Main News

യുകെയിൽ ആളൊഴിഞ്ഞ പലസ്ഥലങ്ങളിലും മയക്കുമരുന്ന് മാഫിയയുടെ പിടിയിലാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. ഇത്തരം പല സ്ഥലങ്ങളും വ്യവസായിക അടിസ്ഥാനത്തിൽ കഞ്ചാവ് വളർത്തുന്നതിന് കുറ്റവാളികൾ ഉപയോഗിക്കുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. നഗര കേന്ദ്രങ്ങളിൽ വരെ ഒഴിഞ്ഞ കടകളും പബ്ബുകളും ഇങ്ങനെയുള്ളവർ ലക്ഷ്യമിടുന്നതായി പോലീസ് അറിയിച്ചു . കഴിഞ്ഞ വർഷം, സ്‌കോട്ട്‌ലൻഡിലെ അയറിലെ ഒരു പഴയ കളിപ്പാട്ടക്കട മുതൽ പോവിസിലെ വെൽഷ്‌പൂളിലെ ഒരു മുൻ ബാങ്ക് ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ പോലീസ് കഞ്ചാവ് കൃഷിയോടും വ്യാപാരത്തോടും അനുബന്ധിച്ച് റെയ്ഡുകൾ നടത്തിയിരുന്നു.

ഒഴിഞ്ഞുകിടക്കുന്ന റെസ്റ്റോറൻ്റുകൾ, കഫേകൾ, നിശാക്ലബ്ബുകൾ, ബിങ്കോ ഹാളുകൾ, ഓഫീസ് കെട്ടിടങ്ങൾ എന്നിവയെല്ലാം മയക്കുമരുന്ന് വളർത്താൻ ഉപയോഗിച്ചിട്ടുണ്ട്. എന്നാണ് പോലീസ് പറയുന്നത്. സൗത്ത് വെയിൽസിലെ ന്യൂപോർട്ടിലെ ഒരു മുൻ ഡിപ്പാർട്ട്‌മെൻ്റ് സ്റ്റോറിൻ്റെ നിരവധി നിലകൾ കുറ്റവാളികൾ 3,000-ത്തിലധികം കഞ്ചാവ് ചെടികൾ വളർത്താൻ ഉപയോഗിച്ചു . അവിടെ മാത്രം വളർത്തിയ കഞ്ചാവിന്റെ മാർക്കറ്റ് മൂല്യം ഏകദേശം രണ്ട് ദശലക്ഷം പൗണ്ട് ആണ്. എസ്റ്റേറ്റ് ഏജൻ്റുമാർ, വ്യാപാരികൾ തുടങ്ങിയവർ ഏതെങ്കിലും രീതിയിൽ കഞ്ചാവ് ഫാമുകൾ വളർത്താൻ കൂട്ടു നിന്നാൽ പ്രോസിക്യൂഷൻ നടപടികൾ നേരിടേണ്ടി വരുമെന്ന് പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

 

