Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യൂറോപ്യൻ യൂണിയനിൽ നിന്ന് അതിർത്തി കടന്ന് യുകെയിൽ എത്തുന്നവർക്ക് പുതിയ പരിശോധനാ നടപടികൾ നിലവിൽ വരും. പുതിയ പദ്ധതി ഈ ശരത്കാലത്ത് നടപ്പിൽ വരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പുതിയ പദ്ധതിക്കായി 10.5 മില്യൺ പൗണ്ട് ചിലവാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പോർട്ട് ഓഫ് ഡോവർ, ഫോക്ക്‌സ്റ്റോണിലെ യൂറോ ടണൽ, സെൻ്റ് പാൻക്രാസിലെ യൂറോസ്റ്റാർ എന്നിവിടങ്ങളിലെ പരിശോധന എളുപ്പത്തിലാക്കുന്നതിനും കാത്തിരിപ്പ് സമയം കുറയ്ക്കുന്നതിനും പുതിയ സിസ്റ്റം സഹായകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.


ഈ ശത്കാലം മുതൽ യുകെയിൽ നിന്ന് പോകുന്നവരും മറ്റ് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ നിന്ന് യുകെയിലേയ്ക്ക് വരുന്നവരുമായ ഇതര യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർ പുതിയതായി കൊണ്ടുവരുന്ന എൻട്രി/എക്‌സിറ്റ് സിസ്റ്റം (EES) എന്ന പുതിയ ഡിജിറ്റൽ സംവിധാനത്തിലൂടെ കടന്നു പോകേണ്ടതായി വരും . പുതിയ സിസ്റ്റത്തിന്റെ ഭാഗമായി വ്യക്തികളുടെ ഫോട്ടോയും വിരലടയാളവും രേഖപ്പെടുത്തും. ഈ പരിശോധനകൾ പൂർത്തിയാക്കാനുള്ള സംവിധാനങ്ങൾ നടപ്പിലാക്കാനാണ് സർക്കാർ പണം ചിലവഴിക്കുന്നത്.


EES നടപ്പിലാക്കുന്നതോടെ അനധികൃത കുടിയേറ്റം ഒരു പരിധിവരെ തടയാനുകുമെന്നാണ് കണക്കു കൂട്ടുന്നത്. കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതു വഴി തീവ്രവാദ സ്വഭാവമുള്ളവരും അനഭിമതരുമായ വ്യക്തികൾ വ്യാജ തിരിച്ചറിയൽ രേഖകളുമായി രാജ്യത്ത് എത്തുന്നത് തടയാനാവും. യൂറോപ്യൻ രാജ്യങ്ങളിലേയ്ക്ക് പ്രവേശിപ്പിക്കുമ്പോഴോ പുറത്തുപോകുമ്പോഴോ നൽകുന്ന വിരലടയാളങ്ങളും മറ്റ് വിശദാംശങ്ങളും ഉൾപ്പെടുത്തിയ രജിസ്ട്രേഷന് മൂന്ന് വർഷമാണ് കാലാവധി. ഇതോടെ വിമാനത്താവളങ്ങളിൽ നടക്കുന്ന കർശനമായ പരിശോധനകൾ കടൽ മാർഗ്ഗവും കരമാർഗവും അതിർത്തി കടന്ന് എത്തുന്നവർക്കും ബാധകമാകും.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

കമ്മ്യൂണിറ്റി ഡയഗ്‌നോസ്റ്റിക് സെൻ്ററുകൾ (സിഡിസി) സ്ഥാപിച്ചത് വഴി എക്സ്-റേ, സ്കാൻ തുടങ്ങിയ സുപ്രധാന പരിശോധനകൾ വേഗത്തിലാക്കി എൻഎച്ച്എസ്. ഇംഗ്ലണ്ടിലുടനീളം 160 കമ്മ്യൂണിറ്റി ഡയഗ്‌നോസ്റ്റിക് സെൻ്ററുകളാണ് സ്ഥാപിതമായിരിക്കുന്നത്. ആശുപത്രി സന്ദർശനങ്ങളെ അപേക്ഷിച്ച് വേഗത്തിലുള്ള പരിശോധനയും രോഗനിർണ്ണയവും നൽകുന്നതിനായാണ് സിഡിസികൾ കൊണ്ടുവന്നിരിക്കുന്നത്.

