Main News

ചരിത്രം തിരുത്തി മഹാവിസ്മയം തമോഗർത്ത ഫോട്ടോക്ക് പിന്നിൽ മലയാളി ശാസ്ത്രജ്ഞയും. മാന്നാർ സ്വദേശി ധന്യ ജി നായർ (27) ആണ് കേരളത്തിന്റെ അഭിമാനമായത്. കുരട്ടിക്കാട് തിരുവഞ്ചേരി ടി എസ് ഗോപാലകൃഷ്ണൻ നായരുടെയും സരസ്വതി ജി നായരുടെയും മകളാണ്.

മാന്നാർ ശ്രീഭുവനേശ്വരി ഹയർ സെക്കൻഡറി സ്കൂൾ, തിരുവല്ല മാർത്തോമ്മ കോളജ് (ബിഎസ്‍സി), പുണെ യൂണിവേഴ്സിറ്റി (എംഎസ്‌സി) എന്നിവിടങ്ങളിലെ പഠനത്തിനു ശേഷം പുണെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ചിൽ ആസ്ട്രോ ഫിസിക്സ് പ്രോജക്ടുകൾ ചെയ്ത ധന്യ, ജർമനിയിലെ മാക്സ്പ്ലാങ്ക് വാഴ്സിറ്റിയിൽ നിന്നു പിഎച്ച്ഡി നേടി. ഇപ്പോൾ നെതർലൻഡ്സിൽ ശാസ്ത്രജ്ഞയായി ജോലി ചെയ്യുന്നു. സഹോദരന്മാരായ ഡോ.ടി.ജി. ഗോപകുമാർ കാൻപുർ ഐഐടിയിലെ പ്രഫസറും ശ്യാം ജി.നായർ ഡൽഹിയിൽ ഫാഷൻ ഡിസൈനറും സ്റ്റൈലിസ്റ്റുമാണ്.

പ്രപഞ്ച രഹസ്യങ്ങളിലൊന്നായ തമോർഗത്തം (Black Hole) ചരിത്രത്തിലാദ്യമായിട്ടാണ് ക്യാമറയിൽ പതിഞ്ഞത്. ഇതുവരെ ഭാവനയിൽ മാത്രം ചിത്രീകരിച്ചിരുന്ന തമോഗർത്ത പ്രതിഭാസത്തിന്റെ ചിത്രമാണ് ഇപ്പോൾ ക്യാമറയിലൂടെ പകർത്തിയിരിക്കുന്നത്. ഭൂമിയുടെ പല ഭാഗത്തായി സ്ഥാപിച്ചിരുന്ന 8 ഇവന്റ് ഹൊറൈസൻസ് ടെലിസ്‌കോപ്പുകൾ ഉപയോഗിച്ചാണ് ചിത്രമെടുത്തത്.

രാജ്യാന്തര ജ്യോതിശാസ്ത്ര സമൂഹം 2012 ൽ ആരംഭിച്ച പ്രവർത്തനങ്ങളാണ് ഇപ്പോൾ ചരിത്രപരമായ കണ്ടെത്തലിൽ എത്തിനിൽക്കുന്നത്. ഭൂമിയിൽ നിന്നു 5 കോടി പ്രകാശവർഷം അകലെയുള്ള ‘മെസിയർ 87’ നക്ഷത്രസമൂഹത്തിലെ തമോഗർത്തത്തെയാണു ശാസ്ത്രജ്ഞർ കണ്ടെത്തിയത്. സൂര്യന്റെ 650 ബില്ല്യൻ മടങ്ങ് പിണ്ഡമുള്ളതാണ് ഈ തമോഗർത്തം. കറുത്ത ഒരു വൃത്തത്തിനു ചുറ്റും പ്രഭാവലയങ്ങളോടു കൂടിയ ചിത്രമാണ് ഇന്നലെ ഗവേഷകർ പുറത്തുവിട്ടത്. പ്രകാശം പോലും അകത്തേക്കു വലിച്ചെടുക്കുന്നതിനാൽ തമോഗർത്തത്തിന്റെ പടം ഇതുവരെ പകർത്താനായിരുന്നില്ല.

‌ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി സ്ഥാപിച്ച ഇവന്റ് ഹൊറൈസൻസ് ടെലിസ്‌കോപ്പുകൾ 2017 ഏപ്രിലിലാണ് നിരീക്ഷണം തുടങ്ങിയത്. ഇവയുടെ കണ്ടെത്തലുകൾ ഏകീകരിച്ച് ചിത്രമാക്കി മാറ്റുകയായിരുന്നു. വാഷിങ്ടനു പുറമേ ബ്രസൽസ് സാന്തിയാഗോ, ഷാങ്ഹായ്, തായ്പേയ്, ടോക്കിയോ എന്നിവിടങ്ങളിലും ഒരേസമയം മാധ്യമസമ്മേളനം നടത്തിയാണ് ഈ ചിത്രം പുറത്തുവിട്ടത്. ഇതിന് പിന്നാലെ സൈബർ ലോകത്ത് ചിത്രം വൈറലായിരുന്നു.

ലണ്ടന്‍: നോ-ഡീല്‍ ബ്രെക്‌സിറ്റിന് വേണ്ടിയുള്ള പ്രാഥമിക തയ്യാറെടുപ്പുകള്‍ക്കായി നിയോഗിക്കപ്പെട്ട 6,000 സിവില്‍ സെര്‍വന്റ്‌സിന് പിന്‍വലിച്ച് യു.കെ. ഈയിനത്തില്‍ രാജ്യം ചെലവഴിച്ചത് ഏതാണ്ട് 1.5 ബില്യണ്‍ പൗണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. പുതിയ സാഹചര്യത്തില്‍ ഇത്രയധികം സിവില്‍ സര്‍വെന്റ്‌സിനെ ഉപയോഗിക്കേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ തലത്തില്‍ ഉയര്‍ന്നിരിക്കുന്ന തീരുമാനമെന്നാണ് സൂചന. സംഭവത്തില്‍ പ്രധാനമന്ത്രി തെരേസ മേയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ലേബര്‍ പാര്‍ട്ടി രംഗത്ത് വന്നിട്ടുണ്ട്. രാജ്യത്തെ സംബന്ധിച്ച് ഇത്രയും തുക അധിക ചെലവായിരുന്നുവെന്നും നോ-ഡീല്‍ ബ്രെക്‌സിറ്റിന്റെ സാധ്യത നിലനിര്‍ത്താന്‍ തെരേസ മേയുടെ തന്ത്രമായിരുന്നു ഇതെന്നും ലേബര്‍ നേതാവ് ഹിലാരി ബെന്‍ പ്രതികരിച്ചു.

