ന്യൂസ് ഡെസ്ക്, മലയാളം യുകെ
2022 – ൽ യുകെ സർക്കാർ രഹസ്യമായി ശേഖരിച്ച ഡേറ്റ ചോർന്നതിന് പിന്നാലെ വ്യക്തിപരമായ വിവരങ്ങൾ ചോർന്ന ഒരു അഫ്ഗാൻ പൗരനെയും കുടുംബാംഗങ്ങളെയും ഉടൻ നാടു കടത്തുന്നതിനായി പാകിസ്ഥാനിൽ കസ്റ്റഡിയിലെടുത്തു. പിതാവിന്റെ സൈനിക ബന്ധങ്ങൾ കാരണം അഫ്ഗാനിസ്ഥാനിലേയ്ക്ക് തിരിച്ചയച്ചാൽ കുടുംബാംഗങ്ങളുടെ ജീവൻ നഷ്ടമാകുവോ എന്ന ഭയം അഫ്ഗാൻ സ്വദേശിയുടെ മകൻ പറയുന്നു. താലിബാൻ ഏറ്റെടുത്തതിനുശേഷം യുകെയിലേയ്ക്ക് മാറാൻ അപേക്ഷിച്ച അഫ്ഗാനികളുടെ പേരുകൾ, ബന്ധപ്പെടാനുള്ള വിവരങ്ങൾ, കുടുംബ വിവരങ്ങൾ എന്നിവ അടങ്ങിയ ഒരു സ്പ്രെഡ്‌ഷീറ്റ് പ്രതിരോധ മന്ത്രാലയത്തിലെ (MoD) ഉദ്യോഗസ്ഥൻ തെറ്റായി ഇമെയിൽ ചെയ്തതിന് പിന്നാലെയാണ് 2022 ഫെബ്രുവരിയിൽ വിവരങ്ങൾ ചോർന്നത്.

2023 ഓഗസ്റ്റിൽ ഒരു ഫേസ്ബുക്ക് ഗ്രൂപ്പിൽ ചില ഡാറ്റ പ്രത്യക്ഷപ്പെട്ടപ്പോഴാണ് സർക്കാർ വിവരങ്ങൾ ചോർന്നത് തിരിച്ചറിഞ്ഞത്. പിന്നാലെ നിരവധി പേരെ സർക്കാർ യുകെയിലേക്ക് മാറ്റിയിരുന്നു. അഫ്ഗാനിസ്ഥാന്‍ ജനതയ്ക്ക് ഭയമില്ലാതെ ജീവിക്കാന്‍ കഴിയുമെന്നാണ് താലിബാൻെറ അവകാശവാദം. എന്നാല്‍ ഇതിന് വിപരീതമായാണ് ഐക്യരാഷ്ട്രസഭയുടെ പുതിയ റിപ്പോര്‍ട്ട് പറയുന്നത്.

2021 ഓഗസ്റ്റിൽ താലിബാൻ അഫ്ഗാനിസ്ഥാന്‍ ഏറ്റെടുത്തതിനുശേഷം ഈ കുടുംബം യുകെയുടെ അഫ്ഗാൻ റീലോക്കേഷൻസ് ആൻഡ് അസിസ്റ്റൻസ് പോളിസി (ARAP) യിൽ അപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞ വർഷം പ്രതിരോധ മന്ത്രാലയം ഇവരുടെ അപേക്ഷ അംഗീകരിച്ചു. നടപടിക്രമങ്ങൾ തീരുവാൻ 2024 ഒക്ടോബർ മുതൽ ഇവർ പാകിസ്ഥാനിൽ കഴിഞ്ഞു. എന്നാൽ ഈ കാലയളവിൽ നിയമവിരുദ്ധമായി രാജ്യത്ത് കഴിഞ്ഞതിനാണ് ഇവർ പാകിസ്ഥാനിൽ പിടിയിലായത്. കുടുംബത്തിലെ കുട്ടികളെ പോലും തടങ്കൽ ക്യാമ്പിലേക്ക് കൊണ്ടുപോയി. 2022-ലെ ഡേറ്റാ ലംഘനം യുകെയിൽ പുനരധിവാസം തേടുന്ന ഏകദേശം 19,000 അഫ്ഗാനികളുടെ വിവരങ്ങൾ വെളിപ്പെടുത്തിയിരുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ട്, വെയിൽസ്, വടക്കൻ അയർലൻഡ് എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾക്ക് എ-ലെവൽ, ടി-ലെവൽ, ബിടെക് നാഷണൽ പരീക്ഷാഫലങ്ങൾ പ്രഖ്യാപിച്ചപ്പോൾ മികച്ച നേട്ടവുമായി മലയാളിൽ കുട്ടികൾ മുന്നിലെത്തി. മൂന്ന് എ സ്റ്റാർ, ഒരു എ ഗ്രേഡു എന്നിവ കരസ്ഥമാക്കി ഹെയർഫോർഡിലെ സെറ ബിൽബി എ ലെവൽ പരീക്ഷയിൽ ശ്രദ്ധേയമായ വിജയം നേടി. ബയോളജി, കെമിസ്ട്രി, മാത്‍സ് തുടങ്ങിയ വിഷയങ്ങളിൽ എ സ്റ്റാർ ഗ്രേഡ് ആണ് ഈ മിടുക്കിക്ക് ലഭിച്ചത്. ഇംഗ്ലീഷിന് എ ഗ്രേഡും നേടിയ സെറ ഫാർമക്കോളജി പഠനത്തിനായുള്ള ഒരുക്കത്തിലാണ്. കോട്ടയത്ത് മാന്നാനം ആണ് സെറ ബിൽബിയുടെ കുടുംബം. ഹെർഫോർഡ് എൻഎച്ച്എസിൽ ജോലി ചെയ്യുന്ന ബിൽബി തോമസ്, റാണി കുര്യൻ എന്നിവരാണ് മാതാപിതാക്കൾ. പത്താം ക്ലാസ് വിദ്യാർഥിനിയായ സോന ഏക സഹോദരി ആണ് .