കമ്മ്യൂണിറ്റി ഡയഗ്നോസ്റ്റിക് സെൻ്ററുകളിലെ (സിഡിസി) വേഗത്തിലുള്ള സേവനം, സൗകര്യപ്രദമായ സ്ഥലങ്ങൾ, പരിചരണത്തിൻ്റെ ഗുണനിലവാരം എന്നിവയാണ് രോഗികൾ ഇവ തിരഞ്ഞെടുക്കാനുള്ള കാരണങ്ങളായി സർവേ പറയുന്നത്. സർവേയിൽ പങ്കെടുത്ത 87% പേർക്കും നല്ല അനുഭവം ഉണ്ടായതായാണ് റിപ്പോർട്ട് ചെയ്‌തത്‌. ഷോപ്പിംഗ് സെൻ്ററുകൾ, ഹെൽത്ത് സെൻ്ററുകൾ, കമ്മ്യൂണിറ്റി ഹോസ്പിറ്റലുകൾ എന്നിവിടങ്ങളിലെല്ലാം കമ്മ്യൂണിറ്റി ഡയഗ്നോസ്റ്റിക് സെൻ്ററുകൾ (സിഡിസി) ഉണ്ട്.

സിടി, എംആർഐ സ്കാനുകൾ, നോൺ-ഒബ്സ്റ്റട്രിക് അൾട്രാസൗണ്ടുകൾ, എക്കോകാർഡിയോഗ്രാം എന്നിവ പോലുള്ള ഡയഗ്നോസ്റ്റിക് പരിശോധനകൾക്കായി ദീർഘനാൾ കാത്തിരിക്കുന്നത് തടയാനാണ് എൻഎച്ച്എസ് ഇംഗ്ലണ്ട് കമ്മ്യൂണിറ്റി ഡയഗ്‌നോസ്റ്റിക് സെൻ്ററുകൾ തുടങ്ങിയത്. രോഗനിർണ്ണയ പരിശോധനയ്ക്കായി രോഗികൾ ആറാഴ്ചയിൽ കൂടുതൽ കാത്തിരിക്കരുതെന്ന് എൻഎച്ച്എസ് ഭരണഘടന പറയുന്നുണ്ടെങ്കിലും, ഇതുവരെയും ഇത് നടപ്പിലാക്കാൻ എൻഎച്ച്എസിന് സാധിച്ചിട്ടില്ല. ഇപ്പോഴും 21% രോഗികളും രോഗനിർണ്ണയ പരിശോധനകൾക്കായി ആറ് ആഴ്ചയിൽ കൂടുതൽ കാത്തിരിക്കേണ്ടതായി വരുന്നുണ്ട്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ആർട്ടിഫിഷ്യൽ ഇൻറലിജൻസ് എല്ലാ മേഖലയിലും വരുത്തി കൊണ്ടിരിക്കുന്ന മുന്നേറ്റങ്ങൾ പ്രവചനാതീതമാണ് . നിർമ്മിത ബുദ്ധിയുടെ സഹായത്തോടെ ഒട്ടേറെ കാര്യങ്ങൾ ആണ് വിവിധ മേഖലകളിൽ പുതിയതായി എത്തി കൊണ്ടിരിക്കുന്നത്. ഇതിൻറെ ഭാഗമായി നിർമ്മിത ബുദ്ധിയുടെ സഹായത്തോടെ അധ്യാപകരുടെ ജോലി ഭാരം കുറയ്ക്കുന്നതിനുള്ള എഐ ടൂളുകൾ വികസിപ്പിക്കുന്നതിനുള്ള നടപടികൾ യുകെയിൽ ആരംഭിച്ചു. ഇതിനായി 3 മില്യൺ പൗണ്ട് ചിലവഴിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി സ്റ്റീഫൻ മോർഗൻ പറഞ്ഞു.

യുകെയിൽ പല അധ്യാപകരും ഇപ്പോൾതന്നെ ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ടൂളുകൾ ഉപയോഗിക്കുന്നുണ്ട്. എന്നിരുന്നാലും നിലവിലുള്ള ടൂളുകൾ ഇംഗ്ലണ്ടിലെ ക്ലാസ് മുറികളിൽ ഉപയോഗിക്കുന്നതിന് പ്രത്യേകം രൂപകൽപന ചെയ്തതോ അംഗീകരിക്കപ്പെട്ടതോ അല്ല . ഈ പോരായ്മ പരിഹരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാനാണ് സർക്കാർ ലക്ഷ്യം വെയ്ക്കുന്നത്. ചാറ്റ് ജി പി റ്റി പോലുള്ള ജനറേറ്റീവ് എ ഐ ടൂളുകൾ മിക്ക അധ്യാപകരും ഉപയോഗിക്കുന്നുണ്ടെങ്കിലും ഇത്തരം ടൂളുകൾ കുറച്ചുകൂടി കുറ്റമറ്റതാക്കാനും കൂടുതൽ അധ്യാപകർക്ക് ഇവയിൽ പരിശീലനം നൽകാനുമാണ് സർക്കാർ പുതിയ പദ്ധതി വഴിയായി ലക്ഷ്യം വയ്ക്കുന്നത്.


