literature

ഡോ.ഉഷാറാണി.പി.

ഞങ്ങൾ,
കണ്ണുകളിൽ കനവുനിറച്ചവർ
കളിപറഞ്ഞു ചിരിച്ചവർ
ഒറ്റത്തുമ്പിയെയും
മുക്കുറ്റിപ്പൂവിനെയു-
മൊരുമിച്ചു പുൽകാത്തവർ.
പിണങ്ങാതെ, പിരിയാതെ
നെഞ്ചിലോളമേറ്റിപ്പങ്കിട്ടു
പകൽസ്വപ്നം മെനഞ്ഞവർ.

എത്രദൂരമൊരുമിച്ചുനടന്നാലും
കാൽതളരാതെ
വാക്കുകൾ മുറിയാതെ
കൊഴിയാത്തയിലകളിലൊന്നിൻ്റെ തുമ്പിൽ
വെറുതെ കുതിച്ചുതൊട്ടു,
ഒരുകൊച്ചുകല്ലെടുത്തൊന്നെറിഞ്ഞ്
ബാല്യകൗമാരങ്ങളിലൂളിയിട്ടു.

പ്രിയസഖികൾക്കദ്ഭുതമെന്തിലുള്ളൂ
പരിചിതനഗരപാതകളിലും
ഇഷ്ടവേഷഭൂഷകളിലും
പുതുപുതുവിശേഷത്തിന്നാവേശത്തിലും,
അലങ്കാരമില്ലാത്ത ദിനങ്ങളിലും
പൊരുൾപൂക്കാത്ത സ്വപ്നങ്ങളിലു-
മതിശയലേശമില്ലനുതാപവും.

ഞങ്ങൾ,
കദനംനിറഞ്ഞവർ
ഉള്ളറിഞ്ഞു പകർന്നാടുന്നവർ

ഡോ.ഉഷാറാണി .പി

തിരുവനന്തപുരം ജില്ലയിൽ മണക്കാടിനടുത്ത് 1975 ൽ ജനനം. കെ.ജി.പ്രഭാകരനാചാരിയും കെ.പത്മവുമാണ് മാതാപിതാക്കൾ. ഗവ.സ്കൂൾ മണക്കാട്, ആൾ സെയിൻ്റ്സ് കോളേജ് തിരുവനന്തപുരം, ഗവ.യൂണിവേഴ്സ് റ്റി കോളേജ് തിരുവനന്തപുരം, ശങ്കരാചാര്യ സംസ്കൃത യൂണിവേഴ്സിറ്റി തിരുവനന്തപുരം കേന്ദ്രം എന്നിവിടങ്ങളിൽ നിന്ന് വിദ്യാഭ്യാസം കഴിഞ്ഞ് കേരള യൂണിവേഴ്‌സിറ്റിയിൽ നിന്നും മലയാള സാഹിത്യത്തിൽ ഡോക്ടറേറ്റു നേടി. സ്വകാര്യ മേഖലയിലെ വിദ്യാലയങ്ങളിലെ അദ്ധ്യാപികയായിരുന്നു. ഇപ്പോൾ ആറ്റുകാൽ ചിന്മയ വിദ്യാലയത്തിൽ. ആനുകാലികങ്ങളിൽ സാഹിത്യരചനകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ‘ആത്മ നിവേദനം’ എന്ന കവിതാ സമാഹാരവും പ്രസിദ്ധീകരിച്ചു.

വിലാസം: പ്രഭാതം, ടി.ആർ.ഏ-39, താവലോട് നഗർ, മുട്ടത്തറ, തിരുവനന്തപുരം – 8.
ഫോൺ – 9746201959

റജി വർക്കി

“ഏതു അ….. യാടാ അത് ചെയ്തത്… !!? ”

തിരുവോണ ദിവസം രാവിലെ ഉണർന്നത് നല്ല കുറെ നാടൻ തെറി കേട്ട് കൊണ്ടാണ്.

അല്ലേലും അത് ഒരു പുതുമ അല്ലല്ലോ! എന്നും ആരുടെയേലും തെറി കേൾക്കാതെ ഉണരുന്ന പരിപാടി ഇല്ലാത്തതാണ്.

ഒന്നുകിൽ അമ്മയുടെ “എടാ മരപ്പട്ടി നീ ഇതുവരെ എഴുന്നേറ്റില്ലേടാ?” എന്ന ഒരു ഉണർത്തു പാട്ട്. അല്ലേൽ അപ്പന്റെ “…ഉം കുത്തി കിടന്നുറങ്ങിക്കോടാ.. ആസനത്തിൽ വെയിൽ ഉദിച്ചു.. ഇനി എങ്കിലും എഴുന്നേല്‍ക്കാൻ നോക്കെടാ…” എന്ന ഒരു ഉണർത്തു പാട്ട്.

പക്ഷെ ഓണവുമായിട്ടു ഇന്ന് കേൾക്കുന്ന ഈ തെറി വളരെ പുതിയതാണ്.

ചെവിയോർത്തു.. ചാത്തനാട്ടെ സാറാമ്മ ചേടത്തി ആണ്.

ചേടത്തിയെ നാട്ടുകാര് വെറുതെയല്ല മൈക്കുസാറാമ്മ എന്ന് വിളിക്കുന്നത്‌. ഒരു മുപ്പതു വാട്ട് ഉച്ചഭാഷിണി തോറ്റു പോകുന്ന ശബ്ദസൗകുമാര്യം കൊണ്ട് നാട്ടുകാരുടെ ഓമന ആയ മൈക്ക് സാറാമ്മ. ചേടത്തിയോട് ആരും ഒരു രഹസ്യവും പറയാറില്ല. “അത് എന്നതാടി നീ അങ്ങനെ പറഞ്ഞത്” എന്ന് ചേടത്തി പതുക്കെ പറഞ്ഞാൻ എന്റെ കുട്ടിക്കാലത്ത് അത് ഒരു നാല് വീട് അപ്പുറത്ത് കേള്ക്കാം…!!

ചാത്തനാട്ടെ പുലി ആയ ചാക്കോ സാറിന്റെ സഹാധർമിണി ആണ് കഥാപാത്രം. ചാക്കോ സാർ സ്കൂളിൽ പുലി ആണേലും പെണ്ണുമ്പിള്ള സാറിനെ വരച്ച വരയിൽ നിർത്തും. പോരാത്തതിന് വേറെയും വരയ്ക്കും.

സാറാമ്മ ചേടത്തിയെ ആരേലും ഫോണ്‍ ചെയ്യുവാണേൽ കുറച്ചു അകലെ പിടിച്ചോണം. അല്ലേൽ ചെവി പൊട്ടിപ്പോകും.

ചേടത്തി ഉള്ളതുകൊണ്ടാണ് അവരുടെ പറമ്പിൽ ഒരു ഈച്ച പോലും കയറാത്തത്. “ആരാഡാ.. അത്…. ?” എന്ന ഒരു ആക്രോശം മതി കയറാൻ വരുന്നവന്റെ കച്ചോടം പൂട്ടാൻ…!!

അപ്പോ ഇനി പറയണ്ടല്ലോ ‘ബഡാ’ പാർട്ടി ആണ് കക്ഷി.

എന്താണോ പ്രശ്നം.. ഇപ്പോൾ.. കുറെ നാളായി ചേടത്തി മക്കളുടെ വീട്ടില് ആയിരുന്നു. ചാക്കോ സാർ പിന്നെ വീടിനു പുറത്തിറങ്ങുന്ന സ്വഭാവം ഇല്ലാത്ത കൊണ്ട് ആ വീട്ടില് ആരേലും ഉണ്ടോ ഇല്ലയോ എന്ന് അറിയത്തും ഇല്ല.

കാതോർത്തു… “പ്ലാവ്.. വെട്ടി… നോക്കടാ.. നിന്റെ പിള്ളേർ.. ” എന്നൊക്കെ കേട്ടപ്പോഴേ സംഗതിയുടെ കിടപ്പ് അത്ര പന്തിയല്ല എന്ന് മനസില്ലായി.

കൊച്ചൂട്ടി മാപ്ലയുടെ ചായക്കടയിൽ വെള്ളം കൊരിക്കൊടുക്കുന്ന, ഇച്ചിരി ലൂസായ പൊട്ടൻ തമ്പി വെള്ളം നിറച്ച കുടം കൊണ്ട് വച്ചിട്ട് ഒരു നില്പ്പുണ്ട്.. മാപ്ലയുടെ മുഖത്ത് നോക്കി…- അർഥം ഇതാണ് “ഞാൻ നില്ക്കണോ… അതോ പോണോ…” അത് പോലെയാണ് എന്റെയും അവസ്ഥ.. ഇനിയും കിടക്കണോ അതോ ഓടണോ…

ചേടത്തി പറയുന്ന കഥയിലെ നായകന് ഞാൻ ആയ കൊണ്ട് നില്ക്കുന്നത് ആരോഗ്യത്തിനു അത്രനല്ലതല്ല. ഓടിയിട്ടും വല്യ കാര്യം ഒന്നും ഇല്ല. എന്റെ അപ്പന്റെ സ്വഭാവത്തിന് കിട്ടുന്ന ഇടത്തു വച്ച് അടി കിട്ടും. അടിയുടെ വേദന പോരാഞ്ഞു നമ്മുടെ നാട്ടിലെ ഐശ്വര്യാറായിയും സുഷ്മിതാ സെന്നും (ജലജയും പ്രിയയും) ഒക്കെ ഓണവുമായിട്ട് രാവിലെ അമ്പലത്തിൽ പോകുന്ന സമയം ആണ്. നമ്മുടെ സകല വിലയും (എന്തേലും ഇനി ബാക്കി ഉണ്ടേൽ) പോകും. അതാണ്‌ സീൻ.

അമ്മയുടെ അടുത്ത് പോയാലോ.. വേണ്ട ഹൈക്കമാന്റിനു വല്യ വിലയൊന്നും ഇല്ലാത്ത അവസ്ഥ ആണ്. അത് തന്നെയല്ല ഇത് നിങ്ങളുടെ ഉൾപാർട്ടി പ്രശ്നം അതിൽ ഞാൻ ഇടപെടില്ല എന്ന് പറഞ്ഞാലോ..

ഐഡിയ….!! പശുതൊഴുത്തിന്റെ മുകളിൽ ഒരു കച്ചിത്തിരി ഇടുന്ന തട്ട് ഉണ്ട്. അവിടെ കയറി ഇരിക്കാം പെട്ടന്ന് അപ്പൻ കാണില്ല. പിന്നെ കുറെ കഴിയുമ്പോൾ ഇറങ്ങി വരാം.

കൊള്ളാം… ആൻ ഐഡിയ കാൻ സേവ് യുവര് ലൈഫ്…

സാറാമ്മചേടത്തി പിന്നെയും ‘അനൗണ്‍സ്മെന്റു’ തുടരുകയാണ്. ‘കോളാമ്പി’ ഉപയോഗിക്കുന്നതിനു പോലീസിന്റെ അനുവാദം വേണം എന്നാ നിയമം വരുന്നതിനു മുന്പുളള കാലമാണ്.. അല്ലേൽ ഒരു പരാതി കൊടുക്കാമായിരുന്നു…

സംഭവം ഇതാണ്:

ചേടത്തി കുറെക്കാലം സ്ഥലത്തില്ലായിരുന്നല്ലോ. അപ്പോൾ ഞങ്ങൾ കുറെ അണ്ടർ ഫൊർട്ടീൻ പശങ്കൾ ഓണാവധിക്കു ഒരു ക്രിക്കറ്റ് ക്ലബ് രൂപീകരിച്ചു. രാവിലെ തുടങ്ങുന്ന ട്വന്റി ട്വന്റി എതിര് ടീം ബാറ്റ്സ്മാൻ “ഒന്നും കാണാൻ മേല” എന്നു പറയുമ്പോൾ ആണ് നിർത്തുന്നത്.

ക്രിക്കറ്റ് കളിക്കാനുള്ള അനുവാദം എങ്ങനെ വീട്ടില് നിന്നും വാങ്ങും..?

ഹൈക്കമാന്റിന്റെ അടുത്ത് ചോദിച്ചു ശല്യപ്പെടുതിയപ്പോൾ “ആടിനുള്ള തീറ്റി കൊണ്ട് വരാം എങ്കിൽ പൊക്കൊ.. ” എന്ന ഒരു അനുവാദം കിട്ടി. മാഡം വിചാരിച്ചു ഇവന്മാർ രണ്ടു ദിവസം കഴിയുമ്പോൾ നിർത്തിക്കോളും എന്ന്.. !!