ഏതാണ്ട് 16,000 സിവില്‍ സെര്‍വെന്റ്‌സായിരുന്നു ബ്രെക്‌സിറ്റ് കാര്യങ്ങള്‍ക്കായി പ്രവര്‍ത്തിച്ചിരുന്നത്. ഇതില്‍ 6,000 പേരെയാണ് ഇപ്പോള്‍ ഒഴിവാക്കിയിരിക്കുന്നത്. ഇവര്‍ സാധാരണ ചെയ്തിരുന്ന മറ്റു ജോലികളിലേക്ക് തിരികെ പോകും. നോ-ഡീല്‍ ബ്രെക്‌സിറ്റ് സംഭവിച്ചാല്‍ കാര്യങ്ങള്‍ രാജ്യത്തിന് പ്രതിസന്ധി സൃഷ്ടിച്ചേക്കുമെന്ന് നേരത്തെ നിരീക്ഷകര്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ വലിയൊരു വിഭാഗം നോ-ഡീല്‍ പ്രതിസന്ധികള്‍ മറികടക്കാനായി തയ്യാറെടുപ്പുകള്‍ ആരംഭിച്ചത്. എന്നാല്‍ ബ്രെക്‌സിറ്റുമായി നടക്കുന്ന പുതിയ നീക്കുപോക്കുകള്‍ മാറിമറിഞ്ഞതോടെയാണ് ഇവരെ പിന്‍വലിക്കാന്‍ മേയ് സര്‍ക്കാര്‍ തീരുമാനിക്കുന്നത്. നേരത്തെ താന്‍ അവതരിപ്പിക്കുന്ന ഡീല്‍ പാര്‍ലമെന്റ് പാസാക്കിയാല്‍ രാജിവെക്കാന്‍ തയ്യാറാണെന്ന് തെരേസ മേയ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ രാജി സന്നദ്ധതയും മേയുടെ രക്ഷക്കെത്തിയില്ലെന്നതാണ് സത്യം.

താന്‍ വെക്കുന്ന നയരേഖ അംഗീകരിക്കുക അല്ലെങ്കില്‍ കാര്യങ്ങള്‍ നോ-ഡീലിലേക്ക് കടക്കുമെന്ന് പ്രധാനമന്ത്രിയുടെ ശാഠ്യത്തിന്റെ ബാക്കി പത്രമാണ് നിലവില്‍ നടക്കുന്ന പ്രശ്‌നങ്ങളെന്ന് ഹിലാരി ബെന്‍ കുറ്റപ്പെടുത്തുന്നു. ലേബര്‍ പാര്‍ട്ടി മേയ്‌ക്കെതിരെ സമാന വിമര്‍ശനങ്ങള്‍ മുന്‍പും ഉന്നയിച്ചിരുന്നു. മേയുടെ ശാഠ്യങ്ങളാണ് കാര്യങ്ങള്‍ പ്രതികൂലമാക്കിയതെന്ന് ലേബര്‍ ആരോപിക്കുന്നു. പാര്‍ലമെന്റില്‍ അവതരിപ്പിച്ച ഡീലില്‍ വലിയ മാറ്റങ്ങളില്ലാതെ കോമണ്‍സിന്റെ അംഗീകാരം മേയ്ക്ക് ലഭിക്കില്ലെന്നാണ് ജെറമി കോര്‍ബന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. എന്നാല്‍ ഡീലില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ മേയ് തയ്യാറായേക്കില്ല.

ലണ്ടന്‍: ബ്രെക്‌സിറ്റ് വിലവര്‍ധനവ് യു.കെയിലെ ആരോഗ്യമേഖലയെ പ്രതികൂല സാഹചര്യം സൃഷ്ടിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. വീറ്റാബിക്‌സ്, ബ്രാന്‍ ഫ്‌ളേക്‌സ് എന്നിവയുടെ വിതരണം എന്‍.എച്ച്.എസ് ഉടന്‍ നിര്‍ത്തിവെക്കും. കമ്പനികള്‍ ഉത്പ്പന്നത്തിന്റെ വില ഗണ്യമായി വര്‍ധിപ്പിച്ചതോടെയാണ് വീറ്റാബിക്‌സ്, ബ്രാന്‍ ഫ്‌ളേക്‌സ് എന്നിവ വാങ്ങുന്നത് നിര്‍ത്താന്‍ എന്‍.എച്ച്.എസ് നിര്‍ബന്ധിതരായിരിക്കുന്നത്. ബ്രെക്‌സിറ്റിന്റെ പശ്ചാത്തലത്തില് അവശ്യസാധനങ്ങളുടെ വില കുത്തനെ ഉയരുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വിലവര്‍ധനവ് പെട്ടന്നുണ്ടായതോടെ വീറ്റാബീക്‌സിന് സമാന ഉത്പ്പന്നങ്ങളുെട വിസ വര്‍ധിപ്പിക്കാന്‍ കമ്പനികള്‍ നിര്‍ബന്ധിതരായിരുന്നു. ഇതോടെ കമ്പനിയുമായുള്ള കോണ്‍ട്രാക്ടില്‍ നിന്ന് പിന്‍വാങ്ങാന്‍ ഹെല്‍ത്ത് ചീഫുമാര്‍ തീരുമാനിച്ചിരിക്കുന്നത്.

യു.കെയിലെ ഏറ്റവും പ്രചാരത്തിലുള്ള രണ്ട് ബ്രേക്ക്ഫാസ്റ്റ് മെനുവും എന്‍.എച്ച്.എസ് രോഗികള്‍ക്ക് ലഭ്യമാവില്ലെന്ന് വ്യക്തമായതോടെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവ കൂടാതെ ആല്‍ഫന്‍ സെറീല്‍ ബാറുകളും മെനുവില്‍ നിന്ന് നീക്കം ചെയ്യപ്പെട്ടേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഈ മൂന്ന് ഉത്പ്പന്നങ്ങളുടെയും നിലവിലുള്ള എന്‍.എച്ച്.എസ് സ്റ്റോക്കുകള്‍ ഒരാഴ്ച്ചക്കുള്ളില്‍ തീരുമെന്നാണ് വിവരം. അങ്ങനെ വന്നാല്‍ രോഗികള്‍ക്ക് പ്രിയപ്പെട്ട ബ്രേക്ക്ഫാസ്റ്റുകള്‍ ഇനിമുതല്‍ എന്‍.എച്ച്.എസിന് നല്‍കാന്‍ കഴിയാതെ വരും. അതേസമയം ബ്രേക്ക്ഫാസ്റ്റിന് മറ്റു സമാന്തര ഉത്പ്പന്നങ്ങള്‍ എത്തിക്കാനാവും എന്‍.എച്ച്.എസ് ശ്രമിക്കുക. നിലവിലെ സാമ്പത്തിക നിലയില്‍ അധികഭാരം സൃഷ്ടിക്കാത്ത എതെങ്കിലും മെനു തയ്യാറാക്കാനാവും ഹെല്‍ത്ത് ചീഫ് നിര്‍ദേശം നല്‍കുക.

