literature

രാജു കാഞ്ഞിരങ്ങാട്

ഓണക്കാലമടുത്താല്‍
ഓര്‍മ്മയുടെ ഒരു കുടന്ന –
പൂവുമായെത്തും
അടുത്ത വീട്ടിലെ നാരായണി ചേച്ചി
അച്ഛനു ,മമ്മയു മില്ലാതെ
അനാഥയായി-
പോയവള്‍
സ്വന്തവും ബന്ധവുമില്ലാതെ
ഒറ്റയ്ക്ക് ജീവിതം നയിക്കേണ്ടി വന്നവള്‍

ശനിയും-
സംക്രാന്തിയും ഇല്ലാതെ
ഒറ്റപ്പെട്ടു പോയവള്‍
മനസ്സറിയാതെ ഗര്‍ഭിണിയായി
മനോരാജ്യം കണ്ടിരുന്നവള്‍
‘ആരാണാളെന്നു ചോദിച്ചാല്‍ ‘
ആരെന്നറിയാതെ
ആരെയും ചൂണ്ടി കാണിക്കുന്നവള്‍

അറിയപ്പെടുന്ന ചിലരെ ക്കുറിച്ച്
ആണ്‍കുട്ടികള്‍ ഞങ്ങള്‍ വാതു വെയ്ക്കും
അമ്മയ്ക്കായിരുന്നു വേവലാതി
ആണും തുണയും ഇല്ലാതവളെ ക്കുറിച്ച്
ഒരു ദിവസം രാവിലെ ഉണര്‍ന്നപ്പോഴാണ്
ഉണ്ണി പിറന്ന കാര്യം ഞാനറിഞ്ഞത് .

ആഹാരത്തിനായി അടുത്ത വീട്ടിലെല്ലാം
കാലത്ത് മുതല്‍ കയറിയിറങ്ങും
ഓണക്കാലത്ത് പൂക്കളുമായാണവര്‍
എന്റെവീട്ടില്‍ വരിക
അമ്മയെന്നും ഓണക്കോടി ആദ്യമെടുക്കുക
ആ അമ്മയ്ക്കും കുഞ്ഞിനുമാണ്

മുറ്റത്തെ പൂക്കളത്തിനേക്കാൾ –
ഭംഗി
അപ്പോള്‍ അമ്മ(നന്മ ) യുടെ മുഖത്തായിരിക്കും കാണുക

രാജു കാഞ്ഞിരങ്ങാട്

സ്ഥലം :- കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിലുള്ള കാഞ്ഞിരങ്ങാട്
അച്ഛൻ :- കല്ല്യാടൻ വീട്ടിൽ കണ്ണൻ നായർ
അമ്മ :- കെല്ലറേത്ത് കാർത്ത്യായനിയമ്മ
ഭാര്യ :- അഴീക്കോടൻ ശോഭന
മക്കൾ:- രസ്ന ,രസിക, രജിഷ
ജോലി: – തളിപ്പറമ്പ ആർട്സ് & സയൻസ് കോളേജ് കാഞ്ഞിരങ്ങാട്
ആനുകാലികങ്ങളിൽ എഴുതാറുണ്ട്
ആകാശവാണിയിൽ കഥ, കവിത അവതരിപ്പിക്കാറുണ്ട്
തുളുനാട് മാസിക പുരസ്കാരം, ചിലങ്കം മാസിക ജനപ്രിയ പുരസ്കാരം, മലയാള രശ്മി മാസിക പുരസ്കാരം,കണ്ണൂർ നർമ്മവേദി പുരസ്കാരം, ചിലങ്ക സാംസ്കാരിക വേദി പുരസ്കാരം, യുവ ആർട്സ് ജില്ലാതല പുരസ്കാരം, പാലക്കാട് സൃഷ്ടികവിതാ പ്രത്യേക ജൂറി പുരസ്കാരം, KCEU കണ്ണൂർ ജില്ലാതല കവിതാ പുരസ്കാരം, വിരൽ മാസിക പുരസ്കാരങ്ങൾ ( 2018, 2019) തിരുവനന്തപുരം (കലാലയ കൂട്ടായ്മ പുരസ്കാരം 20l 8, വാലെന്റൈൻ പുരസ്കാരം 2019, സ്പെഷ്യൽ അവാർഡ് )എന്നിവ ലഭിച്ചിട്ടുണ്ട്
പ്രസിദ്ധീകരിച്ച പുസ്തകൾ:-
1, ആസുരകാലത്തോടു വിലാപം
2 ,കാൾ മാർക്സിന്
3, കണിക്കൊന്ന (ബാലസാഹിത്യം )
4. ഒരു സ്ത്രീയും പറയാത്തത്
എന്നീ കവിതാ സമാഹാരങ്ങൾ ‘ബാനത്തെ വിശേഷങ്ങൾ’എന്ന നോവൽ മലയാള രശ്മി മാസികയിൽ ഖണ്ഡശ്ശ: പ്രസിദ്ധീകരിച്ചു.

ഫോൺ :- 9495458138

ഐശ്വര്യ ലക്ഷ്മി.എസ്സ്.

മേലെ നോക്കിയാൽ ആകാശവും താഴെ ഭൂമിയും മാത്രം പരിചിതമായൊരു ലോകത്തിൻ്റെ കോണിൽ നിന്നും പറിച്ച് മാറ്റപ്പെടലുകളും ചേർത്ത് നിർത്തലുകളും സമ്മിശ്രമായൊരു മൊഴിമാറ്റം.

പൂർണ്ണതയിൽ നിന്ന് അപൂർണ്ണതയിലേക്കും പൂജ്യത്തിൽ നിന്ന് അനന്തതയിലേക്കുളള ഗണിതം പോലെ സ്വത്വത്തെ തിരയുമൊരു വൈകാരിക മാറ്റം.

അടുക്കും തോറും ചിട്ടയില്ലാതെ അകന്നുകൊണ്ടിരിക്കുകയും അകലും തോറും കാന്തം പോലെ തിരിച്ച് പിടിച്ച് കൊണ്ടുവരികയും ചെയ്യാൻ കെൽപ്പുള്ളൊരു ചുറ്റുവട്ടത്തിൻ്റെ തണൽ പെയ്ത്ത് .

കിന്നാരം പറഞ്ഞു ചിണുങ്ങുന്ന പ്രാണികളും തലതല്ലിയൊഴുകുന്ന മലവെള്ളവും പുതയിറങ്ങുന്ന മഴച്ചൂടും അതിൽ ഉരുകിയൊലിക്കുന്ന ഭൂമിയും അതിനു കുറുകെ മനുഷ്യത്വവും ചേർന്നൊരു മൊഴിമാറ്റം.

ഓടുന്ന സൂചിക്കും ഒഴുകുന്ന ചോരക്കും ഒലിക്കുന്ന കണ്ണീരിനും വരണ്ടുണങ്ങിയ നാവിനുമപ്പുറം കാലം തേര് തെളിച്ചെടുത്തൊരു മൊഴിമാറ്റം.

അതിൽ ചോദ്യങ്ങൾക്ക് പ്രസക്തിയില്ല ഭാഷക്കും സ്പീഷിസുകൾക്കും അപ്പുറം അത്രമാത്രം വ്യക്തമായൊരു മഹാകാവ്യം “ഉലകത്തിൻ മൊഴിമാറ്റം”

ഐശ്വര്യ ലക്ഷ്മി.എസ്സ്.

സ്വദേശം പത്തനംതിട്ട ജില്ലയിലെ കുന്നന്താനം. ടി സി എസ്സിൽ അസിസ്റ്റൻ്റ് സിസ്റ്റം എൻജിനീയർ. മലയാളം യു കെ ഉൾപ്പടെയുള്ള ആനുകാലികങ്ങളിൽ കവിതകളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.പരേതനായ ശശിധര കൈമളുടെയും ഇന്ദു കുമാരിയുടെയും മകളും തൃശ്ശൂർ കുന്നത്തേരിൽ രഞ്ജിത്തിൻ്റെ ഭാര്യയുമാണ്.
ഇമെയിൽ : [email protected]

ഡോ. മായാഗോപിനാഥ്

സ്പെൻസർ ജംഗ്ഷനിലെ പള്ളിയ്ക്ക് മുന്നിലേക്ക്‌ ഒഴുകിയെത്തിയ ലാപിസ് ബ്ലൂ സ്കോഡ കാറിലേക്ക് ധൃതിയിൽ കയറിയിരുന്നു വിന്ദുജ.
‘വിന്ദു ആകെ വിയർത്തല്ലോ ‘
മുടിയിൽ നര വീണിട്ടും മാറിയില്ലേ തന്റെ ഈ ഭയം?”

വളരെ ക്യാഷ്വലായിട്ടാണ് സുദീപ്‌ ചോദിച്ചത്.
പിന്നെ മെല്ലെ ഇടം കൈ നീട്ടി വിന്ദുജയുടെ വലം കയ്യിൽ മൃദുവായി അമർത്തി. “ഞാനല്ലേ വിന്ദൂ. നിന്റെ മാത്രം സുദീപ്.
ബി കൂൾ. റിലാക്സ് വിന്ദൂ ”
വൈകുന്നേരം വിനയൻ വീട്ടിലെത്തും മുന്നേ നിന്നെ ഞാൻ തിരികെ എത്തിക്കാം. ട്രസ്റ്റ്‌ മി ഹണി എന്റെ വാക്കാണ്.

വിന്ദുജ ബാഗിൽ നിന്നു കെർചിഫ് എടുത്തു നെറ്റി മേലെ വിയർപ്പു തുടച്ചു.

നീയിന്നു എന്റെ പ്രിയപ്പെട്ട ടർകൊയ്‌സ് ബ്ലൂ നിറത്തിൽ അതി സുന്ദരിയായിരിക്കുന്നു..

വിന്ദുജ സുദീപിനെ നോക്കി ചിരിച്ചു.

നമ്മൾ കൃത്യം ഒന്നര മണിക്കൂറിൽ എന്റെ സ്വപ്ന സൗധത്തിലെത്തും.

കാർ സിറ്റി വിട്ട് ഇടറോഡിലേക്ക് കയറിയിരുന്നു.

“വിന്ദു നിനക്കോർമ്മയുണ്ടോ
ഞാൻ നിന്നോട് പ്രണയം പറഞ്ഞ ആ ദിനം..”
ഉവ്വ് 27 ഓഫ് ഏപ്രിൽ.. പതിനഞ്ചു വർഷത്തിന്റെ ഋതുഭേദങ്ങൾ നമ്മെ കടന്നു പോയി..

ക്യാമ്പസ്‌ ടൂറും ആ. നീല വാകമരച്ചോടും നിന്റെ അന്നത്തെ ആ സ്കൈ ബ്ലൂ ഷർട്ട്‌ പോലും എനിക്ക് ഇന്നും ഓർമ്മയുണ്ട്.

ഒരില പോലും കാണാതെ പൂമൂടിയ ജെക്രാന്തമരങ്ങൾ.. മൂന്നാറിലെ നീലവസന്തം..
ഏപ്രിൽ കഴിഞ്ഞ് മെയ്‌ മാസത്തോടെ കൊഴിയുന്ന പൂക്കൾ..

“നിനക്കറിയുമോ സുദീപ് എത്ര തവണ വിനയേട്ടൻ നിർബന്ധിച്ചിട്ടും ഞാൻ ഇന്ന് വരെ മറ്റൊരു മൂന്നാർ യാത്ര പോയിട്ടില്ല.
മൂന്നാർ എന്നാൽ എനിക്ക് നിന്റെ പ്രണയമാണ്

.അയാളുടെ ഉൾത്തടം വിറകൊണ്ടു. തന്റെ യൗവ്വനം മുഴുവൻ താൻ കാത്തുവച്ചത് ആർക്കുവേണ്ടിയോ കാത്തിരുന്നതാർക്കുവേണ്ടിയോ അതെ പ്രണയിനി ഒരു ദിവസം തനിക്കായി നൽകിയിരിക്കുന്നു….

അവർ ഇടതിങ്ങിയ റബ്ബർ മരങ്ങൾക്കിടയിലൂയിടെ ഉള്ള വഴിയിലേക്ക് തിരിഞ്ഞിരുന്നു…

വിന്ദുജ പുറത്തേക്കു നോക്കിയിരുന്നു. ഒരേയൊരിക്കൽ
താൻ വന്നു പോയ പാത. ഈ വഴിയുടെ അവസാനം കാണുന്ന ഒരു പഴയ ഓട് വീട്.
പായൽ പിടിച്ച മതിലോരം ചേർന്നു നിൽക്കുന്ന നാക മരം.. നിറയെ പൂക്കളും കായ്കളും. മുറ്റത്തിനിരുവശവും നിറയെ നന്ത്യർവട്ടവും അരളിയുമൊക്കെ കാട് പിടിച്ചു കിടന്നിരുന്നു..
അവിടെ ഉമ്മറത്തെ ചാരുകസേരയിൽ ചാരികിടന്ന നരച്ച താടിയുള്ള കഷണ്ടിത്തലയുള്ള ചുമ കൊണ്ടിടറിയ അച്ഛൻ..
അമ്മയുടെ മുഖത്തെ ദൈന്യതയും വിളർച്ചയും അവർ തന്ന ചായയെ പോലും മരവിപ്പിച്ചു..

അന്ന് സുദീപ് എന്ന കാമുകനൊഴികെ ആ വീടും വീട്ടുകാരും തന്റെയുള്ളിൽ ജരാനരകൾ വരച്ചിട്ടു…

കാർ വളവു തിരിഞ്ഞു പഴയ നാകമരത്തിനടുത്തെത്തി.
ഗേറ്റ് മുതൽ വീട് വരെ ടൈൽ നിരത്തിയിരുന്നു..
മുറ്റമാകെ പലയിനം ഓർക്കിഡുകളും റോസും….

കാറിൽ നിന്നു പുറത്തിറങ്ങിയ സുദീപ് വിന്ദുവിന് നേർക്കു കൈനീട്ടി. വരൂ പ്രിയപ്പെട്ടവളെ..
ഇതാണെന്റെ സ്വപ്നസൗധം….ഇവിടം നിനക്കായ്‌ കാത്തിരിക്കുന്നു..

