Main News

എ 47ല്‍ ലോറിയില്‍ ബസിടിച്ച് ഉണ്ടായ അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. ഇരുപതോളം പേര്‍ക്ക് പരിക്ക് പറ്റി. ഇന്ന് കാലത്ത് ഏഴരയോടെയാണ് അപകടം നടന്നത്. പീറ്റര്‍ബോറോയില്‍ നിന്നും വിസ്ബെക്കിലേക്ക് പോവുകയായിരുന്ന ഡബിള്‍ ഡക്കര്‍ ബസാണ് അപകടത്തില്‍ പെട്ടത്. റോഡിന് സമീപത്തുള്ള വെയര്‍ ഹൗസില്‍ നിന്നും പുറത്തേക്ക് വരികയായിരുന്ന ലോറിയില്‍ ബസ് ഇടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തില്‍ ബസിന്‍റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു.

ബസ് യാത്രക്കാരാണ് മരിച്ചവരും പരിക്ക് പറ്റിയവരും. മരിച്ചവരില്‍ ഒരാള്‍ നോര്‍ത്താംപ്ടന്‍ സ്വദേശിയും അപരന്‍ നോര്‍വിച്ച് സ്വദേശിയുമാണ്. ഇവരെ കൂടാതെ ഇരുപത് പേരെ പീറ്റര്‍ബോറോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതില്‍ ഒന്‍പത് പേര്‍ക്ക് ഗുരുതര പരിക്കുകളും പതിനൊന്ന് പേര്‍ക്ക് നിസ്സാര പരിക്കുകളും ആണുള്ളത്.

അപകടം നടന്ന സ്ഥലത്ത് കാലത്ത് ചെറിയ തോതില്‍ മൂടല്‍ മഞ്ഞ് ഉണ്ടായിരുന്നതായും ഇതാവാം അപകട കാരണമായതെന്നുമാണ് അപകടം നേരില്‍ കണ്ടവര്‍ പറയുന്നത്. അപകടം നടന്ന ഉടന്‍ തന്നെ എയര്‍ ആംബുലന്‍സ് ഉള്‍പ്പെടെയുള്ള നിരവധി എമര്‍ജന്‍സി സര്‍വീസുകള്‍ സ്ഥലത്ത് എത്തിയിരുന്നു.

അപകടത്തെ തുടര്‍ന്ന് ഇത് വഴിയുള്ള ഗതാഗതം നിര്‍ത്തി വച്ചത് വൈകുന്നേരത്തോടെയാണ് പുനസ്ഥാപിച്ചത്.

ഹീത്രൂ വിമാനത്താവള വികസന പദ്ധതിക്ക് എംപിമാരുടെ അംഗീകാരം. യൂറോപ്പിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളത്തിന് മൂന്നാമതൊരു റണ്‍വേ നിര്‍മിക്കാനുള്ള പദ്ധതിക്ക് ദശാബ്ദങ്ങള്‍ നീണ്ട കാലതാമസത്തിനും പദ്ധതി റദ്ദാക്കലുകള്‍ക്കും ശേഷമാണ് ഇപ്പോള്‍ അംഗീകാരമായിരിക്കുന്നത്. 119 വോട്ടുകള്‍ക്കെതിരെ 415 വോട്ടുകള്‍ക്കാണ് പദ്ധതിക്ക് അംഗീകാരമായത്. ബ്രിട്ടന്റെ രാഷ്ട്രീയ അനിശ്ചിതാവസ്ഥ, പണം കണ്ടെത്തുന്നതെങ്ങനെയെന്ന ചോദ്യങ്ങള്‍, കോടതികളില്‍ നിലവിലുള്ള വ്യവഹാരങ്ങള്‍ തുടങ്ങിയവ ഇപ്പോഴും പദ്ധതിക്ക് വഴിമുടക്കികളായുണ്ട്. വിമാനത്താവളത്തിനായി സ്ഥലമെടുക്കുമ്പോള്‍ വീടു നഷ്ടമാകുന്നവരുടെ പ്രതിഷേധവും ശക്തമാണ്.

ലേബര്‍ പാര്‍ട്ടി പദ്ധതിക്ക് ഔദ്യോഗികമായി എതിരായിരുന്നുവെങ്കിലും യുണൈറ്റ് പോലുള്ള യൂണിയനുകളുടെ അനുകീല മനോഭാവം പരിഗണിച്ച് ഫ്രീവോട്ടിന് അനുമതി നല്‍കി. കണ്‍സര്‍വേറ്റീവ് എംപിമാര്‍ക്ക് പദ്ധതിയെ അനുകൂലിച്ച് വോട്ടു ചെയ്യാന്‍ വിപ്പ് ഉണ്ടായിരുന്നു. ബ്രെക്‌സിറ്റ് അനന്തര കാലത്ത് ഒരു ലോകരാഷ്ട്രമെന്ന നിലയിലേക്കുള്ള പ്രയാണത്തിന് ഈ വികസനം അനിവാര്യമാണെന്ന് ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി ക്രിസ് ഗെയ്‌ലിംഗ് പറഞ്ഞു. പദ്ധതിക്ക് അനുമതി നല്‍കിയത് രാജ്യത്തിന്റെയും സഭയുടെയും ചരിത്രത്തിലെ സുപ്രധാന നിമിഷമാണെന്നും അദ്ദേഹം പറഞ്ഞു.