ബ്രെക്‌സിറ്റ് പ്രതിസന്ധി ഉടന്‍ പരിഹരിക്കപ്പെട്ടില്ലെങ്കില്‍ യു.കെയിലെ ആരോഗ്യരംഗത്ത് കൂടുതല്‍ പ്രതികൂല സാഹചര്യങ്ങള്‍ സൃഷ്ടിക്കപ്പെടും. കൂടുതല്‍ നിയന്ത്രണങ്ങളും, രോഗികള്‍ക്ക് കൂടുതല്‍ അസൗകര്യങ്ങളുമുണ്ടാകുമെന്നാണ് നിരീക്ഷകരുടെ അഭിപ്രായം. മൂന്ന് തവണ ബ്രെക്‌സിറ്റ് നയരേഖ പാര്‍ലമെന്റില്‍ എത്തിയെങ്കിലും ദയനീയമായി പരാജയപ്പെടുന്ന കാഴ്ച്ചയാണ് കണ്ടത്. അവസാനമായി ജൂണ്‍ 30 വരെ യൂറോപ്യന്‍ യൂണിയന്‍ വിടാനുള്ള കാലയളവ് അനുവദിക്കണമെന്ന് മേയ് ഇ.യു നേതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ കാര്യങ്ങള്‍ തെരേസ മേയ്ക്ക് അനുകൂലമായി വരില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന.

ലണ്ടന്‍: ചെറുപ്പക്കാരിയുടെ തുടിപ്പും പ്രസരിപ്പും നിറഞ്ഞ പ്രവര്‍ത്തനങ്ങളും സമീപനങ്ങളുമായിരുന്നു ഡോ. സ്‌റ്റെഫ് ക്ലാര്‍ക്കിന്. ആശുപത്രിയില്‍ യാതന അനുഭവിക്കുന്ന രോഗികള്‍ക്ക് വേണ്ടി സദാസമയവും പ്രവര്‍ത്തിച്ചു. ജോലി സമയം കഴിഞ്ഞാലും മണിക്കൂറുകള്‍ അധികം കണ്ടെത്തി രോഗികകള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചു. ഡോ. സ്‌റ്റെഫിനെക്കുറിച്ച് വാല്‍സാല്‍ മാനോര്‍ ആശുപത്രി അധികൃതര്‍ക്കും രോഗികള്‍ക്കും പറയാന്‍ വിശേഷണങ്ങള്‍ ഏറെയാണ്. അപൂര്‍വ്വയിനം ക്യാന്‍സര്‍ ബാധിച്ച് മരണത്തിന് കീഴടങ്ങുന്നതിന്റെ ഒരു മാസം മുന്‍പ് വരെ ഡോക്ടര്‍ സ്‌റ്റെഫ് ആശുപത്രിയില്‍ രോഗികള്‍ക്കൊപ്പമായിരുന്നു. ഒരു ഡോക്ടറെന്ന നിലയില്‍ അവരുടെ ആത്മാര്‍ത്ഥയെ അടയാളപ്പെടുത്താന്‍ മറ്റൊരു തെളിവും ആവശ്യമില്ല.

28കാരിയായ സ്റ്റെഫ് ക്ലാര്‍ക്ക് ഇക്കഴിഞ്ഞ ഏപ്രില്‍ 9നാണ് ലോകത്തോട് വിടപറയുന്നത്. അപൂര്‍വ്വയിനം ക്യാന്‍സര്‍ തന്നെ മരണത്തിലേക്ക് കൊണ്ടുപോവുകയാണെന്ന് സ്റ്റെഫിന് അറിയാമായിരുന്നു. എന്നിട്ടും അവസാന നാളുകള്‍ പോലും രോഗികള്‍ക്ക് വേണ്ടി മാറ്റിവെക്കാന്‍ അവര്‍ തയ്യാറായി. യു.കെയിലെ ആരോഗ്യരംഗത്തിന് വലിയ നഷ്ടമായിരിക്കും സ്‌റ്റെഫിന്റെ വിയോഗമെന്ന് സോഷ്യല്‍ മീഡിയയില്‍ പ്രവഹിക്കുന്ന ആദരവുകള്‍ കണ്ടാല്‍ മനസിലാവും. ആശുപത്രിയുടെ ചരിത്രത്തില്‍ തന്നെ ഇത്രയധികം ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ച മറ്റൊരാള്‍ ഉണ്ടാവില്ലെന്ന് സ്റ്റെഫ് ചികിത്സിച്ച രോഗികള്‍ പറയുന്നു. ആ ത്രസിപ്പും ഉന്മേഷവും ഞങ്ങളുടെ ഓര്‍മ്മകള്‍ക്കൊപ്പമുണ്ടാകും എക്കാലവുമെന്നായിരുന്നു സ്റ്റെഫ് പ്രവര്‍ത്തിച്ച ആശുപത്രിയുടെ ഡയറക്ടര്‍ ഡോ. മാത്യൂ ലൂയിസ് കുറിച്ചത്.