പഴയ വീടിന്റെ ഗൃഹാതുരത്വത്തിന്റെ ശീലുകളിൽ ഓട് പാകി പൈതൃകത്തിന്റെ ചരിഞ്ഞ മേൽക്കൂരയും കൊത്തുപണികളുമുള്ള അനേകം വാതിലുകളും ജനാലകളുമൊക്കെയുള്ള വലിയ ഒരു നാലുകെട്ട്.

ഉമ്മറത്ത് പഴയ ചാരു കസാല വാർണിഷ് ചെയ്തു ഒരു ഓർമ്മപോലെ സൂക്ഷിച്ചിരുന്നു. ഭിത്തിമേൽ അച്ഛന്റെ വലിയ ഒരു ചിത്രവും.
പൂമുഖം കടന്നപ്പോൾ ആദ്യം കണ്ടത് ഒരു ആട്ടുകട്ടിലാണ്.. അകമേ വെളിച്ചം വിതറുന്ന വലിയ നടുമുറ്റവും മധ്യത്തിൽ ഒരു പവിഴമല്ലി മരവും അതിൽ പടർന്നു കിടന്ന ശംഖ്‌പുഷ്പവും വീടിനു കുളിർമ്മയും സൗരഭ്യവും നൽകി..

വീടിന്റെ ചുവരുകൾക്കെല്ലാം വിൻടേജ് ചിത്രങ്ങൾ മിഴിവേകിയിരുന്നു. പല ചിത്രങ്ങളിലും നീല നിറത്തിന്റെ ധാരാളിത്തം തുടിച്ചു നിന്നു

തന്നെ പ്രതീക്ഷിച്ചു സ്വീകരണ മേശമേൽ വച്ചിരുന്ന പൂപ്പാത്രം നിറയെ ശംഖുപുഷ്പങ്ങൾ.. അവന്റെ പ്രിയപ്പെട്ട പൂക്കൾ…

പെട്ടെന്നു അതിലൊരെണ്ണമെടുത്ത് അവൻ വിന്ദുജയുടെ കണ്ണുകൾക്ക്‌ മേലെ ഉഴിഞ്ഞു കൊണ്ട് പാടി..
ശംഖ്‌പുഷ്പം കണ്ണെഴുതുമ്പോൾ…. വിന്ദുജെ നിന്നെ ഓർമ്മവരും…..

കുറെ നാളുകളായി പൂക്കാൻ കൊതിച്ച ചന്ദനശാഖികൾ തന്നിൽ തളിർക്കുന്നത് അവളറിഞ്ഞു.. ആർട്സ് ഫെസ്റ്റിവൽ ദിനത്തിൽ രാത്രി വൈകി നടന്ന പരിപാടികൾക്ക് ശേഷം തനിക്കൊപ്പം കോളേജ് ഹോസ്റ്റലിലേക്ക് നടന്ന നേരം പിന്നിൽ നിന്നു തന്നെ നെഞ്ചോടു ചേർത്ത അവന്റെ മുഖം പതിഞ്ഞ പിൻകഴുത്തിൽ തുടിച്ച പുളകം എത്രയോ നാൾ തന്നെ കൊതിപ്പിച്ചു.

ഇന്നിപ്പോൾ മാറ്റാരുമില്ലാതെ താനും അവനും മാത്രമുള്ള ഈ വീട്ടിൽ…

അവളുടെ ഹൃദയമിടിപ്പ് കൂടി… അവനവളെ കിടപ്പുമുറിയിലേക്കാനയിച്ചു…

അവനവൾക്ക് കുളിക്കാൻ ടൗവലുകൾ നൽകി..
.വിന്ദു കുളികഴിഞ്ഞു വന്നപ്പോഴേക്കും അവനും കുളി കഴിഞ്ഞെത്തി…

ബാത്ത് ടവലിൽ ഒതുങ്ങിയിരുന്ന അവളുടെ യൗവനം തുളുമ്പുന്നത് അവനിൽ കാമജ്വാലകളെരിച്ചു….

പ്രണയപൂജയിലാദ്യമായി അധരങ്ങളാൽ അവളുടെ കലശങ്ങളെ അഭിഷേകം ചെയ്തു കൊണ്ട് അവൻ പറഞ്ഞു
രതി ദിവ്യമായ ഒരു പൂജയാണ് വിന്ദൂ……
നഗ്നമായ അവളുടെ പാദങ്ങളെ അവൻ നീല ടവലു കൊണ്ട് തുടച്ചു…
പിന്നെ അവളുടെ തുടുത്ത കാൽവിരലുകളെ ചുംബിച്ചു…

പിന്നെ അവർ ചുംബനങ്ങളുടെ മാദക ലഹരിയറിഞ്ഞു…..
പതിനഞ്ചു വർഷത്തെ കാത്തിരിപ്പിന്റെ തിരമാലകളിൽ അവൻ അവളെ ആറാടിച്ചു…
അവളുടെ ഗർഭപാത്രത്തിലേക്ക് അവൻ തന്റെ പ്രണയവീഞ്ഞ് ഉരുക്കി ഒഴിച്ചു…

അവന്റെ നെഞ്ചിൽ നിന്നു മുഖം അടർത്തിയെടുത്തു വിന്ദു മേശമേലിരുന്ന ഫോൺ എടുത്തു സമയം നോക്കി….

തളർന്നു മയങ്ങിയ അവനെ കുലുക്കി ഉണർത്തി അവൾ പറഞ്ഞു “സുദീപ്..
നമുക്കു തിരികെ പോകേണ്ടേ “…
പോകാം
പക്ഷെ ഭക്ഷണം കഴിച്ച ശേഷം.
ഊണ് മേശ മേൽ ഭക്ഷണമുണ്ട്
നീയെനിക്കു വിളമ്പി തരണം…

അത് സമ്മതിച്ചു എഴുന്നേറ്റ വിന്ദുവിനെ സാരീ ഉടുക്കാൻ അവൻ അനുവദിച്ചില്ല.

നീയെനിക്കു അന്നം വിളമ്പുമ്പോൾ ഈ ടൗവൽ മാത്രം മതി…
അവനവളെ തന്നോട് ചേർത്ത് കെഞ്ചി….
ഒറ്റയ്ക്ക് നീ എങ്ങനെയാണ് ഇത്രയും രുചികരമായ ഭക്ഷണം ഉണ്ടാക്കിയത് അത്ഭുതം തന്നെ…
അവൾ പറഞ്ഞു..

അവനവൾക്ക് വയറു നിറയെ ഭക്ഷണം വാരിക്കൊടുത്തു…തിരിച്ചും..

ഒരുമിച്ചിരുന്നു ഭക്ഷണം കഴിച്ച ശേഷം അവൾ പാത്രങ്ങളുമായ്‌ അടുക്കളയിലേക്ക് പോയി.

തിരികെ വരുമ്പോഴും സുദീപ് സോഫയിൽ തന്നെ അലസമായി ഇരുന്നു..

നമുക്ക് പോകേണ്ടേ..
നീയെന്താണ് റെഡിയാവാത്തത്? അവൾ തിടുക്കം കൂട്ടി.

വരൂ കുട്ടീ തിടുക്കം കൂട്ടാതെ..
അവൻ അവളെ തന്റെ കൈകളിൽ കോരി എടുത്തു ബെഡിലേക്ക് വീണ്ടും കൊണ്ട് പോയി…
ഒരിക്കൽ കൂടി പ്ലീസ്.. അവൻ കെഞ്ചി പറഞ്ഞു…
അവനവളെ മാറോടു ചേർത്തപ്പോൾ അവളും തളർന്നു പോയി…
അവളുടെ നെഞ്ചിൽ കിടന്നു കൊണ്ട് അവൻ കഴുത്തിലെ മാലയുടെ അറ്റത്തെ താലി തൊട്ട് പറഞ്ഞു…

ഇതിനു നീ എത്ര വിലയാണിട്ടത് വിന്ദൂ????
പത്തു ലക്ഷം? നൂറ് ലക്ഷം?? പറയു

ആ ചോദ്യത്തിൽ അവനെ തള്ളി മാറ്റി അവൾ കട്ടിലിൽ എഴുനേറ്റിരുന്നു.
അവൻ പൊട്ടി പൊട്ടിച്ചിരിച്ചു…
കുറെ പതിവ്രതകൾ…
വിന്ദുജയുടെ സപ്ത നാഡികളും തളർന്നു പോയി..

അവൻ വീണ്ടും പൊട്ടിച്ചിരിച്ചു…

ഞാൻ കാത്തിരുന്ന നിമിഷം ഇതാണ്… നീ ഉരുകി വീഴുന്നത് കാണാൻ..

എന്റെ പ്രണയം തട്ടി മാറ്റി നീ വിനയനെ വിവാഹം കഴിക്കാൻ തയ്യാറായതറിഞ്ഞു എന്റെ വേദന കണ്ടു ഇടനെഞ്ഞു വിങ്ങി വിവാഹലോചനയുമായി വന്ന എന്റെ അമ്മയെ നീ അപമാനിച്ചു വിട്ട ദിവസം മുതൽ….കാത്തിരുന്ന ദിവസം…….

അന്ന് തിരികെ വന്ന എന്റെ അമ്മ അധികനാൾ ജീവിച്ചിരുന്നില്ല..കാമുകിയാൽ വഞ്ചിതനായ മകൻ മദ്യത്തിലും ലഹരിയിലും മുങ്ങിയത് അവരെ തളർത്തി…അവരുടെ ഹൃദയം തകർന്നു പോയി..

നിന്റെ വിവാഹം കഴിഞ്ഞ് ഒരു മാസത്തിനുള്ളിൽ എന്റെ പാവം അമ്മ ഈ ലോകം വിട്ട് പോയപ്പോൾ നീ മധുവിധു നുകരുകയായിരുന്നു..
ആ അമ്മയുടെ കണ്ണുനീർ വീണതു കൊണ്ടാണ് നിന്റെ ഗർഭപാത്രം വരണ്ടു പോയത്…
നിനക്ക് ഒരമ്മയാവാൻ കഴിയാഞ്ഞത്…

വിന്ദുജ കൈക്കുമ്പിളിൽ മുഖം പൊത്തി കരഞ്ഞു.

പോയ കൊല്ലത്തെ ക്യാമ്പസ്‌ ഗെറ്റ് ടുഗെതർ ഞാൻ തന്നെ മുൻകൈ എടുത്തു നടത്തിയത് നിന്നെ എന്റെ കയ്യിൽ കിട്ടാൻ വേണ്ടി മാത്രമായിരുന്നു..
നീ പ്രവാസജീവിതം മതിയാക്കി തിരിച്ചു വരാൻ ഞാൻ കാത്തിരുന്നത് പതിനഞ്ചു വർഷങ്ങളാണ്…

കാശു കൊടുത്തും കൊടുക്കാതെയും എനിക്ക് എത്രയോ പെണ്ണുങ്ങളെ ഈ കിടക്കയിൽ കിട്ടുമായിരുന്നു.

പക്ഷെ സുദീപ് ഇന്ന് വരെ തന്റെ കാമന ഒരു പെണ്ണിന്റെയുള്ളിലും ഒഴുക്കിയിട്ടില്ല. അന്നും ഇന്നും എന്നും എന്റെ ഉള്ളിൽ നീ നീ മാത്രമാണ് പെണ്ണ്……

അയാൾ കിതയ്ക്കുമ്പോൾ പെട്ടെന്ന് സാരി വാരിച്ചുറ്റി വിന്ദുജ..
അപ്പോഴാണ് അയാൾ മുറിയിലെ ടെലിവിഷൻ സ്ക്രീൻ ഓണാക്കിയത്..

അതിൽ തെളിഞ്ഞു കണ്ട തന്റെ നഗ്ന മേനി അവളെ ചകിതയാക്കി.. സുധീപിനൊപ്പം പിണയുന്ന തന്റെ ഉടൽ….
അവളുടെ കയ്യിൽ നിന്നു സാരിത്തുമ്പ് താഴേക്കു വീണു….

നിനക്ക് വേണെങ്കിൽ എന്റെ ശരീരമേറ്റ് വാങ്ങി ശിഷ്ട കാലമിവിടെ കഴിയാം…
എന്റെ ദാനമായി നിനക്കത് ഏറ്റുവാങ്ങാം..
ഇല്ലെങ്കിൽ നിന്റെ വിനയനെ തേടി പോകാം. പക്ഷെ ഭാര്യയുടെ കാമലീലകൾ കണ്ടു കുളിര് കോരാൻ ഞാൻ ഇതവന് അയച്ചു കൊടുക്കും..

മേശമേലിരുന്നു അപ്പോൾ വിന്ദുജയുടെ ഫോൺ റിങ് ചെയ്തു..

മൈ ലവ് എന്ന്‌ സേവ് ചെയ്ത നമ്പർ…
വിനയേട്ടൻ അവളുടെ ചുണ്ടുകളിടറി….

……

സുദീപ് പൊട്ടിച്ചിരിച്ചു..

വികാരവിക്ഷോഭങ്ങളോടെ കരിനീല മേഘമായി പെയ്യാനാവാതെ തറയിൽ ചിതറിയ പ്രണയനീലത്തിൽ വിന്ദു തളർന്നിരുന്നു

ഡോ. മായാഗോപിനാഥ്: തിരുവനന്തപുരം സ്വദേശി . പ്രമുഖസാഹിത്യകാരിയും തിരുവനന്തപുരം ധര്‍മ്മ ആയുര്‍വേദ സെന്‍റര്‍ ചീഫ് മെഡിക്കല്‍ ഓഫീസറുമാണ്. പ്രസിദ്ധീകരിച്ച സാഹിത്യകൃതികള്‍: മരുഭൂമിയിൽ മഴ പെയ്യുമ്പോൾ, തളിർ മരം , ഇതെന്‍റെ ജാലകം, ഇതളുകൾ പൂക്കളാവുമ്പോൾ, മഴ നനച്ച വെയിൽ,
നിത്യകല്യാണി തുടങ്ങിയ ആറോളം കഥാസമാഹാരങ്ങളും അർദ്ധനാരി എന്ന നോവലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

 

രാധാകൃഷ്ണൻ മാഞ്ഞൂർ

സർഗ്ഗാത്മകതയുടെ കാഴ്ചശീലങ്ങളെ, ജീവിതത്തിൻ്റെ ചെറുസന്ദർഭങ്ങളെ ഒരു ഫോട്ടോഗ്രാഫർ കൃത്യമായി അടയാളപ്പെടുത്തുന്നു, കാലത്തിൻ്റെ നേർക്കു പിടിച്ചു കലയും മനുഷ്യനുമായുള്ള ഹൃദയ ബന്ധത്തെ സാക്ഷ്യപ്പെടുത്തുകയും , കഥകളിയുടെയും ,കൂടിയാട്ടത്തിൻ്റെയും നിറകാഴ്ചകളിൽ അഭിരമിക്കുന്ന ഭ്രാന്തമായ പിന്തുടരലിൻ്റെ കഥയാവുകയും ചെയ്യുന്നു ………
.
ഇത് രാധാകൃഷ്ണ വാര്യർ , ക്ലാസിക് കലകളുടെ പ്രിയപ്പെട്ട ഫോട്ടോഗ്രാഫർ ……..ക്യാമറകൊണ്ടൊരു “വാര്യർ ടച്ച് ” അവകാശ പെടുമ്പോഴും ഫോട്ടോഗ്രാഫിയുടെ വിപണി സാധ്യതകളുടെ ഈ കാലത്ത്‌ തൻ്റേതായ ഇഷ്ടങ്ങളും ,ആകാശവും ,വഴിയും കണ്ടെത്തി വ്യത്യസ്തനാവുന്നു .

