ലണ്ടന്‍: യു.കെയില്‍ പകുതിയിലേറെ മോഷണങ്ങളും നടക്കുന്നത് വീട്ടുകാര്‍ സ്ഥലത്തുള്ളപ്പോഴാണെന്ന് റിപ്പോര്‍ട്ട്. വീടുകളില്‍ ആളുകള്‍ ഉണ്ടായിട്ടും മോഷ്ടാക്കള്‍ വീട് കുത്തിതുറന്ന് മോഷണം തുടരുന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. മോഷണം പെരുകുന്നതിന് പിന്നാലെ പോലീസിനെതിരെയും ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. കുറ്റകൃത്യം തടയിടുന്നതിലും മോഷ്ടാവിന് പിടികൂടുന്നതിലും പോലീസ് ജാഗ്രത കുറവ് കാണിക്കുന്നതായിട്ടാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. മോഷ്ടാക്കള്‍ വീടിനകത്തുണ്ടെന്ന് പോലീസിനെ അറിയിച്ചു കഴിഞ്ഞാല്‍ അവരെത്താന്‍ ഉണ്ടാകുന്ന താമസം പ്രതികളെ രക്ഷപ്പെടാന്‍ സഹായിക്കുന്നു.

പോലീസിന്റെ അനാസ്ഥ മോഷ്ടാക്കള്‍ക്ക് കുറ്റകത്യങ്ങള്‍ തുടരാന്‍ കൂടുതല്‍ ഊര്‍ജം നല്‍കുന്നതായി ക്യാംപെയ്‌നേഴ്‌സ് കുറ്റപ്പെടുത്തുന്നു. അധികൃതരുടെ ഇത്തരം അനാസ്ഥകളാണ് പ്രധാനമായും രാജ്യത്ത് മോഷണ നിരക്ക് വര്‍ധിപ്പിക്കുന്നതെന്നും ക്യാംപെയ്‌നേഴ്‌സ് ചൂണ്ടിക്കാണിച്ചു. പോലീസില്‍ പിടിക്കപ്പെടുമെന്നും നിയമനടപടിക്കിരയാകേണ്ടി വരുമെന്നുള്ള പേടി കുറ്റവാളികള്‍ക്ക് നഷ്ടപ്പെട്ടതായും ക്യാംപെയ്‌നേഴ്‌സ് പറയുന്നു. 58 ശതമാനം മോഷണവും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് വീട്ടുകാര്‍ അകത്തുള്ളപ്പോയാണ്. മോഷണവുമായി ബന്ധപ്പെട്ട് ഫയല്‍ ചെയ്യപ്പെട്ടിരിക്കുന്ന കേസുകള്‍ പോലീസ് കൃത്യമായ നടപടി സ്വീകരിക്കുന്നില്ലെന്നും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.

കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് 77കാരിയായ മൗറീന്‍ വെയില്‍ മോഷണം തടയാനുള്ള ശ്രമത്തിനിടെ നിലത്ത് വീണ് മരണപ്പെടുന്നത്. ഇതിന് പിന്നാലെ യു.കെയില്‍ നടക്കുന്ന മോഷണങ്ങളെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ പുറത്തുവന്നിരുന്നു. വീടിനുള്ളിലേക്ക് അക്രമി അതിക്രമിച്ച് കയറാന്‍ ശ്രമിക്കുന്നതായി മൗറീന്‍ പോലീസിനെ അറിയിച്ചിരുന്നു. എന്നാല്‍ പോലീസ് ഇക്കാര്യം കാര്യമായി എടുത്തില്ലെന്നാണ് ആരോപണം. മൗറീന്‍ അയല്‍വീടുകളിലും സമാന മോഷണം ചൊവ്വാഴ്ച്ച നടന്നിരുന്നു. തന്റെ വീടിന് സമീപത്തായി ഗ്യാംഗുകള്‍ വളരുന്നതായി മൗറീന്‍ നേരത്തെ പോലീസിനെ അറിയിച്ചിരുന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
ബ്രെക്‌സിറ്റില്‍ ലഭിച്ച രഹസ്യ നിയമോപദേശം പുറത്തു വിട്ട് പ്രധാനമന്ത്രി തെരേസ മേയ്. കോമണ്‍സില്‍ കഴിഞ്ഞ ദിവസം നേരിട്ട വന്‍ തിരിച്ചടികളുടെ പശ്ചാത്തലത്തിലാണ് അറ്റോര്‍ണി ജനറല്‍ നല്‍കിയ നിയമോപദേശം മേയ് പുറത്തു വിട്ടത്. എന്നാല്‍ ഇതിനും കോമണ്‍സില്‍ കടുത്ത വിമര്‍ശനങ്ങളായിരുന്നു തെരേസ മേയെ കാത്തിരുന്നത്. ഈ നിയമോപദേശം അനുസരിച്ചുള്ള ബ്രെക്‌സിറ്റ് ഡീല്‍ ‘സാമ്പത്തികശാസ്ത്രപരമായ ഭ്രാന്ത്’ എന്നാണ് ഭരണ സഖ്യകക്ഷിയായ ഡിയുപി വിശേഷിപ്പിച്ചത്. പാര്‍ലമെന്റില്‍ ഡിയുപിയുടെ നേതാവായ നിഗല്‍ ഡോഡ്‌സ് ഈ ധാരണയെ നാശകാരിയെന്നാണ് വിശേഷിപ്പിച്ചത്.

