Main News

നോ ഡീല്‍ രഹസ്യ താരിഫുകളും ഐറിഷ് ബോര്‍ഡറിലെ പദ്ധതികളും ഇന്ന് രാവിലെ പുറത്തു വിടും. രാവിലെ ഏഴു മണിയോടെ മന്ത്രിമാര്‍ ഇവ പുറത്തുവിടുമെന്നാണ് റിപ്പോര്‍ട്ട്. നോ ഡീല്‍ ബ്രെക്‌സിറ്റ് സംഭവിച്ചാല്‍ നടപ്പാക്കുന്ന പദ്ധതികളായിരിക്കും ഇവ. തെരേസ മേയുടെ ബ്രെക്‌സിറ്റ് ഉടമ്പടിക്കെതിരെ എംപിമാര്‍ തിരിയാന്‍ കാരണമായ ഐറിഷ് ബാക്ക്‌സ്റ്റോപ്പ് വിഷയത്തില്‍ സര്‍ക്കാര്‍ എന്തു നിലപാടായിരിക്കും സ്വീകരിക്കുകയെന്നും രാവിലെ അറിയാം. നോ ഡീല്‍ ബ്രെക്‌സിറ്റിനെതിരായ കോമണ്‍സ് വോട്ട് ഇന്ന് നടക്കാനിരിക്കെയാണ് ഇവ മന്ത്രിമാര്‍ അവതരിപ്പിക്കുക. മാര്‍ച്ച് 29ന് ബ്രെക്‌സിറ്റ് നടപ്പാകുന്നതിനു ശേഷം ഏതൊക്കെ വസ്തുക്കളുടെ ഇറക്കുമതിയില്‍ നികുതി വര്‍ദ്ധിക്കുമെന്ന കാര്യവും താരിഫുകളില്‍ അറിയാം.

ആര്‍ട്ടിക്കിള്‍ 50 കാലാവധി ദീര്‍ഘിപ്പിക്കണമെന്ന വിഷയത്തിലും കോമണ്‍സില്‍ ഇന്ന് വോട്ടെടുപ്പ് നടക്കുകയാണ്. നോ ഡീല്‍ താരിഫുകള്‍ നടപ്പാകുന്നത് ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍ ഇല്ലാതാക്കുമെന്നാണ് വിമര്‍ശകര്‍ പറയുന്നത്. ഈ താരിഫുകളും ഐറിഷ് ബോര്‍ഡര്‍ പദ്ധതികളും ഇപ്പോള്‍ പുറത്തു വിടുന്നത് മുന്നോട്ടുള്ള ചര്‍ച്ചകളില് ബ്രിട്ടന്റെ സ്ഥാനം ദുര്‍ബലപ്പെടുത്തുമെന്നും വിമര്‍ശനമുണ്ട്. തന്റെ ഡീല്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ നോ ഡില്‍ ബ്രെക്‌സിറ്റ് വോട്ടില്‍ സ്വതന്ത്രമായി അഭിപ്രായം രേഖപ്പെടുത്താന്‍ ടോറി എംപിമാര്‍ക്ക് സ്വാതന്ത്ര്യം നല്‍കിയിരിക്കുകയാണ് തെരേസ മേയ്.

ബ്രെക്‌സിറ്റിന് വെറും 16 ദിവസങ്ങള്‍ മാത്രം ശേഷിക്കേ മേയുടെ ഉടമ്പടി പാര്‍ലമെന്റ് 149 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ തള്ളിയത് നോ ഡീല്‍ ഭീഷണിയിലേക്ക് രാജ്യത്തെ എത്തിച്ചിരിക്കുകയാണ്. വോട്ടെടുപ്പിന് ശേഷം ബ്രെക്‌സിറ്റിന്റെ നിയന്ത്രണം പ്രധാനമന്ത്രി പാര്‍ലമെന്റിന് കൈമാറി. ഇന്ന് നടക്കുന്ന വോട്ടെടുപ്പിലും സര്‍ക്കാര്‍ പരാജയപ്പെട്ടാല്‍ അത് ബ്രെക്‌സിറ്റ് കൂടുതല്‍ വൈകിപ്പിക്കുമെന്നും അവര്‍ പറഞ്ഞു.

പ്രധാനമന്ത്രിയുടെ ബ്രെക്‌സിറ്റ് ഉടമ്പടി രണ്ടാമതും പാര്‍ലമെന്റ് തള്ളിയ സാഹചര്യത്തില്‍ നോ ഡീല്‍ ബ്രെക്‌സിറ്റ് ഒഴിവാക്കണമെന്ന പ്രമേയത്തില്‍ പാര്‍ലമെന്റില്‍ ഇന്ന് വോട്ടെടുപ്പ്. പൊതു തെരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യവുമായി ലേബര്‍ നേതാവ് ജെറമി കോര്‍ബിന്‍ വീണ്ടും രംഗത്തെത്തി. പ്രധാനമന്ത്രിയുടെ ബ്രെക്‌സിറ്റ് ധാരണ മരിച്ചുവെന്നും ഉപാധി രഹിതമായ ബ്രെക്‌സിറ്റിനെ എതിര്‍ക്കുമെന്നും കോര്‍ബിന്‍ വ്യക്തമാക്കി. ഇന്ന് വൈകിട്ടാണ് വിഷയത്തില്‍ കോമണ്‍സില്‍ വോട്ടെടുപ്പ് നടക്കുന്നത്. ലേബര്‍ അവതരിപ്പിച്ച ബ്രെക്‌സിറ്റ് ഉടമ്പടിക്ക് പിന്തുണ നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടെങ്കിലും രണ്ടാമതൊരു ഹിതപരിശോധന വേണമെന്ന ലേബര്‍ അണികളുടെതുള്‍പ്പെടെയുള്ള ആവശ്യം അദ്ദേഹം നിരാകരിച്ചു. ബ്രെക്‌സിറ്റ് ഉടമ്പടിയില്‍ സര്‍ക്കാര്‍ വന്‍ പരാജയമാണ് ഏറ്റു വാങ്ങിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 242നെതിരെ 391 വോട്ടുകള്‍ക്കാണ് കോമണ്‍സ് തെരേസ മേയുടെ ഉടമ്പടി തള്ളിയത്.

