ചുണർത്തിയതും മരണാനന്തര ചടങ്ങുകളിലെ നിമഞ്ജനത്തെപ്പറ്റി. വൈകാരികമായി സംസാരിച്ചതും ഇപ്പോഴുമോർക്കുന്നു.
പുലിമുരുകൻ സിനിമ റിലീസ് ചെയ്ത ദിവസം രണ്ടു തിയേറ്ററിലും സെക്കൻ്റ് ഷോയ്ക്ക് ടിക്കറ്റ് കിട്ടാതെ പന്ത്രണ്ടാേളം സുഹൃത്തുക്കളുമൊത്ത് നിൽക്കുമ്പോളാണ് അഞ്ചാമത്തെ ഷോ നടത്താമെന്ന് തിയേറ്ററുകാർ അറിയിച്ചത്. അർദ്ധരാത്രി വരെ കാത്തിരുന്ന് സിനിമയും കണ്ട് വീടെത്തിയപ്പോൾ മൂന്നര കഴിഞ്ഞിരുന്നു. കിടന്നപ്പോഴേ ഉറങ്ങിപ്പോയെങ്കിലും നാലു മണി കഴിഞ്ഞപ്പോൾ ചേച്ചിയുടെ വിളിയെത്തി.
“അനിയൻ കുട്ടാ… മനസ്സിനൊരു സുഖവുമില്ല, അമ്മയെക്കുറിച്ചിന്ന് ഓർത്തായിരുന്നു. അമ്മയുടെ കുഴിമാടത്തിൽ നിന്നും സഞ്ചയനത്തിന് അസ്ഥികൾ പെറുക്കിയെടുക്കുന്നത് നോക്കി നിന്നപ്പോൾ മനസ്സിലുണ്ടായ വേദനയും ഭാരവും ഇരുപതിലേറെ വർഷത്തിനു ശേഷവും ഹൃദയത്തിൽ അതുപോലെ തന്നെ നിലനില്ക്കണുണ്ട്. അതൊരു മുറിവാണ് ഇന്നും എൻ്റെ മനസ്സിൽ.”
ആ ശബ്ദത്തിൽ നിന്നുതന്നെ വിഷമം നന്നായി മനസ്സിലാക്കാൻ പറ്റുന്നുണ്ടായിരുന്നു.
“അതെന്നെ ചിലപ്പോഴൊക്കെ വേട്ടയാടണുണ്ട്. അതോർക്കുമ്പോൾ നെഞ്ചിലെപ്പോഴും ചോര പൊടിയാറുണ്ട്. അപ്പോഴൊക്കെ ആ നഷ്ടത്തെപ്പറ്റിയോർത്ത് ഞാൻ തളർന്നു പോകാറുമുണ്ട്. ” ചേച്ചിയുടെ കണ്ഠമിടറി.
“ഹിന്ദു ആചാരപ്രകാരം ജലരൂപത്തിൽ നിന്നും വരുന്ന ജീവനായതിനാലാണ് മരണാനന്തര ക്രിയകൾക്ക് ശേഷം ജലത്തിലേക്ക് തന്നെ ചിതാഭസ്മമൊഴുക്കി വീണ്ടുമൊരു ജന്മം അവർക്ക് ജലത്തിൽ നിന്നുണ്ടാകട്ടെ എന്ന സങ്കൽപ്പത്തിലല്ലേ പുഴയിലോ കടലിലോ നിമഞ്ജനം ചെയ്യുന്നത്.ശ്രാദ്ധ കർമ്മങ്ങൾക്ക് അങ്ങനെയല്ലേ ആചാര വിധി പറഞ്ഞിരിക്കുന്നത്. ”
ചേച്ചിയോട് ഞാൻ സൂചിപ്പിച്ചു.
“അത് ശരിയാണ്. പക്ഷേ അതിൽ നിന്നു വ്യത്യസ്തമായി ചിന്തിച്ചപ്പോൾ മനസ്സിൽ തോന്നിയത് ഞാൻ നിമഞ്ജനം എന്ന പേരിൽ ഗദ്യകവിതയാക്കി എഴുതി. ഞാൻ അതൊന്ന് വായിക്കട്ടേടാ കുട്ടാ…”
ചേച്ചി കവിത വായിക്കുന്നത് ഞാൻ ശ്രദ്ധയോടെ കേട്ടിരുന്നു.
മണ്ണിനെയും മരങ്ങളെയും കൃഷിയേയുമൊക്കെ സ്നേഹിച്ചിരുന്ന ഒരാൾ താൻ മരിച്ചാൽ തന്റെ ചിതാഭസ്മം എവിടെയും കൊണ്ടൊഴുക്കരുത്. അതിലൊന്നും എനിക്ക് മോക്ഷമുണ്ടാകില്ല. ഈ തൊടിയിൽ തന്നെ കദളിയുടെയും പവിഴമല്ലിയുടെയും വാഴയുടെയും മറ്റു സസ്യങ്ങളുടെയും ചുവട്ടിൽ വിതറണം എന്ന് തന്റെ സഹധർമ്മിണിയോട് ആവശ്യപ്പെടുന്നതായിരുന്നു അതിൻ്റെ ഉള്ളടക്കം .
നിൻ്റെ കടക്കണ്ണിൽ അസ്തമിക്കാനാണ് ഞാനെന്നും കൊതിച്ചിരുന്നത്. പച്ചയായി തളിർത്തു പൂക്കണമെനിക്ക് നിനക്കു ചുറ്റും. പുതുമഴ പെയ്ത്ത് ആ ചാരം മഴവെള്ളത്തിൽ അലിഞ്ഞാഴുകി നിൻ്റെ പാദങ്ങളെ ചുംബിക്കണമെനിക്ക്. മണ്ണിലലിഞ്ഞ ആ ചാരം വളമായിത്തീരുന്ന ചെടികളുടെ പൂക്കളിലൂടെയും ഫലങ്ങളിലുടെയും നിന്നെ നോക്കി പുഞ്ചിരിയ്ക്കണമെനിക്ക്.
എന്നിങ്ങനെയായിരുന്നു അയാൾ സഹധർമ്മിണിയോട് തന്റെ മോഹങ്ങൾ വെളിപ്പെടുത്തുന്നത്..
ആ രാത്രി തന്നെ അയാൾ മരിക്കുകയാണ്.
കവിതയേപ്പറ്റി സംസാരിച്ചു ഫോൺ വെയ്ക്കുമ്പോൾ ചേച്ചിയുടെ ആശയത്തെപ്പറ്റി ഓർത്തിരുന്നപ്പോൾ ആത്മാക്കളോട് സംവദിക്കാൻ കഴിയുന്നതിങ്ങനെയൊക്കെയാവാമെന്ന് എനിക്കും തോന്നി. പൂക്കൾ ഞെട്ടറ്റു വീഴുമ്പോൾ ആ ചെടിയുടെ കടയ്ക്കൽ തന്നെയാണ് അതിൻ്റെ അന്ത്യവിശ്രമം.അതു പോലെ തന്നെ ജീവിച്ചിരിക്കുന്നിടത്തിലെ മണ്ണിൽ തന്നെ നിമഞ്ജനം ചെയ്യാൻ ആവശ്യപ്പെടുന്ന ആശയത്തെപ്പറ്റി ഓർത്തുകിടന്ന് പിന്നെ ഉറക്കവും വന്നില്ല.
സൂര്യപ്രകാശം കണ്ടിട്ടില്ലാത്ത ചന്ദ്രൻ്റെ വെളിച്ചം മാത്രം കണ്ടിട്ടുള്ളതെന്നു പറയുന്ന ചേച്ചിയുടെ ഡയറി തപാൽ മാർഗ്ഗം എൻ്റെ കൈവശമെത്തിയതിൽ പിന്നെ അതു പുസ്തക രൂപത്തിലാക്കാനുള്ള ശ്രമവുമായി നടക്കുമ്പോഴും യതൊരു വിവരവും ചേച്ചിയെ വിളിച്ചറിയിച്ചിരുന്നില്ല. “അതിൻ്റെ കാര്യമൊന്നുമെന്നോട് പറയുകയേ വേണ്ട” എന്നാണ് ചേച്ചി പറഞ്ഞിരുന്നത്.
ചേച്ചിക്ക് അല്പം പരിസ്ഥിതി ഭ്രാന്തുമുണ്ട്. ഇടയ്ക്കൊക്കെ കാട്ടിൽ കയറും. വൃക്ഷങ്ങളെയും പക്ഷിമൃഗാദികളെയും നിരീക്ഷിക്കും. ചേച്ചിയ്ക്ക് ഏറ്റവും ഇഷ്ടമുള്ള ഒരു വിഷയമാണ് ഋതുക്കൾ. ഒരു പ്രാവശ്യം അതിൻ്റെ കാരണം തിരക്കിയപ്പോൾ “ഋതുക്കൾ ഒന്നിനെയും കാത്തു നിൽക്കുന്നില്ല,മൗനമായി അവ മാറിക്കൊണ്ടേയിരിക്കുന്നു” എന്നായിരുന്നു മറുപടി.
ഓരോന്ന് ആലോചിച്ച് ജനാലയ്ക്കരികിലിരുന്ന് വെളിയിലേക്ക് മിഴിനട്ട് ചാറ്റൽ മഴ പെയ്യുന്നതും ആസ്വദിച്ച്
കാപ്പി കുടിച്ചു കൊണ്ടിരുന്നപ്പോൾ ചേച്ചിയുടെ ഫോൺ കോൾ എത്തി.
“എടാ കുട്ടാ ഞാൻ ആലുവയിലെ തറവാട്ടിലെത്തീട്ടോ. ബന്ധുക്കളെല്ലാ മെത്തിയിട്ടുള്ളതിനാൽ കുറച്ചു ദിവസം ഇവിടം സ്വർഗ്ഗമാണ് ”
ചേച്ചി സന്തോഷത്തോടെ പറഞ്ഞു തുടങ്ങി.
“എന്താ ചേച്ചി അവിടിപ്പോൾ വിശേഷം ?”
ഞാൻ കൗതുകത്തോടെ തിരക്കി.
“ഇവിടെ കുടുംബത്തിൽ ദുർഗ്ഗാദേവീ ക്ഷേത്രമുണ്ട്. നാളെ കഴിഞ്ഞാൽ പത്താമുദയമാണ്. ആ ദിവസം ക്ഷേത്രത്തിൽ പൂജകളും എഴുന്നെള്ളത്തും രാത്രിയിൽ ഗരുതിയുമാെക്കെയുണ്ട്. ഇതൊക്കെ രാത്രിയിലാണ് നടക്കണത്. കർഫ്യൂ കാരണം ഇവിടിപ്പോൾ ആ ചടങ്ങുകളൊന്നും നടത്താൻ സാധിക്കണില്ല” ചേച്ചി പറഞ്ഞു നിർത്തി.