കഴിഞ്ഞ കുറെ നാളുകളായി വ്യവസായ മേഖലയിൽ ഉണ്ടായ തകർച്ച കഞ്ചാവ് മാഫിയയ്ക്ക് തണലായതായും സൂചനയുണ്ട്. പല സ്ഥാപനങ്ങളും നഷ്ടത്തിലായതിനെ തുടർന്ന് ഒഴിഞ്ഞ് കിടന്നത് ക്രിമിനൽ സംഘങ്ങൾ കഞ്ചാവ് വളർത്താനായി ഉപയോഗിക്കുകയായിരുന്നു. കടകളും മറ്റും വലിയതോതിൽ അടച്ചത് ഇത്തരം കുറ്റകൃത്യങ്ങൾക്ക് അവസരം നൽകിയതായി മയക്കുമരുന്ന് വിരുദ്ധസേനയുടെ തലവനായ റിച്ചാർഡ് ലൂയിസ് പറഞ്ഞു. കഴിഞ്ഞവർഷം കഞ്ചാവ് ഫാമുകളുമായി ബന്ധപ്പെട്ട് ഏകദേശം 1000 അറസ്റ്റുകൾ ആണ് നടന്നത്. തിരക്കേറിയ നഗരങ്ങളുടെ മധ്യത്തിൽ പോലും ആളൊഴിഞ്ഞ കെട്ടിടങ്ങൾ കഞ്ചാവ് കൃഷിക്കായി ഉപയോഗിക്കുന്നത് പോലീസിന് കടുത്ത തലവേദനയാണ് സൃഷ്ടിക്കുന്നത്. സ്ഥിരമായി അടഞ്ഞു കിടക്കുന്ന ജനലുകളും അതിരാവിലെ തെളിച്ചമുള്ള ലൈറ്റുകൾ ഇടുന്നതും മറ്റും കഞ്ചാവ് വളർത്തുന്നതിനായി കെട്ടിടങ്ങൾ ഉപയോഗിക്കുന്നതിൻ്റെ ലക്ഷണങ്ങൾ ആകാൻ സാധ്യത ഉള്ളതായാണ് പോലീസ് നൽകുന്ന വിവരങ്ങൾ. ഏതെങ്കിലും രീതിയിൽ സംശയകരമായ രീതിയിൽ ഒരു കെട്ടിടത്തെ കുറിച്ച് സൂചന ലഭിക്കുകയാണെങ്കിൽ വിവരം അറിയിക്കണമെന്ന് പോലീസ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യു കെ :- ബ്രിട്ടന്റെ സാമ്പത്തിക രംഗം തകർച്ചയിൽ നിന്നും വളർച്ചയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. എന്നാൽ ഈ വളർച്ചയുടെ ആനുകൂല്യം നിങ്ങൾക്കും ലഭിക്കുന്നുണ്ടോ എന്ന് ചിന്തിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. നിങ്ങളുടെ ജോലിക്ക് ശരിയായ ശമ്പളം നിങ്ങൾക്ക് ലഭിക്കുന്നുണ്ടോ?? നിങ്ങൾ അതിൽ തൃപ്തരാണോ ?? ഈ ചോദ്യങ്ങൾക്ക് ഇല്ലാ എന്ന ഉത്തരമാണ് നിങ്ങൾക്ക് മുന്നിൽ വരുന്നതെങ്കിൽ, നിശ്ചയമായി ശമ്പള വർദ്ധനവ് ആവശ്യപ്പെടണമെന്നാണ് വിദഗ്ധർ വ്യക്തമാക്കുന്നത്. ജോലിസാധ്യതകൾ ലഭ്യമാക്കുന്ന വെബ്സൈറ്റുകൾ ആയ ഗ്ലാസ് ഡോർ, മോൺസ്റ്റർ തുടങ്ങിയവയിൽ സെർച്ച് ചെയ്താൽ നിങ്ങൾക്ക് നിങ്ങളുടെ കഴിവിനും എക്സ്പീരിയൻസിനും അനുസരിച്ച് ശമ്പളം ലഭിക്കുന്നുണ്ടോ എന്ന് വ്യക്തമാകുന്നതാണ്. അതോടൊപ്പം തന്നെ അനൗപചാരികമായി നിങ്ങൾക്ക് നിങ്ങളുടെ അതേ സ്ഥാനത്ത് ജോലി ചെയ്യുന്നവരുമായി സംവദിച്ച് നിങ്ങൾക്ക് ലഭിക്കുന്ന ശമ്പളത്തെ പറ്റി ധാരണ ഉണ്ടാക്കാവുന്നതാണെന്ന് അലയൻസ് മാഞ്ചസ്റ്റർ ബിസിനസ് സ്കൂളിലെ ഓർഗനൈസേഷണൽ സൈക്കോളജി ആൻഡ് ഹെൽത്ത് പ്രൊഫസർ ക്യാരി കൂപ്പർ വ്യക്തമാക്കുന്നു. സ്ത്രീക്കും പുരുഷനും തുല്യമായ ശമ്പളം ലഭിക്കുന്നത് ഇപ്പോഴും ചിലയിടങ്ങളിൽ നടക്കുന്നില്ലെന്ന് വിദഗ്ധർ വ്യക്തമാക്കുന്നു. ശമ്പള വർദ്ധനവ് ആവശ്യപ്പെടുന്നവരിൽ, സ്ത്രീകളെക്കാൾ പുരുഷന്മാർക്ക് കൂടുതൽ പരിഗണന ലഭിക്കുന്നു എന്നത് വാസ്തവമായ കാര്യമാണെന്ന് കണക്കുകൾ തന്നെ വ്യക്തമാക്കുന്നു. ഇത്തരത്തിൽ നിങ്ങളുടെ സ്ഥാപനത്തിൽ പുരുഷന്മാരെക്കാൾ നിങ്ങൾക്ക് വേതനം കുറവാണു ലഭിക്കുന്നത് എന്ന് സംശയമുണ്ടെങ്കിൽ, ഗവൺമെന്റിന്റെ ജെൻഡർ പേ ഗ്യാപ് ഡാറ്റാ ബേസിൽ പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും വിദഗ്ധർ ഉപദേശം നൽകുന്നു.

പലപ്പോഴും സ്ത്രീകൾ തങ്ങളുടെ വേതന വർദ്ധനവിനെ പറ്റി സംസാരിക്കാൻ മടിക്കുന്നവരാണെന്ന് സർവ്വേകൾ വ്യക്തമാക്കുന്നു. തങ്ങളുടെ കഴിവിന് ആവശ്യമായ വർദ്ധനവ് തങ്ങൾക്ക് ലഭിക്കുമെന്ന് അവർ പ്രതീക്ഷിക്കുന്നുണ്ടെന്നും, എന്നാൽ പലപ്പോഴും ഇത് നടക്കാറില്ലെന്നുമാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. നിങ്ങളുടെ ബോസ് അധികം തിരക്കില്ലാതിരിക്കുന്ന സമയത്ത് കൃത്യമായ സമയം കണ്ടെത്തി നിങ്ങളുടെ ആവശ്യം അവതരിപ്പിക്കണമെന്നാണ് പ്രൊഫസർ കൂപ്പർ വ്യക്തമാക്കുന്നത്. നിങ്ങളുടെ ആവശ്യം നേരിട്ട് നിങ്ങളുടെ മേധാവിയോട് അറിയിക്കുന്നതാണ് ഉചിതമെന്ന് ഫ്ളക്സിബിൾ വർക്കിംഗ്‌ നെറ്റ്‌വർക്ക് സി ഇ ഒ കെനെ ഹാമിൽട്ടൺ പറയുന്നു. ഇത്തരത്തിൽ നിങ്ങളുടെ ജോലിക്ക് ആവശ്യമായ ശമ്പളം ലഭിക്കുന്നുണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തി, ആവശ്യമെങ്കിൽ വേതന വർദ്ധനവ് ഉറപ്പാക്കേണ്ടതാണ്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

പത്ത് ദിവസം മുമ്പ് സൗത്ത് പോർട്ടിൽ മൂന്ന് പെൺകുട്ടികൾ കൊല്ലപ്പെട്ടതിനെ തുടർന്ന് രാജ്യത്തുണ്ടായി കൊണ്ടിരിക്കുന്ന അനിഷ്ട സംഭവങ്ങളെ ശക്തമായി നേരിടാൻ പ്രധാനമന്ത്രി കെയർ സ്റ്റാർമർ പോലീസിന് നിർദേശം നൽകി. മന്ത്രിമാർ, പോലീസ് മേധാവികൾ , മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരുടെ കോബ്രാ യോഗത്തിൽ അധ്യക്ഷത വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യമൊട്ടാകെ അശാന്തി പൊട്ടി പുറപ്പെട്ടതിനു ശേഷമുള്ള മൂന്നാമത്തെ കോബ്രാ യോഗമാണ് ഇന്നലെ നടന്നത്.


