ലണ്ടന്‍: ടെക്‌നോളജിയുടെ വളര്‍ച്ച കണ്ണടച്ച് തുറക്കുന്നതിലും വേഗമാണ്. ഇന്ന് നാം ഉപയോഗിക്കുന്ന ഫോണിന്റെ എല്ലാ ടെക്‌നോളജിക്കല്‍ ഫീച്ചറുകളും ആറ് മാസത്തിനകം മുഴുവനായി അപ്‌ഡേറ്റ് ചെയ്യപ്പെടുമെന്നതാണ് വാസ്തവം. വിപണിയിലിറങ്ങുന്ന ഇതര ഗാഡ്‌ജെസ്റ്റുകളുടെ കാര്യവും സമാനമാണ്. വാച്ച്, ലാപ്‌ടോപ്, മൊബൈല്‍ ഫോണ്‍, മ്യൂസിക് സിസ്റ്റം, ഗെയിമിംഗ് സോഫ്റ്റ്‌വെയര്‍, ഹാര്‍ഡ്‌വെയര്‍, ഐ-പാഡ് തുടങ്ങി നിരവധി ഗാഡ്‌ജെറ്റ്‌സുകളാണ് ദിനപ്രതി അപ്‌ഡേറ്റ് ചെയ്യപ്പെടുന്നത്. ഇതില്‍ മിക്ക ഉപകരണങ്ങളും കുട്ടികള്‍ ഉപയോഗിക്കുന്നതാണ്. യുവാക്കളും കുട്ടികളുമാണ് ടെക്‌നോളജിയെക്കുറിച്ച് കൂടുതല്‍ പഠനങ്ങളിലേക്ക് പോകാറുള്ളത്. എന്നാല്‍ ഇവ തലവേദ സൃഷ്ടിക്കുന്നത് മാതാപിതാക്കള്‍ക്കാണെന്ന് ബ്രിട്ടനില്‍ നടത്തിയ ഒരു സര്‍വ്വേ വ്യക്തമാക്കുന്നു. ബിട്ടനിലെ അഞ്ചില്‍ ഒരു കുട്ടിയും 18 മാസത്തിനിടയില്‍ പുതിയ മൊബൈല്‍ ഫോണ്‍ ആവശ്യപ്പെടുന്നതായി സര്‍വ്വേ വ്യക്തമാക്കുന്നു.

ഇതൊരു ചെറിയ ശാഠ്യമാണെന്ന് ധരിക്കരുത്. മധ്യവര്‍ഗ കുടുംബങ്ങളുടെ സാമ്പത്തിക അടിത്തറ തന്നെ കുട്ടികളുടെ ആവശ്യം തകര്‍ക്കും. 2000 മാതാപിതാക്കളില്‍ നടത്തിയ സര്‍വ്വേയില്‍ വലിയൊരു ശതമാനം പേരും മക്കളുടെ ഇത്തരം ആവശ്യങ്ങള്‍ വലിയ തലവേദന സൃഷ്ടിക്കുന്നതായി വ്യക്തമാക്കുന്നു. തങ്ങളുടെ മക്കള്‍ക്ക് അവരുടെ കൂട്ടുകാര്‍ ഉപയോഗിക്കുന്നതിന് സമാനമായ ഗാഡ്‌ജെറ്റുകളുണ്ടോയെന്ന് സര്‍വ്വേയില്‍ പങ്കെടുത്ത 37 ശതമാനവും ഉറപ്പു വരുത്താന്‍ ശ്രമിക്കാറുള്ളതായി പ്രതികരിച്ചു. അതേസമയം തന്നെ പത്തില്‍ എട്ട് ശതമാനം പേരും ഇക്കാര്യങ്ങള്‍കൊണ്ട് മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്നതായി സര്‍വ്വേ പറയുന്നു. മ്യൂസിക് മാക്പീ എന്ന വെബ്‌സൈറ്റാണ് സര്‍വ്വേ നടത്തിയിരിക്കുന്നത്.

കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കുന്നത് എതൊരു മാതാപിതാക്കളെ സംബന്ധിച്ചും വളരെ സന്തോഷമുണ്ടാക്കുന്ന വസ്തുതയാണ്. എന്നാല്‍ മക്കള്‍ ആഗ്രഹിക്കുന്ന ടെക്‌നോളജിയില്‍ പ്രവര്‍ത്തിക്കുന്ന ഗാഡ്‌ജെറ്റുകള്‍ നല്‍കുകയെന്നത് മാതാപിതാക്കളെ സംബന്ധിച്ച് കടുപ്പമേറിയ കാര്യമാണ്. പത്തില്‍ ഏഴ് പേരും വിശ്വസിക്കുന്ന അഡ്വാന്‍സ്ഡ് ടെക്‌നോളജിയില്‍ പ്രവര്‍ത്തിക്കുന്ന ഗാഡ്‌ജെറ്റുകളാണ് മക്കള്‍ക്ക് നല്‍കാന്‍ കഴിയുന്ന ഏറ്റവും വിലയേറിയ സമ്മാനമെന്നാണ്. സാമ്പത്തിക സ്ഥിരതയെ ബാധിക്കുമെങ്കിലും ഇത്തരം സമ്മാനങ്ങള്‍ നല്‍കാന്‍ 70 ശതമാനം പേരും ശ്രമിക്കാറുണ്ടെന്നതാണ് വാസ്തവം. സ്മാര്‍ട്ട് ഫോണുകളും ടാബ്‌ലെറ്റുകളുമാണ് യു.കെയിലെ കുട്ടികള്‍ക്ക് ഏറ്റവും പ്രിയമേറിയത്.
ലണ്ടന്‍: റോഡപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികന്റെ ശ്വാസകോശം മെഡിക്‌സ് ‘ഡിറ്റര്‍ജന്റ്’ ഉപയോഗിച്ച് ക്ലീന്‍ ചെയ്തതായി റിപ്പോര്‍ട്ട്. സാല്‍ഫോര്‍ഡ് റോയല്‍ ആശുപത്രി അധികൃതര്‍ നടത്തിയ അന്വേഷണത്തിലാണ് ജീവനക്കാരുടെ അശ്രദ്ധമുലമുണ്ടായി ഗുരുതര ചികിത്സാ പിഴവ് ശ്രദ്ധയില്‍പ്പെട്ടിരിക്കുന്നത്. അതേസമയം ശ്വാസകോശം ‘ഡിറ്റര്‍ജന്റ്’ ഉപയോഗിച്ച് ക്ലീന്‍ ചെയ്തതാണോ മരണ കാരണമെന്ന് വ്യക്തമായിട്ടില്ല. 2017 സെപ്റ്റംബറിലാണ് സംഭവം നടക്കുന്നത്. 68 കാരനായ വില്യം ഹന്ന കാറപടകടത്തില്‍ പരിക്കേറ്റാണ് സാല്‍ഫോര്‍ഡ് റോയല്‍ ആശുപത്രിയില്‍ ചികിത്സയ്ക്കായി എത്തുന്നത്. പരിക്ക് അതീവ ഗുരുതരമായിരുന്നു. ശരീരത്തില്‍ നിരവധി എല്ലുകള്‍ പൊട്ടുകയും തലച്ചോറിന് കാര്യമായ ക്ഷതമേല്‍ക്കുകയും ചെയ്ത വില്യമിന്റെ ആരോഗ്യനിലയില്‍ ആദ്യം മുതല്‍ തന്നെ അപകടാവസ്ഥയിലായിരുന്നു.

