Main News

അംബരചുംബികളായ കെട്ടിടങ്ങളുടെ ചുമരുകളിലൂടെ യാതൊരു സുരക്ഷാ സംവിധാനങ്ങളും ഇല്ലാതെ അള്ളിപ്പിടിച്ചു കയറി വാര്‍ത്തകളും റെക്കോര്‍ഡുകളും സൃഷ്ടിച്ചിട്ടുള്ളയാളാണ് അലെയ്ന്‍ റോബര്‍ട്ട്. ലോകത്തെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ദുബായിലെ ബുര്‍ജ് ഖലീഫയും ഫ്രഞ്ച് സ്‌പൈഡര്‍മാന്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഇയാള്‍ കീഴടക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഇയാള്‍ കീഴടക്കിയത് ലണ്ടന്‍ നഗരത്തിലെ 660 അടി ഉയരമുള്ള ഹെറോണ്‍ ടവറാണ്. 56 കാരനായ ഇയാള്‍ വെറു കയ്യുമായാണ് കെട്ടിടത്തിനു മുകളിലേക്ക് കയറിയത്. ജീവന്‍ പണയം വെച്ചുകൊണ്ട് സാഹസികമായ കാര്യങ്ങള്‍ ചെയ്യുമ്പോളാണ് ജീവിച്ചിരിക്കുന്നു എന്ന ബോധ്യം തനിക്കുണ്ടാകുന്നതെന്ന് റോബര്‍ട്ട് പറഞ്ഞു. അല്‍പം ഭീതിജനകമാണെന്ന് തോന്നാമെങ്കിലും ഇങ്ങനെ മാത്രമേ ഇത് സാധ്യമാകൂ എന്നും 56കാരനായ റോബര്‍ട്ട് വിശദീകരിച്ചു.

കയറോ സേഫ്റ്റി ബെല്‍റ്റോ പോലെയുള്ള യാതൊരു സുരക്ഷാ ഉപകരണങ്ങളുമില്ലാതെയായിരുന്നു ഇയാള്‍ 202 മീറ്റര്‍ ഉയരമുള്ള കെട്ടിടത്തില്‍ കയറിയത്. അതുകൊണ്ടുതന്നെ ഈ ഉദ്യമം നിയമവിരുദ്ധമാണ്. ലണ്ടന്‍ പോലീസ് അല്‍പ സമയത്തിനകം സ്ഥലത്തെത്തുകയും കെട്ടിടത്തിനു സമീപത്തുള്ള ഗതാഗതം നിര്‍ത്തുകയും ചെയ്തു. ഫ്രഞ്ച് സ്‌പൈഡര്‍മാന്റെ പ്രകടനം കാണാനെത്തിയ ആള്‍ക്കൂട്ടത്തെയും പിന്നിലേക്ക് മാറ്റി. സാഹസിക പ്രകടനത്തിനു ശേഷം ഇയാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. പൊതുസ്ഥലത്ത് ശല്യമുണ്ടാക്കിയതിനാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. സ്‌പൈഡര്‍മാന്‍ ഇപ്പോള്‍ കസ്റ്റഡിയിലാണ്.

5 അടി 5 ഇഞ്ച് ഉയരവും 50 കിലോ മാത്രം ശരീരഭാരവുമുള്ള ഇയാളുടെ കൊഴുപ്പ് കുറഞ്ഞ ശരീരഘടനയാണ് ഈ പ്രത്യേക കഴിവുകള്‍ നല്‍കുന്നത്. കെട്ടിടങ്ങളില്‍ നിയമവിരുദ്ധമായി കയറുന്നത് പതിവാക്കിയതിനാല്‍ അത്തരം ഉദ്യമങ്ങള്‍ക്കു ശേഷം അറസ്റ്റിലാകുന്നതും സ്ഥിരമാണ്. അതുകൊണ്ട് സ്വന്തം പാസ്‌പോര്‍ട്ട് ഇയാള്‍ എപ്പോഴും കൂടെ കരുതാറുണ്ട്. കെട്ടിടങ്ങളില്‍ കയറാന്‍ ഇയാള്‍ ഉപയോഗിക്കാറുള്ളത് വളരെ കനം കുറഞ്ഞ ഗ്ലൗസും ചോക്ക് പൊടിയുമാണ്. ഈ ചോക്ക് സൂക്ഷിക്കുന്ന ബാഗിലാണ് പാസ്‌പോര്‍ട്ടും സൂക്ഷിക്കുന്നത്. ഇന്നലെ ഉച്ചക്കു ശേഷം 1.59നാണ് ഇയാള്‍ കെട്ടിടത്തില്‍ കയറാന്‍ തുടങ്ങിയത്. 2.14ന് മുകളില്‍ എത്തുകയും ചെയ്തു.

ന്യൂസ് ഡെസ്ക്

ശബരിമലയെ കലാപഭൂമിയാക്കാൻ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി. കർശനമായി നേരിടാനുറച്ച് സർക്കാർ നടപടികൾ ആരംഭിച്ചു. ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് നടന്ന അക്രമസംഭവങ്ങളില്‍ 1407 പേരെ പോലീസ് ഇതുവരെ അറസ്റ്റ് ചെയ്തു. 258 കേസുകളാണ് ഇതുവരെ പോലീസ് രജിസ്റ്റര്‍ ചെയ്തത്.

എറണാകുളത്തുനിന്നും തൃപ്പൂണിത്തുറയില്‍ നിന്നുമാണ് കൂടുതല്‍ പേരെ അറസ്റ്റ് ചെയ്തത്. എറണാകുളം റൂറലില്‍ നിന്ന് 75 പേരെയും തൃപ്പൂണിത്തുറയില്‍ നിന്ന് 51 പേരേയും ഇന്നലെ രാത്രി മുതല്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവര്‍ പത്തനംതിട്ട, നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ നടന്ന അക്രമസംഭവങ്ങളില്‍ ഉള്‍പ്പെട്ടവരും നിരോധനാജ്ഞ ലംഘിച്ചവരുമാണ്. അക്രമസംഭവത്തില്‍ ഉള്‍പ്പെട്ട 210 പേരുടെ ചിത്രങ്ങള്‍ നേരത്തേ പോലീസ് പുറത്തു വിട്ടിരുന്നു. കൂടുതല്‍ പേരുടെ ചിത്രങ്ങള്‍ പുറത്തുവിടുമെന്നും പോലീസ് പറഞ്ഞു.