അഫ്ഗാനിസ്ഥാന്‍ സന്ദര്‍ശനത്തിലായിരുന്നതിനാല്‍ ബോറിസ് ജോണ്‍സണ് വോട്ടെടുപ്പില്‍ പങ്കെടുക്കാനായില്ല. പദ്ധതിക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചിരുന്നയാളാണ് ഇയാള്‍. സര്‍ക്കാര്‍ വിപ്പിനെതിരെ വോട്ട് ചെയ്തിരുന്നെങ്കില്‍ ജോണ്‍സണ് മന്ത്രിസ്ഥാനം രാജിവെക്കേണ്ടി വരുമായിരുന്നു. ബോറിസ് എവിടെയെന്ന മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി അദ്ദേഹത്തിന്റെ അസാന്നിദ്ധ്യത്തെ പ്രതിപക്ഷം പരിഹസിക്കുകയും ചെയ്തു.

അനധികൃത പ്രൈവറ്റ് ലെന്‍ഡിംഗ് പ്രോപ്പര്‍ട്ടി 35 പേര്‍ക്ക് കീഴ് വാടകയ്ക്ക് നല്‍കിയയാള്‍ക്ക് ജയില്‍. ഇലീ ഫ്‌ളോറിന്‍ ഡ്രാഗൂസിന്‍ എന്നയാള്‍ക്കാണ് തടവ് ശിക്ഷ ലഭിച്ചത്. നോര്‍ത്ത് വെസ്റ്റ് ലണ്ടനിലെ കിംഗ്‌സ്ബറിയിലെ ത്രീ ബെഡ്‌റൂം പ്രോപ്പര്‍ട്ടിയാണ് ഇയാള്‍ 35 പേര്‍ക്കായി നല്‍കിയത്. അനധികൃതമായി കെട്ടിടം വാടകയ്ക്ക് നല്‍കിയതിനാണ് ഇയാള്‍ പിടിയിലായത്. അനധികൃത പ്രൈവറ്റ് റെന്റല്‍ വാടകയ്‌ക്കെടുത്ത മൂന്നു പേരില്‍ പ്രധാനിയാണ് ഇയാള്‍. ആളുകളെ മുറിയില്‍ കുത്തി നിറയ്ക്കുകയായിരുന്നു ഇയാള്‍ ചെയ്തിരുന്നത്. കൗണ്‍സില്‍ എന്‍ഫോഴ്‌സ്‌മെന്റ് സംഘം പരിശോധനയ്‌ക്കെത്തുമ്പോള്‍ വാടകക്കാരുടെ സാധനങ്ങള്‍ ഇയാള്‍ പുറത്തെറിയുക പതിവായിരുന്നു.

പ്രോപ്പര്‍ട്ടിക്ക് രൂപമാറ്റം വരുത്തരുതെന്ന എന്‍ഫോഴ്‌സ്‌മെന്റിന്റെ നാല് മുന്നറിയിപ്പുകള്‍ ഇയാള്‍ അവഗണിക്കുകയായിരുന്നുവെന്ന് കണ്ടെത്തി. വാടകക്കാരെ അനധികൃതമായി ഒഴിപ്പിക്കുന്നവര്‍ക്കുള്ള ശക്തമായ സന്ദേശമാണ് ഇയാള്‍ക്കുള്ള ശിക്ഷയെന്ന് ബ്രെന്റ് കൗണ്‍സില്‍ ഹൗസിംഗ് ചീഫ് എലനോര്‍ സൗത്ത് വുഡ് ചൂണ്ടിക്കാട്ടി. പ്രൈവറ്റ് റെന്റലുകളില്‍ താമസിക്കുന്നവര്‍ക്ക് എല്ലാ സഹായങ്ങളും നല്‍കുമെന്നും അത്യാഗ്രഹികളായ ലാന്‍ഡ് ലോര്‍ഡ്‌സ്, സബ് ലെറ്റേഴ്‌സ്, ഏജന്റുമാര്‍ എന്നിവരുടെ ചൂഷണങ്ങളില്‍ നിന്ന് ഇവര്‍ക്ക് സംരക്ഷണം നല്‍കുമെന്നും സൗത്ത് വുഡ് വ്യക്തമാക്കി.