കോട്ടയം തിരുനക്കര കേരളപുരം വാര്യത്തു പരേതനായ ബാലരാമവാര്യരുടെ മകന്, മുത്തശ്ശൻ ജി കെ വാര്യരാണ് കഥകളിയുടെയും ,ചിത്രകലയുടെയും, ബാലപാഠങ്ങൾ പറഞ്ഞുകൊടുത്തത് പോർട്രേറ്റ് ,ചുമർ ചിത്ര വരകളിൽ പ്രശസ്തനായ മുത്തശ്ശൻ വരച്ച ചിത്രങ്ങൾക്ക് നിറം പകർന്നു രാധാകൃഷ്ണവാര്യരും ഒപ്പം കൂടി. വാര്യരുടെ അച്ഛൻ ബാലരമ വാര്യർ കഥകളി ആസ്വാദകനായിരുന്നു . തിരുനക്കര അമ്പലത്തിലെ കഥകളി രാവുകൾ ഇപ്പോഴും കണ്മുന്നിലുണ്ട് .അച്ഛനാണ് കഥകളിയുടെ രീതി ശാസ്ത്രങ്ങൾ പറഞ്ഞു തന്നത് .കലാമണ്ഡലം ഗോപി ആശാൻ്റെ രൗദ്ര ഭീമനാണ് ആദ്യമെടുത്ത ഫോട്ടോ .പിന്നീട് കഥകളിയെ പ്രണയിച്ച് എത്രയോ യാത്രകൾ , എത്രയോ ഫോട്ടോകൾ ………കഥകളിയുണ്ടെങ്കിൽ വേഷം ഏതുമാകട്ടെ വേഷക്കാരൻ ആരുമാവട്ടെ അവിടെ വാര്യരുണ്ടാവും .

ഏറ്റവും കൂടുതൽ ഫോട്ടോകൾ ഗോപിയാശാൻ്റേതാണ് , ഏകദേശം പതിനായിരം ചിത്രങ്ങളോളം . പയ്യന്നൂരിൽവെച്ചു “ചുടല ഹരിശ്ചന്ദ്രൻ ” വേഷം കൂടി എടുത്തതോടെ ഗോപിയാശാൻ അഭിനയിച്ച 16 തരം വേഷത്തിലുള്ള 35 കഥകളുടെ അപൂർവ ശേഖരം കൈയ്യിലായി. കേരള കലാമണ്ഡലത്തിൽ മൂന്നുവർഷം ജോലി ചെയ്തു,- കഥകളി വേഷക്കാരൻ കലാമണ്ഡലത്തിൽ ഏതു വേഷം കെട്ടിയാടുമ്പോഴും ഒരു ഭാവം കൂടിയിരിക്കും .കലാമണ്ഡലത്തിൽ നിന്നും പകർത്തിയ ആ മൂന്ന് വർഷമാണ് ജീവിതത്തെ ഏറ്റവും മഹത്വപ്പെടുത്തിയത് . കോട്ടയ്‌ക്കൽ ശിവരാമൻ ,കലാമണ്ഡലം ഗോപി ,കലാമണ്ഡലം പദ്‌മനാഭൻ നായർ ,കീഴ്പ്പടം കുമാരൻ നായർ ,ഉഷ നങ്യാർ ഒഡീസി നർത്തകി കവിത ദ്വിവേദി തുടങ്ങിയവരുടെ ചിത്രങ്ങൾ എടുത്തിട്ടുണ്ട് കഥകളിയുടെ വർണ്ണവൈവിധ്യങ്ങളും അതിൻ്റെ വികാര തീവ്രതയും വാര്യർ ചിത്രങ്ങളുടെ പ്രത്യേകതയാണ് .

കഥകളിയുടെ കഥയും ,മുദ്രയും അറിയാതെയാണ് പലരും കഥകളി ഫോട്ടോകൾ എടുക്കുന്നത് .ഈ രീതി ശരിയല്ലെന്ന് വാര്യർ പറയുന്നു . കഥയറിഞ്ഞു കഥകളി കാണുക .കളി അരങ്ങേറുമ്പോൾ ഒരു ധ്യാനം പോലെയാണ് നാം ഫോട്ടോകൾ പകർത്തേണ്ടത് “ അരങ്ങത്തുചൊല്ലിയാടുന്നവരുടെ കണ്ണുകൾ ശ്രദ്ധിക്കുക ,ഏറ്റവും ജീവസ്സുറ്റ മുഹൂർത്തം വരുമ്പോൾ ക്ലിക് ചെയ്യുക ’’

ഭൂതവും ,ഭാവിയും ,വർത്തമാനവുമൊക്കെ ഈ ചിത്രങ്ങൾ നമുക്കായി കാത്തു വയ്ക്കുന്നു . വരുംകാലത്തേക്കുള്ള വേരുറപ്പും, ശക്തി ബോധ്യവുമാണിത് . വാര്യർ തൻ്റെ അപൂർവ്വ ചിത്ര പരമ്പരകളുമായി നിരവധി ഫോട്ടോ പ്രദർശനങ്ങൾ നടത്തി. കേരളത്തിലെ യൂണിവേഴ്സിറ്റികൾ ,കോളേജുകൾ കേന്ദ്രീകരിച്ചു “ചിത്രരഥം” എന്ന പേരിൽ ഫോട്ടോ പ്രദർശനങ്ങൾ നടത്തി .കോട്ടയം ബസേലിയസ് ക്യാമ്പസ് പഠനകാലത്തു ഒരു വർഷം കഥകളി നടത്തി . ഇന്നും ബസേലിയസ്ക്യാമ്പസിൽ വാര്യരുടെ പൂർണ്ണ പിന്തുണയിൽ കഥകളി ക്ലബ് പ്രവർത്തിക്കുന്നു . ഭാര്യ : സുമംഗല , മകൾ : ഗൗരികൃഷ്‌ണ, മരുമകൻ: വിനയ് രാജ്, പേരക്കുട്ടി: ധാത്രി

രാധാകൃഷ്ണൻ മാഞ്ഞൂർ : 1968 ൽ മാഞ്ഞൂർ പന്തല്ലൂർ വീട്ടിൽ ജനനം . മാഞ്ഞൂർ സൗത്ത് ഗവഃസ്കൂൾ ,വി കെ വി എംഎൻഎസ്എസ്സ്കൂൾ,കുറവിലങ്ങാട്ദേവമാതാകോളേജ്എന്നിവിടങ്ങളിൽ വിദ്യാഭ്യാസം .1997 ൽ ഭരതം കഥാ പുരസ്കാരം , 2006 ൽ അസ്സീസ്സി ചെറുകഥാ അവാർഡ് ,2003 ൽ സംസ്കാരവേദി അവാർഡ്. രണ്ടു പുസ്തകങ്ങൾ: നിലാവിൻ്റെ ജാലകം ,പരസ്യപ്പലകയിലൊരു കുട്ടി. രണ്ടു തിരക്കഥകൾ : മഴമരങ്ങൾ , മുടിയേറ്റ് .
2004 ൽ കാഞ്ഞിരപ്പളളി സമചിന്ത സാഹിത്യ സംഘം വൈസ് ചെയർമാൻ ,2024 ൽ ടാഗോർ സ്‌മാരക സാംസ്‌കാരിക സദസ്സിൻ്റെ സംസ്ഥാന ജോയിൻ്റ് സെക്രെട്ടറി.
അച്ഛൻ : പരേതനായ പി കെ കൃഷ്ണനാചാരി ,അമ്മ : പരേതയായ ഗൗരി കൃഷ്ണൻ,ഭാര്യ : ഗിരിജ
മകൾ : ചന്ദന.
വിലാസം : രാധാകൃഷ്ണൻ മാഞ്ഞൂർ ,പന്തല്ലൂർ ,മാഞ്ഞൂർ തെക്കു തപാൽ ,പിൻ :686603 ,കോട്ടയം ജില്ല .

Email : [email protected]
Facebook : RADHA KRISHNAN MANJOOR
ഫോൺ : 9447126462
8075491785

 

എബി ജോൺ തോമസ്

പരസ്പരം
കെട്ടിപ്പുണരുന്നതിന്
തൊട്ടുമുമ്പ്,
ഒരു
ഭൂചലനത്തിലാണ്
ആകാശവും
കടലും
രണ്ട്
ദിക്കിലേക്ക്
വലിച്ചെറിയപ്പെട്ടത്.

അന്നു മുതൽ
കടൽ
ഒരു തുള്ളി
കണ്ണീരും
ആകാശം
ഒരഭിലാഷവുമായി.

കടലാക്രമണങ്ങൾക്ക്
തുടക്കമായതും
അതിന്
ശേഷമാണ്.

കരയിലൂടെ
ആകാശത്തിലേക്ക്
കുറുക്കുവഴിയുണ്ടെന്ന്
കടലിനെ
ആരോ
പറഞ്ഞു പറ്റിച്ചിട്ടുണ്ട്

പ്രണയത്തിൽ
വീണ്
പരിക്കേറ്റവരെ
കടലോളം
ചേർത്തു നിർത്താൻ
കടലല്ലാതെ
ആരാണുള്ളത്.
(പ്രണയമുറിവിൽ
മരുന്ന്
കടലുപ്പ് തന്നെയല്ലേ )

കടലും
ആകാശവും
ഒന്നാകുന്നതിൽ
തടസം നിന്നത്
കരയാണെന്ന്
ആകാശവും
തെറ്റിധരിച്ചിട്ടുണ്ട്.

പെരുമഴ കൊണ്ട്
ആകാശം
ഉള്ളുപൊട്ടിക്കുന്നതൊക്കയും

തെറ്റിധാരണയുടെ
പുറത്താണ്

അഗ്നിപർവ്വതങ്ങൾക്കന്നമൂട്ടി
കടലും ആകാശവും
കാത്തിരിക്കുന്നത്
ഒരു
കരദൂരം
മറികടക്കാനാണ്.

അപ്പോഴും
ഒന്നുമറിയാതെ
കര
കടലിലിനേയും
ആകാശത്തെയും
കവിതയിൽ
തിരയുകയാണ്

എബി ജോൺ തോമസ്, – കോട്ടയം ജില്ലയിലെ കുറുപ്പന്തറ ഇരവിമംഗലത്ത് താമസം. ഇരവിമംഗലം സെൻ്റ് ജോസഫ്സ് എൽപി സ്കൂൾ, കുറുപ്പന്തറ സെൻ്റ് സേവ്യേഴ്സ് വി എച്ച് എസ് എസ് , ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്കൂൾ കഞ്ഞിക്കുഴി എന്നിവിടങ്ങളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം. കോട്ടയം ബസേലിയസ് കോളജിൽ നിന്നും മലയാളത്തിൽ ബരുദവും എംജി യൂണിവേഴ്സിറ്റിയിൽ നിന്നു ജേണലിസത്തിൽ ബിരുദാനന്തര ബിരുദവും. ‘നിലാവിൽ മുങ്ങി ചത്തവൻ്റെ ആത്മാവ്’, ഇറങ്ങി പോകുന്നവർ പാലിക്കേണ്ട മര്യാദകൾ എന്നീ കവിതാ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കാഴ്ച ടെലിവിഷൻ അവാർഡ്, നഹ്റു ട്രോഫി പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്. ജീവൻ ടി വി , ജയ്ഹിന്ദ് ന്യൂസ്, മീഡിയവൺ, എന്നീ ചാനലുകളിൽ പ്രവർത്തിച്ചു. നിലവിൽ കേരള വിഷൻ ന്യൂസ് കൊച്ചി ബ്യൂറോ ചീഫ് ആണ്.

 

 

മെട്രിസ് ഫിലിപ്പ്

“അടിച്ചുപൊളിച്ചു കേറിവാ മക്കളെ “.. പൂക്കളുടെ ചിങ്ങമാസവും സെപ്റ്റംബറിന്റെ വസന്തകാലവും നിറഞ്ഞ, മലയാളികളുടെ ഉത്സവമായ ഓണം 2024 വരവായ്. എല്ലാ മലയാളികൾക്കും, സ്‌നേഹവും സഹോദര്യവും സന്തോഷവും നന്മകളും സമ്പൽസമൃദ്ധിയും നിറഞ്ഞ ഓണം ആശംസിക്കുന്നു. ഓണാഘോഷങ്ങൾ എല്ലായിടത്തും ആരംഭിച്ചിരിക്കുന്നു. ഓരോ ഓണവും ഓരോ ഓർമ്മകൾ ആവണം. ആ ഓർമ്മകൾക്കു മധുരം ഉണ്ടാവണം.

