യുകെയില്‍ നിന്ന് പുറപ്പെടുന്ന വിമാനങ്ങളില്‍ ഇനി മുതല്‍ പൊടിരൂപത്തിലുള്ള ഉല്‍പ്പന്നങ്ങള്‍ കൊണ്ടുപോകാനാകില്ല. ഗവണ്‍മെന്റിന്റെ പുതിയ പദ്ധതിയനുസരിച്ച് മേക്ക്അപ്പ്, ബേബി പൗഡര്‍, കോഫി, സ്‌പൈസസ്, പ്രോട്ടീന്‍ പൗഡര്‍ തുടങ്ങിയവ നിശ്ചിത അളവില്‍ കൂടുതല്‍ കൊണ്ടുപോകാനാകില്ല. പൗഡര്‍ രൂപത്തിലുള്ളവ 56 ഗ്രാം മാത്രമാണ് അനുവദനീയമായിട്ടുള്ളത്. ഇതിലൂടെ അമേരിക്ക, ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ് തുടങ്ങിയ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്കൊപ്പം യുകെയും എത്തും. കഴിഞ്ഞ മാസമാണ് ഈ രാജ്യങ്ങള്‍ പൊടികള്‍ വിമാനങ്ങളില്‍ നിരോധിച്ചത്.
സിഡ്‌നിയില്‍ നിന്ന് അബുദാബിയിലേക്ക് പോയ വിമാനം തകര്‍ക്കാനുള്ള പദ്ധതി കഴിഞ്ഞ വര്‍ഷം തകര്‍ത്തതിനു ശേഷമാണ് വ്യോമയാന രംഗത്ത് കൂടുതല്‍ കര്‍ശനമായ നിയമങ്ങള്‍ നടപ്പിലാക്കാന്‍ തീരുമാനിച്ചത്. ഐസിസ് ശൈലിയിലുള്ള ആക്രമണ ശ്രമമാണ് ഉണ്ടായത്. സ്‌ഫോടക വസ്തുക്കള്‍ വിമാനത്തിലേക്ക് ഒളിച്ചു കടത്താനുള്ള ശ്രമം സുരക്ഷാ പരിശോധയിലാണ് പരാജയപ്പെടുത്തിയത്. ബ്രിട്ടന്റെ പുതിയ നിയമമനുസരിച്ച് 56 ഗ്രാം പൊടികള്‍ കൈവശം വെക്കാമെങ്കിലും ഇവയും കര്‍ശനമായ പരിശോധനയുടെ അടിസ്ഥാനത്തില്‍ മാത്രമേ സാധ്യമാകൂ.
12 വര്‍ഷം മുമ്പ് വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണം നടന്നതിനു ശേഷമാണ് കര്‍ശനമായ നിയമങ്ങള്‍ നടപ്പിലാകുന്നത്. പുതിയ നിയന്ത്രണങ്ങള്‍ യാത്രക്കാരില്‍ ആശയക്കുഴപ്പങ്ങള്‍ സൃഷ്ടിക്കുമെന്നതിനാല്‍ വിമാനത്താവളങ്ങളില്‍ വലിയ ക്യൂ ഉണ്ടാകുമെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്. നിലവില്‍ ബ്രെക്‌സിറ്റ് ആശയക്കുഴപ്പങ്ങള്‍ വിമാനത്താവളങ്ങളില്‍ സമയ നഷ്ടമുണ്ടാക്കുന്നുണ്ട്. ഇതിനു പുറമേയാണ് പുതിയ നിയന്ത്രണങ്ങളേക്കുറിച്ച് യാത്രക്കാര്‍ ആശങ്കപ്പെടുന്നത്.
എച്ച്.ഐ.വി തടയാന്‍ പ്രാപ്തിയുള്ള വാക്‌സിനുകള്‍ ഉടന്‍ കണ്ടെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. നേരത്തെ കുരങ്ങില്‍ പരീക്ഷിച്ചിരുന്ന വാക്‌സിന്‍ വിജയകരമായിരുന്നു. രണ്ടാം ഘട്ടത്തില്‍ ഇവ മനുഷ്യരില്‍ കുത്തിവെച്ചതിനെ തുടര്‍ന്നുണ്ടായി പോസിറ്റീവ് ഫലമാണ് ശാസ്ത്രലോകത്തിന് പുതിയ പ്രതീക്ഷകള്‍ നല്‍കുന്നത്. സൗത്ത് ആഫ്രിക്ക, യു.എസ്, ഉഗാണ്ട, റൗവാണ്ട തുടങ്ങിയ സ്ഥലങ്ങളിലെ 393ലധികം വളണ്ടിയേര്‍സില്‍ നടത്തിയ പരീക്ഷണമാണ് വിജയം കണ്ടിരിക്കുന്നതെന്ന് വിദഗദ്ധര്‍ വ്യക്തമാക്കുന്നു. യു.എസ് ഹാര്‍വാര്‍ഡ് മെഡിക്കല്‍ സ്‌കൂളിലെ ശാസ്ത്രജ്ഞനായ ഡാന്‍ ബറൗച്ച് പുതിയ പരീക്ഷണ വിജയം ചികിത്സാരംഗത്തെ വഴിത്തിരിവെന്നാണ് വിലയിരുത്തിയത്. എച്ച്.ഐ.വി വാക്‌സിനുമായി ബന്ധപ്പെട്ട് നേരത്തെ കുരങ്ങുകളില്‍ പഠനം നടത്തിയിട്ടുള്ള വിദഗദ്ധരുടെ ടീം ലീഡറായിരുന്നു ഡാന്‍ ബറൗച്ച്.
