ഏഴു വയസുള്ള ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കുറ്റത്തിന് ശിക്ഷിക്കപ്പെട്ട ഇന്ത്യന്‍ വംശജന്റെ ബ്രിട്ടീഷ് പൗരത്വം എടുത്തു കളഞ്ഞു. ഇയാളെ ഇന്ത്യയിലേക്ക് നാടുകടത്താനും തീരുമാനമായിട്ടുണ്ട്. ആര്‍എസ്ഡി എന്ന പേരില്‍ അറിയപ്പെടുന്ന ഇയാള്‍ 1997ലാണ് ഇന്ത്യയില്‍ നിന്ന് യുകെയില്‍ എത്തിയത്. 2004ല്‍ ഇയാള്‍ക്ക് ബ്രിട്ടീഷ് പൗരത്വം അനുവദിച്ചു. 2011ലാണ് ബന്ധുവായ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കുറ്റത്തില്‍ ഇയാള്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. 2003നും 2010നുമിടയില്‍ ഇയാള്‍ കുട്ടിയെ ഗ്രൂമിംഗിനും ലൈംഗിക ചൂഷണത്തിനും ഇരയാക്കിയെന്നാണ് തെളിഞ്ഞത്. ഇതേത്തുടര്‍ന്ന് കോടതി ഇയാള്‍ക്ക് 14 വര്‍ഷത്തെ തടവുശിക്ഷ നല്‍കുകയും സെക്ഷ്വല്‍ ഒഫെന്‍ഡേഴ്‌സ് ലിസ്റ്റില്‍ ഇയാളുടെ പേര് ജീവപര്യന്തം ചേര്‍ക്കുകയും ചെയ്തു.

യുകെ പൗരത്വത്തിനായി അപേക്ഷ നല്‍കിയ സമയത്ത് ഇയാള്‍ ഒരു കുട്ടിയെ പീഡിപ്പിച്ചു വരികയായിരുന്നുവെന്ന് വ്യക്തമായതിനെത്തുടര്‍ന്നാണ് ഇയാളുടെ പൗരത്വം റദ്ദാക്കാന്‍ ഹോംസെക്രട്ടറി തീരുമാനിച്ചത്. ഇത്തരത്തിലുള്ള ആദ്യ കേസാണ് ഇതെന്നും വിലയിരുത്തപ്പെടുന്നു. 2003ല്‍ അപേക്ഷ നല്‍കുന്നതിനു മുമ്പും പൗരത്വം ലഭിച്ചതിനു ശേഷവും വര്‍ഷങ്ങളോളം പീഡനം തുടര്‍ന്നുവെന്നാണ് വ്യക്തമായത്. ഈ കുറ്റകൃത്യം മറച്ചുവെച്ച് ബ്രിട്ടീഷ് പൗരത്വത്തിന് ശ്രമിച്ചുവെന്നത് അംഗീകരിക്കാനാകാത്ത കുറ്റമാണ്. ഇത് നിങ്ങളുടെ സ്വഭാവം ശരിയല്ലെന്ന് വ്യക്തമാക്കുന്നതാണെന്ന് ആര്‍എസ്ഡിക്ക് നല്‍കിയ വിശദീകരണത്തില്‍ ഹോം സെക്രട്ടറി വ്യക്തമാക്കി.

തീരുമാനത്തിനെതിരെ നല്‍കിയ അപ്പീലില്‍ ഇയാള്‍ വിജയിച്ചെങ്കിലും ഒരു സീനിയര്‍ ജഡ്ജ് ഹോം സെക്രട്ടറിയുടെ തീരുമാനത്തിന് അനുകൂലമായി വിധിയെഴുതുകയായിരുന്നു. ഇമിഗ്രേഷന്‍ ആന്‍ഡ് അസൈലം ചേംബറിന്റെ അപ്പര്‍ ട്രൈബ്യൂണല്‍ ജഡ്ജിയായ ജഡ്ജ് പിറ്റ് ആണ് ഈ വിധിയെഴുതിയത്. ചൈല്‍ഡ് അബ്യൂസ് ലോയര്‍മാര്‍ ഈ തീരുമാനത്തെ സ്വാഗതം ചെയ്തു. റോച്ച്‌ഡെയിലില്‍ ഒരു കുട്ടിയെ പീഡനത്തിന് ഇരയാക്കിയ മൂന്ന് പാകിസ്ഥാന്‍ വംശജരുടെ കേസിലും ഈ വിധി ബാധിക്കും.
അപകടത്തില്‍ പൂര്‍ണ്ണമായി തകര്‍ന്ന ലംബോര്‍ഗിനിയില്‍ നിന്ന് നിസാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ട് ഡ്രൈവര്‍. എം62വില്‍ മാഞ്ചസ്റ്റര്‍ ഭാഗത്തേക്കുള്ള പ്രദേശത്ത് നടന്ന അപകടത്തില്‍ 2 ലക്ഷം പൗണ്ട് വിലയുള്ള സൂപ്പര്‍കാര്‍ വീണ്ടെടുക്കാനാകാത്ത വിധം തകര്‍ന്നു തരിപ്പണമായി. ഉച്ചയ്ക്ക് ഒരു മണിക്ക് ജംഗ്ഷന്‍ 5നും 6നുമിടയിലായാണ് അപകടമുണ്ടായത്. അപകടത്തെത്തുടര്‍ന്ന് മോട്ടോര്‍വേയില്‍ മാഞ്ചസ്റ്ററിലേക്കുള്ള ദിശയില്‍ ഒരു ലെയിന്‍ അടച്ചിട്ടു. ഗതാഗത തടസമുണ്ടായതോടെ പോലീസ് ഓഫീസര്‍മാര്‍ക്കെതിരെ രംഗത്തെത്തിയ ഡ്രൈവര്‍മാരെ പോലീസ് ശകാരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

ഒടുവില്‍ യാത്രക്കാരുടെ രോഷമടക്കാന്‍ മെഴ്‌സിസൈഡ് പോലീസിന് ട്വീറ്റ് ചെയ്യേണ്ടി വന്നു. നിങ്ങള്‍ വാഹനമോടിക്കുമ്പോള്‍ ഞങ്ങള്‍ക്ക് അല്‍പം സൗകര്യം തരൂ, ഞങ്ങളോട് കയര്‍ത്തതുകൊണ്ടോ, എന്‍ജിന്‍ ഇരപ്പിച്ചതുകൊണ്ടോ റോഡ് വീണ്ടും തുറക്കുന്നത് വേഗത്തിലാക്കാന്‍ കഴിയില്ലെന്ന് പോലീസ് ട്വീറ്റ് ചെയ്തു. ഒരു കാര്‍ മാത്രമാണ് അപകടത്തില്‍ പെട്ടതെന്നും പോലീസ് വ്യക്തമാക്കി. രണ്ടു ഫയര്‍ എന്‍ജിനുകള്‍ സംഭവസ്ഥലത്ത് എത്തിയിരുന്നു.