സുപ്രീംകോടതിവിധി എന്തായാലും അത് നടപ്പാക്കേണ്ടത് സർക്കാരിന്റെ ഭരണഘടനാ ബാധ്യതയാണെന്നും നടപ്പാക്കിയില്ലെങ്കിൽ സർക്കാരിന് നിലനിൽപ്പുണ്ടാവില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതും അവർക്ക് ആരാധനാ സ്വാതന്ത്ര്യം അനുവദിക്കുന്നതും തടയാൻ ആരെയും അനുവദിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പത്തിനും അൻപതിനും ഇടയിൽ പ്രായമുള്ള സ്ത്രീകൾ ശബരിമലയിൽ ദർശനം നടത്തുന്നത് തടഞ്ഞുകൊണ്ടുള്ള ഹൈക്കോടതി വിധി 1991-ലാണ് വന്നത്. ആചാരത്തിന്റെ പേരിൽ സ്ത്രീകളുടെ ആരാധനാ സ്വാതന്ത്ര്യം തടയുന്ന ഈ വിധി എൽ.ഡി.എഫിന് സ്വീകാര്യമായിരുന്നില്ല. ഇതിനുശേഷം മൂന്നുതവണ എൽ.ഡി.എഫ്. സർക്കാർ അധികാരത്തിൽ വന്നിട്ടും ആ വിധിക്കെതിരേ അപ്പീൽ പോകാതെ വിധി നടപ്പാക്കുകയാണ് ചെയ്തത്. ഒരുതരത്തിലും ഇക്കാര്യത്തിൽ എൽ.ഡി.എഫ്. ഇടപെട്ടിട്ടില്ല.

എല്ലാ സ്ത്രീകൾക്കും ശബരിമലയിൽ ആരാധനാ സ്വാതന്ത്ര്യം വേണമെന്നാവശ്യപ്പെട്ട് 12 വർഷംമുൻപ്‌ സുപ്രീംകോടതിയെ സമീപിച്ച യങ്‌ ലോയേഴ്സ് അസോസിയേഷൻ പ്രതിനിധികൾ സംഘപരിവാറുമായി ബന്ധമുള്ളവരായിരുന്നു. ഇത്രയും കാലമായിട്ടും കോൺഗ്രസോ ബി.ജെ.പി.യോ കേസിൽ കക്ഷി ചേർന്നിരുന്നില്ല. കോടതി ആവശ്യപ്പെട്ടതനുസരിച്ച് അന്നത്തെ എൽ.ഡി.എഫ്. സർക്കാർ സമർപ്പിച്ച സത്യവാങ്‌മൂലത്തിൽ ആവശ്യപ്പെട്ടത് എല്ലാ സ്ത്രീകൾക്കും ക്ഷേത്രപ്രവേശനം അനുവദിക്കണമെന്നായിരുന്നു. അതുകൊണ്ടാണ് വിധിക്കെതിരേ സുപ്രീംകോടതിയിൽ സർക്കാർ പുനഃപരിശോധനാ ഹർജി കൊടുക്കാത്തത്. മുൻ നിലപാടിനെതിരേ പുനഃപരിശോധനാ ഹർജി കൊടുത്താൽ പറഞ്ഞവാക്കിന് വിലയില്ലാത്ത സർക്കാരാണിതെന്ന് കോടതി വിലയിരുത്തും.

ഡെബെന്‍ഹാംസിന്റെ നഷ്ടം 500 മില്യന്‍ പൗണ്ടെന്ന് സൂചന. ഇന്ന് ഇതു സംബന്ധിച്ച് പ്രഖ്യാപനമുണ്ടായേക്കും. യുകെയിലെ 165 സ്‌റ്റോറുകളില്‍ 50 എണ്ണം അടച്ചുപൂട്ടാനാണ് കമ്പനി ഉദ്ദേശിക്കുന്നതെന്നാണ് വിവരം. ഇത് ആയിരക്കണക്കിനാളുകളുടെ തൊഴിലിനെ ബാധിച്ചേക്കുമെന്നാണ് ആശങ്ക. ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റോര്‍ ചെയിനായ ഡെബെന്‍ഹാമിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വാര്‍ഷിക നഷ്ടമാണ് ഈ വര്‍ഷം രേഖപ്പെടുത്തിയിരിക്കുന്നത്. വെറും 33 മില്യന്‍ പൗണ്ടിന്റെ ലാഭം മാത്രമാണ് ഈ വര്‍ഷം കമ്പനിക്കുണ്ടായത്. ഇതിന്റെ അടിസ്ഥാനത്തില്‍ യുകെയിലെ മൂന്നിലൊന്ന് സ്റ്റോറുകള്‍ അടച്ചുപൂട്ടാനാണ് തീരുമാനം. പത്ത് സ്റ്റോറുകള്‍ മാത്രമേ അടച്ചുപൂട്ടുന്നുള്ളു എന്നായിരുന്നു നേരത്തേ അറിയിച്ചിരുന്നത്.

യുകെയില്‍ മാത്രം കമ്പനിക്ക് 27,000 ജീവനക്കാരുണ്ട്. വരുന്ന അഞ്ചു വര്‍ഷത്തിനുള്ളില്‍ സ്റ്റോറുകളുടെ എണ്ണം കുറയ്ക്കുന്നതോടെ 5000 പേര്‍ക്ക് തൊഴില്‍ നഷ്ടമാകുമെന്നാണ് കരുതുന്നത്. 2003ല്‍ പ്രൈവറ്റ് ഇക്വിറ്റി കമ്പനികളുടെ കണ്‍സോര്‍ഷ്യത്തില്‍ നിന്ന് ഏറ്റെടുത്ത 300 മില്യന്‍ പൗണ്ടിന്റെ ഗുഡ് വില്‍ ചാര്‍ജ് അതേപടി നിലനില്‍ക്കുന്നതിനാല്‍ സാമ്പത്തികമായി കമ്പനിക്ക് പ്രശ്‌നങ്ങളൊന്നും നേരിടാന്‍ സാധ്യതയില്ല. ഇതിന്റെ ഡിവിഡന്റുകള്‍ പക്ഷേ റദ്ദാകും. ക്യാപ്പിറ്റല്‍ എക്‌പെന്‍ഡിച്ചറിനായി മാറ്റിവെച്ചിരിക്കുന്ന 70 മില്യന്‍ പൗണ്ടും റദ്ദായേക്കും. സ്റ്റോറുകള്‍ അടച്ചു പൂട്ടാനുള്ള ഡെബെന്‍ഹാംസിന്റെ ശ്രമത്തിനു തിരിച്ചടിയേല്‍ക്കാനുള്ള സാധ്യതകള്‍ ഏറെയാണ്.