ഈ വർഷം ഉയർന്ന എ-ലെവൽ ഫലങ്ങൾ നേടുന്ന വിദ്യാർത്ഥികളുടെ എണ്ണം റെക്കോർഡ് ഉയരത്തിലെത്തി. , ഇംഗ്ലണ്ട്, വെയിൽസ്, വടക്കൻ അയർലൻഡ് എന്നിവിടങ്ങളിലെ 28.3% പേർ എ* അല്ലെങ്കിൽ എ ഗ്രേഡ് നേടി . എന്നാൽ കഴിഞ്ഞ വർഷം ഇത് 27.8% ആയിരുന്നു. വിദ്യാർത്ഥികൾ മികച്ച വിജയം കൈവരിച്ചതോടെ യൂണിവേഴ്സിറ്റികളിൽ പ്രവേശനം നേടുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിലും വർദ്ധനവ് ഉണ്ടായിട്ടുണ്ട്.

കോവിഡിന് ശേഷമുള്ള ഏറ്റവും മികച്ച എ – ലെവൽ പരീക്ഷാ ഫലമാണ് നിലവിൽ പുറത്തു വന്നിരിക്കുന്നത്. ഇംഗ്ലണ്ട്, വെയിൽസ്, വടക്കൻ അയർലൻഡ് എന്നിവയിലുടനീളം ഏഴ് വർഷത്തിനിടെ ആദ്യമായി ഈ വർഷത്തെ മികച്ച എ-ലെവൽ ഗ്രേഡുകളിൽ ആൺകുട്ടികൾ പെൺകുട്ടികളെക്കാൾ മികച്ച പ്രകടനം കാഴ്ച വച്ചു. ഏറ്റവും നല്ല പ്രകടനം കാഴ്ച വച്ചിരിക്കുന്ന ലണ്ടനും മോശം റിസൾട്ട് വന്നിരിക്കുന്ന ഇംഗ്ലണ്ടിലെ വടക്ക് കിഴക്കൻ മേഖലകളും തമ്മിലുള്ള അന്തരം വളരെ അധികം വർദ്ധിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തു വന്നിട്ടുണ്ട്. തങ്ങളുടെ വിദ്യാഭ്യാസത്തിൽ വളരെയധികം അസമത്വങ്ങൾ നിലനിൽക്കുന്നത് നിരാശജനകമാണെന്നാണ് ഇതിനോട് വിദ്യാഭ്യാസ സെക്രട്ടറി ബ്രിഡ്ജറ്റ് ഫിലിപ്സൺ പ്രതികരിച്ചത്.
മുൻ വർഷങ്ങളിലേതു പോലെ എ – ലെവൽ പരീക്ഷയിൽ മികച്ച വിജയം നേടുന്ന കുട്ടികളുടെ വിവരങ്ങൾ മലയാളം യുകെ പ്രസിദ്ധീകരിക്കുന്നതായിരിക്കും. ഫോട്ടോ ഉൾപ്പെടെയുള്ള വിവരങ്ങൾ contact . [email protected] എന്ന വിലാസത്തിലാണ് അയക്കേണ്ടത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
പതിമൂന്ന് വയസ്സുകാരിയായ പെൺകുട്ടിയെ അതിക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കുറ്റത്തിന് കൗമാരക്കാരൻ അറസ്റ്റിലായി. വെസ്റ്റ് യോർക്ക് ഷെയറിൽ ആണ് നാടിനെ നടുക്കിയ ക്രൂരത അരങ്ങേറിയത്. തിങ്കളാഴ്ച രാത്രി ഹഡേഴ്സ്ഫീൽഡിലെ ഷീപ്രിഡ്ജ് റോഡിലുള്ള ഒരു ഫ്ലാറ്റിൽ ഒരു പെൺകുട്ടിയെ അബോധവസ്ഥയിൽ കണ്ടെന്ന റിപ്പോർട്ടുകൾ ലഭിച്ചതിനെ തുടർന്ന് ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തിയിരുന്നു . പോസ്റ്റ്മോർട്ടത്തിനു ശേഷമാണ് പെൺകുട്ടി നേരിട്ട ക്രൂരത പുറത്തുവന്നത്.