കഴിഞ്ഞ സെപ്റ്റംബറില്‍ നടത്തിയ പരിശോധനയില്‍ വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ഒരു മുറിയില്‍ മാത്രം എട്ടുപേര്‍ കിടന്നുറങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ടതിനാല്‍ ഡ്രാഗൂസിന് 29,000 പൗണ്ട് പിഴയിട്ടിരുന്നതാണ്. അടുക്കളയുള്‍പ്പെടെ എല്ലാ മുറികളിലും മെത്തകള്‍ കണ്ടെത്തി. ബാക്ക് ഗാര്‍ഡനില്‍ ഒരു കാനോപ്പിക്ക് കീഴിലും താമസ സൗകര്യമൊരുക്കിയിരുന്നത് പരിശോധനയില്‍ കണ്ടെത്തിയിരുന്നു.

മോഷ്ടിക്കപ്പെടുന്ന ബ്രിട്ടീഷ് പാസ്‌പോര്‍ട്ടുകള്‍ തീവ്രവാദികള്‍ക്ക് വില്‍ക്കുന്നതായി ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. വെസ്‌റ്റേണ്‍ യൂറോപ്പിലെ ക്രിമിനല്‍ സംഘങ്ങള്‍ മോഷ്ടിക്കുന്ന ബ്രിട്ടീഷ് പാസ്‌പോര്‍ട്ടുകള്‍ ഇസ്താംബുളിലും ഏതന്‍സിലും മറ്റും എത്തിച്ച് കള്ളക്കടത്തുകാര്‍ വില്‍ക്കുകയാണെന്ന് ഡെയ്‌ലി മെയില്‍ വെളിപ്പെടുത്തുന്നു. ജിഹാദികള്‍ക്കും ക്രിമിനലുകള്‍ക്കും ഒരു ബ്രിട്ടീഷ് പാസ്‌പോര്‍ട്ട് ലഭിക്കുകയെന്നാല്‍ ലോട്ടറിയടിച്ചതിനു തുല്യമാണെന്ന് സുരക്ഷാ വിദഗ്ദ്ധര്‍ പറയുന്നു. സുഗമമായ രാജ്യാന്തര യാത്രകള്‍ക്ക് ഇത് ഉപകരിക്കും. വാര്‍ത്തയുടെ പശ്ചാത്തലത്തില്‍ ബ്രിട്ടീഷ് പാസ്‌പോര്‍ട്ടിന്റെ സുരക്ഷാവീഴ്ച പരിഹരിക്കണമെന്ന് എംപിമാര്‍ ആവശ്യപ്പെട്ടു.

തങ്ങളുടെ അതേ മുഖഛായയുള്ള അഭയാര്‍ത്ഥികള്‍ക്ക് ബ്രിട്ടീഷുകാര്‍ പാസ്‌പോര്‍ട്ടുകള്‍ വില്‍ക്കുന്നതായും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു. ബാള്‍ക്കന്‍സില്‍ വ്യാജ യൂറോപ്യന്‍ യൂണിയന്‍ ഐഡന്റിറ്റി കാര്‍ഡുകള്‍ നിര്‍മിച്ചു നല്‍കുന്നതായും ഇവ അഭയാര്‍ത്ഥികള്‍ക്ക് ബ്രിട്ടനിലേക്കുള്ള പ്രവേശനം എളുപ്പത്തിലാക്കുന്നതായും റിപ്പോര്‍ട്ട് വിശദീകരിക്കുന്നു. ടര്‍ക്കിയിലെ മനുഷ്യക്കടത്തുകാരനായ അബു അഹമ്മദ് എന്നയാളില്‍ നിന്ന് ഡെയ്‌ലി മെയില്‍ ലേഖകന്‍ 2500 പൗണ്ടിന് ഒരു യുകെ പാസ്‌പോര്‍ട്ട് വാങ്ങുകയും ചെയ്തു.

ഡോക്ടര്‍ എന്ന് അറിയപ്പെടുന്ന ഇയാള്‍ മനുഷ്യക്കടത്ത് മാഫിയയിലെ പ്രധാനിയാണ്. ഇയാളുടെ കയ്യിലുണ്ടായിരുന്ന 5 പാസ്‌പോര്‍ട്ടുകളില്‍ ഒന്നാണ് മെയില്‍ വാങ്ങിയത്. ബ്രസല്‍സില്‍ ജോലി ചെയ്യുന്ന മില്‍ട്ടന്‍ കെയിന്‍സ് എന്നയാളുടെ പാസ്‌പോര്‍ട്ടാണ് മെയില്‍ ലേഖകന് ലഭിച്ചത്. പാരീസില്‍ സന്ദര്‍ശനത്തിനെത്തിയ ഓക്‌സ്‌ഫോര്‍ഡ് ബിരുദധാരിയില്‍ നിന്ന് മോഷ്ടിച്ചതാണ് അഹമ്മദിന്റെ കയ്യിലുണ്ടായിരുന്ന മറ്റൊരു പാസ്‌പോര്‍ട്ട്. സ്‌പെയിനില്‍ ഹോളിഡേയ്ക്ക് പോയ മാഞ്ചസ്റ്റര്‍ സ്വദേശിനിയുടേതായിരുന്നു മറ്റൊന്ന്. ഇയാള്‍ ഈ വിധത്തില്‍ 10 പേര്‍ക്ക് പാസ്‌പോര്‍ട്ടുകള്‍ നല്‍കിയിട്ടുണ്ടെന്നും ഏഴുപേര്‍ യുകെയില്‍ പ്രവേശിച്ചിട്ടുണ്ടെന്നും വെളിപ്പെടുത്തി.