ഓരോ പുലർകാലവും നന്ദിയുടെയും പ്രതീക്ഷകളുടെയും ആവണം. സ്വപ്നം കണ്ടത് നാളെ ലഭിക്കും എന്ന് ഒരുറപ്പും ഇല്ലാതിരിക്കുമ്പോഴും, ഇന്ന് നമുക്ക് വേണ്ടി എന്ത് ചെയ്തു, എന്ന് കൂടി ഓർക്കുക. ഓരോ ദിവസവും നമുക്ക് ലഭിക്കുന്നത് ബോണസ് ആണെന്ന് കരുതി, നന്ദി ഉള്ളവരാകുക. ചിരിക്കു പിണങ്ങാൻ സമയം ഇല്ലാ, എന്ന് പറയുന്നപോലെ, എല്ലാവരെയും സ്നേഹിക്കുക. നമ്മുടെ മനസിന്റെ സന്തോഷത്തിനായി ദിവസവും കുറച്ചു സമയം മാറ്റി വെക്കുക. ജീവിതം ഒന്നേ ഒള്ളു എന്ന് എപ്പോഴും ഓർക്കുക. നഷ്ടപ്പെട്ടത് ഓർത്തു ദുഃഖിക്കാതെ, നാളെ പുതിയവ ലഭിക്കും എന്നുള്ള ചിന്തയാണ് വേണ്ടത്.

മലയാളികൾ, ശരിക്കും ജീവിക്കുന്നുണ്ടോ. ജീവിതകാലം മുഴുവൻ ജോലി ചെയ്ത്, പണം സമ്പാദിച്ച് , അവശനായി ഈ ലോകം വിട്ട് പോയിരുന്ന ഒരു തലമുറ ഉണ്ടായിരുന്നു. എന്നാൽ, ഇപ്പോൾ, കുറെയൊക്കെ മാറി കഴിഞ്ഞു. ലോകം കീഴടക്കി മുന്നോട്ട് കുതിക്കുന്ന മലയാളികൾ. അവൻ /ൾ, അതി ശൈത്യവും, കഠിന ചൂടും, സഹിച്ച്, ഏത് രാജ്യത്തും ജീവിച്ചു കാണിക്കുന്ന മല്ലൂസ്.

പുലർകാല സുന്ദര സ്വപ്‍നത്തിൽ ഞാനൊരു, പൂമ്പാറ്റയായി ഇന്ന് മാറി, മണ്ണിലും വിണ്ണിലും വർണ്ണചിറകുമായി, പാറിപറക്കുന്നവരായിരിക്കുന്നു.

മലയാളി അടിപൊളി ആണുട്ടോ. സ്വപ്‍നങ്ങളും പ്രതീക്ഷികളും ആഗ്രഹങ്ങളുമായി ജീവിക്കുന്ന മലയാളികൾ. Adjustment/Compromise, എന്നി വാക്കുകൾ സോഷ്യൽ മീഡിയക്ക് പുതിയതായി ചർച്ച, ചെയ്യുവാൻ അവസരം നൽകിയ മല്ലൂസ്. ആരെയും എയറിൽ, നിർത്തുവാനും ഇറക്കുവാനും ഇവർക്കുള്ള കഴിവ് അപാരം തന്നെയാണ്‌.

ഓണവും വിഷുവും ക്രിസ്മസുമുൾപ്പെടെ എല്ലാ ഉത്സവങ്ങളും അടിച്ചുപൊളിച്ചാഘോഷിക്കുന്ന, ലണ്ടൻ, ന്യൂയോർക്ക്, നഗരത്തിലൂടെ കൈലി മുണ്ട് മടക്കി കുത്തി പോകുന്ന ലോക മല്ലൂസ്. ചന്ദ്രനിലെ, കുമാരേട്ടന്റെ ചായക്കടയിൽ പോയി “ചേട്ടാ ഒരു ചായ” എന്ന് ചോദിക്കുന്ന, ആൾക്കൂട്ടത്തിൽ നിൽക്കുന്ന ആളോട്, “ഓ മലയാളി ആണല്ലേ” എന്ന് ചോദിച്ചു പോകുന്ന മല്ലൂസ്. ഇവരുടെ സ്വപ്‌നങ്ങൾ, ആഗ്രഹങ്ങൾ എല്ലാം ഒരുപാട് ആണു താനും. വലിയ വീട്, കാർ, സ്വത്തുക്കൾ, എല്ലാം നേടുവാൻ രാപകൽ ജോലി ചെയ്യും. തേക്കിലും മാഞ്ചിയത്തിലും ആട് വളർത്തലിലും പണം മുടക്കി വഞ്ചിതരാവുന്നതും മല്ലൂസ് ആണെന്നേ. കോടികൾ ചിലവഴിച്ചു പണിതിട്ടിരിക്കുന്ന, വലിയ വീട്ന്റെ, ഉമ്മറത്തു വാങ്ങിയിട്ടിരിക്കുന്ന, നീളൻ ചാരുകസേരയിൽ (കവിഞ്ചി ) ചാരിയിരുന്നു കൊണ്ട്, ഒരു ചായ കുടിക്കാൻ ആഗ്രഹിക്കുന്ന മലയാളികൾ. അങ്ങനെ ഇരിക്കുമ്പോൾ, ഓർമ്മിക്കാൻ കുറേ നല്ല ഓർമ്മകൾ ഉണ്ടാവണം. തൊട്ടപ്പുറത്തുള്ള ആളുടെ വീടിനെക്കാൾ വലിയ വീട്, ലോൺ എടുത്ത് പണിത്, പൂട്ടിയിട്ട്, വിദേശത്തു പോയി രാപകൽ ജോലി ചെയ്തു തളർന്നു വീഴുന്ന കാഴ്ചകളും നമുക്ക് കാണുവാൻ സാധിക്കും. ഉരുളൻ കല്ലിനും ഗർഭം ഉണ്ടെന്ന് കര പറയുന്ന, വട്ടത്തിലിരുന്ന് ഓരോ ആളുടെയും കുറ്റങ്ങളും കുറവുകളും പറഞ്ഞു കളിയാക്കി ചിരിക്കുന്ന മല്ലൂസ്. ലോകത്തിൽ നൂറ് ശതമാനം പെർഫെക്ട് ഉള്ള ആളുകൾ ഇല്ല എന്ന് ഓർക്കുക. സ്വപ്‌നങ്ങളുടെ ചിറകുകൾ വിരിച്ച് പറക്കാമെന്നേ.

പെൻഷൻ ആയിട്ട് വേണം, പറമ്പു മുഴുവൻ കിളച്ചു കപ്പയും വാഴയും നടുവാൻ, എന്ന് ആഗ്രഹിക്കുകയും, എന്നാൽ 50 വയസ്സ് കഴിയുമ്പോഴേക്കും, ഓരോ, ചെറിയ ചെറിയ അസുഖങ്ങൾ പിടിപെടുകയും, ഒരു പ്രകാരത്തിൽ, 56 വയസ്സ് തികച്ചു റിട്ടയർ ചെയ്തു, കസേരയിൽ അവശൻ ആയി ഇരിക്കാൻ വിധിക്കപ്പെട്ടവരെയല്ലെ നമ്മളൊക്കെ ഇപ്പോൾ കാണുന്നത്.

നമുക്കെല്ലാം, ഏറ്റവും ഇഷ്ട്ടമുള്ള കരിമ്പിൻ ജ്യൂസ്‌ എങ്ങനെ ആണ് ഉണ്ടാക്കുന്നത് എന്ന് ശ്രദ്ധിച്ചിട്ടിട്ടുണ്ടോ. കരിബിൻ തണ്ട്, ഒരു മെഷീനുള്ളിലൂടെ, പലതവണ കടത്തിവിട്ട് ഞക്കി പിഴിഞ്ഞ്, അതിലെ മുഴുവൻ ചാറും ഊറ്റി എടുത്ത്, വെറും കരിമ്പിൻ ചണ്ടിയാണ് ദൂരേക്ക് എറിയുന്നത്. ഇത് പോലെ തന്നെയാണ്, ലോകത്തിൽ, ഏത് ജോലി ചെയ്യുന്നവരുടെയും 50/59 വയസ്സിലെ മനുഷ്യന്റെ അവസ്ഥ. ഫുൾടൈം ശീതികരിച്ച, ക്യാബിനുള്ളിൽ, കറങ്ങുന്ന കസേരയിൽ ഇരുന്നു ജോലിചെയ്യുന്നവരും, ചുട്ടുപൊള്ളുന്ന, കൺസ്ട്രക്ഷൻ സൈറ്റിൽ, ജോലി ചെയ്യുന്നവരുടെയും, ആരോഗ്യവസ്ഥ, ഏതാണ്ടൊക്കെ ഒരു പോലെ തന്നെ ആയിരിക്കും. എയർകോൺ തണുപ്പിൽ നിന്നും, മനുഷ്യ ശരീരത്തിൽ ചെന്നിരിക്കുമ്പോൾ, രണ്ടുപേർക്കും കിട്ടുന്ന സുഖം ഒരുപോലെ തന്നെയാണ്.

ഓരോരുത്തരുടെയും ജോലിയുടെ സ്റ്റാറ്റസ് നോക്കി, ഫ്രണ്ട്സിനെ തെരഞ്ഞെടുക്കുന്നവർ ആണ് മലയാളികൾ. തന്നേക്കാളും, താഴെക്കിടയിൽ ജോലി ചെയ്യുന്നവരോടുള്ള പെരുമാറ്റം ഒന്ന് കാണേണ്ടതാണ്. സോഷ്യൽ മീഡിയയിൽ, ഓരോ സെലിബ്രിറ്റികളുടെയും, ഫോട്ടോകൾക്കടിയിൽ വരുന്ന കമന്റ്സ് വായിച്ചാൽ, എത്ര സഹിഷ്ണുതയും അസഹിഷ്ണുതയും ഉള്ളവർ ആണ് മലയാളികൾ എന്ന് തോന്നിപോകും.

ഈ ലോകത്തിൽ, വേദനയും സങ്കടവും, അനുഭവിക്കുന്ന ഒട്ടേറെ ആളുകൾ ഉണ്ട്‌. അവരോടുള്ള നമ്മുടെ വാക്കുകളും, പ്രവൃത്തികളും, സ്നേഹവും കരുണയും നിറഞ്ഞതാവട്ടെ. ജീവിതത്തിൽ നിലനിൽക്കും എന്ന് ഉറപ്പില്ലാത്തത് സ്വപ്നം, ഭാഗ്യം, വിജയം എന്നിവയാണ്. സ്നേഹവും ആത്മ വിശ്വാസം നിറഞ്ഞ നല്ല സൗഹൃദങ്ങൾ ജീവിത്തിൽ ഉണ്ടാവണം.

നിപ്പയും പ്രളയവും കൊറോണയുമൊക്കെ കേരളത്തിലൂടെ കടന്നു പോയി. അവയെ എല്ലാം ധീരതയോട് നേരിട്ടു. പ്രളയം വന്നപ്പോൾ, കൈമറന്നു പണം നൽകിയതും, നമ്മുടെ സ്വന്തം മലയാളികൾ തന്നെ ആണെന്ന് അഭിമാനത്തോടെ പറയുവാൻ കഴിയും.

1950 മുതൽ ഈ 2024 വരെയുള്ള മലയാളികളുടെ വളർച്ച വളരെ വലുതാണ്. ട്രെൻഡ്സനുസരിച്ചു, മാറ്റങ്ങൾ വരുത്തുവാൻ ഇവർ പരിശ്രമിക്കും. ഓരോ പത്തുവർഷങ്ങൾ കൂടുമ്പോഴും, ജീവിതത്തിൽ മാറ്റങ്ങൾ വരുത്തുന്നു. ആദ്യ കാലങ്ങളിൽ സ്ഥലങ്ങൾ വാങ്ങി കൂട്ടുന്ന അപ്പച്ചൻമാർ, എന്നാൽ പിന്നീട് അവരുടെ മക്കൾ വലിയ വീടുകൾ പണിയുന്നു. എന്നാൽ 2020 ലേക്ക് വരുമ്പോൾ, കേരളത്തിൽ നിന്നും, വിദേശങ്ങളിലേക്ക്, ഓടിപ്പോകുന്ന മലയാളികൾ. കേരളത്തിനുള്ളിൽ സർക്കാർ ജോലി അല്ലെങ്കിൽ വൈറ്റ് കോളർ ജോബ്‌ മാത്രം ചെയ്യാൻ ആഗ്രഹിക്കുന്നവർ, കേരളം വിട്ടാൽ, ഏത് ജോലിയും ചെയ്യാൻ മടിയില്ലാത്തവർ ആണ് താനും. കുറേ വർഷങ്ങൾ കൂടി കഴിഞ്ഞാൽ, കേരളം ബംഗാളികളുടെ നാടായി മാറും.

എത്രയൊക്കെ മല്ലൂസ് മാറിയാലും, തങ്ങളുടെ ജന്മനാടിനെ മറക്കില്ല. അത് ഈ തലമുറയിൽ ഉള്ളവരെ കൊണ്ട് തീരും. വിദേശത്തു വളർന്ന കുട്ടികൾ കേരളം എന്ന നാട് മറക്കും. നാളെ, അല്ലെങ്കിൽ റിട്ടയർ ചെയ്തിട്ട് ജീവിക്കാം എന്ന് ആരും കരുതരുതേ. ഇന്ന്, നമ്മുടെ മനസിന്‌ ആഗ്രഹം ഉള്ളത്, എന്താണോ അത് സാധിക്കുക. ഇന്ന് കഴിഞ്ഞേ നാളെ ഉണ്ടാകു. അടിച്ചു പൊളിച്ചു ജീവിക്കു. എല്ലാവരെയും സ്നേഹിച്ചും സഹായിച്ചും ജീവിക്കുക. ജീവിതം ആസ്വദിക്കാം.

മെട്രിസ് ഫിലിപ്പ്

കോട്ടയം ജില്ലയിലെ ഉഴവൂർ സ്വദേശിയായ മെട്രീസ് ഫിലിപ്പിൻെറ നിരവധി ലേഖനങ്ങൾ, വിവിധ മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. നാടും മറുനാടും: ഓർമ്മകൾ കുറിപ്പുകൾ, ലൈഫ് ഈസ് ബ്യൂട്ടിഫുൾ, ഗലിലിയിലെ നസ്രത് എന്നി മൂന്ന് പുസ്തകങ്ങൾ, എഴുതിയ മെട്രിസ് ഫിലിപ്പ്. ഉഴവൂർ കോളേജിൽ നിന്നും B. Com ബിരുദം നേടി. MG യൂണിവേഴ്സിറ്റിയിൽ നിന്നും ലൈബ്രറി സയൻസിൽ PG പഠനതിന് ശേഷം ഉഴവൂർ കോളേജിൽ, ലൈബ്രേറിയനായി ജോലി ചെയ്തു. തുടർന്ന്, വിവാഹത്തിന് ശേഷം, കഴിഞ്ഞ 19 വർഷമായി സിംഗപ്പൂരിൽ താമസിക്കുന്നു. വിവിധ മാധ്യമങ്ങളിൽ, ലേഖനങ്ങൾ സ്ഥിരമായി എഴുതുന്നുണ്ട്. സിംഗപ്പൂർ പ്രവാസി എക്സ്പ്രസ്സ് അവാർഡ്, കേരള പ്രവാസി അവാർഡ് എന്നിവ ലഭിച്ചു. ഭാര്യ മജു മെട്രിസ്. മക്കൾ, മീഖായേൽ, നഥാനിയേൽ, ഗബ്രിയേൽ..