പക്ഷെ ഞങ്ങൾ ആരാ മക്കൾ…. ഇതേ പുത്തി നമ്മൾ നമ്മളുടെ ചുള്ളന്മാരുടെ അടുതെല്ലാം പറഞ്ഞു.. അവന്മാരും ആരാ മക്കൾ… !!!

അങ്ങനെ ഞങ്ങൾ ക്രിക്കറ്റ് കളി തുടങ്ങി…

കളി തീരുമ്പോൾ രാത്രി ആകും എന്ന് പറഞ്ഞല്ലോ.. പിന്നെ എവിടുന്നാ ആടിന് തീറ്റി ഉണ്ടാക്കുന്നത്… ?

പക്ഷെ ഞങ്ങൾ അതിനും കണ്ടു പിടിച്ചു പുതിയ ഒരു ഐഡിയ…

എന്താണെന്നല്ലേ…

ചാത്തനാട്ടെ പറമ്പല്ലേ, നിറയെ പ്ലാവുകളും ആയി അടുത്ത് ഉള്ളത്.. കയറുക പ്ലാവില വെട്ടുക… !! ഗ്രേയ്റ്റ്‌… അത് ഞങ്ങൾ നടപ്പാക്കി…
മൈക്ക് സാറാമ്മ അവിടെ ഇല്ലല്ലോ.. പിന്നെ എന്ത് വേണം… !!

അങ്ങനെ ‘ചലോ ചാത്തനാട്ടു പറമ്പ്..’

കളി നിർത്തുന്പോൾ ഞങ്ങൾ എല്ലാവരും കൂടി പ്ലാവിൽ കയറും അന്നത്തെ ആവശ്യത്തിനുള്ള പ്ലാവില അതിന്റെ ശിഖരത്തോടെ വെട്ടി താഴത്തിടും പിന്നെ പ്ലാവില കോതി കെട്ടി വീട്ടില് കൊണ്ട് പോകും. പിന്നെ ആരാ പ്ലാവിന്റെ തുമ്പുവരെ കയറുന്നത്…?

കർത്താവു പറഞ്ഞിട്ടില്ലേ അന്നന്നത്തെ ആഹാരം മാത്രം തരണം എന്ന് പ്രാർത്ഥിക്കാൻ.. !!

ഇങ്ങനെ കുറച്ചു നാൾ പോയി.. ആടും ഹാപ്പി അപ്പനും ഹാപ്പി.. അമ്മേടെ കാര്യം പിന്നെ പറയണ്ടല്ലോ…

പിന്നെ എന്താ… ഞങ്ങൾ ട്വന്റി ട്വന്റി തകർത്ത് വാരി…

പക്ഷെ പ്രശ്നം അതൊന്നും അല്ല..

മക്കളുടെ അടുത്തുള്ള തീർത്ഥാടനം കഴിഞ്ഞു ഓണത്തിന്റെ തലേന്ന് ചേടത്തി വന്നപ്പോഴാണ്..

പറമ്പിലേക്കിറങ്ങിയ ചേടത്തിയുടെ കണ്ണ് തള്ളിപ്പോയി.. പ്ലാവുകൾ എല്ലാം അറ്റത്തു കുറച്ചു ഇലകളും ആയി ‘തെങ്ങ്’ പോലെ നില്ക്കുന്നു.. എങ്ങനെ കണ്ണ് തള്ളാതിരിക്കും… !!!?

ആണ്ടോടാണ്ട് കഞ്ഞി കുടിക്കാനുള്ള പ്ലാവില തരുന്ന, നിറയെ ചക്ക കായിക്കുന്ന ചേടത്തി ഓമനിച്ചു വളർത്തിയ പ്ലാവുകൾ ആണ് ഇങ്ങനെ നില്ക്കുന്നത്…

ചേടത്തിയല്ല ആരായാലും തെറി വിളിച്ചു പോകും. ചേടത്തി ആയ കൊണ്ട് അത് നാട്ടുകാർ മുഴുവൻ കേള്ക്കും.

അപ്പൊ അതാണ്‌ സീൻ..

“എടാ.. എടാ.. ഇവിടെ വാടാ… ” അപ്പൻ വിളിക്കുന്നു… ഞാൻ കുറേക്കൂടി കച്ചിയിലേക്ക് പതുങ്ങിക്കിടന്നു..

എന്തായാലും അടി ഉറപ്പാ..

എന്നാലും നല്ലൊരു ഓണവും ആയിട്ട് രാവിലെ വേണ്ട…

വൈകിട്ട്…

ക്രിക്കറ്റ് കളിക്കാനുള്ള ഓരോരോ പ്രയാസങ്ങളെ….!!!

പിൻ കാഴ്ച: ചേടത്തി അപ്പോഴെങ്കിലും വന്നില്ലായിരുന്നേൽ പ്ലാവ് ഒറ്റത്തടി വൃക്ഷം എന്ന ടൈറ്റിൽ മാറ്റി -‘പ്ലാവ് ഒരു ഇലയില്ലാത്ത മരം’ എന്നാക്കേണ്ടി വന്നേനെ… !!!

റജി വർക്കി :   ഡിജിറ്റൽ മീഡിയ രംഗത്തു പ്രവർത്തിക്കുന്ന റജി, വിവിധ കഥകളും കവിതകളും എഴുതിയിട്ടുണ്ട്. ചിലതൊക്കെ മനോരമയുടെ ലിറ്ററേച്ചർ വിഭാഗത്തിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. വർഷങ്ങൾ ആയി പ്രവാസ ജീവിതം നയിക്കുന്ന റജി, തന്റെ എഴുത്തുകളിൽ ഒരു പ്രവാസിയുടെ മനോഭാവം പലപ്പോഴും വരച്ചു കാട്ടാറുണ്ട്. സമയം കിട്ടുമ്പോഴൊക്കെ ബ്ലോഗുകൾ ആയും മറ്റും എഴുതി തുടങ്ങിയ റജി ഇപ്പോൾ ഇംഗ്ലണ്ട് വിൽട്ഷെയറിൽ ഉള്ള സാൾസ്ബറിയിൽ താമസിക്കുന്നു. ഭാര്യ ജിഷ വർക്കി സാൾസ്ബറി എൻ എച്ച് എസ് ഹോസ്പിറ്റലിൽ നേഴ്സ് ആണ്. റജി എൻ എച്ച് എസ് ഹോസ്പിറ്റലിൽ തന്നെ അഡ്മിൻ വിഭാഗത്തിൽ ജോലി ചെയ്യുന്നു. ഒരു മകൻ, ബേസിൽ ജേക്കബ് വർക്കി

എം.ജി.ബിജുകുമാർ

ഏറ്റുമാനൂർ ക്ഷേത്രത്തിൽ തൊഴുത് പ്രസാദവും നെറ്റിയിലണിഞ്ഞ് ബസ് സ്റ്റേഷനിൽ എത്തിയപ്പോഴേക്കും മഴ തുടങ്ങിയിരുന്നു. ഇരുപത് മിനിറ്റോളം കാത്തു നിന്നതിനു ശേഷമാണ് വണ്ടിയെത്തിയത്. അതിൽ കയറിയിരുന്ന് സൈഡ് വിൻഡോയിലൂടെ പുറത്തേക്ക് നോക്കി മഴയും കണ്ടിരിക്കുമ്പോൾ മനസ്സിൽ തെളിഞ്ഞത് അവന്റെ മുഖമായിരുന്നു.
“മാധവിന്റെ ”

അവൻ്റെ നിരന്തരമായ നിർബന്ധത്തിന് വഴങ്ങിയാണ് ആശുപത്രിയിലേക്ക് പോകാൻ തീരുമാനിച്ചതും മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്ത് അതിനായി പുറപ്പെട്ടതും. നിരവധി ആരോഗ്യപ്രശ്നങ്ങൾ കൊണ്ട് ബുദ്ധിമുട്ടിയിരുന്ന തന്റെ വിഷമതകൾ മനസ്സിലാക്കിയപ്പോൾ മുതൽ അവൻ ആവശ്യപ്പെടുന്നതാണ് അമൃത ഹോസ്പിറ്റലിൽ തന്നെ പോകണമെന്നും ടോട്ടൽ ചെക്കപ്പ് നടത്തണമെന്നും.

അപ്രതീക്ഷിതമായി കിട്ടിയ സുഹൃത്തായിരുന്നു മാധവ്. ക്രമേണ സൗഹൃദം പ്രണയമായി മാറുകയും താൻ അവന്റെ ഹൃദയത്തുടിപ്പായി മാറുകയും ചെയ്തു. തൈറോയ്ഡ്, ഫൈബ്രോയിഡുകൾ എന്നുവേണ്ട മിക്ക രോഗങ്ങളും എന്നിലേക്ക് ആഴ്ന്നിറങ്ങുമ്പോഴും ഞാനിതൊന്നും ഗൗനിക്കാതെ മുന്നോട്ട് പോവുകയായിരുന്നു. ഈ രോഗങ്ങൾ ടീച്ചറായ തനിക്ക് അധ്യാപനത്തിലും ബുദ്ധിമുട്ടുകൾ ഉണ്ടാക്കി തുടങ്ങിയപ്പോൾ മാധവാണ് ഇനി ഡോക്ടറെ കണ്ടേ പറ്റൂ എന്ന് കട്ടായം പറഞ്ഞ് ടിക്കറ്റ് ബുക്ക് ചെയ്തത്.

പുറത്ത് പെയ്യുന്ന മഴയുടെ ഇരമ്പൽ കാതിൽ നിറയുമ്പോഴും അതിൽ പെടാതെ ഒരു മൊഴി അവളുടെ ഉള്ളിൽ തട്ടി കുളിരു പടർത്തുന്നുണ്ടായിരുന്നു.

” നീ എന്റെ ഹൃദയത്തുടിപ്പല്ലേ നിനക്കെന്തെങ്കിലും പറ്റിയാൽ പിന്നെ എന്റെ ഹൃദയവും നിലച്ചു പോകില്ലേ !”
ഇമ വെട്ടാതെ തന്റെ കണ്ണിൽ നോക്കി നിന്ന് അവനത് പറയുമ്പോൾ അവനിലെ പ്രണയം മുഴുവൻ ആ മുഖത്തും കണ്ണിലുമായി തെളിയുന്നുണ്ടായിരുന്നു എന്ന് അമൃത ഓർത്തു.

”അവൻ എന്തിനായിരിക്കും എന്നെ ഇങ്ങനെ സ്നേഹിക്കുന്നത്?”
ഉത്തരമില്ലാത്ത ചോദ്യം.

”അമ്മ എന്താണ് ആലോചിക്കുന്നത്?”
അടുത്തിരുന്ന മകന്റെ ചോദ്യം അമൃതയെ ചിന്തകളിൽ നിന്നുണർത്തിയപ്പോൾ അവളുടെ ബോധം ബസ്സിനുള്ളിലേക്ക് തിരിച്ചുവന്നു.
”ഒന്നുമില്ലെടാ”
അവൾ ഷാൾ എടുത്ത് മുഖം തുടച്ചു.

എൻജിനീയറിങ് കഴിഞ്ഞ് റിസൾട്ട് വരുന്നതും കാത്തിരിക്കുന്ന തന്റെ മകൻ നല്ല മാർക്കോടെ പാസാകും എന്നതിൽ തനിക്കും ഭർത്താവിന് തർക്കമില്ല. എങ്കിലും തുടർപഠനത്തിനു വിടണോ അതോ വിദേശത്ത് ജോലിക്ക് വിടണോ എന്ന കാര്യത്തിൽ ഒരു തീരുമാനവുമായിട്ടില്ല. വിദേശജോലിക്കായി ബന്ധുവിന്റെ നല്ല ഒരു ഓഫർ കിട്ടിയത് സ്വീകരിക്കണോ വേണ്ടയോ എന്ന ചോദ്യം ഇപ്പോഴും അവശേഷിക്കുന്നുണ്ട്.

ഓരോ സ്റ്റോപ്പുകളിലും ആൾക്കാർ ഇറങ്ങുകയും കയറുകയും ചെയ്തുകൊണ്ടേയിരുന്ന.
തൊട്ടുമുമ്പിൽ ഇരിക്കുന്ന സീറ്റിലെ പെൺകുട്ടികൾ എന്തൊക്കെയോ പറഞ്ഞു ചിരിക്കുന്നുണ്ടായിരുന്നു. അവരിൽ ഒരാളുടെ മൊബൈലിൽ നിന്ന് നല്ല ഗാനങ്ങൾ ഒന്നിന് പിറകെ ഒന്നായി ഒഴുകിക്കൊണ്ടേയിരുന്നു.