സ്റ്റോറുകള്‍ക്കായി രൂപമാറ്റം വരുത്തിയ പ്രോപ്പര്‍ട്ടികള്‍ തിരികെ ഏല്‍പ്പിക്കുമ്പോള്‍ ഉടമസ്ഥരുടെ പ്രതികരണം മോശമാകാന്‍ സാധ്യതയില്ല. ബ്രിട്ടീഷ് ഹൈസ്ട്രീറ്റ് സ്‌റ്റോറുകള്‍ നേരിടുന്ന പ്രതിസന്ധിയുടെ നേര്‍ചിത്രമാണ് ഡെബന്‍ഹാംസ് നേരിടുന്ന നഷ്ടവും നല്‍കുന്നത്. വന്‍കിട ചെയിനുകളായിരുന്ന കാര്‍പ്പറ്റ്‌റൈറ്റ്, മദര്‍കെയര്‍, ന്യൂലുക്ക് എന്നിവ കമ്പനി വോളന്ററി അറേഞ്ച്‌മെന്റിലാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. നഷ്ടത്തിലായ കമ്പനികള്‍ക്ക് മറ്റു ധാരണകളില്‍ എത്തിച്ചേര്‍ന്ന് നഷ്ടം നികത്താനുള്ള സമയം അനുവദിക്കുന്ന സംവിധാനമാണ് സിവിഎ. എന്നാല്‍ ഈ മാര്‍ഗ്ഗത്തില്‍ നീങ്ങുന്നില്ലെന്ന് കഴിഞ്ഞ സെപ്റ്റംബറില്‍ ഡെബെന്‍ഹാംസ് വ്യക്തമാക്കിയിരുന്നു.

മുസ്ലീങ്ങളെയും മൃഗങ്ങളെയും മാത്രമാണ് നോഹയുടെ പെട്ടകത്തില്‍ സംരക്ഷിച്ചതെന്ന് പാഠ്യഭാഗത്തില്‍ പെടുത്തി കുട്ടികളെ പഠിപ്പിച്ച ഇസ്ലാമിക് സ്‌കൂളിനെതിരെ നടപടി. അനധികൃതമായി പ്രവര്‍ത്തിച്ചതിന് സ്‌കൂളിനും അധികൃതര്‍ക്കും കോടതി പിഴയിട്ടു. അനധികൃതമായി പ്രവര്‍ത്തിക്കുന്ന ഇന്‍ഡിപ്പെന്‍ഡന്റ് സ്‌കൂളിനെതിരെ നിയമനടപടിയുണ്ടാകുന്നത് ഇതാദ്യമായാണ്. വെസ്റ്റ് ലണ്ടനില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന അല്‍-ഇസ്തിഖാമാ ലേണിംഗ് സെന്ററിനെതിരെയാണ് നടപടിയുണ്ടായത്. ഒരു സ്റ്റഡി സെന്ററാണെന്നും ഹോം എഡ്യുക്കേഷന്‍ നേടുന്ന കുട്ടികള്‍ക്ക് പാര്‍ട്ട് ടൈം ട്യൂഷന്‍ നല്‍കുന്നുണ്ടെന്നുമാണ് സെന്റര്‍ അവകാശപ്പെട്ടിരുന്നത്. എന്നാല്‍ നിര്‍ബന്ധമായും സ്‌കൂളില്‍ പോകേണ്ട പ്രായത്തിലുള്ള 60 കുട്ടികള്‍ സ്‌കൂള്‍ സമയത്ത് ഇവിടെ സ്ഥിരമായി പഠനത്തിന് എത്തുന്നുണ്ടെന്ന് ഓഫ്‌സ്റ്റെഡ് ഇന്‍സ്‌പെക്ടര്‍മാര്‍ കണ്ടെത്തി.

ഇതേത്തുടര്‍ന്ന് 2017 നവംബറില്‍ വാണിംഗ് നോട്ടീസ് നല്‍കി. ഇതിന് സ്‌കൂള്‍ അധികൃതരില്‍ നിന്ന് പ്രതികരണം ലഭിക്കാതെ വന്നതോടെ ക്രൗണ്‍ പ്രോസിക്യൂഷന്‍ സര്‍വീസിന് കേസ് കൈമാറുകയായിരുന്നു. വിചാരണക്കൊടുവില്‍ സ്‌കൂള്‍ ഡയറക്ടര്‍ നസറുദീന്‍ താല്‍ബി, ഹെഡ്ടീച്ചറായ ബിയാട്രിക്‌സ് കിംഗാ ബേണ്‍ഹാറ്റ് എന്നിവര്‍ക്ക് മൂന്നു മാസത്തെ കര്‍ഫ്യൂ നല്‍കി. കോടതിച്ചെലവായി 970 പൗണ്ട് അടക്കാനും ഇവരോട് കോടതി ആവശ്യപ്പെട്ടു. സ്‌കൂളിന് 100 പൗണ്ട് പിഴയും നല്‍കിയിട്ടുണ്ട്. രജിസ്‌ട്രേഷനില്ലാത്ത ഇന്‍ഡിപ്പെന്‍ഡന്റ് സ്‌കൂള്‍ നടത്തിയതിന് ആദ്യമായി ശിക്ഷിക്കപ്പെടുന്ന വ്യക്തികള്‍ കൂടിയായിരിക്കുകയാണ് ഇവര്‍ രണ്ടുപേരും.