ബുധനാഴ്ച രാത്രി 100 ലധികം പ്രകടനങ്ങൾ ആണ് പോലീസ് പ്രതീക്ഷിച്ചിരുന്നത്. കുടിയേറ്റ വിരുദ്ധ സമരത്തിനെതിരെ 30 ലധികം പ്രകടനങ്ങൾ നടക്കുമെന്നും പോലീസ് കരുതിയിരുന്നു. എന്നാൽ ഇവയിൽ പലതും നടപ്പിലാക്കാൻ സമരങ്ങൾക്ക് സാധിച്ചില്ല. നടന്ന സമരങ്ങളിൽ തന്നെ മിക്കതും സമാധാനപരമായിരുന്നു. ഏകദേശം 6000 ലധികം പോലീസ് സേനാംഗങ്ങൾ ആണ് പ്രശ്ന ബാധിത പ്രദേശങ്ങളിൽ തുടരുന്നത്. ലിവർപൂൾ, പ്ലൈമൗത്ത്, ടീസ്സൈഡ് ഉൾപ്പെടെയുള്ള പലസ്ഥലങ്ങളിലും ആക്രമം കാട്ടിയവർക്കുള്ള ശിക്ഷ ജഡ്ജിമാർ വിധിച്ചു. ഇന്നലെ മാത്രം 21 പേരെയാണ് വിവിധ കുറ്റങ്ങൾക്ക് ജയിലിൽ അടച്ചത് . 500 ലധികം പേരെയാണ് കലാപത്തിന്റെ പേരിൽ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിൽ നാലിലൊന്നു പേരും 21 വയസ്സിന് താഴെയുള്ളവരാണ്.


ഇതിനിടെ സൗത്ത് പോർട്ടിലെ കൊലപാതകങ്ങളെ കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചതിന് ചെസ്റ്ററിൽ നിന്നുള്ള 55 വയസ്സുകാരിയായ സ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്തു. വംശീയവിദ്വേഷവും തെറ്റായ വിവരങ്ങളും അടങ്ങിയ സന്ദേശങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിനാണ് അറസ്റ്റ് നടന്നത്. ഇവർ ഇപ്പോൾ ചെഷയർ പോലീസ് കസ്റ്റഡിയിൽ ആണ്. കഴിഞ്ഞ ആഴ്ചയിൽ യുകെയിൽ ഉടനീളം നടന്ന അനിഷ്ട സംഭവങ്ങൾ ഉണ്ടായതിൽ പ്രധാന പങ്കുവഹിച്ചത് സോഷ്യൽ മീഡിയ വഴി പ്രചരിച്ച തെറ്റായ വിവരങ്ങൾ ആണെന്ന് പോലീസ് ഓഫീസർ അലിസൺ റോസ് പറഞ്ഞു. ലഹളയിൽ പങ്കെടുക്കാൻ മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കാനായി സമൂഹമാധ്യമങ്ങൾ ഉപയോഗിച്ചുവെന്ന സംശയത്തിൽ ലങ്കാ ഷെയറിൽ നിന്നുള്ള 39 കാരനെ വ്യാഴാഴ്ച വൈകുന്നേരം മെഴ്സിസൈഡ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

മുൻപ് എങ്ങും ഇല്ലാത്ത വിധത്തിൽ യുകെയിൽ ഭവനരഹിതരുടെ എണ്ണം കൂടിയതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ഏറ്റവും പുതിയ ഔദ്യോഗിക കണക്കുകൾ പ്രകാരം 150,000-ത്തിലധികം കുട്ടികൾ ഇംഗ്ലണ്ടിൽ താത്കാലിക വസതികളിൽ ആണ് താമസിക്കുന്നത് . ഈ വർഷം മാർച്ച് അവസാനവാരത്തിലെ കണക്കുകൾ ആണ് പുറത്തു വന്നിരിക്കുന്നത്. ഹൗസിംഗ്, കമ്മ്യൂണിറ്റീസ്, ലോക്കൽ ഗവൺമെൻ്റ് മന്ത്രാലയം എന്നിവ പുറത്തുവിട്ട കണക്കുകളെ മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇൻ്റർനാഷണൽ യുകെ വിശേഷിപ്പിച്ചത് വളരെ ഗുരുതരമെന്നാണ് .

ഭവനരഹിതരായ പല കുട്ടികളെയും ഹോസ്റ്റലുകളിലും ബ്രഡ് ആൻഡ് ബ്രേക്ക്ഫാസ്റ്റ് സെൻററുകളിലുമാണ് നിലവിൽ പാർപ്പിച്ചിരിക്കുന്നത്. ഇത്തരത്തിൽ ബ്രഡ് ആൻഡ് ബ്രേക്ക്ഫാസ്റ്റ് സെൻററുകൾ അടിയന്തിര സാഹചര്യങ്ങളിൽ പരമാവധി 6 ആഴ്ചത്തേക്ക് മാത്രം കുടുംബങ്ങൾ താമസിക്കുവാൻ ഉദ്ദേശിച്ചിട്ടുള്ളവയാണ്. എന്നാൽ കണക്കുകൾ പ്രകാരം പ്രാദേശിക തലത്തിൽ കുട്ടികളുള്ള ആയിരക്കണക്കിന് കുടുംബങ്ങളെ ഇത്തരം പാർപ്പിടങ്ങളിൽ ദീർഘകാലത്തേക്ക് താമസിപ്പിച്ചിട്ടുണ്ടെന്നാണ്. ഇത്തരം താത്കാലിക ഭവനങ്ങളിൽ മാസങ്ങളോളം താമസിക്കുന്നത് കുട്ടികളുടെ മാനസിക ശാരീരിക ആരോഗ്യത്തെ കാര്യമായി ബാധിക്കുന്നതായാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ഇത്തരം സാഹചര്യം ഒഴിവാക്കാൻ ഗവൺമെൻറ് കൂടുതൽ ഭവന പദ്ധതികൾ നടപ്പിലാക്കണമെന്ന് ഹൗസിംഗ് ചാരിറ്റി ഷെൽട്ടറിൻ്റെ ചീഫ് എക്സിക്യൂട്ടീവ് പോളി നീറ്റ് പറഞ്ഞു.