എ ഐ ടൂളുകൾ അവതരിപ്പിക്കുന്നത് യുകെയിലെ അധ്യാപകരുടെ ജോലിഭാരം കുറയ്ക്കുമെന്നാണ് കരുതപ്പെടുന്നത്. ദക്ഷിണ കൊറിയയിൽ നടന്ന ഒരു അന്താരാഷ്ട്ര സെമിനാറിൽ ആണ് യുകെയുടെ ഈ മേഖലയിലെ ഭാവി പദ്ധതികളെ കുറിച്ച് വിദ്യാഭ്യാസ സെക്രട്ടറി പറഞ്ഞത് . നിലവിലുള്ള എ ഐ ടൂളുകൾ നൽകുന്ന ഉള്ളടക്കത്തിന്റെ വിശ്വാസ്യത എത്രമാത്രമുണ്ടെന്നതാണ് അധ്യാപകർ നേരിടുന്ന പ്രധാന പ്രശ്നം. ഉള്ളടക്കത്തിന്റെ വിശ്വാസ്യത പരിഹരിക്കാൻ കഴിയുമെങ്കിൽ അധ്യാപകർ അഭിമുഖീകരിക്കുന്ന അമിതഭാരം ലഘൂകരിക്കാൻ എഐ ട്യൂളുകൾക്ക് കഴിയുമെന്ന് സ്‌കൂൾ ആൻഡ് കോളേജ് ലീഡേഴ്‌സിൻ്റെ അസോസിയേഷൻ ജനറൽ സെക്രട്ടറി പെപ്പെ ഡിയാസിയോ പറഞ്ഞു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിൽ പെൺകുട്ടികൾക്ക് ആർത്തവം ആരംഭിക്കുന്ന ശരാശരി പ്രായം 12 ആണെങ്കിലും പലർക്കും പത്ത് വയസ്സിൽ തന്നെ ആർത്തവം വരുന്നതായി റിപ്പോർട്ട്. ഇത്തരം കുട്ടികൾക്ക് അസഹനീയമായ വയറുവേദന തുടങ്ങിയ പ്രശ്‌നങ്ങൾ നേരിടുന്നതായും റിപ്പോർട്ടിൽ പറയുന്നു. പലപ്പോഴും സ്കൂളിൽ തനിക്ക് അമിത രക്തസ്രാവത്തെ കുറിച്ചുള്ള ഉത്കണഠ കാരണം പഠനത്തിൽ ശ്രദ്ധിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് ഒരു പെൺകുട്ടി പറയുന്നു. കുട്ടികളിൽ ഇത്തരം അനുഭവങ്ങൾ കൂടുതൽ സാധാരണമായി കൊണ്ടിരിക്കുകയാണ്.

ഗവേഷണമനുസരിച്ച്, പെൺകുട്ടികളിൽ മുമ്പത്തേക്കാൾ ചെറുപ്പത്തിൽ തന്നെ ആർത്തവം ആരംഭിക്കുന്നു. 1950 നും 1969 നും ഇടയിൽ ജനിച്ച സ്ത്രീകൾക്ക് ആർത്തവം ആരംഭിച്ചത് ശരാശരി 12 വയസ്സിൽ ആണെങ്കിൽ 2000 നും 2005 നും ഇടയിൽ ജനിച്ചവരുടെ ശരാശരി പ്രായം 11 വയസ്സായി മാറിയതായി മെയ് മാസം പ്രസിദ്ധീകരിച്ച ഒരു പഠനം കണ്ടെത്തിയതായി ജേണൽ ജമാ നെറ്റ്‌വർക്ക് ഓപ്പൺ റിപ്പോർട്ട് ചെയ്‌തു.