ഈ സംഭവം രജിസ്‌ട്രേഷനില്ലാതെ പ്രവര്‍ത്തിക്കുന്ന മറ്റു സ്‌കൂളുകള്‍ക്ക് മുന്നറിയിപ്പാണെന്നും വിധിയെ സ്വാഗതം ചെയ്യുന്നുവെന്നും എച്ച്എം ചീഫ് ഇന്‍സ്‌പെക്ടര്‍ അമാന്‍ഡ് സ്പീല്‍മാന്‍ പറഞ്ഞു. മതവിദ്യാഭ്യാസം നല്‍കുന്നതില്‍ ഉപരിയായി സ്‌കൂളിന്റെ വെബ്‌സൈറ്റിലുള്ള ചിത്രങ്ങളെല്ലാം ഇസ്ലാമിനെ കേന്ദ്രീകരിച്ചുള്ളതാണെന്ന് ഓഫ്‌സ്റ്റെഡ് പറയുന്നു. ഒരു കുട്ടിയുടെ ഹോംവര്‍ക്കിന്റെ ഫോട്ടോഗ്രാഫിലാണ് നോഹയുടെ പെട്ടകത്തെക്കുറിച്ച് പരാമര്‍ശമുള്ളത്. ഇസ്ലാമില്‍ നോഹ, നൂഹ് നബിയെന്ന പ്രവാചകനാണ്. പ്രളയത്തില്‍ നിന്ന് രക്ഷപ്പെടാന്‍ നൂഹ് നിര്‍മിച്ച പെട്ടകത്തില്‍ മുസ്ലീങ്ങളെയും മൃഗങ്ങളെയും മാത്രമാണ് രക്ഷിച്ചതെന്നാണ് സ്‌കൂള്‍ പഠിപ്പിക്കുന്നത്. അള്ളാഹു പ്രളയത്തിലൂടെ ജനങ്ങളെ ശിക്ഷിച്ചത് എന്തിനായിരുന്നു എന്ന ചോദ്യത്തിന് ഉത്തരമായി അവര്‍ അവിശ്വാസികളായിരുന്നു എന്ന ഉത്തരമായിരുന്നു കുട്ടികള്‍ എഴുതിയിരുന്നത്.

ഉയരം കൂടിയവര്‍ക്ക് ക്യാന്‍സര്‍ വരാനുള്ള സാധ്യത ഏറെയെന്ന് പഠനം. ശരാശരിയേക്കാള്‍ 10 സെന്റീമീറ്റര്‍ ഉയരക്കൂടുതലുണ്ടെങ്കില്‍ ക്യാന്‍സര്‍ വരാനുള്ള സാധ്യത 12 ശതമാനം അധികമാണെന്നും യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയ നടത്തിയ പഠനത്തില്‍ വ്യക്തമായി. ഉയരം കൂടിയവരുടെ ശരീരത്തില്‍ കൂടുതല്‍ കോശങ്ങളുളളതാണ് ഇവര്‍ക്ക് ക്യാന്‍സര്‍ വരാനുള്ള സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്നത്. ഉയരക്കുറവ് ഈ അര്‍ബുദ സാധ്യതകള്‍ കുറയ്ക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. ശരീരം വളരാന്‍ സഹായിക്കുന്ന ഐജിഎഫ്-1 എന്ന ഹോര്‍മോണ്‍ ക്യാന്‍സറിന് കാരണക്കാരനാകുന്നതായും പഠനം വ്യക്തമാക്കുന്നു. കോശവിഭജനത്തിന്റെ നിരക്ക് വര്‍ദ്ധിപ്പിക്കുകയാണ് ഈ ഹോര്‍മോണ്‍ ചെയ്യുന്നത്. ഇത് കോശങ്ങളെ ട്യൂമറാക്കി മാറ്റുകയും ചെയ്യും. പുരുഷന്‍മാരുടെ ശരാശരി ഉയരം 5 അടി 9 ഇഞ്ചായും സ്ത്രീകളുടേത് 5 അടി 4 ഇഞ്ചായുമാണ് പഠനത്തില്‍ പരിഗണിച്ചത്.

ഉയരക്കൂടുതല്‍ സ്ത്രീകളിലാണ് ഏറ്റവും കൂടുതല്‍ ക്യാന്‍സറിന് കാരണമാകുന്നത്. 12 ശതമാനം സാധ്യതയാണ് സ്ത്രീകളിലുള്ളത്. അതേസമയം പുരുഷന്‍മാരില്‍ ഇത് 9 ശതമാനം മാത്രമാണ്. ഉയരവുമായി ബന്ധപ്പെട്ട് 23 ക്യാന്‍സറുകള്‍ കാണപ്പെടുന്നതായാണ് പഠനത്തില്‍ സ്ഥിരീകരിച്ചത്. തൈറോയ്ഡ്, ത്വക്ക്, ലിംഫോമ, അണ്ഠാശയം, ഗര്‍ഭപാത്രം, സ്തനങ്ങള്‍, വന്‍കുടല്‍ എന്നിവയെ ബാധിക്കുന്ന അര്‍ബുദങ്ങളാണ് സ്ത്രീകള്‍ക്ക് വരാന്‍ സാധ്യതയുള്ളത്. പുരുഷന്‍മാരില്‍ തൈറോയ്ഡ്, ത്വക്ക്, ലിംഫോമ, വന്‍കുടല്‍, വൃക്കകള്‍, പിത്തനാളി, കേന്ദ്ര നാഡീവ്യവസ്ഥ എന്നിവയെ ബാധിക്കുന്ന ക്യാന്‍സറുകള്‍ക്കും സാധ്യതയുണ്ട്.