ഹഡേഴ്സ്ഫീൽഡിൽ നിന്നുള്ള 16 വയസ്സുള്ള ആൺകുട്ടിയെ കൊലപാതകത്തിനും ബലാത്സംഗത്തിനും സംശയിച്ച് അറസ്‌റ്റു ചെയ്തു.ഇയാൾ നിലവിൽ കസ്റ്റഡിയിൽ തുടരുകയാണ് . പെൺകുട്ടിയുടെ മരണത്തിലേയ്ക്ക് നയിച്ച കൂടുതൽ കാര്യങ്ങളെ കുറിച്ച് അന്വേഷണം നടത്തണമെന്ന അഭിപ്രായമാണ് പോലീസ് പ്രകടിപ്പിച്ചത്. സമാനമായ ഒരു സംഭവത്തിൽ കിർക്ക്ലീസിൽ 16 വയസ്സുള്ള ഒരു പെൺകുട്ടി ബലാത്സംഗത്തിനിരയായതിന് ഒരു പ്രതിയെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചിട്ടുണ്ട്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ടിലെ എൻഎച്ച്എസ് വെയിറ്റിംഗ് ലിസ്റ്റിൽ ജൂണിൽ നേരിയ തോതിലുള്ള വർദ്ധനവ് ഉണ്ടായി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വെയ്റ്റിംഗ് ലിസ്റ്റിൽ ഉള്ള രോഗികളുടെ എണ്ണം കുറവാണെങ്കിലും, ആശുപത്രികൾ ഇപ്പോഴും ആവശ്യത്തിന് രോഗികളെ ചികിത്സിക്കുന്നില്ലെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ചികിത്സ ലഭിക്കാതെ തന്നെ രോഗികളെ പട്ടികയിൽ നിന്ന് നീക്കം ചെയ്യുന്നതായി പ്രമുഖ മാധ്യമം ആയ ബിബിസി അന്വേഷണത്തിൽ കണ്ടെത്തി. ഇങ്ങനെ ചെയ്തത് വഴിയാണ് കണക്കുകളിൽ കുറവുണ്ടായതെന്ന് ബിബിസി പറയുന്നു.

രോഗികൾ സുഖം പ്രാപിക്കുകയാണെങ്കിലോ, സ്വകാര്യ പരിചരണത്തിനായി പണം നൽകിയാലോ ഇനി അവർക്ക് ചികിത്സ ആവശ്യമല്ലെങ്കിലോ ആണ് രോഗികളെ നിയമപരമായി പട്ടികയിൽ നിന്ന് നീക്കം ചെയ്യാൻ സാധിക്കുക. കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനായി ഈ പ്രക്രിയ വർഷങ്ങളായി എൻഎച്ച്എസ് നടപ്പിലാക്കി വരികയാണ്. ഓരോ രോഗിയെ നീക്കം ചെയ്യുമ്പോഴും ആശുപത്രികൾക്ക് സാമ്പത്തിക പ്രോത്സാഹനങ്ങൾ ലഭിക്കുന്നു.