“ആഷാഢം പാടുമ്പോൾ ആത്മാവിൻ രാഗങ്ങൾ….”
അവൾ ആ വരികൾ ശ്രദ്ധിച്ച് ഗാനം ആസ്വദിച്ചിരുന്നു.
ആഷാഢം മഴ മാസമാണ്. അമൃതവർഷിണി രാഗത്തിന് പ്രകൃതിയിൽ മഴപെയ്യിക്കാൻ കഴിവുണ്ടെന്നാണ് പറഞ്ഞു കേട്ടിരിക്കുന്നത്.
അവളുടെ ചിന്തകൾ ആ വഴിക്ക് മുന്നോട്ട് പോയി.

ബസ്സിനുള്ളിലെ ഗാനവും പുറത്തെ മഴയുടെ മൂളലും കേട്ട് അവൾ സീറ്റിലേക്ക് ചാരിയിരുന്നു.
മകൻ ഫോണിൽ എന്തൊക്കെയോ തിരഞ്ഞു പോകുന്നുണ്ടായിരുന്നു. അതെന്തെന്ന് അവൾ ശ്രദ്ധിച്ചതേയില്ല.

ബസ് സ്റ്റേഷനിൽ ഇറങ്ങി ഓട്ടോയിൽ ഹോസ്പിറ്റലിലേക്ക് എത്തിയപ്പോൾ ഡോക്ടറെ കാണുന്നതിന് മുമ്പ് ഡീറ്റൈൽസിനായി എൻക്വയറി വിഭാഗത്തിലേക്ക് പോകുന്ന മകനെ നോക്കിക്കൊണ്ട് അടുത്തുണ്ടായിരുന്ന കസേരയിൽ ഇരിക്കുകയായിരുന്നു അവൾ.
അപ്പോൾ അമൃത തന്റെ മുന്നിൽ സംസാരിച്ചു നിൽക്കുന്ന സുന്ദരിയായ പെൺകുട്ടിയെയും യുവാവിനേയും ശ്രദ്ധിച്ചു.

മജന്ത കളറിൽ കടും നീല പൂക്കൾ ഉള്ള ചുരിദാർ അണിഞ്ഞ് അവളുടെ മുടിയിൽ മുല്ലപ്പൂ ചൂടിയിരുന്നു. വലിയ കമ്മലൊക്കെ അണിഞ്ഞ് കണ്ണിൽ കരിമഷിയൊക്കെ എഴുതി, വലിയ പൊട്ട് തൊട്ട് അതിനു മുകൾഭാഗത്ത് ചന്ദനക്കുറിയും വരച്ച് നിൽക്കുന്ന ആ പെൺകുട്ടിയോടൊപ്പം ഭർത്താവാണെന്ന് തോന്നിക്കുന്ന യുവാവ് ആരെയോ ഫോണിൽ വിളിക്കുന്നുണ്ടായിരുന്നു.

അവർ കടന്നു പോയപ്പോൾ അമൃത മാധവിനെപ്പറ്റി ഓർത്തു. അവൾ ഫോണെടുത്ത് മാധവിനെ വിളിച്ചു.
“ഹലോ ..എത്തിയോ?” അവന്റെ ശബ്ദം അവളുടെ മുഖം പ്രകാശമാനമാക്കി.

” എത്തിയതേയുള്ളു. ഡോക്ടറെ കണ്ടിട്ട് വിളിക്കാം”
അവളുടെ മറുപടി.
” എല്ലാ കാര്യങ്ങളും വ്യക്തമായി ഡോക്ടറോട് പറയണം കേട്ടോ ?”
” ഉം”
‘ശരി”
അവൻ ഫോൺ കട്ട് ചെയ്തു.

തന്റെ മൂഡ് ഡിസ്റ്റർബ്ഡ് ആകുമ്പോഴൊക്കെ അത് കൂൾ ആക്കാൻ അവൻ പ്രത്യേകം ശ്രദ്ധിക്കാറുണ്ട് എന്ന് അമൃത ഓർത്തു. രണ്ടുപേരുടെയും ചിന്തകളും മനോഭാവങ്ങളും പ്രവർത്തികളും ഒക്കെ സാമ്യം തോന്നിയിട്ടുണ്ട്.

എട്ട് വർഷമായി വിദേശത്തായിരുന്ന അവൻ നാട്ടിൽ ജോലി കിട്ടിയപ്പോഴാണ് തിരിച്ചെത്തിയത്. ഇടയ്ക്കെപ്പോഴോ എഴുതിയ ടെസ്റ്റിൽ നിന്നും നിയമനം ലഭിക്കുന്നതിനുള്ള കത്ത് വന്നപ്പോഴേക്കും വേഗം തിരിച്ചുപോരുകയായിരുന്നു. വന്നിട്ട് മൂന്നു വർഷമാകുന്നുവെങ്കിലും തമ്മിൽ പരിചയപ്പെട്ടിട്ട് ഒന്നര വർഷം കഴിഞ്ഞിട്ടേയുള്ളു. നേരത്തെ പരിചയപ്പെടേണ്ടതായിരുന്നു എന്നാണ് അവൻ എപ്പോഴും പറയാറുള്ളത്.

”എന്നെ പ്രണയിക്കാതിരിക്കുന്നതാണ് മാധവ് നിനക്ക് നല്ലത് ” ആദ്യമൊക്കെ ഞാൻ പറയുമായിരുന്നു.
അതെന്താണ് എന്നവൻ ചോദിക്കുമ്പോൾ
“എന്റെ പ്രണയം അഗ്നി പോലെ നിന്നെ പൊള്ളിച്ചേക്കാം..
ചിലപ്പോൾ മഞ്ഞുപോലെ നിന്നെ പൊതിഞ്ഞേക്കാം……
ഒരുപക്ഷേ ഒരു മൃദുലമായ തൂവൽ പോലെ നിന്റെ മാറിൽ പറ്റിച്ചേർന്ന് പറിച്ചെറിയാൻ പറ്റാത്തപോലെ….. ”

വാചകം പൂർണമാക്കും മുമ്പ് താൻ അവനെ നോക്കുമ്പോൾ മാധവിൻ്റെ കണ്ണുകൾ ഒന്നുകൂടി വിടർന്നതേയുള്ളു.

” നീ എന്നെ ഭ്രാന്തമായി സ്നേഹിക്കണം അമൃതാ…. ആ ഭ്രാന്തിൽ ജീവിച്ചു മരിക്കാനാണ് എനിക്കിഷ്ടം. അത്രത്തോളം ഒരു സ്വർഗ്ഗം എനിക്ക് കിട്ടാനില്ല”
അവൻ പുഞ്ചിരിയോടെ പറഞ്ഞ മറുപടി ഇന്നും കാതിലുണ്ട്.

ഉച്ചയോടു കൂടി ഡോക്ടറെ കണ്ട് വിഷമതകൾ ഒക്കെ വിവരിച്ചതിനു ശേഷം അദ്ദേഹം പെൽവിസ് സ്കാൻ ചെയ്യാനായി എഴുതിത്തന്നു. കോംപ്ലിക്കേറ്റഡ് കേസ് എല്ലാം ഡോക്ടർ നേരിട്ട് സ്കാൻ ചെയ്യാൻ വരും എന്നു പറഞ്ഞതിനാൽ മൂന്നരവരെ അതിനായി കാത്തിരിക്കേണ്ടി വന്നു.

സ്കാൻ ചെയ്യുന്നിടത്ത് നല്ല തിരക്കായിരുന്നു. അതിനാൽ കുറെ നേരം പുറത്തിരിക്കേണ്ടതായി വന്നു. ചെറുതായൊന്നു മയങ്ങി.
അൽപ്പസമയത്തിനു ശേഷം സ്കാൻ ചെയ്യുന്ന റൂമിനോട് ചേർന്ന് കർട്ടൻ ഇട്ട ഭാഗത്തേക്ക് കയറാൻ നേഴ്സ് വന്ന് ചുമലിൽ തട്ടി വിളിച്ച് പറഞ്ഞപ്പോൾ അവൾ അതിനുള്ളിലേക്ക് കയറി.

ആദ്യം കയറിയ പേഷ്യൻ്റ് ഇറങ്ങാൻ സമയമായതിനാൽ അടുത്ത പേഷ്യന്റിനെ കൂടി ആ കർട്ടൻ ഇട്ട ഭാഗത്തേക്ക് പുറത്തുനിന്ന നേഴ്സ് കയറ്റി നിർത്തി.

” പാന്റും പാൻ്റീസും അഴിച്ച് വെച്ചിട്ട് നിൽക്കുക. സമയം കളയരുത്. നല്ല തിരക്കാണ് വെളിയിൽ.”
അകത്ത് നിന്ന നേഴ്സിന്റെ നിർദേശം കേട്ട് രണ്ടുപേരും വസ്ത്രം ഉരിയുമ്പോൾ പരസ്പരം നോക്കി. അമൃത അവിടെ നിന്ന് പെൺകുട്ടിയുടെ ടോപ്പിന്റെ അടിഭാഗം വൃത്താകൃതിയിൽ തന്നെയാണെന്ന് ശ്രദ്ധിച്ചു.
അപ്പോഴാണ് തന്റേതിന്റെ സ്ലിറ്റ് മുകളിലേക്ക് കയറ്റിയ ചുരിദാർ ആണല്ലോ എന്ന് ശ്രദ്ധിച്ചത്. അത് മുഖത്തൽപം ജാള്യത പടർത്തി.

വൈബ്രേറ്റഡ് മോഡിലാക്കിയ ഫോൺ അഴിച്ചു വെച്ച പാന്റിനു മുകളിലേക്ക് വെച്ചു.. എന്നിട്ട് രണ്ടു കൈകൊണ്ടും രണ്ടു വശത്തെയും ടോപ്പിന്റെ സ്ളിറ്റ് ഭാഗം ചേർത്ത് പിടിച്ചു. അല്പനേരം അങ്ങനെ നിന്നപ്പോൾ ഫോണിൽ വൈബ്രേറ്റഡ് സൗണ്ട് തുടങ്ങി.
” മാധവ് ”
ഡിസ്പ്ലേയിൽ പേര് തെളിഞ്ഞു.
ചുരിദാറിൽ നിന്ന് വിട്ട് ഫോണെടുക്കാൻ അവൾ മടിച്ചു.
അപ്പോൾ അവൻ്റെ പറഞ്ഞിരുന്ന ചില വാചകങ്ങൾ മനസ്സിൽ മിന്നിത്തെളിഞ്ഞു.
“മൗനത്താൽ എരിയുന്ന സൂര്യനായി ചുട്ടുപൊള്ളിക്കുവാനും പരിഭവങ്ങളുടച്ച്
ഇടവപ്പാതിയായി കുളിരണിയിക്കുവാനും
ഒരേ സമയം
നിനക്ക് കഴിയുന്നത് നീ അത്രമേൽ ആഴത്തിൽ എന്നിൽ ആഴ്ന്നിറങ്ങിയതിനാലാണ് അമൃതാ ”
അതുകേട്ട് താനവൻ്റെ കണ്ണിലേക്ക് തന്നെ ഇമവെട്ടാതെ നോക്കിയിരുന്നത് അൽപ്പംമുമ്പ് കഴിഞ്ഞതുപോലെ ഓർക്കുന്നുണ്ട്.
“നിന്റെ നിശ്വാസങ്ങൾക്ക്
എന്റെ വിരഹാഗ്നിയെ കെടുത്തുവാനും
കാത്തിരിപ്പിൽ ഉതിരുന്ന നിനവുകളെ പൊള്ളിക്കാനും
കഴിയുന്നതും അതുകൊണ്ടുതന്നെയാണ് മാധവ്” അവൻ്റെ വാചകത്തിനൊപ്പം താൻ കൂട്ടിച്ചേർത്തതും മറന്നിട്ടില്ല.

തനിക്ക് മുമ്പ് സ്കാൻ ചെയ്യുന്ന റൂമിലുണ്ടായിരുന്ന പെൺകുട്ടിയുടെ ദൈന്യതയോടെയുള്ള കരച്ചിൽ വെളിയിലേക്ക് കേട്ട് തുടങ്ങി.

” റിമൂവ് ചെയ്യാൻ പറയല്ലേ ഡോക്ടർ’ പ്ലീസ്…! എങ്ങനെയെങ്കിലും ഈ കുട്ടി ജനിച്ചാൽ പിന്നെ എന്തുവന്നാലും എനിക്ക് പ്രശ്നമില്ല. ഡോക്ടർ പ്ലീസ് ”
അവൾ കേഴുകയാണ്.

“നിങ്ങൾ പറയുന്നതുപോലെ ഈസി അല്ല കാര്യങ്ങൾ. രണ്ടുമാസം കഴിയുന്നതേയുള്ളൂ ഇപ്പോൾ തന്നെ ഗർഭാശയത്തിൽ വലിയ ഒരു മുഴയാണ് കാണുന്നത്. നിങ്ങൾക്ക് കുട്ടിയെ ക്യാരി ചെയ്യാൻ സാധിക്കുകയില്ല.”
അവൾ കരച്ചിൽ തുടർന്ന് കൊണ്ടിരുന്നു.