സ്ത്രീകളില്‍ ഉയരക്കൂടുതല്‍ അന്നനാളം, ഉദരം, വായ, കണ്ഠം എന്നിവയെ ബാധിക്കുന്ന ക്യാന്‍സറിന് കാരണമാകാറില്ല. പുരുഷന്‍മാരില്‍ ഉദര ക്യാന്‍സറാണ് ഈ ഗണത്തിലുള്ളത്. ഐജിഎഫ്-1 ഹോര്‍മോണ്‍ അധികമായി ഉദ്പാദിപ്പിക്കപ്പെടുന്നത് ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ പ്രൊഫ.ലിയോനാര്‍ഡ് നന്നി പറഞ്ഞു. ലാരോണ്‍ സിന്‍ഡ്രോം എന്ന വളര്‍ച്ചാ മുരടിപ്പ് ഉള്ളവരില്‍ ക്യാന്‍സര്‍ സാധ്യത കുറയുന്നതിന് കാരണവും ഈ ഹോര്‍മോണിന്റെ കുറവാണെന്നും വ്യക്തമായെന്ന് അദ്ദേഹം പറഞ്ഞു.

കോട്ടയം കുടമാളൂര്‍ കിംസ് ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിയ കൊച്ചു പെൺകുട്ടിയുടെ മരണത്തിൽ കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് അമ്മയുടെ വൈകാരിക പ്രതിഷേധം കണ്ണീർ നനവായി. ആർപ്പൂക്കര പനമ്പാലം കാവിൽ വീട്ടിൽ എ. വി ചാക്കോ -മറിയം ദമ്പതികളുടെ മകൾ എയ്ൻ അൽഫോൺസ് (8) ആണ് മരിച്ചത്.

ഏഴ് വർഷത്തോളം കാത്തിരുന്ന് ഉണ്ടായ കുട്ടിയാണെന്നും എട്ടുവർഷത്തോളം ഞാൻ പൊന്നുപോലെ നോക്കിയതാണെന്നും കുറ്റക്കാരനായ ഡോക്ടർക്കെതിരെ നടപടിയെടുക്കണമെന്നും ആ അമ്മ പറയുന്നുണ്ടായിരുന്നു. നീയെടുത്ത ജീവൻ തിരിച്ചു തരാൻ നിനക്കു പറ്റുമോ. അച്ഛനില്ലാതെയാണ് ആ കുഞ്ഞിന് ഞാൻ വളർത്തിയത്. ഇവൾക്കു വേണ്ടിയാണ് ഞാൻ ജീവിച്ചത്. മരണകാരണം പോലും കൃത്യമായി നിനക്കു പറയാൻ സാധിക്കുമോയെന്ന് അമ്മ ഡോക്ടറോട് ചോദിക്കുന്നുണ്ട്. ഒരു വേളയിൽ സങ്കടം അടക്കനാകാതെ ഡോക്ടറെ കയ്യേറ്റം ചെയ്യാനും അമ്മ മുതിരുന്നുണ്ട്.

തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് എയ്നെയുമായി മാതാവ് കുടമാളൂര്‍ കിംസ് ആശുപത്രിയില്‍ എത്തിയത്. കടുത്ത വയര്‍ വേദന അനുഭവപ്പെട്ട കുട്ടിയെ കൃത്യമായ പരിശോധനകള്‍ക്ക് വിധേയനാക്കണമെന്നായിരുന്നു മാതാപിതാക്കളുടെ ആവശ്യം. എന്നാല്‍, പരിശോധനകള്‍ നടത്തിയ ശേഷം ആശുപത്രി അധികൃതര്‍ ഗ്യാസിന്റെ പ്രശ്നമാണെന്ന് പറഞ്ഞ് കുട്ടിയെ മടക്കി അയക്കുകയായിരുന്നു. എന്നാല്‍, വൈകുന്നേരമായിട്ടും വയര്‍ വേദനയും അസ്വസ്ഥതയും കുറയാതെ വന്നതോടെ കുട്ടിയുമായി വീണ്ടും ആശുപത്രിയില്‍ എത്തി. എന്നാല്‍, കുട്ടിയെ പരിശോധിച്ചെങ്കിലും കൃത്യമായി മരുന്നു നല്‍കിയില്ലെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. മരുന്ന് കൂടിയ അളവില്‍ നല്‍കിയതിനെ തുടര്‍ന്ന് കുട്ടിയുടെ നില മോശമായെന്നുമാണ് ആരോപണം. തുടര്‍ന്ന് വെന്റിലേറ്ററില്‍ രാത്രി 8 മണിയോടെ പ്രവേശിപ്പിച്ച കുട്ടി മരണപ്പെട്ടു. വേദനസംഹാരിയായി ഇഞ്ചെക്ഷനും മൂന്ന് തവണകളായി മരുന്നും നല്‍കിയതാണ് കുട്ടിയുടെ മരണത്തിന് കാരണമായതെന്നാണ് ബന്ധുക്കളുടെ ആരോപണം.

ഒരു വര്‍ഷം മുന്‍പാണ് എയ്ലിന്റെ പിതാവ് അസുഖ ബാധിതനായി മരിച്ചത്. ഭർത്താവിന്റെ ചരമവാര്‍ഷിക ചടങ്ങുകളില്‍ പങ്കെടുക്കുന്നതിനും, സഹോദരിയുടെ വിവാഹ നിശ്ചയ ചടങ്ങുകള്‍ക്കുമായാണ് കുട്ടിയുടെ മാതാവ് കഴിഞ്ഞ ദിവസം നാട്ടിലെത്തിയത്. ഇവര്‍ മാലിയില്‍ നഴ്സാണ്. വയറുവേദന മാറാതെ വന്നതോടെ ബീനയുടെ മാതാപിതാക്കളാണ് കുട്ടിയെ കിംസില്‍ കാണിക്കാന്‍ നിര്‍ദേശിച്ചത്.