” അപ്പോൾ പിന്നെന്താ ചെയ്യുക ?”
ഞാൻ സംശയം പ്രകടിപ്പിച്ചു.
”ആ ചടങ്ങുകളെല്ലാം മാറ്റിവെക്കുകയാണ്. അതിനുള്ള പരിഹാരക്രിയകളേപ്പറ്റി ഇവിടെ ചർച്ച നടക്കുകയാണ്.”
ചടങ്ങുകൾ നടക്കാത്തതിൻ്റെ നിരാശ ചേച്ചിയുടെ വാക്കുകളിലുണ്ടായിരുന്നു.
” പുസ്തകത്തിൻ്റെ കാര്യം ചോദിക്കാൻ മടിക്കണത് എനിക്കതിൽ ആത്മവിശ്വാസമില്ലാഞ്ഞിട്ടാ കേട്ടോ മോനേ..
അതാ പിന്നെ വിളിക്കാതിരിക്കണതും. ” ചേച്ചിയുടെ ക്ഷമാപണം.
“സാരമില്ല ചേച്ചി പുസ്തകത്തിൻ്റെ അച്ചടി പൂർത്തിയായതിനു ശേഷം വിളിച്ചറിയിക്കാമെന്നു കരുതിയാണ് ഞാനങ്ങോട്ട് വിളിക്കാഞ്ഞതും ”
എൻ്റെ മറുപടി കേട്ട് ചേച്ചി ചിരിച്ചു.
“നീയെന്താട കുട്ടാ പുസ്തകത്തിന് പേര് നൽകിയത്.?
ചേച്ചി ആകാംക്ഷയോടെ തിരക്കി..
” അത് സർപ്രൈസ് ആണു ചേച്ചീ. പ്രിന്റിങ്ങ് പൂർത്തിയായതിനു ശേഷം ബുക്ക് കയ്യിൽ എത്തുംവരെ ആകാംക്ഷ നില നിൽക്കട്ടെ”
ഞാൻ ചിരിച്ചു കൊണ്ടു പറഞ്ഞു.
” നിൻ്റെയീ സർപ്രൈസ് നൽകൽ ഇതു വരെ നിർത്തിയിട്ടില്ലല്ലേ?,
ചേച്ചിയ്ക്ക് കൗതുകം.
“നന്മയുള്ള സൗഹൃദങ്ങൾക്ക് സർപ്രൈസ് കൊടുക്കുമ്പോൾ അവരിൽ അത്ഭുതത്താൽ ഒരു പുഞ്ചിരിയുണ്ടായാൽ അതിലൊരു ത്രിൽ ഉണ്ട് ചേച്ചീ…”
ഞാൻ മറുപടി കൊടുത്തു.
“എന്നാലും ആ പേരാെന്നു പറഞ്ഞില്ലല്ലോടാ ദുഷ്ടാ..” ചേച്ചിയുടെ പരിഭവം.
“രണ്ടു ദിവസം കൂടി കാത്തിരിക്കു ചേച്ചീ, അതു പോട്ടെ ചടങ്ങുകൾ മാറ്റി വെച്ച സ്ഥിതിക്ക് എന്താണിനി പരിപാടി?
ഞാൻ ചോദിച്ചു.
” നിളയിൽ കുളിച്ചിട്ട് കുറേക്കാലമായീട്ടോ, ഇത്തവണ എന്തായാലും അതു സാധിക്കണമെന്നുണ്ട്, കാറിൽ അവിടെ പോയിട്ട് തിരിച്ചെത്തി ആലുവാ മണപ്പുറത്തു കൂടി കുറേ നടക്കണം.”
ചേച്ചിയുടെയുള്ളിലെ ഗൃഹാതുരതയുടെ തുടിപ്പുകൾ എനിക്ക് അറിയാൻ കഴിയുന്നുണ്ടായിരുന്നു.
“എന്നിട്ടു വേണം പുഴയേയും കടലിനേയും ബന്ധപ്പെടുത്തി ഒരു കവിതയെഴുതാൻ ”
ചേച്ചി പറഞ്ഞു നിർത്തി.
“ആഹാ കൊള്ളാലോ ,എങ്കിൽ സൗഹൃദം നിറച്ച് കടലിലേക്ക് എല്ലാ നദികളും ഒഴുകുമ്പോൾ, കടൽ തന്നെ പ്രണയിച്ചു പോകുമോയെന്ന ചിന്തയിൽ വഴിമാറിയൊഴുകുന്ന ഒരു പുഴയെപ്പറ്റിക്കൂടി അതിൽ ചേർക്കണേ ചേച്ചീ.”
എന്റെയൊരു നിർദ്ദേശം ഞാൻ അവതരിപ്പിച്ചു.
“അതു നല്ലയൊരാശയമാണല്ലോ, ഞാനെഴുതാം കേട്ടോടാ കുട്ടാ, പക്ഷേ ഒരു സംശയം”
ചേച്ചിയുടെ സംശയം എന്താണെന്ന് കൗതുകത്തോടെ ഞാൻ തിരക്കി.
“നീയിതിൽ പുഴയാണോ, അതോ കടലാണോ അനിയൻ കുട്ടാ” ചേച്ചി കളിയാക്കി ചോദിച്ചു.
” ഞാൻ പുഴയുമല്ല, കടലുമല്ല, ഞാനൊരു കുഞ്ഞരുവിയല്ലേ ചേച്ചീ.” എൻ്റെ മറുപടി കേട്ട് ചേച്ചി ചിരിച്ചു.
“അമ്പടാ വിനീത വിനയാന്വിതാ, വല്ല കടലോ പുഴയോ ഒഴുകുന്നതു കണ്ടാൽ പറയണം, ഞാൻ പോയി കൈക്കുമ്പിളിൽ കോരിയെടുത്തു കൊണ്ടുത്തരാട്ടോ… ”
അവിടെയും ചേച്ചിയുടെ നർമ്മ സംഭാഷണം.
‘അയ്യേ..! ഈ ചേച്ചിക്കെന്താ….!’
“എന്തായാലും കവിത ഞാനെഴുതിയിട്ടയച്ചു തരാം കേട്ടോടാ മോനേ… ”
ചേച്ചി പറഞ്ഞു നിർത്തി.
” നിളയുടെ വിരിമാറിൽ കുളിച്ച് തിരിച്ച്
ആലുവയിൽ എത്തുമ്പോൾ ശിവക്ഷേത്രത്തിൽ തൊഴുത് പ്രസാദവുo നെറ്റിയിൽ ചാർത്തുന്ന പത്താമുദയ ദിനത്തിൽ പുസ്തകം ചേച്ചിയുടെ കയ്യിലെത്തും, കൊറിയർ ചെയ്യാൻ കൊടുത്തിട്ടുണ്ട് ”
ഞാൻ പറയുന്നത് കേട്ട് ചേച്ചി സന്തോഷത്തോടെ വിളിച്ചു.
“അനിയൻ കുട്ടാ…”
ഞാൻ ചിരിച്ചു കൊണ്ട് മൂളി.ഫോൺ കട്ടു ചെയ്തപ്പോൾ ചേച്ചിയുടെ മനസ്സുനിറഞ്ഞിട്ടുണ്ടാവുമെന്ന് എനിക്ക് തോന്നി.
ടേബിളിലിരുന്ന പുസ്തകത്തിൻ്റെ പുറംചട്ടയിലേക്ക് ഞാൻ വെറുതേ നോക്കി. ചേച്ചിക്ക് എന്നും ചന്ദനം തൊടുന്ന ശീലമുണ്ടെന്ന് പറഞ്ഞിട്ടുണ്ട്. അതുപോലെ ചേച്ചിയുടെ ചിന്തകളും രചനകളും ചന്ദന ഗന്ധം പോലെയാണ് അനുഭവപ്പെടുന്നതെന്ന് ഞാനും മുമ്പ് പറഞ്ഞിട്ടുണ്ട്.
അതിനാൽ ചന്ദനം എന്നർത്ഥം വരുന്ന “മാലേയം” എന്ന വാക്കായിരുന്നു ചേച്ചിയുടെ പുസ്തകത്തിന് ഞാൻ നൽകിയ പേര് .അതായിരുന്നു ചേച്ചിക്ക് ഞാൻ കരുതി വെച്ച സർപ്രൈസും.
കാപ്പി കുടിച്ച കപ്പ് മാറ്റി വെച്ചിട്ട് ഞാനാ പുസ്തകമെടുത്ത് അതിൻ്റെ പുറഞ്ചട്ടയിലെ മുകളിലെ ‘മാലേയം’ എന്ന പേരിനു താഴെ രചയിതാവിൻ്റെ പേരിലൂടെ വിരലോടിച്ച് സംതൃപ്തിയോടെ മനസ്സിൽ ആ പേര് വായിച്ചു. “കാദംബരി”
എം.ജി.ബിജുകുമാർ :- പന്തളം സ്വദേശി. തപസ്യയുടെ സംസ്ഥാന ചെറുകഥ പുരസ്‌കാര ജേതാവ്. പന്തളം എൻ എസ് എസ് കോളേജിൽ ബിരുദവും എൻ.എസ്.എസ്. ട്രെയിനിങ്ങ് കോളേജിൽ ബിഎഡും പൂർത്തിയാക്കി. ആദ്യം അധ്യാപനവൃത്തിയിലായിരുന്നുവെങ്കിലും , ഇപ്പോൾ എച്ച്.ഡി.എഫ്.സി ബാങ്കിന്റെ ലോൺ സെക്ഷനിൽ ജോലി ചെയ്യുന്നു. ചിത്രം വരയും, കഥയും കവിതയുമൊക്കെയെഴുത്തുമാണ് പ്രധാന വിനോദങ്ങൾ. സാഹിത്യ-സാമൂഹിക-സാസ്കാരിക മേഖലയിലും സജീവമായി പ്രവർത്തിക്കുന്നു. “ഓർക്കാൻ മറക്കുമ്പോൾ ” എന്ന കവിതാ സമാഹാരം പുറത്തിറക്കിയിട്ടുണ്ട്. “മേഘങ്ങൾ പറഞ്ഞ കഥ ” എന്ന കഥാസമാഹാരം പുറത്തിറക്കാനുള്ള ശ്രമത്തിലാണ്. സരസ്വതീയം, കൊന്നപ്പൂങ്കനവ് ,നിലാ ശലഭം എന്നീ ദൃശ്യാവിഷ്ക്കാരങ്ങൾ ചെയ്ത് യൂട്യൂബിൽ റിലീസ് ചെയ്‌തിരുന്നു.