11 വയസ്സിന് മുമ്പ് ആർത്തവം ആരംഭിക്കുന്ന പെൺകുട്ടികളുടെ അനുപാതം 8.6 ശതമാനത്തിൽ നിന്ന് 15.5 ശതമാനമായി വർദ്ധിച്ചതായി പഠനം നടത്തിയ ഹാർവാർഡ് സർവകലാശാലയിലെ ഗവേഷകർ പറയുന്നു. യുഎസിന് സമാനമായി യുകെയിലും കുട്ടികളുടെ ഇടയിൽ പൊണ്ണത്തടി വർദ്ധിച്ച് വരുന്നുണ്ട്. ഇതിനോടനുബന്ധിച്ച് കുട്ടികളിൽ ആരോഗ്യ പ്രശ്‌നങ്ങളും കണ്ടുവരുന്നുണ്ട്.

മുൻ ഇംഗ്ലണ്ട് ഫുട്ബോൾ മാനേജർ സ്വെൻ- ഗൊറാൻ എറിക്‌സൺ എഴുപത്തിയാറാം വയസ്സിൽ പാൻക്രിയാറ്റിക് ക്യാൻസർ രോഗബാധയെ തുടർന്ന് അന്തരിച്ചു. സ്വീഡിഷുകാരനായ എറിക്‌സൺ 2001 ലാണ് ഇംഗ്ലണ്ട് ഫുട്ബോൾ ടീമിന്റെ ആദ്യ വിദേശ മാനേജരായി ചുമതലയേറ്റത്. 2006 വരെ ഏകദേശം 67 ഓളം മത്സരങ്ങളിൽ അദ്ദേഹം ഇംഗ്ലണ്ട് ടീമിന്റെ മാനേജർ ആയി തുടർന്നു. 2002, 2006 ലോകകപ്പുകളിലും, 2004ലെ യൂറോപ്യൻ ചാമ്പ്യൻഷിപ്പുകളിലും ഇംഗ്ലണ്ട് ടീമിനെ ക്വാർട്ടർ ഫൈനലിൽ വരെ എത്തിക്കുവാൻ അദ്ദേഹത്തിന് സാധിച്ചു. ഡേവിഡ് ബെക്കാം , പോൾ സ്കോൾസ്, ഫ്രാങ്ക് ലാംപാർഡ് , വെയ്ൻ റൂണി , സ്റ്റീവൻ ജെറാർഡ് എന്നിവരുൾപ്പെടെയുള്ള ഒരു സുവർണ്ണ തലമുറയെ കളിക്കളത്തിൽ നയിക്കുന്നതിന് എറിക്‌സന് അവസരം ലഭിച്ചു.

ജനുവരിയിൽ ക്യാൻസർ ബാധ കണ്ടെത്തിയതിനു ശേഷവും, തനിക്ക് മുൻപിൽ ഇനിയും ഒരു വർഷം ജീവിക്കുവാൻ ബാക്കിയുണ്ടെന്ന് എറിക്‌സൺ പറഞ്ഞിരുന്നു. തങ്ങളുടെ പിതാവ് രോഗത്തോട് ധീരമായി പോരാടിയെന്നും, എന്നാൽ സമാധാനത്തോടെ ഇപ്പോൾ മരണത്തിലേക്ക് പോയി എന്നും മക്കളായ ലിനയും ജോഹനും പ്രതികരിച്ചു. ഫുട്ബോൾ അസോസിയേഷൻ പെട്രണായ വില്യം രാജകുമാരനും, പ്രധാനമന്ത്രി കെയർ സ്റ്റാർമറും എറിക്‌സന്റെ മരണത്തിൽ അനുശോചനം അറിയിച്ചു. ഇംഗ്ലീഷ് ഫുട്ബോളിന് അദ്ദേഹം സമ്മാനിച്ച മഹത്തായ സംഭാവനകളെ ഇരുവരും അനുസ്മരിച്ചു.