താത്കാലിക ഭവനങ്ങളിൽ താമസിക്കുന്ന ആളുകൾ പൊതുസ്ഥലങ്ങളിലോ കാർ പാർക്കിങ്ങ് ഏരിയകളിലോ ഉറങ്ങുന്ന സാഹചര്യവും നിലവിലുണ്ട് . ഇത്തരം സാഹചര്യങ്ങളെ ഒഴിവാക്കാൻ സർക്കാർ ഫലപ്രദമായി ഇടപെടണമെന്നാണ് ഭാവനരഹിതരായുള്ള ആളുകളുടെ ഇടയിൽ പ്രവർത്തിക്കുന്ന സന്നദ്ധ പ്രവർത്തകർ ആവശ്യപ്പെടുന്നത്. താത്കാലിക താമസസ്ഥലങ്ങളിൽ കൂടുതൽ ആളുകൾ വസിക്കേണ്ടി വരുന്നത് ഇത്തരം കാര്യങ്ങളിൽ നമ്മുടെ ദേശീയ നയം രൂപീകരിക്കുന്നതിൽ വന്ന പരാജയമാണെന്ന് ചാരിറ്റി ക്രൈസിസ് ചീഫ് എക്സിക്യൂട്ടീവ് മാറ്റ് ഡൗണി പറഞ്ഞു. ഭവനരഹിതരായവരെ കുറിച്ച് പുറത്തുവന്ന കണക്കുകൾ ചൂണ്ടിക്കാട്ടി ലേബർ പാർട്ടി ദീർഘകാലം ഭരണത്തിലിരുന്ന കൺസർവേറ്റീവ് പാർട്ടിക്കെതിരെ കടുത്ത വിമർശനമാണ് ഉന്നയിച്ചത്. പുതിയ ഉപപ്രധാനമന്ത്രിയും ഹൗസിംഗ് സെക്രട്ടറിയുമായ ഏഞ്ചല റെയ്‌നർ ഇതിനെ ദേശീയ അഴിമതി എന്നാണ് മുദ്ര കുത്തിയത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിൽ വില്ലൻ ചുമ ബാധിച്ച് ഒരു ശിശു കൂടി മരണമടഞ്ഞു. ഇതോടെ നിലവിൽ ഈ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 10 ആയി ഉയർന്നു. യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി (യുകെ എച്ച് എസ് എ ) ആണ് ഏറ്റവും പുതിയ ആശങ്ക ഉയർത്തുന്ന കണക്കുകൾ പുറത്തു വിട്ടിരിക്കുന്നത്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഇംഗ്ലണ്ടിൽ വില്ലൻ ചുമ ബാധിച്ചവരുടെ എണ്ണം 10,000 കടന്നു.


രോഗം ബാധിച്ചവരിൽ ഭൂരിപക്ഷവും 15 വയസ്സോ അതിൽ കൂടുതലോ പ്രായമുള്ളവരാണ്. എങ്കിലും 3 മാസത്തിൽ താഴെ പ്രായമുള്ള കുട്ടികളിലും രോഗം കണ്ടെത്തിയതിന്റെ കണക്കുകൾ യുകെ എച്ച് എസ് എ പുറത്തു വിട്ടു. മൂന്നുമാസത്തിൽ താഴെ പ്രായമുള്ള മുന്നൂറിലധികം കേസുകൾ ആണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. പ്രായം തീരെ കുറഞ്ഞ കുട്ടികളിൽ രോഗം ബാധിക്കുന്നത് കൂടുതൽ അപകടകരമാണെന്നാണ് ആരോഗ്യവിദഗ്ധർ അഭിപ്രായപ്പെടുന്നത്.


കഴിഞ്ഞവർഷം നവംബറിലാണ് ഇപ്പോഴത്തെ പകർച്ചവ്യാധി ആരംഭിച്ചത്. വില്ലൻ ചുമയ്ക്ക് എതിരെ ഏറ്റവും മികച്ച പ്രതിരോധമാണ് വാക്സിനേഷൻ . ഗർഭിണികളും കൊച്ചു കുട്ടികളും ശരിയായ സമയത്ത് വാക്സിനുകൾ സ്വീകരിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്ന് യുകെ എച്ച് എസ് എ യിലെ പ്രതിരോധ കുത്തിവയ്പ്പിന്റെ ചുമതല വഹിക്കുന്ന ഡോ. മേരി റാംസ പറഞ്ഞു. ഗർഭിണികളായ സ്ത്രീകൾ വില്ലൻ ചുമയ്ക്കുള്ള വാക്സിൻ എടുക്കുന്നത് ഗർഭാവസ്ഥയിലുള്ള അവരുടെ കുഞ്ഞുങ്ങൾക്ക് രോഗത്തിൽ നിന്ന് സംരക്ഷണം നൽകും.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

രക്തത്തിൽ ഹീമോഗ്ലോബിന്റെ അളവ് കുറയുന്ന രോഗാവസ്ഥയാണ് ബീറ്റാ തലസീമിയ . രക്തത്തിലെ ജീനിന്റെ വ്യതിയാനം മൂലമാണ് ഇത് സംഭവിക്കുന്നത്. പാരമ്പര്യജന്യമായാണ് ഈ രോഗം പ്രധാനമായും വരുന്നത്. ലോകമെങ്ങും നിരവധി പേരാണ് ഈ രോഗം മൂലം വിഷമത അനുഭവിക്കുന്നത്.