ജോസ് ജെ വെടികാട്ട്
അവൾ ചില മാമൂലുകളും പ്രത്യേക ഇഷ്ടാനിഷ്ടങ്ങളും മുറുകെ പിടിക്കുന്നു,
അവൾ ഒരു പ്രേമ കഥയിലെ യാഥാസ്ഥിതിക നായികയായി മാറി, യാഥാസ്ഥിതിക നായിക ആയിരിക്കെ തികച്ചും സ്വാർത്ഥപരമായി അവൾ അവളുടെ പ്രണയത്തിൽ യാഥാസ്ഥിതിക പരമാധികാരി ചമയാൻ വ്യഗ്രത കാട്ടുന്നു!
രതിയിലെ അഹത്തിന്റെ നഷ്ടം അവൾക്ക് സഹിക്കാവുന്നതിലും അപ്പുറമാണ് !
എന്നാൽ ആ നഷ്ടം ധീരന്മാരും ധീരകളും അതിജീവിക്കുന്നു . പക്ഷേ അവൾക്ക് അത് അപ്രാപ്യം, കാരണം അവൾ ഒറ്റപ്പെട്ട ഒരു ദ്വീപാണ്!
ഡേറ്റിങ്ങിൽ തന്റെ കന്യകാത്വം
നഷ്ടപ്പെടാൻ അവൾ അനുവദിക്കില്ല, അവളുടെ ധാർമികതയോടുള്ള കൂറല്ല അത്, മറിച്ച് എന്തും വിസമ്മതിക്കാനുള്ള
അവളുടെ സ്വഭാവത്തിന്റെ പ്രത്യേകതയാണ്, അവളുട മിഥ്യാഭിമാനമാണ്!
എന്തിലും അന്വേഷണം പുലർത്തുന്ന അവൾക്ക് സമൂഹവും അന്വേഷണാത്മകമാണ്, അവളുടെ വ്യക്തി കാര്യങ്ങളിൽ പോലും!
ആൾക്കൂട്ടത്തിൽ തനിച്ചാകുന്നത് സാധ്യതയാണ്കുറുക്കുവഴിക്കാരിയായ അവൾക്ക് അല്ലാതെ അത് മൗലികമല്ല!
മൗലികമായി ആൾക്കൂട്ടത്തിൽ തനിച്ചാകണമെങ്കിൽ ആദ്യം ആൾക്കൂട്ടത്തിന്റെ അടിയൊഴുക്കുകൾ അറിയണം,,!
സമൂഹം അവളെ ഭ്രാന്തി എന്ന് വിളിച്ചു,
അവളുടെ തനിച്ചാകൽ സഹവാസത്തിൽ സഹകരണം
ഇല്ലായ്മയാണ്!
അവളുടെ കാമുകൻ അവളെ നിരസിച്ച് ഒരു യശസ്സുള്ള സ്ത്രീയുമായി വിവാഹത്തിന് തയ്യാറായി!
അവളെ വിവാഹം കഴിക്കാൻ ആരും മുമ്പോട്ട് വന്നില്ല കാരണം അവൾ ഭ്രാന്തി എന്ന് മുദ്ര അടിക്കപ്പെട്ടവൾ ആണ്!
തന്റെ കാമുകൻ എല്ലാ അർത്ഥതലങ്ങളിലും തന്റേതുമാത്രം എന്ന ചിന്താഗതി, സ്വയം ക്ഷിപ്ര കോപത്തിലേക്ക് നയിക്കപ്പെടുന്ന അവളുടെ പിടിവാശികൾ ഇവയെല്ലാം സമൂഹം അവൾക്ക് ഭ്രാന്ത് വിധിക്കാൻ കാരണമാണ്!
കാമുകനെ കൊണ്ട് അമിതവ്യയം ചെയ്യിക്കൽ, അവളുടെ കരുതലില്ലാത്ത പണം ചെലവഴിക്കൽ തുടങ്ങിയ സ്വഭാവങ്ങളോടുകൂടി അവൾ എങ്ങനെ ഒരു കുടുംബത്തെ പോറ്റും? സമൂഹ സ്വീകാര്യതയുടെ അതിർവരമ്പുകൾ ലംഘിക്കുന്ന അവളുടെ ഏത് കാര്യവും
അവളെ സമൂഹം ഭ്രാന്തി ആയി ചിത്രീകരിക്കാൻ കാരണമായി,
ആൾക്കൂട്ടത്തിൽ ഉള്ളവരുടെയും ആൾക്കൂട്ടത്തിൽ തനിച്ചാകുന്നവരുടെയും അടിയൊഴുക്കുകൾ ഒന്ന് തന്നെയാണ്!
അത് മനസ്സിലാക്കി പ്രവർത്തിക്കുന്നവർക്കേ ആൾക്കൂട്ടത്തിൽ ഉള്ളവരുടെ മനസ്സിൽ സ്ഥാനമുള്ളൂ! അതു മനസ്സിലാക്കാനുള്ള സുബോധം അവൾക്ക് ഇല്ല,
ഈ സുബോധം ഇല്ലായ്മ ഒരുപക്ഷേ സമൂഹത്തിന്റെ ആവശ്യം ആയിരിക്കാം!
അതു മനസ്സിലാക്കാതെ സ്വകാര്യ ദുഃഖങ്ങളിൽ നിയന്ത്രിക്കാനാവാത്ത വികാരങ്ങളാൽ അവൾ കോപിക്കുന്നു!
ആരെയും വശീകരിക്കാൻ പോകുന്ന അവളുടെ സൗന്ദര്യം മാത്രം കൊണ്ടാണ് അവൾ പ്രേമത്തിൽ ഉൾപ്പെട്ടത്,
കന്നി പ്രണയത്തിന്റെ മധുരവും
അതിനൊപ്പം, ഉണ്ടായിരുന്നു,!
അവളുടെ അജ്ഞതയിൽ സ്വയം തിരുത്താൻ അവൾ ഇഷ്ടപ്പെട്ടില്ല ആർത്തിയോടെ സ്വന്തം പക്ഷം സ്ഥാപിക്കാൻ അവൾ ഉദ്യമിച്ചു!
സമൂഹമവളെ ഭ്രാന്തിഎന്ന് വിളിച്ചാലും
അവൾ നിഷ്കളങ്കയാണ് പാവമാണ് കഴമ്പില്ലാത്തവളാണ്.
ജോസ് ജെ വെടികാട്ട് : എസ് .ബി. കോളേജ് ചങ്ങനാശേരിയിൽ നിന്ന് ധനതത്വശാസ്ത്രത്തിൽ ഫസ്റ്റ് ക്ലാസ്സോടെ ബിരുദം നേടി. ചെന്നൈ ലയോളാ കോളേജിൽ നിന്ന് ധനതത്വശാസ്ത്രത്തിൽ ഫസ്റ്റ് ക്ലാസ്സോടെ ബിരുദാനന്തരബിരുദം നേടി. യുജീസി നെറ്റ് പരീക്ഷ പാസ്സായിട്ടുണ്ട്. കോഴിക്കോട് സെന്റ് ജോസഫ്സ് കോളേജ് ദേവഗിരിയിൽ 2 വർഷം അധ്യാപകനായി ജോലി നോക്കി. ജേർണലിസത്തിൽ പി.ജി.ഡിപ്ലോമ. അനൗപചാരിക ഗവേഷണം ഉൾപ്രേരണയാൽ ചെയ്തു വരൂന്നു. ഇപ്പോൾ മദർ തെരേസ ഹോം , നെടുംകുന്നത്ത് താമസിക്കുന്നു .



പിങ്കി എസ്
തിരുവോണത്തലേന്ന് പതിവുപോലെ ഈയപ്പൻ രണ്ട് ജവാൻ ഫുൾ വാങ്ങി വീട്ടിലേക്കുള്ള വഴിയിൽ നടക്കുകയായിരുന്നു. വഴിമധ്യേ രാജവേഷത്തിൽ ആരോ നിൽക്കുന്നു.
ഈയപ്പൻ ഒന്ന് സൂക്ഷിച്ചു നോക്കി.
“ഇതെന്താ… ‘ആട് 4’ ഇറങ്ങിയോ? അതിലും ഷാജിപ്പാപ്പന് രാജാവിന്റെ വേഷമുണ്ടോ?”
ആ രൂപം ഒന്ന് കണ്ണുരുട്ടി.
“ഷാജിപ്പാപ്പനല്ലടാ… ദേ, ‘മാവേലി കൊമ്പത്ത്’ ഷൂട്ടിംഗ് കഴിഞ്ഞ് വന്ന ഇന്നസെന്റാടാ!”
ഈയപ്പന്റെ കണ്ണ് വിടർന്നു.
“എന്റെ ഇന്നച്ചാ… എത്ര നാളായി കണ്ടിട്ട്! ഇപ്പോ സിനിമയൊന്നും ഇല്ലേ?”
ഇന്നസെന്റ് ഒന്നും മിണ്ടാതെ ഈയപ്പന്റെ ചെവിയിൽ കയറി പിടിച്ചു.
“എനിക്ക് സിനിമയിൽ അവസരം തരാൻ വേണ്ടിയല്ല നിന്നെ കണ്ടപ്പോൾ ഞാൻ നിന്നത്…”
ചെവി ഒന്നുകൂടി നന്നായി തിരിച്ച്…
“എല്ലാ വർഷവും ഇതേ പരിപാടി… വെള്ളമടി, വാള് വയ്ക്കൽ, ഓഫ് ആകൽ, തിരുവോണത്തിന് ഉച്ചയ്ക്ക് എഴുന്നേൽക്കൽ… പിന്നെ വീണ്ടും അടിച്ച് ഫ്ലാറ്റ്! ഇത്തവണ മുതൽ നീ കുടിക്കില്ല. വാങ്ങിയ കുപ്പി ഇങ്ങ് എടുക്ക്, ഈയപ്പാ!”
മനസ്സില്ലാമനസ്സോടെ ഈയപ്പൻ രണ്ട് ജവാൻ ഫുള്ളും നീട്ടിക്കൊടുത്തു.
“എന്നാലും ഇത് ഇത്തിരി കഷ്ടമുണ്ട്…” എന്ന് പിറുപിറുത്തു.
കുപ്പി വാങ്ങിയ ശേഷം ഇന്നസെന്റ് വീണ്ടും പറഞ്ഞു.
“ഇനി മേലാൽ നീ അടിച്ച് ഫ്ലാറ്റായെന്ന് അറിഞ്ഞാൽ നിന്റെ ചന്തി ഞാൻ അടിച്ച് പൊട്ടിക്കും! വീട്ടിലേക്ക് വേണ്ട സാധനങ്ങളൊക്കെ വാങ്ങി വേഗം വീട്ടിൽ പോ…”
ചെവിയിൽ നിന്നുള്ള പിടി വിട്ടതും…
പി.ടി. ഉഷ പോലും തോറ്റുപോകുന്ന സ്പീഡിൽ ഈയപ്പൻ അവിടെ നിന്ന് ഓടി രക്ഷപ്പെട്ടു.