ഇസ്താംബുള്‍: മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ കൊലപാതകം സംബന്ധിച്ച സൗദി രാജകുടുംബത്തിന്റെ അവകാശവാദം തള്ളി തുര്‍ക്കി പ്രസിഡന്റ് രജപ് ത്വയ്യിബ് എര്‍ദോഗന്‍. ഖഷോഗിയുടെ കൊലപാതകം മുന്‍കൂട്ടി ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതാണെന്നാണ് എര്‍ദോഗന്‍ ചൂണ്ടിക്കാണിച്ചു. ഇതിന് കൃത്യമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ ഖഷോഗി വധം സൗദി കോണ്‍സുലേറ്റിനുള്ളില്‍ വെച്ചുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് അവിചാരിതമായി നടന്നതെന്നായിരുന്നു സൗദി ഭരണകൂടം വാദിച്ചത്. എന്നാല്‍ സൗദി ഭരണാധികാരിയുടെ നേരിട്ടുള്ള അറിവോടെയാണ് കൊലപാതകം നടന്നതെന്ന് നേരത്തെ തുര്‍ക്കി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സൗദിയില്‍ നിന്നെത്തിയ 15 അംഗ സംഘമാണ് കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കിയതെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

അങ്കാറയില്‍ തുര്‍ക്കി പാര്‍ലമെന്റിനെ അഭിസംബോധന ചെയ്തു സംസാരിക്കവെയാണ് സൗദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി എര്‍ദോഗാന്‍ രംഗത്ത് വന്നത്. ഖഷോഗിയുടെ കൊലപാതകത്തില്‍ സൗദിക്ക് കൃത്യമായ പങ്കുണ്ടെന്ന് എര്‍ദോഗാന്‍ വ്യക്തമാക്കി. ഖഷോഗിയുടെ കൊലപാതകം ദിവസങ്ങള്‍ക്ക് മുന്‍പ് ആസൂത്രണം ചെയ്തതാണ്. കൊലപാതകം നടന്നുവെന്ന കാര്യം സൗദി അധികൃതര്‍ സ്ഥിരീകരിച്ച സ്ഥിതിക്ക് വിഷയത്തില്‍ കൂടുതല്‍ വ്യക്തത വേണം. ആരൊക്കെയാണ് കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്. താഴെ മുതല്‍ മുകളില്‍ വരെയുള്ളവര്‍ ആരെന്ന് വ്യക്തമാക്കാന്‍ സൗദി തയ്യാറാകണം. ഇത് എല്ലാവര്‍ക്കും അറിയേണ്ട കാര്യമാണെന്നും കൊലപാതകം നടന്ന അതേദിവസം എന്തിനാണ് ഈ പതിനഞ്ചുപേര്‍ ഇസ്താംബുളിലെത്തിയത്. ആരു നല്‍കിയ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇതൊക്കെ നടപ്പിലാക്കിയതെന്നും എര്‍ദോഗാന്‍ ചോദിച്ചു.

ഖഷോഗിയുടെ നീക്കങ്ങള്‍ കൊലപാതക സംഘത്തിന് അറിയാമായുന്നു. വെള്ളിയാഴ്ച്ച കോണ്‍സുലേറ്റിലെത്തിയപ്പോള്‍ ചൊവ്വാഴ്ച്ച തിരികെ വരാന്‍ പറഞ്ഞയച്ചു. അന്നത്തേക്ക് കൊലപാതകം ആസൂത്രണം ചെയ്യുകയും ചെയ്തുവെന്ന് എര്‍ദോഗാന്‍ ആരോപിച്ചു. കേസ് അന്വേഷിക്കാന്‍ സ്വതന്ത്രമായ ഒരു കമ്മീഷന്‍ ആവശ്യമാണെന്നും ഇതിന് സല്‍മാന്‍ രാജാവിന്റെ പൂര്‍ണ പിന്തുണ വേണമെന്നും എര്‍ദോഗാന്‍ പറഞ്ഞു. നേരത്തെ സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാനാണ് ഖഷോഗിയുടെ വധത്തിന് പിന്നിലെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ എര്‍ദോഗാന്‍ കിരീടവകാശിയുടെ പേര് പരാമര്‍ശിച്ചില്ല. ഖഷോഗിയുടെ വധത്തിന് പിന്നില്‍ മുഹമ്മദ് ബിന്‍ സല്‍മാനാണെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ ആരോപണം നിഷേധിച്ച് സൗദി രംഗത്ത് വന്നിരുന്നു. ഖഷോഗിയുടെ മകനെ മുഹമ്മദ് ബിന്‍ സല്‍മാന്‍ വിളിച്ചു വരുത്തി അനുശോചനം രേഖപ്പെടുത്തുകയും ചെയ്തിരുന്നു. സൗദി കിരീടവകാശിയുടെ ഏറ്റവും വലിയ വിമര്‍ശകരിലൊരാളായിരുന്നു ഖഷോഗി.

വിന്ററില്‍ പകല്‍ വെളിച്ചം പരമാവധി ഉപയോഗിക്കുന്നതിനായി സമയത്തില്‍ മാറ്റം വരുത്തുന്ന രീതിയില്‍ യൂറോപ്യന്‍ യൂണിയന്‍ അനാവശ്യമായി കൈകടത്തുന്നുവെന്ന് ലോര്‍ഡ്‌സ് കമ്മിറ്റി. ഡേ ലൈറ്റ് സേവിംഗ് രീതി അവസാനിപ്പിക്കാന്‍ ബ്രസല്‍സ് പുതിയ നിയമ നിര്‍ണാണത്തിന് നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. ഇത് യൂറോപ്യന്‍ യൂണിയന് കീഴിലുള്ള എല്ലാ രാജ്യങ്ങളും അനുസരിക്കേണ്ടി വരും. ഇതിനായി നടത്തിയ പഠനത്തില്‍ പങ്കെടുത്തവര്‍ സമയം മാറ്റുന്ന രീതി അവസാനിപ്പിക്കുന്നതിനെ പിന്തുണച്ചുവെന്നാണ് അവകാശവാദം. വിന്റര്‍ ടൈമിലാണോ സമ്മര്‍ ടൈമിലാണോ നില്‍ക്കേണ്ടതെന്ന കാര്യം അംഗരാജ്യങ്ങളുടെ സ്വാതന്ത്ര്യത്തിനു വിടും.