പുതിയ പരീക്ഷണ വിജയം രോഗകളുടെ പ്രതിരോധശേഷി തിരികെ കൊണ്ടുവരാന്‍ സാധിക്കുമെന്നാണ് റിപ്പോര്‍ട്ട്. മനുഷ്യനില്‍ സാധാരണ നിലയില്‍ കാണുന്ന പ്രതിരോധശേഷിയുടെ പതിന്മടങ്ങ് ശക്തി വാക്‌സിന്‍ നല്‍കുമെന്നാണ് കരുതുന്നത്. എച്ച്.ഐ.വി വൈറസ് പ്രധാനമായും ബാധിക്കുന്ന മനുഷ്യന്റെ പ്രതിരോധ മികവിനെ തിരികെ കൊണ്ടുവരാന്‍ ഇത് സഹായിക്കുമെന്നാണ് ശാസ്ത്രലോകത്തിന്റെ പ്രതീക്ഷ. സമീപകാലത്തുണ്ടായിരിക്കുന്ന ഏറ്റവും വലിയ ഗവേഷണ വിജയങ്ങളിലൊന്നാണിത്. അതേസമയം പഠനത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുന്നതെയുള്ളു.
90,000ത്തിലധികം ബ്രിട്ടിഷ് പൗരന്മാര്‍ക്ക് എച്ച്.ഐ.വി ബാധയുണ്ട്. ഒരു വര്‍ഷത്തില്‍ 5,000 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തുകൊണ്ടിരിക്കുന്നത്. എയ്ഡ്‌സ് രോഗത്തിനും പിന്നീട് മരണത്തിനും കാരണമാകുന്ന ഈ വൈറസുകളെ നേരിടാന്‍ ഇതുവരെ ശാസ്ത്രത്തിന് കഴിഞ്ഞിട്ടില്ല. കുരങ്ങുകളിലാണ് ഇവ ആദ്യം കണ്ടെത്തിയത്. എന്നാല്‍ പിന്നീട് മനുഷ്യനിലേക്ക് പടരുകയായിരുന്നു. ലോകത്ത് ഏറ്റവും കൂടുതല്‍ എച്ച്.ഐ.വി ബാധിതരുള്ളത് സൗത്ത് ആഫ്രിക്കയിലാണ്. പ്രതിരോധശേഷിയെ തകര്‍ക്കുകയാണ് ഈ വൈറസിന്റെ പ്രവര്‍ത്തന രീതി. പിന്നീട് ഇതര രോഗങ്ങള്‍ പെട്ടന്ന് പിടിപെട്ട് വൈറസ് ബാധയേറ്റയാള്‍ മരണപ്പെടുകയും ചെയ്യും.
ലണ്ടന്‍: മില്യണലധികം വിലമതിക്കുന്ന സൂപ്പര്‍ കാറുകള്‍ അനധികൃതമായ ഹോട്ടലിന് മുന്നില്‍ പാര്‍ക്ക് ചെയ്തതിന് 80 പൗണ്ട് പിഴ ഈടാക്കി. ഈ കോടീശ്വരന്മാര്‍ക്ക് ഇത് ചെറിയ പിഴയാണെങ്കിലും നിരത്തില്‍ പണക്കൊഴുപ്പ് കാണിക്കുന്നവര്‍ക്കുള്ള ശിക്ഷയായിട്ടാണ് ആളുകള്‍ ഇതിനെ കാണുന്നത്. കാറുകള്‍ പാര്‍ക്ക് ചെയ്തിരുന്ന മെയ്‌ഫെയര്‍ ഹോട്ടലിന് മുന്നിലെ തെരുവില്‍ പാര്‍ക്കിംഗ് നിരോധിത മേഖലയായിരുന്നു. ഈ കാറുകള്‍ ആരുടെയാണെന്ന് വ്യക്തമല്ല. ഇത്തരം ആഢംബര വാഹനങ്ങള്‍ മെയ്‌ഫെയര്‍ ഹോട്ടലിന് സമീപ പ്രദേശങ്ങളിലെ സ്ഥിരം കാഴ്ച്ചയാണ്. റഷ്യയില്‍ നിന്നും അറബ് രാജ്യങ്ങളില്‍ നിന്നും അവധി ആഘോഷിക്കാന്‍ യുകെയിലെത്തുന്ന കോടിപതികളുടെ മക്കള്‍ സ്ഥിര സന്ദര്‍ശിക്കുന്ന സ്ഥലങ്ങളിലൊന്നാണിത്.
150,000 പൗണ്ട് വിലയുള്ള ഫെറാറി 458, 250,000 വിലയുള്ള ലംബോര്‍ഗിനി, അര മില്യണോളം വിലവരുന്ന മറ്റൊരു കാറും ഉള്‍പ്പെടെ അഞ്ച് വാഹനങ്ങളാണ് ഹോട്ടലിന് മുന്നിലെ തെരുവില്‍ പാര്‍ക്ക് ചെയ്തിരുന്നത്. ഈ കാറുകള്‍ ആരുടെയാണെന്ന് സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമായിട്ടില്ല. തെരുവില്‍ പാര്‍ക്ക് ചെയ്യുന്നത് നിയമവിരുദ്ധമാണെന്ന് മനസിലാക്കിയ ശേഷവും ഇവര്‍ പാര്‍ക്ക് ചെയ്തുവെന്നാണ് കരുതുന്നത്. ഇത്തരക്കാരായ പ്ലേ ബോയ് റൈഡേഴ്‌സ് വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതായി നേരത്തെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതേതുടര്‍ന്ന് പബ്ലിക് സ്‌പേസ് പ്രൊട്ടെക്ഷന്‍ ഓര്‍ഡര്‍ എന്നൊരു നിയമം കൗണ്‍സില്‍ കൊണ്ടുവരികയും ചെയ്തിരുന്നു.