ഈയപ്പൻ കണ്ണിൽ നിന്നു മറഞ്ഞപ്പോൾ ആ രാജവേഷധാരി ഒന്ന് നെടുവീർപ്പിട്ടു.
“ഇന്നസെന്റ് മരിച്ചിട്ട് മൂന്ന് വർഷമായി… അതുപോലും ഇവൻ അറിഞ്ഞിട്ടില്ല! മാവേലിയെ കണ്ടിട്ട് ‘ഷാജിപ്പാപ്പൻ’ എന്ന് വിളിച്ച ആദ്യ മലയാളി ഇവനാവും… ഇനിയും എന്തൊക്കെയാണോ കാണാൻ കിടക്കുന്നത്…”
അതും പറഞ്ഞ് ആ രൂപം പതുക്കെ അപ്രത്യക്ഷമായി.
പിങ്കി എസ്
സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ജോലി ചെയ്യുന്നു. ആനുകാലികങ്ങളിൽ ലേഖനങ്ങൾ എഴുതാറുണ്ട്. ബാങ്കിംഗ് ദേശസാൽക്കരണത്തിന്റെ 52-ാം വാർഷികത്തോടനുബന്ധിച്ച് ഊർജ്ജസ്വല ബാങ്കിംഗ്, ഊർജ്ജസ്വല ഭാരതം എന്ന വിഷയത്തെ മുൻനിർത്തി രാജ്യത്തെ പ്രഗൽഭമതികളെ ഉൾക്കൊള്ളിച്ച് AlBEA നടത്തിയ ഒരു മാസം സെമിനാർ പ്രബന്ധങ്ങൾ മലയാളത്തിലേക്ക് തർജ്ജമ ചെയ്ത് പുസ്തകമാക്കിയിട്ടുണ്ട്.



സുകുമാരൻ കൂത്താട്ടുകുളം
കർക്കിടകപ്പെയ്ത്തു കഴിഞ്ഞാലസ്യം നീങ്ങീ-
ട്ടാമോദത്തോടെ വരും ചിങ്ങത്തിനു കൂട്ടായ്
വേലിയ്ക്കൽ നിൽക്കുന്നൊരു വീണ്ടപ്പു നോക്കിയി-
ന്നാരേലുമീവഴിയിൽ വരുമെന്നൊരുതോന്നൽ
കളയെല്ലാം ദൂരെ കളഞ്ഞിട്ടു പോലും
തൊടിയിൽ ചെറു ചിരിയോടൊതുങ്ങുന്നു തുമ്പ
അത്തം തൊട്ടെണ്ണുന്നു പത്തുനാളായി
കുഞ്ഞിളം കൈ നുള്ളാൻ വരുമെന്നൊരു തോന്നൽ
ചെഞ്ചോര നിറമോലും ചെത്തിപ്പൂ നിന്നൂ
ചേലിലൊരുക്കുന്ന പൂക്കളം കാണാൻ
കൊച്ചരിപ്പല്ലുകൾ കാട്ടിച്ചിരിച്ചാ
കുഞ്ഞരിപ്പൂവിനുമാഹ്ളാദമായി
ചോണനുറുമ്പിനുമാമോദമായി
ഉറുമ്പൂട്ടാനെത്തുന്ന നാളണഞ്ഞല്ലോ
ഓണത്തുമ്പികൾ പാറി നടന്നു
ഊഞ്ഞാലാട്ടത്തിൻ ചാരുതയോടെ
പൂവട്ടികളേന്തുന്നൊരു ബാലകരിന്നില്ലാ
പൂക്കൈത പൂക്കുന്നൊരു തോട്ടിറമ്പില്ലാ
പൂക്കളം മത്സരവേദികളിലുമായി
പൂക്കളും നാടനല്ലാതായി മാറി
നിഷ്ക്കള ബാല്യത്തിൻ നിറപുഞ്ചിരി പോയി
നിർമ്മല സ്നേഹക്കളിക്കൂട്ടും പോയി
ഉദ്യാനം ചിട്ടയിൽ ചട്ടിയിലായി
പൂക്കില്ല കായ്ക്കില്ലഴുക്കാകും മുറ്റം
മുറ്റം വഴിയും വെടിപ്പായടിച്ചു
മാവേലിമന്നനെ കാത്തെന്ന പോലെ
വഴിക്കണ്ണുമായ് നില്പൂ വൃദ്ധമാതാക്കൾ
മക്കളീ ഓണത്തിനെങ്ങാനും വരുമോ
സുകുമാരൻ കൂത്താട്ടുകുളം: – കോളേജ് വിദ്യാഭ്യാസ വകുപ്പിൽ സൂപ്രണ്ടായിരിക്കെ സർവ്വീസിൽ നിന്നും പെൻഷൻ പറ്റി. പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ കാവ്യോപാസന – കവിതാ സമാഹാരം (2015 മാർച്ച് ), മോഹപ്പക്ഷികൾ – കവിതാ സമാഹാരം (2016 ജനുവരി ), പുഴമനസ്സ് – കവിതാ സമാഹാരം (2020 ജനുവരി), ബോൺസായികൾ – കവിതാ സമാഹാരം (2024 ജനുവരി), ബാഷ്പാഞ്ജലി – കഥാസമാഹാരം (2025 ഓഗസ്റ്റ്), കാവ്യാഞ്ജലി – ഭജന /ഭക്തി ഗാനങ്ങൾ (2026 മാർച്ച് 31) . തൻ്റെ ഏഴാമത്തെ പുസ്തകം എറണാകുളം ലോകോളേജിൽ വച്ച് ഓഗസ്റ്റ് 30 -ാം തീയതി പ്രകാശനം ചെയ്യുന്നു. വിശ്വദേവൻ അവാർഡ് , വിശ്വകർമ്മകൾച്ചറൽ ട്രസ്റ്റ് അവാർഡ്, വേദവ്യാസ പുരസ്കാരം , അംബേദ്‌കർ ഫെല്ലോഷിപ്പ്, പരിസ്ഥിതിക്കവിതാ പുരസ്ക്കാരം, മേഖലാ റസിഡൻ്റ്സ് അസ്സോസിയേഷൻ പുരസ്കാരം , കവിതാ പുരസ്കാരം – വികാസ് Ekm , വിശ്വകർമ്മ ശ്രേഷ്ഠ പുരസ്കാരം, കവിതാ പുരസ്കാരം – EldersForum .തിരുവനന്തപുരം, അക്ഷര കേരളം സാഹിത്യ പുരസ്കാരം – ഓണവില്ല്, ജെ. ഫൗണ്ടേഷൻ എൻഡോവ്മെൻ്റ് ഇലഞ്ഞി തുടങ്ങിയ അംഗീകാരങ്ങൾ കരസ്ഥമാക്കി.
സുകുമാരൻ കെ എൻ
കരിവേലിൽ വീട്
കൂത്താട്ടുകുളം പി ഒ
686662
ph.9961704598
സുനിൽ മറ്റക്കര
നമ്മുടെ നാട്ടിൽ അധികരിച്ചുവരുന്ന ദുരന്തങ്ങൾ ,പ്രത്യേകിച്ചും മഴക്കാലമാവുമ്പോൾ .ഉരുൾ പൊട്ടൽ ,മലവെള്ള പാച്ചിൽ ,മലയിടിച്ചിൽ, വെള്ളപ്പൊക്കം,കൊടുംകാറ്റ് എന്നീ തരങ്ങളിൽ ഉള്ള പ്രകൃതിക്ഷോഭങ്ങൾ കൊണ്ടു കേരളജനത ഇന്ന് ഭീതിയുടെ വക്കിലാണ്.ഏതു നിമിഷവും എന്താണ് സംഭവിക്കുന്നത് എന്നറിയാത്ത അവസ്ഥയിൽ ആണ് ജനജീവിതം. എൽനിനോ പ്രതിഭാസവും ,ചക്രവാതചുഴിയും മറ്റു കാലാവസ്ഥാ വ്യതിയാനങ്ങളും സ്വച്ഛ ജീവിതത്തിനു ഭംഗം വരുത്തുന്നു, പ്രത്യേകിച്ചും മലയോര പ്രദേശങ്ങൾ ,തീരദേശങ്ങൾ ,കുട്ടനാടുപോലുള്ള സമുദ്ര നിരപ്പിനേക്കാൾ താഴ്ന്ന പ്രേദേശങ്ങൾ,ഇവിടെയെക്കെയുള്ള മനുഷ്യ ജീവനുകൾ ,മൃഗ സമ്പത്തുകൾ നഷ്ടപ്പെടുകയും ,കാർഷികവിളനാശം സംഭവിക്കുകയും ചെയ്യുന്നു ,ഈ അപരിഹാര്യമായ നഷ്ടങ്ങൾ നമുക്കും നമ്മുടെ നാടിനും താങ്ങാവുന്നതിനപ്പുറം ആണ് ,അടിക്കടിയുണ്ടാകുന്ന ഇത്തരം ദുരന്തങ്ങളാൽ സംസ്ഥാനം സാമ്പത്തികമായി പിന്നോക്കം പോകുകയും നാടിൻറെ വികസനത്തിനും പുരോഗതിക്കു മാന്ത്യം ഭവിക്കുകയും ചെയ്യുന്നു .