കഴിഞ്ഞ ദിവസം നടന്ന മരണാന്തര ചടങ്ങുകളില്‍ അസാധാരണ ജനപങ്കാളിത്വം ഉണ്ടായിരുന്നു. സ്റ്റെഫിന്റെ സഹപ്രവര്‍ത്തകരും രോഗികളും ഉള്‍പ്പെടെ നിരവധി പേര്‍ ചടങ്ങില്‍ പങ്കെടുത്തു. സ്റ്റെഫ് മികച്ച ഒരു വിദ്യാര്‍ത്ഥിനിയായിരുന്നുവെന്ന് ഞങ്ങള്‍ കേട്ടിരുന്നു. പഠനകാലത്തിന് ശേഷം മികച്ചൊരു ഡോക്ടറുമായി സ്‌റ്റെഫ് മാറി. ആത്മാര്‍ത്ഥമായ പ്രവര്‍ത്തനവും സാഹദര്യ സ്‌നേഹവും പ്രകടിപ്പിച്ചിരുന്ന വ്യക്തിത്വത്തിന് ഉടമയായിരുന്നു സ്റ്റെഫെന്നും ഡോ. മാത്യൂ ലൂയിസ് അനുസ്മരിച്ചു. യു.കെയിലെ ആരോഗ്യ രംഗത്തിന് തന്നെ ഡോ. സ്‌റ്റെഫ് ക്ലാര്‍ക്ക് വലിയ നഷ്ടമാവും.

ബിനോയി ജോസഫ്

ആ പ്രിയ നേതാവ് പാലായെ സ്നേഹിച്ചു. ആ നഗരം സ്വന്തം നേതാവിനെ കൈവെള്ളയിൽ പരിപാലിച്ചു. പ്രിയ നേതാവിന്റെ വേർപാടിൽ പാലാ തേങ്ങി. പാലായെയും പാലാക്കാരെയും ഏറെ സ്നേഹത്തോടെ സേവിച്ച മാണിസാർ അന്ത്യ വിടയ്ക്കായി നഗരവീഥിയിലൂടെ വഹിക്കപ്പെട്ടു. പാലായിലേക്ക് ഒഴുകിയെത്തിയത് ആയിരങ്ങളായിരുന്നു. നിറകണ്ണുകളോടെ തങ്ങളുടെ പ്രിയ നേതാവിനെ യാത്രയയയ്ക്കുവാൻ മലബാറടക്കമുള്ള മലയോര മേഖലകളിൽ നിന്നും നൂറുകണക്കിന് ആളുകളാണ് എത്തിയത്.

മാണി സാറിന്റെ പാലായിലെ വസതിയിൽ നിന്നാരംഭിച്ച വിലാപയാത്രയിൽ തങ്ങളുടെ നേതാവിനൊപ്പം ആയിരങ്ങളാണ് അണിചേർന്നത്. ഒരു പുഞ്ചിരിയോടെ തന്റെ വസതിയിൽ ഏവരെയും സ്വീകരിച്ചിരുന്ന മാണിസാർ അവസാന യാത്രയ്ക്കായി പുറപ്പെട്ടപ്പോൾ ദു:ഖം നിയന്ത്രിക്കാനാവാതെ പൊട്ടിക്കരഞ്ഞവർ നിരവധിയായിരുന്നു.

“മാണിസാർ മരിക്കുന്നില്ല.. ജീവിക്കുന്നു ഞങ്ങളിലൂടെ”.. എന്ന മുദ്രാവാക്യവുമായി നൂറുകണക്കിനു പേർ മാണി സാറിന്റെ ശവമഞ്ചത്തിന് അകമ്പടി സേവിച്ചു. അര നൂറ്റാണ്ട് കാലം താൻ പടുത്തുയർത്തിയ നഗരത്തിന്റെ വിരിമാറിലൂടെ വഹിക്കപ്പെട്ട് അന്ത്യവിശ്രമസ്ഥാനമായ പാലാ സെന്റ് തോമസ് കത്തീഡ്രലിൽ വിലാപയാത്ര എത്തിച്ചേർന്നു.

രാഷ്ട്രീയ രംഗത്തെ നൂറു കണക്കിന് പ്രമുഖരും നിരവധി ബിഷപ്പുമാരും വൈദികരും സന്യസ്തരും ഇടവക ജനങ്ങളും മാണിസാറിനെ ജീവനുതുല്യം സ്നേഹിച്ച ആയിരങ്ങളും കത്തീഡ്രലിന്റെ അങ്കണത്തിൽ ആദരവോടെ കാത്തു നിന്നു. ദേവാലയത്തിലെ ശുശ്രൂഷകൾക്കു ശേഷം കേരളം കണ്ട രാഷ്ട്രീയ ഇതിഹാസത്തിന് സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക വിടവാങ്ങൽ നൽകി.

മാണി സാറിനൊപ്പം ഊണിലും ഉറക്കത്തിലും സന്തത സഹചാരികളായി പ്രവർത്തിച്ചിരുന്ന നിരവധി കേരളാ കോൺഗ്രസ് പ്രവർത്തകർ ഹൃദയവേദനയിൽ നുറുങ്ങുമ്പോൾ കേരള കോൺഗ്രസിന്റെ പതാക മൃതശരീരത്തിൽ അണിയിച്ചു. തുടർന്ന് കുടുംബാംഗങ്ങൾ അന്ത്യചുംബനത്താൽ തങ്ങളുടെ കുടുംബനാഥന് വിട നല്കി. പാലാക്കാരുടെ സ്നേഹമറിഞ്ഞ് പാലായുടെ മാണിക്യം പാലായുടെ മണ്ണിൽ അടക്കപ്പെട്ടു. ഒരു യുഗത്തിന്റെ അന്ത്യം.. അതെ മാണി സാർ ഇനി ഓർമ്മകളിൽ മാത്രം.

മലയാളം യുകെ എഡിറ്റോറിയൽ

കേരള രാഷ്ട്രീയത്തിൽ എന്നും വിജയക്കൊടി പാറിച്ച അതികായൻ വിടപറഞ്ഞു. കേരളാ കോൺഗ്രസ് എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ അമരക്കാരനായി കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ അരനൂറ്റാണ്ടിലേറെ നിറഞ്ഞു നിന്ന അസാമാന്യ പ്രതിഭയായിരുന്നു കെ എം മാണി. സുശക്തമായ കേന്ദ്രവും സംതൃപ്തമായ സംസ്ഥാനങ്ങളും എന്ന ആശയം മുന്നോട്ട് വച്ചു കൊണ്ട് പ്രാദേശിക പാർട്ടികൾക്ക് സംസ്ഥാന രാഷ്ട്രീയത്തിൽ അതിപ്രധാനമായ സ്ഥാനമുണ്ടെന്ന് ധൈര്യപൂർവ്വം വിളിച്ചു പറഞ്ഞ ഭരണാധികാരിയായിരുന്നു അദ്ദേഹം.