[email protected]
+6597526403
Singapore

 

ഗംഗ. പി

പ്രണയം പൂ പോലെ വിടർന്നു.
സിരകളിൽ കൊള്ളിച്ച ആവേശം, അതാണ്‌ പ്രണയം.
പല കാലങ്ങളിൽ പടർന്നു കേറി എൻ പ്രണയം.
ലഹരി പോലെ മത്തുപിടിപ്പിക്കും.
ത്വരയോടെ ആഴത്തിൽ പടർന്നു പടർന്നു എൻ ഹൃദയത്തെ കവരും.
ഹൃദയമിടിപ്പ് കണക്കെ ഉയരുകയും താഴുകയും ചെയ്യും.
നിരാശയിലും പ്രതീക്ഷയേകി, ജീവിതത്തെ പുണരും.
കനിവായി അലിവായി ഇഴുകിചേരും എൻ പ്രണയം.
സ്വപ്നങ്ങളെ പുൽകി മുന്നേറും എൻ പ്രണയം.
വ്യാജപതിപ്പ് അല്ല എന്റെ പ്രണയം.

ഗംഗ. പി :  ഒന്നാം വർഷം, എം എ മലയാളം, ഫാത്തിമ മാതാ നാഷണൽ കോളേജ്, കൊല്ലം. സ്വദേശം :പാരിപ്പള്ളി, കൊല്ലം

ശ്രീനാഥ് സദാനന്ദൻ

കഥ തിരക്കഥ സംഭാഷണം

പഞ്ചമി ശശിധരൻ.

സ്ക്രീനിൽ ഇങ്ങനെ ഒരു ടൈറ്റിൽ കാർഡ് കാണാനാണ്, നാലഞ്ച് വർഷമായി പഞ്ചമി പരിശ്രമിക്കുന്നത്. സിനിമ അവൾക്ക് അത്ര മോഹമാണ്. കുട്ടിക്കാലത്ത് എപ്പോഴോ ശ്രീദേവിയുടെ നഗീന കണ്ടപ്പോഴാണ് ആദ്യമായി സിനിമ അവളുടെ മനസ്സിനെ കീഴടക്കിയത്. പിന്നീട് സിനിമ ഒരു സ്വപ്നമായി. വെറുതെ കണ്ടു മറക്കാതെ സിനിമയെ കുറിച്ച് ആഴത്തിൽ ചിന്തിച്ച്, നന്നായി പഠിച്ച് തന്റെ ലക്ഷ്യം സിനിമ ആണെന്ന് അവൾ ഉറപ്പിച്ചു. എന്നാൽ അതിലേക്ക് എത്തിപ്പെടാനുള്ള കടമ്പ വളരെ വലുതാണ്. പ്രത്യേകിച്ചും അവളെപ്പോലെ നാട്ടിൻപുറത്തെ ഒരു പെൺകുട്ടിയെ സംബന്ധിച്ച്. ഒരു നടി ആവാൻ അവൾ ആഗ്രഹിച്ചില്ല. തന്റെ ഉള്ളിലെ കഥ ചലച്ചിത്ര ഭാഷ്യം നേടുന്നത് കാണാൻ ആഗ്രഹിച്ചു. എതിർപ്പുകൾ ഒരുപാടുണ്ടായിരുന്നു. അത് വീട്ടിൽ നിന്ന് തന്നെ തുടങ്ങി. എങ്കിലും എപ്പോഴൊക്കെയോ വീട്ടുകാരും അവളുടെ ആഗ്രഹത്തിന് ഒപ്പം നിന്നു. അവൾ തിരക്കഥ എഴുതുന്ന സിനിമ കാണാൻ കാത്തിരിക്കുന്ന ഒരുപാട് പേരുണ്ട് ഇപ്പോൾ.

പഠനകാലത്ത് സിനിമയിലേക്കുള്ള വഴി തിരയുകയായിരുന്നു അവൾ. കലാലയത്തിലെ പ്രതിഭകളിൽ പലരും സിനിമയിലെ പല മേഖലകളിലും സാന്നിധ്യം അറിയിച്ചു തുടങ്ങിയത് അവൾ പിന്നീട് മനസ്സിലാക്കി. തന്റേതായ ചെറിയ ചില ശ്രമങ്ങളിലൂടെ അവൾ ചില ഷോർട്ട് ഫിലിമുകളുടെയും മറ്റും ഭാഗമായിട്ടുണ്ട്. ചിലപ്പോഴൊക്കെ വലിയ ചില സിനിമകളുടെ എഴുത്തിലും പങ്കുവയ്ക്കാൻ അവൾക്ക് സാധിച്ചിട്ടുണ്ട്. എന്നാൽ അതിലൊന്നും ടൈറ്റിൽ കാർഡിൽ പേര് വരാനുള്ള സാധ്യത ഉണ്ടായിരുന്നില്ല. സിനിമയ്ക്ക് മുമ്പ് തന്നെ കരാറിൽ അതും നിർദ്ദേശിക്കപ്പെട്ടിരിക്കും. എങ്കിലും നിലനിൽപ്പിന്റെ പേരിൽ അവൾ പേരില്ലാത്ത എഴുത്തുകാരി ആവാനും തയ്യാറായി. ഒരു വലിയ സിനിമയുടെ ട്രെയിലർ ലോഞ്ചിൽ സൂപ്പർതാരവും മറ്റും ഇരിക്കുന്ന വേദിയിൽ പ്രൊഡക്ഷൻ കമ്പനി നിർദേശിച്ച മുതിർന്ന എഴുത്തുകാരൻ തിരക്കഥാകൃത്ത് എന്ന പേരിൽ ഇരുന്നപ്പോൾ ആ എഴുത്തിന്റെ നല്ലൊരു ശതമാനവും നിർവഹിച്ച പഞ്ചമി സദസ്സിൽ ഏതോ ഒരു കോണിൽ ഇരുന്നു. അന്ന് അവൾ വലിയ നിരാശയിൽ ആയിരുന്നു. എങ്കിലും പ്രതീക്ഷ കൈവെടിയാൻ തയ്യാറായില്ല.

സുഹൃത്തായ അസിസ്റ്റന്റ് ഡയറക്ടർ പ്രവീൺ മുഖേന ഒരു സന്തോഷവാർത്ത കേട്ട ദിവസമാണ് അത്. ഡയറക്ടർ കെ ആർ പി യോട് കഥ പറയാനുള്ള അവസരം അവൻ റെഡിയാക്കി തന്നു. ആദ്യം അദ്ദേഹത്തിന് കഥ ചുരുക്കി വോയിസ് നോട്ട് ആയി വാട്സാപ്പിൽ അയയ്ക്കണം. ഇഷ്ടപെട്ടാൽ അദ്ദേഹം നേരിട്ട് വിളിപ്പിക്കും. പഞ്ചമി സ്വർഗം കിട്ടിയ സന്തോഷത്തിലായിരുന്നു. കെ ആർ പ്രസാദചന്ദ്രൻ നവ തരംഗ സിനിമയുടെ നാട്ടെല്ലാണ്, ടെക്നിക്കലായ് ഏറ്റവും മികച്ച ചിത്രങ്ങൾ ചുരുങ്ങിയ സമയം കൊണ്ട് നിർമ്മിക്കുന്ന ഡയറക്ടർ. അതിന്റെ ബജറ്റ് ചെറുതാണെങ്കിലും ജനശ്രദ്ധ നേടിയ സിനിമകളായിരുന്നു അതൊക്കെ.

സംവിധായകന് അയക്കാനുള്ള വോയിസ് നോട്ട് അവൾ പലതവണ റെക്കോർഡ് ചെയ്തു. ഒന്നും തൃപ്തി വന്നില്ല. ഒടുവിൽ തന്നെ കൊണ്ടാവുന്ന രീതിയിൽ ആ കഥ വോയിസ് നോട്ട് ആയി അദ്ദേഹത്തിന് അയച്ചുകൊടുത്തു.മണിക്കൂറുകൾ കഴിഞ്ഞപ്പോൾ കെ ആർ പി യുടെ മറുപടി വന്നു. ‘ ഞാൻ കഥ കേട്ടു, എനിക്ക് നന്നായി ഇഷ്ടപ്പെട്ടു. നമുക്ക് നേരിട്ട് കാണണം വിശദമായിട്ട് ചർച്ച ചെയ്യാം, കൊച്ചിയിലേക്ക് വാ ‘.

വൈകിയില്ല , അവൾ കെ ആർ പിയുടെ ഓഫീസിൽ എത്തി.അവൾ ഏറെനേരം കാത്തിരുന്നു. കഥ പറയാൻ തയ്യാറായി. കയ്യിൽ എഴുതി പൂർത്തിയാക്കിയ തിരക്കഥയും, അതുപോലെതന്നെ വൺലൈൻ കോപ്പിയും കരുതിയിരുന്നു.ഇടയ്ക്ക് പ്രവീൺ വിളിച്ച് ഓൾ ദി ബെസ്റ്റ് പറഞ്ഞു. എല്ലാം ശരിയായി കഴിയുമ്പോൾ ഒരു ഭാരിച്ച ചെലവ് അവൾ അവന് ഉറപ്പുനൽകി. അവനോട് സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണ് കെആർപിയുടെ കോൾ കയറി വന്നത്. അവൾ പ്രവീണിന്റെ കോൾ കട്ട് ചെയ്ത്, കെ ആർ പിയുടെ ഫോൺ എടുത്തു.’ പഞ്ചമി, ഞാൻ ഇത്തിരി വൈകിപ്പോയി ഇനി ഓഫീസിൽ വരാൻ പറ്റുമെന്ന് തോന്നുന്നില്ല, ഓഫീസിൽ എന്റെ വണ്ടിയുണ്ട് ഞാൻ വിളിച്ചു പറയാം. താനിങ്ങു കേറിപ്പോര്. എന്റെ ഫ്ലാറ്റിൽ വെച്ച് സംസാരിക്കാം.’.

പക്ഷേ അവിടെ ശരിയല്ലാത്ത എന്തോ ചിന്ത അവളുടെ ഉള്ളിൽ ഉദിച്ചു.അപ്പോൾ മുതൽ പഞ്ചമിയുടെ ഉള്ളിൽ ഒരു ആശയക്കുഴപ്പം ആരംഭിച്ചു. അങ്ങനെ പരിചയമില്ലാത്ത ഒരാളുടെ ഫ്ലാറ്റിലേക്ക് പോകുന്നത് ശരിയാണോ. പറ്റില്ലെന്ന് പറഞ്ഞാൽ അദ്ദേഹം എന്ത് കരുതും. ധിക്കാരി എന്ന പേര് വരില്ലേ. തന്റെ സ്വപ്നങ്ങളെല്ലാം അതോടുകൂടി അവസാനിക്കില്ലേ. അവൾക്ക് തീരുമാനമെടുക്കാൻ കഴിഞ്ഞില്ല. അങ്ങനെ പ്രവീണിനെ വിളിച്ചു. അവൻ തിരക്കിലായിരുന്നു, ആർക്കും കിട്ടാത്ത ഒരു ചാൻസ് നീയായിട്ട് കളയരുത് എന്ന് അവൻ പറഞ്ഞു. ഫോൺ കട്ട് ചെയ്തു. അവൾ സ്വയം ആശ്വസിച്ചു കഥ പറയാനല്ലേ. അഭിനയ മോഹവുമായി പോകുന്നതല്ലോ , ഒരു കുഴപ്പവുമില്ല. ഒടുവിൽ അവൾ തീരുമാനിച്ചു. ആ വണ്ടിയിൽ അവൾ കെ ആർ പിയുടെ ഫ്ലാറ്റിലേക്ക് പോയി.

റൂമിൽ അദ്ദേഹം കാത്തിരിക്കുന്നുണ്ടായിരുന്നു. മദ്യത്തിന്റെ ഗന്ധവും അതിനെ മറയ്ക്കാനുള്ള റൂം ഫ്രഷ്നറിന്‍റെ പരിശ്രമവും അവൾ തിരിച്ചറിഞ്ഞു. അദ്ദേഹം മാന്യമായി തന്നെ പെരുമാറി, കോഫി ഓഫർ ചെയ്തു . അവൾ നിരസിച്ചു . ഇന്റർവലിന് ശേഷം ഉള്ള സ്ക്രിപ്റ്റ് വായിക്കാൻ അയാൾ അവളോട് ആവശ്യപ്പെട്ടു. അവൾ വായിച്ചു തുടങ്ങി, ഒരു ഘട്ടം കഴിഞ്ഞപ്പോൾ, അദ്ദേഹം കഥയെക്കാൾ ഏറെ തന്നെ ശ്രദ്ധിക്കുന്നുണ്ടെന്ന് തോന്നലുണ്ടായപ്പോൾ മുതൽ അവൾ പതറിത്തുടങ്ങി. പെട്ടെന്ന് എപ്പോഴോ അയാൾ പറഞ്ഞു ‘ നീ സുന്ദരിയാണ്, ചായം പൂശിയ നടിമാരേക്കാളും സുന്ദരി,,നീ കഥ പറയേണ്ടവളല്ല അഭിനയിക്കണം. ഇപ്പോൾ വായിച്ച ഒരു ഇന്റിമേറ്റ് സീൻ ഉണ്ടല്ലോ.. അതൊന്നു നോക്കാം അപ്പോൾ നിന്റെ പേടിയൊക്കെ മാറും.’

താൻ ഇതുവരെ ആരാധിച്ചിരുന്ന കെ ആർ പി പെട്ടെന്ന് ഒരു രാക്ഷസനായി ആ മുറിയുടെ ഭൂരിപക്ഷവും കൈയടക്കുന്നത് അവൾ മനസ്സിലാക്കി.