ഒരുപാടു ജനങ്ങൾ അനുഭവിക്കുന്ന ഈ വിധമുള്ള കഷ്ടതകൾക്ക് അറുതി വരുത്തേണ്ടത് അത്യാവശ്യമല്ലേ? മഴയെ കുറ്റം പറഞ്ഞുകൊണ്ട് മലയാള മാധ്യമങ്ങൾ “ദുരന്തപെയ്ത്തു” എന്നതു പോലെയുള്ള തലക്കെട്ടുകളോടെ ആവേശപൂർവം വാർത്തകൾ നൽകി ആഘോഷമാക്കുന്ന കാഴ്ചകൾ നമ്മുടെ മുന്നിൽ ഉണ്ട് . ജീവിക്കുവാനായി മലകയറിയ നിഷ്കളങ്കരായ മലയോര കർഷകരുടെ ജീവൻ മണ്ണിൽ പുതഞ്ഞു നഷ്ടമാവുമ്പോൾ ,മത്സ്യബന്ധനത്തിന് പോകുന്ന മൽസ്യ തൊഴിലാളികളുടെ ജീവൻ കടലെടുക്കുമ്പോൾ,
വെള്ളക്കെട്ടുകളിൽ മുങ്ങി മരിക്കുന്നവരുടെ എണ്ണം പെരുകുമ്പോൾ ദുരന്തങ്ങളെ നവമാധ്യമങ്ങളിൽ വിറ്റു കാശാക്കുന്ന ദുരന്ത ജന്മങ്ങളും ഏറിവരുന്നു . സർക്കാരും ജനങ്ങളും ,സന്നദ്ധ സംഘടനകളും രക്ഷാപ്രവർത്തനം നടത്തുന്നുണ്ട് എന്നത് ശ്ളാഘനീയം തന്നെ .എന്നിരുന്നാലും ഒരു കൂട്ടം ജനങ്ങൾ മാനത്തു മഴക്കാറുകണ്ടാൽ ഉടൻ എല്ലാം ഇട്ടെറിഞ്ഞു ദുരിതാശ്വാസ ക്യാമ്പുകളിൽ എത്തേണ്ടുന്ന ഗതികേട് എത്ര ഭീതിതമാണ് മറ്റുള്ളവരെ പോലെ അവർക്കും ഇവിടെ ജീവിക്കുവാൻ അവകാശമില്ലേ ?സ്വസ്ഥ ജീവിതം ഇവർക്ക് ഇന്നന്യമായിരിക്കുന്നു .
സർക്കാർ അവർക്കു നഷ്ടപരിഹാരം നൽകും എന്നുപറയുന്നു, നൽകിയിട്ടുമുണ്ട് ,പക്ഷെ മാതാപിതാക്കൾ നഷ്ടപ്പെട്ട കുഞ്ഞുങ്ങൾക്ക് ,കുഞ്ഞുങ്ങൾ നഷ്ടപ്പെട്ട മാതാപിതാക്കൾക്ക് ഈ നഷ്ടപരിഹാരം എന്താശ്വാസമാണ് നൽകുന്നത് ,എല്ലാവർഷവും ദുരന്തങ്ങൾ ആവർത്തിക്കുന്നു ,ഭരണകൂടം പതിവുപോലെ പ്രഖ്യാപനങ്ങൾ നടത്തും അതിന്റെ ആയുസ്സ് അടുത്ത പ്രളയം വരെ മാത്രം .ഇതൊന്നുമല്ല കാര്യം ജനങ്ങളുടെ തലക്കുമുകളിൽ ഡെമോക്ലീസിന്റെ വാളുപോലെ പ്രകൃതി ദുരന്തങ്ങളെക്കുറിച്ചുള്ള ഭയം നിലനിൽക്കുന്നു. .രക്ഷാപ്രവർത്തനത്തിന് സർക്കാർ സംവിധാനങ്ങളും സൈനികരും മൽസ്യ തൊഴിലാളികളും ,സന്നദ്ധ പ്രവര്ത്തകരും ഉണ്ട് കൂടാതെ നഷ്ടപരിഹാരം നൽകുവാൻ ഖജനാവിലെ നികുതിപ്പണവും സർക്കാരിനുണ്ട് ,അത് എങ്ങിനെ ചെലവഴിക്കണം എന്ന് ജനങ്ങളോട് ചോദിക്കേണ്ട ആവശ്യം ജനാധിപത്യ സർക്കാരുകൾക്കില്ലാത്തതുകൊണ്ട് അവർക്ക്
ഇഷ്ടം പോലെ ചിലവാക്കുവാനൊക്കും .പക്ഷെ നഷ്ടപ്പെട്ട ജീവനുകൾക്ക് ഇതൊന്നും പകരമാവില്ല ,ഭാഗികമായെങ്കിലും ദുരന്തങ്ങൾ മനുഷ്യസൃഷ്ടിയാണെന്നു മാധ്യമങ്ങളും വിദഗ്ധരും പലവുരു ചൂണ്ടിക്കാണിച്ചിട്ടും ഇതിന്റെ മൂലകാരണങ്ങളെയും കാരണ ഭൂതന്മാരെയും കണ്ടുപിടിച്ചു നിയമപ്രകാരം നടപടികൾ എടുക്കുക എന്നതല്ലേ ശ്വാശ്വതമായ പരിഹാരം. ഇത് ദുരന്തങ്ങളുടെ തനിയാവർത്തനങ്ങൾ ഉണ്ടാകാതിരിക്കുവാൻ ഒരു പരിധിവരെ സാധ്യമാകും എന്ന് അനുമാനിക്കാം .എല്ലാം അറിയാമെങ്കിലും ഭരണകൂടം അന്ധബധിരത ബാധിച്ചു ഇരിക്കുന്നതാണോ അവഗണിക്കുന്നതാണോ എന്ന സംശയം അവരുടെ ഈ നിഷ്ക്രിയത ജനങ്ങളിൽ ജനിപ്പിച്ചേക്കാം .
അതി പ്രഗത്ഭരായ രണ്ടു മഹത് വ്യക്തികൾ യശ്ശ:ശരീരനായ ശ്രീ മാധവ് ഗാഡ്ഗിൽ ,ശ്രീ കസ്തൂരി രംഗൻ എന്നിവർ പലതവണ മുന്നറിയിപ്പുകൾ തന്നു ,പരിസ്ഥിതി ലോല പ്രദേശങ്ങളിൽ ചെയ്യാവുന്നതും ചെയ്യരുതാത്തതുമായ പ്രവർത്തനങ്ങൾ അക്കമിട്ടു നിരത്തിയപ്പോൾ അതിനെ ചവറ്റുകൊട്ടയിൽ എറിയുകയും അതിനെതിരെ പ്രമേയം പാസാക്കുകയും ,ജനങ്ങളെ സംഘടിപ്പിച്ചു സമരം നടത്തി ആ മഹാന്മാരെ അധിക്ഷേപിച്ചആളുകൾക്ക് അതിനു നേതൃത്വം നൽകിയവർക്ക് തിരിച്ചു നൽകാനാവുമോ ഈ നഷ്ടപ്പെട്ട ജീവനുകൾ ? അവർക്കു നഷ്ടമായ അവരുടെ സ്വത്തുക്കൾ? ,അവരുടെ പൂർവികർ ഉറങ്ങുന്ന മണ്ണ് ഇതൊക്കെ അവർക്കു അതേപടി തിരിച്ചു നൽകുവാൻ പറ്റുമോ ?. നഷ്ടപരിഹാരമായി കിട്ടുന്ന പച്ചനോട്ടുകൾക്കു അവരുടെ ദുഃഖം അകറ്റുവാൻ ഒക്കുമോ .
പ്രളയമോ മറ്റു ദുരന്തങ്ങളോ ഉണ്ടാവുമ്പോൾ വിദഗ്ദ്ധർക്കെതിരെയുള്ള പടക്കു ,വെടിമരുന്നിട്ടു ആളിക്കത്തിക്കുന്ന മഹാന്മാർ മാളത്തിൽ ഒളിക്കും ,ജനങ്ങളുടെ സുരക്ഷക്കുവേണ്ടിയുള്ള പരിസ്ഥിതി സംബന്ധമായ നടപടികൾ സർക്കാർ ഭാഗത്തുനിന്നും ഉണ്ടാവുമ്പോൾ ഫണം വിടർത്തും ഇക്കൂട്ടർ ,ഇവരെയാണ് സൂക്ഷിക്കേണ്ടത് അത്യന്തം അപകടകാരികൾ ആയ ഇവർ ജനങ്ങളുടെ നന്മയെ അല്ല ആഗ്രഹിക്കുന്നത് ,അവരുടെ ഒക്കെ സ്വകാര്യ താല്പര്യങ്ങളെ അല്ലെങ്കിൽ കച്ചവട താല്പര്യത്തെ ജനങ്ങളെ രക്തസാക്ഷികൾ ആക്കി കാത്തുസൂക്ഷിക്കുക എന്നതാണീ വക്ര ബുദ്ധികളുടെ ആവശ്യം . സാമാന്യ ജനങ്ങളുടെ തലക്കുമുകളിലും പുരക്കുമുകളിലും മരണം വാ പിളർന്നിരിക്കുമ്പോൾ സ്വാർത്ഥ താൽപ്പര്യങ്ങളും ധനാർത്തിയും പെരുത്ത ഇക്കൂട്ടരുടെ വാക്കുകൾ അവഗണിച്ചു അവനവനു ശരിയായത് എന്തെന്ന് മനസ്സിലാക്കി പ്രവർത്തിക്കാൻ ജനങ്ങൾ തയ്യാറാവുക , .ചിലരുടെ സ്വാർത്ഥ താല്പര്യ വിജങ്ങൾക്കു നിങ്ങൾ ബലിയാടാകുവാൻ നിൽക്കരുത്.
ഗാഡ്ഗിൽ റിപ്പോർട്ട് ജനങ്ങളുടെ ഇടയിൽ ഭീതിപരത്തും വിധം പ്രചരിപ്പിച്ചു ജനങ്ങളെ സത്യം മനസ്സിലാക്കാൻ അനുവദിക്കാതെ ഇരുട്ടിൽ നിർത്തി ജനങ്ങളെ അപകടത്തിലേക്ക് തള്ളിവിടുന്നവർ അതിനു ശേഷം നഷ്ടപരിഹാരത്തിനായി മുറവിളികൂട്ടുന്നു കാഴ്ചകൾ എത്രയോ പരിഹാസ്യമാണ് ,പ്രിയ ജനങ്ങളെ ,കൂടപ്പിറപ്പുകളെ നഷ്ടപ്പെടുത്തി ,കിടപ്പാടം നഷ്ടപ്പെടുത്തി അതിന്റെ നഷ്ട പരിഹാരം കൊണ്ട് ജീവിക്കുവാൻ ആഗ്രഹിക്കുന്ന ആളുകൾ നമ്മുടെ നാട്ടിൽ ഇന്ന് നിലവിൽ ഉണ്ടെന്നു തോന്നുന്നില്ല .