ആളുകളെ ബുദ്ധിമുട്ടിക്കുന്ന തരത്തിലുള്ള ശബ്ദമുണ്ടാക്കുക, ജീവനോ സ്വത്തിനോ അപകടം വരാന്‍ സാധ്യതയുള്ള പെരുമാറ്റം തുടങ്ങിയവയ്ക്ക് തക്ക ശിക്ഷ നല്‍കുന്ന ഭേദഗതിയാണ് പബ്ലിക് സ്‌പേസ് പ്രൊട്ടെക്ഷന്‍ ഓര്‍ഡര്‍. പാര്‍ക്ക് ചെയ്തിരിക്കുന്ന സമയത്ത് വാഹനത്തില്‍ നിന്ന് അമിത ശബ്ദമുണ്ടാക്കി ആളുകള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന പ്ലേ ബോയ് റൈഡേഴ്‌സിന് 1,000 പൗണ്ട് വരെ പിഴ ലഭിക്കാനുള്ള സാധ്യതയുണ്ട്. നിരവധി ആഢംബര കാര്‍ ഉപഭോക്താക്കളാണ് നിയമലംഗനം ശീലമാക്കിയിരിക്കുന്നത്. റെഡ്-യെല്ലോ ലൈനുകളില്‍ പാര്‍ക്ക് ചെയ്യുക, അനാവശ്യ ശബ്ദങ്ങളുണ്ടാക്കുക തുടങ്ങിയത് ഇത്തരം ഫാന്‍സി കാറുടമകളുടെ ശീലങ്ങളിലൊന്നാണ്. ഈ കാറുടമകളെക്കുറിച്ച് വിവരങ്ങള്‍ അറിയുന്നവര്‍ തങ്ങളെ അറിയിക്കണമെന്ന് ഓണ്‍ലൈന്‍ പോര്‍ട്ടലായ ഡെയിലി മെയില്‍ അറിയിച്ചിട്ടുണ്ട്.
ലണ്ടന്‍: ബ്രക്‌സിറ്റിന് ശേഷം യുകെ യൂറോപ്യന്‍ യൂണിയനിലെ രാജ്യങ്ങളുമായി തുടരേണ്ട നയതന്ത്ര-വാണിജ്യ ബന്ധങ്ങള്‍ സംബന്ധിച്ച് കാബിനറ്റ് യോഗത്തില്‍ തീരുമാനങ്ങളായി. വാണിജ്യ-നയതന്ത്ര ബന്ധങ്ങളെ കൂടാതെ ഭാവിയിലെ യുകെയിലേക്ക് തൊഴിലെടുക്കാനും പഠനത്തിനുമായി എത്തുന്ന യൂറോപ്യന്‍ യൂണിയന്‍ പൗരന്മാരെ നിയന്ത്രിക്കേണ്ടതില്ലെന്നും കാബിനറ്റ് യോഗം തീരുമാനമെടുത്തിട്ടുണ്ട്. സമീപകാലത്ത് പല മേഖലകളില്‍ നിന്നും ഉയര്‍ന്ന ആശങ്കകള്‍ക്ക് മറുപടി നല്‍കുന്നതാണ് പുതിയ യോഗ തീരുമാനങ്ങള്‍. കാബിനറ്റ് അംഗങ്ങള്‍ പ്രധാനമന്ത്രി തെരേസ മെയ്‌ന്റെ ഔദ്യോഗിക വസതിയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനങ്ങള്‍ ഉണ്ടായിരിക്കുന്നത്. ഏതാണ്ട് 12 മണിക്കൂറോളം നീണ്ട യോഗം യൂറോപ്യന്‍ യൂണിയനുമായ സുതാര്യവും ശക്തവുമായ ബന്ധം നിലനിര്‍ത്തണമെന്നാണ് തീരുമാനിച്ചിരിക്കുന്നത്.