എന്നാൽ മാർച്ച്, ഏപ്രിൽ മാസങ്ങളിൽ 100,000 രോഗികളെ പട്ടികയിൽ നിന്ന് നീക്കം ചെയ്തതായി രേഖകൾ കാണിക്കുന്നു. അതായത് പട്ടികയിൽ ഉണ്ടായിരുന്ന രോഗികളുടെ എണ്ണം നേരത്തെ പുറത്ത് വിട്ടതിനേക്കാൾ കൂടുതൽ ആണെന്നാണ് ഇത് സൂചിപ്പിക്കുന്നത്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ പ്രതിമാസം ശരാശരി 200,000-ത്തിലധികം നീക്കം ചെയ്യലുകൾ ഉണ്ടായിട്ടുണ്ടാകാം. കമ്പ്യൂട്ടർ പിശകുകൾ രോഗികളെ തെറ്റായി നീക്കം ചെയ്യുന്നതിനുള്ള സാധ്യതയും വിദഗ്ദ്ധർ ചൂണ്ടിക്കാട്ടി. അതുകൊണ്ട് തന്നെ സമീപകാലത്തായി ലിസ്റ്റിൽ ഉണ്ടായ കുറവുകൾ എൻഎച്ച്എസ് കൂടുതൽ രോഗികളെ ചികിത്സിച്ചതിനാലാണ് എന്ന് ചിന്തിക്കുന്നത് തെറ്റാണെന്ന് നഫീൽഡ് ട്രസ്റ്റിലെ ഡോ. ബെക്സ് ഫിഷർ പറഞ്ഞു. വാസ്തവത്തിൽ, റഫർ ചെയ്യപ്പെടുന്ന രോഗികളേക്കാൾ കുറച്ച് രോഗികളെ മാത്രമേ ചികിത്സിക്കുന്നുള്ളൂ. അതേസമയം എൻഎച്ച്എസ് ചികിത്സിക്കുന്ന രോഗികളുടെ എണ്ണത്തിൽ ക്രമാതീതമായി വർദ്ധനവ് ഉണ്ടായതായാണ് സർക്കാർ വാദം.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
‘ഫ്ലോറിസ്’ ചുഴലിക്കാറ്റിൽ പത്തനംതിട്ട സ്വദേശിനിക്ക് ജീവൻ നഷ്ടമായി. യുകെയിലെ മാഞ്ചസ്റ്ററിലെ വിഗനിൽ മകളെയും കുടുംബത്തെയും സന്ദർശിക്കാൻ എത്തിയതായിരുന്നു മല്ലപ്പള്ളി ചെങ്ങരൂർ സ്വദേശിനി ശോശാമ്മ ഏബ്രഹാം (71). നേഴ്‌സായ മകൾ ലിജോ റോയിയെ സന്ദർശിക്കാൻ ഭർത്താവ് വി. എ. ഏബ്രഹാമിനൊപ്പം യുകെയിൽ എത്തിയതായിരുന്നു ശോശാമ്മ.
അവധിക്കാലമായതിനാൽ സ്കോട്ട് ലൻഡിലെ എഡിൻബറോ സന്ദർശിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. കാറിൽ നിന്നിറങ്ങി ജാക്കറ്റ് ധരിക്കുന്നതിനിടെ കാറ്റിൽ നിയന്ത്രണം നഷ്ടപ്പെട്ട് ശോശാമ്മ പിന്നോട്ട് വീഴുകയായിരുന്നു. വീഴ്ചയിൽ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റതിനെ തുടർന്ന് ഉടൻതന്നെ എഡിൻബറോ റോയൽ ഇൻഫർമറി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. അപകടവിവരം അറിഞ്ഞതിന് പിന്നാലെ യുഎസിലുള്ള മകൾ ലേഖയും ഭർത്താവ് റിജോയും സ്കോട്ട് ലൻഡിൽ എത്തി. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
ചെങ്ങരൂർ വടക്കേക്കര കുടുംബാംഗമാണ് ശോശാമ്മ. മക്കൾ: ലിജോ റോയി, ലേഖ റിജോ (യുഎസ്), ലിറ്റി ജിജോ (മുണ്ടക്കയം), ലിജു ഏബ്രഹാം(പരേതൻ). മരുമക്കൾ: റിജോ (യുഎസ്), റോയി ഉമ്മൻ (യുകെ), ജിജോ, ലിജി.
ലിജോ റോയിയുടെ മാതാവ് ശോശാമ്മ ഏബ്രഹാമിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
പ്രായപരുധി പരിശോധന കർശനമാക്കിയതിനെ തുടർന്ന് യുകെയിൽ നിന്ന് അശ്ലീല സൈറ്റുകൾ സന്ദർശിക്കുന്നവരുടെ എണ്ണം കുറഞ്ഞതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ജൂലൈ 25 മുതലാണ് ഇത്തരം വെബ്സൈറ്റുകൾ സന്ദർശിക്കുമ്പോൾ കർശനമായ പ്രായപരിധി ഏർപ്പെടുത്തി കൊണ്ടുള്ള നിയമം നിലവിൽ വന്നത്. കുട്ടികളെ ദോഷകരമായി ബാധിക്കുന്ന സൈറ്റുകളോ ആപ്പുകളോ തടയുന്നതിനാണ് ഓൺലൈൻ സുരക്ഷാ നിയമങ്ങൾ പ്രധാനമായും നടപ്പിലാക്കിയത്. നിയമം നടപ്പിലാക്കിയത് ഫലപ്രദമാകുന്നുവെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.