ഇംഗ്ലണ്ട് ടീമിൻറെ മാനേജരായി ചുമതല ഏൽക്കുന്നതിന് മുൻപ്, സ്വീഡിഷ്, പോർച്ചുഗീസ്, ഇറ്റാലിയൻ ഫുട്ബോൾ ക്ലബ്ബുകൾക്കും അദ്ദേഹം നേതൃത്വം നൽകിയിട്ടുണ്ട്. മാഞ്ചസ്റ്റർ സിറ്റി, ലെസ്റ്റർ ഉൾപ്പെടെയുള്ള ക്ലബ്ബുകൾക്കും അദ്ദേഹം നേതൃത്വം നൽകിയിട്ടുണ്ട്. എറിക്സന്റെ ആരോഗ്യ അവസ്ഥ മോശമായ സാഹചര്യത്തിൽ ഡേവിഡ് ബെക്കാം അദ്ദേഹത്തെ സ്വീഡനിൽ എത്തി സന്ദർശിച്ചിരുന്നു. എറിക്സന്റെ മരണത്തിലുള്ള അഗാധമായ ദുഃഖവും ഡേവിഡ് ബെക്കാം പങ്കുവെച്ചു. നിരവധി താരങ്ങളും എറിക്സന്റെ മരണത്തിലുള്ള തങ്ങളുടെ ദുഃഖം അറിയിച്ചു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബർമിംഗ്ഹാം പ്രൈമറി സ്കൂളിന്റെ പുറത്ത് നോ വൈറ്റ്സ് എന്നെഴുതിയ സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. മുഖം മൂടി ധരിച്ച ഒരു വ്യക്തി മേൽ പറഞ്ഞ വാക്കുകൾ സ്കൂളിൻറെ ഭിത്തിയിൽ എഴുതുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. ചുമരിൽ എഴുതുന്നതിന് മുമ്പ് ഇയാൾ ചുറ്റും നോക്കുന്നതും പിന്നീട് വേഗത്തിൽ സ്ഥലം വിടുന്നതും ദൃശ്യങ്ങളിൽ കാണാൻ സാധിക്കും.


സ്കൂളിൽനിന്ന് ഏകദേശം 200 മീറ്റർ അകലെയുള്ള ലാംഗ്ടൺ റോഡിലും ഫാർണ്ടൻ റോഡിലും ഇതേ കാര്യങ്ങൾ എഴുതിയിട്ടുണ്ട്. മൂന്ന് സംഭവങ്ങൾക്ക് പിന്നിലും ഒരാൾ തന്നെയാണോ എന്നതിനെ കുറിച്ച് കൂടുതൽ അന്വേഷണങ്ങൾ നടക്കുകയാണ്. വിദ്വേഷ മുദ്രാവാക്യങ്ങൾ എഴുതിയത് ആരായാലും അവരുടെ ലക്ഷ്യം സമുദായ സംഘർഷം ആളി കത്തിക്കുക എന്നതാണെന്ന് സോഷ്യൽ ആക്ടിവിസ്റ്റ് നവീദ് സാദിക്ക് അഭിപ്രായപ്പെട്ടു. ഈ സന്ദേശം പങ്കുവയ്ക്കുന്ന ഒരു വീഡിയോയും അദ്ദേഹം ഓൺലൈനിൽ പങ്കു വെച്ചിട്ടുണ്ട്.

സൗത്ത് പോർട്ടിൽ മൂന്നു പെൺകുട്ടികളുടെ മരണത്തെ തുടർന്ന് ബ്രിട്ടനിൽ ഉണ്ടായ പ്രശ്നങ്ങളുടെ പശ്ചാത്തലത്തിൽ ഈ സംഭവങ്ങളെ വളരെ ഗൗരവമായാണ് പോലീസ് കാണുന്നത് . നോ വൈറ്റ്സ് എന്നെഴുതിയതിന്റെ പിന്നിൽ ആരാണെന്ന് അറിയാനുള്ള അന്വേഷണം ദ്രുതഗതിയിൽ പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു. ബർമിംഗ്ഹാമിലെ ആലും റോക്ക് പ്രദേശം പ്രധാനമായും ഏഷ്യൻ വംശജർ കൂടുതൽ താമസിക്കുന്ന സ്ഥലമാണ്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

മാനസികാരോഗ്യ പ്രശ്നങ്ങൾ ഉള്ളവർക്ക് അടിയന്തിര സേവനങ്ങൾ നൽകാൻ പുതിയ സംവിധാനം എൻ എച്ച് എസ് നടപ്പില്‍ വരുത്തി. ഇനിമുതൽ 111 എന്ന നമ്പറിൽ വിളിച്ച് അവർക്ക് സഹായം അഭ്യർത്ഥിക്കാൻ സാധിക്കും. ഇതോടെ ശാരീരിക പ്രശ്നങ്ങൾക്ക് ഒപ്പം മാനസികാരോഗ്യ പ്രശ്നങ്ങൾക്കും ഇത്തരം പിന്തുണ നൽകുന്ന ആദ്യത്തെ രാജ്യമായി യുകെ മാറും.