” യൂട്രസ് റിമൂവ് ചെയ്യുകയേ നിവൃത്തിയുള്ളൂ.”
ഡോക്ടർ അവളെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു.

“അങ്ങനെ പറയല്ലേ ഡോക്ടർ ഞങ്ങളുടേത് ഒരു പ്രണയ വിവാഹമായിരുന്നു. എന്നെക്കാൾ നാല് വയസ്സു കുറവാണ് എന്റെ ഭർത്താവിന് . എല്ലാവരുടെയും എതിർപ്പോടുകൂടി വിവാഹിതരായ ഞങ്ങൾക്ക് ഒരു കുട്ടി ഉണ്ടായാൽ വീട്ടുകാരെല്ലാം പഴയതൊക്കെ മറന്നു ഒന്നിക്കുമെന്ന് പറഞ്ഞ് സന്തോഷത്തോടെ വെളിയിലിരിക്കുന്ന ഭർത്താവിനോട് ഞാൻ എങ്ങനെയാണ് ഡോക്ടർ ഇത് പറയുക ?”
അവൾ ഏങ്ങലടിച്ചു കരഞ്ഞുകൊണ്ടിരുന്നു.

“വേറൊരു ആശുപത്രിയിലും പോയാൽ പോലും യാതൊരു രക്ഷയുമില്ലാത്ത കേസ് ആണിത്. നിങ്ങൾ കാര്യം പറയുന്നത് മനസ്സിലാക്കൂ.” ഇതൊക്കെ കേട്ടിട്ടും അവളുടെ കരച്ചിൽ നിന്നിരുന്നില്ല.
ഈ ഗർഭത്തിൻ്റെ സങ്കീർണതകളെപ്പറ്റി ഡോക്ടർ പെൺകുട്ടിയോട് പറഞ്ഞുകൊണ്ടേയിരുന്നു.

“കൂടുതൽ കോംപ്ലിക്കേഷൻ ആവല്ലേ എന്നാണ് എന്റെ പ്രാർത്ഥന.ഗർഭാശയ കാൻസറിനുള്ള സാധ്യതയും വളരെ കൂടുതലാണ്”

ഇനി ഒരിക്കലും ഒരു കുഞ്ഞ് എന്ന് സ്വപ്നം ഇല്ലാതെയാവുന്നതിലുള്ള സങ്കടമെല്ലാം അവളുടെ വാക്കുകളിൽ നിറയുന്നുണ്ടായിരുന്നു. അവളുടെ ഏങ്ങലടി നിലച്ചിരുന്നില്ല.

ഡബ്ബിങ്ങ് ആർട്ടിസ്റ്റുകളുടെ
ശബ്ദത്തിന് സമാനമായ അവളുടെ ശബ്ദം തന്റെ കാതുകളിൽ വീണ്ടും വീണ്ടും മുഴങ്ങുന്നതായി അമൃതയ്ക്ക് തോന്നി.

ശബ്ദത്തിൽ നിന്ന് തന്നെ അവൾ സുന്ദരി ആയിരിക്കുമെന്ന് അമൃത ഊഹിച്ചു.

തമ്മിൽ സംസാരിച്ചതിനുശേഷം ഭർത്താവിനോട് കാര്യഗൗരവം പറഞ്ഞിട്ട് സർജറിക്കുള്ള തീയതി തീരുമാനിക്കാൻ നിർദ്ദേശിച്ചിട്ട് ഡോക്ടർ അവളെ സ്കാൻ റൂമിന് പുറത്തേക്ക് അയച്ചു.

മിന്നായം പോലെ അവൾ പുറത്തേക്ക് വന്ന് ഡ്രസ് ധരിച്ച് ഇറങ്ങി പ്പോകുമ്പോൾ നീണ്ട മുടി പാറിപ്പറക്കുന്നുണ്ടായിരുന്നു. അവളുടെ സൈഡ് വ്യൂ കണ്ടപ്പോൾ കവിളിലൂടെ കണ്ണുനീർ തടസ്സം കൂടാതെ ഒഴുകുന്നത് കാണാമായിരുന്നു.

താൻ വന്നപ്പാേൾ കണ്ട സുന്ദരിയായ പെൺകുട്ടിയാണതെന്ന് അമൃത തിരിച്ചറിഞ്ഞു.

അവളുടെ ഭർത്താവ് ഈ ഗൗരവമേറിയ കാര്യം അറിയുമ്പോൾ അതെങ്ങനെ ഉൾക്കൊള്ളുമെന്ന് ഓർത്തപ്പോൾ അമൃതയ്ക്ക് വ്യസനം തോന്നി. അവൻ്റെ മനസ്സ് തകർന്നേക്കാം എന്നവൾ ചിന്തിച്ചു.

” അമൃത നായർ ”
അകത്തുനിന്ന് നേഴ്സ് പേര് വിളിച്ചപ്പോൾ അവൾ വേഗം സ്കാനിങ് റൂമിന്റെ അകത്തേക്ക് കയറി. സ്‌കാൻ റിപ്പോർട്ടുമായി ഡോക്ടറെ കണ്ടതിനുശേഷം ആശുപത്രിക്ക് പുറത്തേക്ക് ഇറങ്ങിവരുമ്പോഴും ആ പെൺകുട്ടി ഒരു നൊമ്പരമായി അമൃതയുടെ മനസ്സിൽ നിറയുന്നുണ്ടായിരുന്നു.

നഷ്ടങ്ങൾ എപ്പോഴും വേദന തന്നെയാണ് നമുക്ക് നൽകുന്നത്.
ചില നഷ്ടങ്ങൾക്ക് നമ്മെ ഏറെക്കാലം വല്ലാതെ വേദനിപ്പിക്കാനുമാവും എന്ന ചിന്ത അമൃതയിൽ നിറയുന്നുണ്ടായിരുന്നു.

വീട്ടിലെത്തിയതിനു ശേഷം മാധവിനെ വിളിക്കുമ്പോൾ അവൾക്ക് തൻ്റെ കാര്യങ്ങളെക്കാൾ പ്രാധാന്യത്തോടുകൂടി പറയാനുണ്ടായിരുന്നത് ആശുപത്രിയിൽ സ്കാനിങ്ങ് റൂമിൽ ഏങ്ങലടിച്ചു കരഞ്ഞ ആ പെൺകുട്ടിയെപ്പറ്റിയായിരുന്നു.

ഇരു കുടുംബങ്ങൾ തമ്മിൽ ഒരുമിക്കാനും തങ്ങളെ അംഗീകരിക്കാനും സാധിക്കുമെന്ന് അവർ പ്രതീക്ഷിച്ചിരുന്ന ഏക കച്ചിത്തുരുമ്പ് എന്നന്നേക്കുമായി ഇല്ലാതാവുന്നതിൻ്റെ വേദന അവർ എങ്ങനെ സഹിക്കുമെന്ന ആധി അമൃതയിലേക്ക് കടന്നിരുന്നു.

അവളുടെ യൂട്രസ് റിമൂവ് ചെയ്യാതിരിക്കുക എന്നത് ചിന്തിക്കുകയേ വേണ്ട. അത്രയ്ക്ക് സങ്കീർണമാണ് പ്രശ്നങ്ങളെന്ന് അവൾ മാധവിനെ ധരിപ്പിച്ചു.

ആ സംഭവം അമൃതയുടെ ഹൃദയത്തിൽ അത്രമേൽ ആഴത്തിൽ പതിഞ്ഞിരിക്കുന്നുവെന്ന് മാധവിന് മനസ്സിലായി.

“മാധവ്..! ആ കുട്ടിയുടെ കരച്ചിൽ എൻ്റെ കാതുകളിൽ നിന്ന് വിട്ടൊഴിയുന്നില്ലെടാ… ”
അമൃത സങ്കടത്തോടെ പറഞ്ഞു.

അവളുടെ ചിന്തകൾ ഇതിൽ നിന്നുമടർത്തണമെന്ന് മാധവിന് തോന്നി.

” ഇത് ദു:ഖകരമായ ഒരു സംഭവം തന്നെയാണ്. എന്നു കരുതി നിൻ്റെ ചിന്തകൾ അതിൽ മാത്രം കേന്ദ്രീകരിച്ചിരിക്കാതെയിരിക്കൂ.ഇതിലുമേറെ വേദനകൾ സഹിക്കുന്ന നമ്മൾക്കൊക്കെ അറിയാവുന്നവരും അറിയാൻ വയ്യാത്തവരുമായ എത്രയോ ആൾക്കാർ ഉണ്ടായിരിക്കും നമുക്ക് ചുറ്റും.
ഒരു പക്ഷേ അവരുടെ തലയിണകൾക്ക് മാത്രമേ അവർ ഏവരിൽ നിന്നും ലോകത്തിനു മുന്നിൽ മറച്ചുപിടിച്ചിരിക്കുന്ന ചില നൊമ്പരങ്ങളുടെ കണക്കുകൾ അറിയുകയുള്ളു”
അവൻ അവളെ ആശുപത്രിയിലെ സംഭവങ്ങളുടെ ചിന്തകളിൽ നിന്നുമടർത്താൻ പരമാവധി ശ്രമിച്ചുകൊണ്ടിരുന്നു.

മാധവ് ഒന്നു നിശ്വസിച്ചിട്ട് വീണ്ടും പറഞ്ഞു തുടങ്ങി.
“എൻ്റെ ഒരു സുഹൃത്തുണ്ട്.കഥാകൃത്താണ്. അവനോട് പറഞ്ഞ് ഇതൊരു കഥയാക്കിയെഴുതാൻ പറയാം.”
അത് പറഞ്ഞു കഴിയുമ്പോൾ കഥകൾ ഇഷ്ടമുള്ള അമൃതയുടെ മറുപടിയിൽ നിന്നും അവളുടെ മനസ് കഥകളിലേക്ക് ചേക്കേറാൻ തുടിക്കുന്നതായി അവന് തോന്നി.

“ഈ ദുഃഖം എങ്ങനെ തരണം ചെയ്യുമെന്നും കഥയിലെഴുതി ചേർക്കാനും അവനോടു പറയാമല്ലോ.”
അവൻ്റെ വാക്കുകൾ ഒരു മൂളലോടെ അവൾ അംഗീകരിച്ചു.
അപ്പോഴേക്കും മഴയെത്തിയിരുന്നു.
തുടർന്ന് പല കാര്യങ്ങളിലൂടെ സംസാരം നീണ്ടു പോകുമ്പോഴും അമൃതയുടെ ഉള്ളിലെ ചിന്ത ഇനിയെന്നാണ് ആ കഥയൊന്നു വായിക്കാൻ കഴിയുക എന്നതായിരുന്നു.

മഴമേഘങ്ങളാൽ മൂടിയ ഇരുണ്ട ആകാശത്തേക്ക് നോക്കിയിരിക്കുമ്പോൾ കാറ്റ് വീശിയടിക്കുന്നുണ്ടായിരുന്നു. ആകാശം പിളരും പോലെ മിന്നലും ഹൃദയം കിടുങ്ങുമാറുള്ള ഇടിയും അവളുടെ ചിന്തകളെ അലോസരപ്പെടുത്തിയില്ല.

”ആ കഥയിൽ താൻ എങ്ങനെയാണ് ചിത്രീകരിക്കപ്പെടുക ” എന്നോർത്ത് അവൾ കൗതുകം പൂണ്ടു.
“അതിലെ നായിക കഥാപാത്രം താനാകുമോ?”
“അതിൽ എന്റെയും മാധവിന്റെയും പ്രണയവുമുണ്ടാകുമോ? ”
അങ്ങനെ നിരവധി ചോദ്യങ്ങൾ അവളുടെ മനസ്സിലൂടെ മിന്നിമറഞ്ഞു.
“അതോ ആ പ്രണയം നിറങ്ങൾ ചാലിച്ചെഴുതാൻ അയാൾ മറന്നു പോകുമോ?”
അത് ആ ക്യാൻവാസിൽ മാത്രം ഒതുക്കി നിർത്താൻ കഴിയുമോ?
കഥയുടെ ഉള്ളടക്കത്തെക്കുറിച്ചവൾക്ക് ആകാംക്ഷയുണ്ടായി.