തലച്ചോറിലെ പരിക്കും എല്ലുകളുടെ പൊട്ടുകള്‍ക്കും പുറമെ വില്യമിന്റെ ശ്വാസകോശത്തിനും കാര്യമായ തകരാറ് സംഭവിച്ചതായി ഡോക്ടര്‍മാര്‍ കണ്ടെത്തി. അദ്ദേഹത്തിന് ശ്വാസമെടുക്കുന്നതില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നതായി മനസിലായതോടെ അടിയന്തരമായി ശ്വാസകോശം ക്ലീന്‍ ചെയ്യാന്‍ തീരുമാനിക്കുകയും ചെയ്തു. ക്ലീന്‍ ചെയ്യുന്നതിനായി ഉപകരണങ്ങള്‍ ശുദ്ധീകരിക്കുന്ന ‘ഡിറ്റര്‍ജന്റാണ്’ മെഡിക്‌സ് ഉപയോഗിച്ചത്. ഓപ്പറേഷന്‍ തീയേറ്ററില്‍ സജ്ജീകരിച്ചിരുന്ന ട്രോളിയില്‍ കരുതിയിരുന്നത് ക്ലീനിംഗ് ലിക്യുഡിന് പകരം ഡിറ്റര്‍ജന്റായിരുന്നു. കുപ്പിയിലെ ലേബലാണ് പിഴവിന് ആധാരമായിരിക്കുന്നത്. ലേബലില്‍ എഴുതിയിരുന്ന ലിക്യുഡ് ആയിരുന്നില്ല കുപ്പിക്ക് അകത്തുണ്ടായിരുന്നത്. ഈ ബോട്ടില്‍ നഴ്‌സിംഗ് ജീവനക്കാരിലൊരാള്‍ ഡോക്ടര്‍ക്ക് കൈമാറുകയും ചെയ്തു.

ലേബലിലെ തെറ്റ് കൃത്യമായ മനസിലാക്കാന്‍ കഴിയാതിരുന്നതോടെ വലിയ ചികിത്സാ പിഴവിലേക്ക് കാര്യങ്ങളെത്തുകയായിരുന്നു. ഇതിന് ആഴ്ച്ചകള്‍ക്ക് ശേഷം വില്യം മരണപ്പെടുകയും ചെയ്തു. സാല്‍ഫോര്‍ഡ് ആശുപത്രി അധികൃതര്‍ നടത്തിയ അന്വേഷണത്തിലാണ് പിന്നീട് ചികിത്സാ പിഴവ് കണ്ടെത്തിയത്. അതേസമയം മരണകാരണം ഡിറ്റര്‍ജന്റ് ആണോയെന്ന വ്യക്തമായിട്ടില്ല. കൂടുതല്‍ അന്വേഷണം നടക്കുകയാണ്. നഴ്‌സിംഗ് ജീവനക്കാരുമായി ഡോക്ടര്‍മാര്‍ നടത്തിയ ആശയവിനിമയത്തില്‍ വലിയ അപാകതയയുണ്ടായതായും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
ബ്രസല്‍സില്‍ യൂറോപ്യന്‍ യൂണിയന്‍ നേതാക്കളുടെ ആശീര്‍വാദത്തോടെ ബ്രെക്‌സിറ്റ് ഡീലിന് അംഗീകാരം നേടിയ പ്രധാനമന്ത്രി തെരേസ മേയ്ക്ക് ബ്രിട്ടീഷ് പാര്‍ലമെന്റില്‍ നേരിടേണ്ടി വന്നത് കനത്ത പ്രതിഷേധം. ബ്രെക്‌സിറ്റ് ധാരണയ്ക്ക് പിന്തുണ നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സംസാരിച്ച പ്രധാനമന്ത്രിയെ കോമണ്‍സിന്റെ നാലുപാടു നിന്നും വിമര്‍ശനങ്ങള്‍ കൊണ്ട് എംപിമാര്‍ പൊതിയുകയായിരുന്നു. രണ്ടര മണിക്കൂറോളം പ്രതിനിധികള്‍ പ്രധാനമന്ത്രിയെ നിര്‍ത്തിപ്പൊരിച്ചു. അടുത്ത മാസം ബ്രെക്‌സിറ്റ് ധാരണ സംബന്ധിച്ചു നടക്കുന്ന വോട്ടെടുപ്പില്‍ സര്‍ക്കാര്‍ പരാജയപ്പെടുമെന്ന സൂചനയാണ് കോമണ്‍സില്‍ ഇന്നലെയുണ്ടായ സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്. ബ്രെക്‌സിറ്റ് ധാരണയില്‍ ഇടഞ്ഞു നില്‍ക്കുന്ന ടോറി അംഗങ്ങളായ ബോറിസ് ജോണ്‍സണ്‍, ഡേവിഡ് ഡേവിസ്, ഇയാന്‍ ഡങ്കന്‍ സ്മിത്ത് എന്നിവരും ആക്രമണത്തിന് മുന്‍നിരയിലുണ്ടായിരുന്നു.

വിഷയത്തില്‍ ദേശീയ താല്‍പര്യം പരിഗണിക്കണമെന്നും വോട്ടര്‍മാരുടെ അഭിപ്രായത്തിന് വിലകൊടുക്കണമെന്നും തെരേസ മേയ് പറഞ്ഞിട്ടും ആക്രമണത്തിന് കുറവൊന്നും ഉണ്ടായില്ല. ഡിസംബര്‍ 11നാണ് വിഷയത്തില്‍ പാര്‍ലമെന്റ് വോട്ട് ചെയ്യുന്നത്. അതിനു മുമ്പായി അഞ്ചു ദിവസം ഇത് ചര്‍ച്ച ചെയ്യും. ഇത് പാര്‍ലമെന്റില്‍ പരാജയപ്പെടുമെന്ന് തന്നെയാണ് ടോറികളും പ്രധാനമന്ത്രിക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഭരണപക്ഷത്തെ സഖ്യകക്ഷിയായ ഡിയുപിയും ധാരണയിലെ ബാക്ക്‌സ്റ്റോപ്പിനെ വിമര്‍ശിക്കുന്നു. ആരെയും തൃപ്തിപ്പെടുത്തുന്ന ധാരണയല്ല പ്രധാനമന്ത്രി കൊണ്ടുവന്നിരിക്കുന്നതെന്നാണ് ലേബര്‍ നേതാവ് ജെറമി കോര്‍ബിന്‍ പ്രതികരിച്ചത്.