ബീറ്റാ തലസീമിയ ചികിത്സയിൽ ഫലപ്രദമായ മുന്നേറ്റമാണ് എൻഎച്ച്എസ് നടത്തിയിരിക്കുന്നത് . ജീൻ എഡിറ്റിംഗ് ചികിത്സയാണ് ബീറ്റാ തലസീമിയ ബാധിതർക്ക് എൻഎച്ച്എസ് നൽകുന്നത്. മൂന്ന് വയസ്സ് പ്രായമുള്ളപ്പോൾ ബീറ്റാ തലസീമിയ രോഗം ബാധിച്ചതായി കണ്ടെത്തിയ കീർത്തന ബാലചന്ദ്രന് ഈ ചികിത്സയിലൂടെയാണ് രോഗം സുഖമായത്. മൂന്ന് വയസ്സുള്ളപ്പോഴാണ് കീർത്തന ബാലചന്ദ്രന് രോഗം തിരിച്ചറിഞ്ഞത്. ഇപ്പോൾ അവൾ ഡോക്ടർ ആകാൻ പഠിക്കുകയാണ്.


രക്തം ഉണ്ടാക്കുന്ന സ്റ്റെം സെല്ലുകളെ വേർതിരിച്ചെടുക്കുകയും ജീൻ എഡിറ്റിങ്ങിലൂടെ റീ പ്രോഗ്രാം ചെയ്ത് രോഗികളുടെ ശരീരത്തിലൂടെ കടത്തിവിടുകയുമാണ് ഈ ചികിത്സാരീതിയിൽ ചെയ്യുന്നത്. ഹീമോഗ്ലോബിൻ ഉത്പാദിപ്പിക്കാനുള്ള ശരീരത്തിന്റെ പ്രശ്നങ്ങൾ മൂലമുള്ള ഈ രോഗം പാരമ്പര്യമായി വരുന്നതാണ്. ഇത് വരുന്ന ആളുകൾക്ക് കഠിനമായ ക്ഷീണവും ശ്വാസതടസ്സവും അനുഭവപ്പെടും. ജീവിതകാലം മുഴുവൻ രക്തം മാറ്റിവച്ചാണ് ബീറ്റാ തലസീമിയ വരുന്നവർ ജീവിക്കുന്നത്. എന്നാൽ ഒറ്റ തവണ ജീൻ എഡിറ്റിംഗ് നടത്തുന്നതിലൂടെ ഈ രോഗത്തെ സുഖപ്പെടുത്താനുള്ള പ്രതിവിധിയാണ് എൻഎച്ച്എസ് കണ്ടെത്തിയിരിക്കുന്നത്. ചികിത്സയുടെ വിവിധ വശങ്ങളെ പരിഗണിച്ചതിനുശേഷം എസിറ്റിങ്ങ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ആൻഡ് കെയർ എക്സലൻസ് മെഡിസിൻ വാച്ച്ഡോഗ് ജീൻ തെറാപ്പിക്ക് അംഗീകാരം നൽകി കഴിഞ്ഞു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഒരാഴ്ചത്തെ കുടിയേറ്റ വിരുദ്ധ കലാപം വലിയ ആശങ്കയാണ് യുകെയിലേയ്ക്ക് കുടിയേറിയ അന്യ രാജ്യക്കാർക്ക് പ്രത്യേകിച്ച് ഏഷ്യൻ വംശജർക്ക് സമ്മാനിച്ചിരിക്കുന്നത്. സ്കൂൾ അവധി കാലമായതിനാൽ പല മലയാളികളും കുടുംബമായി കേരളത്തിലാണ് ഉള്ളത്. യുകെയിൽ നടക്കുന്ന സംഭവവികാസങ്ങളിൽ കടുത്ത ആശങ്ക ഉണ്ടെന്നാണ് പലരും പ്രതികരിച്ചത്. മിക്കവരും നിലവിൽ യുകെയിലുള്ളവരുമായി ബന്ധപ്പെടുകയും സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്യുന്നുണ്ട്. കലാപകാരികൾ ഏഷ്യൻ ന്യൂനപക്ഷങ്ങളെ ലക്ഷ്യം വച്ച് നടത്തുന്ന ആക്രമണങ്ങൾ മലയാളി കുട്ടികളിലും ഭീതി വിതച്ചിട്ടുണ്ട് . പല സ്ഥലങ്ങളിലും വൈകിട്ട് 6 മണി കഴിഞ്ഞ് പുറത്തിറങ്ങരുതെന്ന നിർദേശം നൽകപ്പെട്ടതായുള്ള റിപ്പോർട്ടുകളും പ്രചരിക്കുന്നുണ്ട്.