“എന്തായാലും എന്നിൽ മാധവിന് മരണമില്ല. മറവിക്ക് ഞാൻ അവനെ വിട്ടുകൊടുക്കുകയും ഇല്ല.
കാരണം മനസിൽ അവൻ പൂക്കാത്ത ഒരു ദിനം പോലുമില്ല.” അവളുടെ ആ തീരുമാനം ദൃഢമായിരുന്നു

ജനാലയ്ക്കരികിൽ തൂവാനവുമേറ്റിരിക്കുമ്പോൾ അമൃതയുടെ ശ്രദ്ധ ടെലിവിഷനിൽ നിന്നും കേൾക്കുന്ന ഗാനത്തിലക്ക് ഒഴുകി നീങ്ങുന്നുണ്ടായിരുന്നു.
” അമൃതവർഷിണിയായ്
വർഷാകാലമുകിലുകളേ
ഹൃദയമെരിയേ അലരി മലരായ്… ”

എം.ജി.ബിജുകുമാർ

പന്തളം സ്വദേശി. തപസ്യയുടെ സംസ്ഥാന ചെറുകഥ പുരസ്കാര ജേതാവ് പന്തളം എൻ എസ് എസ് കോളേജിൽ ബിരുദവും എൻ.എസ്.എസ്. ട്രെയിനിങ്ങ് കോളേജിൽ ബിഎഡും പൂർത്തിയാക്കി. ആദ്യം അധ്യാപനവൃത്തിയിലായിരുന്നുവെങ്കിലും ,ഇപ്പോൾ എച്ച്.ഡി.എഫ്.സി ബാങ്കിൻ്റെ ലോൺ സെക്ഷനിൽ ജോലി ചെയ്യുന്നു. ചിത്രം വരയും, കഥയും കവിതയുമൊക്കെയെഴുത്തുമാണ് പ്രധാന വിനോദങ്ങൾ. സാഹിത്യ-സാമൂഹിക-സാസ്കാരിക മേഖലയിലും സജീവമായി പ്രവർത്തിക്കുന്നു.
“ഓർക്കാൻ മറക്കുമ്പോൾ ” എന്ന കവിതാ സമാഹാരം പുറത്തിറക്കിയിട്ടുണ്ട്. “മേഘങ്ങൾ പറഞ്ഞ കഥ ” എന്ന കഥാസമാഹാരം പുറത്തിറക്കാനുള്ള ശ്രമത്തിലാണ്. സരസ്വതീയം( https://youtu.be/LQFrt-sojwI )
കൊന്നപ്പൂങ്കനവ് ( https://youtu.be/HqaUy-dNLqA ) എന്നീ ദൃശ്യാവിഷ്ക്കാരങ്ങൾ ചെയ്ത് യൂട്യൂബിൽ റിലീസ് ചെയ്തിരുന്നു.

മിന്നു സൽജിത്ത്‌

ഒരു ചിന്താശകലം തിളങ്ങുന്നു
വീണ്ടുമകലെ
തരിമ്പുമാശ്വാസമേകാതെ
ഒരു വ്യഥയായ്…
പണ്ട് പണ്ട് ,
നിറയെ പൂത്തുലഞ്ഞ
വാകമരച്ചോട്ടിൽ,
ഒത്തിരി തുമ്പപ്പൂക്കളാൽ തീർത്തൊരു പൂക്കളത്തിന്നരികെയായിരുന്നു
നിന്റെ നിഴലും
എന്റെ നിലാവും
പ്രണയത്തിലായത്…
നിന്റെ കണ്ണുകളിൽ വിരിഞ്ഞ കവിതകളുടെ അർത്ഥ-നിരർത്ഥതീരങ്ങളിൽ
തിരയെണ്ണാനാകാതെ
പിന്നെയെപ്പോഴോ
എന്റെ നിലാവ് ,
ചില ദിവാസ്വപ്നങ്ങളുടെ നുറുങ്ങുവെട്ടത്തിലകപ്പെട്ട് മാഞ്ഞുപോയ്‌…
എങ്കിലും ,
വീണ്ടുമൊരു ഓണനിലാവും,
തൊടിയിലെ വാടാമുല്ലച്ചെടിയും, അവളുടെ ഒരുപറ്റം തുമ്പികിടാങ്ങളും, പൂവിളികളും കാത്ത്,
ഇന്നുമെന്റെ ആളൊഴിഞ്ഞ ഹൃദയശിഖിരങ്ങളുടെ നിഴലിൽ ക്ലാവുപിടിച്ച ഒരു ഊഞ്ഞാൽ അവശേഷിക്കുന്നു
വെറുതെയാണെങ്കിലും…

മിന്നു സൽജിത്ത്‌

സ്വദേശം എറണാകുളം ജില്ലയിൽ വടക്കൻ പറവൂർ.
എയർഡേൽ ഹോസ്പിറ്റലിൽ നഴ്സ് ആയി ജോലിചെയ്യുന്നു.
പ്രസിദ്ധീകരണങ്ങളിൽ ചെറുകഥകളും കവിതകളും എഴുതാറുണ്ട്.
ഭർത്താവ് – സൽജിത്ത്
മകൻ – സമന്വയ്

ശ്രീകുമാരി അശോകൻ

ഓണത്തുമ്പി പാടൂ നീ
ഓമൽ പാട്ടുകൾ പാടൂനീ
ഓണത്തപ്പനെ എതിരേൽക്കാൻ ഓണച്ചിന്തുകൾ പാടൂ നീ

പാണൻപാടിയ പഴംപാട്ടിൽ
പൂന്തേനൂറും പൊൻപാട്ടിൽ
നാവോറെല്ലാം പൊയ്പ്പോകും
നാട്ടിൽ ലസിക്കും ശ്രീയെല്ലാം.

താരകൾ പൂക്കും മാനത്ത്
താരുകൾ വിടരും താഴത്തു
തുമ്പിപ്പെണ്ണേ കുഞ്ഞോളേ
തുള്ളുത്തുള്ളി നീ വായോ.

ഓണത്തപ്പൻ വന്നാലോ
ഓണസദ്യ ഒരുക്കാലോ
ഓണസദ്യ കഴിച്ചിട്ട്
ഓണക്കോടിയുടുക്കാലോ.

ഓണക്കോടിയുടുത്തിട്ടു
ഓണപ്പാട്ടുകൾ പാടാലോ
ഓണപ്പാട്ടുകൾ പാടീട്ടു
ഓമൽക്കളികൾ തുടരാലോ

ശ്രീകുമാരി. പി

ആനുകാലികങ്ങളിൽ കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട് . ശ്രീനാരായണ പബ്ലിക് സ്കൂൾ പാവുമ്പയിലെ അധ്യാപിക. നവഭാവന ചാരിറ്റബിൾ ട്രസ്റ്റ് അവാർഡും സമന്വയ കാവ്യ പ്രഭാ പുരസ്കാരവും ലഭിച്ചിട്ടുണ്ട്. തെളിനീർ കവിതാലാപനത്തിനുള്ള 2023 ലെ പുരസ്‌കാരം, മികച്ച കവിതയ്ക്കുള്ള 2022,223 വർഷങ്ങളിൽ പുരസ്‌കാരം, മലയാള കാവ്യ സാഹിതി നേർക്കാഴ്ച 2021(കൊല്ലം ജില്ല )കവിത രചനയിൽ ഒന്നാം സ്ഥാനം എന്നിവ ലഭിച്ചിട്ടുണ്ട്. കാവ്യ കലികകൾ പ്രഥമ കവിതാ സമാഹാരം

 

ജേക്കബ് പ്ലാക്കൻ

ഓണപ്പൂവിനുൾപ്പൂവിനുള്ളിൽ ഓമൽകിനാവിൻ തേന് ..
ആവണിത്തണു
നീർമണി മുത്തിൽ
പൊന്നാവണി
പൊൻവെയില് ..
കാണാക്കിളിയുടെ പാട്ടിൽ ഓണത്തപ്പന്റെ തെയ്യാട്ടം..!
തോണിപ്പാട്ടിനീണത്തിൽ കരുമാടിക്കുട്ടന്റെ ഓണതോണി ..!

വെയിൽമഴ എഴുത്താണിവിരലാൽ
പുഴമാറത്തോത്തിരി
ഇക്കിളി വൃത്തങ്ങൾ വരച്ചുമാച്ചു ..!
നാണത്താലഴകെഴും
കുട്ടനാട്ടെ പെണ്ണിന്റെ കവിളിൽ കുങ്കുമപ്പൂ ഛായം തെളിഞ്ഞുനിറഞ്ഞു ..!
ഓണത്തുമ്പികൾ സ്വർണ്ണപൂക്കളായി തഞ്ചുമ്പോളോണത്തിനോർമ്മകൾ പൂത്തപോലെ ..!
അങ്ങേവീട്ടിലെ തുഞ്ചോല തുമ്പത്ത് ഓലെ ഞാലിക്കിളിയുമൊരു ഊഞ്ചോലിട്ടു ..!

മുറ്റത്തിനാരോ മൂക്കുത്തിയിട്ടപോൽ മിന്നിത്തിളങ്ങുന്നുപൂക്കളങ്ങൾ ..!
കാറ്റിനോടാരോ പ്രണയം പറഞ്ഞപോൽ തുള്ളികളിക്കുന്നിതാ പൂമരക്കൊമ്പേൽ ..!
പൊന്നാര്യൻപാടത്ത് പുന്നെല്ല് കൊയ്യാൻ
പയ്യാരം ചൊല്ലി പറക്കുന്നു മാടത്തകൾ ..!

ഓണം വന്നുണ്ണിയോണം ..മലയാള മണ്ണിലിന്നോണം വന്നു ..
കാണമറയെത്തെ വിണ്ണിലിരുന്നെന്റെ,യുണ്ണി ഓണപ്രകൃതി കണ്ടാഹ്ലാദിക്കുകയാവാം ..!
ഓണമായാലും ഓണനിലാവായാലും കാണുന്നതിലൊക്കെയീ,യമ്മക്കാണുന്നതെന്നുണ്ണിതൻ മുഖമല്ലോ ..!

കണ്ണിലെ കരിമുകിൽപൊയ്യാതെ …
തെല്ലും പൊഴിക്കാതെ …
കരളിലെ കദനകടലലകൾ കാട്ടാതെ ..ഒട്ടും മൊഴിയാതെ ..!
ഓണത്തിനുണ്ണാനമ്മ,യുണ്ണിക്കുംമൊരു കൂമ്പില ഓർത്തുവെച്ചു ..!
ഉണ്ണിവരില്ലിനി,യൊരിക്കലും ,
ഉണ്ണാനെന്നറിഞ്ഞിട്ടും..
ഉണ്ണിക്കൊരില,യമ്മ ഓർത്തുവെച്ചു ..!
മറക്കാനറിയാത്ത ഓർമ്മകളാ,ലമ്മ ഓണത്തി,നുണ്ണിക്കും കണ്ണീരുറഞ്ഞ മിഴികളാൽ
തുമ്പില,യൊന്നോർത്തുവെച്ചു !

മാമ്പൂ മാങ്കനിയായിവീണു …മുറ്റത്തെ തൈമാവ് മുത്തശ്ശിമാവായി.. എന്നിട്ടും ,അമ്മമനസ്സിലിന്നും ഉണ്ണിക്കന്നത്തെ പ്രായംമാത്രം ..!
അല്ലെങ്കിലുണ്ടോ …നക്ഷത്രങ്ങൾക്ക് പ്രായം …?
അവരെല്ലാം നമുക്കെന്നും വിണ്ണിലെ നമ്മുടെ കുഞ്ഞു മാലാഖമാരല്ലോ ..!

ജേക്കബ് പ്ലാക്കൻ

മുന്നോറോളം കവിതകളുടെ രചയിതാവ്. രണ്ട് നാടകങ്ങളുടെ രചനയും സംവിധാനവും നിർവ്വഹിച്ച അതുല്യ പ്രതിഭ. ദീപിക ദിനപത്രത്തിൻ്റെ മുൻ സർക്കുലേഷൻ മാനേജർ. ഇപ്പോൾ നോർത്തേൻ അയർലെൻ്റിൽ ലണ്ടൻ ഡെറിയിൽ താമസിക്കുന്നു. കോട്ടയം ജില്ലയിൽ ആർപ്പൂക്കര പ്ലാക്കിൽ കുടുംബാംഗമാണ്.

Phone # 00447757683814

ശുഭ

പറയാതെ പോകുന്നതെന്തെ, എൻ
പ്രാണനിൽ നീ ചേർന്നൊഴുകുമ്പോൾ
തമ്മിലറിയാതെ പിരിയുവതെങ്ങനെ.
എൻ പ്രാണനകലാതെ പിരിയുവാനാകുമോ സഖി.