നോ ഡീല്‍ ബ്രെക്‌സിറ്റിനെക്കുറിച്ച് സംസാരിക്കുക പോലും വേണ്ടെന്ന നിലപാടാണ് കോര്‍ബിന്‍ അറിയിച്ചത്. മുമ്പ് അത് പറഞ്ഞിട്ടുണ്ട്. വീണ്ടും അതേ നിലപാട് തന്നെ അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. യൂറോപ്യന്‍ യൂണിയനുമായി ചര്‍ച്ച ചെയ്യാന്‍ കോമണ്‍സ് ഒരു പദ്ധതി മുന്നോട്ടു വെക്കണം. ലേബര്‍ നേരത്തേ ഉന്നയിച്ച കസ്റ്റംസ് യൂണിയന്‍ പദ്ധതി വീണ്ടും അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. യൂറോപ്യന്‍ യൂണിയന് മേല്‍ക്കൈയുണ്ടെന്നത് വാസ്തവമാണ്. പക്ഷേ ചര്‍ച്ചകള്‍ക്ക് ഇനിയും സാധ്യതയുണ്ടെന്നതാണ് യാഥാര്‍ത്ഥ്യം. പ്രധാനമന്ത്രി വെറുതേ സമയം പാഴാക്കുകയായിരുന്നു. ഇനി നമുക്ക് മുന്നിലുള്ളത് പൊതുതെരഞ്ഞെടുപ്പ് എന്ന സാധ്യതയാണെന്നും കോര്‍ബിന്‍ പറഞ്ഞു. ഇന്നലെ നടന്ന കോമണ്‍സ് വോട്ടെടുപ്പില്‍ ഒരു ലേബര്‍ എംപി മേയ്ക്ക് അനുകൂലമായി വോട്ടു ചെയ്തിരുന്നു.

ലേബര്‍ മണ്ഡലങ്ങളില്‍ കൂടുതല്‍ ഫണ്ടിംഗ് ഓഫറുകള്‍ നല്‍കി എംപിമാരെ വശത്താക്കാന്‍ നടത്തിയ നീക്കത്തിന്റെ വിജയമായാണ് ഇത് വിലയിരുത്തപ്പെടുന്നത്. ബ്രെക്‌സിറ്റിനെ അനുകൂലിക്കുന്ന കമ്യൂണിറ്റികള്‍ക്ക് 1.6 ബില്യന്‍ പൗണ്ടിന്റെ സ്‌ട്രോംഗര്‍ ടൗണ്‍ ഫണ്ടുകള്‍ അനുവദിക്കുമെന്ന് മേയ് കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചിരുന്നു.

ലണ്ടന്‍: ബെന്‍ നെവിസ് ഹിമപാതത്തില്‍ രണ്ട് പര്‍വതാരോഹകര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം. അപകടത്തില്‍ ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ബെന്‍ നെവിസില്‍ കഴിഞ്ഞ ദിവസം അപകടമുണ്ടാവാന്‍ സാധ്യതയുള്ളതായി സ്‌കോട്ടിഷ് അവലാന്‍ച്ചെ ഇന്‍ഫര്‍മേഷന്‍ സര്‍വീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇന്നലെയുണ്ടായ അപകടത്തെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചതിന് മിനുറ്റുകള്‍ക്കുള്ളില്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിരുന്നു. എന്നാല്‍ അപകടത്തില്‍പ്പെട്ടവരുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. മരിച്ചവരുടെ വ്യക്തിവിവരങ്ങള്‍ ലഭ്യമായിട്ടില്ല.

അപകടത്തിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് മൂന്ന് പേര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം ഉണ്ടായിരിക്കുന്നത്. പരിക്കേറ്റയാളുടെ നില ഗുരുതരമായി തുടരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇയാളുടെ മെഡിക്കല്‍ വിവരങ്ങള്‍ സംഭവിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല. ബ്രിട്ടനിലെ ഏറ്റവും വലിയ മലനിരയാണ് ബെന്‍ നെവിസ്. സമുദ്രനിരപ്പില്‍ നിന്ന് 1345 മീറ്ററുകള്‍ക്ക് മുകളില്‍ സ്ഥിതി ചെയ്യുന്ന ഈ മലനിരകളില്‍ സാധാരണയായി ഇത്തരം ദുരന്തങ്ങള്‍ സംഭവിക്കാറില്ല.

എന്നാല്‍ ഈ സീസണില്‍ അപകടങ്ങള്‍ തോത് വളരെ കൂടുതലാണ്. പത്ത് പേര്‍ക്കാണ് ഈ മഞ്ഞുകാലത്ത് ബൈന്‍ നെവിസിലുണ്ടായ അപകടത്തില്‍ ജീവന്‍ നഷ്ടമായത്. ഡിസംബര്‍ പതിനാറിന് വെസ്റ്റ് യോര്‍ക്ക്‌ഷെയര്‍ സ്വദേശിയായ 21 കാരന്‍ പാട്രിക്ക് ബൂത്രോയ്ഡ് 1500 അടിയില്‍ നിന്ന് താഴേക്ക് വീണിരുന്നു. ന്യൂ ഇയര്‍ ദിനത്തില്‍ 21കാരിയായ ജര്‍മ്മന്‍ യുവതിക്കും സമാന അപകടം സംഭവിച്ചിരുന്നു. ബ്രിസ്റ്റോള്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിയായിരുന്ന ഇവര്‍ ചികിത്സക്കിടെയാണ് മരണപ്പെടുന്നത്. ഇതിന് മുന്‍പ് ഏറ്റവും കൂടുതല്‍ മരണങ്ങളുണ്ടായത് 2012-13 കാലഘട്ടത്തിലെ മഞ്ഞുകാലത്താണ്. അന്ന് എട്ട് പേര്‍ക്കാണ് ഹിമപാതത്തില്‍ ജീവന്‍ നഷ്ടമായത്.