പല അശ്ലീല സൈറ്റുകളിലേക്കുള്ള സന്ദർശനങ്ങൾ 50 ശതമാനത്തിൽ താഴെയായതായാണ് കണക്കുകൾ കാണിക്കുന്നത്. യുകെയിലെ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന പോൺ സൈറ്റായ പോൺഹബിലേക്കുള്ള ദൈനംദിന സന്ദർശനങ്ങൾ പ്രായപരിധി ഏർപ്പെടുത്തുന്നതിന് തൊട്ടുമുമ്പുള്ള ജൂലൈ 24 ന് 3.6 ദശലക്ഷം ആയിരുന്നു. എന്നാൽ നിരോധനം ഏർപ്പെടുത്തിയതിനു ശേഷം ആഗസ്റ്റ് 8 – ന് സന്ദർശനം 1.9 ദശലക്ഷമായാണ് കുറഞ്ഞത്. ഡിജിറ്റൽ മാർക്കറ്റ് ഇന്റലിജൻസ് കമ്പനിയായ സിമിലർവെബിന്റെ ഡാറ്റ പ്രകാരം അടുത്ത ഏറ്റവും ജനപ്രിയ സൈറ്റുകളായ എക്സ് വീഡിയോസ്, എക്സ് ഹാംസ്റ്റർ എന്നിവയുടെ സന്ദർശനങ്ങൾ ഇതേ കാലയളവിൽ 47 ശതമാനവും 39 ശതമാനവും കുറഞ്ഞു.

അശ്ലീല സൈറ്റുകൾ പോലെ തന്നെ ആത്മഹത്യ, അതുപോലെയുള്ള കുട്ടികളുടെ മാനസികാരോഗ്യത്തെ ഹാനികരമായി സ്വാധീനിക്കാൻ സാധ്യതയുള്ള ഉള്ളടക്കങ്ങൾ അടങ്ങിയ സൈറ്റുകളും നിരോധിക്കണം എന്ന ആവശ്യവും ശക്തമാണ്. നിയമത്തിന് മേൽനോട്ടം വഹിക്കുന്ന യുകെ വാച്ച്ഡോഗായ ഓഫ്‌കോം പ്രായപരിധി ഉറപ്പാക്കൽ നടപടികളെ ശക്തമായി പിന്തുണച്ചിട്ടുണ്ട്. നിലവിൽ നടപ്പിലാക്കിയിരിക്കുന്ന ഓൺലൈൻ സുരക്ഷാ നിയമങ്ങൾ കർശനമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് ഇത്തരം സൈറ്റുകളുടെ ഉടമസ്ഥരാണ്. നിയമലംഘനങ്ങൾക്ക് ഔപചാരിക മുന്നറിയിപ്പുകൾ മുതൽ £18 മില്യൺ വരെ പിഴ അല്ലെങ്കിൽ ആഗോള വിറ്റുവരവിന്റെ 10% അല്ലെങ്കിൽ യുകെയിൽ സൈറ്റ് ബ്ലോക്ക് ചെയ്യപ്പെടുന്നത് ഉൾപ്പെടെ നിരവധി ശിക്ഷകൾ ലഭിക്കും.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടനിൽ കുടിയേറ്റ വിരുദ്ധ പ്രക്ഷോഭങ്ങൾ അരങ്ങ് തകർക്കുകയാണ്. അതേ സമയത്ത് അനധികൃത കുടിയേറ്റക്കാരെ താമസിപ്പിച്ചിരുന്ന ഹോട്ടലിൽ ലൈംഗികാതിക്രമം നടത്തിയതിന് ഒരാൾക്കെതിരെ കേസെടുത്തു. കുടിയേറ്റ വിരുദ്ധ പ്രക്ഷോഭങ്ങൾക്ക് കൂടുതൽ ആവേശം പകരുന്നതാണ് പുറത്തുവരുന്ന വിവരങ്ങൾ. എസ്സെക്സിലെ എപ്പിങ്ങിലുള്ള ദി ബെൽ ഹോട്ടലിൽ താമസിക്കുന്ന സിറിയൻ പൗരനായ മുഹമ്മദ് ഷർവാർഖ് (32) ക്കെതിരെയാണ് കുറ്റം ചുമത്തിയിരിക്കുന്നത്.