അറ്റോര്‍ണി ജനറല്‍ ജെഫ്രി കോക്‌സ് നല്‍കിയ നിയമോപദേശത്തില്‍ ഐറിഷ് ബോര്‍ഡര്‍ സംബന്ധിച്ചുള്ള നിര്‍ദേശമാണ് അതൃപ്തിക്ക് കാരണമായത്. ഇതനുസരിച്ച് ചില വിഷയങ്ങളില്‍ ബ്രിട്ടനെ നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് മറ്റൊരു രാജ്യമായി പരിഗണിക്കേണ്ടി വരും. ഐറിഷ് അതിര്‍ത്തിയില്‍ ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങള്‍ മൂലം നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലേക്കുള്ള ചരക്കു നീക്കത്തില്‍ പരിശോധനകള്‍ ആവശ്യമായി വരും. ബ്രെക്‌സിറ്റ് ചര്‍ച്ചകള്‍ പരാജയപ്പെടുകയാണെങ്കില്‍ ഈ നിയന്ത്രണങ്ങള്‍ തുടരണമെന്നായിരുന്നു മേയ്ക്ക് ലഭിച്ച നിയമോപദേശം. ഇത് അവതരിപ്പിച്ചതോടെ പ്രധാനമന്ത്രി കോമണ്‍സിനെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന ആരോപണം ഉയര്‍ന്നു.

വസ്തുതകളെ മറച്ചുവെക്കുകയാണ് ഈ നിയമോപദേശമെന്ന ആരോപണവുമായി എസ്എന്‍പി നേതാവ് ഇയാന്‍ ബ്ലാക്ക്‌ഫോര്‍ഡ് രംഗത്തെത്തി. ഇതേത്തുടര്‍ന്ന് അംഗങ്ങള്‍ പരസ്പരം നുണ പറയുന്നുവെന്ന ആരോപണമുയര്‍ത്തുന്നതിനെതിരെ സ്പീക്കര്‍ രംഗത്തു വരികയും ചെയ്തു. രഹസ്യ രേഖയില്‍ പുതുതായി യാതൊന്നും ഇല്ലെന്നും അന്തിമ ധാരണയിലെത്തിയില്ലെങ്കില്‍ മാത്രമേ നിയന്ത്രണങ്ങള്‍ അനിശ്ചിത കാലത്തേക്ക് നീളുകയുള്‌ളുവെന്ന് കോക്‌സും തെരേസ മേയും വ്യക്തമാക്കിയിരുന്നു.
എന്‍എച്ച്എസ് നേരിടുന്നത് അപകടകരമായ ഒരു അവസ്ഥയെന്ന് ജനറല്‍ മെഡിക്കല്‍ കൗണ്‍സില്‍. ഡോക്ടര്‍മാരുടെ എണ്ണത്തില്‍ സാരമായ കുറവുണ്ടെന്ന് റെഗുലേറ്റര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇതുമൂലം രോഗികളുടെ സുരക്ഷയാണ് അപകടത്തിലാകുന്നത്. എന്‍എച്ച്എസിനു മേല്‍ ഉണ്ടാകുന്ന സമ്മര്‍ദ്ദങ്ങള്‍ കൈകാര്യം ചെയ്യാനും ഇതു മൂലം ബുദ്ധിമുട്ടുകള്‍ നേരിടുകയാണ്. രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നതു മൂലം ജീവനക്കാര്‍ക്ക് ട്രെയിനിംഗിലും കെയറിലും അപായകരമായ വിട്ടുവീഴ്ചകള്‍ ചെയ്യേണ്ടി വരികയാണെന്നും ജിഎംസി വെളിപ്പെടുത്തുന്നു. രോഗികള്‍ക്ക് ചികിത്സ നല്‍കാന്‍ കഴിയുന്ന പരിധിയിലാണ് ഇപ്പോള്‍ ഡോക്ടര്‍മാരുടെ എണ്ണം. കൂടുതല്‍ ഡോക്ടര്‍മാര്‍ ജോലിയുപേക്ഷിക്കാന്‍ തയ്യാറെടുക്കുകയാണെന്നും അതിന്റെ നിരക്ക് വിചാരിക്കുന്നതിലും കൂടുതലാണെന്നും മുന്നറിയിപ്പില്‍ ജിഎംസി വ്യക്തമാക്കുന്നു.

മെഡിക്കല്‍ ട്രെയിനിംഗ്, പ്രാക്ടീസ് എന്നിവയിലുള്ള റിപ്പോര്‍ട്ടിലാണ് ജിഎംസി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 2600 ഡോക്ടര്‍മാരില്‍ നടത്തിയ ഒരു സര്‍വേയില്‍ അഞ്ചിലൊന്നു പേര്‍ മൂന്നു വര്‍ഷത്തിനുള്ളില്‍ ബ്രിട്ടന്‍ വിടാന്‍ തയ്യാറെടുക്കുകയാണെന്ന് വെളിപ്പെടുത്തി. വിദേശങ്ങളില്‍ ജോലി തേടാനാണ് ഇവര്‍ തയ്യാറെടുക്കുന്നത്. അത്രയും തന്നെ ഡോക്ടര്‍മാര്‍ പാര്‍ട്ട് ടൈം ആയി ജോലി ചെയ്യാന്‍ തയ്യാറെടുക്കുകയാണെന്നും അതിലുമേറെപ്പേര്‍ നേരത്തേ റിട്ടയര്‍ ചെയ്യാനൊരുങ്ങുകയാണെന്നും സര്‍വേ വ്യക്തമാക്കുന്നു. കരിയറിന്റെ മധ്യത്തില്‍ നില്‍ക്കുന്നവരാണ് നേരത്തേ വിരമിക്കാന്‍ ഒരുങ്ങുന്നത്.