യൂറോപ്പിലേക്ക് അഭയാര്‍ത്ഥികളെ കയറ്റി അയച്ച കുറ്റത്തിന് 8 വര്‍ഷത്തെ തടവ് ശിക്ഷ ലഭിച്ച ഇയാള്‍ കേസില്‍ അപ്പീല്‍ നല്‍കിയതിന്റെ ജാമ്യത്തിലാണ്. ജിഹാദികളെയും ഇയാള്‍ അഭയാര്‍ത്ഥികള്‍ക്കൊപ്പം അയച്ചിട്ടുണ്ടെന്നാണ് കരുതുന്നത്. 110,000 പൗണ്ട് വരെയാണ് ഇതിലൂടെ ഇയാളുടെ മാസ വരുമാനം. മോഷ്ടിക്കപ്പെട്ട പാസ്‌പോര്‍ട്ടുകളുടെ വിതരണക്കാരാണ് തുര്‍ക്കിയിലും ഗ്രീസിലും പ്രവര്‍ത്തിക്കുന്ന മനുഷ്യക്കടത്തുകാരെന്ന് യൂറോപ്യന്‍ പോലീസ് ഏജന്‍സിയായ യൂറോപോള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

കുട്ടികളെ പരീക്ഷണ മൃഗങ്ങളെപ്പോലെ കണക്കാക്കുന്ന പുതിയ ജിസിഎസ്ഇ രീതിയിലേക്കില്ലെന്ന് പ്രൈവറ്റ് സ്‌കൂളുകള്‍. ജിസിഎസ്ഇ പരീക്ഷ കൂടുതല്‍ കടുത്തതാക്കാനുള്ള നീക്കം കുട്ടികളെ ഗിനിപ്പന്നികളാക്കുകയാണെന്ന് ബ്രിട്ടനിലെ പ്രമുഖ പ്രൈവറ്റ് സ്‌കൂളുകള്‍ വിലയിരുത്തുന്നു. ഇതില്‍ നിന്ന് മാറി നില്‍ക്കുകയാണ് ഉചിതമെന്ന് ബ്രിട്ടനിലെ ഏറ്റവും വലിയ സ്വതന്ത്ര സ്‌കൂളുകളുടെ കൂട്ടായ്മ വിലയിരുത്തി. സ്റ്റേറ്റ് സ്‌കൂളുകള്‍ ഈ സമ്പ്രദായത്തിലേക്ക് മാറാന്‍ നിര്‍ബന്ധിതരാകുമ്പോള്‍ തങ്ങള്‍ കുട്ടികളെ ഈ സമ്മറില്‍ നടക്കുന്ന ബുദ്ധിമുട്ടേറിയ ജിസിഎസ്ഇ പരീക്ഷ എഴുതിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് പ്രൈവറ്റ് സ്‌കൂളുകള്‍ വ്യക്തമാക്കി.

5 ലക്ഷത്തോളം സ്‌റ്റേറ്റ് സ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ് പുതിയ ജിസിഎസ് ഇ പരീക്ഷയെഴുതുന്നത്. 2015ല്‍ അവതരിപ്പിച്ച ഈ ബുദ്ധിമുട്ടേറിയ പരീക്ഷ എ സ്റ്റാര്‍ ലഭിക്കുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം കുറയ്ക്കുന്നത് ലക്ഷ്യമിട്ടാണ് നടപ്പാക്കിയത്. എറ്റോണ്‍ കോളേജ്, വെല്ലിംഗ്ടണ്‍ കോളേജ് തുടങ്ങിയ പ്രമുഖ സ്‌കൂളുകള്‍ ഉള്‍പ്പെടുന്ന 30 ഇന്‍ഡിപ്പെന്‍ഡന്റ് സ്‌കൂളുകള്‍ ഇത്തവണ ഇന്റര്‍നാഷണല്‍ ജിസിഎസ്ഇ പരീക്ഷയാണ് കുട്ടികള്‍ക്കായി നടത്തുന്നത്. പുതിയ പരീക്ഷാ സമ്പ്രദായം സ്റ്റേറ്റ് സ്‌കൂള്‍ കുട്ടികള്‍ക്ക് പ്രമുഖ യൂണിവേഴ്‌സിറ്റികളിലെ പഠനം നിഷേധിക്കപ്പെടാന്‍ കാരണമാകുമെന്ന ആശങ്കകള്‍ക്കിടെയാണ് ഇന്‍ഡിപ്പെന്‍ഡന്റ് സ്‌കൂളുകള്‍ ഈ നിലപാട് എടുത്തിരിക്കുന്നത്.