മുന്‍ മന്ത്രിയും ഭരണപക്ഷാനുകൂലിയുമായ സര്‍ മൈക്കിള്‍ ഫാലന്‍ ഉള്‍പ്പെടെയുള്ളവരും ഡീലിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. ഏകദേശം ഒരു മണിക്കൂര്‍ നീണ്ട നിലയ്ക്കാത്ത വിമര്‍ശനങ്ങള്‍ക്കൊടുവിലാണ് പ്രധാനമന്ത്രിക്ക് ആശ്വാസമായി ഒരാള്‍ പിന്തുണയുമായെത്തിയത്. നിക്കി മോര്‍ഗന്‍ ആണ് കോമണ്‍സില്‍ മേയ്ക്ക് ആദ്യ പിന്തുണ പ്രഖ്യാപിച്ചത്. ധാരണയുടെ കരട് രൂപീകരിച്ചപ്പോള്‍ തന്നെ ടോറികളില്‍ രൂപപ്പെട്ട കലാപം അടുത്ത മാസം നടക്കുന്ന വോട്ടെടുപ്പില്‍ പ്രതിഫലിച്ചാല്‍ വലിയ രാഷ്ട്രീയ പ്രത്യാഘാതങ്ങളുണ്ടാകുമെന്നാണ് കരുതുന്നത്. കരട് പ്രമേയത്തില്‍ ടോറി എംപിമാരില്‍ ചിലര്‍ മേയ്‌ക്കെതിരെ അവിശ്വാസം അറിയിച്ചിരുന്നു.
ജെറിൻ തോമസ്, ഗെയിന്‍സ്ബറോ
ലോകശക്തികളില്‍ മികവുറ്റ സാമ്രാജ്യ ശക്തിയായി വളര്‍ന്നു വന്ന്, വലുപ്പത്തില്‍ ചെറുതാണെങ്കിലും ശക്തിയിലും ബുദ്ധിയിലും ഇന്നും വന്‍ ശക്തികളായി തന്നെ വിരാജിക്കുന്ന, സാംസ്‌കാരിക വിദ്യാഭ്യാസ സംരംഭങ്ങളുടെ കേന്ദ്രമായ ബ്രിട്ടന് എവിടെയാണ് തെറ്റുപറ്റിയത്? നിയമത്തെ അനുസരിക്കുന്നതിലും ബഹുമാനിക്കുന്നതിലും എല്ലായ്പ്പോഴും മുന്‍നിരയില്‍ ഒന്നാമതായുള്ള രാജ്യമെന്ന നിലയിലും തെറ്റ് പറ്റിയാല്‍ അതിനെ അംഗീകരിക്കുകയും ‘സോറി’ എന്ന പദം കാഷ്വല്‍ ഭാഷാപ്രയോഗത്തില്‍പ്പോലും ഉള്‍പ്പെടുത്തികൊണ്ട് തെറ്റുകള്‍ നഷ്ടപരിഹാരത്തോടെ എപ്പോഴും തിരുത്തുകയും ചെയ്യുന്ന ഏക ലോകശക്തി എന്ന പദവി അര്‍ഹിക്കുന്ന ഈ രാജ്യത്തില്‍ ഇനിയും നിലനില്‍ക്കുന്ന ഒരു തെറ്റ് കാണാനാവുന്നില്ലെയോ?
2006ലെ നിയമപ്രകാരം ഓവറോള്‍ 6 സ്‌കോര്‍ ഉള്ളവരും 3 വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയമുള്ളവരുമായ എഷ്യന്‍ നഴ്സസ് അഡാപ്‌റ്റേഷന്‍ ട്രെയിനിംഗ് വഴി ഇവിടെ PIN number നേടാമായിരുന്നു. ഈ നിയമപ്രകാരം ഇവിടെ ഓവറോള്‍ 6 നേടിയ എഷ്യന്‍ നഴ്സുമാര്‍ ഇവിടെയെത്തിയെങ്കിലും സ്ഥിരതയില്ലാതെ മാറിവന്ന നിയമങ്ങള്‍ 6 എന്നത് 6.5 പിന്നീട് 7 വീണ്ടും ഓരോ വിഷയത്തിനും 7 സ്‌കോര്‍ എന്നിങ്ങനെ എത്തിപ്പെടാനാകാത്ത ലെവലായി ഉയര്‍ത്തിയതിനാല്‍, അന്ന് എത്തിച്ചേര്‍ന്നവര്‍ പിന്‍ നമ്പര്‍ ലഭിക്കാതെ കെയര്‍ അസിറ്റന്റ് പോലുള്ള ഒരു ജോലിയിലേക്ക് മാറേണ്ടി വരികയും അനുദിനം IELTS നുംOET പോലുള്ള മറ്റ് ട്രെയിനിംഗുകള്‍ക്കും വേണ്ടി താങ്ങാനാവാത്തവിധം പണം ചെലവഴിച്ച് ഇന്നും മൂകമായി ജീവിക്കുന്നു.
ഇതില്‍ പ്രാധാന്യം അര്‍ഹിക്കുന്ന വസ്തുത 10 വര്‍ഷങ്ങള്‍ക്കുപരി ഈ രാജ്യത്ത് സേവനം ചെയ്തിട്ടും ബ്രിട്ടീഷ് പൗരത്വം നേടിയിട്ട് പോലും എഷ്യന്‍ രാജ്യത്ത് നിന്നും വന്നുവെന്ന കാരണത്താല്‍ ഇവര്‍ ഇന്നും IELTS നിബന്ധനകള്‍ക്ക് വിധേയരായി പിന്‍ നമ്പര്‍ ലഭിക്കാതെ മാറ്റി നിര്‍ത്തപ്പെടുന്നു. എന്നാല്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും വന്ന് ഇംഗ്ലീഷ് ഭാഷ സംസാരിക്കാനോ എഴുതാനോ പോലും പ്രാവീണ്യമില്ലാത്തവര്‍ ഈ IELTS കടമ്പകള്‍ ബാധകമല്ലാതെ തങ്ങളുടെ പിന്‍ നമ്പര്‍ നേടിയെടുക്കുമ്പോള്‍ ഭാഷാ പ്രാവീണ്യമുള്ള ഏഷ്യന്‍ നഴ്സുമാര്‍ അവഗണിക്കപ്പെടുന്നത് ഇനിയും കാണാനാവുന്നില്ലയോ?
ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നും വന്ന് ബ്രിട്ടീഷ് പൗരത്വം നേടിയ എഷ്യന്‍ നഴ്സിന് നീതിയും തുല്യതയും നിഷേധിക്കപ്പെടുന്നത് കാണാന്‍ നല്ല മനസുള്ള ഈ രാജ്യത്തിന് തെറ്റുപറ്റിയോ? മള്‍ട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലുകളില്‍ ജോലി ചെയ്തിരുന്ന ഇവര്‍ തങ്ങളുടെ ജോലി ഉപേക്ഷിച്ച് ഈ രാജ്യത്തെ നിയമ മാനദണ്ഡങ്ങള്‍ വിശ്വസിച്ച് കുടിയേറിയപ്പോള്‍ വന്നതിന് ശേഷം മാറിയ മാനദണ്ഡങ്ങള്‍ മൂലം സ്വന്തം പ്രൊഫഷന്‍ നഷ്ടമായ ഇവര്‍ക്ക് ഈ മാറിയ മാനദണ്ഡങ്ങള്‍ ബാധകമല്ലെന്ന് അംഗീകരിക്കുന്നതെല്ലേ നീതിയെന്ന് ചിന്തിക്കുന്നതില്‍ തെറ്റുണ്ടോ?
Discrimination എന്നാല്‍ unjust treatment of different categories of people especially on the ground of race,age and sex. അപ്പോള്‍ ബ്രിട്ടീഷ് പൗരന്മാര്‍ ആയിട്ട് പോലും ഏഷ്യയില്‍ നിന്നും വന്നു എന്ന കാരണത്താല്‍ യൂറോപ്യന്‍ യൂണിയന്‍ രാജ്യത്ത് നിന്ന് വന്ന പൗരന്മാര്‍ക്ക് നല്‍കുന്ന ആനുകൂല്യം പോലും നല്‍കാത്തത് വംശീയ വിവേചനമാണ് എന്ന് ചിന്തിക്കുന്നതില്‍ തെറ്റുണ്ടോ? ഇതില്‍ ഒരു വംശീയ വിവേചനം ഒളിഞ്ഞു കിടപ്പില്ലേ?
ഈ രാജ്യത്ത് ജനിച്ചു വളര്‍ന്ന ഒരു നഴ്‌സ് മാനേജര്‍ ആയി ജോലി ചെയ്യുന്ന എന്‍.എച്ച്.എസ് പ്രൊഫഷണലുകള്‍ക്ക് ഈ IELTS or OET Exam നല്‍കിയാല്‍ എത്രപേര്‍ ഓരോ വിഷയത്തിനും 7 സ്‌കോര്‍ വാങ്ങി പാസാകുമെന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? എത്തിപ്പിടിക്കാനാവാത്ത രീതിയില്‍ സ്‌കോര്‍ ഉയര്‍ത്തികൊണ്ട് ഇവരെ പിന്‍ നമ്പര്‍ നേടാനാവാത്തവിധം മാറ്റി നിര്‍ത്തുന്നത് നീതി ആണോ?
നഴ്സ് എന്ന പ്രത്യേക പദവിയുടെ പ്രത്യേകതകള്‍ പരിഗണിച്ച് അവര്‍ക്ക് ജോലിയില്‍ ആവശ്യമായ പരിജ്ഞാനം അളന്നു നോക്കുന്ന പരീക്ഷകള്‍ക്ക് പകരം എത്തിപിടിക്കാനാവാത്ത ഭാഷാ പരീക്ഷകള്‍ മാത്രം മാനദണ്ഡമായി പരിഗണിക്കുന്നത് ശരിയാണോ?
മനുഷ്യാവകാശങ്ങള്‍ക്കും നീതി ന്യായ വ്യവസ്ഥകള്‍ക്കും അങ്ങേയറ്റം മൂല്യം കല്‍പ്പിക്കുന്ന, മനുഷ്യരുടെ വളര്‍ച്ചയ്ക്കും നന്മയ്ക്കും വേണ്ടി നിലകൊള്ളുന്ന രാജ്യമെന്ന നിലയിലും Equality, non- discrimination എന്ന വലിയ പുണ്യങ്ങളെ എന്നും കൃത്യമായി പാലിക്കുകയും ചെയ്യുന്ന ഈ രാജ്യത്തിന് ഇനിയും തിരിച്ചറിയിനാകാത്ത ഒരു Blindspot mistake ആണോ ഇത്?
സ്വന്തം തെറ്റുകള്‍ തിരുത്തുവാനും അതിന്റെ കാരണത്താല്‍ ഉണ്ടായ കുറവുകള്‍ക്ക് എന്നും പരിഹാരം നിര്‍ദേശിച്ച് നീതിയും തുല്യതയ്ക്കും വേണ്ടി വര്‍ത്തിക്കുന്ന ഏക രാജ്യമെന്ന നിലയിലും ലോക പ്രശസ്തമായ ബ്രിട്ടന് ഈ തെറ്റ് എങ്ങനെ ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ഇനിയും ശ്രദ്ധിക്കപ്പെടുന്നില്ല എന്നത് വളരെ നിരാശാജനകമാണ്.
മൂകമായി ഉള്ളിലൊതുക്കുന്ന വിതുമ്പലുകളുമായി ആയിരങ്ങള്‍ തങ്ങളുടെ പ്രൊഫഷനുകളില്‍ ഇങ്ങനെ മാറ്റി നിര്‍ത്തപ്പെട്ട വിഭാഗം എന്ന ഒറ്റ കാരണം മുഖേന നീതി നിഷേധിക്കപ്പെടുവാന്‍ ഈ രാജ്യം ഒരിക്കലും അനുവദിക്കില്ല എന്ന ശുഭാപ്തിവിശ്വാസം മാത്രമാണ് ഇനിയവര്‍ക്കാശ്വാസം.
ഒരു ചെറിയ കാലയളവില്‍ ഓണ്‍ ദി ജോബ് ട്രെയിനിംഗ് നല്‍കി ഇവരെ ബാന്‍ഡ് 5 ടോപ്പ് ഗ്രേഡില്‍ എടുത്താലും ഈ കുറവുകള്‍ വരുത്തിയ മുറിവുകൾ മറക്കാനാവും വിധം തിരുത്താനാകുമോ?
ഒരു അലിഖിത ഭരണഘടയുള്ള ഉള്ള സൂപ്പര്‍ പവര്‍ ആയി വര്‍ത്തിക്കുന്ന ലോകശക്തികളില്‍ മുന്‍നിരയിലുള്ള ഈ രാജ്യത്ത് പുതിയ നിയമങ്ങള്‍ നിര്‍മ്മിക്കുവാനുള്ള അധികാരം പാര്‍ലമെന്റിനാണ്. ഇനിയും എത്രകാലം കാത്തിരിക്കണം ഈ കുറവുകള്‍ നികത്തപ്പെടുവാന്‍?
‘നാസ ഇന്‍സൈറ്റ് മാര്‍സ്’ ബഹിരാകാശ പേടകം വിജയകരമായി ചൊവ്വയിലിറങ്ങി. ചൊവ്വയുടെ ഉത്ഭവത്തെക്കുറിച്ച് പഠിക്കുകയാണ് പ്രധാനമായും പേടകത്തിന്റെ ലക്ഷ്യം. ഇതിനായിയുള്ള അത്യാധുനിക സജ്ജീകരണങ്ങള്‍ പേടകത്തിലുണ്ട്. ഏതാണ്ട് ആറ് മാസത്തോളം ദൈര്‍ഘ്യമേറിയ യാത്രക്കൊടുവിലാണ് നാസയുടെ ‘ഇന്‍സൈറ്റ് മാര്‍സ്’ ചൊവ്വയിലെത്തുന്നത്. എലിസിയം പ്ലാനിഷ്യ എന്നറിയപ്പെടുന്ന ചൊവ്വയുടെ പൊടിനിറഞ്ഞ പ്രതലത്തിലാണ് പേടകം ലാന്‍ഡ് ചെയ്തിരിക്കുന്നത്. ചൊവ്വയിലെ ജീവസാന്നിധ്യം അന്വേഷിക്കുന്ന ഗവേഷണങ്ങള്‍ക്കും ‘ഇന്‍സൈറ്റ് മാര്‍സ്’ സഹായകമാവും. ചൊവ്വയെ ലക്ഷ്യമാക്കി മനുഷ്യന്‍ അയച്ച 40 ശതമാനം ദൗത്യങ്ങള്‍ മാത്രമെ വിജയകരമായി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടുള്ളു.