ഈ വിധത്തില്‍ ഡോക്ടര്‍മാരുടെ കൊഴിഞ്ഞുപോക്ക് തടയാനുള്ള നടപടികള്‍ അടിയന്തരമായി സ്വീകരിക്കണമെന്നും നമുക്കു മുന്നില്‍ സമയമില്ലെന്നും ജിഎംസി ഓര്‍മിപ്പിക്കുന്നു. സങ്കീര്‍ണ്ണമായ രോഗങ്ങളും അനുഭവ സമ്പന്നരായ ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും കുറവും അപ്രതീക്ഷിതമായുണ്ടായ ഫണ്ടിംഗ് വെട്ടിക്കുറയ്ക്കലുകളും എന്‍എച്ച്എസിനു മേലുള്ള സമ്മര്‍ദ്ദം ഉയര്‍ത്തിയിട്ടുണ്ട്.
അപൂര്‍വ ജനിതക രോഗങ്ങള്‍ നേരത്തേ കണ്ടെത്തി ആവശ്യമായ ചികിത്സ നല്‍കാനുള്ള ഗവേഷണങ്ങളില്‍ സുപ്രധാന ചുവടുവെച്ച് ശാസ്ത്രലോകം. ജനിതക രോഗങ്ങള്‍ നേരത്തേ തിരിച്ചറിയാനുള്ള സാങ്കേതികതയിലേക്ക നയിക്കുന്ന നേട്ടം കൈവരിച്ചിരിക്കുകയാണ് കേംബ്രിഡ്ജിലെ ശാസ്ത്രജ്ഞന്‍മാര്‍. ഹെല്‍ത്ത് കെയറില്‍ ലോകത്തെ ഏറ്റവും വലിയ ജീന്‍ സീക്വന്‍സിംഗാണ് ഗവേഷകര്‍ നടത്തിയിരിക്കുന്നത്. ഈ പരീക്ഷണങ്ങളില്‍ അപൂര്‍വ രോഗമുള്ളവരും അവരുടെ കുടുംബാംഗങ്ങളും ക്യാന്‍സര്‍ രോഗികളും പങ്കെടുത്തു. മനുഷ്യരാശിയെയും സമൂഹത്തെയും മാറ്റിമറിക്കാന്‍ പോന്ന കണ്ടെത്തലാണ് ഗവേഷകര്‍ നടത്തിയിരിക്കുന്നതെന്ന് ജീനോമിക്‌സ് ഇംഗ്ലണ്ട് വിശദീകരിക്കുന്നു.

പങ്കെടുത്ത ജനിതക രോഗികളില്‍ നാലിലൊന്നു പേര്‍ക്ക് ആദ്യമായാണ് അവരുടെ രോഗത്തന് ചികിത്സ ലഭിക്കുന്നത്. ഇത്തരം ജനിതക രോഗങ്ങളുള്ള കുട്ടികളുടെ മാതാപിതാക്കള്‍ക്ക് ഇത് ഒരു അപൂര്‍വ ജനിതക രോഗമാണെന്ന് മനസിലാക്കാനും അതിന്റെ കാരണങ്ങള്‍ സ്ഥിരീകരിക്കാനും വര്‍ഷങ്ങള്‍ വേണ്ടിവരുന്ന സ്ഥിതിയാണ് നിലവില്‍ ഉള്ളത്. 100,000 ജീനോം പ്രോജക്ട് എന്ന ഈ പദ്ധതിയിലൂടെ നിരവധി പേരിലെ ജനിതകരോഗങ്ങള്‍ തിരിച്ചറിയാന്‍ സാധിച്ചു. അതിലൂടെ ഒട്ടേറെപ്പേര്‍ക്ക് ഫലപ്രദമായ ചികിത്സ നല്‍കാനും കഴിഞ്ഞു. ദിവസത്തില്‍ ഒട്ടേറെത്തവണ അപസ്മാരം വരികയും നടക്കാനുള്ള ശേഷി പോലും നഷ്ടമാകുകയും ചെയ്ത ടില്ലി എന്ന ആറു വയസുകാരിക്ക് ഈ പ്രോജക്ടിലൂടെ ഫലപ്രദമായ ചികിത്സ നല്‍കാന്‍ കഴിഞ്ഞു. കുട്ടിയുടെ ആരോഗ്യനിലയിലുണ്ടായിരിക്കുന്ന മാറ്റം അതിശയിപ്പിക്കുന്നതാണെന്ന് മാതാവ് ഹന പറഞ്ഞു.