യൂറോപ്യന്‍ യൂണിയനുമായി കൂടിച്ചേര്‍ന്ന കസ്റ്റംസ് ടെറിറ്ററി ആവശ്യമാണെന്ന് യോഗത്തില്‍ തീരുമാനം ഉണ്ടായിട്ടുണ്ട്. ബ്രക്‌സറ്റിന് അനുകൂലിക്കുന്ന ടോറികള്‍ പുതിയ തീരുമാനങ്ങളെ വിമര്‍ശിച്ച് രംഗത്ത് വരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. യു.കെ-ഇ.യു ബന്ധം പഴയതുപോലെ നിലനിര്‍ത്തേണ്ടതില്ലെന്ന് വാദിക്കുന്നവരും യോഗ തീരുമാനങ്ങളെ എതിര്‍ത്ത് രംഗത്ത് വരാന്‍ സാധ്യതയുണ്ടെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇ.യു വുമായുള്ള നയതന്ത്ര ചര്‍ച്ചകള്‍ക്ക് പുതിയ യോഗതീരുമാനങ്ങള്‍ കാരണമാകും എന്നാല്‍ ഏതൊക്കെ മേഖലകളിലാണ് ബന്ധങ്ങള്‍ ഉണ്ടാവുകയെന്നത് സംബന്ധിച്ച വിവരങ്ങള്‍ കൃത്യത കൈവന്നിട്ടില്ല. ഇ.യുവുമായി വളരെ അടുത്ത ബന്ധം നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണെന്ന് പ്രധാനമന്ത്രി യോഗത്തില്‍ വാദിച്ചു. യോഗത്തില്‍ പങ്കെടുത്ത മിക്കവര്‍ക്കും സമാന അഭിപ്രായം തന്നെയാണെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം ഇക്കാര്യങ്ങള്‍ തെരേസ മെയ് സ്വന്തം പാര്‍ട്ടിയെയും യൂറോപ്യന്‍ യൂണിയന്‍ നേതാക്കളെയും ബോധ്യപ്പെടുത്തേണ്ടി വരും. നോര്‍ത്തേണ്‍ അയര്‍ലണ്ടിനും റിപ്ലബിക് ഓഫ് അയര്‍ലണ്ടിനും ഇടയിലുള്ള അതിര്‍ത്തി പ്രദേശം സംബന്ധിച്ച ആശങ്കകള്‍ പരിഹരിക്കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നിട്ടുണ്ട്. വളരെ ഗൗരവത്തോടെ ഇക്കാര്യത്തെ നോക്കികാണണമെന്ന് ഭൂരിപക്ഷം ആവശ്യപ്പെട്ടു. ഇ.യുവുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്ന തരത്തിലുള്ള കരാര്‍ രൂപരേഖ ഒക്ടോബര്‍ ആദ്യത്തോടെ നിര്‍മ്മിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. എന്നാല്‍ കരാര്‍ നിലവില്‍ വന്നില്ലെങ്കിലും 2019 മാര്‍ച്ചോടു കൂടി യൂറോപ്യന്‍ യൂണിയന്‍ വിടാനുള്ള തീരുമാനവുമായി മുന്നോട്ട് പോകുമെന്നും യോഗത്തില്‍ തീരുമാനമായിട്ടുണ്ട്.
ബാങ്കോക്ക്: തായ്‌ലന്‍ഡിലെ താം ലുവാങ് ഗുഹയില്‍ കുടുങ്ങിയ കുട്ടികളുടെ പേരില്‍ വീണ്ടും ആശങ്ക. ഗുഹയില്‍ ജീവവായു കുറഞ്ഞതാണു വെല്ലുവിളിയായത്. ഒപ്പം, കോച്ച് ഏക്‌പോല്‍ ചന്‍തവോങ്ങിന്റെയും ചില കുട്ടികളുടെയും ആരോഗ്യം മോശമായതായും റിപ്പോര്‍ട്ടുണ്ട്.
നായകളുടെ കുരകേട്ടെന്ന കുട്ടികള്‍ രക്ഷാപ്രവര്‍ത്തകരോട് പറഞ്ഞതാണ് ഇടയ്‌ക്കു പ്രതീക്ഷ നല്‍കിയത്. ഇതേ തുടര്‍ന്നു പുതിയ രക്ഷാപാത കണ്ടെത്താനുള്ള ശ്രമം ശക്‌തമാക്കിയിരുന്നു. ഗുഹയ്‌ക്കു സമീപം തമ്പടിച്ച മാതാപിതാക്കളില്‍ ചിലര്‍ ആഹ്‌ളാദം പ്രകടിപ്പിക്കുകയും ചെയ്‌തിരുന്നു.എന്നാല്‍, ഇന്നലെ വൈകിട്ടോടെ ആശ്വാസം ആശങ്കയ്‌ക്കു വഴിമാറുകയായിരുന്നു.
ഗുഹയ്‌ക്കുള്ളിലെത്തിച്ച ഫോണ്‍ വെള്ളത്തില്‍ നഷ്‌ടമായതാണ് ആദ്യ തിരിച്ചടിയായത്. പിന്നാലെ ഓക്‌സിജന്‍ ക്ഷാമം സംബന്ധിച്ച റിപ്പോര്‍ട്ട് വന്നു. തുടര്‍ന്നു ഗുഹയിലേക്ക് ഓക്‌സിജന്‍ പമ്പ് ചെയ്‌തു തുടങ്ങി. മഴ കനത്തതോടെ കുട്ടികളെ പട്ടായ ബീച്ച് എന്നറിയപ്പെടുന്ന മേഖലയില്‍നിന്നു 600 അടി അകലെ കൂടുതല്‍ സുരക്ഷിതമായ മേഖലയിലേക്കു മാറ്റിയതായി അധികൃതര്‍ അറിയിച്ചു. ഏറെ െവെകാതെ കടുത്ത മഴയുണ്ടാകുമെന്ന പ്രവചനവുമുണ്ട്. വീണ്ടും മഴ ശക്‌തമാകും മുമ്പ് ഗുഹയില്‍നിന്ന് കുട്ടികളെ രക്ഷിക്കാനാണു ശ്രമം. ഇതിനായി ഗുഹയില്‍നിന്ന് പരമാവധി വെള്ളം പമ്പ് ചെയ്‌തു കളയുന്നുണ്ട്. കുട്ടികളുടെ ജീവന്‍ രക്ഷപ്പെടുത്താന്‍ സമയത്തോടുള്ള പോരാട്ടത്തിലാണു തങ്ങളെന്നു രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു.
അതേ സമയം, ഗുഹയില്‍ കുടുങ്ങിയവരുമായുള്ള ആശയ വിനിമയം മെച്ചപ്പെടുത്താന്‍ ഇന്റര്‍നെറ്റ് സൗകര്യമെത്തിച്ചു. കഴിഞ്ഞദിവസം ഇതിനായി ഒപ്‌റ്റിക്കല്‍ െഫെബര്‍ കേബിള്‍ സ്‌ഥാപിച്ചെങ്കിലും ഉപകരണം കേടായതിനാല്‍ ശ്രമം പാഴായിരുന്നു.