54 വർഷം തുടർച്ചയായി എം എൽ എ പദവിയിൽ അദ്ദേഹം തുടർന്നു. പാലാ മണ്ഡലം രൂപീകൃതമായപ്പോൾ മുതൽ ഇന്നുവരെ അതിന്റെ നിയമസഭാ പ്രതിനിധി കെ എം മാണിയായിരുന്നു. 13 തവണയാണ് പാലാ മണ്ഡലം കെ എം മാണിയെ നിയമസഭയിലേക്ക് അയച്ചത്. 25 വർഷക്കാലം അദ്ദേഹം മന്ത്രിയായിരുന്നു. ധനകാര്യ മന്ത്രി എന്ന നിലയിൽ അവതരിപ്പിച്ചത് 13 ബഡ്ജറ്റുകൾ. ഭരണകർത്താക്കൾക്കും ഉദ്യോഗസ്ഥർക്കും ഒരു നിഘണ്ടുവായിരുന്നു കെഎം മാണി.

അദ്ധ്വാന വർഗ്ഗസിദ്ധാന്തം രചിച്ച കർഷക നേതാവായിരുന്നു അദ്ദേഹം. ഗ്ലാസ് നോസ്റ്റും പെരിസ്ട്രോയിക്കയും ഇന്ത്യൻ ജനതയ്ക്ക് പരിചയപ്പെടുത്തിയ രാഷ്ട്രീയ ഭീഷ്മാചാര്യൻ. മികച്ച പാർലമെന്റേറിയൻ എന്ന നിലയിലും നിയമവിദഗ്ദൻ എന്ന നിലയിലും എല്ലാ പൊതുപ്രവർത്തകർക്കും മാതൃകയായിരുന്നു കെ.എം മാണി. വസ്തുതകൾ പഠിച്ച് നിയമങ്ങൾ നൂലിഴ കീറി വിശകലനം ചെയ്ത പണ്ഡിതനായിരുന്നു അദ്ദേഹം. ധനകാര്യത്തിനു പുറമേ ആഭ്യന്തരം, വൈദ്യുതി, റവന്യൂ, ജലസേചനം, നിയമം എന്നീ വകുപ്പുകളും മാണി കൈകാര്യം ചെയ്തു. ഇടത് വലത് മന്ത്രിസഭകളിൽ കെ എം മാണി നിരവധി തവണ വിവിധ മുഖ്യമന്ത്രിമാരോടൊത്ത് മികച്ച ഭരണം കാഴ്ചവച്ചു.

വെളിച്ച വിപ്ളവവും കർഷകത്തൊഴിലാളി പെൻഷനും താലൂക്ക് അദാലത്തും കാരുണ്യ പദ്ധതിയുമടക്കം നിരവധി നൂതന ആശയങ്ങളായിരുന്നു അദ്ദേഹം കേരളത്തിന്റെ പൊതു സമൂഹത്തിന് സമ്മാനിച്ചത്. പാലാക്കാർ സ്നേഹപൂർവ്വം മാണിസാർ എന്നു വിളിച്ച ആ മഹാ വ്യക്തിത്വത്തിന് മത രാഷ്ട്രീയ രംഗങ്ങളിൽ വൻ സുഹൃദ് വലയമാണ് ഉണ്ടായിരുന്നത്. യുകെയിൽ കെ എം മാണിയുമായി അടുത്ത സൗഹൃദം കാത്തു സൂക്ഷിക്കുന്ന നിരവധി പേർ മലയാളി സമൂഹത്തിലുണ്ട്. പ്രിയ നേതാവിന്റെ വേർപാടിൽ ദു:ഖാർത്തരായി സോഷ്യൽ മീഡിയയിലൂടെ മാണി സാറിന്റെ ഓർമ്മകൾ പങ്കു വയ്ക്കുകയാണ് യുകെ മലയാളികൾ.

കർഷകർക്കും അദ്ധ്വാനവർഗത്തിനുമായി എന്നും മുഴങ്ങിയ ശബ്ദമായിരുന്നു കെ.എം മാണിയുടേത്. അദ്ദേഹത്തിന്റെ കാരുണ്യസ്പർശം നിറഞ്ഞ ഓരോ ഉത്തരവുകളും അനേകരുടെ കണ്ണുനീർ ഒപ്പി. അദ്ദേഹത്തിന്റെ ഓരോ ഒപ്പുകളും ആയിരങ്ങളുടെ ഹൃദയത്തിലാണ് ആശ്വാസമായി ആലേഖനം ചെയ്യപ്പെട്ടത്.

കേരള രാഷ്ട്രീയത്തിൽ ഒരു വൻ പ്രസ്ഥാനമായി നിറഞ്ഞു നിന്ന ബഹുമാനപ്പെട്ട കെ എം മാണിയുടെ വേർപാടിൽ മലയാളം യുകെ ന്യൂസ് അനുശോചനം രേഖപ്പെടുത്തുകയും ആ സ്മരണകൾക്കു മുമ്പിൽ പ്രണാമം അർപ്പിക്കുകയും ചെയ്യുന്നു.

ബിനോയി ജോസഫ്
അസോസിയേറ്റ് എഡിറ്റർ, മലയാളം യുകെ

ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ് മുന്നോട്ട് വെച്ച് ഹ്വസ്യകാല ബ്രെക്‌സിറ്റ് ഡിലേ നിര്‍ദേശത്തില്‍ അഭിപ്രായം അറിയിക്കാതെ യൂറോപ്യന്‍ യൂണിയന്‍ നേതാക്കള്‍. ബ്രെക്സിറ്റില്‍ രൂപപ്പെട്ടിരിക്കുന്ന പ്രതിസന്ധികള്‍ പരിഹരിക്കാന്‍ യു.കെയ്ക്ക് ഒരു വര്‍ഷത്തെ കാലതാമസം നിര്‍ദേശിച്ച് യൂറോപ്യന്‍ യൂണിയന്‍ കൗണ്‍സില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ടുസ്‌ക് രംഗത്ത് വന്നിരുന്നു. നിലവിലെ ധാരണപ്രകാരം, ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ (ഇയു) വിടാനുള്ള ഔദ്യോഗിക നടപടിക്രമങ്ങള്‍ 12 നു തുടങ്ങിവെയ്ക്കണം. എന്നാല്‍ യൂറോപ്യന്‍ യൂണിയന്‍ വിഷയത്തില്‍ നിലപാടറിയിച്ച സ്ഥിതിക്ക് തെരേസ മേയ്ക്ക് പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള സമയം ലഭിക്കും. എന്നാല്‍ ദീര്‍ഘകാല ഡിലേ ഭേദഗതിക്ക് വേണ്ടിയല്ല മേയ് ശ്രമങ്ങള്‍ നടത്തുന്നത്. എക്‌സിറ്റ് തിയതി ജൂണ്‍ അവസാനത്തേക്ക് മാറ്റാനാണ് ഇപ്പോള്‍ ഇ.യു നേതാക്കളുടെ അനുവാദം മേയ്ക്ക് ആവശ്യം.

