26 കാരനായ മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവിനെ കരിസ്മാറ്റിക് ക്രിസ്ത്യന്‍ കുടുംബം ‘ബാധയൊഴിപ്പിക്കല്‍’ എന്ന പേരില്‍ കൊലപ്പെടുത്തി. കെന്നഡി ഐഫ് എന്ന യുവാവാണ് സ്വന്തം വീട്ടില്‍ വെച്ചു നടത്തിയ ബാധയൊഴിപ്പിക്കലിനിടെ കൊല്ലപ്പെട്ടത്. കെന്നഡിയെ ദുഷ്ടാത്മാക്കള്‍ കീഴടക്കിയിരിക്കുകയാണെന്ന് വിശ്വസിച്ച മാതാപിതാക്കളും അഞ്ചു സഹോദരന്‍മാരും ചേര്‍ന്ന് പ്രാര്‍ത്ഥനയും പീഡനവുമായി ബാധയൊഴിപ്പിക്കല്‍ നടത്തുകയായിരുന്നു. 2016 ഓഗസ്റ്റിലായിരുന്നു കെന്നഡി കൊല്ലപ്പെട്ടത്. നോര്‍ത്ത് ലണ്ടനിലെ എന്‍ഫീല്‍ഡിലുള്ള വീട്ടില്‍വെച്ചായിരുന്നു ബാധയൊഴിപ്പിക്കല്‍ നടത്തിയത്. കേബിള്‍ ടൈകളും കയറും കൈവിലങ്ങളുകളും ഉപയോഗിച്ചായിരുന്നു പീഡനം. സംഭവത്തില്‍ കെന്നഡിയുടെ മാതാപിതാക്കളായ കെന്നത്ത്, ജോസഫൈന്‍, സഹോദരന്‍മാരായ റോയ്, ഹാരി, കോളിന്‍, സാമുവല്‍, ഡാനിയല്‍ എന്നിവര്‍ക്കെതിരെ ഓള്‍ഡ് ബെയിലി കോടതി ഇന്നലെ കൊലക്കുറ്റം ചുമത്തി.

ഈ കുടുംബം അതി തീവ്രമായ മതവിശ്വാസികളായിരുന്നുവെന്ന് പ്രോസിക്യൂട്ടര്‍ ടോം ലിറ്റില്‍ ക്യുസി കോടതിയില്‍ പറഞ്ഞു. കരിസ്മാറ്റിക് ക്രിസ്ത്യാനികള്‍ എന്നാണ് പ്രതികളിലൊരാള്‍ അറിയിച്ചത്. കെന്നഡിക്ക് ചില രോഗലക്ഷണങ്ങള്‍ കണ്ടപ്പോള്‍ അത് ദുഷ്ടാത്മാക്കളുടെ പ്രവൃത്തി മൂലമാണെന്ന് ഇവര്‍ വിശ്വസിക്കുകയും ബാധയെ ഒഴിപ്പിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിക്കുകയും ചെയ്തു. ഇതിലൂടെ ഈ കുടുംബം നിയമം കയ്യിലെടുക്കുകയായിരുന്നുവെന്ന് ലിറ്റില്‍ കോടതിയില്‍ വാദിച്ചു. പ്രമുഖ പബ്ലിക് പോളിസ് അനലിസ്റ്റായിരുന്ന കെന്നത്ത് ഐഫ് വേള്‍ഡ് ബാങ്കിന്റെയും ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെയും ഉപദേശകനായിരുന്നുവെന്നാണ് ഇയാളുടെ ലിങ്ക്ഡ്ഇന്‍ പേജ് വ്യക്തമാക്കുന്നത്. 2 മില്യനിലേറെ മൂല്യമുള്ള ലാന്‍കാസ്റ്റര്‍ അവന്യൂവിലായിരുന്നു ഈ കുടുംബം താമസിച്ചിരുന്നത്.

2016 ഓഗസ്റ്റ് 22ന് രാവിലെ 9 മണിക്കാണ് ഇവരുടെ വീട്ടിലേക്ക് പാരമെഡിക്കുകളെ വിളിക്കുന്നത്. തന്റെ സഹോദരന്റെ ശരീരം മരവിച്ചിരിക്കുകയാണെന്നും ഡീഹൈഡ്രേഷന്‍ സംഭവിച്ചിരിക്കുന്നുവെന്നും ഹാരിയാണ് വിളിച്ച് അറിയിച്ചത്. ജീവന്‍ രക്ഷിക്കാന്‍ പാരാമെഡിക്കുകള്‍ ശ്രമിച്ചെങ്കിലും കാര്‍ഡിയാക് അറസ്റ്റ് സംഭവിച്ചതിനാല്‍ അതിന് സാധിച്ചില്ല. സ്ഥലത്തെത്തിയ പോലീസിനോട് കെന്നഡി കടുത്ത മതവിശ്വാസിയായിരുന്നെന്നും ബൈബിള്‍ വചനങ്ങള്‍ എപ്പോഴും ഉരുവിടുമായിരുന്നെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞു. മരിക്കുന്നതിന് അടുത്ത ദിവസങ്ങളില്‍ കെന്നഡി വളരെ അക്രമാസക്തനായിരുന്നെന്നും ലോകാവസാനത്തെക്കുറിച്ചും മറ്റും സംസാരിച്ചിരുന്നെന്നും കോളിന്‍ പോലീസിനോട് പറഞ്ഞു. പിന്നീട് കുടുംബാംഗങ്ങള്‍ ഒത്തുചേര്‍ന്ന് കെന്നഡിയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പിനായി പ്രാര്‍ത്ഥിക്കുന്നത് കണ്ടതായും പോലീസ് അറിയിച്ചു. ഇവര്‍ക്ക് മാനസികാസ്വാസ്ഥ്യങ്ങളുള്ളതായി സ്ഥിരീകരിച്ചിട്ടില്ല. വിചാരണ തുടരുകയാണ്.