‘വേണ്ട എനിക്ക് അഭിനയിക്കേണ്ട’ അവൾ കൈകൂപ്പി പറഞ്ഞു..

‘അഭിനയിക്കേണ്ടങ്കിൽ അഭിനയിക്കേണ്ട, പക്ഷേ നീ ഇവിടെ വന്നത് കഥ പറയാൻ വേണ്ടി മാത്രമല്ല.. പിന്നെന്തിനാണെന്ന് പ്രവീണിന് അറിയാം. അവൻ എന്നെ പറഞ്ഞിളക്കിയിട്ട്…. ‘അയാൾ പിറുപിറുത്തു

അടുത്ത നിമിഷം അവളെ അയാൾ കട്ടിലിലേക്ക് തള്ളിയിട്ടു. ഏതോ ഹോമാഗ്നിയിലേക്ക് വീഴുന്നതുപോലെ അവൾക്ക് അനുഭവപ്പെട്ടു. എന്നാൽ ഒരു നിമിഷം കൊണ്ട് അവൾ സംയമനം വീണ്ടെടുത്തു. അയാളെ തള്ളി മാറ്റി. തന്റെ ബാഗും എടുത്ത് കുതറിയോടി.. ഏതോ പ്രൈവറ്റ് ബസ്സിൽ കയറി റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി..

സംഭവിച്ചത് എന്തായിരുന്നു എന്നൊന്നും വേർതിരിച്ചറിയാൻ പറ്റാത്ത അവസ്ഥയിലായിരുന്നു അവൾ.. പ്രവീണിന്റെ കോൾ വന്നു. അവൾ എടുത്തു. ‘ നിനക്ക് വേണ്ടിയിട്ടല്ലേ ഞാനീ പാടുപെട്ടത്, സിനിമയല്ലേ, ബഡ്ജറ്റിൽ തുടങ്ങി എല്ലാക്കാര്യത്തിലും അഡ്ജസ്റ്റ്മെന്റു വേണ്ടിവരും. ഭാവിയിൽ നേട്ടം ഉണ്ടാകുന്നത് നിനക്കാണ്. അത് മറക്കണ്ട. ഇതൊക്കെ ഇത്ര വലിയ പ്രശ്നമാണോ . അങ്ങേരെയൊന്നും പിണക്കിയിട്ട് ഇൻഡസ്ട്രിയിൽ നിൽക്കാമെന്ന് വിചാരിക്കണ്ട.. നീ തീരുമാനിച്ചിട്ട് പറ..’. മരവിച്ചിരുന്ന അവൾക്ക് മറുപടിയൊന്നും പറയാനുണ്ടായിരുന്നില്ല.

റെയിൽവേ സ്റ്റേഷനിലെ ടിവിയിൽ ഏതോ പത്രസമ്മേളനം നടക്കുന്നു. സിനിമയിലെ ചൂഷണങ്ങൾക്കെതിരെയും അവസരങ്ങൾ മുടക്കുന്നതിനെതിരെയും രൂപംകൊണ്ട പുതിയ കമ്മീഷനാണ് വിഷയം. യുവനടൻ തന്റെ അഭിപ്രായം വിവരിക്കുകയാണ്. ഒരിക്കലും തനിക്ക് ചൂഷണങ്ങൾ നേരിടേണ്ടി വന്നിട്ടില്ലെന്നും തന്റെ അവസരങ്ങൾ ആരും മുടക്കാൻ ശ്രമിച്ചിട്ടില്ലെന്നും അയാൾ പറയുന്നുണ്ടായിരുന്നു. അയാൾ പറയുന്ന വാക്കുകൾ അവൾ ശ്രദ്ധിച്ചു. ആരൊക്കെയോ തന്റെ അവസരങ്ങൾ മുടക്കാൻ ശ്രമിക്കുന്നു എന്ന് മാധ്യമങ്ങളിൽ പരാതി പറഞ്ഞിരുന്ന ആ നടന്റെ ആദ്യകാലം അവൾ ഒരു നിമിഷം വെറുതെ ഓർത്തുപോയി.ചൂഷണത്തിന് ഇരയായ സ്ത്രീകൾ മുന്നിട്ട് വന്ന് രൂപം കൊണ്ട പ്രക്ഷോഭത്തിൽ നഷ്ടമായത് പല പ്രമുഖ നടന്മാരുടേയും മുഖംമൂടിയാണ് . സ്ത്രീകളുടെ ആ നേട്ടത്തിന്റെ ക്രെഡിറ്റാണ് വാക്ചാതുരി കൊണ്ട് ആ യുവനടൻ നേടിയെടുത്തത് . ഒരിക്കൽ നേരിട്ട പ്രതിസന്ധികൾ അയാൾ മറന്നു കഴിഞ്ഞു . കാരണം പലതാണ് . സിനിമയിൽ ഇങ്ങനെയാണ് എന്നു പ്രവീൺ പറയുന്നതിന്റെ അർഥം അവൾ മനസിലാക്കി .

വാട്സാപ്പിൽ ഒരു വോയിസ് നോട്ട് കൂടി വന്നത് അവൾ കണ്ടു. കെ ആർ പി ആണ്.

‘ കൊച്ചേ നിനക്ക് ബുദ്ധിമുട്ടായെങ്കിൽ, പോട്ടെ. നീ പറഞ്ഞ കഥ കൊള്ളാം അതിന്റെ ഐഡിയ മുഴുവൻ എനിക്ക് കിട്ടിയിട്ടുണ്ട്. ഞാനിപ്പോ അത് വെച്ച് സിനിമ എടുത്താലും നിനക്കൊന്നും ചെയ്യാൻ പറ്റില്ല. നീ ഒന്നൂടെ ചിന്തിച്ചുനോക്കൂ.. ടൈറ്റിൽ കാർഡിൽ നിന്റെ പേര് കാണണ്ടേ.. ഒന്നൂടെ ഒന്ന് മനസ്സിരുത്തി ആലോചിച്ചിട്ട് തീരുമാനം പറ, വിട്ടുവീഴ്ചകൾ ഉണ്ടെങ്കിൽ മാത്രമേ , അഡ്ജസ്റ്റ്മെന്റുകൾക്ക് തയ്യാറായെങ്കിൽ മാത്രമേ നിനക്ക് മുന്നോട്ടു പോകാൻ പറ്റു.’

എന്ത് ചെയ്യണമെന്ന് അവൾക്ക് അറിയില്ല. അവൾ ഒരിക്കൽ കൂടി എഴുതി തയ്യാറാക്കിയ തിരക്കഥ എടുത്തുനോക്കി.

-അതിജീവിത-

കഥ തിരക്കഥ സംഭാഷണം

പഞ്ചമി ശശിധരൻ.

ശ്രീനാഥ് സദാനന്ദൻ

എം ജി യൂണിവേഴ്സിറ്റിയിലെ സ്കൂൾ ഓഫ് ലെറ്റേഴ്സിൽ നിന്നും മലയാളത്തിൽ MA , M Phil ബിരുദങ്ങൾ നേടി. ഇപ്പോൾ കോട്ടയം കോ -ഓപ്പറേറ്റീവ് കോളേജിൽ മലയാളം അധ്യാപകനാണ്. സീരിയൽ, സിനിമ മൊഴിമാറ്റ രംഗത്ത് സജീവമാണ്.

 

 

ആതിര മഹേഷ്‌

അത്തമിങ്ങെത്തിയതറിഞ്ഞില്ല!

പുത്തനുടുപ്പോ പുതുപൂവോ കണ്ടില്ല

മുറ്റത്തൊക്കെയും ചപ്പുചവറുകളുടെ പൂക്കളം

ഒരുപോലൊരുങ്ങിയിരിക്കുന്നുണ്ണിക്കിടാങ്ങൾ തൻ

ഷൂസുകൾ മണ്ണുപറ്റിക്കാതെയമ്മമാരവരുമായ് റോഡിലും..

പൂക്കാലമറിയാത്തോർ
പൂമണമറിയാത്തോർ
പുതുയുഗ ശൈശവകഥയിൽ ജീവിക്കുന്നോർ

അത്തമിങ്ങെത്തിയതറിയാതെ പള്ളിക്കൂടത്തിലേക്ക്….

കണ്ടില്ല വഴിയിലൊരേടത്തും
ചാരുശൈശവകേളികൾ
കേട്ടില്ല വഴിയിലൊരേടത്തും
ഓണപ്പാട്ടിന്റെയീണവും
തൊട്ടില്ല ഓണമാരുതനതു
തന്നില്ല നറുമലരിൻ സുഗന്ധവും
ഓണരുചികളും….

അത്തമെത്തിയതറിഞ്ഞീല ഞാനും
ഉരുളുപൊട്ടിയോ മനസ്സിലും?

ആതിര എം. കുമാർ : 1999 മെയ്‌ 18 ന് ആലപ്പുഴ ജില്ലയിലെ കുട്ടനാട്ടിലെ മങ്കൊമ്പിൽ ജനനം. അച്ഛൻ പി. മഹേഷ് കുമാർ,അമ്മ ബിന്ദു. ജി.
മലയാളം ഐച്ഛിക വിഷയമായി തിരഞ്ഞെടുത്ത് ബിരുദ – ബിരുദാനന്തര ബിരുദ -ബി.എഡ് പഠനം മഹാത്മാഗാന്ധി സർവ്വകലാശാലയിൽ നിന്നും റാങ്കുകളോടെ പൂർത്തിയാക്കി. കലോത്സവവേദികളിലൂടെയും വിദ്യാരംഗം കലാസാഹിത്യ വേദിയിലൂടെയും ബാല്യകാലം മുതലേ കവിതാരചനയിൽ പങ്കെടുത്ത് സമ്മാനാർഹയായിട്ടുണ്ട്. NSS ഹിന്ദു കോളേജ് ചങ്ങനാശ്ശേരിയിലെ മലയാളവിഭാഗം അധ്യാപികയായിരുന്നു. നിലവിൽ NSS HSS രാമങ്കരി ഹയർസെക്കൻഡറി വിഭാഗത്തിലും,തിരുവല്ല മാക്ഫാസ്റ്റ് കോളേജിലും മലയാളം അധ്യാപികയായി ജോലി ചെയ്യുന്നു. തിരുവനന്തപുരം അനന്തപുരി സാംസ്കാരിക കൂട്ടായ്മ ശ്രേഷ്ഠയുവപ്രതിഭ പുരസ്കാരം നൽകി ആദരിച്ചിട്ടുണ്ട്.

പ്രസിദ്ധീകരിച്ച കവിതകൾ- സഹജീവിതം, പൊതുദർശനം, വിവാഹമാർക്കറ്റ്

ലത മണ്ടോടി

ആഴ്ചയുടെ അവസാനമായ ഞായറാഴ്ചയാണ് ഞാൻ യാത്ര പുറപ്പെട്ടത്. കലണ്ടറിലെ വിശേഷാൽ പേജിൽ പ്രത്യേക വിശേഷങ്ങളൊന്നും ഇല്ലാത്ത ഒരു ഞായറാഴ്ച.ഒറ്റപ്പെടലിന്റെ മുഷിച്ചിലും പേറിയാണ് എന്തായാലും എന്റെ യാത്ര.. ഗ്രാമത്തിൽ ബസ്സിറങ്ങി ഒന്ന് തിരിഞ്ഞപ്പോഴേക്കും ഡബിൾ ബെല്ലടിച്ച് ബാക്കി ശരീരങ്ങളെയും കൊണ്ടത് പോയിക്കഴിഞ്ഞിരുന്നു. നടക്കാൻ പഠിച്ചുതുടങ്ങിയ കൊച്ചുകുട്ടിയെപ്പോലെ പെട്ടെന്ന് കാലൊന്നിടറി. വീഴാൻ പോയത് ആരും കണ്ടില്ല എന്ന് സമാധാനിച്ചു മുന്നോട്ടു നോക്കിയപ്പോൾ ഒരു ചെറിയ ചായപ്പീടികയിൽ നിന്ന് കുറച്ച് കണ്ണുകൾ എന്റെ നേർക്ക് നീണ്ടു.കൃഷ്ണമണികളുടെ കറുപ്പും ചില്ലുകൂട്ടിലെ കായപ്പത്തിന്റെ കറുപ്പും ഒരു നിമിഷനേരത്തെക്കെന്നെ ഒരു ഭ്രമതയിലാക്കി.

വീഴാൻ പോയത് ആരും കണ്ടിട്ടില്ല മാഷേ.ഇനി കണ്ടാലും കാര്യമാക്കാനില്ല.ഉള്ളിൽ നിന്നാരോ പറഞ്ഞു.

എന്തായാലും ഒരു ചായകുടിച്ചു കളയാം.
മാഷേ… നിങ്ങള് ചുറ്റുവട്ടം ഒന്ന് കാണു… ഈ ഗ്രാമം എങ്ങിനെയുണ്ടെന്നറിയണ്ടേ ആദ്യമായി വന്നതല്ലേ.എന്നിട്ട് പോരെ ചായകുടി.

അതും ശരിയാ.. ഞാൻ മണ്ണിട്ടറോഡിലൂടെ അല്പം നടന്നു…

സുന്ദരമായ ഒരു കൊച്ചുഗ്രാമം എന്ന് വേണമെങ്കിൽ പറയാം.മുൻപിതിന് ഭംഗി കൂടുതലായിരുന്നിരിക്കാം. അധിനിവേശം കൂടുന്നതനുസരിച്ചു നഗരം ഉള്ളിലേക്ക് ഇടിച്ചു കയറി ഈ ഗ്രാമത്തെ ഞെക്കി ഞെരുക്കി
കൊണ്ടിരിക്കുകയാണെന്ന് ഒറ്റനോട്ടത്തിൽ എനിക്ക് മനസ്സിലായി.
ഈ ഗ്രാമവും ചുളിഞ്ഞ മുഖത്തെ പൂട്ടിയിട്ട് അലങ്കരിച്ച് നടക്കുന്ന ഒരു വൃദ്ധയെപ്പോലെ നഗരസംസ്കാരം ആവാഹിച്ചു വികൃതമായി.