എന്നാല്‍ കാറിലുണ്ടായിരുന്ന ആളെ വാഹനം പൊളിച്ചാണോ പുറത്തെടുത്തത് എന്ന കാര്യത്തില്‍ വ്യക്തതയില്ല. നേരത്തേ ഈ വാഹനം ജംഗ്ഷന്‍ 8ല്‍ വെച്ച് ഓഫീസര്‍മാര്‍ തടഞ്ഞിരുന്നു. റോഡിന്റെ നടുവിലൂടെ അനാവശ്യമായി പോയതിനും മൂടല്‍മഞ്ഞില്‍ ലൈറ്റുകള്‍ ഉപയോഗിക്കാതിരുന്നതിനുമായിരുന്നു ഇത്. ഡ്രൈവറെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.
ഫാ. ഹാപ്പി ജേക്കബ്
” അവള്‍ ആദ്യജാതനായ മകമനെ പ്രസവിച്ചു. ശീലകള്‍ ചുറ്റി വഴിയമ്പലത്തില്‍ അവര്‍ക്ക് പോലും സ്ഥലം ഇല്ലായ്കയാല്‍ പശുതൊട്ടിയില്‍ കിടത്തി. അന്ന് ആ പ്രദേശത്ത് ഇടയന്മാര്‍ രാത്രിയില്‍ ആട്ടിന്‍ കൂട്ടത്തെ കാവല്‍ കാത്ത് വെളിയില്‍ പാര്‍ത്തിരുന്നു. ദൂതന്‍ അവരോട്, സര്‍വ്വജനത്തിനും ഉണ്ടാകുവാനുള്ളോരു മഹാ സ്‌ന്തോഷം ഞാന്‍ നിങ്ങളോട് സുവിശേഷിക്കുന്നു. കര്‍ത്താവായ ക്രിസ്തു എന്ന രക്ഷിതാവ് ദാവീദിന്റെ പട്ടണത്തില്‍ നിങ്ങള്‍ക്കായി ജനിച്ചിരിക്കുന്നു. നിങ്ങള്‍ക്കടയാളമോ, ശീലകള്‍ ചുറ്റി പശുതൊട്ടിയില്‍ കിടക്കുന്ന ഒരു ശിശുവിനെ നിങ്ങള്‍ കാണും.”
സര്‍വ്വ ജനത്തിന്റെയും വീണ്ടെടുപ്പിനായി ദൈവം താണിറങ്ങി വന്ന സുദിനം. ദൈവ പുത്രനെ സ്വീകരിക്കുവാന്‍ എല്ലാ അര്‍ത്ഥത്തിലും നാം ഒരുങ്ങി കഴിഞ്ഞു. കരോള്‍ ഗാനങ്ങളും പുല്‍ക്കൂടുകളഉം അലങ്കാരങ്ങളും സമ്മാനങ്ങളും എല്ലാം ഒരുങ്ങി കഴിഞ്ഞു. രണ്ടു ചിന്തകള്‍ പ്രധാനമായും നിങ്ങളുമായി പങ്കുവെക്കാന്‍ ആഗ്രഹിക്കുന്നു.
”വഴിയമ്പലത്തില്‍ അവര്‍ക്ക് സ്ഥലം ഇല്ലായ്മയാല്‍ ശീലകള്‍ ചുറ്റി പശു തൊട്ടിയില്‍ കിടത്തി. ഈ പെരുന്നാളില്‍ എല്ലാ ആഘോഷങ്ങളും നാം ഒരുക്കുമ്പോള്‍ ജനിക്കുവാന്‍ ഒരു ഇടം തേടുന്ന രക്ഷകനെ ഒരു നിമിഷം നാം മാനിക്കേണ്ടതുണ്ട്. എന്തിന് വേണ്ടിയാണ് നാം ഒരുങ്ങിയത്? തിരിച്ച് ഒന്ന് ചിന്തിച്ചൂടെ. ക്രിസ്മസ് ആയതിനാല്‍ ഞാന്‍ ഒരുങ്ങി, എല്ലാത്തിനും ഒരു കാരണം അത് മാ്ത്രമെ നാം ഇന്ന് ആഗ്രഹിക്കുന്നുള്ളു. അത് ജനനം ആയാലും മരണമായാലും രോഗമായാലും ദുഃഖമായാലും- കൂടിച്ചേരുവാന്‍ ഒരു കാരണം. മനസുകൊണ്ട് എന്റെ കുടുംബത്തില്‍, മനസില്‍ രക്ഷകന്‍ വന്നില്ലെയെങ്കില്‍ പിന്നെ എന്തിന് നാം ഒരുങ്ങി. മൂകരായ കാലികളുടെ മധ്യേ ആ ശിശു ജനിച്ചു. എന്നാല്‍ ഒരുങ്ങി എന്നവകാശപ്പെടുന്ന നമ്മുടെ ഉള്ളിലൊന്ന് ഒരിടം അന്വേഷിച്ച് കടന്നുവരുന്നതെങ്കില്‍.! ചിന്തിക്കുക..! നാം ഇന്ന് ആചരിക്കുന്ന എല്ലാ ചിന്തകളും അനുഭവങ്ങളും വിട്ടൊഴിയേണ്ടി വരും. ഞാന്‍ വാതില്‍ക്കല്‍ നിന്നു മുട്ടുന്നു. ആരെങ്കിലും എന്റെ ശബ്ദം കേട്ട് വാതില്‍ തുറന്നാല്‍ ഞാന്‍ അവനോടും അവന്‍ എന്നോടും കൂടെ പന്തിയില്‍ ഇരിക്കും (വെളിപാട് 3:20). പരസ്പരം ഒന്നായി തീരുന്ന ദിവ്യാനുഭവം. ദൈവവും മനുഷ്യനും സമ്മേളിക്കുന്ന പരിശുദ്ധതയുടെ അനുഭവം. വാതില്‍പ്പടിയില്‍ നമ്മുടെ മറുപടിക്കായി കാത്ത് നില്‍ക്കുന്ന രക്ഷകനെ നമ്മുടെ ഉള്ളിലേക്ക് ആനയിക്കാം ഈ ക്രിസ്മസ് നാളുകളില്‍. അങ്ങനെ നമ്മുടെ ഹൃദയത്തിനുള്ളില്‍ ക്രിസ്തു സാന്നിധ്യം അനുഭവിക്കാം.
രണ്ടാമതായി നിങ്ങള്‍ക്കടയാളമോ ശിലകള്‍ ചുറ്റി പശുതൊട്ടിയില്‍ കിടത്തിയിരിക്കുന്ന ഒരു ശിശുവിനെ നിങ്ങള്‍ കാണും.
സമൃദ്ധിയുടെ മാറ്റ് പ്രദര്‍ശിപ്പിക്കുന്ന ഒരു ആഘോഷമാണ് ഇന്ന് ക്രിസ്മസ്. അലങ്കാരങ്ങള്‍ക്കും സമ്മാനങ്ങള്‍ക്കും കൂടിവരവുകള്‍ക്കും എന്ത് മാത്രം ധനവ്യയമാണ് നാം ചെയ്യുന്നത്. ക്രിസ്മസാണ് കാരണമായി നാം പറയുന്നത്. ഇനി അതിലും ഭായനകം ക്രിസ്മസ് ആഘോഷങ്ങളിലെ ഭക്ഷണ ദുര്‍വ്യയമാണ്. ഒന്നുമില്ലായ്മയുടെ നടുവില്‍ ജീവിക്കുന്ന ഒരു ശിശുവിന് നാം കൊടുക്കുന്ന സ്വീകരണം. ഈ ദുര്‍വ്യയം കാണുമ്പോള്‍ നാം കണ്ടത് ക്രിസ്തുവിനെ അല്ല, പുല്‍കൂട്ടില്‍ പിറന്ന യേശുവിനെയും അല്ല. ഇന്നും നമ്മുടെ ഇടയിലും ചുറ്റുപാടിലും ഈ ഇല്ലായ്മയുടേയും വല്ലായ്മകളുടെയും പ്രതീകങ്ങള്‍ ഉണ്ട്. അതൊന്നും നാം കാണുന്നില്ലെന്നും മാത്രം. നമ്മുടെ ദൃഷ്ടി അവിടെങ്ങളിലേക്ക് എത്തിച്ചേരില്ല. കാരണം എളിമയും താഴ്മയും നമുക്കില്ല. അതൊരു കുറവാണെന്ന് നാം മനസിലാക്കണം.
ഈ ക്രിസ്മസ് പുല്‍ക്കൂടിന്റെ അനുഭത്തിലേക്ക് നമുക്ക് നോക്കാം. രക്ഷകന്റെ ജനനം നമുക്ക് നല്‍കിയ നല്ല അനുഭവങ്ങള്‍ ഒന്ന് പങ്കുവെക്കാം. അത്തരത്തിലൊരു പങ്കുവെക്കലാകട്ടെ നമ്മുടെ കൂടി വരവുകളും. എളിമയുടെയും ദാസ്യത്തിന്റെയും ഈ പെരുന്നാളില്‍ ക്രിസ്തുവിനെ ഉള്ളില്‍ വെച്ച് നമുക്ക് ദൈവ സ്‌നേഹത്തിന്റെ നല്ല മാതൃകകളാവാം. ”നിങ്ങള്‍ എന്നെ അറിഞ്ഞുവെങ്കില്‍ എന്റെ പിതാവിനെയും അറിയുമായിരുന്നു, ഇന്ന് മുതല്‍ നിങ്ങള്‍ അവനെ അറിയുന്നു.”(യോഹന്നാന്‍ 14:7)
ഏവര്‍ക്കും അനുഗ്രഹിക്കപ്പെട്ട ക്രിസ്മസും പുതുവര്‍ഷവും നേരുന്നു.
2019ല്‍ ഒരു ഇടക്കാല തെരഞ്ഞെടുപ്പ് സംഭവിക്കുകയും അതില്‍ ലേബര്‍ അധികാരത്തില്‍ എത്തുകയും ചെയ്താലും ബ്രെക്‌സിറ്റ് തുടരുമെന്ന് ലേബര്‍ നേതാവ് ജെറമി കോര്‍ബിന്‍. എന്നാല്‍ നിലവില്‍ തെരേസ മേയ് കൊണ്ടുവന്നതിനേക്കാള്‍ മികച്ച ഒരു ധാരണയില്‍ ബ്രസല്‍സുമായി ഏര്‍പ്പെടുമെന്നും കോര്‍ബിന്‍ പറഞ്ഞു. ഗാര്‍ഡിയന് നല്‍കിയ അഭിമുഖത്തിലാണ് ലേബര്‍ നിലപാട് കോര്‍ബിന്‍ വ്യക്തമാക്കിയത്. ബ്രെക്‌സിറ്റില്‍ ഒരു രണ്ടാം ഹിതപരിശോധനയ്ക്ക് പാര്‍ട്ടി എംപിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ആവശ്യപ്പെടുന്നുണ്ടെങ്കിലും അക്കാര്യത്തിലുള്ള നിലപാട് പാര്‍ട്ടി തീരുമാനിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. ഇപ്പോള്‍ ബ്രെക്‌സിറ്റില്‍ മുന്നോട്ടു പോകണം എന്നു തന്നെയാണ് താന്‍ നിര്‍ദേശിക്കുന്നതെന്നും യൂറോപ്യന്‍ യൂണിയന്‍ ഒരു മികച്ച വ്യാപാര പങ്കാളിയാകുന്ന വിധത്തില്‍ കസ്റ്റംസ് യൂണിയന്‍ ലഭിക്കണമെന്നും അദ്ദേഹം പറഞ്ഞു.