ഈ നമ്പറിൽ നിന്നുള്ള സേവനം 24 മണിക്കൂറും ലഭ്യമാണ്. മാനസികാരോഗ്യ പരിശീലനമുള്ള കോൾ കൈകാര്യം ചെയ്യുന്ന ആൾക്കൊപ്പം നേഴ്സുമാർ, മാനസികാരോഗ്യ വിദഗ്ധർ എന്നിവരുടെ ഒരു ടീമിന്റെ ഏകോപനത്തിലൂടെയാണ് എൻഎച്ച്എസ് പദ്ധതി നടപ്പിലാക്കുന്നത്. കോൾ ലഭിക്കുന്ന ടീമിന് പ്രശ്നത്തിന്റെ അടിസ്ഥാനത്തിൽ ഒരു വിലയിരുത്തൽ നടത്താനും അതിൻറെ വെളിച്ചത്തിൽ ക്രൈസസ് ടീമിനെ ആവശ്യമായ സ്ഥലത്തേയ്ക്ക് അയക്കാനും സാധിക്കും. വിളിക്കുന്നവർക്ക് ഒരു ടോക്കിംഗ്-തെറാപ്പി സേവനവും ലഭ്യമാണ്.

111 -ൽ വിളിച്ച് 2 അമർത്തിയാൽ ഈ സേവനം ലഭ്യമാണ്. ആളുകൾക്ക് www.nhs.uk വഴി ഓൺലൈനായും സേവനം ലഭ്യമാണ്. കോവിഡ് പാൻഡെമിക്കിന് ശേഷം വിഷാദം, ഉത്കണ്ഠ തുടങ്ങിയ മാനസിക പ്രശ്നങ്ങളെ തുടർന്ന് സഹായത്തിനായുള്ള ആവശ്യക്കാർ വർദ്ധിച്ചു വരുന്നതിനെ തുടർന്നാണ് പുതിയ സംവിധാനവുമായി എൻഎച്ച്എസ് മുന്നോട്ട് വന്നിരിക്കുന്നത്. ആറ് വർഷം മുമ്പുള്ളതിനെ അപേക്ഷിച്ച് മാനസികാരോഗ്യ പ്രശ്നങ്ങൾ ഉള്ളവരുടെ എണ്ണത്തിൽ ഒരു ദശലക്ഷം വർദ്ധനവ് ഉണ്ടായതായാണ് എൻഎച്ച്എസ് കണക്കുകൾ സൂചിപ്പിക്കുന്നത്. നിലവിൽ രണ്ട് ദശലക്ഷം ആളുകളോളമാണ് മാനസികാരോഗ്യ ചികിത്സയ്ക്കുള്ള വെയ്റ്റിംഗ് ലിസ്റ്റിൽ ഉള്ളത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഓരോ ദിവസവും എൻഎച്ച്എസ് ഹോസ്പിറ്റൽ ബെഡുകളിൽ കഴിയുന്നത് ഡിസ്ചാർജ് ചെയ്യാൻ കഴിയുന്ന ആരോഗ്യവാന്മാരായ രോഗികൾ. ഇത് അധികൃതരുടെ നടത്തിപ്പ് പിശകോ എന്ന ചോദ്യം ശക്തമാക്കുകയാണ്. ഏകദേശം 20 % ഡോക്ടർമാരും രോഗികളെ അവരുടെ പരിചരണത്തിലേക്ക് മാറ്റുന്നതിൽ ആഴ്ചകളോളം കാലതാമസം വരുത്തുന്നതായും റിപ്പോർട്ടിൽ പറയുന്നുണ്ട്. യുകെയിലുടനീളമുള്ള 568 കെയർ ഹോമുകളിലും ഹോംകെയർ പ്രൊവൈഡർമാരിലും നടത്തിയ ഒരു സർവേയുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് പുറത്ത് വന്നിരിക്കുന്നത്. നിലവിലെ ഈ പ്രതിസന്ധി പരിഹരിക്കണമെന്ന് വിദഗ്ദ്ധ സംഘം മന്ത്രിമാരോട് അഭ്യർത്ഥിച്ചിരിക്കുകയാണ്.