ഇതിനിടെ കുടിയേറ്റ വിരുദ്ധ കലാപത്തിനെതിരെ ആയിരങ്ങൾ തെരുവിലിറങ്ങി പ്രതിഷേധിച്ചു . “റഫ്യൂജിസ് ആർ വെൽക്കം ഹിയർ” എന്ന മുദ്രാവാക്യം വിളിച്ച് ചേർന്ന ഒത്തുചേരലുകൾ സമാധാനപരമായിരുന്നു എന്നാണ് പൊതുവെ പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വിവിധ സ്ഥലങ്ങളിൽ നടന്ന പ്രതിഷേധങ്ങളെ നേരിടാൻ ആയിരക്കണക്കിന് പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിരുന്നു. ഇന്നലെ ഇംഗ്ലണ്ടിൽ ഉടനീളം ആക്രമങ്ങൾ ഉണ്ടാകുമെന്ന പേടിയിൽ കട ഉടമകൾ നേരത്തെ കടകൾ അടച്ചിരുന്നു. ആക്രമങ്ങളുടെ പശ്ചാത്തലത്തിൽ പലസ്ഥലങ്ങളിലും വർക്ക് ഫ്രം ഹോമിന് അനുവാദം നൽകിയിരുന്നു . കഴിഞ്ഞ ആഴ്ച കലാപവുമായി ബന്ധപ്പെട്ട് 400 ലധികം അറസ്റ്റ് നടന്നതായാണ് റിപ്പോർട്ടുകൾ. പ്രതിഷേധത്തിന്റെ ഭാഗമായി പല സ്ഥലങ്ങളിലും പോലീസിനെ ആക്രമിക്കുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.

ജൂലൈ 29 – ന് അവധിക്കാല നൃത്ത, യോഗ ക്ലാസിൽ 17 വയസ്സുകാരൻ നടത്തിയ ആക്രമണത്തിൽ മൂന്ന് പെൺകുട്ടികൾ ദാരുണമായി കൊല്ലപ്പെട്ട സംഭവമാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്. രണ്ട് മുതിർന്നവർ ഉൾപ്പെടെ ഗുരുതരമായി പരിക്കേറ്റ് മെർസി സൈഡിലെ ആശുപത്രികളിൽ പ്രവേശിച്ചിരുന്നവർ സുഖം പ്രാപിച്ച് ഡിസ്ചാർജ് ചെയ്യപ്പെട്ടതായുള്ള റിപ്പോർട്ടുകൾ ഇന്നലെ പുറത്തുവന്നിരുന്നു . അക്‌സൽ മുഗൻവ റുഡകുബാന എന്ന 17 കാരനെതിരെ മൂന്ന് കൊലപാതകങ്ങളും 10 കൊലപാതകശ്രമങ്ങളും ചുമത്തിയിട്ടുണ്ട്. കൊലപാതകം നടത്തിയ 17 വയസ്സുകാരൻ അനധികൃത കുടിയേറ്റക്കാരനാണെന്ന് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ച തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ യുകെയിലൊട്ടാകെ വ്യാപകമായി ആക്രമ സംഭവങ്ങളാണ് അരങ്ങേറി കൊണ്ടിരിക്കുന്നത്. പ്രതി അനധികൃത കുടിയേറ്റം നടത്തിയ മുസ്ലീമാണെന്ന രീതിയിലുള്ള പ്രചാരണങ്ങളെ തുടർന്ന് ആ വിഭാഗത്തിൻറെ ആരാധനാലയങ്ങളിൽ പലതും ആക്രമിക്കുന്ന സംഭവങ്ങളും ഉണ്ടായി.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യു കെ :- ബ്രിട്ടനിലെ ആരോഗ്യ മേഖലയെ സംബന്ധിച്ച കടുത്ത വിമർശനങ്ങളും മുന്നറിയിപ്പുമാണ് ജനറൽ മെഡിക്കൽ കൗൺസിൽ ( ജി എം സി ) നൽകിയിരിക്കുന്നത്. എൻഎച്ച്എസിൽ പ്രവർത്തിക്കുന്ന മൂന്നിലൊന്ന് ഡോക്ടർമാരും തങ്ങളുടെ “ബ്രേക്കിംഗ് പോയിന്റിൽ ” ആണ് എത്തിനിൽക്കുന്നതെന്ന് ജിഎംസി മുന്നറിയിപ്പ് നൽകുന്നു. നിലവിലെ പരിചരണ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി തന്നെ പതിവായി അധിക മണിക്കൂറുകൾ ജോലി ചെയ്യുവാൻ ഡോക്ടർമാർ നിർബന്ധിതരാകുന്നുണ്ട്. യുകെയിലെ ഡോക്ടർമാരുടെ തൊഴിൽ ജീവിതത്തിന്റെ ഭയാനകമായ ചിത്രമാണ് ജിഎംസി മുന്നോട്ടുവയ്ക്കുന്നത്.

അമിത ജോലി മൂലം ക്ഷീണിതരായ ഡോക്ടർമാർ രോഗികളുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്നുണ്ടെന്നും ജിഎംസി വ്യക്തമാക്കി. യുകെയിലെ ആരോഗ്യ സേവനങ്ങൾ ഗുരുതരാവസ്ഥയിലാണ് പ്രവർത്തിക്കുന്നതെന്ന് ജിഎംസി ചീഫ് എക്സിക്യൂട്ടീവ് ചാർലി മാസി വ്യക്തമാക്കി. തങ്ങളുടെ ആരോഗ്യവും ക്ഷേമവും സംരക്ഷിക്കുവാൻ ഡോക്ടർമാർ പലപ്പോഴും തങ്ങളുടെ ജോലിസമയം കുറയ്ക്കുവാൻ ശ്രമിക്കുകയും അധിക മണിക്കൂറുകൾ ജോലി ചെയ്യുവാൻ വിസമ്മതിക്കുകയും ചെയ്യുന്ന സാഹചര്യമാണ് ഉള്ളത്. തങ്ങൾക്ക് മേലുള്ള സമ്മർദ്ദം മൂലം അവധി എടുക്കുന്ന ഡോക്ടർമാരുടെ എണ്ണവും കൂടുതലാണ്. യുകെയിലെ 3,80,000 ഡോക്ടർമാരിൽ, 4,288 പേരിൽ നടത്തിയ സർവ്വേയുടെ അടിസ്ഥാനത്തിലാണ് ജിഎംസി റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.