ടില്ലിയുടെ രോഗം നേരത്തേ കണ്ടുപിടിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ അവള്‍ക്കുണ്ടായ ഒട്ടേറെ ശാരീരിക ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ കഴിയുമായിരുന്നെന്നും ഹന പറഞ്ഞു. 85,000 ആളുകളുടെ മൊത്തം ജനറ്റിക് കോഡുകളാണ് സീക്വന്‍സ് ചെയ്തിരിക്കുന്നത്. അതിനൊപ്പം ക്യാന്‍സര്‍ രോഗികളുടെ ട്യൂമര്‍ ഡിഎന്‍എയും മാപ്പ് ചെയ്തിട്ടുണ്ട്. അതു കൂടി ചേര്‍ത്താല്‍ ആകെ 1000,000 പേരുടെ ജീനോം സീക്വന്‍സ് ചെയ്തിട്ടുണ്ട്. ഡിഎന്‍എയിലെ മാറ്റങ്ങളുമായി അടുത്ത ബന്ധമുള്ളതിനാലാണ് അപൂര്‍വ രോഗമുള്ളവരെയും ക്യാന്‍സര്‍ രോഗികളെയും പ്രോജക്ടിനായി തെരഞ്ഞെടുത്തത്.
ബ്രെക്‌സിറ്റ് വിഷയത്തില്‍ പാര്‍ലമെന്റില്‍ പ്രധാനമന്ത്രിക്ക് കനത്ത തിരിച്ചടി. വിഷയവുമായി ബന്ധപ്പെട്ട് തെരേസ മേയ്ക്ക് മൂന്ന് പരാജയങ്ങളാണ് കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ നേരിടേണ്ടി വന്നത്. ടോറി അംഗങ്ങള്‍ ഉള്‍പ്പെടെ മേയ്‌ക്കെതിരെ തിരിയുന്ന കാഴ്ചയ്ക്കാണ് കോമണ്‍സ് സാക്ഷ്യം വഹിച്ചത്. ബ്രെക്‌സിറ്റിലെ നിയമോപദേശം പൂര്‍ണ്ണമായി പുറത്തു വിടാത്ത ഗവണ്‍മെന്റ് പാര്‍ലമെന്റിനെ അധിക്ഷേപിക്കുകയാണെന്ന പ്രമേയം എംംപിമാര്‍ പാസാക്കി. ഇതോടെ ബ്രെക്‌സിറ്റ് ധാരണ സംബന്ധിച്ച് അഞ്ചു ദിവസം നീളുന്ന ചര്‍ച്ചകള്‍ക്ക് തുടക്കമിടാന്‍ വൈകി. ഈ പ്രമേയത്തിന്റെ വിജയം സര്‍ക്കാരിന് നാണക്കേടാണെന്ന് ഷാഡോ ബ്രെക്‌സിറ്റ് സെക്രട്ടറി കെയിര്‍ സ്റ്റാമര്‍ പറഞ്ഞു. സഭയില്‍ സര്‍ക്കാരിന് ഭൂരിപക്ഷവും സഭയോടുള്ള ബഹുമാനവും നഷ്ടമായെന്നാണ് ഈ സംഭവം തെളിയിക്കുന്നതെന്നും സ്റ്റാമര്‍ വ്യക്തമാക്കി.

പാര്‍ലമെന്റിനെ ഒഴിവാക്കിക്കൊണ്ട് മുന്നോട്ടു പോകാമെന്നും വിഷയത്തില്‍ സൂക്ഷ്മപരിശോധന ഒഴിവാക്കാന്‍ പ്രധാനമന്ത്രിക്ക് കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സര്‍ക്കാരിന്റെ ഒത്തുതീര്‍പ്പിനെതിരെ പാര്‍ലമെന്റ് വോട്ട് ചെയ്തിട്ടുണ്ട്. പാര്‍ലമെന്റ് പ്രിവിലേജ് കമ്മിറ്റിക്കു മുമ്പിലാണ് ഇത് ഇപ്പോളുള്ളത്. മേയ് അവതരിപ്പിച്ച ബ്രെക്‌സിറ്റ് ധാരണയ്ക്ക് ശേഷമായിരിക്കും ഇത് പരിഗണിക്കുക. ഡൊമിനിക് ഗ്രീവ് ഉള്‍പ്പെടെയുള്ള എംപിമാര്‍ അവതരിപ്പിച്ച ഒരു ഭേദഗതിയാണ് പ്രധാനമന്ത്രിക്കേറ്റ മൂന്നാമത്തെ തിരിച്ചടി. ഈ നീക്കത്തിന് എല്ലാ പാര്‍ട്ടികളില്‍ നിന്നും പിന്തുണ ലഭിച്ചിരുന്നു. ധാരണ വോട്ടിനിട്ട് പരാജയപ്പെട്ടാല്‍ പാര്‍ലമെന്റിന് നിയന്ത്രണാധികാരം ലഭിക്കുന്നതിനുള്ള ഭേദഗതിയാണ് പാസായത്.

ഒരു സോഫ്റ്റ് ബ്രെക്‌സിറ്റ് അല്ലെങ്കില്‍ മേയുടെ ധാരണയില്‍ ഹിതപരിശോധന വേണമെന്ന് ആവശ്യപ്പെടുന്ന എംപിമാര്‍ ഈ നീക്കത്തിന് പിന്തുണ നല്‍കി. പകരം സംവിധാനങ്ങള്‍ നിര്‍ദേശിക്കപ്പെട്ടാല്‍ പാര്‍ലമെന്റിന്റെ പിന്തുണയുണ്ടാകുമെന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്. 26 ടോറി റിബലുകളും ടോറി സഖ്യകക്ഷിയായ ഡെമോക്രാറ്റിക് യൂണിയനിസ്റ്റ് പാര്‍ട്ടിയും ഗ്രീവിന്റെ ഭേദഗതിക്ക് പിന്തുണ നല്‍കി.
കറുത്ത വര്‍ഗ്ഗക്കാരായ കുട്ടികള്‍ക്ക് കുറഞ്ഞ ഗ്രേഡുകള്‍ ലഭിക്കാന്‍ കാരണം വംശീയാതിക്രമങ്ങള്‍ ആകാമെന്ന് വെളിപ്പെടുത്തല്‍. ഇക്വാളിറ്റി ആന്‍ഡ് ഹ്യൂമന്‍ റൈറ്റ്‌സ് കമ്മീഷനാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്. യൂണിവേഴ്‌സിറ്റികളിലുണ്ടാകുന്ന വംശീയാധിക്ഷേപങ്ങള്‍ സംബന്ധിച്ച് അന്വേഷണം ആരംഭിക്കുകയാണെന്നും കമ്മീഷന്‍ വ്യക്തമാക്കി. ബ്ലാക്ക്, വംശീയ ന്യൂനപക്ഷങ്ങളില്‍ നിന്ന് മുമ്പുള്ളതിലും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ യൂണിവേഴ്‌സിറ്റികളില്‍ എത്തുന്നുണ്ട്. എന്നാല്‍ ഇവരില്‍ ഭൂരിപക്ഷവും വെളുത്ത വര്‍ഗ്ഗക്കാരായ വിദ്യാര്‍ത്ഥികളേക്കാള്‍ കുറഞ്ഞ ഗ്രേഡുകളാണ് കരസ്ഥമാക്കുന്നത്. ബ്ലാക്ക് വിദ്യാര്‍ത്ഥികള്‍ പഠനം പൂര്‍ത്തിയാക്കാതെ കൊഴിഞ്ഞുപോകുന്നതിന്റെ നിരക്കും കൂടുതലാണ്.