എൻഎച്ച്എസ് സ്റ്റാഫിൽ നിന്നുള്ള തെറ്റായ വിവരങ്ങൾ, മോശം ആശയവിനിമയം, പരിചരണ വിലയിരുത്തലുകളിലെ കാലതാമസം, ഗതാഗതതടസം എന്നിവ ആശുപത്രി ഡിസ്ചാർജുകളുടെ കാല താമസത്തിൻെറ കാരണങ്ങളായി റിപ്പോർട്ടിൽ പറയുന്നു. 17% കെയർ പ്രൊവൈഡർമാർ ശരാശരി ഡിസ്ചാർജ് സമയം ഒന്നു മുതൽ രണ്ടാഴ്ച വരെ റിപ്പോർട്ട് ചെയ്തതായി സർവേയിൽ പറയുന്നു. അതേസമയം 7% കെയർ പ്രൊവൈഡർമാർ രോഗികളെ അവരുടെ പരിചരണത്തിലേക്ക് മാറ്റുന്നതിനായി മൂന്നോ അതിലധികമോ ആഴ്ചകൾ കാത്തിരിക്കേണ്ടി വന്നിട്ടുണ്ടെന്നും റിപ്പോർട്ടിൽ കാണാം.

ഈസ്റ്റ് ഓഫ് ഇംഗ്ലണ്ടിലെ 96% രോഗികളും ഒരാഴ്ചയ്ക്കുള്ളിൽ തന്നെ ഡിസ്ചാർജ് ചെയ്യപ്പെട്ടിട്ടുണ്ട്. നേരെമറിച്ച്, സ്കോട്ട്ലൻഡിലെ രോഗികളിൽ പകുതിയിലേറെ പേർക്കും ഡിസ്ചാർജ് ചെയ്യാൻ ഒരാഴ്ചയിൽ കൂടുതൽ സമയം വേണ്ടി വരുന്നുണ്ട്. ജൂലൈയിൽ, ഇംഗ്ലണ്ടിലെ ഹോസ്പിറ്റലുകളിൽ കഴിഞ്ഞിരുന്ന 12,326 രോഗികളും ഡിസ്ചാർജ് ലഭിക്കാൻ യോഗ്യതയുള്ളവരായിരുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഗർഭിണികളോട് പുതിയ വാക്സിൻ റോളൗട്ട് പ്രയോജനപ്പെടുത്തണമെന്ന അഭ്യർത്ഥനയുമായി നവജാത ശിശുവിൻെറ അമ്മ. ആലീസിന്റെ മകൾ ഹെൻറിറ്റയ്ക്ക് മൂന്നാഴ്ച പ്രായമുള്ളപ്പോൾ റെസ്പിറേറ്ററി സിൻസിറ്റിയൽ വൈറസ് (ആർഎസ്‌വി) ബാധിച്ചതിനെ തുടർന്ന് അടിയന്തിര ആശുപത്രി പരിചരണം വേണ്ടിവന്നു. തൻെറ കുടുംബത്തിന് നേരിടേണ്ടി വന്ന അനുഭവം മറ്റുള്ളവർക്ക് ഉണ്ടാവാതിരിക്കാനാണ് താൻ ശ്രമിക്കുന്നതെന്ന് ആലീസ് പറയുന്നു. ആർഎസ്‌വി ഉയർത്തുന്ന അപകടസാധ്യത പരിഗണിച്ച് യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസിയും വാക്‌സിനേഷൻ ആൻഡ് ഇമ്മ്യൂണൈസേഷൻ ജോയിൻ്റ് കമ്മിറ്റിയും (ജെസിവിഐ) സെപ്റ്റംബർ 1 മുതൽ 28 വരെ ഗർഭിണികൾക്ക്‌ വാക്‌സിനേഷൻ നൽകാൻ തീരുമാനമായിരിക്കുന്ന സാഹചര്യത്തിലാണ് ആലീസിൻെറ ഓർമ്മപ്പെടുത്തൽ.

രണ്ട് വയസ്സിന് താഴെയുള്ള 90% കുട്ടികളെയും ആർഎസ്‌വി ബാധിക്കാറുണ്ട്. ഇത് രാജ്യത്തെ ശിശുമരണത്തിൻ്റെ പ്രധാന കാരണങ്ങളിൽ ഒന്നാണ്. ഒരു വയസ്സിന് താഴെയുള്ള കുട്ടികളിൽ പ്രതിവർഷം 20,000 കുട്ടികൾ എങ്കിലും റെസ്പിറേറ്ററി സിൻസിറ്റിയൽ വൈറസ് ബാധിച്ചതിനെ തുടർന്ന് ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെടാറുണ്ട്. പല കേസുകളിലും ഇത് ഗുരുതരമായ ശ്വാസകോശ അണുബാധകൾക്ക് കരണമാകാറും ഉണ്ട്. ആർഎസ്‌വി വാക്സിന് എടുക്കുന്നത് ഇതിനെ പ്രതിരോധിക്കാൻ സഹായിക്കുമെന്ന് പുതിയ പഠനങ്ങൾ കാണിക്കുന്നു.