ന്യൂസ് ഡെസ്ക്

മാർച്ച് 29 ന് യൂറോപ്യൻ യൂണിയനിൽ നിന്ന് ബ്രിട്ടൺ പിന്മാറുന്നതിന് മുന്നൊരുക്കമായി തയ്യാറാക്കിയ ഗവൺമെൻറ് ഡീൽ പാർലമെന്റിൽ പരാജയപ്പെട്ടു. പ്രധാനമന്ത്രി തെരേസ മേ അവതരിപ്പിച്ച പുതിയ ബ്രെക്സിറ്റ് ഡീൽ പാർലമെൻറ് 242 നെതിരെ 391 വോട്ടുകൾക്ക് തള്ളി. ഡീൽ തൃപ്തികരമല്ലെന്ന് വാദിക്കുന്ന കൺസർവേറ്റീവ് അംഗങ്ങളും ഡെമോക്രാറ്റിക് യൂണിയനിസ്റ്റ് പാർട്ടിയും പ്രതിപക്ഷമായ ലേബർ പാർട്ടിയും ഡീലിനെതിരായി വോട്ടു രേഖപ്പെടുത്തി. ജനുവരി 15 ന്  നടന്ന സമാനമായ വോട്ടെടുപ്പിലും തെരേസ മേ അവതരിപ്പിച്ച ഡീൽ പാർലമെൻറ് തള്ളിയിരുന്നു. 202 നെതിരെ 432 വോട്ടിനായിരുന്നു അന്ന് എംപിമാർ പാർലമെന്റിൽ ഡീൽ പരാജയപ്പെടുത്തിയത്. ഇതേത്തുടർന്നു യൂറോപ്യൻ യൂണിയനുമായി  ഉണ്ടാക്കിയ ഡീൽ മെച്ചപ്പെടുത്തുന്നതിനായി തെരേസ മേ മാരത്തൺ ചർച്ചകളാണ് നടത്തിയത്.

ഐറിഷ് ബാക്ക് സ്റ്റോപ്പുമായി ബന്ധപ്പെട്ടാണ് പ്രധാനമായും എം പിമാർ അസംതൃപ്തി പ്രകടിപ്പിക്കുന്നത്. നിയമ പരിരക്ഷയോടെയുള്ള ഉറപ്പ് ഇക്കാര്യത്തിൽ യൂറോപ്യൻ യൂണിയൻ നല്കിയിട്ടുണ്ടെന്ന് തെരേസ മേ പാർലമെൻറിനെ അറിയിച്ചെങ്കിലും പ്രധാനമന്ത്രിയുടെ വാക്കുകൾ മുഖവിലയ്ക്കെടുക്കാൻ ഭൂരിപക്ഷം എംപിമാരും തയ്യാറായില്ല.

ഇനി രണ്ടു വഴികളാണ് ഗവൺമെന്റിന് മുൻപിലുള്ളത്. നേരത്തെ തീരുമാനിച്ച സമയക്രമം പാലിച്ചുകൊണ്ട് നോ ഡീൽ ബ്രെക്സിറ്റിനുള്ള പ്രമേയം നാളെ പാർലമെന്റിൽ അവതരിപ്പിക്കും. നോ ഡീലിന് പാർലമെൻറ് സമ്മതിക്കുന്ന പക്ഷം മാർച്ച് 29 ന് ബ്രിട്ടൺ യൂറോപ്യൻ യൂണിയൻ ബന്ധം അവസാനിക്കും. നോ ഡീൽ പ്രമേയം പാർലമെന്റ് തള്ളിയാൽ മാർച്ച് 14 ന് ബ്രെക്സിറ്റിനുള്ള സമയപരിധി നീട്ടാനുള്ള അനുമതിക്കായി തെരേസ മേ വീണ്ടും പാർലമെൻറിനോട് അഭ്യർത്ഥിക്കും. അനുമതി ലഭിച്ചാൽ യൂറോപ്യൻ യൂണിയനുമായി വീണ്ടും ഡീൽ മെച്ചപ്പെടുത്തുന്നതിനുള്ള ചർച്ചകൾക്കായി ബ്രെക്സിറ്റിനുള്ള സമയപരിധി നീട്ടിക്കിട്ടാൻ തെരേസ മേ യൂറോപ്യൻ പാർലമെൻറിനെ സമീപിക്കും. പാർലമെൻറ് അനുമതി നൽകാത്ത പക്ഷം മാർച്ച് 29 ന് യൂറോപ്യൻ യൂണിയനുമായി യാതൊരു കരാറും ഉറപ്പിക്കാതെ ബ്രിട്ടൺ പുറത്തുവരും.