കാര്യങ്ങള്‍ ഒരു മിനിറ്റ് വൈകുന്നത് മേയ്ക്ക് മേല്‍ സമ്മര്‍ദ്ദങ്ങള്‍ വര്‍ദ്ധിപ്പിക്കും. ഹ്രസ്വകാലത്തേക്കല്ല, ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള സമയം നീട്ടലാണ് ഇയു നേതൃത്വത്തിനു താല്‍പര്യമെന്നു വ്യക്തമാക്കിക്കൊണ്ടാണു ടുസ്‌കിന്റെ വാഗ്ദാനം. ഇടയ്ക്കിടയ്ക്ക് അഭ്യര്‍ഥനയുമായി എത്താതെ അതിനോടകം ബ്രിട്ടന്‍ എല്ലാ ബ്രെക്സിറ്റ് പ്രശ്നങ്ങളും പരിഹരിക്കണമെന്ന താല്‍പര്യത്തിലാണിത്. എന്നാല്‍ ബ്രെക്‌സിറ്റ് ഒരു വര്‍ഷത്തേക്ക് നീട്ടിവെക്കുന്നത് മേയ് സര്‍ക്കാരിന് വലിയ തലവേദന സൃഷ്ടിച്ചേക്കും. വീണ്ടുമൊരു ജനഹിതം നടത്തണമെന്ന് നേരത്തെ ലേബര്‍ പാര്‍ട്ടി വ്യക്തമാക്കിയിരുന്നു. ഇതിന് ശക്തിപകരാന്‍ ഒരു വര്‍ഷത്തെ ഡീലേയ്ക്ക് സാധിക്കുമെന്നും കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായമുണ്ട്. അതുകൊണ്ട് തന്നെ ഒരു വര്‍ഷം ഡിലേ എന്നത് ഒരു സാധ്യതയായി മേയ് പരിഗണിച്ചേക്കില്ല.

ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കലുമായും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോയുമായും മേയുടെ സുപ്രധാന ചര്‍ച്ച നടന്ന സ്ഥിതിക്ക് മറ്റു യൂറോപ്യന്‍ നേതാക്കളുടെ അഭിപ്രായം എതിരാവില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ ജൂണ്‍ 30 വരെ എക്‌സിറ്റ് സമയം ലഭിച്ചാലും പാര്‍ട്ടിക്കുള്ളിലെ വിമത നീക്കവും ലേബര്‍ പാര്‍ട്ടിയുടെ കടുത്ത വിയോജിപ്പും ഉള്‍പ്പെടെ മേയ്ക്ക് കടമ്പകള്‍ ഏറെയുണ്ട് കടക്കാന്‍. മൂന്ന് തവണയായാണ് പാര്‍ലമെന്റ് മേയുടെ നിര്‍ദേശങ്ങള്‍ നിഷ്‌കരുണം തള്ളിയത്. നാലാമത്തെ ശ്രമത്തിലും മേയ്ക്ക് പാര്‍ലമെന്റിന്റെ അംഗീകാരം ലഭിച്ചില്ലെങ്കില്‍ ബ്രിട്ടനില്‍ ഭരണ പ്രതിസന്ധിയുണ്ടാകുമെന്ന് തീര്‍ച്ചയാണ്.

ലണ്ടന്‍: വിമാനത്താവളങ്ങളുടെ പരിസരങ്ങളില്‍ ഏറ്റവും കൂടുതല്‍ ലാഭം സ്വന്തമാക്കാവുന്ന ബിസിനസുകളിലൊന്നാണ് പാര്‍ക്കിംഗ് സ്ഥലങ്ങളുടെ നടത്തിപ്പ്. അവധി ആഘോഷങ്ങള്‍ക്കും മറ്റുമായി ആഴ്ച്ചകളോ മാസങ്ങളോ ഇതര സ്ഥലങ്ങളിലേക്ക് പോകുന്നവര്‍ക്ക് സുരക്ഷിതമായ പാര്‍ക്കിംഗ് അത്യാവശ്യ ഘടകമാണ്. എന്നാല്‍ ഈ മേഖലയിലും വലിയ തട്ടിപ്പുകള്‍ നടക്കുന്നതായിട്ടാണ് പുതിയ റിപ്പോര്‍ട്ടുകള്‍. പരസ്യം നല്‍കിയതില്‍ നിന്നും വിപരീതമായ വാഹനങ്ങള്‍ ചെളിക്കുണ്ടില്‍ പാര്‍ക്ക് ചെയ്ത് തട്ടിപ്പ് നടത്തിയ കേസില്‍ നടത്തിപ്പുക്കാരന് തടവ് ശിക്ഷ. തട്ടിപ്പ് നടത്തിയ അസദ് മാലിക് പാര്‍ക്കിംഗ് ഫീയായി ഉപഭോക്താക്കളില്‍ നിന്ന് വെട്ടിച്ചത് ഏതാണ്ട് ഒരു മില്യണ്‍ പൗണ്ടാണെന്ന് നേരത്തെ വ്യക്തമായിരുന്നു.

വിമാനയാത്രക്കാര്‍ സുരക്ഷിതമായ പാര്‍ക്കിംഗ് ഒരുക്കുന്നുവെന്ന് കാണിച്ച് മാലിക്കിന്റെ സ്ഥാപനം വിവിധ സ്ഥലങ്ങളില്‍ പരസ്യം ചെയ്തിരുന്നു. പരസ്യം കണ്ട് നൂറിലധികം പേര്‍ പാര്‍ക്കിംഗിനായി മാലിക്കിനെ സമീപിക്കുകയും ചെയ്തു. എന്നാല്‍ മാലിക്ക് പരസ്യത്തില്‍ നല്‍കിയ പ്രദേശമായിരുന്നില്ല യഥാര്‍ത്ഥ പാര്‍ക്കിംഗിനായി ഒരുക്കിയിരുന്നതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ചെളിക്കുണ്ടിലാണ് വാഹനങ്ങള്‍ നിര്‍ത്തിയിട്ടിരുന്നത്. അവധി ആഘോഷങ്ങള്‍ കഴിഞ്ഞെത്തിയ പലരും മാലിക്കിന് നേരെ പരാതിയുമായി എത്തി. പലരുടെയും വാഹനങ്ങള്‍ക്ക് തകരാറുകള്‍ സംഭവിച്ചതായും പരാതി ഉയര്‍ന്നിട്ടുണ്ട്.