ഉന്നത വിദ്യാഭ്യാസം നേടുന്നതിനുള്ള പ്രാപ്തിയില്ലെന്നും യൂണിവേഴ്‌സിറ്റികള്‍ തങ്ങളെപ്പോലുള്ളവര്‍ക്കുള്ളതല്ലെന്നുമുള്ള തോന്നലാണ് പ്രധാനമായും ബ്ലാക്ക്, വംശീയ ന്യൂനപക്ഷങ്ങളില്‍ നിന്നുള്ളവരെ വിദ്യാഭ്യാസത്തില്‍ നിന്ന് പിന്തിരിപ്പിക്കുന്നതെന്ന് ഇഎച്ച്ആര്‍സി പറയുന്നു. ക്യാംപസുകളില്‍ വംശീയാതിക്രമങ്ങള്‍ വര്‍ദ്ധിച്ചു വരുന്നതായി അധ്യാപകരും വിദ്യാര്‍ത്ഥികളും ആശങ്കകള്‍ അറിയിച്ചതിന്റെ പശ്ചാത്തലത്തിലാണ് കമ്മീഷന്‍ അന്വേഷണത്തിന് ഒരുങ്ങുന്നത്. ബ്രിട്ടീഷ് യൂണിവേഴ്‌സിറ്റികളിലെ കറുത്തവരും ന്യൂനപക്ഷക്കാരുമായ വിദ്യാര്‍ത്ഥികളും അധ്യാപകരും ഇത്തരം അതിക്രമങ്ങള്‍ക്ക് ഇരയാകുന്നുണ്ടെന്നാണ് ഇഎച്ച്ആര്‍സി വിലയിരുത്തുന്നത്.

സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന സംഭവങ്ങള്‍ മാത്രമാണ് പുറത്തു വരുന്നത്. അല്ലാത്തവ യൂണിവേഴ്‌സിറ്റികള്‍ മറച്ചു വെക്കുകയാണെന്ന് വിദ്യാര്‍ത്ഥി പ്രതിനിധികള്‍ പറയുന്നു. നോട്ടിംഗ്ഹാം ട്രെന്റ് യൂണിവേഴ്‌സിറ്റിയില്‍ ഒരു കറുത്ത വര്‍ഗ്ഗക്കാരിയെ വംശീയമായി അധിക്ഷേപിച്ച സംഭവത്തില്‍ ഒരു ഒന്നാം വര്‍ഷ നിയമ വിദ്യാര്‍ത്ഥി ശിക്ഷിക്കപ്പെട്ടത് ഈ വര്‍ഷം ആദ്യമാണ്. ആക്രമണത്തിന്റെ വീഡിയോ ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് നടപടിയുണ്ടായത്.
ലണ്ടനില്‍ 180ഓളം ക്രിമിനല്‍ സംഘങ്ങളുണ്ടെന്ന് മെറ്റ് പോലീസ്. കമ്മീഷണര്‍ ക്രെസിഡ ഡിക്ക് ആണ് ഇക്കാര്യം അറിയിച്ചത്. വന്‍തോതില്‍ ആയുധങ്ങള്‍ ശേഖരിച്ച് കൈവശം വെച്ചിരിക്കുന്ന ഈ ഗ്യാംഗുകള്‍ പ്രൈമറി സ്‌കൂള്‍ കുട്ടികളെപ്പോലും തങ്ങളുടെ സംഘത്തില്‍ ചേര്‍ക്കുകയാണ്. ലണ്ടനില്‍ അക്രമ സംഭവങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന പശ്ചാത്തലത്തിലാണ് മെറ്റ് പോലീസ് ഈ വിവരങ്ങള്‍ പുറത്തു വിട്ടത്. കൊലപാതകങ്ങളുടെ എണ്ണത്തില്‍ സാരമായ വര്‍ദ്ധന നേരിട്ടിരുന്നു. ഇതുവരെ 127 കൊലപാതകങ്ങളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ചില പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് അക്രമ സംഭവങ്ങള്‍ വര്‍ദ്ധിച്ചു വരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഗ്യാംഗുകള്‍ തമ്മിലുള്ള പോര് വെടിവെയ്പ്പുകളിലേക്കും കത്തിക്കുത്തിലേക്കുമൊക്കെ നീളുകയാണ്. അക്രമ സംഭവങ്ങള്‍ തടയാന്‍ കൂടുതല്‍ സ്‌റ്റോപ്പ് ആന്‍ഡ് സെര്‍ച്ച് പരിശോധനകളും ആയുധങ്ങളുമായി ഉദ്യോഗസ്ഥരെ നിയോഗിക്കുന്നതും ആവശ്യമായി വരികയാണെന്ന് ക്രെസിഡ ഡിക്ക് പറഞ്ഞു.