തീവ്രമായ ജോലി സമ്മർദങ്ങൾ അധിക ചുമതലകൾ ഏറ്റെടുക്കുന്നതിൽ നിന്ന് 41 ശതമാനം ഡോക്ടർമാരെ വിസമ്മതിക്കുവാൻ പ്രേരിപ്പിച്ചതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 47 ശതമാനം ഡോക്ടർമാർ അടുത്ത വർഷം തങ്ങളുടെ കരാർ സമയം വെട്ടി കുറയ്ക്കാൻ ആലോചിക്കുന്നുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ജനറൽ പ്രാക്ടീഷണർ ആയ ഒരു ഡോക്ടർ ജിഎംസിക്ക് നൽകിയ അഭിമുഖത്തിൽ, തന്റെ ജോലിയെ താൻ സ്നേഹിച്ചിരുന്നതായും, എന്നാൽ ഇപ്പോൾ താൻ തീർത്തും വെറുക്കുന്ന ഒരു സാഹചര്യത്തിലേയ്ക്കാണ് എത്തിപ്പെട്ടിരിക്കുന്നതെന്നും വ്യക്തമാക്കി. തനിക്ക് ക്ഷീണം തോന്നുന്നതായും താൻ ജോലി സ്ഥലത്തുനിന്ന് എത്രയും വേഗം തിരിച്ചു പോരാനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എൻഎച്ച്എസ്സിന്റെ അവസ്ഥ തീർത്തും മോശമായ സാഹചര്യത്തിലാണ് എത്തിനിൽക്കുന്നതെന്നാണ് ജിഎംസി റിപ്പോർട്ട് സൂചിപ്പിക്കുന്നത്. ഇത്തരമൊരു സാഹചര്യത്തിൽ സർക്കാരിന്റെ ശക്തമായ ഇടപെടലുകൾ ആരോഗ്യ മേഖലയിൽ ആവശ്യമാണ്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

മലയാളികൾ ഉൾപ്പെടെ യുകെയിൽ കുടിയേറിയവരെ ഭീതിയിലാക്കി കലാപങ്ങൾ. യുകെയിലെ വിവിധ ഭാഗങ്ങളിൽ തീവ്ര വലതുപക്ഷ കലാപങ്ങളാണ് പൊട്ടി പുറപ്പെട്ടിരിക്കുന്നത്. യുകെയിൽ കുടിയേറിയ മലയാളികളിൽ ഭൂരിഭാഗം പേരും എൻഎച്ച്എസിൽ ജോലി ചെയ്തു വരുന്ന നേഴ്‌സുമാരാണ്. ഇത്തരം വംശീയ പ്രക്ഷോഭങ്ങൾ ജീവനക്കാരെ ബാധിക്കുന്നതായി എൻഎച്ച്എസ് ഇംഗ്ലണ്ടിൻ്റെ ചീഫ് എക്സിക്യൂട്ടീവ് അമൻഡ പ്രിച്ചാർഡ് പറയുന്നു.

തെക്ക്-പടിഞ്ഞാറൻ ഇംഗ്ലണ്ടിൽ നിന്നുള്ള 32 കാരനായ എൻഎച്ച്എസ് ഹോസ്പിറ്റൽ ഡോക്ടറായ സമീർ സുരക്ഷയെയും വർദ്ധിച്ചുവരുന്ന സെനോഫോബിയയെയും കുറിച്ചുള്ള തൻ്റെ ആശങ്കകൾ പങ്കുവെച്ചു. നാല് വർഷം മുമ്പ് ഈജിപ്തിൽ നിന്ന് മാറിയതിന് ശേഷം ഇതുപോലെ ഒരു അവസ്ഥ താൻ നേരിട്ടിട്ടില്ല എന്ന് അദ്ദേഹം പറയുന്നു. രാജ്യത്തെ പല ഭാഗങ്ങളിലായി വർദ്ധിച്ച് വരുന്ന വിദ്വേഷജനകമായ ഓൺലൈൻ കമൻ്റുകളും സമീപത്തുള്ള കുടിയേറ്റ വിരുദ്ധ പ്രകടനങ്ങളും വർദ്ധിച്ചതിൽ മലയാളികൾ ഉൾപ്പെടെ ഉള്ള കുടിയേറ്റക്കാർ കനത്ത ആശങ്കയിലാണ്.

മലയാളികളിൽ ഭൂരിഭഗം ആളുകളും കുടുംബമായാണ് യുകെയിലേക്ക് കുടിയേറുന്നത്. സമൂഹമാധ്യമങ്ങളിലും മറ്റും പ്രചരിക്കുന്ന കലാപത്തിൻെറ വിഡിയോകളും ചിത്രങ്ങളും കുട്ടികൾ ഉൾപ്പെടെയുള്ളവരിൽ കനത്ത ഭീതിയാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇത്രയും നാൾ അഭിമുകീകരിക്കാത്ത സുരക്ഷാ ഭീഷണികളാണ് ഇപ്പോൾ നേരിടുന്നതെന്ന് പലരും പറയുന്നു. ആക്രമണങ്ങളുമായി ബന്ധപ്പെട്ട തീവ്ര വലതുപക്ഷ വീഡിയോകൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ജൂലൈ 29 – ന് അവധിക്കാല നൃത്ത, യോഗ ക്ലാസുകളിൽ 17 വയസ്സുകാരൻ നടത്തിയ ആക്രമണത്തിൽ മൂന്ന് പെൺകുട്ടികൾ ദാരുണമായി കൊല്ലപ്പെട്ടിരുന്നു. രണ്ട് മുതിർന്നവർ ഉൾപ്പെടെ ഗുരുതരമായി പരിക്കേറ്റ് മെർസി സൈഡിലെ ആശുപത്രികളിൽ പ്രവേശിച്ചിരുന്നവർ സുഖം പ്രാപിച്ച് ഡിസ്ചാർജ് ചെയ്യപ്പെട്ടതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു . എൽസി ഡോട്ട് സ്റ്റാൻകോംബ്, ആലീസ് ഡ സിൽവ അഗ്വിയർ, ബെബെ കിംഗ് എന്നിവരാണ് സൗത്ത്പോർട്ട് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. അക്‌സൽ മുഗൻവ റുഡകുബാന എന്ന 17 കാരനെതിരെ മൂന്ന് കൊലപാതകങ്ങളും 10 കൊലപാതകശ്രമങ്ങളും ചുമത്തിയിട്ടുണ്ട്.