തൻെറ മകൾ ഇപ്പോൾ പൂർണ ആരോഗ്യവതിയാണെങ്കിലും രോഗബാധിതയായ കാലയളവിൽ അനുഭവിച്ച വേദന മറ്റ് കുട്ടികൾ അനുഭവിക്കാൻ ഇടവരരുതെന്ന് കരുതിയാണ് തൻെറ അനുഭവം പങ്കുവെച്ചുകൊണ്ട് കൂടുതൽ അമ്മമാരോട് ആർഎസ്‌വി വാക്സിൻ എടുക്കാൻ ആലീസ് കുക്ക് രംഗത്ത് വന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

റോയിട്ടേഴ്സ് വാർത്താ സംഘത്തിൻ്റെ ഭാഗമായി കിഴക്കൻ ഉക്രെയ്നിൽ ജോലി ചെയ്തിരുന്ന ബ്രിട്ടീഷ് പൗരൻ റഷ്യയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. റയാൻ ഇവാൻസ് ആണ് റഷ്യയുടെ മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇവാൻ ഉൾപ്പെടെയുള്ള ആറംഗ സംഘം താമസിച്ചിരുന്ന ഹോട്ടലിൽ റഷ്യ ആക്രമണം നടത്തുകയായിരുന്നു.ഇവർ താമസിച്ചിരുന്ന സ്ഥലം ഉക്രെയ്നിന്റെ നിയന്ത്രണത്തിലാണെങ്കിലും അതിർത്തിക്ക് സമീപമാണ്. റഷ്യൻ മിസൈൽ ആക്രമണത്തിലാണ് ഇയാൾ കൊല്ലപ്പെട്ടതെന്ന് ഉക്രെയ്ൻ അധികൃതർ പറഞ്ഞു . എന്നാൽ ഇതിനോട് റഷ്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.

തകർന്ന ഹോട്ടലിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് 19 മണിക്കൂർ തിരച്ചിലിനു ശേഷമാണ് 40 വയസ്സുകാരനായ ഇവാന്റെ മൃതദേഹം കണ്ടെടുക്കാനായത്. ഉക്രേനിയൻ പ്രസിഡൻ്റ് വോളോഡിമർ സെലെൻസ്‌കി കൊല്ലപ്പെട്ട ഇവാന്റെ കുടുംബത്തെ അനുശോചനം അറിയിച്ചു. വളരെ നാളുകളായി ഇവാൻ റോയിട്ടേഴ്സ് സംഘത്തിൻറെ ഭാഗമായി പ്രവർത്തിക്കുകയായിരുന്നു . ലോകമെങ്ങുമുള്ള നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്യാൻ ഇവാൻ തങ്ങളെ സഹായിച്ചിട്ടുണ്ടെന്ന് റോയിട്ടേഴ്സ് പറഞ്ഞു.

റോയിട്ടേഴ്സ് സംഘത്തിലെ രണ്ട് പേർക്കു കൂടി റഷ്യൻ മിസൈൽ ആക്രമണത്തിൽ പരുക്കേറ്റിട്ടുണ്ട് അവരിൽ ഒരാളുടെ പരുക്ക് ഗുരുതരമാണെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഉക്രെയ്നിലെ റഷ്യൻ അധിനിവേശ പ്രദേശത്തു നിന്നും 12 മൈൽ മാത്രം അകലെയാണ് ക്രാമാറ്റോർഡ് എന്ന് ആക്രമണത്തിനിരയായ സ്ഥലം. ഇവിടം പതിവായി റഷ്യൻ ആക്രമണം നടത്തുന്ന സ്ഥലമാണ് എന്നാണ് അറിയാൻ കഴിഞ്ഞത്. പ്രശസ്ത ഉക്രെയ്ൻ എഴുത്തുകാരിയായ വിക്ടോറിയ ആമേലിന ഉൾപ്പെടെ ഒട്ടേറെ പേരാണ് റഷ്യ ഈ പ്രദേശത്ത് നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

RECENT POSTS
Copyright © . All rights reserved