യൂറോപ്യന്‍ യൂണിയന്റെ സ്‌റ്റേറ്റ് എയിഡ് സമ്പ്രദായത്തെ അദ്ദേഹം വിമര്‍ശിക്കുകയും ചെയ്തു. ഈ സമ്പ്രദായം പുനഃപരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ട്. നാം ചെയ്യുന്നതുപോലെ ഒരു സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ രാജ്യത്തെ വ്യവസായം വളര്‍ത്താന്‍ സ്‌റ്റേറ്റ് എയിഡ് ഉപയോഗിക്കാന്‍ സാധിക്കില്ലെന്ന് മറ്റൊരാള്‍ പറയുന്നത് അംഗീകരിക്കാന്‍ കഴിയില്ല. താന്‍ പ്രധാനമന്ത്രിയെ വിഡ്ഢിയായ സ്ത്രീ എന്നു വിളിച്ചു എന്ന ആരോപണത്തില്‍ പാര്‍ലമെന്റില്‍ നടന്ന വാദപ്രതിവാദങ്ങളില്‍ തനിക്ക് രോഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സ്റ്റുപ്പിഡ് പീപ്പിള്‍ എന്നതാണ് താന്‍ പ്രയോഗിച്ച പദമെന്നും സ്റ്റുപ്പിഡ് വുമണ്‍ എന്ന് പറഞ്ഞിട്ടേയില്ലെന്നും കോര്‍ബിന്‍ ആവര്‍ത്തിച്ചു.