ഏതാണ്ട് ഒരു മില്യണ്‍ പൗണ്ട് തട്ടിപ്പിലൂടെ മാലിക്ക് സ്വന്തമാക്കിയതായിട്ടാണ് കോടതിയില്‍ തെളിഞ്ഞത്. കാറുകള്‍ക്കുണ്ടായി തകരാറ്, വ്യാജ പരസ്യം നല്‍കല്‍ തുടങ്ങി 6ഓളം ചാര്‍ജുകളാണ് മാലിക്കിന് നേരെ രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍ ചാര്‍ത്തപ്പെട്ട കുറ്റങ്ങളെല്ലാം ഇയാള്‍ നിഷേധിച്ചെങ്കിലും ഫലമുണ്ടായില്ല. മാലിക്ക് ഏര്‍പ്പെടുത്തിയ പാര്‍ക്കിംഗ് ഏരിയയുടെ ചിത്രങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഇത് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കാന്‍ തുടങ്ങിയതോടെ മറ്റു ചില ഉപഭോക്താക്കളും പരാതിയുമായി എത്തിയിരുന്നു.

ലണ്ടന്‍: ജാലിയന്‍ വാലാ ബാഗ് കൂട്ടക്കൊലയില്‍ ഖേദം പ്രകടിപ്പിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ്. ജാലിയന്‍ വാലാ ബാഗില്‍ എന്താണ് സംഭവിച്ചതെന്ന് കൃത്യമായ ബോധ്യം ഞങ്ങള്‍ക്കുണ്ട് അതുകൊണ്ട് ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടക്കൊലകളിലൊന്നിന് അഗാതമായ ഖേദ പ്രകടപ്പിക്കുന്നുവെന്നും എന്നും ബ്രിട്ടീഷ് പാര്‍ലമെന്റില്‍ തെരേസ മേ പറഞ്ഞു. മേയുടെ പ്രസ്താവന ജാലിയന്‍ വാലാ ബാഗ് കൂട്ടക്കൊലയുടെ നൂറാം വാര്‍ഷികത്തിലാണെന്ന പ്രത്യേകത കൂടിയുണ്ട്. ബ്രിട്ടീഷ് ചരിത്രത്തിലെ മായ്ക്കാന്‍ കളയാത്ത കളങ്കമാണ് അമൃത്സറിലെ ജാലിയന്‍ വാലാ ബാഗില്‍ സംഭവിച്ചതെന്ന് ചരിത്രകാരന്മാര്‍ പറയുന്നു. പ്രതിപക്ഷ നേതാവും ലേബര്‍ പാര്‍ട്ടി നേതാവുമായി ജെറമി കോര്‍ബനാണ് ജാലിയാന്‍ വാലാബാഗ് സംഭവത്തില്‍ രാജ്യം നിരുപാധികം മാപ്പ് പറയണം എന്ന് ആവശ്യപ്പെട്ടത്.

1919, ഏപ്രില്‍ 13 സിഖുകാരുടെ ബൈശാഖി ഉത്സവ ദിനമായിരുന്നു. അന്ന് അമൃത് സറിനടുത്തുള്ള ജാലിയന്‍വാലാബാഗ് മൈതാനത്തില്‍ പോലീസ് അതിക്രമങ്ങളില്‍ പ്രതിഷേധിക്കാന്‍ ഒരു പൊതുയോഗം സംഘടിപ്പിച്ചു. ആയിരക്കണക്കിനു സിഖുകാരും, മുസ്ലിംമുകളും ഹിന്ദുക്കളും അന്ന് ജാലിയന്‍ വാലാബാഗിലെ മൈതാനിയില്‍ തടിച്ചുകൂടിയിരുന്നു. ഇംഗ്ലീഷ് യുവതിയെ ഹിന്ദു ദൈവങ്ങളോട് ഉപമിച്ച ജനറല്‍ ഡയറുടെ പ്രസ്താവന ഒരു പാട് പ്രതിഷേധം ഉയര്‍ത്തിയിരുന്നു. ഇന്ത്യാക്കാരോടുള്ള ബ്രിട്ടന്റെ തരംതാണ വിവേചനമായാണ് ഇന്ത്യന്‍ സമൂഹം ആ പ്രസ്താവനയെ കണ്ടത്. ബ്രിട്ടീഷ് ഉദ്യോഗസ്ഥന്റെ ഈ പ്രസ്താവനക്കെതിരേ സമാധാനമായി പ്രതിഷേധിക്കാനാണ് അന്ന് ആ യോഗം കൂടിയത്.

യോഗം തുടങ്ങി ഏതാണ്ട് ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍, അന്ന് അമൃത് സറിലെ സൈനിക കമാന്‍ഡറായിരുന്ന ജനറല്‍ റജിനാള്‍ഡ് ഡയര്‍, 90 അംഗങ്ങള്‍ വരുന്ന ഒരു ചെറിയ സായുധസേനയുമായി മൈതാനം വളഞ്ഞു. യന്ത്രവത്കൃതതോക്കുകള്‍ ഘടിപ്പിച്ച രണ്ട് വാഹനങ്ങള്‍കൂടി ആ സേനയോടൊപ്പം ഡയര്‍ കൊണ്ടുവന്നിരുന്നു. എന്നാല്‍ മൈതാനത്തിലേക്കുള്ള വഴി തീരെ ചെറുതായിരുന്നതിനാല്‍ ആ വാഹനങ്ങള്‍ അകത്തേക്ക് പ്രവേശിപ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല. ജാലിയന്‍വാലാബാഗ് മൈതാനം മതിലുകളാല്‍ ചുറ്റപ്പെട്ടതാണ്, മൈതാനത്തിലേക്കുള്ള വാതിലുകള്‍ തീരെ ഇടുങ്ങിയതുമാണ് അതില്‍ തന്നെ പലതും സ്ഥിരമായി അടച്ചിട്ടിരിക്കുകയുമാണ്. പ്രധാന വാതിലാണ് താരതമ്യേന വലിപ്പം കൂടിയതെങ്കിലും, ആ പ്രവേശനവാതില്‍ ഡയര്‍ സൈനികരെക്കൊണ്ടും വാഹനത്തെക്കൊണ്ടും അടച്ചിരുന്നു.