നിന്ന നിൽപ്പിൽ തോളിൽ തൂക്കിയ
സഞ്ചി പതുക്കെ അല്പം തള്ളി നിൽക്കുന്ന വയറിന്മിലേക്ക് കയറ്റിവെച്ച് അഡ്രസ് എഴുതി വെച്ച പുസ്തകം എടുക്കാൻ ഒന്ന് ശ്രമിച്ചു..വയറമർന്നിട്ടോ എന്തോ താഴേക്കു പോയ കീഴ്
വായു ചായകുടിക്കാൻ നിർബന്ധിച്ചപോലെ ഞാൻ വീണ്ടും ചായപ്പീടികയിലേക്ക് തിരിച്ചു നടന്നു..

പീടികയിലേക്ക് കയറിയ ഉടനെ നേരത്തെ കണ്ട കണ്ണുകളിൽ രണ്ടെണ്ണം എഴുന്നേറ്റു നേരെ അടുത്തേക്ക് വന്നു.ആ കണ്ണുകളിൽ നിന്ന് പരിചയിക്കാനായിട്ടൊരു ചിരിയും കൂടെ വന്നു.

“മാഷല്ലേ….”

“അതെ….”

“ഇന്ന് ഹേഡ് മാഷ് ചാർജ് എടുക്കാൻ വരുമെന്ന് മൊയ്തു പറഞ്ഞിന്..ഓൻ സാർനു വീട് തപ്പിനടന്നിനല്ലോ….”

“ഞാൻ നിങ്ങള് വിചാരിച്ച ആളേ അല്ല… എന്റെ പേര് ദേവരാജൻ. ഞാൻ ഹെഡ്മാഷായിരുന്നു. പിരിഞ്ഞിട്ട് ഇപ്പോൾ പത്തു കൊല്ലം കഴിഞ്ഞു.ഞാൻ വേറെ ഒരാളെ അന്വേഷിച്ചു വന്നതാ…”

“തന്യോ… ങ്ങള് അപ്പം മൊയ്‌തുന്റെ ആളല്ലല്ലേ….”

“അല്ല..”

എന്റെ ആവശ്യം എന്തായാലും പറയട്ടെ ന്ന് ഞാൻ തീർച്ചയാക്കി.അപ്പോഴേക്കും എന്റെ ചുറ്റും മറ്റു കണ്ണുകൾ കൂടി വട്ടമിട്ടു പറന്നു.

തോൾ സഞ്ചിയിൽ നിന്ന് പോക്കറ്റിൽ എടുത്തിട്ട കൊച്ചുപുസ്തകം ഇടതുകൈകൊണ്ടെടുത്തു,ഒരു പേജിന്റെ അറ്റം മടക്കി ത്രികോ ണമാക്കി അടയാളം വെച്ച പ്രഭാവതിയെ വിരലുകൊണ്ടെടുത്തു പുറത്തിട്ടു.

“അവിടെ നിക്കി മാഷേ.. ങ്ങള് ചായിം ചൂടുള്ള പൊരിച്ച പത്തിരിം കയിക്കി. ന്നട്ട് മ്മക്ക് ബി ശേഷങ്ങൾ പറയാം…”

“അംസൊ.. യ്യ് ഞമ്മളെ മാഷുക്ക് ഒരു ചായ കൊടുക്കെടോ..”

നെറ്റിയിലേക്ക് ഇറങ്ങി വന്ന കോഴിപ്പൂടയെ മുഖം കൊണ്ട് ഒരാട്ടാട്ടി ഒരുത്തൻ ചായ കൊണ്ട് വന്നു.

“സാർ.. കുച്ച് ഖാനെ കേലിയെ?..”

വിരൽ മുക്കിച്ചായയാണോന്ന് സൂക്ഷിച്ചു നോക്കിക്കൊണ്ട് ഞാൻ പറഞ്ഞു.
“കുച്ച് നഹിം…”

“ഇനി പറയിൻ…ങ്ങക്ക് ആരെയാ കാണേണ്ടെ…”

ഞാൻ പ്രഭാവതിയുടെ അഡ്രസ് എടുത്തു കാട്ടി.

“ന്റെ പടച്ചോനെ…ഓളെന്തിനാ ങ്ങക്ക്…”

“എന്റെ വീട്ടിൽ സഹായത്തിനു
നിന്നിരുന്നതാ.. പെട്ടെന്ന് മോൻ വിളിച്ചു കൊണ്ടുപോയി. വിവരമൊന്നും പറഞ്ഞില്ല. ഫോൺ എടുക്കുന്നുമില്ല”.

“മാഷേ… ഓളെ ആരോ കല്യാണം കയിച്ചൂന്ന് കേട്ടു. മോൻ തന്നെയാ കയിപ്പിച്ചത്.കലികാലം.,. തള്ളമാർക്ക് ബന്ധ ണ്ടാക്കാൻ നടക്കണ മക്കള്.. എന്താ പറയാ മാഷേ…”

“എന്തായാലും ആ വീടുവരെ ഒന്ന് പോയിട്ട്..”

“ആയിക്കോട്ടെ മാഷേ.. ആ മണ്ണിട്ട റോഡിനു പോയി ആരോട് ചോയി ച്ചാലും പറഞ്ഞരും.ഓളെ എല്ലാർക്കും അറിയാം. പ്രഭാസ് ഹെർബൽ ഹെയർ ഓയിൽ ന്റെ പ്രഭാവതി ന്ന് ചോയിച്ചാൽ മതി.ഓള് പയറ്റാത്ത പയറ്റില്ല മാഷേ..”

“ശരി….”

“മാഷേ…ങ്ങക്ക് ഞാൻ കുറച്ച് എണ്ണ കൊണ്ടുതരട്ടെ.. നല്ല ഉറക്കം കിട്ടും ഈ നരയൊക്കെ പോയി കറുത്ത മുടി കിളിർത്തു വരും. നല്ല സുന്ദരകുട്ടപ്പനാവും മാഷേ ങ്ങള് .കണ്ണിനും നല്ല കുളിർമയാണ്. ഞാൻ തന്നെ കാച്ചുന്ന എണ്ണല്ലേ. പ്രഭാസ് ഹെർബൽ ഹെയർ ഓയില്..”

ഓർമകളിൽ കൂടി ഞാൻ പിറകോട്ടു ജീവിച്ചു തുടങ്ങി.

“വേണ്ട പ്രഭാ … ഇനി ഇങ്ങനെയൊക്കെ അങ്ങിനെ ജീവിച്ചു തീർന്നാൽ മതി…”
അവളുടെ സ്ത്രീമനസ്സിന് പെട്ടെന്നൊരു വളം വെച്ചുകൊടുക്കണ്ട എന്നു കരുതി..

പിന്നീട് പ്രഭാസ് ഹെർബൽ ഓയിലിന്റെ പച്ചപ്പിൽ അവൾ എന്റെ മുടിയിഴകളെ മുക്കിയതോർത്തു ഞാനങ്ങനെ നടന്നു.ചുണ്ടിൽ ഒരു ചെറുപുഞ്ചിരി തത്തിക്കളിച്ചത് മറയ്ക്കാൻ ഒരു ഗൗ രവം എടുത്തണിഞ്ഞു. വിവരവും വിദ്യാഭ്യാസവും ഒന്നും ഇല്ലെങ്കിലും എന്തൊരു ആജ്ഞാശക്തിയായിരുന്നു പ്രഭയുടെ കണ്ണുകൾക്ക്‌.

അതൊരിക്കൽ ഒരബദ്ധം പറ്റിയതല്ലേമാഷേ..

ശരിയാണ്…ചിലപ്പോഴൊക്കെ ഒരു ചാഞ്ചല്യം തോന്നിയെങ്കിലും ഒരു സദാചാര കാപട്യത്തിന് അടിമയായതുകൊണ്ട് ആ ചിമിഴിനുള്ളിൽ ഞാൻ അമർന്നുപോയിരുന്നു.ആ കണ്ണുകളിലെ കടൽചുഴികളെ ഞാൻ എപ്പോഴും ഭയപ്പെട്ടു.

വിവാഹത്തെപ്പറ്റി എന്തേ ഒന്നും പ്രഭ പറയാതിരുന്നത്. ചിലപ്പോൾ ഞാൻ ഹരിയുടെ കൂടെ സിയാറ്റിനിൽ പോയപ്പോൾ ആയിരിക്കും അത് നടന്നത്.അല്ലാതെ അവൾ …
പിന്നെ അവളുടെ മുന്നിൽ ഞാനൊട്ടും ഒരു മൃദുല വികാരഭരിതനായിരുന്നില്ലല്ലോ. അതുകൊണ്ട് തന്നെ ഞാൻ കടന്നുചെ ല്ലാത്ത അപരിചിത ഭൂമികൾ അവളുടെ മനസ്സിനുണ്ടായിരുന്നിരിക്കണം.

ലക്കും ലഗാനും ഇല്ലാതെ ഓടിച്ചുവന്ന ഒരു സൈക്കിൾ പെട്ടെന്ന് എന്റെ മുൻപിൽ നിർത്തി.

“എന്റമ്മോ .. ഞമ്മളെ ബിമാനം വരുന്നത് ങ്ങക്ക് കണ്ടൂടെ… ങ്ങളേ ടുത്തെയാ….”

പെട്ടെന്ന് നിർത്തിയ സൈക്കിളിൽ നിന്ന് അവൻ താഴെയിറങ്ങി.

“ങ്ങള്….ഏടെള്ളതാ..?”

“കുട്ടി ഇവിടെ അടുത്തുള്ളതാണോ. എനിക്കൊരു പ്രഭാ വതിയുടെ വീട് പറഞ്ഞുതരുമോ…?”

“ങ്ങള് എടേള്ളതാണ്…പറഞ്ഞില..ഞാൻ ഇതുവരെ കണ്ടീക്കില്ല.. ”

“ഞാനൊരു മാഷാ മോനെ.. കുറച്ച് ദൂരെനിന്നു വരാണ്….”

“മോൻ ഇവിടെ അടുത്താണോ..?”

“ഞാൻ കദീജാബീന്റെ മോൻ. ഫൈസല്…”

“എങ്ങോട്ടാണ് കുട്ടി ഇങ്ങനെ പറക്കുന്നത്. പേടിച്ചുപോയി ഞാൻ ആ വരവ് കണ്ടിട്ട്…”

“അതോ ഞാൻ പൊള്ളിച്ച കോഴിം അൺലിമിറ്റഡ് നെയ്ച്ചോറും വാങ്ങാൻ പോവാ ടൗണില് . ചെറിയോൻ സുന്നത്ത് കയിഞ്ഞ് കെടക്കാ.ഓന് തിന്നാൻ കൊടുക്കാനാ. അതന്നെ വേണന്നൊരു വാശിപ്പൊറത്താ ചെക്കൻ.അതാ തെരക്ക്.പ്രഭാവതി യമ്മേന്റെ പോരെന്റ ടുത്താന്റെ പൊര.ഒരേടത്തെ കുട്ടിനെ ഞാനാ സൈക്കൾമ്മല് വെച്ച് സ്കൂളിൽ കൊണ്ടോവല്.
ഓല് പ്പം ആടെല്യ .,എങ്ങോട്ടോ പോയി.സുരേഷേട്ടനും ചേച്ചിം മോളും ആടെണ്ട്. ഒരു മഞ്ഞ പെയിന്റ് അടിച്ച പൊരയാണ്. അത് നോക്കി പൊയ്ക്കോളി.ഇബടെ അടുത്താ….”

പഴകുന്തോറും വീര്യമേറുന്ന വീഞ്ഞിനെ പ്പോലെ ഓർമ്മകൾ ചിലപ്പോൾ എന്നെ മത്ത് പിടിപ്പിച്ചു. അവൾ പോവേണ്ടിയിരുന്നില്ല.ആരും പോവേണ്ടിയിരുന്നില്ല.സ്വന്തമായ ഗൗരിപോലും ഒരു നാൾ പോയില്ലേ.. കരിമഷി എഴുതിയ നീണ്ട കണ്ണുകളുള്ള എന്റെ ഗൗരി.

അതിന് ശേഷം ഹരിയാണ് വീട്ടിൽ നിൽക്കാൻ താല്പര്യമുള്ള സ്ത്രീയെ വേണമെന്ന് പരസ്യം കൊടുത്തത്. അവനെന്റെ മകനല്ലേ എന്നെ പഠിച്ചവൻ.അവന്റെ കണ്ണിൽ സ്കൂളിൽ പോവാനും വരാനും മാത്രമറിയുന്ന അച്ഛനായിരിക്കാം ഞാൻ. മടിയൻ.
ചിലപ്പോളെങ്കിലും മക്കൾ
മാതാപിതാക്കളുടെ ഉടമസ്ഥരാവാറുണ്ടല്ലോ.
ആ പരസ്യം കണ്ടിട്ടാണ് പ്രഭയുടെ മകൻ സുരേഷ് അവളെ വീട്ടിൽ കൊണ്ടുവന്നത്.

കണ്ണടയ്ക്ക് പുറത്ത് നാട്ടുവഴിയിൽ ഒരു മഞ്ഞവെളിച്ചം പെട്ടെന്ന്
പ്രത്യക്ഷപ്പെട്ടു.

ഒരു മഞ്ഞ പെയിന്റ് അടിച്ച പോരയാ.

ഇത്തിരി നേരം ഒത്തിരി കാര്യങ്ങൾ പറഞ്ഞ ഫൈസൽ അപ്പോഴും കൂടെ ഉണ്ടായിരുന്നു.

ഇരുമ്പ് ഗേറ്റ് മലർക്കെ തുറന്നു ഞാൻ അകത്തുകയറി.കാളിങ് ബെൽ അടിച്ചപ്പോൾ പകലുറക്കം ചീർപ്പിച്ച മുഖവുമായി സുരേഷ് പുറത്തുവന്നു.തലേന്ന് കഴിച്ച മദ്യത്തിന്റെ വാട വമിക്കുന്ന ശ്വാസം എന്റെ നേർക്കും.

“മാഷേ കയറിയിരിക്ക്….
നേരിട്ട് വരുമെന്ന് വിചാരിച്ചില്ല.”
.
“ഒന്നൂല്യെങ്കിലും കുറച്ചുകാലം അവരുവെച്ചുതന്ന ഭക്ഷണം കഴിച്ചില്ലെ .. ഒരു വിവരവും ഇല്ലാത്തപ്പോൾ നേരിട്ട് പുറപ്പെട്ടു.”