ഈ വിഷയത്തില്‍ ടോറി എംപിമാരുടെ അമിതാവേശം വളരെ രസകരമാണെന്നും രാജ്യത്തെ തെരുവില്‍ കഴിയുന്നവരേക്കുറിച്ച് ഇവരുടെ സമീപനം എന്താണെന്ന ചോദ്യവും അദ്ദേഹം ഉന്നയിച്ചു. തെരേസ മേയുടെ ബ്രെക്‌സിറ്റ് ധാരണാ ബില്ലില്‍ ക്രിസ്മസ് അവധിക്കു ശേഷം പാര്‍ലമെന്റ് ചേരുന്ന രണ്ടാം ദിവസമായ ജനുവരി 9ന് വീണ്ടും ചര്‍ച്ചയാരംഭിക്കും. ഡിസംബര്‍ 11നായിരുന്നു വിഷയത്തില്‍ ആദ്യം വോട്ടിംഗ് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ കോമണ്‍സില്‍ പരാജയം ഉറപ്പായ സാഹചര്യത്തില്‍ വോട്ടിംഗ് മാറ്റിവെക്കുകയായിരുന്നു.
ലോകത്തെ ഏറ്റവും ജനപ്രിയ കംപ്യൂട്ടര്‍ ഗെയിമായ ഫോര്‍ട്ട്‌നൈറ്റ് കളിക്കുന്ന കുട്ടികള്‍ സാമ്പത്തിക ചൂഷണത്തിന് ഇരയാകുന്നുവെന്ന് പോലീസിന്റെ മുന്നറിയിപ്പ്. ഈ ഗെയിമിലൂടെയുള്ള തട്ടിപ്പുകള്‍ വര്‍ദ്ധിച്ചിട്ടുണ്ട്. ക്രിമിനലുകള്‍ ഇതിലൂടെ കുട്ടികളെ ചൂഷണം ചെയ്യുകയാണെന്ന് പോലീസിന്റെ സാമ്പത്തിക തട്ടിപ്പുകള്‍ അന്വേഷിക്കുന്ന വിഭാഗമായ ആക്ഷന്‍ ഫ്രോഡ് പറയുന്നു. ഓണ്‍ലൈന്‍ മള്‍ട്ടിപ്ലെയര്‍ ഗെയിമായ ഫോര്‍ട്ട്‌നൈറ്റില്‍ ലോകമൊട്ടാകെ 125 മില്യന്‍ ആളുകളാണ് കളിക്കാരായുള്ളത്. ഇതിലെത്തുന്ന കുട്ടികളെ തങ്ങളുടെ മാതാപിതാക്കളുടെ ബാങ്ക് വിവരങ്ങള്‍ നല്‍കാന്‍ പ്രേരിപ്പിക്കുകയാണ് തട്ടിപ്പുകാര്‍ ചെയ്യുന്നത്. ഇങ്ങനെ ഇരകളാക്കപ്പെടുന്നവര്‍ക്ക് ഓരോ തവണയും 110 പൗണ്ട് വീതം നഷ്ടമാകുന്നുണ്ടെന്നാണ് സിറ്റി ഓഫ് ലണ്ടന്‍ പോലീസിന്റെ ഫ്രോഡ് റിപ്പോര്‍ട്ടിംഗ് സെന്റര്‍ പറയുന്നത്.

ഈ വീഡിയോ ഗെയിമുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളില്‍ 40 ശതമാനം വര്‍ദ്ധനവുണ്ടായിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കുന്നു. 12 വയസിനു താഴെ പ്രായമുള്ള കുട്ടികള്‍ക്കും കളിക്കാമെന്ന് സാക്ഷ്യപ്പെടുത്തിയ ഗെയിമാണ് ഫോര്‍ട്ട്‌നൈറ്റ്. ഭൂമിയില്‍ വിഹരിക്കുന്ന വിചിത്രജീവികളെ പരാജയപ്പെടുത്തി ഭൂമി തിരിച്ചുപിടിക്കുകയാണ് കളിക്കാരുടെ ദൗത്യം. ഈ ഗെയിമില്‍ ആയുധങ്ങളും വസ്ത്രങ്ങളും വാങ്ങുന്നതിനായുള്ള ഓണ്‍ലൈന്‍ കറന്‍സി ലഭിക്കാന്‍ ഒരു തേര്‍ഡ് പാര്‍ട്ടി വെബ്‌സൈറ്റില്‍ പ്രവേശിക്കണമെന്ന് കളിക്കാരെ വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടക്കുന്നത്. സൗജന്യമായി ഓണ്‍ലൈന്‍ കറന്‍സി ലഭിക്കുമെന്ന വാഗ്ദാനത്തില്‍ പലരും വീഴുന്നു. വിശ്വാസ്യത ഉറപ്പാക്കുന്നതിനായി ബാങ്ക് വിവരങ്ങള്‍ നല്‍കണമെന്നും തട്ടിപ്പുകാര്‍ ആവശ്യപ്പെടുന്നു.