ലണ്ടന്‍: ബ്രെക്‌സിറ്റിന്റെ ഡീലിന്റെ അനുമതി തേടി ഇന്ന് തെരേസ മെയ് പാര്‍ലമെന്റില്‍ വീണ്ടുമെത്തും. ഇത്തവണ എം.പിമാരുടെ പിന്തുണ ലഭിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ പ്രതിസന്ധിയിലാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പുതിയ ബ്രെക്‌സിറ്റ് പോളിസിക്ക് നിയമത്തിന്റെ കെട്ടുറപ്പുണ്ടാകുമെന്ന് തെരേസ മേയ് വ്യക്തമാക്കിയിട്ടുണ്ട്. യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ജീന്‍ ക്ലോഡ് ജങ്കറുമായി ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു കഴിഞ്ഞതായും അദ്ദേഹത്തിന്റെ അംഗീകാരം ലഭിച്ചതായും മേയ് വ്യക്തമാക്കി. എന്നാല്‍ കാര്യങ്ങള്‍ അത്ര സുഖകരമാകില്ലെന്നാണ് ജീന്‍ ക്ലോഡ് ജങ്കറുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഇത്തവണ പാര്‍ലമെന്റിന്റെ അനുവാദം മേയുടെ ബ്രെക്‌സിറ്റ് ഡീലിന് ലഭിച്ചില്ലെങ്കില്‍ മൂന്നാമതൊരു ചാന്‍സ് ലഭിക്കില്ലെന്നാണ് കഴിഞ്ഞ ദിവസം ജങ്കര്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇത് മേയ്ക്ക് മേല്‍ കൂടുതല്‍ സമ്മര്‍ദ്ദങ്ങളുണ്ടാക്കും.

അതേസമയം ലേബര്‍ നേതാവ് ജെറമി കോര്‍ബന്‍ ഡീലിനെതിരെ വിമര്‍ശനവുമായി രംഗത്ത് വന്നിട്ടുണ്ട്. യൂറോപ്യന്‍ യൂണിയനുമായി പ്രധാനമന്ത്രി നടത്തിയ ചര്‍ച്ചകള്‍ പൂര്‍ണ പരാജയമാണെന്ന് അദ്ദേഹം വിമര്‍ശിച്ചു. പാര്‍ലമെന്റില്‍ പ്രധാനമന്ത്രി ഉറപ്പു തന്ന യാതൊരു കാര്യങ്ങളും നിലവില്‍ പാലിക്കപ്പെടാന്‍ പോകുന്നില്ലെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നതെന്നും കോര്‍ബന്‍ ചൂണ്ടിക്കാണിച്ചു. ഇന്നത്തെ വോട്ടെടുപ്പില്‍ എം.പിമാര്‍ക്ക് ഇടയില്‍ നിര്‍ണായക സ്വാധീനമുണ്ടാക്കാന്‍ മേയ്ക്ക് കഴിഞ്ഞില്ലെങ്കില്‍ വലിയ രാഷ്ട്രീയ പ്രതിസന്ധിയുണ്ടാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. വിമത വിഭാഗത്തിന്റെ പിന്തുണയില്ലാതെ മേയ്ക്ക് പാര്‍ലമെന്റില്‍ ഭൂരിപക്ഷം നേടാന്‍ കഴിയില്ല. പൂതിയ ഡീലിന് നിയമത്തിന്റെ പരിരക്ഷയുണ്ടെന്ന് മേയ് വാദിക്കുന്നുണ്ടെങ്കിലും വിമത വിഭാഗത്തെ കൂടെ നിര്‍ത്താന്‍ അത് മതിയാകില്ല.

ഇന്ന് താന്‍ തന്നെയായിരിക്കും വോട്ടെടുപ്പിന് മുന്‍പുള്ള ചര്‍ച്ചകള്‍ക്ക് പ്രാരംഭം കുറിക്കുകയെന്ന് മേയ് വ്യക്തമാക്കിയിട്ടുണ്ട്. നിര്‍ണായകമാവുന്ന പ്രസംഗമാവും ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. കഴിഞ്ഞ തവണ മേയ് ഡീല്‍ വോട്ടെടുപ്പിനെ അഭിമുഖീകരിച്ചപ്പോള്‍ ചരിത്രത്തിലെ തന്നെ വലിയ പരാജയം ഏറ്റുവാങ്ങിയിരുന്നു. എന്നാല്‍ ഇത്തവണ കാര്യങ്ങള്‍ വിപരീതമാവുമെന്നാണ് മേയ് അനുകൂലികളുടെ പ്രതീക്ഷ. എന്തായാലും വരും മണിക്കൂറുകളില്‍ വോട്ടെടുപ്പ് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവരും. ഇതോടെ മേയുടെ ഡീലിന്റെ ഭാവി എന്താകുമെന്ന് വ്യക്തമാവും.

ലണ്ടന്‍: ‘കഴിഞ്ഞ തലമുറയിലെ ആളുകള്‍ക്ക് ധാരാളം സമയമുണ്ടായിരുന്നു, എന്നാല്‍ ഇന്ന് കാര്യങ്ങളൊക്കെ മാറി എല്ലാവരും ജീവിത സാഹചര്യത്താല്‍ തിരക്കിലാണ്’ ഇതൊരു സ്ഥിരം അഭിപ്രായമാണ്. ഏത് രാജ്യത്ത് ചെന്നാലും സംസാക്കാരത്തെ അറിഞ്ഞാലും ഈ അഭിപ്രായം നിലനില്‍ക്കുന്നുവെന്നതാണ് സത്യം.  ബ്രിട്ടനില്‍ ചില കാര്യങ്ങളില്‍ വലിയ വ്യത്യാസമുണ്ടെന്നാണ് വണ്‍പോള്‍.കോം നടത്തിയ ഒരു പഠനം വ്യക്തമാക്കുന്നത്. പൗരന്മാര്‍ക്കിടയില്‍ വീട്ടുജോലികള്‍ നിര്‍വ്വഹിക്കുന്നതിനായി സമയം കണ്ടെത്തുന്നതുമായി ബന്ധപ്പെട്ടായിരുന്നു സര്‍വ്വേ. നിരവധി പേര്‍ വിഷയത്തില്‍ സംബന്ധിച്ച് അഭിപ്രായം രേഖപ്പെടുത്തി. പഠനത്തിന്റെ പ്രധാന കണ്ടെത്തലുകളിലൊന്ന് പകുതിയിലേറെ വരുന്ന ബ്രിട്ടിഷുകാരും വീട്ടുജോലികള്‍ നിര്‍വ്വഹിക്കാന്‍ കൃത്യമായി സമയം കണ്ടെത്തുന്നവരെന്നാണ്. എന്നാൽ ചിലർ സമയത്തെ മാനദണ്ഡമാക്കി ഇത്തരം കാര്യങ്ങളിൽ വീഴ്ച്ച വരുത്തുന്നതായും സർവ്വേ പറയുന്നു.