കൊലപാതകം നടത്തിയ 17 വയസ്സുകാരൻ അനധികൃത കുടിയേറ്റക്കാരനാണെന്ന് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ച തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ യുകെയിലൊട്ടാകെ വ്യാപകമായി ആക്രമ സംഭവങ്ങളാണ് അരങ്ങേറി കൊണ്ടിരിക്കുന്നത്. പ്രതി അനധികൃത കുടിയേറ്റം നടത്തിയ മുസ്ലീമാണെന്ന രീതിയിലുള്ള പ്രചാരണങ്ങളെ തുടർന്ന് ആ വിഭാഗത്തിൻറെ ആരാധനാലയങ്ങളിൽ പലതും ആക്രമിക്കുന്ന സംഭവങ്ങളും ഉണ്ടായി. ഈ സാഹചര്യത്തിൽ മതിയായ സുരക്ഷിതത്വം വിവിധ വിഭാഗങ്ങളിൽ പെട്ടവർക്ക് ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി കെയർ സ്റ്റാർമർ പറഞ്ഞു. ഒരാഴ്ച മുമ്പ് പ്രശ്നങ്ങൾ ആരംഭിച്ചതിനു ശേഷമുള്ള രണ്ടാമത്തെ കോബ്ര അടിയന്തിര യോഗത്തിൽ അധ്യക്ഷത വഹിച്ചതിനു ശേഷം മാധ്യമങ്ങളുടെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നടന്ന കലാപങ്ങളിൽ 400 ലധികം അറസ്റ്റുകൾ ആണ് ഇതുവരെ നടന്നിരിക്കുന്നത്. ഇന്ന് രാജ്യമൊട്ടാകെ ഏകദേശം മുപ്പതോളം പ്രതിഷേധ കൂട്ടായ്മകൾ സംഘടിപ്പിച്ചിട്ടുണ്ടെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. അശാന്തിയും ആക്രമവും അഴിച്ചു വിടുന്നവർക്കെതിരെ ശക്തമായ നടപടികൾ പോലീസ് സ്വീകരിക്കുന്നുണ്ട്. ഗ്രേറ്റർ മാഞ്ചസ്റ്ററിലെ ലഹള നടത്തുന്നതിനിടെ നാശനഷ്ടം ഉണ്ടാക്കിയതിന് 18 കാരനായ ജെയിംസ് നെൽസനെ ജയിലിടച്ചു. ലഹളയിൽ പങ്കെടുത്തതിന് ജയിൽ ശിക്ഷ അനുഭവിക്കുന്ന ആദ്യ വ്യക്തിയാണ് ഇയാൾ.

ഇതിനിടെ കുടിയേറ്റ വിരുദ്ധ സമരത്തിൽ യുകെയിലെ മലയാളികളും ആശങ്കയിലാണ്. ബെൽ ഫാസ്റ്റിൽ താമസിക്കുന്ന മലയാളി യുവാവ് കുടിയേറ്റ വിരുദ്ധ കലാപത്തിന് ഇരയായതായുള്ള റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. രാത്രി ജോലി കഴിഞ്ഞ് വരുന്ന വഴി അക്രമി സംഘം പിന്നില്‍ നിന്നു തല്ലി താഴെയിട്ട ശേഷം കൂട്ടം ചേര്‍ന്ന് നിലത്തിട്ടു മർദിക്കുകയായിരുന്നു. കുറച്ച് ദിവസം മുൻപ് യുവാവിനു നേരെ മുട്ടയേറു നടന്നിരുന്നു. ഇത് ചോദ്യം ചെയ്തതിൻെറ വൈരാഗ്യത്തിലാണ് പ്രതിഷേധക്കാര്‍ സംഘം ചേര്‍ന്ന് എത്തി അക്രമിച്ചതെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. പരുക്കേറ്റ ഇദ്ദേഹം ചികിത്സ തേടിയതോടെ ആശുപത്രി അധികൃതര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. ഇതോടെയാണ് സംഭവം പുറം ലോകമറിഞ്ഞത്. യുവാവിനു ഗുരുതരമായ പരുക്കുകളില്ല. പ്രായപൂര്‍ത്തിയാകാത്തവരാണ് ആക്രമണത്തിനു നേതൃത്വം നല്‍കുന്നവരില്‍ ഭൂരിഭാഗവും. സംഭവത്തിന് പിന്നാലെ പ്രശ്‌നം ഉള്ള മേഖലയിൽ താമസിക്കുന്ന മലയാളികൾ ജാഗ്രത പുലര്‍ത്തണമെന്ന നിർദ്ദേശം വിവിധ മലയാളി വാട്‌സാപ്പ് ഗ്രൂപ്പുകളിൽ പ്രചരിക്കുന്നുണ്ട്.

RECENT POSTS
Copyright © . All rights reserved