ശാസ്ത്രലോകത്തിന് അഭിമാനിക്കാവുന്ന നേട്ടമാണിതെന്ന് ഗവേഷകര്‍ പ്രതികരിച്ചു. ഇതുവരെ ഏറ്റവും കൂടുതല്‍ വിജയകരമായ വിക്ഷേപണങ്ങള്‍ ചൊവ്വയില്‍ നടത്തിയിരിക്കുന്നത് അമേരിക്കയാണ്. 4 ദശാബ്ദങ്ങള്‍ക്കിടയില്‍ 7 ബഹിരാകാശ പേടകങ്ങളാണ് അമേരിക്ക വിജയകരമായി ചൊവ്വയിലിറക്കിയിരിക്കുന്നത്. ചൊവ്വയില്‍ പേടകങ്ങളിറക്കുകയെന്നത് ശ്രമകരമായ ജോലിയാണെന്ന് ‘ഇന്‍സൈറ്റ് മാര്‍സ്’ ദൗത്യത്തിന് നേതൃത്വം നല്‍കിയ ശാസ്ത്രജ്ഞന്‍ ബ്രൂസ് ബെനേര്‍ട് പ്രതികരിച്ചു. ചൊവ്വയില്‍ ലാന്‍ഡ് ചെയ്യുകയെന്ന് കഠിനമായ ജോലികളിലൊന്നാണ്. അതീവ സൂക്ഷമ്ത പുലര്‍ത്തണം. അവസാന നിമിഷം വരെ കാര്യങ്ങള്‍ കൈവിട്ടു പോകാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ടെന്നും ബ്രൂസ് ബെനേര്‍ട് പറഞ്ഞു.

