നോ ഡീല്‍ ബ്രെക്‌സിറ്റ് ഉണ്ടാകുമോ എന്ന ആശങ്കയില്‍ ബ്രിട്ടനിലെ പ്രമുഖ വ്യവസായ സ്ഥാപനങ്ങള്‍. പ്രധാന കമ്പനികളെല്ലാം തന്നെ ബ്രെക്‌സിറ്റ് ആഘാതം കുറയ്ക്കാനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണ്. ബ്രിട്ടനിലെ കോര്‍പറേറ്റ് ലോകം ബ്രെക്‌സിറ്റ് വിഷയത്തില്‍ ഭരണകൂടം തുടരുന്ന അനിശ്ചിതാവസ്ഥയില്‍ അക്ഷമരാണെന്ന സൂചനയാണ് ഇത് നല്‍കുന്നത്. ബ്രെക്‌സിറ്റിനെ അനുകൂലിച്ചിരുന്ന കോടീശ്വരനും വ്യവസായിയുമായ സര്‍.ജെയിംസ് ഡൈസണ്‍ തന്റെ കമ്പനിയുടെ ആസ്ഥാനം സിംഗപ്പൂരിലേക്ക് മാറ്റുകയാണെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇത് ഗവണ്‍മെന്റിന് വന്‍ തിരിച്ചടി സമ്മാനിക്കുന്ന പ്രഖ്യാപനമായി വിലയിരുത്തപ്പെടുന്നു. ഡൈസണ്‍ എടുത്ത തീരുമാനം വന്‍ വിമര്‍ശനവും ക്ഷണിച്ചു വരുത്തുന്നുണ്ട്.

യൂറോപ്യന്‍ യൂണിയനില്‍ നിന്ന് യുകെ പിന്‍മാറുന്നതിലെ ക്രമരാഹിത്യവും അച്ചടക്കമില്ലായ്മയും സൃഷ്ടിക്കുന്ന പ്രതിസന്ധികളില്‍ നിന്ന് കരകയറുന്നതിനായി സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് വ്യവസായ ലോകത്തെ പ്രമുഖര്‍ ആശയങ്ങള്‍ പങ്കുവെക്കുന്നതിനിടെയാണ് ഡൈസണ്‍ പ്രഖ്യാപനവുമായി രംഗത്തെത്തിയത്. പി ആന്‍ഡ് ഒ തങ്ങളുടെ ഇംഗ്ലീഷ് ചാനല്‍ ഫെറി സൈപ്രിയോട്ടിനു കീഴില്‍ റീ-രജിസ്റ്റര്‍ ചെയ്യുമെന്ന് പ്രഖ്യാപിച്ചു. 182 വര്‍ഷം പഴക്കമുള്ള കമ്പനിയാണ് ബ്രെക്‌സിറ്റിനോട് അനുബന്ധിച്ച് തങ്ങളുടെ തീരുമാനം പ്രഖ്യാപിച്ചിരിക്കുന്നത്. സോണി തങ്ങളുടെ യൂറോപ്യന്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സ് ലണ്ടനില്‍ നിന്ന് ആംസ്റ്റര്‍ഡാമിലേക്ക് മാറ്റുമെന്ന് അറിയിച്ചു. ലക്ഷ്വറി കാര്‍ നിര്‍മാതാക്കളായ ബെന്റ്‌ലി തങ്ങളുടെ ലാഭത്തെ ബ്രെക്‌സിറ്റ് ദോഷകരമായി ബാധിക്കുമെന്ന പ്രഖ്യാപനവുമായി രംഗത്തെത്തി.

നോ-ഡീല്‍ ഭീതിയിലാണ് വ്യവസായികള്‍ പുതിയ നീക്കങ്ങള്‍ നടത്തുന്നത്. എന്നാല്‍ തന്റെ നിര്‍ദേശങ്ങള്‍ പാലിക്കുക മാത്രമാണ് ബ്രെക്‌സിറ്റ് സൃഷ്ടിക്കാനിടയുള്ള പ്രതിസന്ധിയില്‍ നിന്ന് രക്ഷപ്പെടാന്‍ ഏക വഴിയെന്നാണ് പ്രധാനമന്ത്രി പറയുന്നത്. നോ ഡീല്‍ ബ്രെക്‌സിറ്റ് തള്ളിക്കളയാനും ഇവര്‍ തയ്യാറാകുന്നില്ല.