ക്രിസ്മസിന്റെ പശ്ചാത്തലത്തില്‍ കുട്ടികളുടെ ഓണ്‍ലൈന്‍ ആക്ടിവിറ്റി ശ്രദ്ധിക്കണമെന്ന് പോലീസ് രക്ഷിതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നു. ക്രിസ്മസ് കാലത്ത് ഫോര്‍ട്ട്‌നൈറ്റില്‍ കൂടുതല്‍ പര്‍ച്ചേസുകള്‍ ഉണ്ടാകാന്‍ ഇടയുണ്ട്. അതുകൊണ്ടുതന്നെ ശ്രദ്ധ അത്യാവശ്യമാണെന്ന് നാഷണല്‍ ഫ്രോഡ് ഇന്റലിജന്‍സ് ബ്യൂറോ ചീഫ് ഇന്‍സ്‌പെക്ടര്‍ പോള്‍ കരോള്‍ പറഞ്ഞു.
വിദ്യാര്‍ത്ഥികളുടെ ക്ഷേമവും മാനസികാരോഗ്യവും സ്‌കൂളുകള്‍ ഉറപ്പുവരുത്തുന്നുണ്ടോ എന്ന് നിരീക്ഷിക്കാന്‍ പുതിയ അസസ്‌മെന്റ് സംവിധാനം പരിഗണനയിലെന്ന് ഓഫ്‌സ്റ്റെഡ് അടുത്ത മാസം ചീഫ് ഇന്‍സ്‌പെക്ടര്‍ ഓഫ് സ്‌കൂള്‍സ്, അമാന്‍ഡ് സ്പീല്‍മാന്‍ പുറത്തുവിടാനിരിക്കുന്ന ഇന്‍സ്‌പെക്ഷന്‍ ഫ്രെയിംവര്‍ക്കിലാണ് ഈ നിര്‍ദേശമുള്ളത്. പേഴ്‌സണല്‍ ഡെവലപ്‌മെന്റ് എന്ന പുതിയ കാറ്റഗറി അനുസരിച്ച് കുട്ടികളുടെ മാനസികാരോഗ്യവും മറ്റും സംരക്ഷിക്കുന്നതിന് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടോ എന്ന് സ്‌കൂളുകള്‍ വ്യക്തമാക്കണം. ഈ സംവിധാനത്തിന് രൂപം നല്‍കാന്‍ ഓഫ്‌സ്റ്റെഡ് അടുത്തിടെ മെന്റല്‍ ഹെല്‍ത്ത് ചാരിറ്റികളുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു. ക്ലാസ് മുറികളിലെ മാനസികാരോഗ്യ പ്രതിസന്ധി ആശങ്ക ഉയര്‍ത്തുന്നതാണെന്ന് 40 ചാരിറ്റികളും ക്യാംപെയിന്‍ ഗ്രൂപ്പുകളും വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് സ്പീല്‍മാനോട് ഇവര്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

യംഗ് മൈന്‍ഡ്‌സ്, ദി പ്രിന്‍സസ് ട്രസ്റ്റ്, ബ്രിട്ടീഷ് സൈക്കോളജിക്കല്‍ സൊസൈറ്റി, റോയല്‍ കോളേജ് ഓഫ് സൈക്യാട്രിസ്റ്റ്‌സ്, ബര്‍ണാഡോസ്, എന്‍എസ്പിസിസി തുടങ്ങിയവയും സ്പീല്‍മാന് അയച്ച കത്തില്‍ ഒപ്പുവെച്ചിരുന്നു. നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ മുന്‍ഗണനാക്രമം തന്നെ തെറ്റാണെന്ന് യംഗ് മൈന്‍ഡ്‌സ് ക്യാംപെയിന്‍സ് ഡയറക്ടര്‍ ടോം മാഡേഴ്‌സ് പറഞ്ഞു. പരീക്ഷകള്‍ക്കാണ് ഇതില്‍ പ്രാമുഖ്യം. ഇത് കുട്ടികളെ ബാധിക്കുന്നുണ്ട്. നിങ്ങള്‍ വൈകാരികമായി മോശം അവസ്ഥയിലാണെങ്കില്‍ എന്തെങ്കിലും പഠിക്കുക എന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്. കുട്ടികള്‍ക്ക് പഠനത്തിന് ആവശ്യമായ സാഹചര്യങ്ങള്‍ ഒരുക്കിക്കൊടുക്കുക എന്നതാണ് ഏറ്റവും പ്രധാനം. പാഠ്യവിഷയങ്ങള്‍ക്ക് മാത്രമാണ് പ്രാധാന്യം നല്‍കേണ്ടതെന്നാണ് മിക്ക അധ്യാപകരും കരുതുന്നത്.