സോളാര്‍ സിസ്റ്റത്തിലെ എല്ലാ ഗ്രഹങ്ങളുടെയും ഉത്ഭവത്തെക്കുറിച്ചായിരിക്കും പ്രധാനമായും ഇന്‍സൈറ്റ് മാര്‍സ് പഠിക്കുക. ‘മാര്‍സ്‌ക്വേക്ക്സി’നെക്കുറിച്ച് (Marsquakes) പഠിക്കാനായി സീസ്മൊമീറ്റര്‍ (Seismometer) പേടകത്തില്‍ സ്ഥാപിച്ചിട്ടുണ്ട്. ഏതാണ്ട് യുകെ സ്‌പേസ് ഏജന്‍സി ഇതിന്റെ നിര്‍മാണത്തിന് 4 മില്യണ്‍ പൗണ്ട് നിക്ഷേപിച്ചിട്ടുണ്ട്. അടുത്ത വര്‍ഷം ആദ്യത്തോടെ ഗവേഷണത്തിന് ആവശ്യമായ വിവരങ്ങള്‍ എത്തിച്ചേരുമെന്നും പ്ലാനറ്റിന്റെ ഉത്ഭവത്തെക്കുറിച്ച് നിര്‍ണായ വിവരങ്ങള്‍ അറിയാന്‍ ഇത് സഹായിക്കുമെന്നാണ് കരുതുന്നതെന്നും യു.കെ സ്പേസ് എജന്‍സിയുടെ സ്പേസ് എക്സ്പ്ലോറേഷന്‍ ഹെഡ്, സ്യൂ ഹോണ്‍ വ്യക്തമാക്കി.
അബുദാബി: ചാരവൃത്തി ആരോപിച്ച് യു.എ.ഇ അറസ്റ്റ് ചെയ്ത ബ്രിട്ടീഷ് പൗരന് മോചനം. യു.എ.ഇ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി മാപ്പ് നല്‍കിയവരുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തിയാണ് ബ്രിട്ടീഷ് ഗവേഷണ വിദ്യാര്‍ത്ഥിയായിരുന്നു മാത്യൂ ഹെഡ്ജസിനെ മോചിപ്പിച്ചിരിക്കുന്നതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ഔദ്യോഗിക നടപടികള്‍ പൂര്‍ത്തിയായാല്‍ ഉടന്‍ മാത്യു നാട്ടിലേക്ക് തിരിക്കുമെന്ന് യു.എ.ഇ അറിയിച്ചിട്ടുണ്ട്. മോചനം സാധ്യമായതില്‍ അതിയായ സന്തോഷമുണ്ടെന്ന് മാത്യുവിന്റെ ഭാര്യ ഡാനിയേല തെജാദ പ്രതികരിച്ചു. യു.എ.ഇ ഭരണാധികാരി മാപ്പ് നല്‍കിയവരുടെ കൂട്ടത്തില്‍ മാത്യു ഉള്‍പ്പെട്ടതായി വന്ന വാര്‍ത്ത അതിയായ സന്തോഷം ഉളവാക്കുന്നതാണ്. കഴിഞ്ഞ ആറ് മാസങ്ങളെ തങ്ങളുടെ ഉറക്കം നഷ്ടപ്പെടുത്തിയ ജയില്‍വാസം അവസാനിച്ചുവെന്നും തെജാദ പറഞ്ഞു.

2018 മെയ് മാസത്തിലാണ് ചാരവൃത്തി ആരോപിച്ച് യു.എ.ഇ ബ്രിട്ടീഷ് ഗവേഷണ വിദ്യാര്‍ത്ഥിയായ മാത്യുൂ ഹെഡ്ജസിനെ അറസ്റ്റ് ചെയ്യുന്നത്. അന്വേഷണങ്ങള്‍ക്കൊടുവില്‍ ഒക്ടോബറിലാണ് കേസ് കോടതിയിലെത്തുന്നത്. അതേസമയം മാത്യുവിന്റെ മേല്‍ ആരോപിക്കപ്പെട്ട കുറ്റകൃത്യങ്ങള്‍ അകാരണമാണെന്നും യു.എ.ഇക്ക് ഇക്കാര്യത്തില്‍ തെറ്റുപറ്റിയെന്നും വ്യക്തമാക്കി തെജാദ രംഗത്ത് വന്നു. ബ്രിട്ടീഷ് ഫോറിന്‍ സെക്രട്ടറി ജെറമി ഹണ്ട് യു.എ.ഇ ഭരണകൂടവുമായി ഇക്കാര്യം ചര്‍ച്ച ചെയ്തു. ഒക്ടോബര്‍ 25ന് അബുദാബി കോടതി കേസ് വീണ്ടും പരിഗണിച്ചു. തന്റെ മേല്‍ ആരോപിക്കപ്പെട്ട ചാരവൃത്തിക്കുറ്റം വ്യാജമാണെന്ന് മാത്യു കോടതിയില്‍ വാദിച്ചു.

