ലണ്ടന്‍: എന്‍.എച്ച്.എസ് ജീവനക്കാര്‍ക്കിടയില്‍ ആത്മഹത്യ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. എന്‍.എച്ച്.എസിന്റെ ചരിത്രത്തിലെ തന്നെ ജീവനക്കാരുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഞെട്ടിപ്പിക്കുന്ന ചില കണക്കുകളാണ് കഴിഞ്ഞ ദിവസം ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിക്‌സ് പുറത്തുവിട്ടത്. ഏഴ് വര്‍ഷത്തിനിടയില്‍ 300ലധികം എന്‍.എച്ച്.എസ് നഴ്‌സുമാര്‍ സ്വയം ജീവനെടുത്തിരിക്കുന്നുവെന്ന വെളിപ്പെടുത്തല്‍ വലിയ പരിഭ്രാന്തിയാണ് സൃഷ്ടിച്ചിരിക്കുന്നത്. 2011 മുതല്‍ 2017 വരെയുള്ള കാലഘട്ടങ്ങളിലെ ആത്മഹത്യയുടെ കണക്കുകളാണ് ശേഖരിച്ചിരിക്കുന്നത്. 2017ല്‍ മാത്രം 32 നഴ്‌സുമാരാണ് ആത്മഹത്യ ചെയ്തിരിക്കുന്നത്. 2016ലേതാണ് ഏറ്റവും ഭീതിയുണ്ടാക്കുന്ന നിരക്ക്. 2016ല്‍ ഇരുപതിനും 64 നും ഇടയില്‍ പ്രായമുള്ള 51 നഴ്‌സുമാരാണ് ആത്മഹത്യ ചെയ്തിരിക്കുന്നത്.

സാധാരണക്കാരായ മനുഷ്യരെ സംരക്ഷിക്കുകയും ശുശ്രൂഷിക്കുകയും ചെയ്യുന്ന മാലാഖമാര്‍ സ്വയം ജീവനെടുക്കുന്ന ഈ പ്രവണത വര്‍ധിക്കുന്നതിന് പിന്നിലെ കാരണങ്ങള്‍ അന്വേഷിക്കുകയാണ് വിദഗ്ദ്ധര്‍. 2014ലെ കണക്കുകള്‍ പരിശോധിച്ചാല്‍ ഒന്നിലധികം നഴ്‌സുമാര്‍ ഒരാഴ്ച്ചയില്‍ ആത്മഹത്യ ചെയ്തിരുന്നതായി വ്യക്തമാവും. ഒന്നിലധികം പേര്‍ ഒരാഴ്ച്ച ആത്മഹത്യ ചെയ്യുന്നുവെന്നത് യു.കെയുടെ ആരോഗ്യരംഗത്തെ ചരിത്രത്തിലെ തന്നെ ഏറ്റവും ഭീതിജനകമായ ഒരേടാണ്. ഷാഡോ ഹെല്‍ത്ത് സെക്രട്ടറി ജോനാദന്‍ ആഷ്വെര്‍ത്ത് വിഷയത്തില്‍ സര്‍ക്കാര്‍ തലത്തില്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് നേരത്തെ രംഗത്ത് വന്നിരുന്നു. നിലവിലെ സാഹചര്യം വലിയ ഗൗരവമേറിയതാണെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

സാധാരണക്കാരെ പോലെ തന്നെ നഴ്‌സുമാര്‍ക്കും സ്‌നേഹവും പരിചരണവും ലഭിക്കാത്തതിന്റെ കുറവുള്ളതായി മേഖലയിലെ വിദ്ഗദ്ധര്‍ അഭിപ്രായപ്പെടുന്നു. സ്‌നേഹവും പരിചരണവും ലഭിക്കാതെ അമിതമായി ജോലിയെടുക്കേണ്ടി വരുന്ന ഒരു വ്യക്തിക്ക് മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ പിടികൂടാന്‍ സാധ്യതയുള്ളതായി വിദഗ്ദ്ധര്‍ പറയുന്നു. നിലവില്‍ എന്‍.എച്ച്.എസ് എക്കാലത്തെയും വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ആശുപത്രികളില്‍ വേണ്ടത്ര ജീവനക്കാരെ കണ്ടെത്താനാവാതെ ബുദ്ധിമുട്ടുകയാണ് എന്‍.എച്ച്.എസ്. ഇതില്‍ ഏറ്റവും കൂടുതല്‍ പ്രതിസന്ധി നേരിടുന്ന തസ്തിക നഴ്‌സിംഗാണ്. എന്തായാലും ആത്മഹുതി വര്‍ധിക്കുന്നതിനുള്ള കാരണങ്ങള്‍ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞതായും ഇക്കാര്യങ്ങള്‍ ഗൗരവത്തിലാണ് കാണുന്നതെന്നും ആരോഗ്യരംഗത്തെ വിദഗ്ദ്ധര്‍ വ്യക്തമാക്കിയിട്ടുണ്ട്.