കഴിഞ്ഞ തലമുറയ്ക്ക് സമാനമോ അതിന് മുകളിലോ മോഡേണ്‍ കാലഘട്ടങ്ങളില്‍ ചില ആളുകള്‍ സമയം കണ്ടെത്തുകയും അത് കൃത്യനിഷ്ടമായി ചെലവഴിക്കുകയും ചെയ്യുന്നുണ്ട്. ചില കാര്യങ്ങളില്‍ വ്യത്യാസമുണ്ടെന്നത് തീര്‍ച്ചയാണ്. അതിലേറ്റവും പ്രധാനം ടെക്‌നോളജിയുടെ വളര്‍ച്ചയാണ്. ഇന്ന് സ്വന്തമായി ക്ലീന്‍ ചെയ്യാന്‍ കഴിവുള്ള നിരവധി ഹൗസ്‌ഹോള്‍ഡ് ഉപകരണങ്ങള്‍ വിപണിയില്‍ ലഭ്യമാണ്. നിലം വൃത്തിയക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ എളുപ്പമാക്കാന്‍ ആധുനിക ലോകത്ത് കഴിയും. പലര്‍ക്കും സമയം ലാഭം ലഭിക്കുന്ന കാര്യങ്ങള്‍ വ്യത്യസ്തമാണ്. പാത്രങ്ങള്‍ കഴുകുന്നത് മുതല്‍ നിലം വൃത്തിയാക്കുന്നതുവരെ എത്തിനില്‍ക്കുന്നു സമയം ലാഭത്തിന്റെ കണക്കുകള്‍. എന്നാല്‍ ജനവാതിലുകള്‍ വൃത്തിയാക്കുന്നത് പോലെയുള്ള കാര്യങ്ങള്‍ ചെയ്യാന്‍ സമയത്തിന്റെ പരിമിതികള്‍ ഉണ്ടെന്ന് സര്‍വ്വേ വ്യക്തമാക്കുന്നു.

അടുക്കളിയിലാണ് വൃത്തിയാക്കല്‍ ജോലികള്‍ ഏറ്റവും കൂടുതലുള്ളതെന്നാണ് മിക്കവരുടെയും അഭിപ്രായം. എന്തായാലും ഇതൊരു നല്ല തുടക്കവും കാര്യങ്ങളെ കൃത്യമായ വീക്ഷണത്തോടെ സമീപിക്കുന്നതിന്റെയും ഭാഗമായിട്ടുള്ള മാറ്റമാണെന്നാണ് നിരീക്ഷകരുടെ അഭിപ്രായം. 36 ശതമാനം ബ്രിട്ടീഷുകാരും ടെക്‌നോളജിയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഹൗസ്‌ഹോള്‍ ഉത്പന്നങ്ങളാണ് ഉപയോഗിക്കുന്നത്. ഇത് സമയം ലാഭിക്കുന്നതിനായി ഫലപ്രദമാണെന്നും സര്‍വ്വേ ചൂണ്ടിക്കാണിക്കുന്നു.

ലണ്ടന്‍: ‘റൗണ്ട്എബൗട്ട്’ ചലഞ്ച് വലിയ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുമെന്ന് വിദഗ്ദ്ധരുടെ മുന്നറിയിപ്പ്. കുട്ടികള്‍ക്കിടയില്‍ മാത്രമല്ല കൗമാര പ്രായക്കാര്‍ക്കിടയിലും ‘റൗണ്ട്എബൗട്ട്’ ചലഞ്ച് ഇന്ന് വലിയ പ്രചാരം നേടിക്കഴിഞ്ഞു. സോഷ്യല്‍ മീഡിയയില്‍ വലിയ പ്രചാരം ലഭിക്കുന്ന ചലഞ്ചിന് എന്നാല്‍ മറ്റൊരു വശം കൂടിയുണ്ടെന്നാണ് വിദഗ്ദ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. കുട്ടികള്‍ ഇത്തരം അപകടകരമായ ചലഞ്ചുകള്‍ ഏറ്റെടുക്കുന്നത് മാതാപിതാക്കള്‍ ഇടപെട്ട് തടയണമെന്നും ഇവയുണ്ടാക്കുന്ന ഗുരുതര പ്രശ്‌നങ്ങളെപ്പറ്റി അവരെ ബോധവല്‍ക്കരിക്കണമെന്നും ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ പോലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ചലഞ്ചിന് ശേഷം കുട്ടികള്‍ക്ക് ചിലപ്പോള്‍ സ്‌ട്രോക്ക് വരാന്‍ സാധ്യതയുള്ളതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