ഒക്ടോബര്‍ 29ന് മാത്യുവിന് അബുദാബി കോടതി ജാമ്യം അനുവദിച്ചു. എന്നാല്‍ കേസില്‍ വിധി മാത്യുവിന് പ്രതികൂലമായി. നവംബര്‍ 21ന് മാത്യുവിനെ ജീവപര്യന്തം തടവിന് ശിക്ഷിക്കാന്‍ കോടതി ഉത്തരവിട്ടു. ഇതോടെ കാര്യങ്ങള്‍ കൂടുതല്‍ കുഴപ്പത്തിലാവുകയും ചെയ്തു. നയതന്ത്രതലത്തിലെ ഇടപെടലുകള്‍ക്ക് സാധ്യമല്ലാത്ത വിധമായിരുന്നു കോടതി വിധി. പിന്നീട് യു.എ.ഇ സര്‍ക്കാരും ഫോറിന്‍ സെക്രട്ടറിയും കൂടിക്കാഴ്ച്ച നടത്തിയിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസം മാത്യുവിനെ മോചിപ്പിച്ചുവെന്ന് യു.എ.ഇ ഔദ്യോഗിക പ്രസ്താവനയിറക്കി. നടപടി സ്വാഗതം ചെയ്യുന്നതായി പ്രധാനമന്ത്രിയുടെ വക്താവ് പ്രതികരിച്ചു.
ബിനോയി ജോസഫ്
ഇംഗ്ലീഷ് ലാംഗ്വേജ് ടെസ്റ്റിൽ ക്വാളിഫൈയിംഗ് സ്കോർ നേടാനാവാത്തതിനാൽ ഒരു നഴ്സായി യുകെയിൽ രജിസ്റ്റർ ചെയ്യപ്പെടാൻ സാധിക്കാതെ വന്നവരുടെ കൂട്ടായ്മയുടെ നേതൃത്വത്തിൽ എൻഎംസിയെ സമീപിക്കാനുള്ള നടപടികൾ ഊർജ്ജിതമായി. യുകെയിലെമ്പാടുമായി എൻഎച്ച്എസ്, പൈവറ്റ് ഹോസ്പിറ്റലുകളിലും നഴ്സിംഗ് ഹോമുകളിലും സീനിയർ കെയറർമാരായും കെയർ അസിസ്റ്റന്റുമാരായും വർഷങ്ങളായി ജോലി ചെയ്യുന്നവരുടെ ന്യായമായ ഈ ആവശ്യം അധികൃതരുടെ ശ്രദ്ധയിൽ കൊണ്ടുവരാൻ നേതൃത്വം നല്കുന്നത് കേംബ്രിഡ്ജ് സിറ്റി കൗൺസിലറും ലോയറുമായ ബൈജു വർക്കി തിട്ടാലയാണ്.
രജിസ്ട്രേഷനുള്ള മാനദണ്ഡമായി എൻഎംസി നിഷ്കർഷിച്ചിരിക്കുന്ന ഐഇഎൽടിഎസും ഒഇടിയും പാസാകാൻ നിരവധി തവണ പരിശ്രമിച്ചവർ നൂറുകണക്കിനുണ്ട്. നിർഭാഗ്യവശാൽ പലർക്കും വേണ്ട സ്കോർ നേടാനായില്ല. റൈറ്റിംഗിന് സ്കോർ 6.5 ആക്കാനുള്ള നടപടികൾ എൻഎംസി ആരംഭിച്ചിട്ടുണ്ടെങ്കിലും വർഷങ്ങളായി യുകെയിൽ ജീവിക്കുന്ന ഹെൽത്ത് കെയർ പ്രഫഷണലുകൾക്കായി രജിസ്ട്രേഷനുള്ള സജ്ജീകരണങ്ങൾ ഒരുക്കാൻ എൻഎംസിയുടെ ഭാഗത്ത് നിന്ന് അനുഭാവപൂർണമായ ഒരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല.
ഇക്കാര്യത്തിൽ ബ്രിട്ടീഷ് പാർലമെൻറിൽ ലോബിയിംഗ് നടത്താൻ മുൻകൈയെടുത്ത ബൈജു തിട്ടാല, എൻഎംസിയുമായി നേരിട്ട് കാര്യങ്ങൾ ചർച്ച ചെയ്യുന്നതിന് അവസരം ഒരുക്കാനുള്ള പരിശ്രമത്തിലാണ്. രജിസ്ട്രേഷൻ ലഭിക്കാത്തവരുടെ കാര്യത്തിൽ അനുഭാവ പൂർണ്ണമായ സമീപനം ഉണ്ടാകണമെന്നും ഇവർക്ക് തങ്ങളുടെ വാദങ്ങൾ അവതരിപ്പിക്കാൻ കൺസൾട്ടേഷൻ പ്രഖ്യാപിക്കണമെന്നുമാണ് മുന്നോട്ട് വച്ചിരിക്കുന്ന ആവശ്യം.
കൺസൾട്ടേഷൻ ആവശ്യവുമായി ഹോം സെക്രട്ടറി, ഹെൽത്ത് സെക്രട്ടറി, എൻഎംസി, പ്രധാനപ്പെട്ട എൻഎച്ച്എസ് ട്രസ്റ്റുകൾ എന്നിവയെ സമീപിക്കാനുള്ള പ്രവർത്തനമാണ് ഇപ്പോൾ നടക്കുന്നതെന്ന് ബൈജു വർക്കി തിട്ടാല പറഞ്ഞു. യുകെയിൽ രജിസ്ട്രേഷൻ ലഭിക്കാതെ ഹെൽത്ത് സെക്ടറിൽ ഇതര ജോലികളിൽ ഏർപ്പെട്ടിരിക്കുന്നവരുടെ വിവരങ്ങൾ ശേഖരിക്കുക എന്ന ഭഗീരഥപ്രയത്നത്തിൽ യുകെ മലയാളികളുടെ പൂർണ പിന്തുണ അദ്ദേഹം അഭ്യർത്ഥിച്ചു.
കൺസൾട്ടേഷൻ ആവശ്യവുമായി എൻഎംസിയെ സമീപിക്കുന്നതിന് ഈ മേഖലയിൽ ജോലി ചെയ്യുന്നവരുടെ വിവരങ്ങൾ ഏറ്റവും കൃത്യതയോടെ ശേഖരിക്കേണ്ടത് ആവശ്യമാണ്. അതിനായി കോർഡിനേറ്റർമാരെ താഴെപ്പറയുന്ന നമ്പരുകളിൽ ബന്ധപ്പെടേണ്ടതാണ്.
ബിനോയി ജോസഫ്, സ്കൻതോർപ്പ് 07915660914
റിന്റോ ജയിംസ്, കവൻട്രി 07870828585
ജെറിഷ് ഫിലിപ്പ് 07887359660
ബ്രസല്‍സ്: ബ്രെക്‌സിറ്റ് ധാരണയ്ക്ക് യൂറോപ്യന്‍ നേതാക്കളുടെ അംഗീകാരം. ബ്രസല്‍സില്‍ ഞായറാഴ്ച നടന്ന ഉച്ചകോടിയിലാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി മുന്നോട്ടു വെച്ച കരട് ധാരണയ്ക്ക് യൂറോപ്യന്‍ യൂണിയന്‍ അംഗീകാരം നല്‍കിയത്. ജിബ്രാള്‍ട്ടര്‍ വിഷയത്തില്‍ ഇടഞ്ഞു നിന്ന സ്‌പെയിന്‍ അവസാന നിമിഷം ബ്രിട്ടന് അനുകൂലമായി വോട്ട് ചെയ്യാമെന്ന് സമ്മതിച്ചിരുന്നു. ഇതോടെയാണ് 20 മാസം നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ രൂപീകരിച്ച ധാരണയ്ക്ക് അംഗീകാരമായത്. ഒരു മണിക്കൂറില്‍ താഴെ മാത്രമേ അംഗീകാരം നല്‍കാനുള്ള അന്തിമ ചര്‍ച്ചകള്‍ക്കായി വേണ്ടി വന്നുള്ളു. 27 യൂറോപ്യന്‍ യൂണിയന്‍ നേതാക്കളും ധാരണയ്ക്ക് അംഗീകാരം നല്‍കി. ഒരു സുഗമമായ പിന്‍മാറ്റത്തിന് അവസരം നല്‍കുന്ന ധാരണയാണ് രൂപപ്പെട്ടതെന്ന് യൂറോപ്യന്‍ കൗണ്‍സില്‍ അഭിപ്രായപ്പെട്ടു. ധാരണയ്ക്ക് ഇനി ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ അംഗീകാരം ലഭിക്കണം.