അതേ സമയം തലസ്ഥാനത്തെ ക്രിമിനല്‍ സംഘങ്ങളെ കണ്ടെത്തി തുടച്ചു നീക്കാന്‍ കൂടുതല്‍ സമയം ആവശ്യമായി വരുമെന്നും അവര്‍ പറഞ്ഞു. പോലീസിന് മാത്രം ഇത് സാധിക്കില്ല. അഞ്ച് വയസ് മുതല്‍ പ്രായമുള്ള കുട്ടികളെ ഗ്യാംഗുകള്‍ ഉപയോഗിച്ചു വരുന്നുണ്ട്. ഇവര്‍ വളര്‍ന്നു വരുമ്പോള്‍ വലിയ ക്രിമിനലുകള്‍ ആയി മാറുന്നു. ഇവരെ പിന്തിരിപ്പിക്കുകയെന്നത് വലിയ ജോലിയാണ്. ലണ്ടനില്‍ മാത്രം 180 ഗ്യാംഗുകളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവര്‍ കുട്ടികളെ സംഘത്തില്‍ ചേര്‍ത്തുകൊണ്ടിരിക്കുകയാണ്. ഈ സംഘങ്ങള്‍ സമൂഹത്തില്‍ ആഴത്തില്‍ വേരോടിച്ചു കഴിഞ്ഞിരിക്കുന്നതായും ക്രെസിഡ ഡിക്ക് വെളിപ്പെടുത്തി. സ്റ്റോപ്പ് ആന്‍ഡ് സെര്‍ച്ചുകള്‍ വര്‍ദ്ധിപ്പിച്ചതോടെ അക്രമ സംഭവങ്ങളില്‍ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.

25 വയസില്‍ താഴെ പ്രായമുള്ളവരില്‍ കത്തിക്കുത്തേല്‍ക്കുന്നതില്‍ കുറവുണ്ടായിട്ടുണ്ട്. സ്റ്റോപ്പ് ആന്‍ഡ് സെര്‍ച്ചിനു പുറമേ പ്രശ്‌നബാധിതമെന്ന് കരുതുന്ന പ്രദേശങ്ങളില്‍ പോലീസ് സാന്നിധ്യം വര്‍ദ്ധിപ്പിച്ചു. തെരുവില്‍ കൂടുതല്‍ പോലീസുകാരെ വിന്യസിക്കുന്നതോടെ അക്രമ സംഭവങ്ങള്‍ കുറയുമെന്നാണ് കരുതുന്നത്. സ്റ്റോപ്പ് ആന്‍ഡ് സെര്‍ച്ചുകളില്‍ തോക്കുകളും കത്തികളും പിടിച്ചെടുക്കപ്പെടുന്നുണ്ട്. ഇവ കൈവശം വെക്കുന്നവരെ അറസ്റ്റ് ചെയ്യുകയും ചെയ്യുന്നു. മൂന്നു വര്‍ഷമായി വര്‍ദ്ധിച്ചു വരുന്ന അക്രമ സംഭവങ്ങള്‍ക്ക് ഇതോടെ കുറവു വന്നിട്ടുണ്ടെന്നും ക്രെസിഡ ഡിക്ക് അവകാശപ്പെട്ടു.
ബ്രെക്‌സിറ്റിനു ശേഷം അവിദഗ്ദ്ധ മേഖലയിലുള്ള തൊഴിലാളികള്‍ക്ക് ഏര്‍പ്പെടുത്താനിരിക്കുന്ന കുടിയേറ്റ വിലക്ക് രാജ്യത്തെ ദോഷകരമായി ബാധിക്കുമെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ബ്രിട്ടീഷ് ഇന്‍ഡസ്ട്രി. 30,000 പൗണ്ടില്‍ താഴെ വരുമാനമുള്ളവരുടെ കുടിയേറ്റത്തിന് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാണ് നീക്കം നടക്കുന്നത്. എന്നാല്‍ ഇത് രാജ്യത്തിന്റെ പുരോഗതിയെത്തന്നെ താഴേക്ക് വലിക്കുമെന്ന് സിബിഐ മേധാവി കരോളിന്‍ ഫെയര്‍ബ്രെയിന്‍ പറഞ്ഞു. അവിദഗ്ദ്ധ മേഖല എന്ന പേരില്‍ അറിയപ്പെടുന്ന തൊഴിലാളികളാണ് നമ്മുടെ സമ്പദ് വ്യവസ്ഥയ്ക്കും സമൂഹത്തിനും കാര്യമായ സംഭാവനകള്‍ നല്‍കുന്നത്. ലാബ് ടെക്‌നീഷ്യന്‍മാര്‍ മുതല്‍ ഭക്ഷ്യ വ്യവസായ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ വരെ ഇക്കൂട്ടത്തില്‍ ഉണ്ടെന്നും അവര്‍ പറഞ്ഞു.

യൂണിവേഴ്‌സിറ്റികളിലും പ്രതിവര്‍ഷം 30,000 പൗണ്ട് ശമ്പളത്തില്‍ താഴെ മാത്രം വാങ്ങുന്ന ജീവനക്കാരുണ്ട്. പൊതുവിശ്വാസം ആര്‍ജ്ജിക്കുന്നത് എത്രമാത്രം വെല്ലുവിളി നിറഞ്ഞ ജോലിയാണെന്ന് അറിയാം. എന്നാല്‍ അതിന് മറ്റു മാര്‍ഗ്ഗങ്ങളുണ്ടെന്നും ഗവണ്‍മെന്റിനോട് സിബിഐ പറയുന്നു. അവിദഗ്ദ്ധ മേഖലയിലെ ജീവനക്കാരുടെ എണ്ണത്തിലുള്ള കുറവു മൂലം ബുദ്ധിമുട്ടുന്ന വ്യവസായങ്ങള്‍ ബ്രിട്ടീഷുകാര്‍ക്ക് പരിശീലനം നല്‍കി ആ ഒഴിവുകള്‍ നികത്തണമെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സിബിഐ പ്രതികരണം വന്നിരിക്കുന്നത്.