കളിസ്ഥലത്തെ കുട്ടികള്‍ കളിക്കാന്‍ (കറങ്ങിത്തിരിയുന്ന മനുഷ്യ നിയന്ത്രിത ചെറുയന്ത്രം) ഉപയോഗിക്കുന്ന റൗണ്ട്എബൗട്ടുകള്‍ വെച്ചാണ് ചലഞ്ച്. ഏറ്റവും വേഗത്തില്‍ ഇതിലിരുന്ന കറങ്ങുകയെന്നതാണ് ചലഞ്ച്. കേട്ടാല്‍ തമാശയായും രസകരമായി തോന്നുമെങ്കിലും ചലഞ്ചില്‍ പങ്കെടുത്തവര്‍ പുറത്തുവിടുന്ന ദൃശ്യങ്ങള്‍ കണ്ടാല്‍ വിഷയത്തിന്റെ ഗൗരവം മനസിലാവും. ഇത്തരം അപകടകരമായ ചലഞ്ചുകള്‍ പല രാജ്യത്തും നിരോധിച്ചിട്ടുണ്ട്. യൂ ടൂബ്, ഫെയിസ്ബുക്ക്, സ്‌നാപ് ചാറ്റ് തുടങ്ങിയ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴി ഇവ പ്രചരിപ്പിക്കുന്നതിനും നിയന്ത്രണമുണ്ട്. റൗണ്ട്എബൗട്ട് വേഗതയില്‍ കറക്കുന്നത് എല്ലാ സമയങ്ങളിലും മനുഷ്യരല്ല. വേഗത കൂടാന്‍ വേണ്ടി ചിലര്‍ ബൈക്കുകല്‍ വരെ ഉപയോഗിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.

റൗണ്ട്എബൗട്ടില്‍ കറങ്ങുന്നത് തലച്ചോറിലേക്ക് അമിത വേഗത്തില്‍ രക്തമെത്തുകയും ഇത് സ്‌ട്രോക്കിലേക്ക് വഴിതെളിയുകയും ചെയ്യുമെന്ന് വിദഗ്ദ്ധര്‍ സാക്ഷ്യപ്പെടുത്തുന്നു. സാധാരണഗതിയില്‍ ഒരു മനുഷ്യന്‍ കറങ്ങാന്‍ സാധ്യതയുള്ള വേഗതയിലല്ല ചലഞ്ച് ചെയ്യുന്നവര്‍ കറങ്ങാന്‍ ശ്രമിക്കുന്നത്. തലയ്ക്ക് മാരകമായ പരിക്കേല്‍ക്കുക കൂടാതെ, നേത്രപടലത്തിന് കേടുപാട് സംഭവിക്കാനും ഈ ചലഞ്ച് കാരണമാകും. ചലഞ്ച് ചെയ്തയാള്‍ക്ക് ഭാവിയില്‍ കടുത്ത തലവേദന അനുഭവപ്പെടാനും അത് പിന്നീട് മറ്റേതെങ്കിലും രോഗമായി മാറാനും സാധ്യതയുണ്ട്. രാജ്യത്തുടനീളം ചലഞ്ച് ഏറ്റെടുത്ത് പരിക്കേറ്റ കുട്ടികളുടെ ഒരു നീണ്ട നിര തന്നെയുണ്ട്. ലിങ്കണ്‍ഷെയര്‍ സ്വദേശിയായ ഒരു ആണ്‍കുട്ടിക്ക് ചലഞ്ചിനിടെ ഗുരുതരമായി പരിക്കേറ്റിരുന്നു. അതീവ ജാഗ്രത പുലര്‍ത്തിയാല്‍ മാത്രമെ കുട്ടികളെ ഇത്തരം അപകടങ്ങളില്‍ നിന്ന് രക്ഷിക്കാനാവൂ.

കമ്പ്യൂട്ടര്‍ കലന്‍ഡറിലെ പിഴവു മൂലം ഗ്ലോബല്‍ പൊസിഷനിംഗ് സിസ്റ്റത്തില്‍ അടുത്ത മാസം തകരാറുണ്ടാകാന്‍ സാധ്യതയെന്ന് മുന്നറിയിപ്പ്. വൈ2കെ മാതൃകയിലുള്ള തകരാറായിരിക്കും ഉണ്ടാകുകയെന്ന് സാന്‍ഫ്രാന്‍സിസ്‌കോയില്‍ നടക്കുന്ന ആര്‍എസ്എ 2019 സെക്യൂരിറ്റി കോണ്‍ഫറന്‍സില്‍ ഒരു വിദഗ്ദ്ധന്‍ മുന്നറിയിപ്പ് നല്‍കി. ഏപ്രില്‍ 6നായിരിക്കും ജിപിഎസിനെ ഈ തകരാറ് ബാധിക്കുക. പഴയ സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന ജിപിഎസ് ഉപകരണങ്ങള്‍ ഏപ്രില്‍ 6ന് പൂജ്യത്തിലേക്ക് സെറ്റ് ചെയ്യപ്പെടുമെന്നും കമ്പ്യൂട്ടര്‍ കലന്‍ഡറുകള്‍ തകരാറിലാകുമെന്നുമാണ് പ്രവചനം. 1999 അര്‍ദ്ധരാത്രിയില്‍ സംഭവിക്കുമെന്ന് കരുതിയിരുന്ന വൈടുകെ പ്രതിഭാസത്തിന് സമാനമായ അവസ്ഥയാണ് ഇത്.

തായ്‌വാനീസ് ബഹുരാഷ്ട്ര സൈബര്‍ സെക്യൂരിറ്റി ആന്‍ഡ് ഡിഫന്‍സ് കമ്പനിയായ ട്രെന്‍ഡ് മൈക്രോയുടെ വൈസ് പ്രസിഡന്റായ ബില്‍ മാലിക്ക് ആണ് ഈ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. വൈടുകെയേക്കാള്‍ കൂടുതല്‍ അപകടകാരിയായ എററായിരിക്കും ഇതെന്നും അതിനാല്‍ ഏപ്രില്‍ 6ന് താന്‍ വിമാനയാത്ര ചെയ്യില്ലെന്നും മാലിക് പറഞ്ഞു. ഒട്ടേറെ ഡിവൈസുകള്‍ ജിപിഎസുമായി ബന്ധിപ്പിച്ചിരിക്കുന്നതിനാല്‍ ഈ പിഴവിന്റെ അനന്തരഫലം ലോകമൊട്ടാകെ ബാധിക്കും. തുറമുഖങ്ങളില്‍ കണ്ടെയിനറുകള്‍ ഓട്ടോമാറ്റിക്കായി ലോഡ് ചെയ്യാനും അണ്‍ലോഡ് ചെയ്യാനും പോലും ജിപിഎസ് ബന്ധിതമായ ക്രെയിനുകളാണ് ഉപയോഗിക്കുന്നത്. പബ്ലിക് സേഫ്റ്റി സംവിധാനങ്ങളും ട്രാഫിക് മോണിറ്ററിംഗ് സംവിധാനങ്ങളും ജിപിഎസിനെ ആശ്രയിക്കുന്നു.