ബ്രിട്ടീഷ് ജനതയ്ക്കു വേണ്ടിയാണ് ഈ ധാരണ നിര്‍മിച്ചിരിക്കുന്നതെന്നും ബ്രിട്ടന്റെ സമ്പന്നമായ ഒരു ഭാവിയിലേക്കുള്ള യാത്രയാണ് ഇതിലൂടെ ആരംഭിക്കുന്നതെന്നും തെരേസ മേയ് പറഞ്ഞു. ധാരണയ്ക്ക് പിന്നില്‍ ഒന്നായി അണിനിരക്കണമെന്ന് ബ്രെക്‌സിറ്റ് വിരുദ്ധരോടും അനുകൂലികളോടും അവര്‍ അഭ്യര്‍ത്ഥിച്ചു. ബ്രെക്‌സിറ്റിനെക്കുറിച്ച് വാദപ്രതിവാദം നടത്തി ബ്രിട്ടീഷ് ജനതയ്ക്ക് സമയം കളയാനില്ലെന്നും ബ്രസല്‍സില്‍ വെച്ച് മേയ് പറഞ്ഞു. 2019 മാര്‍ച്ച്29നാണ് യൂറോപ്യന്‍ യൂണിയനില്‍ നിന്ന് യുകെ ഔദ്യോഗികമായി പിന്‍മാറുന്നത്. 2017 മാര്‍ച്ചിലാണ് ബ്രെക്‌സിറ്റ് ചര്‍ച്ചകള്‍ക്ക് ഇരുപക്ഷവും തുടക്കമിട്ടത്.

ഡിസംബര്‍ 12നാണ് ബ്രെക്‌സിറ്റ് ധാരണ ബ്രിട്ടീഷ് പാര്‍ലമെന്റ് ചര്‍ച്ചക്കെടുക്കുന്നത്. ഇതിന് അന്തിമാനുമതി പാര്‍ലമെന്റ് നല്‍കുമോ എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല. പ്രതിപക്ഷ പാര്‍ട്ടികളായ ലേബര്‍, ലിബറല്‍ ഡെമോക്രാറ്റ്, എസ്എന്‍പി എന്നിവരും ഭരണപക്ഷത്തെ സഖ്യകക്ഷിയായ ഡിയുപിയും ഇതിന് എതിരായി വോട്ടു ചെയ്യുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ടോറി എംപിമാരില്‍ ഒരു വിഭാഗവും തെരേസ മേയുടെ ബ്രെക്‌സിറ്റ് ധാരണയ്‌ക്കെതിരെ നിലപാടെടുത്തിട്ടുള്ളതിനാല്‍ കോമണ്‍സില്‍ ഇത് പാസാക്കിയെടുക്കുകയെന്നത് മേയ്ക്ക് അല്‍പം ബുദ്ധിമുട്ടേറിയ ജോലിയാണ്.
ലണ്ടന്‍: രോഗികളില്‍ ജീവരക്ഷക്കായി ഘടിപ്പിക്കുന്ന മെഡിക്കല്‍ ഇംപ്ലാന്റുകളില്‍ മിക്കവയും സുരക്ഷിതമല്ലെന്ന് റിപ്പോര്‍ട്ട്. യു.കെയിലെ വിവിധ ആശുപത്രികളില്‍ നടക്കുന്ന ശസ്ത്രക്രിയയില്‍ ഇത്തരം സുരക്ഷിതമല്ലാത്ത ഇംപ്ലാന്റുകള്‍ ഉപയോഗിക്കുന്നതായാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. പേസ്മേക്കറുകള്‍, സ്പൈന്‍ റോഡ്സ് (നട്ടെല്ലിലെ തകരാറുകള്‍ പരിഹരിക്കുന്നതിനായി ഘടിപ്പിക്കുന്ന റോഡുകള്‍), കൃത്രിമ കാല്‍മുട്ടുകള്‍, കൃത്രിമ ഇടുപ്പുകള്‍ തുടങ്ങിയവ ശരിയായ പരീക്ഷണങ്ങള്‍ക്കു ശേഷമല്ല ഉപയോഗിക്കപ്പെടുന്നതെന്നാണ് ബിബിസിയും 58 മാധ്യമ സ്ഥാപനങ്ങളുടെ കണ്‍സോര്‍ഷ്യമായ ഇന്റര്‍നാഷണല്‍ കണ്‍സോര്‍ഷ്യം ഓഫ് ഇന്‍വെസ്റ്റിഗേറ്റീവ് ജേര്‍ണലിസ്റ്റ്‌സും ചേര്‍ന്നു നടത്തിയ അന്വേഷണത്തില്‍ വ്യക്തമായത്.