ദുരന്തത്തിന്റെ മൂലകാരണങ്ങൾ ,പരിസ്ഥിതിലോല പ്രേദേശങ്ങളിലെ അനിയന്ത്രിതമായ ഭൂമി കയ്യേറ്റം ,അവിടെ അശാസ്ത്രീയമായ കൃഷിരീതികളും നിർമ്മാണ പ്രവർത്തനങ്ങളും,വൻ തോതിലുള്ള വൃക്ഷനാശവും കയ്യേറ്റക്കാർ വരൂത്തുന്നു .ഇതിന്റെ ദോഷ വശങ്ങൾ ഒന്നും ചിന്തിക്കാതെ നടപടികൾ എടുക്കാതെ രാക്ഷ്ട്രീയ നേട്ടങ്ങൾക്കും മറ്റു പല ലാഭങ്ങൾക്കുമായി പട്ടയമേളകൾ നടത്തി ഭൂമി പതിച്ചുകൊടുക്കുന്ന രീതി പാടെ തെറ്റാണ് .ജനങ്ങളെ അറിഞ്ഞുകൊണ്ട് അപകടത്തിലേക്ക് തള്ളിവിടുന്ന പ്രവർത്തിയാണിത് ,തലചായ്ക്കുവാൻ ഒരു കൂര കെട്ടുവാൻ എവിടെങ്കിലും സ്വന്തമായി ഒരുതുണ്ടു ഭൂമി കിട്ടിയാൽ എല്ലാം മറന്നു ജനങ്ങൾ സന്തോഷത്തോടെ അത് സ്വീകരിക്കും ,എല്ലാം കഴിഞ്ഞു മേളകൾക്കു തിരശീല വീണുകഴിയുമ്പോൾ മാത്രമാണ് ഈ സാധുക്കൾ ഭൂമിയുടെ അവസ്ഥയെയും ഇവിടെ ഒളിഞ്ഞിരിക്കുന്ന അപകട സാധ്യതയെ കുറിച്ചും അറിയുന്നത് .പെട്ടുപോയവർ എന്തും വരട്ടെ എന്നുകരുതി അവിടെ തങ്ങി ദുരന്തങ്ങൾക്ക് ഇരയായി മാറുന്നു .ഇങ്ങനെയുള്ള അശാസ്ത്രീയ പ്രവർത്തനങ്ങളുടെ പരിണിത ഫലങ്ങൾ കുടിയേറ്റക്കാർ മാത്രമല്ല താഴ്‌വരയിലുള്ള സകല മനുഷ്യരും .മറ്റു ജീവജാലങ്ങളും അനുഭവിക്കുകയാണ് ,മൂന്നാർ കയ്യേറ്റം മതികെട്ടാൻ ചോലയിലെ പ്രശനങ്ങൾ ഒക്കെ നമ്മുടെ കാലത്തു നമ്മൾ കണ്ടതാണ് .
പാറമട, മണ്ണ് വ്യാപാരികൾ ,ഇവർക്ക് പരിസ്ഥിതി ലോലം എന്നല്ല മറ്റുള്ളവർക്ക് എന്ത് ദുരിതം അനുഭവിച്ചാലും ഞങ്ങൾക്ക് പണം മാത്രം മതി എന്നാഗ്രഹിച്ചു ജീവിക്കുന്ന കൂട്ടർ ,ഇവർക്ക് മറ്റുള്ളവരുടെ വേദന അറിയേണ്ട .നാടിന്റെ വികസനമാണ് ഞങ്ങളുടെ ലക്‌ഷ്യം എന്ന അടിക്കുറിപ്പുകൊണ്ട് ജനങ്ങളുടെ വായടപ്പിച്ചു ,അല്ലാത്തവരെ വികസന വിരോധികൾ ആയി ചിത്രീകരിച്ചുകൊണ്ടു അവരുടെ അശ്വമേധം നടത്തിക്കൊണ്ടേയിരിക്കുന്നു. ,ഉദാഹരണം റോഡ്, റെയിൽ, പാലം,ഇവയൊക്കെ നിങ്ങൾക്കു വേണ്ടേ ,നമ്മുടെ നാട് പുരോഗമിക്കേണ്ടെ ,ഇതിനൊക്കെയുള്ള അസംസ്കൃത വസ്തുക്കൾ ആയ പാറ ,മണ്ണ് ഒക്കെ അത്യന്താപേക്ഷിതമല്ലേ എന്നുള്ള വർണ്ണക്കടലാസിൽ പൊതിഞ്ഞ ദുരന്ത മിഠായികൾ മനുഷ്യർക്കിടയിലേക്കു എറിഞ്ഞു കൊടുത്തു അവരെ സമർത്ഥമായി പറ്റിക്കുന്നു .ഇതിനെല്ലാം ഈ ഖനന മുതലാളിമാർക്ക് വേണ്ടപ്പെട്ട എല്ലാ സ്‌ഥലത്തുനിന്നും എല്ലാവിധത്തിലും ഉള്ള പിന്തുണ കിട്ടുന്നുണ്ടെന്നത് പരസ്യമായ രഹസ്യവുമാണ് .
വനം കയ്യേറ്റക്കാർ ,ദുരന്തങ്ങൾക്ക് ഇവർ അവരുടേതായ പങ്കു വഹിക്കുന്നു. പ്രളയം ഉണ്ടാകുമ്പോൾ ആർത്തലച്ചു കരയുന്ന അവിടെ വെള്ളപ്പൊക്കം ഇവിടെ മണ്ണിടിച്ചിൽ, ഇത്രയും ആളുകൾ മണ്ണിനടിയിൽ പെട്ടു ,രക്ഷാപ്രവർത്തനം എങ്ങും എത്തുന്നില്ല എന്നൊക്കെ നിലവിളിക്കുന്ന മാധ്യമ സുഹൃത്തുക്കൾ ഒരിക്കലെങ്കിലും തുടർച്ചയായുണ്ടാകുന്ന ഈ ദുരന്തങ്ങളുടെ കാര്യകാരണങ്ങൾ വെളിവാക്കുവാൻ ശ്രമിച്ചിട്ടുണ്ടോ? ഇല്ല എന്തുകൊണ്ടെന്ന് ചോദ്യം ഉത്തരമില്ലാതെ അന്തരീക്ഷത്തിൽ എന്നും നില നിൽക്കും .ജനാധിപത്യത്തിന്റെ നാലാമത്തെ തൂണിനും കേടുപാടുകൾ സംഭവിക്കാം ,സാമൂഹ്യ പ്രതി ബദ്ധത കാലാന്തരത്തിൽ നഷ്ടപ്പെടാം എന്നൊക്കെയല്ലേ ഇതിൽനിന്നും നമ്മൾ മനസിലാക്കേണ്ടത് .
പാടം നികത്തൽ ,ജലാശയങ്ങൾ പുഴകൾ ഇവയുടെ കയ്യേറ്റം ,റിസോർട് വ്യാപാരികളുടെ അതിപ്രസരം ഇതുമൂലം പരിസ്ഥിതി നാശം അനന്തമായി തുടരുന്നു, ഇതൊക്കെ കാണുന്ന നമ്മുടെ ഭരണകർത്താക്കൾ ആർക്കുവേണ്ടിയാണ് ഭരിക്കുന്നത് എന്ന് സാധാരണ വ്യക്തിക്ക് തോന്നിയാൽ അതിൽ തെറ്റുണ്ടാവുമോ?സ്വാധീനമുള്ളവൻ ഏക്കറുകണക്കിന് പാടം നികത്തിയാലുംകുഴപ്പമില്ല മൂന്നു സെന്റ് കാരൻ തല ചായ്ക്കുവാൻ ഒരു കൂരയുണ്ടാക്കുവാൻ അൽപ്പം മണ്ണിട്ട് പൊക്കിയാൽ അവിടെ പലവിധ വർണങ്ങൾ ഉള്ള കൊടികൾ ഉയരും ,നിയമ പ്രശനങ്ങൾ കൊണ്ട് ആ പാവത്തിനെ ജീവിക്കാൻ അനുവദിക്കാത്ത അവസ്ഥ സംജാതമാക്കും .തൊട്ടടുത്ത് മണ്ണിട്ട് നികത്തി ക്കൊണ്ടിരിക്കുന്ന വിശാലമായ പറമ്പ് കാണാൻ തക്ക വിശാലമായ കാഴ്ചപ്പാടില്ലാത്തവർ ആണ് മൂന്നു സെന്റുകാരന്റെ മുതുകത്തുകയറുന്നതു എന്ന സത്യം പരിഹാസ്യമല്ലേ .ധനാഢ്യന്മാർ പുഴ ,കായൽ ഇവയൊക്കെ കയ്യേറി കോടികൾ ചിലവിട്ടു കൊട്ടാരങ്ങൾ,വ്യാപാര സ്ഥാപനങ്ങൾ
തുടങ്ങിയവ നിർമ്മിക്കുന്നു ,നീരൊഴുക്ക് തടയുന്നു, റിസോർട്ടുകൾ കായലിറമ്പത്തും പുഴയോരത്തും കൂണുപോലെ മുളക്കുന്നു .അന്ധത ബാധിച്ചിരിക്കാം അധികാരികൾക്ക് അല്ലെങ്കിൽ മറ്റെന്തിന്റെയെങ്കിലും മുന്നിൽ കണ്ണ് മഞ്ഞളിച്ചു പോയിരിക്കാം.
രാക്ഷ്ട്രീയക്കാർ ദുരന്തം വോട്ടു കിട്ടാനുള്ള മാർഗ്ഗം ആക്കി മാറ്റുകയും ,ദുരന്ത നിവാരണ പ്രവർത്തനങ്ങളെ രാക്ഷ്ട്രീയവൽക്കരിക്കുകയും ചെയ്യുന്നു .കുറച്ചാളുകൾ പണപ്പിരിവ് നടത്തുക ഒരു തൊഴിൽ ആക്കി മാറ്റിയിരിക്കുന്നു ദുരിതാശ്വാസ ഫണ്ട് എന്ന ഓമനപ്പേരും,എന്നാൽ എത്രകിട്ടി എത്ര ചിലവായി ആരൊക്കെ തന്നു എന്ന് ചോദിച്ചാൽ ചോദ്യം ജലരേഖയായി മാറും .വീട് പണിതുകൊടുക്കാം എന്ന് അപകട സമയത്തു സ്വന്തം പരസ്യത്തിനായി ഗീർവാണം അടിച്ച വലിയ മുതലാളിമാർ വാഗ്ദാനം ചെയ്ത എത്ര വീടുകൾ ദുരന്ത ബാധിതർക്കായി നിർമ്മിച്ചിട്ടുണ്ട് ?
നോക്കിയാൽ അതിനും ഉത്തരം കണ്ടെത്തുവാൻ വിഷമം ആയിരിക്കും ,ശരിക്കും ദുരന്തം ഉണ്ടായാൽ പലരും അതാഘോഷിക്കുകയാണ് എന്നാണ് എന്റെ തോന്നൽ .