20 വര്‍ഷം മുമ്പ് ആരംഭ ദശയിലായിരുന്ന ഈ സംവിധാനങ്ങള്‍ ഇപ്പോള്‍ എംബെഡഡ് ആണ്. അതിനാല്‍ തന്നെ പ്രത്യാഘാതങ്ങള്‍ കടുത്തതായിരിക്കും. അതിനാല്‍ത്തന്നെ സാങ്കേതികവിദ്യ അപ്‌ഡേറ്റ് ചെയ്യാന്‍ സ്വകാര്യ പൊതുമേഖലാ സെക്ടറുകള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുകയാണ് സര്‍ക്കാരുകള്‍. അപ്കമിംഗ് ഗ്ലോബല്‍ പൊസിഷനിംഗ് സിസ്റ്റം വീക്ക് നമ്പര്‍ റോളോവര്‍ ഇവന്റ് എന്ന പേരില്‍ 2018 ഏപ്രിലില്‍ തന്നെ അമേരിക്കന്‍ ഗവണ്‍മെന്റ് പ്രൈവറ്റ് ടെക്‌നോളജി കമ്പനികള്‍ക്കും നിര്‍മാണ മേഖലയിലുള്ള സ്ഥാപനങ്ങള്‍ക്കും മുന്നറിയിപ്പ് നല്‍കിയിരുന്നു.

ലണ്ടന്‍: തൊഴിലെടുക്കുന്ന അമ്മമാരുടെ കുട്ടികള്‍ക്ക് താരതമ്യേന ശരീരം ഭാരം കൂടി വരുന്നതായി ഗവേഷണം. യു.കെയില്‍ സമീപകാലത്ത് പൊണ്ണത്തടിയുള്ള കുട്ടികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവുണ്ടാകുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പിന്നാലെയാണ് പുതിയ ഗവേഷണഫലവും പുറത്തുവന്നിരിക്കുന്നത്. ലണ്ടന്‍ യൂണിവേഴ്‌സിറ്റി കോളേജാണ് ഗവേഷണം നടത്തിയിരിക്കുന്നത്. ജോലിയെടുക്കുന്ന മാതാപിതാക്കള്‍ മക്കളുടെ ആരോഗ്യ പരിപാലനത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതുണ്ടെന്ന് വ്യക്തമാക്കുന്നതാണ് ഗവേഷണ റിപ്പോര്‍ട്ട്. തൊഴിലെടുക്കുന്ന അമ്മമാരുള്ള കുട്ടികളുടെ ശരീരഭാരം താരതമ്യേന കൂടുതലാണെന്നും ഇവരുടെ ഡയറ്റ് വളരെയധികം അശ്രദ്ധയോടെ ക്രമീകരിക്കപ്പെട്ടതാണെന്നും പഠനത്തില്‍ വ്യക്തമായതായി പ്രൊഫസര്‍ എംല ഫിറ്റ്‌സിമന്‍സ് ചൂണ്ടിക്കാണിച്ചു.

തൊഴിലെടുക്കുന്ന ‘സിംഗിള്‍ മദറുള്ള’ (Single Mother) കുടുംബങ്ങളിലാണ് ഇത്തരം പ്രശ്‌നങ്ങള്‍ കൂടുതലായും കണ്ടുവരുന്നതെന്ന് ഗവേഷകര്‍ പറയുന്നു. അതേസമയം അച്ഛനും അമ്മയും കൂടെയുള്ള കുട്ടികളിലും അമിതഭാരമുണ്ടാക്കുന്ന തരത്തിലുള്ള ഡയറ്റുകള്‍ കണ്ടുവരുന്നുണ്ട്. ഇത്തരം കുട്ടികള്‍ക്കും ആരോഗ്യ പ്രശ്‌നങ്ങളുണ്ടാകാനുള്ള സാധ്യതയുണ്ടെങ്കിലും താരതമ്യേന കുറഞ്ഞ നിരക്കില്‍ മാത്രമാണെന്ന് പഠനം വ്യക്തമാക്കുന്നു. തൊഴിലെടുക്കുന്ന അമ്മമാരുടെ കൂടെ ജിവിക്കുന്ന കുട്ടികളില്‍ 29ശതമാനം പേര്‍ പ്രഭാത ഭക്ഷണം കഴിക്കാന്‍ ഇഷ്ടപ്പെടുന്നവരോ അല്ലെങ്കില്‍ കഴിക്കുന്നവരോ അല്ലെന്ന് പഠനം വ്യക്തമാക്കുന്നു. പ്രഭാതഭക്ഷണം കഴിക്കാതിരിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കും. ഇത് സ്‌കൂളിലെ കുട്ടികളുടെ പ്രകടനത്തെ വരെ ബാധിക്കാന്‍ സാധ്യതയുള്ളതായിട്ടാണ് വിദഗ്ദ്ധരുടെ നിഗമനം.