എപ്പിങ്ങിലെ ബെൽ ഹോട്ടലിലാണ് ഇയാൾ താമസിച്ചിരുന്നത്. അടുത്തകാലത്ത് നിരവധി കുടിയേറ്റ വിരുദ്ധ പ്രക്ഷോഭങ്ങളാണ് മേൽപറഞ്ഞ ഹോട്ടലിന്റെ മുൻപിൽ നടന്നത്. ജൂലൈ 25 നും ഓഗസ്റ്റ് 12 നും ഇടയിൽ കുറ്റകൃത്യങ്ങൾ നടന്നതായി ആരോപിക്കപ്പെടുന്നതായി എസെക്സ് പോലീസ് പറഞ്ഞു. ചൊവ്വാഴ്ച ഇയാളെ അറസ്റ്റ് ചെയ്ത് കസ്റ്റഡിയിൽ വിട്ടു. കേസുമായി ബന്ധപ്പെട്ട് മറ്റ് പ്രതികളെ അന്വേഷിക്കുന്നില്ലെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ബെൽ ഹോട്ടലിലെ ഒരു താമസക്കാരനെതിരെ ലൈംഗിക സ്വഭാവമുള്ള കുറ്റം ഉൾപ്പെടെ ഒന്നിലധികം ആക്രമണങ്ങൾക്ക് കേസെടുത്തിട്ടുണ്ടെന്ന റിപ്പോർട്ടുകളിൽ താൻ വളരെയധികം ആശങ്കാകുലനാണ് എന്ന് എപ്പിംഗ് ഫോറസ്റ്റിന്റെ കൺസർവേറ്റീവ് എംപിയായ ഡോ. നീൽ ഹഡ്‌സൺ പറഞ്ഞു.

അനധികൃത കുടിയേറ്റത്തിനെതിരെയുള്ള പ്രതിഷേധങ്ങൾ എല്ലാ പരിധിയും വിട്ട് യുകെയിൽ കത്തി പടരുകയാണ്. അനധികൃത കുടിയേറ്റക്കാരെ താമസിപ്പിച്ചിരിക്കുന്ന ഹോട്ടലുകളുടെ പുറത്ത് പ്രതിഷേധക്കാരും പോലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലുകൾ നിരന്തരം മാധ്യമങ്ങളിൽ വാർത്തകൾ സൃഷ്ടിക്കുകയാണ്. അനധികൃത കുടിയേറ്റത്തെ കുറിച്ച് പുറത്തു വരുന്ന കണക്കുകളും ഇത്തരം പ്രതിഷേധങ്ങൾക്ക് എരിവ് പകരുന്നതാണ്. ലേബർ പാർട്ടി ജൂലൈ 4- ലെ പൊതു തെരഞ്ഞെടുപ്പിൽ അധികാരമേറ്റതിനുശേഷം യുകെയിൽ ചാനൽ കടന്നെത്തിയ അനധികൃത കുടിയേറ്റക്കാരുടെ എണ്ണം 50,000 കടന്നതായുള്ള റിപ്പോർട്ടുകൾ ഇന്നലെ ഹോം ഓഫീസ് പുറത്തു വിട്ടിരുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ടിൽ താപനില വർദ്ധിക്കുന്നതിന് പിന്നാലെ ഏഴ് പ്രദേശങ്ങൾക്ക് ഓഗസ്റ്റ് 18 വൈകിട്ട് 6 മണി വരെ ഹീറ്റ് വാണിംഗ് പ്രഖ്യാപിച്ചു. യോർക്ക്ഷയർ, ഹംബർ, കിഴക്ക്, പടിഞ്ഞാറൻ മിഡ്‌ലാൻഡ്‌സ്, ലണ്ടൻ, തെക്ക് കിഴക്ക്, തെക്ക് പടിഞ്ഞാറ്, ഇംഗ്ലണ്ടിന്റെ കിഴക്ക് എന്നീ പ്രദേശങ്ങളിലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഈ താപനില പ്രധാനമായും പ്രായമായവരെയും നിലവിൽ ആരോഗ്യപ്രശ്നങ്ങളുള്ളവരെയും ആണ് ബാധിക്കുക.