യോഗം പിരിഞ്ഞുപോകാന്‍ മുന്നറിയിപ്പു നല്‍കാതെ തന്നെയാണ് ഡയര്‍ വെടിവെപ്പിന് ഉത്തരവിട്ടത്. മീറ്റിങ്ങ് പിരിച്ചുവിടുക എന്നതിലുപരി ഇന്ത്യാക്കാരെ ഒരു പാഠം പഠിപ്പിക്കുവാനായിരുന്നു ആ നടപടിയെന്ന് ഡയര്‍ പിന്നീട് പറയുകയുണ്ടായി. വെടിക്കോപ്പുകള്‍ തീരുന്നതുവരെ വെടിവെക്കാന്‍ ഭടന്മാര്‍ക്ക് ഉത്തരവ് നല്‍കി. 1,650 തവണയാണ് പട്ടാളക്കാര്‍ ജനക്കൂട്ടത്തിനു നേരെ വെടിവെച്ചത്. സംഭവത്തിനുശേഷം ഒഴിഞ്ഞു കിടന്ന തിരകളുടെ പൊതികളില്‍ നിന്നുമാണ് ഈ കണക്ക് പിന്നീട് ലഭിച്ചത്. അപ്രതീക്ഷിതമായി വന്ന ഈ ദുരന്തത്തില്‍ നിന്നും രക്ഷപ്പെടാനായി, ജനങ്ങള്‍ കൂട്ടത്തോടെ മൈതാനത്തിനകത്തുള്ള ഒരു ചെറിയ കിണറിലേക്ക് ചാടി. 120 മൃതശരീരങ്ങളാണ് ഈ ചെറിയ കിണറില്‍ നിന്നുമാത്രമായി ലഭിച്ചത്.

വെടിവെപ്പില്‍ മരണമടഞ്ഞവരുടെ എണ്ണത്തെക്കുറിച്ച് ഇപ്പോഴും തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. 379 പേര്‍ വെടിവെപ്പില്‍ മരിച്ചുവെന്നാണ് ബ്രിട്ടീഷ് സര്‍ക്കാര്‍ പറഞ്ഞത്. എന്നാലിത് 1800ല്‍ ഏറെയായിരുന്നു എന്ന് ഇതിനെക്കുറിച്ച് പഠിച്ച കോണ്‍ഗ്രസ്സിന്റെ കണക്കുകള്‍ പറയുന്നു. സംഭവത്തിനുശേഷം മാസങ്ങള്‍കഴിഞ്ഞ് വെടിവെപ്പില്‍ മരിച്ചവരുടെ എണ്ണം കൃത്യമായി കണക്കാക്കാന്‍ സര്‍ക്കാര്‍ മുന്നിട്ടിറങ്ങി. തങ്ങളുടെ കുടുംബത്തില്‍ നിന്നും ജാലിയന്‍വാലാബാഗ് വെടിവെപ്പില്‍ മരിച്ചവരുണ്ടെങ്കില്‍ അവരുടെ പേരുവിവരം സ്വയമേവ സര്‍ക്കാരിനു സമര്‍പ്പിക്കാന്‍ ഉദ്യോഗസ്ഥര്‍ ജനങ്ങളോട് ആവശ്യപ്പെട്ടു. ഫലപ്രദമായ ഒരു നടപടിയല്ലായിരുന്നു ഇത്. തങ്ങളുടെ പേരുവിവരം പുറത്തറിഞ്ഞാല്‍ കൂടുതല്‍ നടപടി ഉണ്ടായേക്കുമെന്ന് കരുതി കുറേയെറെ ആളുകള്‍ ഈ സന്നദ്ധപ്രവര്‍ത്തനത്തിനു മുതിര്‍ന്നില്ല. ബ്രിട്ടീഷ് ഉദ്യോഗസ്ഥരുടെ കണക്കുകളേക്കാള്‍ വളരെ ഉയര്‍ന്നതാണ് യഥാര്‍ത്ഥമരണ സംഖ്യ എന്ന് ദൃക്‌സാക്ഷികള്‍ പിന്നീട് വെളിപ്പെടുത്തുകയുണ്ടായി.

ന്യൂസ് ഡെസ്ക്

കേരളം കണ്ട ഏറ്റവും വലിയ വിലാപയാത്ര പുരോഗമിക്കുന്നു. കേരള രാഷ്ട്രീയത്തിലെ അതികായൻ കെ.എം മാണിയുടെ അന്ത്യയാത്ര കോട്ടയത്തേക്ക് നീങ്ങുകയാണ്. എറണാകുളത്ത് നിന്ന് പുറപ്പെട്ട് 11 മണിക്കൂർ കഴിഞ്ഞപ്പോൾ വിലാപയാത്ര ഏറ്റുമാനൂരിൽ എത്തി.

വൻ ജനാവലിയാണ് തിരുനക്കര മൈതാനത്ത് പ്രിയനേതാവിനെ ഒരുനോക്ക് കാണാൻ കാത്തിരിക്കുന്നത്. വിലാപയാത്ര കടന്നുപോകുന്ന വഴിയിലുടനീളം കൈയിൽ പൂക്കളുമായി ജനം കാത്തുനിൽക്കുകയാണ്. എല്ലാവർക്കും അന്ത്യാഞ്ജലി അർപ്പിക്കാൻ സൗകര്യം ഒരുക്കിയാണ് വിലാപയാത്ര നീങ്ങുന്നത്. ഇതുമൂലം വിലാപയാത്ര ഇനിയും മണിക്കൂറുകൾ വൈകുമെന്നാണ് സൂചന.

മുഖ്യമന്ത്രി പിണറായി വിജയൻ കടുത്തുരുത്തിയിൽ മൃതദേഹത്തിൽ അന്തിമോപചാരം അർപ്പിച്ചു. മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദൻ, സ്പീക്കർ പി ശ്രീരാമകൃഷ്ണൻ തുടങ്ങിയവരും അന്ത്യാഞ്ജലി അർപ്പിക്കാനെത്തി.

കോട്ടയം തിരുനക്കര മൈതാനത്ത് കെ.എം മാണിക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, മുൻ മന്ത്രിമാരായ കെ.സി ജോസഫ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ എന്നിവർ അടക്കമുള്ള നേതാക്കൾ എത്തിയിട്ടുണ്ട്.

RECENT POSTS
Copyright © . All rights reserved