ജനങ്ങൾ ചിന്തിക്കണം നിങ്ങൾക്ക് ഒരുരാക്ഷ്ട്രീയ പാർട്ടി അല്ലെങ്കിൽ ഒരു സംഘടന ഒരു സഹായം ചെയ്യുന്നുവെങ്കിൽ അതിനുള്ള പണം കണ്ടെത്തുന്നത് അവരുടെ നീക്കിയിരുപ്പിൽ നിന്നല്ല, നിങ്ങളുടെ അധ്വാനത്തിന്റെ പങ്കാണ് ,നിങ്ങളിൽ നിന്ന് പിരിവെടുത്തു നിങ്ങൾക്കു അവരുടെ പേരുവെച്ചു അവർ നൽകുന്നു ,അതിൽ എത്ര നിങ്ങളിൽ എത്തുന്നു എന്നത് ചോദിക്കാൻ പാടില്ല ,അവിടെയും നമ്മളെ ചില ആളുകൾ സമർത്ഥമായി പറ്റിച്ചുകൊണ്ടു ഞങ്ങളുടെ സഹായം എന്ന് പറഞ്ഞു മേനിനടിക്കുന്നു .സർക്കാർ സഹായിച്ചു ,നഷ്ടപരിഹാരമായി എട്ടു ലക്ഷം പത്തുലക്ഷം ഒക്കെ നൽകും എന്ന് പറയുന്നു സർക്കാർ ഇതിനായി പ്രത്യേകം നോട്ട് അടിക്കുന്നില്ല ,അതും ജനങ്ങളുടെ നികുതിപ്പണം തന്നെയാണ്.
അത് ചോദ്യം ചെയ്യപ്പെടേണ്ടത് തന്നെയാണ് മൂന്നരക്കോടി ജനങ്ങളുടെ നികുതിപ്പണം അതിൽ ഏതാനും ശതമാനം ആളുകളുടെ ദുഷ്പ്രവർത്തികൾ കൊണ്ട് സംഭവിക്കുന്ന ,അതായതു പാറമട, മണ്ണ് ,മണൽ, ഭൂ മാഫിയകൾ ചെയ്യുന്ന തെറ്റുകൾക്ക് എന്തിനാണ് ഒന്നുമറിയാത്തവരുടെ നികുതിപ്പണംനഷ്ടപരിഹാരമായി ഉപയോഗിക്കുന്നത് ,ഉപയോഗിക്കാം പക്ഷെ സർക്കാർ അവർത്തിച്ചുണ്ടാകുന്ന ദുരന്തങ്ങൾക്ക് അറുതിവരുത്തുവാൻ ഈ മേൽപ്പറഞ്ഞ മാഫിയകൾക്ക് മേൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടാണെങ്കിൽ മാത്രം .അവർ അനധികൃതമായി ഭൂമിയെ തുരന്നെടുത്തു സമ്പാദിച്ച പണം കണ്ടുകെട്ടി ദുരന്ത ബാധിതർക്ക് നല്കുകയല്ലേ വേണ്ടത് .
പരിസ്ഥിതിയെക്കുറിച്ചു പറയുന്നവരെ വികസന വിരോധികൾ ആയി ചിത്രീകരിക്കുന്ന പ്രവണതകൾ ഏറിവരുന്ന കാലഘട്ടം ആണ് .നമ്മുടെ നാട്ടിൽ ഒരുപാട് നാട്ടിടവഴികൾ ഉണ്ടായിരുന്നു ചെറുതും വലുതുമായ കൈത്തോടുകൾ ,ചാലുകൾ ,കുളങ്ങൾ ,പാട ശേഖരങ്ങൾ ,ഇപ്പോൾ അവയൊക്കെ കയ്യേറ്റം ചെയ്യപ്പെടുകയോ മണ്ണിട്ട് നികത്തുകയോ ,അതിന്റെ മുകളിൽ കെട്ടിടങ്ങൾ ഉയരുകയോ ചെയ്തിട്ടുണ്ടാവും .വെള്ളം ഒഴുകിപോകുവാനുള്ള വഴികളും ,തങ്ങി നിൽക്കാനുള്ള ഇടങ്ങളും മൂടപ്പെട്ടുകഴിഞ്ഞാൽ സ്വാഭാവികമായും വെള്ളപ്പൊക്കം ഉണ്ടാവും ,ഇതൊന്നും അറിയാത്തവർ അല്ലല്ലോ നമ്മുടെ നാടിനെ നയിക്കുന്നത് ,എന്തുകൊണ്ട് ഈ വക പ്രവർത്തനങ്ങൾക്ക് അതായതു ജനദ്രോഹപരമായ കാര്യങ്ങൾക്കു ഒത്താശ ചെയ്യുന്നു ,അത് ഉദ്യോഗസ്ഥരായാലും രാക്ഷ്ട്രീയ നേതാക്കൾ ആയാലും ചോദ്യം ചെയ്യപ്പെടേണ്ടതല്ലേ ?,താൽക്കാലിക ലാഭത്തിനുവേണ്ടി നാടിനെ ദുരിതത്തിലേക്ക് തള്ളിവിടുന്ന ആരും ചോദ്യം ചെയ്യപ്പെടാതെ പോകരുത് .
പുഴകളിലെ അശാസ്ത്രീയമായ തടയണകളെ കുറിച്ച് ചിന്തിക്കേണ്ട കാലം അതിക്രമിച്ചു അതിൽ അടിഞ്ഞുകൂടിയിരിക്കുന്ന ചെളി ,സംഭരണശേഷിയുടെ അളവുകുറക്കുന്നു ,പുഴയുടെ തീരങ്ങൾ കയ്യേറിയതും ദുരന്തങ്ങൾക്ക് ഹേതുവായി തീരുന്നു .നീരൊഴുക്കുകൾ പുനഃസ്ഥാപിച്ചു ,ഇനിയും പരിസ്ഥിയെ ദൂർബലപ്പെടുത്താൻ അനുവദിക്കാതെ ,നിയമങ്ങൾ കർക്കശമാക്കിയാൽ പാവപ്പെട്ടവരുടെ ജീവനും സമ്പത്തും നഷ്ടപ്പെടാതിരിക്കും.അപ്പോൾ ചോദ്യങ്ങൾ ഉയരും പാറയില്ലെങ്കിൽ നിർമ്മാണ പ്രവർത്തനങ്ങൾ നിന്നുപോവില്ലേ . വികസനം മുരടിക്കും എന്നൊക്കെ .വികസനം കെട്ടിടങ്ങളിൽ മാത്രം ആണ് നമ്മുടെ ആളുകൾ കാണുന്നത് ,വികസനം ആദ്യം വേണ്ടത് നാടിനെ നയിക്കുന്നവരുടെ മനസിനാണ് .അവർ ചിന്തിക്കണം ഉറച്ച തീരുമാനങ്ങൾ എടുക്കണം ,ദുരന്തത്തിന് കാരണമാകുന്ന ഒരുപ്രവർത്തിയും ഇനി അനുവദിക്കില്ല എന്നുള്ള മാനുഷികമായ ആ വികസനം വന്നാൽ എല്ലാം നന്നാകും .പാറ വേണം ,മണൽ വേണം എല്ലാ വിധ സാധനങ്ങളും വേണം അത് അതിന്റെ പരിധിക്കു വെളിയിൽ പോകാതെ നോക്കണം .കേരളത്തിൽ ഒന്നോ രണ്ടോ പേർക്ക് മാത്രം താമസിക്കുവാനായി രണ്ടായിരവും മൂവായിരവും ചതുരശ്ര അടി വിസ്തീർണ്ണമുള്ള വീടുകൾ നിർമ്മിക്കുന്നു എന്തിന് ? പതിനായിരക്കണക്കിന് വലിയ ബംഗ്ലാവുകൾ ആളൊഴിഞ്ഞു ഭാർഗ്ഗവീനിലയമായി നിൽക്കുന്നു ആർക്കു വേണ്ടി ?
ഇതിനൊക്കെ നിയന്ത്രണം വരുത്തണം താമസിക്കുന്നവരുടെ എണ്ണം അനുസരിച്ചു പെർമിറ്റ് കൊടുക്കണം ,ഈ വലിയ നിർമ്മാണങ്ങൾക്കു വേണ്ടി ഉപയോഗിക്കുന്ന അസംസ്കൃത വസ്തുക്കളുടെ അധിക ഉപഭോഗം മൂലം മറ്റുള്ള ആളുകൾക്ക് ഇത് കിട്ടാതെ വരുന്നു ,പണം ഉണ്ടായിരിക്കാം വലിയവീട്‌വെക്കുന്നതു അവരുടെ ഇഷ്ട്മായിരിക്കാം ,പക്ഷെ അത് മറ്റുള്ളവരുടെ അവകാശങ്ങൾ നിഷേധിച്ചുകൊണ്ടാകരുത് .പുനരുപയോഗിക്കാൻ പറ്റുന്ന വസ്തുക്കൾ ഉപയോഗിച്ച് ഭവന നിർമ്മാണം നടത്തുവാൻ ഉള്ള പദ്ധതികൾ ആവിഷ്കരിച്ചു നടപ്പിലാക്കിയാൽ അസംസ്കൃത വസ്തുക്കൾക്കായുള്ള ഈ കൊള്ള അവസാനിക്കും .റോഡുകൾ പോലുള്ള വികസന കാര്യങ്ങൾക്കു വേണ്ടി പരമാവധി അസംസ്കൃത വസ്തുക്കൾ ഉപയോഗിക്കണം ,അല്ലാതെ ഭവന നിർമ്മാണത്തിനുവേണ്ടിയും മറ്റുള്ള അനാവശ്യ നിർമ്മിതികൾക്കുമായി പൊതു സ്വത്തായ പ്രകൃതിവിഭവങ്ങൾ വിട്ടു നൽകരുത് , ഇങ്ങനെയുള്ള കാര്യങ്ങളിക്കൂടി ശ്രദ്ധപതിപ്പിച്ചാൽ ദുരന്തങ്ങളെ ഒരു പരിധി വരെ തടയുവാൻ സാധിക്കും, വികസനവും ഉണ്ടാവും .
പരിസ്ഥിലോല പ്രേദേശങ്ങളിൽ നിന്ന് ജനങ്ങളെ മാറ്റിപ്പാർപ്പിക്കുക സർക്കാർ വകസ്ഥലങ്ങളോ കയ്യേറ്റക്കാർ അനധികൃതമായി കൈവശം വെച്ചിരിക്കുന്ന ഭൂമയോ പിടിച്ചെടുത്തു നൽകുക അങ്ങിനെ അവരുടെ ജീവനെ കാക്കുവാൻ ഉള്ള മനസ്സ് കാണിച്ചാൽ നന്നായിരുന്നു . അധികാരത്തിനും ,നേട്ടങ്ങൾക്കുമായി സാധാരണക്കാരന്റെ ജീവിതം ,ജീവിക്കാനുള്ള അവകാശം ഇല്ലാതാക്കരുതേ .ഇതെല്ലാം ഒരു സാധാരണക്കാരിൽ സാധാരണക്കാരൻ ആയ ഒരു വ്യക്തിയുടെ കാഴ്ചപ്പാടുകൾ മാത്രമായി കണ്ടാൽ മതി .എങ്കിലും എന്നിലെ സംശയാലു ചോദിച്ചുകെണ്ടേയിരിക്കുന്നു ,ഈ പ്രളയ രക്തസാക്ഷികൾ എന്തിനു വേണ്ടി ആർക്കു വേണ്ടി രക്തസാക്ഷിയായി ,എന്തുകൊണ്ട് അപകടങ്ങളുടെ ആവർത്തനങ്ങൾ ഉണ്ടായിട്ടും ജനങ്ങൾ ഇതിനെക്കുറിച്ചു ചിന്തിക്കാതിരിക്കുന്നത്? എന്തുകൊണ്ട് തങ്ങളുടെ നികുതിപ്പണം നാടിൻറെ വികസനത്തിനല്ലാതെ ചിലരുടെ സ്വാർത്ഥതമൂലം ഉണ്ടാക്കുന്ന ദുരന്തങ്ങൾക്ക് നഷ്ടപരിഹാരം ആയി നൽകപ്പെടുന്നു ?