ഗവണ്‍മെന്റ് ലീഗ് ടേബിളുകള്‍ ഇന്റര്‍നാഷണല്‍ ജിസിഎസ്ഇക്ക് അംഗീകാരം നല്‍കിയിട്ടില്ല. എന്നാല്‍ കുട്ടികള്‍ക്ക് ഈ പരീക്ഷ അനായാസമാണെന്നും വിലയിരുത്തപ്പെടുന്നു. ഹെഡ്മാസ്റ്റേഴ്‌സ് ആന്‍ഡ് ഹെഡ്മിസ്ട്രസസ് കോണ്‍ഫറന്‍സ് നേതൃത്വം ഇന്‍ഡിപ്പെന്‍ന്റ് സ്‌കൂളുകളുടെ നിലപാടിനെ പിന്തുണക്കുകയാണ്.

കുടുംബങ്ങളുടെ അടിത്തറ ശക്തമാകുന്നത് പരസ്പരമുള്ള ആശയവിനിമയത്തിലൂടെയാണെന്നും അത് ഏറ്റവും കൂടുതല്‍ സാധ്യമാകുന്നത് ഒരുമിച്ച് ഒരു തീന്‍മേശയ്ക്ക് ചുറ്റുമിരുന്ന് ഭക്ഷണം കഴിക്കുമ്പോളാണെന്നും പറയാറുണ്ട്. എന്നാല്‍ ബ്രിട്ടീഷുകാരെ സംബന്ധിച്ച് ഈ രീതിക്ക് മാറ്റം വരികയാണത്രേ. ഒപ്പീനിയം എന്ന റിസര്‍ച്ച് സ്ഥാപനം നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. കുടുംബങ്ങള്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ സമയം ഒരുമിച്ച് ചെലവഴിക്കുന്നത് ടിവി കാണാനാണെന്നാണ് പഠനം വ്യക്തമാക്കുന്നത്. കിച്ചന്‍ ടേബിളുകളെ മിനി സ്‌ക്രീന്‍ കീഴടക്കിക്കഴിഞ്ഞുവെന്ന് റിപ്പോര്‍ട്ട് പറയുന്നു. 2014ല്‍ 57 ശതമാനം കുടുംബങ്ങള്‍ ഭക്ഷണം കഴിക്കുന്നതിനായി ഒരുമിച്ച് ഇരിക്കുമായിരുന്നു. 9 ശതമാനം മാത്രമായിരുന്നു ഒരുമിച്ച് ടിവി കണ്ടിരുന്നത്.

ഇപ്പോള്‍ 48 ശതമാനം കുടുംബങ്ങള്‍ മാത്രമാണ് ഒരുമിച്ച് ഭക്ഷണം കഴിക്കാറുള്ളത്. ടിവി കാണാന്‍ ഒരുമിക്കുന്നവരുടെ എണ്ണത്തില്‍ കാര്യമായ വര്‍ദ്ധനവും രേഖപ്പെടുത്തിയിട്ടുണ്ട്. ഗോഗിള്‍ബോക്‌സ് എന്ന റിയാലിറ്റി ഷോയിലെ കുടുംബങ്ങളെപ്പോലെയായി മാറിയിട്ടുണ്ട് ഇപ്പോള്‍ മിക്ക ബ്രിട്ടീഷ് കുടുംബങ്ങളെന്നാണ് പഠനം വിശദീകരിക്കുന്നത്. ടിവി പ്രോഗ്രാമുകള്‍ കാണുകയും അവയേപ്പറ്റി കമന്റുകള്‍ പറയുകയും ചെയ്യുന്ന ചാനല്‍ 4 റിയാലിറ്റി ഷോയാണ് ഗോഗിള്‍ബോക്‌സ്. എന്നാല്‍ ഇതിനെ അത്ര ഭീകരാവസ്ഥായി ചിത്രീകരിക്കേണ്ടതില്ലെന്നാണ് ലിയോണ്‍ റെസ്‌റ്റോറന്റ് ചെയിന്‍ ഉടമയും സ്‌കൂള്‍ ഭക്ഷണ പദ്ധതിയിലെ ഗവണ്‍മെന്റ് റിപ്പോര്‍ട്ട് തയ്യാറാക്കിയവരില്‍ ഒരാളുമായ ജോണ്‍ വിന്‍സന്റ് പറയുന്നത്.