കുട്ടികളുടെ വീഡിയോ ദൃശ്യങ്ങള്‍ തായ് നാവികസേനയുടെ ഫെയ്‌സ്‌ബുക്കില്‍ നിരന്തരം പോസ്‌റ്റ് ചെയ്യുന്നുണ്ട്. കഴിഞ്ഞ ദിവസം വെള്ളം പമ്പ് ചെയ്‌തുമാറ്റിയതില്‍ വീഴ്‌ച സംഭവിച്ചതായി കണ്ടെത്തിയിട്ടുണ്ട്. പുറത്തേക്ക് പമ്പ് ചെയ്‌ത വെള്ളം രക്ഷാപ്രവര്‍ത്തകര്‍ അബദ്ധത്തില്‍ ഗുഹയുടെ മറ്റൊരു മേഖലയിലേക്കു തിരിച്ചുവിട്ടെന്നാണു കണ്ടെത്തല്‍. ഇതേത്തുടര്‍ന്നു ഗുഹയിലെ ജലനിരപ്പ് താഴ്‌ത്താന്‍ പ്രയാസമാണെന്ന വിലയിരുത്തലില്‍ രക്ഷാപ്രവര്‍ത്തകരെത്തിയിരുന്നു. അബദ്ധം തിരിച്ചറിഞ്ഞതോടെ വെള്ളം പമ്പ് ചെയ്‌തു നീക്കി കുട്ടികളെ പുറത്തെത്തിക്കുന്ന സാധ്യത വീണ്ടും പരിശോധിക്കുന്നുണ്ട്.
ആവശ്യത്തിനു ഭക്ഷണവും മരുന്നും കുടിവെള്ളവും കുട്ടികള്‍ക്ക് എത്തിച്ചിട്ടുണ്ട്. വലിയ മോട്ടോറുകള്‍ ഉപയോഗിച്ച് തുടര്‍ച്ചയായി വെള്ളം പമ്പ് ചെയ്യുന്നതിനാല്‍ ഗുഹയിലെ ജലനിരപ്പ് കുറഞ്ഞു തുടങ്ങിയിട്ടുണ്ട്. ഗുഹാമുഖത്തുനിന്ന് നാലു കിലോമീറ്റര്‍ ഉള്ളിലായാണു കുട്ടികള്‍ ഇപ്പോഴുള്ളത്. ഇവിടേക്കുള്ള വഴിയില്‍ പലയിടത്തും വലിയ കുഴികളും വെള്ളക്കെട്ടും ചെളിക്കുഴികളുമുണ്ട്. ഇതുവഴി മുങ്ങല്‍ വിദഗ്‌ധര്‍ക്കുപോലും കടന്നുപോവുക പ്രയാസകരമാണ്. ഗുഹയിലെ വെള്ളം കുറയ്‌ക്കുന്നത് ശ്രമകരമാണെന്നും കുട്ടികളെ പുറത്തെത്തിക്കാന്‍ സാധ്യമായ എല്ലാ മാര്‍ഗവും തേടുമെന്നും ചിയാങ് റായ് പ്രവിശ്യാ ഗവര്‍ണര്‍ നരോങ്‌സാക് ഒസ്‌താനകോണ്‍ പറഞ്ഞു. ഗുഹയ്‌ക്കു മുകളിലെ മല തുരന്ന് തുരങ്കമുണ്ടാക്കി അതുവഴി കുട്ടികളെ പുറത്തെത്തിക്കാന്‍ കഴിയുമോയെന്നും പരിശോധിക്കുന്നുണ്ട്.
നായകളുടെ കുരകേട്ടെന്ന കുട്ടികളുടെ വാദം ഈ സാധ്യത സജീവമാക്കി. എന്നാല്‍, മഴക്കാലമായതിനാല്‍ മലയിടിയാനുള്ള സാധ്യത ഈ ശ്രമങ്ങള്‍ക്കും ഭീഷണി ഉയര്‍ത്തുന്നുണ്ട്. ഏകദേശം പത്തു കിലോമീറ്റര്‍ നീളമുണ്ട് താം ലവാങ് ഗുഹയ്‌ക്ക്. ഇവയില്‍ ഏറെ ഭാഗവും ഇന്നേവരെ മനുഷ്യരാരും കടന്നു ചെല്ലാത്തതാണ്. അതിനാല്‍ത്തന്നെ ഗുഹാന്തര്‍ഭാഗത്തെ ഘടന എന്താണെന്നറിയാത്തതു രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്.
കുട്ടികളെ നീന്തല്‍ പഠിപ്പിച്ചു പുറത്തുകൊണ്ടുവരാന്‍ ശ്രമം നടന്നെങ്കിലും ഇതിന് അമേരിക്കയില്‍നിന്നുള്ള വിദഗ്‌ധര്‍ എതിരാണ്.
മാതാപിതാക്കളുടെ അമിത മൊബൈല്‍ ഫോണ്‍ ഉപയോഗം കുട്ടികള്‍ക്ക് സ്വഭാവ വൈകല്യമുണ്ടാക്കുമെന്ന് പഠനം. ആദ്യമായാണ് മൊബൈല്‍ ഉപയോഗവും സ്വഭാവ വൈകല്യവും സംബന്ധിച്ചുള്ള ഒരു പഠനം നടക്കുന്നത്. 200 കുടുംബങ്ങളില്‍ നടത്തിയ പഠനത്തില്‍ മൊബൈല്‍ ഫോണ്‍ അടിമകളായ മാതാപിതാക്കള്‍ക്കുണ്ടാകുന്ന കുട്ടികള്‍ക്ക് സ്വഭാവ വൈകല്യമുണ്ടാകാനുള്ള സാധ്യതകള്‍ ഏറെയാണെന്ന് വിലയിരുത്തുന്നു.