ബ്രെക്‌സിറ്റിനു ശേഷം എല്ലാ കുടിയേറ്റക്കാരെയും ഒരേ വിധത്തിലായിരിക്കും പരിഗണിക്കുകയെന്നാണ് ക്യാബിനറ്റ് തീരുമാനം. യൂറോപ്യന്‍ പൗരന്‍മാര്‍ക്ക് പ്രത്യേക പരിഗണനയുണ്ടാകില്ല. ഈ നിര്‍ദേശങ്ങളടങ്ങിയ പുതിയ കുടിയേറ്റനയം സംബന്ധിച്ച ധവളപത്രം ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. കുടിയേറ്റ നയം കടുപ്പിക്കണമെന്നാണ് എംപിമാരില്‍ ഭൂരിപക്ഷത്തിന്റെയും അഭിപ്രായം. അതേസമയം ചാന്‍സലര്‍ ഫിലിപ്പ് ഹാമണ്ട്, ബിസിനസ് സെക്രട്ടറി ഗ്രെഗ് ക്ലാര്‍ക്ക് തുടങ്ങിയവര്‍ വ്യവസായ മേഖലയുടെ മുന്നറിയിപ്പ് പരിഗണിക്കണമെന്ന പക്ഷക്കാരാണ്.
ലോകമെമ്പാടും കുട്ടികളില്‍ ഭക്ഷണ സാധനങ്ങളില്‍ നിന്നുണ്ടാകുന്ന അലര്‍ജി വര്‍ദ്ധിച്ചു വരുന്നു. സെസമെ, നിലക്കടല എന്നിവയില്‍ നിന്നുണ്ടായ അലര്‍ജി മൂലം അടുത്തിടെ രണ്ട് ബ്രിട്ടീഷ് കുട്ടികള്‍ മരിച്ചിരുന്നു. പാലുല്‍പ്പന്നങ്ങളോടുള്ള അലര്‍ജിയാണ് ഓഗസ്റ്റില്‍ വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയയില്‍ ഒരു ആറു വയസുകാരിയുടെ മരണത്തിന് കാരണമായത്. പാശ്ചാത്യ രാജ്യങ്ങളില്‍ അലര്‍ജിയുള്ളവരുടെ എണ്ണത്തില്‍ കാര്യമായ വര്‍ദ്ധന കഴിഞ്ഞ ദശാബ്ദങ്ങളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. യുകെയില്‍ 7 ശതമാനം കുട്ടികള്‍ ഫുഡ് അലര്‍ജിയുള്ളവരാണ്. ഓസ്‌ട്രേലിയയില്‍ ഇത് 9 ശതമാനം വരും. യൂറോപ്പില്‍ ആകമാനം 2 ശതമാനം മുതിര്‍ന്നവര്‍ക്കും ഈ രോഗമുണ്ട്.

ഭക്ഷണത്തിന്റെ ശകലങ്ങള്‍ മാത്രം മതിയാകും ഇത്തരക്കാര്‍ക്ക് അലര്‍ജി റിയാക്ഷന്‍ സൃഷ്ടിക്കാന്‍. ജീവനു പോലും ഭീഷണിയാകുന്ന വിധത്തിലേക്ക് കാര്യങ്ങള്‍ നീങ്ങിയേക്കാം. അതായത് ഈ രോഗമുള്ളവരുടെ രക്ഷിതാക്കളും ബന്ധുക്കളും ഇവരെക്കുറിച്ചുള്ള ആശങ്കയില്‍ വേണം ജീവിക്കാന്‍. ഇവര്‍ക്ക് ഭക്ഷണത്തിലുണ്ടാകുന്ന വിലക്കുകള്‍ സാമൂഹ്യജീവിതത്തെയും കുടുംബ ജീവിതത്തെയും ബാധിക്കുകയും ചെയ്യും. ഈ വിധത്തില്‍ അലര്‍ജി നിരക്ക് ഉയരുന്നതിന് കാരണമെന്താണെന്ന് വിശദീകരിക്കാന്‍ വ്യക്തമായി സാധിക്കില്ലെങ്കിലും ഇതിനെ നേരിടാനുള്ള പരിശ്രമത്തിലാണ് ലോകമെമ്പാടുമുള്ള ഗവേഷകര്‍.