യുകെ ഔദ്യോഗികമായി യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തു വരുന്ന അടുത്ത മാര്‍ച്ച് വരെ എന്തായാലും ഈ നിയമം നടപ്പാകില്ല. എന്നാല്‍ ബ്രെക്‌സിറ്റ് ഡീല്‍ അനുസരിച്ചുള്ള പരിവര്‍ത്തന കാലയളവില്‍ ഈ നിയമം യുകെയും അനുസരിക്കേണ്ടി വരുമെന്നാണ് ലോര്‍ഡ്‌സിന്റെ വിലയിരുത്തല്‍. രാജ്യങ്ങളുടെ ഭൂമിശാസ്ത്രപരവും മറ്റു വിധത്തിലുള്ള പ്രത്യേകതകളും പരിഗണിച്ച് അവര്‍ക്ക് തീരുമാനമെടുക്കാനുള്ള അവസരം ഇല്ലാതാക്കിയത് ന്യായീകരിക്കാന്‍ ബ്രസല്‍സിന് സാധിച്ചിട്ടില്ലെന്നും ഇക്കാര്യത്തില്‍ യൂണിയന്‍ പരാജയപ്പെട്ടെന്നും ലോര്‍ഡ്‌സ് യൂറോപ്യന്‍ യൂണിയന്‍ ഇന്റേണല്‍ മാര്‍ക്കറ്റ് സബ് കമ്മിറ്റി വിലയിരുത്തി.

യൂറോപ്യന്‍ രാജ്യങ്ങള്‍ മൂന്നു ടൈം സോണുകളിലായാണ് നിലകൊള്ളുന്നത്. രാജ്യങ്ങള്‍ക്കിടയിലെ ഇടപാടുകളും ആശയവിനിമയവും സുഗമമാക്കുന്നതിനായാണ് എല്ലാ രാജ്യങ്ങളും വിന്ററില്‍ ഒരു മണിക്കൂര്‍ പിന്നിലേക്ക് സമയം മാറുന്നത്. യൂണിയന്‍ അംഗരാജ്യങ്ങളെല്ലാം ഒക്ടോബറിലെ അവസാന ഞായറാഴ്ച പുലര്‍ച്ചെ 2 മണിക്കാണ് ക്ലോക്കുകള്‍ പിന്നിലേക്കാക്കുന്നത്. മാര്‍ച്ച് അവസാനത്തോടെ ഇത് പൂര്‍വ്വ സ്ഥിതിയിലാക്കുകയും ചെയ്യും. ഈ രീതിക്കാണ് യൂറോപ്യന്‍ യൂണിയന്‍ അന്ത്യം കുറിക്കുന്നത്.

ലണ്ടനിലെ യൂബര്‍ ഉപയോക്താക്കള്‍ക്ക് അധിക ഫീസ് ഏര്‍പ്പെടുത്തി ഊബര്‍. ‘ക്ലീന്‍ എയര്‍ ഫീ’ എന്ന പേരില്‍ മൈലിന് 15 പെന്‍സ് വീതമാണ് അധികമായി ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇങ്ങനെ സമാഹരിക്കുന്ന തുക ഡ്രൈവര്‍മാര്‍ക്ക് ഇലക്ട്രിക് അല്ലെങ്കില്‍ ഹൈബ്രിഡ് കാറുകള്‍ വാങ്ങാന്‍ നല്‍കുമെന്നാണ് യൂബര്‍ നല്‍കുന്ന വിശദീകരണം. വരുന്ന കുറച്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ 200 മില്യന്‍ പൗണ്ട് ഇതിലൂടെ സമാഹരിക്കാനാണ് പ്രതീക്ഷിക്കുന്നതെന്ന് കമ്പനി വ്യക്തമാക്കുന്നു. പരിസ്ഥിതി സൗഹൃദ വാഹനങ്ങള്‍ പ്രമോട്ട് ചെയ്യുകയാണ് ലക്ഷ്യം. ആഴ്ചയില്‍ ശരാശരി 40 മണിക്കൂറെങ്കിലും ആപ്പ് ഉപയോഗിക്കുന്ന ഡ്രൈവര്‍ക്ക് മലിനീകരണ മുക്തമായ കാര്‍ വാങ്ങാന്‍ വരുന്ന രണ്ടു വര്‍ഷത്തിനുള്ളിലാണെങ്കില്‍ 3000 പൗണ്ടും മൂന്നു വര്‍ഷത്തിനുള്ളിലാണെങ്കില്‍ 4500 പൗണ്ടും നല്‍കാനാണ് തീരുമാനം. ശരാശരി ട്രിപ്പിന് 45 പെന്‍സ് എങ്കിലും ക്ലീന്‍ എയര്‍ ഫീയായി ലഭിക്കുമെന്നാണ് യൂബര്‍ കണക്കാക്കുന്നത്.

2021നുള്ളില്‍ ലണ്ടനില്‍ കബറിനു കീഴില്‍ സര്‍വീസ് നടത്തുന്ന 20,000 കാറുകള്‍ ഇല്ക്രിക് ആക്കി മാറ്റണമെന്നാണ് കമ്പനി ലക്ഷ്യമിട്ടിരിക്കുന്നത്. 2025ഓടെ ഇത് ഇരട്ടിയാക്കാനാണ് നീക്കം. ബ്രിട്ടീഷ് തലസ്ഥാനത്ത് ഇപ്പോള്‍ 45000 ഊബര്‍ ഡ്രൈവര്‍മാരുണ്ടെന്നാണ് കണക്ക്. എന്നാല്‍ അധിക ഫീസ് ഏര്‍പ്പെടുത്തിയതിനെതിരെ സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധമാണ് ഉയരുന്നത്. ചാര്‍ജുകള്‍ വര്‍ദ്ധിപ്പിക്കാനുള്ള അടവ് മാത്രമാണ് ഇതെന്നും മറ്റുള്ളവരുടെ ചെലവില്‍ നേട്ടമുണ്ടാക്കാനുള്ള ശ്രമമാണെന്നും പല ഉപയോക്താക്കളും കുറ്റപ്പെടുത്തുന്നു. ലോകത്ത് ആദ്യമായാണ് ഇത്തരമൊരു പദ്ധതി യൂബര്‍ അവതരിപ്പിക്കുന്നതെന്ന് കമ്പനി ചീഫ് എക്‌സിക്യൂട്ടീവ് ദാര ഖോസ്രോവ്ഷാഹി പറഞ്ഞു.