പാര്‍ട് ടൈം, ഫുള്‍ ടൈം ജോലികള്‍ ചെയ്യുന്ന അമ്മമാരുടെ കുട്ടികള്‍ക്ക് ഈ പ്രശ്‌നങ്ങള്‍ ഏതാണ്ട് സമാന അളവിലാണ്. കൃത്യമായ കണക്കുകള്‍ നോക്കിയാല്‍ ഫുള്‍ടൈം തൊഴിലെടുക്കുന്ന അമ്മമാരുടെ കുട്ടികള്‍ക്കാണ് കൂടുതലായി ഇത്തരം പ്രശ്‌നങ്ങള്‍ കണ്ടുവരുന്നത്. യു.കെയില്‍ സമീപകാലത്ത് പൊണ്ണത്തടിയന്മാരായ കുട്ടികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടായത് ആശങ്കയുണ്ടാക്കുന്ന സംഭവവികാസമാണ്. തൊഴിലെടുക്കുന്ന അമ്മമാരുടെ മക്കളില്‍ ഏതാണ്ട് 19 ശതമാനം പേരും 3 മണിക്കൂറില്‍ കൂടുതല്‍ സമയം ടെലിവിഷന് മുന്നില്‍ ചെലവഴിക്കുന്നവരാണ്. കുട്ടികള്‍ക്ക് അനുവദിനീയമായതിലും കൂടുതല്‍ ഷുഗര്‍ ഇവര്‍ കഴിക്കുന്നതായും പഠനത്തില്‍ വ്യക്തമായിട്ടുണ്ട്.

അപൂര്‍വ്വ ക്യാന്‍സറിനോട് പൊരുതുന്ന അഞ്ചു വയസുകാരന് ചികിത്സക്കായി വിത്തു കോശങ്ങള്‍ വേണം. ഓസ്‌കാര്‍ സാക്‌സെല്‍ബി-ലീ എന്ന വോസ്റ്റര്‍ഷയര്‍ സ്വദേശിയായ ബാലന് ക്യാന്‍സറില്‍ നിന്ന രക്ഷനേടാന്‍ സ്‌റ്റെം സെല്‍ ചികിത്സയാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. ടി-സെല്‍ അക്യൂട്ട് ലിംഫോബ്ലാസ്റ്റിക് ലുക്കീമിയ എന്ന രക്താര്‍ബുദമാണ് ഓസ്‌കാറിന് ബാധിച്ചിരിക്കുന്നത്. കുട്ടിക്ക് ചേരുന്ന വിത്തുകോശങ്ങള്‍ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. 6000ത്തോളം ആളുകളാണ് ഇതിനോടകം വിത്തുകോശങ്ങള്‍ ചേരുമോ എന്നറിയാന്‍ പരിശോധനയ്ക്ക് വിധേയരായിട്ടുള്ളത്. കഴിഞ്ഞയാഴ്ച 5000 ആളുകള്‍ പരിശോധന നടത്തി. ഇന്നലെ ഒരു ദിവസം മാത്രം വൂസ്റ്ററിലെ ഗില്‍ഡ് ഹാളില്‍ 1090 പേരാണ് പരിശോധനയ്ക്കായി എത്തിയത്.

മൂന്നു മാസത്തിനുള്ളില്‍ വിത്തുകോശ ചികിത്സ ചെയ്യണമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ ഡിസംബറില്‍ ക്യാന്‍സര്‍ കണ്ടെത്തിയതിനു ശേഷം ഓസ്‌കാര്‍ കീമോതെറാപ്പിക്ക് വിധേയനായിരുന്നു. എന്നാല്‍ പൂര്‍ണ്ണ രോഗമുക്തി നേടണമെ ങ്കില്‍ കൂടുതല്‍ മികച്ച ചികിത്സ ആവശ്യമാണ്. കുട്ടിയുടെ ശരീരത്തില്‍ ചതവു പോലെയുള്ള പാടുകള്‍ കണ്ടെത്തിയതോടെയാണ് മാതാപിതാക്കളായ ഒലീവിയ സാക്‌സെല്‍ബിയും ജാമീ ലീയും ഡോക്ടറെ സമീപിച്ചത്. പിന്നീട് നടത്തിയ പരിശോധനകളിലാണ് കുട്ടിക്ക് അപൂര്‍വ്വ ക്യാന്‍സറാണെന്ന് സ്ഥിരീകരിച്ചത്. കഴിഞ്ഞ വാരാന്ത്യത്തില്‍ ഓസ്‌കാറിന് ചേരുന്ന സ്െറ്റം സെല്‍ ദാതാക്കളാകാന്‍ താല്‍പര്യം പ്രകടിപ്പിച്ച് വിത്തുകോശ പരിശോധനയ്ക്ക് 4855 പേരാണ് എത്തിയത്. പിറ്റമാസ്റ്റണ്‍ പ്രൈമറി സ്‌കൂളില്‍ നടന്ന പരിശോധനയ്ക്ക് മഴയെയും അവഗണിച്ച് ആളുകള്‍ ക്യൂ നില്‍ക്കുകയായിരുന്നു.

ഡികെഎംഎസ് എന്ന ചാരിറ്റിയാണ് സ്വാബ് ശേഖരണം നടത്തിയത്. ഇതിനു മുമ്പ് സ്വാബ് ശേഖരണത്തിന് ഏറ്റവും കൂടുതല്‍ ആളുകള്‍ എത്തിയത് 2200 ആളുകള്‍ മാത്രമായിരുന്നു. വൂസ്റ്റര്‍ഷയര്‍ എംപി റോബിന്‍ വോക്കര്‍, വൂസ്റ്റര്‍ മേയര്‍ ജബ്ബ റിയാസ് തുടങ്ങിയവരും സ്വാബ് പരിശോധനയ്ക്ക് എത്തി. അക്യൂട്ട് ലിംഫോബ്ലാസ്റ്റിക് ലുക്കീമിയ ബ്രിട്ടനില്‍ ഓരോ വര്‍ഷവും 650 പേരെ ബാധിക്കാറുണ്ട്. അവരില്‍ പകുതിയും കുട്ടികളാണ്.

RECENT POSTS
Copyright © . All rights reserved