ഒരുമിച്ചിരുന്ന് ടിവി കാണുന്നതും ആശയവിനിമയങ്ങള്‍ക്ക് ഇടം നല്‍കുന്നുണ്ടെന്ന് അദ്ദേഹം പറയുന്നു. ഒട്ടേറെ കാര്യങ്ങള്‍ സംസാരിക്കാന്‍ ഇവിടെ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേ സമയം ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നവര്‍ക്കാണ് ആരോഗ്യകരമായ ഭക്ഷണം ലഭിക്കാറുള്ളതെന്നാണ് ന്യൂട്രീഷനിസ്റ്റുകള്‍ പറയുന്നത്. കുടുംബത്തോടൊപ്പം ഭക്ഷണം കഴിക്കുന്ന കുട്ടികള്‍ക്ക് കൂടുതല്‍ പഴങ്ങളും പച്ചക്കറികളും കഴിക്കാന്‍ സാധിക്കുന്നതായി ലീഡ്‌സ് യൂണിവേഴ്‌സിറ്റി 2012ല്‍ നടത്തിയ പഠനത്തില്‍ വ്യക്തമായിരുന്നു.

ലോകകപ്പിന്റെ ചൂടിനൊപ്പം ബ്രിട്ടനില്‍ സമ്മര്‍ ചൂടും വര്‍ദ്ധിക്കുന്നു. ഇന്നലെ പനാമയുമായി നടന്ന മത്സരം ബ്രിട്ടന്‍ ആഘോഷിച്ചത് 25 ഡിഗ്രി സെല്‍ഷ്യസ് ചൂടിലായിരുന്നു. ബീച്ചുകളില്‍ എത്തിയവര്‍ക്ക് സമൃദ്ധമായി സൂര്യപ്രകാശം ലഭിച്ചു. ഈയാഴ്ച ഒരു ഹീറ്റ് വേവ് ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് നിഗമനം. ഇതോടെ താപനില 32 ഡിഗ്രിയിലേക്ക് ഉയര്‍ന്നേക്കാമെന്ന് വിലയിരുത്തപ്പെടുന്നു. ഈ സമയത്തെ ശരാശരി താപനില ലണ്ടനില്‍ 20 ഡിഗ്രിയും മാഞ്ചസ്റ്ററില്‍ 18 ഡിഗ്രിയുമാണ്.

തെളിഞ്ഞ കാലാവസ്ഥ പരമാവധി ഉപയോഗപ്പെടുത്തുകയാണ് ബ്രിട്ടീഷുകാര്‍. ബീച്ചുകളില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. പനാമയുമായുള്ള ഫുട്‌ബോള്‍ മത്സരം വലിയ സ്‌ക്രീനുകളില്‍ പ്രദര്‍ശിപ്പിച്ചയിടങ്ങളില്‍ വെയിലില്‍ നിന്നുകൊണ്ടാണ് ബ്രിട്ടീഷുകാര്‍ വിജയാഘോഷം നടത്തിയത്. ഈയാഴ്ച വരണ്ട കാലാവസ്ഥയായിരിക്കുമെന്ന് മെറ്റ് ഫോര്‍കാസ്റ്റര്‍ റേച്ചല്‍ വെസ്റ്റ് പറഞ്ഞു. ഈ സമയങ്ങളില്‍ യുകെയുടെ നോര്‍ത്ത് ഭാഗങ്ങളില്‍ മേഘാവൃതമായതും ചെറിയ മഴയുമുള്ള കാലാവസ്ഥയാണ് സാധാരണ കാണാറുള്ളത്. എന്നാല്‍ ഇത്തവണ തെളിഞ്ഞ കാലാവസ്ഥയാണ് ഇവിടെപ്പോലും ദൃശ്യമാകാന്‍ സാധ്യതയുള്ളതെന്ന് അവര്‍ പറഞ്ഞു.

ഇന്ന് 28 മുതല്‍ 29 ഡിഗ്രി വരെ താപനില ഉയരാന്‍ സാധ്യതയുണ്ട്. ചൊവ്വാഴ്ച മുതല്‍ വ്യാഴാഴ്ച വരെ 32 ഡിഗ്രി വരെയായി താപനില വര്‍ദ്ധിച്ചേക്കാം. ബുധനാഴ്ചയായാരിക്കും ഏറ്റവും ഉയര്‍ന്ന ചൂട് അനുഭവപ്പെടുകയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

റഷ്യന്‍ മണ്ണിലെ രണ്ടാമത്തെ ഹാട്രിക് പിറന്ന മല്‍സരത്തില്‍ പനാമയെ ഗോള്‍മഴയില്‍ മുക്കി ഇംഗ്ലണ്ട് പ്രീക്വാര്‍ട്ടറില്‍. ഒന്നിനെതിരെ ആറു ഗോളുകള്‍ക്കാണ് ഇംഗ്ലണ്ട് പനാമയെ വീഴ്ത്തിയത്. 22, 45+1, 62 മിനിറ്റുകളിലായിരുന്നു കെയ്‌നിന്റെ ഗോളുകള്‍. ഇതില്‍ ആദ്യ രണ്ടു ഗോളുകള്‍ പെനല്‍റ്റിയില്‍ നിന്നായിരുന്നു.