ലണ്ടന്‍ നഗരം നേരിടുന്ന വലിയ പ്രതിസന്ധികളിലൊന്നായ മലിനീകരണം നിയന്ത്രിക്കാന്‍ മേയര്‍ സാദിഖ് ഖാന്‍ നടത്തുന്ന ഉദ്യമങ്ങള്‍ക്ക് ഒരു സഹായമെന്ന നിലയിലാണ് കമ്പനി പരിസ്ഥിതി സൗഹൃദ വാഹനങ്ങളിലേക്ക് മാറാന്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇതിനായി നിക്ഷേപിക്കുന്ന 200 മില്യന്‍ പൗണ്ട് ദീര്‍ഘകാലാടിസ്ഥാനത്തിലുള്ളതാണ്. 2025ഓടെ എല്ലാ വാഹനങ്ങളും ഇലക്ട്രിക് ആക്കി മാറ്റാനാണ് ഉദ്ദേശിക്കുന്നത്. അതേസമയം യൂബറിന്റെ ഈ നീക്കം ഡ്രൈവര്‍മാര്‍ക്ക് ഉപകാരമാകാന്‍ സാധ്യതയില്ലെന്നാണ് ലൈസന്‍സ്ഡ് ടാക്‌സി ഡ്രൈവേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സ്റ്റീവ് മക്‌നാര പ്രതികരിച്ചത്. യൂബര്‍ ഡ്രൈവര്‍മാര്‍ മിനിമം ശമ്പളം പോലുമില്ലാതെ ഏറെ നേരം ജോലി ചെയ്യുകയാണ്. കമ്പനിയുടെ ഈ ശ്രമം മേയറുടെ ഗുഡ്ബുക്കില്‍ കയറിപ്പറ്റാനുള്ള പിആര്‍ ജോലി മാത്രമാണ്. ഇല്ക്ട്രിക് ആണെങ്കിലും അല്ലെങ്കിലും ലണ്ടന്‍ നഗരത്തില്‍ 40,000 കാറുകള്‍ ഉണ്ടാക്കുന്നത് വന്‍ ഗതാഗതക്കുരുക്കാണെന്നും അദ്ദേഹം പറഞ്ഞു.

2050ഓടെ ആന്റിബയോട്ടിക്കുകളോട് പ്രതിരോധം ആര്‍ജ്ജിച്ച രോഗാണുക്കള്‍ മനുഷ്യരാശിക്ക് വന്‍ പ്രതിസന്ധിയാകുമെന്ന് വിലയിരുത്തല്‍. നിലവിലെ ഏറ്റവും വലിയ കൊലയാളികളായ ക്യാന്‍സര്‍, പ്രമേഹം എന്നിവയെ ഈ സൂപ്പര്‍ബഗ്ഗുകള്‍ കവച്ചുവെക്കുമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നു. ആന്റിബയോട്ടിക് ഉപയോഗം കുറയ്ക്കണമെന്ന ബോധവല്‍ക്കരണം നടക്കുന്നുണ്ടെങ്കിലും യൂറോപ്പിലെയും യുകെയിലെയും ഡോക്ടര്‍മാര്‍ രോഗികള്‍ക്ക് ആന്റിബയോട്ടിക്കുകള്‍ നല്‍കുന്നത് പതിവാക്കിയിരിക്കുകയാണെന്നും എംപിമാര്‍ക്ക് ലഭിച്ച മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു. ആന്റിബയോട്ടിക്കുകളോട് പ്രതിരോധം ആര്‍ജ്ജിച്ച രോഗാണുക്കള്‍ ആശുപത്രികളിലെ റൂട്ടീന്‍ ശസ്ത്രക്രിയകള്‍ പോലും മാരകമാക്കിയേക്കാമെന്നാണ് മുന്നറിയിപ്പ്.

സാധാരണ മരുന്നുകള്‍ പോലും രോഗികളില്‍ ഫലപ്രദമാകാത്ത അവസ്ഥ സംജാതമാകും. നിലവിലുള്ള ആന്റിബയോട്ടിക്കുകളും ഫലിക്കാത്ത സ്ഥിതിയുണ്ടാകുമെന്നും മുന്നറിയിപ്പ് പറയുന്നു. ഇതോടെ അണുബാധകള്‍ക്ക് ചികിത്സ തന്നെ ഇല്ലാതാകും. ഇപ്പോള്‍ത്തന്നെ ആന്റിബയോട്ടിക് പ്രതിരോധം ആര്‍ജ്ജിച്ച രോഗാണുക്കള്‍ മൂലം യുകെയില്‍ വര്‍ഷം 5000 പേര്‍ മരിക്കുന്നുണ്ടെന്നാണ് കണക്ക്. യൂറോപ്പില്‍ ആകമാനം 25,000 പേരാണ് ഇതുമൂലം മരിക്കുന്നത്. അടുത്ത 30 വര്‍ഷത്തിനുള്ളില്‍ ആഗോള തലത്തില്‍ സൂപ്പര്‍ബഗ്ഗുകള്‍ മൂലം കൊല്ലപ്പെടുന്നവരുടെ എണ്ണം പത്ത് മില്യണ്‍ ആകുമെന്നാണ് കരുതുന്നത്.

രോഗാണുകള്‍ ആന്റിബയോട്ടിക്കുകളോട് പ്രതിരോധമാര്‍ജ്ജിക്കുന്നത് തടയാന്‍ ഗവണ്‍മെന്റ് കാര്യമായി ഒന്നും ചെയ്യുന്നില്ലെന്ന് ഹൗസ് ഓഫ് കോമണ്‍സ് ഹെല്‍ത്ത് ആന്‍ഡ് സോഷ്യല്‍ കെയര്‍ സെലക്ട് കമ്മിറ്റി റിപ്പോര്‍ട്ട് പറയുന്നു. മുന്‍ഗണന നല്‍കുന്ന നയങ്ങളില്‍ ആദ്യത്തെ അഞ്ചു സ്ഥാനങ്ങളില്‍ ഇത് കൊണ്ടുവരണമെന്ന് സെലക്ട് കമ്മിറ്റി ആവശ്യപ്പെട്ടു. ഈ പ്രശനം ശരിയായി കൈകാര്യം ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ അത് ആധുനിക വൈദ്യശാസ്ത്രത്തിന്റെ പരാജയമായിരിക്കുമെന്ന് ഇംഗ്ലണ്ടിന്റെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡെയിം സാലി ഡേവിസ് പറഞ്ഞു.

RECENT POSTS
Copyright © . All rights reserved