സാധാരണക്കാര്‍ക്ക് ദോഷകരമല്ലാത്ത വസ്തുക്കളോട് ശരീരത്തിന്റെ പ്രതിരോധ സംവിധാനം പ്രതികൂലമായി പ്രതികരിക്കുന്ന അവസ്ഥയാണ് അലര്‍ജി. ഇതിന്റെ ലക്ഷണങ്ങള്‍ ത്വക്ക് ചുവന്നു തടിക്കുന്നതു മുതല്‍ ഛര്‍ദ്ദി, വയറിളക്കം, ശ്വാസതടസം തുടങ്ങി അനഫൈലാക്ടിക് ഷോക്ക് വരെ നീളുന്നു. കുട്ടികളില്‍ സാധാരണ മട്ടില്‍ അലര്‍ജിയുണ്ടാക്കുന്നത് പാല്‍, മുട്ട, നിലക്കടല, വാല്‍നട്ട്, ബദാം, സെസമെ, മത്സ്യം, കക്ക വര്‍ഗ്ഗങ്ങള്‍ തുടങ്ങിയവയാണ്. കഴിഞ്ഞ 30 വര്‍ഷത്തിനിടെയാണ് ആളുകളില്‍ ഭക്ഷണ അലര്‍ജി ഇത്രയും വര്‍ദ്ധിച്ചിരിക്കുന്നത്. രോഗികളുടെ ഭക്ഷണം ജീവിക്കുന്ന അന്തരീക്ഷം മുതലായ ഘടകങ്ങളും പ്രധാനമാണ്.
ഫീസ് പണമായി നല്‍കുന്ന രക്ഷിതാക്കളുടെ വിവരങ്ങള്‍ പോലീസിനെ അറിയിക്കണമെന്ന് നാഷണല്‍ ക്രൈം ഏജന്‍സി. ഏജന്‍സിയുടെ ഇക്കണോമിക് ആന്‍ഡ് സൈബര്‍ ക്രൈം വിഭാഗം തലവന്‍ ഡൊണാള്‍ഡ് ടൂണ്‍ ആണ് ഇക്കാര്യം അറിയിച്ചത്. സാങ്ഷന്‍ ലിസ്റ്റിലുള്ളവര്‍ പണമടയ്ക്കുന്നുണ്ടോ എന്ന് കണ്ടെത്തുന്നതിനായാണ് നീക്കം. ബര്‍സാര്‍മാര്‍ ഇത് പരിശോധിക്കണമെന്നും എന്‍സിഎ അറിയിച്ചു. ട്രാന്‍സ്പരന്‍സി ഇന്റര്‍നാഷണല്‍ പോലെയുള്ള സംഘടനകള്‍ തിരിച്ചറിഞ്ഞിട്ടുള്ള സാമ്പത്തിക തട്ടിപ്പുകാര്‍ എത്തുന്നുണ്ടോ എന്നാണ് പരിശോധിക്കുന്നത്. സംശയിക്കപ്പെടുന്ന വ്യക്തികളുടെ കുട്ടികള്‍ പബ്ലിക് സ്‌കൂളുകളില്‍ പഠിക്കുന്നുണ്ടെന്നും അതുള്‍പ്പെടെ വിവിധ മേഖലകളില്‍ നിരീക്ഷണം നടത്തി വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.

കള്ളപ്പണം വെളുപ്പിക്കാന്‍ പബ്ലിക് സ്‌കൂളുകള്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്നുവെന്ന ആരോപണം സ്‌കൂള്‍ അധികൃതര്‍ നേരത്തേ നിഷേധിച്ചിരുന്നു. കള്ളപ്പണം സ്‌കൂളുകള്‍ അറിവോടെ സ്വീകരിക്കുന്നതായി ആരോപണങ്ങള്‍ ഒന്നും ഉയര്‍ന്നിട്ടില്ലെന്നാണ് ഹെഡ്മാസ്റ്റേഴ്‌സ് ആന്‍ഡ് ഹെഡ്മിസ്ട്രസസ് കോണ്‍ഫറന്‍സ് ചീഫ് എക്‌സിക്യൂട്ടീവ് മൈക്ക് ബുക്കാനന്‍ പറയുന്നത്. അത്തരം ഒരു ആരോപണം തന്നെ വ്യാജമാണെന്നും ബുക്കാനന്‍ പറഞ്ഞു. അതേസമയം ഇക്കാര്യത്തില്‍ സ്‌കൂളുകള്‍ സ്വന്തം നിലയക്ക് അന്വേഷണം നടത്തേണ്ട ആവശ്യമില്ലെന്നും ഡൊണാള്‍ഡ് ടൂണ്‍ പറഞ്ഞു. ആരോടും പണത്തിന്റെ ഉറവിടം വ്യക്തമാക്കാന്‍ ആവശ്യപ്പെടുകയല്ല. പകരം സാഹചര്യങ്ങള്‍ നിരീക്ഷിക്കാന്‍ മാത്രമാണ് സ്‌കൂളുകളോട് ആവശ്യപ്പെട്ടിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് ക്രിമിനല്‍ ബന്ധമുണ്ടോ എന്ന് ഗൂഗിളില്‍ തിരയുകയെന്നത് ബര്‍സാര്‍മാര്‍ക്ക് അദ്ധ്വാനമുള്ള ജോലിയല്ല. ശമ്പളം കുറഞ്ഞ ജോലികള്‍ ചെയ്യുന്ന രക്ഷിതാക്കള്‍ക്ക് സ്‌കൂള്‍ ഫീസുകള്‍ താങ്ങാനാകുന്നതല്ലെന്നും അദ്ദേഹം വ്യക്തമാക്കി. കള്ളപ്പണം വെളുപ്പിക്കാന്‍ പ്രൈവറ്റ് സ്‌കൂളുകള്‍ ഉപയോഗപ്പെടുത്തുന്നുണ്ടെന്ന് കഴിഞ്ഞ മാസം സെക്യൂരിറ്റി മിനിസ്റ്റര്‍ ആണ് മുന്നറിയിപ്പ് നല്‍കിയത്. ഫുട്‌ബോള്‍ ക്ലബ്ബുകള്‍, എസ്‌റ്റേറ്റ് ഏജന്റുമാര്‍, ലക്ഷ്വറി കാര്‍ ഡീലര്‍മാര്‍ തുടങ്ങിയവരും കള്ളപ്പണം എത്തുന്ന വിഷയത്തില്‍ ജാഗ്രത പാലിക്കണമെന്നും സംശയമുള്ളവരെക്കുറിച്ച് പോലീസില്‍ വിവരം നല്‍കണമെന്നും മിനിസ്റ്റര്‍ പറഞ്ഞിരുന്നു.