പോയിടാം വീണ്ടുമാം രാവിൻ്റെ മാറിൽ
കടലായ് സ്വപ്നങ്ങൾ നെയ്തെടുക്കാം.
തമ്മിൽ തിരയുന്ന സ്വപ്നങ്ങൾ നെയ്തെടുക്കാം.
ഓർമ്മകൾ മെല്ലെ പൂക്കുന്നു എന്നിൽ,
ഓരം ചേർന്നെന്നിൽ നീ ഒഴുകുന്ന പോലെ .
(പറയാതെ പോകുന്നതെന്തെ )

നീയില്ലാ രാവുകൾ തേങ്ങലായ് മാറി
നീയില്ലാ നിമിഷം തുലാവർഷമായി .
ഏതകലങ്ങളിൽ പോയ് മറഞ്ഞാലും,
നിൻ ഓർമ്മയിൽ ഞാൻ നിന്നോടലിഞ്ഞിടാം.
(പറയാതെ പോകുന്നതെന്തെ )

ശുഭ: കേരള ഹൈക്കോടതിയിൽ IT സെക്ഷനിൽ Software Technical Lead ആയി വർക്ക് ചെയ്യുന്നു. വായിക്കാൻ ഏറെ ഇഷ്ടം വയലാർ കവിതകൾ. പ്രണയരാവ്, മഴ എന്നി രണ്ടു കവിതകൾ മലയാളംയുക്കെ യിൽ പ്രസിദ്ധികരിച്ചിട്ടുണ്ട്. വരികൾ എഴുതുന്നതിനൊപ്പം അതിന് ഈണം കൊടുത്ത് പാടി നോക്കുന്നത് അതിലേറെ ഇഷ്ടപ്പെടുന്നു. എഴുത്തിൻ്റെ പ്രധാന ഇടം സാമൂഹ്യ മാധ്യങ്ങൾ തന്നെ .
മറ്റു രചനകൾ
കവിതകൾ – ഒറ്റ മന്ദാരം, ഇനി എത്രനാൾ ,ഓർമ്മ ,നീകാത്തിരുന്നാൽ,തിരികെ വരുമോ ? .
ചെറുകഥകൾ – അന്ന് പെയ്ത അതേ മഴ, കശാപ്പിൻ്റെ അന്ത്യം, കണ്ണിൽ നിന്നും കണ്ണിലേക്ക്, അമ്മക്കി ളി,നിറക്കൂട്ട്

ഭർത്താവ് – അജേഷ്

 

 

വിശാഖ് എസ് രാജ്

വിഷക്കുപ്പിയും മരണക്കുറിപ്പും
പോക്കറ്റിലുണ്ട്.
കൈനോട്ടക്കാരനും
അയാളുടെ തത്തയും
അതറിഞ്ഞിട്ടില്ല.
മരണത്തിനു മുൻപ്
ഒരാളെയെങ്കിലും
വിഡ്ഢിയാക്കാനായല്ലോ.
മറിച്ചായിരുന്നു ഇതുവരെ.

കാലത്തിന്റെ വരകൾ ധാരാളമുള്ള
വൃദ്ധനാണ് കൈനോട്ടക്കാരൻ.
അമ്പലമുറ്റത്തെ ആൽമരം വീട്.
അലങ്കാരമില്ലാതെ ചുറ്റിയ
കാവി മാത്രമുടുപ്പ്.
കൂട്ടിലെ തത്ത പങ്കാളി.

തത്തച്ചുണ്ടിലെ ചീട്ടിൽ
മുൻപ് കാണാത്ത ദൈവം.
മുപ്പത്തിമുക്കോടി വലിയ
സംഖ്യ തന്നെ !

അടുത്തത് ,
സൂക്ഷ്മദർശിനിയുടെ ഊഴം.
കൈരേഖകൾ വലുതാക്കി
തലങ്ങും വിലങ്ങും അതങ്ങനെ..
നോക്കാതെതന്നെ
എനിക്കറിയാം,
ആയുർരേഖ
ദാ ഇത്രമാത്രം.

‘ സാറേ നല്ലതും കെട്ടതുമുണ്ട് ‘
പരിശോധന കഴിഞ്ഞു,
ഇനി പ്രവചനം.

‘ ആയുസ്സുണ്ട്, തൊണ്ണൂറ്റേഴ് വയസ്സ്.
എന്നാലാരോഗ്യം കുറയും.
രോഗങ്ങൾ തോളത്തു നിന്നിറങ്ങില്ല.
ആയിരം പുസ്തകശാലയെ
അറിവിനാൽ വെല്ലും.
പക്ഷേ മനസ്സ്,
കടുപ്പമേറിയ ചായപോലെ
കലങ്ങിക്കിടക്കും. ‘

പേഴ്സിൽ മിച്ചമുള്ള നോട്ടുകൾ
അയാൾക്കു നൽകി.

ചാകാനുറച്ചാണ് ഇറങ്ങിയത്.
എന്നാലിപ്പോൾ
മരണക്കുറിപ്പും വിഷക്കുപ്പിയും
കാണാനില്ല.

അയാളെടുത്തിരിക്കും, തീർച്ച.

വിശാഖ് എസ് രാജ്: കോട്ടയം ജില്ലയിലെ മുണ്ടക്കയത്ത് താമസിക്കുന്നു. സ്‌കൂൾകാലം മുതൽ കഥകളും കവിതകളും എഴുതുന്നു. മാതൃഭൂമി, സമകാലിക മലയാളം, മൂല്യശ്രുതി, കലാപൂർണ്ണ തുടങ്ങിയ ആനുകാലികങ്ങളിൽ കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പരസ്പരം മാസികയുടെ ആറാമത് കരുണാകരൻകുട്ടി സ്മാരക കഥാ പുരസ്കാരം , മൺസൂൺ കഥാ പുരസ്‌കാരം (2022) എന്നിവയ്ക്ക് അർഹനായി.

സുഹൃത്തുക്കളുടെ പങ്കാളിത്തത്തോടെ , മിസ്റ്ററി (mystery) , റിങ്ങ് (ring) എന്നീ പേരുകളിൽ രണ്ട് ഹ്രസ്വ ചിത്രങ്ങൾ നിർമ്മിച്ചു. രണ്ടിന്റെയും തിരക്കഥാ രചനയിൽ പങ്കാളിയായി. ചിത്രങ്ങൾ യുട്യൂബിൽ ലഭ്യമാണ്.

 

ഷെറിൻ പി യോഹന്നാൻ

“മഞ്ഞിൽ പുതച്ചുകിടന്ന പുല്ലിൽ കാൽതെന്നിയാണ് നോട്ടമെത്താത്ത കൊക്കയിലേക്ക് വീണത്. എവിടെയോ തടഞ്ഞു നിന്നു. മുകളിലേക്ക് മുഖമുയർത്തി അലറുന്നുണ്ട്. മഞ്ഞിലും ആഴത്തിലും പതിച്ച് ശബ്ദം നേർത്ത് ഇല്ലാതാവുന്നു. കോട മൂടി കാഴ്ച മറഞ്ഞു. കണ്ണിൽ ഇരുട്ട് കട്ടപിടിച്ചു. തടഞ്ഞതിൽ നിന്നും ഉടഞ്ഞ് താഴേക്ക്…. ”

മുന്നിലിരുന്ന് ഉറങ്ങരുത്. ഉറങ്ങിയാൽ ജീപ്പ് നിർത്തിയിടും! ഹനുമാൻ ഗീയർ വലിച്ചിട്ട് ഡ്രൈവർ അന്ത്യശാസനം നൽകി. ഓഖാ എക്സ്പ്രസിലെ ഉറക്കമളച്ചുള്ള യാത്രയുടെ ക്ഷീണം ഉച്ചയ്ക്കാണ് ശരീരത്തെ ബാധിച്ചത്. ബൈഡൂർ മൂകാംബിക സ്റ്റേഷനിൽ തീവണ്ടിയിറങ്ങുമ്പോൾ പുതിയ പ്രഭാതമാണ്. കാലി മേഞ്ഞു നടന്ന സ്റ്റേഷനിൽ കാൽപെരുമാറ്റം കൂടി. സ്റ്റേഷന്റെ മുന്നിൽ “മൂകാംബികയിലേക്ക് പൊന്നുപോലെ ഇറക്കിതരാമെന്ന” വാഗ്ദാനവുമായി ടാക്സിക്കാരുണ്ട്. മുഖം കൊടുക്കാതെ, ദിശയറിയില്ലെങ്കിലും നീണ്ടുനിവർന്നു അലസമായി കിടക്കുന്ന റോഡിലേക്ക് നാലു ചെറുപ്പക്കാരിറങ്ങി. സ്റ്റേഷനിൽ നിന്നിറങ്ങി വലത്തേക്കുള്ള റോഡിൽ നേരെ നടന്നാൽ മൂകാംബികയ്ക്കുള്ള ബസ് കിട്ടും. ഒരാൾക്ക് 43 രൂപ. മൂകാംബികയിലെ പ്രഭാതത്തിന് മുല്ലപ്പൂ വാസനയുണ്ട്. മലമുകളിൽ പുക പോലെ മഞ്ഞുയരുന്നുണ്ട്. കാടും തണുപ്പും പിന്നിട്ടു ബസ് മൂകാംബിക സ്റ്റാൻഡിലെത്തും. ഇറങ്ങിമുന്നോട്ട് നടന്നാൽ ഭാഷ അറിയില്ലെന്നോ ദേശം അറിയില്ലെന്നോ ഉള്ള പേടി നിങ്ങളെ പിടികൂടില്ല. ഭയത്തെ അരിച്ചുകളയുംവിധം പരിചിതരെന്നു തോന്നുന്ന കുറെ മനുഷ്യർ ചുറ്റും വന്നുകൂടും. നാല് പേർക്ക് കൂടി ഒരു ദിവസം സ്റ്റേ – 1500 രൂപ. ഡീൽ. എന്റെ ലക്ഷ്യം മൂകാംബികയല്ല. കുടജാദ്രിയാണ്. സമുദ്രനിരപ്പിൽ നിന്നും ഏഴായിരം അടി മുകളിൽ കുടകപ്പാലകൾ പൂത്തുലയുന്ന വനശുദ്ധിയിലേക്കുള്ള യാത്ര.

മൂകാംബികയിലെ പൊള്ളാത്ത ഉച്ചവെയിലിൽ കുടജാദ്രി കുന്നിറങ്ങിയ ജീപ്പിൽ നിന്ന് പുറത്തെത്തി നടുനിവർക്കുന്നവരെ കണ്ടു. ഇന്നുവരെ കേട്ടും അറിഞ്ഞും മനസ്സിലിടംപിടിച്ച ഇടത്തേക്ക് ഞങ്ങൾക്കുവേണ്ടിയും ഒരു ജീപ്പ് കാത്തുകിടക്കുന്നു. ഒരാൾക്ക് 470 രൂപയാണ് ചാർജ്. 400 രൂപ ജീപ്പിനും 70 രൂപ ഫോറെസ്റ്റ് ചെക്ക്പോസ്റ്റിലും നൽകാൻ. കൂടുതലാണെന്ന് തോന്നും. പക്ഷേ ഒരു ജീപ്പ് ഒരുദിവസം ഒറ്റത്തവണ മാത്രമേ പോകൂ. 140 ജീപ്പുകൾ ഉണ്ട്. രാവിലെ ആറുമുതൽ ഉച്ചക്ക് രണ്ടുവരെ മാത്രമേ ജീപ്പ് സർവീസ് ഉള്ളൂ.

കൊല്ലൂരിൽ നിന്ന് കുടജാദ്രിയിലേക്ക് 38 കിലോമീറ്റർ. ഒന്നര മണിക്കൂർ അങ്ങോട്ട്, കുടജാദ്രിയുടെ മുകളിലേക്ക് ഒന്നര മണിക്കൂർ, തിരികെ ഒന്നരമണിക്കൂർ. ആകെ ആറുമണിക്കൂർ നീളുന്ന യാത്ര. എട്ടു പേരുണ്ടെങ്കിലേ ജീപ്പ് സ്റ്റാർട്ട് ആക്കൂ എന്നതാണ് അലിഖിത നിയമം. ഞങ്ങൾ നാലുപേർക്കൊപ്പം അഞ്ചുപേരടങ്ങുന്ന കുടുംബമെത്തി. മുന്നിലെ സീറ്റിൽ ഡ്രൈവറിനടുത്തുള്ള ഇരിപ്പിനൊരു പ്രശ്നമുണ്ട്, രസമുണ്ട്. തുടരേതുടരേ നിർദേശങ്ങൾ കിട്ടും. കമുകിൻ തോട്ടങ്ങളും വയലും നിറഞ്ഞ ഗ്രാമമാണ് ഫസ്റ്റ് ഹാഫ് കാഴ്ച. കാട്ടിലേക്ക് കയറുന്നതിനും മുൻപ് ഒരു സ്റ്റോപ്പുണ്ട്. ഉപ്പിട്ടൊരു സോഡാ ലൈമിൽ മയക്കത്തെ പമ്പകടത്തി. കോൺക്രീറ്റ് റോഡിലൂടെ വണ്ടി കുന്നു കയറുകയാണ്. കാടിനൊപ്പം ഓടിയെത്താനുള്ള ശ്രമം രസകരമാണ്. കയറിവന്ന വഴികൾ നേർത്ത ഞരമ്പുപോൽ മാത്രമായി. ഫോറസ്റ്റ് ചെക്ക്പോസ്റ്റിൽ ഫീസ് അടച്ചു. കൈയിലുള്ള പ്ലാസ്റ്റിക് അവിടെ ഏൽപ്പിക്കണം. മുന്നോട്ട് ഇനി കൃത്യമായ വഴിയില്ല. ചെമ്മണ്ണും മഴയും കൂടിക്കുഴഞ്ഞ പാത. ഇരിപ്പ് ഉറപ്പിച്ചോളാൻ നിർദേശം. ചുരുളിയിലെന്നപോലെ അവിടം മുതൽ ജീപ്പ് തനിസ്വരൂപം പുറത്തെടുത്തു.