അത് അവരുടെ ജോലിയുടെ ഭാഗമെന്ന നിലയില്‍ ചെയ്യുകയാണ്. കുട്ടികളുടെ ക്ഷേമം എന്നത് ഇതിന്റെ പരിധിയില്‍ വരുന്നില്ല. അധ്യാപകര്‍ ആഴ്ചയില്‍ ശരാശരി 4.5 മണിക്കൂറുകള്‍ മാത്രമാണ് കുട്ടികളുടെ മാനസികാരോഗ്യവും ക്ഷേമവും പോലെയുള്ള കാര്യങ്ങള്‍ പരിഗണിക്കാറുള്ളതെന്ന് 6000 അധ്യാപകരില്‍ നടത്തിയ സര്‍വേ പറയുന്നു. കുട്ടികളുടെ പാഠ്യവിഷയങ്ങളിലുള്ള പ്രകടനത്തിലാണ് വിദ്യാഭ്യാസ സമ്പ്രദായം കൂടുതല്‍ ഊന്നല്‍ നല്‍കേണ്ടതെന്ന് 93 ശതമാനം അധ്യാപകരും വിശ്വസിക്കുന്നതായും യംഗ് മൈന്‍ഡ്‌സ് നടത്തിയ സര്‍വേ വ്യക്തമാക്കുന്നു.
സൗതാംപ്ടണ്‍: ആറാഴ്ച മാത്രം പ്രായമുള്ള മകനെ ക്രൂരമായി മര്‍ദിച്ചു കൊലപ്പെടുത്തിയ പതിനേഴുകാരന് ജീവപര്യന്തം തടവ്. വിന്‍സ്റ്റര്‍ ക്രൗണ്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. ഡൗള്‍ടണ്‍ ഫിലിപ്പ്‌സാണ് കുട്ടിയെ മര്‍ദിച്ചു കൊലപ്പെടുത്തിയത്. കുട്ടിയുടെ മാതാവിനെ 30 മാസവും തടവിന് ശിക്ഷിച്ചു. കുഞ്ഞിന്റെ സുരക്ഷാ വീഴ്ചയും തക്ക സമയത്ത് ആശുപത്രിയിലെത്തിക്കാത്തതും കണക്കിലെടുത്താണ് അലന്നാ സ്‌കിന്നറിന് ശിക്ഷ നല്‍കാന്‍ കാരണം.
ക്രൂരമായ മര്‍ദനത്തിനിരയായ കുഞ്ഞിന്റെ തലയോട്ടിയും വാരിയെല്ലും കാലും തകര്‍ന്ന നിലയിലായിരുന്നു. കൂടാതെ കുഞ്ഞിന്റെ മൂക്കു കടിച്ചെടുത്ത നിലയിലായിരുന്നു. ഫെബ്രുവരി 11 പുലര്‍ച്ചെ മൂന്നിനായിരുന്നു സംഭവം. ക്രൂരമായി പരുക്കേറ്റ കുഞ്ഞിനെ രാവിലെ അഞ്ചുമണിവരെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ പോലും ഇവര്‍ തയാറായിരുന്നില്ല.
അയല്‍വാസിയുടെ വീട്ടിലെ പാര്‍ട്ടിക്കിടയില്‍ ഫിലിപ്‌സ് വോഡ്കയും ബിയറും കൂടാതെ എക്‌സ്ടസി എന്ന എംഡിഎംഎ മയക്കുമരുന്നും ഉപയോഗിച്ചിരുന്നു. പാര്‍ട്ടിക്കുശേഷം ഫ്‌ളാറ്റിലെത്തിയ ഫിലിപ്‌സ് കുഞ്ഞിനെ അതിക്രൂരമായി ഉപദ്രവിക്കുന്നതിനു കാരണമായത് ഇതാണെന്നാണു കോടതിയുടെ വിലയിരുത്തല്‍.
കുഞ്ഞിനെ മര്‍ദിച്ച ഫിലിപ്‌സ് 3.41 ഓടെ ഫ്‌ളാറ്റില്‍നിന്ന് പുറത്തുപോയി. ഇയാള്‍ കടയില്‍ കയറി വളരെ ശാന്തമായി ഭക്ഷണം കഴിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും കോടതിയില്‍ ഹാജരാക്കിയിരുന്നു. ഇത് യുവാവിന്റെ ക്രൂരത തെളിയിക്കുന്നതിനുള്ള ഉത്തമ ഉദാഹരണമാണെന്നു കോടതി കണ്ടെത്തി. സ്‌കിന്നര്‍ ഗര്‍ഭിണിയായിരുന്ന സമയത്തും ഫിലിപ്പ്‌സ് ഉപദ്രവിക്കാറുണ്ടായിരുന്നു. പലപ്പോഴും അടിക്കുകയും തള്ളിയിടുകയും ചെയ്തിരുന്നു.
എന്നാല്‍ കോടതിയിലെത്തിയ ഫിലിപ്പ്‌സ് താന്‍ തെറ്റു ചെയ്തിട്ടില്ലെന്നും സോഫയില്‍നിന്ന് കുഞ്ഞു താഴെ വീഴുകയായിരുന്നുവെന്നും മൊഴി നല്‍കി. സംഭവദിവസം അവരുടെ വീട്ടില്‍നിന്ന് വലിയ കരച്ചില്‍ കേട്ടിരുന്നുവെന്ന് അയല്‍വാസികള്‍ പറഞ്ഞു. വിവരിക്കാനാകാത്ത വിധത്തിലുള്ള വേദനയാണ് കുഞ്ഞ് അനുഭവിച്ചതെന്ന് പ്രോസിക്യൂട്ടര്‍ കോടതിയില്‍ അറിയിച്ചു.
ഗാറ്റ്‌വിക്ക് വിമാനത്താവളത്തില്‍ ഭീഷണിയുയര്‍ത്തിയ ഡ്രോണുകളെ തുരത്താന്‍ സൈന്യം ഉപയോഗിച്ചത് ഇസ്രയേല്‍ വികസിപ്പിച്ച ഡ്രോണ്‍ ഡൂം സംവിധാനം. സിറിയയില്‍ ഐസിസ് ഡ്രോണുകളെ തകര്‍ക്കാന്‍ ഉപയോഗിച്ച അതേ സംവിധാനം തന്നെയാണ് ഗാറ്റ് വിക്കിലും ഉപയോഗിച്ചത്. ബ്രിട്ടീഷ് ആര്‍മിക്കു വേണ്ടി ആറ് ഡ്രോണ്‍ ഡൂം സിസ്റ്റങ്ങളാണ് ഈ വര്‍ഷം വാങ്ങിയത്. 15.8 മില്യന്‍ പൗണ്ടിനാണ് ഇവ വാങ്ങിയിരിക്കുന്നത്. 2.1 മൈല്‍ മുതല്‍ 6.2 മൈല്‍ വരെ വിസ്തൃതിയില്‍ ഡ്രോണുകളെ കണ്ടെത്താനും അവയെ വീഴ്ത്താനും ഇവയ്ക്ക് കഴിയും. ഡിജെഐ എന്ന ബ്രാന്‍ഡിലുള്ള ഡ്രോണുകളെ കണ്ടെത്താനും അവയെ വീഴ്ത്താനും കഴിയുന്ന ഡിജെഐ സിസ്റ്റമാണ് വ്യാഴാഴ്ച പോലീസ് കൊണ്ടുവന്നത്. എന്നാല്‍ ഗാറ്റ്‌വിക്കില്‍ പ്രത്യക്ഷപ്പെട്ടത് ഡിജെഐ ഡ്രോണ്‍ ആയിരുന്നില്ല. അതുകൊണ്ടുതന്നെ പോലീസിന് ഡ്രോണ്‍ ഭീഷണി നേരിടാനും കഴിഞ്ഞില്ല.

ഈ പശ്ചാത്തലത്തിലാണ് റാഫേല്‍ നിര്‍മിച്ച ഡ്രോണ്‍ ഡൂം സിസ്റ്റം ഉപയോഗിക്കുന്നതിനായി ആര്‍മിയെ വിളിച്ചത്. ഇതിനെക്കുറിച്ചുള്ള വിവരങ്ങള്‍ ആര്‍ക്കും ലഭ്യമാണ്. 6.2 മൈല്‍ ചുറ്റളവിലുള്ള ഡ്രോണുകളെ കണ്ടെത്താന്‍ ഒരു ഹൈടെക് റഡാറും ലേസര്‍ ,സംവിധാനവുമാണ് ആര്‍മി ഉപയോഗിക്കുന്നത്. ഡ്രോണ്‍ കണ്ടെത്തിക്കഴിഞ്ഞാല്‍ ഒരു റേഡിയോ ഫ്രീക്വന്‍സി ജാമര്‍ ഉപയോഗിച്ച് ഇതിലേക്ക് വരുന്ന സിഗ്നലുകള്‍ ഇല്ലാതാക്കും. ഇതിലൂടെ ഡ്രോണിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും അത് നിലത്തിറക്കുകയും ചെയ്യും. ഒരു ശക്തമായ ലേസര്‍ ഉപകരണം ഉപയോഗിച്ച് ഡ്രോണുകളെ നശിപ്പിക്കാന്‍ കഴിയുന്ന സംവിധാനവും ഇതിനൊപ്പം ഉണ്ടെങ്കിലും ബ്രിട്ടീഷ് ആര്‍മി അത് വാങ്ങിയിട്ടില്ല. ഇറാഖിലെ മൊസൂള്‍ ഐസിസില്‍ നിന്ന് മോചിപ്പിക്കുന്ന ദൗത്യത്തില്‍ ഈ സംവിധാനം ബ്രിട്ടീഷ്, അമേരിക്കന്‍ സേനകള്‍ ഉപയോഗിച്ചിട്ടുണ്ട്. ഐസിസ് ഡ്രോണുകളെ നിര്‍വീര്യമാക്കാനാണ് അവ ഉപയോഗിച്ചത്.