അതേസമയം, സ്കോട്ട് ലൻഡിന്റെ മിക്ക ഭാഗങ്ങളിലും ബുധനാഴ്ച അർദ്ധരാത്രി വരെ ഇടിമിന്നലിൻെറ യെല്ലോ വാണിംഗ് നിലവിലുണ്ട്. സെൻട്രൽ, സൗത്ത് ഈസ്റ്റ് സ്കോട്ട് ലൻഡിൽ കനത്ത മഴ പ്രാദേശിക തടസ്സങ്ങൾക്കും പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടാക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ചൊവ്വാഴ്ച ഇംഗ്ലണ്ടിന്റെ നോർത്തോൾട്ട്, റോസ്-ഓൺ-വൈ, ബെൻസൺ എന്നിവിടങ്ങളിൽ താപനില 33.4°C വരെ രേഖപ്പെടുത്തിയിരുന്നു. വെയിൽസിലെ കാർഡിഫിൽ 32.8°C യും, സ്കോട്ട് ലൻഡിലെ ചാർട്ടർഹാളിൽ 29.4°C യും, വടക്കൻ അയർലൻഡിലെ അർമാഗിൽ 27.8°C യും താപനില രേഖപ്പെടുത്തി. കാലാവസ്ഥാ വ്യതിയാനം കാരണം ഉഷ്ണ തരംഗങ്ങൾ കൂടുതൽ പതിവായി മാറുകയും തീവ്രമാവുകയും ചെയ്തിരിക്കുകയാണ്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
രണ്ട് വർഷത്തിനിടെ ആദ്യമായി യുകെയിലെ മോർട്ട്ഗേജ് നിരക്ക് 5% ൽ താഴെയായി എന്ന റിപ്പോർട്ട് പുറത്ത്. 2022 സെപ്റ്റംബറിൽ മുൻ പ്രധാനമന്ത്രി ലിസ് ട്രസ് മിനി ബജറ്റ് അവതരിപ്പിച്ചതിനുശേഷം ആദ്യമായാണ് മോർട്ട്ഗേജ് നിരക്ക് 5% ൽ താഴെയായതെന്ന് മണിഫാക്റ്റ്സിൻെറ റിപ്പോർട്ടിൽ പറയുന്നു. നിലവിലെ നിരക്ക് 4.99% ആണ്. കഴിഞ്ഞ ഓഗസ്റ്റ് മുതൽ അഞ്ച് തവണ പലിശ നിരക്കുകൾ കുറച്ചിട്ടുണ്ട്. എന്നാൽ ബാങ്ക് ഓഫ് ഇംഗ്ലണ്ടിൽ അടുത്തിടെ നടന്ന ഒരു വിഭജന വോട്ടെടുപ്പിൻെറ ഫലം ഈ വർഷം കൂടുതൽ വെട്ടിക്കുറയ്ക്കലുകൾ ഉണ്ടാകുമോ എന്ന സംശയം ഉയർന്നിട്ടുണ്ട്.

ചാൻസലർ ക്വാസി ക്വാർട്ടെങ് അവതരിപ്പിച്ച 2022 സെപ്റ്റംബറിലെ മിനി-ബജറ്റിൽ, ഫണ്ടില്ലാത്ത നികുതി ഇളവുകളിൽ 45 ബില്യൺ പൗണ്ട് ഉൾപ്പെടുത്തിയിട്ടുണ്ടായിരുന്നു. ഇത് സർക്കാർ വായ്പയെടുക്കുന്നതിനുള്ള ചെലവ് വർദ്ധിപ്പിക്കുകയും മോർട്ട്ഗേജ് നിരക്കുകൾ കുത്തനെ ഉയർത്തുകയും ചെയ്‌തു. 2023 ഓഗസ്റ്റിൽ നിരക്കുകൾ 6.85% ആയി ഉയർന്നു. 2008 ലെ സാമ്പത്തിക പ്രതിസന്ധിക്ക് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കായിരുന്നു ഇത്.