മണ്ണിലും കുഴിയിലും ആഴ്ന്നിറങ്ങിയ ജീപ്പിൽ കുന്നുകയറുമ്പോൾ എടുത്തെറിയപ്പെടുന്ന പ്രതീതിയാണ്. ഓഫ് റോഡിന്റെ ‘ഗോൾഡൻ എക്സാമ്പിൾ’. കുന്നിറങ്ങിവരുന്ന ജീപ്പുകൾക്ക് കടന്നുപോകാനായി നമ്മുടെ വാഹനം പുറകോട്ട് എടുക്കും. ഏതെങ്കിലും മൺതിട്ടയിലോ പാറയുടെ മുകളിലോ ആവും തടഞ്ഞുനിൽക്കുക. കുത്തനെയുള്ള ഒരു കയറ്റത്തിന് മുന്നേ വണ്ടി നിന്നു. നാലു പേരോട് ഇറങ്ങി മുകളിലേക്ക് അല്പം നടക്കാൻ നിർദേശം. വലുത് എന്തിനോ ഉള്ള തയ്യാറെടുപ്പുപോലെ വണ്ടിയുടെ ഗ്ലാസ്‌ ഉയർത്തി വച്ചു. ഫസ്റ്റ് ഗിയറിലാണെന്ന് ഒന്നുകൂടി ഉറപ്പിച്ച് ആക്സിലറേറ്ററിൽ ചവിട്ടിപിടിച്ചു. പാതി ചരിഞ്ഞും കുലുങ്ങിയും കൽച്ചീളുകളിൽ തെന്നിമാറിയും കുത്തനെയുള്ള കടമ്പ കടന്നു. പച്ചപുല്ല് നിറഞ്ഞ കുന്നിനെ കെട്ടിപിടിച്ചു കിടക്കുന്ന കോടയിലേക്ക് വണ്ടി സെക്കന്റ്‌ ഗീയറിട്ട് നീങ്ങി. ആശ്വാസതുരുത്തുപോലെ ഒരിടം. 10 കിലോമീറ്റർ ഓഫ്‌റോഡിന് അന്ത്യം കുറിച്ച് ജീപ്പ് നിന്നു. മൂല സ്ഥാനത്ത് ദേവീക്ഷേത്രം. ഇനി ഒന്നര കിലോമീറ്റർ കാൽനടയായി കയറണം. സമയം ഉച്ചയ്ക്ക് മൂന്നുമണി.

തെക്കുനിന്നെത്തിയ കാറ്റിനൊപ്പം സമയത്തെ പറഞ്ഞുവിട്ട് മലകയറണം. മലമുകളിൽ നിന്നെത്തുന്ന തണുത്ത വെള്ളമെടുത്ത് മുഖം കഴുകി. വഴികളെല്ലാം നീളുന്നത് ഒരിടത്തേക്കാണ്. ആ ഇടത്തേക്കാണ് കാലും മനസും ഉറപ്പിച്ച് കയറിയ ആയിരക്കണക്കിന് മനുഷ്യരുടെ പിറകെ ഞാനും ഞങ്ങളും കയറുന്നത്. മുന്നിൽ പോയവരൊക്കെ നടന്നുതീർത്ത വഴികൾ. കല്ലും കാറ്റും നിറഞ്ഞ കുന്നുകയറ്റം തുടങ്ങി. ആയാസം എന്ന് തോന്നിയത് അതികഠിനമാകുന്നു. എങ്കിലും മുന്നിൽ താണ്ടേണ്ട ദൂരമുണ്ട്. പഞ്ഞിക്കെട്ടുപോലെ കയ്യെത്തും ദൂരത്തു മേഘങ്ങൾ. തൊടാൻ സമ്മതിക്കാത്തതുപോലെ മഞ്ഞതിനെ മറച്ചുപിടിച്ചു. പകരം നനവ് പകർന്നു. തലയിൽ പറ്റിപിടിച്ച മഞ്ഞുതുള്ളികളുടെ നനവ് ഉള്ളിലേക്കും പതിയെ പടർന്നു. വശങ്ങളിൽ കൊക്കയിലേക്ക് ചാടാൻ തയ്യാറെന്നപോലെ മരങ്ങൾ, പച്ചപിടിച്ചു സ്വസ്ഥമായി നിൽക്കുന്ന കുന്നുകൾ. അതിനിടയിലൂടെ ചരൽ നിറഞ്ഞ വഴി. കേറിപോകുന്ന വഴികൾക്കുമുണ്ട് പ്രത്യേകത. നിരപ്പിൽ നിന്ന് പതുക്കെ കൊക്കയുടെ വശം ചേർന്ന് നടക്കേണ്ടി വരും, പിന്നീട് ഇടതൂർന്ന മരങ്ങൾക്കിടയിലൂടെ ഇരുട്ടിൽ നീങ്ങേണ്ടിവരും, അടിതെറ്റിയാൽ ആത്മാവ് അന്തരീക്ഷത്തിലേക്ക് ഉയരുമെന്നപോലെ കിടക്കുന്ന പാത പിന്നീടേണ്ടി വരും, ഇരുന്ന് പോകും. പക്ഷേ പിന്മാറരുത്. മരങ്ങൾക്കിടയിലൂടെ കടന്നുവരുന്ന കാറ്റിൽ ഗൂഢഭാഷയിലുള്ള സ്വരങ്ങൾ ഉണ്ട്. മരത്തടികളിലെ പായലിൽ പിറവിയെടുത്ത ബെഗോണിയ പൂക്കൾ തലപൊക്കി നോക്കുന്നുണ്ട്. ഒപ്പമിരുന്ന് പടം പിടിക്കണം. ഇലകൊഴിയും ശിശിരത്തിനപ്പുറം പച്ചിലകളുടെ ഉത്സവമുണ്ടായി. ആ കാലത്താണ് ഞങ്ങൾ കുന്നുകയറിയതെന്ന് ഓർത്ത് ആനന്ദിച്ചു. കാറ്റിനെ തിരിച്ചറിയുന്നത് അനങ്ങുന്ന ഇലകളെ നോക്കിയാണ്. ചലനാത്മകമായ എല്ലാ ജീവിതങ്ങളിലും എന്തോ ഒന്ന് എവിടെനിന്നോ വീശുന്നുണ്ട്.

കോട കാഴ്ച മറച്ചു. കുന്നിറങ്ങി വരുന്നവരെ കണ്ണിൽപെട്ടപ്പോൾ ഇനി എത്ര ദൂരമുണ്ട് ലക്ഷ്യസ്ഥാനത്തേക്കെന്ന് ചോദിച്ചു. ഇതാ അവിടെ എന്നുത്തരം. എവിടെ എന്ന ചോദ്യം ഉള്ളിൽ നിറഞ്ഞു. കാലുകൾ തളർന്നു. ശരീരം വിയർത്തു. തൊണ്ട വരണ്ടു. യാത്രയിൽ യാതനയണഞ്ഞാലും യാത്ര യാതനയാവരുത് എന്നാണല്ലോ. യാത്ര കയ്യെത്തും ദൂരത്ത് കളയാൻ ആവില്ല. പതിയെ കോടയ്‌ക്കൊപ്പം കണ്ടു, കുടജാദ്രി കുന്നിലെ സർവജ്ഞപീഠം. ഭക്തിയോ സാഹസികതയോ ജിജ്ഞാസയോ ആവാം നിങ്ങളെ കുടജാദ്രിയിലേക്ക് നയിക്കുന്നത്. ജ്ഞാനത്തിന്റെ പീഠം ഒരു ആശ്വാസപീഠമാകും. തിരിച്ചറിവും ജീവിതാർത്ഥവും മനസിനെ പിടിച്ചിരുത്തും. ശങ്കരപീഠത്തിൽ നിന്ന് പടിഞ്ഞാറോട്ട് നോക്കിയാൽ താഴ്വാരത്ത് കൊല്ലൂർ ക്ഷേത്രം കാണാം. സർവ്വജ്ഞ പീഠത്തിന് അപ്പുറവും വഴികളുണ്ട്. പക്ഷേ ഇപ്പോൾ പോകാനാവില്ല. ഇനിയൊരിക്കൽ.

ഈ സ്ഥലത്തിന്റെ പഴമയിൽ മനുഷ്യരെ സന്തോഷിപ്പിക്കുന്ന എന്തോ ഒന്നുണ്ട്. മനസ് സ്വസ്ഥമാകുന്നു. കോട മാറി വൈകുന്നേരം മുന്നിൽ തെളിയുന്നു. നൂൽമഴയും ശീതക്കാറ്റും നീർച്ചാലും അനുഭവിച്ച് ഇറക്കം. ഞാനെന്നെ അറിയലെന്നാൽ ഞാനില്ലെന്നറിയലാണ്. കാടിന്റെ നിഗൂഢമായ വശ്യതയിലേക്ക് മെല്ലെ മെല്ലെ ആകൃഷ്ടരാകുന്നതോടെ അകവും പുറവുമായുള്ള അന്വേഷണങ്ങൾ എല്ലാം അവസാനിക്കുന്നു. ഇങ്ങനെയുള്ള യാത്രകൾ മനസ്സിൽ കോറിയിടുന്നത് അതാണ്. കുടജാദ്രിയിൽ പോയിട്ടുള്ളവരോട് ചോദിക്കൂ.. ഇനി പോകാനില്ലെന്ന് പറയുന്നവരെ കാണാനാകില്ല. കാരണം നമ്മെ മനുഷ്യനാകുന്ന എന്തോ ഒന്ന് ആ കാടുകളിലുണ്ട്. ഭൂമിയിലെ എണ്ണിയാൽ ഒടുങ്ങാത്ത മനുഷ്യർക്ക് വസന്തോത്സവങ്ങളുടെ നിമിത്തമായി കുടജാദ്രിയുണ്ട്…

ചെഗുവേര തന്റെ സുഹൃത്ത് ആൽബർടോയുമൊത്ത് നടത്തിയ യാത്രയിൽ ഇങ്ങനെ പറയുന്നുണ്ട്;

ഓരോ സാഹസിക യാത്രയ്ക്കും രണ്ട് പ്രധാന ഘട്ടങ്ങളുണ്ട്- യാത്ര തിരിക്കലും മടങ്ങിയെത്തലും. രണ്ടാമത്തെ സൈദ്ധാന്തികകാര്യമെന്നതിനെ യാത്ര കഴിഞ്ഞ് മടങ്ങിയെത്തുന്ന യഥാർത്ഥ നിമിഷവുമായി കൂട്ടിയോജിപ്പിക്കാനാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ മാർഗ്ഗത്തെക്കുറിച്ച് വേവലാതിപ്പെടാതിരിക്കുക. കാരണം, യാത്ര മിഥ്യയായ ഒരിടമാണ്. എപ്പോൾ യാത്ര പൂർത്തിയാക്കുന്നുവോ അപ്പോൾ മാത്രമേ അത് പൂർത്തിയാക്കിയതായി പറയാൻ കഴിയൂ. പൂർത്തിയാക്കലിന് വൈവിധ്യമാർന്ന നിരവധി വഴികളാണുള്ളത്. വഴികൾ അവസാനിക്കുന്നില്ല എന്നാണ് പറയേണ്ടത്…

ഷെറിൻ പി യോഹന്നാൻ

പത്തനംതിട്ട കുന്നംന്താനം സ്വദേശി. കോഴഞ്ചേരി സെന്റ് തോമസ് കോളേജിൽ നിന്ന് മലയാള സാഹിത്യത്തിൽ ബിരുദാന്തര ബിരുദവും തിരുവല്ല മാർത്തോമാ കോളേജിൽ നിന്ന് ആംഗലേയ സാഹിത്യത്തിൽ ബിരുദവും നേടി. ചലച്ചിത്ര നിരൂപണങ്ങൾ എഴുതി വരുന്നു. നിലവിൽ മാതൃഭൂമി പത്തനംതിട്ട ബ്യുറോയിൽ റിപ്പോർട്ടറായി പ്രവർത്തിക്കുന്നു.