ഈ സാങ്കേതികവിദ്യ കൈവശമുണ്ടായിട്ടും അത് നേരത്തേ പ്രയോഗിക്കാതിരുന്നത് എന്തുകൊണ്ടാണെന്ന ചോദ്യമാണ് ഗാറ്റ്‌വിക്കില്‍ കുടുങ്ങിയ യാത്രക്കാര്‍ ഉയര്‍ത്തുന്നത്. റാഫേല്‍ എന്ന ഇസ്രയേലി കമ്പനിയാണ് ഈ ഉപകരണത്തിന്റെ നിര്‍മാതാക്കള്‍. ആക്രമണത്തിനും ചാരപ്രവര്‍ത്തനത്തിനും മറ്റുമായി ഉപയോഗിക്കുന്ന ഡ്രോണുകളെ തടയുന്ന സാങ്കേതികവിദ്യയാണ് ഇത്. 360 ഡിഗ്രി കവറേജ് ഉള്ള സ്‌കാനറുകളാണ് ഇതിന്റെ പ്രത്യേകത. വലിയ യുഎവികളെ 31 മൈലിനപ്പുറം നിന്ന് കണ്ടെത്താന്‍ ഇതിനു കഴിയും. എന്നാല്‍ ചെറിയ ഡ്രോണുകളെ 6.2 മൈലിനുളളില്‍ മാത്രമേ ഇതിനു കണ്ടെത്താന്‍ കഴിയൂ.
വിദേശത്ത് ഹോളിഡേ ആഘോഷിക്കാന്‍ സ്‌കൂളിന്റെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച ഹെഡ്ടീച്ചര്‍ക്ക് അധ്യാപനത്തില്‍ നിന്ന് വിലക്കേര്‍പ്പെടുത്തി. നോര്‍ത്ത് യോര്‍ക്ക്ഷയറിലെ തോറാബിയില്‍ പ്രവര്‍ത്തിക്കുന്ന ബെയ്ഡര്‍ പ്രൈമറി സ്‌കൂളിലെ ഹെഡ്ടീച്ചറായിരുന്ന സൈമണ്‍ ഫീസിക്കാണ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് അനിശ്ചിതകാലത്തേക്ക് അധ്യാപന വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ന്യൂസിലാന്‍ഡ്, വാഷിംഗ്ടണ്‍ ഡിസി, ആംസ്റ്റര്‍ഡാം തുടങ്ങിയ സ്ഥലങ്ങളിലേക്ക് കുടുംബവുമൊത്ത് വിനോദസഞ്ചാരം നടത്താനാണ് ഫീസി സ്‌കൂള്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചത്. കുടുംബവുമൊത്ത് ലോകംചുറ്റുന്നതിനായി സ്‌കൂളിന്റെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നതിലൂടെ ധാര്‍മ്മികതയില്ലാത്ത പ്രവൃത്തിയാണ് ഫീസി ചെയ്തതെന്ന് ടീസൈഡ് ലൈവ് റിപ്പോര്‍ട്ട് ചെയ്യുന്നു. നേരത്തേ ജോലി ചെയ്ത സ്ഥലങ്ങളില്‍ നിന്നും മോഷണക്കുറ്റത്തിന് പുറത്താക്കപ്പെടുകയും അക്രമ സ്വഭാവമുള്ളതുമായ ഒരാളെ ബെയ്ഡര്‍ പബ്ലിക് സ്‌കൂളില്‍ ഫീസി ജോലിക്ക് നിയമിച്ചുവെന്നും കണ്ടെത്തിയിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് ഫീസി സ്‌കൂളില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യപ്പെട്ടത്. പിന്നീട് ജൂലൈയില്‍ ഇയാള്‍ ജോലിയില്‍ നിന്ന് രാജിവെച്ചു. എന്നാല്‍ ഇതിന്റെ കാരണങ്ങള്‍ ദുരൂഹമായി തുടരുകയായിരുന്നു. നാഷണല്‍ കോളേജ് ഫോര്‍ ടീച്ചിംഗ് ആന്‍ഡ് ലീഡര്‍ഷിപ്പ് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ നടത്തിയ ക്രമക്കേടുകള്‍ പിടികൂടിയത്. 2015 ഒക്ടോബറില്‍ ഇയാള്‍ നടത്തിയ നിയമനം യാതൊരു സുരക്ഷാ പരിഗണനകളും ഇല്ലാതെയായിരുന്നുവെന്നും നിയമിക്കപ്പെട്ടയാളെക്കുറിച്ച് അന്വേഷണങ്ങള്‍ നടത്തിയിരുന്നില്ലെന്നും വ്യക്തമായി. ഡിബിഎസ് പരിശോധന നടത്തണമെന്ന് ഫീസിക്ക് നിര്‍ദേശം ലഭിച്ചിരുന്നെങ്കിലും അത് നടത്തിയില്ല. ഡിബിഎസ് ഫലം ലഭ്യമായിട്ടും നിയമിക്കപ്പെട്ടയാള്‍ മാസങ്ങളോളം സ്ഥാനത്ത് തുടര്‍ന്നുവെന്നും അന്വേഷണത്തില്‍ വ്യക്തമായി.