ഇതോടെ രണ്ടു മല്‍സരങ്ങളില്‍നിന്ന് അഞ്ചു ഗോളുമായി ഹാരി കെയ്ന്‍ റഷ്യന്‍ ലോകകപ്പിലെ ടോപ് സ്‌കോറര്‍മാരുടെ പട്ടികയില്‍ ഒന്നാമതെത്തി. നാലു ഗോള്‍ വീതം നേടിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, റൊമേലു ലുക്കാകു എന്നിവര്‍ തൊട്ടുപിന്നിലുണ്ട്. റൊണാള്‍ഡോയാണ് കെയ്‌നു മുന്‍പേ റഷ്യന്‍ മണ്ണില്‍ ഹാട്രിക് നേടിയ താരം. എട്ടാം മിനിറ്റില്‍ ഇംഗ്ലണ്ടിന്റെ ആദ്യ ഗോള്‍ നേടിയ ജോണ്‍ സ്റ്റോണ്‍സ് 40 മിനിറ്റില്‍ രണ്ടാം ഗോളും നേടി. ശേഷിച്ച ഗോള്‍ ജെസ്സെ ലിങ്കാര്‍ഡിന്റെ വകയാണ്. 36–ാം മിനിറ്റിലായിരുന്നു ലിങ്കാര്‍ഡിന്റെ ഗോള്‍. പനാമയുടെ ആശ്വാസ ഗോള്‍ ബലോയ് നേടി. അവരുടെ ആദ്യ ലോകകപ്പ് ഗോള്‍കൂടിയാണി.

തുടര്‍ച്ചയായ രണ്ടാം ജയത്തോടെ ഇംഗ്ലണ്ട് പ്രീക്വാര്‍ട്ടറില്‍ കടന്നു. ആദ്യ മല്‍സരത്തില്‍ ബല്‍ജിയത്തോടും തോറ്റ പനാമ രണ്ടാം തോല്‍വിയോടെ പുറത്തായി. ഇതേ ഗ്രൂപ്പില്‍നിന്ന് ബല്‍ജിയവും പ്രീക്വാര്‍ട്ടറില്‍ കടന്നിട്ടുണ്ട്. തുനീസിയയാണ് പുറത്തായ രണ്ടാമത്തെ ടീം.

ഒരു നോ ഡീല്‍ ബ്രെക്‌സിറ്റാണ് നടപ്പാകുന്നതെങ്കില്‍ നൂറ് കണക്കിന് ബ്രിട്ടീഷ് തൊഴില്‍ യോഗ്യതകള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് യൂറോപ്യന്‍ കമ്മീഷന്‍. ഡാന്‍സ് ടീച്ചര്‍മാര്‍, ഡോക്ടര്‍മാര്‍, ഗ്യാസ് എന്‍ജിനീയര്‍മാര്‍ തുടങ്ങി നിരവധി മേഖലകളിലെ ബ്രിട്ടീഷ് യോഗ്യതകള്‍ അംഗീകരിക്കേണ്ടതില്ലെന്നാണ് യൂറോപ്യന്‍ കമ്മീഷന്‍ വ്യക്തമാക്കിയിരിക്കുന്നത്. ബ്രെക്‌സിറ്റിനു ശേഷം പരിശീലനം പൂര്‍ത്തിയാക്കുന്നവരെ ഇത് വളരെ ദോഷകരമായി ബാധിച്ചേക്കും.

സോഷ്യല്‍ വര്‍ക്കര്‍മാര്‍, ന്യൂറോളജിസ്റ്റുകള്‍, പീഡിയാട്രീഷ്യന്‍മാര്‍, ഐടി ടെക്‌നീഷ്യന്‍മാര്‍ തുടങ്ങിയ വലിയ പട്ടികയാണ് ഈ വിധത്തില്‍ യൂറോപ്യന്‍ അംഗീകാരം നഷ്ടമാകാന്‍ സാധ്യതയുള്ളതായി നല്‍കിയിരിക്കുന്നത്. അന്തിമ തീരുമാനത്തില്‍ ഹിതപരിശോധന ആവശ്യപ്പെട്ട് ബ്രെക്‌സിറ്റ് വിരുദ്ധര്‍ പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തുകയും പൂര്‍ണ്ണമായും ബ്രിട്ടീഷ് അനുകൂല ബ്രെക്‌സിറ്റ് വേണമെന്ന് ബോറിസ് ജോണ്‍സണ്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെടുകയും ചെയ്തതിനു പിന്നാലെയാണ് ഈ വെളിപ്പെടുത്തല്‍ വരുന്നത്.