40 ശതമാനം അമ്മമാരും 32 ശതമാനം അച്ഛന്‍മാരും തങ്ങള്‍ മൊബൈല്‍ അടിമകളാണെന്ന കാര്യം വെളിപ്പെടുത്തി. എപ്പോഴും മെസേജുകള്‍ ചെക്ക് ചെയ്യണമെന്ന് തോന്നുക, കോളുകളും മെസെജുകളും വരുന്നതിനെക്കുറിച്ച് മാത്രം വിചാരിച്ചുകൊണ്ടിരിക്കുക തുടങ്ങിയ ലക്ഷണങ്ങളാണ് സാധാരണയായി കാണപ്പെടുന്നത്. കുട്ടികളുമായി ഇടപഴകുന്നതിനുള്ള സമയം മൊബൈല്‍ ഫോണുകള്‍ അപഹരിക്കുന്ന കാഴ്ചയാണ് ഈ കുടുംബങ്ങളില്‍ കാണാന്‍ കഴിയുന്നത്.
ടെക്‌നോഫെറന്‍സ് എന്ന പേരിലാണ് ഈ പ്രശ്‌നത്തെ ശാസ്ത്രലോകം വിളിക്കുന്നത്. കുട്ടികളുമൊത്ത് കളിക്കുമ്പോളും ഭക്ഷണം കഴിക്കുമ്പോളുമുണ്ടാകുന്ന മുഖാമുഖ സംസാരം പോലും മൊബൈലുകള്‍ മൂലം ഇല്ലാതാകുന്നു. ദിവസവും കുറഞ്ഞത് മൂന്ന് തവണയെങ്കിലും ടെക്‌നോഫെറന്‍സ് പഠനത്തിന് വിധേയമാക്കിയ കുടുംബങ്ങളില്‍ സംഭവിച്ചിട്ടുണ്ടെന്നാണ് വ്യക്തമായത്. മാതാപിതാക്കളുമായുള്ള ബന്ധം കുറയുന്ന കുട്ടികളുടെ സ്വഭാവത്തില്‍ വൈകല്യങ്ങളുള്ളതായും ഗവേഷകര്‍ കണ്ടെത്തി.
ഇംഗ്ലണ്ടിന്റെ ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനല്‍ മാച്ച് യുകെ സൂപ്പര്‍മാര്‍ക്കറ്റുകള്‍ക്ക് വന്‍ നേട്ടമുണ്ടാക്കുമെന്ന് വിലയിരുത്തല്‍. വെള്ളി, ശനി ദിവസങ്ങളിലെ ഗ്രോസറി സെയിലില്‍ സാധാരണയുള്ളതിനേക്കാള്‍ 5 ശതമാനം വര്‍ദ്ധനവുണ്ടാകുമെന്നാണ് കരുതുന്നത്. 860 മില്യന്‍ പൗണ്ടിന്റെ വില്‍പനയാണ് പ്രതീക്ഷിക്കുന്നതെന്ന് കാന്റര്‍ വേള്‍ഡ്പാനല്‍ പറയുന്നു. രണ്ടു ദിവസങ്ങളിലായി 1.4 മില്യന്‍ ആളുകള്‍ ഷോപ്പുകളില്‍ എത്തിയേക്കുമെന്നാണ് വിലയിരുത്തല്‍. സമ്മറും ഫുട്‌ബോള്‍ ജ്വരവും വിപണിയില്‍ വലിയ മുന്നേറ്റമുണ്ടാക്കുമെന്നതിനാല്‍ സൂപ്പര്‍മാര്‍ക്കറ്റുകള്‍ അതിനായുള്ള ഒരുക്കത്തിലാണ്.
ആല്‍ക്കഹോളിനായിരിക്കും ആവശ്യക്കാര്‍ ഏറെയെത്തുക. 25 ശതമാനത്തോളം ആല്‍ക്കഹോള്‍ വില്‍പന ഉയര്‍ന്നേക്കും. രണ്ടു ദിവസത്തിനുള്ളില്‍ മദ്യവില്‍പനയിലൂടെ മാത്രം സൂപ്പര്‍മാര്‍ക്കറ്റുകള്‍ക്ക് 26 മില്യന്‍ പൗണ്ടിന്റെ അധിക വരുമാനം ഉണ്ടാകും. 30 ശതമാനം എക്‌സ്ട്രാ ഷോപ്പിംഗ് മദ്യത്തിനു വേണ്ടി മാത്രമുണ്ടാകുമെന്ന് വിലയിരുത്തപ്പെടുന്നു. അതുകൊണ്ടുതന്നെ കിക്കോഫിന് തൊട്ടു മുമ്പായി ഒഴിയുന്ന ഷെല്‍ഫുകള്‍ നിറക്കേണ്ടത് സൂപ്പര്‍മാര്‍ക്കറ്റുകള്‍ക്ക് അത്യാവശ്യമായി വരും. സ്റ്റോക്കുകളും ജീവനക്കാര്‍ കുറയാതിരിക്കുന്നതിനും പ്രത്യേക ശ്രദ്ധ നല്‍കേണ്ടതായും വന്നേക്കും.