 

സതീഷ് ബാലകൃഷ്ണൻ

വലുതല്ലങ്കിലും അവന്റെതായ തിരക്കുകൾ നിറഞ്ഞ ജീവിത യാത്രക്കിടയിൽ
ഒരുഞായറാഴ്ച….

കുർബാന കഴിഞ്ഞു മടങ്ങുന്ന ആൾക്കൂട്ടത്തിനിടയിൽനിന്നും തന്റെ പേരെടുത്തുള്ള വിളികേട്ട് അവൻ തിരിഞ്ഞു നോക്കി…

“ഒരു അമ്മയും മകളും…”

നീലയിൽ വെള്ള പൂക്കളുള്ള ഉടുപ്പിട്ട വെള്ളാരം കണ്ണുകളുള്ള ഒരു പത്തുവയസുകാരിയുടെ കൈ പിടിച്ചുകൊണ്ടു അവർ അവന്റെ അടുക്കലേക്ക് പതിയെ….
വളരെ പതിയെ നടന്നടുത്തു….

ആരാണ് അത്?
നമുക്ക് തല്ക്കാലം ഒരു പേര് കൊടുക്കാം…
മീര…
ക്രിസ്ത്യാനിപെണ്ണിന് ഈ പേര്..
എനിക്ക് ഏറ്റവും ഇഷ്ടമുള്ള പേര് വിളിക്കുന്നു.. അത്രയേയുള്ളു…

നായികയ്ക്ക് ഒരു പേര് കിട്ടി…

ഇനി കഥയിലേക്ക്…
കഥയല്ല… ജീവിതത്തിലേക്ക്..

വർഷങ്ങൾക്ക് മുൻപ് ഒരുദിവസം..

പള്ളിയിൽ നിന്ന് തിരികെ വീട്ടിലെത്തിയ മീര…
ഞാൻ കുളിക്കടവിൽ ചെന്നപ്പോൾ എന്നെ കാണാൻ അവിടെ വന്നു…

“ഞാൻ ഇന്ന് പോകുകയാണ്…”

ശരി ജോലികിട്ടി പോകുകയല്ലേ ചിലവ് ചെയ്യണം…
ഇപ്പോൾ വേണ്ട… ജോലിയൊക്കെ ചെയ്ത് ശമ്പളം ഒക്കെ വാങ്ങി..
ലീവിന് വരുമ്പോൾ മതി…

” എന്നുവരും എന്ന് പറയാൻ കഴിയില്ല”

എനിക്ക് ധൃതിയില്ല…

“ചിലപ്പോൾ ഇനി കാണാൻ കഴിഞ്ഞെന്നു വരില്ല”
ഏറെ നേരം അവൾ ഇത് തന്നെ പറഞ്ഞു നിന്നു..

ഒഴുക്കൻ മട്ടിൽ എന്റെ മറുപടിയും തുടർന്നു…

അവൾ പോയിട്ടുവേണം എനിക്ക് കുളിക്കാൻ…
ഞാൻ അക്ഷമാനായി നിന്നു…

പള്ളിയിൽ നിന്നും മടങ്ങുന്നവർ ശ്രദ്ധിക്കുന്നുണ്ട്…

” നീ പൊട്ടനാണോ…? അതോ പൊട്ടൻ കളിക്കുകയാണോ…?

ദേഷ്യപ്പെട്ടു ചോദിച്ചു..
മിണ്ടാതെ നിന്ന എന്നെ തറപ്പിച്ചു നോക്കിയിട്ട്
തോടിന് കരയിലൂടെ വീട്ടിലേക്കു നടന്നു തിരിഞ്ഞു നോക്കാതെ….

എനിക്കൊന്നും മനസിലായില്ല…
ശരിയ്ക്കും ഞാൻ പൊട്ടനാണോ?
ഏയ്‌… അല്ല… ആണോ?

ഞാൻ അത് അപ്പോഴേ വിട്ടു.. എന്റെ കാര്യങ്ങളേക്ക് വ്യാപ്രുതനായി…

കൂട്ടുകാരൻ വന്നു…
ഞാൻ ടൗണിലേക്ക്.. അവന്റെ ബൈക്കിൽ..

ഉച്ച കഴിഞ്ഞു ഞാനും അവനും നും.. കടയിൽ ചായകുടിച്ചിരുന്നപ്പോൾ
രവിലെ നടന്ന കാര്യം അവനോട് പറഞ്ഞു…

അവൻ പറഞ്ഞു…
നീ പൊട്ടൻ തന്നെയാണ്…
അവൾക്കു നിന്നോട് എന്തോ? ഉണ്ട്…
നിനക്ക് മനസിലായില്ലേ എന്ന്…

എനിക്ക് ശരിക്കും വിശ്വസിക്കാൻ കഴിഞ്ഞില്ല…

ഇത്രയും വലിയ… കുടുംബത്തിലെ അംഗം..
അലങ്കരികമായി പറഞ്ഞാൽ…
ഉന്നതകുല ജാതർ…
ഇതെല്ലാം മറന്നാലും
ഉയർന്ന വിദ്യാഭ്യാസം…
ബിരിദാന്തര ബിരുദം…
ഞാനോ?….

എങ്ങനെ ഞാൻ ചിന്തിയ്ക്കും ഇക്കാര്യം…

വാദ പ്രതിവാദങ്ങളുമായി ഞാനും അവനും…

പക്ഷെ തിരിഞ്ഞു നോക്കിയപ്പൾ…
കണ്ടു…
ചില സൂചനകൾ…
ഞങ്ങളുടെ കണ്ടുമുട്ടലുകൾക്കിടയിൽ അവൾ നൽകിയ സൂചനകൾ…
എന്റെ അവസ്ഥയിൽ അന്നത് തിരിച്ചറിഞ്ഞില്ല..

അവൻ പറഞ്ഞു നമുക്ക് റെയിൽവേ സ്റ്റേഷനിൽ പോകാം…
സമയം 3.40 കഴിഞ്ഞു…
ട്രെയിൻ 4.20ന്..

എനിക്കും കാണണം എന്ന് വലിയ ആഗ്രഹമായി…

തിരിച്ചറിയാതെ പോയ ആ പ്രണയത്തിനു പിന്നാലെ ഞങ്ങൾ ബൈക്കിൽ പാഞ്ഞു…

റെയിൽവേ സ്റ്റേഷന്റെ പാർക്കിംഗ് ഏരിയയിൽ വണ്ടി നിർത്തിയതും ഞാൻ ഇറങ്ങി അകത്തേക്ക് ഓടി…
രണ്ടാം നമ്പർ പ്ലാറ്റുഫോമിൽ ട്രെയിൻ നിർത്തിയിട്ടിരിക്കുന്നു…
ഏത് കംപ്പാർട്മെന്റിൽ ആണെന്നറിയില്ല…
പുറകിൽ ആണെന്ന് കരുതി… വേഗം പിന്നിലേക്ക് നടന്നു…
ഓരോ ബോഗിയിലും നോക്കി…
ഇല്ല…
ട്രയിൻ നീങ്ങിതുടങ്ങി….
കണ്ടില്ല….
ഞാൻ മുന്നിലേക്ക് ഓടി…
ട്രെയിന് വേഗം കൂടി കൂടി വന്നു…
എന്റെ കാലുകളെക്കാൾ വേഗത്തിൽ ട്രെയിൻ കുതിച്ചു…
ഓടി ഞാൻ പ്ലാറ്റുഫോമിന്റെ പുറത്തേക്കുള്ള എൻട്രൻസിനു അടുത്ത് എത്തറായി…
ട്രെയിൻ ഏറെ ദൂരെയായി….
അറിയാതെ ഞാൻ കരഞ്ഞുപോയി…
അകന്നു പോകുന്ന ട്രെയിന്റെ… അവസാന ബോഗിയുടെ പിന്നിലെ ഗുണനചിഹ്നം കണ്ണുനീരാൾ മറഞ്ഞപ്പോയി…
എൻട്രൻസി നടുത്തുള്ള സിമന്റ് ബെഞ്ചിൽ…
ഞാൻ തളർന്നിരുന്നുപോയി….

തോളിൽ ഒരു കരസ്പർശം…
കൂട്ടുകാരൻ …
വാ… പോകാം…
എഴുന്നേൽക്കാൻ തോന്നിയില്ല…

അല്പസമയത്തിന് ശേഷം അവളെ യാത്രയാക്കിയ ബന്ധുക്കൾ പുറത്തോട്ടുള്ള വാതിലിനു നേരെ നടന്നു വരുന്നു…
ആരും എന്നെ കണ്ടില്ല…
ഒരാൾ ഒഴികെ…
മീരയുടെ അമ്മ…
എന്റെ കലങ്ങിയ കണ്ണുകളിലേക്ക് അവർ നോക്കി…
അപ്പോൾ അവരുടെ ഭാവം എന്തായിരുന്നു…
ദേഷ്യം… പക… പുച്ഛം…
സഹതാപം….
കണ്ണുനീർ കാഴ്ച മറച്ചതിനാൽ…
എനിക്ക് മനസിലാക്കാൻ കഴിഞ്ഞില്ല…
“കുളിക്കടവിൽ വെച്ച് മീര പറഞ്ഞ അവസാന വാക്കുകളിൽ ഒരു പ്രണയം ഒളിച്ചിരുന്നോ എന്നും…”

റെയിൽവേ സ്റ്റേഷനിൽ നിന്നു നേരെ പോയത് തിലകിലേയ്ക്കാണ്…
തിലകിലെ എക്സിക്യൂട്ടീവ് ബാർ… രാത്രി 7 വരെ അവിടെ…

തിരികെ വീട്ടിലേക്ക്… വീട്ടുകാർ ഉറങ്ങി കഴിഞ്ഞാണ് എത്തിയത്…
വിളിച്ചില്ല… എനിക്കായി പൂട്ടാതെ ചാരിയിട്ട വാതിൽ തുറന്ന് അകത്തുകയറി… മദ്യലഹരിയിൽ എപ്പോഴോ ഉറങ്ങി…

പിന്നെ പതിവ് ദിനചര്യകൾ…
പതിയെ പതിയെ ഇക്കാര്യങ്ങളെല്ലാം വിസ്മൃതിയിലായി…
ജീവിതത്തിൽ പല മാറ്റങ്ങൾ വന്നു…
ജീവിതം ആകെ മാറി…
ശാന്തമായോഴുകുന്ന നദിപോലെ…

വർഷങ്ങൾക്ക് ശേഷം ഇന്ന്….
മീര വീണ്ടും കൺമുമ്പിൽ…

ആ അവിചാരിത കണ്ടു മുട്ടലിൽ പകച്ചു നിന്നപ്പോൾ…
അവൾ പറഞ്ഞതൊന്നും ഞാൻ… കേട്ടില്ല…

“നീ പൊട്ടനാണോ….”
“അതോ പൊട്ടൻ കളിക്കുകയാണോ…” അവൾ നടന്നകന്നു…
തിരിഞ്ഞു നോക്കാതെ…

ഞാൻ ശരിക്കും പൊട്ടനാണോ….?
അല്ല….
ആണോ?

സതീഷ് ബാലകൃഷ്ണൻ : ആലപ്പുഴ, തകഴി, ചെക്കിടിക്കാട് ഇ. ആർ. ബാലകൃഷ്ണന്റെയും ചെല്ലമ്മയുടെയും മകൻ. സെന്റ്‌ സേവിയേഴ്സ് യു പി എസ്. പച്ച- ചെക്കിടിക്കാട്, ലൂർദ്ദ് മാതാ എച്ച്. എസ്. എസ്., സെന്റ്‌. അലോഷ്യസ് കോളേജ് എടത്വ എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിനു ശേഷം പരസ്യ കലാരംഗത്തു പ്രവർത്തിക്കുന്നു. ഷോർട് ഫിലിം മ്യൂസിക്കൽ ആൽബം സംവിധായകൻ. കുട്ടനാട് താലൂക് ലൈബ്രറി കൗൺസിൽ മുൻ അംഗം. നിലവിൽ KPMS Media സംസ്ഥാന അസിസ്റ്റന്റ് കോർഡിനേറ്റർ ആയ ഇദ്ദേഹം ഒരു ചിത്രകാരനും ചെറുകഥാകൃത്തുമാണ്.

 

Copyright © . All rights reserved