ഇത് ആയിരങ്ങളുടെ ജീവന്‍ അപകടത്തിലാക്കുമെന്ന് വിദഗ്ദ്ധര്‍ പറയുന്നു. യു.കെയില്‍ മാത്രമായി ആയിരങ്ങളാണ് പേസ്മേക്കറുകള്‍ ഉപയോഗിക്കുന്നത്. സുരക്ഷിതമല്ലാത്ത ഇത്തരം ഉപകരണങ്ങള്‍ ഇവരുടെ ജീവന്‍ തന്നെ നഷ്ടപ്പെടുത്തിയേക്കും. ബബൂണ്‍ കുരങ്ങുകളില്‍ പരീക്ഷിച്ച് പരാജയപ്പെട്ട ഉപകരണങ്ങളാണ് മാര്‍ക്കറ്റിലെത്തുന്നവയില്‍ മിക്കവയും. ഇതു കൂടാതെ മൃതശരീരങ്ങളിലും പന്നികളിലും മാത്രമേ ഇവ പരീക്ഷിച്ചിട്ടുള്ളു. മനുഷ്യ ശരീരത്തില്‍ ഇവയുണ്ടാക്കുന്ന ഫലങ്ങളെക്കുറിച്ചോ പാര്‍ശ്വഫലങ്ങളെക്കുറിച്ചോ ഇതുവരെ ശാസ്ത്രീയ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്. അതേസമയം ഈ ഉപകരണങ്ങള്‍ മില്യണിലധികം ആളുകളുടെ ജീവിതം രക്ഷിച്ചിട്ടുണ്ടെന്ന് മെഡിക്കല്‍ വ്യവസായ മേഖല അവകാശപ്പെടുന്നുണ്ട്. മാര്‍ക്കറ്റില്‍ ലഭ്യമാകുന്ന തങ്ങളുടെ ഉപകരണങ്ങള്‍ തികച്ചും സുരക്ഷിതമാണെന്നാണ് കമ്പനികളുടെ വാദം. എന്നാല്‍ ഇതിന് ശാസ്ത്രീയമായ വിശദീകരണമില്ലെന്ന് മാത്രം.

ലോകത്താകമാനം ഇത്തരം നിരവധി ഉപകരണങ്ങള്‍ ദിനംപ്രതി രോഗികളുടെ ശരീരത്തില്‍ സ്ഥാപിക്കപ്പെടുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. എസ്സെക്സ് സ്വദേശിനിയായ മൗറീന്‍ മക്ലേവ് എന്ന 82കാരിയിലാണ് ആദ്യമായി ‘നാനോസ്റ്റിം’ പേസ്മേക്കര്‍ സ്ഥാപിക്കപ്പെടുന്നത്. സാധാരണ രീതിയിലുള്ള പേസ്മേക്കറുകള്‍ ബാറ്ററികളിലാണ് പ്രവര്‍ത്തിക്കുന്നത്. ഇവയുടെ കേബിളുകള്‍ വിച്ഛേദിക്കപ്പെടാന്‍ സാധ്യതയുണ്ട്. എന്നാല്‍ അഡ്വാന്‍സ്ഡ് ‘നാനോസ്റ്റിം’ പേസ്മേക്കറുകള്‍ ഈ പോരായ്മയെ മറികടക്കാന്‍ കഴിവുള്ളവയാണ്. ആദ്യമായി ‘നാനോസ്റ്റിം’ പേസ്മേക്കര്‍ ശരീരത്തിലെത്തിയപ്പോള്‍ താനൊരു ‘നല്ല ഗിനിപന്നിയായി’ മാറിയത് പോലെയാണ് തോന്നിയതെന്ന് മൗറീന്‍ മക്ലേവ് പറയുന്നു. മെഡിക്കല്‍ രംഗത്ത് വലിയ മുന്നേറ്റങ്ങള്‍ നടത്തുന്നതിന് ഇത്തരം ഉപകരണങ്ങള്‍ കാരണമായിട്ടുണ്ടെങ്കിലും ഇവയുടെ ശാസ്ത്രീയത വലിയ ചോദ്യചിഹ്നമായി അവശേഷിക്കുകയാണ്.
ലണ്ടന്‍: ഞായറാഴ്ച്ച രാവിലെ എം25 പാതയിലുണ്ടായ അപകട സ്ഥലത്തേക്ക് ആംബുലന്‍സുകള്‍ എത്തുന്നതിന് മറ്റു വാഹനങ്ങള്‍ തടസം സൃഷ്ടിച്ചതായി പരാതി. ലെയിനുകള്‍ അടച്ചു കൊണ്ട് സ്ഥാപിച്ച എക്‌സ് സിഗ്നല്‍ ബോര്‍ഡുകള്‍ മറ്റു വാഹനങ്ങള്‍ അവഗണിച്ചതാണ് ആംബുലന്‍സുകള്‍ക്ക് തടസമായത്. പോലീസ് നിര്‍ദേശങ്ങള്‍ മറ്റു വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ പാലിക്കാതിരുന്നതോടെ ഗതാഗതക്കുരുക്ക് മൈലുകളോളം നീണ്ടു. ഏതാണ്ട് ഏഴോളം എമര്‍ജന്‍സി വാഹനങ്ങളാണ് വഴിയില്‍ കുടുങ്ങിയത്. ഡ്രൈവര്‍മാരുടെ അശ്രദ്ധയെ വിമര്‍ശിച്ച് നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ രംഗത്ത് വന്നത്.

ഞായറാഴ്ച്ച രാവിലെ 9 മണിക്കാണ് എം25 പാതയില്‍ അപകടമുണ്ടാകുന്നത്. ഉടന്‍ തന്നെ പാതയിലൂടെയുള്ള ഗതാഗതം നിരോധിച്ചതായി വ്യക്തമാക്കി പോലീസ് ബോര്‍ഡ് സ്ഥാപിച്ചിരുന്നു. ഗതാഗതം നിരോധിച്ചതോടെ തിരക്കേറിയ പാതയില്‍ വലിയ ഗതാഗതക്കുരുക്കുണ്ടായി. അടിയന്തര സാഹചര്യത്തില്‍ അപകട സ്ഥലത്തേക്ക് പുറപ്പെട്ട പോലീസ് വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ളവ വഴിയില്‍ കുടുങ്ങുകയും ചെയ്തു. കിലോമീറ്ററുകളോളം വാഹനങ്ങള്‍ കുടുങ്ങിക്കിടന്നിരുന്നതായി ദൃസാക്ഷികള്‍ പറയുന്നു. തിരക്കേറിയ പാതയില്‍ പൂര്‍ണമായും വാഹനങ്ങള്‍ നിരന്നോടെയാണ് ആംബുലന്‍സുകള്‍ കുടുങ്ങിയത്.

സാധാരണഗതിയില്‍ ഇത്തരം അപകടങ്ങള്‍ സംഭവിക്കുന്ന സമയത്ത് ഡ്രൈവര്‍മാര്‍ അടിയന്തര വാഹനങ്ങള്‍ക്ക് കടന്നുപോകാവുന്ന രീതിയില്‍ ക്യൂ പാലിക്കാറാണ് പതിവ്. എന്നാല്‍ കഴിഞ്ഞ ദിവസം വഴി പൂര്‍ണമായും തടസപ്പെടുത്തിയാണ് വാഹനങ്ങള്‍ നിര്‍ത്തിയിട്ടിരുന്നത്. യാത്രക്കാരുടെ കാത്തിരിക്കാനുള്ള മനസില്ലായ്മ ആളുകളുടെ ജീവനാണ് അപകടത്തിലാക്കുന്നതെന്ന് സംഭവ സ്ഥലത്തുണ്ടായിരുന്ന ഒരാള്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. റോഡ് അടച്ചതായി നിര്‍ദേശം വന്നു കഴിഞ്ഞാല്‍ അവ കൃത്യമായി പാലിക്കാന്‍ യാത്രക്കാര്‍ ബാധ്യസ്ഥരാണെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.