വര്‍ഷങ്ങള്‍ക്കിടെ ബാര്‍ബിക്യൂ മീറ്റ് ഏറ്റവും കൂടുതല്‍ വിറ്റഴിഞ്ഞത് ഈ വര്‍ഷമാണെന്ന് ടെസ്‌കോ പറയുന്നു. എന്നാല്‍ ബിയര്‍ വില്‍പന കഴിഞ്ഞ വര്‍ഷമായിരുന്നു കൂടുതല്‍. 50 മില്യന്‍ ബോട്ടിലുകളും ക്യാനുകളും ഈയാഴ്ച വിറ്റഴിക്കാന്‍ കഴിഞ്ഞേക്കുമെന്നാണ് യുകെയിലെ ഏറ്റവും വലിയ റീട്ടെയില്‍ ശൃംഖല പ്രതീക്ഷിക്കുന്നത്.
ഫ്രോസണ്‍ പച്ചക്കറികളില്‍ മാരകമായ ബാക്ടീരിയ ബാധയെന്ന് മുന്നറിയിപ്പ്. ലിസ്റ്റീരിയ മോണോസൈറ്റോജനുകള്‍ എന്നറിയപ്പെടുന്ന ബാക്ടീരിയകള്‍ ബാധിച്ച പച്ചക്കറി യുകെയില്‍ എത്തിയിട്ടുണ്ടെന്ന് ഫുഡ് സ്റ്റാന്‍ഡാര്‍ഡ് അതോറിറ്റി മുന്നറിയിപ്പ് നല്‍കി. 9 മരണങ്ങള്‍ക്ക് കാരണമായ ലിസ്റ്റീരിയോസിസ് എന്ന അപൂര്‍വ രോഗത്തിന് ഈ ബാക്ടീരിയകള്‍ കാരണമാകും. ശരീരത്തിന്റെ പ്രതിരോധ ശേഷി കുറഞ്ഞവരിലും പ്രായമായവരിലും ഗര്‍ഭിണികളിലും കുട്ടികളിലും ഈ രോഗം മാരകമായേക്കാമെന്നാണ് മുന്നറിയിപ്പ്. ഫ്രോസണ്‍ സ്വീറ്റ്‌കോണിലാണ് ഈ ബാക്ടീരിയ കാണാന്‍ സാധ്യതയേറെയുള്ളത്.
യുകെയുള്‍പ്പെടെ അഞ്ച് യൂറോപ്യന്‍ രാജ്യങ്ങളിലാണ് ഈ ബാക്ടീരിയ ബാധ പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത്. അണുബാധയുള്ള പച്ചക്കറികള്‍ തിരിച്ചറിയുന്നതിനായി ജീനോം സീക്വന്‍സിംഗ് നടത്തിക്കൊണ്ടിരിക്കുകയാണെന്ന് യൂറോപ്യന്‍ ഫുഡ് സ്റ്റാന്‍ഡാര്‍ഡ്‌സ് അതോറിറ്റി പ്രസ്താവനയില്‍ അറിയിച്ചു. ഫ്രോസണ്‍ കോണില്‍ മാത്രമാണ് ആദ്യ ഘട്ടത്തില്‍ ഇതിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞത്. ജൂണ്‍ 8 വരെ 47 ലിസ്റ്റീരിയോസിസ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇവയില്‍ 9 പേര്‍ മരിച്ചു.
ഹംഗേറിയന്‍ കമ്പനി വിപണിയിലെത്തിച്ച ഫ്രോസണ്‍ പച്ചക്കറികളിലാണ് ബാക്ടീരിയയുടെ സാന്നിധ്യമുണ്ടെന്ന് സ്ഥിരീകരിച്ചത്. 2016ലും 2017ലും ഇതേ കമ്പനിയുടെ ഉല്‍പ്പന്നങ്ങളില്‍ നിന്ന് ലിസ്റ്റീരിയ മോണോസൈറ്റോജനുകളെ കണ്ടെത്തിയിരുന്നു. പ്രോസസിംഗ് പ്ലാന്റില്‍ ഇവ നിലനില്‍ക്കുന്നുണ്ടെന്നതാണ് ഇക്കാര്യം സ്ഥിരീകരിക്കുന്നതെന്ന് വിദഗ്ദ്ധര്‍ പറയുന്നു. കമ്പനിയുടെ ഉല്‍പന്നങ്ങളുടെ വില്‍പനം ഹംഗേറിയന്‍ ഫുഡ് ചെയിന്‍ സേഫ്റ്റി ഓഫീസ് നിരോധിച്ചിരിക്കുകയാണ്.
സമ്മര്‍ കനത്തതോടെ ബ്രിട്ടനില്‍ കുടിവെള്ള ക്ഷാമം രൂക്ഷമാകുന്നു. ഹീറ്റ് വേവ് എത്തിയതിനു പിന്നാലെ വീടുകളിലും സ്‌കൂളുകളിലും കുടിവെള്ളക്ഷാമം നേരിടുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇതേത്തുടര്‍ന്ന് ലക്ഷക്കണക്കിന് ഗ്യാലന്‍ വെള്ളം ഇവിടങ്ങളിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. ഇത് മറ്റു പ്രദേശങ്ങളില്‍ ക്ഷാമത്തിനു കാരണമാകുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. കഴിഞ്ഞ ദിവസം രാജ്യത്തെ ആറ് പ്രദേശങ്ങളില്‍ പ്രതിസന്ധി രൂക്ഷമായിരുന്നുവെന്നാണ് വിവരം. റിസര്‍വോയറുകളിലെ ജലക്ഷാമം മൂലം നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ ഹോസ്‌പൈപ്പ് നിരോധനവും നടപ്പിലാക്കിയിട്ടുണ്ട്.