ഫീസി വരുത്തിയ വീഴ്ചകള്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന വിധത്തിലായിരുന്നുവെന്നാണ് വിലയിരുത്തലുണ്ടായത്. ക്രെഡിറ്റ് കാര്‍ഡ് ദുരുപയോഗം കൂടാതെ സ്‌കൂള്‍ ട്രിപ്പുകള്‍ക്ക് മുമ്പായി ഭാര്യക്കും രണ്ടു കുട്ടികള്‍ക്കുമൊപ്പം ചിലയിടങ്ങളില്‍ ഇയാള്‍ സന്ദര്‍ശനം നടത്തിയതിനും തെളിവുകള്‍ ലഭിച്ചു. 2014 ജൂലൈയില്‍ 1900 പൗണ്ടോളമാണ് ഇയാള്‍ സ്‌കൂള്‍ ഫണ്ടില്‍ നിന്നും കുടുംബ ട്രിപ്പിനായി ഉപയോഗിച്ചത്. 2014 സെപ്റ്റംബറില്‍ ആംസ്റ്റര്‍ഡാമിലേക്കുള്ള സ്‌കൂള്‍ ട്രിപ്പിനു മുന്നോടിയായി രണ്ട് അധ്യാപകര്‍ റിസ്‌ക് അസസ്‌മെന്റ് യാത്ര നടത്തിയിരുന്നു. എന്നാല്‍ ഒരാഴ്ചക്കു ശേഷം ഇതേ പേരില്‍ ഫീസിയും കുടുംബവും ആംസ്റ്റര്‍ഡാമിലേക്ക് പോയിരുന്നുവെന്നും വ്യക്തമായി.
വുഡന്‍ ഫ്‌ളോറില്‍ കുട്ടികള്‍ ഓടിക്കളിക്കുന്നതും പാത്രങ്ങള്‍ കഴുകുന്നതിന്റെ ശബ്ദവും ശല്യമാകുന്നുവെന്ന അയല്‍ക്കാരിയുടെ പരാതിയില്‍ നഷ്ടപരിഹാരം നല്‍കാന്‍ ദമ്പതികളോട് ഉത്തരവിട്ട് കോടതി. ഒരു ലക്ഷം പൗണ്ട് നഷ്ടപരിഹാരമായി നല്‍കണമെന്നാണ് ഉത്തരവിട്ടിരിക്കുന്നത്. അപ്പീലിലും പരാജയപ്പെട്ടതോടെ അഹമ്മദ് എല്‍ കരാമിയും ഭാര്യ സാറയും ഈ തുക അയല്‍ക്കാരിയായ സര്‍വെനാസ് ഫൗലാദിക്ക് ഉടന്‍ കൈമാറണം. കെന്‍സിംഗ്ടണിലെ സെയിന്റ് മേരീസ് ആബട്ട്‌സ് കോര്‍ട്ടിലെ മുകളിലും താഴെയുമായുള്ള ഫ്‌ളാറ്റുകളിലാണ് ഇവര്‍ താമസിക്കുന്നത്. സര്‍വെനാസ് ഫൗലാദിയുടെ ഫ്‌ളാറ്റിനു തൊട്ടു മുകളിലാണ് എല്‍ കരാമി കുടുംബത്തിന്റെ ഫ്‌ളാറ്റ്. 2010ല്‍ ഇവര്‍ വുഡന്‍ ഫ്‌ളോര്‍ സ്ഥാപിച്ചതിനു ശേഷമാണ് ശബ്ദം തനിക്ക് ശല്യമാകാന്‍ തുടങ്ങിയതെന്ന് ഫൗലാദി പറയുന്നു. കുട്ടികള്‍ ഓടിക്കളിക്കുന്നതിന്റെയും പാത്രങ്ങള്‍ കഴുകുന്നതിന്റെയും ശബ്ദം തന്റെ ഉറക്കം കെടുത്തുകയാണെന്നായിരുന്നു ഇവര്‍ നല്‍കിയ പരാതി.

കഴിഞ്ഞ മേയിലാണ് ഫൗലാദിക്ക് അനുകൂലമായി കണ്‍ട്രി കോര്‍ട്ട് ജഡ്ജ് നിക്കോളാസ് പാര്‍ഫിറ്റ് വിധി പുറപ്പെടുവിച്ചത്. നഷ്ടപരിഹാരമായി 107,397.37 പൗണ്ട് നല്‍കാനും ശബ്ദശല്യം ഉണ്ടാകാതിരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും കോടതി നിര്‍ദേശിച്ചു. ഇതിനെതിരെ എല്‍ കരാമി കുടുംബം അപ്പീല്‍ നല്‍കി. നാലു ദിവസം നീണ്ട വാദത്തിനൊടുവില്‍ ഫൗലാദിക്ക് അനുകൂലമായി ഹൈക്കോടതിയും വിധി പുറപ്പെടുവിച്ചു. ലക്ഷ്വറി ഫ്‌ളാറ്റുകള്‍ക്കിടയില്‍ ശബ്ദം തടഞ്ഞു നിര്‍ത്താന്‍ പുതിയ ഫ്‌ളോറിന് സാധിക്കില്ലെന്ന് ജസ്റ്റിസ് മോര്‍ഗന്‍ പറഞ്ഞു. പുതിയ ഫ്‌ളോര്‍ സ്ഥാപിക്കുന്നതിനു മുമ്പ് ഒരു ശല്യവും തനിക്ക് ഉണ്ടായിരുന്നില്ലെന്ന് സെന്‍ട്രല്‍ ലണ്ടന്‍ കൗണ്ടി കോര്‍ട്ടില്‍ ഫൗലാദി വ്യക്തമാക്കിയിരുന്നു. എല്‍ കരാമി കുടുംബം എത്തിയതിനു ശേഷം തനിക്കും തന്റെ മാതാവിനും ശബ്ദം കാരണം സൈ്വര്യമില്ലാതായി. ബോയ്‌ലര്‍, ഫ്രിഡ്ജ്, ടാപ്പുകള്‍, ഫയര്‍പ്ലേസ് തുടങ്ങി എല്ലായിടത്തു നിന്നുമുള്ള ശബ്ദശല്യം സഹിക്കാനാകുന്നില്ലെന്ന് അവര്‍ പറഞ്ഞു.

ഏഴു മണിക്കൂര്‍ തുടര്‍ച്ചയായി ശബ്ദം കേള്‍ക്കേണ്ടി വരികയാണ്. കുട്ടികള്‍ പ്ലേഗ്രൗണ്ടായാണ് ഫ്‌ളാറ്റ് ഉപയോഗിക്കുന്നതെന്ന് തോന്നും. ഓടുകയും സാധനങ്ങള്‍ ഏറിയുകയും ചെയ്യുകയാണെന്നും അവര്‍ ജഡ്ജിനോട് പറഞ്ഞു. ദൈനംദിന ജീവിതത്തില്‍ ഉണ്ടാകുന്ന ശബ്ദങ്ങളാണ് ഇവയെന്ന് കോടതി വ്യക്തമാക്കിയെങ്കിലും മറ്റുള്ളവര്‍ക്ക് ശല്യമാകുന്ന വിധത്തിലാണ് എല്‍ കരാമി കുടുംബത്തില്‍ നിന്നുണ്ടാകുന്നതെന്നും കോടതി വ്യക്തമാക്കി. ഫ്‌ളോറില്‍ കാര്‍പ്പറ്റുകള്‍ സ്ഥാപിക്കണമെന്ന് എല്‍ കരാമി കുടുംബത്തോടും ഫ്‌ളാറ്റിന്റെ ഉടമസ്ഥരായ കമ്പനിയോടും കോടതി ആവശ്യപ്പെട്ടു.