നോ ഡീല്‍ ബ്രെക്‌സിറ്റിനു ശേഷം ഈ ജോലികള്‍ക്ക് വേണ്ട അംഗീകാരം നേടിയില്ലെങ്കില്‍ പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് യൂറോപ്യന്‍ യൂണിയന്‍ മെമ്മോറാണ്ടം വ്യക്തമാക്കുന്നു. ശരിയായ വിധത്തിലുള്ള ധാരണകളുണ്ടായില്ലെങ്കില്‍ അംഗീകാരം സംബന്ധിച്ച യൂറോപ്യന്‍ യൂണിയന്‍ ചട്ടങ്ങള്‍ യുകെയ്ക്ക് ബാധകമാകില്ലെന്നാണ് വ്യക്തമാക്കിയിട്ടുള്ളത്. റെഗുലേറ്റഡ് ജോലികളായി 216 പ്രൊഫഷനുകളെയാണ് യൂറോപ്യന്‍ യൂണിയന്‍ ലിസ്റ്റ് ചെയ്തിരിക്കുന്നത്.

ജിപി, ആശുപത്രി സന്ദര്‍ശനങ്ങള്‍ക്ക് രോഗികളില്‍ നിന്ന് ഫീസ് ഈടാക്കണമെന്ന് മുതിര്‍ന്ന ഡോക്ടര്‍മാര്‍. എന്‍എച്ച്എസിന് മറ്റു മാര്‍ഗങ്ങളിലൂടെ പണം സമാഹരിക്കാനുള്ള മാര്‍ഗങ്ങള്‍ സര്‍ക്കാരിന് നിര്‍ദേശിക്കുന്നതിന്റെ ഭാഗമായി ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ നടത്താനിരിക്കുന്ന അഭിപ്രായ വോട്ടെടുപ്പില്‍ ഉയര്‍ന്നു വന്ന ഒരു നിര്‍ദേശമാണ് ഇത്. തിങ്കളാഴ്ച നടക്കുന്ന ബിഎംഎ വാര്‍ഷിക കോണ്‍ഫറന്‍സില്‍ ഇക്കാര്യം ചര്‍ച്ചയാകും. എന്‍എച്ച്എസിന്റെ അടിസ്ഥാന തത്വങ്ങളിലൊന്നായ സൗജന്യ സേവനം എന്ന മൂല്യം പാടെ അട്ടിമറിക്കുന്നതിനാല്‍ ഈ വിഷയത്തില്‍ കാര്യമായ സംവാദങ്ങള്‍ ഉണ്ടായേക്കും.

ഹെല്‍ത്ത് കെയറില്‍ നടപ്പാക്കിക്കൊണ്ടിരുന്ന നിയന്ത്രണങ്ങളേക്കാള്‍ എന്തുകൊണ്ടും നല്ലതാണ് ഫീസ് ഈടാക്കിക്കൊണ്ട് ചികിത്സ നല്‍കുന്നതെന്നാണ് ഇതിനെ അനുകൂലിക്കുന്നവര്‍ പറയുന്നത്. നിസാര രോഗങ്ങളുമായി ജിപി സര്‍ജറികളിലും ആക്‌സിഡന്റ് ആന്‍ഡ് എമര്‍ജന്‍സികളിലും എത്തുന്നവരെ ഇത് നിരുത്സാഹപ്പെടുത്തുമെന്നും അത്തരത്തില്‍ നിലവില്‍ നേരിടുന്ന അനാവശ്യ തിരക്ക് ഒഴിവാക്കാനാകുമെന്നും ഇവര്‍ പറയുന്നു.

ജിപികളില്‍ 25 പൗണ്ട് ഫീസ് ഏര്‍പ്പെടുത്തണമെന്ന് നേരത്തേ തന്ന നിരവധി ഡോക്ടര്‍മാര്‍ ആവശ്യമുന്നയിച്ചിരുന്നതാണ്. എന്നാല്‍ ബിഎംഎ ഇതേവരെ ഈ ആവശ്യം മുന്നോട്ടു വെച്ചിരുന്നില്ല. ഈ വര്‍ഷം തുടക്കത്തില്‍ നടത്തിയ സര്‍വേയില്‍ ഭൂരിപക്ഷം ജിപികളും ഫീസ് ഏര്‍പ്പെടുത്തുന്നതിനെ അനുകൂലിക്കുന്നതായി വ്യക്തമായിരുന്നു.

RECENT POSTS
Copyright © . All rights reserved