യുകെ ഫിനാൻസിൻെറ കണക്കുകൾ അനുസരിച്ച് 2025 ന്റെ രണ്ടാം പകുതിയിൽ 900,000 ഫിക്സഡ്-റേറ്റ് മോർട്ട്ഗേജ് ഡീലുകൾ കാലഹരണപ്പെടും കൂടാതെ വർഷം മുഴുവനും ആകെ 1.6 ദശലക്ഷം പുതുക്കലുകൾ ഉണ്ടാകും. സെപ്റ്റംബറിൽ പണപ്പെരുപ്പം 4% ആകുമെന്ന് പ്രതീക്ഷിക്കുന്നതായും 2027 ആകുമ്പോഴേക്കും 2% ലക്ഷ്യത്തിലേക്ക് താഴുമെന്നും ബാങ്ക് ഓഫ് ഇംഗ്ലണ്ട് അടുത്തിടെ മുന്നറിയിപ്പ് നൽകിയിരുന്നു. ജൂലൈയിലും വീടുകളുടെ വില ഉയർന്നിരുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
22 വയസ്സിന് താഴെയുള്ളവരുടെ തുടർ വിദ്യാഭ്യാസത്തിനും ജോലിയിലും പ്രവേശിപ്പിക്കുന്നതിനായും സൗജന്യ ബസ് പാസ് നൽകണമെന്ന് എംപിമാർ ശുപാർശ ചെയ്തു. ഇതിൻറെ ഭാഗമായി ഈ പ്രായത്തിലുള്ളവർക്ക് ദിവസത്തിൻറെ ഏത് സമയത്തും സൗജന്യ ബസ് യാത്രയാണ് ശുപാർശ ചെയ്തിരിക്കുന്നത്. പണപ്പെരുപ്പത്തേക്കാൾ ഉയർന്ന തോതിൽ നിരക്കുകൾ വർദ്ധിച്ചത് മൂലം സമീപ വർഷങ്ങളിൽ ബസ് യാത്രക്കാരുടെ എണ്ണം ക്രമാതീതമായി കുറയുന്നതിന് കാരണമായതും റിപ്പോർട്ടിലുണ്ട്.

ഇത്തരം പ്രതികൂല സാഹചര്യങ്ങളിൽ യുവാക്കൾ ജോലിക്ക് പോകുന്നതിന് തടസ്സം ആകുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. രാജ്യത്തുടനീളമുള്ള ബസ് സർവീസുകളുടെ വിശ്വാസ്യത സർവീസുകളും മെച്ചപ്പെടുത്തുന്നതിന് 1 ബില്യൺ പൗണ്ട് മൾട്ടി-ഇയർ ഫണ്ടിംഗ് നൽകുന്നുണ്ടെന്ന് ഗതാഗത വകുപ്പ് അറിയിച്ചിട്ടുണ്ട്. 2022 ജനുവരി മുതൽ സ്കോട്ട്ലൻഡിലെ അഞ്ച് മുതൽ 22 വയസ്സ് വരെ പ്രായമുള്ള എല്ലാവർക്കും സൗജന്യ ബസ് യാത്രയ്ക്ക് അർഹതയുണ്ട്. സമാനമായ നടപടികൾ ഇംഗ്ലണ്ടിലും വേണമെന്നാണ് എംപിമാർ ശുപാർശ ചെയ്തിരിക്കുന്നത്.

ഇംഗ്ലണ്ടിൽ ബസ് യാത്രക്കാരുടെ എണ്ണം 2009 ൽ 4.6 ബില്യണിൽ നിന്ന് 2024 ൽ 3.6 ബില്യണായി കുറഞ്ഞുവെന്ന് ഗതാഗത കമ്മിറ്റിയുടെ റിപ്പോർട്ട് പറയുന്നു. 2019 ലെ ഒരു പഠനത്തിൽ, തൊഴിലന്വേഷകരിൽ ഏകദേശം 57% പേർക്ക് ബസിൽ 45 മിനിറ്റിനുള്ളിൽ ഒരു തൊഴിൽ കേന്ദ്രത്തിൽ എത്താൻ കഴിയാത്ത പ്രദേശങ്ങളിലാണ് താമസിക്കുന്നതെന്ന് കണ്ടെത്തി. ഉയർന്ന ബസ് നിരക്കുകളും പരിമിതമായ പ്രാദേശിക സൗകര്യങ്ങളും യുവാക്കളുടെ വിദ്യാഭ്യാസം, തൊഴിൽ, മറ്റ് അവസരങ്ങൾ എന്നിവയിലേക്കുള്ള പ്രവേശനത്തെ ഗുരുതരമായി നിയന്ത്രിക്കും എന്ന് റിപ്പോർട്ട് പറയുന്നു. ആരോഗ്യപരവും സാമ്പത്തികവുമായ കാരണങ്ങളാൽ വാഹനമോടിക്കാൻ കഴിയാത്തതിനാൽ തങ്ങൾ ഇപ്പോഴും ബസ് ഉപയോഗിക്കുന്നുണ്ടെന്നും സൗജന്യ ബസ് പാസിന്റെ ഗുണം ഉപകാരപ്രദമാകും എന്നുമാണ് പല യുവാക്കളും പദ്ധതിയെ കുറിച്ച് അഭിപ്രായപ്പെട്ടത്.