“അവളും മോളും വീട്ടിൽ പോയതാ മാഷേ.. ഒരു ചായ തരാനും കൂടി…”

സുരേഷിന്റെ വെറുതെയുള്ള ചായ സൽക്കാരം ഒരു നീരസത്തോടെ ഞാൻ കേട്ടു.

“അമ്മയെവിടെ? എന്തുകൊണ്ടെ ഒന്നും പറയാതെ പോന്നത്?”

ഞാൻ ചോദിച്ചു.

“മാഷേ….ഇവിടെ അടുത്ത വീട്ടിൽ ഒരു ഹരിദാസൻ നായർ ഉണ്ടായിരുന്നു. അയാൾ തീരെ വയ്യാതെ കിടപ്പിലാണിപ്പോൾ.. ബാംഗ്ലൂരിലാണ് താമസം .അയാളുടെ വീട്ടിലായിരുന്നു അമ്മ ചെറുപ്പത്തിൽ പണിക്കു നിന്നത്. അയാളുടെ ഭാര്യ മരിച്ചുപോയതാണ്. അയാൾ പറഞ്ഞിട്ട് അയാളുടെ മകനാണ് ഇവിടെ വന്നു അമ്മയെകൂട്ടി കൊണ്ടുപോയത്….”

“അപ്പോൾ ബാംഗ്ലൂരിലാണോ ഇപ്പോൾ?”

“അതെ….”

“ഇവിടെ എത്തി വീട് അന്വേഷിച്ചപ്പോൾ അമ്മയുടെ വിവാഹം കഴിഞ്ഞൂന്നാണല്ലോ ഞാൻ കേട്ടത്..”

“അങ്ങനെയൊന്നുമല്ല മാഷേ.
അയാൾക്ക് അമ്മയെ രജിസ്റ്റർ മാര്യേജ് കഴിക്കാൻ താല്പര്യമുണ്ടെന്നു പറഞ്ഞു.
അച്ഛനെന്തെങ്കിലും പറ്റിയാൽ അച്ഛന്റെ പെൻഷൻ ആ സ്ത്രീയ്ക്കു കിട്ടിക്കോട്ടേ എന്നൊരു ആഗ്രഹം അച്ഛനുണ്ടെന്നു അയാളുടെ മകൻ പറഞ്ഞു. അമ്മയ്ക്ക്
എതിർപ്പൊന്നുമില്ലാത്തതുകൊണ്ട് ഞാനും സമ്മതം മൂളി…..”

“എന്തേ അയാൾക്കങ്ങിനെയൊരു താല്പര്യം ഉണ്ടാവാൻ എന്ന് ചോദിച്ചില്ലേ..?”.

“അതിന്റെ ആവശ്യം ഉണ്ടെന്നു തോന്നീല മാഷേ….ഇപ്പോൾ അമ്മ പണിയെടുക്കുന്നുണ്ട്. അമ്മയ്ക്കു വയ്യാണ്ടായാൽ ഞാൻ ഒറ്റയ്ക്കു നോക്കണ്ടെ .. കൂടപ്പിറപ്പുകളും കൂടി ഇല്ല…”

“മുൻതലമുറ പിൻതലമുറയെ സംരക്ഷിക്കണം ..എന്ന ആശയം അല്പം പഴയതല്ലേ മാഷേ”….

സുരേഷ് അങ്ങിനെ ചിന്തിച്ചതിൽ എന്താണ് തെറ്റ്.എന്റെ ഉള്ളിൽ നിന്നുള്ള ചോദ്യം.

“അത് ശരിയാ സുരേഷേ…”

“മാര്യേജ് കഴിഞ്ഞിട്ടില്ല. തത്കാലം അവിടെ നിർത്തിയിട്ട് രജിസ്ട്രാറെ വീട്ടിലേക്ക്‌ വരുത്തി ചെയ്തോളാം എന്നാണ് പറഞ്ഞത്.
പിന്നെ ജീവിതത്തിൽ മുഴുവൻ അമ്മ കഷ്ടപ്പെട്ടിട്ടെ ഉള്ളു മാഷെ… കുറച്ചു കാലമെങ്കിലും നന്നായി ജീവിക്കാൻ പറ്റിയാൽ നല്ലതല്ലെ മാഷേ..”

“തീർച്ചയായും….”

“ചേക്കു എന്ന റാക്കു കാച്ചുന്നോന്റെ മോള് പ്രഭേനെ ചിന്നൻ നായരുടെ മോൻ ഹരിദാസൻ കല്യാണം കഴിക്കോ മാഷേ. അന്ന് വിവരല്ലായ്‌നു.പൂതിണ്ടായിട്ട് എന്ത് കാര്യം…”.

ഒരിക്കൽ മേശപ്പുറത്തു നിന്ന് ഹരികൊണ്ടുവന്ന ഗുച്ചിയുടെ സെന്റ് കുപ്പി കൈയിൽ എടുത്ത് പ്രഭ പറഞ്ഞു.
“ഇയ്റ്റാലൊന്നു മേലേക്ക് ശൂ……ന്ന്‌ ചീറ്റി മണണ്ടോന്നു നോക്കട്ടെന്നും പറഞ്ഞാ ഹരിദാസേട്ടൻ എനിക്ക്….”

“കുപ്പി അവിടെ മേശപ്പുറത്തു വെച്ച് അടിച്ചു വാരാൻ നോക്കു പ്രഭാ …”.

അവൾ പലപ്പോഴായി പറഞ്ഞ അവിടവിടെ പഴകി കീറിയ കഥകൾ എല്ലാം കു‌ടി പെറുക്കി തുന്നിചേർത്ത് വ്യക്തമായ ഒരു രൂപമുണ്ടാക്കാൻ ഞാൻ കുറേ ശ്രമിച്ചു. പക്ഷേ അത് വീണ്ടും പിഞ്ഞി കീറി ഓട്ട വീണുകൊണ്ടേ ഇരുന്നു.സൂചിക്കുഴയിൽ നൂലിടൽ ഒരു പാഴ് വേലയായപ്പോൾ ഞാൻ ഒരിക്കൽ ചോദിച്ചു.

“അപ്പോൾ സുരേഷിന്റെ അച്ഛൻ….?”

“അതെ മാഷേ..അയാളെന്നെ..മൂപ്പരെ ഉടനെ പട്ടാളത്തിൽ പറഞ്ഞയച്ചു ചിന്നൻ നായര് . എന്റെ ജമ്മം ഇയ്റ്റാലൊക്കെ ആയിം പോയി . സുരേഷിനും അച്ഛനാരാന്നറിഞ്ഞൂടാ.ഓന് പിന്നെ അതൊന്നും പ്രശ്നല്ല.. സുഖിച്ചു ജീവിക്കണം അത്രേള്ളൂ .ഹോട്ടൽ പണിയെടുത്താ മാഷെ ഞാൻ ഓനെ പോറ്റീത്.അരച്ചരച്ചു തഴമ്പു വീണ കൈകളാ എന്റേത്.

അപ്പോൾ അതാണ് കാര്യം.

സുരേഷിനോട് യാത്രപറഞ്ഞു ഞാൻ തിരികെ പോന്നു.

നിരത്തിലെ മഞ്ഞ വെളിച്ചം മായ്ഞ്ഞു തുടങ്ങി.റോഡിന്റെ ഒരുവശത്തു ഒരു വീടിന്റെ മതിലിന്മേലിൽ നിന്നു ശംഖുപുഷ്പത്തിന്റെ വള്ളി താഴേക്കു വീണുകിടക്കുന്നുണ്ടായിരുന്നു. നിറയെ കരിമഷിയെഴുതിയ പൂക്കളെ ആ നഗ്നമായ മതിൽ മാറോടു അടക്കിപ്പിടിച്ചിരുന്നു. ശൂന്യതയിലും ചിത്രം വരയ്ക്കാൻ പറ്റുന്ന കരിമഷി എഴുതിയ മിഴികൾ . ഈ മതിലിന്റെയും ദൗർബല്യമാണോ എന്നെനിക്കു വെറുതെ തോന്നി.

പ്രതീക്ഷയറ്റ മടക്കയാത്ര ആയതുകൊണ്ടോ എന്തോ ഒരു ഇല്ലായ്മയായിരുന്നു മനസ്സിന്.. അർത്ഥവ്യാപ്തി ഇല്ലാത്ത എന്തോവായിച്ചു തീർന്നപോലെ വെറുതെ കടന്നുപോയ ഒരു അരദിവസത്തെ പിന്നിലാക്കി
നടത്തതിന് വേഗത കൂട്ടി.ഒരു പുസ്തകത്തിൽ വായിച്ചത് ഞാൻ ഓർത്തു. ശരീരത്തിന്റെ കോശവിഭജനം തീരെ മന്ദഗതിയിലാവുമ്പോൾ താനൊഴികെ മറ്റെല്ലാത്തിനും വേഗതകൂടിയതുപോലെ തോന്നും ആ തോന്നലിലൂടെ അപരിചിതമായ ഏതോ ഒരു നിസ്സഹായത എന്നെ പിൻതുടർന്നു.

ബസിൽ കയറി ടൗണിൽ എത്തിയാൽ നല്ലൊരൂണ് കഴിയ്ക്കാം.പ്രഭ പോയേപ്പിന്നെ വീട്ടിൽ ഒന്നും വെച്ചുകഴിക്കാറില്ല. വിളിച്ചുപറഞ്ഞാൽ എന്തും മുന്നിലെത്തും.എന്നാലും പെട്ടെന്ന് അവളെ ഓർത്ത് പോയി.

ആത്മാർത്ഥത കുറച്ചു കൂടുതലായിരുന്നു പ്രഭ യ്ക്ക്. തിരിച്ചൊന്നും പ്രതീക്ഷിക്കാതെയുള്ള ഒരു സ്നേഹം. പിന്നെ പിന്നെ എനിക്കതു തോന്നി തുടങ്ങിയിരുന്നു.
ഒരു ദിവസം കീറിത്തുന്നിയ അവളുടെ കുപ്പായം കണ്ട് ഞാൻ ചോദിച്ചു.
നിനക്ക് നല്ല സാരിയൊന്നുമില്ലേ ഉടുക്കാൻ..?”

“മാഷേ ങ്ങക്ക് അത്ര സങ്കടണ്ടെങ്കിൽ കുറച്ചു മേടിച്ചന്നോളി. ഉടുത്തു പഴകീതല്ലേ ഓരോരുത്തര് തരോ ള്ളു “.
“അ… നിർത്ത് നിർത്ത്. എന്തെങ്കിലും വീണുപോയാൽ അതിൽ പിടിച്ചു കേറിക്കോളും…”

മുഷിച്ചിൽ മാറ്റാൻ ഞാൻ പുറത്തേക്കിറങ്ങിപ്പോയി.മാസ ശമ്പളം കൃത്യമായി എണ്ണിക്കൊടുത്തു നിർത്തിയ ഒരു വേലക്കാരി മാത്രമല്ലേ താൻ എന്ന്‌ അവൾക്ക് അപ്പോൾ തോന്നിയിരിക്കും.

ടൗണിലെത്തി ഊണുകഴിച്ചു. പിന്നത്തെ ബസും കയറി വീട്ടിൽ എത്താറായപ്പോഴേക്കും സമയം സന്ധ്യയോടടുത്തു.ആകാശത്തിൽ പകല് ചേക്കേറിയ പക്ഷികൾ മടക്കയാത്ര തുടങ്ങി. മൂപ്പെത്താത്ത സന്ധ്യയിൽ വിളക്ക് വെയ്ക്കാത്ത ഉമ്മറവും തുളസിത്തറയും ദൂരെനിന്നെ കാണാമായിരുന്നു.അൽപായുസ്സായ സന്ധ്യക്ക്‌ മേൽ ഇപ്പോൾ ഇരുട്ട് പരക്കും.

ആരോ വാതിലിനു താഴെ നിലത്തു കൂനിക്കൂടി ഇരിയ്ക്കുന്നതുപോലെ ഒരു അവ്യക്തത.പക്ഷേ അതൊരു തോന്നലല്ലായിരുന്നു.

“ഇങ്ങള് എവിടെ പോയി ….മാഷേ.. ഞാന് രാവിലെ മുതൽ ഇരിക്കാ….. അടുത്തുള്ളോരു വൈന്നേരം വരുന്ന്‌ പറഞ്ഞോണ്ട് ഇവിടെ തന്നെ ഇരുന്നു.

“പ്രഭ എന്തേ തിരിച്ചു പോന്നേ.?..”

“അയാൾക്കിപ്പളും ഞാൻ ചേക്കൂന്റെ മോളന്യാ മാഷേ. അയാള്
ചിന്നൻ നായരെ മോനും….പണ്ടത്തെപോലല്ലല്ലോ ..എനിക്ക് വിവരം വെച്ചില്ലെ പറഞ്ഞു പറ്റിക്കല് ഇനി നടക്കൂല….”
“മാഷാവുമ്പം എനിക്ക് കൃത്യ ശമ്പളോം കിട്ടും.. സ്വന്തം പോലെ എനിക്കിവിടെ നിക്കും ചെയ്യാം ….” അതും പറഞ്ഞവൾ ചിരിച്ചു.

മനസ്സ് കൃത്യമായി പ്രകടമാക്കുന്ന മൂന്നു വാക്കുള്ള ആ പഴയ പരസ്യവാചകം ഓർത്തു ഞാനും ചിരിച്ചു.

“എനിക്ക് വിശന്നിട്ടു വയ്യ മാഷേ….. ങ്ങള് വീട് തുറക്കി.”

പൂട്ട് തുറന്നു.ഓടാമ്പൽ നീക്കിയപ്പോൾ രണ്ട് കരിമഷിക്കണ്ണുകൾ ഒരു താക്കീതോടെ എന്നെ വീണ്ടും തുറിച്ചു നോക്കി.

ലത മണ്ടോടി : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്ന് വിരമിച്ച ശ്രീമതി ലത മണ്ടോടി ഓൺലൈൻ മാധ്യമങ്ങളിൽ സ്ഥിരമായി കഥകളെഴുതാറുണ്ട്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ ഒരു കൂട്ടായ്മയുടെ അക്ഷരങ്ങൾ എന്ന മാഗസിനിന്റെ സബ് എഡിറ്റർ ആണ്.. കഥകളുടെ ആദ്യസമാഹാരം പണിപ്പുരയിലാണ്.

 

RECENT POSTS
Copyright © . All rights reserved