സുനിൽ മറ്റക്കര: – കോട്ടയം ജില്ലയിലെ മറ്റക്കരയിൽ ഉറുമ്പേനിക്കാട്ടു ശ്രീമാൻ രാമചന്ദ്രൻ നായരുടെയും ശ്രീമതി ഓമനാ രാമചന്ദ്രൻ നായരുടെയും മകൻ. രണ്ടു സഹോദരിമാർ, ബിന്ദു ഷാജി, സിന്ധു സുമോദ്, സിവിൽ എഞ്ചിനീയറിംഗ് പഠന ശേഷം സ്വദേശത്തും വിദേശത്തുമായി ജോലി ചെയ്തു. ഇപ്പോൾ സ്വന്തമായി നിർമ്മാണ കമ്പനി നടത്തിവരുന്നു. സ്കൂൾ കാലഘട്ടങ്ങളിലെ എഴുതിത്തുടങ്ങിയിരുന്നു, ഇതേവരെ രണ്ടു കവിതാ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചു. ആദ്യ സമാഹാരം ശസ്ത്രഗീതം, രണ്ടാമത്തേത് കാവലാൾ. പ്രഥമ പുസ്തകം ആയ ശസ്ത്ര ഗീതം സാഹിത്യ സ്പർശ് സീസൺ -3 അവാർഡിന് അർഹമായി. രണ്ടു പുസ്തകങ്ങളിലെയും ചില കവിതകൾ വിങ്ങ് വേർഡ് പോയറ്ററി മത്സരത്തിൽ പ്രത്യേക പരിഗണനക്കു പാത്രമാകുകയും അതേപോലെ ആദ്യ പുസ്തകം books,buzz, and brilliance : must read authors of early 2026 ൽ ഇടം പിടിച്ചിട്ടുമുണ്ട്. മൂന്നാമത്തെ കവിതാ സമാഹാരം പ്രസിദ്ധീകരിക്കുവാൻ ഉള്ള തയാറെടുപ്പിൽ ആണ്, ചില കവിതകൾ ഗാന രൂപത്തിൽ ആക്കിയിട്ടുണ്ട്. സുനിൽ മറ്റക്കര എന്ന യൂട്യൂബ് ചാനലിൽ ലഭ്യമാണ്. ദേശ ഭക്തി ഗാനങ്ങൾ എഫ് എം റേഡിയോ വഴി സംപ്രേക്ഷണം ചെയ്തിട്ടുണ്ട്, വരുന്ന ഓഗസ്റ്റ് 15- ന് പതാക എന്ന ദേശഭക്തിഗാനം club fm സംപ്രേക്ഷണം ചെയ്യാൻ പോകുന്നുമുണ്ട്. ഭാര്യ ഹരിപ്രിയ, ലീഡ് ആർക്കിടെക്ട് ആയി ബിസിനസ്സിൽ സഹായിക്കുന്നു. കുട്ടികൾ രണ്ടുപേർ ഗൗരിയും ഗൗരവും.
അഖിൽ പുതുശ്ശേരി
വേലിയ്ക്കൽ പൂത്തുനിൽക്കും കുഞ്ഞൊരു തുമ്പയാണു,
മാവേലിത്തമ്പുരാനെക്കാണാനായ് കാത്തുനിന്നു.
പൂവിളിക്കേട്ടുണർന്നു സന്തോഷം കൊണ്ടുനിന്നു,
പൂക്കളം തീർക്കുവാനായ് ആരും വിളിച്ചതില്ല!
നാട്ടിലെപ്പൂക്കളെല്ലാം പാതയോരത്തുമായി,
കൂട്ടമായ് വന്നിടുന്നു പ്ലാസ്റ്റിക്കിൻ കൂടുകളിൽ.
കാശിനു വാങ്ങിയീടും വർണ്ണപ്പൂവൊക്കെക്കൊണ്ടു,
മുറ്റത്തു തീർത്തിടുന്നു ഗാംഭീര്യപ്പൂക്കളങ്ങൾ!
കുട്ടികൾ വന്നതില്ല പൂക്കുടയേന്തിയെങ്ങും,
തൊട്ടിയെടുത്തുകൊണ്ടെൻ ചാരത്തു വന്നതില്ല.
ഓണപ്പൂപ്പാട്ടുമൂളിപ്പാടാൻ മറന്നുപോയോ?
മാവേലിപ്പാട്ടുകേൾക്കാൻ ഞാനിങ്ങു കാത്തുനിന്നു.
ഫോണിലെ സ്ക്രീനിലിന്നു ഓണവും പൂത്തുനിന്നു,
കാണാമറയത്തായി കൂട്ടരും മാറിനിന്നു.
സന്ദേശമൊക്കെവന്നു വാട്സാപ്പിലായതിനാൽ,
സന്തോഷം പങ്കുവെക്കാൻ നേരിട്ടുവന്നതില്ല.
വെള്ളയുടുപ്പണിഞ്ഞു ഞാനീ വരമ്പിലെന്നും,
ഉള്ളിലൊരാധിയോടെ നിൽപ്പാണ് കൂട്ടുകാരേ.
തേൻകുടിക്കാനുമൊറ്റത്തുമ്പിയും വന്നതില്ല,
ആരുമെൻ സങ്കടങ്ങൾ കേൾക്കുവാനെത്തിയില്ല.
സദ്യയൊരുക്കുവാനായ് അമ്മമാർ പാചകത്തിൽ,
വ്യഗ്രത പൂണ്ടുനിൽക്കും കാലവും പോയ്മറഞ്ഞു.
ഹോട്ടലിൽ നിന്നുമിന്നു പ്ലാസ്റ്റിക്കു പാത്രമായി,
നാട്ടിലെ സദ്യയെല്ലാം മേശപ്പുറത്തിറങ്ങി!
മാവേലിമന്നനിന്നു പാതാളലോകത്തുനി-,
ന്നാവേശമോടെവന്നു നോക്കുമ്പോൾ ഞെട്ടിനിൽക്കും!
മാറ്റങ്ങൾ കണ്ടുമന്നൻ നെഞ്ചത്തു കൈവെച്ചുപോയ്,
ഗ്രാമങ്ങളിന്നിതാ ഹോ! നഗരമായി മാറി.
തമ്പുരാനേയൊരല്പം എൻ്റെയീ സങ്കടങ്ങൾ,
അൻപോടുകേട്ടിടേണം ഞാനൊരു കുഞ്ഞുതുമ്പ.
പണ്ടത്തെ ഓണക്കാലം പിന്നെയുമെത്തിടുമോ?
മണ്ണിലെപ്പൂക്കളെല്ലാം ഒന്നായിച്ചേർന്നിടുമോ?
തമ്പുരാൻ പുഞ്ചിരിച്ചു ചാരത്തു വന്നണഞ്ഞു,
തുമ്പപ്പൂവിൻ്റെ നെറ്റിൽ സ്നേഹത്താൽ മുത്തമേകി.
മാറ്റങ്ങൾ ലോകതത്വം എന്നാലുമെൻ മനസ്സിൽ,
തുമ്പയും മുക്കുറ്റിയും എന്നും പ്രിയപ്പെട്ടവ!
ഓണമെന്നാൽ മനസ്സിൽ പൂക്കുന്ന നന്മയാണു,
കാണാമറയത്തിന്നും വാഴുന്ന സ്നേഹമാണു.
തുമ്പപ്പൂവാകാം നമ്മൾ നാടിൻ്റെ വെണ്മയാകാം,
ഒന്നായിപ്പാടിടാം നാം പൊന്നോണം വന്നെത്തീലോ!
അഖിൽ പുതുശ്ശേരി : 1995 ഏപ്രിൽ 15-ന് ആലപ്പുഴ ജില്ലയിൽ ചെട്ടികുളങ്ങരയിൽ പുതുശ്ശേരിയെന്ന ഗ്രാമത്തിൽ ജനിച്ചു . അച്ഛൻ മുരളീധരൻ നായർ ,അമ്മ കൃഷ്ണകുമാരി . ബാല്യകാലം മുതൽ കവിത എഴുതിത്തുടങ്ങി ,നാല് കാവ്യസമാഹാരങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട് .
2010 – ൽ ഐ എസ് ആർ ഒയിൽ പ്രബന്ധം അവതരിപ്പിക്കാൻ വിദ്യാലയത്തെ പ്രതിനിധീകരിച്ചു .മാതൃഭൂമി, കലാകൗമുദി, എഴുത്തോല, മലയാള മനോരമ, കവിമൊഴി, മാധ്യമം, കേസരി, സമകാലിക മലയാളം ,പച്ചമലയാളം, ദേശാഭിമാനി, ചന്ദ്രിക, കലാപൂർണ്ണ, തുടങ്ങിയ സമകാലികങ്ങളിൽ കവിത പ്രസിദ്ധീകരിച്ചു . ഓൾ ഇന്ത്യ റേഡിയോയിൽ കവിത അവതരിപ്പിച്ചിട്ടുണ്ട്.
പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ:
നിഴൽക്കുപ്പായം
മാമ്പൂവ്
സ്വപ്നംകൊണ്ടെഴുതിയ ഒസ്യത്ത്
അൻഡു
പുരസ്‌കാരങ്ങൾ
—————–
എഴുത്തച്ഛൻ ഫെൽലോഷിപ്
ആശാൻ സ്മാരക പുരസ്‌കാരം
എം എൻ കുമാരൻ സ്മാരക പുരസ്‌കാരം
റോട്ടറി ക്ലബ് സാഹിത്യ പുരസ്‌കാരം
ടാഗോർ സ്മാരക പുരസ്‌കാരം
ലെനിൻ ഇറാനി സ്മാരക പുരസ്‌കാരം
യാനം സാഹിത്യ പുരസ്‌കാരം