സാങ്കേതിക പ്രശ്‌നങ്ങളും പ്രതിസന്ധി രൂക്ഷമാക്കി. ഹാംപ്ഷയറിലെ ഹാല്‍സ്‌മെയറില്‍ ജലവിതരണം വൈദ്യുതി തടസത്തെത്തുടര്‍ന്ന് മണിക്കൂറുകളോളം നിലച്ചു. ബ്ലാക്ക്ഡൗണ്‍ റിസര്‍വോയറിലാണ് പ്രതിസന്ധിയുണ്ടായത. പ്രശ്‌നപരിഹാരത്തിനായി എന്‍ജിനീയര്‍മാര്‍ ശ്രമിക്കുന്നതിനിടെ പ്രദേശത്തെ പ്രായമായവര്‍ക്ക് എമര്‍ജന്‍സി വാട്ടര്‍ ബോട്ടിലുകള്‍ വിതരണം ചെയ്തു. പിന്നീട് പുലര്‍ച്ചെ 2 മണിയോടെയാണ് ജലവിതരണം പുനസ്ഥാപിച്ചത്. എന്നാല്‍ ജനങ്ങള്‍ക്ക് ലഭിച്ചത് ചെളിവെള്ളമാണെന്ന് പരാതിയുണ്ട്. ഇതേക്കുറിച്ച് ശരിയായ മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നില്ലെന്നും പരാതികള്‍ ഉയരുന്നു. വിവരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഉണ്ടെങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവമല്ലാത്ത പ്രായമായവരാണ് പരാതിയുമായി രംഗത്തെത്തിയത്.
വാട്ടര്‍ ബില്‍ ഇനത്തില്‍ കനത്ത തുകയാണ് തങ്ങള്‍ നല്‍കുന്നതെന്നും അതുകൊണ്ടു തന്നെ പ്രായമായവര്‍ക്ക് ഇത്തരം പ്രതിസന്ധികളെക്കുറിച്ച് ശരിയായ മുന്നറിയിപ്പുകള്‍ നല്‍കാനുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് ആന്‍ ഹാക്ക് എന്ന സ്ത്രീ പറഞ്ഞു. ഇത്തരം അടിയന്തര സാഹചര്യങ്ങള്‍ അറിയിക്കാന്‍ വേണ്ട സംവിധാനങ്ങളില്ലെന്ന് മറ്റൊരു പെന്‍ഷനറും അറിയിച്ചു. ജലക്ഷാമം മൂലം ചില സ്‌കൂളുകള്‍ക്ക് അവധി നല്‍കിയിരുന്നു.
റഷ്യന്‍ ഡബിള്‍ ഏജന്റായിരുന്ന സെര്‍ജി സ്‌ക്രിപാലിനും മകള്‍ യൂലിയയ്ക്കും നേരെയുണ്ടായതിനു സമാനമായ നെര്‍വ് ഏജന്റ് ആക്രമണം ബ്രിട്ടനില്‍ വീണ്ടും. വില്‍റ്റ്ഷയറില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഒരു സ്ത്രീയും പുരുഷനുമാണ് നോവിചോക്ക് ആക്രമണത്തിന് ഇരയായതായി സ്ഥിരീകരിച്ചത്. ചാര്‍ലി റൗളി, ഡോണ്‍ സ്റ്റര്‍ഗസ് എന്നിവരാണ് ആക്രമണത്തിന് ഇരയായത്. ശനിയാഴ്ച വീട്ടിനുള്ളില്‍ ഇവരെ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. എന്നാല്‍ ഇങ്ങനെയൊരു ആക്രമണം ഇവര്‍ക്കു നേരെയുണ്ടാകാനുള്ള കാരണങ്ങള്‍ അവ്യക്തമാണെന്ന് മെറ്റ് പോലീസ് അറിയിച്ചു.
സ്‌ക്രിപാലിനു നേരെയുണ്ടായ ആക്രമണത്തിന് ഉപയോഗിച്ച അതേ ബാച്ചിലുള്ള നെര്‍വ് ഏജന്റ് തന്നെയാണ് ഇവരിലും പ്രയോഗിച്ചയതെന്ന് സ്ഥിരീകരിക്കണമെന്നു മെട്രോപോളിറ്റന്‍ പോലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ നീല്‍ ബസു പറഞ്ഞു. ഈ സാധ്യതയിലേക്കാണ് അന്വേഷണം നടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. വീട്ടില്‍ നിന്ന് നോവിചോക്ക് അംശമുള്ള വസ്തുക്കളൊന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇവര്‍ സഞ്ചരിച്ച വഴികളിലൂടെ അന്വേഷണം നടത്താനാണ് പോലീസ് പദ്ധതിയിടുന്നത്. എങ്ങനെയാണ് ഇവരില്‍ രാസായുധ പ്രയോഗമുണ്ടായതെന്ന് കണ്ടെത്താനാണ് നീക്കം.
വില്‍റ്റ്ഷയര്‍ പോലീസിനൊപ്പം കൗണ്ടര്‍ ടെററിസം പോലീസിംഗ് നെറ്റ് വര്‍ക്കും അന്വേഷണത്തില്‍ പങ്കാളികളാകുന്നുണ്ട്. പൊതുജനം പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും ഈ വിധത്തിലുള്ള ആക്രമണം മറ്റുള്ളവരില്‍ ഉണ്ടാകാനുള്ള സാധ്യതകള്‍ കുറവാണെന്നും ഇംഗ്ലണ്ട് ചീഫ് മെഡിക്കല്‍ ഓഫീസര്‍ സാലി ഡേവിസ് പറഞ്ഞു.